ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള വിവിധ ധർമ്മങ്ങൾ – WFTW 01 സെപ്റ്റംബർ 2024

സാക് പുന്നൻ

ക്രിസ്തുവിൻ്റെ ശരീരത്തെ ഒരു ആശുപത്രിയോട് താരതമ്യം ചെയ്യാം. ഒരു മനുഷ്യൻ രോഗിയാകുമ്പോൾ ഒരു ആശുപത്രിയിലേക്കു പോകുന്നു, ആ ആശുപത്രിയിൽ അയാളെ സഹായിക്കാൻ വേണ്ടി വിവിധ വിഭാഗങ്ങൾ ഉണ്ട്. ഒരുപക്ഷെ അയാൾക്ക് ഒരു ഇൻജക്ഷൻ, അല്ലെങ്കിൽ ഫിസിയോതെറാപ്പി, അല്ലെങ്കിൽ ഒരു ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. അയാൾക്ക് ഒരു നേത്രരോഗ വിദഗ്ദ്ധനെയോ അല്ലെങ്കിൽ ചെവിയ്ക്കു ചികിത്സ ചെയ്യുന്ന ഡോക്റ്ററിനെയോ കാണേണ്ട ആവശ്യമുണ്ടാകാം അതുകൊണ്ട് ഒരു ആശുപത്രിയിൽ വിവിധ വിഭാഗങ്ങൾ ഉണ്ട്. കണ്ണു ഡോക്ടർ അയാളുടെ മുഴുവൻ സമയവും ചെലവഴിക്കുന്നത് മനുഷ്യരുടെ കണ്ണുകൾ മാത്രം പരിശോധിച്ചു കൊണ്ടാണ് മറ്റൊന്നും ചെയ്യുന്നില്ല. അയാൾ അങ്ങനെ ചെയ്യുന്നത് ശരീരത്തിലെ മറ്റു ഭാഗങ്ങൾ അപ്രധാനമായതുകൊണ്ടല്ല, എന്നാൽ അയാളുടെ പ്രത്യേക വൈദഗ്ധ്യമുള്ള വിഷയം കണ്ണായതു കൊണ്ടാണ്.

ക്രിസ്തുവിൻ്റെ ശരീരത്തിലും, ഓരോ വിശ്വാസിക്കും വ്യത്യസ്തമായ വരങ്ങളും വിളിയുമുണ്ട്. ഓരോരുത്തനും അവനാൽ തന്നെ സംതുലിതമല്ല. ഈ ഭൂമിയിൽ എക്കാലവും നടന്നിട്ടുള്ളവരിൽ പൂർണ്ണമായ സംതുലനം ഉണ്ടായിരുന്ന ഒരേ ഒരു വ്യക്തി കർത്താവായ യേശുക്രിസ്തു മാത്രമായിരുന്നു. നമ്മിൽ ബാക്കിയുള്ളവരെല്ലാം – നമ്മുടെ ഇടയിലുള്ള ഏറ്റവും നല്ല വ്യക്തി പോലും – അസംതുലിതരാണ്. നാം നമ്മുടെ സംതുലനം കണ്ടെന്നുന്നത് മറ്റു സഹോദരീ സഹോദരന്മാരുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് – കർത്താവിൻ്റെ ആശുപത്രിയിലെ മറ്റു വിഭാഗങ്ങളുമായി. അതുകൊണ്ട് ഈ ആശുപത്രിയിൽ വ്യക്തി മാഹാത്മ്യ വാദത്തിന് ഒരു സ്ഥാനവുമില്ല!!

ഒരു നല്ല ആശുപത്രിയിൽ ആളുകളുടെ വിവിധ ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്ന അനേകം വിഭാഗങ്ങൾ ഉണ്ടായിരിക്കും. അതേപോലെ തന്നെ ആളുകളെ സഹായിക്കേണ്ടതിന് ക്രിസ്തുവിൻ്റെ ശരീരത്തിലും വിവിധങ്ങളായ ശുശ്രൂഷകളും അനേകം ആത്മീയ വരങ്ങളും ഉണ്ടായിരിക്കും. ആത്മാവിൻ്റെ എല്ലാവരങ്ങളും കൂടെയുള്ള ഒരു സഭയോ കൂട്ടങ്ങളോ ഇല്ല. എന്നാൽ ക്രിസ്തുവിൻ്റെ മുഴുവൻ ശരീരത്തിലും നോക്കിയാൽ അവയെല്ലാം അവിടെ ഉണ്ട്.

ശരീരത്തിൽ നമുക്കു സ്വന്തമായുള്ള പ്രത്യേക വിളി എന്താണെന്നു നാം അറിയണം.

ലോകം നിറയെ ആത്മീയമായി രോഗികളായവരാണ്. എന്നാൽ ആരുടെയും കാര്യം പ്രതീക്ഷയില്ലാത്തതല്ല. എല്ലാവർക്കും കർത്താവിനാൽ സൗഖ്യമാക്കപ്പെടാൻ കഴിയും. നാം പ്രഘോഷിക്കുന്ന സുവിശേഷത്തിൻ്റെ സുവാർത്ത ഇതാണ്. ഏറ്റവും ഹീനനായ പാപിക്കും ഏറ്റവും വഴിപിഴച്ച മനുഷ്യനും കർത്താവിൻ്റെ ആശുപത്രിയിൽ സൗഖ്യം കണ്ടെത്താൻ കഴിയും. ഒരു നല്ല ആശുപത്രിയും ഒരിക്കലും ഗൗരവതരമായി രോഗമുള്ള ഒരാളിനെ നിരസിച്ച് അയക്കുകയില്ല. താഴ്ന്ന നിലവാരമുള്ള ആശുപത്രികൾ അങ്ങനെ ചെയ്യുന്നത് ഗൗരവാവസ്ഥയെ കൈകാര്യം ചെയ്യാനുള്ള സജ്ജീകരണങ്ങൾ അവിടെ ഇല്ലാത്തതു കൊണ്ടാണ്. അതേപോലെ തന്നെ, ഒരു നല്ല സഭ ഒരിക്കലും ലോകത്തിലെ ഏറ്റവും വലിയ പാപിയോടു പോലും, അവൻ്റെ കാര്യം പ്രതീക്ഷയില്ലാത്തതാണെന്നു പറയുകയില്ല! ഏറ്റവും ഹീനരായ പാപികളെപ്പോലും ഏറ്റവും വലിയ വിശുദ്ധന്മാരാക്കാൻ ഒരു നല്ല സഭയ്ക്കു കഴിയും – അവനു നൽകപ്പെടുന്ന ചികിത്സ സ്വീകരിക്കാൻ ആ പാപിക്കു മനസ്സുണ്ടെങ്കിൽ.

നമുക്ക് സഭയെ ഒരു മനുഷ്യ ശരീരത്തോട് ഉപമിക്കാനും കഴിയും. മനുഷ്യ ശരീരത്തിൽ, ഓരോ ഭാഗത്തിനും ഓരോ ധർമ്മമുണ്ട്; ആ ഭാഗം അതിൻ്റെ ധർമ്മം മാത്രം നിറവേറ്റുന്ന കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാൽ അത്, വ്യത്യസ്ത ധർമ്മങ്ങളുള്ള മറ്റു ഭാഗങ്ങളെ അഭിനന്ദിക്കുകയും വിലമതിക്കുകയും അവയോടു സഹകരിക്കുകയും ചെയ്യുന്നു. ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള മറ്റു ശുശ്രൂഷകളോട് ചേർന്നു നാം പ്രവർത്തിക്കുമ്പോൾ നാമും അങ്ങനെ തന്നെ ആയിരിക്കണം.

1 കൊരി. 12ൽ ക്രിസ്തുവിൻ്റെ ശരീരത്തിൽ ആത്മാവിൻ്റെ വരങ്ങൾ ഉപയോഗിക്കപ്പെടുന്ന രീതി വിവരിക്കുവാൻ പരിശുദ്ധാത്മാവ് കണ്ണുകളുടെയും കാതുകളുടെയും കരങ്ങളുടെയും പാദങ്ങളുടെയും ഉദാഹരണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

വയറ് കൈകളെ ഉന്നതമായി വിലമതിക്കുന്നു, എന്നാൽ അതൊരിക്കലും കൈ ചെയ്യുന്ന കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നില്ല. ഉദാഹരണത്തിന്, അത് ഒരിക്കലും ഒരു പാത്രത്തിൽ നിന്ന് ആഹാരം പെറുക്കിയെടുക്കുന്നില്ല. അതു ചെയ്യുവാൻ വയറ് കൈകളെ അനുവദിച്ചിട്ട് കൈ പെറുക്കിയെടുത്ത് വയറ്റിലേക്ക് അയക്കുന്ന ആഹാരം ദഹിപ്പിക്കുന്ന തൻ്റെ ജോലി അതു ചെയ്യുന്നു! ക്രിസ്തുവിൻ്റെ സഭയിൽ, നാം അന്യോന്യം പരിപൂരകങ്ങളാകുന്നതെങ്ങനെ എന്നതിൻ്റെ ചിത്രമാണത്.

ശരീരത്തിലെ ശുശ്രൂഷകളുടെ വൈവിധ്യം എന്ന സത്യം മിക്ക വിശ്വാസികളും കണ്ടിട്ടില്ല. എന്നാൽ നിങ്ങൾ ഈ സത്യം കാണുന്നില്ലെങ്കിൽ, നിങ്ങൾ പൂർത്തീകരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതെല്ലാം നിറവേറ്റാൻ നിങ്ങൾക്കു കഴിയുകയില്ല.

പഴയ നിയമത്തിലെ ഒരു പ്രവാചകനും തൻ്റെ ശുശ്രൂഷയിൽ ഒരിക്കലും സംതുലിതരായിരുന്നില്ല. നയതന്ത്രജ്ഞതയുള്ള പ്രാസംഗികർ മാത്രം ‘സംതുലിത’രാകുവാൻ ശ്രമിച്ചു. പ്രവാചകന്മാരെല്ലാം അസംതുലിതരായിരുന്നു. അവർ ഒരേ കാര്യം തന്നെ വീണ്ടും വീണ്ടും ഊന്നിപ്പറഞ്ഞു കൊണ്ടിരുന്നു – കാരണം തങ്ങളുടെ തലമുറയിൽ ഇസ്രായേലിൻ്റെയും യഹൂദായുടെയും ആവശ്യം അതായിരുന്നു – ദൈവം അവരുടെ ഹൃദയങ്ങളിൽ വച്ച ഭാരവും അതു തന്നെയായിരുന്നു.

ദൈവം നമ്മെ എന്തിനായി വിളിച്ചിരിക്കുന്നു എന്നത് നമ്മുടെ മനസ്സിൽ വ്യക്തമായിരിക്കുന്നത് നമുക്കെല്ലാവർക്കും നല്ലതാണ്.

നമ്മുടെ ഹൃദയങ്ങളിൽ കർത്താവു നൽകുന്ന ഭാരം സാധാരണയായി അവിടുത്തെ ശരീരത്തിൽ നമുക്കു വേണ്ടി തൻ്റെ പക്കലുള്ള ശുശ്രൂഷയുടെ ഒരു സൂചനയാണ്.

കർത്താവിനെ സേവിക്കാൻ ആരംഭിക്കുന്ന ഉടൻ തന്നെ, നമ്മുടെ വരങ്ങളും വിളിയും എന്താണെന്ന്, നമുക്കെല്ലാവർക്കും അറിയാൻ കഴിയുമെന്നല്ല ഞാൻ പറയുന്നത്. എൻ്റെ ശുശ്രൂഷ എന്താണെന്ന് എനിക്കു വ്യക്തമാകുന്നതിന്, ഞാൻ വീണ്ടും ജനിച്ച ശേഷം 15 വർഷങ്ങൾ എടുത്തു. നിങ്ങൾക്ക് അത്രയും നീണ്ടു പോകയില്ലായിരിക്കാം. തീരെ കുറച്ചു സമയമേ എടുക്കുകയുള്ളായിരിക്കാം. സമയം നിശ്ചയിക്കുന്ന കാര്യം നിങ്ങൾ ദൈവത്തിനു വിട്ടുകൊടുക്കേണ്ടി വരും. എന്നാൽ മറ്റാർക്കും പൂർത്തീകരിക്കാൻ പറ്റാത്ത വ്യതിരിക്തവും നിസ്തുല്യവുമായ ഒരു ശുശ്രൂഷ ക്രിസ്തുവിൻ്റെ ശരീരത്തിൽ നിങ്ങൾക്ക് ഉണ്ടെന്നുള്ളത് നിങ്ങൾ വ്യക്തമായി മനസ്സിലാക്കണം. അതുതന്നെയല്ല ആ ശുശ്രൂഷ ഒരിക്കലും സംതുലിതമായ ഒന്നല്ല. അത് അസംതുലിതമായിരിക്കും. ശരീരത്തിൽ വ്യത്യസ്ത ശുശ്രൂഷകളുള്ള മറ്റുള്ളവരുമായി കൂട്ടായ്മയിൽ പ്രവർത്തിച്ച് നിങ്ങളുടെ സംതുലിതാവസ്ഥ നിങ്ങൾ കണ്ടെത്തണം. ആ വിധത്തിലാണ് ദൈവം നമ്മെ വിനയാന്വിതരായി നിലനിർത്തുന്നത് – നമ്മെ മറ്റുള്ളവരിൽ ആശ്രിതരായി തീർത്തുകൊണ്ട്. ദൈവത്തെ സ്തുതിക്കുന്നു!