സാക് പുന്നൻ
കരുണയും കൃപയും
പലവർഷങ്ങളായി ഒരു വിശ്വാസി എന്ന നിലയിൽ, ഞാൻ കരുതിയിരുന്നത് കരുണയും കൃപയും ഒരേ കാര്യമാണെന്നാണ്. എന്നാൽ “കരുണ” പ്രാഥമികമായി പാപങ്ങളുടെ ക്ഷമയോട് ബന്ധപ്പെട്ട് പരാമർശിക്കപ്പെട്ടിരിക്കുന്നു എന്നും, അതേസമയം “കൃപ” പാപത്തെയും ജീവിതത്തിലെ ശോധനകളെയും ജയിക്കുന്നതിനു ദൈവം നമുക്കു നൽകിയ ശക്തിയാണെന്നും ഒരു ദിവസം ഞാൻ കണ്ടു പിടിച്ചു (എബ്രാ. 4:16; റോമ. 6:14; 2 കൊരി. 12:9). തന്നെയുമല്ല ഈ കൃപ യേശുക്രിസ്തുവിലൂടെ വന്നു എന്നും (യോഹ. 1:17) പെന്തക്കോസ്തു നാളിൽ പരിശുദ്ധാത്മാവ് മനുഷ്യരുടെ ഉള്ളിൽ വസിക്കുവാൻ വേണ്ടി വന്നതിനുശേഷം മാത്രമാണ് ഈ കൃപ ലഭ്യമായത് എന്നും ഞാൻ കണ്ടെത്തി. ഇതും എൻ്റെ സന്ദേശത്തിൻ്റെ മുഖ്യാംശമായി തീർന്നു.
ക്രിസ്തുവിൻ്റെ മനുഷ്യത്വം
എല്ലാ ക്രിസ്ത്യാനികളും ക്രിസ്തുവിനെ ദൈവമായി ആരാധിക്കുമ്പോൾ വളരെ കുറച്ചുപേർ മാത്രമാണ് അവിടുന്നു നമുക്കു അനുഗമിക്കാൻ കഴിയുന്ന മാതൃകയായ ഒരു മനുഷ്യൻ കൂടിയാണെന്നതിന് ഊന്നൽ കൊടുത്തത്. അവിടുത്തെ മനുഷ്യത്വത്തിന് ഊന്നൽ കൊടുത്ത ചിലർ, അവിടുന്ന് ഭൂമിയിലായിരുന്നപ്പോൾ ദൈവം ആയിരുന്നു എന്നത് നിഷേധിച്ചു. ക്രിസ്തു പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനുമായിരുന്നു എന്ന സംതുലിതമായ ദൈവ വചനാടിസ്ഥാന കാഴ്ചപ്പാട് പ്രഘോഷിക്കുന്ന ക്രിസ്ത്യാനികളെ കണ്ടെത്തുന്നത് വളരെ വിരളമായിരുന്നു. എന്നാൽ ഞാൻ കണ്ടത് “ഒരു ദൈവഭക്തിയുള്ള ജീവിതം ജീവിക്കുന്നതിൻ്റെ രഹസ്യം കിടക്കുന്നത് ക്രിസ്തു പാപങ്ങളെ ജയിച്ചിരിക്കുന്ന ഒരു മനുഷ്യനായി കാണുന്നതിലാണ്” എന്നാണ് (1 തിമൊ. 3:16; എബ്രാ. 4:15,16). ഇതും എൻ്റെ പ്രസംഗത്തിലെ ഒരു മുഖ്യ ഊന്നലായി തീർന്നു.
പണം
1975ൽ ഞങ്ങളുടെ പ്രവർത്തനം ഞങ്ങൾ തുടങ്ങിയപ്പോൾ, സമൃദ്ധിയുടെ (അഭിവൃദ്ധിയുടെ) സുവിശേഷം (ഇന്ന് വളരെയധികം നാം കേൾക്കുന്നത്), അന്ന് പ്രചാരത്തിലില്ലായിരുന്നു. എന്നാൽ ഇന്നത്തെപോലെ തന്നെ ക്രിസ്ത്യാനികൾ അപ്പോഴും പണത്തെ സ്നേഹിച്ചിരുന്നു. പണത്തെ സ്നേഹിക്കുന്നവൻ ദൈവത്തെ വെറുക്കുന്നു എന്ന് യേശു പഠിപ്പിച്ചു (ലൂക്കോ.16:13). എന്നാൽ ഒരൊറ്റ പ്രാസംഗികൻ പോലും ഈ സന്ദേശം പ്രസംഗിക്കുന്നതു ഞാൻ ഒരിക്കലും കേട്ടില്ല. മിക്ക സഭകളും അവരുടെ അംഗങ്ങളെ ദശാംശം കൊടുക്കുന്ന കാര്യം മാത്രമേ പഠിപ്പിച്ചുള്ളൂ. എന്നാൽ ദശാംശം കൊടുക്കുന്നത് പഴയ ഉടമ്പടി നിയമത്തിൻ്റെ ഭാഗമായിരുന്നു. അത് ക്രിസ്തുവിൽ നീക്കം ചെയ്യപ്പെട്ടതാണ്. സന്തോഷത്തോടെ, രഹസ്യമായി, സ്വമേധയാ കൊടുക്കുന്ന സ്വാതന്ത്ര്യം നൽകുന്ന പുതിയ ഉടമ്പടി സന്ദേശം ഞാൻ പ്രസംഗിച്ചു. ഞാൻ കണ്ട മറ്റൊരു കാര്യം ഇന്ത്യയിലെ ഒരു സഭയും (എനിക്കറിയാവുന്നവ) വിവാഹങ്ങളിൽ സ്ത്രീധനം ചോദിക്കുന്ന ദുരാചാരത്തിനെതിരായി ശക്തമായി പ്രസംഗിക്കുന്നില്ല എന്നതാണ് – ഇന്ത്യയിലാകമാനം സ്ത്രീകളെ തരം താഴ്ത്തുന്ന ആചാരം. ഞാൻ ഈ ദുഷിച്ച ആചാരത്തിനെതിരെ ശക്തമായി പ്രസംഗിച്ചു; എന്നുമാത്രമല്ല വിവാഹങ്ങൾ നടത്തുമ്പോൾ, വധുവിൽ നിന്നും വരനിൽ നിന്നും അവർ തമ്മിലോ അവരുടെ മാതാപിതാക്കന്മാർ തമ്മിലോ പണം കൈമാറ്റം ചെയ്തിട്ടില്ല എന്ന സാക്ഷ്യപത്രം ഒപ്പിട്ടു വാങ്ങിക്കുകയും ചെയ്തു.
ദേഹിയും ആത്മാവും
പ്രസംഗിക്കപ്പെടാത്ത മറ്റൊരു വിഷയം ഇതായിരുന്നു. പഴയനിയമകാലത്ത്, മനുഷ്യൻ്റെ ദേഹിയും അവൻ്റെ ആത്മാവും തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് വ്യക്തമായ വെളിപാടുകൾ ഇല്ലായിരുന്നു. എന്നാൽ പുതിയ നിയമം ഇവ രണ്ടും തമ്മിൽ വ്യക്തമായി വേർതിരിച്ചിരിക്കുന്നു (എബ്രാ. 4:12). മിക്ക ക്രിസ്ത്യാനികൾക്കും ഈ വേർതിരിവ് വ്യക്തമായി അറിയാത്തതുകൊണ്ട്, കൗശലക്കാരായ പ്രാസംഗികരുടെ മനശാസ്ത്രപരമായ ജാലവിദ്യയാലും, പരിശുദ്ധാത്മവരങ്ങളുടെ വൈകാരിക വ്യാജ അനുകരണങ്ങളാലും അവർ വഞ്ചിതരായി തീരുന്നു. അതുകൊണ്ട് ഞാൻ ആളുകളെ യഥാർഥ ആത്മീയത, കേവലം ദേഹീപരം ഇവ തമ്മിലുള്ള വ്യത്യാസം പഠിപ്പിച്ചു.
പ്രാദേശികമായ ക്രിസ്തുവിൻ്റെ ശരീരം
ദൈവത്തിൻ്റെ അന്തിമ ലക്ഷ്യം അവിടുത്തെ എല്ലാ മക്കളേയും ക്രിസ്തുവിൽ ഒരു ശരീരം ആക്കുക എന്നതാണെന്ന് ഞാൻ വ്യക്തമായി കണ്ടു. പുതിയ നിയമസഭ ഒരു ശരീരം ആയിരിക്കേണ്ടതാണ് ഒരു കൂടിവരവല്ല. ഒരു ശരീരത്തിൽ (മനുഷ്യ ശരീരത്തിലെന്ന പോലെ), ഓരോ അംഗവും മറ്റ് അംഗങ്ങളോട് ചേർന്ന് നിസ്തുല്യമായ പ്രവർത്തനം ഉണ്ടാകണം. ക്രിസ്തു മാത്രം തലയായിരിക്കുകയും മറ്റുള്ള എല്ലാവരും സമന്മാരായ അംഗങ്ങൾ ആയിരിക്കുകയും വേണം. ഭൂമിയിലെ ഓരോ പ്രദേശത്തും കാണുവാൻ ദൈവം ആഗ്രഹിച്ചത് ഈ വിധത്തിലുള്ള സഭയാണെന്നു ഞാൻ കണ്ടു. അതുകൊണ്ട് ഭൂമിയിൽ സാധ്യമായ ഇടങ്ങളിലെല്ലാം ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ ആ തരത്തിലുള്ള ആവിഷ്കാരങ്ങൾ പണിയുവാൻ ഞാൻ തീരുമാനിച്ചു.
പുതിയ ഉടമ്പടി
ഈ സത്യങ്ങളെല്ലാം ക്രിസ്തുവിൻ്റെ മരണ പുനരുത്ഥാനത്തിലൂടെ ദൈവം മനുഷ്യനുമായി ചെയ്ത പുതിയ ഉടമ്പടിയോട് ബന്ധപ്പെട്ടിരിക്കുന്നവയാണ്. പഴയ ഉടമ്പടിയോടു താരതമ്യം ചെയ്യുമ്പോൾ പുതിയ ഉടമ്പടിയ്ക്കുള്ള അധികം വലിയ തേജസ്സ് കാണാൻ വിശ്വാസികളുടെ കണ്ണുകൾ തുറക്കപ്പെടേണം എന്നതാണ് വിശ്വാസികൾക്കിടയിലുള്ള ഏറ്റവും വലിയ ആവശ്യം എന്നു ഞാൻ കണ്ടു. അതുകൊണ്ട് എൻ്റെ എല്ലാ പ്രസംഗങ്ങളുടെയും മുഖ്യ തള്ളൽ ഈ കാര്യമായി തീർന്നു – അത് അങ്ങനെ തന്നെ തുടരുന്നു.
സാധ്യമായ ഓരോ മാർഗ്ഗങ്ങളിലൂടെയും – പ്രസംഗം, പുസ്തകങ്ങൾ, ടേപ്പുകൾ മുതലായവയിലൂടെ – എൻ്റെ സഹവിശ്വാസികളോട് പ്രഘോഷിക്കാൻ ഞാൻ അന്വേഷിച്ചതും ദൈവം എനിക്കു കാണിച്ച തന്നതുമായ ചില മുഖ്യ സത്യങ്ങൾ ഇവയാണ്. ഇന്ത്യ മുഴുവനും ഈ സത്യങ്ങൾ പ്രചരിപ്പിക്കുവാനായിരുന്നു എൻ്റെ ഭാരം. എന്നാൽ ഇത് പിന്നെയും അധികം പ്രചരിപ്പിക്കുവാൻ യോഗ്യമാണ് എന്നു ദൈവം കണ്ടു – മറ്റുപല രാജ്യങ്ങളിലുമുള്ള ആളുകൾക്കു കൂടെ.
സകല മഹത്വവും അവിടുത്തെ നാമത്തിനു മാത്രം.