ദൈവത്തിൻ്റെ ദയ- WFTW 21 നവംബർ 2021

സാക് പുന്നന്‍

ഇയ്യോബിൻ്റെ കഥയിൽ അവൻ്റെ വസ്തുവകകളും, അവൻ്റെ മക്കളും, അവൻ്റെ ആരോഗ്യവും നഷ്ടപ്പെടാൻ അനുവദിക്കുന്നതിലൂടെ ദൈവം അവനെ ഏറ്റവും താഴേയ്ക്കു കൊണ്ടുവന്നതെങ്ങനെയെന്നു നാം കാണുന്നു. ഒരുവിധത്തിൽ പറഞ്ഞാൽ അവനു ഭാര്യയും (നിരന്തരമായി അവനെ അലട്ടിക്കൊണ്ടിരുന്നവൾ), അവൻ്റെ മൂന്നു നല്ല സ്നേഹിതന്മാരും കൂടെ (അവനെ തെറ്റിദ്ധരിക്കുകയും വിമർശിക്കുകയും ചെയ്തവർ) അവനു നഷ്ടമായി. അവൻ നിരാശനായിരുന്നപ്പോൾ അവനെ ചവിട്ടി വീഴ്ത്തുന്നതിൽ സന്തോഷം കണ്ടെത്തിയ സ്വയ- നീതിയുള്ള പ്രാസംഗികരായി അവൻ്റെ സ്നേഹിതന്മാർ മാറി. ദൈവം തൻ്റെ കരുണയിൽ അതിനൊരവസാനം ഉണ്ടാക്കുന്നതുവരെ അവർ അവനെ ചവിട്ടുന്നതു തുടർന്നുകൊണ്ടിരുന്നു. ഈ സമ്മർദ്ദങ്ങളുടെ എല്ലാം നടുവിൽ, ഇയ്യോബ് ആവർത്തിച്ച് അവനെ തന്നെ നീതീകരിച്ചു. ഒടുവിൽ യഹോവ അവനോടു സംസാരിച്ചപ്പോൾ, ഇയ്യോബ് തൻ്റെ സ്വയനീതിയുടെ ദുഷിച്ച അവസ്ഥകണ്ട് മാനസാന്തരപ്പെട്ടു. അവൻ ഒരു നീതിമാൻ ആയിരുന്നു. അതു നല്ല കാര്യമായിരുന്നു. എന്നാൽ അവനു തൻ്റെ സ്വയനീതിയിൽ അഹങ്കാരമുണ്ടായിരുന്നു. അതു തെറ്റായിരുന്നു. എന്നാൽ ദൈവം അവനോട് ഇടപെട്ടപ്പോൾ, അവൻ നുറുക്കപ്പെട്ട ഒരു മനുഷ്യനായി. അപ്പോൾ മുതൽ അവൻ ദൈവത്തിൽ മാത്രം പുകഴ്ച കണ്ടെത്തി. അങ്ങനെ ഇയ്യോബിനു വേണ്ടിയുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യം നിറവേറപ്പെട്ടു.

ഇയ്യോബ് നുറുക്കപ്പെട്ടപ്പോൾ, അവൻ ദൈവത്തോടു പറഞ്ഞതെന്താണെന്നു ശ്രദ്ധിക്കുക, “ഇതുവരെ ഈ എല്ലാ പ്രാസംഗികരിൽ നിന്നും അങ്ങയെ കുറിച്ച് ഒരു കേൾവി മാത്രമേ ഞാൻ കേട്ടിരുന്നുള്ളു. എന്നാൽ ഇപ്പോൾ ഞാൻ എൻ്റെ കണ്ണാൽ അങ്ങയെ കാണുന്നു” (ഇയ്യോബ് 42:5). അവൻ ദൈവത്തിൻ്റെ മുഖം കാണുകയും അവൻ്റെ ജീവൻ സംരക്ഷിക്കപ്പെടുകയും ചെയ്തു. എന്തായിരുന്നു അതിൻ്റെ ഫലം? അവൻ പൊടിയിലും ചാരത്തിലും കിടന്ന് അനുതപിച്ചു (വാ.6). നാല് പ്രാസംഗികർ അനേകം ദിവസങ്ങൾ പ്രസംഗിച്ചിട്ടും നിറവേറ്റാൻ കഴിയാതിരുന്നത്, തൻ്റെ ദയയെ കുറിച്ചുള്ള ഒരു വെളിപ്പാടിലൂടെ, ഒരു നിമിഷം കൊണ്ട് ദൈവം ഇയ്യോബിൽ നിറവേറ്റി. ദൈവത്തിൻ്റെ ദയ ആയിരുന്നു ഇയ്യോബിനെ നുറുക്കി മാനസാന്തരത്തിലേക്കു നയിച്ചത്.

നമ്മിൽ അധികം പേരും മീറ്റിംഗുകളിൽ പ്രാസംഗികരിൽ നിന്ന് ദൈവത്തെ കുറിച്ചു കേൾക്കുന്നു. ദൈവവുമായി ഒരു മുഖാമുഖ കൂടിക്കാഴ്ചയാണ് നമുക്കാവശ്യം, അവിടെ നാം നമ്മോടുള്ള അവിടുത്തെ ദയ കാണുകയും അതിനാൽ നുറുക്കപ്പെടുകയും ചെയ്യുന്നു. അതാണ് പത്രൊസിനു സംഭവിച്ചത്. പത്രൊസ് കർത്താവിനെ തള്ളിപ്പറയുകയും കോഴി രണ്ടു പ്രാവശ്യം കൂകുകയും ചെയ്തതിനു ശേഷം ഉടനെ സംഭവിച്ച കാര്യം എന്തായിരുന്നു എന്നു നിങ്ങൾ ഓർക്കുന്നുണ്ടോ? അവൻ കർത്താവിൻ്റെ മുഖം കണ്ടു. പത്രൊസിനും അവൻ്റെ പെനിയേൽ ഉണ്ടായി! നാം അവിടെ വായിക്കുന്നത്, “കർത്താവു തിരിഞ്ഞു പത്രൊസിനെ നോക്കി” (ലൂക്കോ. 22: 61) എന്നാണ്. അതിൻ്റെ ഫലം എന്തായിരുന്നു: “പത്രൊസ് പുറത്തു പോയി പൊട്ടിക്കരഞ്ഞു” (വാ.62). കരുണയുടെയും ക്ഷമയുടെയും ആ നോട്ടം ആ അഹങ്കാരമുള്ള മുക്കുവൻ്റെ ഹൃദയത്തെ നുറുക്കി. പഴയ ഉടമ്പടിയുടെ കീഴിൽ, ദൈവം ഇസ്രായേലിന് ആരോഗ്യവും, സമ്പത്തും, ധാരാളം ഭൗതികാനുഗ്രഹങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാൽ അവയെല്ലാറ്റിനെക്കാളും വലിയ ഒരു അനുഗ്രഹം ഉണ്ടായിരുന്നു- സംഖ്യാപുസ്തകം 6: 22-26 വരെയുള്ള വാക്യങ്ങളിൽ വിവരിച്ചിരിക്കുന്ന ഒന്ന്. അവിടെ നാം വായിക്കുന്നത് ജനത്തെ ഇപ്രകാരം അനുഗ്രഹിക്കേണ്ടതിന് അഹരോനോടു കൽപ്പിക്കുന്നതായിട്ടാണ്: “യഹോവയുടെ തിരുമുഖം നിൻ്റെ മേൽ പ്രകാശിപ്പിക്കട്ടെ. യഹോവ തിരുമുഖം നിൻ്റെ മേൽ ഉയർത്തി നിനക്ക് സമാധാനം നൽകുമാറാകട്ടെ”.

ഇന്ന് അനേകം വിശ്വാസികൾ, തങ്ങളുടെ ജീവിതങ്ങളെ മുഴുവനായി രൂപാന്തരപ്പെടുത്താൻ കഴിയുന്ന ഏറ്റവും വലിയ അനുഗ്രഹം -ദൈവവുമായുള്ള മുഖാമുഖ കൂടികാഴ്ച- അന്വേഷിക്കുന്നതിനു പകരം താണ തരം അനുഗ്രഹങ്ങളായ ആരോഗ്യവും, സമ്പത്തും (പ്രാർത്ഥിക്കാതെ തന്നെ അവിശ്വാസികൾക്കുംകിട്ടുന്ന കാര്യങ്ങൾ), വൈകാരിക അനുഭവങ്ങളും (അവയിൽ മിക്കതും വ്യാജമാണ്) അന്വേഷിക്കുന്നത് പരിതാപകരമല്ലേ? നാം ഒരിക്കലും പണക്കാരായില്ലെങ്കിലും ഒരിക്കലും, സൗഖ്യമായില്ലെങ്കിലും, കർത്താവിൻ്റെ മുഖം നാം കണ്ടാൽ, അതു നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റും.

ഇയ്യോബ് ദൈവത്തെ കണ്ടുമുട്ടിയപ്പോൾ അവൻ്റെ ശരീരമാസകലം പരുക്കൾ ഉണ്ടായിരുന്നു; എന്നാൽ അവൻ ദൈവത്തോട് സൗഖ്യത്തിനുവേണ്ടി ചോദിച്ചില്ല. അവൻ പറഞ്ഞു ” ഞാൻ എൻ്റെ കർത്താവിൻ്റെ മുഖം കണ്ടിരിക്കുന്നു എനിക്ക് അതുമതി”. “വിവേചനശക്തിയും” “ദൈവത്തിൽ നിന്നൊരു വചനവും” ഉണ്ടെന്നു നടിച്ച ആ മൂന്നു പ്രാസംഗികരും ഇയ്യോബിനോടു പറഞ്ഞത് അവൻ്റെ ജീവിതത്തിലെ ചില രഹസ്യ പാപങ്ങൾക്കു വേണ്ടി അവൻ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നാണ്. ഇന്നും അതുപോലെയുള്ള സ്വയം നിയമിതരായ പ്രവാചകൻമാർ ഉണ്ട്; “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്ന അവരുടെ വ്യാജസന്ദേശവും കൊണ്ടുവന്ന് അവർ ദൈവജനത്തെ കുറ്റം വിധിയുടെ കീഴിൽ കൊണ്ടുവരുന്നു. എന്നാൽ ആ മൂന്നു പ്രാസംഗികർ ചെയ്തതുപോലെ ദൈവം ഇയ്യോബിനെ ന്യായവിധികൊണ്ടു ഭീഷണിപ്പെടുത്തിയില്ല.

ദൈവം ഇയ്യോബിനോട് അവൻ്റെ പരാജയങ്ങളെ കുറിച്ചു സംസാരിക്കുകയോ അല്ലെങ്കിൽ അവൻ സമ്മർദ്ദങ്ങൾക്കു കീഴിലായിരുന്നപ്പോൾ പറഞ്ഞ പരാതികളെക്കുറിച്ച് (ദൈവത്തിനെതിരായി) അവനെ ഓർമിപ്പിക്കുകയോ പോലും ചെയ്തില്ല. ദൈവം അവിടുത്തെ ദയ ഇയ്യോബിനു വെളിപ്പെടുത്തി കൊടുക്കുക മാത്രമാണ് ചെയ്തത് -മനുഷ്യൻ്റെ സന്തോഷത്തിനായി അവിടുന്നു സൃഷ്ടിച്ച മനോഹരമായ ഈ പ്രപഞ്ചത്തിലും മനുഷ്യനു വിധേയപ്പെട്ടിരിക്കാൻ അവിടുന്ന് സൃഷ്ടിച്ച മൃഗങ്ങളിലും കാണപ്പെടുന്ന അവിടുത്തെ ദയ. ദൈവത്തിൻ്റെ ദയയെ കുറിച്ചുള്ള ആ വെളിപ്പാടാണ് ഇയ്യോബിനെ മാനസാന്തരത്തിലേക്കു നയിച്ചത്. അനേകർ ദൈവത്തിൻ്റെ ദയയെ മുതലെടുക്കുകയും അതിനെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഇയ്യോബിൻ്റെ കാര്യത്തിൽ, അത് അവനെ മാനസാന്തരത്തിലേക്കു നയിച്ചു. അതിനുശേഷം ദൈവം ഇയ്യോബിനെ, തുടക്കത്തിൽ അവന് ഉണ്ടായിരുന്നതിൻ്റെ രണ്ടു മടങ്ങു നൽകി അനുഗ്രഹിച്ചു.

നമ്മെ നുറുക്കുന്നതിലുള്ള ദൈവത്തിൻ്റെ അന്തിമമായ ഉദ്ദേശ്യം നമ്മെ ധാരാളമായി അനുഗ്രഹിക്കുക എന്നതാണ് – യാക്കോബ് 5:11ൽ നാം വായിക്കുന്നതുപോലെ ഇയ്യോബിൻ്റെ സ്വയനീതിയും അവൻ്റെ അഹങ്കാരവും തകിടം മറിച്ച് അവനെ തകർന്ന ഒരു മനുഷ്യനാക്കുക എന്നതായിരുന്നു ഇയ്യോബിനു വേണ്ടി ദൈവത്തിൻ്റെ മനസ്സിലുണ്ടായിരുന്ന ലക്ഷ്യം -അങ്ങനെ യഹോവയ്ക്ക് അവിടുത്തെ മുഖം അവനു കാണിച്ചുകൊടുത്ത് അവനെ സമൃദ്ധിയായി അനുഗ്രഹിക്കാൻ കഴിയണമായിരുന്നു. ദൈവം നമുക്കു നൽകുന്ന ഭൗതികവും ശാരീരികവുമായ അനുഗ്രഹങ്ങൾക്കുപോലും നമ്മെ ദൈവത്തിൽ നിന്നകറ്റി നശിപ്പിക്കാൻ കഴിയും, ഇതിൻ്റെ എല്ലാം പിന്നിൽ അവിടുത്തെ മുഖം കാണുന്നില്ലെങ്കിൽ. ഭൗതിക സമൃദ്ധിയിലൂടെ ദൈവത്തിൽ നിന്ന് ഒഴുകി മാറിപ്പോയ എത്ര വിശ്വാസികൾ ഇന്നുണ്ട്.

ഈ ലോകത്തിനു തരാൻ കഴിയുന്ന എല്ലാറ്റിൻ്റെയും പിന്നാലെ ആശിച്ചുപോകുന്നതിൽ നിന്നു നമ്മെ വിടുവിക്കാൻ, കർത്താവിൻ്റെ മുഖത്തിൻ്റെ ഒരു ദർശനം മതി.