യെശയ്യാവില്‍ നിന്ന് ശക്തമായ മൂന്ന് പ്രബോധനങ്ങള്‍ – WFTW 7 ജനുവരി 2018

സാക് പുന്നന്‍

 

മറ്റുളളവരെ വിധിക്കുന്നതിനെക്കാള്‍ അവരെ അനുഗ്രഹിക്കുവാന്‍ തയ്യാറായിരിക്കുക: യെശയ്യാവ് 61:1-2മറ്റുളളവരോട് വിടുതലിന്‍റെ സുവിശേഷം ഘോഷിക്കുന്നതിനുവേണ്ടി പരിശുദ്ധാത്മാവിനാല്‍ യേശു അഭിഷേകം ചെയ്യപ്പെടുന്നതിന്‍റെ ഒരു പ്രവചന സൂചനയാണ്. നസ്രേത്തിലെ സിനഗോഗില്‍ യേശു ആദ്യത്തെ സന്ദേശം പ്രസംഗിച്ചപ്പോള്‍ അവിടുന്ന് ഈവേദഭാഗത്തേക്കാണ് തിരിഞ്ഞത്. യേശു പ്രസംഗിച്ചപ്പോള്‍ ” കര്‍ത്താവിന്‍റെ പ്രസാദവര്‍ഷത്തെ”കുറിച്ചുപറഞ്ഞുകൊണ്ട് തന്‍റെ പ്രസംഗം അവസാനിപ്പിച്ചത് ശ്രദ്ധിക്കുക. ” ദൈവത്തിന്‍റെ പ്രതികാര ദിവസത്തെ” കുറിച്ച് അദ്ദേഹം പ്രഘോഷിച്ചില്ല, കാരണം ആ നാള്‍ ഇതുവരെ വന്നിട്ടുണ്ടായിരുന്നില്ല. ( യെശയ്യാവ് 61 ന്‍റെ 2-ാംവാക്യം ലൂക്കോ.4:19 നോട് ചേര്‍ത്തു വായിക്കുക). ദൈവത്തിന്‍റെ പ്രസാദവും അവിടുത്തെ ന്യായവിധിയും തമ്മിലുളള അനുപാതം ശ്രദ്ധിക്കുക. പ്രസാദത്തിന്‍റെ ഒരു പൂര്‍ണ്ണവര്‍ഷമാണ് ന്യായവിധിയുടെ ഒരൊറ്റ ദിവസത്തെ നേരിടുന്നത്. കൃപയുടെ ആനുകൂല്യത്തിന്‍റെ കാര്യത്തില്‍ അത് 365: 1 എന്ന ഒരു അനുപാതമാണ്. അവിടുന്ന് നമ്മെ ന്യായം വിധിക്കുന്നതിനെക്കാള്‍ അധികം നമ്മോട് ആനുകൂല്യം കാണിക്കുവാന്‍ ആഗ്രഹിക്കുന്നു എന്ന് നമ്മെ കാണിക്കുവാന്‍ ദൈവം ശ്രമിക്കുകയാണ്. മറ്റുളളവരോടുളള നമ്മുടെ മനോഭാവവും ഇതു തന്നെയായിരിക്കണം. നാം മറ്റുളള വരെ വിധിക്കുന്നതിനെക്കാള്‍ 365 മടങ്ങ് അധികം നാം അവരോട് കൃപയുളളവര്‍ ആയിരിക്കണം. ദൈവം വന്നിരിക്കുന്നത് നമ്മുടെ ജീവിതത്തില്‍ നിന്ന് എല്ലാ ഭാരങ്ങളും എടുത്തു മാറ്റിയിട്ട് അതിന്‍റെ സ്ഥാനത്ത് സ്തുതിയുടെ ആത്മാവിനെ നല്‍കുവാനാണ് ( വാ:3). പത്താം വാക്യം നമ്മോട് സംസാരിക്കുന്നത് ദൈവം നമ്മെ ക്രിസ്തുവിന്‍റെ നീതി ധരിപ്പിച്ചിട്ട് ക്രിസ്തുവിന്‍റെ കാന്തയാക്കി തീര്‍ക്കുന്നതിനെക്കുറിച്ചാണ്. ജീവിക്കുവാന്‍ എത്ര അനുഗൃഹിതമായ മാര്‍ഗ്ഗമാണിത്.

നിങ്ങളുടെ ശക്തി ദിവ്യശക്തിക്ക് കൈമാറുക: നാം ബലഹീനരായിരിക്കുമ്പോള്‍ നാം ആരാധിക്കുകയും സേവിക്കുകയകും ചെയ്യുന്ന സര്‍വ്വശക്തനായ ദൈവം നമുക്ക് ശക്തിതരും എന്ന് യെശയ്യാവ് 40:29-31 നമ്മെ പഠിപ്പിക്കുന്നു. നമുക്ക് ബലം കുറയുമ്പോള്‍ അവിടുന്ന് നമുക്ക് ശക്തിതരും. അവിടുത്തെ സേവിക്കുവാനുളള ആരോ ഗ്യവും ശക്തിയും അവിടുന്നു നമുക്കു തരും. ബാല്യക്കാര്‍ ക്ഷീണിച്ചു തളര്‍ന്നു പോകും; ഊര്‍ജ്ജസ്വലരായ യൗവനക്കാരും കര്‍ത്താവിനെ സേവിക്കുവാന്‍ ഉളള പരിശ്രമത്തില്‍ ക്ഷീണിതരാകും. എന്നാല്‍ യഹോവയെ കാത്തിരിക്കുന്നവര്‍, അവരുടെ പ്രായം എത്രയാണെന്നത് പ്രശ്നമല്ല, ശക്തകിയെ പുതുക്കും. എത്ര അത്ഭുതകരമായ വാഗ്ദത്തം! യൗവനക്കാര്‍ ഇടറിവീഴുമ്പോള്‍, ഈ പ്രായമുളള മനുഷ്യര്‍ “കര്‍ത്താവിനെ കാത്തിരിക്കുന്നതുകൊണ്ട് കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും, അവര്‍ തളര്‍ന്നു പോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും” നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി ലളിതമായ വിശ്വാസത്തില്‍ കര്‍ത്താവിനെ കാത്തിരിക്കുന്നതു പഠിക്കുവാന്‍ ഓരോരുത്തരെയും പ്രോത്സാഹിപപിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ വാക്യം പറയുന്നതു പോലെ നിങ്ങള്‍ പുതുശക്തി പ്രാപിക്കും. അല്ലെങ്കില്‍ മറ്റൊരു പരിഭാഷ പറയുന്നതു പോലെ. ” കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ തങ്ങളുടെ ശക്തി കൈമാറ്റം ചെയ്യും” അതിന്‍റെ അര്‍ത്ഥം നാം നമ്മുടെ മാനുഷശക്തി കര്‍ത്താവിനു കൊടുക്കുകയും അതിനുപകരമായി അവിടുന്ന് അവിടുത്തെ ദിവ്യശക്തി നമുക്ക് കൈമാറ്റുകയും ചെയ്യും”! ഹാലേലൂയ്യ!! നമുക്കുളളതിനെ എല്ലാം കര്‍ത്താവുമായി കൈമാറ്റം ചെയ്യുന്നത് അത്ഭുതകരമാണ്. യേശു തന്‍റെ പിതാവിനോടുപറഞ്ഞു, “എനിക്കുളളതെല്ലാം അവിടുത്തേതാണ്. അവിടുത്തേതെല്ലാം എന്‍റെതുമാണ്” (യോഹ. 17:10,11).നിങ്ങള്‍ കര്‍ത്താവിന്‍റെ വേലയില്‍ അവസാനം വരെ വിജയകരമായി നിലനില്‍ക്കുവാന്‍ നിങ്ങള്‍ക്ക് കര്‍ത്താവിന്‍റെ ബലം ആവശ്യമാണ്. കര്‍ത്താവിനെ സേവിക്കുന്ന എല്ലാവര്‍ക്കും ഉയരത്തില്‍ നിന്ന് അമാനുഷശക്തി തരുവാന്‍ കര്‍ത്താവിനെ വാസ്തവമായി ആശ്രയിക്കേണ്ടതുണ്ട്, അവിടുത്തെ പുനരുത്ഥാന ശക്തി – നമ്മുടെ ആത്മാവില്‍ മാത്രമല്ല നമ്മുടെ ശരീരത്തിലും അതാവശ്യമാണ്. അപ്പോള്‍ നമ്മുടെ പ്രായാധിക്യത്തിലും നാം അവിടുത്തേക്കു വേണ്ടി ഫലം കായ്ക്കും ( സങ്കീ.92:14);

കര്‍ത്താവിന്‍റെ തേജസ്സ് നിങ്ങളില്‍ വെളിപ്പെടുത്തപ്പെടട്ടെ:

യെശയ്യാവ് 40:3 ന് നമുക്കു വേണ്ടി പ്രയോജനപ്പെടുത്തുവാന്‍ നാല് കാര്യങ്ങള്‍ ഉണ്ട്. ഒന്നാമത്, ” താഴ്വരകള്‍ നികന്നുവരേണം” ( വാ :4). പുതിയ ഉടമ്പടിയില്‍ തിരുത്സാഹത്തിനും നിരാശയ്ക്കും ഒരു സ്ഥാനവുമില്ല. “ഞാന്‍ ഒന്നിനും കൊളളാത്തവനാണ്, ഞാന്‍ പ്രയോജനമില്ലാത്തവനാണ്” എന്നും നാം ഒരിക്കലും പറയരുത്. ദൈവം പ്രോത്സാഹനത്തിന്‍റെ ദൈവമാണ്. അവിടുന്ന് നമ്മെ ക്രിസ്തുവില്‍ ഉയര്‍ത്തിയിട്ട് നമുക്ക് മഹത്വം തന്നിരിക്കുന്നു. നാം ചവറുകുഴികളില്‍ കിടക്കേണ്ടതില്ല – താഴ് വരകളില്‍ – ഇനി അല്പസമയം പോലും അവിടെ കിടക്കേണ്ടതില്ല. നാം രാജാവിന്‍റെ മക്കളാണ് അതു കൊണ്ട് അവിടുന്ന് നമ്മുടെ തലകളെ ഉയര്‍ത്തും. രണ്ടാമത് “എല്ലാ മലയും കുന്നും താണുവരേണം” (വാ :4). നമ്മിലുളള എല്ലാ നിഗളവും താഴ്ത്തപ്പെടണം. മൂന്നാമത് ” ദുര്‍ഘടങ്ങള്‍ സമമായി തീരണം” നമ്മുടെ ജീവിതങ്ങളില ധാരാളം പരുപരുപ്പ്, പാരുഷ്യം കാര്‍ക്കശ്യത മുതലാവ ഉണ്ട്. ഇതെല്ലാം മിനുസമുളളതാക്കപ്പെടുകയും കൃപയും ശാന്തതയും ഉളളവരായിത്തീരുകയും ചെയ്യേണ്ടതുണ്ട്. നാലാമത്, വളഞ്ഞ വഴികളെല്ലാം നേരെയുളളതാകണം (ഇങ്ങനെയാണ് ലൂക്കോ 3:5 ല്‍ ഇത് ഉദ്ധരിച്ചിരിക്കുന്നത്).പണമിടപാടുകളിലുളള അനീതിപോലെ വളഞ്ഞ മേഖലകള്‍ നമ്മുടെ ജീവിതത്തിലുണ്ട്, അതെല്ലാം നേരെ ആക്കണം. ഇതാണ് യഥാര്‍ത്ഥ മാനസാന്തരം ഉള്‍ക്കൊളളുന്നത് – താഴ് വരകള്‍ ഉയര്‍ത്തപ്പെടുന്നു. മലകള്‍ താഴ്ത്തപ്പെടുന്നു, പരുപരുത്ത ഇടങ്ങള്‍ മിനുസപ്പെടുന്നു, വളഞ്ഞപാതകള്‍ നേരെ ആക്കപ്പെടുന്നു. അപ്പോള്‍ കര്‍ത്താവിന്‍റെ തേജസ്സ് നമ്മുടെ ജഡത്തില്‍ വെളിപ്പെടുത്തപ്പെടും. നമ്മുടെ ജഡത്തില്‍, മറ്റുളളവര്‍ യേശുക്രിസ്തുവിന്‍റെ തേജസ് കാണും.