ബൈബിളിലൂടെ : 2 തെസ്സലോനിക്യര്‍

അന്ത്യകാലത്തെ അപകടങ്ങള്‍


പൗലൊസ് തെസ്സലോനിക്യര്‍ക്ക് എഴുതിയിരിക്കുന്ന ഈ രണ്ടാം ലേഖനം കര്‍ത്താവിന്റെ മടങ്ങി വരവിനെക്കുറിച്ചു കൂടി പ്രതിപാദിക്കുന്നതാണ്. ഒന്നാം ലേഖനം കര്‍ത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള പ്രത്യാശ നല്‍കി അവരെ ആശ്വസിപ്പി ക്കുവാനുള്ളതായിരുന്നു. രണ്ടാം ലേഖനം കര്‍ത്താവിന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള അവരുടെ ഇടയിലെ തെറ്റിദ്ധാരണകളും ശരിയല്ലാത്ത ആശയങ്ങളും തിരുത്തുവാനു ദ്ദേശിച്ചുള്ളതായിരുന്നു.

ഒന്നാം ലേഖനത്തില്‍ കര്‍ത്താവിന്റെ മടങ്ങിവരവിനുവേണ്ടി ഒരുങ്ങുവാന്‍ പൗലൊസ് തെസ്സലോനിക്യരെ ഉദ്‌ബോധിപ്പിക്കുന്നു. അങ്ങനെ വന്നപ്പോള്‍ ചില ക്രിസ്ത്യാനികള്‍ക്ക് ഇപ്രകാരം ഒരു ചിന്തയുണ്ടായി: ”അങ്ങനെ കര്‍ത്താവിന്റെ വരവ് പെട്ടെന്നു സംഭവിക്കുമെങ്കില്‍ നാം ജോലി ചെയ്തു സമയം കളയുന്നതെന്തിനാണ്? നാം നമ്മുടെ ജോലി രാജിവച്ച് എല്ലായിടത്തും ആളുകളോടു കര്‍ത്താവിന്റെ വരവിനെ ക്കുറിച്ചു പറയുകയല്ലേ വേണ്ടത്?” അങ്ങനെ അവര്‍ ജോലിയൊന്നും ചെയ്യാതെ മടിയന്മാരായി തങ്ങളുടെ സമയം ചെലവഴിച്ചു. അവിടെ പൗലൊസിന് അവരുടെ തെറ്റിദ്ധാരണകളെ തിരുത്തേണ്ടി വന്നു.

കര്‍ത്താവിന്റെ വരവിന്റെ തീയതിയും ദിവസവും ഒക്കെ പ്രഖ്യാപിച്ചുകൊണ്ട് ഏതെങ്കിലും മലമുകളിലോ ഒക്കെ കാത്തിരിക്കുന്ന അന്ധാരാധനാ സമൂഹങ്ങളെക്കു റിച്ച് (രൗഹെേ) നാം പത്രങ്ങളിലൊക്കെ കൂടെക്കൂടെ വായിക്കാറുണ്ട്. അത്തരം സമൂഹങ്ങളിലെ നേതാക്കന്മാര്‍ തങ്ങളുടെ അനുയായികളെ വസ്തുവകകള്‍ വില്‍ക്കുവാന്‍ പ്രേരിപ്പിക്കയും ആ പണമൊക്കെ തങ്ങളുടെ പക്കല്‍ സമാഹരി ക്കുകയും ചെയ്തിട്ടുള്ളവരായിരിക്കും. ഈ അനുയായികള്‍ കാത്തിരിപ്പുകാലം കഴിയുമ്പോഴാണ് തങ്ങള്‍ കബളിക്കപ്പെട്ടിരിക്കുന്ന വിവരം അറിയുന്നത്.

യേശു പറഞ്ഞത് തന്റെ വരവിന്റെ നാളും നാഴികയും ഒരു മനുഷ്യനും അറിയുന്നില്ല എന്നാണ്. നമുക്ക് അതിന്റെ ലക്ഷണങ്ങള്‍ കൊണ്ട് നാളടുത്തിരി ക്കുന്നുവെന്നു ഗ്രഹിക്കുവാന്‍ കഴിയും. യിസ്രായേല്‍ യെരുശലേമിനെ തിരിച്ചുപിടിക്കും (ലൂക്കൊ.21:24). അങ്ങനെ കര്‍ത്താവിന്റെ വരവ് സമീപമായിരിക്കുന്നു എന്നു നാം അറിയുന്നു. യെരുശലേമിനു ചുറ്റുമുള്ള പ്രദേശങ്ങള്‍ പ്രശ്‌ന കലുഷിതമായിരിക്കും (ലൂക്കൊ.21:20). അതുകൊണ്ട് കര്‍ത്താവിന്റെ വരവ് സമീപമായിരിക്കുന്നു എന്നു നാം അറിയുന്നു. എന്നാല്‍ കാലങ്ങളും സമയങ്ങളും അറിയുന്നതു നമുക്കുള്ളതല്ല (അ.പ്ര.1:7). അതുകൊണ്ട് ജോലി രാജിവച്ച് മലകളില്‍ കാത്തിരിക്കേണ്ടതില്ല. കര്‍ത്താവ് മടങ്ങിവരുമെന്ന് പറഞ്ഞിട്ട് 2000 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. തെസ്സലോനിക്യരുടെ ധാരണാപ്പിശകുകളെ അന്നു പൗലൊസ് തിരുത്തിയിരുന്നില്ലെങ്കില്‍ അവര്‍ മരണം വരെ പട്ടിണി കിടക്കേണ്ടി വരുമായിരുന്നു. നാം അവരെപ്പോലെ ബുദ്ധിഹീനരാകുവാന്‍ പാടില്ല.

1:4-ല്‍ കഷ്ടങ്ങളുടെ നടുവിലും വിശ്വസ്തരായിരിക്കുവാന്‍ പൗലൊസ് വിശ്വാസികളെ ആഹ്വാനം ചെയ്യന്നു. തങ്ങള്‍ ദൈവരാജ്യത്തിന് യോഗ്യരാണെന്നു തെളിയിക്കേണ്ടത് ഉപദ്രവത്തിന്റെ നടുവില്‍ വിശ്വസ്തതയും സഹിഷ്ണുതയും കാട്ടിക്കൊണ്ടാണ് (1:5). ഇതേ സമയം തന്നെ അവിശ്വാസികളെ ദൈവം നീതിയോടെ ന്യായം വിധിക്കുന്നു എന്നതിന് അതു തെളിവുമാകും. തന്റെ മക്കളെ പീഡിപ്പി ക്കുന്നവരെ ദൈവം ഒരു നാള്‍ പീഡിപ്പിക്കും, നീതിയോടെ. കര്‍ത്താവു വരുമ്പോള്‍ അവര്‍ക്കു പീഡനങ്ങളില്‍ നിന്നും വിടുതലും ആശ്വാസവും ലഭിക്കുമെന്നു പൗലൊ സ് അവരോടു പറഞ്ഞു. അതിനര്‍ത്ഥം കര്‍ത്താവിന്റെ വരവു വരെയും പീഡനം തുടരുമെന്നാണ് (1:7).
പൗലൊസ് ഇതെഴുതുമ്പോള്‍ 2000 വര്‍ഷത്തെ സഭയുടെ ചരിത്രം ക്രിസ്ത്യാനി കള്‍ക്ക് എല്ലായിടത്തും പീഡനങ്ങളും കഷ്ടവും നിറഞ്ഞതാകുമെന്ന് അറിഞ്ഞിരു ന്നില്ല. പരിശുദ്ധാത്മാവു തനിക്കു നല്‍കിയതൊക്കെയും എഴുതുക മാത്രമാണ് അദ്ദേഹം ചെയ്തത്. ഇന്നും ക്രിസ്ത്യാനികള്‍ എങ്ങും പീഡിപ്പിക്കപ്പെട്ടുകൊണ്ടി രിക്കുന്നു. 1900 വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുള്ളതിനെക്കാള്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിനുവേണ്ടി ആളുകള്‍ കൊല്ലപ്പെട്ടിരിക്കുന്നത് ഇക്കഴിഞ്ഞ നൂറു വര്‍ഷങ്ങളിലാണ് എന്നു ഞാന്‍ വായിച്ചതോര്‍ക്കുന്നു. അധികം പീഡനങ്ങളും അറിയപ്പെടാതെ പോകുന്നു. എന്നാല്‍ കര്‍ത്താവു വരുമ്പോള്‍ ”ദൈവത്തെ അറിയാത്തവര്‍ക്കും ക്രിസ്തുവിനെ അനുസരിക്കാത്തവര്‍ക്കും” ന്യായവിധി നടത്തും (1:8). ആ നാളില്‍ കര്‍ത്താവു തന്റെ വിശുദ്ധന്മാരില്‍ മഹത്വപ്പെടും (1:10).

അതുകൊണ്ട് നാം വിശ്വസ്തരെങ്കില്‍ കര്‍ത്താവിന്റെ വരവുവരെയും പീഡനം പ്രതീക്ഷിക്കണം. അക്രൈസ്തവര്‍ മാത്രമായിരിക്കില്ല നമ്മെ പീഡിപ്പിക്കുക. നമ്മുടെ ബന്ധുക്കളും നാമധേയ ക്രൈസ്തവരും ഒക്കെ അക്കൂട്ടത്തിലുണ്ടാകും. വിശ്വാസി കള്‍ എന്ന നിലയില്‍ നമ്മുടെ ഓഹരിയാണത്. കാരണം കരയില്‍ വീണ മത്സ്യത്തെപ്പോലെയാണ് നാമിന്ന്. ഈ ലോകം നമ്മുടെ ഭവനമല്ല. അതുകൊണ്ടു തന്നെ നാം ഇതിന്റെ വ്യവസ്ഥിതികളുമായി സംഘര്‍ഷത്തിലാണ്. നാം ഇവിടെ അന്യരും പരദേശികളുമാണ്. സാത്താന്റെ വ്യവസ്ഥിതിക്ക് നാം ഒരു ഭീഷണിയുമാണ്. അതുകൊണ്ട് അവന്‍ നമ്മെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ലോകത്തിന്റെ സ്‌നേഹിതന്മാരെങ്കില്‍ അതു നിങ്ങളെ ഉപദ്രവിക്കില്ല. എന്നാല്‍ അപ്പോള്‍ നിങ്ങള്‍ക്കൊരിക്കലും കര്‍ത്താവിന്റെ സാക്ഷികളാകാന്‍ കഴികയില്ല.


എതിര്‍ക്രിസ്തുവിന്റെ ഉദയം


കര്‍ത്താവിന്റെ വരവിനെ സംബന്ധിച്ച തെറ്റായ ധാരണകള്‍ തിരുത്തുന്നത് രണ്ടാം അദ്ധ്യായത്തില്‍ പൗലൊസ് തുടരുന്നു: ‘കര്‍ത്താവു വരുന്നു എന്ന മട്ടിലുള്ള ദര്‍ശനങ്ങളോ സന്ദേശങ്ങളോ ലഭിച്ചു എന്ന നിലയില്‍ ആരെങ്കിലും പറയുന്നതു കേട്ട് നിങ്ങള്‍ ഇളകിപ്പോകരുത്. അവരെ വിശ്വസിക്കരുത്.’ ഇങ്ങനെയുള്ള അവകാശ വാദങ്ങള്‍ ആളുകള്‍ ഇക്കാലത്തും നടത്തുന്നതുകൊണ്ട് ഈ മുന്നറിയിപ്പു നമുക്കും വളരെ പ്രസക്തമാണ്. അവരെ വിശ്വസിക്കരുത്. ദൈവവചനം നമുക്ക് വഴി കാട്ടിയായിട്ടുണ്ട്. അതു മതി.

അക്കാലത്ത് പൗലൊസിന്റെ പേരു വച്ച് വ്യാജലേഖനങ്ങളും കത്തുകളും ആളുകള്‍ അയയ്ക്കുന്ന പതിവുണ്ടായിരുന്നു. അക്കാലത്ത് നമുക്കുള്ളതുപോലെ പുതിയനിയമം ആളുകളുടെ കയ്യിലുണ്ടായിരുന്നില്ല.

‘കര്‍ത്താവിന്റെ നാള്‍ വന്നിരിക്കുന്നു’ എന്ന മട്ടിലുള്ള പ്രസ്താവനകള്‍ കേട്ട് നിങ്ങള്‍ സംഭ്രമിക്കരുത്” – പൗലൊസ് വിശ്വാസികളെ പ്രബോധിപ്പിച്ചു. അതായത് പൗലൊസ് പറഞ്ഞത് ഇങ്ങനെയായിരുന്നു: ”യേശു രഹസ്യത്തില്‍ വന്ന് തന്റെ വിശുദ്ധന്മാരെ ചേര്‍ത്തുകൊണ്ടുപോയി” എന്ന മട്ടില്‍ പറഞ്ഞ് ആരും നിങ്ങളെ ചതിക്കരുത്. കര്‍ത്താവിന്റെ വരവ് ഒരിക്കലും അങ്ങനെ ആയിരിക്കില്ല. ഒന്നാമതായി അനേകര്‍ ക്രിസ്തുവിലുള്ള വിശ്വാസം ത്യജിക്കുന്ന ഒരവസ്ഥ സംജാതമാകും. അതിനു ശേഷം മാത്രമേ കര്‍ത്താവിന്റെ വരവ് സംഭവിക്കൂ. ആ കൊഴിഞ്ഞുപോക്ക് – വിശ്വാസ ത്യാഗം – നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. അതു മാത്രമല്ല കര്‍ത്താവിന്റെ വരവിനു മുമ്പ് അധര്‍മ്മമൂര്‍ത്തിയായ എതിര്‍ക്രിസ്തു വെളിപ്പെടുകയും വേണം (2:3). അധര്‍മ്മമൂര്‍ത്തി പ്രത്യക്ഷപ്പെടുകയും മഹാപീഡനത്തിന്റെ കാലം പൂര്‍ത്തിയാവുകയും ചെയ്യേണ്ടതുണ്ട്. പുതിയ നിയമത്തിലുടനീളം നാം വായിക്കുന്നതു കര്‍ത്താവിന്റെ വരവ് മഹാപീഡനത്തിനു ശേഷമായിരിക്കുമെന്നു തന്നെയാണ്. അവിടുന്ന് വരുമ്പോള്‍ എല്ലാവരും തന്നെ കാണും (മത്താ.24:27-31).

രണ്ടാമദ്ധ്യായം ‘കര്‍ത്താവിന്റെ നാളിനെ’ക്കുറിച്ചു തന്നെ പറയുന്നു – അതാണ് ക്രിസ്തുവിന്റെ മടങ്ങി വരവ്. കര്‍ത്താവിന്റെ നാളും ക്രിസ്തുവിന്റെ മടങ്ങിവരവും രണ്ടും രണ്ടാണെന്നു പഠിപ്പിക്കുന്ന ചിലരുണ്ട്. കൗശലക്കാരായ ആളുകള്‍ തങ്ങളുടെ ഉപദേശങ്ങളെ സാധൂകരിക്കുവാനുള്ള വാക്യങ്ങളും കണ്ടെത്തുന്നു. അവയാല്‍ നാം വഞ്ചിക്കപ്പെട്ടു പോകരുത്. മുന്‍ ധാരണകളോടെ നാം ദൈവവചനത്തെ സമീപിക്കരുത്. നമ്മുടെ ധാരണകളെയും വിശ്വാസങ്ങളെയും ഊട്ടി ഉറപ്പിക്കുവാനല്ല നാം വചനം പഠിക്കേണ്ടത്. അങ്ങനെ നാം ചെയ്താല്‍ നാം വഞ്ചിക്കപ്പെടുവാന്‍ ദൈവം നമ്മെ അനുവദിക്കും. 2:10,11-ല്‍ പറയുന്നത് അതാണ്. സ്വന്തം അഭിപ്രായങ്ങളും ആശയങ്ങളും കൂടാതെ നാം തിരുവെഴുത്തുകളെ പഠിക്കേണ്ടതുണ്ട്. തിരുവെഴുത്തുകള്‍ തന്നെ നമ്മില്‍ ആശയവും അഭിപ്രായവും രൂപപ്പെടുത്തട്ടെ. അങ്ങനെ നാം സത്യം ഗ്രഹിക്കുവാനിടയാകും.

തങ്ങളുടെ സഭകളിലെ ഉപദേഷ്ടാക്കന്മാരില്‍ നിന്നാണ് അധികം പേര്‍ക്കും ആശയങ്ങളും അഭിപ്രായങ്ങളും ലഭിച്ചിട്ടുള്ളത്. എന്റെ വിശ്വാസ ജീവിതത്തിന്റെ പ്രാരംഭനാളുകളില്‍ ഞാനും അങ്ങനെയായിരുന്നു. കാരണം ഞാന്‍ ദൈവവചനം സൂക്ഷ്മമായി പഠിച്ചിരുന്നില്ല. എന്നാല്‍ ഞാന്‍ തുറന്ന മനസ്സോടെ ദൈവവചനം പഠിക്കുവാന്‍ തുടങ്ങിയപ്പോള്‍ എന്റെ പല മുന്‍ധാരണകളും എനിക്കു മാറ്റേണ്ടി വന്നു. അങ്ങനെ ഞാന്‍ കണ്ടെത്തിയ ഒരു സത്യമാണ് ക്രിസ്തുവിന്റെ മടങ്ങി വരവിനു മുമ്പ് എതിര്‍ക്രിസ്തു പ്രത്യക്ഷപ്പെടുമെന്നും സഭ പീഡത്തിലൂടെ കടന്നു പോകേണ്ടി വരുമെന്നുമുള്ള വചനസത്യം.

അതിനര്‍ത്ഥം നാം മഹാപീഡനത്തെ കാത്തിരിക്കണമെന്നല്ല. നാം കര്‍ത്താവിന്റെ വരവിനെ കാത്തിരിക്കുന്നു. ഗര്‍ഭിണിയായ ഒരു സ്ത്രീയോടു ”നിങ്ങള്‍ പ്രസവവേദനയെ കാത്തിരിക്കുകയാണോ?” എന്നു നാം ചോദിച്ചാല്‍ അവര്‍ പറയും. ”ഇല്ല, ഞാന്‍ എന്റെ കുഞ്ഞിന്റെ ജനനം കാത്തിരിക്കുകയാണ്” എന്ന്. തീര്‍ച്ചയായും അവള്‍ക്കറിയാം ആദ്യമുണ്ടാകേണ്ടത് പ്രസവ വേദനയാണെന്ന്. എന്നാല്‍ അവള്‍ അതിനെയല്ല പ്രതീക്ഷിക്കുന്നത്, തന്റെ കുഞ്ഞിനെയാണ്. അപ്രകാരം ഞാന്‍ എന്റെ കര്‍ത്താവിന്റെ വരവിനായി കാത്തിരിക്കുന്നു. എന്നാല്‍ കര്‍ത്താവിന്റെ സഹസ്രാബ്ദ വാഴ്ചയ്ക്കു മുമ്പായി ഒരു മഹാ പീഡനകാലവുമുണ്ടാകുമെന്ന് എനിക്കറിയാം.

ആ മഹാപീഡനത്തിന്റെ കാലയളവില്‍ എതിര്‍ക്രിസ്തു ”ദേവാലയത്തില്‍ ദൈവമായി ഇരിക്കും”(2:4). ആളുകള്‍ തന്നെ നമസ്‌ക്കരിക്കുവാന്‍ അവന്‍ നിര്‍ബ്ബന്ധിക്കും. എതിര്‍ക്രിസ്തുവിന്റെ ആത്മാവ് ഇപ്പോള്‍തന്നെ ലോകത്തില്‍ ഉണ്ടെന്ന് യോഹന്നാന്‍ അപ്പൊസ്തലന്‍ പറയുന്നു. ചില ആളുകള്‍ ഇപ്പോള്‍തന്നെ സഭയില്‍ ദൈവരൂപത്തില്‍ ഇരുന്നുകൊണ്ട് ഭരണം നടത്തുന്നു. ഇപ്രകാരം സഭയില്‍ ദൈവരൂപത്തില്‍ ഇരുന്നുകൊണ്ട് ഭരണം നടത്തുന്ന എതിര്‍ക്രിസ്തുവിന്റെ സ്വഭാവത്തെയാണ് ”അധര്‍മ്മത്തിന്റെ മര്‍മ്മം” എന്നു വിളിക്കുന്നത് – അത് ഇപ്പോള്‍ തന്നെ വ്യാപരിക്കുന്നുണ്ട്. ക്രിസ്തീയ നേതാക്കന്മാര്‍ നിങ്ങളുടെ ജീവിതങ്ങളെ നിയന്ത്രിക്കുവാന്‍ തുടങ്ങുമ്പോള്‍ അവര്‍ ദൈവത്തിന്റെ സ്ഥാനത്താണ്. നിര്‍ഭാഗ്യവശാല്‍ ഒട്ടേറെ നേതാക്കന്മാരിലും കണ്ടുവരുന്നത് ഈ എതിര്‍ക്രിസ്തുവിന്റെ ആത്മാവിനെയാണ്.

അധര്‍മ്മത്തിന് ഒരു മര്‍മ്മമുണ്ട്, ദൈവഭക്തിക്ക് ഒരു മര്‍മ്മമുള്ളതുപോലെ. ദൈവഭക്തിയുടെ മര്‍മ്മം ക്രിസ്തു ജഡത്തില്‍ വെളിപ്പെട്ടു എന്നുള്ളതാണ് (1 തിമോ.3:6). ദൈവഭക്തിയുള്ള ഒരു ജീവിതം ഭൂമിയില്‍ നിറവേറ്റാന്‍ കഴിയുമെന്നും നാം നമ്മുടെ ജീവിതംകൊണ്ട് വെളിപ്പെടുത്തുന്നു – കാരണം യേശു അങ്ങനെ ജീവിച്ചു. അധര്‍മ്മത്തിന്റെ, (പാപത്തിന്റെ) മര്‍മ്മം ‘സാത്താന്‍ ജഡത്തില്‍ വെളിപ്പെട്ടു’ എന്നതാണ്. സാത്താന്‍ നേരിട്ട് ശരീരം ധരിക്കുന്നില്ല. മറിച്ച് ക്രിസ്ത്യാനികളുടെ മനസ്സിനെയും ചിന്തകളെയും സ്വാധീനിച്ചുകൊണ്ട് ഈ ജഡത്തില്‍ ദൈവഭക്തി യുള്ളൊരു ജീവിതം സാധ്യമല്ല എന്ന് ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ അവര്‍ പാപത്തെ ലഘുവായി കണ്ടുകൊണ്ട് പാപം തങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തുന്നതായി പ്രഖ്യാപിക്കുന്നു (റോമ.6:14). അപ്രകാരം അവര്‍ സാത്താനുമായി ഏകമനസ്സാകുന്നു.

കര്‍ത്താവ് വരുമ്പോള്‍ അവിടുന്നു സാത്താനെ തന്റെ ശ്വാസത്താല്‍ ഒടുക്കിക്കളയും (2:8). എന്നാല്‍ എതിര്‍ക്രിസ്തു വെളിപ്പെടുംമുമ്പെ അവന്റെ ആത്മാവ് ലോകത്തില്‍ മുഴുവന്‍ വ്യാപരിച്ച് അവനുവേണ്ടി വഴിയൊരുക്കും – യോഹന്നാന്‍ സ്‌നാപകന്‍ യേശുവിന് വഴിയൊരുക്കിയതുപോലെ. എതിര്‍ക്രിസ്തുവിനുവേണ്ടി വഴിയൊരുക്കുന്ന ഒരു വലിയ മുന്നേറ്റം തന്നെ ഇവിടെയുണ്ടാകും. ഈ ആത്മാവ് വെളിപ്പെടുന്നത് ദുഷ്ടതയുടെയും സാത്താന്യ ശക്തിയുടെയും ദേഹീപരമായ ശക്തിയുടെയും വ്യാജമായ അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും അകമ്പടിയോടെ ആയിരിക്കും. അവസാന നാളുകളില്‍ വ്യാജമായ അത്ഭുതങ്ങളും സൗഖ്യങ്ങളും ധാരാളമായി ഉണ്ടാകും (2:9). ഇന്നു നടക്കുന്ന ‘സൗഖ്യശുശ്രൂഷാ പ്രവര്‍ത്തനങ്ങള്‍’ മുഖാന്തരം മനുഷ്യര്‍ ദൈവത്തിന്റെ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുകയും പണത്തിനുവേണ്ടി സാധുക്കളെ പിഴിയുകയും ചെയ്യുന്നു. ഇതൊക്കെ എതിര്‍ക്രിസ്തുവിന് വഴിയൊരുക്കലാണ്. യേശു രോഗികളെ സൗഖ്യമാക്കിയിരുന്നു. ഇന്നും അവിടുന്ന് ധാരാളം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഞാന്‍ തന്നെ നേരിട്ട് പലതും അനുഭവിച്ചറിഞ്ഞിരിക്കുന്നു. എന്നാല്‍ വ്യാജം അധികമധികം പെരുകിക്കൊണ്ടുമിരിക്കുന്നു. നാം ഇവയെ തമ്മില്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

തങ്ങള്‍ രക്ഷിക്കപ്പെടുവാന്‍ തക്കവണ്ണം ആളുകള്‍ സത്യത്തെ സ്‌നേ ഹിക്കാത്തതുമൂലം ദൈവം അവരുടെ മേല്‍ വ്യാജത്തിന്റെ വ്യാപാരശക്തി അയയ്ക്കുന്നു (വാ.10,11) എന്നു ബൈബിള്‍ പറയുന്നു. ഇത് പുതിയ നിയമത്തിലെ ഏറ്റവും ഭയം ജനിപ്പിക്കുന്ന വാക്യങ്ങളിലൊന്നാണ്. ദൈവം നമ്മിലെ സ്വാര്‍ത്ഥതയോ അഹങ്കാരത്തെയോ കാണിച്ചു തരുമ്പോള്‍ നമ്മെക്കുറിച്ചുള്ള ഈ സത്യങ്ങളെ അഭിമുഖീകരിക്കുവാന്‍ നമുക്ക് മനസ്സില്ലാതിരിക്കുകയും ഈ പാപങ്ങളില്‍ നിന്നും മോചനം പ്രാപിക്കുവാന്‍ താല്പര്യം ഇല്ലാതെയിരിക്കുകയും ചെയ്യുമ്പോള്‍ വഞ്ചി ക്കപ്പെടുവാന്‍ ദൈവം നമ്മെ അനുവദിക്കുന്നു. എത്ര വലിയ ദുരന്തമായിരിക്കും അത്! സാത്താന്‍ നമ്മെ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ ഹൃദയവും നമ്മെ നമ്മുടെ മോഹങ്ങളില്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്നു. ഇതിലെല്ലാം ഉപരിയായി നാം വഞ്ചിക്കപ്പെടുവാന്‍ ദൈവവും നമ്മെ അനുവദിക്കുമ്പോള്‍ പ്രത്യാ ശയില്ലാത്ത വിധം നാം നാശത്തിലേക്ക് വഴുതിവീഴുന്നു.

അതുകൊണ്ട് ദൈവം നമ്മുടെ ഭാഗത്തുണ്ടെന്ന കാര്യം നാം ഉറപ്പാക്കേണ്ടി യിരിക്കുന്നു. ദൈവം നിങ്ങളുടെ പക്ഷത്തുണ്ടായിരിക്കണമെങ്കില്‍ ദൈവം നിങ്ങളുടെ പാപങ്ങളെ കാട്ടിത്തരുമ്പോള്‍ അത് അംഗീകരിക്കുവാന്‍ തക്കവണ്ണം നിങ്ങള്‍ സത്യത്തെ സ്‌നേഹിക്കുന്നവരാകണം. ദൈവം നിങ്ങളിലെ ദുര്‍മ്മോഹത്തെയും നിഗളത്തെയും സ്വാര്‍ത്ഥതയെയും ധനസ്‌നേഹത്തെയും കാണിച്ചുതരുമ്പോള്‍ അതിനെ അംഗീകരിക്കുക. എന്നിട്ട് ഇപ്രകാരം പറയുക: ”കര്‍ത്താവേ, എനിക്ക് ഇവയില്‍ നിന്നും രക്ഷ നേടാന്‍ പൂര്‍ണഹൃദയത്തോടെ ആഗ്രഹമുണ്ട്.” നിങ്ങള്‍ നിങ്ങളെ തന്നെ നീതീകരിച്ചുകൊണ്ട് നിങ്ങളുടെ പാപങ്ങളെ മറയ്ക്കുവാനാണ് താല്പര്യപ്പെടുന്നതെങ്കില്‍ ഞാന്‍ ഉറപ്പു നല്‍കാം നിങ്ങള്‍ വ്യാജം വിശ്വസിക്കുവാന്‍ തക്കവണ്ണം ഒരു വഞ്ചനയുടെ ആത്മാവിനെ ദൈവം നിങ്ങളുടെമേല്‍ അയക്കും. നിങ്ങള്‍ കാണുന്ന വ്യാജമായ അത്ഭുതങ്ങളെ നിങ്ങള്‍ വിശ്വസിക്കും. എന്തുകൊണ്ടാണ് വ്യാജമായ അത്ഭുതങ്ങളെ അനേകം വിശ്വാസികള്‍ വിശ്വസി ക്കുന്നത്? അതിനുള്ള ഉത്തരം ഇതാണ്: തങ്ങളുടെ സ്വന്ത ജീവിതത്തിലെ പാപത്തെ അംഗീകരിക്കുവാന്‍ അവര്‍ക്ക് മനസ്സില്ല. അതില്‍ നിന്നും രക്ഷ നേടാന്‍ അവര്‍ക്ക് ആഗ്രഹമില്ല.

”എന്നാല്‍ പ്രിയ സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിക്കുവാന്‍ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നതിനാല്‍ ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നന്ദി കരേറ്റുന്നു (2:14). മുഴു സുവിശേഷത്തിന്റെയും ലക്ഷ്യം നാം കര്‍ത്താവായ യേശുവിന്റെ മഹത്വം പ്രാപിക്കുക എന്നതാണ് – തന്നിലെ കൃപയുടെയും സത്യത്തിന്റെയും പൂര്‍ണതയിലൂടെ താന്‍ വെളിപ്പെടുത്തിയ തന്റെ മഹത്വം (യോഹ.1:14).


അന്തിമ ഉപദേശങ്ങള്‍


3:6-11 ല്‍ ”ക്രമംകെട്ട് അലസമായി ജീവിക്കുന്ന സഹോദരന്മാരില്‍ നിന്നും അകന്നുകൊള്ളണം” എന്നു പൗലൊസ് മുന്നറിയിപ്പു നല്‍കുന്നു. താന്‍ എങ്ങനെ അവരുടെ നടുവില്‍ ജീവിച്ചു എന്ന കാര്യം അദ്ദേഹം അവരെ ഓര്‍മ്മിപ്പിക്കുന്നു. അവരില്‍ നിന്നും ഒരിക്കലും സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കാതെ പൗലൊസ് സ്വന്തകൈകൊണ്ട് വേല ചെയ്ത് അദ്ധ്വാനിച്ചു. തന്റെ ഭക്ഷണത്തിനും താന്‍ പ്രതിഫലം നല്‍കി. ഒരു ദൈവദാസന്‍ എന്ന നിലയില്‍ എത്ര ഉത്തമമായ ഒരു മാതൃക! തങ്ങള്‍ക്കു ലഭിക്കുന്ന ആഹാരത്തിനുകൂടി പ്രതിഫലം നല്‍കണമെന്നു ചിന്തിക്കുന്ന മുഴു സമയ സുവിശേഷപ്രവര്‍ത്തകര്‍ ഇന്നും തുലേം വിരളമാണ്. എന്നാല്‍ പൗലൊസ് തികച്ചും വ്യത്യസ്തനായിരുന്നു. ഇതിന്റെയര്‍ത്ഥം തന്നെ സ്വീകരിച്ച് തനിക്കൊരു നേരം ഭക്ഷണം തന്ന് ആതിഥ്യമര്യാദ കാണിക്കുന്ന വിശ്വാസികള്‍ക്കെല്ലാം താന്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ വില പൗലൊസ് നല്‍കിയിരുന്നു എന്നല്ല. പൗലൊസ് ദീര്‍ഘകാലം താമസിച്ചിരുന്ന ആ കാലയളവില്‍ തനിക്ക് ഭക്ഷണമുണ്ടാക്കിത്ത ന്നവരുടെ നല്ല മനസ്സിനെ അദ്ദേഹം ചൂഷണം ചെയ്തില്ല എന്നു മാത്രമേയുള്ളു. താന്‍ കര്‍ത്താവിന്റെ ദാസന്‍ എന്ന നിലയിലായിരുന്നു അവര്‍ക്കു ശുശ്രൂഷ ചെയ്തത്. അതുകൊണ്ടുതന്നെ അവരുടെ പക്കല്‍ നിന്നു ഭക്ഷണം സ്വീകരിക്കുവാനുള്ള അവകാശവും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയുള്ള അവകാശവും സ്വാതന്ത്ര്യവുമൊന്നും അദ്ദേഹം ദുരുപയോഗിച്ചില്ല. തനിക്കു നല്‍കിയ ഭക്ഷണത്തിന് അദ്ദേഹം പ്രതിഫലം നല്‍കി. അദ്ദേഹം രാവും പകലും കൂടാരങ്ങള്‍ നിര്‍മ്മിക്കുന്ന പണിയില്‍ അദ്ധ്വാനിച്ചു പണം സമ്പാദിക്കുകയും തങ്ങളുടെ ചെലവുകള്‍ക്കുവേണ്ടി അതില്‍ നിന്നു നല്‍കുകയും ചെയ്തു. നമുക്ക് പിന്തുടരുവാന്‍ എത്ര നല്ല മാതൃക! കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസന്‍ മറ്റുള്ളവരോട് തന്നെ അനുഗമിക്കാന്‍ പറയുവാ നുള്ള സാക്ഷ്യമുള്ള ആളായിരിക്കണം.

അവിടെയുള്ള ചില വിശ്വാസികള്‍ ക്രമംകെട്ടു നടക്കുകയും സ്വന്തം ഉപജീവനത്തിനുവേണ്ടി ജോലി ചെയ്യാതിരിക്കുകയും ചെയ്തതു കൊണ്ടാണ് പൗലൊസിനു തന്റെ ജീവിതമാതൃകയെ എടുത്തുപറയേണ്ടി വന്നത്. ”കര്‍ത്താവു വേഗം വരുന്നതുകൊണ്ടു നമുക്കു നമ്മുടെ ജോലി വിട്ടുകളഞ്ഞ് സുവിശേഷ പ്രസംഗം ത്വരിതപ്പെടുത്താ”മെന്ന് ഒരു പക്ഷേ ചിലര്‍ തെറ്റായി ചിന്തിച്ചിരിക്കാം. അങ്ങനെ ഒടുവില്‍ അവര്‍ ദിവസംമുഴുവനും വെറുതെയിരിക്കുന്ന സ്ഥിതിയിലെത്തി- ഇന്ന ത്തെ അനേക സുവിശേഷകരെയും പോലെ. ഇത് അവരെ മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നവരാക്കി.

അതുകൊണ്ട് പൗലൊസ് അവര്‍ക്കുവേണ്ടി ഒരു പ്രമാണമുണ്ടാക്കി. ”വേല ചെയ്യാത്തവന്‍ ഭക്ഷണം കഴിക്കരുത്. അങ്ങനെയുള്ളവരോടു ഞങ്ങള്‍ കര്‍ത്താവില്‍ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നത്. സാവധാനത്തോടെ വേല ചെയ്ത് അഹോ വൃത്തി കഴിക്കണം എന്നത്രേ” (3:10,12).

നിങ്ങള്‍ കര്‍ത്താവിന്റെ ഒരു മുഴുസമയ വേലക്കാരനെങ്കില്‍ ജോലിക്കാരായ മറ്റുള്ളവരേക്കാള്‍ കഠിനമായി അദ്ധ്വാനിക്കണം. ഒരു പക്ഷേ പൗലൊസിനെപ്പോലെ നിങ്ങളുടെ സമ്പാദ്യം നിങ്ങളുടെ ആവശ്യങ്ങള്‍ക്കു തികയാതെ വന്നേക്കാം. ഒരു പക്ഷേ സഹവിശ്വാസികളുടെ കൈത്താങ്ങല്‍ കൊണ്ടായിരിക്കാം നിങ്ങള്‍ നിലനില്‍ക്കുന്നത്. അങ്ങനെയെങ്കില്‍ നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കുക: രാവിലെ എട്ടു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ വീട്ടില്‍നിന്നു പുറത്തുപോയി തങ്ങളുടെ ജീവസന്ധാരണത്തിനുവേണ്ടി എന്റെ സഭാംഗങ്ങള്‍ക്ക് അദ്ധ്വാനിക്കേണ്ടി വരുന്നു. അവരോടൊപ്പം എന്നെയും അവര്‍ കൈത്താങ്ങുന്നു. ഞാന്‍ അവരേപ്പോലെ അദ്ധ്വാനിക്കുന്നുണ്ടോ? അതുപോലെയുള്ള അദ്ധ്വാനമൊന്നും നിങ്ങളുടെ ഭാഗത്ത് ഉണ്ടാകുന്നില്ലെങ്കില്‍ നിങ്ങള്‍ അവരില്‍ നിന്നും കൈത്താങ്ങല്‍ പ്രതീക്ഷിക്കുന്നത് ശരിയല്ല. ഒരു യഥാര്‍ത്ഥ ദൈവദാസന്‍ കാലത്തു മുതല്‍ രാത്രിവരെ അദ്ധ്വാനിക്കുന്ന വ്യക്തിയായിരിക്കണം. ക്രൈസ്തവ ലോകത്ത് കണ്ടുവരുന്ന ഒരു വലിയ പ്രശ്‌നം ലൗകികമായ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെപ്പോലെ മുഴു സമയ ശുശ്രൂഷകന്മാര്‍ അദ്ധ്വാനം ചെയ്യുന്നില്ല എന്നതാണ്.

ഒടുവില്‍ പൗലൊസ് ഇപ്രകാരം പറയുന്നു: ”ഞങ്ങളുടെ ഈ ലേഖനത്തില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാത്തവരെ അവര്‍ക്കു ലജ്ജ തോന്നേണ്ടതിന് ഒഴിവാക്കി നിര്‍ത്തുക. അങ്ങനെയുള്ളവരോട് കൂട്ടായ്മ അരുത്. എങ്കിലും ഒരു ശത്രുവായി കണക്കാക്കാതെ സഹോദരനെപ്പോലെ ബുദ്ധി പറയുക” (3:14,15). ദൈവവിളി ഇല്ലാതെ സ്വന്തം അഹോവൃത്തി ലക്ഷ്യം വച്ചു കൊണ്ടു മുഴുസമയ വേലക്കാരായിത്തീര്‍ന്ന അലസരായ സുവിശേഷ വേലക്കാര്‍ക്ക് നാം കൂട്ടായ്മ നല്‍ക രുത്. ഭാരതത്തില്‍ അത്തരക്കാര്‍ ആയിരക്കണക്കിനുണ്ട്. നാം അവരെ ശത്രുക്കളായി കാണുന്നില്ല. എങ്കിലും നമുക്ക് അവരോട് കൂട്ടായ്മയില്ല. ബുദ്ധിയുപദേശം മാത്രമേയുള്ളു.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളൊക്കെ ഗൗരവമായി പരിഗണിക്കുവാന്‍ കര്‍ത്താവു നമ്മെ സഹായിക്കട്ടെ. കര്‍ത്താവിന്റെ രണ്ടാം വരവിനായി ഒരുങ്ങുന്നവരെന്ന നിലയില്‍ ഇക്കാര്യങ്ങളെല്ലാം തന്നെ വളരെ പ്രാധാന്യമര്‍ഹിക്കുന്നതുകൊണ്ട് നമുക്ക് ഇവയെ ഗൗരവമായി എടുക്കാം.