സ്വന്തം ദൃഷ്ടിയില്‍ ശരി എന്ന് തോന്നുന്നത് ചെയ്യുന്നതിലെ അപകടം – WFTW 24 ഫെബ്രുവരി 2013

black framed clubmaster style eyeglasses

സാക് പുന്നന്‍

ന്യായാധിപന്മാര്‍ 17 മുതല്‍ 21 വരെയുള്ള അദ്ധ്യായങ്ങളില്‍ യിസ്രായേല്യരുടെ വിഗ്രഹാരാധന, ദുര്‍മാര്‍ഗ്ഗം, യുദ്ധങ്ങള്‍ എന്നിവയെക്കുറിച്ച് വായിക്കുന്നു. തന്നെ പ്രതിനിധീകരിക്കുവാന്‍ ദൈവം തെരഞ്ഞെടുത്ത ഒരു രാഷ്ട്രത്തിന്‍റെ അധ:പതിച്ച അവസ്ഥയാണ് ഇവിടെ വെളിപ്പെടുന്നത്. സോദോമിന്‍റെയും ഗോമോറയുടെയും നിലവാരത്തിലേക്ക് അത് താഴ്ന്നിരുന്നു.

ന്യായാധിപന്മാര്‍ 17:7-13ല്‍ പ്രസംഗം തൊഴിലായി സ്വീകരിച്ച് എവിടെ തനിക്കു നല്ല ശമ്പളവും മറ്റു സൗകര്യങ്ങളും ലഭിക്കുമോ അവിടെ പോകാന്‍ തയ്യാറുള്ള ഒരുവനെ നാം കാണുന്നു. ഏറ്റവും കൂടുതല്‍ സൗകര്യം വാഗ്ദാനം ചെയ്യുന്നവര്‍ക്ക് പുരോഹിതനായി ശുശ്രൂഷ ചെയ്യുവാന്‍ താല്‍പര്യമുള്ള ഒരു ലേവ്യനെയാണ് ഇവിടെ കാണുന്നത്. ഒരു വ്യാപാരി വന്നു നല്ല ശമ്പളവും എല്ലാ വര്‍ഷവും ഒരു ജോഡി പുതിയ വസ്ത്രവും സൗജന്യ താമസസൗകര്യവും വാഗ്ദാനം ചെയ്തു. പ്രസംഗകന്‍ ഉടനെ അവനുമായി കരാര്‍ ഒപ്പിട്ടു. ലേവ്യനായ ഒരു പ്രസംഗകനെ ശമ്പളം കൊടുത്തു കൂടെ നിര്‍ത്തിയിരിക്കുന്നതു കൊണ്ട് ദൈവം ഇപ്പോള്‍ ധാരാളമായി തന്നെ അനുഗ്രഹിക്കും എന്ന് ആ വ്യാപാരി കരുതി. നാം ഇന്ന് കാണുന്നതുമായി എത്ര ചേര്‍ന്നിരിക്കുന്നു ഈ  കാര്യങ്ങള്‍!!. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നടന്ന ഒരു കഥപോലെ നമുക്ക് തോന്നും. ഇത്തരമൊരു ദയനീയ അവസ്ഥയ്ക്ക് കാരണം ഈ സംഭവങ്ങള്‍ വിശദീകരിക്കുന്നതിനു തൊട്ടു മുമ്പുള്ള വാക്യത്തില്‍ കാണുന്നു, “ഓരോരുത്തന്‍ ബോധിച്ചതുപോലെ നടന്നു” (17:6).

ന്യായാധിപന്മാരുടെ കാലഘട്ടത്തിലെ അവസ്ഥ മുഴുവന്‍ വ്യക്തമാക്കുന്നതാണ് ഈ വാക്യം. അതുകൊണ്ടുതന്നെ ഏറ്റവും അനുയോജ്യമായി, ന്യായാധിപന്മാരുടെ പുസ്തകത്തിന്‍റെ അവസാന വാചകമായി ഈ വാക്യം വീണ്ടും ആവര്‍ത്തിക്കുന്നു. “ആ കാലത്ത് യിസ്രായേലില്‍ രാജാവില്ലായിരുന്നു. ഓരോരുത്തന്‍ തനിക്കു ബോധിച്ചത്പോലെ നടന്നു” (ന്യായാ.21:25).

ആ നാളുകളില്‍ യിസ്രായേല്യര്‍ ആ വിധമാണ് ജീവിച്ചത്. ഈ കാലഘട്ടത്തില്‍ അനേകം ക്രിസ്ത്യാനികളും അങ്ങനെതന്നെയാണ് ജീവിക്കുന്നതും. യേശു അവരുടെ ജീവിതത്തില്‍ രാജാവല്ല. അതിനാല്‍ അവര്‍ ബോധിച്ചതുപോലെ നടക്കുന്നു. അവര്‍ക്ക് ബോധിച്ചതുപോലെ പണം ചിലവഴിക്കുന്നു. അവര്‍ക്ക് ബോധിച്ചതുപോലെ ജീവിക്കുന്നു. പ്രസംഗകര്‍ കൂടുതല്‍ വരുമാനമുള്ളയിടത്തേക്ക് പോകുന്നു. ദൈവഹിതത്തെ കുറിച്ചോ, അവരെകുറിച്ചുള്ള ദൈവത്തിന്‍റെ തികവുള്ള പദ്ധതിയെക്കുറിച്ചോ ഒരു ധാരണയുമില്ലാതെ അവര്‍ ജീവിക്കുന്നു.

ദൈവം ഇപ്പോള്‍ യേശുക്രിസ്തുവിനെ നമുക്ക് മാതൃകയായി നല്‍കിയിരിക്കുന്നു. യേശുക്രിസ്തുവിനെ നമ്മുടെ കര്‍ത്താവും രാജാവുമായി നാം അനുഗമിക്കുന്നില്ലെങ്കില്‍ നമ്മളും ന്യായാധിപന്മാരുടെ പുസ്തകത്തില്‍ കാണുന്ന ആ യിസ്രായെല്യരെപോലെ അവസാനിക്കും.

What’s New?


Top Posts