ബൈബിളിലൂടെ : ഹഗ്ഗായി

കര്‍ത്താവിന്റെ പ്രവൃത്തിക്കായുള്ള ഉത്സാഹം

ഹഗ്ഗായി വളരെ ഹ്രസ്വമായി വെറും രണ്ടധ്യായം മാത്രമാണ് എഴുതിയത്. എന്നാല്‍ ദൈവാലയം പണിയപ്പെടണം എന്ന അതിയായ വാഞ്ഛ അവനുണ്ടായിരുന്നു. യെഹൂദന്മാര്‍ തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ എതിര്‍പ്പിനെ ഭയപ്പെട്ടതു നിമിത്തം അവര്‍ ബാബിലോണില്‍ നിന്നു യെരുശലേമിലേക്കു വന്ന് 15 ആണ്ട് കഴിഞ്ഞിട്ടും ദൈവാലയം വീണ്ടും പണിഞ്ഞിരുന്നില്ല. അപ്പോള്‍ ദൈവാലയത്തിന്റെ പുനര്‍ നിര്‍മ്മാണത്തിനായി യെഹൂദന്മാരെ ഉത്സാഹിപ്പിക്കുവാന്‍ ദൈവം രണ്ടു പ്രവാചകന്മാരെ അയച്ചു. ഹഗ്ഗായി (പ്രായം കൂടിയ വ്യക്തി), സെഖര്യാവ് (പ്രായം കുറഞ്ഞ വ്യക്തി) എന്നിവരാണ് അവര്‍.

ഹഗ്ഗായിയുടെ പുസ്തകത്തില്‍ മൊത്തം നാല് സന്ദേശങ്ങള്‍ ഉണ്ട്. ആദ്യ അധ്യായത്തില്‍ ഒന്നും, രണ്ടാം അധ്യായത്തില്‍ മൂന്നും വീതം സന്ദേശങ്ങളാണുള്ളത്.

ആദ്യ സന്ദേശം- ദൈവാലയത്തിന്റെ പണി തീര്‍ക്കുക (1:1-15)

ദൈവാലയത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള സന്ദേശമാണ് ഒന്നാമത്തേത്.

ഇവിടെ നമുക്ക് ദൈവജനം എത്ര സ്വയ കേന്ദ്രീകൃതരാണെന്നു കാണാം. ‘യഹോവയുടെ ആലയം പണിവാനുള്ള കാലം വന്നിട്ടില്ലെന്ന്’ അവര്‍ തുടര്‍ച്ചയായി പറയുന്നു (1:2). പേര്‍ഷ്യന്‍ രാജാവ് ‘യെരുശലേം നഗരം പണിയരുത്’ എന്ന് മാത്രമാണ് കല്പിച്ചിട്ടുള്ളത് (എസ്ര 4:21). ദൈവാലയം പണിയരുത് എന്നു കല്പിച്ചിട്ടില്ല. യെഹൂദന്മാര്‍ തങ്ങളുടെ സ്വയകേന്ദ്രീകൃത ജീവിതവും അലസതയും നിമിത്തം ദൈവാലായം പണിയുവാനുള്ള സാഹചര്യം ഒത്തുവന്നിട്ടില്ല എന്നു പറഞ്ഞുകൊണ്ട് തങ്ങളെത്തന്നെ നീതികരിക്കുകയാണ് ചെയ്തത്. അതിനാല്‍ തക്കസമയത്തിനായി കാത്തിരിക്കണം എന്നവര്‍ പറഞ്ഞു.

”ഈ ആലയം ശൂന്യമായിരിക്കെ നിങ്ങള്‍ക്ക് തട്ടിട്ട വീടുകളില്‍ പാര്‍പ്പാന്‍ കാലമായോ?” എന്ന് കര്‍ത്താവ് അവരോട് ചോദിച്ച് അവരെ ശകാരിക്കുന്നതായി നാം ഇവിടെ കാണുന്നു (1:4). ശലോമോനും വളരെ സ്വയകേന്ദ്രീകൃതനായിരുന്നു. തന്റെ കൊട്ടാരം പണിയുവാന്‍ 13 വര്‍ഷവും ദൈവാലയം പണിയുവാന്‍ ഏകദേശം 7 വര്‍ഷവും എടുത്തതായി നാം കാണുന്നു. ആദ്യം അവന്‍ പണിതത് ദൈവാലയം ആയിരുന്നു. എന്നാല്‍ യെഹൂദന്മാര്‍ തങ്ങളുടെ നല്ല വീടുകള്‍ ആദ്യം തന്നെ പണിതു. ദൈവാലയം പണിയുവാന്‍ അവര്‍ തല്പരരായിരുന്നില്ല.

ഇതുപോലെ തന്നെ കര്‍ത്താവിന്റെ താല്പര്യം നോക്കാതെ തങ്ങളുടേയും തങ്ങളുടെ കുടുംബത്തിന്റെയും താല്പര്യം നോക്കുന്ന ലക്ഷക്കണക്കിന് ക്രിസ്ത്യാനികള്‍ ഇന്ന് ഉണ്ട്. ഒരുവന്റെ അയല്‍ക്കാരന്‍ അവന്റെ ഭൂസ്വത്ത് അപഹരിച്ചാല്‍ അവര്‍ അതിനെക്കുറിച്ച് വളരെ ഉല്‍ക്കണ്ഠാകുലരായിരിക്കും. എന്നാല്‍ കര്‍ത്താവിന്റെ ഭൗതിക സ്വത്തിലേക്ക് സാത്താന്‍ കടന്നുകയറിയാല്‍ അവര്‍ അതിനെക്കുറിച്ച് ഒട്ടും തല്പരരായിരിക്കുകയില്ല.

ദൈവത്തിന്റെ രാജ്യവും നീതിയും നാം ഒന്നാമതായി അന്വേഷിച്ചാല്‍ ഈ ഭൂമിയില്‍ നമ്മുടെ ജീവിതത്തിനാവശ്യമായ സകലവും കര്‍ത്താവ് കൂട്ടിച്ചേര്‍ക്കും എന്ന് യേശു നമ്മോട് പറഞ്ഞിട്ടുണ്ട്. നാം ഇവയ്ക്കായി ഇവയുടെ പുറകെ ഓടേണ്ട ആവശ്യമില്ല. ദൈവഭവനത്തെ നാം കരുതിയാല്‍ അവിടുന്നു നമ്മുടെ ഭവനത്തെ കരുതിക്കൊള്ളും. നാം ദൈവത്തെ ആദരിച്ചതിനാല്‍ അവിടുന്നു നമ്മെ ആദരിച്ചിരിക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകളായി നാം മാറണം. ലോകത്തിലെ അവിശ്വാസികള്‍ അത് കാണണം. ഞങ്ങള്‍ ദൈവഭവനത്തെ കരുതിയതിനാല്‍ ദൈവം ഞങ്ങളുടെ ഭവനത്തെ കരുതി എന്ന് അവര്‍ മനസ്സിലാക്കണം. ഇതാണോ നിങ്ങളുടെ ജീവിതസാക്ഷ്യം?

1:5,6 എന്നീ വാക്യങ്ങള്‍ നമുക്ക് ഇപ്രകാരം കൈക്കൊള്ളാം: കര്‍ത്താവ് നമ്മെ വെല്ലുവിളിച്ചുകൊണ്ട് ഇപ്രകാരം പറയുന്നു: ”നിന്റെ ജീവിതത്തില്‍ എങ്ങനെ കാര്യങ്ങള്‍ പോകുന്നു എന്നു പരിശോധിക്കുക. ആത്മിക ഫലഭൂയിഷ്ഠി നിന്റെ ജീവിത ത്തില്‍ ഉണ്ടോ? നിങ്ങള്‍ വളരെ വിതച്ചിട്ടും അല്പമേ കൊയ്യുന്നുള്ളോ? നിങ്ങള്‍ ധാരാളം യോഗങ്ങളില്‍ പങ്കെടുത്തു. അധികം ക്രിസ്തീയ പുസ്തകങ്ങള്‍ വായിച്ചു. പല സന്ദേശങ്ങള്‍ ശ്രവിച്ചു. എന്നാല്‍ നിങ്ങളുടെ ഭവനം ദൈവഭക്തിയുള്ള ഭവനമാണോ? ഇന്ന് നിങ്ങളുടെ വീട്ടില്‍ സമാധാനം ഉണ്ടോ? ഭാര്യയോടോ ഭര്‍ത്താവിനോടോ ഒച്ച വയ്ക്കുന്ന ചെറിയ കാര്യത്തില്‍ പോലും നിങ്ങള്‍ക്ക് വിജയം ലഭിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ നിങ്ങള്‍ അധികം വിതച്ചിട്ടും അല്പമേ കൊയ്തിട്ടുള്ളു. നിങ്ങള്‍ വസ്ത്രം ധരിച്ചിട്ടും കുളിര്‍ മാറുന്നില്ല. ധാരാളം ധനം ഉണ്ടെങ്കിലും അതു നിങ്ങള്‍ ഓട്ടസഞ്ചിയില്‍ ഇടുന്നതിനാല്‍ മിക്കവാറും എല്ലാം നഷ്ടമായിരിക്കുന്നു! ദൈവത്തോട് നിങ്ങള്‍ ആത്മാവില്‍ നിറയ്ക്കുവാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ ചോര്‍ച്ച ഉള്ളതിനാല്‍ എല്ലാ ശക്തിയും നഷ്ടമാകുന്നു. എന്തോ ചിലതു ശരിയല്ല.”

ഓട്ടയുള്ള പാത്രത്തില്‍ ആര് വെള്ളം നിറയ്ക്കും? തങ്ങളെ ആത്മാവില്‍ നിറയ്ക്കുവാന്‍ ദൈവത്തോട് ചോദിക്കുന്ന ധാരാളം വിശ്വാസികളുടേയും പാത്രങ്ങളില്‍ ധാരാളം ദ്വാരങ്ങളുണ്ട്. ആദ്യം ഈ ഓട്ടകള്‍ അടയ്ക്കുവാന്‍ ദൈവം പറയുന്നു. ദൈവത്തിന് തന്റെ പരിശുദ്ധാത്മാവിനാല്‍ നിങ്ങളെ നിറയ്ക്കുവാന്‍ വളരെ താല്പര്യമുണ്ട്. എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ ശരിയാക്കേണ്ട പല കാര്യങ്ങള്‍ ഉണ്ട്. ഓട്ടയുള്ള ഒരു പോക്കറ്റിലേക്കു നിങ്ങള്‍ പണം നിക്ഷേപിക്കുകയില്ല. അതുപോലെ തന്നെ ചോര്‍ച്ചയുള്ള ജീവിതങ്ങളിലേക്കു ദൈവം തന്റെ ആത്മാവിനെ പകരുകയില്ല. അവര്‍ തെറ്റു ചെയ്ത ആളുകളോട് ക്ഷമ ചോദിച്ചിട്ടില്ല. തെറ്റായി പണം നേടിയ കാര്യങ്ങളില്‍ മടക്കിക്കൊടുത്തിട്ടില്ല. ഇവയെല്ലാം പ്രധാനപ്പെട്ട ഓട്ടകള്‍ തന്നെ ആണ്. ഇത്തരം ഓട്ടകള്‍ ജീവിതത്തില്‍ കിടക്കുന്നിടത്തോളം പരിശുദ്ധാത്മാവിന്റെ നിറവിനായി രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചിട്ടും ഒരു പ്രയോജനവും ഇല്ല. ഒന്നും തന്നെ സംഭവിക്കുകയില്ല. ”നിങ്ങളുടെ വഴികളെ വിചാരിച്ചു നോക്കുവിന്‍” എന്ന കാര്യമാണ് ഹഗ്ഗായി കൈകാര്യം ചെയ്യുന്ന ഒരു പ്രധാന വിഷയം.

1:7,8 നോക്കുക: ഈ വചനങ്ങളില്‍ ഹഗ്ഗായി ദൈവാലയത്തിന്റെ പണി പൂര്‍ത്തീകരിക്കുവാന്‍ ജനങ്ങളെ ഉത്സാഹിപ്പിക്കുന്നു. പല വര്‍ഷങ്ങള്‍ക്കു മുമ്പേ ദൈവാലയത്തിന്റെ അടിസ്ഥാനം ഇട്ടിരുന്നു. എന്നിട്ട് അവര്‍ പണി നിര്‍ത്തി. അടിസ്ഥാനം ഇട്ട ശേഷം കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കാത്ത ഒരുവനെക്കുറിച്ച് യേശു ഒരു ഉപമ പറഞ്ഞിട്ടുണ്ട് (ലൂക്കൊ. 14:28-30). യേശുവിന്റെ ശിഷ്യന്മാരാകുവാനുള്ള നിബന്ധനകളുടെ നടുക്കാണ് ഈ ഉപമ പറഞ്ഞിരിക്കുന്നത്. ശിഷ്യന്മാരെ രൂപപ്പെടുത്താതെ സുവിശേഷീകരണം നടത്തിയാല്‍ അത് അടിസ്ഥാനം ഇട്ട ശേഷം പണി പൂര്‍ത്തീകരിക്കാത്തതിനു തുല്യമാണെന്നാണ് യേശു ഈ ഉപമയിലൂടെ അര്‍ത്ഥമാക്കുന്നത്. അടിസ്ഥാനം ആവശ്യമാണോ? തീര്‍ച്ചയായും അത്യാവശ്യം തന്നെ. വീട് പണിയുമ്പോള്‍ ചെയ്യേണ്ട ആദ്യപ്രവൃത്തി ഇതാണ്. സുവിശേഷീകരണം അത്യാവശ്യമാണോ? തീര്‍ച്ചയായും. അതും ആദ്യമായി ചെയ്യേണ്ട ഒരു കാര്യം തന്നെ. എന്നാല്‍ സുവിശേഷീകരണം നടത്തിയ ശേഷം രക്ഷിക്കപ്പെട്ടവരെ ശിഷ്യന്മാരായി മാറ്റിയില്ലെങ്കില്‍ അത് അടിസ്ഥാനം ഇട്ടശേഷം പണി പൂര്‍ത്തിയാക്കാത്ത കെട്ടിടം പോലെയുള്ള ഒരു വൃഥാ പ്രയത്‌നം ആണ്. ഇത്തരം മടയത്തരത്തെപ്പറ്റി എബ്രായര്‍ 6:1-3 വരെ ഉള്ള വചനങ്ങളില്‍ വിശദമാക്കുന്നു: ”അതുകൊണ്ട് നിര്‍ജ്ജീവ പ്രവൃത്തികളെക്കുറിച്ചുള്ള മാനസാന്തരം, ദൈവത്തിങ്കലെ വിശ്വാസം, സ്‌നാനങ്ങളെ ക്കുറിച്ചുള്ള ഉപദേശം, കൈവെപ്പ്, മരിച്ചവരുടെ പുനരുത്ഥാനം, നിത്യശിക്ഷാവിധി എന്നിങ്ങനെയുള്ള അടിസ്ഥാനം പിന്നെയും ഇടാതെ…” ഇവയെല്ലാം അടിസ്ഥാനമാണ്. ഇവ വിട്ട് നാം പരിജ്ഞാനപൂര്‍ത്തിയിലേക്കു മുന്നേറണം എന്നാണ് എബ്രായ ലേഖനകാരന്‍ നമ്മെ പ്രബോധിപ്പിക്കുന്നത്. അപ്പോഴാണ് നാം ഭവനം നിര്‍മ്മിക്കുന്നത്. സുവിശേഷീകരണത്തിലൂടെ നാം ആളുകളെ ക്രിസ്തുവിങ്കലേക്കു നയിച്ച ശേഷം തുടര്‍ന്ന് ഈ മാനസാന്തരപ്പെട്ടവരെ യേശുവിനെ അനുഗമിച്ച് പൂര്‍ണ്ണതയിലേക്കു മുന്നേറുന്ന ശിഷ്യന്മാരാക്കി തീര്‍ക്കണം.

അടിസ്ഥാനം ഇടുന്നതിനെപ്പറ്റിയല്ല ഹഗ്ഗായിയുടെ സന്ദേശം. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ പരിപൂര്‍ണ്ണതയിലേക്കു നയിച്ച് കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിക്കുന്നതാണ് ഇവിടുത്തെ സന്ദേശം.

ഒരു കൂടിവരവും ദൈവഭവനവും തമ്മിലുള്ള വ്യത്യാസം എന്താണ്? 50,000 കല്ലുകള്‍ കല്ലുമടയില്‍ നിന്നെടുത്ത് കെട്ടിടനിര്‍മ്മാണ സ്ഥലത്ത് കൊണ്ടുവരുന്നതാണ് സുവിശേഷീകരണം. ഈ കല്ലുകള്‍ വീണ്ടും ജനിക്കപ്പെട്ട ആളുകളെ പ്രതിനിധീകരിക്കുന്നു. എന്നാല്‍ ഇവര്‍ ഒരു കെട്ടിടമായിട്ടില്ല. ഇവര്‍ കല്ലുകളുടെ ഒരു കൂമ്പാരം മാത്രമാണ്. ഇന്നത്തെ ഭൂരിപക്ഷം സുവിശേഷീകരണ കൂടിവരവുക ളെല്ലാം ഇതുപോലെയാണ്. ഈ കല്ലുകളെല്ലാം ഒന്നിനു മീതെ ഒന്നായി പണിയപ്പെടുമ്പോഴാണ് ക്രിസ്തുവിന്റെ സഭ രൂപപ്പെടുന്നത്. ഒരു ഭവനമായി ആളുകളെയെല്ലാം കെട്ടിപ്പടുക്കുന്നതാണ് ദുഷ്‌ക്കരമായ പ്രവൃത്തി.

ഇന്നത്തെ പല സഭകളും വെറും കൂടിവരവുകളാണ്. ഇവിടെ ഒരു കാവല്‍ക്കാരന്‍ (പാസ്റ്റര്‍) തന്റെ സകല ‘കല്ലുകളേയും’ ആരും മോഷ്ടിക്കാതെ കാക്കുന്നു. എന്നാല്‍ ‘ഒരു കല്ല്’ തനിക്കു കൂടുതല്‍ ആത്മിക സഹായം കിട്ടുവാനായി മറ്റൊരു സഭയിലേക്കു കടന്നു പോകുന്നു എങ്കില്‍ മറ്റുള്ളവര്‍ ‘തന്റെ കല്ലിനെ’ മോഷ്ടിക്കുന്നു എന്ന് ഇവിടുത്തെ കാവല്‍ക്കാരന്‍ പരാതിപ്പെടും. എന്നാല്‍ ഇയാള്‍ ഈ കല്ലിനെ ഒരു ഭവനമായി പണിതിരുന്നെങ്കില്‍ ആര്‍ക്കും ഈ കല്ലിനെ മോഷ്ടിക്കുവാന്‍ സാധ്യമായിരുന്നില്ല. നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരമായ സഭ പണിയുന്നുവെങ്കില്‍ നിങ്ങളുടെ അംഗങ്ങളെ മോഷ്ടിക്കുന്നതിനെപ്പറ്റി ഭാരപ്പെടേണ്ട ആവശ്യമില്ല. ഈ കല്ലുകള്‍ക്കു മീതെയും അടിയിലും വലത്തും ഇടത്തും മറ്റു കല്ലുകള്‍ വച്ച് സിമന്റ് ചെയ്ത് ഒരു കെട്ടിടം പണിയുമ്പോള്‍ ഈ കല്ലുകളെ മോഷ്ടിക്കുവാന്‍ ആര്‍ക്കു സാധിക്കും? 1975 മുതല്‍ ബാംഗ്ലൂരില്‍ ഞാനൊരു സഭയെ നയിക്കുന്നു. എന്റെ സഭയില്‍ നിന്ന് ആരെങ്കിലും ഒരാളെ മോഷ്ടിച്ചു കൊണ്ടുപോയി എന്ന് ഞാന്‍ ഒരിക്കലും പരാതിപ്പെട്ടിട്ടില്ല. ഞങ്ങളുടെ മധ്യത്തില്‍ ആരൊക്കെ ഒരു ശരീരമായി പണിയപ്പെടുന്നുവോ അവരെ ആര്‍ക്കും മോഷ്ടിക്കുവാന്‍ സാധ്യമല്ല. അതിനാല്‍ വെറും അടിസ്ഥാനം മാത്രം ഇട്ട് കല്ലുകള്‍ ശേഖരിക്കുന്നതിനു പകരം ദൈവഭവനം പണിയുവാന്‍ നമുക്ക് ഉത്സാഹിക്കാം.

ഹഗ്ഗായി 1:9-11 നോക്കുക. ഈ ഭാഗത്ത് കാണുന്ന ശക്തിയായ ശാസനയെ ശ്രദ്ധിക്കുക. നമ്മുടെ സഭകളില്‍ സ്‌നേഹത്തിന്റെ ശാസന കൊടുക്കുന്ന പ്രസംഗകരുടെ വലിയ ആവശ്യകത ഇന്നുണ്ട്. ഇന്നത്തെ കാലത്ത് വളരെ അധികം പ്രസംഗം ഉണ്ടെങ്കിലും ശാസനയും തിരുത്തലും വളരെ കുറച്ചേ ഉള്ളൂ. നിങ്ങളുടെ ജീവിതത്തില്‍ തോല്‍വിയും നിരന്തരമായ പരാജയവും ഉണ്ടാകുവാന്‍ ദൈവം അനുവദിക്കുമ്പോള്‍ ഇവയിലൂടെ ദൈവം എന്താണ് സംസാരിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിക്കേണ്ടത് ആവശ്യമാണ്. ”എന്റെ ജീവിതത്തില്‍ ആത്മാവിന്റെ ഫലം ഇല്ലാത്തത് എന്തുകൊണ്ട്? എന്റെ കുടുംബജീവിതത്തിലെ കുഴപ്പങ്ങളുടെ കാരണമെന്താണ്? സ്വര്‍ഗ്ഗത്തില്‍ നിന്ന് മഴ ലഭിക്കാത്തതെന്തുകൊണ്ട്? എന്റെ ജീവിതത്തില്‍ വരള്‍ച്ച ഉണ്ടാകുന്നത് എന്തുകൊണ്ട്?” ഈ ചോദ്യങ്ങള്‍ നിങ്ങള്‍ നിങ്ങളോടു തന്നെ ചോദിക്കുക (1:9-11). കര്‍ത്താവിനോട് ചേര്‍ന്നു നടക്കുന്നതിനെക്കാള്‍ ലോകകാര്യങ്ങളെക്കുറിച്ചും നിങ്ങളുടെ ബാങ്ക് നിക്ഷേപത്തെക്കുറിച്ചുമാണ് നിങ്ങള്‍ക്കു കൂടുതല്‍ താല്പര്യം എന്നതായിരിക്കാം ഈ വരള്‍ച്ചയുടെ കാരണം.

സെരുബ്ബാബേലും മഹാപുരോഹിതനായ യോശുവയും ഹഗ്ഗായിയുടെ ഈ വചനങ്ങളെ കേട്ടപ്പോള്‍ ”ഞങ്ങള്‍ ഉടന്‍ തന്നെ ദൈവഭവനത്തിന്റെ പണി ആരംഭിക്കാം.” എന്നു പറഞ്ഞു. അതായത് ”ഞങ്ങള്‍ ഇനിമേല്‍ സുവിശേഷീകരണത്തിനല്ല ശിഷ്യന്മാരെ ഉളവാക്കുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ഒരു മനുഷ്യനാല്‍ നിയന്ത്രിക്കപ്പെടുന്ന സഭയല്ല ക്രിസ്തുവിന്റെ ശരീരം തന്നെ പണിയുവാന്‍ ഞങ്ങള്‍ ഉത്സാഹിക്കും.” സഭ, പ്രവര്‍ത്തിക്കുന്ന ഒരു ശരീരം പോലെ ആയിത്തീരണം. ശരീരശാസ്ത്ര (അനാറ്റമി) പരീക്ഷണശാലയില്‍ കിടക്കുന്ന പല ശരീര ഭാഗങ്ങള്‍ പോലെ സഭ ആയിത്തീരരുത്. അവിടെ പല കൈകള്‍, കാലുകള്‍, കണ്ണുകള്‍, ചെവികള്‍ എന്നിവയെല്ലാം ജീവനോ അന്യോന്യ ബന്ധമോ ഇല്ലാതെ കിടക്കുന്നു. ഇവയ്ക്ക് ഒരു ശരീരമായി പ്രവര്‍ത്തിക്കുവാന്‍ സാധ്യമല്ല. ഇന്നത്തെ അനേകം സഭകളും ഇതുപോലെയാണ് കാണപ്പെടുന്നത്.

കര്‍ത്താവിന്റെ സന്ദേശവാഹകനായ ഹഗ്ഗായി കര്‍ത്താവിന്റെ ദൂത് ആളുകള്‍ക്കു നല്കുന്നു (1:13). ഹഗ്ഗായി ഒന്നാമതായി ദൈവത്തിന്റെ സന്ദേശവാഹകനാണ്. അതിനുശേഷം താന്‍ കര്‍ത്താവിന്റെ സന്ദേശം ആളുകള്‍ക്കു നല്കുന്നു. അഭിഷിക്തമായ ഒരു സന്ദേശം ടേപ്പില്‍ കേട്ടശേഷം കര്‍ത്താവിന്റെ വചനമായി ഇതേ സന്ദേശം നിങ്ങള്‍ക്ക് പ്രസംഗിക്കുവാന്‍ സാധിക്കും. എന്നാല്‍ ഹഗ്ഗായി ആദ്യമായി ദൈവത്തിന്റെ സന്ദേശവാഹകനായിരുന്നു. ഇതുപോലെ നിങ്ങള്‍ക്ക് ദൈവത്തിന്റെ സന്ദേശ വാഹകനാകണമെങ്കില്‍ ഹോശയായെ ദൈവം നടത്തിയ പ്രകാരം തകര്‍ക്കപ്പെടുന്ന ഒരു പ്രവൃത്തി ദൈവം നിങ്ങളില്‍ ചെയ്‌തെടുക്കുവാന്‍ ഒന്നാമതു നിങ്ങള്‍ ദൈവത്തെ അനുവദിക്കണം. ഹഗ്ഗായി തന്റെ യൗവ്വനകാലത്തില്‍ ദൈവം തന്നെ എങ്ങനെ തകര്‍ത്തു നുറുക്കി എന്ന കാര്യങ്ങളോ താന്‍ എത്ര തീവ്രമായ പരിശോധനകളിലൂടെ കടന്നുപോയി എന്ന കാര്യങ്ങളോ പറയുന്നില്ല. ദൈവത്തിന്റെ പല ദാസന്മാരും അവര്‍ കടന്നുപോയ കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്താറില്ല. എന്നാല്‍ ദൈവം ഉപയോഗിച്ചിട്ടുള്ള സകല ദൈവദാസന്മാര്‍ക്കും ദൈവം അവരെ എങ്ങനെ തകര്‍ത്തു, എങ്ങനെ എപ്രകാരം നുറുക്കി താഴ്മയിലേക്കു നടത്തി എന്നു പറയാനുണ്ടാവും. തങ്ങള്‍ക്കുണ്ടായ പണനഷ്ടം, മാനനഷ്ടം എന്നിങ്ങനെയുള്ള പല ദൈവിക നടത്തിപ്പിന്റെ സ്വകാര്യ ചരിത്രം അവര്‍ക്കു പറയുവാന്‍ കാണും. ഈ രീതിയില്‍ മാത്രമേ ഒരാള്‍ക്ക് കര്‍ത്താവിന്റെ സന്ദേശവാഹകനാകുവാന്‍ സാധിക്കുകയുള്ളു.

കര്‍ത്താവിന്റെ സന്ദേശവഹകന്‍ കര്‍ത്താവിന്റെ വചനം നല്കുന്നതും മറ്റൊരു വ്യക്തി അതേ സന്ദേശം പ്രസംഗിക്കുന്നതും തമ്മില്‍ വ്യത്യാസം ഉണ്ട്. ആദ്യം പറഞ്ഞ കാര്യത്തില്‍ ദൈവത്തിന്റെ അഭിഷേകം കാണുവാന്‍ സാധിക്കും. എന്നാല്‍ രണ്ടാമത്തേതില്‍ ആ അഭിഷേകം കാണപ്പെടുകയില്ല. ഇതിന്റെ കാരണം ഇതാണ്: സന്ദേശവാഹകനാണ് അഭിഷേകം ലഭിക്കുന്നത്; അല്ലാതെ സന്ദേശത്തിനല്ല. പുസ്തകങ്ങളിലും ടേപ്പ് റെക്കോര്‍ഡറുകളിലും പരിശുദ്ധാത്മാവ് വരുകയില്ല. ആളുകളിലാണ് പരിശുദ്ധാത്മാവ് വരുന്നത്. അറിവില്ലാത്ത പല പ്രസംഗകരും പുസ്തകങ്ങളുടെ മേലും ടേപ്പ് റിക്കോര്‍ഡറുകളിലും കൈവച്ച് അവയെ അഭിഷേകം ചെയ്യുവാന്‍ കര്‍ത്താവിനോട് അപേക്ഷിക്കാറുണ്ട്. അവര്‍ പ്രാര്‍ത്ഥിക്കുന്നത് സംഭവിക്കുകയില്ല. ബുക്കുകളേയും ടേപ്പുകളേയുമല്ല ആളുകളെയാണ് ദൈവം അഭിഷേകം ചെയ്യുന്നത്.

ഹഗ്ഗായിയുടെ പ്രവചനത്തിലൂടെ ദൈവമാത്മാവ് പല പ്രവൃത്തികള്‍ക്കായി ആളുകളെ ഉത്സാഹിപ്പിച്ചു. ”യഹോവ സെരുബ്ബാബേലിന്റെ മനസ്സും യോശുവയുടെ മനസ്സും ജനത്തില്‍ ശേഷിപ്പുള്ള ഏവരുടേയും മനസ്സും ഉണര്‍ത്തി. അവര്‍ വന്നു തങ്ങളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിങ്കല്‍ വേല ചെയ്തു”(1:14). ഇതു ഹഗ്ഗായിയുടെ സന്ദേശം അഭിഷിക്തമായിരുന്നു എന്നതിന്റെ തെളിവാണ്. നിങ്ങളുടെ പ്രസംഗം ആളുകളെ പ്രവൃത്തിക്കായി ഉത്സാഹിപ്പിക്കുന്നതുവരെ നിങ്ങള്‍ തൃപ്തരാകരുത്. നിങ്ങളുടെ പ്രസംഗം നന്നായിരുന്നു എന്നു പറഞ്ഞ് ആളുകള്‍ നിങ്ങള്‍ക്ക് കൈ തരുന്നതില്‍ നിങ്ങള്‍ തൃപ്തിയടയരുത്. നിങ്ങളുടെ പ്രസംഗം നിമിത്തം ആളുകള്‍ പാപം വെടിഞ്ഞ് യേശുവിന്റെ ശിഷ്യന്മാരായിത്തീരുന്നില്ലെങ്കില്‍ നിങ്ങള്‍ ഇതിലും വര്‍ദ്ധിച്ച ആത്മാഭിഷേക ത്തിനായി ദൈവത്തെ അന്വേഷിക്കണം. ഹഗ്ഗായി 1:1,15 ഇവ ശ്രദ്ധിക്കു. 16 വര്‍ഷം നടക്കാതിരുന്ന ഒരു കാര്യം വെറും 23 ദിവസത്തില്‍ നടന്നത് ഇവിടെ നാം കാണുന്നു. ഒരു പ്രവാചകന്‍ ആളുകളില്‍ വരുത്തിയ വ്യത്യാസമാണ് ഇത്. യെഹൂദന്മാരുടെ ഇടയിലുണ്ടായിരുന്ന പ്രൊഫഷനല്‍ പ്രസംഗകര്‍ പതിനാറ് വര്‍ഷമായി എല്ലാ ശനിയാഴ്ചയും പ്രസംഗിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. എന്നാല്‍ ഒരു പ്രവാചകന്‍ എല്ലാവരേയും പിടിച്ചു കുലുക്കി കാര്യങ്ങള്‍ക്കെല്ലാം വ്യത്യാസം വരുത്തി. ഹഗ്ഗായിയെപ്പോലെ കര്‍ത്താവിന്റെ സന്ദേശവാഹകനായ ഒരു മനുഷ്യനായിത്തീരുക എന്നു ഞാന്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നു.

രണ്ടാം സന്ദേശം: മന്ദിരം മഹത്വപൂര്‍ണ്ണമാകും (2:1-9)

”നിങ്ങളില്‍ ഈ ആലയത്തെ അതിന്റെ ആദ്യ മഹത്വത്തോടെ കണ്ടവരായി ആര്‍ ശേഷിച്ചിരിക്കുന്നു? ഇപ്പോള്‍ കണ്ടിട്ടു നിങ്ങള്‍ക്ക് എന്തു തോന്നുന്നു? ഏതുമില്ലാത്തതുപോലെ തോന്നുന്നില്ലയോ?” (2:3) എന്ന് പ്രായം കൂടിയ യെഹൂദന്മാരോട് കര്‍ത്താവ് ചോദിക്കുന്നു. ശലോമോന്‍ പണിത ആദ്യ ദൈവാലയത്തിന്റെ മേന്മയോട് ഈ ദൈവാലയത്തിന്റെ മേന്മ തട്ടിച്ചു നോക്കുവാന്‍ സാധ്യമല്ല. എങ്കിലും കര്‍ത്താവ് അരുളിച്ചെയ്യുന്നു: ”ധൈര്യപ്പെട്ട് വേല ചെയ്‌വീന്‍. ഞാന്‍ നിങ്ങളോടു കൂടെ ഉണ്ടല്ലോ”(2:4). ”സകല ജാതികളുടേയും മനോഹരവസ്തു വരികയും ചെയ്യും.” ”ഈ ആലയത്തിന്റെ പിന്നത്തെ മഹത്വം മുമ്പിലത്തേതിലും വലുതായിരിക്കും” (2: 7-9 കെ.ജെ.വി.). ”സകല ജാതികളുടേയും മനോഹര വസ്തു” കര്‍ത്താവായ യേശു ആണ്. അവന്‍ ദൈവതേജസ്സിന്റെ പ്രഭയാണ്. അവന്‍ ഈ ആലയത്തില്‍ കടക്കുമ്പോള്‍ (500 വര്‍ഷത്തിനു ശേഷം) അതിന്റെ മഹത്വം ശലോമോന്‍ പണിത ദൈവാലയത്തിലുള്ള എന്തിനേക്കാളും വലുതായിരിക്കും.

പുതിയനിയമ ദൈവാലയത്തിന്റെ, അതായത് സഭയുടെ, മഹത്വം പഴയനിയമ ദൈവാലയത്തിന്റെ മഹത്വത്തേക്കാള്‍ വളരെ വളരെ മേന്മയേറിയതായിരിക്കും എന്ന് ഈ വാക്യത്തില്‍ നിന്നു നമുക്കു മനസ്സിലാക്കാം. ശലോമോന്റെ ദൈവാലയത്തിനു പുറമേയുള്ള താല്‍ക്കാലികമായ മഹത്വം ഉണ്ടായിരുന്നു. എന്നാല്‍ പുതിയനിയമ സഭയുടെ മഹത്വം പുറമേയുള്ളതല്ല. അതിന്റെ മഹത്വം വളരെ മേന്മയേറിയതും നിത്യവും അകമേയുള്ളതുമാണ്. പെന്തക്കോസ്ത് ദിവസത്തില്‍ സംഭവിച്ച കാര്യം പഴയനിയമത്തില്‍ മുഴുവനും കാണുന്ന എന്തിനേക്കാളും മെച്ചമേറിയതാണ്.

ദൈവാലയം വീണ്ടും പണിയുവാന്‍ ധാരാളം പണം ആവശ്യമായിരുന്നു. കര്‍ത്താവ് അത് അറിഞ്ഞിരുന്നതിനാല്‍ ”വെള്ളി എനിക്കുള്ളത് പൊന്നും എനിക്കുള്ളത്” എന്ന് അരുളിച്ചെയ്യുന്നു (2:8). അവര്‍ക്കാവശ്യമായ സകല പണവും ദൈവം തന്നെ സംഭരിച്ച് നല്കുന്നു. കര്‍ത്താവിന്റെ പ്രവൃത്തിക്ക് പണം ആവശ്യമാണെന്ന് തനിക്കറിയുകയില്ലേ? പിന്നെ എന്തുകൊണ്ടാണ് ആളുകള്‍ മനുഷ്യരോട് പണം ചോദിക്കുന്നത്? സകല സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ഉടയവനായ കര്‍ത്താവിന്റെ അടുക്കല്‍ പോയി ചോദിക്കാത്തത് എന്തു കൊണ്ടാണ്? പ്രവൃത്തി നമ്മുടേതല്ല കര്‍ത്താവിന്റേതാണ്. തന്റെ പ്രവൃത്തിക്കായുള്ള സകല സഹായത്തിനും കര്‍ത്താവിനെത്തന്നെ എന്തുകൊണ്ട് ആശ്രയിച്ചുകൂടാ? എന്തുകൊണ്ടാണ് ഭൂരിപക്ഷം പാസ്റ്റര്‍മാരും പ്രസംഗകരും ദൈവത്തിന്റെ പ്രവൃത്തിക്കായി മനുഷ്യരോട് യാചിക്കുന്നത്?

യേശുവിന് ജീവിക്കുവാന്‍ പണം ആവശ്യമായിരുന്നു. തനിക്ക് തന്റെ തന്നെ ചെലവ്, 12 അപ്പൊസ്തലന്മാരുടെയും അവരെ ആശ്രയിച്ച അവരുടെ കുടുംബ ങ്ങളുടേയും ചെലവ് എന്നിവ സന്ധിക്കേണ്ടതുണ്ടായിരുന്നു. ദൈവത്തിന് ഈ കാര്യം അറിയാമായിരുന്നു. യേശുവിന്റെ ശുശ്രൂഷയ്ക്കായി ചില ധനിക കുടുംബങ്ങള്‍ പണം നല്കുവാന്‍ തക്കവണ്ണം ദൈവം കാര്യങ്ങളെ ക്രമീകരിച്ചു (ലൂക്കൊ. 8:2,3). യേശു അവരുടെ ദാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ താന്‍ ഒരിക്കലും തന്റെ സാമ്പത്തിക ആവശ്യങ്ങളെ വെളിപ്പെടുത്തുകയോ ആരോടെങ്കിലും പണം ചോദിക്കുകയോ ചെയ്തില്ല. ഈ ലോകത്തിലെ സകല വെള്ളിയുടെയും പൊന്നിന്റെയും ഉടമയായ തന്റെ പിതാവിനെ തന്റെ ലൗകിക ആവശ്യങ്ങള്‍ നിറവേറ്റുവാനായി അവിടുന്ന് ആശ്രയിച്ചു. അപ്പൊസ്തലന്മാര്‍ യേശുവിന്റെ മാതൃക പിന്‍തുടര്‍ന്ന് തങ്ങളുടെ ആവശ്യങ്ങളെ ദൈവത്തോട് മാത്രം അറിയിച്ചു. പുതിയ ഉടമ്പടിയിലുള്ള ഒരു ദൈവഭൃത്യനും തന്റെ ഭൗതിക ആവശ്യങ്ങള്‍ ഒരു മനുഷ്യനേയും അറിയിക്കയില്ല. അവര്‍ എല്ലാവരും സ്വര്‍ഗ്ഗീയ പിതാവ് തങ്ങളുടെ ആവശ്യങ്ങള്‍ എല്ലാം നിറവേറ്റുവാനായി തന്നില്‍ ആശ്രയിക്കുന്നു.

വീടിന് വാടക കൊടുക്കുവാനും ഭക്ഷണവും വസ്ത്രവും വാങ്ങുവാനും കുട്ടികളെ പഠിപ്പിക്കുവാനും ദൈവപ്രവൃത്തി ചെയ്യുവാനും നമുക്ക് പണം ആവശ്യമാണ്. കര്‍ത്താവ് പറയുന്നു: ”ഞാന്‍ ഇതെല്ലാം അറിയുന്നു.” താന്‍ നമ്മുടെ ആവശ്യങ്ങളെക്കുറിച്ച് സഹാനുഭൂതി ഇല്ലാത്തവനല്ല. നമുക്ക് യേശുവിന്റെയും അപ്പൊസ്തലന്മാരുടേയും മാതൃക പിന്‍തുടര്‍ന്ന് അവര്‍ ചെയ്ത കാര്യം ചെയ്യാം. ”വെള്ളി എനിക്കുള്ളത്, പൊന്നും എനിക്കുള്ളത്. നിന്റെ കുടുംബത്തിനും വേലയ്ക്കും വേണ്ട സകലത്തിനുമായി നീ എന്നെ ആശ്രയിക്കുന്നുവെങ്കില്‍ ഞാന്‍ സമൃദ്ധമായി തരാന്‍ തയ്യാറാണ്. ഇവയ്ക്കുവേണ്ടി നീ മനുഷ്യനോട് യാചിക്കുവാന്‍ പോകേണ്ട ആവശ്യമില്ല” എന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവ് പറയുന്നു.

മൂന്നാം സന്ദേശം: അനുസരണമുള്ളവര്‍ അനുഗൃഹീതരാകും (2:10-19)

നമുക്കു മൂന്നാമത്തെ സന്ദേശത്തിലേക്കു വരാം. ഒന്നാം സന്ദേശം ദൈവാലയം പൂര്‍ത്തീകരിക്കുന്നതിനായിരുന്നു. രണ്ടാം സന്ദേശം ദൈവാലയത്തിന്റെ മഹത്വ ത്തെക്കുറിച്ചായിരുന്നു. മൂന്നാമത്തെ സന്ദേശം വിശുദ്ധിയെക്കുറിച്ചും പാപത്തെക്കുറിച്ചുമുള്ളതാണ്. ഏതു പ്രവാചകനും ദൈവഭവനം പണിയുന്നതിനെപ്പറ്റി പറഞ്ഞ ശേഷം അടുത്തതായി വിശുദ്ധിയെക്കുറിച്ച് പറയുന്നതു നമുക്കു കാണാം. വിശുദ്ധിക്ക് ഊന്നല്‍ കൊടുത്തില്ലെങ്കില്‍ ദൈവഭവനം പണിയുവാന്‍ സാധ്യമല്ല. ധാരാളം പ്രസംഗകരും പാസ്റ്റര്‍മാരും തെറ്റിപ്പോകുന്നത് ഇക്കാര്യത്തിലാണ്.

സര്‍വ്വേശ്വരന്‍ ഇപ്രകാരം അരുളിച്ചെയ്യുന്നു: ”നിങ്ങള്‍ പുരോഹിതന്മാരോട് ന്യായപ്രമാണത്തെക്കുറിച്ച് ചോദിക്കേണ്ടതെന്തെന്നാല്‍: ഒരുത്തന്‍ തന്റെ വസ്ത്രത്തിന്റെ കോന്തലയ്ക്കല്‍ വിശുദ്ധമാംസം വഹിച്ചു ആ കോന്തല കൊണ്ട് അപ്പമോ പായസമോ വീഞ്ഞോ എണ്ണയോ എതെങ്കിലും ഒരു ഭക്ഷണസാധനമോ തൊട്ടാല്‍ അതു വിശുദ്ധമാകുമോ? അതിനു പുരോഹിതന്മാര്‍ ‘ഇല്ല’ എന്നുത്തരം പറഞ്ഞു. എന്നാല്‍ ഹഗ്ഗായി: ശവത്താല്‍ അശുദ്ധനായ ഒരുത്തന്‍ അവയില്‍ ഒന്നു തൊടുന്നുവെങ്കില്‍ അത് അശുദ്ധമാകുമോ എന്നു ചോദിച്ചതിന്: അത് അശുദ്ധമാകും എന്നു പുരോഹിതന്മാര്‍ ഉത്തരം പറഞ്ഞു” (2:11-13).

വിശുദ്ധി ഒരുത്തനില്‍ നിന്ന് മറ്റൊരാളിലേക്കു പകരപ്പെടുകയില്ല. എന്നാല്‍ പാപം പകരപ്പെടും എന്നതാണ് ഈ സന്ദേശത്തിന്റെ അര്‍ത്ഥം.

ആധുനിക കാലത്തെ ഒരു ഉദാഹരണം ഇതു കൂടുതലായി വ്യക്തമാക്കും. ഒരു ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തുന്ന തീയേറ്ററിലെ സകല സാമഗ്രികളും അണുബാധയില്ലാതെ രോഗാണുക്കളെ നിര്‍മ്മാര്‍ജ്ജനം ചെയ്ത് സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങള്‍ അണു നശീകരണം നടത്തിയ ഒരു കത്തി എടുത്ത് അഴുക്കു തുണിയില്‍ തൊട്ടാല്‍ ആ തുണി അണുബാധയില്ലാത്തതായിത്തീരുമോ? ഇല്ല. എന്നാല്‍ ഈ പ്രക്രിയ നേരെ തിരിച്ചു ചെയ്താല്‍, അതായത്, അഴുക്കു തുണി അണുബാധയില്ലാത്ത കത്തിയില്‍ ഒന്നു തൊട്ടാല്‍ ആ കത്തി പെട്ടെന്ന് വസ്ത്രത്തിലെ അണുക്കളാല്‍ മാലിന്യപ്പെട്ടതായിത്തീരും.

ഈ ഉദാഹരണത്തില്‍ നിന്ന് നമുക്ക് എന്തു പഠിക്കാം? പാപം പകര്‍ച്ച വ്യാധിയെപ്പോലെയാണ്. എന്നാല്‍ വിശുദ്ധി അങ്ങനെയല്ല.

ഒരു ആശുപത്രിയിലെ കത്തി അണുബാധ ഇല്ലാത്തതാക്കുവാന്‍ വളരെ സമയവും പരിശ്രമവും ആവശ്യമാണ്. എന്നാല്‍ അതു മലിനപ്പെടുത്തുവാന്‍ എത്ര സമയം വേണം? ഒരു നിമിഷം മാത്രം. അതുപോലെ തന്നെ നിങ്ങളെ പാപത്താല്‍ കളങ്കപ്പെടുത്തുവാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ നിങ്ങളെ വിശുദ്ധനാക്കിത്തീര്‍ക്കുക എന്നത് വളരെ ദുഷ്‌കരമായ ഒരു പ്രവൃത്തിയാണ്. പാപം വളരെ വേഗം പകരപ്പെടും. വിശുദ്ധി അങ്ങനെ അല്ല. ഇത് ഓര്‍ത്തു കൊള്‍ക.

”അവര്‍ അവിടെ അര്‍പ്പിക്കുന്നതും അശുദ്ധം അത്രേ”(2:14) എന്ന് കര്‍ത്താവ് അരുളിച്ചെയ്യുന്നു. അവര്‍ അര്‍പ്പിക്കുന്നത് നിയമപരമായി വിശുദ്ധമെങ്കിലും അവരുടെ കൈകള്‍ പാപത്താല്‍ അശുദ്ധമാകയാല്‍ അവര്‍ അര്‍പ്പിക്കുന്നതും അശുദ്ധം തന്നെ. ഇന്നും ദൈവം സഭയോടു പറയുന്ന കാര്യവും ഇതുതന്നെ. വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുന്ന പ്രാര്‍ത്ഥനകള്‍ വിശുദ്ധവും തീക്ഷ്ണവും ആയിത്തോന്നാം. വളരെ ഉച്ചത്തില്‍ ‘ഹാല്ലേലുയ്യാ, ആമേന്‍’ എന്ന് ശ്രോതാക്കള്‍ പറഞ്ഞേക്കാം. എന്നാല്‍ ഈ വ്യക്തിയുടെ ജീവിതത്തില്‍ പാപം ഉണ്ടെങ്കില്‍ അയാളുടെ പ്രാര്‍ത്ഥനയും പാപകരം തന്നെ. നിങ്ങള്‍ നിങ്ങളുടെ ഭാര്യയോട് കലഹിച്ചാല്‍ ഭാര്യയുമായി ആ കാര്യങ്ങള്‍ രമ്യതപ്പെടുത്താതെ നിങ്ങള്‍ക്ക് ദൈവത്തിന് വിശുദ്ധ പ്രാര്‍ത്ഥന എങ്ങനെ അര്‍പ്പിക്കുവാന്‍ സാധിക്കും? നിങ്ങളുടെ അശുദ്ധ ജീവിതം മൂലം പ്രാര്‍ത്ഥനയില്‍ അശുദ്ധി പകരപ്പെടുവാന്‍ ഇടയാകും. പ്രാര്‍ത്ഥന നിമിത്തം നിങ്ങള്‍ക്ക് ആളുകളുടെ പ്രീതി ലഭിച്ചേക്കാം. എന്നാല്‍ ദൈവം ആ പ്രാര്‍ത്ഥന തിരസ്‌കരിക്കുന്നു. നിങ്ങളുടെ വിശുദ്ധ വഴിപാടിലും പാപം കുടികൊള്ളുന്നു (പുറപ്പാട് 28:38).

തങ്ങളുടെ പാപമുള്ള ജീവിതത്തെ ക്രമീകരിക്കുവാന്‍ കര്‍ത്താവ് ആളുകളെ പ്രേരിപ്പിക്കുന്നു. അതിനുശേഷം, ”ഇന്നു മുതല്‍ ഞാന്‍ നിങ്ങളെ അനുഗ്രഹിക്കും എന്ന വാഗ്ദാനം നല്കുന്നു”(2:19). കര്‍ത്താവ് നമ്മെ അനുഗ്രഹിക്കുവാന്‍ താത്പര്യപ്പെടുന്നു. എന്നാല്‍ പാപത്തിനു മാത്രമേ ആ അനുഗ്രഹത്തെ തടയുവാന്‍ സാധിക്കുകയുള്ളു.

നാലാമത്തെ സന്ദേശം: സെരുബ്ബാബേല്‍ മാനിക്കപ്പെടുന്നു (2:20-23)

സെരുബ്ബാബേലിനോടുള്ള വ്യക്തിപരമായ സന്ദേശമാണ് അവസാന ദൂത്. ”ഞാന്‍ രാജ്യങ്ങളുടെ സിംഹാസനം മറിച്ചിടും… ഞാന്‍ രഥത്തെയും അതില്‍ കയറി ഓടിക്കുന്നവരേയും മറിച്ചുകളയും… എന്റെ ദാസനായ സെരുബ്ബാബേലേ ഞാന്‍ നിന്നെ എടുത്തു മുദ്രമോതിരമാക്കും. ഞാന്‍ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു” (2:22,23). ഇവിടുത്തെ മുദ്രമോതിരം പരിശുദ്ധാത്മ അഭിഷേകത്തിന്റെ ചിഹ്നമാണ്. മുടിയന്‍ പുത്രന്‍ തിരികെ വീട്ടില്‍ വന്നപ്പോള്‍ പിതാവ് ഒരു മോതിരം അവന്റെ വിരലില്‍ ഇട്ടു. ഇതു മാനസാന്തരപ്പെട്ട പാപിക്കു ലഭിക്കുന്ന പരിശുദ്ധാത്മാവിനെ കാണിക്കുന്നു.

ഹഗ്ഗായി ഒരു യഥാര്‍ത്ഥ പ്രവാചകനായിരുന്നു. അവന്‍ തന്നെത്തന്നെ മറച്ച് സെരുബ്ബാബേലിനെ ഉയര്‍ത്തുന്നതു കാണാം. അവന്‍ പറയുന്നു: ”സെരുബ്ബാബേലേ, ദൈവഭവനം പണിയുവാനായി നീ ഈ ആളുകളെ നയിക്കും. മോതിരം നിന്റെ വിരലില്‍ ആയിരിക്കും. എന്റെ ശുശ്രൂഷ ഈ ആളുകളെ ഉത്സാഹിപ്പിച്ച ശേഷം മറഞ്ഞിരിക്കുക എന്നതാണ്.” യഥാര്‍ത്ഥ പ്രവാചകന്മാര്‍ക്ക് മനുഷ്യരില്‍ നിന്ന് ഒരു മാനവും കിട്ടുകയില്ല. ദാവീദിനെപ്പോലെയുള്ള രാജാക്കന്മാര്‍ക്ക് മാനം ലഭിക്കും. സെരുബ്ബാബേലിനെപ്പോലെയുള്ള ഗവര്‍ണര്‍മാര്‍ക്ക് മാനം ലഭിക്കും. എന്നാല്‍ പ്രവാചകന്മാര്‍ തങ്ങള്‍ക്കുള്ള ശുശ്രൂഷ തികച്ച ശേഷം മറഞ്ഞിരിക്കും. ക്രിസ്തു തിരികെ വരുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ മാനം ലഭിക്കും. ക്രിസ്തീയ ഗോളത്തില്‍ നിന്നോ ലോകത്തില്‍ നിന്നോ ഒരു മാനവും അന്വേഷിക്കാതെ ദൈവവചനം തെളിച്ചുകാട്ടി ഒരു ദൈവഭൃത്യനായി ഇരിക്കുക. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക. അവരെ മുന്നോട്ട് ഉന്തിവിടുക. അവര്‍ നേതാക്കളും മൂപ്പന്മാരും ആയിരിക്കട്ടെ. മറ്റുള്ളവര്‍ക്ക് പേരും ചെയര്‍മാന്‍ പദവിയും ബോര്‍ഡിന്റെ ഡയറക്ടര്‍ എന്ന പേരും മാനവും പണവുമെല്ലാം ലഭിക്കട്ടെ. എന്നാല്‍ നീ ദൈവവചനം തെളിവായി കാട്ടിക്കൊടുത്ത് നിന്നെത്തന്നെ മറച്ചുകൊള്ളുക. യേശു നമുക്കൊരു മഹത്വകരമായ മാതൃക നല്കിയിട്ടുണ്ട്. ആ മാതൃക പിന്‍തുടരുക. യഥാര്‍ത്ഥ ദൈവഭൃത്യനായി തുടരുക.