യേശു ക്രൂശില്‍ നമുക്കുവേണ്ടി ചെയ്ത മൂന്നു കാര്യങ്ങള്‍ – WFTW 17 നവംബർ 2019

     സാക് പുന്നന്‍

1. നമ്മെ നീതിമാന്മാരാക്കേണ്ടതിന് യേശു പാപമായി തീര്‍ന്നു: “നാം ക്രിസ്തുവില്‍ ദൈവത്തിന്‍റെ നീതി ആയി തീരേണ്ടതിന്, പാപം അറിയാത്ത ക്രിസ്തുവിനെ ദൈവം നമുക്കുവേണ്ടി പാപം ആക്കി” (2കൊരി.5:21). നാം ക്രിസ്തുവില്‍ ദൈവത്തിന്‍റെ നീതിയായി തീരേണ്ടതിന് അവിടുന്നു നമുക്കുവേണ്ടി പാപമായിതീര്‍ന്നു. ഇതാണ് നീതികരണം, ദൈവത്തിന്‍റെ വിശുദ്ധ നിലവാരത്തിലെത്തുവാന്‍ വേണ്ട വിധം നീതിമാന്മാരാകുവാൻ തങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല എന്നു തിരിച്ചറിയുവാന്‍ വേണ്ടത്ര താഴ്മയുളളവര്‍ക്കു ദൈവത്തില്‍ നിന്നു സൗജന്യമായി ലഭിക്കുന്ന ദാനമാണിത്. നാം നീതികരിക്കപ്പെട്ടതു കൃപയാല്‍ മാത്രമാണ്, തന്നെയുമല്ല ബൈബിള്‍ പറയുന്നതു പോലെ, “അതു കൃപയാലെങ്കില്‍ പ്രവൃത്തിയാലല്ല, അല്ലെങ്കില്‍ കൃപ കൃപയല്ല” (റോമര്‍ 11:6). യേശു നമ്മുടെ പാപങ്ങള്‍ വഹിക്കുക മാത്രമല്ല ചെയ്തത്. അവിടുന്നു വാസ്തവമായി പാപമായി തീര്‍ന്നു. ആകാശം ഭൂമിയിക്കു മീതെ ഉന്നതമായിരിക്കുന്നതു പോലെ, ദൈത്തിന്‍റെ നീതി ഈ ഭൂമിയിലെ ഏറ്റവും വിശുദ്ധനായ ഒരു മനു ഷ്യന്‍റെ നീതിയേക്കാള്‍ ഉന്നതമായതാണ് (യെശ 55:8,9). പാപമില്ലാത്ത ദൂതന്മാർക്കുപോലും ദൈവത്തിന്‍റെ മുഖത്തേക്കു നോക്കുവാന്‍ കഴിയുകയില്ല. അവിടുത്തെ മുമ്പില്‍ നില്‍ക്കുമ്പോള്‍ അവര്‍ക്കു മുഖം മൂടേണ്ടതുണ്ട് (യെശ 6:2,3). ക്രിസ്തുവിനു മാത്രമെ പിതാവിന്‍റെ മുഖത്തേക്കു നേരെ നോക്കുവാന്‍ കഴിയുകയുളളു. അതുകൊണ്ട് ഭയം കൂടാതെ അവിടുത്തെ മുമ്പാകെ വരുവാന്‍ നമുക്കു കഴിയേണ്ടതിന്, ദൈവം നമ്മെ ക്രിസ്തുവില്‍ വച്ചിരിക്കുന്നു- കാരണം നാം ക്രിസ്തുവില്‍ ആണ്. നമ്മെ ക്രിസ്തുവില്‍ ഇരുത്തിയിരിക്കുന്നതിലൂടെയും നമ്മെ ക്രിസ്തുവിനെ പോലെതന്നെ നീതിമാډാരായി കൈക്കൊളളുന്നതിലൂടെയും ദൈവം നമ്മെ നീതീകരിക്കുന്നു. ദൈവത്തിന്‍റെ മുമ്പാകെയുളള നമ്മുടെ പരിപൂര്‍ണ്ണമായ അംഗീകാരത്തില്‍ ഇപ്പോള്‍ നമുക്ക് സന്തോഷിക്കാം, കാരണം നാം ക്രിസ്തുവില്‍ ദൈവത്തിന്‍റെ നീതിയായി തീര്‍ന്നിരിക്കുന്നു.

2. നമ്മെ സമ്പന്നര്‍ ആക്കേണ്ടതിന് യേശു ദരിദ്രനായി തീര്‍ന്നു: “നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന്‍ ആയിരുന്നിട്ടും അവിടുത്തെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നര്‍ ആകേണ്ടതിനു നിങ്ങള്‍ നിമിത്തം ദരിദ്രനായി തീര്‍ന്നു.” (2 കൊരി 8:9). നാം സമ്പന്നര്‍ ആകേണ്ടതിന് – മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ നമുക്ക് നമ്മുടെ ജീവിതത്തില്‍ ഒന്നിനും കുറവില്ലാത്ത ഒരവസ്ഥ ഉണ്ടാകേണ്ടതിന്, യേശു ക്രൂശില്‍ ദരിദ്രനായിതീര്‍ന്നു. നാം ആഗ്രഹിക്കുന്നതെല്ലാം നമുക്കു തരാമെന്നല്ല, എന്നാല്‍ നമുക്കാവശ്യമുളളതു തരാമെന്നാണ് ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നത് (ഫിലി. 4:19). വിവേകമുളള മാതാപിതാക്കള്‍ തങ്ങളുടെ മക്കള്‍ക്ക് അവര്‍ ആഗ്രഹിക്കുന്നതോ, ചോദിക്കുന്നതോ ആയതെല്ലാം നല്‍കാറില്ല, എന്നാല്‍ അവര്‍ക്കാവശ്യമുളളതെല്ലാം മാത്രം നല്‍കുന്നു. ദൈവത്തിന്‍റെ കാര്യത്തിലും അതങ്ങനെതന്നെയാണ്. ന്യായ പ്രമാണം അനുസരിക്കുന്നവര്‍ക്കെല്ലാം, പഴയ ഉടമ്പടി ഭൗമിക സമ്പത്തു വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ പുതിയ ഉടമ്പടിയുടെ കീഴില്‍, മുമ്പെ അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുന്നവര്‍ക്ക് ദൈവം അതു വാഗ്ദാനം ചെയ്തിരിക്കുന്നു, അതിലും നല്ല ചില കാര്യങ്ങള്‍പോലും ദൈവം നമുക്കു നല്‍കും. ഈ ഭൂമിയില്‍ നമ്മുടെ ജീവനുവേണ്ടതെല്ലാം (മത്താ 6:33; 2 പത്രൊ. 1:4 ഉം കൂടെ കാണുക). യേശു ദരിദ്രനായി തീര്‍ന്നു – നാം സമ്പന്നര്‍ ആകേണ്ടതിന്. അതു കൊണ്ട് നമ്മുടെ ജീവിതങ്ങളില്‍ എന്തിന്‍റെയെങ്കിലും ഒരു കുറവുളളവരായി നാം ജീവിക്കേണ്ട ആവ ശ്യമില്ല. ഭാവിയെക്കുറിച്ച് നമുക്ക് ഒരു ഭയവും ഉണ്ടാകേണ്ട ആവശ്യമില്ല – നമുക്കുവേണ്ടിയോ അല്ലെങ്കില്‍ നമ്മുടെ മക്കള്‍ക്കു വേണ്ടിയോ. നമ്മുടെയും നമ്മുടെ കുടുംബാംഗങ്ങളുടെയും ഭൗമികമായ ഓരോ ആവശ്യത്തിനും വേണ്ടതെല്ലാം യേശു ക്രൂശില്‍ വിലയ്ക്കുവാങ്ങിയിരിക്കുന്നു. അതുകൊണ്ട് പ്രിയ സഹോദരീസഹോദരډാരെ, നിങ്ങളുടെ സകല ഭയത്തില്‍ നിന്നും സ്വതന്ത്രരാകുക. നിങ്ങളുടെ ജീവിതങ്ങളില്‍ ഇനിമേല്‍ നിരന്തരമായ സാമ്പത്തിക ബുദ്ധിമുട്ടകളോടെ ജീവിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കു വേണ്ടതെല്ലാം ഉളളവരായിരിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. സുവിശേഷത്തിലുളള നിങ്ങളുടെ ജډാവകാശം നിങ്ങള്‍ അവകാശമാക്കുക.

3. നമ്മെ ഒരനുഗ്രഹമാക്കി തീര്‍ക്കേണ്ടതിന് യേശു ശാപമായി തീര്‍ന്നു: “ക്രിസ്തു നമുക്കുവേണ്ടി ശാപമായി തീര്‍ന്നുകൊണ്ട് ന്യായപ്രമാണത്തിന്‍റെ ശാപത്തില്‍ നിന്ന് അവിടുന്നു നമ്മെ വീണ്ടെടുത്തു അബ്രാഹാമിന്‍റെ അനുഗ്രഹം നമുക്കുവരേണ്ടതിനും, അങ്ങനെ ആത്മാവെന്ന വാഗ്ദത്ത വിഷയം നാം വിശ്വാസത്താല്‍ പ്രാപിക്കേണ്ടതിനും തന്നെ” (ഗലാ. 3:13,14). സുവിശേഷത്തിന്‍റെ സുവാര്‍ത്ത എന്തെന്നാല്‍ യേശു നേരത്തെ തന്നെ നമുക്കുവേണ്ടി ശാപമായി തീര്‍ന്നിരിക്കുകയാല്‍, ന്യായ പ്രമാണത്തിന്‍റെ ശാപങ്ങള്‍ ഒന്നും ഇനിമേല്‍ ഒരിക്കലും നമ്മെ തൊടേണ്ട ആവശ്യമില്ല. അതുതന്നെ സുവാര്‍ത്തയായിതീരാമായിരുന്നു. എന്നാല്‍ അതിലുമധികമായി ചിലതു കൂടിയുണ്ട്. ദൈവം അബ്രാഹാമിനെ അനുഗ്രഹിച്ച അനുഗ്രഹം നമുക്കുണ്ടാകുവാന്‍ കഴിയും. ദൈവം അബ്രാഹാമിനെ അനുഗ്രഹിച്ച ആനുഗ്രഹത്തെക്കുറിച്ച് ഉല്‍പത്തി 12:2,3 ല്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു. “ഞാന്‍ നിന്നെ അനുഗ്രഹിക്കും. നീ ഒരു അനുഗ്രഹമായിരിക്കും. നിന്നില്‍ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടും”. അവിടുന്നു നമുക്കുവേണ്ടി ഒരു ശാപമായി തീര്‍ന്നതിലൂടെ ക്രൂശില്‍ നമുക്കു വേണ്ടി വിലയ്ക്കുവാങ്ങിയ അനുഗ്രഹം ഇതാണ്.നമ്മെ അനുഗ്രഹിക്കുവാനും നമ്മുടെ ജീവിതകാലം മുഴുവന്‍ ഭൂമിയില്‍ നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും നമ്മെ ഒരനുഗ്രഹമാക്കുവാനും അവിടുന്നാഗ്രഹിക്കുന്നു. ഈ അനുഗ്രഹം (ഈ വാക്യം നമ്മോടു പറയുന്നു) നമ്മിലേക്കുവരുന്നത് പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിലൂടെയാണ്. യേശു പരിശുദ്ധാത്മാവിനെ വിവരിക്കുന്നത് നമ്മുടെ ഉളളില്‍ നിന്നു തന്നെ പൊങ്ങിവരുന്നതും നമ്മെ അനുഗ്രഹിക്കുന്നതുമായ കിണര്‍ (നീരുറവ) ആയിട്ടും (യോഹ 4;14), പിന്നിട് നമ്മിലൂടെ ഒഴുകി മറ്റുളളവരെ അനുഗ്രഹിക്കുന്ന നദികളായിട്ടുമാണ് (യോഹ 7.37-39). ഇന്നു പാപത്തിലും പരാജയത്തിലും ജീവിക്കുന്ന ഏറ്റവും ഹീന പാപിയായ ഒരുവനോടു പോലുമുളള കര്‍ത്താവിന്‍റെ വാഗ്ദത്തം ഇതാണ്, “കഴിഞ്ഞ കാലങ്ങളില്‍ നിങ്ങള്‍ ഒരു ശാപം ആയിരുന്നതുപോലെ, വരുവാനുളള കാലങ്ങളില്‍ മറ്റുളളവര്‍ക്ക് ഒരു അനുഗ്രഹം ആയിരിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും” (സെഖ. 8:13).ഭൂമിയുടെ മുഖത്തു നാം കണ്ടുമുട്ടുന്ന ഓരോ കുടുംബത്തിനും നാം ഒരു അനുഗ്രഹം ആയിരിക്കണമെന്നത് ദൈവത്തിന്‍റെ ഹിതമാണ്.

What’s New?