ബൈബിളിലൂടെ : സഭാപ്രസംഗി

ലോകമയത്വത്തിന്റെ ശൂന്യത

മനസ്സിലാക്കാന്‍ പ്രയാസമുള്ള ഒരു പുസ്തകമാണിത്. എന്നാല്‍ എന്തുകൊണ്ടു ദൈവം ഇതിനെ തിരുവെഴുത്തിന്റെ ഭാഗമാക്കി എന്നതു നാം ഇതു പഠിച്ചു വരുമ്പോള്‍ കണ്ടെത്തും. ഈ ലോകത്തുള്ളതെല്ലാം മായയും ശൂന്യവുമാണെന്നു താന്‍ കണ്ടെത്തിയെന്നു പറഞ്ഞുകൊണ്ടാണു ശലോമോന്‍ പുസ്തകം ആരംഭിക്കുന്നതു തന്നെ. അതങ്ങനെ ആയതുകൊണ്ട്, ‘സൂര്യനു കീഴില്‍ പ്രയത്‌നിക്കുന്ന സകല പ്രയത്‌നത്താലും മനുഷ്യന് എന്തു ലാഭം?’ (1:3).

ജീവിച്ചിരുന്ന ഏറ്റവും ജ്ഞാനിയായ മനുഷ്യന്‍ ശലോമോനായിരുന്നു- മനുഷ്യ ജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍, തനിക്കു മുന്‍പും ശേഷവുമുള്ള ആരെക്കാളും ജ്ഞാനം ശലോമോനുണ്ടായിരിക്കുമെന്നു ദൈവം തന്നെ അവനോടു പറഞ്ഞിരുന്നു (1 രാജാക്കന്മാര്‍ 3:12,13). ജീവിതത്തിന്റെ പ്രാരംഭവര്‍ഷങ്ങളില്‍ ശലോമോന് അല്പം ദൈവഭയം ഉണ്ടായിരുന്നു. അന്നാണ് അവന്‍ ‘സദൃശവാക്യങ്ങള്‍’ രചിച്ചത്.

‘സദൃശവാക്യങ്ങള്‍’ ദൈവിക ജ്ഞാനമാണ്. എന്നാല്‍ ‘സഭാപ്രസംഗി’ മാനുഷികജ്ഞാനമാണ്- സൂര്യനു കീഴില്‍ (1:3) പ്രയത്‌നിക്കുന്ന മനുഷ്യന്റെ ജ്ഞാനം. ‘സൂര്യനു കീഴില്‍’ എന്ന പ്രയോഗം സഭാപ്രസംഗിയില്‍ കൂടെക്കൂടെ വരുന്നു. കാരണം ഇതിന്റെ എഴുത്തുകാരന്‍ സൂര്യനു കീഴില്‍ ജീവിച്ചവനാണ്. അതേസമയം ‘സദൃശവാക്യങ്ങള്‍’ സൂര്യന് ഉപരിയായി ജീവിച്ച ഒരു മനുഷ്യന്റെ ജ്ഞാനത്തെ പ്രദര്‍ശിപ്പിക്കുന്നതാണ്. ഇവിടെയാണു നാമും ജീവിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്- സ്വര്‍ഗ്ഗ തലങ്ങളില്‍.

അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണു ദൈവം സഭാപ്രസംഗി എന്ന പുസ്തകത്തെ ബൈബിളില്‍ ഉള്‍പ്പെടുത്തിയത്?

ദൈവികജ്ഞാനം മാനുഷികജ്ഞാനത്തില്‍ എത്രയോ ഉന്നതമാണെന്നു കാണിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. ഇയ്യോബിന്റെ പുസ്തകത്തില്‍ ഇതുപോലെ ഇയ്യോബിന്റെ മൂന്നു സ്‌നേഹിതര്‍ ദൈവത്തെക്കുറിച്ചു തങ്ങളുടെ ലോകജ്ഞാനത്തില്‍ പറഞ്ഞതെല്ലാം- അവയില്‍ മിക്കതും തെറ്റായ കാര്യങ്ങളായിരുന്നു (ഇയ്യോബ് 42:7)-വിശദമായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം അവയും തിരുവെഴുത്തിന്റെ ഭാഗമാകാന്‍ അനുവദിച്ചു.

ലോകത്തിലെ ഏറ്റവും ജ്ഞാനിയായ വ്യക്തിയായാലും അവന്‍ മാനുഷിക ജ്ഞാനത്തിലാണ് ആശ്രയിക്കുന്നതെങ്കില്‍ ദൈവത്തെ കണ്ടെത്താന്‍ കഴിയുകയില്ലെന്നു നമ്മെ കാണിക്കുന്നതിനുവേണ്ടിയാണു ‘സഭാപ്രസംഗി’ തിരുവെഴുത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യേശു ഒരിക്കല്‍ ഇങ്ങനെ പറഞ്ഞു: ”നീ ഈ കാര്യങ്ങള്‍ ജ്ഞാനികളില്‍നിന്നും വിവേകികളില്‍ നിന്നും മറച്ചു ശിശുക്കള്‍ക്കു വെളിപ്പെടു ത്തിയിരിക്കയാല്‍ പിതാവേ, ഞാന്‍ അങ്ങയെ സ്തുതിക്കുന്നു” (മത്താ.11:25). ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും ഇല്ലാത്ത എന്താണു ശിശുക്കള്‍ക്കുള്ളത്? താഴ്മ. സമര്‍ത്ഥരും ബുദ്ധിമാന്മാരുമായ ആളുകള്‍ക്ക് താഴ്മയുള്ളവരായിരിക്കുക വളരെ പ്രയാസമാണ്. ബുദ്ധിമാനായിരിക്കുന്നതു തെറ്റല്ല. എന്നാല്‍ തന്റെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ പുകഴുന്നത് തീര്‍ച്ചയായും ദൈവികമല്ല. നിഗളികളായ ആളുകള്‍ക്ക് ഒരിക്കലും ദൈവിക വഴികള്‍ മനസ്സിലാവുകയില്ല- അവര്‍ എത്ര ബുദ്ധിമാന്മാരായാലും.

എക്കാലത്തും ജീവിച്ചിരുന്ന ഏറ്റവും ജ്ഞാനിയും ബുദ്ധിമാനുമായ വ്യക്തി ശലോമോനായിരുന്നു. ദൈവാലയം പണിയാന്‍ പോകുന്നതും ശലോമോനായിരുന്നു. എന്നിട്ടും ദൈവാലയത്തിന്റെ രൂപരേഖ ശലോമോനെയല്ല, ദാവീദിനെയാണ് ദൈവം ഏല്പിച്ചത്. ലോകത്തിലെ ഏറ്റവും ജ്ഞാനിയായ മനുഷ്യനോട് നിലവിളക്കിന് എത്ര സ്വര്‍ണ്ണം ഉപയോഗിക്കണം, മുള്‍കൊളുത്തുകളും മുപ്പല്ലികളും എങ്ങനെ ഉണ്ടാക്കണം എന്നെല്ലാമുള്ള വിശദമായ നിര്‍ദ്ദേശം 1 ദിനവൃത്താന്തം 28:11-19-ല്‍ രേഖപ്പെടുത്തിയിരിക്കുന്നത് വായിക്കുന്നതു വിസ്മയകരമല്ലേ? ദൈവാലയത്തിന്റെ രൂപരേഖ എന്തിനാണു ദാവീദിനെ എല്പിച്ചത്? കാരണം ദാവീദ് ദൈവഹൃദയ പ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു. സമര്‍ത്ഥമായ തലയുള്ള ഒരാളായിരുന്നു ശലോമോന്‍. എന്നാല്‍ ദാവീദിനു നല്ല ഒരു ഹൃദയമുണ്ടായിരുന്നു.

സമാഗമന കൂടാരത്തിന്റെ പ്ലാന്‍ മോശെയെ 40 വയസ്സുള്ളപ്പോഴല്ല, മറിച്ച് 80 വയസ്സു ള്ളപ്പോഴാണു ദൈവം ഏല്പിച്ചത്. എന്തുകൊണ്ട്? കാരണം 40-ാം വയസ്സില്‍ മിസ്രയേമില്‍ നിന്ന് അഭ്യസിച്ച സകല ജ്ഞാനവും തലയില്‍ നിറഞ്ഞു നില്ക്കുമ്പോള്‍ സമാഗമന കൂടാരത്തിന്റെ പണി മോശെയ ഏല്പിച്ചിരുന്നെങ്കില്‍ അവന്‍ ദൈവിക പദ്ധതിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമായിരുന്നു. അങ്ങനെ വന്നിരുന്നെങ്കില്‍ ദൈവത്തിന്റെ തേജസ്സ് സമാഗമന കൂടാരത്തിന്മേല്‍ ഇറങ്ങി വസിക്കുമായിരുന്നില്ല. എന്നാല്‍ 80 വയസ്സ് ആയപ്പോഴേക്കും ലോകജ്ഞാനത്തിന്റെ പതിരെല്ലാം തലയില്‍ നിന്നു പാറ്റി കൊഴിക്കപ്പെട്ട് ഇല്ലാതായിരുന്നതിനാല്‍ മോശെ ദൈവജ്ഞാനത്തിനു പൂര്‍ണമായി കീഴടങ്ങാന്‍ തയ്യാറായിരുന്നു. അപ്പോള്‍ അവന്‍ സമാഗമന കൂടാരം ഒരു ലളിതമായ നിര്‍മിതിയായി (ദൈവം ആഗ്രഹിച്ചതുപോലെ) പണിതെടുത്തു.

ദൈവാലയം സംബന്ധിച്ചും അങ്ങനെയായിരുന്നു. അതു പണിത കോണ്‍ട്രാക്ടര്‍ മാത്രമായിരുന്നു ശലോമോന്‍ എന്നു പറയാം. അതിന്റെ രൂപരേഖ ദൈവത്തില്‍ നിന്നും ലഭിച്ചത് ദാവീദിനാണ്- ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യന്. ഇന്നും ദൈവം സഭയെ ക്രിസ്തുവിന്റെ ശരീരമായി പണിയാന്‍ ഉപയോഗിക്കുന്നതു നല്ല തലച്ചോറുള്ള ബുദ്ധിമാന്മാരായ ആളുകളെയല്ല. മറിച്ചു നല്ല ഹൃദയമുള്ള താഴ്മയുള്ള ആളുകളെയാണ്. താങ്കള്‍ താഴ്മയുള്ളവനും ബുദ്ധിമാനുമാണെങ്കില്‍ അതു നല്ലതാണ്. എന്നാല്‍ ദൈവത്തിന്റെ പണിക്കുള്ള പ്രാഥമികമായ ഘടകം താഴ്മയാണ്. ബുദ്ധിയല്ല.

1 കൊരിന്ത്യര്‍ 3:18 പറയുന്നു: ”ഈ കാലത്തില്‍ ജ്ഞാനി എന്നു നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ ജ്ഞാനിയാകേണ്ടതിനു ഭോഷനായിത്തീരട്ടെ.” നിങ്ങള്‍ക്കു ദൈവം തന്ന ജ്ഞാനത്തിനായി ദൈവത്തെ സ്തുതിക്കുക. സയന്‍സും കണക്കും പഠിക്കാന്‍ അതു വളരെ പ്രയോജനകരമാണ്. എന്നാല്‍ ദൈവവചന ത്തിലേക്കു വരുമ്പോള്‍ അത് അങ്ങനെയല്ല. ഇവിടെ നിങ്ങള്‍ ജ്ഞാനിയാകേണ്ടതിനു ഭോഷനായിത്തീരണം. അതിന്റെ അര്‍ത്ഥം നിങ്ങള്‍ താഴ്മയോടെ ദൈവത്തിന്റെ അടുക്കല്‍ വന്ന് ”ദൈവമേ, ആത്മിക കാര്യങ്ങളില്‍ ഞാന്‍ ഒരു കഴുതയെപ്പോലെ ഭോഷനാണ്; എന്നെ പഠിപ്പിക്കണമേ” എന്നു പറയണമെന്നാണ്. ഈ ലോകത്തിലെ ജ്ഞാനം ദൈവത്തിനു ഭോഷത്തമാണ് (1 കൊരി. 3:19). സഭാപ്രസംഗി വെളിപ്പെടുത്തുന്നത് ഈ സത്യമാണ്.

തുടര്‍ന്ന് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു. ”ദൈവം ജ്ഞാനികളെ അവരുടെ കൗശലത്തില്‍ പിടിക്കുന്നു. ജ്ഞാനികളുടെ വിചാരം വ്യര്‍ത്ഥം” (1 കൊരി. 3:19,20). ഈ ലോകത്തിലെ സമര്‍ത്ഥരായ ആളുകളുടെ എല്ലാ യുക്തിയും വാദഗതികളും എടുത്ത് ഒന്നിച്ചു വയ്ക്കുക. ദൈവം അവയെ എല്ലാം ‘പ്രയോജനമില്ലാത്തത്’ എന്നു പറയും. ആത്മിക കാര്യങ്ങളോട് അടുത്തു വരുമ്പോള്‍ താഴ്മയുള്ളവനാണ് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക. തന്റെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ നിഗളമുള്ള വ്യക്തിക്ക് ഒട്ടും നേട്ടം ലഭിക്കുകയില്ല.

ദൈവത്തെ സേവിക്കുന്നതിനുള്ള അവശ്യഘടകം ബുദ്ധിയായിരുന്നെങ്കില്‍ യേശു അന്നു ഗമാലിയേല്‍ നടത്തിയിരുന്ന ബൈബിള്‍ സ്‌കൂള്‍ സന്ദര്‍ശിച്ച് അവിടെ നിന്നു തന്റെ അപ്പൊസ്തലന്മാരെ തിരഞ്ഞെടുക്കുമായിരുന്നു. അവിടുന്ന് എന്തുകൊണ്ട് അങ്ങനെ ചെയ്തില്ല? പകരം അവിടുന്ന് എന്തുകൊണ്ട് ഗലീലാത്തടാകത്തിന്റെ കരയില്‍ പോയി ഒരിക്കലും ബൈബിള്‍ സ്‌കൂളില്‍ പോയിട്ടില്ലാത്ത മീന്‍പിടിത്തക്കാരെ അവിടെ നിന്നു തിരഞ്ഞെടുത്തു? കാരണം അവിടുന്നു മിടുക്കന്മാരെയല്ല, പഠിക്കാന്‍ മനസ്സുള്ള താഴ്മയുള്ള ആളുകളെയാണു നോക്കുന്നത്.

നിങ്ങളെ പഠിപ്പിക്കാന്‍ കഴിയുമോ? ഈ വായിക്കുന്ന കാര്യങ്ങള്‍ മൂലം നിങ്ങള്‍ ഇടറിപ്പോകുന്നുണ്ടെങ്കില്‍ അതു തന്നെ നിങ്ങള്‍ നിഗളിയാണെന്നുള്ളതിന്റെ വ്യക്തമായ തെളിവാണ്. നിഗളികളായ ആളുകള്‍ മാത്രമേ ഇടറിപ്പോകുകയുള്ളു.

ഒരുവന് ധാരാളം അറിവുണ്ടായിരിക്കുകയും എന്നാല്‍ ഒട്ടും ആത്മികനല്ലാതിരിക്കുകയും ചെയ്യാന്‍ കഴിയുമെന്ന് ‘സഭാപ്രസംഗി’ തെളിയിക്കുന്നു. ഇന്നു മനഃശാ സ്ത്രത്തില്‍ പ്രകടമാകുന്ന മാനുഷിക ജ്ഞാനത്തില്‍ നല്ല പല കാര്യങ്ങളുമുണ്ട്. എന്നാല്‍ അതു ദിവ്യജ്ഞാനമല്ല. ദിവ്യജ്ഞാനം മാനുഷിക ജ്ഞാനവുമായി കലര്‍ത്തുന്നതു നിങ്ങള്‍ക്കു മനുഷിക ജ്ഞാനം മാത്രം ഉണ്ടായിരിക്കുന്നതിനെക്കാള്‍ കൂടുതല്‍ അപകടകരമാണ്. ആരെങ്കിലും നിങ്ങള്‍ക്കു വിഷം നല്‍കാന്‍ തുനിഞ്ഞാല്‍ അവന്‍ അല്പം വിഷം ധാരാളം പാലില്‍ കലര്‍ത്തിയായിരിക്കും നല്‍കുക. തീര്‍ത്തും മോശമായതു തിരിച്ചറിയാന്‍ എളുപ്പമാണ്. എന്നാല്‍ മനഃശാസ്ത്രത്തില്‍ ധാരാളം നല്ല കാര്യങ്ങളുണ്ട്- അതുകൊണ്ടാണ് അത് കൂടുതല്‍ അപകടകാരിയായിരിക്കുന്നത്. അതു ദിവ്യജ്ഞാനമല്ല. ദിവ്യജ്ഞാനം തിരുവെഴുത്തില്‍ നിന്നു മാത്രമാണു വരുന്നത്. തങ്ങളുടെ മനസ്സിനെ ദൈവവചനത്തിനു കീഴ്‌പ്പെടുത്താത്ത മനഃശാസ്ത്രജ്ഞര്‍ പറയുന്ന പല കാര്യങ്ങളും തെറ്റാണ്. നിങ്ങള്‍ അവയെ പിന്‍പറ്റുന്ന പക്ഷം നിങ്ങള്‍ വഴി തെറ്റിപ്പോകും.

സഭാപ്രസംഗി, സദൃശവാക്യങ്ങള്‍ എന്നീ പുസ്തകങ്ങളെ കയീനിന്റേയും ഹാബേലിന്റെയും വഴിപാടുകളോട് ഉപമിക്കാം. കയീന്റെ വഴിപാട് മതപരമായ വഴിപാട് ആയിരുന്നപ്പോള്‍ ഹാബേലിന്റേത് ആത്മീയമായ വഴിപാടായിരുന്നു. എല്ലാ കാലഘട്ടങ്ങളിലും മതഭക്തരും ആത്മീയരുമായ ആളുകള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. ശൗല്‍ മതവുമായി ബന്ധപ്പെട്ട ആളായിരുന്നു- തലയുള്ള ഒരു മനുഷ്യന്‍. എന്നാല്‍ ദാവീദ് ആത്മീയനായ ഒരുവനായിരുന്നു- ഹൃദയമുള്ള മനുഷ്യന്‍. പരീശന്മാര്‍ മതഭക്തരായിരുന്നു. എന്നാല്‍ യേശു ആത്മീയനായിരുന്നു. നമ്മുടെ തലച്ചോറ് പ്രധാനമാണ്. എന്നാല്‍ അത്, ഹവ്വ ആദമിനു കീഴടങ്ങിയിരിക്കാന്‍ ഉദ്ദേശിച്ചു സൃഷ്ടിക്കപ്പെട്ടതുപോലെ, ഹൃദയത്തിനും പരിശുദ്ധാത്മാവിനും കീഴടങ്ങി യിരിക്കാന്‍ വേണ്ടിയാണു സൃഷ്ടിക്കപ്പെട്ടത്. മതഭക്തിയുടേയും ആത്മീയതയുടേയും രണ്ടു ധാരകള്‍ യഥാക്രമം കയീനിലും ഹാബേലിലും ആരംഭിക്കുന്നു. അത് യഥാക്രമം നിമ്രോദ്, അബ്രാഹാം എന്നിവരിലൂടെ തുടര്‍ന്നു വെളിപ്പാടു പുസ്തക ത്തിലെത്തുമ്പോള്‍ ബാബിലോണിലും യെരുശലേമിലും എത്തി അവസാനിക്കുന്നു. ഇത്തരം ഒരു വൈരുദ്ധ്യം സഭാപ്രസംഗിയിലും സദൃശവാക്യത്തിലും നമുക്കു കാണാം.

സഭാപ്രസംഗിയിലുള്ളത് പ്രസംഗകന്റെ വാക്കുകളാണ് (1:1). മിക്ക പ്രസംഗകരും നല്ല പ്രസംഗങ്ങള്‍ പ്രസംഗിക്കുന്നതില്‍ മാത്രമാണു തല്പരരായിരിക്കുന്നത്. അതിനായി അവര്‍ അവരുടെ തലയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് അവരുടെ പ്രസംഗങ്ങള്‍ ആളുകളുടെ ഹൃദയത്തിലേക്കു പോകുന്നില്ല- കാരണം അത് അവരുടെ തന്നെ ഹൃദയത്തില്‍ നിന്നു വന്നതല്ല.

സദൃശവാക്യങ്ങള്‍ പ്രസംഗവുമായല്ല, പ്രായോഗികതയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. നേരത്തെ പ്രായോഗികമാക്കിയ കാര്യങ്ങള്‍ വേണം നാം പ്രസംഗിക്കാന്‍. ഇതാണു മതഭക്തിയും ആത്മീയതയും തമ്മിലുള്ള വ്യത്യാസം. ഇതായിരുന്നു പരീശന്മാരും യേശുവും തമ്മിലുള്ള വ്യത്യാസം. യേശു പറഞ്ഞു: ”പരീശന്മാര്‍ പറയുന്നു, ചെയ്യുന്നില്ല താനും” (മത്താ.23:3). പക്ഷേ അവര്‍ പഠിപ്പിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും അവിടുന്നു പറഞ്ഞു. പരീശന്മാര്‍ അവരുടെ കാലത്തെ യാഥാസ്ഥിതികരായിരുന്നു. എന്നാല്‍ പുള്‍പ്പിറ്റില്‍ പ്രസംഗിച്ചതിനൊപ്പമായിരുന്നില്ല അവരുടെ ജീവിതം.

എന്നാല്‍ യേശുവിനെ സംബന്ധിച്ച് ഇതു വ്യത്യസ്തമായിരുന്നു: ”യേശു ആദ്യം ചെയ്തു എന്നിട്ടു പഠിപ്പിച്ചു” (പ്രവൃ. 1:1). അവിടുന്നു പ്രസംഗിച്ചതു പിന്നീടു പ്രായോഗികമാക്കുകയായിരുന്നില്ല. മറിച്ച് അവിടുന്നു നേരത്തെ പ്രായോഗികമാക്കിയ കാര്യങ്ങള്‍ പ്രസംഗിക്കുകയായിരുന്നു. അവിടുന്നു പ്രസംഗിക്കുന്നതിനു മുന്‍പ് ആദ്യം 30 വര്‍ഷം അതു ചെയ്തു. ഇതാണു യഥാര്‍ത്ഥ ദൈവഭക്തി.

ഭൂമിയിലുള്ള എല്ലാറ്റിന്റേയും നിഷ്ഫലത:

ജ്ഞാനം, സുഖം, നേട്ടം, അധ്വാനം എന്നിവയുടെ നിഷ്ഫലതയെക്കുറിച്ചാണു സഭാപ്രസംഗിയുടെ ആദ്യ രണ്ട് അധ്യായങ്ങള്‍ പറയുന്നത്. പുസ്തകത്തിലൂടെ മുന്നോട്ടു പോകുമ്പോള്‍ രചയിതാവിന് ദൈവത്തെ വ്യക്തിപരമായി അറിയില്ലെന്നു കൂടുതല്‍ വ്യക്തമാകും. എന്നിട്ടും അദ്ദേഹം ദൈവത്തെക്കുറിച്ചു പറയുന്നു. ദൈവത്തിന്റെ ഉടമ്പടിപ്രകാരമുള്ള നാമം-യഹോവ അല്ലെങ്കില്‍ യാഹുവേ- പുസ്തകത്തില്‍ ഒരിടത്തു പോലും ഉപയോഗിക്കുന്നില്ല. എന്നാല്‍ സദൃശവാക്യത്തില്‍ ഈ നാമം ധാരാളം ഉപയോഗിക്കുന്നു. സഭാപ്രസംഗിയില്‍ എഴുത്തുകാരനു ദൈവവുമായി ഉടമ്പടി ബന്ധമില്ല. ദൈവത്തെക്കുറിച്ച് പണ്ഡിതോചിതമായ ഒരറിവേ ഉള്ളൂ- ദൈവത്തെക്കുറിച്ചുള്ള വസ്തുതകള്‍ അറിയാം. ഇതു ദൈവത്തെക്കുറിച്ചുള്ള കൃത്യമായ അറിവായിരിക്കാം. പക്ഷേ അത് ഒരു ഹൃദയബന്ധത്തിന്റെയോ ഉടമ്പടി’ബന്ധത്തിന്റെയോ ഫലമായി ഉണ്ടായതല്ല.

പുസ്തകത്തിന്റെ ഒടുവില്‍ എഴുത്തുകാരന്‍ ചോദിക്കുന്നു: ”എല്ലാറ്റിന്റേയും സാരം എന്താണ്?” തുടര്‍ന്ന് അവന്‍ ഇങ്ങനെ മറുപടി നല്‍കുന്നു: ”ദൈവത്തെ ഭയപ്പെട്ട് അവിടുത്തെ കല്പനകള്‍ അനുസരിക്കുക.” അതില്‍ തെറ്റൊന്നുമില്ല. പക്ഷേ നാം ദൈവത്തെ ഭയപ്പെട്ട് അവിടുത്തെ കല്പനകള്‍ അനുസരിക്കണമെന്ന് അവന്‍ പറയുന്നതിന്റെ കാരണമെന്താണ്? അവിടുന്നു നല്ല ദൈവം, നാം തന്നെ സ്‌നേഹിക്കുന്നു എന്നതുകൊണ്ടാണോ? അല്ല. മറിച്ച്, ‘ഒരു ദിവസം ദൈവം നല്ലതും തീയതുമായ എല്ലാ രഹസ്യങ്ങളെയും ന്യായം വിധിക്കും’ എന്നതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്യുവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് (12:14).

മതഭക്തനായ മനുഷ്യന്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നതിന്റെ കാരണം അവന്‍ ന്യായവിധിയെ ഭയപ്പെടുന്നു എന്നതാണ്. എല്ലാ വ്യാജ മതങ്ങളും ഇതിന്റെ അടിസ്ഥാനത്തിലാണു പ്രവര്‍ത്തിക്കുന്നത്. ന്യായവിധി ഒഴിവാക്കാനും അടുത്ത ജന്മത്തില്‍ പ്രതിഫലം ലഭിക്കാനും നല്ലതായി ജീവിക്കണമെന്ന് അവര്‍ പഠിപ്പിക്കുന്നു. വ്യാജ ക്രിസ്തീയതയും അതുതന്നെ പഠിപ്പിക്കുന്നു. ദൈവത്തെ അനുസരിക്കുന്ന തിന്റെ പ്രാഥമിക കാരണം ന്യായവിധിയെക്കുറിച്ചുള്ള ഭയമാണെങ്കില്‍, അവിടെ നമുക്കു വ്യാജ ക്രിസ്തീയതയെ കാണാം. യേശു പറഞ്ഞു: നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്പനകളെ അനുസരിക്കും (യോഹ. 14:15).

യഥാര്‍ത്ഥ ആത്മീയത ന്യായവിധിയെക്കുറിച്ചുള്ള ഭയത്താലല്ല സ്‌നേഹത്താലാണ് പ്രചോദിപ്പിക്കപ്പെടുന്നത്. പിതാവു തന്നെ ശിക്ഷിക്കുമെന്ന ഭയം മൂലമല്ല, മറിച്ച് താന്‍ പിതാവിനെ സ്‌നേഹിച്ചതുകൊണ്ടാണ് യേശു പിതാവിനെ അനുസരിച്ചത്. അനുസരണത്തിനുള്ള നമ്മുടെ പ്രചോദനവും അതായിരിക്കണം. എന്നാല്‍ സഭാപ്രസംഗിയുടെ രചയിതാവിനുള്ളത് അതല്ല. ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് വിധിബോധവും നിസ്സംഗതയും ചേര്‍ന്നതാണ്. എന്തു സംഭവിച്ചാലും അതിനെ സ്വീകരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ അദ്ദേഹം ഒന്നിലും അത്ഭുതപരതന്ത്രനാവുന്നില്ല. ഒരിക്കല്‍ മാത്രം അതേക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ടെങ്കിലും ‘നിത്യത’യെക്കുറിച്ച് അദ്ദേഹത്തിന് ഏറെയൊന്നും അറിഞ്ഞുകൂടാ. മരണത്തെ അദ്ദേഹത്തിനു ഭയമായതിനാല്‍ ഈ ലോകജീവിതം പരമാവധി ഉപയോഗിക്കുവാന്‍ അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. സുരക്ഷയ്ക്കു വേണ്ടി അല്പം ‘ദൈവഭയം’ കൂടി അതിലിട്ടിരിക്കുന്നുവെന്നു മാത്രം.

ഇവിടെയുള്ള ഈ മനുഷ്യന്‍ ദൈവത്തെ പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ തന്റെ ഇന്ദ്രിയങ്ങള്‍, ബുദ്ധി, യുക്തി എന്നിവകൊണ്ടു കണ്ടെത്താന്‍ ശ്രമിക്കുന്ന ഒരുവനാണ്. ഇങ്ങനെ ചെയ്യുന്ന ക്രിസ്ത്യാനികളും മറ്റു മതങ്ങളിലുള്ളവരെപ്പോലെ സത്യത്തില്‍ നിന്ന് എത്ര അകന്നു പോകാമോ അത്രയും അകന്നു പോകും. പരിശുദ്ധാത്മാവിന്റെ സഹായമില്ലാതെ നമുക്കു ദൈവത്തെക്കുറിച്ച് ഒന്നും അറിയാന്‍ കഴിയുകയില്ല. ദൈവത്തിന്റെ ആഴങ്ങളെ പരിശുദ്ധാത്മാവിനു മാത്രമേ നമുക്കു വെളിപ്പെടുത്തുവാന്‍ കഴിയുകയുള്ളു. ”ദൈവത്തിലുള്ളതു ദൈവാത്മാവല്ലാതെ ആരും ഗ്രഹിച്ചിട്ടില്ല”(1 കൊരി. 2:11).

എല്ലാ ദിവസവും തിരുവെഴുത്തു പഠിച്ചിരുന്നവര്‍ തന്നെയാണു ക്രിസ്തുവിനെ ക്രൂശിച്ചത്. അവര്‍ മശിഹായെക്കുറിച്ചു പഠിച്ചിരുന്നു. എന്നാല്‍ മശിഹ അവരുടെ മധ്യത്തില്‍ വന്നപ്പോള്‍, അവര്‍ അവനെ ‘ഭൂതങ്ങളുടെ തലവന്‍’ എന്നാണു വിളിച്ചത്. ഗ്രീക്കുകാരോ റോമാക്കാരോ യേശുവിനെ അങ്ങനെ വിളിച്ചിരുന്നെങ്കില്‍ നമുക്കതു മനസ്സിലാക്കാമായിരുന്നു. കാരണം അവരുടെ കയ്യില്‍ പഴയനിയമം ഉണ്ടായിരുന്നില്ല. സ്വതന്ത്ര ചിന്താഗതിക്കാരായ സദൂക്യരുമല്ല യേശുവിനെ ആ പേരു വിളിച്ചത്. മറിച്ച് യാഥാസ്ഥിതികരായ പരീശന്മാരാണ്. അവര്‍ സമര്‍ത്ഥരായിരുന്നു. എന്നാല്‍ അവര്‍ താഴ്മയുള്ളവരായിരുന്നില്ല. അവരുടെ ശിരസ്സ് ശരിയായ നിലയിലായിരുന്നു. എന്നാല്‍ അവരുടെ ഹൃദയം ശരിയായിരുന്നില്ല. രണ്ടായിരം വര്‍ഷം മുന്‍പാണിതു സംഭവിച്ചത്. എന്നാല്‍ ഇത് ഇന്നും സംഭവിക്കാം. നമ്മള്‍ ദൈവവചനത്തിന്റെ വെളിപ്പാടിനായി താഴ്മയോടെ പരിശുദ്ധാത്മാവിനെ ആശ്രയിച്ചില്ലെങ്കില്‍ ശലോമോനെപ്പോലെ നാമും ദൈവത്തില്‍ നിന്ന് എത്രയും അകന്നു പോകാം.

പത്രൊസ് യേശുവിനെ നോക്കി ”നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നു പറഞ്ഞപ്പോള്‍ ”ജഡരക്തങ്ങളല്ല സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് നിനക്കിതു വെളിപ്പെടുത്തി തന്നത്” എന്നായിരുന്നു യേശുവിന്റെ മറുപടി. അര്‍ത്ഥം, പത്രൊസിന്റെ മാനുഷിക സാമര്‍ത്ഥ്യമല്ല സത്യം തിരിച്ചറിയാന്‍ അവനെ സഹായിച്ചത് എന്നാണ്. രാവും പകലും തിരുവെഴുത്തു പഠിച്ചിരുന്ന പരീശന്മാര്‍ക്കു കഴിയാതിരുന്ന കാര്യം, യേശു ആരെന്ന രഹസ്യം, എങ്ങനെയാണു വിദ്യാവിഹീനനായ പത്രൊസിനു കണ്ടെത്താന്‍ കഴിഞ്ഞത്? ദൈവത്തെക്കുറിച്ചുള്ള സത്യങ്ങള്‍ പരിശുദ്ധാത്മാവിന്റെ വെളിപ്പാടിനാല്‍ മാത്രമേ മനസ്സിലാക്കാനാവൂ എന്നതാണ് ഇതിനു കാരണം. പത്രൊസിനുണ്ടായിരുന്നതും പരീശന്മാര്‍ക്ക് ഇല്ലാതെ പോയതും പരിശുദ്ധാത്മാവിന്റെ ഈ വെളിപ്പാടാണ്. അതുകൊണ്ട് ദൈവവചനം ശരിയായി മനസ്സിലാകണമെങ്കില്‍ പരിശുദ്ധാത്മാവില്‍ ആശ്രയിക്കുക.

പല തരത്തിലുള്ള സുഖങ്ങള്‍ ആസ്വദിക്കുക, സ്വത്ത് സമ്പാദിക്കുക, തോട്ടം നനയ്ക്കാന്‍ കുളങ്ങള്‍ കുഴിക്കുക (2:6), ധാരാളം അടിമകളെ സമ്പാദിക്കുക (2:7), ഒട്ടേറെ സ്വര്‍ണ്ണവും വെള്ളിയും ശേഖരിക്കുക എന്നിങ്ങനെയുള്ളവ ചെയ്തു തൃപ്തി കണ്ടെത്താന്‍ ശലോമോന്‍ ശ്രമിച്ചു. ”എന്റെ കണ്ണ് ആഗ്രഹിച്ചതൊന്നും ഞാനതിനു നിഷേധിച്ചില്ല” (2:10). ഇതിനെല്ലാറ്റിനും ശേഷം അദ്ദേഹം പറയുന്നു: ”ഞാന്‍ എന്റെ കൈകളുടെ സകല പ്രവൃത്തികളെയും ഞാന്‍ ചെയ്‌വാന്‍ ശ്രമിച്ച സകല പരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്‌നവുമത്രേ” (2:11). തുടര്‍ന്ന് അവന്‍ കഠിനപരിശ്രമത്തിന്റെ വ്യര്‍ത്ഥതയെക്കുറിച്ചു പറയുന്നു. ”തനിക്കു ശേഷം വരുന്നവനുവേണ്ടി തന്റെ പ്രവൃത്തിയുടെ ഫലമെല്ലാം വച്ചശേഷം ഒരുവനു പോകേണ്ടിവരുന്നു. തുടര്‍ന്നു വരുന്നവന്‍ ബുദ്ധിമാനോ ഭോഷനോ എന്നാര്‍ക്കറിയാം. സൂര്യനു കീഴില്‍ എല്ലാം മായയത്രേ” (2:21,22).

2:26-ല്‍ നാം വായിക്കുന്നു: ”തനിക്കു പ്രസാദമുള്ള മനുഷ്യന് അവന്‍ ജ്ഞാനവും അറിവും സന്തോഷവും കൊടുക്കുന്നു.” ഇതു തികച്ചും സത്യമായ ഒരു പ്രസ്താവന യാണ്. നിങ്ങളുടെ ഹൃദയം നിര്‍മലമാണെങ്കില്‍ ഈ ജീവിതത്തില്‍ തന്നെക്കുറിച്ചുള്ള ദിവ്യജ്ഞാനം ആര്‍ജ്ജിക്കുവാനും അവിടുത്തെ സന്നിധിയിലുള്ള സന്തേഷ പരിപൂര്‍ണ്ണത അറിയുവാനും ദൈവം ഇടയാക്കും. എന്നാല്‍ ഒരു പാപിക്കു ദൈവം കൊടുക്കുന്ന പ്രയത്‌നം എന്താണ്? ”പാപിക്കോ ദൈവം തനിക്കു പ്രസാദമുള്ളവന് അനുഭവമാകുവാന്‍ തക്കവണ്ണം ധനം സമ്പാദിക്കുകയും സ്വരൂപിക്കുകയും ചെയ്‌വാനുള്ള കഷ്ടപ്പാടു കൊടുക്കുന്നു” (വാ.26). നിത്യതയില്‍ സൗമ്യതയുള്ളവര്‍ ഭൂമിയെ അവകാശമാക്കും. അതിന് ഒരു സംശയവുമില്ല.

നമ്മളെല്ലാവരും രണ്ടില്‍ ഒരു കാര്യമാണു ചെയ്യുന്നത്. ഒന്നുകില്‍ ജ്ഞാനം, ദൈവത്തെക്കുറിച്ചുള്ള അറിവ്, കര്‍ത്താവിലെ സന്തോഷം എന്നിവ അന്വേഷിക്കും. അല്ലെങ്കില്‍ നാം ഭൗതിക വസ്തുക്കള്‍ നേടുക, ശേഖരിക്കുക, കൂട്ടിവയ്ക്കുക എന്നിവ യില്‍ മുഴുകും. ആത്മീയനും ലോകമനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇവിടെ നാം വ്യക്തമായി കാണുന്നു. മതഭക്തരായ ആളുകള്‍ ലൗകികരുമാണ്. അവര്‍ക്ക് അവരുടെ ബൈബിള്‍ അറിയാമായിരിക്കും. എന്നാല്‍ അവരുടെ ദൈവത്തെ അറിഞ്ഞുകൂടാ. അതുകൊണ്ട് അവരും അവരുടെ സമയം ചെലവഴിക്കുന്നത് ഭൗതിക വസ്തുക്കള്‍ തേടാനും ലോകജ്ഞാനം സമ്പാദിക്കുവാനുമാണ്. പക്ഷേ അതവരെ നിത്യതയില്‍ സഹായിക്കുകയില്ല.

എല്ലാം മായയാണെന്നതിന്റെ തെളിവ്

മൂന്നു മുതല്‍ ആറു വരെ അധ്യായങ്ങളില്‍ ഈ ഭൂമിയിലുള്ള എല്ലാം മായയാണെന്നു തെളിയിക്കാന്‍ ശലോമോന്‍ ശ്രമിക്കുന്നു.

അധ്യായം 3:1-8: മനുഷ്യസ്വഭാവം, ലോകം എന്നിവയെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന ഒരാളായിരുന്നു ശലോമോന്‍. പല വര്‍ഷങ്ങളിലെ നിരീക്ഷണം മൂലം ലോകത്തില്‍ സംഭവിക്കുന്ന എല്ലാറ്റിനും ഒരു കാലവും സമയവും ഉണ്ടെന്നു ശലോമോന്‍ കണ്ടെത്തി. ഇവിടെ ശരിയായതും വ്യാജമായതുമായ പ്രസ്താവനകള്‍ നമുക്കു കാണാം. മനഃശാസ്ത്രം സത്യത്തിന്റേയും തെറ്റിന്റേയും ഒരു കലര്‍പ്പാണ്. ശലോമോന്‍ പറയുന്നു ജന്മം നല്‍കാനും മരിക്കാനും നടാനും എല്ലാം ഒരു സമയമുണ്ടെന്ന്. ഇതെല്ലാം ശരിയാണ്. പക്ഷേ തുടര്‍ന്ന് അദ്ദേഹം പറയുന്നു കൊല്ലാനും വെറുക്കാനും സമയമുണ്ടെന്ന്! ഒരു ആത്മീയനെ സംബന്ധിച്ചിടത്തോളം കൊല്ലാനും വെറുക്കാനും ഒരു സമയമില്ല- ഒരു മനുഷ്യജീവിയെയും അവന്‍ വെറുക്കുന്നില്ല. ഒരു ആത്മീയന്‍ ദൈവത്തില്‍ വസിക്കുന്നു; എല്ലായ്‌പ്പോഴും എല്ലാവരേയും സ്‌നേഹിക്കുന്നു.

നിങ്ങള്‍ക്കു നിങ്ങളുടെ പിതാവിനോട് ദേഷ്യമുണ്ടെങ്കില്‍ ഒരു തലയിണയെ പിതാവെന്നു സങ്കല്പിച്ച് അതിനെ മര്‍ദ്ദിച്ചു ദേഷ്യം തീര്‍ക്കാമെന്നു ചില മനഃശാസ്ത്രജ്ഞര്‍ പഠിപ്പിക്കാറുണ്ട്! വെറുക്കാനൊരു കാലമുണ്ടെന്നു പറഞ്ഞ ശാലോമോന്‍ ഇതുപോലെ എന്തോ ആണു വിശ്വസിച്ചിരുന്നത്. എന്നാല്‍ ദൈവത്തിന്റെ വഴി അതല്ല. യേശു പറഞ്ഞതു ‘നിങ്ങളുടെ ശത്രുക്കളെ സ്‌നേഹിക്കാനാ’ണ്. അതുകൊണ്ട് ശലോമോന്റെ ലോകജ്ഞാനം ഈ പുസ്തകത്തില്‍ വെളിപ്പെടുന്നതിന് ഉദാഹരണമാണിത്. ദൈവവചനം പ്രസംഗിക്കുമ്പോള്‍ മതഭക്തരായ പ്രസംഗകര്‍ തങ്ങളുടെ ലോകജ്ഞാനം കൂടി അതിനോടു ചേര്‍ക്കും. നാം ഇതേപ്പറ്റി ജാഗ്രതയുള്ളവരായിരിക്കണം. നാം ദൈവമുന്‍പാകെ താഴ്മയിലും നുറുക്കത്തിലും ജീവിക്കുന്നില്ലെങ്കില്‍ മാനുഷിക ജ്ഞാനത്താല്‍ വഴി തെറ്റിപ്പോകുക എളുപ്പമാണ്. കാരണം അതിലേറെയും കേള്‍വിക്ക് നന്നായി തോന്നും.

ഞാനതിന് ഒരു ഉദാഹരണം നല്‍കാം: ക്രിസ്തീയ ലോകത്ത് ഈയിടെ ഒരു പുതിയ പഠിപ്പിക്കല്‍ വന്നിട്ടുണ്ട്. കാര്യങ്ങളെ സങ്കല്പിക്കുന്നതാണത്. ആ പഠിപ്പിക്കല്‍ ഏകദേശം ഇങ്ങനെയാണ്: ”നിങ്ങളുടെ സഭയില്‍ ഇപ്പോള്‍ അഞ്ചുപേരെ ഉള്ളെങ്കിലും 500 പേര്‍ ഉള്ളതായി കണ്ണടച്ചു സങ്കല്പിക്കുക. ഇപ്പോള്‍ നിങ്ങള്‍ ഒരു ചെറിയ വീട്ടിലാണു കൂടുന്നതെങ്കിലും വളരെ വലിയ ഒരു കെട്ടിടത്തില്‍ നിങ്ങള്‍ യോഗത്തിനായി കൂടുന്നതായി സങ്കല്പിക്കുക. നിങ്ങള്‍ക്ക് ഇപ്പോള്‍ മുടന്തുണ്ടെ ങ്കിലും നിങ്ങള്‍ നന്നായി നടക്കുന്നതു സ്വപ്നം കാണുക. നിങ്ങള്‍ക്ക് ഇപ്പോള്‍ ഒരു സ്‌കൂട്ടര്‍ മാത്രമേ ഉള്ളെങ്കിലും നല്ല പുതിയ ഒരു കാര്‍ സ്വന്തമാക്കിയതായി ഭാവനയില്‍ കാണുക. അപ്പോള്‍ നിങ്ങള്‍ക്ക് ഇതെല്ലാം സ്വന്തമാക്കാനുള്ള വിശ്വാസം ലഭ്യമാകും. അങ്ങനെ നിങ്ങള്‍ക്കിതെല്ലാം യാഥാര്‍ത്ഥ്യമായിത്തീരും.” ഇത്തരം സ്വപ്നം കാണലെല്ലാം വലിയ സഭാ കെട്ടിടം തുടങ്ങിയ ഭൗതിക ആഡംബരങ്ങള്‍ സംബന്ധിച്ചാണ്. ‘ദിനംതോറും മരിച്ച് ക്രൂശെടുത്ത് യേശുവിനെ അനുഗമിക്കുന്നത്’ സ്വപ്നം കാണാന്‍ ആരും ജനത്തെ പഠിപ്പിക്കുന്നത് ഞാന്‍ ഇതുവരെ കേട്ടിട്ടില്ല. സ്വപ്നം കണ്ടു യാഥാര്‍ത്ഥ്യമാക്കുന്നത് ആധുനിക ‘ന്യൂ ഏജ്’ തത്ത്വശാസ്ത്രം (ദിവ്യജ്ഞാനത്തിന്റെ വ്യാജാനുകരണമാണത്), മനഃശാസ്ത്രം എന്നിവയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. രണ്ടായാലും ഇതു ബൈബിളില്‍ നിന്നല്ല. എന്നാല്‍ വേണ്ടത്ര വിവേചനമില്ലാത്ത ഒട്ടേറെ വിശ്വാസികള്‍ ഇതു തങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുമെന്നു കരുതുന്നു.

വിശ്വാസം സങ്കല്പത്തിലല്ല അധിഷ്ഠിതമായിരിക്കുന്നത്. റോമര്‍ 10:17 വ്യക്തതയോടെ പറയുന്നു: ‘വിശ്വാസം കേള്‍വിയാലും കേള്‍വി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.’ ദൈവം പറഞ്ഞിട്ടുള്ളതിന്റെ മേലാണു വിശ്വാസം അടിസ്ഥാനപ്പെട്ടിരിക്കുന്നത്. സാറ ഒരു ആണ്‍കുട്ടിയെ പ്രസവിക്കും എന്നു സങ്കല്പിച്ചതിനെ തുടര്‍ന്നല്ല അബ്രാഹാമിനു യിസ്ഹാക്കിനെ ലഭിച്ചത്. അവന്റെ വിശ്വാസം അടിസ്ഥാനപ്പെട്ടിരുന്നതു ദൈവത്തിന്റെ വ്യക്തമായ വാഗ്ദത്തിന്മേലാണ്. നിങ്ങള്‍ക്ക് ആഗ്രഹമുള്ളതെല്ലാം സ്വപ്നം കാണുകയും അവയെല്ലാം ദൈവം തരുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നതു മനഃശാസ്ത്രത്തിന്റെ പഠിപ്പിക്കലാണ്. ബൈബിളില്‍ നിന്നുള്ളതല്ല. ധനാത്മകമായി ചിന്തിക്കുന്നതു ബിസിനസുകാര്‍ക്കു നല്ലതായിരിക്കാം. പക്ഷേ അതു ബൈബിളിലുള്ള വിശ്വാസമല്ല. ധനാത്മകമായി ചിന്തിച്ചതുകൊണ്ടോ സ്വപ്നം കണ്ടതുകൊണ്ടോ അല്ല യേശുവും ശിഷ്യന്മാരും അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചത്. ഇത്തരം വ്യാജങ്ങളാല്‍ വഞ്ചിക്കപ്പെടുക ഇന്നത്തെ കാലത്ത് എളുപ്പമാണ്. മാനുഷിക ജ്ഞാനത്തില്‍ ആശ്രയിക്കുന്നതിലുള്ള അപകടത്തെക്കുറിച്ച് ഈ കാലത്തിലുള്ള നമുക്കെല്ലാവര്‍ക്കും സഭാപ്രസംഗിയില്‍ ഒരു മുന്നറിയിപ്പു കാണാം.

‘നിത്യത’ എന്ന വാക്ക് ഈ പുസ്തകത്തില്‍ ഒരേയൊരു തവണ മാത്രമാണു വന്നിട്ടുള്ളത്- 3:11-ല്‍. ”അവന്‍ നിത്യതയും അവരുടെ ഹൃദയങ്ങളില്‍ വച്ചിരിക്കുന്നു. അതു കൂടാതെ ദൈവം ചെയ്ത പ്രവൃത്തി മനുഷ്യനു കണ്ടെത്താന്‍ കഴിയുകയില്ല” (പരാവര്‍ത്തനം). എല്ലാ മനുഷ്യഹൃദയങ്ങളിലും ദൈവത്തിന്റെ ആകൃതിയില്‍ ഒരു ശൂന്യതയുണ്ട്. അതു ദൈവത്തെ കൊണ്ടല്ലാതെ മറ്റാരെക്കൊണ്ടും മറ്റൊന്നിനെ ക്കൊണ്ടും നികത്തുവാന്‍ കഴിയുകയില്ല. ആരോ പറഞ്ഞിട്ടുള്ളതുപോലെ ”നാം ദൈവത്തില്‍ നമ്മുടെ സ്വസ്ഥത കണ്ടെത്തുന്നതുവരെ നാം അസ്വസ്ഥരായിരിക്കും.” ദൈവം നമ്മുടെ ഹൃദയത്തില്‍ നിത്യത വച്ചിട്ടുള്ളതുകൊണ്ട് നമുക്കു പണം, സ്ത്രീകള്‍, സ്വത്ത്, മാനം, പദവി എന്നിവയിലൊന്നും ഒരിക്കലും പൂര്‍ണ തൃപ്തി കണ്ടെത്താന്‍ കഴിയുകയില്ല. നിത്യമായ കാര്യങ്ങള്‍ക്കു നാം പ്രാഥമിക പരിഗണന നല്‍കുന്നില്ലെങ്കില്‍ ദൈവം ചെയ്തത് എന്താണെന്നു നമുക്കു കണ്ടെത്താന്‍ കഴിയുകയില്ലെന്നും ഇവിടെ തുടര്‍ന്നു പറയുന്നു.

‘സൂര്യനു കീഴിലുള്ള കാര്യങ്ങള്‍ക്കു’ വേണ്ടി ജീവിക്കുന്നവര്‍ക്ക് ‘ജീവപര്യന്തം സന്തോഷിക്കുക, നല്ലതു ചെയ്യുക എന്നിവയല്ലാതെ മറ്റൊരു നന്മയുമില്ല’ (വാക്യം 12). മതഭക്തരായ ആളുകളും മനഃശാസ്ത്രജ്ഞരും ആളുകളോടു തിന്മ ചെയ്യാന്‍ പറയുന്നില്ല. ഇല്ല. അവരും ആളുകളോടു നല്ലതു ചെയ്യാനാണു പറയുന്നത്. പക്ഷേ നിങ്ങള്‍ക്കു ധാരാളം നന്മകള്‍ ചെയ്യുവാനും എന്നിട്ടും ദൈവത്തോടു ബന്ധമില്ലാതിരിക്കുവാനും നിത്യതയുടെ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കാതിരിക്കുവാനും കഴിയും.

3:19-21 ഭാഗത്തു നിന്നു മാനുഷികജ്ഞാനത്തിനു നിത്യതയെക്കുറിച്ച് ഒരു ധാരണയുമില്ലെന്നു നമുക്കു മനസ്സിലാക്കാന്‍ കഴിയും. ”മനുഷ്യര്‍ക്കു ഭവിക്കുന്നതു മൃഗങ്ങള്‍ക്കും ഭവിക്കുന്നു. രണ്ടിനും ഗതി ഒന്നുതന്നെ. അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു. രണ്ടിനും ശ്വാസം ഒന്നത്രേ. എല്ലാം പൊടിയില്‍ നിന്നുണ്ടായി. എല്ലാം വീണ്ടും പൊടിയായിത്തീരുന്നു. മനുഷ്യരുടെ ശ്വാസം മേലോട്ടു പോകുന്നുവോ? മൃഗങ്ങളുടെ ശ്വാസം കീഴോട്ടു ഭൂമിയിലേക്കു പോകുന്നുവോ? ആര്‍ക്കറിയാം?”- ഇതാണ് ശലോമോന്‍ തന്റെ എല്ലാ മാനുഷിക ജ്ഞാനത്തിന്റേയും അടിസ്ഥാനത്തില്‍ എത്തിച്ചേര്‍ന്ന നിഗമനം. മനുഷ്യനും മൃഗവും തമ്മില്‍ മരണശേഷം എന്തെങ്കിലും വ്യത്യാസമുണ്ടോ എന്നുപോലും അദ്ദേഹത്തിനറിയില്ല.

ഭൂമിയിലെ ഏറ്റവും ജ്ഞാനിയായ മനുഷ്യന്‍ ദൈവത്തേയും മതത്തേയും മനസ്സിലാക്കാന്‍ നടത്തുന്ന ശ്രമമാണ് ഈ പുസ്തകത്തില്‍ നാം കാണുന്നത്. ചില ശരിയായ കാര്യങ്ങള്‍ അദ്ദേഹം മനസ്സിലാക്കി. അപ്പോള്‍ തന്നെ മനസ്സിലാക്കിയ പല കാര്യങ്ങളും തെറ്റായിരുന്നു. എങ്കില്‍ എന്തുകൊണ്ടാണ് ‘സഭാപ്രസംഗി’ ബൈബിളില്‍ ഉള്‍പ്പെടുത്താന്‍ ദൈവം അനുവദിച്ചത്? നമുക്കു മനുഷ്യജ്ഞാനം, മനഃശാസ്ത്രം എന്നിവകൊണ്ട് ദൈവത്തെ കണ്ടെത്താന്‍ കഴിയുകയില്ലെന്നും പരിശുദ്ധാത്മാവിനാലാണതു സാധ്യമെന്നും നമ്മെ പഠിപ്പിക്കാന്‍ വേണ്ടിയാണങ്ങനെ ചെയ്തത്. യേശുവിനെ വ്യക്തിപരമായി അറിയാത്ത സമര്‍ത്ഥരായ ആളുകളുടെ ഉപദേശങ്ങളെക്കുറിച്ചു നാം കരുതലുള്ളവരായിരിക്കണം. ദൈവത്തിന്റെ വചനത്തില്‍ അധിഷ്ഠിതമല്ല ആരുടെയെങ്കിലും ഉപദേശങ്ങളെങ്കില്‍ അത്തരം ആളുകളെ കേള്‍ക്കുവാന്‍ നാം സമയം പാഴാക്കരുത്.

അധ്യായം 4:4: ”എല്ലാ പ്രയത്‌നവും സാമര്‍ത്ഥ്യമുള്ള പ്രവൃത്തിയും ഒരുവനും അവന്റെ അയല്‍ക്കാരനും തമ്മിലുള്ള മത്സരത്തിന്റെ അടിസ്ഥാനത്തില്‍ ചെയ്യുന്നതാണെന്നു ഞാന്‍ കണ്ടു.” ലോകത്തിലെ മിക്ക ആളുകളും അന്യോന്യമുള്ള മത്സരത്തിന്റെ അടിസ്ഥാനത്തിലാണു പ്രവര്‍ത്തിക്കുന്നത് എന്നാണു ശലോമോന്റെ നിരീക്ഷണം. മിക്കവാറും ക്രിസ്തീയലോകത്തിലും ഇതു ശരിയാണെന്നതു ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. ഉയര്‍ന്ന ശമ്പളം വാഗ്ദാനം ചെയ്തു ചില ക്രിസ്തീയ സംഘടനകള്‍ മറ്റു ചില ക്രിസ്തീയ സംഘടനകളില്‍ നിന്നു പ്രവര്‍ത്തകരെ പിടിക്കുന്നു. ഇതു ലോകത്തിന്റെ ഒരാത്മാവാണ്. മറ്റാരോടും ഒന്നിനോടും (വ്യക്തികള്‍, സഭ, സംഘടന എന്നിങ്ങനെ) ഒരു ദൈവമനുഷ്യന്‍ ഒരിക്കലും മത്സരത്തിലല്ല.

4:9-12-ല്‍ വളരെ നല്ല ചില പ്രസ്താവനകള്‍ നമുക്കു കാണാം.

”ഒരുവനെക്കാള്‍ ഇരുവര്‍ ഏറെ നല്ലത്. അവര്‍ക്കു തങ്ങളുടെ പ്രയത്‌നത്താല്‍ നല്ല പ്രതിഫലം കിട്ടുന്നു”(4:9). രണ്ടായി പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ ഒരു ഭാര്യയും ഭര്‍ത്താവും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ ദൈവത്തിനായി ഏറെ പൂര്‍ത്തീകരിക്കുവാന്‍ അവര്‍ക്കു കഴിയും. അവര്‍ക്കു കുഞ്ഞുങ്ങളാകുമ്പോള്‍ ഒന്നിച്ചു കൂടുതല്‍ ചെയ്യാന്‍ സാധിക്കും. സഭയിലെ സഹോദരീ സഹോദരന്മാരെ സംബന്ധിച്ചും ഇതു ശരിയാണ്.

‘ഒരുവനെക്കാള്‍ ഇരുവര്‍ നല്ലത്’ എന്നു പറയുന്നതിന്റെ രണ്ടാമത്തെ കാരണം ഇതാണ്: ”ഒരുവന്‍ വീണാല്‍ മറ്റവന്‍ എഴുന്നേല്പിക്കും” (4:10). ഒരു സഭ ഇങ്ങനെയാണെങ്കില്‍ അത് അത്ഭുതകരമായിരിക്കും- പാപത്തിലോ നിരാശയിലോ വീണുപോയവരെ പിടിച്ചുയര്‍ത്താന്‍ താല്പര്യമുള്ളവര്‍. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ”തങ്ങളുടെ കൂട്ടത്തില്‍ മുറിവേറ്റവരെ വെടിവയ്ക്കുന്ന ഒരേയൊരു സൈന്യം കര്‍ത്താവിന്റെ സൈന്യമാണ്.”

”ഏകാകി വീണാലോ അവനെ എഴുന്നേല്പിക്കാന്‍ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം” (4:10). കൂട്ടായ്മയില്ലാതെ ഒറ്റയ്ക്കു ക്രിസ്തീയജീവിതം നയിക്കുന്നത് എപ്പോഴും അപകടകരമാണ്.

കൂട്ടായ്മയ്ക്കുള്ള മൂന്നാമത്തെ കാരണം: ”രണ്ടുപേര്‍ ഒന്നിച്ചു കിടന്നാല്‍ അവര്‍ക്കു കുളിര്‍ മാറും” (4:11). നമുക്കു കൂട്ടായ്മയുണ്ടെങ്കില്‍ ഹൃദയങ്ങളില്‍ തീ കത്തിക്കൊണ്ടി രിക്കാന്‍ പരസ്പരം ഉത്സാഹിപ്പിക്കാന്‍ കഴിയും. നിങ്ങള്‍ക്കു നിങ്ങളില്‍ തന്നെ കര്‍ത്താവിനായി അഗ്നിയില്‍ നില്ക്കാന്‍ കഴിയാതെ പോകുന്നുവെങ്കില്‍ ദൈവത്തിനായി അഗ്നിയില്‍ നില്ക്കുന്നവരുടെ കൂട്ടായ്മ തേടുക.

നാലാമത്തെ കാരണം: ”ഏകാകിയെ ഒരുത്തന് ആക്രമിച്ചു കീഴടക്കാം. എന്നാല്‍ രണ്ടുപേര്‍ ഒന്നിച്ചു നിന്നാല്‍ അക്രമിയെ ചെറുക്കാം” (4:12). യേശു പറഞ്ഞു: ”രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ (എന്റെ നാമത്തെ മഹത്വപ്പെടുത്താന്‍), ഏകാത്മാവില്‍ കൂടിവരുന്നേടത്തൊക്കെയും ഞാന്‍ അവരുടെ മധ്യത്തിലുണ്ട്. അവര്‍ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും” (മത്തായി 18:18-20). രണ്ടു വിശ്വാസികള്‍ അന്യോന്യം പൂര്‍ണമായി ഒന്നാണെങ്കില്‍ അവര്‍ക്കു സാത്താന്യ പ്രവൃത്തികളെ ബന്ധിക്കുവാനും പരിമിതപ്പെടുത്താനും കഴിയും. ഒരു വിശ്വാസിക്കു തനിയെ അതു ചെയ്യുവാന്‍ കഴിയുകയില്ല. കാരണം അതിനു ക്രിസ്തുവിന്റെ ശരീരത്തിന്റെ (അതിന് ഏറ്റവും കുറഞ്ഞതു രണ്ടു വിശ്വാസികളെങ്കിലും വേണം) സാന്നിധ്യം ആവശ്യമുണ്ട്.

”മുപ്പിരിച്ചരടു വേഗത്തില്‍ അറ്റു പോകയില്ല” (4:12). ശക്തമായ ഒരു വിവാഹ ബന്ധത്തിനു മൂന്നു ചരടുകള്‍ ആവശ്യമാണ്- ഭര്‍ത്താവ്, ഭാര്യ, ദൈവം. കര്‍ത്താവു മധ്യത്തിലില്ലെങ്കില്‍ ആ വിവാഹ ജീവിതം ഐശ്വര്യ പൂര്‍ണമാവുകയില്ല.

ഇവിടെയിതാ തിരുത്തലുകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ഒരു നല്ല വചനം: ”പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാള്‍ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലന്‍ കൊള്ളാം”(4:13). മൂഢനായ ഒരു രാജാവാകുന്നത് എളുപ്പമാണ്. ആത്മിക നേതൃത്വത്തിലേക്കു ദൈവം നമ്മെ ഉയര്‍ത്തുമ്പോള്‍ നാമാണു ശരിയെന്ന് എളുപ്പത്തില്‍ ചിന്തിച്ചുപോകുകയും ആരും നമ്മെ തിരുത്തേണ്ടതില്ല എന്നു കരുതുകയും ചെയ്‌തേക്കാം. അത്തരം മൂഢമായ മനോഭാവത്തില്‍ എത്തുന്നതില്‍ നിന്നു ദൈവം തന്നെ നമ്മെ രക്ഷിക്കട്ടെ. എന്നെ തിരുത്തിയിട്ടുള്ള ചെറുപ്പക്കാര്‍ക്കായി ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. ഞാന്‍ ആ തിരുത്തലുകള്‍ സ്വീകരിക്കുകയും അങ്ങനെ കൂടുതല്‍ മെച്ചപ്പെട്ട ഒരുവനായിത്തീരുകയും ചെയ്തിട്ടുണ്ട്. എന്റെ മുഖത്ത് ഒരു കറുത്ത അഴുക്കു പറ്റിയെന്നിരിക്കട്ടെ. കാണാന്‍ കഴിയാത്തതുകൊണ്ട് എനിക്കതിനെക്കുറിച്ച് ബോധമില്ല. എന്നാല്‍ എന്റെ മുഖത്ത് അങ്ങനെയൊരു പാടുണ്ടെന്ന് എന്നോടു പറയുന്ന ഒരുവനോട് ഞാന്‍ നന്ദിയുള്ളവനായിരിക്കണം. കാരണം അങ്ങനെ പറഞ്ഞതുകൊണ്ടാണല്ലോ എനിക്കതു തുടച്ചു കളയുവാന്‍ കഴിഞ്ഞത്. അങ്ങനെ പറഞ്ഞുതന്ന വ്യക്തിക്ക് 20 വയസ്സാണോ 80 വയസ്സാണോ എന്നതു പ്രസക്തമല്ല. ആ ആള്‍ എന്നെ സഹായിക്കുകയാണു ചെയ്തത്. സ്വയം തിരുത്താന്‍ തയ്യാറല്ലാത്തതുകൊണ്ട് പല ക്രിസ്തീയ നേതാക്കളും വൃദ്ധനും മൂഢനുമായ ഒരു രാജാവിനെപ്പോലെയാണ്. എന്നാല്‍ ജ്ഞാനിയായ ഒരുവന്‍ എപ്പോഴും തിരുത്തല്‍ സ്വീകരിക്കുവാന്‍ തയ്യാറായിരിക്കും.

അധ്യായം 5:1-3 ദൈവസന്നിധിയില്‍ വാക്കു ചുരുക്കമായിരിക്കണമെന്നു നമ്മോടു പറഞ്ഞിരിക്കുന്നു: ”ദൈവസന്നിധിയില്‍ ഒരു വാക്ക് ഉച്ചരിപ്പാന്‍ നിന്റെ ഹൃദയം ബദ്ധപ്പെടരുത്. ദൈവം സ്വര്‍ഗ്ഗത്തിലും നീ ഭൂമിയിലും അല്ലോ. ആകയാല്‍ നിന്റെ വാക്കു ചുരുക്കമായിരിക്കട്ടെ” (വാക്യം 2). പ്രാര്‍ത്ഥനയില്‍ നാം പറയുന്നതിനെ ക്കാളേറെ നാം കേള്‍ക്കണം. പ്രാര്‍ത്ഥന ദൈവത്തോടുള്ള ഒരു ടെലിഫോണ്‍ സംഭാഷണം പോലെയാണ്. ടെലിഫോണിനു കേള്‍ക്കുന്ന ഒരു ഭാഗവും സംസാരിക്കുന്ന ഒരു മൗത്ത് പീസും ഉണ്ട്. നിങ്ങളെക്കാള്‍ പക്വതയുള്ള ഒരാളോട് നിങ്ങള്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ കൂടുതല്‍ സംസാരിക്കുകയാണോ കൂടുതല്‍ കേള്‍ക്കുകയാണോ ചെയ്യുന്നത്? തങ്ങളെക്കാള്‍ ദൈവഭക്തരായ ആളുകളോടു സംസാരിക്കുമ്പോള്‍ അഹങ്കാരിയായ ഒരുവന്‍ മാത്രമേ കേള്‍ക്കുന്നതിനെക്കാള്‍ ഏറെ സംസാരിക്കുകയുള്ളു. അങ്ങനെയാണെങ്കില്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കു മ്പോള്‍ നാം എങ്ങനെയായിരിക്കണം? മിക്ക ക്രിസ്ത്യാനികളും പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവത്തിന് ഇങ്ങോട്ട് ഒരു വാക്കു സംസാരിക്കാന്‍ അവസരം കൊടുക്കാറില്ല. അവര്‍ തന്നെയാണു മുഴുവന്‍ നേരവും സംസാരിക്കുന്നത്. ഇതു ദൈവത്തെ അപമാനിക്കലാണ്.

പ്രാര്‍ത്ഥന എന്നു പറയുന്നത് 90% കേള്‍ക്കുന്നതും 10% അങ്ങോട്ടു സംസാരിക്കു ന്നതും ആയിരിക്കണം. നമ്മുടെ സ്വര്‍ഗ്ഗീയ പിതാവിനു നമ്മുടെ ഓരോ പ്രശ്‌നവും ആവശ്യവും അറിയാം. എന്നിട്ടും നമ്മുടെ ആഗ്രഹങ്ങള്‍ അവിടുത്തോട് നാം അറിയിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ടാണു നമ്മോടു പ്രാര്‍ത്ഥിക്കണമെന്നു പറഞ്ഞിരിക്കുന്നത്. മുഴങ്കാലില്‍ ഇരുന്നു മാത്രമേ പ്രാര്‍ത്ഥിക്കാവൂ എന്നുമില്ല. ‘എപ്പോഴും പ്രാര്‍ത്ഥിക്കാന്‍’ യേശു നമ്മോടു പറഞ്ഞിരിക്കുന്നു (ലൂക്കൊ. 18:1). അതുകൊണ്ട് എപ്പോഴും ദൈവത്തെ ശ്രദ്ധിക്കുന്ന സ്വഭാവം നാം വളര്‍ത്തിയെടുക്കണം. പൊലീസ് ഓഫീസര്‍മാര്‍ എപ്പോഴും അവരുടെ ‘വാക്കി-ടോക്കിയു’മായി നടക്കുന്നതു നാം കണ്ടിട്ടുണ്ട്. ഈ റേഡിയോ സെറ്റ് എപ്പോഴും ഓണാക്കി വയ്ക്കും. കാരണം അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും അവര്‍ക്കു സന്ദേശവും നിര്‍ദ്ദേശങ്ങളും വരാം. നാം എങ്ങനെ ജീവിക്കണം എന്നുള്ളതിന്റെ മനോഹരമായ ചിത്രമാണിത്- സ്വര്‍ഗ്ഗമെന്ന നമ്മുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് എപ്പോള്‍ വരുന്ന ഉത്തരവുകളും സ്വീകരിക്കാന്‍ ഒരുക്കമുള്ളവരായിരിക്കുക.

”നീ നേര്‍ന്നതു കഴിക്ക. നേര്‍ന്നിട്ടു കഴിക്കാതെയിരിക്കുന്നതിനെക്കാള്‍ നേരാതെയിരിക്കുന്നതു നല്ലത്” (5:4,5). നമുക്കു പാലിപ്പാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ ദൈവത്തോടു ചെയ്യരുത്. നമ്മള്‍ ധ്യാനത്തിന്റെ ഗാനങ്ങള്‍ പാടുകയും കര്‍ത്താവിന്റെ മുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്യുമ്പോള്‍ നാം ദൈവത്തോടു കള്ളം പറയരുത്. നിങ്ങള്‍ അത് അര്‍ത്ഥമാക്കുന്നില്ലെങ്കില്‍ ‘എന്റെ സ്വര്‍ണവും വെള്ളിയും എടുത്തോളൂ; അതില്‍ ഒരു തരിപോലും ഞാന്‍ പിടിച്ചു വയ്ക്കുകയില്ല’ എന്നു പാടരുത്. നിങ്ങള്‍ ലോകത്തിന്റെ പാട്ടുകള്‍ കൂടി പാടുന്നവരാണെങ്കില്‍ ”എന്റെ ശബ്ദത്തെ എടുത്തുകൊള്‍ക; അങ്ങനെ ഞാന്‍ എപ്പോഴും എന്റെ രാജാവിനായി പാടട്ടെ” എന്നു പാടാതിരിക്കുക. നിങ്ങള്‍ ജീവിതത്തില്‍ നിങ്ങള്‍ക്കുള്ളതെല്ലാം കര്‍ത്താവിനായി സമര്‍പ്പിച്ചിട്ടില്ലെങ്കില്‍ ‘യേശുവിനായ് ഞാന്‍ എല്ലാം സമര്‍പ്പിക്കുന്നു’ എന്നു പാടരുത്. മറ്റെല്ലാ ദിവസത്തേക്കാളും ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ കള്ളം പറയുന്നതു ഞായറാഴ്ചയാണ്. കാരണം അന്നാണ് അവര്‍ ഇത്തരം പാട്ടുകള്‍ മീറ്റിംഗുകളില്‍ പാടുന്നത്. പാട്ടിലെ ചില പ്രയോഗങ്ങള്‍ നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് യാഥാര്‍ത്ഥ്യമായിട്ടില്ലെങ്കില്‍ അതു നിങ്ങള്‍ക്ക് ഒരു പ്രാര്‍ത്ഥനയായി ആലപിക്കാം. അതു നിങ്ങളുടെ സാക്ഷ്യമായിട്ടില്ല. ഇങ്ങനെയാണു നിങ്ങള്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്നു കര്‍ത്താവിനോടു പറയുക. അപ്പോള്‍ നിങ്ങള്‍ സത്യസന്ധരായിരിക്കും. എന്നാല്‍ പാട്ടിലെ ഒരു വരിയില്‍ വിവരിക്കുന്ന ജീവിതം നിങ്ങളുടെ ആഗ്രഹം പോലുമായിട്ടില്ലെങ്കില്‍ എല്ലാ സത്യസന്ധതയോടും കൂടെ ആ വരി വരുമ്പോള്‍ മൗനം പാലിക്കുക. മറ്റുള്ളവര്‍ കള്ളം പറയുന്നെങ്കില്‍ അവര്‍ പാട്ടിലൂടെ ദൈവത്തോട് അങ്ങനെ കള്ളം പറയട്ടെ. എന്നാല്‍ നിങ്ങള്‍ നിങ്ങളോടു തന്നെ സത്യസന്ധത പാലിക്കുക.

അധ്യായം 5:10: ”ദ്രവ്യപ്രിയനു ദ്രവ്യം കിട്ടീട്ടും ഐശ്വര്യപ്രിയന് ആദായം കിട്ടീട്ടും തൃപ്തി വരുന്നില്ല. അതും മായ അത്രേ.” ആരോ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ”എല്ലാ മനുഷ്യരുടെയും ആവശ്യത്തിനുള്ളത് ദൈവം ഈ ലോകത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ ഒരു മനുഷ്യന്റെ പോലും അത്യാഗ്രഹത്തിനുള്ളതു സൃഷ്ടിച്ചിട്ടില്ല.” എത്ര തന്നെ പണം നേടിയാലും അത്യാഗ്രഹിയായ ഒരു മനുഷ്യന്‍ ഒരിക്കലും സന്തുഷ്ടനല്ല. കോടീശ്വരനും കൂടുതല്‍ വേണം. നമുക്കു ദൈവത്തെയും പണത്തെയും കൂടി സ്‌നേഹിക്കാന്‍ കഴിയുകയില്ലെന്നു യേശു പറഞ്ഞു (ലൂക്കൊ. 16:13)- കാരണം അവ പരസ്പര വിരുദ്ധമാണ്. ”വസ്തുവക പെരുകുമ്പോള്‍ (നിങ്ങ ളുടെ ശമ്പളം വര്‍ധിക്കുമ്പോള്‍) അതുകൊണ്ട് ഉപജീവിക്കുന്നവരും (നിങ്ങളുടെ ചെലവുകളും) പെരുകുന്നു” (5:11). അച്ചടക്കമില്ലാത്ത ഒരുവന്റെ ചെലവുകളും അവന്റെ വരവിനൊത്തു ചുവടു വയ്ക്കും. അതുമൂലം അവന് ഒരിക്കലും പണം സമ്പാദിക്കാന്‍ കഴിയാതെ വരും.

”വേല ചെയ്യുന്ന മനുഷ്യന്‍ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു. ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാന്‍ സമ്മതിക്കുന്നില്ല” (5:12). നിങ്ങള്‍ രാത്രിയില്‍ ധാരാളം സമൃദ്ധമായ ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്കു വേണ്ടതു പോലെ ഉറങ്ങുവാന്‍ കഴിയുകയില്ല. ലളിതമായ ഭക്ഷണം ആരോഗ്യകരമായ ജീവിതത്തിലേക്കു നിങ്ങളെ നയിക്കും.

6:1,2: ”സൂര്യനു കീഴെ ഞാന്‍ കണ്ടിരിക്കുന്ന ഒരു തിന്മ ഉണ്ട്. അതു മനുഷ്യര്‍ക്കു ഭാരമുള്ളതാകുന്നു. ദൈവം ഒരു മനുഷ്യനു ധനവും ഐശ്വര്യവും മാനവും നല്‍കുന്നു. അവന്‍ ആഗ്രഹിക്കുന്നതിന് ഒന്നിനും അവനു കുറവില്ല. എങ്കിലും അത് അനുഭവിപ്പാന്‍ ദൈവം അവന് അധികാരം കൊടുക്കുന്നില്ല.” ഇവിടെയിതാ ഒരു മനുഷ്യന്‍. അവന്‍ ധാരാളം പണം ഉണ്ടാക്കി. പക്ഷേ ധനത്തിനു വേണ്ടിയുള്ള അന്വേഷണത്തില്‍ അവന് ആരോഗ്യം നഷ്ടമായി. പലതും ഭക്ഷിക്കരുതെന്നു ഡോക്ടര്‍മാര്‍ വിലക്കി. ഇന്നത്തെ കാലത്തു മിക്ക ആളുകളും തങ്ങളുടെ പ്രവര്‍ത്തന ജീവിതത്തിന്റെ ആദ്യ പകുതിയില്‍ തങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തി ധനം സമ്പാദിക്കുന്നു. തുടര്‍ന്നു തങ്ങളുടെ ജീവിതത്തിന്റെ രണ്ടാം പകുതിയില്‍ ആ ധനം നഷ്ടപ്പെടുത്തി ആരോഗ്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നു! എന്തൊരു ഭോഷത്തം! അവര്‍ കഠിനജോലി ചെയ്തു തങ്ങളുടെ ആരോഗ്യം നഷ്ടപ്പെടുത്തുന്നു. പണം കുന്നുകൂട്ടാനായി തങ്ങളെത്തന്നെ നശിപ്പിക്കുന്നു. ഒടുവില്‍ മരിക്കുന്നു.

നിങ്ങളുടെ ജീവിതത്തിന്റെ നല്ല വര്‍ഷങ്ങളും ഓരോ ദിവസത്തിന്റേയും മെച്ചപ്പെട്ട ഭാഗങ്ങളും ദൈവത്തിനു കൊടുക്കുക. വിവേകത്തോടെ ജീവിക്കാനുള്ള മാര്‍ഗ്ഗം അതാണ്.

ഈ ലോകത്തു ജീവിക്കുന്നതെങ്ങനെ?

എഴു മുതല്‍ ഒന്‍പതു വരെ അധ്യായങ്ങളില്‍ ഈ ലോകത്തു ജീവിക്കുന്നതു സംബന്ധിച്ചു ധാരാളം നല്ല, പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ നമുക്കു കാണാം.

”നല്ല പേര്‍ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം” (സഭാപ്രസംഗി 7:1). ദൈവത്തിനായും നിത്യതയുടെ മൂല്യങ്ങളനുസരിച്ചും നിങ്ങള്‍ നിങ്ങളുടെ ജീവിതം ഉപയോഗിച്ചെങ്കില്‍ മാത്രമേ ഇതു ശരിയാകുകയുള്ളു. ”ക്ഷമയുടെ ആത്മാവാണു നിഗളത്തിന്റെ ആത്മാവിനെക്കാള്‍ മെച്ചം”(7:8). ക്ഷമയുള്ള മനുഷ്യനാണു നിഗളിയായ മനുഷ്യനെക്കാള്‍ എല്ലാ നിലയിലും ഭേദം.

”പണ്ടത്തെ കാലം ഇപ്പോഴത്തേതിനെക്കാള്‍ നന്നായിരുന്നതിന്റെ കാരണം എന്ത് എന്നു നീ ചോദിക്കരുത്. നീ അങ്ങനെ ചോദിക്കുന്നതു ജ്ഞാനമല്ലല്ലോ” (7:10). യേശുവിന്റെ ഒരു ശിഷ്യനെ സംബന്ധിച്ചിടത്തോളം ഭാവിയാണു ഭൂതകാലത്തെക്കാള്‍ എപ്പോഴും മെച്ചം. അതുകൊണ്ടു നാം ഒരിക്കലും പുറകോട്ടു നോക്കരുത്- ഒരിക്കലും.

7:16,17-ല്‍ മനുഷ്യജ്ഞാനം വാഗ്ദാനം ചെയ്യുന്ന ബുദ്ധിശൂന്യമായ ഒരു ഉപദേശം നമുക്ക് ഇവിടെ കാണാം. ”അതി നീതിമാനായിരിക്കരുത്. അതിദുഷ്ടനായിരിക്കരുത്. നിന്നെ നീ എന്തിനു നശിപ്പിക്കുന്നു?” നീതിയുടെ കാര്യത്തില്‍ അല്പമൊക്കെ ഒത്തുതീര്‍പ്പില്ലാതെ ജീവിക്കുക അസാധ്യമെന്നു ലോകമനുഷ്യര്‍ പറയാറുണ്ട്. അതുകൊണ്ട് ഇവിടെ അല്പം കൈക്കൂലി കൊടുക്കുന്നത്, അവിടെ അല്പം കള്ളം പറയുന്നത് എന്നിവയെയൊക്കെ അവര്‍ ന്യായീകരിക്കുന്നു. നിലനില്പിനുള്ള ഒരേയൊരു വഴി ഇതാണെന്ന് അവര്‍ പറയുന്നു! എന്നാല്‍ യഥാര്‍ത്ഥ ക്രിസ്ത്യാനി തീര്‍ച്ചയായും ഇതു തള്ളിക്കളയും. അവര്‍ പറയുന്ന ഈ വാക്യത്തെ വേറൊരു നിലയില്‍ ഇങ്ങനെ പറയാം: ”അതിനീതിമാനോ, വല്യ ആത്മികനോ ആകാന്‍ നോക്കരുത്.’- ദൈവവചനത്തിന്റെ പരിധിക്കപ്പുറത്തു പോകരുതെന്നു സാരം.

7:28-ല്‍ ശലോമോന്‍ ഇങ്ങനെ പറയുന്നു: ”ആയിരം പേരില്‍ ജ്ഞാനിയായ ഒരു പുരുഷനെ ഞാന്‍ കണ്ടെത്തി. എങ്കിലും ഇത്രയും പേരില്‍ ജ്ഞാനിയായ ഒരു സ്ത്രീയെ കണ്ടെത്തിയില്ല.” ഇതിന്റെ അര്‍ത്ഥം പുരുഷന്മാര്‍ സ്ത്രീകളെക്കാള്‍ ജ്ഞാനികളാണെന്നാണോ? അല്ല. ആത്മികരാകാന്‍ ഒരേ ശക്തിയോടും കഴിവോടും കൂടിയാണു ദൈവം പുരുഷന്മാരെയും സ്ത്രീകളെയും സൃഷ്ടിച്ചിരിക്കുന്നത്. ശലോമോന്‍ ഇവിടെ തന്റെ അന്തപ്പുരത്തിലുള്ള 1000 സ്ത്രീകളെയാവാം- 700 ഭാര്യമാരും 300 വെപ്പാട്ടികളും (1 രാജാക്കന്മാര്‍ 11:3)- ഉദ്ദേശിക്കുന്നത്. തന്റെ അന്തപ്പുരത്തിലെ സ്ത്രീകളില്‍ ശാലോമോന്‍ ജ്ഞാനമുള്ള ഒരാളെപ്പോലും കണ്ടെത്തിയില്ലെന്നതില്‍ അത്ഭുതമില്ല. പക്ഷേ യഥാര്‍ത്ഥത്തില്‍ പുരുഷന്മാരെക്കാള്‍ ജ്ഞാനികളായ പല പല ആത്മീയരായ സ്ത്രീകളുണ്ട്.

”മനുഷ്യന്റെ ജ്ഞാനം അവന്റെ മുഖത്തെ പ്രകാശിപ്പിക്കുന്നു. അവന്റെ മുഖത്തെ കാഠിന്യം മാറിപ്പോകുന്നു” (8:1). നമുക്കു കൂടുതല്‍ ജ്ഞാനം ഉണ്ടെങ്കില്‍ കര്‍ത്താവിലെ സന്തോഷം കൊണ്ടു നമ്മുടെ മുഖം കൂടുതല്‍ പ്രകാശിക്കും. ജ്ഞാനമില്ലാത്ത, മടയനായ ഒരു മനുഷ്യന്റെ ഒരു ലക്ഷണം വിഷമിച്ച, തളര്‍ന്ന മുഖഭാവമാണ്. യേശു ഒരിക്കലും അങ്ങനെയായിരുന്നില്ല; അവിടുത്തെ ശിഷ്യന്മാരും.

”ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തല്‍ക്ഷണം നടക്കായ്കകൊണ്ട് മനുഷ്യര്‍ ദോഷം ചെയ്യുവാന്‍ ധൈര്യപ്പെടുന്നു” (8:11). ആരെങ്കിലും ഏതെങ്കിലും നിലയിലുള്ള പാപം ചെയ്താല്‍ ദൈവം ഉടനടി അതിനു ശിക്ഷ നല്‍കിയിരുന്നെങ്കില്‍ ലോകമെങ്ങുമുള്ള മനുഷ്യര്‍ പാപം ചെയ്യുന്നത് അവസാനിപ്പിക്കുമായിരുന്നു. എന്നാല്‍ ന്യായവിധി ദിവസം വരുന്നു. ”പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീര്‍ഘായുസ്സോടെ ഇരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ പരസ്യമായി ഭയപ്പെടുന്ന ഭക്തന്മാര്‍ക്കാണു നന്മ വരുന്നത്” (8:12).

8:17 പറയുന്നത് ദൈവം ചെയ്യുന്ന ഒട്ടേറെ കാര്യങ്ങളില്‍, പരിമിതമായ മനുഷ്യജ്ഞാനത്തിനു മനസ്സിലാക്കാന്‍ കഴിയുന്നതും വിശദീകരിക്കാന്‍ കഴിയുന്നതും വളരെ കുറച്ചു കാര്യങ്ങള്‍ മാത്രമേയുള്ളുവെന്നതാണ്.

9:8 മനോഹരമായ ഒരു വാക്യമാണ്. നമ്മുടെ ജീവിതത്തിനും ശുശ്രൂഷയ്ക്കും പ്രസക്തമാണീ വാക്യം: ”നിന്റെ വസ്ത്രം എല്ലായ്‌പ്പോഴും വെള്ളയായിരിക്കട്ടെ; നിന്റെ തലയില്‍ എണ്ണ കുറയാതിരിക്കട്ടെ.” നാം നമ്മുടെ മനഃസാക്ഷി, ഹൃദയം എന്നിവയെ എപ്പോഴും നിര്‍മലമായി സൂക്ഷിക്കണമെന്നും നാം പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്‍ കീഴില്‍ സദാസമയവും ആയിരിക്കണമെന്നും ഈ വാക്യം പറയുന്നു.
9:14-18 ഒരു ചെറിയ പട്ടണത്തെ വിവേകിയായ ഒരാള്‍ തനിയെ എങ്ങനെ ശത്രുക്കളില്‍ നിന്നു വിടുവിച്ചു എന്നു പറയുന്നു. എന്നാല്‍ പിന്നീട് ആരും ഈ മനുഷ്യനെ ഓര്‍മിച്ചില്ല. ”യുദ്ധായുധങ്ങളെക്കാള്‍ മെച്ചം ജ്ഞാനമാണ്” (9:18). ക്രൂരത കൊണ്ടല്ല, ദയകൊണ്ടാണു നാം ആളുകളെ നേടേണ്ടത്. തങ്ങളില്‍ ആരാണു ശക്തന്‍ എന്നു തെളിയിക്കാന്‍ സൂര്യനും കാറ്റും തമ്മില്‍ നടന്ന മത്സരത്തെക്കുറിച്ചു കുട്ടികളുടെ ഒരു കഥയുണ്ട്. തെരുവിലൂടെ നടന്നു പോകുന്ന ഒരുവനെ നോക്കി സൂര്യനും കാറ്റും തമ്മില്‍ പന്തയം വച്ചു. അയാളുടെ കോട്ട് ആര്‍ക്കാണ് ഊരിക്കാന്‍ കഴിയുന്നത് അവര്‍ക്കായിരിക്കും ശക്തി. ആദ്യം കാറ്റിന്റെ ഊഴമായിരുന്നു. കാറ്റ് അയാളുടെ കോട്ട് അടിച്ചു പറത്താന്‍ ശക്തിയായി വീശി. എന്നാല്‍ കാറ്റ് എത്ര ശക്തമായോ അത്രത്തോളം വഴിയാത്രക്കാരന്‍ കോട്ടു പറന്നുപോകാതിരിക്കാന്‍ രണ്ടു കൈകൊണ്ടും അതു ശരീരത്തോട് വളരെ ബലമായി ചേര്‍ത്തുപിടിച്ചു. അങ്ങനെ കാറ്റു തോറ്റു. അടുത്തതു സൂര്യന്റെ ഊഴം. അത് കൂടുതല്‍ കൂടുതല്‍ ചൂട് വമിപ്പിച്ചു. ഉഷ്ണം അസഹ്യമായപ്പോള്‍ വഴിയാത്രക്കാരന്‍ തന്നെ തന്റെ കോട്ട് ഊരി. ജ്ഞാനമാണു ശക്തിയെക്കാള്‍ മെച്ചം. ദൈവം തന്റെ കരുണയിലൂടെ നമ്മെ അനുതാപത്തിലേക്കു കൊണ്ടുവരുന്നു (റോമര്‍ 2:4).

ലോകജ്ഞാനത്തിന്റെ ഉദാഹരണങ്ങള്‍

”ചത്ത ഈച്ച തൈലക്കാരന്റെ തൈലം നാറുമാറാക്കുന്നു. അല്പ ഭോഷത്വം ജ്ഞാനമാനങ്ങളെക്കാള്‍ ഘനമേറുന്നു” (10:1). ഒരു ചെറിയ ഭോഷത്തം നിങ്ങളുടെ മുഴുവന്‍ സാക്ഷ്യത്തേയും നശിപ്പിക്കും. രുചികരമായ ഒരു ചിക്കന്‍ കറിയില്‍ ചത്ത ഒരു പല്ലി വീണാല്‍ അതു പിന്നെ ഒന്നിനും കൊള്ളാത്തപോലെയാണിതും. അതുകൊണ്ടാണ് ഭോഷത്തമായ പ്രവൃത്തികള്‍, വാക്കുകള്‍ എന്നിവയില്‍ നിന്നു നമ്മെ സൂക്ഷിക്കണേയെന്നു ദൈവത്തോട് എളിമയോടെ നാം അപേക്ഷിക്കേണ്ടത്.

10:4 ലിവിങ് ബൈബിളില്‍ വളരെ മനോഹരമായി ഇങ്ങനെ പരാവര്‍ത്തനം ചെയ്തിരിക്കുന്നു: ”നിന്റെ യജമാനന്‍ നിന്നോടു കോപിച്ചിരിക്കുകയാണെങ്കിലും വിട്ടുകളയരുത്, ഉപേക്ഷിച്ചു കളയരുത്.”

”കുഴി കുഴിക്കുന്നവന്‍ (മറ്റുള്ളവര്‍ക്കായി), അതില്‍ തന്നെ വീഴും” (10:8). നാം മറ്റുള്ളവരെ കൈകാര്യം ചെയ്യുന്നതു പോലെ ദൈവം നമ്മേയും കൈകാര്യം ചെയ്യും.

”വേലി പൊളിക്കുന്നവനെ പാമ്പു കടിക്കും” (10:8). ദൈവം നമുക്കെല്ലാവര്‍ക്കും ചുറ്റും ചില അതിരുകള്‍ വരച്ചിട്ടുണ്ട്. നാം അതിനുള്ളില്‍ കഴിയണം. നാം അതിനു പുറത്തു പോയാല്‍ പഴയ പാമ്പായ സാത്താനു നമ്മെ കടിക്കാന്‍ കഴിയും. ഇതാണ് ഏദന്‍ തോട്ടത്തില്‍ ആദമിനും ഹവ്വയ്ക്കും സംഭവിച്ചത്; രാജാക്കന്മാരായ ശൗലിനും ഉസ്സിയായ്ക്കും സംഭവിച്ചതും മറ്റൊന്നല്ല (ഉല്‍പത്തി 3; 1 ശമു.13:9; 2 ദിനവൃ-. 26:16).

”ഇരുമ്പായുധം മൂര്‍ച്ചയില്ലാഞ്ഞിട്ട് അതിന്റെ വായ്ത്തല തേക്കാതിരുന്നാല്‍ അവന്‍ അധികം ശക്തി പ്രയോഗിക്കേണ്ടി വരും. ജ്ഞാനമോ കാര്യസിദ്ധിക്ക് ഉപയോഗമുള്ള താകുന്നു” (10:10). ഒന്നാമതു മഴു തേച്ച് അതിന്റെ വായ്ത്തല മൂര്‍ച്ച വരുത്തിയാല്‍ നിങ്ങള്‍ക്കു വേഗത്തില്‍ ജോലി തീര്‍ക്കാം. നമ്മുടെ മനഃസാക്ഷി എപ്പോഴും നേര്‍മ്മയുള്ളതായി വച്ചാല്‍ നമുക്കു കൂടുതല്‍ ആത്മിക മൂര്‍ച്ച ഉണ്ടായിരിക്കും. ദൈവവചനം നമുക്കു നന്നായി അറിയാമെങ്കില്‍ ആത്മാവിന്റെ വാളും നമ്മുടെ കയ്യില്‍ മൂര്‍ച്ചയോടെ ഇരിക്കും. ദൈവവചനത്തെക്കുറിച്ചു വേണ്ട അറിവില്ലാതെ പ്രസംഗിക്കുന്നത് യുദ്ധത്തിനു വായ്ത്തല ഇല്ലാത്ത ഒരു വാള്‍ ഉപയോഗിക്കുന്നതു പോലെ ആയിരിക്കും. ശത്രു തോല്‍ക്കുകയില്ല. ‘നിങ്ങളില്‍ പാപമില്ലാത്തവന്‍ ഒന്നാമതു കല്ലെറിയട്ടെ’ എന്നതു പോലെയുള്ള ഒറ്റ വാചകം കൊണ്ട് യേശു പ്രശ്‌നങ്ങള്‍ പരിഹരിച്ചത് ഓര്‍ക്കുക. സാത്താന്റെ പരീക്ഷകളുടെ സമയത്തും അവിടുത്തെ മറുപടികള്‍ ഇങ്ങനെ അതീവ മൂര്‍ച്ചയുള്ള വാളായിരുന്നു: ”മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായില്‍ നിന്നു വരുന്ന സകല വചനംകൊണ്ടു ജീവിക്കുന്നു.”

വീണ്ടും നമ്മള്‍ ഇവിടെയിതാ ലോകജ്ഞാനത്തിന്റെ ഒരു കലര്‍പ്പ് കാണുന്നു: ”ദ്രവ്യമോ, സകലത്തിനും ഉതകുന്നു” (10:19). ഇതു തന്നെയാണു ലോകമനുഷ്യനും പറയുന്നത്. ഇതുകൊണ്ടാണ് അവന്‍ മുഴുഹൃദയത്തോടും പണത്തിനു പിന്നാലെ പായുന്നത്. എന്നാല്‍ ദൈവമാണു സകല പ്രശ്‌നങ്ങള്‍ക്കും ഉത്തരം എന്നു വിശ്വസിക്കുന്ന നമ്മള്‍ മുഴുഹൃദയത്തോടും ദൈവത്തെ അന്വേഷിക്കും.

വാക്യം 10:20 കിടപ്പറയില്‍ മറ്റുള്ളവര്‍ക്കെതിരെ അപവാദം പറയുന്നതു സംബന്ധിച്ച മുന്നറിയിപ്പാണ്.

”നിന്റെ അപ്പത്തെ വെള്ളത്തിന്മേല്‍ എറിയുക. ഏറെനാള്‍ കഴിഞ്ഞിട്ട് നിനക്കതു കിട്ടും” (11:1). നമുക്ക് ഒരു അവസരം കിട്ടുമ്പോള്‍ നാം മറ്റുള്ളവര്‍ക്കു നന്മ ചെയ്യുക. നാം വിതച്ചതു പിന്നീടു നാം കൊയ്യും. നാം കൊടുത്ത അളവില്‍ നമുക്കു മടക്കിക്കിട്ടും.

”വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാല്‍ വീണെടത്തു തന്നെ കിടക്കും” (11:3) ~ഒരു മനുഷ്യന്‍ മരിച്ചു കഴിഞ്ഞാല്‍ അവന്റെ നിത്യത തീരുമാനിച്ചു കഴിഞ്ഞു.

”കാറ്റിനെ വിചാരിക്കുന്നവന്‍ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവന്‍ കൊയ്കയുമില്ല” (11:4). ദൈവത്തെ സേവിക്കാന്‍ ഏറ്റവും നല്ല സമയത്തിനായി നാം കാത്തിരിക്കരുത്. നാം മറ്റുള്ളവരോടു സുവിശേഷം പങ്കുവച്ച് കര്‍ത്താവിനെ സേവിക്കുവാന്‍ സദാ തയ്യാറായിരിക്കണം- നമുക്കു സൗകര്യമുള്ള സമയമാണെങ്കിലും അല്ലെങ്കിലും (2 തിമൊ. 4:2).

”കാറ്റിന്റെ ഗതി എങ്ങോട്ടെന്ന് അറിയാത്തതുപോലെ സകലവും ഉണ്ടാക്കുന്ന ദൈവത്തിന്റെ പ്രവൃത്തികളെ നീ അറിയുന്നില്ല”(11:5). ദൈവികജ്ഞാനത്തിന്റെ സാഗരത്തെ ഉള്‍ക്കൊള്ളുവാന്‍ നമ്മുടെ മനസ്സാകുന്ന കൊച്ചു കപ്പിനു കഴിയുകയില്ല. അതുകൊണ്ടുതന്നെ ഈ ഭൂമിയിലെ പല കാര്യങ്ങളും വിശദീകരിക്കാന്‍ നമുക്കു സാധ്യമല്ല. ദൈവം എല്ലാ മേഖലയിലും എങ്ങനെയാണു പ്രവര്‍ത്തിക്കുന്നതെന്നും നമുക്ക് അറിഞ്ഞുകൂടാ. ”കാറ്റ് ഇഷ്ടമുള്ളിടത്തേക്ക് ഊതുന്നു” എന്നു യേശു പറഞ്ഞു (യോഹ. 3:5). അങ്ങനെ, പരിശുദ്ധാത്മാവിന്റെ എല്ലാ പ്രവൃത്തികളും നമുക്കു വിശദീകരിക്കാനാവില്ല.

11:9 മുതല്‍ 12:7 വരെയുള്ള വാക്യങ്ങള്‍ തങ്ങളുടെ ഹൃദയത്തിന്റെ തോന്നലുകളെയും കണ്ണുകളുടെ ആഗ്രഹങ്ങളെയും പിന്തുടരുന്ന യൗവനക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് – ”ഇവ ഒക്കെയും നിമിത്തം ദൈവം നിന്നെ ന്യായവിസ്താരത്തിലേക്കു വരുത്തും.” തങ്ങളുടെ ശരീരം കൊണ്ടു ചെയ്യുന്ന എല്ലാ കാര്യത്തിനും ദൈവത്തിനു കണക്കു കൊടുക്കേണ്ടി വരുമെന്ന ബോധ്യത്തോടെ വേണം അവര്‍ ഓരോ ദിവസവും ജീവിക്കാന്‍. ജീവിതം വേഗം കടന്നുപോകുമെന്നുള്ളതുകൊണ്ട് കോപം ഉള്‍പ്പെടെ നിത്യതയില്‍ നഷ്ടമുണ്ടാക്കുന്ന എല്ലാറ്റിനെയും അവര്‍ ഒഴിവാക്കണം. ബാല്യകാലത്തിലെ തന്നെ സ്രഷ്ടാവിനെ അറിയണം. പ്രായമായ ശേഷം ദൈവത്തിങ്കലേക്കു തിരിയുവാന്‍ കൂടുതല്‍ ബുദ്ധിമുട്ടാണ്. 12:2-7 വാക്യത്തില്‍ വാര്‍ദ്ധക്യത്തെക്കുറിച്ചു വിവരിച്ചിരിക്കുന്നു.

ഒരു നല്ല പ്രസംഗകന്റെ പല ഗുണങ്ങള്‍ വിവരിച്ചിരിക്കുന്ന മൂന്നു വാക്യങ്ങളാണ് 12:9-11. ഒരു നല്ല പ്രസംഗകന്‍ ദൈവവചനം നന്നായി അറിയുകയും ദൈനംദിന സാഹചര്യത്തില്‍ അവ എങ്ങനെയാണു ജ്ഞാനത്തോടെ പ്രായോഗികമാക്കേണ്ട തെന്നു മനസ്സിലാക്കിയിരിക്കുകയും വേണം. അവന്‍ ദൈവവചനം ധ്യാനിക്കണം. ഓരോ വിഷയത്തെക്കുറിച്ചും എന്തെല്ലാം പറഞ്ഞിട്ടുണ്ടെന്ന് അന്വേഷിക്കണം. പഠനത്തിലൂടെ ലഭിച്ച വിവരങ്ങള്‍ ക്രമീകരിച്ചു വയ്ക്കണം. തുടര്‍ന്ന് ഈ സത്യങ്ങള്‍ കൃത്യമായും ഭംഗിയായും താല്പര്യം തോന്നത്തക്ക വിധത്തിലും വ്യക്തമാക്കാന്‍ ശ്രദ്ധിക്കണം. അപ്പോള്‍ അവന്റെ വാക്കുകള്‍ വലിയ ഇടയന്‍ തന്നെ നല്‍കിയ വാക്കുകളായിരിക്കും. അവ കേള്‍വിക്കാരുടെ ഹൃദയങ്ങളില്‍ പ്രധാന സത്യങ്ങളെ ആണിയടിച്ച് ഉറപ്പിക്കുകയും അവരെ പ്രവര്‍ത്തനങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യും.

12:12-ല്‍ അധികം പഠിക്കുന്നതു ക്ഷീണം ഉണ്ടാക്കുമെന്നു നമ്മോടു പറഞ്ഞിരിക്കുന്നു.

ഉപസംഹാരമായി നമ്മോട് ഇങ്ങനെ പറഞ്ഞിരിക്കുന്നു: ”ദൈവത്തെ ഭയപ്പെട്ട് അവന്റെ കല്പനകളെ അനുസരിക്കുക. ദൈവം ഓരോ പ്രവൃത്തിയെയും ന്യായവിസ്താരത്തിലേക്കു കൊണ്ടുവരും” (12:13,14). മതഭക്തന്‍ ദൈവത്തെ അനുസരിക്കുന്നതു ന്യായവിധിയെ ഭയന്നാണ്. മറിച്ച്, ആത്മികന്‍ സ്‌നേഹത്തില്‍ നിന്നും നന്ദിയില്‍ നിന്നുമാണ് ദൈവത്തെ അനുസരിക്കുന്നത് (യോഹ. 14:15).

ചുരുക്കത്തില്‍ സഭാപ്രസംഗി നമുക്കു കാട്ടിത്തരുന്നത് പല മേഖലകളിലും ശരിയായി എങ്ങനെ പ്രവര്‍ത്തിക്കണമെന്നു ദൈവത്തെ അറിയാത്തവര്‍ക്കും ധാരണയുണ്ട് എന്നാണ്. പക്ഷേ ശരിയായ കാര്യങ്ങള്‍ ചെയ്യുന്നതിനു പിന്നിലുള്ള അവരുടെ മനോഭാവം സ്വാര്‍ത്ഥതയില്‍ നിന്ന് ഉരുത്തിരിഞ്ഞതായിരിക്കും. അവര്‍ മറ്റെല്ലാവരെയും വിധിക്കുന്ന സ്വയ നീതീകരണക്കാരായ പരീശന്മാരായിരിക്കും. അവര്‍ പല നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടാവും. പക്ഷേ നാം നേരത്തെ പറഞ്ഞതുപോലെ ഒരു പല്ലി (ആത്മിക നിഗളം) അവരുടെ മുഴുവന്‍ കറിയെയും നശിപ്പിച്ചിരിക്കുന്നു.