സാക് പുന്നൻ
യേശുവിൻ്റെ ധാരണയിൽ, എല്ലാ കല്പനകൾക്കും തുല്യ പ്രാധാന്യമുണ്ടായിരുന്നില്ല. അവിടെ മുൻഗണനയുടെ ഒരു ക്രമമുണ്ടായിരുന്നു. ചില കാര്യങ്ങൾ മറ്റുള്ളവയേക്കാൾ അധികം പ്രാധാന്യമുള്ളതായിരുന്നു. കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത് എന്നുള്ള കല്പനകളുടെ അത്രയും പ്രാധാന്യമില്ലാത്ത ചില കല്പനകൾ അവിടെ ഉണ്ടായിരുന്നു. ലേവ്യപുസ്തകം 11ൽ പറയുന്ന അവർ ഭക്ഷിച്ചുകൂടാത്ത ചില തരം ഭക്ഷണങ്ങളെ കുറിച്ചുള്ളവ പോലെ. എന്നാൽ അപ്പോഴും അവ കല്പനകൾ തന്നെ ആയിരുന്നു, അതാണ് ദാനിയേലിനെ ദൈവത്താൽ അംഗീകരിക്കപ്പെട്ട ഒരു മനുഷ്യനാക്കി തീർത്തത്, കാരണം പഴയ നിയമത്തിലെ ഏറ്റവും ചെറിയ കല്പനകൾ പോലും പ്രമാണിക്കുവാൻ അദ്ദേഹം നിശ്ചയിച്ചു.
ദാനിയേൽ 1:8ൽ ഇപ്രകാരം പറയുന്നു, “രാജാവിൻ്റെ ഭോജനം കൊണ്ടും അവൻ കുടിക്കുന്ന വീഞ്ഞു കൊണ്ടും തന്നെത്താൻ അശുദ്ധനാക്കുകയില്ല എന്നു ദാനിയേൽ ഹൃദയത്തിൽ നിശ്ചയിച്ചു.” ഒരുപക്ഷെ അവിടെ മേശപ്പുറത്ത് അല്പം പന്നിയിറച്ചിയോ, അല്ലെങ്കിൽ ലേവ്യപുസ്തകം 11ൽ ദൈവം നിരോധിച്ചിട്ടുള്ള ചില തരം പക്ഷികളുടെ ഇറച്ചിയോ ഉണ്ടായിരുന്നിരിക്കാം. ഇവയെ എല്ലാം ദൈവം നിരോധിച്ചതെന്തുകൊണ്ടാണെന്നതിൻ്റെ പൂർണ്ണമായ ഒരു വിശദീകരണം നൽകുവാൻ ദാനിയേലിനു കഴിഞ്ഞില്ലായിരിക്കാം, എന്നാൽ അദ്ദേഹം ഇങ്ങനെ നിശ്ചയിച്ചു, “പത്തു കല്പനകളുടെ ഭാഗമല്ലെങ്കിലും, അത് മോശയുടെ ന്യായപ്രമാണത്തിൻ്റെ ഭാഗമാണെങ്കിൽ ഞാൻ അതു പ്രമാണിക്കും.” അവിടെ എഴുതപ്പെട്ടിരിക്കുന്നത്, അവൻ തന്നെത്താൻ അശുദ്ധനാക്കാതിരുന്നതുകൊണ്ട്, ദൈവം അവനെ മാനിക്കുകയും ബാബിലോണിലെ ശക്തനായ ഒരു സാക്ഷിയാക്കുകയും ചെയ്തു എന്നാണ്. ദൈവം ദാനിയേലിൽ അവിടുത്തെ സകല കല്പനകളും പ്രമാണിക്കുവാൻ മനസ്സുള്ള ഒരു മനുഷ്യനെ കണ്ടു.
യുഗങ്ങളായി ഇത് എപ്പോഴും ഇങ്ങനെ തന്നെയാണ്. അവിടുത്തെ കല്പനകൾ പ്രമാണിക്കുന്നവർക്കുവേണ്ടി ദൈവം എപ്പോഴും നോക്കിക്കൊണ്ടിരിക്കുന്നു. തങ്ങൾ ഇഷ്ടപ്പെടുന്ന കല്പനകൾ പെറുക്കിയെടുക്കാതെ, യേശു പഠിപ്പിച്ചതെല്ലാം ചെയ്യുന്നവർക്കു വേണ്ടി. മത്തായി 5:19ൽ യേശു പറഞ്ഞു, “ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്ന് അഴിക്കയും മറ്റുള്ളവരെ അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും.” അയാൾ നരകത്തിൽ പോകുമെന്ന് യേശു പറയുന്നില്ല, എന്നാൽ സ്വർഗ്ഗത്തിൻ്റെ അംഗീകരണത്തിലും മൂല്യങ്ങളിലും അയാൾ ഏറ്റവും ചെറിയവനായിരിക്കും. ഭൂമിയിൽ ഏറ്റവും ചെറിയവനാകുന്നത് തീർത്തും അപ്രധാനമാണ്. അതിൽ കാര്യമില്ല. എന്നാൽ സ്വർഗ്ഗരാജ്യത്തിൽ ചെറിയവനാകുക എന്നാൽ സർവ്വശക്തനായ ദൈവം നിങ്ങളെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല എന്നാണ്. ആ വിഭാഗത്തിൽ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല! ലോകം എന്നെക്കുറിച്ച് അധികം ചിന്തിക്കുന്നില്ലെങ്കിൽ അതു ഞാൻ കാര്യമാക്കുന്നില്ല. എന്നാൽ തീർച്ചയായും ദൈവം എന്നെക്കുറിച്ച് അധികം ചിന്തിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
സ്നാപക യോഹന്നാനെ കുറിച്ച് ഗബ്രിയേൽ ദൂതൻ അദ്ദേഹത്തിൻ്റെ പിതാവിനോട് ഇപ്രകാരം പറഞ്ഞു എന്ന് പറഞ്ഞിരിക്കുന്നു, “നിൻ്റെ മകനായ യോഹന്നാൻ യഹോവയുടെ ദൃഷ്ടിയിൽ വലിയവനായിരിക്കും.” കർത്താവിൻ്റെ ദൃഷ്ടിയിൽ വലിയവനായിരിക്കുക എന്നത് തീർച്ചയായും കാമ്യമായ ഒരു കാര്യമാണ്. കർത്താവിൻ്റെ ദൃഷ്ടിയിൽ ഏറ്റവും ചെറിയവനായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നിട്ടും ചില ആളുകൾ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനാകാൻ പോകുന്നു. അത് അവർ വലിയ കല്പനകൾ പ്രമാണിക്കാത്തതുകൊണ്ടല്ല, എന്നാൽ അവർ ചെറിയ കല്പനകൾ അവഗണിച്ചതുകൊണ്ടാണ് എന്നാണ് ഇവിടെ പറയുന്നത്.
ഇന്നും അനേകം ക്രിസ്ത്യാനികളുടെ ഇടയിൽ ആ മനോഭാവം ഞാൻ കാണുന്നു. അവർ പറയുന്നത് തങ്ങൾ പുതിയ നിയമ ക്രിസ്ത്യാനികളാണെന്നാണ്, എന്നാൽ അവർ ചില ചെറിയ പുതിയ നിയമ കല്പനകൾ അവഗണിച്ചിട്ടു പറയുന്നു, “അത് പ്രധാനമല്ല, നിങ്ങൾ അത് അനുസരിക്കേണ്ട.” അവർക്ക് ക്രിസ്തുവിലുള്ള വിശ്വാസത്തെ ഞാൻ ചോദ്യം ചെയ്യുകയല്ല. അവർ സ്വർഗ്ഗത്തിലാണോ നരകത്തിലാണോ പോകുന്നത് എന്നു വിധിക്കാനല്ല ഞാൻ ഇവിടെ ആയിരിക്കുന്നത്. അത് എൻ്റെ കാര്യമല്ല. അതിൻ്റെ വിധികർത്താവ് ദൈവമാണ്, എന്നാൽ യേശു പഠിപ്പിച്ചതിൽ ഏറ്റവും ചെറിയ കല്പന (പിന്നീട് പരിശുദ്ധാത്മാവിലൂടെ ലേഖനങ്ങളിൽ അപ്പൊസ്തലന്മാരിലൂടെ യേശു പഠിപ്പിച്ച സകല കല്പനകളിൽ ഏറ്റവും ചെറിയത്) ഒരുവൻ റദ്ദാക്കിയാൽ അപ്പോൾ അയാൾ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനെന്നു വിളിക്കപ്പെടുമെന്ന് യേശു പറഞ്ഞത് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു. അതിനു വിരുദ്ധമായി, സ്വർഗ്ഗരാജ്യത്തിൽ വലിയവനാകാൻ പോകുന്നത് ആരാണ്? ഏറ്റവും ചെറിയ കല്പന പ്രമാണിക്കുകയും ഏറ്റവും ചെറിയ കല്പന പ്രമാണിക്കുവാൻ ആളുകളെ പഠിപ്പിക്കുകയും ചെയ്യുന്നവൻ. മത്താ. 5:19ന് ഇതിൽ കൂടുതൽ സ്പഷ്ടമായിരിക്കാൻ കഴിയുകയില്ല. അതു വളരെ സ്പഷ്ടമാണ്.
പുതിയ നിയമത്തിലുള്ള ഏറ്റവും ചെറിയ കല്പനകളോടുള്ള മനോഭാവമാണ് ദൈവത്തിൻ്റെ രാജ്യത്തിൽ നിങ്ങൾ എവിടെ നിൽക്കുന്നു എന്നത് കാണിക്കുന്നത്. യേശു പറഞ്ഞു, “നിങ്ങൾ എന്നെ സ്നേഹിക്കുന്നെങ്കിൽ, എൻ്റെ കല്പനകൾ പ്രമാണിക്കും.” അതാണ് നമ്മുടെ സ്നേഹത്തിൻ്റെ അടയാളം. “ഞാൻ യേശുവിനെ സ്നേഹിക്കുന്നു” എന്നു പറഞ്ഞിട്ട് അവിടുത്തെ കല്പനകൾ അവഗണിക്കുവാൻ ആർക്കും കഴിയുകയില്ല. നിങ്ങൾ യേശുവിൻ്റെ ഏറ്റവും ചെറിയ കല്പന എത്രമാത്രം അവഗണിക്കുന്നോ, അത്രമാത്രം നിങ്ങൾ അവിടുത്തെ സ്നേഹിക്കുന്നില്ല. നിങ്ങൾ വലിയ കല്പനകൾ പ്രമാണിക്കുന്നുണ്ടാകാം, എന്നാൽ അവയിൽ ഏറ്റവും ചെറിയ വയോടുള്ള നിങ്ങളുടെ മനോഭാവമാണ് ദൈവരാജ്യത്തിൽ നിങ്ങളുടെ സ്ഥാനം നിർണ്ണയിക്കുന്നത്.