ദൈവീകമായ സംഗീതത്തിന്‍റെയും സ്തുതിയുടെയും ശക്തി – WFTW 29 ജൂലൈ 2018

സാക് പുന്നന്‍

പ്രവാചക ശുശ്രൂഷയെക്കുറിച്ച് ചില സംഗതികള്‍ നിങ്ങളെ കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എലീശാ തനിക്കു പ്രവചിക്കാന്‍ കഴിയേണ്ടതിന് ദൈവത്തിന്‍റെ മനസ്സ് അന്വേഷിക്കുവാന്‍ ആഗ്രഹിച്ചപ്പോള്‍, അദ്ദേഹം ഒരുവനോട് വീണ വായിക്കുവാന്‍ ആവശ്യപ്പെട്ടു ( 2 രാജാക്കന്മാര്‍ 3:15). വീണക്കാരന്‍ വീണവായിക്കുമ്പോള്‍ യഹോവയുടെ കരം അദ്ദേഹത്തിന്‍റെ മേല്‍ വന്നിട്ട് അദ്ദേഹം ശക്തിയോടെ പ്രവചിച്ചു. അവിടെ നാം ദൈവീകമായ സംഗീതത്തിന്‍റെ വില കാണുന്നു.

ഞായറാഴ്ച രാവിലെകളില്‍ സ്തുതിയുടെയും സ്തോത്രത്തിന്‍റെയും സമയത്ത് ദൈവത്തിന്‍റെ കരം എന്‍റെ മേല്‍ വരികയും, സഭായോഗത്തിനായി കടന്നുവന്നപ്പോള്‍ എനിക്കില്ലാതിരുന്ന ഒരു വചനം കര്‍ത്താവ് എനിക്ക് തരികയും ചെയ്തിട്ടുളള അനേക സമയങ്ങളെക്കുറിച്ച് എന്‍റെ സ്വന്തം ജീവിതത്തില്‍ എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നുണ്ട്. അഭിഷേകം ചെയ്യപ്പെട്ട ആ സംഗീതത്തില്‍ ഒരു ശക്തി ഉണ്ടായിരുന്നു, അത് എലീശായുടെ മേല്‍ പ്രവചനത്തിന്‍റെ ആത്മാവിനെ കൊണ്ടുവന്നു.

ചില സമയങ്ങളില്‍ ഒരു പ്രവാചകനുപോലും സംഗീതജ്ഞന്മാരുടെ സഹായം ആവശ്യമുണ്ട്. അതുകൊണ്ടാണ് സംഗീതം നയിക്കുന്നവര്‍ അഭിഷിക്തരായിരിക്കേണ്ട ആവശ്യമുളളത്. അവര്‍ കേവലം നല്ല സംഗീതജ്ഞര്‍ മാത്രമായിരുന്നാല്‍ പോരാ. അവര്‍ അഭിഷേകം ചെയ്യപ്പെട്ടവരായിരിക്കണം, അവര്‍ക്ക് ഒരു നല്ല മനസ്സാക്ഷി ഉണ്ടായിരിക്കുകയും വേണം. ദാവീദ് ഗായകരെയും സംഗീതജ്ഞരെയും നിയമിച്ചു. അവര്‍ അഭിഷേകം ചെയ്യപ്പെട്ടവരായിരിക്കേണ്ടിയിരുന്നു. സംഗീതം – നയിച്ചവരില്‍ ആസാഫിനെ പോലെ ചിലര്‍ 12 മനോഹരമായ സങ്കീര്‍ത്തനങ്ങള്‍ എഴുതി( സങ്കീര്‍ത്തനം 50,73-83). സംഗീതം നയിച്ചവരില്‍ 2 പേര്‍ ദര്‍ശകന്മാര്‍ (പ്രവാചകന്മാര്‍) എന്നു വിളിക്കപ്പെട്ടു – ഹേമാനും (1 ദിനവൃത്താന്തം 25:5) യെദൂഥൂനും ( 2 ദിന 35:15).

അതുകൊണ്ട് അഭിഷിക്തരായ പ്രവാചകന്മാരെ പ്രോത്സാഹിപ്പിക്കുവാനും പിന്‍താങ്ങുന്നതിനുമായി ദൈവത്തിന് അഭിഷിക്തരായ സംഗീതജ്ഞന്മാരെ ആവശ്യമുണ്ട്. അങ്ങനെയാണ് സഭപണിയപ്പെടുന്നത്. നിങ്ങളില്‍ ചിലര്‍ പ്രവാചകന്മാര്‍ ആയിരിക്കാന്‍ വിളിക്കപ്പെട്ടിട്ടില്ലായിരിക്കാം, നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത് സംഗീതജ്ഞന്മാരായി ആയിരിക്കാം. അഭിക്ഷിക്തരായ സംഗീതജ്ഞന്മാരായിരിക്കുക. ആ വീണ വായനക്കാരന്‍ ഏതെങ്കിലും ലൗകീകമായ രീതിയിലുളള സംഗീതം അനുകരിച്ചിരുന്നെങ്കില്‍, എലീശാ അന്ന് പ്രചോദിക്കപ്പെടുമായിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല. ഇല്ല. ആ സംഗീതത്തിന് സ്വര്‍ഗ്ഗീയമായ ചില കാര്യങ്ങള്‍ ഉണ്ടായിരുന്നു.

ലൗകീകമായ സംഗീതവും, സ്വര്‍ഗ്ഗീയമായ സംഗീതവും ഉണ്ട്. സംഗീതം സ്വര്‍ഗ്ഗീയമാകുമ്പോള്‍ നിങ്ങള്‍ക്കത് അറിയാന്‍ കഴിയും, കാരണം അത് ദൈവത്തെ ആരാധിക്കുവാന്‍ നിങ്ങളുടെ ആത്മാവിനെ ഉയര്‍ത്തും . ചില സംഗീതം ആ സംഗീതജ്ഞന്മാരെ പുകഴ്ത്തുവാന്‍ മാത്രം നിങ്ങളെ പ്രേരിപ്പിക്കുന്നു.!നിങ്ങള്‍ക്ക് ആളുകളെ, ദൈവത്തെ ആരാധിക്കുന്നതിലേക്കു നയിക്കുവാനും ഒരു യോഗത്തിലേക്ക് പ്രവചനത്തിന്‍റെ ആത്മാവിനെ കൊണ്ടുവരുവാനും കഴിയുമെങ്കില്‍ നിങ്ങള്‍ അഭിഷിക്തനായ ഒരു സംഗീതജ്ഞനാണ്.

ദൈവത്തെ സ്തുതിക്കുന്നതിന്‍റെശക്തി ഉദാഹരിക്കുന്ന ഏറ്റവും ആശ്ചര്യകരമായ കഥകളില്‍ ഒന്ന പഴയനിയമത്തിലെ 2 ദിനവൃത്താന്തം 20 ല്‍ നമുക്കുണ്ട്. ഇവിടെ നമുക്കു പഠിക്കുവാന്‍ കഴിയുന്ന ധാരാളം പാഠങ്ങള്‍ ഉണ്ട്. ശത്രുക്കളുടെ ഒരു വലിയ സമൂഹം യെഹോശാഫാത്ത് രാജാവിനെതിരെ യുദ്ധം ചെയ്യുവാന്‍ ഒരു മിച്ചു കൂടിയിട്ടുണ്ട്. യെഹോശാഫാത്ത്, ആഹാബുമായുളള തന്‍റെ കഴിഞ്ഞകാല സംബന്ധത്തില്‍ നിന്ന് ഒരു പാഠം പഠിച്ചിട്ടുളളതിനാല്‍, ഇപ്പോള്‍ അവന്‍ യഹോവയെ അന്വേഷിക്കുവാന്‍ തീരുമാനിച്ചു. യഹോവയിലുളള ആശ്രയത്തിന്‍റെഏറ്റവും നല്ല പ്രാര്‍ത്ഥനകളില്‍ ഒന്ന് അവന്‍ പ്രാര്‍ത്ഥിക്കുന്നു – അവന്‍റെ പിതാവായ ആസ പ്രാര്‍ത്ഥിച്ച പ്രാര്‍ത്ഥനയുടെ അതേ നിലയിലുളള പ്രാര്‍ത്ഥന(2ദിനവൃത്താന്തം 15:11). യെഹോശാ ഫാത്ത് തന്‍റെ പ്രാര്‍ത്ഥനയില്‍ ദൈവത്തെയും അവനെത്തന്നെയും ഓര്‍പ്പിച്ചതും ഏറ്റു പറഞ്ഞതുമായ ഏഴു കാര്യങ്ങള്‍ ശ്രദ്ധിക്കുക.

1. ദൈവത്തിന്‍റെ സമ്പൂര്‍ണ്ണമായ പരമാധികാരം ( വാ.6)
2. കഴിഞ്ഞ കാലത്ത് ദൈവം യിസ്രായേലിനുവേണ്ടി ചെയ്തിട്ടുളള കാര്യങ്ങള്‍ (വാ.7)
3. ദൈവത്തിന്‍റെ വാഗ്ദത്തങ്ങള്‍ ( വാ 8,9)
4. യിസ്രായേല്‍ ദൈവത്തിന്‍റെ അവകാശമാണ് എന്നുളളത് ( വാ11)
5. അവരുടെ തീര്‍ത്തുമുളള ബലഹീനത.(വാ 12)
6. അവരുടെ തികഞ്ഞ പരിജ്ഞാനമില്ലായ്മ ( വാ 12)
7. ദൈവത്തിലുളള അവരുടെ പൂര്‍ണ്ണമായ ആശ്രയം ( വാ 12)

ദൈവം ഉടനെതന്നെ ഒരു പ്രവാചകനിലൂടെ ഒരു സന്ദേശം അയച്ചു കൊണ്ട് ആപ്രാര്‍ത്ഥനയോട് ഇപ്രകാരം പ്രതികരിച്ചു. ” ഭയപ്പെടരുത്. യുദ്ധം നിങ്ങളുടേതല്ല ദൈവത്തിന്‍റേതത്രെ. പോയി നിങ്ങളുടെ ശത്രുക്കളെ നേരിടുക. യഹോവ നിങ്ങളോടു കൂടെയുണ്ട്” (വാ. 15-17).

അതുകൊണ്ട് യെഹോശാ ഫാത്ത് സൈന്യത്തിനു മുമ്പില്‍ സംഗീതക്കാരെ അയച്ചു! ഈ ഗായകര്‍ ദൈവത്തെ സ്തുതിക്കുവാന്‍ തുടങ്ങിയപ്പോള്‍, യഹോവ യഹൂദായുടെ എല്ലാ ശത്രുക്കളെയും പരാജയപ്പെടുത്തി. അവരുടെ ശത്രുക്കളില്‍ നിന്നു ലഭിച്ച സകല സമ്പത്തിലൂടെയും യഹൂദാ സമ്പന്നരായി തീരുകയും ചെയ്തു. ഈ കഥ വിജയത്തിന്‍റെ മാര്‍ഗ്ഗത്തെ വിവരിക്കുന്നു. ദൈവത്തിന്‍റെ പരമാധികാരത്തെയും വാഗ്ദത്തങ്ങളെയും വിശ്വാസത്തോടു കൂടി ഏറ്റുപറയുന്നതിലൂടെയും, ശത്രുക്കള്‍ (പ്രശ്നങ്ങള്‍) മാറിപ്പോകാതെ അവിടെതന്നെ ആയിരിക്കുമ്പോള്‍ പോലും മുന്‍കൂറായി ദൈവത്തെ സ്തുതിക്കുന്നതിലൂടെയും. നമ്മുടെ വിശ്വാസം പ്രകടിപ്പിക്കുന്നത് സ്തുതിയിലൂടെയാണ്. ” അവര്‍ അവിടുത്തെ വചനങ്ങളെ വിശ്വസിക്കുകയും അവര്‍ അവിടുത്തേക്ക് സ്തുതി പാടുകയും ചെയ്തു”(സങ്കീ 106:12). ഇതിന്‍റെ നേരെ വിപരീതമായതും സത്യമാണ് : നാം ദൈവത്തിനു സ്തുതി പാടുന്നില്ലെങ്കില്‍, അതു തെളിയിക്കുന്നത് നാം അവിടുത്തെ വചനങ്ങള്‍ വിശ്വസിക്കുന്നില്ല എന്നാണ്!