ബൈബിളിലൂടെ : 3 യോഹന്നാന്‍

നല്ല മൂപ്പനും മോശം മൂപ്പനും


ഈ ലേഖനം ഒരു നല്ല മൂപ്പനേയും ഒരു മോശം മൂപ്പനേയും സംബന്ധിച്ചുള്ളതാണ്. ഒരു നല്ല മൂപ്പന്‍ ദെമേത്രിയൊസും (1:12). മോശം മൂപ്പന്‍ ദിയൊത്രെഫേസും (1:9) ആണ്. ഈ ലേഖനം ദൈവവേല സംബന്ധിച്ച ചില അടിസ്ഥാന പ്രമാണങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു – പ്രത്യേകിച്ച് പണ സംബന്ധമായ കാര്യങ്ങളില്‍. ഈ ലേഖനം ഗായോസ് എന്നൊരു സഹോദരനാണ് യോഹന്നാന്‍ എഴുതുന്നത്.


സമൃദ്ധിയുടെ സുവിശേഷത്തിന്റെ ചതി


1:2ല്‍ യോഹന്നാന്‍ പറയുന്നു ”പ്രിയനേ, നിന്റെ ആത്മാവ് ക്ഷേമമായിരിക്കുന്നതുപോലെ എല്ലാ കാര്യങ്ങളിലും നീ ക്ഷേമവും ആരോഗ്യവുമുള്ളവനായിരിക്കണമെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” സാധാരണ നാം ഒരു സ്‌നേഹിതനു കത്ത് എഴുതുമ്പോള്‍ ”നിന്റെ കച്ചവടം നന്നായി നടക്കുന്നുവെന്നും നീ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും വിശ്വസിക്കുന്നു.” എന്ന് എഴുതുന്നതുപോലെ മാത്രമാണിതും. എന്നാല്‍ ഈ വാക്യത്തെ സമൃദ്ധിയുടെ സുവിശേഷം പ്രസംഗിക്കുന്നവര്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. എല്ലാ വിശ്വാസികളും സമ്പന്നരും, ഒരസുഖവുമില്ലാതെ ആരോഗ്യമുള്ളവരും ആയിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു എന്നു ദൈവം നേരിട്ട് ഈ വാക്യത്തിലൂടെ പറയുന്നു എന്നാണ് അവര്‍ വ്യാഖ്യാനിക്കുന്നത്. ഓരോരുത്തര്‍ക്കും ആവശ്യമായ തരത്തില്‍ ദൈവവചനത്തിന്റെ അര്‍ത്ഥം വായിച്ചെടുക്കുവാന്‍ ഒട്ടും പ്രയാസമില്ല. അത്തരം വിഡ്ഢിത്തരങ്ങള്‍ക്കുള്ള ഉത്തമ ഉദാഹരണമാണ് ഈ വാക്യത്തിന് അവര്‍ നല്‍കുന്ന വ്യാഖ്യാനം.

മുന്‍പ് നാം പറഞ്ഞതനുസരിച്ച് വേദപുസ്തകത്തിലെ ഒരു വാക്യത്തിന്റെ അര്‍ത്ഥം ശരിയായി മനസ്സിലാക്കണമെങ്കില്‍ ‘ആത്മീയ നിഘണ്ടു’ നോക്കണം – അതായത് ജഡത്തില്‍ വന്ന യേശുവിനെ നോക്കണം. യേശു ധനികനായിരുന്നുവോ? ഒരിക്കലുമല്ല. തനിക്കു തല ചായ്ക്കാന്‍ ഒരിടമില്ലെന്ന് അവിടുന്നു പറഞ്ഞിട്ടുണ്ട്. യേശു ഒരിക്കല്‍ തന്റെ പ്രസംഗത്തില്‍ ഒരു വിഷയം വ്യക്തമാക്കുവാന്‍ ഒരു നാണയം ആവശ്യമായി വന്നപ്പോള്‍ തന്റെ പക്കല്‍ അതില്ലാത്തതിനാല്‍ മറ്റൊരാളോട് വാങ്ങുകയാണ് ചെയ്തത്. തനിക്കു നികുതി നല്‍കുന്നതിനു പണം ഇല്ലാഞ്ഞിട്ട്, പത്രൊസിനോട് അവര്‍ പിടിക്കുന്ന മത്സ്യത്തിന്റെ വായില്‍ കാണുന്ന നാണയം ഉപയോഗിച്ച് തങ്ങളുടെ നികുതി കൊടുക്കുവാന്‍ ആവശ്യപ്പെട്ടു. ഇതെല്ലാം വ്യക്തമാക്കുന്നത് ദൈവമക്കളെല്ലാം സമ്പന്നരാകണമെന്നതു ദൈവഹിതമല്ലെന്നാണ്. അതിനാല്‍ തീര്‍ച്ചയായും ആ വാക്യത്തിന്റെ അര്‍ത്ഥം അതല്ല.

ദൈവവേല ചെയ്യുവാന്‍ തക്കവണ്ണം യേശു ആരോഗ്യമുള്ളവനായിരുന്നുവോ? തീര്‍ച്ചയായും അതെ. എന്നാല്‍ വേദപുസ്തകം തന്നെ പറയുന്നു: അവിടുന്നു ”രോഗം ശീലിച്ചവനായിരുന്നു”(യെശ. 53:3). ദൈവവേല ചെയ്യുവാന്‍ നമുക്കു ആരോഗ്യം വേണം. എന്നാല്‍ തന്റെ വേലക്കാര്‍ക്ക് ഒരിക്കലും അസുഖം വരികയില്ലെന്നു യേശു പഠിപ്പിച്ചിട്ടില്ല. പൗലൊസും തിമൊഥെയോസും ആദ്യ നൂറ്റാണ്ടിലെ ഏറ്റവും വിലപ്പെട്ട ദൈവദാസന്മാരായിരുന്നു. എന്നാല്‍ ദൈവം പൗലൊസിനു സൗഖ്യം നല്‍കാതെ ”ജഡത്തില്‍ ഒരു ശൂലവുമായി” ജീവിക്കുവാന്‍ അനുവദിച്ചു (1 കൊരി. 12:7). തിമൊഥെയൊസ് തന്റെ ഉദരരോഗവുമായി ജീവിച്ചു (1 തിമൊ. 5:23).

അതിനാല്‍ നമ്മുടെ ആത്മീയ നിഘണ്ടു പലവിധ വ്യാജ ഉപദേശങ്ങളില്‍ നിന്നു നമ്മെ രക്ഷിക്കും. 1:4 വാക്യം മഹത്തായ ഒന്നാണ് – ”എന്റെ മക്കള്‍ സത്യത്തില്‍ നടക്കുന്നുവെന്നു കേള്‍ക്കുന്നതിലധികം സന്തോഷം എനിക്കു വേറെയില്ല.” ഇതാണ് എല്ലാ പിതാക്കന്മാരും ആത്മീയ പിതാക്കന്മാരും (സഭയിലെ മൂപ്പന്മാര്‍) തങ്ങളുടെ ഏറ്റവും വലിയ സന്തോഷമായി കാണേണ്ടത്. എന്നാല്‍ പല ക്രിസ്തീയ പിതാക്കന്മാരും നിര്‍ഭാഗ്യവശാല്‍ അവരുടെ മക്കള്‍ക്കു നല്ല വരുമാനമുണ്ടെന്നതിലാണ് സന്തോഷിക്കുന്നത്. യോഹന്നാന്റെ ഏറ്റവും വലിയ സന്തോഷം താന്‍ ശുശ്രൂഷിച്ചവര്‍ സത്യത്തില്‍ നടക്കുന്നുവെന്ന് അറിയുന്നതാണ്.

നമ്മുടെ ഭവനത്തില്‍ ചിലരെ കയറ്റരുതെന്ന മുന്നറിയിപ്പ് യോഹന്നാന്‍ നല്‍കുന്നത് നാം 2 യോഹന്നാനില്‍ കണ്ടു. എന്നാല്‍ ഇവിടെ അദ്ദേഹം പറയുന്നത് ചിലരെ നമ്മള്‍ ഭവനത്തില്‍ സ്വീകരിച്ചു സത്കരിക്കണമെന്നാണ്. ഗായോസ് തന്റെ ഭവനത്തിലേയ്ക്കു സഹോദരന്മാരെ സ്വീകരിച്ച് അവരെ അവിടെ പാര്‍പ്പിച്ചു. അവരില്‍ ചിലരെ അയാള്‍ ആദ്യം കാണുകയാണ്. എങ്കിലും ഈ കാര്യത്തില്‍ ഗായോസ് വിശ്വസ്തനായിരുന്നു. ആ കാലത്ത് സഞ്ചാരികളായ സുവിശേഷകര്‍ ഉണ്ടായിരുന്നു. അവര്‍ പോകുന്ന പ്രദേശത്തെ വിശ്വാസികളുടെ ആതിഥ്യം സ്വീകരിക്കുകയാണ് പതിവ്. നാം നമ്മുടെ ഭവനത്തില്‍ ആരെയാണ് സ്വീകരിച്ചു പാര്‍പ്പിക്കേണ്ടതെന്നു വളരെ ശ്രദ്ധേയോടെ പരിശോധിക്കണം. കാരണം വിശ്വാസികളെ മുതലെടുക്കുന്ന ചില സുവിശേഷകരുണ്ട്. ആതിഥേയനായ സഹോദരനു പരിചയമുള്ള ഒരു സഹോദരന്‍ അതിഥിയായി വരുന്ന സുവിശേഷകനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള കത്ത് ആതിഥേയനായ സഹോദരനു നല്‍കണം. ഇങ്ങനെയൊരു സമ്പ്രദായം ആ കാലഘട്ടത്തില്‍ ഉണ്ടായിരുന്നു.

അത്തരം സുവിശേഷകന്മാരെ ശുശ്രൂഷയ്ക്കു ”ദൈവത്തിനു യോഗ്യമാം വണ്ണം” യാത്രയയക്കണമെന്നു യോഹന്നാന്‍ ഗായോസിനോട് ശുപാര്‍ശ ചെയ്യുന്നു. ഇന്നത്തെ രീതിയില്‍ അതിന്റെ അര്‍ത്ഥം, അവരുടെ തുടര്‍ യാത്രയ്ക്കുള്ള ടിക്കറ്റെടുത്തു നല്‍കുന്നതോടൊപ്പം യാത്ര ചെലവിന് അല്പം പണവും ഭക്ഷണവും നല്‍കി യാത്രയയക്കണമെന്നാണ്. ആദിമ നൂറ്റാണ്ടില്‍ വേതനം കൈപ്പറ്റുന്ന സുവിശേഷകര്‍ ഉണ്ടായിരുന്നില്ല. ക്രീസ്തീയ ലോകത്ത് ഈയൊരു മോശം സമ്പ്രദായം തുടങ്ങിയത് പിന്നീടു വളരെ നാളുകള്‍ക്കു ശേഷമാണ്. എന്നാല്‍ ആദ്യ നാളുകളില്‍ ദൈവവേലയ്ക്കായി വിളിക്കപ്പെട്ട യഥാര്‍ത്ഥ ദൈവദാസന്മാര്‍ അവരുടെ എല്ലാ ആവശ്യങ്ങള്‍ക്കും ദൈവത്തില്‍ മാത്രമാണ് ആശ്രയിച്ചത്. അവര്‍ക്കുള്ള പണം സ്വര്‍ഗ്ഗത്തില്‍ നിന്നു വര്‍ഷിക്കുകയായിരുന്നില്ല. മറ്റ് വിശ്വാസികളിലൂടെ അവര്‍ക്കു പണം നല്‍കപ്പെട്ടു. എന്നാല്‍ അവര്‍ പണത്തിനു വേണ്ടി ആവശ്യപ്പെടുകയോ യാചിക്കുകയോ ചെയ്തില്ല. മുന്‍പേ ദൈവരാജ്യം അന്വേഷിച്ചുകൊണ്ട് അവര്‍ സുവിശേഷം അറിയിച്ചു. അവരുടെ ആവശ്യങ്ങള്‍ക്കു സഹായം ചെയ്തു കൊടുക്കുവാന്‍ ചില വിശ്വാസികളുടെ ഹൃദയങ്ങളെ ഒരുക്കുന്നതിന് അവര്‍ ദൈവത്തില്‍ ആശ്രയിച്ചു.


ദൈവവേലയും പണവും


1:7ല്‍ നാം ഇങ്ങനെയും കാണുന്നു. ആ കാലഘട്ടത്തില്‍ പ്രസംഗകര്‍, ”ക്രിസ്ത്യാനികളല്ലാത്തവരില്‍ നിന്നും ഒരു പണവും വാങ്ങിയില്ല.” യോഹന്നാന്‍ 65 വര്‍ഷം കൃത്യമായി പാലിച്ച ഒരു ദൈവിക പ്രമാണമാണ് ഈ വാക്യം വ്യക്തമായി പഠിപ്പിക്കുന്നത്. ഒരു ദൈവ മനുഷ്യന്‍ സുവിശേഷ പ്രസംഗത്തിനായി അവിശ്വാസികളില്‍ നിന്നും പണം സ്വീകരിക്കരുതെന്നാണ് ആ പ്രമാണം. ഇന്നത്തെ പല സുവിശേഷ പ്രസംഗകരും ഇതില്‍ നിന്ന് എത്ര വ്യത്യസ്തരാണെന്നുള്ളത് സങ്കടകരമായ വസ്തുതയാണ്. അവിശ്വാസികളോട് സൗജന്യമായി ലഭിക്കുന്ന ദൈവത്തിന്റെ രക്ഷയെപ്പറ്റി സംസാരിക്കുന്നതിനു മുന്‍പ് അവര്‍ പണം ശേഖരിക്കുന്നതിനുള്ള സഞ്ചി കൊണ്ടു നടക്കുന്നു. നിങ്ങള്‍ക്കു ”സുവിശേഷം കേള്‍ക്കണമെങ്കില്‍ അതിനു മുന്‍പ് എനിക്കുള്ള കൂലി തരണം” എന്നു പറയുന്നതുപോലെയാണിത്. സുവിശേഷം കേള്‍ക്കുന്ന അവിശ്വാസി അതിനുള്ള കൂലി നല്‍കേണ്ടതുണ്ടോ? ദൈവത്തിനു എന്തൊരു അപമാനമാണിത്. ഈ പണം എന്തിനു വേണ്ടിയാണ് അവര്‍ ശേഖരിക്കുന്നത്? പ്രസംഗകര്‍ പറയും ”ദൈവ വേലയ്ക്കുള്ള സഹായമാണിത്.” ഈ വിജാതിയര്‍ ദൈവത്തിന്റെ വേലയ്ക്കു സഹായം ചെയ്യണമെന്നു സ്വര്‍ഗ്ഗത്തിലെ ദൈവം ആഗ്രഹിക്കുന്നുണ്ടോ? അത് ബാബിലോണിന്റെ ആത്മാവാണ്. അത് യഥാര്‍ത്ഥ ദൈവസഭയല്ല. പണം ശേഖരിക്കാതെ ഒരു ക്രിസ്തീയ പൊതുയോഗം കാണുവാന്‍ ഇന്നും വളരെ പ്രയാസമാണ്. എന്നു മാത്രമല്ല പണം ശേഖരിക്കുക എന്നത് ഇത്തരം യോഗങ്ങളുടെ ഒരു പ്രധാന പരിപാടിയായി മാറിയിട്ടുണ്ട്. എന്നാല്‍ ആദിമ നൂറ്റാണ്ടില്‍ പ്രസംഗകര്‍ ഒരു ചില്ലിക്കാശുപോലും അവിശ്വാസികളില്‍ നിന്നും കൈപ്പറ്റിയിരുന്നില്ല.

ദൈവവേലയ്ക്കു വേണ്ടി സഹായം നല്‍കുക എന്നത് ദൈവമക്കള്‍ക്കുള്ള അഭിമാനകരമായ അവകാശമാണ്. മറ്റാര്‍ക്കും ആ അവകാശമില്ല. എന്റെ കാര്യമെടുത്താല്‍, എന്റെ ദൈവവേലയില്‍ എന്നെ സഹായിച്ചുവെന്ന് ഒരു അവിശ്വാസിക്കും അന്തിമനാളില്‍ ദൈവസന്നിധിയില്‍ പറയുവാന്‍ സാധിക്കുകയില്ല. കഴിഞ്ഞ 50 വര്‍ഷത്തെ എന്റെ ക്രിസ്തീയ വേലയില്‍ ഞാന്‍ അവിശ്വാസികള്‍ നല്‍കുന്ന പാരിതോഷികങ്ങള്‍ നിരന്തരം നിരസിച്ചിട്ടുണ്ട്. ചില അവസരങ്ങളില്‍ അവിശ്വാസികളായവര്‍ ഞങ്ങളുടെ സഭയിലേയ്ക്കു പണം അയച്ചു തന്നിട്ടുണ്ട്. അത് ഒരു അവിശ്വാസിയില്‍ നിന്നാണെന്നു മനസ്സിലായാല്‍ ഉടന്‍ ആ തുക അവര്‍ക്കു നന്ദിയോടെ മടക്കി അയയ്ക്കുകയും അവരോട് നമ്മുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മറ്റ് ചില അവസരത്തില്‍ ആ തുക ഉപയോഗിച്ച് ക്രിസ്തീയ ബുക്കുകള്‍ വാങ്ങി അവര്‍ക്കു അയച്ചു കൊടുക്കാറുമുണ്ട്. അവിശ്വാസികളുടെ ചില്ലിക്കാശുപോലും നാം നിരസിക്കുന്നു. ഈ കാര്യത്തില്‍ നാം ദൈവത്തോട് അങ്ങേയറ്റം വിശ്വസ്തരായിരിക്കണം. ദൈവം തന്റെ വേലയ്ക്ക് ആവശ്യമുള്ള പണം തന്റെ മക്കളിലൂടെ ലഭ്യമാക്കും. തന്റെ വേലയ്ക്കായി പിശാചിന്റെ പണം അവിടുന്ന് ആഗ്രഹിക്കുന്നില്ല.

വേദപുസ്തകം പറയുന്നു: ‘ലോകം മുഴുവന്‍ ദുഷ്ടന്റെ അധികാരത്തില്‍ ആണെ ന്ന്’ (1 യോഹ. 5:19). വീണ്ടും ജനിക്കാത്തവര്‍ ദുഷ്ടന്റെ മക്കളാണ്. ഏതെങ്കിലും ഒരു രാജ്യത്തിന്റെ ശത്രുവിനെ നേരിടുന്നതിനുള്ള പണം ആ ശത്രുവില്‍ നിന്നു തന്നെ വാങ്ങുമോ? എന്നാല്‍ ഇന്നുള്ള പല ഭോഷന്മാരായ പ്രസംഗകരും ചെയ്യുന്നത് അതാണ്. അവര്‍ ഒരു അവിശ്വാസിയോട് അവന്‍ പിശാചിന്റെ മകനാണെന്നു പറയും. പിന്നീട് അയാളോട് ഇങ്ങനെയും പറയും. ”നീ എനിക്കു അല്പം പണം തരിക; ഞാന്‍ നിന്നെ പിശാചില്‍ നിന്നും മോചിപ്പിക്കാം.” വിഡ്ഢിത്തത്തിന്റെയും ചതിയുടെയും അങ്ങേയറ്റമാണിത്. എന്നാല്‍ ഇന്നു ക്രിസ്തീയ ലോകത്തിലെ മിക്കവാറും എല്ലാം വിഭാഗങ്ങളിലും ഈ രീതി വ്യാപകമായിരിക്കുന്നു. അവര്‍ ദൈവവചനം പഠിക്കാത്തതിനാല്‍ പണം ഉപയോഗിക്കുന്നത് സംബന്ധിച്ച് ഒരു ദൈവികപ്രമാണം അവര്‍ അറിയുന്നില്ല. അവര്‍ ബൈബിള്‍ കോളേജുകളില്‍ പോയി പഠിക്കുന്നുണ്ട്. എന്നാല്‍ അവര്‍ 3 യോഹന്നാന്‍ 7-ാം വാക്യം വായിക്കുന്നില്ല. നാം ഒരിക്കലും അവിശ്വാസിയില്‍ നിന്നും ദൈവവേലയ്ക്കു പണം സ്വീകരിക്കരുത്. ദൈവവേലയൊ ദൈവദാസന്മാരെയൊ സഹായിക്കുവാന്‍ അവിശ്വാസികള്‍ക്ക് അവകാശമില്ല. അവര്‍ പണം വാഗ്ദാനം ചെയ്താല്‍ കൃപയോടെ ആ പണം മടക്കി നല്‍കി അവരോട് ഇങ്ങനെ പറയുക: ”ദൈവം നിന്റെ ആത്മാവിനെ രക്ഷിക്കട്ടെ. എനിക്കു നിന്റെ പണം ആവശ്യമില്ല.” നയമാന്‍ വിഗ്രഹാരാധി ആയതിനാല്‍ അവന്റെ പണം ഏലീശ വാങ്ങിയില്ല. എലീശ ദരിദ്രനായിരുന്നു എങ്കിലും നയമാന്റെ പണം സ്വീകരിച്ചില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ദാസനായ ഗേഹസി ആ പണം സ്വീകരിച്ചു. അതോടൊപ്പം നയമാന്റെ കുഷ്ഠം അവ ന്റെ മേലും അവന്റെ മക്കളുടെ മേലും വന്നു (2 രാജാ. 5). ഇന്നുള്ള പല ക്രിസ്തീയ വേലക്കാരും ഗേഹസിയെ പോലെയാണ്. അതിനാല്‍ ഇന്നു ദൈവിക പ്രവാചകന്മാരുടെ എണ്ണം കുറഞ്ഞിരിക്കുന്നു.


മത്സരത്തിനെതിരെ മുന്നറിയിപ്പ്


പിന്നീട് യോഹന്നാന്‍ ദിയൊത്രെഫേസ് എന്ന മോശം മൂപ്പനെപ്പറ്റി എഴുതുന്നു. ദിയൊത്രെഫേസ് ഒരു നേതാവാകാന്‍ ആഗ്രഹിച്ചു. പല മൂപ്പന്മാരും വളരെ താഴ്മയുള്ളവരായിട്ടാണ് തുടങ്ങുന്നത്. എന്നാല്‍ ക്രമേണ അയാള്‍ക്കു സ്വന്ത ദൃഷ്ടിയില്‍ താനൊരു കേമനാണെന്നു തോന്നുന്നു. ദിയൊത്രെഫേസും അപ്പൊസ്തലന്റെ വാക്കുകള്‍ക്കു ചെവികൊടുക്കാത്ത വിധം താന്‍ ഉന്നതനാണെന്നു സ്വയം കരുതി. ആദ്യ നാളുകളില്‍, ദിയൊത്രെഫേസ് ഒരു ചെറുപ്പക്കാരനായിരുന്നപ്പോള്‍ യോഹന്നാന്റെ വാക്കുകള്‍ ശ്രദ്ധിച്ചിരുന്നുവെന്നു എനിക്കുറപ്പുണ്ട്. എന്നാല്‍ പിന്നീട് അവന്റെ ശുശ്രൂഷ വികസിച്ചപ്പോള്‍ അവന്‍ ഇങ്ങനെ ചിന്തിച്ചു തുടങ്ങി: ‘യോഹന്നാന്‍ ആരാണെന്നാണ് കരുതുന്നത്? ഞാനും ഒരു ദൈവ മനുഷ്യനാണ്. ദൈവം എന്നെ ഉപയോഗിച്ച് ഒരു ദൈവസഭ ഇവിടെ സ്ഥാപിച്ചിരിക്കുന്നു. ഞാന്‍ ഇനി യോഹന്നാനെ ശ്രദ്ധിക്കേണ്ട കാര്യമില്ല.” അതായിരുന്നു ദിയൊത്രെഫേസിന്റെ വീഴ്ച. തന്നെ വിശ്വാസത്തിലേക്കു നടത്തി താന്‍ അറിയുന്ന ദൈവിക കാര്യങ്ങളെല്ലാം തന്നെ പഠിപ്പിച്ച യോഹന്നാന്റെ വാക്കുകള്‍ നിരസിച്ചത് ഓര്‍ത്ത് അവന്‍ നരകത്തില്‍ കിടന്നു വിലപിക്കുന്നുണ്ടാകാം.

ദിയൊത്രെഫേസ് സഭയുടെ മുമ്പാകെ തന്നെ തന്നെ ഉയര്‍ത്തി സഭയുടെ മേല്‍ യോഹന്നാന് ഉണ്ടായിരുന്ന അധികാരം കവര്‍ന്നെടുക്കുവാന്‍ ആഗ്രഹിച്ചു. ഇത്തരം കാര്യങ്ങള്‍ ഇന്നും നടക്കുന്നു. ചില ആത്മീയ പിതാക്കന്മാര്‍ക്കു കീഴില്‍ വളര്‍ന്നു വന്ന ചിലര്‍ പെട്ടെന്നൊരു ദിവസം താന്‍ എന്തോ ആണെന്നു ചിന്തിച്ച് ആ ആത്മീയ നേതാവിനെതിരെ തിരിയുന്നു. പിശാചിനു വേണ്ടത് അതു തന്നെയാണ്. കാരണം ഒടുവില്‍ അവന്‍ നശിക്കണം എന്നതാണ് പിശാചിന്റെ ആഗ്രഹം. പിശാച് പറയുന്നു – ”അവനിങ്ങനെ ഒരു പത്തു വര്‍ഷം ജീവിക്കട്ടെ. പിന്നീട് അവനെ ഞാന്‍ നശിപ്പിക്കും.”

മൂപ്പനും ഉപദേശകനുമായി ദൈവഭക്തിയുള്ള ഒരു സഹോദരന്‍ ഭാഗ്യവശാല്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അവന്റെ ഉപദേശത്തെ എപ്പോഴും വിലമതിക്കുക. നിങ്ങളെ ദൈവം എത്ര വളര്‍ത്തിയാലും, എത്രമാത്രം നിങ്ങള്‍ ദൈവത്തിനായി ഉപയോഗിക്കപ്പെട്ടുവെങ്കിലും, താഴ്മയില്‍ നില്‍ക്കുക. ഒരു ദൈവമനുഷ്യനായ ആ സഹോദരന്‍ നിന്റെ മേല്‍ അധികാരം ഉപയോഗിക്കുകയില്ല. ആ സഹോദരന്റെ ഉപദേശം നിരസിച്ചാല്‍ നഷ്ടപ്പെടുന്നത് നിനക്കായിരിക്കും. നീ മറ്റൊരു ദിയൊത്രെഫേസ് ആയി തീരും.

എന്നാല്‍ യോഹന്നാന്‍ വിട്ടുകൊടുക്കുവാന്‍ തയ്യാറല്ല. അദ്ദേഹത്തിനു സഭയെപ്പറ്റി കരുതലുണ്ടായിരുന്നതുകൊണ്ട് ഇങ്ങനെ പറഞ്ഞു: ”ഞാന്‍ വരുമ്പോള്‍ അയാളുടെ പാപം മറ്റുള്ളവരുടെ ശ്രദ്ധയില്‍ കൊണ്ടുവരും.” നിഗളികളായ മൂപ്പന്മാരെ സഭയുടെ മുമ്പാകെ വെളിപ്പെടുത്തുന്നതിനു യോഹന്നാനു ഭയമുണ്ടായിരുന്നില്ല. ദിയൊത്രെഫേസ് സഭയുടെ മുമ്പാകെ യോഹന്നാനെപ്പറ്റി ദൂഷണം പറഞ്ഞിരുന്നു (1:10). യോഹന്നാനെപോലെ ആ കാലഘട്ടത്തിലെ ഏറ്റവും വിശുദ്ധനായ ഒരുവന്‍ പോലും ഒരു സഭാ മൂപ്പനെ കുറ്റപ്പെടുത്തുന്നതാണ് നാം ഇവിടെ കാണുന്നത്. നിങ്ങള്‍ക്കു ദൈവത്തെ സേവിക്കണമെങ്കില്‍ മറ്റുള്ളവരില്‍ നിന്നും ദുഷിച്ച വാക്കുകളിലുള്ള കുറ്റപ്പെടുത്തല്‍ കേള്‍ക്കേണ്ടി വരും. ആ സഭയിലേയ്ക്കു യോഹന്നാന്‍ അയച്ച എല്ലാ സഹോദരന്മാരേയും ദിയൊത്രെഫേസ് തള്ളിക്കളഞ്ഞു. ആരെങ്കിലും ആ സഹോദരന്മാരെ സ്വീകരിച്ചാല്‍ ദിയൊത്രെഫേസ് അവരെ സഭയില്‍ നിന്നും പുറത്താക്കി (1:10). അവന്‍ ചോദിക്കും – ‘നീ എന്തുകൊണ്ട് ആ സഹോദരനെ സ്വീകരിച്ചു? നിന്റെ ഭവനത്തില്‍ പാര്‍ക്കാന്‍ എന്തിന് അനുവദിച്ചു? എന്റെ അനുവാദം നീ വാങ്ങിയോ?’ ദിയൊത്രെഫേസ് ഒരു ഏകാധിപതിയായിരുന്നു. ഒരു മൂപ്പനായിരുന്നില്ല. ഇന്നും അത്തരം ഏകാധിപതികള്‍ പല സഭകളിലുമുണ്ട്. അവര്‍ ജനത്തെ ശുശ്രൂഷിക്കുന്നതിനു പകരം നിയന്ത്രിക്കുവാന്‍ ആഗ്രഹിക്കുന്നു. അങ്ങനെയുള്ള സഭയില്‍ തുടരരുത്. അത് പൂര്‍ണ്ണമായും ബാബിലോണാണ്.

യേശുക്രിസ്തുവിന്റെ ശരീരമാകുന്ന യഥാര്‍ത്ഥ ദൈവസഭയില്‍ ഏകാധിപതികള്‍ മൂപ്പന്മാരായി ഉണ്ടാവുകയില്ല. അതിലെ മൂപ്പന്മാര്‍ തങ്ങളുടെ സഭാ മക്കള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കി അവരെ ശുശ്രൂഷിക്കുന്നു. അത്തരം മൂപ്പന്മാര്‍ തങ്ങളുടെ മേലുള്ള ആത്മീയ അധികാരങ്ങള്‍ക്കു താഴ്മയോടെ കീഴടങ്ങിയിരിക്കുവാന്‍ പഠിച്ചിട്ടുള്ളവരാണ്.

പിന്നീട് യോഹന്നാന്‍ എല്ലാവരില്‍ നിന്നും നല്ല സാക്ഷ്യം ലഭിച്ച ദെമേത്രിയൊസിനെപ്പറ്റി ഒരു നല്ല മൂപ്പന്‍ എന്നു പരാമര്‍ശിക്കുന്നു. ദെമേത്രിയൊസ് താഴ്മയുളള ഒരു ദൈവമനുഷ്യനെന്നു സത്യത്താല്‍ തന്നെ സാക്ഷ്യം ലഭിച്ചിരിക്കുന്നുവെന്നു യോഹന്നാന്‍ പറയുന്നു.

What’s New?