യേശുവിൻ്റെ മഹാനിയോഗത്തെ പ്രതിബിംബിക്കുന്നത് – WFTW 13 ഒക്ടോബർ 2024

സാക് പുന്നൻ

ഈ കഴിഞ്ഞ ഏതാനും ആഴ്ചകളായി, മഹാനിയോഗം അതിൻ്റെ പൂർണ്ണതയിൽ നിവർത്തിക്കുക എന്നാൽ എന്താണെന്നതിനെ കുറിച്ചു ഗ്രഹിക്കുവാൻ നാം ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. മത്തായി 28:19ൽ യേശു പറഞ്ഞത്, നാം സകല രാജ്യങ്ങളിലും പോയി ശിഷ്യന്മാരെ ഉണ്ടാക്കുക എന്നാണ്, അതുകൊണ്ട് ലൂക്കോസ് 14ൽ വിവരിച്ചിരിക്കുന്ന ശിഷ്യത്വത്തിൻ്റെ വ്യവസ്ഥകൾ നാം പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

ഒന്നാമത്, ഈ ഭൂമിയിലുള്ള ഏതു മനുഷ്യനെയുംകാൾ അധികം ക്രിസ്തുവിനെ സ്നേഹിക്കണം. ഒരു യഥാർത്ഥ ശിഷ്യൻ്റെ ഏറ്റു പറച്ചിലാണ് സങ്കീ. 73:25: “സ്വർഗ്ഗത്തിൽ അവിടുന്ന് അല്ലാതെ എനിക്ക് ആരുള്ളൂ? ഈ ഭൂമിയിലും അവിടുന്നല്ലാതെ എനിക്കൊന്നുമില്ല ആരുമില്ല.” ക്രിസ്തുവിനെക്കാൾ മറ്റാരെയും ഈ ഭൂമിയിൽ ഞാൻ ആഗ്രഹിക്കുന്നില്ല.

രണ്ടാമത്, എൻ്റെ സ്വന്ത ഇഷ്ടത്തെക്കാളും എൻ്റെ തിരഞ്ഞെടുപ്പുകളെക്കാളും അധികം ക്രിസ്തുവിനെ സ്നേഹിക്കണം. “കർത്താവേ, ഒരു കാര്യത്തിലും ഞാൻ എൻ്റെ തിരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല. എൻ്റെ ജീവിതത്തിലെ ഓരോ മേഖലയിലും അവിടുത്തെ ഹിതം ഞാൻ ആഗ്രഹിക്കുന്നു – എൻ്റെ സമയം, എൻ്റെ പണം, എൻ്റെ ഊർജ്ജം, എൻ്റെ ജീവിതം, എൻ്റെ അഭിലാഷങ്ങൾ ഇവ എങ്ങനെ ചെലവഴിക്കണം എന്നൊക്കെയുള്ള കാര്യങ്ങളിലെല്ലാം. എൻ്റെ ഭാവിയെല്ലാം യേശുവിൻ്റെ കാൽച്ചുവട്ടിൽ ഇട്ടിരിക്കുന്നു.”

മൂന്നാമത്, എനിക്കുള്ളതെല്ലാം ഉപേക്ഷിക്കണം, ഭൂമിയിൽ എനിക്കുള്ള സകലത്തിനെയും മുറുക്കമില്ലാതെ പിടിക്കുക, കാരണം അവയെല്ലാറ്റിനെയുംകാൾ എനിക്ക് കർത്താവാണ് അധികം വിലയുള്ളത്. ആ കാര്യങ്ങളിൽ ഏതെങ്കിലും കർത്താവ് എടുത്തു മാറ്റുകയോ അല്ലെങ്കിൽ അവയിൽ ചിലത് എനിക്കു നഷ്ടപ്പെടുകയോ ചെയ്താൽ, ഇയ്യോബ് 1:21ൽ ഇയ്യോബ് പറഞ്ഞതുപോലെ “യഹോവ തന്നു യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെട്ടിരിക്കട്ടെ” എന്നു ഞാൻ പറയും. അതാണ് ഒരു യഥാർത്ഥ ശിഷ്യൻ്റെ മനോഭാവം.

ഒരു വ്യക്തി, ശിഷ്യത്വത്തിൻ്റെ ഈ മൂന്നു വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ, ലൂക്കോസ് 14 പ്രകാരം, അയാൾ ഒരു ശിഷ്യനല്ല.

സകല രാജ്യങ്ങളിലും പോയി ശിഷ്യന്മാരെ ഉണ്ടാക്കുവിൻ എന്ന് മത്താ. 28:19ൽ യേശു പറഞ്ഞപ്പോൾ, അവിടുന്ന് അർത്ഥമാക്കിയത് യേശുവിനെ പാപക്ഷമ നൽകുന്നവനായി മാത്രം അറിയുന്ന ഒരു സ്ഥാനത്തേക്കു നാം ആളുകളെ കൊണ്ടുവരണമെന്നല്ല, എന്നാൽ അവരുടെ കർത്താവായി കൂടെ (യജമാനനായി) അറിയണം എന്നാണ്. അത് അർത്ഥമാക്കുന്നത് നാം ഭൂമിയിലുള്ള മറ്റാരെയുംകാൾ, നമ്മുടെ സ്വന്ത ജീവനെക്കാൾ, നമ്മുടെ സ്വന്ത ഇഷ്ടത്തെക്കാൾ കൂടാതെ നമുക്കു ഭൂമിയിലുള്ള എല്ലാ സ്വത്തുക്കളെയുംകാൾ അധികം നാം യേശുവിനെ സ്നേഹിക്കുക എന്നാണ്. അവിടുന്ന് നമുക്ക് അവ എല്ലാറ്റെക്കാളും കൂടുതൽ വിലയുള്ളവനാണ്.

ക്രിസ്തീയ പ്രേഷിത വേലക്കാരും സുവിശേഷം പ്രസംഗിക്കുന്ന സുവിശേഷകന്മാരും മഹാനിയോഗത്തിൻ്റെ രണ്ടാമത്തെ പകുതി നിവർത്തിച്ചിരിക്കുന്നു എന്നു നിങ്ങൾ പറയുമോ? ഇല്ല എന്നു ഞാൻ പറയും. 99% ആളുകൾ മർക്കോസ് 16:15 നിറവേറ്റുന്നതിനെ കുറിച്ചും 1% ആളുകൾ മത്തായി 28:19-20 നിറവേറ്റുന്നതിനെ കുറിച്ചുമുള്ള ആ ഉദാഹരണം ഞാൻ ഉപയോഗിച്ചതെന്തുകൊണ്ടാണെന്നു നിങ്ങൾ കണ്ടോ? 99 പേർ ആ വലിയ തടിയുടെ ഒരറ്റത്തും ഒരാൾ അതിൻ്റെ മറ്റേ അറ്റത്തും പിടിക്കുന്നത്? അതുകൊണ്ടാണ് മറ്റെ അറ്റത്തു പിടിച്ചിരിക്കുന്ന ആ ഒരു വ്യക്തിയെ സഹായിക്കാനായി കർത്താവെന്നെ വിളിച്ചു എന്നു ഞാൻ കണ്ടെത്തിയത്. ഇന്നത്തെ ഒരു വലിയ ആവശ്യം അതാണെന്നു ഞാൻ കാണുന്നു, പല രാജ്യങ്ങളിലും ക്രിസ്ത്യാനിത്വത്തിന് ഇത്ര മോശമായ ഒരു സാക്ഷ്യമുള്ളതിൻ്റെ കാരണവും ഇതു തന്നെയാണ്.

വീണ്ടും ജനിച്ച ക്രിസ്ത്യാനികൾ കർത്താവിൻ്റെ നാമത്തിന് എത്ര അപമാനം വരുത്തിയിരിക്കുന്നു എന്ന് നമുക്കെല്ലാം അറിയാം. എന്തുകൊണ്ട്? കാരണം അവർ രക്ഷിക്കപ്പെട്ടിരിക്കുന്നതേയുള്ളു; അവർ ശിഷ്യന്മാരായി തീർന്നിരിക്കുന്നില്ല. അവരുടെ സ്വന്ത ഇഷ്ടം ത്യജിക്കുന്നതിലേക്കോ അവർക്കുള്ളതിൽ നിന്ന് വേർപെടുന്നതിലേക്കോ അവർ കൊണ്ടുവരപ്പെട്ടിട്ടില്ല, അതിൻ്റെ അന്തിമ ഫലം ലൂക്കോ 14ൽ യേശു പറഞ്ഞതുപോലെയാണ്: അവർ അടിസ്ഥാനമിട്ടതിനു ശേഷം പണി പൂർത്തീകരിക്കാൻ വേണ്ടത്ര വക ഇല്ലാത്തവരെ പോലെയാണ്.

ലൂക്കോസ് 14ൽ കാണുന്ന ശിഷ്യത്വത്തെ കുറിച്ചുള്ള മുഴുവൻ ഭാഗത്തിൻ്റെ മധ്യത്തിൽ, ഒരു ഗോപുരം പണിയാൻ ആഗ്രഹിക്കുന്ന ഒരു മനുഷ്യനെ കുറിച്ച് യേശു പറയുന്നു, അത് മുഴുവനായ ക്രിസ്തീയ ജീവിതത്തിൻ്റെ ഒരു ചിത്രമാണ്. അടിത്തറ ഇട്ടു തീർന്നപ്പോഴേക്ക്, അവിടെ പറയുന്നത് അതു പൂർത്തീകരിക്കാനുള്ള വക അയാൾക്ക് ഇല്ലായിരുന്നു എന്നാണ്. ശിഷ്യത്വത്തിൻ്റെ ഈ മൂന്നു വ്യവസ്ഥകളുടെ പശ്ചാത്തലത്തിൽ അതു നിങ്ങൾ കണ്ടാൽ – അതിൻ്റെ അർത്ഥം – അതിനുള്ള വില കൊടുത്തുകൊണ്ട് ഗോപുരം പണിതു തീർക്കാൻ അയാൾക്കു സമ്മതമില്ലായിരുന്നു എന്നാണ്. അവനു പണമുണ്ടായിരുന്നിരിക്കാം, എന്നാൽ അയാൾ ഇപ്രകാരം പറഞ്ഞു, “അതു പൂർത്തീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

അടിസ്ഥാനം എന്നാൽ – ഒരിക്കൽ നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട് നമുക്ക് പരിശുദ്ധാത്മാവിനെ നൽകി – നാം ദൈവമക്കളായി തീരുന്നു. എന്നാൽ ക്രിസ്തീയ ജീവിതം എന്നാൽ ഇത്രമാത്രം ആണോ? യേശു പറഞ്ഞതനുസരിച്ച് അത് ഒരു ഗോപുരം ആയിരിക്കണം, കേവലം ഒരു അടിത്തറ മാത്രമല്ല. വാക്യം 29 പറയുന്നത്, ഗോപുരം പൂർത്തീകരിക്കാത്ത ആ വ്യക്തിയെ പോലെയുള്ളവൻ പരിഹാസ വിഷയമാകും, തന്നെയുമല്ല, തങ്ങളുടെ ക്രിസ്തീയ ജീവിതത്തിൽ അടിസ്ഥാനം മാത്രമിടുന്ന ക്രിസ്ത്യാനികൾ കരുതുന്നത് ക്രിസ്തീയതയുടെ മുഴുവൻ ഉദ്ദേശ്യം അതാണെന്നാണ് എന്നു കണ്ട് സ്വർഗ്ഗത്തിലെ ദൂതന്മാർ ആശ്ചര്യപ്പെടുന്നു.

അതുകൊണ്ടാണ് മത്തായി 28:19ൽ പറയുന്ന, സകല രാജ്യങ്ങളിലും നാം പോയി ശിഷ്യന്മാരെ ഉണ്ടാക്കണം, എന്നതിന് ഊന്നൽ കൊടുക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് വളരെ പ്രാധാന്യമുള്ളതായിരിക്കുന്നത്. നിങ്ങൾ ഇന്ന് ഏതു രാജ്യത്തായിരുന്നാലും, നിങ്ങൾ പ്രസംഗിക്കുന്നെങ്കിൽ, നിങ്ങൾ ശിഷ്യന്മാരെ ഉണ്ടാക്കണം.

യേശു മഹാനിയോഗത്തിൻ്റെ രണ്ടാമത്തെ പകുതി അവസാനിപ്പിക്കുന്നത്, “കണ്ടാലും ലോകാവസാനത്തോളം എല്ലാനാളും ഞാൻ നിങ്ങളോടു കൂടെ ഉണ്ട്” എന്നു പറഞ്ഞു കൊണ്ടാണ്. അതിൻ്റെ സാരം ഇതാണ്, “നിങ്ങൾ ഇതു ചെയ്താൽ, സകല രാജ്യങ്ങളിലും പോയി ശിഷ്യരെ ഉണ്ടാക്കുന്ന പ്രവൃത്തി, ഞാൻ എല്ലാ നാളും നിങ്ങളുടെ കൂടെ ഉണ്ടായിരിക്കും.” വ്യവസ്ഥ പൂർത്തിയാക്കാതെ അവിശ്വസനീയമായ ഈ വാഗ്ദത്തം അവകാശമാക്കുവാൻ നമുക്കു കഴിയില്ല.

എന്നാൽ നാം ശിഷ്യന്മാരെ ഉണ്ടാക്കിയാൽ, എത്ര അതിശയകരമായ ഒരു ഉറപ്പാണത്: ലോകം മുഴുവൻ പോയി, സുവിശേഷം പ്രസംഗിച്ച് ശിഷ്യന്മാരെ ഉണ്ടാക്കുവാൻ ഞാൻ തീരുമാനിച്ചിരിക്കുന്നെങ്കിൽ, കർത്താവ് എപ്പോഴും എൻ്റെ കൂടെ ഉണ്ടായിരിക്കും.

What’s New?


Top Posts