ഈ നാലു തരത്തിലുളള പ്രാസംഗികരെ സൂക്ഷിക്കുക – WFTW 22 ഒക്ടോബർ 2017

സാക് പുന്നന്‍

 

മോശെ ഉല്‍പ്പത്തി പുസ്തകം എഴുതിയതിന് 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ടതും പരിശുദ്ധാത്മാവിനാല്‍ പ്രചോദിപ്പിക്കപ്പെട്ട തിരുവചനത്തിലെ ആദ്യപുസ്തകവുമാണ് ഇയ്യോബിന്‍റെ പുസ്തകം . അതില്‍ വ്യാജോപദേശത്തിന്‍റെ ഉത്ഭവം നാം കാണുന്നു. (ഇന്ന് ക്രിസ്തീയ ഗോളത്തില്‍ നിലനില്‍ക്കുന്നതായ, ” ആരോഗ്യവും സമ്പത്തും” ദൈവാനുഗ്രഹത്തിന്‍റെ തെളിവാണ് എന്ന ഉപദേശം).

എലീഫസ്, ബില്‍ദാദ്, സോഫര്‍ എന്നിവരാണ് ഇയ്യോബിന്‍റെ അടുത്തു വന്ന് അവന്‍റെ ആരോഗ്യവും സമ്പത്തും നഷ്ടപ്പെട്ടത് തെളിയിക്കുന്നത്, അവന്‍റെ ജീവിതത്തിലുണ്ടായിരുന്ന ദൈവാനുഗ്രഹം നഷ്ടപ്പെട്ടു എന്നതാണെന്ന് അവനോടു പറഞ്ഞത്. ദൈവത്തിന്‍റെ അനുഗ്രഹം എപ്പോഴും സമൃദ്ധിയും ആരോഗ്യവും കൊണ്ടുവരും എന്നാണ് അവരുടെ അടിസ്ഥാനോപദേശം.

എന്നാല്‍ ഇയ്യോബിന് തന്‍റെ എല്ലാ “ആരോഗ്യവും സമ്പത്തും” നഷ്ടപ്പെട്ടിരുന്നെങ്കിലും, അവന്‍ അപ്പോഴും ദൈവത്തിന്‍റെ പൂര്‍ണ്ണഹിതത്തില്‍ തന്നെ ആയിരുന്നു. (യാക്കോബ് 5:11 ല്‍ നാം കാണുന്നതുപോലെ). എന്നാല്‍ ” ആരോഗ്യവും സമ്പത്തും എന്ന സുവിശേഷം ” പ്രസംഗിച്ച മൂന്നു പ്രാസംഗികരും തീര്‍ത്തും ദൈവഹിതത്തിനു വെളിയിലായിരുന്നു. ഇയ്യൊബിനെ കുറ്റപ്പെടുത്തുന്ന അവരുടെ വാക്കുകള്‍ തെളിയിച്ചത് അവര്‍ വാസ്തവത്തില്‍ അപവാദിയായ സാത്താനുമായി കൂട്ടായ്മയിലാണ് എന്നാണ് ( വെളിപ്പാട് 12:10).

ഇപ്രകാരം അരുളി ചെയ്തു കൊണ്ട് ദൈവം അവരെ ശാസിച്ചു, ” എനിക്ക് നിങ്ങളോട് കോപം ജ്വലിച്ചിരിക്കുന്നു കാരണം നിങ്ങള്‍ എന്നെക്കുറിച്ച് വിഹിതമായത് സംസാരിച്ചിട്ടില്ല.”

ദൈവം അവരോട്, അവിടുത്തെ അനുഗ്രഹത്തിന്‍റെ തെളിവാണ് ” ആരോഗ്യവും സമ്പത്തും” എന്ന അവരുടെ ഉപദേശം തീര്‍ത്തും തെറ്റാണ് എന്നു പറഞ്ഞു. ഇന്നത്തെ “സമൃദ്ധിയുടെയും ആരോഗ്യത്തിന്‍റെയും സുവിശേഷം” പ്രസംഗിക്കുന്നവരോടും ദൈവം അതുപോലെ തന്നെ അതേ കാരണത്താല്‍ കോപിച്ചിരിക്കുന്നു: അവരുടെ പഠിപ്പിക്കല്‍ തെറ്റാണ്..

(ഇയ്യോബിന്‍റെ പുസ്തകത്തില്‍) ആ 3 പ്രാസംഗികര്‍ പറഞ്ഞ ചില കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ ശരിയാണെന്നു തോന്നുമായിരുന്നു. എന്നാല്‍ അപ്പോഴും അവ തെറ്റായിരുന്നു – കാരണം ആരോഗ്യവും സമ്പത്തും ദൈവത്തിന്‍റെ അനുഗ്രഹത്തിന്‍റെ തെളിവായി അവര്‍ പ്രസംഗിച്ചു.

ഒരു പ്രാസംഗികന്‍ കൂടി – എലീഹു- പിന്നിട് ഈ 3 പ്രാസംഗികരോടു ചേര്‍ന്നു.

ഈ നാലു പ്രാസംഗികര്‍, ഇന്നു ക്രിസ്തീയ ഗോളത്തില്‍ ഉളള നാലുതരം പ്രാസംഗികരെ ചിത്രീകരിക്കുന്നു.

ഒന്നാമത്തെ പ്രാസംഗികന്‍ – എലീഫസ് – ദര്‍ശനങ്ങള്‍ക്കും ദൂതന്മാര്‍ക്കും പ്രാധാന്യം കൊടുത്തിരുന്ന ഒരാളായിരുന്നു. ഇന്ന് അങ്ങനെയുളള പ്രാസംഗികര്‍ ഉണ്ട്. അവര്‍ എപ്പോഴും ദൂതന്മാരെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും പറയുന്നു, അതുവഴി അവരുടെ വാക്കുകളില്‍ അല്പം ” അധികാരം” ചെലുത്തുവാന്‍ ശ്രമിക്കുകയാണ്. എലീഫസ് ഇയ്യോബിനോട് ഇപ്രകാരം പറഞ്ഞു, ” എന്‍റെ അടുക്കല്‍ ഒരു ഗൂഢവചനം എത്തി, അതിന്‍റെ മന്ദസ്വരം എന്‍റെ ചെവിയില്‍ കടന്നു. മനുഷ്യര്‍ക്കു ഗാഢനിദ്രപിടിക്കുന്നേരം രാത്രി ദര്‍ശനങ്ങളാലുളള മനോഭാവനകളില്‍ ഭയവും നടുക്കവും എന്നെ പിടിച്ചു. .എന്‍റെ അസ്ഥികളൊക്കെയും കുലുങ്ങിപ്പോയി. ഒരാത്മാവ് എന്‍റെ മുഖത്തിനെതിരെ കടന്നു. എന്‍റെ ദേഹത്തിന് രോമഹര്‍ഷം ഭവിച്ചു. ഒരു പ്രതിമ എന്‍റെ കണ്ണിനെതിരെ നിന്നു എങ്കിലും അതിന്‍റെ രൂപം ഞാന്‍ തിരിച്ചറിഞ്ഞില്ല. മന്ദമായൊരു സ്വരം ഞാന്‍ കേട്ടതെന്തന്നാല്‍ മര്‍ത്യന്‍ ദൈവത്തിലും നീതിമാന്‍ ആകുമോ? നരന്‍ സൃഷ്ടാവിലും നിര്‍മ്മലനാകുമോ?” (ഇയ്യോബ് 4:12-17).

എലീഫസിനോട് സംസാരിച്ചത് പരിശുദ്ധാത്മാവായിരുന്നില്ല. ” ആത്മീയ ഭാഷ” സംസാരിച്ചു കൊണ്ട് വെളിച്ച ദൂതന്‍റെ വേഷത്തില്‍ വന്ന സാത്താനായിരുന്നു( 2 കൊരി 11:14). പരിശുദ്ധാത്മാവ് ഒരിക്കലും ആരെയും ഭയപ്പെടുത്തുന്നില്ല. അതുകൊണ്ട് തങ്ങള്‍ കണ്ടിട്ടുളള ദര്‍ശനങ്ങളെയും സ്വപ്നങ്ങളെയും പറ്റി പറയുന്ന പ്രാസംഗികരാല്‍ നിങ്ങള്‍ വഞ്ചിതരാകരുത്.

ദര്‍ശനങ്ങളും സ്വപ്നങ്ങളും 3 ശ്രോതസ്സുകളില്‍ നിന്നുണ്ടാകാം.

ഒന്നാമത് : പരിശുദ്ധാത്മാവ് ദര്‍ശനങ്ങളും സ്വപ്നങ്ങളും തരുന്നു – എന്നാല്‍ അവ എല്ലായ്പോഴും ദൈവ വചനവുമായി ചേര്‍ന്നു പോകുന്നതായിരിക്കും ( അപ്പെ പ്ര 2:17). യഥാര്‍ത്ഥമായ ഒരു ദര്‍ശനം പ്രാപിക്കുന്ന ആള്‍ എങ്ങനെ ആയാലും അതിനെക്കുറിച്ചു പറയുവാന്‍ മടിയുളളവനായിരിക്കും. ഒരിക്കല്‍ പൗലൊസ് മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടു. എന്നാല്‍ 14 വര്‍ഷങ്ങളോളം ഒരിക്കല്‍ പോലും അദ്ദേഹം അതിനെക്കുറിച്ചു സംസാരിച്ചിട്ടില്ല – അതിനുശേഷം പോലും ഒരു സഭയോടു മാത്രമെ അതിനെക്കുറിച്ചു സൂചിപ്പിച്ചിട്ടുളളു – അതും ഒരു അപ്പൊസ്തലന്‍ എന്ന നിലയില്‍ തിരുവചനം എഴുതുവാന്‍ തനിക്കുളള അധികാരത്തെ ഉറപ്പിക്കുവാന്‍ വേണ്ടി മാത്രം ( 2കൊരി 12:1-4). എന്നാല്‍ താന്‍ സ്വര്‍ഗ്ഗത്തില്‍ കേട്ടതിനെക്കുറിച്ച് ആരോടും പറയുവാന്‍ അദ്ദേഹം അനുവദിക്കപ്പെട്ടിട്ടില്ല എന്നാണ് പൗലൊസ് പറഞ്ഞത്. സ്വര്‍ഗ്ഗത്തെക്കുറിച്ച് ഒരു യഥാര്‍ത്ഥ ദര്‍ശനം ഉണ്ടായ ഒരു വിശ്വാസിയുടെ അടയാളം അതാണ്.

രണ്ടാമത് : ചില ദര്‍ശനങ്ങള്‍ സാത്താന്യ ശ്രോതസ്സുകളില്‍ നിന്നു വരുന്നു. മനുഷ്യന്‍റെ മാനം നേടുവാന്‍, ഒരു ദര്‍ശനം ലഭിച്ച് അതിനെപ്പറ്റി സംസാരിക്കുവാന്‍ അതിയായി ആഗ്രഹിക്കുന്നവര്‍, വെളിച്ച ദൂതന്‍റെ വേഷത്തില്‍ വന്ന് അവരെ വഞ്ചിക്കുവാന്‍ ( അവരിലൂടെ മറ്റുളളവരെയും വഞ്ചിക്കുവാന്‍) അനേകം ദര്‍ശനങ്ങള്‍ നല്‍കുന്ന സാത്താന് അവരെ തന്നെ തുറന്നു കൊടുക്കുകയായിരിക്കും ( 2 കൊരി 11:13-15).

മൂന്നാമതായി : ബഹുഭൂരിപക്ഷം ദര്‍ശനങ്ങളും വരുന്നത് ഒരു വ്യക്തിയുടെ ആശയ സമൃദ്ധമായ സ്വയ സങ്കല്‍പ്പത്തില്‍ നിന്നാണ്. മനുഷ്യര്‍ എന്ന നിലയില്‍ നാം എല്ലാവരും വ്യത്യസ്തരാണ് – ചിലര്‍ക്ക് മറ്റുളളവരേക്കാള്‍ അധികം ആശയ സമൃദ്ധമായ സങ്കല്പങ്ങളുണ്ടാകാം. അങ്ങനെയുളള എല്ലാവരും ഒരു ദര്‍ശനം ലഭിക്കേണ്ടതിനായി ചെയ്യേണ്ട കാര്യം, ഏതാനും നിമിഷങ്ങള്‍ അവരുടെ കണ്ണുകള്‍ അടച്ച് സങ്കല്‍പ്പിക്കാന്‍ തുടങ്ങുക എന്നതു മാത്രമാണ്;! ഉടനെ തന്നെ അവര്‍ തങ്ങളുടെ മനസ്സില്‍ കാര്യങ്ങള്‍ ” കാണുവാനും” “കേള്‍ക്കുവനും” തുടങ്ങും. അവര്‍ വളരെ പരമാര്‍ത്ഥികളായിരിക്കും എന്നാല്‍ അവരുടെ ദര്‍ശനങ്ങളെക്കുറിച്ച് അവര്‍ വഞ്ചിതരായിരിക്കും. രാത്രിയില്‍, അങ്ങനെയുളളവര്‍ക്ക് അവരുടെ മനസ്സില്‍ നിന്നു തന്നെ സ്വപ്നങ്ങള്‍ പോലും ലഭിക്കാന്‍ കഴിയും! നമ്മുടെ വാക്കുകളിലുളള അധികാരം എഴുതപ്പെട്ട ദൈവവചനത്തില്‍ നിന്നു തന്നെ വരണം, അല്ലാതെ ദൈവത്തില്‍ നിന്നാണെന്നു നാം സങ്കല്‍പ്പിക്കുന്ന ഏതെങ്കിലും സ്വകാര്യ വെളിപ്പാടുകളില്‍ നിന്നോ, ദര്‍ശനങ്ങളില്‍ നിന്നോ, സ്വപ്നങ്ങളില്‍ നിന്നോ അല്ലٹٹٹٹ

രണ്ടാമത്തെ പ്രാസംഗികന്‍ – ബില്‍ദാദ് – പിതാക്കന്മാരുടെ പാരമ്പര്യം പിന്‍തുടരുന്നതില്‍ വിശ്വസിച്ചു. അദ്ദേഹം പറഞ്ഞു, ” നീ പണ്ടത്തെ തലമുറയോടു ചോദിക്ക, അവരുടെ പിതാക്കന്മാരുടെ അന്വേഷണം ഗ്രഹിച്ചു കൊള്‍ക” (ഇയ്യോബ് 8:8-10). അയാള്‍ ക്രിസ്തീയഗോളത്തില്‍ കാണുന്ന മറ്റൊരു കൂട്ടം പ്രാസംഗികരെ പോലെയാണ്. ഈ കൂട്ടര്‍ നൂറുകണക്കിനു വര്‍ഷങ്ങളായി തങ്ങളുടെ സഭയില്‍ അവരുടെ പൂര്‍വ്വികന്മാരാല്‍ കൈമാറ്റം ചെയ്യപ്പെട്ട ഏതെങ്കിലും പാരമ്പര്യങ്ങളെ ഇളക്കുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല – അതു ശരിയാണെങ്കിലും തെറ്റാണെങ്കിലും – അതില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുവാനും അവര്‍ ആഗ്രഹിക്കുന്നില്ല – അവര്‍ ആ വളളത്തിന് ഒരു ചാഞ്ചാട്ടവും ഉണ്ടാകുവാന്‍ ആഗ്രഹിക്കുന്നില്ല. അതിന്‍റെ ദിശമാറ്റുവാനും അവര്‍ ആഗ്രഹിക്കുന്നില്ല – അതു തെറ്റായ ദിശയിലാണ് പോകുന്നതെങ്കില്‍ പോലും !! ബില്‍ദാദ് വളരെ ശാന്തനായ ഒരു വ്യക്തി ആയിരുന്നു. എന്നിട്ടും അയാള്‍ ഇയ്യോബിനെ കുറ്റപ്പെടുത്തി. വാസ്തവമായി വേദനിപ്പിക്കുന്ന കാര്യങ്ങള്‍ വളരെ ശാന്തമായി പറയുവാന്‍ കഴിവുളള ധാരാളം ആളുകള്‍ ഉണ്ട്! അവരുടെ വാക്കുകള്‍ മൃദുവാണ് എന്നാല്‍ അവയില്‍ സര്‍പ്പത്തിന്‍റെ വിഷപ്പല്ല് ഉണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ചിലപ്പോള്‍ അന്യോന്യം ശാന്തമായ വാക്കുകള്‍ പറഞ്ഞ്, കോപത്തോടെ ഉച്ചത്തില്‍ പറയുന്ന വാക്കുകള്‍ കൊണ്ട് ഉണ്ടാകുന്നതിനേക്കാള്‍, കൂടുതല്‍ മുറിവേല്‍പ്പിക്കുവാന്‍ കഴിയും.

മൂന്നാമത്തെ പ്രാസംഗികന്‍ – സോഫര്‍ – എല്ലാ കാര്യങ്ങളെയും കോപത്തോടു കൂടി വിമര്‍ശിക്കുന്നതില്‍ വിശ്വസിച്ചു. ഏറ്റവും കഠിനമായി ഇയ്യോബിനെ വേദനിപ്പിച്ചത് അയാളായിരുന്നു. അവന്‍ ഇയ്യോബിനെ ” വിടുവായനായ വിഡ്ഢി” (ഇയ്യോബ് 11:2,12) എന്നു വിളിച്ചു. തങ്ങളെതന്നെ ആധുനിക ഏലിശാമാരായും സ്നാപകയോഹന്നാന്മാരായും കരുതുന്ന സ്വയം നിയമിതരായ ചില പ്രവാചകന്മാരുടെ പ്രതിനിധിയാണ് അയാള്‍. അവര്‍ കാണുന്ന എല്ലാ കാര്യങ്ങളും വിമര്‍ശിക്കുന്നവരും എല്ലാവരുടെയും നേരെ നിരന്തരമായി ആഞ്ഞടിക്കുന്നവരുമാണ്. യേശുവും പരീശന്മാരെ വിമര്‍ശിച്ചു എന്നാല്‍ അവിടുത്തെ വിമര്‍ശനം അഭിഷേകം ചെയ്യപ്പെട്ടതായിരുന്നു, ജഡിക വിമര്‍ശനമല്ലായിരുന്നു. യേശു പരീശന്മാരെ “അണലികള്‍” എന്നു വിളിച്ചു കൂടാതെ പൗലൊസ് ഒരുവനെ ” നീതിയുടെ ശത്രു” എന്നു വിളിച്ചു. എന്നാല്‍ ദൈവം അവരുടെ വാക്കുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെടാത്ത ഒരാള്‍ അങ്ങനെ സംസാരിച്ചാല്‍ ദൈവം അവനെ താങ്ങുകയില്ല. സോഫര്‍ ” സ്വയം – നിയമിതനായ ഒരു ഗുണദോഷ വിവേചകനായിരുന്നു ” (യാക്കോബ് 3:1ആംപ്ലിഫയിഡ്) അയാള്‍ ഇയ്യോബിനെ വിമര്‍ശിക്കുവാന്‍ പരുഷവും കഠിനവുമായ വാക്കുകള്‍ ഉപയോഗിച്ചു. അയാള്‍ തന്നെതന്നെ പൂര്‍ണ്ണമായും നീതിക്കു സമര്‍പ്പിക്കപ്പെട്ട ഒരുവനായി ഉയര്‍ത്തി കാണിക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ അയാള്‍ പറഞ്ഞതില്‍ ഒരു അഭിഷേകവും ഇല്ലായിരുന്നു.

നാലാമത്തെ പ്രാസംഗികന്‍- എലീഹു – ദുഃഖമോ കഷ്ടതയോ വ്യക്തിപരമായി അനുഭവിച്ചിട്ടില്ലാത്ത അത്യാവേശ മുളള ഒരു യുവാവായിരുന്നു. അവന്‍ യുവാവും ഒരു അനുഭവവുമില്ലാത്ത വാക്കുകളുടെ നിറവുളളവനുമായിരുന്നു. (ഇയ്യോബ് 32:6,18). അവന്‍ മറ്റു 3 പേരെക്കാളും മെച്ചമായിരുന്നു. മറ്റു മൂന്നു പ്രാസംഗികരോട് കോപിച്ചതു പോലെ ദൈവം അവനോടു കോപിച്ചില്ല. കാരണം എലീഹുവിന്‍റെ ആത്മാവ് ദോഷമുളളതായിരുന്നില്ല. കഷ്ടതയുടെയും ശോധനയുടെയും ആഴങ്ങളിലുടെ സ്വയം കടന്നുപോയിട്ടില്ലാതെ, അത്ഭുതകരമായ സത്യങ്ങള്‍ പഠിപ്പിക്കുന്ന പ്രാസംഗികരുടെ പ്രതിനിധിയാണ് എലീഹു. തങ്ങള്‍ക്ക് ഒരു പരിചയവുമല്ലാത്ത കാര്യങ്ങളെക്കുറിച്ച് മറ്റുളളവര്‍ക്ക് ഉപദേശം കൊടുക്കുവാന്‍ തയ്യാറായി നില്‍ക്കുന്ന ഭക്തിയുളള ആളുകളാണവര്‍.

പൗലൊസിന്‍റെ ശുശ്രൂഷ കഷ്ടതയില്‍ നിന്നുണ്ടായതാണ്. അദ്ദേഹം പറഞ്ഞു, “ദൈവം ഞങ്ങളെ ആശ്വസിപ്പിക്കുന്ന ആശ്വാസം കൊണ്ട് ഞങ്ങള്‍ യാതൊരു കഷ്ടത്തിലുളള വരെ ആശ്വസിപ്പാന്‍ ശക്തരാകേണ്ടതിനു ഞങ്ങള്‍ക്കുളള കഷ്ടത്തിലൊക്കെയും അവിടുന്നു ഞങ്ങളെ ആശ്വസിപ്പിക്കുന്നു” ( 2 കൊരി 1:4 -8). അത് ആകപ്പാടെ ഒരു വ്യത്യസ്ത തരം ശുശ്രൂഷ ആയിരുന്നു. അത് അനുഭവത്തില്‍ നിന്നു വന്നതാണ്. നമ്മുടെ എല്ലാ ശുശ്രൂഷയും അങ്ങനെ ആയിരിക്കണം.

ഈ നാലു പ്രാസംഗികരും ” ആരോഗ്യവും സമ്പത്തും”പ്രസംഗിക്കുന്നവരായിരുന്നു – എലീഹു മറ്റുളളവരെക്കാള്‍ ഈ കാര്യത്തില്‍ അല്പം കുറവുളളവനായിരുന്നു. എന്നാല്‍ ഇയ്യോബിന് ഒരു വേദപുസ്തകം ഇല്ലാതിരുന്നിട്ടു പോലും, അവരില്‍ ആരാലും ഇയ്യോബ് വഞ്ചിക്കപ്പെട്ടില്ല. ഇന്ന് ബൈബിള്‍ കയ്യിലുളള ഒരു വലിയകൂട്ടം വിശ്വാസികള്‍, എല്ലാവിധത്തിലും ” ആരോഗ്യത്തിന്‍റെയും സമ്പത്തിന്‍റെയും” ആധുനിക പ്രാസംഗികരാല്‍ വഞ്ചിക്കപ്പെടുന്നു.!

കേള്‍പ്പാന്‍ ചെവിയുളളവന്‍ കേള്‍ക്കട്ടെ.