ബൈബിളിലൂടെ : 1 പത്രൊസ്


ദൈവത്തിന്റെ സത്യകൃപ


ഈ ലോകത്തില്‍ പരദേശികളായി ജീവിക്കുന്നവര്‍ക്കാണ് പത്രൊസ് ഈ ലേഖനം എഴുതിയിരിക്കുന്നത്. ഈ ലോകത്തില്‍ പരദേശികളെപ്പോലെ ജീവിക്കുവാനാണു നമ്മുടെ വിളി. കാരണം നമ്മുടെ പൗരത്വം സ്വര്‍ഗ്ഗത്തിലാണ്.


ഈ ലേഖനത്തിന്റെ പ്രമേയം 5:12-ല്‍ പത്രൊസ് പറയുന്ന ”ദൈവത്തിന്റെ സത്യകൃപയില്‍ ഉറച്ചു നില്‍ക്കുക” എന്നതാണ്.

യാക്കോബ് തന്റെ ലേഖനത്തില്‍ വ്യാജ വിശ്വാസത്തെക്കുറിച്ചു എഴുതിയിരിക്കുന്നതു നാം വായിക്കുന്നു. അതിനു കാരണം പ്രവൃത്തികളില്ലാത്ത ഒരു വ്യാജ വിശ്വാസം അന്നും ഉണ്ടായിരുന്നു എന്നതാണ്. ഇവിടെ പത്രൊസ് സത്യകൃപയെക്കുറിച്ചാണ് എഴുതുന്നത്. കാരണം ക്രിസ്ത്യാനികളെ പാപത്തെയും സാത്താനെയും ജയിക്കുവാന്‍ പ്രാപ്തരാക്കാത്ത ഒരു വ്യാജകൃപ നിലനിന്നിരുന്നു. അതുകൊണ്ടു സത്യകൃപയുടെ വിവിധ വശങ്ങളെക്കുറിച്ചു പത്രൊസ് വിശദമായി പറയുന്നു.

1:1,2 വാക്യങ്ങളില്‍ ദൈവം നമ്മെ തന്റെ മുന്നറിവിനൊത്തവണ്ണമാണ് വിളിച്ചിരിക്കുന്നതെന്നു പറഞ്ഞിരിക്കുന്നു. ഇതു നമ്മെ പഠിപ്പിക്കുന്നതു ദൈവം നമ്മെ തന്റെ മക്കളായി തിരഞ്ഞെടുത്തതു നമ്മുടെ യോഗ്യത നോക്കിയല്ല, എന്നാല്‍ അലക്ഷ്യമായുമല്ല. ആരംഭം മുതല്‍ അവസാനം വരെയും അറിഞ്ഞുകൊണ്ടുള്ള ഒരു വിളിയാണത്. അവസാനത്തിലേക്കു നോക്കി ആരൊക്കെ സുവിശേഷ സന്ദേശത്തോടു പ്രതികരിക്കുന്നു എന്നു നോക്കിക്കണ്ട ശേഷമാണ് ആ തിരഞ്ഞെടുപ്പ്. തന്റെ തിരഞ്ഞെടുപ്പ് അപ്രകാരമുള്ള തന്റെ മുന്നറിവില്‍ മാത്രം അധിഷ്ഠിതമാണ്. പത്രൊസിനു അക്കാര്യം വ്യക്തമാണ്. നമ്മെ സംബന്ധിച്ചും അക്കാര്യം ഓര്‍ത്തിരിക്കേണ്ടതു വളരെ പ്രാധാന്യമുള്ള ഒന്നു തന്നെയാണ്. ദൈവത്തിനു ഭാവിയെ സംബന്ധിച്ച കാര്യങ്ങള്‍ എല്ലാം തന്നെ അറിവുണ്ട്. എങ്കിലും അവിടുന്നു നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ഒരിക്കലും ഇടപെടുന്നില്ല.

നമുക്കു ഒരു ദൃഷ്ടാന്തം നോക്കാം. നിങ്ങള്‍ ഒരു വീഡിയോ ഫിലിം കാണുന്നുവെന്നു കരുതുക. നിങ്ങള്‍ ആ വീഡിയോ ഫിലിം കാണുന്നു എന്നല്ലാതെ അതിലെ സംഭവങ്ങളിലോ കഥാപാത്രങ്ങളിലോ നിങ്ങള്‍ ഒരുവിധ സ്വാധീനവും ചെലുത്തുന്നില്ല എന്നും നിങ്ങള്‍ക്കറിയാം. അതിലെ നടീനടന്മാരില്‍ ആരെങ്കിലും ചെയ്യുന്ന നല്ലതോ ചീത്തയോ ആയ ഒരു പ്രവൃത്തിയിലും നിങ്ങള്‍ക്ക് ഒരു പങ്കുമില്ല. എപ്പോഴോ ഒരിക്കല്‍ സംഭവിച്ചതോ ചീത്രീകരിച്ചതോ ആയ ആ ചിത്രം നിങ്ങള്‍ കാണുക മാത്രമേ ചെയ്യുന്നുള്ളു. ഇപ്രകാരം ഭാവിയില്‍ നടക്കാനിരിക്കുന്ന മുഴു സംഭവങ്ങളും ഒരു ചലച്ചിത്രത്തിലെന്നവണ്ണം ദൈവം കണ്ടിരിക്കുന്നു. അതിലൊന്നിലും ദൈവം ആരുടെയും പ്രവൃത്തികളെയോ തീരുമാനങ്ങളെയോ സ്വാധീനിച്ചിട്ടില്ല. വെറുതെ കാണുക മാത്രം ചെയ്തു. അപ്രകാരം ആളുകള്‍ യേശുവിനെ സ്വീകരിക്കുന്നതും തിരസ്‌കരിക്കുന്നതും ഒക്കെ ദൈവം കണ്ടിരിക്കുന്നു. യേശുവിനെ സ്വീകരിക്കുന്നതായി കണ്ടവരെ ഒക്കെ ദൈവം തിരഞ്ഞെടുത്തു. ഇതാണ് ദൈവത്തിന്റെ മുന്നറിവിനെക്കുറിച്ചുള്ള ഒരു ദൃഷ്ടാന്തം.

1 പത്രൊസ് 1:2-ല്‍ ത്രിത്വത്തെ മുഴുവനായും നമുക്കു കാണാം. അവിടെ പിതാവു നമ്മെ തിരഞ്ഞെടക്കയും പരിശുദ്ധാത്മാവ് നമ്മെ വിശുദ്ധീകരിക്കയും ചെയ്യുന്നു. അതിന്റെ ഉദ്ദേശ്യം പുത്രനായ യേശുക്രിസ്തുവിനെ നാം അനുസരിക്കുക എന്നതാണ്. 1:4-ല്‍ സ്വര്‍ഗ്ഗത്തില്‍ നമുക്കുവേണ്ടി വലിയ ഒരു അവകാശം സൂക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു. ഈ ഭൂമിയിലെ പോരാട്ടങ്ങളില്‍ നമുക്കു ഊര്‍ജ്ജം പകരുന്ന കാര്യം അതാണ്. ഇവിടെ നാം നേരിടുന്ന എല്ലാ ശോധനകളും ”അല്പനേരത്തേക്കു” മാത്രമാണ് (1:6). നിത്യതയുടെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ നൂറു വര്‍ഷങ്ങള്‍ പോലും ‘അല്പനേര’മാണ്. ശോധനകളിലൂടെ നാം കടന്നു പോകുമ്പോള്‍ നിത്യതയുടെ ഈ ദര്‍ശനമായിരിക്കണം നമുക്കു മുമ്പില്‍ ഉണ്ടായിരിക്കേണ്ടത്. എല്ലാ അപ്പൊസ്തലന്മാരും ഈ കാഴ്ചപ്പാട് ഉള്ളവരായിരുന്നു. യാക്കോബ് നമ്മുടെ ജീവിതത്തെക്കുറിച്ച് ”മറഞ്ഞുപോകുന്ന ആവി” എന്നാണല്ലോ വിശേഷിപ്പിച്ചിരിക്കുന്നത് (യാക്കോബ് 4:14). പൗലൊസ് ”നൊടിനേരത്തേക്കുള്ള ലഘുവായ കഷ്ടം” എന്നു പറഞ്ഞിരിക്കുന്നു (2 കൊരി. 4:17). ഈ ലേഖനത്തിന്റെ പ്രമേയം ദൈവത്തിന്റെ സത്യകൃപ എന്നുള്ളതാണ് എന്ന കാര്യം നമ്മുടെ ഓര്‍മ്മയില്‍ നിന്നും വിട്ടു പോകരുത്. അതുകൊണ്ടു തന്നെ പല തരത്തിലുള്ള ശോധനകളാലുള്ള ദുഃഖം സഹിക്കേണ്ടി വരുന്നതു തികച്ചും സാധാരണമാണെന്ന കാര്യം നാം ഒന്നാമതായി മനസ്സിലാക്കിയിരിക്കണം.


വിശ്വാസത്തിന്റെ അഗ്നിശോധന


അപ്രകാരമുള്ള ശോധനകളുടെ ഉദ്ദേശ്യം നിങ്ങളുടെ വിശ്വാസത്തിന്റെ പരമാര്‍ത്ഥതയെ പരിശോധിക്കുക എന്നതാണ്. സ്വര്‍ണ്ണം അഗ്നിയില്‍ സ്ഫുടം ചെയ്യുന്നതുപോലെ ഭൂമിയില്‍ നിന്നു കുഴിച്ചെടുക്കുന്ന പൊന്ന് ശുദ്ധമായതല്ല. അതിനെ ശുദ്ധമാക്കിയെടുക്കണമെങ്കില്‍ അതിനെ തീയില്‍ക്കൂടി കടത്തി വിടേണ്ടതുണ്ട്. അതിനെ സോപ്പും വെള്ളവും കൊണ്ട് ഉരച്ചാല്‍ ശുദ്ധമാകില്ല. അതു ചെളി കഴുകി കളയുവാനേ ഉപകരിക്കൂ. എന്നാല്‍ പൊന്നില്‍ കലര്‍ന്നിരിക്കുന്ന ഇതര മൂലകങ്ങളും ലോഹങ്ങളും നീക്കണമെങ്കില്‍ തീ തന്നെ വേണം. അപ്പോള്‍ ശുദ്ധമായ സ്വര്‍ണ്ണം പുറത്തു വരും.

ഒരുപക്ഷേ നിങ്ങള്‍ കടന്നുപോകുന്ന ശോധന അഗ്നിസമമായേക്കാം. നിങ്ങള്‍ തീയിലെന്ന പോലെ വേദനപ്പെട്ടേക്കാം. അതിന്റെ ഉദ്ദേശ്യം അശുദ്ധികളെ നിങ്ങളില്‍ നിന്നും നീക്കി ശുദ്ധീകരിക്കുക എന്നതു മാത്രമാണ്. ഉദാഹരണത്തിന് ചില രാജ്യങ്ങളില്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുകയും അവരുടെ വസ്തുവകകള്‍ കൊള്ളയിടുകയും ചെയ്യുന്നു. എന്താണ് അനന്തരഫലം? അവര്‍ അധികം മെച്ചപ്പെട്ട മോക്ഷയാത്രികരായി തീരുന്നു. അവര്‍ക്കു തങ്ങളുടെ വസ്തുവകകളോടുള്ള ഹൃദയബന്ധം ഇല്ലാതെയായി തീരുന്നു. കാരണം അവ അപഹരിക്കപ്പെട്ടു പോയല്ലോ. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത ഇടങ്ങളില്‍ നല്ല വിശ്വാസികള്‍ പോലും തങ്ങളുടെ സ്വത്തിനോടും വസ്തുവകകളോടും കടുത്ത ഹൃദയ ബന്ധമുള്ളവരാണ്. ഒരുപക്ഷേ നമ്മുടെ സങ്കല്പങ്ങളില്‍ നമുക്കു അവയോടു ഹൃദയബന്ധമില്ല എന്നു തോന്നിയേക്കാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ നാം വഞ്ചിക്കപ്പെട്ടിരിക്കുക മാത്രമാണ്. അതുകൊണ്ടു നമ്മുടെ രാജ്യത്തും പീഡനം ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുന്നു എങ്കില്‍ അതു നമ്മെ ശുദ്ധീകരിക്കുവാന്‍ വേണ്ടി ആയിരിക്കും. റഷ്യയില്‍ കമ്യൂണിസ്റ്റുകാര്‍ ഭരിക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ക്കു കോളജ് വിദ്യാഭ്യാസത്തിനുള്ള പ്രവേശനം പോലും നിഷേധിക്കപ്പെട്ടിരുന്നു എന്നു ഞാന്‍ കേട്ടിട്ടുണ്ട്. അതു കാരണമായി ക്രിസ്ത്യാനികള്‍ക്കു നല്ല ജോലികളില്‍ പ്രവേശിക്കുവാന്‍ കഴിയാതെയായി. അവര്‍ക്കു ലഭിച്ചിരുന്നതു ശുചീകരണ പ്രവൃത്തികള്‍ പോലെയുള്ള താഴ്ന്ന തരം ജോലികളായിരുന്നു. അത്തരം സാഹചര്യങ്ങളില്‍ വലിയ ഉദ്യോഗങ്ങള്‍ നല്‍കുന്ന തലക്കനത്തില്‍ നിന്നും ആദരവുകളില്‍ നിന്നും നാം മുക്തരായിരിക്കും. കീടം മുഴുവനും പൊന്നില്‍ നിന്നും നീക്കപ്പെട്ടു നാം ശുദ്ധരായിത്തീരുന്നു. അതുകൊണ്ടാണ് പീഡനം ഉള്ള ഇടങ്ങളില്‍ ഏറ്റവും നല്ല വിശ്വാസികളെ നാം കണ്ടെത്തുന്നത്. അതുകൊണ്ടു തന്നെ ‘ഉപദ്രവം ഉണ്ടാകരുതേ’ എന്ന് ഇന്ത്യയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും അപേക്ഷിക്കാറില്ല. ഞാന്‍ അങ്ങനെ ചെയ്താല്‍ സഭയെ ശുദ്ധീകരിക്കുന്ന ദൈവിക പദ്ധതിക്കു ഞാന്‍ ഒരു വിലങ്ങു തടിയായി തീരും. ‘പീഡനം വരണമേ’ എന്നും ഞാന്‍ പ്രാര്‍ത്ഥിക്കാറില്ല, മറിച്ചും. ഭാരതത്തിലെ സഭകള്‍ക്ക് ഏറ്റവും നല്ലത് എന്താണെന്നു കര്‍ത്താവിനറിയാം. അവിടുത്തെ സമയത്ത് അവിടുന്ന് അതു ചെയ്യും. അവിടുന്നു തന്നെ തീരുമാനിക്കട്ടെ. എന്തായിരുന്നാലും അതു ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുവാന്‍ തയ്യാറാണ്. ദൈവത്തിന്റെ സത്യകൃപയിലേക്കു പ്രവേശിച്ച ഒരുവന്റെ മനോഭാവം ഇങ്ങനെ ആയിരിക്കും.

പത്രൊസ് പറയുന്നതു കര്‍ത്താവ് വരുമ്പോള്‍ ഇതൊക്കെ അവിടുത്തേക്കു പുകഴ്ചയും തേജസ്സും മാനവും ലഭിക്കുവാന്‍ കാരണമായിത്തീരും എന്നാണ്. ഈ ശോധനകളുടെ നടുവില്‍ നാം യേശുവിനെ കാണുന്നില്ല എങ്കിലും അവിടുത്തെ സ്‌നേഹിക്കുന്നു, ആശ്രയിക്കുന്നു എന്നു മാത്രമല്ല അതി സന്തോഷത്തോടെ ആനന്ദിക്കുകയും ചെയ്യുന്നു. പത്രൊസ് വ്യക്തിപരമായി യേശുവിനെ നേരില്‍ കണ്ടിട്ടുള്ള വ്യക്തിയായിരുന്നു. എന്നാല്‍ യേശു പറഞ്ഞു: ”കാണാതെ വിശ്വസിച്ചവര്‍ ഭാഗ്യവാന്മാര്‍” (യോഹ. 20:29). നിങ്ങളില്‍ എത്രപേര്‍ ആ വാക്യം വിശ്വസിക്കുന്നുണ്ട് എന്നെനിക്കറിയില്ല. പത്രൊസിനെപ്പോലെ കണ്ടു വിശ്വസിച്ചവരെക്കാള്‍ ഭാഗ്യവാന്മാരാണ് നാം കാണാതെ വിശ്വസിക്കുന്നവര്‍. യേശു തന്നെ അതു പറഞ്ഞിരിക്കുന്നതു കൊണ്ടു ഞാന്‍ പൂര്‍ണ്ണ ഹൃദയത്തോടെ അതു വിശ്വസിക്കുന്നു. പത്രൊസ് തുടര്‍ന്നു പറയുന്നു: ശോധനകളില്‍ വിശ്വസ്തരായി മുന്നേറുന്നതിന്റെ ഫലമായി നമ്മുടെ പ്രാണന് (ദേഹിക്ക്) രക്ഷ ലഭിക്കുന്നു (1:9). അപ്പൊസ്തലന്മാര്‍ നരകത്തില്‍ നിന്നുള്ള രക്ഷയല്ല പ്രസംഗിച്ചത് പ്രാണന്റെ രക്ഷയെക്കുറിച്ചായിരുന്നു.

ആദമില്‍ നിന്നും സ്വാര്‍ത്ഥതയും നിഗളവും മറ്റു പല തിന്മകളും നമ്മുടെ ദേഹിയിലേക്ക് അനന്തരാവകാശമായി പകരപ്പെട്ടു ലഭിച്ചു. അതുകൊണ്ടാണ് വസ്തുവകകളോടുള്ള നമ്മുടെ ഹൃദയ ബന്ധവും മാനം ലഭിക്കാനുള്ള മോഹവും സ്വയത്തില്‍ കേന്ദ്രീകരിച്ച ജീവിതവും ഒക്കെ നമ്മില്‍ ശക്തമായിരിക്കുന്നത്. അഗ്നിശോധനകളും പീഡനങ്ങളും പല തിന്മകളില്‍ നിന്നും മോചനം നേടാന്‍ നമ്മെ സഹായിക്കും.

ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടി ഉണ്ടായിരിക്കുന്നതിന്റെ ശോധന എന്താണെന്നു നമുക്കു മനസ്സിലാക്കുവാന്‍ ശ്രമിക്കാം. ചിലര്‍ അതിനെ ഒരു വലിയ നിര്‍ഭാഗ്യമെന്നു ചിന്തിക്കുന്നു. അത്തരം കുഞ്ഞുങ്ങള്‍ ജനിക്കുവാന്‍ വേണ്ടി ആരും പ്രാര്‍ത്ഥിക്കാറില്ല. എന്നാല്‍ തന്നെ സ്‌നേഹിക്കുന്ന ഒരു കുടുംബത്തില്‍ ദൈവം അത്തരം ഒരു പൈതലിനെ നല്‍കുന്നു എങ്കില്‍ ദൈവം അതിനെ അവരുടെ നന്മയ്ക്കു കാരണമാക്കും എന്നു നമുക്ക് ഉറപ്പിക്കാം. അത്തരം കുടുംബങ്ങളില്‍ ഊഷ്മളതയും ത്യാഗവും സേവന സന്നദ്ധതയും ഇതര കുടുംബങ്ങളെക്കാള്‍ അധികം ഉണ്ടാകുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. സമര്‍ത്ഥരായ കുട്ടികളുള്ള മാതാപിതാക്കള്‍ക്കു വലിയ നിഗളമുണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. നിഗളം ഒരിക്കലും സ്വര്‍ഗ്ഗീയമല്ല അതു നരകത്തിന്റെ സ്വത്താണ്. എന്നാല്‍ അനേകം വിശ്വാസികളുടെ കുടുംബങ്ങളിലും അതു കണ്ടു വരുന്നു.

തന്റെ എല്ലാ മക്കളെയും പരിശോധനകളെ അഭിമുഖീകരിക്കുവാന്‍ ദൈവം അനുവദിക്കുന്നു. അവയെ എപ്പോളാണ് അയക്കേണ്ടതെന്നു തന്റെ വലിയ ജ്ഞാനത്തില്‍ ദൈവം കൃത്യമായി അറിയുന്നു. കര്‍ത്താവിന്റെ മുമ്പില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ ദൈവം അനുവദിച്ച ഈ ശോധനകളുടെ കാര്യത്തില്‍ അവിടുത്തേക്ക് ഒരു പിഴവും പറ്റിയിട്ടില്ലെന്നു നാം കണ്ടെത്തും. അവ ഓരോന്നും നമ്മെ പൊന്നുപോലെ ശുദ്ധീകരിക്കേണ്ടതിനായിരുന്നു. ഇതു നാം മനസ്സിലാക്കുന്നു എങ്കില്‍ നമുക്കു കര്‍ത്താവിനെ എല്ലാ കാര്യത്തിലും സ്തുതിക്കുവാനും നന്ദി കരേറ്റുവാനും കഴിയും. പരിശോധനകളിലൂടെ കടന്നുപോകുമ്പോള്‍ തന്നെ അനിര്‍വചനീയമായ ഒരു സന്തോഷം നിങ്ങളുടെ ഉള്ളില്‍ ഉണ്ടാകുന്നു – അതു നിങ്ങളുടെ പ്രാണന്റെ രക്ഷയിലേക്കു നയിക്കുന്നു. ഈ രക്ഷയെക്കുറിച്ചായിരുന്നു പൂര്‍വ്വ കാലങ്ങളില്‍ പ്രവാചകന്മാര്‍ ആരാഞ്ഞറിയുവാന്‍ ശ്രമിച്ചത്. അവര്‍ക്കു കഴിഞ്ഞില്ല. ഇതിലേക്കു ദൈവ ദൂതന്മാര്‍ പോലും കുനിഞ്ഞു നോക്കുവാന്‍ ഇച്ഛിക്കുന്നു (1:12). ഇന്നു സ്വര്‍ഗ്ഗത്തില്‍ നിന്നും അയയ്ക്കപ്പെട്ട പരിശുദ്ധാത്മാവ് വ്യക്തികളെ മുകളില്‍ പറഞ്ഞ ഈ സുവിശേഷ ഘോഷണത്തിനായി അഭിഷേകം ചെയ്യുന്നു. പത്രൊസ് തുടര്‍ന്നു പറയുന്നു: ‘നമുക്ക് ഇത്ര വിസ്മയകരമായ ഒരു സുവിശേഷം ലഭിച്ചിരിക്കയാല്‍ നാം ശോധനകളിലൂടെ കടന്നു പോകേണ്ടി വരുമ്പോള്‍ ആ ശോധനകള്‍ നമ്മുടെ മനസ്സിന്റെയും ലക്ഷ്യത്തിന്റെയും ഏകാഗ്രത നഷ്ടപ്പെടുത്താതെ ശ്രദ്ധയോടെ കര്‍ത്താവിന്റെ വരവിനു വേണ്ടി കാത്തുകൊണ്ടു മനസ്സുറപ്പിക്കണം’ (1:13).

നമ്മുടെ വിളി, സ്വര്‍ഗ്ഗീയ പിതാവിനെപ്പോലെ വിശുദ്ധരാകുവാനാണെന്നു പത്രൊസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നു (1:15). അതുകൊണ്ടാണ് നമ്മെ പൊന്ന് ശുദ്ധീകരിക്കുമ്പോലെ ശുദ്ധീകരിക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ”നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നത്” (സങ്കീ. 34:19). ലോകമനുഷ്യന്റെ ജീവിതം താരതമ്യേന അനായാസമാണ്. നമ്മെ വിളിച്ചവന്‍ വിശുദ്ധനാണ്. അതുകൊണ്ടു നാമും വിശുദ്ധരായിത്തീരേണ്ടതുണ്ട്. പൂച്ചക്കുട്ടികളും തങ്ങളുടെ അമ്മയെപ്പോലെ ശുചിയായിരിക്കേണ്ടതുണ്ട്. പന്നിക്കുട്ടികള്‍ തങ്ങളുടെ അമ്മയെപ്പോലെ വൃത്തിയില്ലാതെയും ഇരിക്കുന്നു. ഒരിക്കല്‍ പിശാചായിരുന്നു നമ്മുടെ പിതാവ്. നാമും അവനെപ്പോലെ ആയിരുന്നു. കള്ളം പറയുകയും വഴക്കുണ്ടാക്കുകയും അപവാദം പ്രചരിപ്പിക്കുകയും അശുദ്ധാത്മാക്കളെപ്പോലെ പാപകരമായ കാര്യങ്ങള്‍ താത്പര്യപ്പെടുകയും ചെയ്തുപോന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ദൈവം നമ്മുടെ പിതാവായി. ഒരു പന്നിക്കുട്ടി പെട്ടെന്നൊരു ദിവസം ഒരു പൂച്ചക്കുട്ടിയായതുപോലെ. ഇപ്പോള്‍ നാം എല്ലാറ്റിലും വിശുദ്ധരായി ജീവിച്ചേ മതിയാകു.

മുഖപക്ഷം കൂടാതെ എല്ലാവരുടെയും പ്രവൃത്തികളെയും ന്യായം വിധിക്കുന്ന ഒരു ദൈവത്തെയാണു നാം ‘പിതാവ്’ എന്നു വിളിക്കുന്നത് എങ്കില്‍ നമ്മുടെ ഭൂമിയിലെ ജീവിത കാലം ഭയത്തോടെ പെരുമാറേണ്ടിയിരിക്കുന്നു (1:17). നാം എന്നും ഓര്‍മ്മിച്ചിരിക്കേണ്ട ഒരു സത്യമാണ് നമ്മെ വിലയ്ക്കു വാങ്ങിയതു പൊന്ന്, വെള്ളി മുതലായ വസ്തുക്കളെ കൊണ്ടല്ല, ക്രിസ്തുവിന്റെ അമൂല്യമായ രക്തം കൊണ്ടത്രേ എന്നത്. ദൈവം നമുക്കു നിത്യവും വെളിപ്പെടുത്തുന്ന സത്യങ്ങള്‍ നാം അനുസരിക്കുന്നു എങ്കില്‍ നമ്മുടെ ദേഹി മുഴുവനായും വിശുദ്ധീകരിക്കപ്പെടും (1:22). നാം ദൈവവചനത്തെ അനുസരിക്കുമ്പോള്‍ ഉണ്ടാകുന്ന അഗ്നിശോധനകളുടെ നടുവില്‍ പാപത്തിന്റെ മേദസു മുഴുവന്‍ കത്തിപ്പോകും- നമ്മുടെ ജീവിതത്തില്‍ നിന്ന്. അങ്ങനെ ക്രമേണ നാം ക്രിസ്തുവിന്റെ സ്വഭാവത്തിന് അനുരൂപരായി മാറും.

ജീവിതത്തില്‍ ഒരിക്കല്‍ പോലും കടുത്ത ശോധനകളൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത വിശ്വാസികളില്‍ നിലനില്ക്കുന്ന ഒരുതരം കാഠിന്യം ഉണ്ട്. ഒരിക്കല്‍പോലും ദാരിദ്ര്യമോ രോഗമോ വേദനയോ ദുഃഖമോ ഒന്നും അനുഭവിച്ചറിയേണ്ടി വന്നിട്ടില്ലാത്ത വിശ്വാസികളെക്കുറിച്ച് എനിക്കു സഹതാപമേയുള്ളു. അവരുടെ മക്കള്‍ ഒരിക്കലും ഒരു കുറവുകളും കൂടാതെ സമ്പത്തിലും സമൃദ്ധിയിലും തന്നെ വളരുന്നു. താഴ്മയും സൗമ്യതയും അവരില്‍ ഇല്ല. അവരെ കഷ്ടങ്ങളിലും ദാരിദ്ര്യത്തിലും കൂടി കടന്നു പോകുന്ന വിശ്വാസികളുമായി താരതമ്യം ചെയ്യുക. പ്രകടമായ ഒരു വ്യത്യാസം നിങ്ങള്‍ക്കു കണ്ടെത്തുവാന്‍ കഴിയും. ശോധനകളിലൂടെ കടന്നു പോയവര്‍ പൊന്നു ശുദ്ധീകരിച്ചതു പോലെ അഗ്നിയില്‍ സ്ഫുടം ചെയ്യപ്പെട്ടവരാണ്. വൈദഗ്ദ്ധ്യം ഇല്ലാത്തവര്‍ക്ക് ഒരുപക്ഷേ സ്ഫുടം ചെയ്ത പൊന്നും സ്ഫുടം ചെയ്യാത്ത പൊന്നും തിരിച്ചറിയുവാന്‍ കഴിയില്ലായിരിക്കും. എന്നാല്‍ ഒരു തട്ടാന്റെ അടുത്ത കൊണ്ടു ചെല്ലുക. അയാള്‍ ഒറ്റ നോട്ടത്തില്‍ തന്നെ അവ തിരിച്ചറിയും. ദൈവം ഒരു വ്യക്തിയെ ശോധനകളിലൂടെ നടത്തുമ്പോഴും അവന്‍ ദൈവത്തോടുള്ള വിശ്വസ്തതയില്‍ തന്നെ അതിലൂടെ നടക്കുന്നു എങ്കില്‍ അത് അവന്റെ സ്വഭാവത്തിന്റെ ഭാഗമായി തീരുന്നു. അത്തരം വിശ്വാസികള്‍ മറ്റുള്ളവരെ സ്‌നേഹിക്കുന്നതിനോ അപ്രധാനമായ ഒരു സ്ഥാനത്ത് ആയിരിക്കുന്നതിനോ ഒരു പ്രയാസവുമുള്ളവരായിരിക്കില്ല. ഇതിനെയാണ് ”ദൈവത്തിന്റെ സത്യകൃപ” എന്നു പത്രൊസ് വിളിക്കുന്നത്.


ആത്മീയ വളര്‍ച്ച


രണ്ടാം അധ്യായത്തില്‍ പറയുന്നത് ആത്മീയ വളര്‍ച്ചയെക്കുറിച്ചാണ്. നാം വളരുന്നത് പരിശോധനകളെ അഭിമുഖീകരിക്കുന്നതു കൊണ്ടു മാത്രമല്ല ദൈവവചനമെന്ന പാലിനു വേണ്ടിയുള്ള ദാഹം കൊണ്ടു കൂടിയാണ്. ഒരു കുഞ്ഞു ജനിക്കുമ്പോള്‍ തന്നെ അതു കരയുവാന്‍ തുടങ്ങുന്നു. പെട്ടെന്നു തന്നെ അതു പാലിനു വേണ്ടി വിശന്നു കരഞ്ഞു തുടങ്ങുന്നു. ആരും പഠിപ്പിച്ചിട്ടല്ല അതു കരയുന്നത്. ഒരു ആവശ്യ ബോധത്തില്‍ നിന്നാണ് ആ കരച്ചില്‍. അങ്ങനെ വിശന്നു കരയാത്ത ഒരു കുഞ്ഞ് എന്തോ ആരോഗ്യ പ്രശ്‌നമുള്ളതാണ്. വചനത്തിനായുള്ള ദാഹം യഥാര്‍ത്ഥ വീണ്ടും ജനനത്തിന്റെ ലക്ഷണമാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വീണ്ടും ജനിച്ചിരിക്കുന്നുവെങ്കില്‍ നിങ്ങള്‍ ഇപ്പോള്‍ ജനിച്ച ശിശുക്കളെപ്പോലെ വചനമെന്ന മായമില്ലാത്ത പാല്‍ കുടിക്കുവാന്‍ ആഗ്രഹിക്കും (2:2). കാരണം നിങ്ങള്‍ വീണ്ടും ജനിച്ചതു കെടുന്ന ബീജത്താലല്ല കെടാത്തതും ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താലാണ് (1:23). ഒരു വ്യക്തി വീണ്ടും ജനിച്ചു എന്നവകാശപ്പെടുകയും വചനത്തിനു വേണ്ടിയുള്ള ദാഹം അവന്റെ ഉള്ളില്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ ആ വീണ്ടും ജനനം സംശയാസ്പദമാണ്. ദൈവവചനത്തിനു പ്രാധാന്യം നല്‍കാത്ത ഒരു സഭയിലാണ് ഞാന്‍ ജനിച്ചു വളര്‍ന്നത്. എന്നാല്‍ വീണ്ടും ജനിച്ചതു മുതല്‍ ദൈവവചനത്തിനു വേണ്ടിയുള്ള ഒരു ദാഹവും കരച്ചിലും നിത്യവും എന്നിലുണ്ടായി. ദൈവവചനം വായിക്കുവാന്‍ ആരും എന്നെ ഉപദേശിച്ചില്ല. യഥാര്‍ത്ഥമായി വീണ്ടം ജനനം പ്രാപിച്ച എല്ലാ വ്യക്തികളുടെയും അവസ്ഥ അതു തന്നെ ആയിരിക്കും. ”രക്ഷയ്ക്കായി വളരുവാന്‍” നമുക്കു ദൈവവചനം അത്യാവശ്യം തന്നെ (2:2).- നമ്മുടെ പ്രാണനിലെ ക്രിസ്തു തുല്യമല്ലാത്ത എല്ലാറ്റില്‍ നിന്നും രക്ഷിക്കപ്പെടുവാന്‍. ഇതിനെയാണ് നാം പ്രാണന്റെ (ദേഹിയുടെ) രക്ഷ എന്നു വിളിക്കുന്നത്.

കര്‍ത്താവില്‍ നാം വളരുമ്പോള്‍ അവിടുന്നു നമ്മെ സമാന മനസ്‌കരുമായുള്ള കൂട്ടായ്മയിലേക്കു നടത്തും. അങ്ങനെ നമുക്ക് അവരുമായി ചേര്‍ന്നു കര്‍ത്താവിന് ഒരു ഭവനമായി പണിയപ്പെടുവാന്‍ കഴിയും(2:5). ഇതാണ് എല്ലാ ലേഖനങ്ങളിലും പഠിപ്പിക്കുന്നത്. സത്യകൃപ നമ്മെ ഒരു ഒറ്റപ്പെട്ട വിശ്വാസിയായി ജീവിക്കുവാന്‍ അനുവദിക്കുന്നില്ല. ഒരു കെട്ടിടം പണിയുമ്പോള്‍ കട്ടകള്‍ ചേര്‍ത്തു വച്ച് ഉറപ്പിക്കുമ്പോലെ മറ്റുള്ളവരുമായി ചേര്‍ന്നു പണിയപ്പെടുവാന്‍ അതു നമ്മെ നിര്‍ബ്ബന്ധിക്കുന്നു. ദൈവത്തിന്റെ സത്യകൃപ വിശ്വാസികളെ കൂട്ടായ്മയില്‍ ഒന്നിപ്പിക്കുന്നു. നാം ദൈവത്തിന്റെ ഭവനം മാത്രമല്ല, തിരഞ്ഞെടുക്കപ്പെട്ട ജാതിയും രാജകീയ പുരോഹിത വര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു (2:9). ഇതിലെ ദൈവത്തിന്റെ ഉദ്ദേശ്യം അവിടുത്തെ സല്‍ഗുണങ്ങളെ ചുറ്റുമുള്ള ദുഷ്ടലോകത്തിനു മുമ്പില്‍ പ്രഘോഷിക്കുവാനാണ്-നാം എങ്ങനെ അന്ധകാരത്തില്‍ നിന്നും തന്റെ അത്ഭുത പ്രകാശത്തിലേക്കു മാറ്റപ്പെട്ടു എന്നു സാക്ഷിക്കുന്നതിലൂടെ. അതാണ് ദൈവത്തിന്റെ സത്യകൃപ.


അധികാരത്തിനു കീഴടങ്ങുക


ഈ ജീവിതത്തില്‍ നമ്മുടെ പെരുമാറ്റം എങ്ങനെയായിരിക്കണമെന്നതാണ് തുടര്‍ന്നു പത്രൊസ് പറയുന്നത്: ”ജാതികളുടെ ഇടയില്‍ നിങ്ങളുടെ നടപ്പു നന്നായിരിക്കണം” (2:12). തുടര്‍ന്നു കീഴടങ്ങുന്നതിനെക്കുറിച്ചു പറയുന്നു. ദൈവത്തിന്റെ സത്യകൃപയിലായിരിക്കുന്ന ഒരു വ്യക്തി താന്‍ എവിടെ ആയിരുന്നാലും അവിടെയുള്ള അധികാരങ്ങള്‍ക്കു കീഴ്‌പ്പെടുന്നവനായിരിക്കും. കീഴടങ്ങലിന്റെ കാര്യത്തില്‍ അയാള്‍ യാതൊരു വിമുഖതയും ഒരിടത്തും കാണിക്കയില്ല. ആദാം സൃഷ്ടിക്കപ്പെടുന്നതിനു വളരെ മുമ്പു തന്നെ മത്സരം ഉത്ഭവിച്ചിരുന്നു. ദൈവത്തിന്റെ അധികാരത്തിനെതിരെ പ്രധാന ദൂതന്‍ മത്സരിച്ച് പൊടുന്നനവെ സാത്താനായിത്തീര്‍ന്നു. അതുകൊണ്ടാണ് മത്സരം ആഭിചാര ദോഷം പോലെയാണെന്നു പറയുന്നത് (1 ശമു.15:23). അതായത് ആഭിചാരം ഒരു വ്യക്തിയെ ഭൂതാത്മാക്കളുമായുള്ള ബന്ധത്തിലേക്കു നയിക്കുന്നതുപോലെ മത്സരവും ഒരു വ്യക്തിയെ അശുദ്ധാത്മാക്കളുമായുള്ള ബന്ധത്തിലേക്കു നയിക്കുന്നു. ഇതിനു നേരെ വിപരീതമായ ജീവിതത്തിലൂടെയാണ് യേശു പിശാചിനെ ജയിച്ചത്. യേശു സ്വയം താഴ്ത്തി ഭൂമിയില്‍ വന്നു പിതാവിനു സ്വയം കീഴ്‌പ്പെടുത്തി ജീവിച്ചു. അതോടൊപ്പം 30 വയസ്സു വരെ അപൂര്‍ണ്ണരായ ജോസഫിനും മറിയയ്ക്കും കീഴ്‌പ്പെട്ടു ജീവിച്ചു. കാരണം അവരായിരുന്നു ഭൂമിയില്‍ സ്വര്‍ഗ്ഗീയ പിതാവ് തന്റെ മേല്‍ ആക്കിവച്ച അധികാരികള്‍. മത്സരത്തിന്റെ ആത്മാവില്‍ നിന്നും സത്യകൃപ നമ്മുടെ പ്രാണനെ രക്ഷയിലേക്കു നടത്തുന്നു. നിങ്ങള്‍ക്ക് അധികാരത്തിനു കീഴടങ്ങാന്‍ പ്രായസമുണ്ടെന്നു കാണുന്നുവെങ്കില്‍ നിങ്ങളുടെ പ്രാണന്‍ രക്ഷിക്കപ്പടേണ്ട ആവശ്യമുണ്ടെന്ന് അറിയുക.

ക്രിസ്ത്യാനികള്‍ മാനുഷികമായ എല്ലാ അധികാരങ്ങള്‍ക്കും കീഴ്‌പ്പെടുക തന്നെ വേണം. ഉദാ: രാജാക്കന്മാര്‍, നാടുവാഴികള്‍ മുതലായവര്‍ (2:13,14). അക്കാലത്ത് നീറോ ചക്രവര്‍ത്തി ആയിരുന്നു റോമില്‍ ഭരണം നടത്തിയിരുന്നത്. ക്രിസ്ത്യാനികളെ നിഷ്‌ക്കരുണം പീഡിപ്പിക്കുകയും കൊന്നൊടുക്കുകയും ചെയ്തിരുന്ന ദുഷ്ടന്മാരില്‍ ദുഷ്ടനായ ചക്രവര്‍ത്തി. എന്നിട്ടും രാജാവിനു കീഴ്‌പ്പെടാന്‍ മാത്രമല്ല ബഹുമാനിക്കാനും കൂടി ക്രിസ്ത്യാനികളെ പത്രൊസ് പ്രബോധിപ്പിക്കുന്നു (2:17). സകല മനുഷ്യരെയും ബഹുമാനിക്കണമെന്ന് അദ്ദേഹം പറയുന്നു (2:17). വൃദ്ധരെ ബഹുമാനിക്കണമെന്നു പഴയ നിയമം പഠിപ്പിച്ചിരുന്നു (ലേവ്യ. 19:32). എന്നാല്‍ പുതിയ ഉടമ്പടിയില്‍ എല്ലാ മനുഷ്യരെയും ബഹുമാനിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു. പുതിയ ഉടമ്പടിയുടെ നിലവാരം എല്ലാ തലങ്ങളിലും വളരെ ഉയര്‍ന്നതു തന്നെ. പഴയ ഉടമ്പടിയില്‍ ദൈവത്തിനു കൊടുക്കേണ്ടത് ദശാംശം ആയിരുന്നു എങ്കില്‍ പുതിയ ഉടമ്പടിയില്‍ അതു നൂറു ശതമാനവുമാണ് (ലൂക്കൊ. 14:33). പഴയ ഉടമ്പടിയില്‍ ആഴ്ചയില്‍ ഒരു ദിവസം മാത്രമായിരുന്നു വിശുദ്ധം. പുതിയ ഉടമ്പടിയില്‍ എല്ലാ ദിവസവും വിശുദ്ധം തന്നെ. പഴയ ഉടമ്പടിയില്‍ കടിഞ്ഞൂലായ ആണ്‍കുട്ടി മാത്രം യഹോവയ്ക്കുള്ളതായിരുന്നു. പുതിയ ഉടമ്പടിയില്‍ നമ്മുടെ മക്കളെല്ലാം തന്നെ ദൈവത്തിനുള്ളതാണ്. സത്യകൃപയെ രുചിച്ചറിഞ്ഞ ഏതു മനുഷ്യനും എല്ലാവരെയും ബഹുമാനിപ്പാന്‍ ഒരു പ്രയാസവുമില്ല. നാം യേശുവിനെപ്പോലെ ദാസന്മാരാകയാല്‍ ഏതു മനുഷ്യനെയും ബഹുമാനിപ്പാനും മറ്റുള്ളവരെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നെണ്ണുവാനും (ഫിലി.2:3) പ്രയാസമില്ല.

തുടര്‍ന്ന് വേലക്കാരോട് തങ്ങളുടെ യജമാനന്മാര്‍ക്കു കീഴടങ്ങിയിരിക്കുവാന്‍ പ്രബോധിപ്പിക്കുന്നു. ദാസന്മാര്‍ യജമാനന്മാര്‍ക്കു കീഴടങ്ങിയിരിക്കണമെന്നത് എല്ലാ അപ്പൊസ്തലന്മാരും പഠിപ്പിച്ചിരുന്നു. തന്റെ ഓഫീസിലോ ഫാക്ടറിയിലോ തന്റെ അധികാരികളോട് മത്സരത്തിന്റെ ആത്മാവുമായി ഇടപെടുന്ന ഒരു ക്രിസ്ത്യാനി ക്രിസ്തുവിന്റെ ഒരു മോശം സാക്ഷിയാണ്. കലാലയത്തില്‍ അദ്ധ്യാപകരോട് മത്സര മനോഭാവത്തോടെ ഇടപെടുന്ന ഒരു ക്രൈസ്തവ വിദ്യാര്‍ത്ഥിയുടെ ക്രിസ്തീയ സാക്ഷ്യം തികച്ചും മോശമാണ്. അത്തരം ക്രിസ്ത്യാനികളൊന്നും സത്യകൃപ എന്തെന്നു ഗ്രഹിച്ചിട്ടില്ല. യേശു ഈ ലോകത്തില്‍ വന്നു 30 വര്‍ഷങ്ങള്‍ അപൂര്‍ണ്ണരായ തന്റെ മാതാപിതാക്കള്‍ക്കു കീഴടങ്ങി ജീവിച്ചു എന്ന സത്യമൊന്നും അത്തരം ക്രിസ്ത്യാനികള്‍ ഒരിക്കലും ഗ്രഹിച്ചിട്ടില്ല. നാം പഠിച്ചിരിക്കേണ്ട പാഠം തന്നെയാണിത്. വേലക്കാരേ, സകലത്തിലും നിങ്ങളുടെ യജമാനന്മാര്‍ക്കു കീഴടങ്ങിയിരിക്കുക. നിങ്ങള്‍ ജോലി ചെയ്യുന്നത് ഒരു ഓഫീസിലോ ഫാക്ടറിയിലോ ആശുപത്രിയിലോ സ്‌കൂളിലോ എവിടെയുമായിരിക്കട്ടെ. അവിടെ നിങ്ങള്‍ക്കു മേല്‍ അധികാരമുള്ള എല്ലാവരോടും ആദരവോടെ പെരുമാറേണ്ടത് ആവശ്യം തന്നെ.

നാം നമ്മുടെ കുട്ടികളെ, തങ്ങളുടെ അദ്ധ്യാപകരെ ബഹുമാനിക്കുവാനും മറ്റു കുട്ടികളുമായി ചേര്‍ന്ന് അദ്ധ്യാപകരെ കളിയാക്കാതിരിക്കുവാനും പഠിപ്പിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ദാസന്മാര്‍ തങ്ങളുടെ യജമാനന്മാര്‍ക്ക്, നല്ലവര്‍ക്കു മാത്രമല്ല അപമര്യാദയായി പെരുമാറുന്നവര്‍ക്കു കൂടി, ബഹുമാനത്തോടെ കീഴടങ്ങിയിരിക്കേണ്ടതുണ്ട്. നല്ലവര്‍ക്കും സൗമ്യതയുള്ളവര്‍ക്കും കീഴടങ്ങിയിരിക്കുവാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ദൈവത്തിന്റെ സത്യകൃപ ലഭിച്ചിരിക്കുന്ന ഏതു ക്രിസ്ത്യാനിക്കും മൂര്‍ഖന്മാരായ യജമാനന്മാര്‍ക്കും കീഴടങ്ങുവാന്‍ കഴിയും (2:18). അപ്പോഴാണ് ഒരു ക്രിസ്ത്യാനി തന്റെ വെളിച്ചം പ്രകാശിപ്പിക്കുന്നത്. എരിയുന്ന ഒരു മെഴുകു തിരിയെ സൂര്യപ്രകാശത്തില്‍ കാണാന്‍ കഴിയില്ല. എന്നാല്‍ ഇരുളില്‍ എല്ലാവര്‍ക്കും ആ പ്രകാശം കാണുവാന്‍ കഴിയും. അപ്രകാരം ഒരു ക്രിസ്ത്യാനി അന്ധകാരത്തിലൂടെ കടന്നു പോകുമ്പോളാണ് അവന്റെ പ്രകാശം ചുറ്റുപാടുകളില്‍ ജ്വലിച്ചു പ്രകാശിക്കുന്നത്.

നിങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ അതിനു ശിക്ഷിക്കപ്പെടുന്നു. അപ്രകാരം ശിക്ഷ സഹിക്കുന്നതില്‍ വലിയ മഹത്വമൊന്നുമില്ല. എന്നാല്‍ നിങ്ങള്‍ നന്മ ചെയ്തതിനു പകരമായി ശിക്ഷ സഹിക്കുമ്പോള്‍, അതു ദൈവത്തിനു പകരമായി ശിക്ഷ സഹിക്കുമ്പോള്‍, അതു ദൈവത്തിനു പ്രസാദകരം (2:20). പത്രൊസിന്റെ ലേഖനത്തിലെ മുഖ്യ പ്രമേയങ്ങളില്‍ ഒന്നാണ് അന്യായമായി കഷ്ടം സഹിക്കുന്നത്. യേശുവിന്റെ സഹനം അത്തരത്തിലുള്ള ഒന്നുതന്നെ ആയിരുന്നു എന്ന് അദ്ദേഹം പറയുന്നു. അവിടുന്ന് അന്യായമായി കഷ്ടം സഹിച്ചുകൊണ്ടു നാം പിന്തുടരേണ്ടതിന് ഒരു മാതൃക വച്ചേച്ചു പോയി. ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത തന്റെ കാല്‍ച്ചുവടു പിന്തുടരുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഒരിക്കലും ഭോഷ്‌ക്കു പറയാത്ത, ശകാരത്തിനു മറുപടി പറയാത്ത, പീഡനത്തിനു പകരം ഭീഷണി പറയാത്ത തന്റെ മാതൃക പിന്‍പറ്റുക. എല്ലാറ്റിനും ന്യായമായി വിധിക്കുന്ന ദൈവത്തിങ്കല്‍ കാര്യം ഭരമേല്പിക്കുക (2:21 -23). ഇപ്രകാരമാണ് സത്യകൃപ ലഭിച്ചിരിക്കുന്ന ഒരു ക്രിസ്ത്യാനി പെരുമാറേണ്ടത്.

യേശു തന്റെ കാല്‍ച്ചുവടു പിന്തുടരുവാന്‍ ഒരു മാതൃക വച്ചേച്ചു പോയിരിക്കുന്നു എന്ന് അവിടെ പറയുന്നു. ക്രിസ്തീയ കീര്‍ത്തനങ്ങളില്‍ ”തന്റെ പാത പന്തുടരാം” എന്ന മട്ടിലുള്ള ഒരു പ്രയോഗം ചിരപരിചിതമാണ്. എന്നാല്‍ ഇവിടുത്തെ സാഹചര്യം ശ്രദ്ധിക്കുക. ഇവിടെ പറയുന്നത് പാപം ചെയ്യാതിരിക്കുക, കള്ളം പറയാതിരിക്കുക, അന്യായമായ കഷ്ടം നിശ്ശബ്ദം സഹിക്കുക എന്നിവയാണ്. ഇതാണ് യേശുവിന്റെ കാല്‍ച്ചുവടുകള്‍. എത്ര ക്രിസ്ത്യാനികള്‍ ശിഷ്യത്വത്തെക്കുറിച്ചും യേശുവിനെ അനുഗമിക്കുന്നതിനെക്കുറിച്ചും പറയുമ്പോള്‍ ഇക്കാര്യം ഗ്രഹിച്ചിട്ടുണ്ട് എന്നു ഞാന്‍ അത്ഭുതപ്പെടുന്നു. ഇതാണ് ദൈവത്തിന്റെ സത്യകൃപ. നമ്മുടെ പാപക്ഷമയെന്നതിനെക്കാള്‍ വലിയ ഒരു സത്യമാണത്.

2:24-ന് അല്പം വിശദീകരണം കൂടി നല്‍കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: ”നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന് അവന്‍ തന്റെ ശരീരത്തില്‍ നമ്മുടെ പാപങ്ങളെ ചുമന്നു കൊണ്ട് ക്രൂശിന്മേല്‍ കയറി. അവന്റെ അടിപ്പിണരാല്‍ നിങ്ങള്‍ക്കു സൗഖ്യം വന്നിരിക്കുന്നു” എന്ന് അവിടെ നാം വായിക്കുന്നു. ”അടിപ്പിണരാല്‍ സൗഖ്യം” എന്ന ആ അവസാന പ്രയോഗം യെശയ്യാവ് 53:5-ലെ ഉദ്ധരണിയാണ്. യെശയ്യാവിന് ആത്മ പ്രേരണ നല്‍കിയ പരിശുദ്ധാത്മാവ് 1 പത്രൊസില്‍ അതിന്റെ അര്‍ത്ഥം നമ്മെ ഗ്രഹിപ്പിക്കുകയാണ്. ഈ പ്രയോഗം ശാരീരിക സൗഖ്യത്തെക്കുറിച്ചല്ല നാം നീതീമാന്മാരായിത്തീര്‍ന്ന് ആത്മീയ സൗഖ്യം പ്രാപിക്കുന്നതിനെക്കുറിച്ചത്രേ. അതേ വാക്യത്തിന്റെ ആദ്യഭാഗം അക്കാര്യത്തില്‍ നമുക്കു വ്യക്തത നല്‍കുന്നു – ”നാം പാപസംബന്ധമായി മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്.” ചിലര്‍ യേശുവിന്റെ മരണം നമുക്കു പാപക്ഷമ നല്‍കുന്നതു പോലെ രോഗശാന്തിയും നല്‍കുന്നു എന്നു പഠിപ്പിക്കുന്നു. അതു ശരിയെങ്കില്‍ വിശ്വാസത്താല്‍ പാപക്ഷമ പ്രാപിക്കുന്നതുപോലെ വിശ്വാസത്തില്‍ ശക്തരായ പലരും രോഗശാന്തി എന്തുകൊണ്ടു പ്രാപിക്കുന്നില്ല. അതു തെളിയിക്കുന്നത് ആ വേദഭാഗത്തിന് അവര്‍ നല്‍കുന്ന വ്യാഖ്യാനം തെറ്റാണെന്നാണ്. യെശയ്യാവ് 53:5-ന് പരിശുദ്ധാത്മാവ് ഇവിടെ നല്‍കുന്ന വ്യാഖ്യാനം ഇത്തരം തെറ്റായ പഠിപ്പിക്കലുകളുടെ അന്ത്യം കുറിക്കുവാനുള്ളതാണ്.


അന്യായമായ കഷ്ടം സഹിക്കുന്നത്


തുടര്‍ന്ന് പത്രൊസ്, അന്യായമായി കഷ്ടം സഹിക്കുന്ന ഭാര്യമാര്‍ക്കു മാതൃകയായി അന്യായമായി കഷ്ടം സഹിച്ച ക്രിസ്തുവിനെ ഉയര്‍ത്തിക്കാട്ടുന്നു (3:1).

”നിങ്ങള്‍ക്ക് ദൈവവചനം അനുസരിക്കാത്ത തന്നിഷ്ടക്കാരനായ ഒരു ഭര്‍ത്താവുണ്ടോ?” യേശു അപൂര്‍ണ്ണരായ വ്യക്തികള്‍ക്കു കീഴ്‌പ്പെട്ടിരുന്നതുപോലെ (2:21) നിങ്ങളും കീഴ്‌പ്പെട്ടുകൊള്ളുക (3:1). അവിവേകികളായ ഭര്‍ത്താക്കന്മാരുള്ള സഹോദരിമാര്‍ക്ക് യേശുവിനെ മാതൃകയാക്കുവാന്‍ നല്ല അവസരം ലഭിച്ചിരിക്കുന്നു. യേശു ഒരു പരാതിയോ മുറുമുറുപ്പോ കൂടാതെ ക്രൂശില്‍ അനീതി സഹിച്ചതു ശതാധിപന്‍ കണ്ടു. താനൊരിക്കലും അത്തരം ഒരു കാഴ്ച മുന്‍പ് കണ്ടിരുന്നില്ല – പല ക്രൂശീകരണത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും. ”ഇവന്‍ സത്യമായും ദൈവപുത്രന്‍” എന്ന് ഏറ്റു പറഞ്ഞുകൊണ്ട് അദ്ദേഹം ക്ഷണത്തില്‍ മാനസാന്തരപ്പെട്ടു. യേശുവിനു സമീപം കുരിശില്‍ തറയ്ക്കപ്പെട്ടു കിടന്ന കള്ളന്‍ തന്റെ ജീവിതത്തില്‍ ആദ്യമായി സംഭവിച്ച ആ കാഴ്ച കണ്ട് മാനസാന്തരപ്പെട്ട് ഇപ്രകാരം ഏറ്റു പറഞ്ഞു: ”കര്‍ത്താവേ, നീ രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെയും ഓര്‍ത്തുകൊള്ളേണമേ.” ഇപ്രകാരം നിങ്ങളുടെ വിശ്വാസിയല്ലാത്ത ഭര്‍ത്താവ് നിങ്ങളിലെ ക്രിസ്തുസ്വഭാവത്തെ കണ്ട് മാനസാന്തരപ്പെടുവാന്‍ ഇടയാകും. പത്രൊസ് പറയുന്നു: ”ഒരു വാക്കു പോലും പ്രഘോഷിക്കാതെ നിനക്ക് അവനെ നേടുവാന്‍ കഴിയും” (3:1). അനേകം ക്രൈസ്തവ ഭാര്യമാര്‍ പ്രസംഗിച്ചുകൊണ്ടു തങ്ങളുടെ ഭര്‍ത്താക്കന്മാരെ മാനസാന്തരപ്പെടുത്തുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അവര്‍ പ്രസംഗിക്കുന്തോറും തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ യേശുവില്‍ നിന്നും അകന്നു പോകുന്നു. ദയവായി നിങ്ങള്‍ പ്രസംഗം നിര്‍ത്തി കീഴടങ്ങി നോക്കു.

തുടര്‍ന്നു പത്രൊസ് സ്ത്രീകളുടെ അലങ്കാരത്തെക്കുറിച്ചു പറയുന്നു. അത് പ്രത്യേകമായി ഭംഗി വരുത്തിയ കേശാലങ്കാരങ്ങളോ, വിലകൂടിയ ആഭരണങ്ങളോ, വിലപിടിപ്പുള്ള വസ്ത്രങ്ങളോ ഇങ്ങനെ ബാഹ്യമായതല്ല, സൗമ്യതയും സാവധാനതയുമുള്ള ആന്തരിക മനുഷ്യനായിരിക്കണം (3:4). ആ സൗന്ദര്യം ഒരിക്കലും കുറയുകയോ നശിക്കുകയോ ഇല്ല. അതാണ് ദൈവം അന്വേഷിക്കുന്ന ഗുപ്തമായ മനോഹാരിത. അത് അവിടുത്തെ കാഴ്ചയില്‍ വിലയേറിയതാണ്. ഈ യഥാര്‍ത്ഥ സൗന്ദര്യത്തെക്കുറിച്ച് അധികം മനുഷ്യരും അജ്ഞരാണ്. കാരണം അവര്‍ക്കു ദൈവ പരിജ്ഞാനമില്ല.

എങ്ങനെയുള്ള സഹോദരിമാരെയാണ് വിവാഹം ചെയ്യേണ്ടത് എന്നു ചെറുപ്പക്കാര്‍ എന്നോടു ചോദിക്കുമ്പോള്‍ ഞാന്‍ അവരോടു ചോദിക്കാറുണ്ട്. ”ദൈവത്തിന്റെ ദൃഷ്ടിയില്‍ വിലയുള്ള ഒരു സഹോദരിയെയാണോ നിങ്ങള്‍ പരിഗണിക്കുന്നത്? അങ്ങനെയെങ്കില്‍ നിങ്ങള്‍ ഈ വാക്യം ശ്രദ്ധിക്കുക എന്നു ഞാന്‍ അവരോടു പറയും. ”സൗമ്യതയും സാവധാനതയുമുള്ള അക്ഷയമായ സൗന്ദര്യമുള്ള ഒരു വ്യക്തിയെ അന്വേഷിക്കുക.” എന്നു വച്ചാല്‍ നിശ്ശബ്ദയായിരിക്കുന്ന ഒരു വ്യക്തി എന്നല്ല ആത്മാവില്‍ സൗമ്യതയും നിശ്ശബ്ദതയുമുള്ള ഒരു വ്യക്തി എന്നത്രേ. എന്നുവച്ചാല്‍ അവള്‍ എത്ര സംസാരിക്കുന്നു എന്നല്ല എങ്ങനെ സംസാരിക്കുന്നു എന്നതത്രേ. എന്നിട്ടു പത്രൊസ് പറയുന്നു. ‘പണ്ടു ദൈവഭക്തരായ സ്ത്രീകള്‍ (സാറാ അബ്രഹാമിനെ) അനുസരിച്ചതുപോലെ’ (3:5,6) അനുസരിക്കുക. സൗമ്യതയും സാവധാനതയുമുള്ള ആത്മാവില്‍ അനുസരിക്കുക വഴി ഒരു സഹോദരി ദൈവത്തിന്റെ സത്യകൃപ പ്രാപിച്ചുവെന്നു നമുക്ക് അറിയാന്‍ കഴിയും.

ഒരു ഭര്‍ത്താവ് സത്യകൃപ പ്രാപിച്ചിരിക്കുന്നു എന്ന് എങ്ങനെ അറിയാന്‍ കഴിയും? പത്രൊസ് പറയുന്നത് അവന്‍ തന്റെ ഭാര്യയെ മനസ്സിലാക്കുകയും ബലഹീന പാത്രം എന്ന കരുതലോടെ അവള്‍ക്കു ബഹുമാനം കൊടുക്കുകയും ചെയ്യുമ്പോഴാണ്. അത്തരം ഒരു ഭര്‍ത്താവ് താന്‍ വഹിക്കേണ്ട ഭാരങ്ങളൊന്നും അവളുടെ മേല്‍ വയ്ക്കുകയില്ല. ഉദാഹരണമായി നിങ്ങളും നിങ്ങളുടെ ഭാര്യയും രണ്ടു പെട്ടികളുമായി യാത്ര ചെയ്യുന്നു എന്നു കരുതുക- ഒന്നു വലുതം മറ്റേതു ചെറുതും. തീര്‍ച്ചയായും വലിയ പെട്ടി നിങ്ങള്‍ തന്നെയാവും ചുമക്കുക. വീട്ടിലെ ഭാരങ്ങളുടെ കാര്യവും ഇങ്ങനെ തന്നെയാകണം. പെട്ടികളേക്കാള്‍ ഭാരമുള്ള കാര്യങ്ങള്‍ പലപ്പോഴും ഒന്നു തൊടുവാന്‍ പോലും മനസ്സു കാണിക്കാതെ ഭാര്യമാരെക്കൊണ്ടു തന്നെ ചുമപ്പിക്കുന്ന ഭര്‍ത്താക്കന്മാരുണ്ട്. ഉദാഹരണമായി പ്രഭാതത്തില്‍ ഭാര്യ പ്രഭാത ഭക്ഷണം ഉണ്ടാക്കുകയും കുഞ്ഞിനെ ശുശ്രൂഷിക്കുകയും മുതിര്‍ന്ന കുട്ടികളെ സ്‌കൂളിലയക്കാന്‍ ബദ്ധപ്പെടുകയും ഒക്കെ ചെയ്യാറുണ്ട്. ഈ സമയം ഭര്‍ത്താവ് ബൈബിള്‍ വായിച്ചു കൊണ്ട് ചാരിയിരുന്ന് തനിക്ക് ഒരു പുതിയ വെളിപ്പാട് നല്‍കണമേയെന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കുകയായിരിക്കും! അവനു കേള്‍ക്കാന്‍ കാതുണ്ടെങ്കില്‍ ആ സമയം ദൈവം അവനോടു പറയുന്നത് ‘നിന്റെ ബൈബിള്‍ അടച്ചു വച്ചിട്ടു പോയി നിന്റെ ഭാര്യയെ സഹായിക്കുക’ എന്നായിരിക്കും. ആ ശബ്ദം കേള്‍ക്കയും മനസ്സിലാക്കുകയും അനുസരിക്കുകയും ചെയ്താല്‍ ദൈവത്തിന്റെ സത്യകൃപ പ്രാപിക്കും. അപ്രകാരം ഒരുമയോടെ ജീവിക്കുന്ന ഭാര്യാ ഭര്‍ത്താക്കന്മാര്‍ ജീവന്റെ കൃപയ്ക്കു കൂട്ടവകാശികള്‍ ആകുന്ന രാജാവും രാജ്ഞിയും ആകും. ഈ തിന്മയുടെ ലോകത്തില്‍ അത്തരം ഒരു കുടുംബം ക്രിസ്തുവിനായി ഉയര്‍ത്തുന്ന സാക്ഷ്യം എത്ര ശക്തമായിരിക്കും!


വിവിധ പ്രബോധനങ്ങള്‍


3:8-11-ന്റെ ലിവിങ് ബൈബിള്‍ പരാവര്‍ത്തനം ഇപ്രകാരമാണ്: ”ഇപ്പോള്‍ നിങ്ങള്‍ എല്ലാവരോടുമായി പറയുന്നത്: നിങ്ങള്‍ ഒരു വലിയ കുടുംബം പോലെ പരസ്പരം മനസ്സലിവുള്ളവരായി ആര്‍ദ്ര ഹൃദയത്തോടെയും താഴ്മയോടെയും തമ്മില്‍ തമ്മില്‍ സ്‌നേഹിക്കണം. തിന്മയ്ക്കു പകരം തിന്മ ചെയ്യാതെയിരിക്കുക. അപമര്യാദയായി നിങ്ങളോടു സംസാരിക്കുന്നവരോട് അതേ നാണയത്തില്‍ തിരിച്ചടിക്കരുത്. പകരം അവര്‍ക്കു ദൈവം സഹായം നല്‍കേണ്ടതിന്നായി പ്രാര്‍ത്ഥിക്കുക. നാം മറ്റുള്ളവരോടു മനസ്സലിവും ദയയും കാണിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്നു. അതിലൂടെ ദൈവം നമ്മെ അനുഗ്രഹിക്കുന്നു. നിങ്ങള്‍ സന്തോഷകരമായ നല്ല ജീവിതം ആഗ്രഹിക്കുന്നുവെങ്കില്‍ ഭോഷ്‌ക്കു പറയാതെ നിങ്ങളുടെ അധരങ്ങളെ അടക്കി നിങ്ങളുടെ നാവിനെ നിയന്ത്രിക്കുക. തിന്മയ്ക്കു പകരം നന്മ ചെയ്യുക. സമാധാനത്തെ ഓടിച്ചു പിടിച്ച് സ്വന്തമാക്കി അതില്‍ ജീവിക്കുക.” ഈ പ്രബോധനങ്ങള്‍ ലളിതവും സുവ്യക്തവും വിശദീകരണം ആവശ്യമില്ലാത്തതുമാകുന്നു. എല്ലാവരും സത്യകൃപയില്‍ ജീവിക്കുന്ന സഭാജീവിതത്തിന്റെ വിശദീകരണം ഇതു തന്നെ. മറ്റു ലേഖനങ്ങളിലെന്നപോലെ പത്രൊസ് നമ്മുടെ നാവിന്റെ നിയന്ത്രണത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കുന്നു. പത്രൊസ് തുടര്‍ന്നു പറയുന്നു: ”നിങ്ങള്‍ നന്മ ചെയ്യുന്നതില്‍ ശുഷ്‌കാന്തിയുള്ളവരെങ്കില്‍ നിങ്ങള്‍ക്കു തിന്മ ചെയ്യുവാന്‍ ആര്‍ക്കു കഴിയും?(3:13). ഇതു റോമര്‍ 8:28-നോടു സമാനമായ ഒരു വാക്യമാണ്. നിങ്ങള്‍ ഇപ്രകാരം ജീവിക്കുന്നുവെങ്കില്‍ നിത്യമായ ഒരു ദോഷവും ആര്‍ക്കും നിങ്ങള്‍ക്കു ചെയ്യുവാന്‍ കഴിയില്ല.

3:15-ല്‍ പത്രൊസ് നമ്മിലെ പ്രത്യാശയെക്കുറിച്ചു ചോദിക്കുന്നവരോടു എപ്രകാരം മറുപടി പറയണമെന്നു പറയുന്നു. സൗമ്യതയോടെയും ആദരവോടെയും ആയിരിക്കണം നമ്മുടെ മറുപടി. നമ്മോട് അനാദരവോടെ സംസാരിക്കുന്നവരോടു പോലും നാം തിരികെ അനാദരവോടെ സംസാരിച്ചുകൂടാ. യേശു പറഞ്ഞു: ”ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്നില്‍ നിന്നു പഠിക്കുവിന്‍” (മത്താ. 11:29). ദൈവത്തിന്റെ സത്യകൃപ ഗ്രഹിച്ച ഒരു വ്യക്തിയുടെ അടയാളം സൗമ്യത ആയിരിക്കും. പരുഷമായി പെരുമാറുന്നവര്‍ കൃപ എന്തെന്നു ഗ്രഹിച്ചവരല്ല.

നന്മ ചെയ്യുക. നിങ്ങളെ ദുഷിക്കുന്നവര്‍ തങ്ങള്‍ ചെയ്തതു തെറ്റെന്നു തിരിച്ചറിയുമ്പോള്‍ ലജ്ജിക്കേണ്ടതിനു നല്ലതു മാത്രം ചെയ്യുക. നിങ്ങള്‍ കഷ്ടം സഹിക്കേണമെന്നതു ദൈവഹിതമാണെങ്കില്‍ തിന്മ ചെയ്യുന്നതിനെക്കാള്‍ നന്മ ചെയ്തിട്ടു കഷ്ടം സഹിക്കുക (3:16,17 ലിവിങ്). യേശുവിന്റെ കാല്‍ച്ചുവടുകളില്‍ തന്നെ അനുഗമിക്കുക എന്നു പറയുന്നതിന്റെ അര്‍ത്ഥമിതാണ്.

4:1-ല്‍ യേശു ജഡത്തില്‍ കഷ്ടം അനുഭവിച്ചതുപോലെ കഷ്ടം സഹിക്കുന്നവന്‍ പാപം വിട്ട് ഒഴിയുന്നു എന്നു പറഞ്ഞിരിക്കുന്നു. ഇവിടെ പാപം വിട്ടൊഴിയുന്നതിനെക്കുറിച്ചു പറയുന്നു എന്നതുകൊണ്ട് ഈ വാക്യം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. താന്‍ കടന്നുപോയിട്ടില്ലാത്ത വിധത്തിലുള്ള ഒരു സഹനത്തിലൂടെ നാം കടന്നു പോകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നില്ല. ഒന്നാമതായി യേശു അമ്മയായ മറിയയ്ക്കു കീഴടങ്ങി ജീവിച്ചു. ഉദാഹരണമായി ബാലനായിരുന്നപ്പോള്‍ യേശു കൂട്ടുകാരുമായി കളിക്കുമ്പോള്‍ അമ്മ വിളിച്ചു കിണറ്റില്‍ നിന്നു വെള്ളം കോരിക്കൊണ്ടു വരുവാന്‍ ആവശ്യപ്പെടുന്ന ഒരു സാഹചര്യത്തെക്കുറിച്ചു സങ്കല്പിക്കുക. അത്തരം സാഹചര്യത്തില്‍ മറ്റു കുട്ടികള്‍ ‘അല്പം കഴിയട്ടെ’ എന്നായിരിക്കും സാധാരണ പറയുക. എന്നാല്‍ യേശു സ്വന്തം ഇഷ്ടം ത്യജിച്ചുകൊണ്ട് കഷ്ടം സഹിച്ച് അനുസരണം പഠിച്ചു. സ്വന്തം ഇഷ്ടം ത്യജിക്കുക എന്ന കഷ്ടം (എബ്രാ. 5:8). മുപ്പത്തി മൂന്നര വര്‍ഷങ്ങള്‍ നീണ്ട തന്റെ കഷ്ടങ്ങള്‍ മുഴുവന്‍ അത്തരത്തിലുള്ളതായിരുന്നു. നാമും ഇതേ ആയുധം ധരിക്കുന്നു എങ്കില്‍ നമുക്കും പാപം വിട്ടൊഴിയാന്‍ സാധിക്കും. അതിനര്‍ത്ഥം ഞാന്‍ ഒരു ഉറച്ച തീരുമാനം എടുക്കുന്നു: ”കര്‍ത്താവേ ഞാന്‍ ശ്രദ്ധിക്കുന്നത് എത്രത്തോളം സ്വന്തം ഇഷ്ടം വിട്ടു കളയുന്നു എന്നതല്ല എനിക്കു പാപത്തില്‍ ജീവിക്കേണ്ട. ഞാന്‍ എന്റെ സ്വന്തം ഇച്ഛയെ മരണത്തിനേല്പിക്കുന്നു.” അത്തരം മനോഭാവമുള്ള ഒരു വ്യക്തി വേഗത്തില്‍ തന്നെ പാപം വിട്ടൊഴിയുന്നു.

അതുകൊണ്ട് ഇനി നിങ്ങള്‍ ജീവിക്കുന്നതു മനുഷ്യരുടെ മോഹങ്ങള്‍ക്കല്ല, ദൈവേഷ്ടം നിറവേറ്റുവാനാണ് (4:2). ഇതാണ് ദൈവത്തിന്റെ സത്യകൃപ. പത്രൊസിന്റെ കാലത്തേക്കാള്‍ എല്ലാറ്റിന്റെയും അവസാനം അടുത്തിരിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. അതുകൊണ്ടു പ്രാര്‍ത്ഥനയ്ക്കു സുബോധമുള്ളവരായി നാം ജീവിക്കേണ്ടതുണ്ട് (4:7).


സ്‌നേഹത്തില്‍ തീക്ഷ്ണതയുള്ളവരാകുക.


എരിവോടെ സ്‌നേഹിക്കുന്നതിനുള്ള ചില പ്രായോഗിക നിര്‍ദ്ദേശങ്ങളാണ് തുടര്‍ന്നു പത്രൊസ് നല്‍കുന്നത്. ‘എല്ലാവരോടും ക്ഷമിക്കുകയും അതിഥി സല്‍ക്കാരം ആചരിക്കയും ചെയ്യുവീന്‍’ (4:9). ദൈവത്തിന്റെ സത്യകൃപ അനുഭവിച്ചിട്ടുള്ള ഏതൊരു വ്യക്തിയും ഹൃദയവിശാലതയുള്ള ആളായിരിക്കും. അവന്റെ ഹൃദയം ദൈവമക്കള്‍ക്കു തുറന്നു കൊടുത്തിരിക്കും. അവന്റെ കൈകള്‍ ആവശ്യഭാരത്തിലായിരിക്കുന്നവര്‍ക്കു വേണ്ടി തുറന്നിരിക്കും. മറ്റുള്ളവര്‍ക്കു കൊടുക്കുമ്പോള്‍ കണക്കു കൂട്ടുന്ന ലുബ്ധന്മാരായവര്‍ ദൈവത്തിന്റെ സത്യകൃപയെ അറിയാത്തവരാണ്. ഇന്ത്യയില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് അതിഥി സല്‍ക്കാരത്തില്‍ മുന്നില്‍ നില്ക്കുന്നത്. ധനികര്‍ കൂടുതല്‍ ലുബ്ധന്മാരായിത്തീരുന്നു.

ദൈവം നിങ്ങള്‍ക്കൊരു ആത്മവരം നല്‍കിയിട്ടുണ്ടെങ്കില്‍ താഴ്മയോടെ അതില്‍ ശുശ്രൂഷിക്കുക (4:10). അതും ദൈവത്തിന്റെ സത്യകൃപയുടെ ഭാഗമാണെന്നറിയുക. നിങ്ങള്‍ ദൈവവചനം സംസാരിക്കുമ്പോള്‍ ദൈവത്തിന്റെ അരുളപ്പാടു സംസാരിക്കുന്നതുപോലെ സംസാരിക്കുക. ശുശ്രൂഷിക്കുന്നവന്‍ ദൈവം നല്കുന്ന ശക്തിക്കൊത്തവണ്ണമാകട്ടെ. എല്ലാറ്റിലും ദൈവം മാത്രം മഹത്വപ്പെടുവാന്‍ ഇടയാകട്ടെ (4:11).

ഒരു വിശ്വാസി അഗ്നിശോധനയിലൂടെ കടന്നു പോകേണ്ടി വരുന്നത് അസാധാരണമെന്നു ചിന്തിച്ചു നിങ്ങളുടെ ജീവിതത്തില്‍ അഗ്നിശോധന വരുമ്പോള്‍ ഭ്രമിച്ചു പോകരുത് (4:12). ദൈവം അതിലൂടെ നമ്മെ ശോധന കഴിക്കയാകുന്നു. ഈ ലോകം നമ്മുടെ വീടല്ല. വെള്ളത്തിനു പുറത്തേക്ക് എടുത്തിട്ട മത്സ്യങ്ങളെപ്പോലെയാണു നാം. അതുകൊണ്ടു തന്നെ നമുക്കു കഷ്ടമുണ്ട്. ദൈവത്തിന്റെ സത്യകൃപയിലായിരിക്കുന്ന ഓരോ വ്യക്തിയുടെയും അനുഭവം അതാണ്. ക്രിസ്തുവിന്റെ നാമം കാരണമായി നാം ശകാരമോ അപവാദമോ കേള്‍ക്കേണ്ടി വരുമ്പോള്‍ അതു മാന്യമാണെന്നും ഭാഗ്യമാണെന്നും കരുതുക (4:14). ഒരിക്കലും തിന്മ ചെയ്തിട്ടു തത്ഫലമായി നാം കഷ്ടം സഹിക്കുവാന്‍ ഇടയാകാതിരിക്കട്ടെ. പത്രൊസ് പറയുന്നു: ‘ആരും കൊലപാതകിയോ കള്ളനോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടത്. അന്യരുടെ കാര്യങ്ങളില്‍ ഇടപെടുന്നവനായിട്ടുമല്ല’ (4:15). അധികം ക്രിസ്ത്യാനികളും കള്ളനോ കൊലപാതകിയോ ദുഷ്പ്രവൃത്തിക്കാരനോ ആയിട്ടല്ല തങ്ങള്‍ക്കു കഷ്ടം വരുത്തി വെക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ. പരകാര്യങ്ങളില്‍ അനാവശ്യമായി ഇടപെട്ടുകൊണ്ടാണ് പലരും കഷ്ടത്തിലാകുന്നത്. ഇതു വളരെ മോശമായ ഒരു സാക്ഷ്യമാണ്. ‘സ്വന്തം കാര്യം നോക്കുക’ എന്ന ശിക്ഷണം അവര്‍ പഠിക്കേണ്ടതുണ്ട്.

അന്യരെ വിധിക്കുന്നതിനു പകരം സ്വയം വിധിക്കുവാന്‍ ഒന്നാമതായി നാം പഠിക്കുക തന്നെ വേണം (4:17). ലോകത്തിലെ മനുഷ്യര്‍ എല്ലാക്കാര്യങ്ങളിലും തങ്ങളെ ഒന്നാമതായി കാണുവാന്‍ ആഗ്രഹിക്കുന്നവരാണ്. ഒരു കാര്യത്തിലൊഴികെ – തന്നത്താന്‍ വിധിക്കുന്നതില്‍. വിധിക്കുന്ന കാര്യത്തില്‍ അവര്‍ ആദ്യമേ തന്നെ മറ്റുള്ളവരെ വിധിക്കുന്നു. ഒരു ക്രിസ്ത്യാനിയുടെ പ്രമാണം നേരെ വിപരീതമാണ്. അവന്‍ ഒരു കാര്യത്തിലൊഴികെ എല്ലാക്കാര്യങ്ങളിലും മറ്റുള്ളവര്‍ക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നു – വിധിക്കുന്നതിലൊഴികെ. അവന്‍ വിധിക്കുന്നതില്‍ ആദ്യം സ്വയം വിധിക്കുന്നു. സത്യകൃപ ലഭിച്ചവരാരും അന്യരെ വിധിക്കുന്നില്ല; മറിച്ചു സ്വയം വിധിക്കുന്നവരാണ്. എപ്പോഴും സ്വയം വിധിക്കയും മറ്റുള്ളവരെ വിധിക്കാതിരിക്കയും ചെയ്യുന്നവരാണ് ഏറ്റവും സന്തുഷ്ടരായ മനുഷ്യര്‍. ദൈവത്തിന്റെ യഥാര്‍ത്ഥ കുടുംബാംഗങ്ങളുടെ അടയാളം ഇതുതന്നെ (4:17).

തുടര്‍ന്നു പത്രൊസ് സഭയിലെ മൂപ്പന്മാരോടു സംസാരിക്കുന്നു (5:1). സത്യകൃപ അനുഭവിച്ച മൂപ്പന്മാര്‍ തങ്ങളുടെ ആടുകളെ സ്വമേധയാ സന്തോഷത്തോടെ പരിപാലിക്കുന്നവരായിരിക്കും. ദ്രവ്യാഗ്രഹത്തോടെ ആയിരിക്കയില്ല (5:2). പ്രതിഫലം കിട്ടിയാലും കിട്ടിയില്ലെങ്കിലും അവര്‍ സഭയെ ശുശ്രൂഷിക്കുന്നവരായിരിക്കും. അവര്‍ ശുശ്രൂഷിക്കുന്നതു ശമ്പളത്തിനോ സാമ്പത്തിക നേട്ടത്തിനോ വേണ്ടിയല്ല. ധനാഗമന ലക്ഷ്യത്തോടെ കര്‍ത്താവിന്റെ വേല ചെയ്യുന്ന ഒരു വ്യക്തി ഒരിക്കലും ദൈവത്തിന്റെ സത്യകൃപയെ ഗ്രഹിക്കുന്നില്ല. ദൈവഭക്തനായ ഒരു മൂപ്പന്‍ സഭാംഗങ്ങളുടെ മേല്‍ ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല. എല്ലാറ്റിലും താന്‍ സ്വയം അവര്‍ക്കൊരു മാതൃകയാകുക മാത്രമേ ചെയ്യുന്നുള്ളു (5:3). ഇടയശ്രേഷ്ഠന്‍ പ്രത്യക്ഷപ്പെടുന്ന നാളില്‍ അത്തരം മൂപ്പന്മാര്‍ മഹത്വത്തിന്റെ കിരീടം പ്രാപിക്കും.


താഴ്മയുള്ളവര്‍ക്കു ദൈവം കൃപ നല്‍കുന്നു


ചെറുപ്പക്കാരായ വിശ്വാസികള്‍ക്കും സത്യകൃപ അനുഭവമാക്കുവാന്‍ കഴിയും. അവര്‍ക്കതു അനുഭവമാകുമ്പോള്‍ അവര്‍ സന്തോഷത്തോടെ മൂപ്പന്മാര്‍ക്കു കീഴടങ്ങുന്നവരാകും (5:5). ദൈവം നിഗളികളോട് എതിര്‍ത്തു നില്ക്കുന്നു. താഴ്മയുള്ളവര്‍ക്കു കൃപ നല്‍കുന്നു. അതുകൊണ്ടു ദൈവത്തിന്റെ ബലമുള്ള കരങ്ങള്‍ക്കു കീഴില്‍ താണിരിപ്പിന്‍ (5:5,6). ദൈവത്തിന്റെ ബലമുള്ള കരങ്ങള്‍ എന്നു പറയുന്നതു ദൈവം നമ്മുടെ ജീവിതത്തില്‍ അനുവദിക്കുന്ന സാഹചര്യങ്ങളാണ്. പരുക്കനായ മേലധികാരി, ശല്യക്കാരനായ അയല്‍ക്കാരന്‍, ബുദ്ധിമുട്ടുണ്ടാക്കുന്ന ജീവിത സാഹചര്യങ്ങള്‍, സാമ്പത്തിക ഞെരുക്കം, രോഗം, ശോധനകള്‍ മുതലായവ. ഇത്തരം സാഹചര്യങ്ങള്‍ നാം അഭിമുഖീകരിക്കുമ്പോള്‍ നാം അവയ്ക്കു കീഴ്‌പ്പെട്ടു തന്നെ മുമ്പോട്ടു പോകണം. അതിനര്‍ത്ഥം അവയെ ദൈവം അനുവദിച്ചിരിക്കുന്നു എന്ന ബോധ്യത്തില്‍ പിറുപിറുപ്പോ പരാതിയോ കൂടാതെ സന്തോഷത്തോടെ അവയെ സ്വീകരിക്കണം. അപ്പോള്‍ ദൈവം നമ്മെ ഈ സാഹചര്യങ്ങള്‍ക്കു മേല്‍ ഉയര്‍ത്തുകയും നാം ജയാളികളായിത്തീരുകയും ചെയ്യും. നിങ്ങളെ ഉയര്‍ത്തേണ്ടത് എപ്പോഴാണെന്നു ദൈവം അറിയുന്നു. ആ സമയത്ത് അവിടുത്തെ ബലമുള്ള കരങ്ങള്‍ നിങ്ങളെ ഉയര്‍ത്തും. യേശു ദൈവത്തിന്റെ ബലമുള്ള കരങ്ങള്‍ക്കു കീഴില്‍ താണിരുന്നു. പിതാവിന് അവനെ തകര്‍ത്തു കളയുവാന്‍ ഇഷ്ടം തോന്നി (യെശ. 53:10). എന്നാല്‍ ഒരു ദിവസം പിതാവ് അവിടുത്തെ ഉയര്‍ത്തി. അവിടുന്ന് അതു തന്നെ നിങ്ങളിലും ചെയ്യും. അവിടുന്നു നിങ്ങളെ താഴ്ത്തുമ്പോള്‍ നിങ്ങള്‍ വിശ്വാസത്താല്‍ പിശാചിനോടു എതിര്‍ത്തു നില്‍ക്കുവാന്‍ കഴിവുള്ളവനാകും. വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നവരാകും (5:8,9). പിശാചിന് ഒരു അലറുന്ന സിംഹംപോലെ നിങ്ങളോട് അടുക്കുവാന്‍ കഴിഞ്ഞേക്കും. എന്നാല്‍ നിങ്ങള്‍ ദൈവകരങ്ങള്‍ക്കു കീഴില്‍ നിങ്ങളെത്തന്നെ താഴ്ത്തി കൊടുത്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഒരു ദോഷവും ചെയ്യുവാന്‍ അവനു കഴിയില്ല.

ഈ ആയുസ്സില്‍ നാം അഭിമൂഖീകരിക്കുന്ന എല്ലാ കഷ്ടങ്ങളും ”അല്പകാലത്തേക്കു” മാത്രമാണ് (5:10). ആ അല്പകാലം ഒരുപക്ഷേ എഴുപതു വര്‍ഷം ആകാം. എന്നാല്‍ അതോടെ ദൈവം നിങ്ങളെ പൂര്‍ണ്ണരാക്കുകയും ഉറപ്പിക്കുകയും ബലപ്പെടുത്തുകയും യഥാസ്ഥാനപ്പെടുത്തുകയും ചെയ്യും.

തുടര്‍ന്നു പത്രൊസ് പറയുന്നു. ഈ ലേഖനത്തില്‍ താന്‍ വിശദീകരിക്കുന്നതൊക്കെയും സത്യകൃപയെക്കുറിച്ചാണ് എന്ന് (5:12). വ്യാജമായ ധാരാളം കൃപകളെക്കുറിച്ചു പ്രസംഗിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ ഈ ലേഖനം സൂക്ഷ്മമായി പഠിക്കുകയും ദൈവത്തിന്റെ സത്യകൃപ എന്തെന്നു ഗ്രഹിക്കുകയും ചെയ്യേണ്ടതു വളരെ ആവശ്യമാണ്.

What’s New?