യേശുവിൻ്റെയും അപ്പൊസ്തലന്മാരുടെയും സാമ്പത്തിക നയം – WFTW 28 ജൂൺ 2020

സാക് പുന്നന്‍

തന്നെ സേവിക്കുന്ന സകലരും എല്ലാ സഭകളും സാമ്പത്തികമായ കാര്യങ്ങളിൽ പിൻതുടരേണ്ടതിന് യേശു നമുക്ക് ഒരു മാതൃക നൽകിയിരിക്കുന്നു.

യേശു 30 വയസ്സുവരെ ഒരു തച്ചൻ്റെ ജോലി ചെയ്തിരുന്നപ്പോൾ, അവിടുന്നു തൻ്റെ ജീവിത ചെലവുകൾക്കായി വിശ്വസ്തതയോടെ വേല ചെയ്തു, ആരെയും ഒരിക്കലും കബളിപ്പിക്കാതെ, ഒരിക്കലും കടക്കെണിയിലാകാതെ.

അതിനു ശേഷം, അടുത്ത മൂന്നര വർഷം അവിടുന്ന് പൂർണ്ണ സമയ ശുശ്രൂഷയിൽ ആയിരുന്നു. ഈ കാലയളവിൽ, സാമ്പത്തിക കാര്യങ്ങളിൽ അവിടുത്തേക്ക് കർശനമായ ചില പ്രമാണങ്ങൾ ഉണ്ടായിരുന്നു. അവിടുത്തെ അപ്പൊസ്തലന്മാർ അതേ പ്രമാണങ്ങൾ കൃത്യമായും കാർക്കശ്യത്തോടും പിൻതുടർന്നു. സഭ ക്രിസ്തുവിൻ്റെ ശരീരമാണ്. അതുകൊണ്ടുതന്നെ ആദ്യത്തെ ക്രിസ്തുവിൻ്റെ ശരീരം (യേശു തന്നെ) പിൻതുടർന്ന ആ പ്രമാണങ്ങൾ സഭ പിൻതുടരേണ്ടതാണ്. എല്ലാ സഭകളും ക്രിസ്തീയ വേലയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവരും അതേ പ്രമാണങ്ങൾ പിൻതുടരണം.

എന്തെല്ലാമായിരുന്നു ആ പ്രമാണങ്ങൾ?

ഒന്നാമത്തേതും സർവ്വ പ്രധാനവുമായത്, യേശു അവിടുത്തെ പിതാവിൻ്റെ ഒരു ഭൃത്യനായിരുന്നതുകൊണ്ട് ,തൻ്റെ ഭൗതിക ആവശ്യങ്ങൾ നടത്തപ്പെടേണ്ടതിനായി അവിടുന്ന് തൻ്റെ പിതാവിൽ ആശ്രയിച്ചു- ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന ഏതൊരാളും തൻ്റെ സാമ്പത്തിക ആവശ്യങ്ങൾ ആ കമ്പനി നടത്തിക്കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നതുപോലെ. അതുകൊണ്ട് യേശു എപ്പോഴെങ്കിലും ഒരിക്കൽ പോലും തൻ്റെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ച് അവിടുത്തെ പിതാവിനോടല്ലാതെ വേറെ ആരോടും പറഞ്ഞില്ല. അവിടുന്ന് ഒരിക്കലും തൻ്റെ ശുശ്രൂഷയെക്കുറിച്ച് ഒരിടത്തും പരസ്യപ്പെടുത്തിയില്ല. തന്നെയുമല്ല ആരുടെയെങ്കിലും പിൻതുണ നേടേണ്ടതിന് അവിടുത്തെ വേലയെ കുറിച്ച് ഒരു റിപ്പോർട്ടും ഒരിക്കലും ആർക്കും അവിടുന്ന് നൽകിയില്ല. യേശുവിന് സ്വമേധയാ ദാനങ്ങൾ നൽകുവാനായി ദൈവം തന്നെ നേരിട്ട് ചില ആളുകളെ പ്രേരിപ്പിക്കുകയും യേശു അത്തരം ദാനങ്ങൾ സ്വീകരിക്കുകയും ചെയ്തു. അവിടുത്തേക്ക് അങ്ങനെ ലഭിച്ച പണം സൂക്ഷിക്കാനായി ഒരു ഖജാൻജിയെ (യൂദാ) യേശു നിയമിച്ചു.

ലൂക്കോസ് 8:2,3 കാണുക. “മഗ്ദലക്കാരത്തി മറിയയും ഹെരോദാവിൻ്റെ കാര്യവിചാരകനായ കൂസയുടെ ഭാര്യ യോഹന്നയും ശൂശന്നയും തങ്ങളുടെ വസ്തുവകകൾ കൊണ്ട് യേശുവിനും പന്ത്രണ്ട് ശിഷ്യന്മാർക്കും ശുശ്രൂഷ ചെയ്തുപോന്ന മറ്റു പല സ്ത്രീകളും ഉണ്ടായിരുന്നു” യേശു അവരുടെ സംഭാവനങ്ങൾ സ്വീകരിക്കുകയും ചെയ്തു.

രണ്ടാമത്തേത്, അവിടുത്തേക്കു ലഭിച്ച പണം താൻ എങ്ങനെ ചെലവഴിക്കുന്നു എന്ന കാര്യത്തിൽ യേശു വളരെ ശ്രദ്ധാലു ആയിരുന്നു. യേശു തൻ്റെ പണം എങ്ങനെ ചെലവഴിച്ചു എന്ന് യോഹന്നാൻ 13:29 നമുക്ക് സൂചന തരുന്നു. അവിടെ യേശു യൂദായ്ക്ക് ചില നിർദ്ദേശങ്ങൾ കൊടുക്കുന്നതു കണ്ടപ്പോൾ, മറ്റ് അപ്പാസ്തലന്മാർ ചിന്തിച്ചത്, യേശു എപ്പോഴും തൻ്റെ പണം ചെലവാക്കിയിട്ടുള്ളതുപോലെ പണം ചെലവാക്കുവാൻ യൂദായ്ക്കു പറഞ്ഞു കൊടുക്കുകയായിരിക്കും എന്നാണ്.
അത്:
1. ആവശ്യമുള്ളത് വാങ്ങുന്നതിനും
2. ദരിദ്രർക്ക് കൊടുക്കുന്നതിനും.
നാം പണം ചെലവഴിക്കുന്ന കാര്യത്തിൽ നമ്മുടെ മാർഗ്ഗ രേഖയും ഇതു തന്നെ ആയിരിക്കണം.

അപ്പൊസ്തലന്മാർ യേശുവിൻ്റെ മാതൃക കൃത്യമായി പിൻതുടർന്നു. അവരുടെ എല്ലാ ആവശ്യങ്ങളും നൽകപ്പെടേണ്ടതിനായി അവരും തങ്ങളുടെ സ്വർഗ്ഗീയപിതാവിൽ ആശ്രയിച്ചു. അതുകൊണ്ട് അവർ ഒരിക്കലും ആരോടും തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങളെക്കുറിച്ചോ അവരുടെ ശുശ്രൂഷയുടെ ആവശ്യങ്ങളെക്കുറിച്ചോ പറഞ്ഞില്ല. വാക്കിനാലോ അല്ലെങ്കിൽ ലേഖനത്തിനാലോ (കാരണം അതു പരോക്ഷമായി അവരുടെ പണത്തിൻ്റെ ആവശ്യങ്ങളെ സൂചിപ്പിച്ചേക്കാം). അപ്പൊസ്തലന്മാർ സഭകളെ ധനശേഖരണത്തിനായി ഉത്സാഹിപ്പിച്ചിട്ടുള്ളപ്പോഴെല്ലാം അത് എപ്പോഴും സാധുക്കളായ വിശ്വാസികൾക്ക് വിതരണം ചെയ്യേണ്ടതിനായിരുന്നു- അതൊരിക്കലും വേറൊരു ഉദ്ദേശ്യത്തിനുമായിരുന്നില്ല (2 കൊരി. 8 ഉം 9 ഉം 1 കൊരി. 16:1-3 വരെയും കാണുക).

ചിലർ, തിമൊഥെയൊസ് 5:17,18 വാക്യങ്ങൾ തെറ്റായി ഉദ്ധരിച്ചിട്ട് പാസ്റ്റർമാർക്കും ക്രിസ്തീയ വേലക്കാർക്കും ഒരു നല്ല ശമ്പളം കൊടുക്കണമെന്നു പറയാറുണ്ട്, എന്നാൽ ആ വാക്യങ്ങൾ വാസ്തവത്തിൽ എന്താണു പറയുന്നത്?

“നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകിച്ച് വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെത്തന്നെ ഇരട്ടിമാനത്തിനു യോഗ്യരായി എണ്ണുക. മെതിക്കുന്ന കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത് എന്ന് തിരുവെഴുത്തു പറയുന്നു, വേലക്കാരൻ തൻ്റെ കൂലിക്ക് യോഗ്യൻ എന്നും ഉണ്ടല്ലോ”.

ആ വാക്യങ്ങൾ പണത്തെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല. ഉപദേശത്തിൽ കഠിനാദ്ധ്വാനം ചെയ്യുന്ന മൂപ്പന്മാർക്ക് അവരുടെ സഭാംഗങ്ങളിൽ നിന്ന് ഇരട്ടി മാനം നൽകപ്പെടണം എന്നു മാത്രമാണ് അവ പഠിപ്പിക്കുന്നത്. ഈ വാക്യം പണത്തെയാണ് സൂചിപ്പിക്കുന്നതെങ്കിൽ, അപ്പോൾ അതിൻ്റെ അർത്ഥം സഭയിലെ മറ്റുള്ളവർക്ക് കിട്ടുന്നതിൻ്റെ ഇരട്ടി ശമ്പളം തങ്ങളുടെ നേതാക്കന്മാർക്ക് നൽകണമെന്ന് സഭയോടു ദൈവം കല്പിക്കുന്നു എന്നാണ്!! അതു പരിഹാസ്യമാണ്! പൗലൊസ് ഇവിടെ വാസ്തവത്തിൽ വിശ്വാസികളെ പഠിപ്പിക്കുന്നത് അവരുടെ സഭകളുടെ മൂപ്പന്മാരെ അഭിനന്ദിക്കുവാനും ബഹുമാനിക്കുവാനുമാണ്. അദ്ദേഹം പറയുന്നത്, “മെതിക്കുന്ന കാളയെ ധാന്യം തിന്നാൻ അനുവദിക്കുന്നതു പോലെ അവർക്ക് അർഹമായ മാനം കൊടുക്കുവാനാണ്” അതു കൊണ്ട് നാം കാണുന്നത് ഒരു മൂപ്പൻ്റെ പ്രാഥമിക ശമ്പളം തൻ്റെ സഭാംഗങ്ങളിൽ നിന്നു ലഭിക്കുന്ന ബഹുമതിയാണ് (അഭിനന്ദനവും നന്ദിയും) – പണം അല്ല.

ഇത് 1 തെസ്സ.5:12, 13 ൽ പൗലൊസ് നൽകുന്ന പ്രബോധനത്തിന് സമാനമാണ്. “നിങ്ങൾക്കു വേണ്ടി വളരെ അദ്ധ്വാനിക്കുന്ന നിങ്ങളുടെ നേതാക്കന്മാരെ മാനിക്കുക… അവരെ അഭിനന്ദനവും സ്നേഹവും കൊണ്ട് ആമഗ്നരാക്കുക (മെസേജ് പാരഫ്രേസ്)

എങ്കിലും 1കൊരി. 9:7-18 വരെയുള്ള വാക്യങ്ങളിൽ പൗലൊസ് ക്രിസ്തീയ വേലക്കാർക്കുള്ള സാമ്പത്തിക സഹായത്തെക്കുറിച്ചു പറയുന്നുണ്ട്. “സ്വന്തം ചെലവിൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിൻ്റെ ഫലം തിന്നാതിരിക്കുന്നവൻ ആർ? ആട്ടിൻകൂട്ടത്തെ മേയിച്ച് കൂട്ടത്തിൻ്റെ പാൽ കൊണ്ട് ഉപജീവിക്കാതിരിക്കുന്നവൻ ആർ? ഞങ്ങൾ ആത്മീയമായതു നിങ്ങൾക്കു വിതച്ചിട്ട് ഐഹികമായതു കൊയ്താൽ വലിയ കാര്യമോ”?

എന്നാൽ പൗലൊസ് തുടർന്നു പറയുന്നു, “എങ്കിലും ഞങ്ങൾ ഈ അധികാരം പ്രയോഗിച്ചിട്ടില്ല. ക്രിസ്തുവിൻ്റെ സുവിശേഷത്തിന് യാതൊരു വിഘ്നവും വരുത്താതിരിപ്പാൻ സകലവും പൊറുക്കുന്നു. സുവിശേഷം അറിയിക്കുന്നവർ സുവിശേഷത്താൽ ഉപജീവിക്കേണം എന്ന് കർത്താവു തന്നെ കല്പിച്ചിരിക്കുന്നു എന്നത് സത്യമാണ്. എന്നാൽ ഇതൊന്നും ഞാൻ പ്രയോഗിച്ചിട്ടില്ല. ആരെങ്കിലും എൻ്റെ പ്രശംസ വൃഥാവാക്കുന്നതിനെക്കാൾ മരിക്ക തന്നെ എനിക്കു നല്ലത്. ഞാൻ സുവിശേഷം അറിയിക്കുന്നെങ്കിൽ എനിക്ക് പ്രശംസിപ്പാൻ ഒന്നുമില്ല. നിർബന്ധം എൻ്റെ മേൽക്കിടക്കുന്നു. സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്ക് അയ്യോ കഷ്ടം. ഞാൻ അത് മനഃപൂർവ്വം നടത്തുന്നു എങ്കിൽ എനിക്ക് പ്രതിഫലം ഉണ്ട്; മനഃപൂർവ്വമല്ലെങ്കിലും കാര്യം എങ്കൽ ഭരമേൽപ്പിച്ചിരിക്കുന്നു. എന്നാൽ എൻ്റെ പ്രതിഫലം (എൻ്റെ ശമ്പളം ) എന്ത്? അത് ഇതു മാത്രമാണ്, സുവിശേഷം അറിയിയിക്കുമ്പോൾ സുവിശേഷ ഘോഷണത്തിലുള്ള അധികാരം മുഴുവനും ഉപയോഗിക്കാതെ ഞാൻ സുവിശേഷ ഘോഷണം ചെലവു കൂടാതെ നടത്തുന്നതു തന്നെ. അതുകൊണ്ട് സുവിശേഷ ഘോഷണം നടത്തുന്ന ആൾ എന്ന നിലയിലുള്ള അവകാശം ഞാൻ ഉപയോഗിക്കുന്നില്ല”.

അതുകൊണ്ട് പൌലൊസ് ഒരു ശമ്പളത്തിന് വേണ്ടിയോ അല്ലെങ്കിൽ സമ്മാനങ്ങൾക്കു വേണ്ടിയോ ഒരിക്കലും പ്രസംഗിച്ചിട്ടില്ല. എന്നാൽ ക്രിസ്തുവിനോടുള്ള തൻ്റെ സ്നേഹത്താൽ നിർബന്ധിതനായതുകൊണ്ടും സുവിശേഷത്തിൻ്റെ കാര്യവിചാരകത്വം ദൈവം അദ്ദേഹത്തിൽ ഭരമേല്പിച്ചിട്ടുള്ളതുകൊണ്ടുമാണ്. സുവിശേഷം കേൾക്കുന്നതിനു വേണ്ടി ദൈവം ആളുകളിൽ നിന്നു പണം ഈടാക്കുന്നതുപോലെ അതു കാണപ്പെടാതിരിക്കേണ്ടതിന്, മറ്റുള്ളവർക്ക് ഒരു ചെലവുമില്ലാതെ, സൗജന്യമായി സുവിശേഷം നൽകുവാൻ അദ്ദേഹം ആഗ്രഹിച്ചു. എന്നിട്ട് അദ്ദേഹം തൻ്റെ മാതൃക പിൻതുടരുവാൻ മുള്ളവരോട് ആവശ്യപ്പെട്ടു (1 കൊരി. 11:1, ഫിലിപ്യർ 3:17 കാണുക).

അതുകൊണ്ട് നാം കാണുന്നത് കർത്താവിൻ്റെ ഒരു ഭൃത്യന് അവൻ്റെ തന്നെ ആവശ്യങ്ങൾക്കായി ദാനങ്ങൾ സ്വീകരിക്കാം എന്ന് പുതിയ നിയമം പഠിപ്പിക്കുന്നു എന്നാണ് (യേശുതന്നെ ചെയ്തതുപോലെ). എന്നാൽ അതേ സമയം തന്നെ, നാം ഈ കാര്യങ്ങളും കാണുന്നു.

1. ഒരു ക്രിസ്തീയ വേലക്കാരനും ഒരിക്കലും ഒരു മാസശമ്പളം നൽകിയിട്ടില്ല. യേശു ഒരിക്കലും തൻ്റെ ശിഷ്യന്മാർക്ക് ഒരു ശമ്പളം വാഗ്ദാനം ചെയ്തില്ല. അപ്പൊസ്തലന്മാർ ഒരിക്കലും ഒരു ശമ്പളം സ്വീകരിച്ചില്ല. അവരെ സാമ്പത്തികമായി പിന്തുണയ്ക്കാൻ ആളുകളുടെ ഹൃദയങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കേണ്ടതിന് അവർ തങ്ങളുടെ സ്വർഗ്ഗീയ പിതാവിനെ ആശ്രയിച്ചു (യേശുവിൻ്റെ കാര്യത്തിൽ എന്നതുപോലെ). അവരുടെ ശുശ്രൂഷയിൽ ശക്തി ഉണ്ടാകണമെങ്കിൽ അത്തരത്തിലുള്ള ഒരു വിശ്വാസജീവിതം അത്യന്താപേക്ഷിതമായിരുന്നു. അത് അവരെ ദുർമോഹത്തിൽ നിന്നും കൂടി സംരക്ഷിച്ചു.

2. ഈ പിന്തുണ പ്രാസംഗികരാൽ ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്ന് പൌലൊസ് കണ്ട സാഹചര്യങ്ങളിൽ താൻ പ്രസംഗിക്കുന്ന സുവിശേഷത്തിൻ്റെ സാക്ഷ്യം സംരക്ഷിക്കപ്പെടേണ്ടതിന്, ഒരു പണവും ആരിൽ നിന്നും സ്വീകരിക്കാതെ അദ്ദേഹത്തിൻ്റെ സ്വന്ത ആവശ്യങ്ങൾ തന്നെത്താൻ വഹിക്കുവാൻ അദ്ദേഹം തിരുമാനിച്ചു. 2 കൊരി. 11:7-13 ( ലിവിംഗ്) ൽ അദ്ദേഹം പറയുന്നു, “ഞാൻ നിങ്ങളോട് ഒന്നും വാങ്ങാതെയാണ് ദൈവത്തിൻ്റെ സുവിശേഷം പ്രസംഗിച്ചത്. ഞാൻ നിങ്ങളോട് ഒന്നും ആവശ്യപ്പെട്ടിട്ടില്ല. കാരണം മാസിഡോണിയയിൽ നിന്നു വന്ന ക്രിസ്ത്യാനികൾ എനിക്ക് മറ്റൊരു ദാനം കൊണ്ടുവന്നു. ഇതുവരെ ഒരിക്കലും ഞാൻ ഒരു പൈസ പോലും ചോദിച്ചിട്ടില്ല, ഇനി ഒരിക്കലും ആവശ്യപ്പെടുകയുമില്ല. ഇതെക്കുറിച്ചു ഞാൻ എല്ലാവരോടും പറയും! അതു ഞാൻ ചെയ്തതിൻ്റെ കാരണം, ഞങ്ങൾ ചെയ്യുന്നതു പോലെ തന്നെ ദൈവത്തിൻ്റെ വേല തങ്ങളും ചെയ്യുന്നു എന്നു പ്രശംസിക്കുന്നവരുടെ അവകാശവാദം തകർത്തു കളയേണ്ടതിനാണ്. ദൈവം അവരെ ഒരിക്കലും അയച്ചിട്ടേയില്ല, അവർ ക്രിസ്തുവിൻ്റെ അപ്പൊസ്തലന്മാരാണെന്നു നിങ്ങൾ ചിന്തിക്കത്തക്ക വിധം നിങ്ങളെ കബളിപ്പിച്ചിരിക്കുന്ന ‘വ്യാജന്മാരാ’ണവർ”.

പൗലൊസ് വല്ലപ്പോഴും ദാനങ്ങൾ സ്വീകരിച്ചതായി നാം കാണുന്നു-മാസിഡോണിയ (ഫിലിപ്പി)യിലുള്ള ക്രിസ്ത്യാനികൾ സ്വമേധയാ അദ്ദേഹത്തിനു കുറച്ചു പണം അയച്ചുകൊടുത്തപ്പോൾ, എന്നാൽ കൊരിന്ത്യ ക്രിസ്ത്യാനികളിൽ നിന്ന് ഒരിക്കലും അദ്ദേഹം പണം വാങ്ങിയില്ല (മുകളിൽ കണ്ടതുപോലെ), കാരണം ആ സ്ഥലത്തുള്ള കപട ക്രിസ്തീയ പ്രാസംഗികരിൽ നിന്നു വ്യത്യസ്തരാണ് തങ്ങൾ എന്ന് അവരെ കാണിക്കുവാൻ പൗലൊസ് ആഗ്രഹിച്ചു. പൌലൊസ് ഒരിക്കലും സാമ്പത്തിക സഹായത്തിനായി ഒരു സമയത്തും ആരോടും ഒന്നും ചോദിച്ചില്ല- തന്നെയുമല്ല തൻ്റെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ച് സൂചിപ്പിക്കുക പോലും ചെയ്തിട്ടില്ല.

തെസ്സലോനിക്യയിലെ ക്രിസ്ത്യാനികളിൽ നിന്നാണെങ്കിലും പൌലൊസ് പണമൊന്നും സ്വീകരിച്ചില്ല. 2 തെസ.3:8-10 വരെയുള്ള വാക്യങ്ങളിൽ അദ്ദേഹം പറയുന്നു, ” ആരുടെയും ആഹാരം വില തരാതെ ഞങ്ങള് ഒരിക്കലും അനുഭവിച്ചിട്ടില്ല. നിങ്ങളിൽ ആർക്കും ഭാരമായി തീരരുത് എന്ന് വച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേല ചെയ്തു പോന്നത് അധികാരമില്ലാഞ്ഞിട്ടല്ല. എന്നാൽ നിങ്ങൾ നിങ്ങളുടെ ഉപജീവനത്തിനു വേണ്ടി വേല ചെയ്യേണ്ടതെങ്ങനെയെന്ന് നേരിട്ടു നിങ്ങൾക്ക് കാണിച്ചു തരേണ്ടതിനാണ്”.

പൗലൊസ് എഫേസ്യ ക്രിസ്ത്യാനികളിൽ നിന്നും പണമൊന്നും സ്വീകരിച്ചില്ല. പ്രവൃത്തികൾ 20: 31 – 35 ൽ അദ്ദേഹം പറയുന്നു “കഴിഞ്ഞ മൂന്ന് സംവത്സരങ്ങൾ ഞാൻ നിങ്ങളോടുകൂടെ ആയിരുന്നു., ആരുടെയും പണമൊ വസ്ത്രമോ ഞാൻ അന്വേഷിച്ചിട്ടില്ല. എൻ്റെയും എൻ്റെ കൂടെയുള്ളവരുടെയും ആവശ്യങ്ങൾക്കു വേണ്ടി ഞാൻ എൻ്റെ സ്വന്തം കൈ കൊണ്ട് അധ്വാനിച്ചത് എങ്ങനെയെന്നു നിങ്ങൾ തന്നെ അറിയുന്നുവല്ലൊ. ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കുകയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നത് ഭാഗ്യം എന്നു കർത്താവായ യേശു താൻ പറഞ്ഞ വാക്ക് ഓർത്തുകൊൾകയും വേണ്ടത് എന്നു ഞാൻ എല്ലാം കൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു”.

കർത്താവിൻ്റെ ഓരോ വേലക്കാരനും ഉറപ്പാക്കേണ്ട കാര്യം പണത്തോടുള്ള ബന്ധത്തിൽ താൻ ക്രിസ്തുവിൻ്റെ ഭാവം വെളിപ്പെടുത്തുന്നു എന്നതാണ്.

ദൈവം സ്ഥാപിച്ചിരിക്കുന്ന സി.എഫ്.സി സഭകളിൽ ഉള്ള 150 ( അതിൽ കൂടുതൽ ) നേതാക്കന്മാർ/മൂപ്പന്മാർ, എല്ലാവരും തന്നത്താൻ ജീവിത ചെലവ് കണ്ടെത്തുന്നവരാണ്. അവരിൽ ആരും ഒരിക്കലും ഒരു ശമ്പളം കൈപ്പറ്റുന്നില്ല. ഈ പുതിയ ഉടമ്പടി മാതൃക ഇപ്പോൾ 45 വർഷങ്ങളായി തികവോടെ ഞങ്ങളുടെ ഇടയിൽ പിൻതുടർന്നുകൊണ്ടിരിക്കുന്നു (1975 ൽ സി.എഫ്.സി ആദ്യം തുടങ്ങിയതു മുതൽ ഇപ്പോള് 2020വരെ) – ലോകമെമ്പാടുമുള്ള വലിയ പട്ടണങ്ങളിലും ഇന്ത്യയിലെ ദരിദ്ര ഗ്രാമങ്ങളിലും ഒരുപോലെ. ഈ നിലപാട്, തിരുവചനം ഉദ്ധരിച്ച് പണത്തിനായി ജനങ്ങളെ ചൂഷണം ചെയ്യുന്ന ദുർമോഹികളായ പ്രാസംഗികര് നുഴഞ്ഞുകയറുന്നതില് നിന്ന് ഞങ്ങളെ രക്ഷിച്ചിരിക്കുന്നു.

മുകളിൽ പറഞ്ഞ നിലപാടാണ് പുതിയനിയമ കാലത്ത് കർത്താവിൻ്റെ എല്ലാ വേലക്കാരും എടുത്തിരുന്നത്. എന്നാൽ നൂറ്റാണ്ടുകളിലൂടെ ക്രിസ്തീയഗോളം ഈ നിലവാരത്തിൽ നിന്ന് ഒഴുകിമാറിപ്പോയി. ഇന്ന് അനേകം പാസ്റ്റർമാരും പ്രാസംഗികരും തങ്ങൾക്കു പണം നൽകുവാനായി ജനങ്ങളെ ഉത്സാഹിപ്പിച്ചു കൊണ്ടിരിക്കുകയും കൂടുതൽ സാമ്പത്തിക സഹായം പ്രതീക്ഷിച്ചു കൊണ്ട് തങ്ങളുടെ പ്രായോജകര്ക്ക് അവരെ ചലിപ്പിക്കുവാൻ തക്കവണ്ണമുള്ള കത്തുകൾ എഴുതുകയും ചെയ്തു കൊണ്ടിരിക്കുന്നു (മിക്കപ്പോഴും രക്ഷിക്കപ്പെട്ടവരെക്കുറിച്ച് വ്യാജമായ സ്ഥിതിവിവരകണക്കുകൾ കൊണ്ട്).

ക്രിസ്തീയ നേതാക്കളിൽ കാണുന്ന പണത്തോടുള്ള ഈ തെറ്റായ മനോഭാവം കൊണ്ട് മിക്ക ക്രിസ്തീയ ശുശ്രൂഷയിൽ നിന്നും ദൈവത്തിൻ്റെ അഭിഷേകം നഷ്ടപ്പെട്ടിട്ട് മിക്ക പ്രാസംഗികരുടേയും ശുശ്രൂഷയിൽ സ്വർഗ്ഗത്തിൽ നിന്ന് ഒരു വെളിപ്പാടും ഇല്ലാതായിരിക്കുന്നു. ദൈവത്തെയും പണത്തെയും കൂടെ സേവിക്കാൻ ആർക്കും കഴിയുകയില്ല (ലൂക്കോ. 16:13). സാമ്പത്തിക കാര്യങ്ങളിൽ വിശ്വസ്തരായവർക്കു മാത്രമെ യഥാർത്ഥ സമ്പത്ത് നൽകപ്പെടുകയുള്ളൂ എന്നു കർത്താവ് പറഞ്ഞു (ലൂക്കോ.16:11) – ദൈവിക വെളിപ്പാടിൻ്റെയും ആത്മാവിൻ്റെ അഭിഷേകത്തിൻ്റെയും സമ്പത്ത്.

ഇനിയും നാം മനസ്സിൽ വഹിക്കേണ്ട മറ്റൊരു പ്രമാണം ഉണ്ട്. കർത്താവിൻ്റെ ഒരു ഭൃത്യൻ ഒരു അവിശ്വാസിയിൽ നിന്നോ അല്ലെങ്കിൽ തന്നെക്കാൾ ദരിദ്രനായ ആരിൽ നിന്നുമോ ഒരിക്കലും പണം സ്വീകരിക്കരുത്. ദരിദ്രനായ ഒരു വ്യക്തിയാൽ നൽകപ്പെടുന്ന ഏതു ദാനവും എപ്പോഴും സഭയുടെ സ്തോത്രകാഴ്ചപ്പെട്ടിയിൽ ഇടണം. അല്ലാതെ ഒരിക്കലും ഒരു വ്യക്തിയുടെ സ്വന്ത ആവശ്യത്തിനു വേണ്ടി ഉപയോഗിക്കരുത്.

ബാംഗ്ലൂർ സി.എഫ്.സിയിലെ സ്തോത്രകാഴ്ചപ്പെട്ടിയുടെ മുകളിൽ താഴെ കാണിച്ചിരിക്കുന്ന ഒരു പരിശോധനാ പട്ടിക ഞങ്ങൾ വച്ചിട്ടുണ്ട്.

നിങ്ങൾ നിങ്ങളുടെ പണം നൽകുന്നതിനു മുമ്പ്, ദയവായി പരിശോധിക്കുക .

1. നിങ്ങൾ വീണ്ടും ജനിച്ച ഒരു ദൈവ പൈതലാണോ?
2. നിങ്ങളുടെ കുടുംബത്തിൻ്റെ ആവശ്യങ്ങൾക്കു വേണ്ടത്ര പണം നിങ്ങൾക്കുണ്ടോ?
3. നിങ്ങൾ കടബാധ്യതയിൽ നിന്നു സ്വതന്ത്രനാണോ ( ഭവന വായ്പയല്ലാതെ)?
4. നിങ്ങൾ എല്ലാവരോടും നിരപ്പു പ്രാപിച്ചിട്ടുണ്ടോ?
5. നിങ്ങൾ സന്തോഷത്തോടു കൂടെയാണോ കൊടുക്കുന്നത്?

മുകളിൽ പറഞ്ഞ നിലവാരത്തിൻ്റെ തിരുവചന അടിസ്ഥാനം കാണുവാൻ താഴെകൊടുത്തിരിക്കുന്ന ലിങ്ക് നോക്കുക.

http://www.cfcindia.com/our-financial-policy

ഈ മേഖലയിൽ തങ്ങളിൽ നിന്നു വ്യത്യസ്തമായി കാര്യങ്ങൾ ചെയ്യുന്ന സഭകളെയൊ പ്രാസംഗികരെയൊ ഞങ്ങൾ വിധിക്കുന്നില്ല. അതു ഞങ്ങളെ പരീശന്മാരാക്കും. എന്നാൽ ഞങ്ങൾ തന്നെ യേശുവിൻ്റെ ജീവിതത്തിലും അപ്പൊസ്തലന്മാരുടെ ജീവിതങ്ങളിലും ഞങ്ങൾ കണ്ട നിലവാരങ്ങൾ കർശനമായി സംരക്ഷിക്കുവാൻ ഞങ്ങൾ നോക്കുന്നു.

What’s New?