ബൈബിളിലൂടെ : പുറപ്പാട്

യിസ്രായേല്‍ എന്ന രാഷ്ട്രത്തിന്റെ ജനനം



ഉല്പത്തി ആരംഭങ്ങളുടെ പുസ്തകമെങ്കില്‍ പുറപ്പാടിനെ ഒരു രാഷ്ട്രത്തിന്റെ ഉത്ഭവത്തെക്കുറിക്കുന്ന പുസ്തകമായി നമുക്കു കാണക്കാക്കാം- യിസ്രായേല്‍ എന്ന രാഷ്ട്രം. ഈ രാജ്യത്തിന്റെ ആരംഭം ഉല്പത്തിയില്‍ നാം കാണുന്നു. എന്നാല്‍ ഇവിടെ അത് ഒരു സമ്പൂര്‍ണ്ണ രാഷ്ട്രം എന്ന നിലയില്‍ രൂപപ്പെടുന്നതു നാം കാണുന്നു. ആദ്യ 15 അധ്യായങ്ങളില്‍ അവര്‍ ഈജിപ്തില്‍ അടിമകളായിരുന്നതും അവിടെ നിന്നുള്ള മോചനവും. തുടര്‍ന്നുള്ള അധ്യായങ്ങളില്‍ അവര്‍ക്കു നിയമങ്ങള്‍ നല്‍കുന്നതും മരുഭൂമിയിലെ ജീവിതവും സമാഗമന കൂടാരം നിര്‍മ്മിക്കുന്നതിന്റെ രൂപരേഖകളുടെ വിവരണവും നാം വായിക്കുന്നു.

ഈജിപ്തില്‍ നിന്നുള്ള വീണ്ടെടുപ്പ്

അടിമകളായിരുന്നിട്ടു കൂടി യിസ്രായേല്‍ക്കാരെക്കുറിച്ച് ഫറവോന്‍ ആശങ്കപ്പെട്ടിരുന്നു എന്ന് ഒന്നാം അധ്യായത്തില്‍ നാം വായിക്കുന്നു. അവരുടെ എണ്ണം വര്‍ദ്ധിച്ചു വന്നിരുന്നതിനാല്‍ അവര്‍ ഒടുക്കം മത്സരിച്ച് തനിക്കുവേണ്ടി പണിയെടുക്കുന്നതു നിര്‍ത്തിക്കളയുമോ എന്നവന്‍ ഭയപ്പെട്ടിരുന്നു. അതുകൊണ്ട് ഫറവോന്‍ ഒരു കല്പന പുറപ്പെടുവിച്ചു- യിസ്രായേലില്‍ ജനിക്കുന്ന എല്ലാ ആണ്‍കുഞ്ഞുങ്ങളെയും വേഗത്തില്‍ കൊന്നു കളയുക. ഈ പദ്ധതിയുടെ ആവിര്‍ഭാവം പിശാചില്‍ നിന്നാണ്. മനുഷ്യചരിത്രത്തില്‍ യെഹൂദരെ കൊന്നൊടുക്കുവാന്‍ പിശാച് അനേകം തവണ ശ്രമിക്കുന്നതു കാണാം. അത്തരത്തിലുള്ള ആദ്യ സന്ദര്‍ഭമാണിത്.

എങ്ങനെയാണ് ദൈവം നമ്മെ സാത്താന്റെ പദ്ധതികളില്‍ നിന്നു രക്ഷിക്കുന്നതെന്ന് ഉല്പത്തി പുസ്തക പഠനത്തില്‍ നാം കണ്ടു. മാത്രമല്ല അത് എങ്ങനെ നമുക്കു നന്മയ്ക്കാക്കിത്തീര്‍ക്കുന്നു എന്നും. അവിടുന്നു സാത്താന്റെ പദ്ധതികളെ സാത്താനെതിരെ തന്നെ തിരിക്കുകയും അവയെ അവിടുത്തെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. സാത്താനെ പൂര്‍ണ്ണമായി നശിപ്പിക്കുകയോ അവന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും അവനെ തടയുകയോ ചെയ്യുവാന്‍ തക്കവണ്ണം അവനെക്കാള്‍ എത്രയോ വലിയ ഒരു ശക്തിയാണു ദൈവം എന്നാണ് അതു കാണിക്കുന്നത്. നമ്മെ തിന്മയില്‍ നിന്നു രക്ഷിക്കുന്നതിലൂടെ മാത്രമല്ല നമ്മെ നശിപ്പിക്കുവാന്‍ സാത്താന്‍ പ്രയോഗിക്കുന്ന എല്ലാറ്റിനെയും ഉപയോഗപ്പെടുത്തിക്കൊണ്ടും കൂടിയാണ് ദൈവം തന്റെ ശക്തി നമുക്കു കാട്ടിത്തരുന്നത്. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് കാല്‍വരി. അവിടെ യേശുവിനെ ക്രൂശിക്കുവാനായി അവിടുത്തെ ശത്രുക്കളെ സാത്താന്‍ ഉപയോഗിക്കുന്നു. എന്നാല്‍ സാത്താന്റെ സമ്പൂര്‍ണ്ണ പരാജയം ആ ക്രൂശില്‍ തന്നെ സംഭവിക്കുവാന്‍ ഇടയായി ത്തീരുന്നു. എല്ലായ്‌പ്പോഴും എന്നപോലെ സാത്താന്റെ പദ്ധതി തിരിച്ചടിക്കുന്നു!

സാത്താന്‍ യേശുവിനു നേരെ പ്രയോഗിച്ചതു ദൈവം അവനിലേക്കു തിരിച്ചു കൊടുക്കുന്നു. നാമും അവിടുത്തെ മുമ്പാകെ താഴ്മയില്‍ നല്ല മനസ്സാക്ഷിയോടെ നിന്നാല്‍ അതുതന്നെ നമ്മുടെ ജീവിതത്തിലും ദൈവം ചെയ്യും. സാത്താനും അവന്റെ കിങ്കരന്മാരും നമുക്കെതിരെ ദോഷത്തിനായി ചെയ്യുന്ന കാര്യങ്ങള്‍ അവര്‍ക്കു നേരെ തന്നെ തിരിഞ്ഞു ചെല്ലും. അങ്ങനെ നമ്മെക്കുറിച്ചുള്ള ദൈവപദ്ധതി നിറവേറുവാന്‍ ഇടയാകും. ബൈബിളിന്റെ മുഖ്യസന്ദേശങ്ങളിലൊന്ന് ഇതാണ്. തിരുവെഴുത്തുകളില്‍ ഉടനീളം ഇത് ആവര്‍ത്തിക്കുന്നതു നമുക്കു കാണാം.

ഫറവോന്‍ എല്ലാ ആണ്‍കുഞ്ഞുങ്ങളെയും കൊല്ലുവാന്‍ ആജ്ഞ കൊടുത്തതു കൊണ്ടാണ് മോശെയുടെ അമ്മ മോശെയെ ഒരു ചെറിയ കുട്ടയിലാക്കി ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടു നദിയില്‍ ഒഴുക്കിയത് എന്നു നാം കാണുന്നു. അത്തരം ദുഷ്ടമായ ഒരു ആജ്ഞ പുറപ്പെട്ടിരുന്നില്ലെങ്കില്‍ അത്തരം ഒരു പ്രവൃത്തി അവള്‍ ഒരിക്കലും ചെയ്യുമായിരുന്നില്ല. എന്നാല്‍ അവള്‍ അങ്ങനെ ചെയ്തതു കൊണ്ടാണ് മോശെയെ ഫറവോന്റെ പുത്രി കണ്ടെടുക്കുവാനും മോശെ കൊട്ടാരത്തില്‍ വളരുവാനും ഇടയായത്. തന്റെ ജീവിതത്തിലെ ആദ്യ നാല്പതു വര്‍ഷങ്ങള്‍ക്കുള്ള പരിശീലനം മോശെയ്ക്കു ലഭിക്കുവാന്‍ ദൈവം നിയോഗിച്ച ഇടം അതായിരുന്നു. ഫറവോന്‍ ദോഷകരമായ ആ കല്പന പുറപ്പെടുവിച്ചിരുന്നില്ലെങ്കില്‍ അതു സാദ്ധ്യമാകുമായിരുന്നില്ല. മോശെ മറ്റൊരു അടിമയായി വളരുമായിരുന്നു. സാത്താന്റെ പ്രവൃത്തി ദൈവോദ്ദേശ്യത്തെ എങ്ങനെ നിറവേറ്റുന്നു എന്നു നിങ്ങള്‍ക്കു മനസ്സിലായോ?

ഇവിടെ നമുക്കൊരു വലിയ പാഠം ഗ്രഹിക്കാനുണ്ട്- അതു സഭാ ചരിത്രത്തിലുടനീളം നമുക്കു കാണാം. തന്റെ ജനത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുമ്പോള്‍ ഒരു വ്യക്തിയിലൂടെ ദൈവം അതിനു തുടക്കം കുറിക്കുന്നു. യിസ്രായേല്യരെ വിടുവിക്കുവാന്‍ അനുയോജ്യനായ ഒരുത്തനെ ദൈവത്തിനു കണ്ടെത്തേണ്ടിയിരുന്നു. ആ മനുഷ്യനുള്ള പരിശീലനം 80 വര്‍ഷം നീണ്ടു നിന്നു. അതൊരു ഔപചാരിക വിദ്യാഭ്യാസം മാത്രമായിരുന്നില്ല. മോശെ ഈജിപ്തിലെ ഏറ്റവും നല്ല കലാശാലകളില്‍ വിദ്യാഭ്യാസം നേടി. എന്നാല്‍ ദൈവത്തിന്റെ പ്രവൃത്തിക്ക് അതു മതിയാകുമായിരുന്നില്ല. അപ്പൊസ്തല പ്രവൃത്തി 7-ല്‍ മോശെ വാക്കിലും പ്രവൃത്തിയിലും സമര്‍ത്ഥനായിത്തീര്‍ന്നുവെന്നു സ്‌തെഫാനോസ് പറയുന്നു. നാല്പതാം വയസ്സില്‍ മോശെ കരുത്തനും വാഗ്മിയുമായി തീര്‍ന്നു. അവന്‍ ഒരു വലിയ സൈനിക നേതാവും ധനികനും അക്കാലത്ത് ലോകത്തിലെ ഏറ്റവും നല്ല കലാലയങ്ങളില്‍ നിന്നും വിദ്യാഭ്യാസം നേടിയ വ്യക്തിയുമായിരുന്നു (ആ കാലഘട്ടത്തിലെ ലോകത്തെ ഏറ്റവും വലിയ ‘സൂപ്പര്‍ പവര്‍’ ഈജിപ്ത് ആയിരുന്നു). എന്നാല്‍ അതിന്റെയെല്ലാം ഒടുവില്‍ ദൈവത്തിന്റെ വേലയ്ക്ക് തികച്ചും അയോഗ്യനെന്നാണു മോശെ സ്വയം കണ്ടെത്തിയത്. തങ്ങളെ വിമോചിപ്പിക്കാന്‍ ദൈവം തന്നെ എഴുന്നേല്പിച്ചു എന്ന് യിസ്രായേല്യര്‍ അംഗീകരിക്കും എന്ന് മോശെ വിചാരിച്ചു എന്നാണ് സ്‌തെഫാനോസ് പറഞ്ഞത്. എന്നാല്‍ അവനെ തങ്ങളുടെ നേതാവായി കാണുവാന്‍ അവര്‍ വിസ്സമ്മതിച്ചു. ദൈവം തനിക്കു വേണ്ടി ഒരുക്കിയ നിയോഗത്തിനു ലോകത്തില്‍ നിന്നും നേടിയ വിദ്യാഭ്യാസവും കഴിവുകളും തന്നെ ഒരുക്കുന്നില്ല എന്നു മോശെ ഗ്രഹിച്ചു.

ഇന്ന് ധാരാളം ക്രിസ്ത്യാനികള്‍ നല്ല വേദപരിജ്ഞാനം ഉള്ളതിനാല്‍ ദൈവത്തിന്റെ വേല തങ്ങള്‍ക്കു ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. അതോടൊപ്പം സംഗീതത്തിലുള്ള കഴിവും ധനവും. എന്നാല്‍ അവര്‍ക്കു തെറ്റിയിരിക്കുന്നു. അവര്‍ മോശെയുടെ ജീവിതത്തില്‍ നിന്നും ഒരു പാഠം ഉള്‍ക്കൊള്ളേണ്ടിയിരിക്കുന്നു. 40 വര്‍ഷം ഈ ലോകം പകര്‍ന്നു നല്കിയ അതിന്റെ ഏറ്റവും മെച്ചപ്പെട്ടതൊന്നും ദൈവത്തിന്റെ വേലയ്ക്കായി അവനെ ഒരുക്കിയില്ല.

അടുത്ത ഒരു നാല്പതു വര്‍ഷക്കാലം കൊട്ടാരത്തിലേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തില്‍, മരുഭൂമിയില്‍, ദൈവത്തിന് അവനെ അയക്കേണ്ടി വന്നു- അവന്‍ ഒരുക്കപ്പെടുവാന്‍. അവനിലെ മാനുഷിക ബലം തകര്‍ക്കപ്പെടേണ്ടതുണ്ടായിരുന്നു. നാല്പതു വര്‍ഷം തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയ്ക്കുക എന്ന ജോലിയിലൂടെയാണ് മോശെയില്‍ ദൈവം ആ ലക്ഷ്യം കണ്ടത്. അമ്മായിയപ്പന്മാരോടൊപ്പം ഒരു വര്‍ഷം കഴിയുന്നതു തന്നെ ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം അപമാനകരമായ ഒരു കാര്യമാണ്. എനിക്കറിയാവുന്ന അനേകം യുവതികള്‍ ഇന്ത്യയില്‍ തങ്ങളുടെ അമ്മായിയപ്പന്മാരോടൊപ്പമാണു കഴിയുന്നത്. എന്നാല്‍ ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം ഭാര്യാപിതാവിനോടൊത്തു ജീവിക്കുകയും അദ്ദേഹത്തിനു വേണ്ടി ജോലി എടുക്കുകയും ചെയ്യുക എന്നത് അതില്‍നിന്നും എത്രയോ വ്യത്യസ്തമായ അനുഭവമാണ്! ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം തികച്ചും താഴ്ത്തുന്ന ഒരു അനുഭവമാണത്. എന്നാല്‍ ദൈവം മോശെയെ നുറുക്കിയത് അപ്രകാരമാണ്. യാക്കോബിനെയും ദൈവം നുറുക്കിയത് അപ്രകാരമാണെന്ന് നിങ്ങള്‍ക്കറിയാം. അവനും 20 വര്‍ഷക്കാലം അമ്മായിയപ്പനോടൊത്ത് കഴിയേണ്ടി വന്നു. ദൈവം അമ്മായിയപ്പന്മാരെയും അമ്മായിയമ്മമാരെയും തന്റെ മക്കളെ നുറുക്കുവാന്‍ ഉപയോഗിക്കുന്നു!

ഈജിപ്തിലെ കലാലയങ്ങള്‍ക്കു പഠിപ്പിക്കുവാന്‍ കഴിയാത്ത കാര്യങ്ങള്‍ മരുഭൂമിയില്‍ നിന്നും മോശെ പഠിച്ചു- ആടുകളെ പാലിച്ചും തന്റെ ഭാര്യാപിതാവിനു വേണ്ടി ജോലി ചെയ്തും. ഒരിക്കല്‍ സമര്‍ത്ഥനായ വാഗ്മിയായിരുന്ന ആള്‍, യിസ്രായേലിന്റെ വിമോചകനെന്നു സ്വയം മതിച്ച ആള്‍, ഇപ്പോള്‍ പറയുന്നു: ”കര്‍ത്താവേ ഞാന്‍ പ്രാപ്തനല്ല എനിക്കു സംസാരിക്കാന്‍ കഴിവില്ല. നിന്റെ ജനത്തെ നയിക്കുവാന്‍ മറ്റാരെയെങ്കിലും അയക്കണമേ” എന്ന്. അപ്പോള്‍ ദൈവം പറഞ്ഞു: ”ഒടുവില്‍ ഇതാ നീ ഒരുക്കപ്പെട്ടു കഴിഞ്ഞു. ഇപ്പോള്‍ ഞാന്‍ നിന്നെ ഫറവോന്റെ അടുക്കലേക്ക് അയയ്ക്കും” എന്ന് (4:10-17).

യാക്കോബില്‍ നിന്നും മോശെയില്‍ നിന്നും നാം പഠിക്കുന്ന പാഠം എന്താണ്? അത് ഇതാണ്: നിങ്ങള്‍ ഒരുക്കപ്പെട്ടു എന്നു നിങ്ങള്‍ വിചാരിക്കുമ്പോള്‍ നിങ്ങള്‍ വാസ്തവത്തില്‍ അങ്ങനെ ആയിട്ടില്ല. നിങ്ങള്‍ക്കു കഴിവുണ്ട്, നിങ്ങള്‍ ശക്തനാണ്, നിങ്ങള്‍ക്ക് അറിവുണ്ട്, നിങ്ങള്‍ക്ക് സംസാരിക്കുവാനും പാടുവാനും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുവാനും ദൈവത്തിനുവേണ്ടി അത്ഭുതകാര്യങ്ങള്‍ പ്രവര്‍ത്തിക്കുവാനും കഴിവുണ്ട് എന്ന് നിങ്ങള്‍ ചിന്തിക്കുന്നു. അപ്പോള്‍ ദൈവം പറയുന്നു: ”നിങ്ങള്‍ ആയിട്ടില്ല. നീ നുറുക്കപ്പെടുന്നതുവരെ എനിക്കു കാത്തിരിക്കേണ്ടിയിരിക്കുന്നു.” യാക്കോബിനെ സംബന്ധിച്ച് അത് 20 വര്‍ഷമായിരുന്നു. മോശെയ്ക്ക് 40 വര്‍ഷവും. പത്രൊസിന് അതു 3 വര്‍ഷമായിരുന്നു. പൗലൊസിനും കുറഞ്ഞത് മൂന്നു വര്‍ഷം. നമ്മെ സംബന്ധിച്ച് ഇത് എത്രനാള്‍? ദൈവത്തിന്റെ കരങ്ങള്‍ക്കു കീഴില്‍ താണിരിക്കുവാന്‍ എത്ര വേഗം നാം പഠിക്കുന്നുവോ അത്ര വേഗം അതു സാധിക്കും.

സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ 12-ാംക്ലാസ് വരെ പോകുവാന്‍ എത്ര വര്‍ഷം നമുക്കാവശ്യമുണ്ട്? എല്ലാ വര്‍ഷവും ക്രമമായി ജയിക്കുന്നു എങ്കില്‍ 12 വര്‍ഷം. എന്നാല്‍ അതു 16 വര്‍ഷം കൊണ്ടു പാസ്സാകുന്നവരുണ്ട്. ചില വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികള്‍ 5 വര്‍ഷത്തെ ബിരുദം 10 വര്‍ഷം കൊണ്ടാണ് നേടുന്നത്. എത്ര വേഗം പാഠങ്ങള്‍ പഠിക്കുന്നുവോ അത്രവേഗം മാത്രമാണ് ഒരാള്‍ പാസ്സാകുന്നത്. ക്രിസ്തീയ ജീവിതത്തിലും അത് അങ്ങനെ തന്നെയാണ്.

12:40-ല്‍ പറയുന്നു: ”യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍ കഴിച്ച പരദേശവാസം 430 സംവത്സരം ആയിരുന്നു.” ഉല്പത്തി 15:13-ല്‍ ദൈവം അബ്രാഹാമിനോടു സംസാരിക്കുമ്പോള്‍ ”നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു 400 വര്‍ഷം പ്രവാസികളായിരിക്കും” എന്നരുളിച്ചെയ്തിരിക്കുന്നു. ഇവിടെ അതു 430 വര്‍ഷമായതായി നാം കാണുന്നു. ദൈവത്തിന് ഒരു തെറ്റുപറ്റിയോ? ഇല്ല. ദൈവം തന്റെ സമയപ്പട്ടികയില്‍ കണിശക്കാരന്‍ തന്നെയാണ്. ദൈവം തെറ്റുകള്‍ വരുത്താറില്ല. ദൈവം അബ്രാഹാമിനോടു സംസാരിക്കുമ്പോള്‍ യിസ്രായേല്യരെക്കുറിച്ചുള്ള തന്റെ സമ്പൂര്‍ണ്ണ ഹിതം വെളിപ്പെടുത്തുകയായിരുന്നു. അത് ഈജിപ്തില്‍ 400 വര്‍ഷം പ്രവാസികളായിരിക്കണമെന്നതായിരുന്നു. പിന്നെ എന്തുകൊണ്ടാണ് 30 വര്‍ഷം കൂടുതല്‍ അവിടെ കഴിയേണ്ടി വന്നത്?

അതിന് ഉത്തരം കണ്ടെത്തുന്നതിന് നമുക്ക് വേറൊരു ഉദാഹരണം കൂടി പരിശോധിക്കാം. ഈജിപ്തില്‍ നിന്നും യിസ്രായേല്യരെ പുറത്തേക്കു കൊണ്ടു വരുമ്പോള്‍ രണ്ടു വര്‍ഷം കൊണ്ടു മരുഭൂമി കടക്കണമെന്നായിരുന്നു ദൈവത്തിന്റെ പദ്ധതി. എന്നാല്‍ മരുഭൂപ്രയാണം യഥാര്‍ത്ഥത്തില്‍ എത്ര വര്‍ഷമെടുത്തു? നാല്പതു നീണ്ട വര്‍ഷങ്ങള്‍ (ആവര്‍ത്തനം 2:14 കാണുക). നിങ്ങളെ രണ്ടുവര്‍ഷം കൊണ്ടു നുറുക്കാനായിരിക്കാം ദൈവിക പദ്ധതി. എന്നാല്‍ അതു ഫലത്തില്‍ 40 വര്‍ഷം നീണ്ടുപോകാം. നിങ്ങള്‍ രക്ഷിക്കപ്പെട്ടശേഷം രണ്ടാം വര്‍ഷം മുതല്‍ നിങ്ങളെ ഉപയോഗിക്കുവാന്‍ ദൈവം ആഗ്രഹിച്ചിരുന്നിരിക്കാം. എന്നാല്‍ 40 വര്‍ഷം തനിക്ക് അതു കഴിയാതെയും വരാം. ഇതൊക്കെ നിങ്ങള്‍ എത്ര വേഗത്തില്‍ നുറുക്കപ്പെട്ടു എന്നതിനെ ആശ്രയിച്ച് ഇരിക്കുന്ന കാര്യമാണ്. ഇതുപോലെ തന്നെ 400 വര്‍ഷം ഈജിപ്തില്‍ ആയിരിക്കണമെന്നതായിരുന്നു യിസ്രായേലിനെക്കുറിച്ചുള്ള ദൈവഹിതം. എന്നാല്‍ അവര്‍ക്കു 430 വര്‍ഷങ്ങള്‍ അവിടെ താമസിക്കേണ്ടി വന്നു.

അവരുടെ നേതാവായ മോശെയുടെ ഒരുക്കപ്പെടലിനു വന്ന കാലതാമസമായിരുന്നു അതിനു കാരണമെന്നു ഞാന്‍ വിശ്വസിക്കുന്നു. മോശെ നല്പതാം വയസ്സില്‍ മിദ്യാനിലേക്കു പോകുമ്പോള്‍ പത്തു വര്‍ഷം കൊണ്ടു അമ്മായിയപ്പനു കീഴില്‍ ഒരുക്കപ്പെടും എന്നു ദൈവം ആഗ്രഹിച്ചു. അങ്ങനെ 50-ാം വയസ്സില്‍ അവനെ യിസ്രായേലിന്റെ നേതാവായി അയയ്ക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ 10 വര്‍ഷംകൊണ്ടു മോശെ തന്റെ പാഠങ്ങള്‍ പഠിച്ചില്ല. തന്റെ ഭാര്യാപിതാവിന് അവനെ കൂടുതല്‍ നുറുക്കേണ്ടതായി വന്നു. ആ ദശവത്സര പാഠ്യപദ്ധതി പൂര്‍ത്തിയാക്കാന്‍ മോശെയ്ക്കു നാല്പതു വര്‍ഷം വേണ്ടിവന്നു. അതുകൊണ്ട് യിസ്രായേല്‍ മക്കള്‍ക്ക് മുപ്പതു വര്‍ഷത്തിലേറെ കാത്തിരിക്കേണ്ടി വന്നു. ദൈവം നുറുക്കപ്പെട്ട മനുഷ്യരെ ആശ്രയിച്ചാണ് തന്റെ വേല ഭൂമിയില്‍ നടത്തുന്നത്.

ഇതു നമുക്കൊരു സന്ദേശവും മുന്നറിയിപ്പുമാണ്. ദൈവത്തിനു നിങ്ങളുടെ ജീവിതത്തില്‍ ഒരു പദ്ധതിയുണ്ടാകാം. എന്നാല്‍ നിങ്ങള്‍ നുറുക്കപ്പെടുന്നില്ലെങ്കില്‍ അതു നിറവേറുകയില്ല. അവിടുന്നു പത്തു വര്‍ഷത്തേക്കിടുന്ന പദ്ധതി 40 വര്‍ഷം നീണ്ടു പോകും. അതുകൊണ്ടു വേഗത്തില്‍ ദൈവത്തിന്റെ ബലമുള്ള കരങ്ങള്‍ക്കു കീഴില്‍ അമരുക- എന്നുവച്ചാല്‍ ദൈവം നിങ്ങളെ കടത്തിവിടുന്ന സാഹചര്യങ്ങള്‍ക്ക് കീഴടങ്ങുക.

വിലാപങ്ങള്‍ 3:27-ല്‍ ഇപ്രകാരം വായിക്കുന്നു: ”ബാല്യത്തില്‍ നുകം ചുമക്കുന്നതു ഒരു പുരുഷനു നല്ലത്.” എന്നു വച്ചാല്‍ താഴ്ത്തുകയും നുറുക്കപ്പെടുകയും ചെയ്യുക. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ത്തന്നെ നിങ്ങളെ നുറുക്കുവാന്‍ ദൈവത്തെ അനുവദിക്കുക. ദൈവം നിങ്ങളുടെ ജീവിതത്തില്‍ അനുവദിക്കുന്ന സാഹചര്യങ്ങള്‍ക്കെതിരെ പോരാടാതിരിക്കുക. അങ്ങനെ ചെയ്താല്‍ അതു നിങ്ങളെ സംബന്ധിച്ച ദൈവപദ്ധതിയെ മന്ദഗതിയിലാക്കും. നിങ്ങളുടെ വേദപാണ്ഡിത്യമോ സംഗീതത്തിലെ കഴിവുകളോ ധനശക്തിയോ ഒന്നും ദൈവിക ശുശ്രൂഷയ്ക്ക് ഉതകുകയില്ല. നുറുക്കം തന്നെയാണ് ഒഴിച്ചു കൂടാന്‍ പാടില്ലാത്ത കാര്യം. യാക്കോബ് നുറുക്കപ്പെട്ടതുകൊണ്ടാണ് യിസ്രായേലായത്. മോശെ ഒരു നേതാവും പ്രവാചകനുമായത് അവന്‍ നുറുക്കപ്പെട്ടപ്പോഴാണ്.

അധ്യായം 2: യിസ്രായേല്‍ക്കാരെ മിസ്രയീമില്‍ നിന്നും വിടുവിക്കുവാന്‍ മോശെ പുറപ്പെടുന്നതായി ഇവിടെ നാം വായിക്കുന്നു. അവിടെ ഒരു മിസ്രയീമ്യന്‍ യിസ്രായേല്യനെ കയ്യേറ്റം ചെയ്യുന്നതു കണ്ട മോശെ അയാളെ അടിച്ചുകൊല്ലുന്നു (2:11). ഒരാളെ തന്റെ കൈകൊണ്ട് അടിച്ചുകൊല്ലുവാന്‍ കഴിയുമെങ്കില്‍ എത്ര ശക്തനായിരുന്നിരിക്കണം മോശെ എന്നു സങ്കല്പിച്ചു നോക്കുക. ഇപ്രകാരം മിസ്രയീമ്യരെ കൊന്നൊടുക്കുവാന്‍ തുടങ്ങിയാല്‍ ദശലക്ഷക്കണക്കിനു വരുന്ന മിസ്രയീമ്യരെ എത്രകാലം കൊണ്ടു കൊന്നൊടുക്കുവാന്‍ കഴിയുമായിരുന്നു? എല്ലാ മിസ്രയീമ്യരെയും കൊല്ലുവാന്‍ കഴിയുന്നതിനു മുമ്പ് മോശെയുടെ കാലം കഴിയുമായിരുന്നു. എന്നാല്‍ 80-ാം വയസ്സില്‍ സമ്പൂര്‍ണ്ണമായി മോശെ നുറുക്കപ്പെട്ടതോടെ ഒരു വടി ഉയര്‍ത്തുക മാത്രമേ ആവശ്യമായി വന്നുള്ളു- ഫറവോന്റെ സൈന്യം മുഴുവന്‍ കടലില്‍ മുങ്ങി മരിക്കുവാന്‍. സ്വന്തം ശക്തിയിലും ദൈവത്തിന്റെ ശക്തിയിലും പ്രവര്‍ത്തിക്കുന്നതിലെ വ്യത്യാസമാണ് ഇത്.

തുടക്കം മുതല്‍ക്കെ തിരുവഴുത്തുകളിലെ സന്ദേശം ഇതാണ്: നിങ്ങള്‍ക്ക് സത്യസഭയാകുന്ന യെരുശലേം പണിയണമോ എങ്കില്‍ നിങ്ങള്‍ നുറുക്കപ്പെടേണ്ടതായിട്ടുണ്ട്. സാഹചര്യങ്ങളിലൂടെയും ആളുകളിലൂടെയും ദൈവത്താല്‍ നിങ്ങള്‍ നുറുക്കപ്പെടേണ്ടതായിട്ടുണ്ട്. അത്തരം സമയങ്ങളില്‍ നിങ്ങള്‍ മത്സരം കൂടാതെ കടന്നുപോകുമെങ്കില്‍ ദൈവത്തിനു തന്റെ പ്രവൃത്തി വേഗത്തില്‍ ചെയ്യുവാന്‍ കഴിയും. തങ്ങളുടെ വേദപാണ്ഡിത്യത്തിന്റെ പിന്‍ബലത്തില്‍ ദൈവവേല ചെയ്യുവാന്‍ കഴിയും എന്ന ചിന്തയില്‍ പോകുന്ന ധാരാളം ചെറുപ്പക്കാരെ എനിക്കറിയാം. അവര്‍ സ്വന്തം ശക്തിയില്‍ വേല ആരംഭിക്കുന്നു. ഇരുപതോ മുപ്പതോ വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ ഇച്ഛാഭംഗത്താല്‍ നിരുത്സാഹികളായി ആരുടെ മേലൊക്കെയോ, തങ്ങളുടെ പരാജയകാരണം ആരോപിച്ച് പഴിച്ച് വിമര്‍ശനബുദ്ധികളായി മാറുന്നു. അവര്‍ ഒന്നും നേടാതെ തങ്ങളുടെ ജീവിതം പാഴാക്കിക്കളയുന്നു. എന്തുകൊണ്ട്? ഒരേയൊരു കാരണം- അവര്‍ തങ്ങളെ നുറുക്കുവാന്‍ ദൈവത്തെ അനുവദിച്ചില്ല.

ബൈബിള്‍ പറയുന്നു: ”ദൈവഭക്തന്റെ ജീവിതം ആവേശഭരിതമാണ്” (സദൃ. 14:14 ലിവിങ്). എനിക്ക് 76 വയസ്സുണ്ട്. 56 വര്‍ഷത്തിലധികമായി ഒരു ദൈവ പൈതലാണ്. എനിക്ക് സത്യസന്ധമായി പറയുവാന്‍ കഴിയും എന്റെ ക്രിസ്തീയ ജീവിതം ആവേശഭരിതമാണെന്ന്. എനിക്ക് ഒട്ടനവധി ശോധനകളിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അവയിലെല്ലാം ഉത്സാഹഭരിതമായ തരത്തില്‍ ദൈവത്തെ അനുഭവിക്കുവാന്‍ എനിക്കു കഴിഞ്ഞിട്ടുണ്ട്. ദൈവത്തിനുവേണ്ടി ജീവിക്കുന്നതിലും അവിടുത്തെ ശുശ്രൂഷിക്കുന്നതിലും ഞാന്‍ ആവേശഭരിതനാണ്. കര്‍ത്താവിനെ ശുശ്രൂഷിക്കുന്നതാണ് ഈ ഭൂമിയിലെ ഏറ്റവും വിശിഷ്ടമായ കാര്യം. ഈ ഭൂമിയില്‍ ആര്‍ക്കെതിരെയും എനിക്കു പരാതിയില്ല. എനിക്കു ദോഷം ചെയ്യുന്നതില്‍ ഇതുവരെയും ആര്‍ക്കും വിജയിക്കാനായിട്ടില്ല. ഒരുപാടു പേര്‍ എനിക്കു ദോഷം ചെയ്യുവാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നോടൊപ്പം ഉണ്ടായിരുന്ന ചിലര്‍ എന്നെ ഒറ്റുകയും ചെയ്തിട്ടുണ്ട്. അവര്‍ ചെയ്തതൊക്കെ എന്റെ നന്മയ്ക്കായി തീര്‍ന്നു- റോമര്‍ 8:28-ല്‍ പറയുമ്പോലെ. അതുകൊണ്ടു ഞാന്‍ അവര്‍ക്കു വേണ്ടി ദൈവത്തിനു നന്ദി പറയുന്നു. കാരണം അവരുടെ ദുഷ്പ്രവൃത്തികള്‍ എന്നെ കൂടുതല്‍ ക്രിസ്തു സ്വഭാവത്തിലേക്കു നടത്തുവാന്‍ ദൈവം ഉപയോഗിച്ചു. എന്റെ യൗവ്വന കാലങ്ങളില്‍ ദൈവം എന്നെ നുറുക്കി. ഇന്നും അതു തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഫലദായകമായ ജീവിതത്തിലേക്കുള്ള വഴി അതു തന്നെയാണ്. നാം കൂടുതല്‍ നുറുക്കപ്പെടുന്നതിലൂടെ ദൈവം നമ്മെ മറ്റുള്ളവര്‍ക്ക് അധികം അനുഗ്രഹമാക്കി ത്തീര്‍ക്കുന്നു.

17-ാം അധ്യായത്തില്‍ പാറയെ അടിക്കുമ്പോള്‍ മാത്രമാണ് വെള്ളം പുറപ്പെടുന്നത് എന്നു നാം കാണുന്നു. പാറയെ അടിക്കുന്നില്ലെങ്കില്‍ വെള്ളം പുറപ്പെടുന്നില്ല. യേശുവിന്റെ കാല്‍ക്കല്‍ ഒരു സ്ത്രീ കൊണ്ടു വച്ച സ്വച്ഛജടാമാംസി തൈലം അതിന്റെ ഭരണി പൊട്ടിച്ചപ്പോഴാണ് സൗരഭ്യം വീടു മുഴുവന്‍ നിറയുവാന്‍ ഇടയായത്. ഭരണി പൊട്ടിക്കും മുന്‍പേ ആര്‍ക്കും അതിന്റെ സൗരഭ്യം നുകരുവാന്‍ കഴിഞ്ഞില്ല. യേശു അപ്പമെടുത്തു സ്‌തോത്രം ചെയ്തപ്പോള്‍ ഒന്നും സംഭവിച്ചില്ല. എന്നാല്‍ അതു നുറുക്കിയപ്പോള്‍ അയ്യായിരം പേര്‍ തൃപ്തരായി. ഈ ദൃഷ്ടാന്തങ്ങളിലെ സന്ദേശം എന്താണ്? നുറുക്കം ആണ് അനുഗ്രഹത്തിനുള്ള വഴി. ഒരു അണുവിനെ വിഘടിപ്പിക്കുമ്പോള്‍ എത്ര വലിയ ശക്തിയാണു പുറത്തേക്കു വരുന്നത്! വലിയ ഒരു നഗരത്തിനാവശ്യമായ വൈദ്യുതി അതില്‍നിന്നും പ്രവഹിക്കുന്നു. ഒരു മൈക്രോസ്‌കോപ്പിലൂടെ പോലും നമ്മുടെ കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത ഒരു ചെറിയ അണുവിന്റെ വിഘടനത്തില്‍ പുറത്തു വരുന്ന ഊര്‍ജ്ജത്തെക്കുറിച്ച് സങ്കല്പിച്ചു നോക്കൂ. പ്രകൃതിയിലും വേദപുസ്തകത്തിലും ദൈവം വച്ചിരിക്കുന്ന സന്ദേശം ഇതാണ്. ദൈവികശക്തി പുറപ്പെടുന്നത് നുറുക്കത്തിലൂടെയാണ്. ആ സന്ദേശം നിങ്ങളുടെ ജീവിതത്തെ പിടിക്കട്ടെ.

1963-ലാണ് ഈ സന്ദേശത്താല്‍ ദൈവം എന്നെ പിടിച്ചത്. എന്റെ ശുശ്രൂഷയില്‍ എനിക്കു ശക്തി ലഭിക്കാനാവശ്യമായ പരിശുദ്ധാത്മ സ്‌നാനത്തിനായി ഞാന്‍ ദൈവത്തെ അന്വേഷിക്കുകയായിരുന്നു. നുറുക്കത്തിന്റെ വഴിയാണ് ശക്തി ലഭിക്കുവാനുള്ള വഴിയെന്നു ദൈവം എന്നെ കാണിച്ചു തന്നു. ഞാന്‍ ജീവിതത്തിലൊരിക്കലും മറക്കാനാഗ്രഹിക്കാത്ത പാഠമായിരുന്നു അത്. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ ഈ വഴി അന്വേഷിക്കുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു

മോശെയിലൂടെ ദൈവം ജനത്തിന് ഒരു വാഗ്ദാനം നല്‍കി. അവിടുന്ന് യിസ്രായേല്‍ മൂപ്പന്മാരോടും നേതാക്കന്മാരോടും, നല്‍കിയ വാഗ്ദാനം ഇങ്ങനെ: ”ഞാന്‍ നിങ്ങളെ മിസ്രയിമ്യരുടെ ദേശത്തുനിന്നും പുറപ്പെടുവിച്ചു കനാന്യരുടെ ദേശത്തു കൊണ്ടുപോകും”(3:17). ഇവിടെ രണ്ടു വാഗ്ദാനങ്ങള്‍ നമുക്കു കാണാന്‍ കഴിയും.

”ഞാന്‍ നിങ്ങളെ മിസ്രയീം ദേശത്തു നിന്നു പുറപ്പെടുവിക്കും.”
”ഞാന്‍ നിങ്ങളെ കനാന്യ ദേശത്തു കൊണ്ടുപോകും.”

ഇതില്‍ ആദ്യ വാഗ്ദാനം മാത്രമേ നിറവേറിയുള്ളു. രണ്ടാമത്തെ വാഗ്ദാനം നിറവേറാത്തതിന്റെ കാരണം വാസ്തവത്തില്‍ അതു കേട്ട മൂപ്പന്മാരാണ്. അതു കേട്ടവരാരും തന്നെ കനാനില്‍ പ്രവേശിച്ചില്ല. കാരണം കനാനില്‍ പ്രവേശിക്കേണ്ട സമയമെത്തിയപ്പോള്‍ ആ മൂപ്പന്മാര്‍ വിശ്വാസത്തില്‍ പ്രതികരിച്ചില്ല (സംഖ്യാ: 13). നാം വിശ്വാസത്തോടെ പ്രതികരിക്കുന്നില്ലെങ്കില്‍ ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ നിറവേറുകയില്ല. അതൊരു വൈദ്യുതി സ്വിച്ച് പോലെയാണ്. ഒരു സ്വിച്ചില്‍ അടുത്തു നില്‍ക്കുന്ന രണ്ടു വയറുകള്‍ തമ്മില്‍ ബന്ധം ഉണ്ടാക്കുകയാണ്. സ്വിച്ചിടുമ്പോള്‍ അവ തമ്മില്‍ ബന്ധമുണ്ടാകുന്നു. അതോടെ ലൈറ്റും ഫാനും ഒക്കെ പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. ദൈവത്തിന്റെ വാഗ്ദാനങ്ങളും നമ്മുടെ വിശ്വാസവും ഇത്തരം രണ്ടു വയറുകള്‍ പോലെയാണ്. അവ അടുത്തടുത്തായിരിക്കാം നില്‍ക്കുന്നത്. പക്ഷേ അവ തമ്മില്‍ ബന്ധമുണ്ടാകാത്തിടത്തോളം ഒന്നും സംഭവിക്കില്ല. എന്നാല്‍ തമ്മില്‍ തൊടുന്ന സമയം ശക്തി പ്രവഹിക്കും. നിങ്ങള്‍ക്കുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ കേള്‍ക്കുവാനും മനസ്സിലാക്കുവാനും കഴിയുന്നുണ്ട്. എന്നാല്‍ എപ്പോള്‍ നിങ്ങളുടെ വിശ്വാസം അതിനെ തൊടുകയും ”അതെ ഞാന്‍ വിശ്വസിക്കുന്നു എന്റെ ജീവിത ത്തില്‍ അതു സംഭവിക്കും” എന്നു നിങ്ങള്‍ ഏറ്റു പറയുകയും ചെയ്യുമ്പോള്‍ അതു സംഭവിക്കുന്നു. കനാന്റെ അതിരില്‍ യോശുവയും കാലേബും മാത്രം അപ്രകാരം വിശ്വസിച്ചു; അവര്‍ക്കതു സാധ്യമായി.

അധ്യായം 4: ഇവിടെ മോശെയെ ദൈവം വിളിക്കുന്നതായി നാം വായിക്കുന്നു. മോശെയെ ധൈര്യപ്പെടുത്തുവാനും ചില പാഠങ്ങള്‍ മനസ്സിലാക്കി കൊടുക്കുവാനുമായി ദൈവം മൂന്ന് അടയാളങ്ങള്‍ അവനു നല്‍കുന്നു: ”ഞാന്‍ പറയുന്നതൊന്നും അവര്‍ വിശ്വസിക്കുകയില്ല” എന്നു മോശെ ദൈവത്തോടു പറഞ്ഞപ്പോള്‍ ദൈവം അവനോട് ”നിന്റെ കയ്യില്‍ എന്താണുള്ളത്?” എന്നു ചോദിച്ചു. ശ്രദ്ധിക്കുക: ദൈവം എപ്പോഴും ആരംഭിക്കുന്നതു നമ്മുടെ കയ്യില്‍ ഉള്ളതുകൊണ്ടാണ്. നമുക്കില്ലാത്ത തൊക്കെ അന്വേഷിച്ചുകൊണ്ടു നാം ഓടി നടക്കേണ്ടതില്ല. വിധവയോടു എലീശാ ചോദിച്ചു: ”നിനക്കു വീട്ടില്‍ എന്തുണ്ട്? ”ഒരു പാത്രം എണ്ണ” – അവള്‍ മറുപടി നല്‍കി. ”അതുമതി. അതുകൊണ്ടു നിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാം.” – എലീശാ പറഞ്ഞു (2 രാജാ. 4:2,3). മോശെയുടെ കയ്യില്‍ ഉണ്ടായിരുന്നത് ആടുകളെ തെളിക്കുന്ന വടി മാത്രമായിരുന്നു. അതു മതിയായിരുന്നു. ദൈവം നിങ്ങളോടുകൂടെ ഉണ്ടെങ്കില്‍ ഒരു ഇടയന്റെ വടി കൊണ്ടുപോലും അത്ഭുതങ്ങള്‍ ചെയ്യുവാന്‍ കഴിയും.

ആദ്യ അടയാളമായി വടി താഴെയിടുവാന്‍ ദൈവം കല്പിച്ചു. അതൊരു സര്‍പ്പമായിത്തീര്‍ന്നു. മോശെ അതിനെ കണ്ടിട്ട് ഓടിപ്പോയി (വാക്യം 3). ”ഭയപ്പെടരുത്” ദൈവം കല്പിച്ചു ”അതിന്റെ വാലില്‍ പിടിച്ചെടുക്കുക.” അവന്‍ അതിനെ പിടിച്ചെടുക്കുകയും അത് അവന്റെ കയ്യില്‍ വടിയായിത്തീരുകയും ചെയ്തു. എന്താണ് ഇവിടുത്തെ സന്ദേശം?

ഒന്നാമതായി നാം ചിന്തിക്കുന്നതിലും വളരെ അടുത്താണ് സാത്താന്‍. മോശെയുടെ വടിപോലെ അടുത്ത്. സാത്താന്‍ വളരെ അകലെയാണെന്നു നിങ്ങള്‍ കരുതുന്നുണ്ടോ? ഒരിക്കലുമല്ല, അവന്‍ വളരെ ചേര്‍ന്നു തന്നെയുണ്ട്. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ തെറ്റിദ്ധാരണകളുണ്ടാക്കുവാനും സഹപ്രവര്‍ത്തകരെ തമ്മിലടിപ്പിക്കുവാനുമൊക്കെ. എന്നാല്‍ നമുക്ക് അവനെ ജയിക്കുവാന്‍ കഴിയും. അവന്‍ തോല്‍പ്പിക്കപ്പെട്ട ശത്രുവാണ്. അവനെ ഭയപ്പെടരുത്. നമ്മുടെ കാല്‍ക്കീഴില്‍ ദൈവം അവനെ ചതച്ചുകളയും. ദൈവിക ശുശ്രൂഷയിലെ നാം ഗ്രഹിച്ചിരിക്കേണ്ട ഒന്നാമത്തെ പാഠം നാം സാത്താനെ ഭയപ്പെടേണ്ടതില്ല എന്നതാണ്. സാത്താന് അവന്റേതായ ഒളിസങ്കേതങ്ങളും കോട്ടകൊത്തളങ്ങളുമുണ്ട്. എന്നാല്‍ നാം അവനില്‍ നിന്നും ഓടിപ്പോവുകയില്ല. നാം പരീക്ഷകളില്‍ നിന്നും ഓടി മാറേണ്ടതുണ്ട് (2 തിമൊഥെ. 2:22). എന്നാല്‍ സാത്താന്‍ നമ്മെ വിട്ടോടിപ്പോകും (യാക്കോ. 4:7). നമ്മെ ഭയപ്പെടുത്തുവാനും പ്രലോഭിപ്പിക്കുവാനും അവന്‍ ഉപയോഗിക്കുന്നതെന്തും യേശുവിന്റെ നാമത്തില്‍ നമുക്കൊരു അധികാരത്തിന്റെ വടിയായിത്തീരും- ദൈവജനത്തെ മുമ്പോട്ടു നയിക്കുവാന്‍.

ദൈവദാസന്മാര്‍ എന്ന നിലയില്‍ നമുക്ക് അവിടുത്തെ അധികാരം ആവശ്യമാണ്- വേദപാണ്ഡിത്യമല്ല ദൈവിക അധികാരമാണ് ഒന്നാമതു വേണ്ടത്. ഏതു സമയത്തും ബൈബിള്‍ ജ്ഞാനത്തേക്കാളധികം ആത്മീയാധികാരം ഞാന്‍ ആഗ്രഹിക്കുന്നു. മോശെക്കും ഒന്നാമതായി ആവശ്യമായിരുന്നത് ശത്രുവിന്മേലുള്ള അധികാരമായിരുന്നു. സാത്താനായിരുന്നു തന്റെ ദാസനായ ഫറവോനിലൂടെ യിസ്രായേല്‍ മക്കളെ അടിമകളാക്കി വെച്ചിരുന്നത്. അവനെ ഭയം കൂടാതെ വാലില്‍ പിടിച്ചു പൊക്കിയെടുക്കുക എന്നതായിരുന്നു മോശെയുടെ ഒന്നാമത്തെ ദൗത്യം. സാത്താന്‍ ഒരിക്കലും നമ്മെ ഭയപ്പെടുത്താന്‍ പാടില്ല.

രണ്ടാമത്തെ അടയാളമായി അവന്റെ കൈ മാര്‍വിടത്തിലിടുവാന്‍ ദൈവം മോശെയോടു കല്പിച്ചു (വാ. 6). മോശെ അങ്ങനെ ചെയ്തപ്പോള്‍ തന്റെ കയ്യില്‍ കുഷ്ഠം ബാധിച്ചിരിക്കുന്നതു കണ്ടു. രണ്ടാമതായി ദൈവദാസന്മാരെന്ന നിലയില്‍ നാം മനസ്സിലാക്കിയിരിക്കേണ്ട കാര്യം നമ്മുടെ ജഡത്തില്‍ ഒരു നന്മയും വസിക്കുന്നില്ല എന്നതാണ് (റോമ. 7:18). സ്വാര്‍ത്ഥതയും ദുഷ്ടതയും നമ്മുടെ ജഡത്തിലെങ്ങും നിറഞ്ഞിരിക്കുന്നു. അതു സത്യമല്ല എന്നു നിങ്ങള്‍ കരുതുന്നു എങ്കില്‍ നിങ്ങളുടെ കൈ മാര്‍വിടത്തിലിട്ടു നോക്കുക. നിങ്ങളിലുള്ള കുഷ്ഠത്തെക്കുറിച്ചു വെളിച്ചം തരുവാന്‍ ദൈവത്തോട് അപേക്ഷിക്കുക. ഈ പ്രധാനപ്പെട്ട പാഠം നിങ്ങള്‍ പഠിക്കുന്നില്ല എങ്കില്‍ നിങ്ങളുടെ ചുറ്റിലുമുള്ളവരുടെ ജഡം നിങ്ങളുടേതിലും വൃത്തികെട്ടതാണെന്ന നിലയില്‍ അവരെ കുറ്റപ്പെടുത്തി ചുറ്റി നടക്കുന്നവരായിത്തീരും നിങ്ങള്‍. നമുക്കു ചെയ്യാന്‍ കഴിയാത്ത ഒരു പാപവും ആരും ചെയ്യുന്നില്ല. ഒരു കൃത്യം അതേ നിലയില്‍ നാം ചെയ്തിട്ടില്ലെങ്കില്‍ അതു ദൈവത്തിന്റെ കരുണ കൊണ്ടും പരീക്ഷയുടെ സമ്മര്‍ദ്ദം അതേ നിലയില്‍ നാം അനുഭവിക്കാത്തതു കൊണ്ടും ആണ്. നമ്മുടെ സഹജീവികളായ മനുഷ്യരേക്കാള്‍ ഒട്ടും തന്നെ നാം സവിശേഷതയുള്ളവരല്ല. ചുറ്റിലുമുള്ള മനുഷ്യരെക്കാള്‍ നിങ്ങള്‍ വിശേഷപ്പെട്ടവനെന്നു ചിന്തിക്കുന്നു എങ്കില്‍ ഒരു ദൈവദാസനെന്ന അവസ്ഥയ്ക്കു നിങ്ങള്‍ തികച്ചും അയോഗ്യനാണ്.

മൂന്നാമത്തെ അടയാളം നദിയിലെ വെള്ളം കോരി തറയില്‍ ഒഴിക്കുക. അതു രക്തമായിത്തീരും (വാക്യം 9). നൈല്‍ നദി ഈജിപ്തുകാരുടെ ശ്രേഷ്ഠദേവനായിരുന്നു. രക്തം മരണത്തിന്റെ സൂചനയാണ്.

അതിന്റെ ആത്മിക അര്‍ത്ഥം ഈ ലോകത്തിലെ മനുഷ്യര്‍ ആരാധിക്കുകയും അന്വേഷിച്ചോടുകയും ചെയ്യുന്ന എല്ലാറ്റിനെയും നാം മരണത്തിനേല്പിക്കണം. കര്‍ത്താവിന്റെ ദാസന്‍ ലോകത്തിനും ലോകം അവനും ക്രൂശിക്കപ്പെട്ടിരിക്കണം. ലോകം എനിക്കൊരിക്കലും വെള്ളംപോലെ ആയിരിക്കരുത് (എന്നുവച്ചാല്‍ ജീവന്‍ നിലനിര്‍ത്തുവാന്‍ അത്യന്താപേക്ഷിതമായ ഒന്ന്). അതു രക്തംപോലെ ആയിരിക്കണം. അതായത് ഒരിക്കലും കുടിക്കുവാന്‍ നമുക്ക് ആഗ്രഹം ഉണ്ടാക്കാത്ത ഒന്ന്. രക്തം കുടിക്കുന്നതിനേക്കാള്‍ ദാഹിച്ചിരിക്കുവാനായിരിക്കും നാം ഇഷ്ടപ്പെടുക. ലോകത്തില്‍ എല്ലാക്കാര്യങ്ങളെയും നാം അങ്ങനെ കാണേണ്ടതുണ്ട്.

ഏതൊരു ദൈവദാസന്റെയും അത്യന്താപേക്ഷിതമായ ഗുണങ്ങള്‍ ഈ മൂന്നു കാര്യങ്ങള്‍ ആയിരിക്കണം.

ഇപ്പോള്‍ മോശെ ഫറവോന്റെ സന്നിധിയിലേക്കു പോകുവാന്‍ സമ്മതിക്കുന്നു- ദൈവം തന്നെ 80 വര്‍ഷക്കാലം പരിശീലിപ്പിച്ചെടുത്ത ഒരു മനുഷ്യനായി ദൈവിക അധികാരത്തോടെ. മുഴു ഭൂതലത്തിലും ആ കാലഘട്ടത്തില്‍ ദൈവിക ഉദ്ദേശ്യങ്ങള്‍ക്കായി പോകുവാന്‍ കഴിയുന്ന ഒരേ ഒരു മനുഷ്യന്‍ മോശെ മാത്രമായിരുന്നു. ഇന്നു ദൈവത്തിനു ധാരാളം ദാസന്മാരുണ്ട്. ഒരുവന്‍ പരാജയപ്പെട്ടാല്‍ മറ്റൊരാളെ വേല ഏല്‍പ്പിക്കാം. എന്നാല്‍ അന്ന് അങ്ങനെയല്ല. ദൈവത്തിന് ഒരേ ഒരു മനുഷ്യന്‍ മാത്രം- മോശെ മാത്രം. ദൈവത്തിന്റെ സകല പദ്ധതിയും ആ ഒരുവനെ മാത്രം ആശ്രയിച്ചായിരുന്നു. എന്നാല്‍ ആ ഒരുവന്‍ ഫറവോന്റെ മുമ്പില്‍ നില്‍ക്കും മുന്‍പേ ഒരു സുപ്രധാന പാഠംകൂടി പഠിക്കേണ്ടതുണ്ടായിരുന്നു.

4:24-ല്‍ നാം ഇങ്ങനെ വായിക്കുന്നു. ദൈവം മോശെയെ ഈജിപ്തിലേക്കു പോകുന്ന വഴിയില്‍ വച്ച് കൊല്ലുവാന്‍ ശ്രമിച്ചു. ഇവിടെ ‘സാത്താന്‍ കൊല്ലുവാന്‍ ശ്രമിച്ചു’ എന്നായിരുന്നു എഴുതിയിരുന്നതെങ്കില്‍ നമുക്കു മനസ്സിലാക്കുവാന്‍ കഴിയുമായിരുന്നു. പക്ഷേ എന്തുകൊണ്ടു ദൈവം- അതും തന്റെ പദ്ധതികള്‍ക്ക് ആകെ ഉപയോഗിക്കാന്‍ കഴിയുന്ന ഒരേ ഒരു മനുഷ്യനെ- കൊല്ലുവാന്‍ ശ്രമിച്ചു? അതിന്റെ കാരണം മോശെയുടെ കുടുംബത്തിനുള്ളില്‍ അനുസരണക്കേടുണ്ടാ യിരുന്നു. മോശെ ഒരു മിദ്യാന്യ സ്ത്രീയെ ആയിരുന്നു വിവാഹം ചെയ്തിരുന്നത്. അവരുടെ താത്പര്യപ്രകാരം തന്റെ മകനെ മോശെ പരിച്ഛേദന കഴിപ്പിച്ചിരുന്നില്ല. മോശെയുടെ ഭാര്യ അതൊരിക്കലും അനുവദിക്കുമായിരുന്നില്ല. കലഹം ഒഴിവാക്കാനായി മോശെ അവളുടെ താത്പര്യങ്ങള്‍ക്കു വഴങ്ങി- പ്രത്യേകിച്ചും അവന്‍ തന്റെ ഭാര്യപിതാവിനോടൊത്തു താമസിച്ചിരുന്നു എന്നതിനാല്‍. മോശെയുടെ ഭാര്യയായിരുന്നു അവിടെ അധികാരി. എന്നാല്‍ തന്റെ ദാസന്മാരുടെ കുടുംബങ്ങളില്‍ അത്തരം അധികാരസ്ഥാനഭ്രംശം ദൈവം അനുവദിക്കുന്നില്ല. അതുകൊണ്ടു ദൈവം ‘സ്വന്തം വീടിനെ നയിക്കാന്‍ കഴിയാത്ത നീ യിസ്രായേലിനെ നയിക്കുവാന്‍ അപ്രാപ്തനാണ്’ എന്ന മട്ടില്‍ പറഞ്ഞു.

ബൈബിള്‍ പറയുന്നു: ”സ്വന്തം കുടുംബത്തെ പരിപാലിക്കാന്‍ അറിയാത്തവന്‍ ദൈവസഭയെ എങ്ങനെ പരിപാലിക്കും?”(1 തിമൊഥെ.3:5). ദൈവസഭയ്ക്കു നേതൃത്വം കൊടുക്കുന്നതിനു മുമ്പെ നാം സ്വന്ത കുടംബത്തില്‍ തലയായിരിക്കണം. ദൈവദാസന്മാരെന്നു വിശേഷിപ്പിക്കുന്നവര്‍ സ്വന്ത ഭാര്യയെ ഭയപ്പെട്ടു ജീവിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. അത്തരം ആളുകള്‍ക്കെങ്ങനെ കര്‍ത്താവിനെ സേവിക്കുവാന്‍ കഴിയും? നമ്മോടൊപ്പം നമ്മുടെ വീടുകളില്‍ കഴിയുന്ന കുഞ്ഞുങ്ങളെ ദൈവഭക്തി യില്‍ വളര്‍ത്തുവാന്‍ നമുക്കു കഴിയുന്നില്ലെങ്കില്‍ ദൈവമക്കളെ എങ്ങനെ ദൈവഭക്തി യില്‍ വളര്‍ത്തുവാന്‍ നമുക്കു കഴിയും?

ഇത്രയും ഗൗരവമേറിയ ഒരു സന്ദേശമായിരുന്നു ദൈവം മോശെക്കു നല്‍കിയത്: ”ഈ ഭൂമിയില്‍ എനിക്ക് ഏറ്റവും പ്രധാനപ്പെട്ട വ്യക്തി നീ ആയിരുന്നാലും നീ എന്നെ അനുസരിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്നെ കൊന്നുകളയും. എനിക്കെന്റെ പ്രമാണങ്ങളോട് വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല.” മോശെയുടെ ഭാര്യക്ക് ഭര്‍ത്താവിനു സംഭവിച്ചിരിക്കുന്നതെന്തെന്നു പെട്ടെന്നു മനസ്സിലായി. അവള്‍ ഒരു കല്‍ക്കത്തിയെടുത്ത് തന്റെ മകനെ പരിച്ഛേദന ചെയ്ത് കോപത്തോടെ മോശെയോടു പറഞ്ഞു: ”നീ എനിക്കു രക്തമണവാളന്‍.” അതിനു ശേഷം മോശെ ജ്ഞാനത്തോടെ ഒരു കാര്യം ചെയ്തു. തന്റെ ഭാര്യയെ വീട്ടിലേക്കു പറഞ്ഞയച്ചു. തുടര്‍ന്നും തന്നോടൊപ്പം പ്രശ്‌നങ്ങളുമായി പോകുവാന്‍ അനുവദിച്ചില്ല.

ദൈവം എങ്ങനെയാണു തന്റെ ദാസന്മാരോട് ഇടപെടുന്നതെന്ന് നിങ്ങള്‍ക്കു മനസ്സിലായിക്കാണും. അവിടുന്ന് സാധാരണ ആളുകളോട് വിട്ടുവീഴ്ചകള്‍ ചെയ്യുന്നു. എന്നാല്‍ തന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസന്മാരോട് ചെറിയ കാര്യങ്ങളില്‍ പോലും അനുസരണം ആവശ്യപ്പെടുന്നു. മറ്റുള്ളവരുടെ ജീവിതത്തിലെ പല മേഖലകളിലും അവിടുന്നു ശ്രദ്ധിക്കുന്നില്ല. അതേസമയം നിങ്ങളുടെ ജീവിതത്തിലെ എല്ലാ കൊച്ചു കാര്യങ്ങളെപ്പോലും അവിടുന്നു ശ്രദ്ധിക്കുന്നു. നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ദാസനെങ്കില്‍ നിങ്ങള്‍ തിരികെക്കൊടുക്കാത്ത ഒരു പത്തു രൂപയെക്കുറിച്ചോ കടംവാങ്ങിയ ഒരു പുസ്തകത്തെക്കുറിച്ചോ പോലും അവിടുന്നു നിങ്ങളുടെ മനസ്സാക്ഷിയിലൂടെ സംസാരിച്ചുകൊണ്ടിരിക്കും. അങ്ങനെ താന്‍ എല്ലാവരോടും ചെയ്യുന്നില്ല- തന്റെ പ്രത്യേക ദാസന്മാരോടു മാത്രം. അധികം ക്രിസ്ത്യാനികളും തങ്ങള്‍ക്കുവേണ്ടി മാത്രം ജീവിക്കുന്ന ഒത്തുതീര്‍പ്പുകാരാണ്. അവരെ ദൈവം ശ്രദ്ധിക്കുന്നില്ല. നിങ്ങള്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ദാസന്‍ എങ്കില്‍ നിങ്ങളുടെ വേലയെക്കുറിച്ച് ഒരു വ്യാജ റിപ്പോര്‍ട്ടും നിങ്ങള്‍ ഉണ്ടാക്കുകയില്ല. ഒരു രൂപയ്ക്കുപോലും അവിശ്വസ്തത കാണിക്കുവാന്‍ അവിടുന്നു നിങ്ങളെ അനുവദിക്കുകയില്ല. മറ്റുള്ളവര്‍ ഒരുപക്ഷേ ദശലക്ഷം രൂപയ്ക്കുള്ള അവിശ്വസ്തത കാണിച്ചെന്നിരിക്കാം. ദൈവം അവരെ കൈവിട്ടിരിക്കുകയാണ്. എന്നാല്‍ നിങ്ങളെക്കുറിച്ച് അവിടുന്ന് അങ്ങനെയല്ല. നിങ്ങള്‍ക്ക് ദൈവത്തിന്റെ ഒരു തിരഞ്ഞെടുക്കപ്പെട്ട ദാസനാകണമോ? അസൂയ അര്‍ഹിക്കുന്ന കരുതലോടെ നിങ്ങളെ ദൈവം കാക്കണമോ? എങ്കില്‍ കൊച്ചുകാര്യങ്ങളില്‍പ്പോലും അവിടുന്നു നിങ്ങളെ ശാസിക്കുവാന്‍ അനുവദിക്കുക.

അത്തരം ഒരു മനുഷ്യനാണ് ഒടുവില്‍ ഫറവോന്റെ മുമ്പില്‍ നിന്നത്. നിങ്ങള്‍ക്ക് ശുദ്ധമായ ഒരു മനസ്സാക്ഷിയോടെ ദൈവത്തിനു മുമ്പില്‍ നില്‍പ്പാന്‍ കഴിയുമെങ്കില്‍ ലോകത്തിലെ ഏതു ശക്തനായ മനുഷ്യന്റെ മുമ്പിലും നില്‍ക്കുവാന്‍ കഴിയും. ദൈവത്തിനു ഫറവോന്‍ ആരാണ്? മൂക്കില്‍ ശ്വാസമുള്ള ഒരു മണ്‍കട്ട. ഇന്ത്യയില്‍ ദൈവത്തിനു മോശെയെപ്പോലുള്ള മനുഷ്യരെ ആവശ്യമുണ്ട്. ഏലിയാവ് ആഹാബിനോട് പറഞ്ഞു: ”യഹോവയുടെ സന്നിധിയില്‍ നില്‍ക്കുന്ന ഏലിയാവാണു ഞാന്‍.” അതുകൊണ്ട് അവന്‍ ആഹാബിനെ ഭയപ്പെട്ടില്ല.

പ്രിയ സഹോദരന്മാരെ, നമുക്കു കാബിനറ്റ് മന്ത്രിമാരെയോ പാര്‍ലമെന്റ് മെമ്പര്‍മാരെയോ ഒക്കെ മറ്റു പ്രസംഗകര്‍ ചെയ്യുന്നതുപോലെ പ്രീണിപ്പിക്കേണ്ട കാര്യമില്ല. ഇന്ത്യയില്‍ നിലനില്പിന് ഇതൊക്കെ ആവശ്യമെന്ന് അവര്‍ ചിന്തിക്കുന്നു. അതിന്റെ കാരണം അവര്‍ക്കു ദൈവത്തെ അറിയില്ല എന്നതാണ്. നിങ്ങള്‍ക്കും ദൈവത്തെ അറിയില്ലെങ്കില്‍ അതു മാത്രമാണ് നിലനില്പിന്റെ വഴിയെന്നു ഞാനും സമ്മതിക്കാം. എന്നാല്‍ മോശെയും ഏലിയാവും അങ്ങനെയല്ല നിന്നത്. അവര്‍ ദൈവസാന്നിധ്യത്തില്‍ ജീവിച്ചു. ദൈവം അവരെ നിലനിര്‍ത്തി.

നിങ്ങള്‍ക്ക് അവരെപ്പോലെ ദൈവത്തിന്റെ ഒരു ദാസനാകണമോ? ഇന്നു ലോകത്തില്‍ കാണുന്ന പ്രസംഗകരെ മാതൃകയാക്കരുത്. തിരുവെഴുത്തുകളില്‍ കാണുന്ന ദൈവദാസന്മാരെ മാതൃകയാക്കുക. മനുഷ്യന്റെ അംഗീകാരം ആഗ്രഹിക്കാത്ത ആളുകളെ ദൈവം അന്വേഷിക്കുന്നു. ആരുടേയും പണം ആഗ്രഹിക്കാത്തവരെ. ഭൂമിയിലെ അധികാരികളുടെ സഹായം ആഗ്രഹിക്കാത്തവര്‍. ദൈവത്തിന്റെ മാത്രം പിന്‍തുണ ആഗ്രഹിക്കുന്നവര്‍. അങ്ങനെയാണു മോശെ ഫറവോന്റെ മുമ്പില്‍ നിന്നത്. ദൈവം മോശെയെ പൂര്‍ണ്ണമായി സഹായിച്ചു.

ഇന്നത്തെ പ്രസംഗകരെ ശ്രദ്ധിക്കുക. ഞാന്‍ അവരില്‍ പലരെയും കേട്ടിട്ടുണ്ട്. അധികം പേരും എന്നെ മടുപ്പിച്ചു. അത്തരം പ്രസംഗകരെ ദൈവം സഹായിക്കുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ? അവരുടെ വാക്കുകളില്‍ അഭിഷേകവുമില്ല. അവരുടെ ജീവിതത്തിന് ആത്മീയാധികാരവുമില്ല. മനുഷ്യരെ പ്രസാദിപ്പിക്കുന്ന ഒരുതരം അഴകൊഴമ്പന്‍ ഒത്തുതീര്‍പ്പുകാര്‍. പൗലൊസ് പറയുന്നു: ”ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല” (ഗലാ. 1:10).

ഒരിക്കലും മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ ശ്രമിക്കരുത്. ദൈവത്തെ പ്രസാദിപ്പിക്കാന്‍ മാത്രം ശ്രമിക്കുക. മനുഷ്യര്‍ നിങ്ങളെ നിന്ദിക്കയും ചവറെന്നു കരുതുകയും ചെയ്യട്ടെ. അപ്പൊസ്തലന്മാരെ വെറും ചവറെന്നു സമൂഹം കരുതി. യേശുവിനെപ്പോലും വെറും പാഴെന്നു കരുതി സമൂഹം. പക്ഷേ അവരൊക്കെ ദൈവസാന്നിദ്ധ്യത്തില്‍ മാത്രം ജീവിച്ചു. ദൈവം അവര്‍ക്കു തുണയായി നിന്നു. ഞാനും അങ്ങനെ മാത്രം ദൈവത്തെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നു.

മോശെ ദൈവമുമ്പാകെ നിന്നു. രക്തം, തവള, പേന്‍, നായീച്ച, വളര്‍ത്തു മൃഗങ്ങളുടെമേല്‍ ബാധ, പരുക്കള്‍, കന്മഴ, വെട്ടുക്കിളി, കൂരിരുട്ട്, ഒടുവിലായി ആദ്യജാതന്മാരുടെ മരണം- അങ്ങനെ ആകെ പത്തു ബാധകളെ മിസ്രയീമിന്‍മേല്‍ അയച്ചുകൊണ്ടു ദൈവം മോശെ പറഞ്ഞ വാക്കുകള്‍ക്കു പിന്നില്‍ നിന്നു. ചില ബാധകള്‍ മിസ്രയീമിലെ മന്ത്രവാദികളും സൂത്രത്തില്‍ അനുകരിച്ചു കാണിച്ചു. പക്ഷേ അവര്‍ക്ക് അങ്ങനെ തുടരാന്‍ കഴിഞ്ഞില്ല (7:11; 8:7,18).

എല്ലാ കാലഘട്ടത്തിലും മതത്തിന്റെ ആളുകള്‍ (അവര്‍ക്കു ഭക്തിയുടെ ഒരു രൂപം കാണും, അതിന്റെ ശക്തി ഉണ്ടാവുകയില്ല) മോശെയോട് എതിര്‍ത്തു നിന്ന യന്നേസിനെയും യംബ്രേസിനേയും പോലെ ദൈവഭക്തന്മാരോട് എതിര്‍ത്തു നില്‍ക്കുന്നു (2 തിമൊഥെ. 3:5,8). യെഹൂദാ മതത്തിലെ കള്ളപ്രവാചകന്മാര്‍ ഏലിയാവിനോടും യിരെമ്യാവിനോടും തങ്ങളുടെ കാലഘട്ടത്തില്‍ എതിര്‍ത്തു നിന്നു. മതത്തിലെ പരീശന്മാര്‍ യോഹന്നാന്‍ സ്‌നാപകനോടും യേശുവിനോടും പൗലൊസിനോടും അവരുടെ കാലഘട്ടത്തില്‍ എതിര്‍ത്തുനിന്നു.

സഭാചരിത്രത്തിലുടനീളം ദൈവം പല രാജ്യങ്ങളില്‍ പല കാലഘട്ടങ്ങളിലായി എഴുന്നേല്പിച്ച പ്രവാചകന്മാരെ പ്രസംഗത്തൊഴിലാളികള്‍ എതിര്‍ത്തു പോന്നു. എല്ലായ്‌പ്പോഴും അതങ്ങനെ തന്നെയായിരിക്കുന്നു. ദൈവം തനിക്ക് ഒരു പ്രവാചകനെ എഴുന്നേല്പിക്കുന്നു. ഡിഗ്രി സര്‍ട്ടിഫിക്കറ്റും ഔദ്യോഗിക നാമങ്ങളും പദവികളുമുള്ള പ്രസംഗം തൊഴിലായി സ്വീകരിച്ചവര്‍ അദ്ദേഹത്തെ പല്ലും നഖവും ഉപയോഗിച്ചു എതിര്‍ക്കുന്നു. എന്നാല്‍ അവരുടെ ആക്രമണം കൊണ്ടൊന്നും അദ്ദേഹത്തിന്റെ സന്ദേശത്തിന് തെല്ലും മാറ്റം വരുന്നില്ല. ആത്യന്തികമായി വര്‍ഷങ്ങള്‍ക്കു ശേഷം ആ പ്രവാചകന്മാരെ ദൈവം തന്നെ നീതീകരിക്കുന്നു- അവിടുന്നു മോശെയെ നീതീകരിച്ചതുപോലെ.

നിങ്ങള്‍ക്ക് ഒരു ദൈവപുരുഷന്‍ ആകണമെങ്കില്‍ ദൈവത്തെ അറിയാത്ത സ്ഥാപിത മതങ്ങളുടെ ചട്ടക്കൂടുകളെ പ്രസാദിപ്പിക്കുവാന്‍ പോകാതെയിരിക്കുക. ദൈവത്തെ അറിയുന്നതാണു നമുക്കാവശ്യമുള്ള ഏറ്റവും സുപ്രധാന കാര്യം. വാക്കുകൊണ്ടും ജീവിതംകൊണ്ടും ദൈവത്തെ ഭയപ്പെടുന്നു എന്നു തെളിയിക്കുന്ന ഒരു മനുഷ്യനെ മാത്രം ഞാന്‍ ബഹുമാനിക്കുന്നു. അവന്‍ ദൈവസാന്നിധ്യത്തില്‍ ജീവിക്കയും അവിടുത്തെ വഴികള്‍ അറിയുകയും ചെയ്യുന്നു.

12-ാം അധ്യായത്തില്‍ യിസ്രായേല്യരുടെ മോചനത്തെക്കുറിച്ചു നാം വായിക്കുന്നു. മരണദൂതനില്‍ നിന്നും രക്ഷപെടുവാനായി ഊനമില്ലാത്ത ഒരു കുഞ്ഞാടിനെ അറുത്ത് അതിന്റെ രക്തം ഈസോപ്പു ചെടിയുടെ തണ്ടുകൊണ്ട് അവരുടെ വീടുകളുടെ പ്രവേശനവാതിലിന്റെ കട്ടളക്കാലുകളിന്മേലും കുറുമ്പടിമേലും പുരട്ടണമെന്ന് അവര്‍ക്കു കല്പന കൊടുക്കുന്നു. അതു വിശ്വാസത്താല്‍ ക്രിസ്തുവിന്റെ രക്തം നമ്മുടെ ഹൃദയങ്ങളില്‍ പുരട്ടുന്നതിന്റെ ഒരു ചിത്രമാണ്. ഈസോപ്പ് മിസ്രയീമില്‍ എങ്ങും കാണുന്ന ഒരു സാധാരണ ചെടി മാത്രമാണ്. വിശ്വാസവും വളരെ എളുപ്പത്തില്‍ കണ്ടെത്താവുന്ന ഒന്നാണ്. തങ്ങളുടെ പുതിയ കലണ്ടറിന്റെ ഒന്നാം മാസം 14-ാം തീയതിയായിരുന്നു അവര്‍ ഈജിപ്തില്‍ നിന്നും പുറപ്പെട്ടത്- 1500 വര്‍ഷങ്ങള്‍ക്കുശേഷം അതേ മാസം അതേ തീയതിയില്‍ യേശുകര്‍ത്താവു ക്രൂശിതനായി. ദൈവം മുന്നോട്ടു നോക്കി പരീശന്മാരാല്‍ യേശു ക്രൂശിക്കപ്പെടുന്ന ദിവസം തന്നെ യിസ്രായേല്യര്‍ക്കു മിസ്രയീമില്‍ നിന്നു മോചനത്തിനുള്ള ദിവസമൊരുക്കി!

യിസ്രായേല്യരുടെ മോചനം എങ്ങനെയായിരുന്നു? അവരുടെ നല്ല ജീവിതത്തിന്റെയോ നല്ല പ്രവൃത്തികളുടെയോ അടിസ്ഥാനത്തിലായിരുന്നില്ല. കഴിഞ്ഞ മുപ്പതു വര്‍ഷക്കാലം ഓരോ വ്യക്തിയും എങ്ങനെയാണു ജീവിച്ചതെന്നു പരിശോധിക്കാന്‍ ദൈവം ഓരോ വീട്ടിലും കയറി ഇറങ്ങിയില്ല. അവര്‍ക്കു നിഷ്‌ക്കളങ്കമായ ആടിന്റെ രക്തം തങ്ങളുടെ വാതിലില്‍ പുരട്ടാനുള്ള വിശ്വാസമുണ്ടോ എന്നു മാത്രമേ അവിടുന്നു നോക്കിയുള്ളു. അവര്‍ ഈസോപ്പു തണ്ട് രക്തത്തില്‍ മുക്കി തങ്ങളുടെ വാതിലുകളില്‍ പുരട്ടുമ്പോള്‍ ഒരു കാര്യം മാത്രമാണ് അതിലൂടെ പ്രഖ്യാപിച്ചത്: ”ഞാന്‍ എന്റെ നല്ല പ്രവൃത്തിയിലോ മതാനുഷ്ഠാനങ്ങളിലോ എന്റെ സംരക്ഷണത്തിനായി ആശ്രയിക്കുന്നില്ല, നിഷ്‌കളങ്കമായ ഈ ആടിന്റെ രക്തത്തില്‍ മാത്രമാണ് ഞാന്‍ ആശ്രയിക്കുന്നത്. അതിനാല്‍ മരണദൂതന്‍ എന്റെ വീട്ടില്‍ കടക്കയില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.” രക്ഷ അപ്രകാരമാണ്. ‘ഞാന്‍ ഒരു നല്ല ജീവിതം നയിച്ചതുകൊണ്ടാണ് ഞാന്‍ രക്ഷിക്കപ്പെട്ടത്’ എന്ന് ഒരു മനുഷ്യനും പറയാന്‍ കഴിയുകയില്ല. നല്ല ജീവിതം നയിച്ച വ്യക്തിയും മോശമായി ജീവിച്ച വ്യക്തിയും ഒരുപോലെ കുഞ്ഞാടിന്റെ രക്തത്താല്‍ ആ രാത്രിയില്‍ രക്ഷിക്കപ്പെട്ടു. യിസ്രായേല്യനായ ഒരു വ്യക്തി ഇങ്ങനെ ചിന്തിച്ചു എന്നു കരുതുക: ‘ഞാന്‍ നല്ല ഒരു ജീവിതം നയിച്ച വ്യക്തിയാണ്.’ ദൈവം ഒരിക്കലും എന്നെ ന്യായം വിധിക്കയില്ല എന്നു പറഞ്ഞുകൊണ്ട് കുഞ്ഞാടിന്റെ രക്തം അവന്‍ കട്ടിളമേല്‍ പുരട്ടാതിരുന്നാല്‍ എന്തു സംഭവിക്കും? തീര്‍ച്ചയായും മരണദൂതന്‍ അവന്റെ വീട്ടില്‍ കടക്കുകയും അവന്റെ ആദ്യ ജാതനെ മിസ്രയീം ഭവനങ്ങളില്‍ സംഭവിച്ചതുപോലെ കൊല്ലുകയും ചെയ്യും.

യേശുക്രിസ്തുവിന്റെ രക്തത്തിലുള്ള വിശ്വാസത്തിലൂടെ കൃപയാല്‍ വിശ്വാസത്താലുള്ള രക്ഷയുടെ സത്യത്തെ ‘മുതലെടുത്ത’ അനേകം ആളുകളെ എനിക്കറിയാം. എങ്ങനെ ജീവിച്ചാലും പ്രശ്‌നമില്ല എന്നു പറഞ്ഞുകൊണ്ട് അശ്രദ്ധമായി അവര്‍ ജീവിതം നയിച്ചു. പക്ഷേ അതുകൊണ്ടൊന്നും ‘കൃപയാല്‍ വിശ്വാസത്തിലൂടെ മാത്രമാണ് രക്ഷ, പ്രവൃത്തികളാലല്ല’ എന്ന സത്യം അസാധുവാകുന്നില്ല.

എഫെ. 2:9 പറയുന്നു: ”ആരും പ്രശംസിക്കാതിരിക്കുവാന്‍ പ്രവൃത്തികളും കാരണമല്ല.” എന്നാല്‍ അടുത്ത വാക്യം പറയുന്നു. നാം രക്ഷിക്കപ്പെട്ട ശേഷം ”സല്‍പ്രവൃത്തികള്‍ക്കായിട്ടു ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു” എന്ന്. അതുകൊണ്ട് ഇതിന്റെ മൊത്തത്തിലുള്ള അര്‍ത്ഥം ഇങ്ങനെയാണ്: നാം എത്ര തന്നെ നല്ല പ്രവൃത്തികള്‍ ചെയ്തിട്ടുള്ളവരാണെങ്കിലും അതിനാല്‍ നാം രക്ഷിക്കപ്പെടുന്നില്ല. എന്നാല്‍ രക്ഷിക്കപ്പെട്ട ശേഷം നമ്മുടെ വിശ്വാസം നമ്മില്‍ നിന്നും സല്‍പ്രവൃത്തിയെ ഉത്പാദിപ്പിക്കാന്‍ പ്രാപ്തമല്ലെങ്കില്‍ നമ്മുടെ വിശ്വാസം ശരിയായതാണെന്ന് അതു തെളിയിക്കുന്നില്ല.

അതു തന്നെയാണ് യാക്കോബ് അപ്പൊസ്തലനും പറയുന്നത്: ‘പ്രവൃത്തി കൂടാതെയുള്ള വിശ്വാസം നിര്‍ജ്ജീവമാണ്’ (യാക്കോ. 2:26).

വാതിലില്‍ രക്തം പുരട്ടിയശേഷം ആ രാത്രിയില്‍ പുളിപ്പില്ലാത്ത അപ്പമുണ്ടാക്കി തിന്നുവാന്‍ എല്ലാ യിസ്രായേല്യരോടും കല്പിച്ചിരുന്നു. ഇതു ജീവന്റെ അപ്പമായ ക്രിസ്തുവിനെ മാത്രം നാം ആഹാരമാക്കുന്നതിനെ കാണിക്കുന്നു. അവന്റെ രക്തത്തി ലുള്ള ആശ്രയം മാത്രം പോരാ, അവന്റെ ജീവനില്‍ നിന്നും നാം ഭക്ഷിക്കുകയും കൂടി വേണം. ”അവന്റെ മരണത്താല്‍ നമുക്കു ദൈവത്തോടു നിരപ്പു ലഭിച്ചു, അവന്റെ ജീവനാല്‍ രക്ഷയും പ്രാപിച്ചു” (റോമ. 5:10).

യാത്രയ്ക്കുള്ള വേഷം ധരിച്ചുകൊണ്ടു തന്നെ അപ്പം തിന്നണമെന്നും ഒരു നിമിഷത്തെ അറിയിപ്പിനുള്ളില്‍ പുറപ്പെടുവാന്‍ ഒരുങ്ങിയിരിക്കണമെന്നും അവരോടു കല്പിച്ചിരുന്നു. നാമും ഈ ലോകത്തില്‍ ജീവിക്കേണ്ടത് അങ്ങനെ തന്നെയാണ്- കര്‍ത്താവു വിളിക്കുമ്പോള്‍ പോകുവാനും അവനെ എതിരേല്‍ക്കുവാനും തക്കവണ്ണം. ഈ ലോകം നമ്മുടെ ഭവനമല്ല. ഏതുസമയത്തും വിട്ടുപോകുവാന്‍ നാം തയ്യാറായിരിക്കണം.

12:35-ല്‍ കാണുന്ന ദൈവത്തിന്റെ നീതിയെ നാം ശ്രദ്ധിക്കേണ്ടതുണ്ട്. യിസ്രായേല്‍ മക്കള്‍ മിസ്രയീമ്യരോട് വെള്ളിയാഭരണങ്ങളും പൊന്നാഭരണങ്ങളും വസ്ത്രങ്ങളും ചോദിച്ചു. എന്തിനായിരുന്നു അത്? അവിശ്വാസികളില്‍ നിന്ന് ഇപ്രകാരം ധനം സ്വീകരിക്കുന്നതു ദൈവം അനുവദിക്കുവാന്‍ പാടുണ്ടോ? തീര്‍ച്ചയായും നാം അങ്ങനെ ചെയ്തു കൂടാ. പക്ഷേ ആ യിസ്രായേല്‍ മക്കള്‍ക്ക് അങ്ങനെയാകാം. കാരണം നാലു നൂറ്റാണ്ടു കാലം ആറു ലക്ഷത്തോളം വരുന്ന പുരുഷന്മാരെ ഒരു കൂലിയും കൊടുക്കാതെ ജോലി ചെയ്യിപ്പിച്ചതാണ്. അവര്‍ മിസ്രയീം വിടും മുന്‍പെ അവരുടെ മുഴു വേതനവും അവര്‍ക്കു ലഭിച്ചു എന്ന് ദൈവം ഉറപ്പാക്കി- 430 വര്‍ഷത്തിനു ശേഷവും. ദൈവത്തിന്റെ നീതി 430 വര്‍ഷത്തിനു ശേഷവും ജോലിക്കാരെ ചതിക്കുന്നവരെ തേടിപ്പിടിക്കുന്ന നീതിയാണ്! നീതിമാനായ ദൈവത്തിന്റെ കയ്യില്‍നിന്നും ആര്‍ക്കും രക്ഷപ്പെടുവാന്‍ കഴിയില്ല. ഈ കൊച്ചു കാര്യങ്ങളില്‍ പോലും തിരുവെഴുത്തുകളില്‍ ദൈവത്തിന്റെ നീതിയെ നാം കണ്ടെത്തുന്നു.

അവര്‍ ചെങ്കടല്‍ക്കരയിലെത്തുമ്പോള്‍ അവര്‍ക്ക് ഒരു കാര്യം മനസ്സിലായി: തങ്ങള്‍ നാലുവശത്തു നിന്നും ഇവിടെ അടയ്ക്കപ്പെട്ടു. രണ്ടു വശത്തും വലിയ മലനിരകള്‍; പിന്നില്‍ മിസ്രയീം സൈന്യം; മുന്നില്‍ ചെങ്കടല്‍. ആകെ അവര്‍ക്കു നോക്കുവാന്‍ ഒരിടം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു- മുകളിലേക്ക്. അത്തരം അടഞ്ഞ സാഹചര്യങ്ങളില്‍ നാം കുടുങ്ങി നില്ക്കുമ്പോള്‍ നമുക്കു വിടുതല്‍ വരുന്നതു ഒരിടത്തു നിന്നും മാത്രമാണ് – സ്വര്‍ഗ്ഗത്തില്‍ നിന്നും.

സങ്കീര്‍ത്തനക്കാരന്‍ പറയുന്നു: ‘ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്ക് ഉയര്‍ത്തുന്നു. എനിക്ക് അവിടെനിന്നും സഹായം വരുമോ? ഇല്ല. ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവിങ്കല്‍ നിന്നും മാത്രമാണ് എന്റെ രക്ഷ വരുന്നത്?’ (സങ്കീ. 121:1,2).

ദൈവം മോശെയോടു കല്പിച്ചു. ”ഭയപ്പെടേണ്ടാ ഉറച്ചു നില്പീന്‍. യഹോവ ഇന്നു നിങ്ങള്‍ക്കു ചെയ്‌വാനിരിക്കുന്ന രക്ഷ കണ്ടുകൊള്‍വിന്‍”(14:13,14). തുടര്‍ന്നു കര്‍ത്താവു വെള്ളത്തെ രണ്ടായി പിളര്‍ന്നു വഴിയൊരുക്കി. യിസ്രായേല്‍ മക്കള്‍ ഉണങ്ങിയ നിലത്തിലൂടെ കടന്നുപോയി. അവര്‍ നടന്നു പോയ ആ കടലിന്റെ അടിത്തട്ട് ഉണങ്ങിയതായിരുന്നു! (14:21,22).

അതു ജലസ്‌നാനത്തിന് ഒരു മുന്‍കുറിയാണെന്ന് 1 കൊരിന്ത്യര്‍ 10:2 പറയുന്നു. മേഘത്തൂണും അഗ്നിസ്തംഭവും മുകളില്‍ നിന്നും ഇറങ്ങിവന്ന് അവരെ പൊതിഞ്ഞ് അവര്‍ക്കു തണലും വെളിച്ചവും ശത്രുവില്‍ നിന്നു സംരക്ഷണവും നല്‍കി. അതു പരിശുദ്ധാത്മാവിലും അഗ്നിയിലും ഉള്ള സ്‌നാനത്തിന്റെ ഒരു ചിത്രം കൂടിയാണ്.

ആ യിസ്രായേല്യര്‍ക്ക് തങ്ങളുടെ വിടുതലിന് ഒരു ത്രിമാന അനുഭവം ഉണ്ടായിരുന്നു. അവര്‍ പെസഹാക്കുഞ്ഞാടിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടു. ചെങ്കടലില്‍ സ്‌നാനമേറ്റു. സ്വര്‍ഗ്ഗീയമായ മേഘത്തില്‍ സ്‌നാനമേറ്റു. അവയായിരുന്നു പ്രാഥമികമായ മൂന്ന് അനുഭവങ്ങള്‍. അപ്പൊസ്തല പ്രവൃത്തികളില്‍ കാണുംവിധം ആദ്യകാല വിശ്വാസികളുടേതുപോലുള്ള അനുഭവമായിരുന്നു അത്. വിശ്വാസികള്‍ ക്രിസ്തുവിന്റെ രക്തത്താല്‍ വീണ്ടെടുക്കപ്പെട്ടവരും ജലത്തിലും പരിശുദ്ധാത്മാവിലും സ്‌നാനമേറ്റവരും ആയിരുന്നു. എന്തിനായിരുന്നു സ്വര്‍ഗ്ഗത്തില്‍ നിന്നും അഗ്നി സ്തംഭവും മേഘസ്തംഭവും യിസ്രായേല്‍ മക്കളുടെ മേല്‍ വന്നത്? അവര്‍ക്കു സാക്ഷ്യം പറയാന്‍ തക്ക വിസ്മയകരമായ ഒരു അനുഭവം നല്‍കാന്‍ വേണ്ടിയായിരുന്നില്ല. അത് അവരെ വാഗ്ദത്ത നാട്ടിലേക്കു നടത്തുവാനും മല്ലന്മാരെ കീഴടക്കി ദൈവം നല്‍കിയ ദേശം കൈവശമാക്കാനുമായിരുന്നു.

ഇന്ന് അനേകര്‍ പരിശുദ്ധാത്മ സ്‌നാനവും അഗ്നിസ്‌നാനവും ആഗ്രഹിക്കുന്നത് വെറുതെ ഒരു അനുഭവത്തിനു വേണ്ടി മാത്രമാണ്. എന്നാല്‍ ദൈവത്തിന്റെ ഉദ്ദേശ്യം അനേക വര്‍ഷങ്ങളായി നമ്മെ ഭരിച്ചുകൊണ്ടിരിക്കുന്ന മല്ലന്മാരായ ദുര്‍മ്മോഹം, കോപം, അശ്ലീല ചിന്തകള്‍, അസൂയ, കയ്പ്, ദ്രവ്യാഗ്രഹം മുതലായവയെ നാം പരിശുദ്ധാത്മ ശക്തിയാല്‍ ജയിച്ച് ജയാളികളായി വാഗ്ദത്ത നാട്ടില്‍ പ്രവേശിക്കുക എന്നതാണ്.

കനാന്‍ ദേശം മല്ലന്മാരുടേതല്ല; യിസ്രായേല്‍ മക്കളുടേതാണ്. മുഴുവന്‍ ഭൂമിയുടെയും ഉടമസ്ഥനായ ദൈവം 430 വര്‍ഷങ്ങള്‍ക്കു മുമ്പ് അത് അബ്രാഹാമിന്റെ സന്തതിക്കു വാഗ്ദത്തം ചെയ്തതാണ്. നമ്മുടെ ശരീരവും അതില്‍ വാഴുന്ന ദുര്‍മ്മോഹങ്ങളുടേതല്ല കര്‍ത്താവിന്റേതാണ്. അനേകം വിശ്വാസികളും പരിശുദ്ധാത്മ സ്‌നാനം തങ്ങളുടെ ശരീരത്തെ കര്‍ത്താവിനായി തിരിച്ചു പിടിക്കാനുള്ളതാണെന്ന സത്യം ഗ്രഹിച്ചിട്ടില്ല- കാരണം സാത്താന്‍ അവരുടെ കണ്ണുകളെ ഈ സത്യം കാണാതെവണ്ണം അന്ധമാക്കിയിരിക്കുന്നു. യേശു തന്റെ അപ്പൊസ്തലന്മാരോടു പറഞ്ഞു: ‘ഉയരത്തില്‍ നിന്നും ശക്തി ലഭിക്കുമ്പോള്‍ നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകും.’ അതു വെറും വായ് കൊണ്ടുള്ള സാക്ഷ്യമല്ല. ജീവിതം കൊണ്ടുള്ള സാക്ഷ്യമാണ് കര്‍ത്താവ് ഉദ്ദേശിച്ചത് (അപ്പൊ. പ്ര. 1:8). നമ്മുടെ ശരീരം പരിശുദ്ധാത്മാവിന് ഒരു വിശുദ്ധ മന്ദിരമായിത്തീര്‍ന്ന് ആത്മ ശക്തിയാല്‍ അവിടെ ദൈവം മഹത്വപ്പെടുവാന്‍ ഇടയാകണം (1 കൊരി. 6:19,20). സാത്താന്‍ വിശ്വാസികളുടെ കണ്ണുകളെ ‘ക്രിസ്തുവിന്റെ രക്തത്താലുള്ള വീണ്ടെടുപ്പ്’ എന്ന സത്യമോ ‘ജലസ്‌നാനം’ എന്ന സത്യമോ ഗ്രഹിക്കുന്നതില്‍ നിന്നും കുരുടാക്കിയിട്ടില്ല. എന്നാല്‍ പരിശുദ്ധാത്മസ്‌നാനത്തിന്റെ മുഖ്യ ഉദ്ദേശ്യം എന്താണെന്നു ഗ്രഹിക്കുന്നതില്‍ നിന്നും വിശ്വാസികളുടെ കണ്ണുകളെ കുരുടാക്കി.

മിസ്രയീം സൈന്യം ചെങ്കടലില്‍ മുങ്ങി മരിക്കുവാന്‍ ഇടയായി. സങ്കീര്‍ത്തനം 106:12-ല്‍ മിസ്രയീമ്യര്‍ മരിച്ചതു കണ്ടു യിസ്രായേല്യര്‍ ദൈവത്തെ സ്തുതിച്ചു എന്നു പറഞ്ഞിരിക്കുന്നു. കാഴ്ചയാല്‍ നടക്കുന്ന മനുഷ്യര്‍ക്ക് തങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുള്ള മറുപടി ലഭിച്ചതു കണ്ടു മാത്രമേ ദൈവത്തെ സ്തുതിക്കുവാന്‍ കഴിയൂ. ശത്രുക്കളുടെ മുങ്ങി മരണം കണ്ട യിസ്രായേല്‍ ദൈവത്തെ സ്തുതിച്ചു. എന്നാല്‍ വിശ്വാസത്താല്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ ഇപ്രകാരം പറയുന്നു: ”കര്‍ത്താവേ, അങ്ങു ശത്രുക്കള്‍ കാണ്‍കെ എനിക്കു വിരുന്നൊരുക്കുന്നു” (സങ്കീ. 23:5). ശത്രുക്കള്‍ ഇപ്പോഴും അവിടെത്തന്നെയുണ്ട്. എന്നാല്‍ നാം കര്‍ത്താവിനോടു കൂടെ വിരുന്നു മേശയില്‍ ഭക്ഷണം കഴിക്കുന്നു. കാരണം നമുക്കറിയാം, ശത്രുക്കളെ അവിടുന്നു തന്നെ കൈകാര്യം ചെയ്യുമെന്ന്. അതേസമയം അവിടുന്നു നമ്മുടെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു. നമ്മുടെ പാനപാത്രവും നിറഞ്ഞു കവിയുന്നു (സങ്കീ. 23:5). ദൈവം നമ്മുടെ പ്രാര്‍ത്ഥനകള്‍ക്കുത്തരം തന്നതു കണ്ടു ദൈവത്തെ സ്തുതിക്കുന്നത് താരതമ്യേന എളുപ്പമാണ്. അതുപോലെ അതൊരു പഴയ ഉടമ്പടി നിലവാരവുമാണ്. പുതിയ ഉടമ്പടിയിലെ ക്രിസ്ത്യാനി ഉത്തരം ലഭിച്ചതു വിശ്വാസത്താല്‍ കണ്ടുകൊണ്ടു സ്തുതിക്കുന്നവനാണ് -ഉത്തരം ലഭിക്കും മുമ്പെതന്നെ.

സാത്താന്‍ ഇന്നും ജീവിക്കുന്നുണ്ട്. പക്ഷേ അവന്‍ പരാജിതനാണ്. അതുകൊണ്ടു തന്നെ നാം അവനെ ഭയപ്പെടുന്നില്ല. നമ്മെ ആക്രമിക്കുന്ന ഇതര മതസ്ഥരോ മറ്റോ ആയ അവന്റെ പിണിയാളുകളെയും നാം ഭയപ്പെടുന്നില്ല. ദൈവത്തിന്റെ അനുവാദം കൂടാതെ അവര്‍ക്കു നമ്മോട് ഒന്നും ചെയ്‌വാന്‍ കഴിയില്ല. ഒരുപക്ഷേ നമ്മെ കൊല്ലുവാന്‍ ദൈവം അവരെ അനുവദിച്ചേക്കാം. അതങ്ങനെ തന്നെയാണ്. കാരണം ദൈവം യേശുവിനെയും യാക്കോബിനെയും പത്രൊസിനെയും പൗലൊസിനെയു മൊക്കെ കൊല്ലുവാന്‍ സാത്താന്റെ ആളുകളെ അനുവദിച്ചു. യോഹന്നാനൊഴികെ അപ്പൊസ്തലന്മാര്‍ എല്ലാവരും തന്നെ കൊല്ലപ്പെട്ടു – പക്ഷേ അതു ദൈവത്തിന്റെ സമയത്തു മാത്രമായിരുന്നു. അവര്‍ തങ്ങളുടെ ഈ ഭൂമിയിലെ ശുശ്രൂഷ തികച്ച സമയത്തുമാത്രം. അതേ ദൈവത്തെത്തന്നെയാണു നാം സേവിക്കുന്നത്. അതുകൊണ്ട് നാം ഭയപ്പെടേണ്ടതില്ല.

യിസ്രായേല്‍ മരുഭൂമിയില്‍

പതിനഞ്ചാം അധ്യായം മുതല്‍, മരുഭൂമിയിലായിരിക്കുന്ന യിസ്രായേലിനെക്കുറിച്ചു നാം വായിക്കുന്നു. അവര്‍ കയ്പു നീരുറവയുള്ള മാറായിലെത്തിയപ്പോള്‍ (വാക്യം 23) പരാതി പറയുവാന്‍ തുടങ്ങി. അതു ദൈവത്തിലുള്ള വിശ്വാസത്തിന്റെ ഒരു പരിശോധന ആയിരുന്നു. ദൈവം അവരോട് ഇങ്ങനെ ചോദിക്കുകയായിരുന്നു: ‘ഈ കയ്പു നീരുറവ ഒരുക്കിയ എനിക്ക് അതിനൊരു പരിഹാരവും ഒരുക്കുവാന്‍ കഴിയുമെന്നു നീ വിശ്വസിക്കുന്നുണ്ടോ? ചെങ്കടലിലെന്നപോലെ. അതോ, നീ വീണ്ടും അവിശ്വസിക്കുകയും പരാതി പറയുകയും മുറുമുറുക്കുകയും ചെയ്യുമോ?’ മിസ്രയീമ്യരില്‍ നിന്നു വിടുതല്‍ തന്നതിന് അവര്‍ ദൈവത്തെ സ്തുതിച്ചിട്ട് അധിക സമയമൊന്നും ആയിട്ടില്ല. ഇവിടെ ഇതാ അവര്‍ പരാതി പറയുന്നവരായിത്തീര്‍ന്നിരിക്കുന്നു. കാഴ്ചയാല്‍ നടക്കുന്ന ഏതു മനുഷ്യനും പിറുപിറുക്കുകയും പരാതി പറയുകയും ചെയ്തുകൊണ്ടിരിക്കുന്നു. വിശ്വാസത്താല്‍ നടക്കുന്ന ഏതു മനുഷ്യനും നിരന്തരം നന്ദിയോടെ ദൈവത്തെ സ്തുതിക്കുന്നു.

പുറപ്പാട് 15-ാം അധ്യായം ആരംഭിക്കുന്നതു ദൈവത്തെ സ്തുതിച്ചുകൊണ്ടും അവസാനിക്കുന്നതു ദൈവത്തിനെതിരെ പിറുപിറുത്തുകൊണ്ടുമാണ്. ഈ പ്രക്രിയ യിസ്രായേല്യര്‍ മരുഭൂപ്രയാണകാലത്ത് തടര്‍മാനമായി ആവര്‍ത്തിക്കുന്നതു നമുക്കു കാണാം. കണക്കിലെ സൈന്‍ വേവിന്റെ രൂപത്തില്‍ ഉയര്‍ന്നും താണും തരംഗരീതിയില്‍ അതിങ്ങനെ നീണ്ടു പോകുന്നു. ഇത് അനേകം വിശ്വാസികളുടെയും ജീവിതത്തിന്റെ ഒരു ദൃഷ്ടാന്ത രൂപമാണ്. തങ്ങള്‍ക്കാവശ്യമുള്ളതു ലഭിക്കുമ്പോള്‍ സ്തുതിക്കുന്നതും ലഭിക്കാതെ വരുമ്പോള്‍ പരാതി പറയുന്നതും വീണ്ടും പ്രശ്‌നം പരിഹരിക്കപ്പെടുമ്പോള്‍ നന്ദി പറയുന്നതും വീണ്ടും അടുത്ത പ്രശ്‌നം വരുമ്പോള്‍ മുഖം വാടുന്നതും ഒക്കെ. യിസ്രായേല്യരെപ്പോലെ വിശ്വാസത്താലല്ല കാഴ്ചയില്‍ ജീവിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഞായറാഴ്ച രാവിലെ മാതൃഭാഷയിലും അതിലധികം അന്യഭാഷയിലും ഉച്ചത്തില്‍ ദൈവത്തെ സ്തുതിക്കുന്നു. ഉച്ചകഴിഞ്ഞ് മാതൃഭാഷയില്‍ സംസാരത്തിന്റെ സ്വഭാവം മാറുന്നു. കോപവും വാഗ്വാദവും പരാതിയുമൊക്കെത്തന്നെ- വീട്ടിലും ഓഫീസിലുമെല്ലാം. വീണ്ടും അടുത്ത ഞായറാഴ്ച തരംഗത്തിന്റെ ആവൃത്തി ഉച്ചത്തിലാവുന്നു. ദൈവത്തെ ഉച്ചത്തില്‍ സ്തുതിക്കുന്നു. അതു കഴിയുന്നതോടെ വീണ്ടും താഴേക്കു പോകുന്നു. എന്നാല്‍ പുതിയ ഉടമ്പടിയുടെ മക്കള്‍ ഇങ്ങനെ ആയിരിക്കണമെന്നല്ല ദൈവം ആഗ്രഹിക്കുന്നത്. ഒരു വിശ്വാസിക്ക് അന്യഭാഷ നല്‍കുന്ന പരിശുദ്ധാത്മാവിന് തന്റെ മാതൃഭാഷയെ നിയന്ത്രിക്കുവാനുള്ള വരവും നല്‍കുവാന്‍ കഴിയില്ലേ? തീര്‍ച്ചയായും കഴിയും. ബൈബിള്‍ പറയുന്നു ”കര്‍ത്താവില്‍ എപ്പോഴും സന്തോഷിക്കുവീന്‍” എന്നും ”എല്ലാറ്റിലും സ്‌തോത്രം ചെയ്‌വീന്‍” എന്നും (ഫിലി. 4:4; എഫെ. 5:20). പുതിയ ഉടമ്പടിയില്‍ നമ്മെ സംബന്ധിച്ച ദൈവഹിതം എല്ലായ്‌പ്പോഴും അതാണ്. എന്നാല്‍ അതു സംഭവിക്കണമെങ്കില്‍ നാം വിശ്വാസത്തില്‍ ജീവിച്ചെങ്കിലേ മതിയാകൂ. നാം അഭിമുഖീകരിക്കുന്ന സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരത്തിനുള്ള ഒരു പദ്ധതി ദൈവത്തിനുണ്ട് എന്നു നാം വിശ്വസിച്ചേ മതിയാകൂ.

യിസ്രായേല്യര്‍ മോശെയോടു പരാതി പറയുകയും മോശെ ദൈവത്തോടു നിലവിളിക്കുകയും ചെയ്തപ്പോള്‍ ദൈവം പറഞ്ഞു: ‘ഇതാ പരിഹാരം അവിടെ നിന്റെ മുമ്പില്‍ തന്നെയുണ്ട്’ (വാക്യം 25). ദൈവം മോശെയെ ഒരു വൃക്ഷം കാട്ടിക്കൊടുത്തു. ആ വൃക്ഷത്തിന്റെ കൊമ്പുകള്‍ വെട്ടി വെള്ളത്തിലിട്ടപ്പോള്‍ വെള്ളം മധുരമായിത്തീര്‍ന്നു.

ആ വൃക്ഷം ആരാണു മരുഭൂമിയില്‍ നട്ടു പിടിപ്പിച്ചത്? അതു മനുഷ്യനോ അതോ ദൈവമോ? തീര്‍ച്ചയായും ദൈവം തന്നെ. മനുഷ്യര്‍ ഒരിക്കലും മരുഭൂമിയില്‍ പോയി വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാറില്ല. ദൈവം തന്നെയാണ് മാറായില്‍ ആ വൃക്ഷം നട്ടു വളര്‍ത്തിയത്. ഒരുപക്ഷേ നൂറു വര്‍ഷങ്ങള്‍ക്കു മുമ്പാകാം. അന്നേ ദൈവത്തിനറിയാമായിരുന്നു 100 വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ മക്കള്‍ അതു വഴി കടന്നു പോകുമെന്നും അവിടെയുള്ള കയ്പുവെള്ളം അവര്‍ക്കുപയോഗിക്കാന്‍ കഴിയില്ല എന്നും. അതുകൊണ്ടു നൂറുവര്‍ഷം മുമ്പെ തന്റെ ആ പ്രശ്‌നം പരിഹരിക്കുവാനൊരു പദ്ധതിയും ദൈവം തയ്യാറാക്കിയിരുന്നു! ഇപ്രകാരം അതേ ദൈവം തന്നെ നിങ്ങള്‍ അഭിമുഖീകരിക്കുന്ന സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം എത്രയോ കാലം മുന്നമെ തന്നെ ഒരുക്കിയിരിക്കുന്നു. വിശ്വാസത്താല്‍ ജീവിക്കുക എന്നു പറയുന്നതിന്റെ അര്‍ത്ഥം അതാണ്. ദൈവത്തെ ഞെട്ടിക്കുന്ന തരത്തില്‍ ഒരു പ്രശ്‌നവും പെട്ടെന്നു സംജാതമാകുന്നില്ല. പിശാചു നമുക്കുവേണ്ടി ഒരുക്കുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു ദൈവത്തിനു മുന്നമെ അറിയാമെന്നു മാത്രമല്ല അവിടുന്ന് അതിനുള്ള പരിഹാരവും മുന്നമെ തന്നെ ഒരുക്കിയിരിക്കുന്നു. അതുകൊണ്ട് ഏതു പ്രശ്‌നത്തെയും നിങ്ങള്‍ക്ക് ധൈര്യമായി അഭിമുഖീകരിക്കാം. ഒരു വിശ്വാസി എന്ന നിലയില്‍ കഴിഞ്ഞ 56 വര്‍ഷങ്ങള്‍ ഞാന്‍ അഭിമുഖീകരിച്ച ഒട്ടേറെ പ്രശ്‌നങ്ങളുടെ അനുഭവ വെളിച്ചത്തില്‍ ഇതു സത്യമെന്ന് എനിക്കു സാക്ഷ്യം പറയുവാന്‍ കഴിയും. ദൈവം പരിഹാരം കാണാതിരുന്ന ഒരു പ്രശ്‌നവും ഞാന്‍ ഇന്നയോളം അഭിമുഖീകരിച്ചിട്ടില്ല. ഞാന്‍ ജീവിതത്തിന്റെ മാറാകളിലേക്കു വരുന്നതിന് എത്രയോ വര്‍ഷം മുന്നമെ തന്നെ അവയെ മധുരമാക്കുവാനുള്ള വൃക്ഷത്തിന്റെ വിത്തുകള്‍ ദൈവം നട്ടിരുന്നു! അതുകൊണ്ടു നമുക്കുവേണ്ടി പദ്ധതികള്‍ ഒരുക്കി നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ഗ്ഗീയ പിതാവിലുള്ള വിശ്വാസത്തോടെ നമുക്കു നടക്കാം- അവിടുന്നു തന്റെ സ്‌നേഹത്തില്‍ നിശ്ശബ്ദനായി പദ്ധതികള്‍ മെനയുന്നു (സെഫ. 3:17 പരാവര്‍ത്തനം). നിങ്ങള്‍ സ്ഥിരതയോടെ നിന്ന് നിങ്ങളുടെ പ്രശ്‌നങ്ങളെ ഓരോന്നായി ജയിക്കും. ഇനിയൊരിക്കലും കോപവും പിറുപിറുപ്പും പരാതിയും നിങ്ങളുടെ വായില്‍ വരികയില്ല. ദൈവത്തോടു നന്ദിയും സ്തുതിയും മാത്രമാവും ഉണ്ടാവുക.

17-ാം അധ്യായത്തില്‍ കുടിക്കുവാന്‍ വെള്ളമില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് യിസ്രായേല്യര്‍ വരുന്നതായി നാം കാണുന്നു. സൈന്‍ വേവ് താഴേക്കു പോവുകയും അവര്‍ പിറുപിറുപ്പ് ആരംഭിക്കുകയും ചെയ്യുന്നു. അപ്പോള്‍ അവിടെ അവരുടെ കണ്‍മുമ്പില്‍തന്നെ പരിഹാരവും ഉണ്ടാകുന്നു. ദൈവം മോശെയോട കല്പിച്ചു: നിന്റെ മുമ്പില്‍ കാണുന്ന പാറയുടെ അടുത്തേക്കു ചെല്ലുക. അതിനെ അടിക്കുക (വാ. 6). മോശെ പാറയെ അടിച്ചു. വെള്ളം ചാടി. ഞാന്‍ ആദ്യം ഈ വേദഭാഗം വായിക്കുമ്പോള്‍ എന്റെ മനസ്സില്‍ സങ്കല്പിച്ചത് ചെറിയ ഒരു പാറയും ചെറിയ ഒരു നീരൊലിപ്പുമായിരുന്നു. എന്നാല്‍ എത്രപേര്‍ക്കു വെള്ളം ആവശ്യമുണ്ടായിരുന്നു എന്നാണു നിങ്ങള്‍ കരുതുന്നത്? ഇരുപതിനും അറുപതിനും ഇടയില്‍ പ്രായമുള്ള ആറുലക്ഷം പുരുഷന്മാര്‍ തന്നെ ഉണ്ടായിരുന്നു. കൂടാതെ പ്രായം കൂടുതലുള്ളവരും കുറഞ്ഞവരുമായ പുരുഷന്മാര്‍. ഏകദേശം തുല്യ സംഖ്യയുള്ള സ്ത്രീകള്‍ കുട്ടികള്‍ എല്ലാം കൂടി ഏകദേശം 20 ലക്ഷം പേരെങ്കിലും ഉണ്ടായിരുന്നിരിക്കാം. 20 ലക്ഷം പേര്‍ക്കു കുടിക്കുവാന്‍ എത്ര വെള്ളം ആവശ്യം വരും? ചെറിയൊരു നീരൊലിപ്പു മതിയാകുമോ? ഒരിക്കലും പോരാ. 20 ലക്ഷം ആളുകള്‍ക്കു വേഗത്തിലും ആവശ്യം പോലെയും കുടിക്കണമെങ്കില്‍ പല ദിശകളിലേക്കൊഴുകുന്ന അരുവികള്‍ അല്ലെങ്കില്‍ നദികള്‍ തന്നെ വേണ്ടി വരും. ഒരു ചെറിയ നീരൊലിപ്പില്‍ നിന്നും 20 ലക്ഷം പേര്‍ വരിയായി നിന്നു കുടിക്കുകയാണെങ്കില്‍ വരിയുടെ മുന്നിലേക്ക് എത്തുംമുമ്പെ പലരും മരിച്ചു വീഴും- ദാഹംകൊണ്ട്. തീര്‍ച്ചയായും അടിയേറ്റ പാറയില്‍ നിന്നും നദികള്‍ തന്നെ ഒഴുകി. ഇത് ക്രൂശിതനായ ക്രിസ്തുവില്‍ (”അടിയേറ്റ പാറ”) നിന്നും ഒഴുകുന്ന ആത്മനിറവുള്ള ജീവന്റെ ഒരു ചിത്രമാണ് (യോഹ. 7:37-39).

കാല്‍വറിയില്‍ യേശു ക്രൂശിതനായപ്പോള്‍, ആ ശരീരം പിളര്‍ക്കപ്പെട്ടപ്പോള്‍ അതിലൂടെ പെന്തക്കോസ്തിലേക്കുള്ള വഴി തുറക്കപ്പെട്ടു. കാല്‍വറി എല്ലായ്‌പ്പോഴും പെന്തക്കോസ്തിനു മുമ്പായി വരുന്നു. നാം പരിശുദ്ധാത്മാവില്‍ സ്‌നാനമേല്‍ക്കുമ്പോള്‍ത്തന്നെ ജീവജലത്തിന്റെ നദികള്‍ നമ്മില്‍ നിന്നും ഒഴുകുവാന്‍ തുടങ്ങുന്നില്ല. നാം സത്യസന്ധരെങ്കില്‍ നാം അതു സമ്മതിക്കും. ദൈവത്തിനു നമ്മെ പിളര്‍ക്കുകയും ക്രൂശിക്കുകയും ഒക്കെ ചെയ്തു നമ്മെ നുറുക്കേണ്ടതായിട്ടുണ്ട്. മറ്റുള്ളവരെ അനുഗ്രഹിക്കുവാന്‍ തക്കവണ്ണം ജീവജലത്തിന്റെ നദികള്‍ നമ്മില്‍നിന്നും ഒഴുകുവാന്‍ തുടങ്ങുന്നതിനു മുമ്പായി അവിടുന്ന് അതു ചെയ്യും. ദൈവം നോക്കുന്നതു ഭോഷന്മാരായ, ബലഹീനരും ഒന്നിനും കൊള്ളാത്തവരും സാധാരണക്കാരുമായ മനുഷ്യരെയാണ്. ഭൂമിയില്‍ കാണുന്ന ലക്ഷക്കണക്കിനു മനുഷ്യരെ അനുഗ്രഹിക്കുവാന്‍ അവരെ ദൈവം ഉപയോഗിക്കുന്നു. എന്നാല്‍ അതൊക്കെ ആശ്രയിച്ചിരിക്കുന്നത് നാം നുറുക്കപ്പെടുവാന്‍ തക്കവണ്ണം ദൈവത്തിന്റെ കരങ്ങളില്‍ നമ്മെ ഏല്പിച്ചു കൊടുക്കുന്നുണ്ടോ എന്നുള്ളതിലാണ്.

പാറ പിളര്‍ക്കപ്പെട്ടു നദി ഒഴുകുവാന്‍ ആരംഭിച്ച ഉടനെ ”അമാലേക്കു വന്നു” എന്നു നാം കാണുന്നു (വാക്യം 8). പഴയനിയമത്തിലുടനീളം അമാലേക്ക് നമ്മുടെ ജഡത്തിന്റെ ദൃഷ്ടാന്തമാണ്. ആത്മാവും ജഡവും തമ്മില്‍ നിരന്തര സംഘര്‍ഷത്തിലാണ്. നദികള്‍ ഒഴുകാന്‍ തുടങ്ങിയ ഉടന്‍തന്നെ അമാലേക്ക് ദൈവമക്കളുമായി യുദ്ധത്തിനു വന്നു. യേശു പരിശുദ്ധാത്മാഭിഷേകം പ്രാപിച്ച ഉടനെ യേശുവിനെ പരീക്ഷിക്കുവാന്‍ സാത്താന്‍ വന്നല്ലോ (ലൂക്കൊ. 3:22;4:1,2). മോശെയും യോശുവയും ചേര്‍ന്നു നിന്നുകൊണ്ട് അമാലേക്കിനെ തോല്‍പ്പിച്ചു. മോശെ പര്‍വ്വതത്തില്‍ കൈകളുയര്‍ത്തി പ്രാര്‍ത്ഥനയില്‍ നിന്നു. യോശുവാ താഴ്‌വരയില്‍ അമാലേക്യരോടു യുദ്ധം ചെയ്തു. ശത്രുവിനെതിരെ യേശു ഉപയോഗിച്ചതുപോലെ ദൈവവചനമാകുന്ന വാളും നമ്മുടെ ജഡത്തിന്റെ ബലഹീനതയും നിസ്സഹായതയും ഗ്രഹിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനയും- ഈ രണ്ടു കാര്യങ്ങളും ചേര്‍ത്തുള്ള ഒരു പോരാട്ടത്തിനു മാത്രമേ നമ്മുടെ ജഡത്തെ ജയിക്കുവാന്‍ കഴിയുകയുള്ളൂ.

മോശെയുടെ കൈകള്‍ തളരുമ്പോള്‍ അഹരോനും ഹൂരും ആ കൈകള്‍ താങ്ങി നിര്‍ത്തിയിരുന്നു (17:12). നമുക്കും നമ്മുടെ ബലഹീനതകളിലും ക്ഷീണങ്ങളിലും സഹായിക്കുവാന്‍ അഹരോന്മാരെയും ഹൂര്‍മാരെയും ആവശ്യമുണ്ട്. എന്റെ ക്രിസ്തീയ ജീവിതത്തില്‍ ഞാന്‍ കണ്ടെത്തിയ ഒരു വലിയ സത്യം ഇതാണ്: എനിക്കൊരിക്കലും ഇതു തനിയെ ചെയ്യാന്‍ കഴിയില്ല. ക്രിസ്തുശരീരത്തിലെ സഹവിശ്വാസികളോടു ചേര്‍ന്നു മാത്രമേ അതു സാദ്ധ്യമാകൂ. ഞാന്‍ എന്റെ ജീവിത വഴിയില്‍ വീണുപോകാതെ കഴിഞ്ഞകാലങ്ങളില്‍ നിന്നതിനും എന്റെ ബോധ്യങ്ങളില്‍ വെള്ളം ചേര്‍ക്കാതെ നിലകൊണ്ടതിനും ഇന്നു ഞാന്‍ നില്‍ക്കുന്നിടത്ത് ആയിരിക്കുന്നതിനും കാരണം എന്നെ നിരന്തരം ഉത്സാഹിപ്പിക്കയും പ്രബോധിപ്പിക്കയും എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കയും ഒക്കെ ചെയ്തുകൊണ്ട് എന്നോടൊപ്പം നിന്ന സഹോദരങ്ങളാണ്. ഒരുപാട് അഹരോന്മാരും ഹൂരുമാരും എന്റെ കൈകള്‍ താങ്ങിപ്പിടിക്കുവാന്‍ വര്‍ഷങ്ങളായി എന്നോടൊപ്പം ഉണ്ട്. അവരെ വിലമതിക്കുവാന്‍ ഞാന്‍ പഠിച്ചിരിക്കുന്നു. അഹരോനും ഹൂരും മോശെ അറിഞ്ഞിരുന്നതുപോലെ ദൈവത്തെ അറിഞ്ഞിരുന്നില്ല. അതുപോലെ മോശെക്കുണ്ടായിരുന്ന വരങ്ങളും കഴിവുകളും അവര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ മോശെക്ക് അവരുടെ സഹായം ആവശ്യമായിരുന്നു. അഹരോന്‍ കുറഞ്ഞപക്ഷം ഒരു നേതാവെങ്കിലും ആയിരുന്നു. ഹൂരിനെ സംബന്ധിച്ചു പിന്നീടൊരിക്കലും നാം കേള്‍ക്കാതെവണ്ണം അവന്‍ അജ്ഞാതനായ ഒരു വ്യക്തിയായിരുന്നു. എന്നാല്‍ ദൈവത്തിന്റെ വലിയ മനുഷ്യനായ മോശെയ്ക്കു പോലും ഈ അജ്ഞാതന്റെ സഹായം ആവശ്യമായിരുന്നു. അതുകൊണ്ടു ക്രിസ്തു ശരീരത്തിലെ ഏറ്റവും നിസ്സാരമെന്നു തോന്നുന്ന അവയവങ്ങളെപ്പോലും അവഗണിക്കരുത്. നിങ്ങള്‍ എത്ര വലിയ ദൈവദാസനാണെങ്കിലും അവരെ വിലമതിക്കുക. അവരെയും നിങ്ങള്‍ക്കാവശ്യമാണ്. ഇടറിപ്പോയ പത്രൊസിനോടും യാക്കോബിനോടും യോഹന്നാനോടും ഗെത്‌സെമെനെയില്‍ വച്ച് തന്നോടൊപ്പം ഒരു നാഴികയെങ്കിലും ഉണര്‍ന്നിരിക്കുവാന്‍ യേശുകര്‍ത്താവു പോലും ആവശ്യപ്പെടുന്നതു ശ്രദ്ധിക്കുക. തല (ക്രിസ്തു) കാലുകളോട് (ഏറ്റവും താഴെയുള്ള അവയവം) എനിക്കു നിങ്ങളെക്കൊണ്ട് ആവശ്യമില്ല എന്നു പറയുന്നില്ല (1 കൊരി. 12:21).

ദൈവത്തിന്റെ നിയമങ്ങള്‍

19 മുതല്‍ 24 വരെയുള്ള അധ്യായങ്ങളില്‍ യിസ്രായേലിനു ദൈവം നല്‍കുന്ന ധാരാളം നിയമങ്ങള്‍ നാം കാണുന്നു. 20:1-17-ല്‍ പത്തു കല്പനകള്‍ അക്കമിട്ടു നിരത്തിയിരിക്കുന്നു. എന്നാല്‍ വാഗ്ദത്തത്തോടു കൂടിയ കല്പന ഒന്നു മാത്രമാണ്. അതിനെക്കുറിച്ചു എഫെസ്യര്‍ 6:1,3 വാക്യങ്ങളിലും പരാമര്‍ശിച്ചിരിക്കുന്നു. ”നിനക്കു നന്മ ഉണ്ടാകുവാനും നീ ഭൂമിയില്‍ ദീര്‍ഘായുസ്സോടെയിരിപ്പാനും നിന്റെ മാതാവിനെയും പിതാവിനെയും ബഹുമാനിക്കുക.” നാം നമ്മുടെ എല്ലാ കുടുംബങ്ങളിലും മക്കളെ പഠിപ്പിക്കേണ്ട ഒരു കല്പനയത്രെ ഇത്.

യിസ്രായേല്യര്‍ക്കു പത്തു കല്പനകളെ നല്‍കിയ ശേഷം മോശെ അവരോടു ഇങ്ങനെ പറഞ്ഞു: ”ഭയപ്പെടേണ്ട, ഇവ നിങ്ങളെ പരീക്ഷിക്കേണ്ടതിനാണ്” (വാ. 20). ദൈവം കല്പിക്കുന്ന സകലത്തിലും അവര്‍ അവിടുത്തെ അനുസരിച്ചു കൊള്ളാമെന്ന് (19:8) ജനം മുന്നമെ തന്നെ മോശെയോടു പറഞ്ഞിരുന്നു. അങ്ങനെ ദൈവം അവര്‍ക്കു പത്തു കല്‍പ്പനകള്‍ നല്‍കി. തുടര്‍ന്നുള്ള 1500 വര്‍ഷങ്ങള്‍ ഓരോ കല്പനയോടും അനുസരണക്കേടു കാട്ടി അവര്‍ ജീവിച്ചു. അതോടെ മനുഷ്യന്‍ ആഗ്രഹിച്ചാല്‍ പോലും ദൈവകല്പനകളെ അനുസരിച്ചു കൊണ്ടുള്ള ജീവിതം അവന് അസാദ്ധ്യമാണെന്നു തെളിയിക്കപ്പെട്ടു. അങ്ങനെയാണ് പുതിയ ഉടമ്പടി ഉണ്ടായത്. ആദ്യ ഉടമ്പടി കുറവുള്ളതായിരുന്നു (എബ്രാ. 8:7-13),

പത്തു കല്പനകള്‍ നല്‍കിയ ശേഷം 21-ാം അധ്യായത്തില്‍ ദൈവം അവര്‍ക്ക് മനോഹരമായ ഒരു ഉപമ നല്‍കുന്നു- എങ്ങനെയുള്ള ആത്മാവിലായിരിക്കണം കല്പനകളെ പാലിക്കേണ്ടത് എന്നതു വ്യക്തമാക്കുവാനായി. ആറു വര്‍ഷത്തെ നിര്‍ബ്ബന്ധിത അടിമത്തം പൂര്‍ത്തിയാക്കിയിട്ട് ഏഴാം വര്‍ഷം സ്വതന്ത്രനാകുന്ന ഒരു എബ്രായ അടിമയെക്കുറിച്ചു അവിടെ പറയുന്നു. എല്ലാ എബ്രായ അടിമകളും ഏഴാം വര്‍ഷം മോചിപ്പിക്കപ്പെടണമെന്നു ദൈവത്തിന്റെ പ്രമാണത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. എന്നാല്‍ ഏഴാം വര്‍ഷം ഈ അടിമ യജമാനന്റെ അടുത്ത് വന്നു പറയുന്നു: ”യജമാനനെ, ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു. അതുകൊണ്ടു എനിക്കു സ്വതന്ത്രനായി പോകുവാന്‍ താത്പര്യമില്ല. ഞാന്‍ തുടര്‍ന്നും നിന്നെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നു- ബന്ധനസ്ഥനായ ഒരു അടിമയായല്ല സ്‌നേഹത്തിലുള്ള സ്വാതന്ത്ര്യത്തോടെ” (വാക്യം 5). അങ്ങനെ അവന്‍ തന്റെ യജമാനന്റെ ശുശ്രൂഷയില്‍ എന്നേക്കും തുടരുന്നു.

പത്തു കല്പനകള്‍ നല്‍കിയ ഉടനെ തന്നെയാണ് ഇക്കാര്യം പറയുന്നതു എന്നതു ശ്രദ്ധേയമായ കാര്യമാണ്. ദൈവം യഥാര്‍ത്ഥത്തില്‍ യിസ്രായേല്യരെ പഠിപ്പിക്കുവാന്‍ ആഗ്രഹിച്ചത് അക്ഷരപ്രകാരം ഒരു അടിമയെപ്പോലെയുള്ള ബാഹ്യമായ ഒരു അനുസരണമല്ല തനിക്കാവശ്യം. മറിച്ച് കല്പനകളുടെ ആത്മാവിനെ സന്തോഷത്തോടെ സ്‌നേഹത്തില്‍ അനുസരിക്കുന്നതാണ് എന്നതായിരുന്നു. യേശു പറഞ്ഞു: ”നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നു എങ്കില്‍ എന്റെ കല്പനകള്‍ പ്രമാണിക്കുക.” ആ പറഞ്ഞതിന്റെ പ്രായോഗിക അര്‍ത്ഥം നാം യേശുവിനെ സ്‌നേഹിക്കുന്നില്ലെങ്കില്‍, സ്‌നേഹത്തിലല്ലാതെയുള്ള അനുസരണം പുതിയ ഉടമ്പടിയില്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല എന്നതാണ്. പഴയ ഉടമ്പടിയുടെ ആത്മാവിനെ നമുക്ക് പത്തു കല്പനകളിലൂടെ ഇപ്രകാരം കുറുക്കിയെടുക്കാം: ”ചെയ്യുക… ചെയ്യരുത്… ആകാം… അരുത്” യിസ്രായേല്യര്‍ക്ക് അങ്ങനെയല്ലാതെ മറ്റൊരു പോംവഴിയും ഉണ്ടായിരുന്നില്ല. എന്നാല്‍ യേശു വന്നപ്പോള്‍ ഇങ്ങനെ പറഞ്ഞു: ”ഒരുവന്‍ എന്നെ അനുഗമിക്കുവാന്‍ ഇച്ഛിക്കുന്നു എങ്കില്‍ അവന്‍… ചെയ്യട്ടെ.”

15:26-ല്‍ ദൈവം യിസ്രായേല്യരോടു പറഞ്ഞു: ”നിന്റെ ദൈവമായ യഹോവയുടെ വാക്കു നീ ശ്രദ്ധയോടെ കേട്ട് അവനു പ്രസാദമുള്ളതു ചെയ്കയും അവന്റെ കല്പനകളെ അനുസരിച്ച് അവന്റെ സകലവിധികളും പ്രമാണിക്കുകയും ചെയ്താല്‍ ഞാന്‍ മിസ്രയീമ്യര്‍ക്കു വരുത്തിയ വ്യാധികളില്‍ ഒന്നും നിനക്കു വരുത്തുകയില്ല. ഞാന്‍ നിന്നെ സൗഖ്യമാക്കുന്ന യഹോവ ആകുന്നു.” ഇതു ചിലര്‍ മനസ്സിലാക്കിയിരിക്കുന്നതുപോലെ രോഗസൗഖ്യത്തെ സംബന്ധിച്ചുള്ള ഒരു വാഗ്ദാനം അല്ല. അതു രോഗസൗഖ്യത്തെക്കാള്‍ മികച്ച ഒന്നിനെക്കുറിച്ച്- ആരോഗ്യത്തെക്കുറിച്ചുള്ള- ഒരു വാഗ്ദാനമാണ്. രോഗ സൗഖ്യത്തെക്കാള്‍ മികച്ചത് ആരോഗ്യം തന്നെയാണ് എന്നു നിങ്ങള്‍ കരുതുന്നില്ലേ? സൗഖ്യം ലഭിക്കുവാന്‍ ഒന്നാമതു നിങ്ങള്‍ രോഗിയായിത്തീരണം. എന്നാല്‍ കര്‍ത്താവു പറയുന്നതു ശ്രദ്ധിക്കു: നിങ്ങള്‍ അവിടുത്തെ നിയമങ്ങള്‍ മുഴുവനും അനുസരിക്കുന്നു എങ്കില്‍ നിങ്ങള്‍ ഒരിക്കലും രോഗിയാവുകയില്ല. നിങ്ങള്‍ തികച്ചും ആരോഗ്യമുള്ളവരായിരിക്കും. അതുകൊണ്ടു കൂടിയാണ് അവിടുന്ന് ശുചിത്വത്തെക്കുറിച്ചുള്ള ഒട്ടേറെ നിയമങ്ങള്‍ നല്‍കിയത്. നിങ്ങള്‍ ഒരു ഭക്ഷണ പ്രിയനെങ്കില്‍ നിങ്ങള്‍ രോഗിയായിത്തീരും. അതിനു നിങ്ങള്‍ക്കു നിങ്ങളെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്താന്‍ കഴിയില്ല. ആയുസ്സെത്തും മുന്‍പു തന്റെ മദ്യാസക്തി കാരണം മരിക്കുന്ന മദ്യപനും ആയുസ്സെത്തും മുന്‍പു തന്റെ നല്ല ഭക്ഷണത്തോടുള്ള ആസക്തി കാരണം മരിക്കുന്ന ഒരു ഭക്ഷണപ്രിയനും തമ്മില്‍ അടിസ്ഥാനപരമായി ഒരു വ്യത്യാസവുമില്ല. ദൈവത്തിന്റെ നിയമങ്ങള്‍ നമ്മെ ആരോഗ്യത്തില്‍ സൂക്ഷിക്കുന്നു. നാം ദൈവത്തിന്റെ നിയമങ്ങള്‍ അനുസരിക്കുന്നവരെങ്കില്‍ കൂടെക്കൂടെ ദൈവത്തിന്റെ അടുത്തേക്കു സൗഖ്യത്തിനു വേണ്ടി പോകേണ്ടിവരില്ല. അവിടുന്നു നമ്മെ ആരോഗ്യത്തില്‍ സൂക്ഷിക്കും. നിങ്ങള്‍ വൃദ്ധനായാലും ആരോഗ്യമുള്ളവനായിരിക്കും. പിരിമുറുക്കങ്ങളും അമിതഭക്ഷണശീലവും ഒക്കെയാണു വൃദ്ധരെയും രോഗികളാക്കുന്നത്.

23:9-ല്‍ പരദേശിയെ ഉപദ്രവിക്കരുതെന്നു മറ്റൊരു നിയമം നാം കാണുന്നു. മിസ്രയീം ദേശത്ത് ഒരു പരദേശിയുടെ അനുഭവം യിസ്രായേല്യര്‍ അറിഞ്ഞിരുന്നുവല്ലോ. ദൈവം നമ്മോടു ദയയും കരുണയും കാട്ടിയതുപോലെ നാമും ആളുകളോടു ദയയും കരുണയും കാട്ടേണ്ടതാണ്.

31:16,17-ല്‍ നാം ശബ്ബത്ത് നിയമത്തെക്കുറിച്ചു വായിക്കുന്നു. ഭൂമിയെ പുനഃസൃഷ്ടിച്ച ആറു ദിവസം 24 മണിക്കൂറുകളുള്ള ആറു ദിവസങ്ങള്‍ തന്നെയോ അതോ ദശലക്ഷക്കണക്കിനു വര്‍ഷങ്ങളുടെ ദൈര്‍ഘ്യമുള്ള പ്രതീകാത്മക ദിവസങ്ങളാണോ എന്നതു സംബന്ധിച്ചു ശാസ്ത്ര ലോകത്തില്‍ പല തരത്തിലുള്ള വാദങ്ങളുണ്ട്. എന്നാല്‍ ഇവിടെ ഉത്തരം തികച്ചും വ്യക്തമാണ്. ആറു ദിവസം കൊണ്ടു ദൈവം ഭൂമിയെ ഉണ്ടാക്കി. ആഴ്ചയുടെ ഏഴാം ദിവസം വിശ്രമദിനമായി ദൈവം നിയമിച്ചു.

ക്രിസ്തുവില്‍ ആ ശബ്ബത്ത് നിറവേറ്റപ്പെട്ടതായി കൊലൊസ്യര്‍ 2:16,17-ല്‍ നാം വായിക്കുന്നു. അതുകൊണ്ടു ശബ്ബത്ത് എന്നൊരു ദിനാചരണം നമുക്കില്ല. കാരണം അതു തനിക്കും യിസ്രായേലിനും മദ്ധ്യേയുള്ള ഒരു അടയാളമായിരുന്നു എന്നു കര്‍ത്താവു തന്നെ പറഞ്ഞിരിക്കുന്നു.

32,33 അധ്യായങ്ങളില്‍ യിസ്രായേല്‍ ഒരു സ്വര്‍ണ്ണക്കാളക്കുട്ടിയെ ആരാധിക്കുന്നതും തങ്ങളുടെ ഈ വിഗ്രഹത്തിന് ഉത്സവം ആചരിക്കുന്ന വേളയില്‍ ദുര്‍ന്നടപ്പാചരിക്കുന്നതും നാം കാണുന്നു. 40 ദിവസം മോശെ പാളയത്തില്‍ നിന്നും അകലെ സീനായ് പര്‍വ്വതത്തില്‍ ആയിരുന്നു. ജനത്തിനു വഴി പിഴച്ചു നടക്കുവാന്‍ ധാരാളം അവസരമുണ്ടായിരുന്നു. അഹരോന് അവരെ നിയന്ത്രിക്കുവാന്‍ കഴിവുണ്ടായിരുന്നില്ല. മോശെ എന്ന ഒരേ ഒരു വ്യക്തിയെ ആശ്രയിച്ചു മാത്രമായിരുന്നു യിസ്രായേല്‍ ദൈവത്തിന്റെ വഴിയില്‍ നടന്നിരുന്നത്. മോശെ പാളയത്തിലുണ്ടായിരുന്ന കാലമത്രയും അവനെ ഭയപ്പെട്ട് അവര്‍ ദൈവത്തിന്റെ വഴിയില്‍ നടന്നു. അവന്‍ പാളയത്തില്‍ നിന്നകന്നു നിന്ന സമയം അവര്‍ പാപത്തില്‍ വീണു. നാല്പതു വര്‍ഷക്കാലം 20 ലക്ഷത്തിലധികം ആളുകള്‍ നിലനിന്നത് ആ ഒരു മനുഷ്യന്റെ സ്വാധീനത്തിലായിരുന്നു! സഭാ ചരിത്രത്തിലുടനീളം ഇത് ആവര്‍ത്തിക്കുന്നതു നമുക്കു കാണുവാന്‍ കഴിയും. എഫെസോസില്‍ പൗലൊസ് താമസിച്ചിരുന്ന മൂന്നു വര്‍ഷക്കാലമത്രയും ചെന്നായ്ക്കള്‍ക്ക് എഫെസോസിലെ സഭകളില്‍ പ്രവേശിക്കുക സാദ്ധ്യമായിരുന്നില്ല. പൗലൊസ് അവിടം വിട്ട ഉടന്‍ ചെന്നായ്ക്കള്‍ അവിടെ പ്രവേശിച്ചു (അ.പ്ര. 20:29-31). ഇവിടെ മരുഭൂമിയിലും അതുതന്നെ സംഭവിച്ചിരിക്കുന്നു. മോശെ അകന്നു നിന്നതോടെ പാളയത്തിന് പുഴുക്കുത്തു വീണു. ജീര്‍ണ്ണതയെ തടഞ്ഞു നിര്‍ത്തുവാന്‍ കഴിയുന്ന മോശെയെപ്പോലെയുള്ളവരെയാണ് ഇന്നു കര്‍ത്താവു നോക്കി ക്കൊണ്ടിരിക്കുന്നത്. അഹരോനെപ്പോലെ ഒത്തുതീര്‍പ്പുകാരായിരിക്കുന്ന ആയിരക്കണക്കിനു നേതാക്കന്മാരെക്കാളും മോശെയെപ്പോലെയുള്ള ഒരാളിനെക്കൊണ്ടു ദൈവത്തിന് വളരെയധികം പ്രവര്‍ത്തിക്കുവാന്‍ കഴിയും. മോശെ തിരികെയെത്തിയതോടെ കാര്യങ്ങള്‍ നേരെയായി. ജനത്തെ ദൈവവുമായുള്ള ബന്ധത്തില്‍ പുനഃസ്ഥാപിച്ചു.

ഇവിടെ വച്ചാണ് പാളയത്തിലെ പാപത്തിനെതിരെ ദൈവത്തിനുവേണ്ടി നില്‍ക്കുവാന്‍ ആരുണ്ട് എന്നു മോശെ ചോദിക്കുന്നത് (പുറ. 32:26). ലേവിഗോത്രം മാത്രം കടന്നു വന്നു മോശെയോടൊപ്പം നിലയുറപ്പിച്ചു. പാളയത്തിനുള്ളില്‍ കടന്ന് വിഗ്രഹാരാധനയ്ക്കു നേതൃത്വം കൊടുത്തവരെയും അവരുടെ സ്വന്തക്കാരെയും കൊല്ലുക എന്നു കല്പിച്ചു. അവര്‍ അങ്ങനെ ചെയ്തു. അങ്ങനെയാണ് ലേവി ഗോത്രത്തെ തന്റെ പൗരോഹിത്യം ദൈവം ഭരമേല്‍പ്പിക്കുവാന്‍ കാരണമായത്. അതു ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞുവന്ന ഒരു തിരഞ്ഞെടുപ്പായിരുന്നില്ല. അവര്‍ തന്നോടൊപ്പം നില്‍ക്കുന്നതു തിരഞ്ഞെടുത്തതുകൊണ്ട് താന്‍ അവരെ തന്റെ ശുശ്രൂഷയ്ക്കു തിരഞ്ഞെടുത്തു (ആവര്‍ത്തനം 33:8-11-ഉം മലാഖി 2:4,5-ഉം കാണുക). ചില വര്‍ഷങ്ങള്‍ക്കു ശേഷം അഹരോന്റെ കൊച്ചുമകന്‍ ഫിനെഹാസും അതേ ആത്മാവില്‍ പ്രവര്‍ത്തിക്കുന്നതും ദൈവം അവനോട് പൗരോഹിത്യം സംബന്ധിച്ച് ഉടമ്പടി ചെയ്യുന്നതും നാം കാണുന്നു (സംഖ്യ 25:7-12). ഇന്നും പാപത്തിനെതിരെ വിട്ടുവീഴ്ചയില്ലാതെ നിലകൊള്ളുന്നവരെ ദൈവം തന്റെ പ്രതിനിധികളായി സഭയില്‍ നിയമിക്കുന്നു.

പര്‍വ്വതത്തിനു മുകളിലെ ദീര്‍ഘനാളുകളിലെ ദൈവസംസര്‍ഗ്ഗത്തിലൂടെ ക്രിസ്തുവിന്റെ ആത്മാവിനെ മോശെ എത്രയേറെ പാനം ചെയ്തു എന്നത് ഇവിടെ നാം കാണുന്നു. അവന്‍ കര്‍ത്താവിനു മുമ്പില്‍ മധ്യസ്ഥത അണയ്ക്കുന്നത് ”നീ അവരുടെ പാപം ക്ഷമിക്കേണമേ. അല്ലെങ്കില്‍ നീ എഴുതിയ നിന്റെ പുസ്തകത്തില്‍ നിന്ന് എന്റെ പേര്‍ മായിച്ചു കളയണമേ” (പുറ. 32:32) എന്നു പറഞ്ഞാണ്. ഇതാണ് കാല്‍വരി ക്രൂശില്‍ നാം കാണുന്ന ആത്മാവ്.

ഇവിടെ ദൈവം സംസാരിക്കുന്ന ഒരു കാര്യം നാം കേള്‍ക്കുന്നു: ഒരിക്കല്‍ ജീവപുസ്തകത്തില്‍ പേര്‍ എഴുതപ്പെട്ടാലും അതു മായ്ച്ചുകളയുവാനുള്ള സാദ്ധ്യത ഉണ്ട് (32:33). ഈ ഉപദേശം സംബന്ധിച്ച് ക്രിസ്ത്യാനികളുടെ ഇടയില്‍ ഭിന്നാഭിപ്രായങ്ങളുണ്ട്. എന്നാല്‍ ഇതേ മുന്നറിയിപ്പ് പുതിയ നിയമത്തില്‍ വെളിപ്പാടു 3:5-ല്‍ യേശുകര്‍ത്താവു തന്നെ ആവര്‍ത്തിക്കുമ്പോള്‍ എല്ലാ വാദമുഖങ്ങളും അവസാനിക്കും. ഈ മുന്നറിയിപ്പ് നാം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതുണ്ട്.

32:34-ലും 33:14-16-ലും ദൈവത്തിനുവേണ്ടിയുള്ള മോശെയുടെ എരിവു നമുക്കു കാണാം. ദൈവിക മനുഷ്യന്റെ മുഖമുദ്ര എന്നും അതാണ്. തന്റെ ശുശ്രൂഷയെക്കാളധികം ദൈവത്തിനു വേണ്ടിയുള്ള എരിവ് അവര്‍ക്കുണ്ടായിരിക്കും. മോശെ പറയുന്നത് ഒരു ദൂതനെയാണ് ഞങ്ങളോടൊപ്പം അയക്കുന്നതെങ്കില്‍ ഞങ്ങള്‍ പുറപ്പെടുകയില്ല കര്‍ത്താവു തന്നെ ഞങ്ങള്‍ക്കു മുമ്പായി നടക്കണം. സത്യമായി തന്നെ അന്വേഷിക്കുന്നവര്‍ക്കു പ്രതിഫലം നല്‍കുന്ന ദൈവം മോശെയ്ക്ക് അതു നല്‍കി.

33:18-ല്‍ ദൈവത്തിനു വേണ്ടിയുള്ള മോശെയുടെ എരിവു നാം വീണ്ടും കാണുന്നു. അവിടുത്തെ മഹത്വം എന്നെ കാണിക്കണമേ എന്നു താന്‍ പ്രാര്‍ത്ഥിക്കുന്നു. തന്റെ മുഖം കണ്ട് ആരും ജീവനോടെ ഇരിക്കയില്ല എന്നു ദൈവം മറുപടി നല്‍കുന്നു. എന്നാല്‍ മോശെയെ താന്‍ ഒരു പാറയുടെ പിളര്‍പ്പിലാക്കി (ക്രൂശിതനായ ക്രിസ്തു വിന്റെ ദൃഷ്ടാന്ത ചിത്രം) തന്റെ മഹത്വത്തിന്റെ ഒരംശം അവനെ കാണിക്കുമെന്നു വാഗ്ദാനം നല്‍കി. തന്റെ നന്മയും ആ മഹത്വത്തില്‍ ഉള്‍പ്പെടുമെന്നു ദൈവം അരുളിച്ചെയ്തു (33:19). അതെ, തന്റെ നന്മ തന്നെയാണ് തന്റെ മഹത്വം. ആ മഹത്വം നമ്മിലേക്കു വരുമ്പോള്‍ യേശു ചെയ്തതുപോലെ നല്ലവര്‍ക്കും ദുഷ്ടന്മാര്‍ക്കും നന്മ ചെയ്‌വാന്‍ നാം പ്രാപ്തരാകും (അ.പ്ര. 10:38).

സമാഗമന കൂടാരം

പുറപ്പാടു പുസ്തകത്തിലെ വലിയൊരു ഭാഗം (25-31; 35-40 അധ്യായങ്ങള്‍) സമാഗമന കൂടാരം പണിയുടെ വിശദീകരണങ്ങള്‍ക്കാണു നീക്കി വച്ചിരിക്കുന്നത്. ഉല്പത്തി പുസ്തക പഠനത്തില്‍ കായിനിലും ഹാബേലിലും കൂടി വ്യാജവും സത്യവുമായ രണ്ടു ഭിന്നമതങ്ങളുടെ ഉത്ഭവത്തെ നാം കണ്ടു. അവ വെളിപ്പാടില്‍ ‘ബാബിലോണ്‍’ എന്നും ‘യെരുശലേം’ എന്നുമുള്ള പേരുകളില്‍ എത്തിനില്ക്കുന്നതു നാം കാണുന്നു. പില്‍ക്കാലത്തു ദൈവാലയമായി രൂപം പ്രാപിച്ച സംവിധാനത്തിന്റെ ആദിമരൂപം സമാഗമന കൂടാരമായിരുന്നു. ആത്യന്തികമായി ദൈവത്തിന്റെ കൂടാരം, സഭ, യെരുശലേം എന്നിവയുടെ ഒരു ചിത്രമാണത്.

യോഹന്നാന്‍ 1:14-ന്റെ യഥാര്‍ത്ഥ ഭാഷാന്തരം ഇപ്രകാരമാണ്: ”വചനം ജഡമായിത്തീര്‍ന്നു… നമ്മുടെ ഇടയില്‍ കൂടാരമടിച്ചു.”

ഈ പഴയനിയമ കൂടാരം ഒന്നാമതായി യേശുവിന്റ ഒരു ചിത്രമാണ്. ദൈവത്തിന്റെ നിവാസമായ തന്റെ സഭയുടെയും ചിത്രമാണിത്. അതുപോലെ തന്നെ പരിശുദ്ധാത്മാവു വസിക്കുന്ന ദൈവത്തിന്റെ മക്കളാകുന്ന നമ്മുടെ ഓരോരുത്തരുടെയും ചിത്രമാണ്.

കൂടാരത്തിന്റെ എല്ലാ ഭാഗങ്ങളും താന്‍ കാണിച്ചുകൊടുത്ത മാതൃകപ്രകാരം തന്നെ പണിയണമെന്നു ദൈവം നിഷ്‌കര്‍ഷിച്ചിരുന്നു (പുറപ്പാട് 25:9). കൂടാരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളുടെ അളവിനെ സംബന്ധിച്ചും അവയ്ക്കുപയോഗിക്കേണ്ട വസ്തുക്കളെ സംബന്ധിച്ചും ദൈവം മോശെയ്ക്കു വിശദീകരിച്ചു കൊടുത്തിരുന്നു. ദൈവം തന്റെ വചനത്തില്‍ എഴുതിയിരിക്കുന്ന അതേ വിധത്തില്‍ തന്നെ സഭയിലും തങ്ങളുടെ ജീവിതത്തിലും കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട് എന്ന് ഇന്നു സഭയിലെ പല വിശ്വാസികളും തിരിച്ചറിയുന്നില്ല. അവര്‍ ദൈവവചനത്തെ എവിടെ വരെ അനുസരിക്കണമെന്നും എവിടെ നിന്നങ്ങോട്ട് സ്വന്തം വിശകലനത്തിലൂടെ വ്യതിചലിക്കണമെന്നും സ്വന്ത ബുദ്ധിയില്‍ തീരുമാനിക്കുന്നു.

മഹാത്ഭുതങ്ങളായ പിരമിഡുകളുടെ നിര്‍മ്മാണ രീതി മോശെ ഈജിപ്തില്‍ കണ്ടു മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ അവന്‍ ഒരിക്കലും ദൈവം കൂടാരം പണിയാന്‍ കൊടുത്ത ലളിതമായ നിര്‍മ്മാണ രീതിയെ പരിഷ്‌കരിക്കാന്‍ ശ്രമിച്ചില്ല- മനുഷ്യന്റെ കണ്ണുകള്‍ക്ക് ആകര്‍ഷകമായ തരത്തില്‍. എല്ലാ വിശദാംശങ്ങളിലും ദൈവം നല്‍കിയ മാതൃക പ്രകാരം തന്നെ മോശെ അതുണ്ടാക്കി (പുറ.39:1-40:33). അതുകൊണ്ടാണ് ദൈവത്തിന്റെ മഹത്വം അതില്‍ നിറയുവാന്‍ ഇടയായത്. 40-ാം വയസ്സില്‍ മോശെയ്ക്ക് ഈ മാതൃക ദൈവം നല്‍കിയിരുന്നെങ്കില്‍ അവന്‍ അതിനെ മിസ്രയീമിലെ ജ്ഞാനപ്രകാരം പരിഷ്‌ക്കരിക്കുവാന്‍ ശ്രമിക്കുമായിരുന്നു. അപ്പോള്‍ കൂടാരം കാഴ്ചയ്ക്കു കൂടുതല്‍ മനോഹരമാകുമായിരുന്നു. പക്ഷേ ദൈവമഹത്വം അതില്‍ ഉണ്ടാകുമായിരുന്നില്ല. സഭയില്‍ വരുന്ന ആളുകളെ ആകര്‍ഷിക്കുവാന്‍ വേണ്ടി ദൈവവചനത്തില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയ അനേകം സഭകള്‍ക്കും സംഭവിച്ചത് ഇതു തന്നെയാണ്.

ദൈവത്തിന്റെ ചിന്തകള്‍ നമ്മുടേതില്‍ നിന്നും വളരെ ഉന്നതമാണ് (യെശ. 55:8,9). ഇതു തിരിച്ചറിയാത്തവര്‍ എപ്പോഴും തങ്ങളുടെ മാനുഷിക ചിന്തകള്‍ ദൈവകല്പനയോടു കൂട്ടിക്കൊണ്ടിരിക്കും. തങ്ങളുടെ സഭയില്‍ ദൈവമഹത്വം വെളിപ്പെടണമെന്നാഗ്രഹിക്കുന്നവര്‍ ദൈവത്തിന്റെ മാതൃകയും ഇഷ്ടവും അന്വേഷിക്കുന്നവരാകും. നമ്മുടെ കര്‍ത്താവു തന്റെ ജീവിതകാലത്ത് തന്റെ ജനനം, ജീവിതം, മരണം മുതലായ കാര്യങ്ങളെ സംബന്ധിച്ച് പഴയനിയമത്തിലുള്ള ഓരോ പ്രവചനവും കണ്ടെത്തി അവയെ നിറവേറ്റുവാനായി ശ്രദ്ധിച്ചുപോന്നു. തന്നെക്കുറിച്ചു പുസ്തകത്തില്‍ എഴുതിയിരിക്കുന്നത് ഓരോന്നും എല്ലാസമയത്തും ശ്രദ്ധയോടെ കണ്ടെത്തി നിറവേറ്റി (എബ്ര. 10:7). അതുകൊണ്ടാണ് അവന്റെമേല്‍ ദൈവമഹത്വം എല്ലാ സമയത്തും വെളിപ്പെട്ടിരുന്നത്.

25:8-ല്‍ കൂടാരം പണിയെ സംബന്ധിച്ച നിര്‍ദ്ദേശം നല്‍കുമ്പോള്‍ മോശെയോടു കല്പിച്ചു: ”എനിക്കു അവരുടെ മദ്ധ്യേ വസിപ്പാന്‍ തക്കവണ്ണം അവര്‍ എനിക്കൊരു വിശുദ്ധ മന്ദിരം ഉണ്ടാക്കട്ടെ.” നമ്മെ സംബന്ധിച്ച പ്രാഥമിക വിളി ഇതാണ്- ദൈവത്തിന് ഒരു വിശുദ്ധ മന്ദിരമായിത്തീരുക. ഇതല്ലാതെ മറ്റുള്ളതെല്ലാം- എല്ലാ നല്ല കാര്യങ്ങളും ഉള്‍പ്പെടെ- രണ്ടാം നിരയിലേക്കു മാറ്റേണ്ടതുണ്ട്. ഈ വിളിയെ സംബന്ധിച്ച കാഴ്ചപ്പാട് നമുക്കു നഷ്ടപ്പെട്ടിരിക്കുന്നു എങ്കില്‍ രണ്ടാം നിരയിലുള്ള കാര്യങ്ങളുമായി നമുക്ക് തിരക്കേറിയ ജീവിതം നയിക്കാം- സുവിശേഷീകരണം, വേദപഠന ക്ലാസ്സുകള്‍, പരോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഇവയൊക്കെ അവയില്‍ത്തന്നെ നല്ലതു തന്നെ. എന്നാല്‍ സഭ ദൈവം വസിക്കുന്ന ഒരു വിശുദ്ധ മന്ദിരമായിത്തീരുന്നില്ല എങ്കില്‍ നമ്മെ സംബന്ധിച്ച പ്രാഥമിക ഉദ്ദേശ്യത്തില്‍ നാം പരാജയപ്പെട്ടു. അങ്ങനെ വന്നാല്‍ ദൈവത്തിനു നമ്മുടെ ഉള്ളില്‍ തന്റെ ഭവനം കണ്ടെത്തുവാന്‍ കഴിയുമോ? നമ്മുടെ വീട്ടിലോ സഭയിലോ കഴിയുമോ? ഇവയാണ് ഏറ്റവും പ്രാധാന്യമുള്ള ചോദ്യങ്ങള്‍. നിങ്ങള്‍ എത്രയധികം ചെയ്തു എന്നോ എത്ര ആളുകളെ സഹായിച്ചു എന്നോ ഉള്ളതല്ല.

മോശെ പര്‍വ്വതത്തിനു മുകളില്‍ ദൈവത്തോടൊപ്പം തനിയെ ഉപവാസത്തോടെ പ്രാര്‍ത്ഥനയില്‍ ആയിരുന്നപ്പോള്‍ ആണ് സമാഗമന കൂടാരത്തിന്റെ മാതൃക കാണുവാന്‍ കഴിഞ്ഞത് (പുറപ്പാട് 25:40). ഇന്നു നിങ്ങള്‍ക്കു ദൈവത്തെ കാത്തിരിക്കാന്‍ കഴിയാതെ തിരക്കാണെങ്കില്‍ നിങ്ങള്‍ക്കു പൂര്‍ണ്ണതയുള്ള ദൈവഹിതം എന്തെന്നറിയാനോ സഭയുടെ മാതൃക എന്തെന്നു ഗ്രഹിക്കുവാനോ കഴിയുകയില്ല.

കൂടാരം പണിക്കായി ദൈവം ബെസലേലിനെയും ഒഹൊലിയാബിനെയും തിരഞ്ഞെടുത്തു. അവരെ പരിശുദ്ധാത്മാവിനാല്‍ ശക്തീകരിച്ച് ഈ പണികള്‍ സങ്കല്പിച്ചു ചെയ്യുവാന്‍ ആവശ്യമായ വരങ്ങളാലും കഴിവുകളാലും നിറച്ചു (പുറ. 31:1-3). ദൈവം നമ്മെ തന്റെ സഭയെ പണിയുവാന്‍ വിളിച്ചിട്ടുണ്ടെങ്കില്‍, ആ പ്രവൃത്തി ചെയ്യുവാന്‍ ആവശ്യമായ പ്രകൃത്യാതീതമായ കഴിവുകളും വരങ്ങളും തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മില്‍ നിറയ്ക്കും.

സമാഗമന കൂടാരത്തിന്റെ ഭാഗങ്ങള്‍

കൂടാരം പണിക്കു ദൈവം നല്‍കിയ ക്രമം ശ്രദ്ധിക്കുക. മാനുഷിക ജ്ഞാനം എപ്പോഴും ആരംഭിക്കുക കൂടാരത്തിന്റെ പുറംഭിത്തിയുടെ അളവുകളില്‍ നിന്നാണ്. എന്നാല്‍ ദൈവം മോശെയ്ക്ക് ആദ്യം നല്‍കുന്നത് പെട്ടകത്തിന്റെ വിശദാംശങ്ങളാണ്. അതിവിശുദ്ധസ്ഥലം എന്ന സമാഗമന കൂടാരത്തിലെ ഏറ്റവും ചെറിയ മുറിയില്‍ വയ്ക്കുന്ന വളരെ ചെറിയ ഒരു ഉപകരണമാണ് നിയമപെട്ടകം (പുറ. 25:10). എന്നാല്‍ ആ മുറിയിലായിരുന്നു ദൈവതേജസ് ഇറങ്ങി വന്നിരുന്നത്. അതുകൊണ്ടാണ് അതിന് ഒന്നാം സ്ഥാനം നല്‍കിയത്. ദൈവം തന്നില്‍ നിന്നു തുടങ്ങുന്നു എന്നു നമുക്കു പറയാം- ഉത്പത്തിപ്പുസ്തകത്തില്‍ ”ആദിയില്‍ ദൈവം” എന്നു തുടങ്ങുന്നതുപോലെ.

മനുഷ്യന്റെ വഴികളല്ല ദൈവത്തിന്റേത്. എല്ലാ സഭകളും ആരംഭം കുറിക്കേണ്ടത് ഒരേ ഒരു കാര്യത്തില്‍ നിന്നാണ്- ദൈവത്തില്‍നിന്നും. അതിവിശുദ്ധ സ്ഥലത്ത് ദൈവത്തില്‍ നിന്നുമാണ്, അല്ലാതെ ശുശ്രൂഷകളില്‍ നിന്നല്ല. നമ്മുടെ ക്രിസ്തീയ ജീവിതത്തിലെ ‘അതിവിശുദ്ധ’ കാര്യങ്ങളില്‍ നിന്നുമാണ് നാം തുടങ്ങേണ്ടത്.

ആദാം ഒന്നാം ദിവസം ദൈവത്തോടുള്ള കൂട്ടായ്മയില്‍ ചെലവഴിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലാണ് തോട്ടത്തില്‍ വേല ചെയ്‌വാനായി പോയത്. നമ്മെ സംബന്ധിച്ചും അതങ്ങനെ തന്നെ ആയിരിക്കേണ്ടതുണ്ട്. ഒന്നാമതു ദൈവം, അതിനുശേഷം അവിടുത്തെ ശുശ്രൂഷ – അതെന്തു തന്നെ ആയിരുന്നാലും. സുവിശേഷീകരണമോ വേദപഠനമോ സാമൂഹിക സേവനമോ, എന്തായിരുന്നാലും. ഒന്നാമതു ദൈവം, പിന്നീട് ഉപദേശപരമായ കാര്യങ്ങള്‍. ഈ ക്രമം പാലിക്കാത്തതുകൊണ്ടാണ് വിശ്വാസികളുടെ ഇടയില്‍ അനൈക്യവും സംഘര്‍ഷവും നിലനില്ക്കുന്നത്.

കര്‍ത്താവു ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചപ്പോള്‍ തങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കണമേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടു തുടങ്ങാനല്ല പഠിപ്പിച്ചത്. അത് പിതാവുമായുള്ള കൂട്ടായ്മയ്ക്കു വളരെ അത്യന്താപേക്ഷിതമായ ഒരു കാര്യമായിരുന്നു. എങ്കിലും ‘ദൈവത്തിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ’ എന്നു പ്രാര്‍ത്ഥിച്ചു തുടങ്ങാനാണ് പഠിപ്പിച്ചത്. അവിടുത്തെ രാജ്യം വരണമേ എന്നും അവിടുത്തെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ എന്നും തുടക്കത്തില്‍ പ്രാര്‍ത്ഥിച്ചു. ഇതാണ് നിയമപെട്ടകത്തില്‍ നിന്നും പണിയെക്കുറിച്ചുള്ള വിശദാംശം ആരംഭിക്കുമ്പോഴുള്ള ദൈവഹൃദയത്തിലെ താത്പര്യം. തന്റെ ജീവിതത്തിലും കുടുംബത്തിലും സഭയിലും ഒന്നാംസ്ഥാനം ദൈവത്തിനു കൊടുക്കുന്ന ആരെയും ദൈവം സഹായിക്കും.

സമാഗന കൂടാരം ഒരു മനുഷ്യന്റെ നിഴലാണ്. കൂടാരത്തിന് അതിവിശുദ്ധസ്ഥലം, വിശുദ്ധസ്ഥലം, പ്രാകാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ട്. ഇത് ഒരു മനുഷ്യന്റെ വ്യക്തിത്വത്തിലെ ആത്മാവ്, പ്രാണന്‍, ദേഹം എന്നീ മൂന്നു ഘടകങ്ങളോടു സദൃശമാണ് (1 തെസ്സ. 5:23).

സമാഗമന കൂടാരത്തില്‍ അതിവിശുദ്ധ സ്ഥലത്തു ദൈവം വസിക്കുന്നതു കാണിക്കുന്നത് നമ്മുടെ ആത്മാവില്‍ അവിടുന്നു വസിക്കുവാന്‍ ആഗ്രഹിക്കുന്നു എന്നതിനെയാണ്- നമ്മുടെ സത്തയിലെ ഏറ്റവും ആഴമേറിയ ഭാഗം. നമ്മുടെ പ്രാണനിലല്ല (ചിന്തയിലും വികാരങ്ങളിലുമല്ല). ഇതു നാം വ്യക്തമായി മനസ്സിലാക്കുന്നുവെങ്കില്‍ ഒരുപാടു വഞ്ചനകളില്‍ നിന്നും നമുക്കു രക്ഷ നേടാന്‍ കഴിയും. ഉദാഹരണമായി വൈകാരിക പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന ഒരു യോഗം ഒരിക്കലും ഒരു ആത്മിക ഉണര്‍വ്വുയോഗമാകണമെന്നില്ല. അവിടെ ദൈവസാന്നിദ്ധ്യ മുണ്ടാകണമെന്നില്ല. കാരണം ദൈവം വസിക്കുന്നതു മനുഷ്യന്റെ വികാരങ്ങളിലല്ല. അപ്രകാരം തന്നെ ബുദ്ധിപരമായി വളരെ വിശകലനം ചെയ്ത് ദൈവവചനം പഠിക്കുന്ന ഒരു യോഗവും ആത്മിക യോഗമാകണമെന്നില്ല. കാരണം ദൈവം മനുഷ്യന്റെ ബുദ്ധിയിലല്ല വസിക്കുന്നത്. കണ്ണില്‍ നിന്നു കാത് വ്യത്യസ്തമായിരിക്കുന്നതുപോലെ ആത്മാവു പ്രാണനില്‍ നിന്നും വ്യത്യസ്തമായിരിക്കുന്നു. കാതിനു നല്ല കേഴ്‌വിയുള്ള ഒരു വ്യക്തിയുടെ കണ്ണിന്റെ കാഴ്ച മോശമായിരിക്കുന്നതുപോലെ നല്ല ബുദ്ധിയും കഴിവുമുള്ള ഒരു വ്യക്തി ആത്മീയമായി മരിച്ചവനായിരിക്കാനും സാദ്ധ്യതയുണ്ട്. അപ്രകാരം തന്നെ വൈകാരികമായ ചലനങ്ങളോടെ ദൈവത്തെ സ്തുതിക്കുന്ന ഒരു വ്യക്തി ഹൃദയത്തില്‍ അശുദ്ധനായിരിക്കാം. പ്രാണനും ആത്മാവും തികച്ചും വ്യത്യസ്തമാണ്. ദൈവം ഒരിക്കലും നമ്മുടെ പ്രാണനില്‍ വസിക്കുന്നില്ല. ഈ സത്യം നാം ഗ്രഹിക്കുന്നത് ഇന്ന് അനേകം പ്രസംഗകര്‍ക്ക് സംഭവിച്ചിരിക്കുന്ന മനശ്ശാസ്ത്രപരമായ, വൈകാരികമായ, ബുദ്ധിപരമായ വഞ്ചനയില്‍ നിന്നും നമ്മെ രക്ഷിക്കും.

സമാഗമന കൂടാരത്തിന്റെ പ്രാകാരത്തിന് 150 അടി നീളവും 75 അടി വീതിയും ഉണ്ടായിരുന്നു. എന്നാല്‍ പാളയവുമായി താരതമ്യം ചെയ്യുമ്പോള്‍ അതു വളരെ ചെറുതായിരുന്നു. ചുറ്റുപാടുമുള്ള ലോകത്തെക്കാള്‍ സഭയും കൂട്ടായ്മയും തീരെ ചെറുതായിരിക്കുന്നതുപോലെ.

പുറത്തെ പ്രാകാരത്തിന്റെ അങ്ങേത്തലയ്ക്കല്‍ 45 അടി നീളം 15 അടി വീതിയുള്ള ഒരു കൂടാരം കാണാം. അതിനു രണ്ടു ഭാഗങ്ങള്‍ ഉണ്ട്. 30 അടി നീളവും 15 അടി വീതിയുമുള്ള ആദ്യഭാഗത്തെ വിശുദ്ധസ്ഥലമെന്നും 15 അടി സമചതുരത്തിലുള്ള രണ്ടാം ഭാഗത്തെ അതിവിശുദ്ധസ്ഥലമെന്നും വേര്‍തിരിച്ചിരിക്കുന്നു. കൂടാരത്തിന്റെ ഉയരവും 15 അടിയായിരുന്നു. അങ്ങനെ വരുമ്പോള്‍ അതിവിശുദ്ധസ്ഥലം നീളവും വീതിയും ഉയരവും 15 അടി വീതമുള്ള ഒരു സമചതുരക്കട്ട സമാനമായ ഒരു മുറിയായിരുന്നു.

വെളിപ്പാട് പുസ്തകം 21:16-ല്‍ ക്രിസ്തുവിന്റെ മണവാട്ടിയായ സ്വര്‍ഗ്ഗീയ യെരുശലേമും ഒരു സമചതുരക്കട്ടയാണെന്നു നമുക്കു കാണുവാന്‍ കഴിയും. 1500 മൈല്‍ നീളവും 1500 മൈല്‍ വീതിയും 1500 മൈല്‍ ഉയരവുമുള്ള ഒരു സമചതരുക്കട്ട. ഇതു സൂചിപ്പിക്കുന്നത് ഒരു വ്യക്തിയുടെ ആന്തരിക ജീവിതവും ബാഹ്യജീവിതവും സമാസമമല്ലെങ്കില്‍, അവനു ദൈവസാന്നിധ്യത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്നതാണ്. ബാഹ്യമായി ആത്മീയതയുടെ വേഷം മാത്രമുള്ള, മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി മാത്രം കാപട്യം കാണിക്കുന്നവരെ ദൈവം വെറുക്കുന്നു.

സമാഗമന കൂടാരത്തിനു ചുറ്റുമായിട്ടാണ് യിസ്രായേല്‍ പാളയമടിച്ചിരുന്നത്. ഓരോ ഗോത്രത്തിനും പ്രത്യേക സ്ഥാനം നിര്‍ണ്ണയിച്ചിരുന്നു. ലേവിയുടെ മക്കളായ മെരാരി, ഗെര്‍ശോം, കെഹാത്ത് എന്നിവരായിരുന്നു കൂടാരത്തിന്റെ കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നത്. അവരുടെ കൂടാരങ്ങളായിരുന്നു സമാഗമന കൂടാരത്തോട് ഏറ്റവും ചേര്‍ന്നു നിന്നിരുന്നത്. യിസ്രായേല്‍ ഗോത്രങ്ങളുടെ കണക്കില്‍ നിന്നും ലേവി ഗോത്രത്തെ മാറ്റിനിര്‍ത്തിയപ്പോള്‍ ജോസഫ് ഗോത്രത്തെ രണ്ടായി തിരിച്ച് എഫ്രയീം ഗോത്രമെന്നും മനശ്ശെ ഗോത്രമെന്നും കണക്കില്‍പ്പെടുത്തി. അങ്ങനെ യിസ്രായേല്‍ ഗോത്രങ്ങളുടെ എണ്ണം വീണ്ടും പന്ത്രണ്ടായി തുടര്‍ന്നു. അങ്ങനെ അത് എന്നും 12 തന്നെ ആയിരുന്നു.

സമാഗമന കൂടാരത്തിന്റെ പുറം പ്രാകാരത്തിന്റെ വിശദാംശങ്ങള്‍ 27:9-19 വാക്യങ്ങളില്‍ നമുക്കു വായിക്കാം. ക്രിസ്തുവിന്റെ നീതിയെ സൂചിപ്പിക്കുന്ന വെള്ളത്തുണികൊണ്ട് അതിന്റെ നാലുപുറവും മറച്ചിരുന്നു. അതു നമ്മെ പഠിപ്പിക്കുന്നത് സഭാമക്കളെ പുറംലോകത്തില്‍ നിന്നും വേര്‍തിരിക്കുന്നതു മാനുഷിക നീതിയുടെ ഉന്നത നിലവാരത്താലല്ല എന്നതാണ്. ക്രിസ്തുവിന്റെ നീതിവസ്ത്രം ധരിച്ചിരിക്കുന്നതുകൊണ്ടാണ് അകത്തുള്ളവര്‍ വേര്‍പെട്ടവരാകുന്നത്. വെള്ളത്തുണി സഭയുടെ ലാളിത്യത്തിന്റെയുംകൂടി സൂചനയാണ്. അതേസമയം ബാബിലോണ്‍ എന്ന മഹാവേശ്യയുടെ മുഖമുദ്ര വെളിപ്പാടു പുസ്തകത്തില്‍ ധൂമ്രവസ്ത്രവും ആഡംബരവുമായി ചിത്രീകരിച്ചിരിക്കുന്നു. അതേസ്ഥാനത്തു ക്രിസ്തുവിന്റെ കാന്തയെ ലാളിത്യത്തിന്റെ പര്യായമായി പറഞ്ഞിരിക്കുന്നു (വെളിപ്പാട് 17:4, 19:8 വാക്യങ്ങള്‍ താരതമ്യം ചെയ്യുക).

സമാഗമന കൂടാരത്തിന് ഒരേ ഒരു പ്രവേശന കവാടം മാത്രമായിരുന്നു ഉണ്ടായിരുന്നത്- കിഴക്കു ഭാഗത്ത് 30 അടി വീതിയിലുള്ള ഒരു മറശ്ശീല. ആര്‍ക്കും പ്രവേശനം അതിലൂടെ മാത്രമായിരുന്നു. ഇതു കാണിക്കുന്നത് പിതാവിങ്കലേക്കുള്ള പ്രവേശനം ക്രിസ്തുവിലൂടെ മാത്രമാണെന്നാണ്. കിഴക്കുദിക്കുന്ന സൂര്യനോടു പിന്‍തിരിഞ്ഞാണ് കൂടാരത്തില്‍ പ്രവേശിക്കേണ്ടിയിരുന്നത്. ഇത് അക്കാലത്ത് ഈജിപ്തിലും ഇതര ജനവിഭാഗങ്ങളിലും പ്രചാരത്തിലിരുന്ന സൂര്യാരാധനയെ തിരസ്‌കരിക്കുന്നതിന്റെ സൂചന കൂടിയാണ്. നിര്‍ഭാഗ്യവശാല്‍ ക്രൈസ്തവരുടെ ഇടയില്‍ ഇന്നും കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ത്ഥിക്കുന്നതു നിഷ്‌കര്‍ഷിക്കുന്ന വിഭാഗങ്ങളുണ്ട്. അവരുടെ ഈസ്റ്റര്‍ ആരാധനയും മറ്റും സൂര്യോദയത്തിങ്കലാണ്. ഈജിപ്തുകാരുടെ സൂര്യദേവനെ ആരാധിക്കുന്നതിലേക്കു പിശാച് സമര്‍ത്ഥമായി അവരെ തിരിച്ചുകൊണ്ടു വന്നിരിക്കുന്നു!

പുറത്തെ പ്രാകാരത്തില്‍ രണ്ടു കാര്യങ്ങളുണ്ട്- യാഗപീഠവും താമ്രത്തൊട്ടിയും. സമാഗമന കൂടാരത്തില്‍ വിശുദ്ധമന്ദിരത്തിലേക്കുള്ള പ്രവേശനത്തിങ്കല്‍ ഒരു മറശ്ശീല ഉണ്ടായിരുന്നു. വിശുദ്ധമന്ദിരത്തിനും അതിവിശുദ്ധ സ്ഥലത്തിനും ഇടയില്‍ തടിച്ച ഒരു മറശ്ശീലയുണ്ട് (”തിരശ്ശീല” എബ്രാ. 10:19). യേശു ക്രൂശില്‍ മരിച്ചപ്പോള്‍ മേല്‍തൊട്ട് അടിയോളം ചീന്തിയ യെരുശലേം ദൈവാലയത്തിലെ പ്രതിരൂപാത്മക തിരശ്ശീല ഇതുതന്നെ. പിതാവുമായുള്ള കൂട്ടായ്മയ്ക്കുള്ള വഴി എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടു എന്നതിന്റെ സൂചനയായിരുന്നു അത്.

എല്ലാ യിസ്രായേല്യര്‍ക്കും പുറത്തെ പ്രാകാരത്തില്‍ പ്രവേശനമുണ്ടായിരുന്നു. എന്നാല്‍ വിശുദ്ധ മന്ദിരത്തിലേക്കു പുരോഹിതന്മാര്‍ക്കു മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. വിശുദ്ധ സ്ഥലത്ത് ധുപ പീഠവും കാഴ്ചയപ്പത്തിന്റെ മേശയും നിലവിളക്കും വച്ചിരുന്നു.

അതിവിശുദ്ധ സ്ഥലത്തേക്ക് മഹാപുരോഹിതനു മാത്രമേ പ്രവേശനമുണ്ടായിരു ന്നുള്ളു- അതും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം. പാപപരിഹാര ദിനത്തില്‍ പാപയാഗത്തിന്റെ രക്തവുമായി. അവിടെ സാക്ഷ്യപെട്ടകം വച്ചിരുന്നു. അതിനു മൂടിയായി കൃപാസനവും. അവിടെ ദൈവതേജസ്സ് കാണത്തക്കവണ്ണം പ്രത്യക്ഷമായിരുന്നു.


കൂടാരവും പലകകളും

26-ാം അധ്യായം 1-27 വാക്യങ്ങളില്‍ സമാഗമന കൂടാരത്തിന്റെ വിശദാംശങ്ങള്‍ നാം വായിക്കുന്നു. അതു പണിതിരുന്നത് അവിടെ സുലഭമായിരുന്ന വില കുറഞ്ഞ ഖദിരമരത്തിന്റെ പലകകളില്‍ പൊന്നു പൊതിഞ്ഞായിരുന്നു. ഇതു സൂചിപ്പിക്കുന്നത് ഒരേസമയം യേശു ദൈവവും (പൊന്ന്) മനുഷ്യനും (മരം) ആയിരുന്നു എന്നതാണ്. അതുപോലെ തന്നെ ദിവ്യസ്വഭാവത്തില്‍ കൂട്ടാളികളായിത്തീര്‍ന്ന മനുഷ്യരായ ഇന്നത്തെ വിശ്വാസികളുടെയും ചിത്രമാണിത് (2 പത്രൊ. 1:4).

ഓരോ പലകയ്ക്കും മരുഭൂമിയിലെ മണലില്‍ നേരെ നില്ക്കുവാനായി രണ്ടു വെള്ളിക്കാലുകള്‍ വീതമുണ്ട്. ഈ കാലുകള്‍ (ചുവടുകള്‍) നമ്മെ ഈ ലോകമാകുന്ന മരുഭൂമിയില്‍ സുരക്ഷിതമായി ഉറപ്പിച്ചു നിര്‍ത്തുന്ന ക്രിസ്തുവിന്റെ വീണ്ടെടുപ്പിന്റെ ചിത്രമാണ്. പഴയ നിയമത്തിലെങ്ങും വെളളി വീണ്ടെടുപ്പിന്റെ ചിത്രമാണല്ലോ (പുറ. 38:25,27;30:16). യൂദാ ഇസ്‌കര്യോത്താവ് കര്‍ത്താവിനെ ഒറ്റിക്കൊടുത്തതും 30 വെള്ളിക്കാണ്. രണ്ടു ചുവടുകള്‍ വിശ്വാസത്തെയും അനുസരണത്തെയും സൂചിപ്പിക്കുന്നു. അത് ഓരോ വിശ്വാസിയിലും ഉണ്ടായിരിക്കേണ്ടതാണ്- ഈ ലോകമാകുന്ന മരുഭൂമിയിലെ നിലനില്പിന്. അനുസരണം കൂടാതെ വിശ്വാസത്തിനു മാത്രം പ്രാധാന്യം നല്‍കുന്നവര്‍ ഒറ്റക്കാലുള്ള പലകകളെപ്പോലെ ആയിരിക്കും. അതുപോലെ തന്നെ വിശ്വാസം കൂടാതെയുള്ള നിയമാനുസൃത അനുസരണത്തിന് ഊന്നല്‍ നല്‍കുന്നവരും ഒറ്റക്കാലുള്ള പലകകള്‍ പോലെയാണ്. നേരെ നില്ക്കാന്‍ കഴിയില്ല.

ഈ മരപ്പലകകള്‍ ഇടയ്ക്കു വിടവു വരാതെവണ്ണം ചേര്‍ത്താണു വയ്ക്കുന്നത്. ക്രിസ്തുശരീരത്തിലെ അവയവങ്ങള്‍ തമ്മിലുണ്ടായിരിക്കേണ്ട കൂട്ടായ്മയെ ഇതു കാണിക്കുന്നു. ഓരോ പലകയിലും നാലു വളയങ്ങള്‍ വീതം ഉണ്ടായിരുന്നു. ഈ വളയങ്ങളിലൂടെയായിരുന്നു അന്താഴങ്ങള്‍ കടത്തി ഉറപ്പിച്ചിരുന്നത്. പലകകള്‍ പരസ്പരം ചേര്‍ന്നു നില്‍ക്കുവാന്‍ വേണ്ടിയായിരുന്നു ഇത്. അഞ്ചാമത് ഒരു അന്താഴം ഒരു വശത്തുള്ള പലകകളുടെ ഒത്ത നടുവിലൂടെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ എത്തുംവിധമായിരുന്നു ചെലുത്തിയിരുന്നത്. ഈ അഞ്ച് അന്താഴങ്ങളും പലകകളെ പരസ്പരം അകലാതെയും വീഴാതെയും നേരെ ഉറച്ചു നില്ക്കുവാന്‍ സഹായിച്ചു. ഇതു സൂചിപ്പിക്കുന്നതു വിശ്വാസവും അനുസരണവും കൂടാതെ കൂട്ടായ്മയും കൂടി ഉണ്ടെങ്കിലേ ക്രിസ്തുശരീരത്തില്‍ സ്ഥിരതയുള്ള വിശ്വാസികളായി നമുക്കു നില്‍ക്കാന്‍ കഴിയൂ എന്നതാണ്.

കൂടാരത്തിന്റെ മൂടികള്‍

സമാഗമന കൂടാരത്തിനു നാലു മൂടുവിരികള്‍ ഉണ്ടായിരുന്നു. ഇവ ഒന്നിനുമേല്‍ ഒന്നായിട്ടായിരുന്നു നിവര്‍ത്തി വിരിച്ചിരുന്നത്. ഇവയില്‍ ഏറ്റവും ഉള്‍ഭാഗത്തെ മൂടുവിരി മനോഹരമായ ചിത്രത്തയ്യലുകളോടു കൂടിയുള്ള തുണികൊണ്ടുള്ളതായിരുന്നു. ക്രിസ്തുവിന്റെ നീതിയുടെ മനോഹാരിതയെയാണ് അതു സൂചിപ്പിക്കുന്നത്. അതിനു മീതെ നിവര്‍ത്തിയിരുന്ന മൂടി ആട്ടിന്‍ തോലുകൊണ്ടുള്ളതായിരുന്നു. അതു സൂചിപ്പിക്കുന്നതു നമ്മുടെ പാപങ്ങളെ ചുമന്നൊഴിച്ച കോലാട്ടു കൊറ്റന്‍ കൂടിയായ ക്രിസ്തുവിനെയാണ്. അതിനു മീതെ നിവര്‍ത്തുന്ന മൂടുവിരി ചുവപ്പിച്ച ആട്ടുകൊറ്റന്‍ തോല്‍കൊണ്ടുള്ളതാണ്. ഇതു നമുക്കു പകരമായി നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി യാഗമായിത്തീര്‍ന്ന ക്രിസ്തുവിന്റെ ചിത്രമാണ്. ഏറ്റവും പുറമേയുള്ള മൂടി തഹശുതോല്‍ കൊണ്ടുള്ളതാണ്. അത് അത്ര ആകര്‍ഷണീയമൊന്നുമല്ലാത്ത ഒരുതരം തവിട്ടു നിറമുള്ളതും എപ്പോഴും മരുഭൂമിയിലെ മണ്ണും പൊടിയും ഒക്കെ പിടിച്ച് ഇരിക്കുന്നതും ആകുന്നു.

ഏറ്റവും മനോഹരമായ മൂടുവിരി ഏറ്റവും ഉള്ളിലുള്ളതാണ്. അത് ഉള്ളില്‍ നിന്നു മാത്രമേ കാണാന്‍ കഴിയൂ. ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയുടെ മനോഹാരിത അവന്റെ പുറമേയല്ല, ഉള്ളിലാണ്. സങ്കീര്‍ത്തനം 45:13-ല്‍ ”അന്തപ്പുരത്തിലെ രാജകുമാരി ശോഭാപരിപൂര്‍ണ്ണയാകുന്നു.” എന്നു പറഞ്ഞിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മറ്റുള്ളവര്‍ പുറമെ കാണുന്നതിനെക്കാള്‍ അധികം ത്യാഗം ഒരു ക്രിസ്ത്യാനിയുടെ അന്തര്‍ഭാഗത്ത് ഉണ്ട്. ലോകത്തില്‍ കാര്യങ്ങള്‍ നേരെ മറിച്ചാണ്. പുറമെ വളരെ സൗന്ദര്യം അകമെ ചീഞ്ഞുനാറുന്ന അവസ്ഥയുമാണ്. പുറമെ മഹത്വം കാണിക്കാന്‍ ശ്രമിക്കുന്ന കൂടാരങ്ങള്‍ ദൈവത്തിന്റേതായിരിക്കില്ല; ബാബിലോണ്യ കൂടാരങ്ങള്‍ ആയിരിക്കും.

ഏറ്റവും പുറമെയുള്ള തഹശുതോല്‍ മൂടി ക്രിസ്തുവിന്റെ നിന്ദയെ സൂചിപ്പിക്കുന്നു. പുറമെ ക്രിസ്തുസഭയും തെറ്റിദ്ധാരണയും അപമാനവും എല്ലായ്‌പ്പോഴും സഹിക്കേണ്ടതായിട്ടുണ്ട്. യേശുക്രിസ്തു എല്ലായ്‌പ്പോഴും ലോകത്തില്‍ നിന്നും നിന്ദയും തിരസ്‌കാരവും സഹിച്ചിരുന്നു. ദൈവഭക്തി ആഗ്രഹിച്ചിരുന്നവര്‍ മാത്രം അവിടുത്തെ അടുക്കല്‍ വന്നിരുന്നു. സഭയെ സംബന്ധിച്ചും അതങ്ങനെ തന്നെ ആയിരിക്കേണ്ടതുണ്ട്. ആളുകള്‍ നമ്മുടെ സഭയിലേക്കു വരേണ്ടത് അതിന്റെ ബാഹ്യമായ ആകര്‍ഷണങ്ങളോ മോടിയോ സംഗീതമോ കണ്ടിട്ടാകരുത്. നമ്മുടെ ദൈവഭക്തിയും ആത്മീയതയും കണ്ട് നമ്മോടു കൂട്ടായ്മ ആഗ്രഹിക്കുന്നവര്‍ മാത്രമായി വരട്ടെ. യേശുക്രിസ്തുവിനുള്ളവര്‍ ലോകമാകുന്ന പാളയം വിട്ട് അവന്റെ അടുക്കലേക്ക് തിരശ്ശീലക്കുള്ളില്‍ അവനോടുള്ള കൂട്ടായ്മയിലേക്ക് (എബ്രാ. 13:13; 10:19,20) വരും. ക്രിസ്ത്യാനികളില്‍ ഭൂരിഭാഗവും ഇന്നു ജീവിക്കുന്നതു ലോകമാകുന്ന പാളയത്തിനുള്ളിലാണ്; തിരശ്ശീലയ്ക്കു വെളിയില്‍. ‘പാളയത്തിനു പുറത്തു പോവുക’ എന്നാല്‍ ലോകത്താല്‍ തിരസ്‌കരിക്കപ്പെടുക എന്നാണ്. യേശുവിനെ ‘ഭൂതങ്ങളുടെ തലവന്‍’ എന്നു വിളിച്ചു എങ്കില്‍ അവിടുത്തെ അനുയായികളെ എത്രയധികം മോശമായ പദങ്ങളുപയോഗിച്ചാ യിരിക്കും സംബോധന ചെയ്യുക (മത്താ. 10:25)! അനേകം വിശ്വാസികളും ലോകത്തില്‍ അംഗീകരിക്കപ്പെട്ടവരാകുന്നതിന്റെ കാരണം ക്രിസ്തുസ്വഭാവത്തിനു വിരുദ്ധമായി അവര്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നവരും ഒത്തുതീര്‍പ്പുകാരും നയതന്ത്രജ്ഞരുമായതു കൊണ്ടാണ്.

ചെറുപ്പകാലത്ത് എനിക്കു ചില പ്രസംഗകരോട് അവരുടെ മനോഹരമായ പ്രസംഗരീതി മൂലം ആകര്‍ഷണവും അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അവരോട് അടുത്തപ്പോള്‍ അവര്‍ നിഗളികളും ഉന്നത ഭാവമുള്ളവരുമാണെന്ന് കണ്ടെത്തി. അധികം പേരും ക്ഷിപ്രകോപികളുമാണെന്നു മനസ്സിലായി. അവരുടെ മക്കള്‍ ദൈവഭയമില്ലാത്തവരും അവര്‍ സഹപ്രവര്‍ത്തകരെ ഭരിക്കുന്നവരുമാണെന്നു കണ്ടെത്തി. അകമെ യാതൊരു മഹത്വവും ഇല്ലാത്തവരാണെന്നും അറിഞ്ഞു. മഹത്വം മുഴുവനും പുറമെയായിരുന്നു. അത് ഒരു ബാബിലോണിയന്‍ പ്രസംഗകന്റെ തികഞ്ഞ ലക്ഷണമായിരുന്നു. ദൈവത്തിന്റെ സത്യകൂടാരം ഇതിനു വിരുദ്ധമായ ഒന്നാണ്. പുറമെയുള്ളതിനെക്കാള്‍ എത്രയോ മടങ്ങ് തേജസ്സാണ് അകമെ!

താമ്ര യാഗപീഠം

പ്രാകാരത്തില്‍ കാണുന്ന ഒന്നാമത്തെ ഉപകരണം യാഗങ്ങള്‍ നടത്തുവാനുള്ള യാഗപീഠമാണ്. അതു തറയില്‍ വച്ചിരിക്കുന്നതും അകം പൊള്ളയായിരിക്കുന്നതുമായ താമ്രം കൊണ്ടുള്ള പെട്ടിപോലെ ഒരു ഉപകരണമാണ്. എന്നാല്‍ യാഗവസ്തു യാഗപീഠത്തിനുള്ളിലെ മണ്‍തറയില്‍ത്തന്നെ വയ്ക്കണം. കാരണം ദൈവം കല്പിച്ചിരിക്കുന്നത് തന്റെ യാഗപീഠം മണ്ണുകൊണ്ടുള്ളതായിരിക്കണമെന്നാണ് (എന്നുവച്ചാല്‍ അതു മനുഷ്യനിര്‍മ്മിതമായ ഒന്നുമായിരിക്കരുത്, ദൈവനിര്‍മ്മിതമായ ഒന്നായിരിക്കണം). ദൈവം തന്നെ പണിത തന്റെ യാഗപീഠമായ കാല്‍വറി ക്രൂശിന്റെ സൂചനയാണത് (പുറ. 20:24,25).

യാഗപീഠത്തിനു മുകളിലേക്കു കയറുവാന്‍ പടികള്‍ ഉണ്ടായിരുന്നില്ല. ചരിഞ്ഞ ഒരു തട്ടു മാത്രമേ ഉണ്ടായിരുന്നുള്ളു (പുറ. 20:26). ഇതു സൂചിപ്പിക്കുന്നതു രക്ഷയ്ക്കായി ഇടയ്ക്കു പടികള്‍ ഒന്നും ഇല്ല എന്നാണ്. അതായത് മദ്ധ്യസ്ഥരോ മറ്റു സഹായങ്ങളോ ക്രൂശിതനായ ക്രിസ്തുവിലേക്ക് എത്തുവാന്‍ ഇല്ല എന്നു തന്നെ. നിങ്ങള്‍ നേരിട്ടു തന്നെ ചെല്ലേണ്ടതുണ്ട്.

യാഗപീഠം തടികൊണ്ട് ഉണ്ടാക്കി താമ്രം പൊതിഞ്ഞതായിരുന്നു. താമ്രം ന്യായവിധിയെ കാണിക്കുന്നു. യാഗപീഠത്തിലെ തീയാല്‍ താമ്രം ചുട്ടു പഴുക്കുമ്പോള്‍ ഉള്ളിലുള്ള തടിയുടെ കരിവ് പുറത്തേക്ക് ദൃശ്യമാകാതെ പോകുന്നു. ഇത് ആര്‍ക്കും ബാഹ്യനേത്രങ്ങള്‍ കൊണ്ടു കാണുവാന്‍ കഴിയാത്ത ക്രിസ്തുവിന്റെ കഷ്ടങ്ങളുടെ പ്രതീകമാണ് (1 പത്രൊ. 4:1). അനേകം ക്രിസ്ത്യാനികളും ക്രിസ്തുവിന്റെ ക്രൂശിലെ ബാഹ്യമായ കഷ്ടങ്ങള്‍ മാത്രമേ കണ്ടിട്ടുള്ളു. ഈ ഭൂമിയിലെ ജീവകാലത്ത് അവിടുന്നു സഹിച്ച കഷ്ടങ്ങള്‍ ഒന്നും അവര്‍ കണ്ടിട്ടില്ല – അവിടുന്ന് അഭിമുഖീകരിച്ച പരീക്ഷകളെയും ഇതര സാഹചര്യങ്ങളെയും (എബ്രാ. 4:15).

നാം ദൈവത്തോടടുത്തു ചെല്ലുമ്പോള്‍ ക്രിസ്തു കടന്നുപോയ ആന്തരിക കഷ്ടങ്ങളെക്കുറിച്ചു നാം ബോധവാന്മാരാകും. ഉദാഹരണമായി അവന്‍ ഒരു ചെറിയ കുട്ടിയായിരിക്കുമ്പോള്‍ ആളുകള്‍ അവനെ ചൂണ്ടി ഇങ്ങനെ പറയുമായിരുന്നു: ”ഇതാ മറിയയുടെ മകന്‍. ഇവന്റെ പിതാവാരെന്നു നമുക്കറിയില്ല.” ഇതുപോലെ ആന്തരിക സംഘര്‍ഷത്തിലൂടെ അവനെ നയിക്കുന്ന നിരവധി കാര്യങ്ങള്‍ തന്റെ ജീവിത കാലത്തുണ്ടായിരുന്നു. എല്ലാറ്റിലും വലുത് പിതാവുമായി തനിക്കുണ്ടായിരുന്ന നിരന്തരമായ കൂട്ടായ്മാ ബന്ധം ക്രൂശില്‍ മുറിഞ്ഞുപോയതാണ്. മുള്‍ക്കിരീടത്തെക്കാളും കൈകാലുകളില്‍ കയറിയ ആണിയെക്കാളും വലുത് ആ കഷ്ടമായിരുന്നു. അതിന്റെ വേദനയായിരുന്നു. ‘പിതാവുമായി കൂട്ടായ്മാ ബന്ധം മുറിയുന്നതിന്റെ വേദന’ നമുക്കു മനസ്സിലാവില്ല. കാരണം പിതാവിനോടുള്ള കൂട്ടായ്മ മുറിയുന്നതു നമ്മെ സംബന്ധിച്ച് ഒരു ശീലമാണ്.

ഈ ഉദാഹരണം ശ്രദ്ധിക്കുക: ഒരു ചേരിയില്‍ താമസിക്കുന്ന ആളുകള്‍ക്ക് യഥാര്‍ത്ഥ ശുചിത്വത്തിന്റെ അവസ്ഥ എന്താണെന്നറിയില്ല. എന്നാല്‍ ജീവിതത്തിലൊരിക്കലും ഒരു പല്ലിയെയോ പാറ്റയെയോ കണ്ടിട്ടില്ലാത്തവര്‍ ഇത്തരം വീടുകളില്‍ വന്ന് നിറയെ ക്ഷുദ്രജീവികളെ കാണുമ്പോള്‍ അവര്‍ക്ക് അറപ്പുണ്ടാകും. യേശുവിനെ സംബന്ധിച്ച് അത് അങ്ങനെ തന്നെ ആയിരുന്നു. നിത്യതയില്‍ മുഴുവന്‍ അവിടുന്നു പിതാവുമായുള്ള സമ്പൂര്‍ണ്ണമായ കൂട്ടായ്മയിലായിരുന്നു. എന്നാല്‍ താന്‍ പാപമാക്കപ്പെടുകയും ക്രൂശില്‍ ആ കൂട്ടായ്മ നഷ്ടപ്പെടുകയും ചെയ്യുന്നതിന്റെ ദര്‍ശനം താന്‍ ഗെത്‌സെമനയില്‍ വച്ചു കണ്ടു. ശാരീരികമായ കഷ്ടങ്ങളെ സംബന്ധിച്ചു തനിക്കു ലേശവും ഭയമുണ്ടായിരുന്നില്ല. ഒരു നൂറു ക്രൂശീകരണം വേണമെങ്കിലും അവിടുന്നു മനസ്സോടെ സഹിക്കുമായിരുന്നു. എങ്കിലും അവിടുന്നു പിതാവിനോടു ചോദിച്ചു ”ഞാന്‍ ഈ പാനപാത്രം കുടിക്കണമോ?” – അത് ഒരിക്കലും ശാരീരിക ദണ്ഡനത്തെ ഉദ്ദേശിച്ചായിരുന്നില്ല. അതു ക്രൂശില്‍ തനിക്കു നഷ്ടമാകുവാന്‍ പോകുന്ന പിതാവുമായുള്ള കൂട്ടായ്മ ബന്ധത്തെക്കുറിച്ചായിരുന്നു. അത് എന്തു വില കൊടുത്തും ഒഴിവാക്കുവാന്‍ അവിടുന്നാഗ്രഹിച്ചു. അവന്‍ വീണ്ടും വീണ്ടും പ്രാര്‍ത്ഥിച്ചു. പിതാവു പറഞ്ഞു: ”ഒഴിവാക്കാന്‍ വഴിയൊന്നുമില്ല.” അപ്പോള്‍ നമ്മുടെ കര്‍ത്താവു പറഞ്ഞു: ”ശരി, പിതാവേ, വീഴ്ച സംഭവിച്ച മനുഷ്യനു വേണ്ടി ഞാന്‍ അതു സഹിക്കാം.” അവിടെ ഗെത്‌സെമനയില്‍ യേശുകര്‍ത്താവിനു നമ്മോടുള്ള സ്‌നേഹത്തെ നാം കണ്ടെത്തുന്നു.

ഈ യാഗപീഠത്തിനു നാലു കൊമ്പുകള്‍ ഉണ്ടായിരുന്നു. അവയിലായിരുന്നു അറുക്കുന്നതിനു മുമ്പ് യാഗമൃഗങ്ങളെ കെട്ടിയിരുന്നത്. സങ്കീര്‍ത്തനം 118:27-ല്‍ പറയുന്നു: ”യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവീന്‍.” അതു യേശുവിന്റെ ക്രൂശിലേക്കു പോകുവാനുള്ള സ്ഥിര നിര്‍ണ്ണയത്തെ കാണിക്കുന്നു. ലൂക്കൊസ് 9:51-ല്‍ ”അവന്‍ യെരുശലേമിലേക്കു യാത്രയാകുവാന്‍ മനസ്സുറപ്പിച്ചു” എന്നു പറയുന്നു. ഒന്നിനും അവനെ പിന്‍തിരിപ്പിക്കുവാന്‍ കഴിയില്ലായിരുന്നു. യേശുവിനെ അനുഗമിക്കുന്നവരും ആ വഴിതന്നെ തിരഞ്ഞെടുക്കേണ്ടതാണ്.

താമ്രത്തൊട്ടി

കൂടാരത്തിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന വൃത്താകൃതിയിലുള്ള ഒരു വലിയ പാത്രമായിരുന്നു ഇത്. അതില്‍ വെള്ളം നിറച്ചു വച്ചിരുന്നു. യിസ്രായേല്യ സ്ത്രീകളുടെ മിനുക്കിയെടുത്ത ഓടു കൊണ്ടുള്ള കണ്ണാടികള്‍ കൊണ്ടായിരുന്നു ഈ തൊട്ടിയും അതിന്റെ കാലും പണിതിരുന്നത് (പുറ. 38:8). അത് ഒന്നാമതായി ദൈവത്തിന്റെ വചനത്തെയാണ് കാണിക്കുന്നത്. ദൈവത്തിന്റെ വചനം ഒരു കണ്ണാടി പോലെയാണെന്ന് യാക്കോബ് 1:23-25-ല്‍ പറയുന്നു. പുരോഹിതന്മാര്‍ തൊട്ടിയുടെ മുമ്പില്‍ വരുമ്പോള്‍ അവര്‍ക്കു തങ്ങളുടെ മുഖവും മുഖത്തെ അഴുക്കുകളും കാണുവാന്‍ കഴിയുമായിരുന്നു. അങ്ങനെ കര്‍ത്തൃ ശുശ്രൂഷയ്ക്കു പ്രവേശിക്കും മുമ്പെ തങ്ങളെ കഴുകി വൃത്തിയാക്കുവാന്‍ സാധ്യമായിരുന്നു. ക്രിസ്തുവും നമ്മെ ദൈവത്തിന്റെ വചനത്താല്‍ കഴുകുന്നു (നാം അതു കേള്‍ക്കുകയും അനുസരിക്കു കയും ചെയ്യുമ്പോള്‍). നമുക്കു തന്നെ വിശുദ്ധിയില്‍ ശുശ്രൂഷിക്കുവാന്‍ സാധ്യമായി ത്തീരേണ്ടതിനാണത് (എഫെ. 5:26).

താമ്രത്തൊട്ടി ജലസ്‌നാനത്തെയും പ്രതിനിധാനം ചെയ്യുന്നു.

ദൈവം നമ്മെ ഒന്നാമതു ജലത്താലും തുടര്‍ന്നു പരിശുദ്ധാത്മാവാകുന്ന അഗ്നിയാലും കഴുകുന്നു. സംഖ്യാ 31:22,23-ല്‍ സ്വര്‍ണ്ണം, വെള്ളി പോലെയുള്ള വസ്തുക്കള്‍ തീയിലും വെള്ളത്തിലും ശുദ്ധീകരിക്കുമ്പോലെ. പുറത്തെ പ്രാകാരത്തിലെ വചനത്താലുള്ള ബാഹ്യ പാപങ്ങളുടെ കഴുകല്‍ ജനത്തിന്റെ മുമ്പാകെ നമുക്ക് ഒരു നല്ല സാക്ഷ്യം നല്‍കുന്നു. എന്നാല്‍ അകത്ത് ദൈവത്തിന്റെ അഗ്നി ജ്വലിച്ച് നമ്മെ ശുദ്ധീകരിക്കുന്നതിലേക്കു നാം ലക്ഷ്യം വച്ചു മുന്നേറുന്നില്ല എങ്കില്‍ അതിവിശുദ്ധസ്ഥലത്തു നാം പ്രവേശിക്കുകയോ നാം ആത്മീയരായിത്തീരുകയോ ചെയ്യുന്നില്ല. നാം എന്നും ഒരു മതഭക്തന്റെ നിലവാരത്തിലായിരിക്കും.

കാഴ്ചയപ്പത്തിന്റെ മേശ

കൂടാരത്തിനുള്ളില്‍ വിശുദ്ധസ്ഥലത്ത് മൂന്ന് ഉപകരണങ്ങളുണ്ടായിരുന്നു. വടക്കുവശത്ത് കാഴ്ചയപ്പത്തിന്റെ മേശയും തെക്കുവശത്ത് നിലവിളക്കും പടിഞ്ഞാറ് ധൂപപീഠവും വച്ചിരുന്നു.

പൊന്നുകൊണ്ടുള്ള മേശയില്‍ യിസ്രായേല്‍ മക്കളുടെ ഗോത്ര സംഖ്യയെ സൂചിപ്പിക്കുന്ന 12 അപ്പം അടുക്കി വച്ചിരുന്നു. ഇതു ജീവന്റെ അപ്പമായ യേശുവിനെ കാണിക്കുന്നു. അതില്‍ ആശ്രയിച്ചാണു നാം ജീവിക്കേണ്ടത് (മത്താ. 4:4). പഴയ നിയമത്തില്‍ അതു വെവ്വേറെയായി 12 അപ്പമായിരുന്നു. കാരണം യിസ്രായേല്‍ ഗോത്രങ്ങള്‍ക്ക് ഒരിക്കലും ഒരു ശരീരമാകുവാന്‍ കഴിഞ്ഞിരുന്നില്ല. ഓരോ ഗോത്രവും അതിന്റേതായ തനിമയും പ്രത്യേകതയും സൂക്ഷിച്ചു. എന്നാല്‍ ഇന്ന് പുതിയ ഉടമ്പടിയില്‍ നമുക്ക് ഒരു അപ്പം മാത്രമേയുള്ളൂ. നാം തിരുവത്താഴ ശുശ്രൂഷയില്‍ ക്രിസ്തുശരീരത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരപ്പം മാത്രമാണു നുറുക്കുന്നത്- കാരണം എല്ലാവരും ഒരു ശരീരമാണ്. നാം വ്യത്യസ്ത ഭാഷകളും വര്‍ഗ്ഗങ്ങളും ഗോത്രങ്ങളും ജനതകളുമാണെങ്കില്‍ക്കൂടി.

പഴയനിയമ കാലത്തു പുരോഹിതന്മാര്‍ക്കു മാത്രമാണ് ഇതു ഭക്ഷിക്കുവാന്‍ അനുവാദം നല്‍കപ്പെട്ടിരുന്നത്. അവര്‍ അത് ഗോത്രങ്ങളെ പ്രതിനിധാനം ചെയ്തുകൊണ്ടു ഭക്ഷിച്ചിരുന്നു. എന്നാല്‍ ഇന്ന് ഓരോ വിശ്വാസിക്കും നേരിട്ട് അപ്പത്തിന്റെ പങ്കാളികളാകാം. കാരണം ഒരു മധ്യസ്ഥനിലൂടെയും അല്ലാതെ തന്നെ വിശ്വാസി നേരിട്ടു ക്രിസ്തുവുമായി ബന്ധപ്പെട്ടിരിക്കുന്നു.

നിലവിളക്ക്

നിലവിളക്ക് നമ്മുടെ ജീവിതസാക്ഷ്യത്തെയും പ്രാദേശിക സഭയെയും സൂചിപ്പിക്കുന്നു. അതു ലോകത്തിന്റെ വെളിച്ചമാകുന്ന ക്രിസ്തുവിന്റെയും ഇന്നു ലോകത്തിനു വെളിച്ചമായിരിക്കുന്ന നമ്മുടെയും ചിത്രമാണ് (മത്താ. 5:14). ഈ വിളക്ക് നിരന്തരമായി കത്തിക്കൊണ്ടിരിക്കുവാന്‍ തക്കവണ്ണം അവയ്ക്കു എണ്ണ പകരേണ്ടതു പുരോഹിതന്റെ കര്‍ത്തവ്യമാണ്. ഇതു സൂചിപ്പിക്കുന്നതു പരിശുദ്ധാത്മാവില്‍ നമ്മുടെ സാക്ഷ്യം നിരന്തരമായി നാം ഉയര്‍ത്തിപ്പിടിക്കണമെന്നതാണ്.

പഴയ നിയമ മാതൃകയില്‍ ഏഴു ശാഖകളോടു കൂടിയ ഒരു നിലവിളക്കു മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇതു സൂചിപ്പിക്കുന്നത് യിസ്രായേല്‍ പല ശാഖകളോടു കൂടിയ ഒരൊറ്റ സമുദായമായിരുന്നു എന്നതാണ്. പുതിയ ഉടമ്പടിയില്‍ ഓരോ സഭയും ഓരോ നിലവിളക്കാണ് (വെളിപ്പാട് പുസ്തകം) എന്നു നാം കാണുന്നു. ആ നിലവിളക്കുകളുടെ നടുവിലൂടെ നടക്കുന്ന സഭാനാഥനാകുന്ന കര്‍ത്താവിനെ നാം കാണുന്നു (വെളി. 1:20). ഇതു നമ്മെ പഠിപ്പിക്കുന്നതു ഓരോ പുതിയ നിയമ സഭയും നേരിട്ടു കര്‍ത്താവിന്റെ കീഴിലാണ്. പഴയ നിയമ മാതൃകയിലല്ല എന്നാണ്. എന്നാല്‍ ധാരാളം സഭകള്‍ ഇക്കാലത്തു വലിയ ഒരു സമുദായത്തിന്റെ ശാഖകളായി പ്രവര്‍ത്തിച്ചു വരുന്നു- വലിയ ഒരു നിലവിളക്കിന്റെ ശാഖകള്‍പോലെ.

നിലവിളക്കിലെ ഓരോ ദീപനാളവും സ്വന്ത നിലയില്‍ പ്രകാശിക്കേണ്ടതുണ്ട്. ഇത് പ്രാദേശിക സഭയിലെ ഓരോ വിശ്വാസിയെയും കാണിക്കുന്നു. സഭയിലെ ഏതെങ്കിലും ഒരംഗം പാപം ചെയ്താല്‍ ആ ദീപനാളം അണഞ്ഞതു പോലെയാണ്. അപ്പോള്‍ കാര്യങ്ങള്‍ ശരിയാക്കി എത്രയും വേഗം തന്നെ വിളക്കു കത്തിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ താന്‍ കാരണമായി കര്‍ത്താവിന്റെ സഭയുടെ സാക്ഷ്യം നഷ്ടപ്പെടാതിരിക്കുവാന്‍ തക്കവണ്ണം ആ വ്യക്തി സഭയില്‍ നിന്നും പുറത്തേക്കു പോകണം. കര്‍ത്താവു നല്‍കുന്ന മാതൃക അനുസരിച്ചു കൃത്യമായി നാം പോകുന്നുവെങ്കില്‍ തന്റെ തേജസ് നമ്മുടെ പ്രാദേശിക സഭയില്‍ നിറയുവാന്‍ ഇടയാകും.

ധൂപപീഠം

ധൂപപീഠം യേശുവിന്റെ നാമത്തിലുള്ള പ്രാര്‍ത്ഥനയെ കാണിക്കുന്നു (വെളി. 5:8). പ്രാര്‍ത്ഥന ദൈവത്തിലുള്ള നമ്മുടെ ആശ്രയത്വത്തിന്റെ പ്രകാശനം ആണ്. ധൂപപീഠത്തില്‍ നിന്നും പുക പൊങ്ങുന്നതുപോലെ യേശുവിന്റെ നാമത്തിലുള്ള പ്രാര്‍ത്ഥന നമ്മുടെ ഹൃദയത്തില്‍നിന്നും ദൈവത്തോട് എല്ലായ്‌പ്പോഴും ഉയരേണ്ടതായിട്ടുണ്ട് (പുറപ്പാട് 30:8; ലൂക്കൊ. 18:1). ഈ ധൂപക്കൂട്ട് പ്രത്യേക അനുപാതത്തില്‍ സുഗന്ധ ദ്രവ്യങ്ങള്‍ ചേര്‍ത്തു തനിക്കുവേണ്ടി ഉണ്ടാക്കണമെന്നും അതൊരിക്കലും പിന്നീട് യാതൊരു മനുഷ്യനു വേണ്ടിയും ആവര്‍ത്തിക്കാന്‍ പാടുള്ളതല്ല എന്നും മോശെയോടു ദൈവം വ്യക്തമായി കല്പിച്ചിരുന്നു (പുറ. 30:37). ഇതു രണ്ടു കാര്യങ്ങളുടെ ദൃഷ്ടാന്തമാണ്.

ഒന്നാമതായി നമുക്കൊരിക്കലും നമ്മുടെ യോഗ്യതയില്‍ നിന്നുകൊണ്ടു പ്രാര്‍ത്ഥിക്കാനാവില്ല. യേശുവിന്റെ നാമം നമുക്കു ദൈവസന്നിധിയിലേക്കു വരുവാനുള്ള ഒരു മന്ത്രമല്ല. നാം യേശുവിന്റെ യോഗ്യതയാല്‍ മാത്രമാണ് ദൈവസന്നിധിയില്‍ വരുന്നത്. നമുക്കു നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടുവാനുള്ള യോഗ്യതയും അവകാശവും ഉണ്ടെന്ന നിലയില്‍ നാം പ്രാര്‍ത്ഥിക്കുന്നെങ്കില്‍ അത്തരം പ്രാര്‍ത്ഥന യേശുവിന്റെ നാമത്തില്‍ അര്‍പ്പിക്കപ്പെടുന്നവയല്ല. യേശുവിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നതു നാം ക്രിസ്തുവില്‍ എന്തായിരിക്കുന്നുവോ അതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്. ഞാന്‍ മറ്റുള്ളവരേക്കാള്‍ യോഗ്യനാണെന്നു കരുതി പ്രാര്‍ത്ഥിക്കുന്നവര്‍ മറ്റുള്ളവരുടെ പ്രാര്‍ത്ഥനയ്ക്ക് മറുപടി ലഭിക്കുന്നതായിരിക്കാം കണ്ടെത്തുക, തങ്ങളുടേതിനല്ല. കാരണം മറ്റുള്ളവര്‍ തങ്ങളുടെ യോഗ്യതയിലായിരിക്കില്ല ദൈവസന്നിധിയില്‍ ചെന്നത്.

രണ്ടാമതായി നാം സ്വന്ത ഗുണത്തിനായല്ല പ്രാര്‍ത്ഥിക്കേണ്ടത് എന്നാണ് ഇതു സൂചിപ്പിക്കുന്നത്. നാം എന്തു ചെയ്താലും അതു ദൈവമഹത്വത്തിനായി ചെയ്യണമെന്നു (1 കൊരി. 10:31) പ്രബോധിപ്പിച്ചിരിക്കുന്നു. നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥന പോലും ദൈവമഹത്വത്തിനാകേണ്ടതുണ്ട്. അതുകൊണ്ടാണ് നീതിമാന്റെ പ്രാര്‍ത്ഥന ശക്തിയുള്ളതാകുന്നത്- കാരണം അവന്‍ എല്ലാറ്റിലും ദൈവനാമ മഹത്വം മാത്രം അന്വേഷിക്കുന്ന വ്യക്തിയാണ് (യാക്കോബ് 5:16).

തിരശ്ശീല- അതിവിശുദ്ധ സ്ഥലത്തേക്കുള്ള വഴി


പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധസ്ഥലം ഇവ ചേര്‍ന്ന സമാഗമനകൂടാരം ഒരു മനുഷ്യന്റെ ചിത്രമാണ്- ശരീരം, പ്രാണന്‍, ആത്മാവ് (1 തെസ്സ. 5:23).

നമ്മുടെ അത്മാവിനെയും പ്രാണനെയും വേര്‍പെടുത്തുന്ന ഒരു വാള്‍ പോലെയാണ് ദൈവവചനം (എബ്രാ. 4:12). നാം ദൈവവചനം വായിക്കുമ്പോള്‍ അത് ഒന്നാമത് നമ്മുടെ ദേഹിയില്‍ (ബുദ്ധി, വികാരങ്ങള്‍) പ്രവേശിക്കുന്നു. അതു നമ്മുടെ ബുദ്ധിയില്‍ ചിന്തയെ ജ്വലിപ്പിക്കുന്നു. വികാരങ്ങളെ ഉത്തേജിപ്പിക്കുന്നു. എന്നാല്‍ അത് അവിടം കൊണ്ട് അവസാനിക്കുകയും നമ്മുടെ ഇച്ഛയെ ദൈവത്തോടുള്ള അനുസരണത്തില്‍ കീഴ്‌പ്പെടുത്തുകയും ചെയ്യുന്നില്ലെങ്കില്‍ ആ വചനത്തിനു തിരശ്ശീലയിലൂടെ നമ്മുടെ ആത്മാവിലേക്കു പ്രവേശിക്കാന്‍ കഴിയില്ല – നമുക്ക് ആത്മീയമായി വളരുക സാധ്യമല്ല. തിരശ്ശീല നമ്മുടെ മാനുഷിക ഇച്ഛയാണ്. അതു ദൈവഹിതത്തിനു കീഴ്‌പ്പെടേണ്ടതുണ്ട്.

യേശു സ്വര്‍ഗ്ഗത്തില്‍ നിന്നും വന്നത് സ്വന്തം ഇഷ്ടം ചെയ്‌വാനല്ല. തന്നെ അയച്ച പിതാവിന്റെ ഇഷ്ടം ചെയ്‌വാനാണ് (യോഹ. 6:38). തന്റെ ജീവകാലം മുഴുവനും പിതാവിനോടുള്ള തന്റെ മനോഭാവം ”എന്റെ ഇഷ്ടമല്ല, അവിടുത്തെ ഇഷ്ടം ആകട്ടെ” എന്നായിരുന്നു. ഇവിടെയാണു നാം യേശുവിനെ അനുഗമിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്നത്. അധികം പേരും ആത്മീയരാകാത്തതിനു കാരണം ഇതാണ്. അവര്‍ ദൈവഹിതം ഗ്രഹിക്കുന്നു. അതു വികാരങ്ങളെ ഉത്തേജിപ്പിക്കുന്നു. എന്നാല്‍ ദൈവഹിതം ചെയ്‌വാന്‍ അവര്‍ തങ്ങളുടെ ഇച്ഛയെ വിട്ടുകൊടുക്കുന്നില്ല. സ്വന്തം ഇച്ഛയെ പിതാവിന്റെ ഹിതത്തിനു വേണ്ടി ത്യജിക്കുന്നതാണ് യഥാര്‍ത്ഥ ആത്മീയതയുടെ രഹസ്യം. ഇവിടെയാണ് യേശു ജീവന്റെ പുതിയ വഴി തുറന്നത്- നമുക്കും നിത്യവും നടക്കുവാന്‍ തക്കവണ്ണം (എബ്രാ. 10:19,20). ഇതു നാം ഒരിക്കലായി കടക്കുന്ന ഒരു വാതിലല്ല. നാം നിത്യവും നടക്കേണ്ട ഒരു വഴിയാണിത്. അങ്ങനെ മാത്രമേ നമുക്ക് എല്ലായ്‌പ്പോഴും അതിവിശുദ്ധ സ്ഥലത്ത് ജീവിക്കുവാന്‍ കഴിയൂ.

സാക്ഷ്യപെട്ടകം

അതിവിശുദ്ധ സ്ഥലത്തില്‍ പൊന്നു കൊണ്ടുള്ള ഒരു സാക്ഷ്യപെട്ടകവും അതിനു കൃപാസനം എന്ന മൂടിയും വച്ചിരുന്നു. ഉടമ്പടിയുടെ പെട്ടകവും കൃപാസനവും ദൈവത്തിനും മനുഷ്യനും മധ്യേയുള്ള പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായ യേശുവിന്റെ ഒരു ചിത്രമാണ്. പാപപരിഹാര ദിനത്തില്‍ യാഗമൃഗത്തിന്റെ രക്തം തളിക്കുന്നത് ഈ കൃപാസനത്തിന്മേലാണ്. അതിന്റെ ഇരുവശവും പൊന്നുകൊണ്ടു രണ്ടു കെരൂബുകള്‍ ഉണ്ടായിരുന്നു. എദനില്‍ ജീവവൃക്ഷത്തിലേക്കുള്ള വഴിയില്‍ ജ്വലിക്കുന്ന വാളുമായി കാവലായി നില്‍ക്കുന്നത് ഈ കെരൂബുകളാണ് (ഉല്പ. 3:24). ആ വാള്‍ ആദ്യം വീണത് യേശുവിന്മേലാണ്- അവിടുന്ന് ക്രൂശില്‍ മരിച്ചപ്പോള്‍. എന്നാല്‍ ആ വാള്‍ നമ്മുടെ മേലും വീണിരിക്കുന്നു. കാരണം നാമും അവനോടു കൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു (ഗലാ. 2:20). ഇന്നു ക്രിസ്തുവാകുന്ന ഈ ജീവവൃക്ഷത്തിങ്കലേക്കു വരുവാനുള്ള ഒരേ ഒരു വഴി നമ്മുടെ സ്വയജീവനുമേല്‍ ഈ വാള്‍ വീഴുവാനും മരിക്കുവാനും നാം നമ്മെ അനുവദിക്കുന്നതാണ്.

പെട്ടകത്തിനുള്ളില്‍ പത്തു കല്പനകള്‍ എഴുതിയ രണ്ടു കല്‍പ്പലകകളും മന്നാ ഇട്ടു വച്ച പൊന്നു കൊണ്ടുള്ള പാത്രവും അഹരോന്റെ തളിര്‍ത്ത വടിയും സൂക്ഷിച്ചിരുന്നു.

നമുക്ക് ആദ്യം മന്നയുടെ കാര്യം ശ്രദ്ധിക്കാം: അതു സ്വര്‍ഗ്ഗത്തില്‍ നിന്നും വീണതായിരുന്നു എങ്കിലും ഒറ്റ രാത്രി സൂക്ഷിച്ചു വച്ചിരുന്നാല്‍ കൃമിച്ച് ചീത്തയാകുമായിരുന്നു. എന്നാല്‍ അതു ദൈവസന്നിധിയില്‍ സൂക്ഷിച്ചപ്പോള്‍ 40 വര്‍ഷം ഒരു കേടും കൂടാതെ ഇരുന്നു. ഇതു സൂചിപ്പിക്കുന്നതു ദൈവവചനം നമ്മുടെ മനസ്സില്‍ സൂക്ഷിച്ചാല്‍ അതു ദുഷിച്ചുപോകും. എന്നാല്‍ നാം താഴ്മയോടെ ദൈവസാന്നിദ്ധ്യത്തില്‍ സൂക്ഷിച്ചാല്‍ അത് എന്നും പുതുക്കത്തോടെ ഇരിക്കും. ദൈവസാന്നിദ്ധ്യത്തില്‍ ജീവിക്കുന്ന ഒരു വ്യക്തി പ്രസംഗിക്കുമ്പോള്‍ ചൈതന്യവും അഭിഷേകവും അനുഭവപ്പെടുന്നു. അതേ വചനം മറ്റൊരാള്‍ സംസാരിക്കുമ്പോള്‍ ഉണങ്ങിയ അസ്ഥികള്‍ പോലെ വരണ്ടതായിരിക്കുന്നു. അതുപോലെ നിങ്ങള്‍ക്കും ഉയരത്തില്‍ നിന്നും അഭിഷേകം പ്രാപിച്ച് ഒരുനാള്‍ ശക്തിയോടെ സംസാരിക്കുവാന്‍ കഴിയും. എന്നാല്‍ പിറ്റേന്ന് അഭിഷേകം നഷ്ടപ്പെട്ടാല്‍ അതേ പ്രസംഗം തന്നെ ഉണങ്ങി വരണ്ടതായിത്തീരും. പലരുടെയും പ്രസംഗം വിരസമായിത്തീരുന്നത് പ്രസംഗകര്‍ ദൈവസാന്നിദ്ധ്യത്തില്‍ ജീവിക്കാത്തതു കൊണ്ടാണ്. അവരുടെ പ്രസംഗങ്ങള്‍ പഴകിയ മന്ന പോലെ പുളിച്ചു നാറുന്നതും കൃമിച്ചതുമാണ്. എബ്രായര്‍ 3:13-ല്‍ പറയുന്നതുപോലെ നമുക്കു ഹൃദയകാഠിന്യം സംഭവിക്കുവാന്‍ 24 മണിക്കൂര്‍ മാത്രം മതി.

”പാപത്തിന്റെ ചതിയാല്‍ കഠിനപ്പെടാതിരിക്കുവാന്‍ എല്ലാ ദിവസവും അന്യോന്യം ഉത്സാഹിപ്പിക്കുക.”

ഇനി, നമുക്ക് അഹരോന്റെ വടിയുടെ കാര്യം ചിന്തിക്കാം: മോശെയുടെയും അഹരോന്റെയും അധികാരത്തെ യിസ്രായേല്‍ ജനം ചോദ്യം ചെയ്ത ഒരു സമയമുണ്ടായിരുന്നു (സംഖ്യാ 16). ആ സമയത്ത് എല്ലാ ഗോത്രങ്ങളോടും ഓരോ ഉണങ്ങിയ വടി കൊണ്ടുവരാന്‍ ദൈവം കല്പിച്ചു. അവയെ ഒരു രാത്രി മുഴുവന്‍ ദൈവസന്നിധിയില്‍ സൂക്ഷിച്ചു. അവയില്‍ അഹരോന്റെ വടി മാത്രം തളിര്‍ത്തു പൂത്തു ബദാം ഫലം കായിച്ചതായി നേരം പുലര്‍ന്നപ്പോള്‍ കണ്ടു. ഈ വടിയാണ് പിന്നീട് ദൈവം തന്റെ ദാസന്മാര്‍ക്ക് മരണത്തിലൂടെ പുനരുത്ഥാന ജീവന്‍ നല്‍കിക്കൊണ്ടു സാക്ഷി നില്‍ക്കുന്നു എന്നതിനു തെളിവായി പെട്ടകത്തില്‍ വയ്ക്കുവാന്‍ കല്പിച്ചത്. ഈ വടിയും 40 വര്‍ഷക്കാലം മന്നപോലെ ചൈതന്യമുള്ളതായിരുന്നു. ദൈവസന്നിധിയില്‍ പ്രവര്‍ത്തിപ്പിക്കപ്പെടുമ്പോള്‍ അധികാരത്തിനു പ്രസക്തിയുണ്ടെന്ന് ഇതു നമ്മെ പഠിപ്പിക്കുന്നു.

1 ശമുവേല്‍ 6:19-ല്‍ ശമുവേലിന്റെ കാലത്ത് ചില യിസ്രായേല്യര്‍ ഉദ്വേഗത്തോടെ പെട്ടകം തുറന്നു നോക്കി ജീവന്‍ നഷ്ടപ്പെടാന്‍ ഇടയായി. ദൈവം രഹസ്യമാക്കി വച്ചിരിക്കുന്ന കാര്യങ്ങള്‍, നമ്മെ സംബന്ധിക്കാത്ത കാര്യങ്ങള്‍, തുറന്നു നോക്കുവാന്‍ ശ്രമിക്കുന്നത് അപകടമാണെന്ന് ഇതു നമ്മെ കാണിക്കുന്നു (ആവ. 29:28).

മഹാപുരോഹിതന്റെ വേഷം

അഹരോന്‍ നമ്മുടെ മഹാപുരോഹിതനായ യേശുവിനെ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ പുറംകുപ്പായം മൂന്നു കാര്യങ്ങളെക്കൊണ്ടു ക്രമീകരിച്ചിരിക്കുന്നു. ഒന്നാമത് അകമെ ധരിക്കുന്ന കയ്യില്ലാത്ത കുപ്പായം നേരിയ വെള്ളത്തുണി കൊണ്ടുണ്ടാക്കിയിരിക്കുന്നു. അതു ക്രിസ്തുവിന്റെ നീതിയെ സൂചിപ്പിക്കുന്നു. അതിനു മീതെ നീലനിറത്തിലുള്ള സ്ഥാനവസ്ത്രം കൂടി ധരിക്കേണ്ടതുണ്ട്. അതില്‍ അടിയിലെ വിളുമ്പില്‍ ചുറ്റിലും മാതളപ്പഴവും മണികളും അലങ്കാരപ്പണികളായി തുന്നിച്ചേര്‍ത്ത് പിടിപ്പിച്ചിരിക്കുന്നു. നീല ആകാശത്തിന്റെ നിറവും സ്വര്‍ഗ്ഗീയാംശത്തെ സൂചിപ്പിക്കുന്നതുമാകുന്നു. മാതളപ്പഴങ്ങള്‍ ആത്മാവിന്റെ ഫലങ്ങളെയും മണികള്‍ ആത്മാവിന്റെ വരങ്ങളെയും സൂചിപ്പിക്കുന്നു. യേശുവിന്റെ ജീവിതത്തില്‍ ഈ വരങ്ങളും ഫലങ്ങളും നിറഞ്ഞിരുന്നു. നമുക്കും കര്‍ത്താവിനെ സേവിക്കുവാന്‍ താത്പര്യമുണ്ടെങ്കില്‍ ഇവ രണ്ടും ഒരുപോലെ ആവശ്യമാണ്. ഈ നീലക്കുപ്പായ ത്തിനു മുകളിലൂടെ ഇവയില്‍ അഴുക്കു പറ്റാതിരിക്കുവാന്‍ ഒരു മേല്‍വസ്ത്രവും ധരിക്കേണ്ടതുണ്ട്. അതിന് ഏഫോദ് എന്നു പേര്‍ പറയുന്നു.

ഈ ഏഫോദില്‍ മൂന്നു കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. യിസ്രായേല്‍ ഗോത്രങ്ങളുടെ പേരുകള്‍ ആലേഖനം ചെയ്യപ്പെട്ട രണ്ടു തോള്‍ ഫലകങ്ങള്‍; യിസ്രായേല്‍ ഗോത്രസംഖ്യക്ക് ഒത്തവണ്ണം 12 കല്ലുകള്‍ പതിച്ച മാറിലണിയുന്ന ഫലകം; എഫോദിന്റെ കീശയില്‍ സൂക്ഷിച്ചിട്ടുള്ള ഉറീമും തുമ്മീമും (ഇത് എന്തെന്നു നമുക്കു കൃത്യമായി അറിവില്ല. എന്നാല്‍ യിസ്രായേല്യരെ സംബന്ധിച്ച് ദൈവഹിതമെന്തെന്നു കണ്ടെത്തുവാന്‍ ഓരോ സമയത്തും മഹാപുരോഹിതന്‍ ഇവയെ ഉപയോഗിച്ചിരുന്നു. ”പോകുക” ”നില്ക്കുക” ”കാത്തിരിക്കുക” എന്നൊക്കെ അടയാളം കാണിക്കുന്ന ട്രാഫിക്ക് സിഗ്നല്‍ പോലെ ഇവ യിസ്രായേല്യര്‍ക്കു മാര്‍ഗ്ഗ നിര്‍ദ്ദേശം കൊടുത്തിരുന്നു).

ഈ മൂന്നു കാര്യങ്ങളും നമ്മെ സഹായിക്കുന്ന ക്രിസ്തുവിന്റെ ശക്തിയെയും നമുക്കു വേണ്ടി കരുതുന്ന അവിടുത്തെ സ്‌നേഹത്തെയും നമ്മെ നടത്തുന്ന അവിടുത്തെ ജ്ഞാനത്തെയും കാണിക്കുന്നു. 2 തിമൊ. 1:7-ല്‍ ദൈവാത്മാവ് ഇന്നു നമ്മിലേക്കു കൊണ്ടുവരുന്ന ഈ മൂന്നു ഗുണങ്ങളെയും ചേര്‍ത്തു പറഞ്ഞിരിക്കുന്നു.

ചെറിയ കുട്ടികളെ നാം തോളില്‍ വഹിച്ചു നടക്കുംപോലെ മറ്റുള്ളവരുടെ ഭാരങ്ങള്‍ ദൈവദാസന്മാര്‍ വഹിക്കുവാന്‍ തക്കവണ്ണം അവരെ തോളില്‍ വഹിക്കണമെന്ന സൂചനയാണ് തോള്‍ഫലകങ്ങള്‍ തരുന്നത്. മാര്‍പതക്കം മറ്റുള്ളവരെ ഹൃദയത്തില്‍ വഹിച്ചുകൊണ്ട് അവരോടു സ്‌നേഹവും കരുതലും ഉള്ളവരായിരിക്കുക എന്നാണ് സൂചിപ്പിക്കുന്നത്.

ഒരു സത്യപ്രവാചകന്‍ ജനത്തെ തന്റെ ഹൃദയത്തില്‍ വഹിക്കുന്നു. അവര്‍ക്കു വേണ്ടി ഒരു വചനം എല്ലായ്‌പ്പോഴും തങ്ങളുടെ ഹൃദയത്തില്‍ ഉണ്ടായിരിക്കുകയും ചെയ്യും.

മഹാപുരോഹിതന്‍ പൊന്നുകൊണ്ട് ഒരു പട്ടം ഉണ്ടാക്കി അതില്‍ ”യഹോവയ്ക്കു വിശുദ്ധം” എന്നു മുദ്രണം ചെയ്ത് നെറ്റിയില്‍ കാണത്തക്കവണ്ണം തലപ്പാവോടു ചേര്‍ത്തു ധരിക്കണം. ഇത് യിസ്രായേല്‍ മക്കളുടെ സകല വിശുദ്ധ വഴിപാടുകളിലും ശുദ്ധീകരിക്കുന്ന വിശുദ്ധ വസ്തുക്കളുടെ കുറ്റം അഹരോന്‍ വഹിക്കേണ്ടതിനാണ് (പുറ. 28:36-38). നമ്മുടെ വിശുദ്ധ വഴിപാടുകളില്‍ പോലും പാപം ഉണ്ട്. യേശു ചുമന്നൊഴിച്ചത് നമ്മുടെ ദോഷപ്രവൃത്തികളിലുള്ള പാപങ്ങള്‍ മാത്രമല്ല പുണ്യപ്രവൃത്തികളിലുള്ള പാപവും കൂടിയാണ്. നമ്മുടെ വിശുദ്ധ പ്രവൃത്തികളിലുള്ള പാപങ്ങള്‍ക്കു ചില ഉദാഹരണങ്ങള്‍: മാനത്തിനും പണത്തിനും വേണ്ടിയുള്ള പ്രസംഗങ്ങള്‍, ആളുകളുടെ അംഗീകാരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നത്, സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടുള്ള സല്‍പ്രവൃത്തികള്‍ മുതലായവ.

ആണ്ടിലൊരിക്കല്‍ പാപപരിഹാര ദിനത്തില്‍ മഹാപുരോഹിതന്‍ മേല്‍പ്പറഞ്ഞ അലങ്കാര വസ്ത്രങ്ങള്‍ ഒക്കെ മാറ്റി വച്ച് ഒരു ലളിതമായ വെള്ളക്കുപ്പായം മാത്രമണിഞ്ഞുകൊണ്ട് അതിവിശുദ്ധ സ്ഥലത്തേക്കു പ്രവേശിക്കുന്നു. അതിവിശുദ്ധസ്ഥലത്തു നിന്നും പുറത്തു കടന്ന് ജനത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടും മുമ്പെ വീണ്ടും അലങ്കാര വസ്ത്രങ്ങള്‍ ധരിക്കേണ്ടതുണ്ട് (യെഹ. 44:19). ഇതു സൂചിപ്പിക്കുന്നതു കര്‍ത്താവിന്റെ മുമ്പില്‍ നാം ലാളിത്യത്തോടും താഴ്മയോടും നുറുക്കത്തോടും ആയിരിക്കണമെന്നും ജനത്തിനു മുമ്പില്‍ അഭിഷേകത്തോടും മുഖപ്രസന്നതയോടും ആയിരിക്കണമെന്നുമാണ്. നമ്മുടെ ഉപവാസവും ആത്മതപനവും ആളുകളെ കാണിക്കേണ്ടതില്ല. വെള്ള വിശുദ്ധ വസ്ത്രം ദൈവസന്നിധിയില്‍ മതി. ജനത്തിനു മുമ്പില്‍ ഉപവസിക്കുന്നവരെപ്പോലെയല്ല വിരുന്നു കഴിഞ്ഞു വരുന്നവരെപ്പോലെ ആയിരിക്കണം.

ഞാന്‍ പൂര്‍ണസമയ ശുശ്രൂഷകനാകുവാന്‍ തീരുമാനിച്ചപ്പോള്‍ നിര്‍ദ്ധനനായിരിക്കുമ്പോഴും സമൃദ്ധിയില്‍ ഇരിക്കുന്നതുപോലെ അഭിനയിക്കുമെന്നു ഞാന്‍ തീരുമാനിച്ചു. ആരും സഹതാപത്തില്‍ നിന്നോ ദീനാനുകമ്പയില്‍ നിന്നോ എനിക്കൊന്നും നല്‍കാതെയിരിക്കുവാന്‍ ഞാന്‍ ശ്രദ്ധിച്ചു. അനേകം ക്രിസ്തീയ പ്രവര്‍ത്തകരും തങ്ങളുടെ രൂപഭാവത്തിലൂടെയും അപേക്ഷകളിലൂടെയും തങ്ങള്‍ ദരിദ്രരാണെന്നു കാണിച്ച് ദാനങ്ങള്‍ വാങ്ങുന്നു- ധര്‍മ്മം വാങ്ങുന്ന ഭിക്ഷക്കാരെപ്പോലെ. എന്നാല്‍ സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനായ കര്‍ത്താവിന്റെ ദാസന്‍ അന്തസ്സുള്ളവനായിരിക്കണം. അവന്‍ ഒരിക്കലും ഒരു ധര്‍മ്മ സ്ഥാപനത്തിനോ ധര്‍മ്മദാനങ്ങള്‍ക്കോ അടിമപ്പെട്ടു പോകാന്‍ പാടില്ല. മനുഷ്യരുടെ ഔദാര്യം കൂടാതെ അവന്റെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ അവന്റെ യജമാനന്‍ ശക്തനാണ്. അതുകൊണ്ട് ആളുകളുടെ മുമ്പില്‍ നമ്മുടെ ലളിതമായ വെള്ളവസ്ത്രങ്ങളെ നമുക്കു മറച്ചുവെക്കാം. അവരുടെ മുമ്പില്‍ അലങ്കാരവസ്ത്രങ്ങളോടെ പ്രത്യക്ഷപ്പെടാം.

ക്രിസ്തീയ ജീവിതത്തിന്റെ മൂന്നു തലങ്ങള്‍

സമാഗമന കൂടാരത്തിന്റെ മൂന്നു ഭാഗങ്ങള്‍ – പ്രാകാരം, വിശുദ്ധസ്ഥലം, അതിവിശുദ്ധ സ്ഥലം- മൂന്നു തലങ്ങളിലുള്ള ക്രിസ്തീയ ജീവിതത്തിനും സദൃശമാകുന്നു. താഴെപ്പറയുന്ന ഏഴു മേഖലകളിലും അവ പ്രസക്തമാണ്:

(I) ആത്മീയ വളര്‍ച്ചയുടെ മൂന്നു തലങ്ങള്‍:
1) ദൈവത്തില്‍നിന്നു പാപക്ഷമ ലഭിക്കുക.
2) ദൈവത്തെ ശുശ്രൂഷിക്കുക
3) ദൈവത്തോടു കൂട്ടായ്മ

(II) മൂന്നു തരം ക്രിസ്ത്യാനികള്‍
1) ജഡികനായ ക്രിസ്ത്യാനി
2) ദേഹിയുടെ തലത്തിലുള്ള ക്രിസ്ത്യാനി
3) ആത്മീയനായ ക്രിസ്ത്യാനി

(III) പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ
1) പരിശുദ്ധാത്മാവില്‍ നിന്നുള്ള ജനനം
2) പരിശുദ്ധാത്മ സ്‌നാനം
3) ദിനംതോറും പരിശുദ്ധാത്മാവിനാല്‍ നടത്തിപ്പ്

(IV) ദൈവത്തോടുള്ള മൂന്നു മനോഭാവങ്ങള്‍
1) നന്ദിയര്‍പ്പണം
2) സ്തുതി
3) ആരാധന
നന്ദി കരേറ്റുമ്പോള്‍ ദൈവത്തില്‍നിന്നും ലഭിച്ചിട്ടുള്ള ആത്മ വരങ്ങളും അനുഗ്രഹങ്ങളും നാം സ്മരിക്കുന്നു.
സ്തുതിയില്‍ ദൈവത്തിന്റെ മഹത്വത്തെയും നമുക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വലിയ ശക്തിയെയും നാം ഓര്‍ക്കുന്നു.
ആരാധനയില്‍ നാം ദൈവത്തിലേക്കു തന്നെ നമ്മുടെ ശ്രദ്ധയെ കേന്ദ്രീകരിക്കുന്നു. അവിടുന്ന് ആരായിരിക്കുന്നു എന്നതറിഞ്ഞുകൊണ്ട് നാം അവിടുത്തെ ആരാധിക്കുന്നു.

(V) വെളിച്ചത്തിന്റെ മൂന്നു തലങ്ങള്‍
1) മാനുഷിക വിവേകം
2) ദൈവവചനത്തിന്റെ ഉപദേശം
3) ദൈവിക സ്വഭാവം
മുകളില്‍ കാണുന്ന ഏതെങ്കിലും ഒരു സ്രോതസ്സില്‍ നിന്നും ലഭിക്കുന്ന വെളിച്ചത്താലാണ് നാം ഓരോരുത്തരും നമ്മുടെ ജീവിതം നയിക്കുന്നത്. പ്രാകാരത്തിലെയും വിശുദ്ധ സ്ഥലത്തെയും പ്രകാശം നിര്‍മ്മിത വെളിച്ചമായിരുന്നു. പ്രാകാരത്തില്‍ അതു സൂര്യനില്‍ നിന്നും, വിശുദ്ധ സ്ഥലത്ത് അതു നിലവിളക്കില്‍ നിന്നും ആയിരുന്നു. അതിവിശുദ്ധ സ്ഥലത്തെ വെളിച്ചം ദൈവതേജസ്സായിരുന്നു. നിര്‍മ്മിത വെളിച്ചമൊന്നുമുണ്ടായിരുന്നില്ല.

(VI) മൂന്നു തലങ്ങളില്‍ ഫലദായകത്വം
1) മുപ്പതു മേനി
2) അറുപതു മേനി
3) നൂറു മേനി
വിതയ്ക്കുന്നവന്റെ ഉപമയിലെ നല്ല നിലം മൂന്നു തരത്തിലുള്ളതായിരുന്നു- മോശമായ നിലങ്ങള്‍പോലെ ഫലദായകത്വത്തിന്റെ അളവ് എത്രത്തോളം ഒരാള്‍ പൂര്‍ണ്ണ മനസ്‌ക്കനാണ് എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

(VII) ക്രിസ്തീയ പക്വതയുടെ മൂന്നു തലങ്ങള്‍

1) ശിശുക്കള്‍
2) യുവാക്കള്‍
3) പിതാക്കന്മാര്‍
ശിശുക്കള്‍ മറ്റുള്ളവരെ ആശ്രയിക്കുന്നു. യുവാക്കള്‍ തീക്ഷ്ണതയുള്ളവരാണ്. പിതാക്കന്മാര്‍ സ്‌നേഹത്തിലും ജ്ഞാനത്തിലും മുതിര്‍ന്നവരാണ് (1 യോഹ. 2:12-14).
അതിവിശുദ്ധ സ്ഥലത്തേക്കുള്ള വഴി കീഴടക്കപ്പെട്ട മാനുഷിക ഇച്ഛയെന്ന ചീന്തിയ തിരശ്ശീലയിലൂടെയാണ്. ഇന്ന് ആ തിരശ്ശീല ചീന്തേണ്ട ആവശ്യമില്ല- അതു നമ്മുടെ കര്‍ത്താവിനാല്‍ മുന്നമെ തന്നെ ചീന്തപ്പെട്ടു (എബ്രാ. 10:19). എന്നാല്‍ നമുക്കു ഓരോ ദിവസവും അതിലൂടെ നടക്കേണ്ടതായിട്ടുണ്ട്. അതിവിശുദ്ധ സ്ഥലത്തു പിതാവിനോടൊത്തുള്ള കൂട്ടായ്മ നാം ആഗ്രഹിക്കുന്നു എങ്കില്‍ നാം എല്ലാ ദിവസവും അവിടുത്തെ സാന്നിദ്ധ്യത്തില്‍ ജീവിക്കണമെന്നാണ് അവിടുത്തെ ആഗ്രഹം.

ക്രൂശിന്റെ വഴി ഒരു ലക്ഷ്യമല്ല മാര്‍ഗ്ഗം മാത്രമാണ്. നമ്മുടെ ലക്ഷ്യം സ്വയത്തിന്റെ മരണമല്ല. പിതാവുമായുള്ള കൂട്ടായ്മയാണ്.

അതുകൊണ്ട് നാം ക്രൂശിന്റെ വഴിയെക്കുറിച്ചുള്ള സന്ദേശങ്ങള്‍ക്കല്ല പ്രാധാന്യം നല്‍കുന്നത്. പിതാവുമായുള്ള കൂട്ടായ്മയ്ക്കുള്ള സന്ദേശങ്ങള്‍ക്കാണ്.

നമ്മുടെ ജീവിതകാലം മുഴുവനും അനുഗൃഹീതമായ ആ കൂട്ടായ്മയില്‍ ജീവിക്കുവാന്‍ നമുക്കു കഴിയട്ടെ.

What’s New?