സാക് പുന്നൻ
ഉന്നത നിലവാരമുളള സഭകള്‍ പണിയുവാന്‍, നമുക്ക് ഉന്നത നിലവാരമുളള ഒരു നേതാവിനെ ആവശ്യമുണ്ട്. യേശുപറഞ്ഞു, “എന്നെ അനുഗമിപ്പിന്‍” (ലൂക്കോസ് 9:23). അതുപോലെ പൗലൊസ് പറഞ്ഞു, “ഞാന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതു പോലെ നിങ്ങള്‍ എന്നെ അനുഗമിപ്പിന്‍” (1 കൊരിന്ത്യര്‍ 11:1; ഫിലിപ്യര്‍ 3:17). അപ്പൊസ്തലനായ പൗലൊസിന്‍റെ ആ വാക്കുകളില്‍, നാം കാണുന്നത് ഒരോ മൂപ്പനും തന്‍റെ സഭയിലുളള ഓരോരുത്തരോടും എന്തു പറയുവാന്‍ കഴിവുളളവനാകണമെന്ന് പരിശുദ്ധാത്മാവ് പ്രതീക്ഷിക്കുന്നു എന്നാണ്.
ദൈവഭക്തനായ ഏതു പ്രസംഗകനും താന്‍ പ്രസംഗിക്കുന്നവരോടു എങ്ങനെ പറയണമെന്നാണു പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നതെന്നു പൗലൊസിന്‍റെ ഈ വാക്കുകളില്‍ നിന്നു വ്യക്തമാണ്.
പല പ്രസംഗകരും പറയാറുണ്ട്. “നിങ്ങള്‍ എന്നെ പിന്തുടരേണ്ട. മറിച്ച് കര്‍ത്താവിനെ അനുഗമിക്കുക.” വളരെ താഴ്മയുള്ള വാക്കുകളായി ഇതു തോന്നാം. എന്നാല്‍ വാസ്തവത്തില്‍ ഇത് അവരുടെ പരാജയപ്പെട്ട ജീവിതത്തെ മറച്ചു പിടിക്കാനുള്ള ഒരു ക്ഷമാപണം മാത്രമാണ്; പരിശുദ്ധാത്മാവിന്‍റെ പഠിപ്പിക്കലിന് എതിരുമാണ്.
“ഞാന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതുപോലെ നിങ്ങള്‍ എന്നെ അനുഗമിക്കുക” എന്നു പറയാന്‍ കഴിയുന്ന പ്രസംഗകരെയാണു ഞാന്‍ ബഹുമാനിക്കുന്നതും പിന്തുടരുന്നതും. ദുഃഖകരമെന്നു പറയട്ടെ, ഇന്ന് അത്തരം പ്രസംഗകരുടെ എണ്ണം തുലോം ദുര്‍ല്ലഭമാണ്.
പൗലൊസിന്‍റെ മാനസാന്തരത്തിനു മുന്‍പ്, പൗലൊസ് ഒരു തികഞ്ഞ പരാജയമായിരുന്നു. എന്നിട്ടും ദൈവം അവനെ രൂപാന്തരപ്പെടുത്തി. പൂര്‍ണനല്ലായിരുന്നെങ്കിലും അനേകര്‍ക്കു പിന്‍പറ്റാന്‍ കഴിയുന്ന ഒരു മാതൃകയായി പൗലൊസിനെ മാറ്റി (ഫിലി. 3:12-14 കാണുക). (ലോകത്തിലെ ഏറ്റവും ഉത്തമനായ ക്രിസ്ത്യാനിപോലും പൂര്‍ണനായിരിക്കുകയില്ല, എന്നാല്‍ പൂര്‍ണതയിലേക്ക് ആയുന്നവനായിരിക്കും)
അതുകൊണ്ട് ഭൂതകാലത്ത് താങ്കള്‍ ഒരു വലിയ പരാജയമായിരുന്നെങ്കിലും ദൈവത്തിനു താങ്കളെ മറ്റുള്ളവര്‍ക്കു പിന്‍പറ്റുവാന്‍ കഴിയുന്ന ഒരു മാതൃകയായി മാറ്റുവാന്‍ കഴിയും.
എനിക്കു ബഹുമാനിക്കുവാനും പിന്തുടരുവാനും കഴിയുന്ന ഒരു പ്രസംഗകനില്‍ ഞാന്‍ പ്രാഥമികമായും നോക്കുന്നതു താഴെപറയുന്ന ഏഴു സ്വഭാവ പ്രത്യേകതകള്‍ ഉണ്ടോയെന്നാണ്.
1. അദ്ദേഹം താഴ്മയുള്ള, ആര്‍ക്കും സമീപിക്കാന്‍ കഴിയുന്ന ഒരാളായിരിക്കണം.
യേശു താഴ്മയുള്ളവനും ആര്‍ക്കും സമീപിക്കാന്‍ കഴിയുന്നവനും ആയിരുന്നു (മത്തായി 11:29) ആളുകള്‍ക്ക് എവിടെയും എപ്പോഴും യേശുവിനെ സമീപിക്കാന്‍ കഴിയുമായിരുന്നു. നിക്കോദേമോസിന് അര്‍ദ്ധരാത്രിയില്‍ യേശുവിനെ വീട്ടില്‍ ചെന്നു കാണാമായിരുന്നു. പരസ്യസ്ഥലത്ത് ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും യേശുവിനോട് സംസാരിക്കാമായിരുന്നു. യേശുവിന്‍റെ താഴ്മ ദരിദ്രരോടു സുവിശേഷം അറിയിപ്പാന്‍ (ലൂക്കോസ് 4:18) തനിക്ക് എപ്പോഴും പ്രേരണ നല്‍കി. പൗലൊസാകട്ടെ, തന്‍റെ തെറ്റുകള്‍ എളുപ്പത്തില്‍ സമ്മതിക്കുവാനും സദാ ക്ഷമ ചോദിക്കുവാനും തയ്യാറുള്ളവനായിരുന്നു (പ്രവൃ. 23:1-5) ഈ മട്ടില്‍ പണക്കാരോടും ദരിദ്രരോടും വിവേചനം കാണിക്കാത്തവരും തങ്ങളെക്കുറിച്ചു തന്നെ വലിയ ഭാവം പുലര്‍ത്താത്തവരും, തെറ്റുചെയ്താല്‍ വേഗത്തില്‍ ക്ഷമ ചോദിക്കുന്നവരും സദാ സാധാരണ സഹോദരന്മാരായി മാത്രം ഇരിക്കുന്നവരുമായ പ്രസംഗകരെ മാത്രമാണു ഞാന്‍ അനുഗമിക്കുന്നത്.
2. അദ്ദേഹം തനിക്കു വേണ്ടിയോ തന്‍റെ ശുശ്രൂഷയ്ക്കു വേണ്ടിയോ മറ്റുള്ളവരോടു പണം ചോദിക്കാത്തവനും ലളിതമായ ജീവിതശൈലി ഉള്ളവനുമായിരിക്കണം.
ദാനമായി ആരെങ്കിലും, എന്തെങ്കിലും തന്നാല്‍ അതു വാങ്ങിയാല്‍ തന്നെ (പൗലൊസ് വല്ലപ്പോഴും ചെയ്തിരുന്നതുപോലെ – ഫിലിപ്യര്‍ 4:16 -18) തന്നെക്കാള്‍ ധനികരായവരുടെ കയ്യില്‍ നിന്നു മാത്രം – ഒരിക്കല്‍ പോലും തന്നെക്കാള്‍ ദരിദ്രനായ ഒരുവന്‍റെ കയ്യില്‍ നിന്നല്ല – അതു സ്വീകരിക്കും. തനിക്കുവേണ്ടിയോ താന്‍ ഏര്‍പ്പെട്ടിരിക്കുന്ന ശുശ്രൂഷയ്ക്കു വേണ്ടിയോ യേശു ഒരിക്കലും ആരോടും പണം വാങ്ങിയില്ല. തന്നെക്കാള്‍ സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ളവരില്‍ നിന്നു മാത്രം അവിടുന്നു ദാനങ്ങള്‍ സ്വീകരിച്ചു (ലൂക്കോ. 8:3) യേശുവിനും പൗലൊസിനും ലളിതമായ ജീവിതശൈലിയാണുണ്ടായിരുന്നത്. പണത്തോടും ഭൗതിക വസ്തുക്കളോടും യേശുവിനും പൗലൊസിനും ഉണ്ടായിരുന്ന അതേ മനോഭാവമുള്ള പ്രസംഗകരെ മാത്രമാണു ഞാന്‍ പിന്തുടരുന്നത്.
3. ദൈവഭക്തനായ ഒരു മനുഷ്യന്‍ എന്ന സാക്ഷ്യം പുലര്‍ത്തുന്നവനായിരിക്കണം അദ്ദേഹം.
ദൈവഭക്തനും നേരായി നടക്കുന്നവനും വിശുദ്ധിക്കായി ആഗ്രഹമുള്ളവനുമായ ഒരുവന്‍ എന്നായിരിക്കണം അദ്ദേഹം അറിയപ്പെടേണ്ടത്. ഒന്നിലും സ്വന്തമായത് അന്വേഷിക്കാത്തവനും നാവിനെ സൂക്ഷിക്കുന്നവനും (യാക്കോബ് 1:26; എഫേസ്യ. 4:26-31) ആയിരിക്കണം അദ്ദേഹം. പരാജയപ്പെടുന്നവരോടു കരുണയുള്ളവനായിരിക്കണം. തന്‍റെ പ്രാര്‍ത്ഥന, ഉപവാസം, ദാനം നല്‍കുന്നത് എന്നിവയെക്കുറിച്ച് ഒരിക്കലും പുകഴ്ച പറയാത്തവനുമായിരിക്കണം അദ്ദേഹം (മത്തായി 6:1-18). പ്രായമുള്ളവരും ചെറുപ്പക്കാരുമായ എല്ലാ സ്ത്രീകളോടും പൂര്‍ണ നിര്‍മലത കാത്തുസൂക്ഷിക്കുന്നവന്‍ എന്നതായിരിക്കണം എപ്പോഴും അദ്ദേഹത്തിന്‍റെ സാക്ഷ്യം (1 തിമൊ. 5:2). ജീവിതത്തില്‍ വിശുദ്ധിയുടെ അത്തരം ഒരു സൗരഭ്യമുള്ള പ്രസംഗകരെയാണു ഞാന്‍ പിന്തുടരുന്നത്.
4. അദ്ദേഹം തന്‍റെ കുഞ്ഞുങ്ങളെ ദൈവവഴിയില്‍ വളര്‍ത്തിക്കൊണ്ടു വന്നവനായിരിക്കണം.
താന്‍ ക്രിസ്തുവിനെ അനുഗമിക്കുന്നതുപോലെ കുട്ടികള്‍ അദ്ദേഹത്തെ അനുഗമിക്കുന്നവരായിരിക്കണം. ഒന്നാമതു തന്‍റെ കുഞ്ഞുങ്ങളെ ദൈവഭക്തിയില്‍ വളര്‍ത്താത്ത ഒരുവനു സഭയുടെ നേതാവായിരിക്കാനാവില്ലെന്നു പരിശുദ്ധാത്മാവു പറയുന്നു (1 തിമോ, 3:4,5; തീത്തോസ് 1:6). നമ്മെ വീട്ടില്‍ എപ്പോഴും കാണുന്നതുകൊണ്ട് നമ്മുടെ കുട്ടികള്‍ക്കാണു നമ്മെ ഏറ്റവും നന്നായി അറിയാവുന്നത്. നാം വീട്ടില്‍ ദൈവഭക്തിയുള്ള ജീവിതം ജീവിക്കുന്നത് അവര്‍ കണ്ടാല്‍ അവരും പൂര്‍ണ ഹൃദയത്തോടെ കര്‍ത്താവിനെ പിന്‍പറ്റും. തന്‍റെ കുഞ്ഞുങ്ങളെ ദൈവഭക്തരും താഴ്മയുള്ളവരും എല്ലാ ആളുകളെയും ബഹുമാനിക്കുന്നവരുമായി വളര്‍ത്തിയ പ്രസംഗകരെയാണു ഞാന്‍ അനുഗമിക്കുക.
5. അദ്ദേഹം ദൈവത്തിന്‍റെ മുഴുവന്‍ ആലോചനയും ഭയമില്ലാതെ പ്രസംഗിക്കുന്നവനായിരിക്കണം.
പുതിയ നിയമത്തില്‍ എഴുതിയിരിക്കുന്നതെല്ലാം – ഓരോ കല്പനയും ഓരോ വാഗ്ദാനവും – ആളുകളെ പ്രസാദിപ്പിക്കാന്‍ നോക്കാതെ പ്രസംഗിക്കുന്നവനായിരിക്കണം അദ്ദേഹം (പ്രവൃത്തി 20:27; ഗലാത്യ. 1:10). പരിശുദ്ധാത്മാവിനാല്‍ യഥാര്‍ത്ഥത്തില്‍ നിരന്തരം അഭിഷിക്തനാണെങ്കില്‍, യേശുവിനേയും പൗലൊസിനേയും പോലെ, അദ്ദേഹത്തിന്‍റെ സന്ദേശങ്ങള്‍ എപ്പോഴും വെല്ലുവിളിക്കുന്നതും ധൈര്യപ്പെടുന്നതുമായിരിക്കും. സംസാരിക്കുമ്പോള്‍ ദൈവത്തിന്‍റെ അഭിഷേകം അവരിലുണ്ടെന്നു തിരിച്ചറിയാന്‍ കഴിയുന്ന ഇത്തരം പ്രസംഗകരെയാണു ഞാന്‍ അനുഗമിക്കുന്നത്.
6. ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ പ്രത്യക്ഷതയെന്ന നിലയില്‍ പ്രാദേശിക സഭകള്‍ പണിയാന്‍ അദ്ദേഹത്തിനു താത്പര്യം ഉണ്ടായിരിക്കണം.
ആളുകളെ പാപത്തില്‍ നിന്നു രക്ഷിക്കുവാന്‍ മാത്രമല്ല, ഒരു ശരീരമെന്ന നിലയില്‍ തന്‍റെ ജീവിതത്തെ പ്രദര്‍ശിപ്പിക്കുന്ന സഭ പണിയുവാനുമാണ് യേശു ഭൂമിയില്‍ വന്നത്. (മത്തായി. 16:18). അതുകൊണ്ട് ക്രിസ്തുവിന്‍റെ ശരീരമെന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന (എഫേസ്യ. 4:15,16) പ്രാദേശികസഭകള്‍ എല്ലായിടത്തും കെട്ടിപ്പണിയണമെന്നായിരുന്നു പൗലൊസിന്‍റെ ഹൃദയവാഞ്ഛ. അന്ത്യത്തോളം അവന്‍ കഠിനമായി പരിശ്രമിച്ചു (കൊലോ. 1:28,29) ക്രിസ്തുവിന്‍റെ ശരീരമെന്ന നിലയില്‍ സദാ പ്രവര്‍ത്തനക്ഷമമായ പ്രാദേശിക സഭകള്‍ കെട്ടിപ്പണിയുവാന്‍ തങ്ങളുടെ കഴിവുകൾ ഉപയോഗിക്കുന്ന പ്രസംഗകരെ (അവർ സുവിശേഷകരോ അധ്യാപകരോ പ്രവാചകന്മാരോ ആകട്ടെ) മാത്രമേ ഞാൻ പിന്തുടരുകയുള്ളൂ..
7. തന്‍റെ വീക്ഷണവും ആത്മാവുമുള്ള ചില സഹപ്രവര്‍ത്തകരെയെങ്കിലും വളര്‍ത്തിയെടുക്കുന്നവനായിരിക്കണം അദ്ദേഹം.
അടുത്ത തലമുറയിലും കര്‍ത്താവിന്‍റെ സാക്ഷ്യം അതിന്‍റെ നിര്‍മലതയില്‍ സൂക്ഷിക്കുവാന്‍ ദൈവഭക്തനായ പ്രസംഗകന്‍ തല്പനായിരിക്കും. തന്‍റെ ആത്മാവിനെ ഉള്‍ക്കൊണ്ട് തന്‍റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുവാന്‍ കഴിയുന്ന 11 ശിഷ്യന്മാരെ യേശു വളര്‍ത്തിയെടുത്തു. പൗലൊസാകട്ടെ, തന്‍റെ താഴ്മയുടേയും നിസ്വാര്‍ത്ഥതയുടേയും ആത്മാവ് ഉള്‍ക്കൊണ്ട തിമൊഥെയോസ്, തീത്തോസ് എന്നിവരെ ഉയര്‍ത്തിക്കൊണ്ടുവന്നു (ഫിലി 2:19-21; 2 കൊരി. 7:13-15) . മുകളില്‍ പറഞ്ഞ ഗുണങ്ങളുള്ള ചുരുക്കം സഹപ്രവര്‍ത്തകരെയെങ്കിലും വളര്‍ത്തിയെടുത്ത പ്രസംഗകരെയാണ് ഞാന്‍ പിന്‍തുടരുന്നത്.
ദൈവം നിങ്ങളെ ഒരു പ്രസംഗകനായി വിളിച്ചുണ്ടെങ്കില്‍ അവിടുന്ന് തന്‍റെ ആത്മാവിനാല്‍ നിങ്ങളെ നിരന്തരം അഭിഷേകം ചെയ്യുവാനും മുകളില്‍ പറഞ്ഞ എല്ലാം ഗുണങ്ങളും ഉള്ളവനായിരിക്കുവാനും പ്രാര്‍ത്ഥിക്കുക. അങ്ങനെയാകുമ്പോള്‍ മറ്റുള്ളവര്‍ക്കു പിന്‍പറ്റുവാന്‍ ഒരു മാതൃകയായി മാറുവാന്‍ നിങ്ങള്‍ക്കും കഴിയും.
ക്രിസ്തീയ ലോകത്ത് ഒത്തുതീര്‍പ്പും ലോകമയത്വവും നടമാടുന്ന ഇന്ന് ജീവിതത്തിന്‍റെയും ശുശ്രൂഷയുടേയും നിലവാരം സഭയില്‍ ഉന്നതമായി സൂക്ഷിക്കുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.