ബൈബിളിലൂടെ : സെഖര്യാവ്

പഴയ നിയമത്തിലെ ‘വെളിപ്പാട്’


ബാബിലോണില്‍ നിന്നു ചുരുക്കം ആളുകള്‍ ദൈവാലയത്തിന്റെ പണിക്കായി തിരികെ വന്നപ്പോള്‍ ഹഗ്ഗായി പ്രവാചകനോടൊപ്പം പ്രവചിച്ച യുവാവായിരുന്നു സെഖര്യാവ്. ഹഗ്ഗായിയും സെഖര്യാവും ഒരുമിച്ചു പ്രവചിച്ചവരായിരുന്നു. പഴയ നിയമത്തില്‍ ഒരിടത്തും രണ്ട് പ്രവാചകന്മാര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതു കാണുന്നില്ല. ഏലീയാവ്, എലീശ, യോന ഇവരെല്ലാം തനിയെ പ്രവര്‍ത്തിച്ചവരായിരുന്നു. യിരെമ്യാവും ഹബക്കൂക്കും ഒരേ സമയത്തു ജീവിച്ചവരാണെങ്കിലും അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതു നാം കാണുന്നില്ല.

ഈ രീതിയില്‍ നോക്കുമ്പോള്‍ ഹഗ്ഗായിയും സെഖര്യാവും ബാക്കി എല്ലാ പഴയ നിയമ പ്രവാചകന്മാരില്‍ നിന്നും വിഭിന്നരായിരുന്നു. പഴയനിയമ കാലഘട്ടത്തിന്റെ അവസാനത്തില്‍ ദൈവം വ്യക്തികളെ പുതിയ നിയമ കാലഘട്ടത്തിലേക്ക് ഒരുക്കുകയായിരുന്നു. പുതിയനിയമ കാലഘട്ടത്തില്‍ ഒരുവനും തനിയെ പ്രവര്‍ത്തിക്കുന്നില്ല. യേശുവിന്റെ ശുശ്രൂഷയുടെ തുടക്കത്തില്‍ തന്നെ താന്‍ ശിഷ്യന്മാരെ ഈരണ്ടായി വിട്ടതായി നാം കാണുന്നു. ഇതിലൂടെ പുതിയനിയമ കാലഘട്ടത്തിലേക്ക് കര്‍ത്താവ് അവരെ അഭ്യസിപ്പിക്കുകയായിരുന്നു. പുതിയനിയമത്തില്‍ അടിസ്ഥാനപരമായി അത്യാവശ്യമായ ഒരു കാര്യമാണ് കൂട്ടായ്മ. അതിനാല്‍ പഴയനിയമ കാലഘട്ടത്തിന്റെ അവസാനത്തിലേക്കു നാം വരുമ്പോള്‍ പ്രായം വച്ചു നോക്കിയാല്‍ മുതിര്‍ന്നവനായ ഹഗ്ഗായിയും അതിലും കുറെയേറെ ചെറുപ്പമായ സെഖര്യാവും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന അത്ഭുതകരമായ മാതൃക നാം കാണുന്നു.

സെഖര്യാവ് ഹഗ്ഗായിയേക്കാള്‍ പ്രായം കുറഞ്ഞവനെങ്കിലും ദൈവം പ്രവചനത്തിനു വളരെ കൂടുതല്‍ അവസരം അവനു നല്കി. ദൈവം ഒരാളുടെ പ്രായം കണക്കിലെടുക്കുന്നില്ല. സെഖര്യാവ് യുവാവായിരുന്നപ്പോള്‍ തന്നെ ദൈവം അവനു ദര്‍ശനങ്ങളും പ്രവചന സന്ദേശങ്ങളും കൊടുത്തു (2:4). ഇതുപോലെ ദൈവം യിരെമ്യാവിനെ പ്രവചനത്തിനു വിളിച്ചപ്പോള്‍ അവന്‍ യുവാവായിരുന്നു. യുവാവായിരിക്കുന്ന എല്ലാവര്‍ക്കും ഇത് ഉത്സാഹം നല്കുന്ന സംഗതിയാണ്. നിങ്ങള്‍ യുവാവായിരിക്കുമ്പോള്‍ തന്നെ നിങ്ങളെ വിളിച്ച് പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്ത് ഹഗ്ഗായിയെപ്പോലെയുള്ള പ്രായം കൂടിയ ഒരു വ്യക്തിയോടു കൂടെ ആക്കിവയ്ക്കുവാനും അവസാനം അതിനേക്കാള്‍ വിപുലമായ ഒരു ശുശ്രൂഷ നിങ്ങള്‍ക്കു നല്കുവാനും ദൈവത്തിനു കഴിയും. കൃപ നിറഞ്ഞവനും ദൈവഭക്തനും മുതിര്‍ന്നവനുമായിരുന്നു ഹഗ്ഗായി. നാം മുമ്പെ കണ്ടപ്രകാരം അദ്ദേഹം സെരുബ്ബാബേലിനെ മുന്നോട്ടു നയിച്ചതുപോലെ സെഖര്യാവിനെയും മുന്നോട്ടു നയിച്ചു. യഥാര്‍ത്ഥ ദൈവമനുഷ്യന്‍ എല്ലായ്‌പ്പോഴും ഇങ്ങനെയാണ്. യുവാക്കളെ മുമ്പോട്ടു തള്ളിവിട്ടിട്ട് താന്‍ തന്നെ പുറകോട്ടു വലിയും. ഇങ്ങനെ യുവാക്കളെ തങ്ങളുടെ ശുശ്രൂഷ ചെയ്യുവാന്‍ അഭ്യസിപ്പിച്ചിട്ട് അവിടെ നിന്നു മാറി ദൈവം തങ്ങളെ ഉപയോഗപ്പെടുത്തുന്ന മറ്റു സ്ഥലങ്ങളില്‍ പോയി ശുശ്രൂഷ ചെയ്യുന്ന പ്രായം കൂടിയ ആളുകളെ ഇന്ത്യയെപ്പോലെയുള്ള ഒരു ദേശത്തു അത്യാവശ്യമാണ്. എല്ലാ പ്രവാചകന്മാരും ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്. പ്രവാചകനായി വിളിക്കപ്പെട്ട ഒരാള്‍ ഒരേ ശുശ്രൂഷയില്‍ എന്നേക്കുമായി സ്ഥിരപ്പെട്ടിരിക്കുന്നത് ശരിയല്ല. ഹഗ്ഗായി ഒരു യഥാര്‍ത്ഥ പ്രവാചകന്റെ ഉത്തമോദാഹരണമാണ്.

നിരുത്സാഹപ്പെട്ടിരിക്കുന്നവരെ ഉത്സാഹിപ്പിക്കുന്ന അനുഗൃഹീതമായ ഒരു ശുശ്രൂഷ സെഖര്യാവിനുണ്ടായിരുന്നു. തങ്ങളുടെ പിതാക്കന്മാര്‍ അടിമകളായിരുന്ന ബാബിലോണില്‍ നിന്നും തിരിച്ചുവന്ന ഈ യെഹൂദന്മാര്‍ പാവപ്പെട്ടവരും ധൈര്യ ഹീനരും നിരുത്സാഹപ്പെട്ടിരിക്കുന്നവരുമായിരുന്നു. അവര്‍ തോറ്റ മനുഷ്യരായിരുന്നു. 200 വര്‍ഷം മുന്‍പുള്ള തങ്ങളുടെ പൂര്‍വ്വപിതാക്കളെ അപേക്ഷിച്ച് അവര്‍ സംസ്‌ക്കാര സമ്പന്നരോ പരിഷ്‌കൃതരോ സമ്പന്നരോ ആയിരുന്നില്ല. സെഖര്യാവിന്റെ വിളി അവരെ ഉത്സാഹിപ്പിക്കുക എന്നതായിരുന്നു. അവര്‍ ഹഗ്ഗായിയുടെ സന്ദേശം കൈക്കൊണ്ടതിനാല്‍ ദൈവം സെഖര്യാവ് മുഖാന്തരം കൂടുതല്‍ സന്ദേശങ്ങള്‍ അവര്‍ക്കു കൊടുത്തു. ഒരു പ്രവാചകന്റെ സന്ദേശം നിങ്ങള്‍ കൈക്കൊണ്ടാല്‍ മറ്റൊരു പ്രവാചകനെ ദൈവം നിങ്ങളുടെ അടുക്കലേക്ക് അയയ്ക്കും. എന്നാല്‍ ഒരു പ്രവാചകന്റെ സന്ദേശം കേള്‍ക്കാന്‍ തയ്യാറല്ലെങ്കില്‍ കൂടുതല്‍ പ്രവാചകന്മാരെ ദൈവം നിങ്ങളുടെ അടുക്കലേക്കു അയയ്ക്കുകയില്ല.

70 വര്‍ഷം മുന്‍പ് തടവുകാരായി പിടിച്ചുകൊണ്ടു പോയ പൂര്‍വ്വ പിതാക്കന്മാരോടു താന്‍ അത്യന്തം കോപിച്ചിരിക്കുന്നു എന്ന് സെഖര്യാവില്‍ കൂടി കര്‍ത്താവ് തന്റെ ജനത്തോടു പറയുന്നു (1:2). തങ്ങളുടെ പിതാക്കന്മാരെപ്പോലെ ആകാതെ പ്രവാചകന്മാരുടെ ശബ്ദം കേട്ട് കര്‍ത്താവിലേക്കു മടങ്ങി വരുവാന്‍ പ്രവാചകന്‍ അവരെ പ്രബോധിപ്പിക്കുന്നു (1:3-5). പ്രവാചകന്മാര്‍ പിതാക്കന്മാരോടു പ്രവചിച്ച കാര്യങ്ങളെല്ലാം വളരെ കൃത്യമായി നിറവേറപ്പെട്ടു. ”ഞങ്ങളുടെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‌വാന്‍ നിരൂപിച്ചതു പോലെ തന്നേ അവന്‍ ഞങ്ങളോടു ചെയ്തിരിക്കുന്നു”(1:6). ഭൂരിപക്ഷം ക്രിസ്ത്യാനികളും അനുതപിക്കുന്നത് ദൈവദാസന്മാരില്‍ക്കൂടി വചനം ശ്രവിക്കുമ്പോഴല്ല, മറിച്ച് കര്‍ത്താവ് ശിക്ഷിക്കുമ്പോള്‍ മാത്രമാണ് എന്ന വസ്തുത സങ്കടകരമാണ്.

സെഖര്യാവിന്റെ പുസ്തകത്തെ നമുക്കു മൂന്നായി വിഭജിക്കാം. ഒന്നാമതായി അധ്യായം 1 മുതല്‍ 6 വരെയുള്ള ഭാഗത്ത് സെഖര്യാവിന്റെ എട്ട് ദര്‍ശനങ്ങള്‍ കാണപ്പെടുന്നു. ഇവയ്‌ക്കോരോന്നിനും ആത്മിക അര്‍ത്ഥങ്ങള്‍ ഉണ്ട്. അടുത്തതായി 7-ഉം 8-ഉം അധ്യായങ്ങളില്‍ പല വിഷയങ്ങളെക്കുറിച്ച് സെഖര്യാവ് സന്ദേശങ്ങള്‍ നല്കുന്നു. കപടഭക്തി, അനുസരണക്കേട്, യിസ്രായേലിന്റെ മടങ്ങിവരവ് എന്നിവയാണ് ആ വിഷയങ്ങള്‍. മൂന്നാമത്തെ അവസാനഭാഗത്ത് (അധ്യായം 9 മുതല്‍ 14 വരെ) മശിഹയെക്കുറിച്ച്- മശിഹയുടെ തിരസ്‌കരണം മഹത്വത്തിലുള്ള വീണ്ടും വരവ്, പിന്നീട് മുഴുവന്‍ ലോകത്തേയും ഭരിക്കുന്നത് എന്നിവ- കാണപ്പെടുന്നു.

ബാബിലോണില്‍ നിന്ന് യെരുശലേമിലേക്കുള്ള ദൈവജനത്തിന്റെ മുന്നേറ്റമാണ് സെഖര്യാവിന്റെ ഭാരം. യെരുശലേമായിരുന്നു എല്ലാ പ്രവാചകന്മാരുടെയും പ്രധാന ഭാരം. അതില്‍ ദൈവാലയത്തെക്കുറിച്ചാണ് ഹഗ്ഗായിയുടെ ഭാരം. സെഖര്യാവിന്റെ ഭാരം ദൈവാലയത്തെക്കുറിച്ചു മാത്രമല്ല യെരുശലേം നഗരത്തെക്കുറിച്ചും കൂടിയാണ്. യെരുശലേം നഗരം എന്നതു ദൈവസഭയുടെ പ്രതിരൂപമാണ്.

സെഖര്യാവിന്റെ ദര്‍ശനങ്ങള്‍

സെഖര്യാവിന്റെ ആദ്യ ദര്‍ശനത്തില്‍ ചോലയിലെ കൊഴുന്തുകളുടെ ഇടയില്‍ ചുവന്ന കുതിരപ്പുറത്തിരിക്കുന്ന ഒരു മനുഷ്യനെ കാണുന്നു (1:7-17). കൊഴുന്തുകള്‍ താഴെ തളിര്‍ക്കുന്ന വൃക്ഷമാണ്. ഇവ താഴ്മയെ കാണിക്കുന്നു. ഈ മനുഷ്യന് പിന്‍പില്‍ ചുവപ്പും തവിട്ടും വെളുപ്പും നിറമുള്ള കുതിരകള്‍ ഉണ്ടായിരുന്നു. ”ഇവ എന്തിനു വേണ്ടി, എന്നു ഞാന്‍ ചോദിച്ചു. അവ അപ്പോള്‍ ‘ഞങ്ങള്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു. സര്‍വ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു’ എന്ന് ഉത്തരം പറഞ്ഞു.” ഇത് ഭൂമിയില്‍ നടക്കുന്ന സകല കാര്യങ്ങളെയും ദൈവം ശ്രദ്ധിക്കുന്നു എന്നതിന്റെ ചിത്രമാണ്. തുടര്‍ന്ന് ”എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോടു പറഞ്ഞത് നീ എല്ലാവരും കേള്‍ക്കെ ഉച്ചത്തില്‍ ഇങ്ങനെ ഉദ്‌ഘോഷിക്കുക. ഞാന്‍ യെരുശലേമിനും സീയോനും വേണ്ടി മഹാതീക്ഷ്ണതയോടെ എരിയുന്നു. ഞാന്‍ കരുണയോടെ യെരുശലേമിലേക്കു തിരിഞ്ഞിരിക്കുന്നു. എന്റെ ആലയം അതില്‍ പണിയും. യെരുശലേമിന്മേല്‍ അളവുനൂല്‍ പിടിക്കും. യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരുശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും” (1:9-17). യെരുശലേമും സീയോന്‍ മലയും സഭയെ പ്രതിനിധീകരിക്കുന്നു. സാത്താന്റെയും അവന്റെ സകല ശക്തികളുടേയും എതിര്‍പ്പ് ഉണ്ടെങ്കിലും ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയെ ഈ ഭൂമിയില്‍ ദൈവം പണിയും.

ദൈവസഭ ചെറുതും എളിയതും ആണെങ്കിലും ഭൂമണ്ഡലത്തെ പരിപാലിക്കുന്ന ദൈവത്തിന്റെ കണ്ണുകള്‍ അവളുടെ മേല്‍ ഇരിക്കുന്നു എന്നതാണ് നമുക്ക് ഇതില്‍ നിന്നു കിട്ടുന്ന സന്ദേശം. നിങ്ങള്‍ തനിയെ ഇരിക്കുമ്പോള്‍ ബലഹീനനും സഹായ മറ്റവനുമായി ഇരുന്നേക്കാം. എന്നാല്‍ ഭൂലോകത്തെ മുഴുവന്‍ നോക്കുന്ന കര്‍ത്താവിന്റെ കണ്ണുകള്‍ നിനക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് ഓര്‍ക്കുക. കര്‍ത്താവ് തന്റെ സഭയെ ഏറ്റവും തീക്ഷ്ണമായി സ്‌നേഹിക്കുന്നു. ദൈവഭവനത്തെ പണിയുവാന്‍ സെഖര്യാവ് ആളുകളെ ഉത്സാഹിപ്പിച്ചത് ഇത്തരത്തിലാണ്.

രണ്ടാമത്തെ ദര്‍ശനത്തില്‍ നാലു കൊമ്പുകളെയും നാല് കൊല്ലന്മാരെയും കാണുന്നു (1:18-21). കൊമ്പ് കാണിക്കുന്നത് യിസ്രായേലിനെയും യെഹൂദയെയും ഭരിച്ചിരുന്ന 4 ലോക രാജ്യങ്ങളെയാണ്. അതായത് ഈജിപ്ത്, അസ്സീറിയ, ബാബിലോണ്‍, മേദ്യ-പാര്‍സ്യ എന്നിവ. ഇന്നത്തെ കാലത്ത് സഭയെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ നാലു ഭാഗങ്ങളില്‍ നിന്നും ആക്രമിക്കുന്ന ഇരുട്ടിന്റെ ശക്തികളെയാണ് ഇവ പ്രതിനിധീകരിക്കുന്നത്. ബൈബിളില്‍ കൊമ്പുകള്‍ ശക്തിയെ പ്രദര്‍ശിപ്പിക്കുന്നു. അതായത് കൊമ്പുകള്‍ പാതാളഗോപുരത്തേയും ആത്മിക മരണത്തിന്റെ ശക്തിയേയും കാണിക്കുന്നു. ഈ കൊമ്പുകള്‍ ദൈവജനത്തെ ചിതറിച്ചു കളഞ്ഞു (1:19). സാത്താന്റെ പ്രവൃത്തി ദൈവജനത്തെ ചിതറിക്കുക എന്നതാണ്. പരുദൂഷണം, അപവാദം, തെറ്റിദ്ധാരണ, തെറ്റായ പ്രസ്താവനകള്‍ എന്നിവയാല്‍ വിശ്വാസികളെ വിഭജിച്ച് ചിതറിക്കുക എന്നതാണത്. സാത്താന്‍ നിരന്തരമായി ഈ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

ഈ നാല് കൊമ്പുകള്‍ക്കും എതിരെ കര്‍ത്താവ് നാല് കൊല്ലന്മാരെ സെഖര്യാവിന് കാണിച്ചു കൊടുത്തു (1:20). ഈ കൊല്ലന്മാര്‍ ഈ കൊമ്പുകളെ നശിപ്പിച്ചു കളയുന്നു. ഇരുമ്പിനെ ചുറ്റികകൊണ്ട് അടിച്ച് അതിന്റെ ആകൃതി മാറ്റുന്ന ബലവാന്മാരായ മനുഷ്യരാണ് കൊല്ലന്മാര്‍. യെഹൂദയെ ചിതറിച്ച് താഴ്ച വരുത്തിയ ഈ നാല് കൊമ്പുകളെ ഭയപ്പെടുത്തുന്ന കൊല്ലന്മാരാണിവര്‍. ഇവര്‍ ഈ ശത്രുക്കളെ നിലത്തു വീഴ്ത്തി നശിപ്പിക്കുന്നു. ഹഗ്ഗായി, സെഖര്യാവ്, യോശുവ, സെരുബ്ബാബേല്‍ എന്നീ ദൈവഭൃത്യന്മാരെയാണു കൊല്ലന്മാര്‍ കാണിക്കുന്നത്. സാത്താനെ പേടിപ്പിക്കുവാന്‍ ദൈവം വടക്കും, തെക്കും, കിഴക്കും, പടിഞ്ഞാറും തന്റെ പ്രവാചകന്മാരെ എഴുന്നേല്‍പ്പിക്കുന്നു. നിങ്ങള്‍ സാത്താനെ ഭയപ്പെടുത്തുന്ന ഒരു ദൈവഭൃത്യനായിരിക്കണം (1:21).

ഭൂരിപക്ഷം വിശ്വാസികളും സാത്താനെയും അവന്റെ ദുഷ്ടാത്മാക്കളെയും ഭയപ്പെടുന്നവരാണ്. ഒരിക്കല്‍ പിശാചു ബാധിച്ച ഒരു വ്യക്തിയെ ഞാന്‍ നേരിട്ടപ്പോള്‍ അയാള്‍ എന്നെ തുറിച്ചുനോക്കി. ഒരു നിമിഷത്തേക്കു ഞാന്‍ ചഞ്ചലിച്ചുപോയി. എന്റെ വിശ്വാസത്തെ ശക്തിപ്പെടുത്താന്‍ ഞാന്‍ എന്നോടുതന്നെ ഈ ചോദ്യം ചോദിച്ചു – ”ഈ പൈശാചിക ശക്തിയെ യേശു കാല്‍വറിയില്‍ കീഴടക്കിയോ അതോ ഇത് രക്ഷപെട്ടോ?” പെട്ടെന്ന് ആ ചോദ്യത്തിന്റെ ഉത്തരം എനിക്ക് വ്യക്തമായി. സാത്താനേയും അവന്റെ സകല ശക്തികളേയും കാല്‍വറിയില്‍ യേശു ജയിച്ചതാണ്. ഒരുവനും രക്ഷപ്പെട്ടിട്ടില്ല എന്ന വിശ്വാസം എന്റെ ഹൃദയത്തില്‍ ഉയര്‍ന്നുവന്നു. ജയാളിയായ യേശുക്രിസ്തുവിന്റെ നാമത്തില്‍ തുടര്‍ന്നു ഞാന്‍ ആ പിശാചിനെ ഇറക്കിവിട്ടു. സാത്താനെയും അവന്റെ പൈശാചിക ശക്തിയേയും നാം ഒരിക്കലും ഭയപ്പെടേണ്ട ആവശ്യമില്ല. സാത്താന്‍ നിങ്ങളുടെ ഭവനത്തിലോ സഭയിലോ നിങ്ങള്‍ക്കെതിരെ ആളുകളെ ഇളക്കുമ്പോള്‍ ഈ പിശാച് കാല്‍വറിയില്‍ തോല്പിക്കപ്പെട്ടോ എന്ന ചോദ്യം നാം നമ്മോടു തന്നെ ചോദിക്കണം.

നാം സാത്താനെ ഭയപ്പെടുത്തുന്നവരാകണം. യേശു ഈ ഭൂമിയില്‍ നടന്നപ്പോള്‍ പിശാചിന്റെ അവസ്ഥ എങ്ങനെ ആയിരുന്നു? യേശു എവിടൊക്കെ ചെന്നോ അവിടെല്ലാം സാത്താന്‍ ഭയചകിതനായിരുന്നു. പിശാചുക്കള്‍ അലറിക്കൊണ്ട് പേടിയോടെ അന്യോന്യം പറഞ്ഞിരുന്നു: ”യേശു ഇങ്ങോട്ടു വരുന്നു. നമുക്കിവിടെ നിന്ന് ഓടിപ്പോകാം.” യേശു ആയിരുന്നതുപോലെ നാം ഇന്നു ലോകത്തില്‍ ആയിരിക്കുന്നു എന്ന് ബൈബിള്‍ പറയുന്നു (1 യോഹ. 4:17). നിങ്ങള്‍ നല്ല മനസ്സാക്ഷിയോടെ താഴ്മയില്‍ നടക്കുന്നുവെങ്കില്‍, ദൈവത്തെ മഹത്വീകരിക്കണം എന്ന ഏക ഇച്ഛയല്ലാതെ മറ്റൊരാഗ്രഹവും നിങ്ങള്‍ക്ക് ഇല്ല എങ്കില്‍, നിങ്ങള്‍ എവിടെ പോയാലും ”ഹേയ് അവന്‍ ഇവിടേക്കു വരുന്നു അവള്‍ ഇവിടേക്കു വരുന്നു” എന്ന് പിശാചുക്കളും പറയും. യേശുവിനെപ്പറ്റി പറഞ്ഞ പ്രകാരം നിങ്ങളെക്കുറിച്ചും പറയും. ”ഈ വ്യക്തി മറ്റ് ക്രിസ്ത്യാനികളെപ്പോലെ അല്ല. ഇവന്‍ താഴ്മയോടെ നല്ല മനസ്സാക്ഷിയോടെ ജീവിക്കുന്നതിനാല്‍ നാം അപകടത്തിലാണ്. നമുക്കിവിടം വിട്ടു പോകാം:” പിശാചുക്കള്‍ പറയും.

സാത്താന്റെ പ്രവൃത്തികളെ അടിച്ചു തകര്‍ക്കുവാന്‍ വേണ്ടി ദൈവത്തിന്റെ കൈകളിലിരിക്കുന്ന കൊല്ലന്മാരെപ്പോലെ നാം ആയിരിക്കുന്നത് അത്ഭുതകരമല്ലേ? നമുക്കു പ്രായം ചെല്ലും തോറും നാം കൂടുതല്‍ ശക്തിമാന്മാരായി തീരണം. എന്നാല്‍ ഇന്നത്തെ പല പ്രസംഗകരും പ്രായം ചെല്ലുന്നതിനനുസരിച്ച് തടിയന്മാരും, സമ്പന്നരും, അഭിഷേകം കുറഞ്ഞവരുമായി തീരുകയാണ്. ഉപവസിക്കുന്നവരും, കുറച്ച് ഭക്ഷിക്കുന്നവരും ലളിതമായി ജീവിക്കുന്നവരും ആവശ്യമില്ലാത്ത കാര്യങ്ങള്‍ പാവപ്പെട്ടവര്‍ക്കു കൊടുക്കുന്നവരും ആയി പ്രായം ചെല്ലുമ്പോള്‍ അധികം അഭിഷേകമുള്ളവരായി നാം തീരണം. ഇങ്ങനെയാണ് ഒരു യഥാര്‍ത്ഥ ദൈവഭക്തന്‍ ജീവിക്കുന്നത്. ഇന്നത്തെ നേതാക്കളും ക്രിസ്തീയ സമൂഹവും പോകുന്ന രീതിക്കു വിരുദ്ധമായി ജീവിക്കുക. യേശുവും ആദ്യകാല അപ്പൊസ്തലന്മാരും പോയ വഴിയില്‍ മുമ്പോട്ടു നീങ്ങുക. പ്രായം ചെല്ലുന്തോറും അവര്‍ കൂടുതല്‍ ശക്തരായിത്തീര്‍ന്നു.

‘നിന്റെ ബലം ജീവപര്യന്തം നിലനില്‍ക്കട്ടെ’ എന്ന ഒരു മനോഹരമായ വാഗ്ദാനം ആവര്‍ത്തനം 33:25-ല്‍ കാണുന്നു. എന്റെ എല്ലാ നാളുകളിലും ഞാന്‍ ഈ വാഗ്ദാനം എന്റെ അവകാശമായി ചോദിക്കുന്നു. യുവാക്കളായ നിങ്ങള്‍ യുവത്വം മുതല്‍ ഈ വാഗ്ദാനം അവകാശമായി ചോദിക്കുക. ഞാന്‍ എല്ലാക്കാലവും സാത്താനെ ഭയപ്പെടുത്തുന്നവനായി നില്ക്കുവാന്‍ താല്പര്യപ്പെടുന്നു എന്നു പറയുക.

സെഖര്യാവിനു ലഭിച്ച മൂന്നാം ദര്‍ശനത്തില്‍ ഒരു മനുഷ്യന്‍ യെരുശലേമിന്റെ നീളവും വീതിയും അളക്കുവാന്‍ ഒരുമ്പെടുന്നതായി കാണാം (2:1-13). ഒരു സഭയുടെ ശക്തി അവിടെ വരുന്ന ആളുകളുടെ എണ്ണത്താല്‍ കണക്കു കൂട്ടുന്നതിനു തുല്യമാണ് ഈ ദര്‍ശനം. എന്നാല്‍ ക്രിസ്തുവിന്റെ ശരീരമായ സഭയ്ക്ക് ഒരു അംഗത്വ പട്ടിക മാത്രമേ ഉള്ളൂ. അതാണ് ജീവന്റെ പുസ്തകം. ഒരു സഭയെ എങ്ങനെ അളക്കണം എന്ന് കര്‍ത്താവ് ഇവിടെ നമ്മെ പഠിപ്പിക്കുന്നു.

‘എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ സ്ഥലം ഇല്ലാതെ വരത്തക്കവണ്ണം യെരുശലേം ആളുകളുടെ ബഹുത്വത്താല്‍ നിറഞ്ഞിരിക്കും’ എന്ന് ഒരു ദൂതന്‍ സെഖര്യാവിനോട് പറഞ്ഞു. പലരും നഗരഭിത്തിയുടെ പുറമേ വസിക്കും. അവിടെ അവര്‍ സുരക്ഷിതരായിരിക്കും. ഇത് ഒരു ചെറിയ കൂട്ടമാണ്. ”ഈ നിന്ദിക്കപ്പെടുന്ന നമ്മുടെ കൂടെ ആര്‍ വന്നു ചേരും” എന്നു ഇവര്‍ ചിന്തിക്കുന്നു. ”ബാക്കി യെഹൂദരെല്ലാം ബാബിലോണില്‍ സന്തോഷമായി ജീവിക്കുന്നു. ഇവിടെ ഇതാ, ദൈവാലയം പണിയുവാന്‍ താല്പര്യപ്പെടുന്ന ഒരു ചെറിയ നിന്ദിത സമൂഹം. ഞങ്ങള്‍ ചെയ്യുന്ന പണിയില്‍ ആര്‍ക്കു താല്പര്യം ഉണ്ട്?”

ഒരു ദൂതന്‍ വന്നിട്ട് ഇവരെ ഉത്സാഹിപ്പിച്ചു പറഞ്ഞത്: ”നിങ്ങള്‍ വിചാരപ്പെടേണ്ട. അവിടെയും ഇവിടെയും ഉള്ള പലര്‍ നിങ്ങളെക്കുറിച്ച് കേട്ടിട്ട് ഒരു ദിവസം നിങ്ങളുടെ കൂടെ വന്നുചേരും. ഇന്നു നിങ്ങള്‍ ചുരുക്കമാണ്. ദൈവപ്രവൃത്തി എല്ലാം ചെറിയതായി ആരംഭിക്കുന്നു.” സത്യത്തിനു വേണ്ടി നിലകൊള്ളുന്ന, ദൈവപ്രമാണങ്ങളില്‍ വിട്ടുവീഴ്ച വരുത്താത്ത, നേതാക്കളെ ദൈവത്തിനു കാണാന്‍ കഴിഞ്ഞാല്‍ അവര്‍ ചുരുക്കമാണെങ്കിലും വടക്കുനിന്നും തെക്കുനിന്നും കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ചിലരെ- ദൈവഭക്തിക്കും യാഥാര്‍ത്ഥ്യത്തിനു വേണ്ടി ആഗ്രഹി ക്കുന്ന ആളുകളെ- ദൈവം നിങ്ങളുടെ കൂട്ടത്തിലേക്കു നയിക്കും. ദൈവം നിങ്ങളുടെ മധ്യത്തില്‍ ഉണ്ടെന്നും നിങ്ങളില്‍ ദൈവജീവന്‍ വ്യാപരിക്കുന്നുവെന്നും അവര്‍ ഗ്രഹിക്കും.

”ഞാന്‍ യെരുശലേമിനു (സഭയ്ക്കു) ചുറ്റും തീമതിലായിരിക്കും എന്ന് യഹോവ അരുളിച്ചെയ്യുന്നു” (2:5). ലൗകികവും, സംഘടാനാപരവുമായ മതിലല്ല സഭയ്ക്കുള്ളത്. ഉപദേശങ്ങളുടെ ഒരു പ്രസ്താവനയില്‍ ഒപ്പിട്ടുകൊടുത്തിട്ട് സഭയ്ക്കകത്തു വരുവാന്‍ സാധ്യമല്ല. യഥാര്‍ത്ഥ സഭയുടെ ഭാഗമാകണമെങ്കില്‍ അവര്‍ ഈ തീ മതിലില്‍ക്കൂടി കടന്നുവരണം. തനിക്കായും ലോകത്തിനായും ജീവിക്കുവാനുള്ള സകല താല്പര്യത്തേയും ആ തീ ദഹിപ്പിച്ചു കളയും. ഇങ്ങനെ മാത്രമേ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭാഗമാകുവാന്‍ സാധിക്കുകയുള്ളൂ.

ഒരു നഗരം തീ മതിലിനാല്‍ ചുറ്റപ്പെട്ടതു ഭാവന ചെയ്യുക. ആ പട്ടണത്തില്‍ എങ്ങനെ കടക്കുവാന്‍ സാധിക്കും?- തീ മതിലിലൂടെ കടന്നാല്‍ മാത്രം. എന്നാല്‍ ആ മതിലിലൂടെ കടക്കുമ്പോള്‍ തീ ചാമ്പലാക്കുന്നവ എല്ലാം ചാമ്പലാകും. തീ ചാമ്പലാക്കാത്തവ മാത്രം അകത്തു കടക്കും. ”നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയാണ്” (എബ്രാ. 12:29). ”ആര്‍ ദഹിപ്പിക്കുന്ന തീയുടെ അടുക്കല്‍ പാര്‍ക്കും?” (യെശ. 33:14).

വര്‍ഷങ്ങളായി പ്രസംഗകര്‍ ആ തീ മതിലിന്മേല്‍ വെള്ളം ഒഴിച്ചതിനാല്‍ ആ തീ കെട്ടുപോയിരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ ലൗകികാശയങ്ങളും അഭിലാഷങ്ങളും ലോകസ്‌നേഹവും ഒരുവനില്‍ ഉണ്ടെങ്കിലും അവന് അകത്തു കടന്ന് സഭയില്‍ അംഗമായിരിക്കുവാന്‍ സാധിക്കും! അത്തരം ഒരു സഭയില്‍ ദൈവം ഇല്ല എന്നതു തീര്‍ച്ചതന്നെ. കാരണം അവന്‍ എവിടെ വസിക്കുന്നുവോ ആ സഭയുടെ ചുറ്റും അവന്‍ ഒരു തീമതിലായിരിക്കും.

ഞാന്‍ അതിന്റെ നടുവില്‍ മഹത്വമായിരിക്കും എന്നു ദൈവം അരുളിച്ചെയ്യുന്നു. ദൈവമഹത്വം നിങ്ങളുടെ സഭയില്‍ കാണണമെങ്കില്‍ ദൈവം ആ സഭ്ക്കു ചുറ്റും തീമതിലാകുവാന്‍ നിങ്ങള്‍ അനുവദിക്കണം. ഇവ രണ്ടും ചേര്‍ന്നു പോകുന്നവയാണ്. ദൈവിക മാനദണ്ഡം അപ്രാപ്യമാംവിധം ഉന്നതമാണെന്നു നിങ്ങള്‍ പറഞ്ഞാല്‍ ആ തീയുടെ മുകളില്‍ നിങ്ങള്‍ വെള്ളം കോരി ഒഴിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ ദൈവമഹത്വം നിങ്ങളുടെ സഭയില്‍ കാണുകയില്ല. തീ മതില്‍ മാറിയാല്‍ മഹത്വവും മാറിപ്പോകും. ഉപദേശം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഒരു ഉപദേശ സംഹിതയ്ക്കും തീ മതിലാകുവാന്‍ സാധ്യമല്ല. ദൈവം തന്നെ ആ തീ മതിലാകണം. ഒരു സഭയുടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ശരിയായ ഉപദേശസംഹിത അല്ല. പിന്നെയോ ദൈവമഹത്വമാണ്. അത് അവിടെ ഉണ്ടെങ്കില്‍ ശരിയായ ഉപദേശം പിന്തുടര്‍ന്നു വരും. അതില്ലെങ്കില്‍ ശരിയായ ഉപദേശം കൊണ്ട് ഒരു ഉപയോഗവും ഇല്ല.

‘ബാബിലോണിനെ വിട്ടോടി യെരുശലേമിലേക്കു രക്ഷപ്പെടുവീന്‍’ (2:6). എത്ര നല്ല വചനമാണിത്. ഇന്നും ഈ കാര്യം ദൈവമക്കളോടു പ്രഖ്യാപിക്കേണ്ടത് അത്യാവശ്യമാണ്. ഓരോ വിശ്വാസിയും ബാബിലോണ്‍ വിടുവാനുള്ള തിരഞ്ഞെടുപ്പ് കൈക്കൊള്ളേണ്ടതുണ്ട്. ദൈവം ആരുടെയും കഴുത്തിനു പിടിച്ച് തള്ളി അവനെ പുറത്തു കൊണ്ടുവരികയില്ല. അതിന്റെ ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമാണ്. നിങ്ങള്‍ സ്വയം ആ തീരുമാനം എടുക്കണം. എന്റെ കാര്യം പറഞ്ഞാല്‍ ദൈവത്തേയും ദൈവവചനത്തേയും ആദരിക്കാത്ത ഒരു മതസംവിധാനത്തിന്റെ ഭാഗമാകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടെ പിന്‍ഗമിക്കുന്ന വ്യക്തികളോടുകൂടെ തീമതിലിനുള്ളില്‍ ദൈവമഹത്വത്തിന്റെ മധ്യത്തില്‍ ആകുവാന്‍ ഞാന്‍ കാംക്ഷിക്കുന്നു.

നിങ്ങള്‍ ഒരു സഭ പണിയുവാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ഇത്തരം ഒരു സഭ പണിയുക. മറ്റേതു തരം സഭയും അര്‍ത്ഥശൂന്യമാണ്. ഒരു നല്ല സഭ പണിയുവാന്‍ നിങ്ങള്‍ ഒരു വില കൊടുക്കേണ്ടതുണ്ട്. നിങ്ങള്‍ എവിടെ എങ്കിലും കണ്ട ഒരു മാതൃക പിന്‍തുടര്‍ന്ന് അതു പകര്‍ത്തുവാന്‍ സാധ്യമല്ല. ദൈവത്തിനു പ്രസാദകരമായ ഒരു സഭ പണിയുന്നതിനു മുന്‍പ് ദൈവത്തിന് അനിഷ്ടമായ സകലവും നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ചാമ്പലായി പോകേണ്ടതുണ്ട്. എല്ലാ ലോകാഭിലാഷവും ചാമ്പലായി പോയി എന്ന് ഉറപ്പു വരുത്തുക. ദൈവം വെറുക്കുന്ന സകലത്തേയും നിങ്ങള്‍ വെറുക്കുന്നു എന്നും ദൈവം സ്‌നേഹിക്കാത്ത ഒന്നിനേയും നിങ്ങള്‍ സ്‌നേഹിക്കുന്നില്ല എന്നും ഉറപ്പു വരുത്തുക. അങ്ങനെ എങ്കില്‍ ദൈവം തന്റെ സഭയുടെ പണിക്കായി ഉപയോഗിക്കുന്ന ഒരു പുരുഷനോ സ്ത്രീയോ ആയി നിങ്ങള്‍ക്കു തീരാം.

‘ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക: ഇതാ ഞാന്‍ വരുന്നു: ഞാന്‍ നിന്റെ മധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട്’ (2:10). അതിന്റെ ഫലമായി പല ജാതികളും ദൈവത്തോടു ചേര്‍ന്നു തന്റെ ജനമായിത്തീരും. കാരണം ദൈവം തന്റെ ജനത്തിന്റെ ഇടയില്‍ ഉണ്ടെന്ന് അവര്‍ കാണും (2:11).

നമുക്ക് ഇനി നാലാമത്തെ ദര്‍ശനത്തിലേക്കു വരാം (3:1-10). ഇത് ശുദ്ധീകരണത്തിന്റേയും കിരീട ധാരണത്തിന്റെയും ഒരു ദര്‍ശനമാണിത്. യോശുവ എന്ന മഹാപുരോഹിതന്റെ ശുദ്ധീകരണവും കിരീടധാരണവും. യിസ്രായേലിന്റെ ചരിത്രത്തില്‍ രണ്ടു വലിയ മുന്നേറ്റങ്ങള്‍ കാണാം. ഒന്നാമത്തേത് മിസ്രയിമില്‍ നിന്ന് കനാന്‍ ദേശത്തേക്കുള്ളതാണ്. രണ്ടാമത്തേത് ബാബിലോണില്‍ നിന്ന് യെരുശലേമിലേക്കുള്ള പ്രയാണവും. ഈ രണ്ടിലും ഓരോ യോശുവമാരെ കാണാം. ഒരു യോശുവ യിസ്രായേല്‍ ജനത്തെ കനാന്‍ ദേശത്തേക്കു നടത്തി. മറ്റൊരു യോശുവ യെരുശലേമില്‍ മഹാപുരോഹിതനായിരുന്നു. ഇത് ഒരു യാദൃച്ഛിക സംഭവമല്ല. യോശുവ എന്നത് യേശുവിന്റെ എബ്രായ പദമാണ്. ഇതിന്റെ അര്‍ത്ഥം ‘രക്ഷകന്‍’ എന്നാണ്. യേശു ആണ് നമ്മെ പാപമാകുന്ന രാക്ഷസനില്‍ നിന്ന് വിടുവിച്ച് ജയജീവിതത്തിലേക്ക് നടത്തുന്നത്. മാത്രമല്ല യേശു ആണ് നമുക്കുവേണ്ടി മഹാപുരോഹിതനെന്ന നിലയില്‍ പക്ഷവാദം ചെയ്യുന്നതും.

എന്നാല്‍ യോശുവയെ ഈ ഭാഗത്തു ദൈവമക്കളുടെ നേതാവ് എന്ന നിലയില്‍ നിങ്ങള്‍ കാണണമെന്നാണ് എന്റെ താല്പര്യം. ഈ നേതാവിന് തന്റെ ജീവിതത്തില്‍ മനഃപൂര്‍വ്വം അല്ലെങ്കിലും അറിയപ്പെടുന്ന പാപം ഉണ്ടായിരുന്നു. മനപ്പൂര്‍വ്വമായി ചെയ്ത ഒരു പാപം ആയിരുന്നെങ്കില്‍ അതു വളരെ ഗൗരവതരമായ ഒരു പാപം ആയിരുന്നേനേ. പൗലൊസ് പറയുന്നതു ശ്രദ്ധിക്കുക. ”എനിക്കു യാതൊരു കുറ്റത്തെക്കുറിച്ചും ബോധമില്ലെങ്കിലും അതിനാല്‍ ഞാന്‍ നീതിമാന്‍ എന്നു വരികയില്ല. എന്റെ മനസ്സാക്ഷി ശുദ്ധമാണ്. എന്നാല്‍ എന്നെ വിധിക്കുന്നവന്‍ കര്‍ത്താവാകുന്നു. എനിക്കു കാണാന്‍ കഴിവില്ലാത്ത പലതും കര്‍ത്താവ് കാണുന്നു. ദൈവം ഏതെങ്കിലും ഒരു പാപം എന്നെ കാണിച്ചാല്‍ അതു ഏറ്റുപറഞ്ഞ് ഉപേക്ഷിച്ച് ഞാന്‍ ശുദ്ധീകരണം പ്രാപിക്കുന്നു” (1 കൊരി. 4:4 പരാവര്‍ത്തനം).

നമുക്കു ബോധപൂര്‍വ്വമായും അല്ലാതെയും പാപം ചെയ്യാം. നമ്മുടെ മരണദിനം വരെ നമ്മില്‍ എല്ലാവരിലും ബോധപൂര്‍വ്വമല്ലാതെ ഉള്ള പാപവും അബദ്ധവശാല്‍ വന്നുപോകുന്ന പാപവും ഉണ്ടാകും. ഇതേ രീതിയില്‍ നേതാക്കളിലും പാപം കാണും. ക്രിസ്തുവിനെപ്പോലെ പൂര്‍ണ്ണതയുള്ള ഒരു നേതാവും ലോകത്തെവിടെയും ഇല്ല. പൗലൊസ് അപ്പൊസ്തലനും പൂര്‍ണ്ണതയില്‍ എത്തിയിരുന്നില്ല. ഇതിനൊരു ഉദാഹരണം നോക്കാം. മഹാപുരോഹിതന്റെ കോടതിയില്‍ പൗലൊസിന്റെ കരണത്തടിക്കാന്‍ കല്പിച്ചപ്പോള്‍ ”ദൈവം നിന്നെ അടിക്കും. വെള്ള തേച്ച ചുവരേ” എന്നു ദേഷ്യത്തോടെ പൗലൊസ് മഹാപുരോഹിതനു മറുപടി പറഞ്ഞു (അപ്പൊ.പ്ര. 23:3). എന്നാല്‍ യേശുവിന്റെ കരണത്തടിച്ചപ്പോള്‍ യേശു മഹാപുരോഹിതനോട് അപ്രകാരം ഭീഷണി വാക്കു പറഞ്ഞില്ല. ഇവിടെ യേശുവിന്റെ പ്രതികരണത്തിലും പൗലൊസിന്റെ പ്രതികരണത്തിലും ഉള്ള വ്യത്യാസം നമുക്കു കാണാം (എന്നാല്‍ പൗലൊസ് തന്റെ പാപം ഏറ്റു പറഞ്ഞ് ക്ഷമചോദിച്ച് പെട്ടെന്നു തന്നെ കാര്യം ഒത്തുതീര്‍പ്പിലാക്കി).

ആര്‍ക്കും തന്നെ പാപരഹിത പരിപൂര്‍ണ്ണത ലോകത്തില്‍ നേടാന്‍ സാധ്യമല്ല. കര്‍ത്താവു രണ്ടാമതു വരുമ്പോള്‍ മാത്രമേ നാം അവനേപ്പോലെ ആവുകയുള്ളൂ. അതിനാല്‍ ദൈവമക്കളുടെ നേതാക്കളിലും ചില കുറവുകള്‍ കാണും. സഭയിലുള്ള ഏറ്റവും വലിയ പ്രവാചകന്മാരിലും കുറവുകള്‍ കാണും. എന്നാല്‍ ഈ കുറവുകളാല്‍ നാം അസ്വസ്ഥരാകരുത്. വ്യഭിചാരം, പണമോഹം എന്നിവ പോലെയുള്ള പാപങ്ങളെക്കുറിച്ചല്ല ഞാന്‍ ഇവിടെ പരമാര്‍ശിക്കുന്നത്. ഇവ ഗൗരവതരമായ പാപങ്ങളാണ്. ഇവ അബോധമനസ്സിലെ പാപങ്ങളല്ല. ഗൗരവമല്ലാത്ത ചില ചെറിയ കുറവുകളെപ്പറ്റിയാണ് ഞാന്‍ ഇവിടെ പറയുന്നത്. എന്നിരുന്നാലും അവ ക്രിസ്തുവിന്റെ സ്വഭാവത്തോടു ചേരാത്ത കാര്യങ്ങള്‍ തന്നെ.

യോശുവ എന്ന മഹാപുരോഹിതന്‍ കര്‍ത്താവിന്റെ മുമ്പാകെ നിന്നപ്പോള്‍ സാത്താന്‍ അവനെ കുറ്റം ചുമത്തുവാന്‍ അവിടെ വന്നു. സാത്താന്‍ എല്ലയ്‌പ്പോഴും നേതാക്കളെ കുറ്റം പറഞ്ഞ് അവര്‍ക്കു ദോഷം വരുത്തുവാന്‍ ശ്രമിക്കുന്നു. അവന്‍ അവരുടെ ഭാര്യമാരെയും കുട്ടികളെയും ഉന്നം വെയ്ക്കുന്നു. ഒരു നേതാവ് നിങ്ങളെക്കാള്‍ അധികമായി സാത്താന്‍ ഉന്നം വച്ചിരിക്കുന്ന ആളാകയാല്‍ അവനെ കഠിനമായി വിധിക്കാതിരിക്കുക. നിങ്ങളുടെ ഭാര്യയേയും മക്കളേയും അപേക്ഷിച്ച് അയാളുടെ ഭാര്യയേയും മക്കളേയും സാത്താന്‍ ഉന്നം വയ്ക്കുന്നു. കര്‍ത്താവിന്റെ മുമ്പില്‍ യോശുവയെ കുറ്റപ്പെടുത്തുവാന്‍ വേണ്ടി സാത്താന്‍ നിന്നു. ”നിന്റെ കുറ്റാരോപണത്തെ ഞാന്‍ നിരസിക്കുന്നു” എന്ന് കര്‍ത്താവ് അരുളിച്ചെയ്തു (3:2). പിതാവിന്റെ അടുക്കല്‍ യേശു എന്ന കാര്യസ്ഥന്‍ നമുക്ക് ഉണ്ട്. ചിലപ്പോള്‍ സാത്താന്‍ എന്ന അപവാദിയെ പ്രാധാന്യത്തോടെ കാണുന്നതിനാല്‍ നമുക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്ന നമ്മുടെ കാര്യസ്ഥനെ നാം മറന്നുപോകുന്നു.

സ്വര്‍ഗ്ഗത്തില്‍ ഇപ്പോള്‍ രണ്ടു ശുശ്രൂഷകള്‍ നടന്നുവരുന്നു. ഒന്ന്: സാത്താന്റെ കുറ്റാരോപണം. സാത്താന്‍ ഇയ്യോബിനെയും യോശുവയെയും കുറ്റം പറയുന്നത് നമുക്കു കാണാം. ഇതേ സമയം സ്വര്‍ഗ്ഗത്തില്‍ മറ്റൊരു ശുശ്രൂഷ നടന്നുകൊണ്ടിരിക്കുന്നു. ”യേശു നമുക്കുവേണ്ടി സദാ പക്ഷവാദം ചെയ്യുന്നു” (എബ്രാ. 7:25). ഈ രണ്ടു ശുശ്രൂഷകള്‍ കുറ്റാരോപണത്തിന്റെ ശുശ്രൂഷയും പക്ഷവാദത്തിന്റെ ശുശ്രൂഷയും ആണ്. സാത്താനുമായി കൂട്ടായ്മ നടത്തുന്നവര്‍ മറ്റു സഹോദരന്മാരെ പ്പറ്റി അപവാദം പറയുന്നു. എപ്പോഴൊക്കെ മറ്റൊരു സഹോദരനെതിരെ നാം അപവാദം പറയുകയും കുറ്റം പറയുകയും ചെയ്യുന്നുവോ അപ്പോഴൊക്കെ അറിഞ്ഞാലും ഇല്ലെങ്കിലും നാം സാത്താനുമായി കൈകോര്‍ത്തു നിന്നുകൊണ്ട് ”ഞാന്‍ നീയുമായി ഏകാഭിപ്രായത്തിലാണ്, അവന്‍ അങ്ങനെ തന്നെയാണ്” എന്നു പറയുകയാണ് ചെയ്യുന്നത്. ഇതേസമയം എപ്പോഴൊക്കെ ബലഹീന സഹോദരനുവേണ്ടി നാം പ്രാര്‍ത്ഥിക്കുന്നുവോ അപ്പോഴൊക്കെ യേശുവുമായി കൈകോര്‍ത്തു പിടിച്ചുകൊണ്ട് ”ഞാന്‍ നീയുമായി ഏകാഭിപ്രായത്തിലാണ്. അവിടുന്ന് ആ സഹോദരനു വേണ്ടി പക്ഷവാദം ചെയ്ത് അവനെ ആ പ്രശ്‌നത്തില്‍ നിന്നും വിടുവിച്ചാലും” എന്നു പറയുകയാണ് ചെയ്യുന്നത്. എത്ര തവണ നിങ്ങള്‍ സാത്താനുമായി കൈകോര്‍ത്തു നിന്നു? എത്ര തവണ നിങ്ങള്‍ യേശുവുമായി കൈകോര്‍ത്തു പിടിച്ചു? ഇതു നിങ്ങള്‍ക്കറിയാം. വരുന്ന ദിവസങ്ങളില്‍ എങ്കിലും കാര്യങ്ങള്‍ വ്യത്യാസപ്പെടു മാറാകട്ടെ!

സാത്താന്‍ യോശുവയെ കുറ്റം പറഞ്ഞപ്പോള്‍ ”ഞാന്‍ നിന്നെ ഭത്സിക്കുന്നു” എന്നു കര്‍ത്താവ് മറുപടി പറഞ്ഞു. ചില ആളുകള്‍ കുറ്റാരോപണവുമായി എന്റെ അടുക്കല്‍ വരുമ്പോള്‍ ഞാന്‍ ഇതു തന്നെയാണ് പറയുന്നത്. എന്റെ ഭവനത്തില്‍ മറ്റൊരാളെ കുറ്റം പറഞ്ഞുകൊണ്ട് ഒരു വ്യക്തി വന്നാല്‍ ഞാന്‍ ഇപ്രകാരം പറയും: ”നിങ്ങള്‍ കുറ്റം ചുമത്തുന്ന ആ സഹോദരനെ ഇപ്പോള്‍ തന്നെ ഞാന്‍ വിളിക്കട്ടെ. നിങ്ങള്‍ ഇപ്രകാരം പറഞ്ഞു എന്നു ഞാന്‍ അയാളോടു പറയട്ടെ.” ഉടനെ അപവാദം പറഞ്ഞയാള്‍ ”അങ്ങനെ ദയവു ചെയ്തു ചെയ്യരുതേ” എന്നു പറയും. മറുപടിയായി ഞാന്‍ ഇപ്രകാരം പറയും ”എനിക്ക് പറയേണ്ടതുണ്ട്. ഞാന്‍ എന്റെ എല്ലാ സഹോദരന്മാരോടും വിശ്വസ്തനാണ്. നിങ്ങളെ മറ്റൊരാള്‍ എന്തെങ്കിലും പറഞ്ഞ് എന്റെ അടുക്കല്‍ വന്നാല്‍ ഞാന്‍ നിങ്ങളെയും വിളിച്ച് ഈ വ്യക്തി ഇപ്രകാരം പറയുന്നു എന്നു ഞാന്‍ പറയുമായിരുന്നു. അതിനാല്‍ നിങ്ങള്‍ മറ്റൊരു വ്യക്തിയെക്കുറിച്ച് ഇപ്രകാരം കുറ്റം പറയുമ്പോള്‍ ആ വ്യക്തിയെ വിളിച്ച് നിങ്ങള്‍ ഇങ്ങനെ പറയുന്നു എന്നു പറയേണ്ടുന്നത് ആവശ്യമാണ്.” എന്റെ ഇപ്രകാരമുള്ള സമീപനത്തിന്റെ ഫലം എന്താണെന്നറിയാമോ? കുറ്റാരോപണത്തില്‍ നിന്ന് എന്റെ ഭവനം സുരക്ഷിതമായിത്തീരുന്നു. ഞാന്‍ ചെയ്ത ഇതേ കാര്യം നിങ്ങളും ചെയ്യുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു.

കര്‍ത്താവ് സാത്താനോട് പറഞ്ഞു: ”ഞാന്‍ ഇത്തരം അപവാദങ്ങള്‍ നിരസിക്കുന്നു. ഈ വ്യക്തി ദൈവപൈതലാണ്. ഇവന്‍ തീയില്‍നിന്നും വലിച്ചെടുക്കപ്പെട്ട കൊള്ളിയല്ലയോ?” യോശുവയുടെ വസ്ത്രം മുഷിഞ്ഞിരുന്നതുകൊണ്ട് തുടര്‍ന്നു ”മുഷിഞ്ഞ വസ്ത്രം അവങ്കല്‍നിന്നു നീക്കിക്കളവീന്‍” എന്നും ദൂതന്‍ കല്പിച്ചു. ”മുഷിഞ്ഞ വസ്ത്രം നീക്കുവീന്‍, അവനെ പുതിയ വസ്ത്രം അണിയിക്കുക” എന്നു യേശു എന്ന കാര്യസ്ഥന്‍ നമുക്കു വേണ്ടി പറയുന്നതിനു സമമായ ഒരു കാര്യമാണിത്.

ഇപ്പോള്‍ യോശുവ ക്രിസ്തുവില്‍ നീതിവസ്ത്രം ധരിച്ച് അവിടെ നില്ക്കുന്നു. ക്രിസ്തുവിന്റെ നീതിവസ്ത്രം ധരിച്ചവരായാണ് നാം സകല ദൈവമക്കളെയും കാണേണ്ടത്. ഇവിടെ ഏറ്റവും നല്ല ഒരു കാര്യം ശ്രദ്ധിക്കുക. ഇക്കാര്യങ്ങളെല്ലാം കണ്ടുനിന്ന സെഖര്യാവ് ആത്മാവില്‍ കര്‍ത്താവിനോട് ചേര്‍ന്ന് നിന്നുകൊണ്ടു പറഞ്ഞു: ”കര്‍ത്താവേ, ഇതു മനോഹരം. അവന്റെ തലയില്‍ വെടിപ്പുള്ളൊരു തലപ്പാവ് കൂടി വെയ്ക്കട്ടെ.” ഇവിടെ അഴുക്കുള്ളവനായ യോശുവായെ മഹത്വവാനാക്കുന്ന പ്രക്രിയയില്‍ സെഖര്യാവ് കര്‍ത്താവിനൊപ്പം ചേരുന്നത് നമുക്കു കാണാം.

നിന്റെ സഹോദരനെ മഹത്വീകരിക്കുന്ന ഇത്തരമൊരു ശുശ്രൂഷയില്‍ നിനക്കു പങ്കാളി ആകണോ? ഇതു പ്രായോഗിക തലത്തില്‍ എങ്ങനെയാണ്? ആരെങ്കിലും ഒരു സഹോദരനെ കുറ്റം പറഞ്ഞുകൊണ്ട് എന്റെ അടുക്കല്‍ വരുമ്പോള്‍ അവനില്‍ ഇന്നിന്ന നല്ല ഗുണവിശേഷങ്ങള്‍ ഉണ്ടല്ലോ എന്നു ഞാന്‍ മറുപടി പറയും. ഞാന്‍ ചില ഗുണങ്ങള്‍ വിവരിക്കും. കുറ്റം പറഞ്ഞ വ്യക്തിയുടെ വായ് പെട്ടെന്ന് അടഞ്ഞു പോകും. പ്രാര്‍ത്ഥിക്കുമ്പോള്‍ പോലും ഇതൊരു അത്ഭുത ശുശ്രൂഷയാണ്. ‘പ്രാര്‍ത്ഥിക്കുന്ന ഹൈഡ്’ എന്ന അപര നാമത്തില്‍ അറിയപ്പെട്ടിരുന്ന ജോണ്‍ ഹൈഡ് 20-ാം നൂറ്റാണ്ടിന്റെ ആദ്യ ഭാഗത്ത് വടക്കെ ഇന്ത്യയില്‍ പ്രവര്‍ത്തിച്ച ഒരു മിഷനറി ആയിരുന്നു. അവന്‍ തന്റെ പ്രാര്‍ത്ഥനയില്‍ ഒരു പാസ്റ്ററുടെ ചില ബലഹീന വശങ്ങള്‍ കര്‍ത്താവിനോടു പറഞ്ഞ ഒരു സംഭവം വിവരിക്കുന്നുണ്ട്. പെട്ടെന്ന് തനിക്കു ശ്വാസം മുട്ടുന്നതു പോലെ തോന്നി. കുറ്റം പറയുന്ന ശുശ്രൂഷ നിറുത്തി മധ്യസ്ഥത വഹിക്കുന്ന ശുശ്രൂഷ ഏറ്റെടുക്കാന്‍ പരിശുദ്ധാത്മാവ് തന്നോടു പറഞ്ഞു. പ്രാര്‍ത്ഥനയില്‍ പോലും മറ്റുള്ളവരെ കുറ്റം പറയരുത് എന്ന് ഹൈഡ് അന്നു മനസ്സിലാക്കി.

ദൈവമക്കളെ വിമര്‍ശിക്കുവാന്‍ സാത്താനോടൊപ്പം ചേരാതിരിക്കുക. പകരം അവര്‍ക്കായി പ്രാര്‍ത്ഥിക്കുക. കര്‍ത്താവ് എപ്പോഴൊക്കെ ഒരു ആത്മാര്‍ത്ഥ ദൈവദാസന്റെ കാര്യം നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നുവോ അപ്പോഴൊക്കെ അവനുവേണ്ടി പ്രാര്‍ത്ഥിക്കുക. ആ സമയത്ത് സാത്താന്‍ അവനെ ആക്രമിക്കുന്നുണ്ടാവാം. അവന്റെ കുടുംബത്തെ സംരക്ഷിക്കുവാനും അവന്റെ ശുശ്രൂഷയെ അനുഗ്രഹിക്കുവാനും കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കാം.

പാപത്തെ അവഗണിക്കുവാനും തെറ്റിനു നേരെ കണ്ണടയ്ക്കുവാനുമല്ല ഞാന്‍ ഉപദേശിക്കുന്നത്. പഴയകാലത്തിലെ പ്രവാചകന്മാര്‍ ചെയ്തിരുന്നതുപോലെ ഉപദേശത്തിലുള്ള പാപങ്ങളും തെറ്റുകളും നിഷ്‌ക്കരുണമായി വെളിച്ചത്തു കൊണ്ടുവരണം. എന്നാല്‍ നമ്മുടെ വാക്കുകളില്‍ അപവാദിയുടെ ആത്മാവിന്റെ ഒരു ലാഞ്ഛനയും കാണരുത്.

അഞ്ചാമത്തെ ദര്‍ശനത്തില്‍ കര്‍ത്താവ് സെഖര്യാവിനെ പൊന്നു കൊണ്ടുള്ള ഒരു വിളക്കു തണ്ടും അതിന്റെ തലയ്ക്കല്‍ എണ്ണ എടുക്കാനുള്ള ഒരു കുടവും കാണിച്ചു (4:1-14). ഈ കുടത്തിന്റെ ഇരുഭാഗത്തും കുടത്തിലേക്കു കുഴലുള്ള ഓരോ ഒലിവുമരവും ഉണ്ടായിരുന്നു. പഴയനിയമത്തിലെ ദൈവാലയത്തില്‍ പുരോഹിത ന്മാര്‍ ദിവസവും വിളക്കുതണ്ടില്‍ പുതിയ എണ്ണ ഒഴിച്ചു കൊടുക്കാറുണ്ട്. ഇവിടെ ആകട്ടെ ഒലിവുമരത്തില്‍ നിന്നു എണ്ണ വിളക്കു തണ്ടിലേക്കു നേരെ ഒഴുകി വരുന്നതു കാണാം. വിളക്കു തണ്ട് സഭയേയും ഒഴുകി വരുന്ന എണ്ണ സഭയില്‍ കാണുന്ന തുടര്‍മാനമായ പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയേയും കാണിക്കുന്നു (വെളിപ്പാട് 1:20).

സഭയെ പുതുക്കത്തിലും ആത്മനിറവിലും നിറുത്തുന്ന അഭിഷിക്തരായ ശുശ്രൂഷകന്മാരെ ആണ് ഈ രണ്ട് മരങ്ങള്‍ കാണിക്കുന്നത് (4:14). അവര്‍ ദൈവാത്മാവില്‍ നിറഞ്ഞവരും എപ്പോഴും ദൈവാത്മാവുമായി ബന്ധത്തില്‍ ഇരിക്കുന്നവരുമാണ്. ഇതുപോലെയുള്ള പല ശുശ്രൂഷകരെയും സഭയ്ക്ക് ആവശ്യമുണ്ട്.

ഇപ്പറഞ്ഞതുപോലെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന രണ്ട് ആളുകളായിരുന്നു ഹഗ്ഗായിയും സെഖര്യാവും. എല്ലാ ദൈവശുശ്രൂഷകന്മാര്‍ക്കും തങ്ങളുടെ ശുശ്രൂഷ സന്തുലനാവസ്ഥയില്‍ സൂക്ഷിക്കുവാന്‍ മറ്റൊരു ശുശ്രൂഷകനെ ആവശ്യമുണ്ട്. ഒരു മരം ഒരു വശത്തുനിന്നും മറ്റേ മരം മറുവശത്തുനിന്നും എണ്ണ ഒഴിക്കുന്നത് ഇവിടെ കാണാം. ഒരാള്‍ കൃപയ്ക്കും മറ്റൊരാള്‍ സത്യത്തിനും പ്രാധാന്യം കൊടുത്തു സംസാരിക്കും. ഇരുവരും കൂടി ക്രിസ്തുവില്‍ കാണുന്ന ദൈവമഹത്വത്തെ പ്രദര്‍ശിപ്പിക്കുന്നതിനാല്‍ സഭയുടെ വിളക്കു തണ്ട് ശോഭയോടെ പ്രകാശിക്കുന്നതായി നമുക്കു കാണാം (യോഹ. 1:14).

എവിടെ രണ്ടു സഹോദരന്മാര്‍ സഭയുടെ പണിക്കു വേണ്ടി പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിലും എന്നാല്‍ മത്സരമോ അസൂയയോ സ്വാര്‍ത്ഥാഭിലാഷങ്ങളോ മറ്റൊരാളേക്കാള്‍ മെച്ചമായി പ്രകടിപ്പിക്കാനുള്ള ആഗ്രഹമോ കൂടാതെയും ഒരുമിച്ചു പ്രവര്‍ത്തിക്കുന്നുവോ അവിടെ സഭ പണിയപ്പെടും. വിളക്കു നന്നായി പ്രകാശിക്കണം എന്നു മാത്രം ആഗ്രഹിച്ച് സഭ പണിയുവാന്‍ അവര്‍ താല്പര്യപ്പെടുന്നുവെങ്കില്‍ അവിടെ പാതാളഗോപുരങ്ങള്‍ കീഴടക്കാത്ത ദൈവസഭ പണിയപ്പെടും. ഇത് യോശുവയും സെരുബ്ബാബേലും കൂടിയാകാം. അല്ലെങ്കില്‍ ഹഗ്ഗായിയും സെഖര്യാവും കൂടിയാകാം. അല്ലെങ്കില്‍ രണ്ടു സഹോദരന്മാര്‍ കൂടിയാകാം. ഒരു ഭര്‍ത്താവും ഭാര്യയും കൂടിയുമാകാം. അവര്‍ ഒരുമിച്ച് കര്‍ത്താവിനായി പ്രവര്‍ത്തിക്കണം. ഇതാണ് പുതിയനിയമ ശുശ്രൂഷ

ഇതാണ് സെരുബ്ബാബേലിനോട് കര്‍ത്താവ് പറഞ്ഞത്: ”മനുഷ്യന്റെ ബലത്താലോ ശക്തിയാലോ അല്ല എന്റെ ആത്മാവിനാലത്രേ. നിന്റെ മുമ്പിലുള്ള എല്ലാ പര്‍വ്വതങ്ങളും സമഭൂമിയായിത്തീരും” (4:6). സഭ ദൈവാത്മാവിനാല്‍ നിറഞ്ഞ് ഈ രീതിയില്‍ മുന്‍പോട്ടു പോകുമ്പോള്‍ പാതാളഗോപുരങ്ങള്‍ അതിനെ കീഴടക്കുകയില്ല.

രണ്ടാം അധ്യായത്തില്‍ സഭയ്ക്കു ചുറ്റും ഒരു തീമതിലായി നില്ക്കുന്ന പിതാവായ ദൈവത്തിന്റെ ശുശ്രൂഷ നാം കാണുന്നു. മൂന്നാം അധ്യായത്തില്‍ ദൈവിക നേതാക്കളുടേയും ദൈവജനത്തിന്റെയും കാര്യസ്ഥനായി നില്ക്കുന്ന പുത്രനായ ദൈവത്തിന്റെ ശുശ്രൂഷ നാം കാണുന്നു. നാലാം അധ്യായത്തില്‍ സഭയെ നിറയ്ക്കുകയും അഭിഷേകം ചെയ്കയും ചെയ്യുന്ന പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ നാം കാണുന്നു. ഈ മൂന്ന് അധ്യായങ്ങളിലായി ത്രിത്വത്തെ നാം കാണുന്നു.

ഇനി ആറാമത്തെ ദര്‍ശനത്തിലേക്കു കടക്കാം. ഇവിടെ പാറിപ്പോകുന്ന 10 മീറ്റര്‍ നീളവും 5 മീറ്റര്‍ വീതിയും ഉള്ള ഒരു ചുരുള്‍ നാം കാണുന്നു (5:1-4). ”ഈ ചുരുളില്‍ മോഷ്ടിക്കുകയും കള്ളം പറയുകയും ചെയ്യുന്നവര്‍ക്കെതിരായുള്ള ദൈവനിയമ ത്തിന്റെ ശാപം അടങ്ങിയിരിക്കുന്നു. മോഷ്ടാക്കളുടേയും അസത്യം പറയുന്നവരു ടേയും വീടുകളിലേക്കു ഞാന്‍ ശാപം അയയ്ക്കുന്നു. എന്റെ ശാപത്താല്‍ അവരുടെ വീടുകള്‍ പൂര്‍ണ്ണമായും നശിച്ചുപോകും” (5:3,4). ദൈവകല്പനകള്‍ അനുസരിക്കാത്തവര്‍ക്കുള്ള ന്യായവിധിയുടെ ചിത്രമാണ് ഇത്. സകല വീടുകളിലും കയറി മറഞ്ഞിരിക്കുന്ന പാപങ്ങളെ ഇതു തുറന്നു കാട്ടുന്നു.

ഏഴാം ദര്‍ശനത്തില്‍ സെഖര്യാവ് ധാന്യങ്ങള്‍ അളക്കുന്ന ഒരു കുട്ട കാണുന്നു (ഇത് വ്യാപാരത്തിന്റെ നിഴല്‍). ഇത് ഈയപ്പലക കൊണ്ട് മൂടിയിരിക്കുകയാണ്. ഈ മൂടി മാറ്റിയപ്പോള്‍ ദുഷ്ടത എന്ന ഒരു സ്ത്രീ ഇതിനകത്ത് ഇരിക്കുന്നതു സെഖര്യാവ് കണ്ടു. രണ്ടു സ്ത്രീകള്‍ ഈ കുട്ട ബാബിലോണില്‍ അവള്‍ക്ക് ഒരു മന്ദിരം പണിയുവാനായി എടുത്തു കൊണ്ടുപോയി (5:5-11). ഈ ദര്‍ശനം ധനപരമായ ലാഭത്തിനായി ക്രിസ്തീയതയെ ഉപയോഗിക്കുന്ന കള്ളസഭയെ കാണിക്കുന്നു. ഇവിടെ മതവും കച്ചവടവും ഒരുമിച്ച് ചേര്‍ന്നു പോകുന്നു (വെളിപ്പാട് 17,18-ല്‍ ഉള്ള ബാബിലോണ്‍ കാണുക). ഇന്നത്തെ ക്രിസ്തീയ വേലയുടെ പുറകിലെ മറഞ്ഞിരിക്കുന്ന ഉദ്ദേശ്യം പണമുണ്ടാക്കുവാനുള്ള ആഗ്രഹമാണെന്നു കുട്ടയില്‍ ഒളിച്ചിരിക്കുന്ന സ്ത്രീ കാണിക്കുന്നു. എന്നാല്‍ ഇതു കാണാന്‍ ഭൂരിപക്ഷം ആളുകള്‍ക്കും വിവേചന ബുദ്ധി ഇല്ല. പല ക്രിസ്ത്യാനികള്‍ക്കും തങ്ങളുടെ സാമ്പത്തിക കാര്യങ്ങളിലെ അനീതിയെ മൂടി വയ്ക്കുന്ന ഒരു അടപ്പ് ഉണ്ട്. എന്നാല്‍ ദൈവം തന്റെ ജനങ്ങളില്‍ കാണുന്ന മലിനതയെ പ്രവാചകന്മാര്‍ക്ക് കാട്ടിക്കൊടു ക്കുന്നു.

ഈ ബാബിലോണിന്റെ ആത്മാവ് സഭയില്‍ കടന്നുവരുന്നില്ല എന്നു നാം ഉറപ്പു വരുത്തണം. യേശുവിന്റെ നാളുകളില്‍ ആളുകള്‍ ദൈവാലയത്തിനകത്തു കച്ചവടം നടത്തുകയും മതത്തിന്റെ പേരില്‍ പണമുണ്ടാക്കുകയും ചെയ്തു. അവിടെ എന്താണ് നടക്കുന്നത് എന്ന കാര്യത്തെക്കുറിച്ച് യിസ്രായേല്യര്‍ക്ക് ഒരു ഗ്രാഹ്യവും ഉണ്ടായിരുന്നില്ല. അവര്‍ക്ക് തങ്ങളുടെ യാഗത്തിന് ആടുകളെയും പ്രാവുകളേയും വേണ്ടിയിരുന്നു. കച്ചവടക്കാര്‍ ഇവ നല്കുകയാല്‍ അവര്‍ തങ്ങളെ സേവിക്കുകയാണ് എന്നു യിസ്രായേല്‍ ചിന്തിച്ചു. എന്നാല്‍ ആ ഈയപ്പലകയ്ക്കടിയില്‍ നടക്കുന്ന സംഗതി എന്താണെന്ന് യേശു അറിഞ്ഞിരുന്നു. ആടുകളേയും പ്രാവുകളേയും വില്ക്കുന്നതിന്റെ പുറകിലെ ഉദ്ദേശ്യം എന്താണെന്ന് യേശു കണ്ടിരുന്നു. തങ്ങള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടിയാണ് ഇവര്‍ കച്ചവടം നടത്തിയത്. ഇന്നും ഇതേകാര്യം നടക്കുന്നത് നാം കാണുന്നു. ‘വേലക്കാരന്‍ തന്റെ കൂലിക്കു യോഗ്യനാണ്.’ ‘സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കണം’ എന്നീ വാക്യങ്ങള്‍ ഉദ്ധരിച്ചു കൊണ്ട് പല പ്രസംഗകരും മതത്തിന്റെ പേരില്‍ വന്‍തോതില്‍ പണം സമ്പാദിക്കുന്നു. എന്നാല്‍ ഈയപ്പലകയ്ക്കടിയില്‍ ബാബിലോണിയ സ്ത്രീ മറഞ്ഞിരിക്കുന്നതു നമുക്കു കാണാം. യേശു ഇതു കണ്ട് മതത്തിന്റെ പേരില്‍ തട്ടിപ്പു നടത്തുന്നവരെ ദൈവാലയത്തില്‍ നിന്ന് ഓടിച്ചു കളഞ്ഞു.

എട്ടാമത്തെ ദര്‍ശനത്തില്‍ രണ്ടു വെങ്കല (താമ്ര) പര്‍വ്വതങ്ങളുടെ ഇടയില്‍ നാല് രഥങ്ങള്‍ സെഖര്യാവ് കാണുന്നു (6:1-8). ദൈവവചനത്തില്‍ വെങ്കലം (താമ്രം) എന്നത് പാപത്തിന്റെ മേലുള്ള ദൈവത്തിന്റെ ന്യായവിധിയെ കാണിക്കുന്നു. മൃഗങ്ങളെ യാഗം കഴിക്കുന്ന തിരുനിവാസത്തിലെ യാഗപീഠം വെങ്കലം കൊണ്ടു ണ്ടാക്കിയതായിരുന്നു. ഇവിടെ കാണുന്ന നാല് രഥങ്ങള്‍ വെങ്കല (താമ്ര) പര്‍വ്വതങ്ങള്‍ക്ക് ഇടയില്‍ നിന്ന് വന്നവ ആയിരുന്നു. ഈ കുതിരകള്‍ കാഴ്ചയില്‍ നിയന്ത്രിക്കാന്‍ കഴിയാത്തവ ആയിരുന്നു. എന്നാല്‍ ഇവയുടെ കടിഞ്ഞാണുകള്‍ ദൈവത്തിന്റെ കയ്യിലാണ്. വെളിപ്പാട് 6-ാം അധ്യായത്തില്‍ കാണുന്നതുപോലെ ഈ കുതിരകള്‍ കറുപ്പും വെള്ളയും ചാരനിറവുമുള്ളവയായിരുന്നു. ഇവ എന്തിനെ കാണിക്കുന്നു എന്നു സെഖര്യാവ് ചോദിക്കുന്നു. ഇതു സര്‍വ്വ ഭൂമിയുടെയും കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു പുറപ്പെടുന്ന ആകാശത്തിലെ നാല് ആത്മാക്കളാകുന്നു. ഇവ അതിന്റെ പ്രവൃത്തിക്കായി പോകുന്നു എന്ന മറുപടി ഉണ്ടായി (സെഖ. 6:5). ചിലത് വടക്കോടും, ചിലതു പടിഞ്ഞാറോട്ടും മറ്റു ചിലത് തെക്കോട്ടും പോകുന്നു. അവ ഭുതലമെമ്പാടും പോയി ദൈവത്തിന്റെ ശിക്ഷാവിധി നടപ്പാക്കുന്നു. ഒരു സ്ഥലത്ത് ദൈവം വെള്ളപ്പൊക്കം കൊണ്ടുവന്നേക്കാം. മറ്റൊരിടത്ത് ഭൂകമ്പമായി രിക്കും ദൈവത്തിന്റെ ന്യായവിധി. ഈ ആത്മാക്കള്‍ തിരികെ വന്നപ്പോള്‍ ‘വടക്കേ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കേ ദേശത്തില്‍ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു’ (6:8) എന്നു കര്‍ത്താവ് പറയുന്നു. അതായത് അവിടെയുള്ള ആളുകളെ ദൈവം ന്യായം വിധിച്ചശേഷം ദൈവത്തിന്റെ കോപം ശമിപ്പിച്ചിരിക്കുന്നു എന്നു നമുക്കു കാണാം.

ബാബിലോണില്‍ ഇരിക്കുന്ന ചില യെഹൂദന്മാര്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും ചില പാരിതോഷികങ്ങള്‍ നിന്റെ അടുക്കല്‍ കൊടുത്തുവിടും എന്ന് സെഖര്യാ വിനോട് കര്‍ത്താവ് തുടര്‍ന്നു പറയുന്നു. സെഖര്യാവ് ഈ പാരിതോഷികങ്ങള്‍ സ്വീകരിച്ച് മഹാപുരോഹിതനായ യോശുവയ്ക്ക് ഒരു കിരീടം ഉണ്ടാക്കണം (6:10,11). ദൈവഭക്തരായ ആളുകള്‍ (നമ്മെക്കാള്‍ സമ്പന്നരായവര്‍) നമുക്കു പാരിതോഷി കങ്ങള്‍ നല്കുമ്പോള്‍ അതു നമുക്കു സ്വീകരിക്കാം. ദൈവഭക്തയായ സമ്പന്ന സ്ത്രീയുടെ പക്കല്‍ നിന്ന് എലീശ തുടര്‍മാനമായി അതിഥിസല്‍ക്കാരം എന്ന പാരിതോഷികം സ്വീകരിച്ചു (2 രാജാ. 4:8). എന്നാല്‍ വേറെ ജാതിയില്‍ നിന്നുള്ള നയമാന്‍ പാരിതോഷികങ്ങള്‍ നല്കിയപ്പോള്‍ എലീശ അതു തിരസ്‌കരിച്ചു (2 രാജാ. 5:15,16). ദൈവഭക്തരായ സമ്പന്ന സ്ത്രീകളുടെ പക്കല്‍നിന്ന് യേശുവും പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നു (ലൂക്കൊ. 8:2,3). അപ്പൊസ്തലന്മാര്‍ അവിശ്വാസികളില്‍ നിന്ന് പണം വാങ്ങിയില്ല (3 യോഹ. 7). ദൈവം മറ്റുള്ളവരിലൂടെ നമുക്കു സമ്മാനങ്ങള്‍ നല്കുമ്പോള്‍ അത് എപ്പോഴും നമുക്കു മാത്രം ഉപയോഗിക്കുവാനുള്ളതല്ല. മറ്റുള്ളവരെ അനുഗ്രഹിക്കുവാനായി അതു നാം വിനിയോഗിക്കണം. തനിക്കു കിട്ടിയ സ്വര്‍ണ്ണവും വെള്ളിയും മുഴുവനായി യോശുവയ്ക്ക് ഒരു കിരീടം ഉണ്ടാക്കുവാനായി ഉപയോഗിക്കുവാന്‍ സെഖര്യാവിനോട് ദൈവം പറഞ്ഞു. അവന്‍ യോശുവയെ ഉത്സാഹിപ്പിച്ച് അവന്റെ തലയില്‍ ഒരു കിരീടം വച്ച് അവനോട് ഇങ്ങനെ പറയണം: ”മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ. അവന്‍ തന്റെ നിലയില്‍ നിന്നു മുളച്ചു വന്നു യഹോവയുടെ മന്ദിരം പണിയും. അവന്‍ തന്നേ യഹോവയുടെ മന്ദിരം പണിയും. അവന്‍ ബഹുമാനഭൂഷണം ധരിച്ചു സിംഹസനത്തില്‍ ഇരുന്നു വാഴും. അവന്‍ സിംഹാസനത്തില്‍ പുരോഹിതനുമായിരിക്കും. ഇരുവര്‍ക്കും തമ്മില്‍ സമാധാന മന്ത്രണം ഉണ്ടാകും”(6:12,13).ദൈവത്തിന്റെ യഥാര്‍ത്ഥ ദൈവാലയമായ സഭ ക്രിസ്തു പണിയുന്നതിനെക്കുറിച്ചുള്ള ഒരു പ്രവചനമാണിത്.

ആദ്യ രാജപുരോഹിതന്‍ ക്രിസ്തു ആയിരിക്കും. പഴയനിയമത്തില്‍ ആര്‍ക്കും തന്നെ രാജാവും പുരോഹിതനുമായിത്തീരുവാന്‍ അനുവാദം ഇല്ലായിരുന്നു. ശൗല്‍ രാജാവ് ഇങ്ങനെ രണ്ടുമായി തീരുവാന്‍ ശ്രമിച്ച് തന്റെ രാജത്വം നഷ്ടമാക്കി (1 ശമുവേല്‍ 13:9-13). ഉസ്സിയാ രാജാവ് രാജാവും പുരോഹിതനുമാകുവാന്‍ ശ്രമിച്ച് കുഷ്ഠരോഗം പിടിപെട്ടവനായിത്തീര്‍ന്നു (2ദിന. 26:16-23). രാജാവും പുരോഹി തനുമായിത്തീര്‍ന്ന ആദ്യവ്യക്തി യേശു ആണ്. ഇപ്പോള്‍ അവന്‍ നമ്മെ തന്നോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരും ആക്കിത്തീര്‍ത്തു (വെളിപ്പാട് 1:6). പല രാജ്യത്തുനിന്നും ആളുകള്‍ വന്ന് സഭ പണിയും എന്ന് ഈ പ്രവചനത്തില്‍ പറഞ്ഞിരിക്കുന്നു (6:15).

സെഖര്യാവിന്റെ സന്ദേശങ്ങള്‍

സെഖര്യാവിന് ഉപവാസത്തെക്കുറിച്ചും കപടഭക്തിയെക്കുറിച്ചും അനുസരണ ക്കേടിനെക്കുറിച്ചും ചില സന്ദേശങ്ങള്‍ കര്‍ത്താവു നല്കി. (7,8 അധ്യായങ്ങള്‍ നോക്കുക). ”ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയില്‍ നിങ്ങള്‍ എനിക്കുവേണ്ടി തന്നെയോ ഉപവസിച്ചത്? നിങ്ങളുടെ വിശുദ്ധ ഉത്സവത്തിലും നിങ്ങള്‍ എന്നെക്കുറിച്ച് ചിന്തിക്കാതെ നിങ്ങളെത്തന്നെ അല്ലയോ പ്രസാദിപ്പിച്ചത്” (7:5,6) എന്ന് കര്‍ത്തവു പുരോഹിതന്മാരോടും മറ്റ് ആളുകളോടും പറയുന്നു.

എല്ലാ പ്രവാചകന്മാരില്‍ കൂടെയും ഉദ്‌ഘോഷിച്ച സന്ദേശം ഇങ്ങനെ തന്നെയായിരുന്നു. ”നേരോടെ ന്യായം പാലിക്കയും ഓരോരുത്തന്‍ താന്താന്റെ സഹോദരനോട് ദയയും കരുണയും കാണിക്കയും ചെയ്‌വീന്‍. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്. നിങ്ങളില്‍ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തില്‍ ദോഷം നിരൂപിക്കുകയും അരുത്”(7:9,10). ദരിദ്രരേയും ബലഹീനരേയും പീഡിതരേയും കുറിച്ച് ദൈവം വളരെ തല്പരനാണ്. എന്നാല്‍ പ്രസിദ്ധരായ പല ഭൂരിപക്ഷം പ്രസംഗകരും ധാരാളം പണക്കാരുള്ള വലിയ പട്ടണങ്ങളില്‍ പ്രസംഗിക്കുന്നു. അവര്‍ അവിടെ അഭിവൃദ്ധിയുടെ സുവിശേഷം പ്രഘോഷിക്കുന്നു. എന്നാല്‍ യേശു ദരിദ്രന്മാരോട് സുവിശേഷം അറിയിക്കുവാനാണു വന്നത് (ലൂക്കൊ.4:18; മത്തായി 11:5). ദൈവം പാവപ്പെട്ടവരേയും അനാഥരേയും വിധവമാരേയും സഹായമില്ലാത്തവരേയും കുറിച്ച് പ്രത്യേക കരുതലുള്ളവനാണ്. എല്ലാ യഥാര്‍ത്ഥ ദൈവഭൃത്യന്മാരും ഇങ്ങനെയുള്ളവരെക്കുറിച്ച് കരുതലുള്ളവരായിരിക്കും.

യെഹൂദന്മാരുടെ പൂര്‍വ്വികന്മാര്‍ ഈ സന്ദേശം കേള്‍ക്കാതെവണ്ണം ചെവി പൊത്തിക്കളഞ്ഞു. അതിനാല്‍ ദൈവം അവരെ ശിക്ഷിച്ച് ചിതറിച്ചു കളഞ്ഞു (7:11).

ദൈവം തീക്ഷ്ണതയുള്ള ഒരു ദൈവമാണ്. സീയോന്‍ മലയോടുള്ള തന്റെ സ്‌നേഹം തീക്ഷ്ണത നിറഞ്ഞതും തീവ്രമായതുമാണ്. യെരുശലേമായ സഭ അശുദ്ധമായിപ്പോകാതെ കാത്തു സൂക്ഷിക്കപ്പെടുവാന്‍ ദൈവം അസൂയയോടെ കാംക്ഷിക്കുന്നു. തന്റെ മണവാട്ടി ”വിശ്വസ്തയായും വിശുദ്ധയായും” തനിക്കായി കാക്കപ്പെടുവാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നു (8:1-3).

സഭയില്‍ വൃദ്ധന്മാരും, വൃദ്ധമാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളും കാണും എന്ന് ഇവിടെ എഴുതിയിരിക്കുന്നു (8:4,5). ക്രിസ്തുവിന്റെ സഭയില്‍ തലമുറകള്‍ തമ്മിലുള്ള വിടവ് കാണുകയില്ല. ഞാന്‍ എത്ര പ്രായമുള്ളവനായാലും സഭയിലുള്ള ഏറ്റവും പ്രായം കുറഞ്ഞ ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും നിലവാരത്തിലേക്കു താഴ്ന്നിറങ്ങുവാന്‍ കെല്പുള്ളവന്‍ ആയിരിക്കണം. ഞാന്‍ സന്ദര്‍ശിക്കുന്ന ഏതു വീട്ടിലേയും ചെറിയ ആണ്‍കുട്ടികളോടും പെണ്‍കുട്ടികളോടും സംഭാഷണം നടത്തുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. പല സഹോദരന്മാരും ഒരുവീട് സന്ദര്‍ശിക്കുമ്പോള്‍ പ്രായമായവരോടു മാത്രം സംഭാഷണം നടത്തുവാന്‍ താല്പര്യം കാണിക്കുന്നു. നമുക്ക് ചെറിയ കുട്ടികളോട് സംസാരിക്കുവാന്‍ പഠിക്കാം. ദൈവഭക്തനായ ഒരാള്‍ എപ്പോഴും കുട്ടികളോട് അവരുടെ നിലയിലേക്ക് ഇറങ്ങിച്ചെന്ന് സംസാരിക്കും. യേശു അങ്ങനെ ആയിരുന്നു.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും സഭയില്‍ കളിച്ചുകൊണ്ടിരിക്കുന്നതാണ് നാം ഇവിടെ കാണുന്ന മറ്റൊരു കാര്യം (8:5). അവര്‍ എപ്പോഴും പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുകയല്ല. പ്രാര്‍ത്ഥിക്കുവാന്‍ ഒരു സമയം ഉണ്ടായിരിക്കണം.എന്നാല്‍ നാം കളിക്കാനും സമയം എടുക്കണം. സഭയില്‍ നാം കളികള്‍ പ്രോത്സാഹിപ്പിക്കണം. ക്രിസ്തുവിന്റെ ആയിരം ആണ്ട് വാഴ്ചക്കാലത്ത് കാര്യങ്ങള്‍ ഇങ്ങനെയായിരിക്കും. പ്രായമായ എനിക്ക് ഫുട്‌ബോള്‍ കളിക്കളത്തില്‍ ഓടുവാന്‍ ഇപ്പോള്‍ സാധ്യമല്ല. എന്നാല്‍ ആത്മാവില്‍ ഇപ്പോഴും കളിക്കളത്തില്‍ ആകുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഈ രീതിയില്‍ കളിക്കുമ്പോള്‍ ആളുകള്‍ തമ്മില്‍ കൂട്ടായ്മ ബന്ധം സ്ഥാപിക്കപ്പെടും. ആളുകള്‍ തമ്മില്‍ നല്ല ബന്ധം സ്ഥാപിക്കുവാന്‍ ഇതു നല്ലതാണ്. സമതുലിതമായ സുവിശേഷത്തിനു ദൈവത്തിനു സ്‌തോത്രം.

”സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. അത് ഈ കാലത്തില്‍ ഈ ജനത്തിന്റെ ശേഷിപ്പുള്ളവര്‍ക്ക് അതിശയമായി തോന്നുന്നു എങ്കില്‍ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്… ഞാന്‍ അവരെ കൊണ്ടുവരും അവര്‍ യെരുശലേമില്‍ (സഭയില്‍) പാര്‍ക്കും. സത്യത്തിലും നീതിയിലും അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കു ദൈവമായും ഇരിക്കും.” (8:6-8). സഭ പൂര്‍ണ്ണമായും കുറവുകളില്ലാത്തതായി തീരുന്നതു വരെ പൂര്‍ണ്ണ ഹൃദയത്തോടെ അതിനായി പ്രവര്‍ത്തിക്കുവാന്‍ ദൈവം പറയുന്നു: ”അതിനാല്‍ ഭയപ്പെടുകയോ നിരാശനാകുകയോ ചെയ്യാതെ ദൈവാലയത്തിന്റെ (സഭയുടെ) പണിക്കായി ഉത്സാഹിക്കുക” (8:9-13). ഇതുപോലെയുള്ള ഉത്സാഹ ത്തിന്റെ സന്ദേശമായിരുന്നു സെഖര്യാവിന്റെ സമയത്തെ ആളുകളെ ദൈവാലയ ത്തിന്റെ പണിക്കായി കഠിനപ്രയത്‌നം ചെയ്യുവാന്‍ ഉത്തേജിപ്പിച്ചത്. അതുപോലെ തന്നെ ഇന്നും ഉത്സാഹത്തിന്റെ വചനമാണ് സഭയുടെ പണിക്കായി ആളുകളെ പ്രോത്സാഹിപ്പിക്കുന്നത്. ദൈവം സഭയില്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നതിനാല്‍ ലോകത്തെമ്പാടുമുള്ള ആളുകള്‍ സഭയുടെ ഭാഗമാകുവാന്‍ താല്പര്യപ്പെടും എന്ന് കര്‍ത്താവ് ഇവിടെ പറയുന്നു (8:20-23).

സെഖര്യാവിന്റെ ഭാരങ്ങള്‍

അവസാന ഭാഗത്തെ നമുക്കു രണ്ടായി തിരിക്കാം. മശിഹായെ തിരസ്‌കരിക്കുന്നത് (അധ്യായം 9 മുതല്‍ 14 വരെ). ഭൂമിയിലെ മശിഹായുടെ വാഴ്ച (അധ്യായം 12 മുതല്‍ 14 വരെ).

അഹങ്കാരവും ഗര്‍വ്വവും ഉള്ള പല രാജ്യങ്ങള്‍ക്കെതിരായ ന്യായവിധിയെക്കുറിച്ചുള്ള കര്‍ത്താവിന്റെ ഭാരത്തെപ്പറ്റി സെഖര്യാവ് ആദ്യം സംസാരിക്കുന്നു (9:1-8). ‘ഫെലിസ്ത്യരുടെ ഗര്‍വ്വ’ത്തിനു (9:6) വിരുദ്ധമായി യെരുശലേമിലെ രാജാവ് ഭൂമിയിലുള്ള രാജാക്കന്മാരെപ്പോലെ കുതിരപ്പുറത്തല്ല കഴുതപ്പുറത്തിരുന്ന് ഓടിച്ചു വരുന്നത് ഇവിടെ കാണാം. ”ഇതാ നിന്റെ രാജാവ് നിന്റെ അടുക്കല്‍ വരുന്നു… താഴ്മയുള്ളവനായി കഴുതപ്പുറത്തു… കയറി വരുന്നു. ഞാന്‍ എഫ്രയീമില്‍ നിന്നു രഥത്തെയും യെരുശലേമില്‍ നിന്നു കുതിരയെയും ഛേദിച്ചു കളയും. യുദ്ധത്തിനുപയോഗിക്കുന്ന സകല ആയുധങ്ങളും ഞാന്‍ നശിപ്പിക്കും. നിന്റെ രാജാവ് സമാധാനം കൊണ്ടുവരും”(9:9,10). താഴ്മയുള്ള ഈ രാജാവ് യുദ്ധത്തിന്റെ ആത്മാവിനെ മാറ്റി സമാധാനത്തിന്റെ ആത്മാവ് കൊണ്ടുവരും. താഴ്മയുടെയും സമാധാനത്തിന്റെയും ആത്മാവില്‍ മാത്രമേ ദൈവസഭയെ കെട്ടുപണി ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.

ക്രിസ്തുവിന്റെ രക്തത്താല്‍ നരകത്തില്‍ നിന്നുള്ള രക്ഷയെക്കുറിച്ചുള്ള ഒരു പ്രവചനം ഇവിടെ നമുക്കു കാണാം: ”നീയോ – നിന്റെ നിയമരക്തം ഹേതുവായി നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയില്‍ നിന്നു വിട്ടയയ്ക്കും” (9:11).

ഇതിനു ശേഷം ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ച് ഒരു പ്രവചനം കാണാം: ”യഹോവ അവര്‍ക്കു മീതെ പ്രത്യക്ഷനാകും… യഹോവയായ കര്‍ത്താവ് കാഹളം ഊതി… തന്റെ ശത്രുക്കള്‍ക്കെതിരെ ഒരു ചുഴലിക്കാറ്റുപോലെ അവന്‍ വരും… സൈന്യങ്ങളുടെ യഹോവ തന്റെ ആളുകളെ മറയ്ക്കും. അവന്‍ അവരുടെ ശത്രുക്കളെ കീഴടക്കും… അന്നാളില്‍ അവരുടെ ദൈവമായ യഹോവ അവരെ ഒരു ആട്ടിന്‍ കൂട്ടത്തെപ്പോലെ രക്ഷിക്കും (രണ്ടാം വരവില്‍ തന്റെ ജനത്തെ കൊണ്ടുപോകുന്നത്) തന്റെ കിരീടത്തിന്റെ രത്‌നം പോലെ അവര്‍ ശോഭിക്കും. ഇത് എത്ര അത്ഭുതവും മനോഹരവും ആയിരിക്കും!” (9:14-17). സെഖര്യാവ് കര്‍ത്താവിന്റെ രണ്ടാം വരവിനെ പ്പറ്റിയും കര്‍ത്താവിന്റെ ശത്രുക്കളുടെ തോല്‍വിയെപ്പറ്റിയും ദൈവജനത്തിന്റെ ആ സമയത്തെ വിജയത്തെക്കുറിച്ചും വിശദമായി ഇവിടെ പറയുന്നു.

സെഖര്യാവ് ദൈവജനത്തോട് ഇപ്രകാരം പറഞ്ഞു: ”സര്‍വേശ്വരനോട് മഴയ്ക്കായി അപേക്ഷിപ്പിന്‍. അവിടുന്നു മാരി പെയ്യിച്ചു കൊടുക്കും”(10:1). വരണ്ട നിലത്തു ദൈവം മഴ അയച്ചു കൊടുക്കുന്ന വിധത്തില്‍ നമ്മുടെ മേല്‍ ദൈവാത്മാ വിനെ അയയ്‌ക്കേണ്ട ഒരു അത്യാവശ്യ ഘട്ടത്തിലാണ് നാം ആയിരിക്കുന്നത്. സെഖര്യാവ് പ്രവചിച്ച പ്രകാരം ദൈവം തീര്‍ച്ചയായും തന്റെ ആത്മാവിനെ നമുക്കു തരും.

അതിനുശേഷം സെഖര്യാവ് ഭാവി കാലത്തെപ്പറ്റി ലക്ഷണം പറയുന്ന കള്ള പ്രവാചകന്മാരെക്കുറിച്ച് സംസാരിക്കുന്നു. അവര്‍ വ്യാജം ദര്‍ശിക്കുന്നതായി ഇവിടെ കാണുന്നു (10:2). അവര്‍ ഭാവിയെക്കുറിച്ച് മുന്‍കൂട്ടി പറയുന്നതായി അവകാശപ്പെടുന്നെങ്കിലും അവര്‍ കള്ളമാണ് സംസാരിക്കുന്നത്. ഇത്തരം പ്രവാചകന്മാരുടെ അടുത്തേക്ക് പല വിശ്വാസികളും ഉപദേശത്തിനായി ചെല്ലും. എന്നാല്‍ എല്ലായ്‌പ്പോഴും ഇവര്‍ ഭൗതിക കാര്യങ്ങള്‍ക്കായും പണപരമായ ക്ഷേമൈശ്വര്യങ്ങള്‍ക്കായും ആണ് ഉപദേശം തേടുന്നത്. എന്നാല്‍ പഴയനിയമ പ്രവാചകന്മാരെ പ്പോലെ അവരുടെ പാപത്തെക്കുറിച്ച് ഈ പ്രവാചകന്മാര്‍ സംസാരിക്കുമോ? ഇല്ല. കര്‍ണ്ണരസമാകുംവണ്ണം ആളുകളെ സന്തോഷിപ്പിക്കുന്ന വാക്കുകള്‍ ഇവര്‍ സംസാരിക്കുന്നു. ഈ രീതിയില്‍ പണത്തിനുവേണ്ടി ലക്ഷണം പറയുന്നവര്‍ എല്ലാ മതത്തിലും ഉണ്ട്. ലക്ഷണം പറയുന്ന ക്രിസ്ത്യാനികളും ഇങ്ങനെ തന്നെ. ക്രിസ്തീയ മതത്തിലെ ഇത്തരം കള്ളപ്രവാചകന്മാരാല്‍ നിങ്ങള്‍ വഞ്ചിക്കപ്പെട്ടു പോകരുത്. ഇവരുടെ ഭീഷണിയാലും താക്കീതുകളാലും നിങ്ങള്‍ ഭയചകിതരാകരുത്. ഇവരുടെ ക്ഷേമൈശ്വര്യ വാഗ്ദാനങ്ങളാല്‍ നിങ്ങള്‍ വഞ്ചിക്കപ്പെടരുത്. ഇവര്‍ നിങ്ങളുടെ പണം ആവശ്യപ്പെടുന്നതിനാല്‍ ഇവര്‍ കള്ളപ്രവാചകന്മാരാണെന്നും സാത്താന്റെ പ്രതിനിധികളാണെന്നും നിങ്ങള്‍ക്കു കാണാം. അവര്‍ ദൈവത്തിന്റെ യഥാര്‍ത്ഥ പ്രതിനിധികളായിരുന്നെങ്കില്‍ നിങ്ങള്‍ അവര്‍ക്കു പണം നല്‍കുമെന്ന് അവര്‍ പ്രതീക്ഷിക്കുകയില്ലായിരുന്നു. ലക്ഷണം പറയുന്നവരില്‍ നിന്ന് യഥാര്‍ത്ഥ ദൈവത്തിന്റെ പ്രവാചകന്മാരെ ഇതിനാലാണ് തിരിച്ചറിയാന്‍ സാധിക്കുന്നത്. നിങ്ങള്‍ക്കു ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകന്മാരെ കണ്ടെത്തണമെങ്കില്‍ നിങ്ങളുടെ പാപത്തെ സംബന്ധിച്ചു സംസാരിക്കുകയും ക്രിസ്തുവിന്റെ സ്വഭാവമായ താഴ്മ, സ്വയംത്യജിക്കല്‍ എന്നിവയിലേക്കു നിങ്ങളെ നയിക്കുകയും ചെയ്യുന്ന ഒരാളിനായി അന്വേഷിക്കുക.

ആളുകള്‍ കള്ളപ്രവാചകന്മാരെ ശ്രദ്ധിക്കുന്നതു കൊണ്ടാണ് അവര്‍ കാണാതെ പോയ ആടുകളെപ്പോലെ പുറപ്പെട്ട് ഇടയന്‍ ഇല്ലായ്കകൊണ്ട് വലഞ്ഞിരിക്കുന്നത് (10:2). അതുകൊണ്ട് കര്‍ത്താവ് പറയുന്നു: ”എന്റെ കോപം ഇടയന്മാര്‍ക്കു നേരെ ജ്വലിച്ചിരിക്കുന്നു. ഇത്തരം നേതാക്കളെ ഞാന്‍ സന്ദര്‍ശിക്കും. സര്‍വ്വശക്തനായ കര്‍ത്താവു തന്നെ തന്റെ ആട്ടിന്‍കൂട്ടത്തെ നോക്കി നടത്തും” (10:3).

”യെഹൂദയില്‍ നിന്ന് മൂലക്കല്ലും ആണിയും പടവില്ലും എല്ലാ അധിപതികളും വരും. അവര്‍ യുദ്ധത്തില്‍ ശത്രുക്കളെ വീഥികളിലെ ചേറ്റില്‍ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാക്കും. യഹോവ അവരോടു കൂടെയുള്ളതുകൊണ്ട് അവര്‍ കുതിരച്ചേവകര്‍ ലജ്ജിച്ചു പോവാന്‍ തക്കവണ്ണം പൊരുതും” (10:4,5). മൂലക്കല്ല്, ആണി, പടവില്ല് ഇവയെല്ലാം ക്രിസ്തുവിനെ കാണിക്കുന്ന ചിത്രങ്ങളാണ്. ശക്തന്മാരായ വീരന്മാര്‍ ദൈവവിശുദ്ധന്മാരുടെ ചിത്രമാണ്. ശത്രുക്കളാകട്ടെ സാത്താനും അവന്റെ സൈന്യവും നമ്മുടെ ജഡമോഹങ്ങളുമാണ്. കര്‍ത്താവ് നമ്മോട് കൂടെ ഉള്ളപ്പോള്‍ എല്ലാ ശത്രുക്കളും തോല്പിക്കപ്പെടുകയും നമ്മുടെ കാല്‍ക്കീഴില്‍ ചതയ്ക്കപ്പെടുകയും ചെയ്യും (റോമ. 16:20). ”ഞാന്‍ യെഹൂദ ഗൃഹത്തെ ബലപ്പെടുത്തുകയും യിസ്രായേലിനെ രക്ഷിക്കുകയും ചെയ്യും. എനിക്ക് അവരോട് സ്‌നേഹമുള്ളതു കൊണ്ട് അവരെ മടക്കി വരുത്തുകയും ചെയ്യും” (10:6). കര്‍ത്താവ് തമ്മില്‍ വിഭജിക്കപ്പെട്ട ആളുകളെ (യെഹൂദയും യിസ്രായേലും പോലെ) ഒന്നാക്കി യെഹൂദരേയും ജാതികളേയും ഒരുമിച്ച് ഒരു ശരീരത്തില്‍ അവരെ നിലനിര്‍ത്തും.

പതിനൊന്നാം അധ്യായത്തില്‍ വീണ്ടും നമ്മള്‍ നല്ല ഇടയന്മാരേയും ദുഷ്ട ഇടയന്മാരേയും പറ്റി വായിക്കുന്നു. ദുഷ്ട ഇടയന്മാര്‍ പണം ഉണ്ടാക്കുന്നതില്‍ തല്പരരാണ്. കര്‍ത്താവ് അവരെ തുറന്നുകാട്ടുമ്പോള്‍ അവര്‍ കരയുന്നു. അവരുടെ ധനസമ്പാദനമാര്‍ഗ്ഗം ഇല്ലാതെയായിപ്പോയി (11:3). അവര്‍ ആട്ടിന്‍കൂട്ടത്തെ അടിച്ചമര്‍ത്തി ചെമ്മരിയാടുകളെ കശാപ്പ് ചെയ്ത് അതില്‍ നിന്നു ലാഭം എടുത്തു (11:4-7). അതിനു ശേഷം കൃപയേയും ഒരുമയേയും പറ്റി വായിക്കുന്നു. ”ഞാന്‍ ആട്ടിടയന്റെ രണ്ടുകോല്‍ എടുത്ത് ഒന്നിനു ‘കൃപ’യെന്നും മറ്റേതിന് ‘ഒരുമ’ എന്നും പേരിട്ടു. എന്നോടു പറഞ്ഞപ്രകാരം ഞാന്‍ ആടുകളെ മേയിച്ചുകൊണ്ടിരുന്നു”(11:7). ഇന്നു സഭയില്‍ ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട രണ്ടു സന്ദേശങ്ങള്‍ ‘കൃപയും’ ‘ഒരുമയും’ ആണ്. കൃപ നമ്മെ പാപത്തിന്മേലുള്ള വിജയത്തിലേക്കു നയിക്കും (റോമ.6:14). പാപത്തെ കീഴടക്കുന്നതാണ് നാം പൂര്‍ണ്ണമായും കൃപയ്ക്കടിയില്‍ വന്നു എന്നതിന്റെ ഏറ്റവും വ്യക്തമായ ലക്ഷണം. നമ്മള്‍ പാപക്ഷമ പ്രാപിക്കുമ്പോള്‍ നമുക്കു കൃപയുടെ ഒരു ചെറിയ പങ്ക് ലഭിക്കുന്നു. എന്നാല്‍ കൃപയ്ക്കു കീഴില്‍ നാം പൂര്‍ണ്ണമായി എത്തിച്ചേരുമ്പോള്‍ പാപത്തിനു നമ്മെ കീഴടക്കാന്‍ സാധ്യമല്ല. ആദ്യത്തെ കാര്യം ഒരു കപ്പു വെള്ളതിനും രണ്ടാമത്തെ കാര്യം ഒരു നദിയിലെ വെള്ളത്തിനും സമാനമാണ്. ഇന്ന് സഭയില്‍ പ്രഘോഷിക്കേണ്ട ഏറ്റവും പ്രധാന സന്ദേശമാണിത്. കൃപ അനുഭവിക്കുന്നവരും പരിശുദ്ധാത്മാവ് തങ്ങളുടെ മേല്‍ പകരപ്പെടുന്നവരും തമ്മില്‍ ഒരുമ ഉണ്ടായിരിക്കേണ്ടതാണ്. ഇവര്‍ക്ക് ക്രിസ്ത്യാനി കള്‍ എന്നു പറയുന്ന എല്ലാവരോടും ഒരുമ ഉണ്ടായിരിക്കയില്ല. എന്നാല്‍ കൃപ പ്രാപിച്ച് പാപത്തില്‍ വിജയം ലഭിക്കുന്നവരുമായി ഒരുമ ഉണ്ടായിരിക്കേണ്ടതാണ്.

യൂദ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞതിനെപ്പറ്റിയുള്ള പ്രവചനം ഇവിടെ കാണാം. ”നിങ്ങള്‍ക്കു മനസ്സുണ്ടെങ്കില്‍ എന്റെ കൂലി തരുവീന്‍… അങ്ങനെ അവര്‍ കൂലിയായി മുപ്പത് വെള്ളിക്കാശ് തൂക്കിത്തന്നു. എന്നാല്‍ യഹോവ എന്നോട് അതു ഭണ്ഡാരത്തില്‍ ഇട്ടുകളക… അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നെ എന്നു കല്പിച്ചു. അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തില്‍ ഇട്ടുകളഞ്ഞു”(11:12-13).

അതിനുശേഷം കൃപയുടെയും യാചനയുടെയും അല്ലെങ്കില്‍ കൃപയുടെയും വിലാപത്തിന്റെയും ആത്മാവിനെ തന്റെ ജനത്തിന്മേല്‍ പകരുമെന്നുള്ള വാഗ്ദാനം ദൈവം നല്കുന്നു (12:10). റോമര്‍ ആറില്‍ നമുക്കു കൃപയുടെ ആത്മാവിനെ കാണാം. റോമര്‍ എട്ടില്‍ നമുക്കു ഞരങ്ങുന്ന ആത്മാവിനെ കാണാം. പരിശുദ്ധാത്മാവ് കൃപയുടെ ആത്മാവായി വന്ന് പാപത്തിന്മേല്‍ വിജയം നല്കുന്നു. അവന്‍ ഞരക്കത്തിന്റെ ആത്മാവായി വന്ന് തന്റെ സഭയുടെ പണിക്കായി പ്രാര്‍ത്ഥിക്കുവാനും കരയുവാനും നമ്മെ സഹായിക്കുന്നു.

അന്നാളില്‍ പാപത്തിന്റെ പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും. എന്നാല്‍ ആ ഉറവു തുറക്കുവാന്‍ വേണ്ടി ഇടയനെ വെട്ടേണ്ടതുണ്ട് (13:1,7). ക്രിസ്തുവിന്റെ ഒന്നാം വരവില്‍ നടന്ന കാര്യങ്ങളും രണ്ടാംവരവില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളും ഇവിടെ ഉള്ള പ്രവചനങ്ങളില്‍ നമുക്കു കാണാം. ക്രിസ്തു തന്റെ മഹത്വത്തില്‍ വരുമ്പോള്‍ കള്ളപ്രവാചകന്മാരേയും അവരെ ഉദ്യമിപ്പിക്കുന്ന മലിനാത്മാക്കളേയും നീക്കിക്കളയും. ആരും തന്റെ പ്രവചന വരത്തെക്കുറിച്ച് പുകഴുകയില്ല. ആരും പ്രവാചകന്റെ വസ്ത്രം ധരിച്ചിട്ട് ആളുകളെ കബളിപ്പിക്കുകയില്ല. ഞാന്‍ ഒരു പ്രവാചകനല്ല എന്ന് അവര്‍ പറയും (13:2-4).

അതിനുശേഷം സെഖര്യാവ് ബാക്കി പ്രവാചകന്മാരെപ്പോലെ അവസാന നാളുകളില്‍ ഒരു ശേഷിപ്പ് കര്‍ത്താവിനോട് വിശ്വസ്തരായി നില്ക്കും എന്നു പ്രവചിക്കുന്നു (13:8,9). ”ഞാന്‍ തീയില്‍ക്കൂടി കടത്തി സ്വര്‍ണ്ണവും വെള്ളിയും ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും. അവരെ ശുദ്ധിവരുത്തി അവരെ വിശുദ്ധീകരിക്കും. അവര്‍ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാന്‍ അവര്‍ക്ക് ഉത്തരം അരുളുകയും ചെയ്യും. അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും. യഹോവ എന്റെ ദൈവം എന്ന് അവരും പറയും” (13:9).

അവസാന അധ്യായത്തില്‍ വരാന്‍ പോകുന്ന കര്‍ത്താവിന്റെ ദിനത്തെക്കുറിച്ച് സെഖര്യാവ് സംസാരിക്കുന്നു. യേശു തിരികെ വന്ന് ഒലിവു മലമേല്‍ നില്‍ക്കും. ഒലിവുമല കിഴക്കു പടിഞ്ഞാറായി നടുവേ പിളര്‍ന്നു പോകും (14:3,4). സകല ജാതികളേയും യെരുശലേമില്‍ യുദ്ധത്തിനായി കൂട്ടിവരുത്തും (14:2). ഇന്നു നാം കാണുന്ന യെരുശലേമിനു വേണ്ടിയുള്ള സംഘട്ടനം കര്‍ത്താവിന്റെ വരവിനു മുമ്പ് പൊട്ടിപ്പുറപ്പെടാന്‍ പോകുന്ന യുദ്ധത്തിന്റെ ആദ്യ ഘട്ടങ്ങള്‍ മാത്രമാണ്. കര്‍ത്താവി ന്റെ വരവിങ്കല്‍ വെളിച്ചത്തിന്റെ സ്രോതസ് പ്രകാശിക്കാതെ ആകും. കര്‍ത്താവ് തന്നെ അന്ന് വെളിച്ചമായിത്തീരും (14:6,7).

കര്‍ത്താവിന്റെ ശത്രുക്കള്‍ തോല്പിക്കപ്പെടും. അവരുടെ മാംസം ചീഞ്ഞഴുകി പ്പോകുന്നതും അവരുടെ കണ്ണുകള്‍ കണ്‍തടത്തില്‍ തന്നെ ഉണങ്ങിച്ചുക്കി ചുളിഞ്ഞു പോകുന്നതും ഏതോ ആണവ വിസ്‌ഫോടനത്തെ കാണിക്കുന്നു (14:12). കര്‍ത്താവ് അന്നാളില്‍ യെരുശലേമില്‍ സര്‍വ്വഭൂമിക്കും രാജാവായി വാഴും (14:9,16).

അന്നാളില്‍ സഭയില്‍ ഒരു വ്യാപാരിയും ഉണ്ടായിരിക്കയില്ല (14:21). ക്രിസ്തുവിന്റെ നാമത്തില്‍ ലാഭമുണ്ടാക്കുന്ന എല്ലാവരില്‍ നിന്നും സഭ ശുദ്ധീകരിക്കപ്പെടും. ലാഭത്തിന്റെ പ്രമാണം (ക്രിസ്തീയതയില്‍ക്കൂടെ പരമാവധി നേട്ടം കൊയ്യുന്ന രീതി) ബാബിലോണിന്റെ പ്രമാണമാണ്. യെരുശലേമിന്റെ പ്രമാണം, യാഗം അല്ലെങ്കില്‍ ത്യാഗത്തിന്റെ (എനിക്ക് സാധ്യമായിടത്തോളം കൊടുക്കുന്ന രീതി) പ്രമാണമാണ്.