ബൈബിളിലൂടെ : മലാഖി

ശക്തിയില്ലാതെ വേഷം

യേശുവിന്റെ മുന്നോടിയായ യോഹന്നാന്‍ സ്‌നാപകനു മുമ്പേ ദൈവം യിസ്രായേലിലേക്ക് അയച്ച അവസാന പ്രവാചകനായിരുന്നു മലാഖി. നെഹമ്യാവിനു ശേഷവും ക്രിസ്തുവിനു 430 വര്‍ഷം മുമ്പേയും ആയിരുന്നു മലാഖി പ്രവചിച്ചിരുന്നത്. മലാഖിയുടെ രണ്ടും മൂന്നും അധ്യായങ്ങളില്‍ പരാമര്‍ശിക്കുന്ന ചില പാപങ്ങള്‍ നെഹമ്യാവ് 13-ാം അധ്യായത്തിലും കാണാം. എന്നാല്‍ യെരുശലേമില്‍ ഉള്ള യെഹൂദ ന്മാരുടെ ഇടയില്‍ നെഹമ്യാവിന്റെ താക്കീതുകള്‍ക്കു വലിയ ഫലം കണ്ടില്ല. നെഹമ്യാവ് യെരുശലേം വിട്ടുപോയതിനു ശേഷം യെഹൂദന്മാര്‍ തങ്ങളുടെ പഴയ പാപസ്വഭാവങ്ങളിലേക്കു മടങ്ങിപ്പോയി. മലാഖി രംഗത്തു വന്നപ്പോഴേക്ക് കാര്യങ്ങള്‍ ഏറ്റവും വഷളായിത്തീര്‍ന്നു. ആത്മിക ഉണര്‍വ്വിനായി ദൈവമക്കള്‍ എല്ലായ്‌പ്പോഴും ദൈവിക നേതാക്കളെ ആശ്രയിച്ചു പോന്നു.

കര്‍ത്താവിന്റെ ഭാരം

‘എന്റെ സന്ദേശവാഹകന്‍’ എന്നാണ് മലാഖി എന്ന പദത്തിന്റെ അര്‍ത്ഥം. മറ്റു പ്രവാചകന്മാരെപ്പോലെ മലാഖിയും ഒരു ഭാരം ചുമന്നിരുന്നു. ഓരോ പ്രവാചകനും ദൈവം കൊടുത്ത അതുല്യമായ ഒരു ഭാരം ഉണ്ടായിരുന്നു. ദൈവമക്കളുടെ വിശുദ്ധിയുടെ കുറവിനെ പറ്റി ഈ പ്രവാചകന്മാരെല്ലാം ഉല്‍ക്കണ്ഠാകുലരായിരുന്നു. ദൈവം നിങ്ങളുടെ ഹൃദയത്തില്‍ തന്നിരിക്കുന്ന ഭാരം നിങ്ങളുടെ ശുശ്രൂഷ ഏതാണെന്നതിന്റെ ഒരു ചൂണ്ടുപലകയാണ്. അതിനാല്‍ ദൈവത്തില്‍നിന്ന് ഒരു ഭാരം ലഭിക്കാതെ ദൈവപ്രവൃത്തി ചെയ്താല്‍ നിങ്ങള്‍ മുഷിഞ്ഞുപോകുമെന്ന് മാത്രമല്ല പണം, മാനം, ലോകസുഖം എന്നിവയുടെ പുറകേ പോകുവാനും സാധ്യതയുണ്ട്. ഇക്കാലത്ത് ദൈവത്തെ സേവിക്കുന്ന പലരും ദൈവത്തില്‍ നിന്നു ലഭിച്ച ഒരു ഭാരം ഇല്ലാതെ ദൈവസേവനം ചെയ്യുന്നു എന്നതു ദുഃഖകരമാണ്.

ദൈവം ഒരുവന് കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാനുള്ള ഭാരം നല്കുന്നു. മറ്റൊരുവന് ദൈവം സുവിശേഷീകരണത്തിനുള്ള ഭാരം നല്കുന്നു. വീണ്ടും മറ്റൊരാള്‍ക്ക് ദൈവവചനം പഠിപ്പിക്കുവാന്‍ ഭാരം കൊടുക്കുന്നു. ക്രിസ്തുവിന്റെ സഭയിലെ വിവിധ അംഗങ്ങള്‍ക്കു വിവിധ തരത്തിലുള്ള ഭാരം ദൈവം കൊടുക്കുന്നു. മറ്റൊരുവന്റെ ശുശ്രൂഷ നമ്മള്‍ അനുകരിക്കുവാനോ അതേ ഭാരം ഉള്ളവനായി തീരുവാനോ ശ്രമിക്കരുത്. നിങ്ങളുടെ ഭാരം തന്നെ മറ്റൊരാള്‍ക്ക് ഉണ്ടാകണം എന്നും ശാഠ്യം പിടിക്കരുത്. മറ്റൊരാളുടെ ഭാരം നിങ്ങള്‍ ഏറ്റെടുക്കുവാനും ശ്രമിക്കരുത്. ദൈവം നിങ്ങള്‍ക്കായി കരുതിയിട്ടുള്ള ഭാരത്തിനായി കാത്തിരിക്കുക.

സുവിശേഷീകരണം എന്ന ശുശ്രൂഷ ഭാരമായി കൈക്കൊള്ളുവാന്‍ പലരും എന്നെ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ സമ്മര്‍ദ്ദം ഞാന്‍ എപ്പോഴും തിരസ്‌കരിച്ചിട്ടുണ്ട്. മറ്റൊരാള്‍ക്കുള്ള ദൈവികഭാരം ഏറ്റെടുക്കാന്‍ എനിക്കു യാതൊരു താല്പര്യവും ഇല്ല. ദൈവം എനിക്കു ഒരു പ്രത്യേക ഭാരം നല്കിയിട്ടുണ്ട്. ആ ശുശ്രൂഷ മാത്രം നിറവേറ്റാന്‍ ഞാന്‍ ഉത്സാഹിക്കുന്നു. പ്രവാചകന്മാര്‍ ദൈവം അവര്‍ക്കു നല്കിയിട്ടുള്ള ഭാരത്തില്‍ നിന്നു വ്യതിചലിക്കാന്‍ ഒരുമ്പെട്ടിട്ടില്ല.

നിങ്ങള്‍ക്കു യാതൊരു തരത്തിലുള്ള ഭാരവും ഇല്ലെങ്കില്‍ നിങ്ങള്‍ ദൈവത്തിന്റെ അടുക്കല്‍ പോയി ഒരു ഭാരത്തിനായി ചോദിക്കുക. ക്രിസ്തുവിന്റെ ശരീരമായ സഭയില്‍ നിങ്ങള്‍ക്കായി ഒരു പ്രത്യേക ശുശ്രൂഷ വച്ചിട്ടുണ്ട്. അതു നിങ്ങള്‍ അറിയേണ്ടത് അത്യാവശ്യമാണ്. പല പ്രസംഗകരും ഒരു ശുശ്രൂഷയില്‍ നിന്ന് മറ്റൊന്നിലേക്കു അലയുന്നവരാണ്. ഏറ്റവും കൂടിയ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പല ക്രിസ്തീയ സംഘടനകളില്‍ ചേരുന്നു. ഉദാഹരണമായി ഒരു വ്യക്തി മിഥ്യാഭാരത്തോടെ റേഡിയോയിലൂടെയുള്ള സുവിശേഷീകരണത്തിന്റെ ശുശ്രൂഷ ആരംഭിക്കുന്നു. എന്നാല്‍ കുട്ടികള്‍ക്കായുള്ള ഒരു സുവിശേഷ സംഘടന കൂടുതല്‍ ശമ്പളം വാഗ്ദാനം ചെയ്യുമ്പോള്‍ പെട്ടെന്ന് ഇയാളുടെ ഭാരം ഈ ശുശ്രൂഷയിലേക്കു മാറുന്നു. കുറച്ചു സമയത്തിനു ശേഷം ക്രിസ്തീയ പുസ്തകങ്ങള്‍ അച്ചടിക്കുന്ന സംഘടന അതിനേക്കാള്‍ അധികം ശമ്പളം വാഗ്ദാനം ചെയ്താല്‍ ഈ വ്യക്തിയുടെ ഭാരം പെട്ടെന്ന് ഈ ശുശ്രൂഷയിലാകും. വാസ്തവത്തില്‍ ഇവരെല്ലാം ബാബിലോ ണിയ ബിസിനസുമായി ബന്ധപ്പെട്ട മതഭക്തര്‍ മാത്രമാണ്. എന്നാല്‍ ദൈവം നിങ്ങള്‍ക്ക് ഒരു ഭാരം നല്കുന്നുവെങ്കില്‍ ഒരു സംഘടന കൂടുതല്‍ ഭൗതിക നേട്ടം വാഗ്ദാനം ചെയ്താലും നിങ്ങളുടെ ഭാരം വിട്ടുകളഞ്ഞ് അവയുടെ പുറകേ പോകുകയില്ല.

കര്‍ത്താവിനു തന്റെ മക്കളോടുള്ള പരാതി മലാഖി 1:2-ല്‍ കാണാം: ”ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു. എന്നാല്‍ നിങ്ങള്‍ നീ ഞങ്ങളെ ഏതിനാല്‍ സ്‌നേഹിക്കുന്നു എന്നു ചോദിക്കുന്നു.” കര്‍ത്താവ് ഒരു കാര്യം അരുളിച്ചെയ്യുമ്പോള്‍ അതിനെ ചോദ്യം ചെയ്യുന്ന മനോഭാവം ഏഴു പ്രാവശ്യം മലാഖിയുടെ പ്രവചനത്തില്‍ നമുക്കു കാണാം.

ഇവര്‍ ദൈവത്തിന്റെ സ്‌നേഹത്തെ ചോദ്യം ചെയ്യുന്നതായി ഇവിടെ നാം കാണുന്നു. നമ്മെ സാത്താന്‍ തോല്പിക്കുന്ന ഒരു വിധം ഇങ്ങനെയാണ്. സാത്താന്‍ ഹവ്വയെ പരീക്ഷിച്ചപ്പോള്‍ അവളുടെ ഹൃദയത്തില്‍ ദൈവസ്‌നേഹത്തെക്കുറിച്ചുള്ള ഒരു സംശയചിന്ത സാത്താന്‍ ഇട്ടുകൊടുത്തു. ആ പരീക്ഷയില്‍ സാത്താന്‍ അവളോടു പറയുന്നത് ഇതാണ്: ‘ദൈവം നിന്നെ യഥാര്‍ത്ഥത്തില്‍ സ്‌നേഹിക്കുന്നില്ല. ദൈവം നിന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ ഈ നല്ല ഫലം അനുഭവിക്കുവാന്‍ അവന്‍ നിന്നെ അനുവദിക്കുമായിരുന്നു.’ ഈ ചിന്ത അവളെ ദൈവസ്‌നേഹത്തെക്കുറിച്ചു സംശയിക്കുവാന്‍ ഇടയാക്കി. അങ്ങനെ ഹവ്വ ദൈവസ്‌നേഹത്തെ സംശയിച്ചു. ദൈവം എന്നെ സ്‌നേഹിക്കുന്നില്ലായിരിക്കാം എന്ന രീതിയില്‍ അവള്‍ ചിന്തിക്കുവാന്‍ തുടങ്ങി. ഇത് അവളെ പാപത്തിലേക്കു നയിച്ചു.

”ശീമോനേ, ശീമോനേ സാത്താന്‍ നിന്നെ കോതുമ്പുപോലെ പാറ്റേണ്ടതിനു കല്പന ചോദിച്ചു. ഞാനോ നിന്റെ വിശ്വാസം പൊയ്‌പ്പോകാതിരിപ്പാന്‍ നിനക്കുവേണ്ടി അപേക്ഷിച്ചു” എന്നു യേശു പത്രൊസിനായി പ്രാര്‍ത്ഥിക്കുന്നതായി ലൂക്കൊസ് 22:31,32 എന്നീ വാക്യങ്ങളില്‍ നമുക്കു കാണാം. പത്രൊസ് കര്‍ത്താവിനെ മൂന്ന് പ്രവശ്യം തള്ളിപ്പറഞ്ഞ് പാപത്തിന്റെ ആഴത്തില്‍ അകപ്പെട്ടു പോയെങ്കിലും ഈ അവസ്ഥയിലും കര്‍ത്താവിന്റെ സ്‌നേഹത്തെ അവന്‍ സംശയിക്കരുത് എന്നാണ് യേശു പ്രാര്‍ത്ഥിച്ചത്. ഇതാണ് വിശ്വാസം. മുടിയന്‍ പുത്രനിലും ഈ വിശ്വാസം നമുക്കു കാണാം. തന്റെ ജീവിതം നശിപ്പിച്ച് സകലവും നഷ്ടപ്പെടുത്തിയെങ്കിലും തന്റെ പിതാവ് തന്നെ സ്‌നേഹിക്കുന്നു എന്ന വസ്തുത അവന്‍ അറിഞ്ഞിരുന്നു.

നിങ്ങളും നിങ്ങളുടെ ജീവിതത്തെ കുഴപ്പത്തിലാക്കിയിട്ടുണ്ടാവാം. എങ്കിലും ദൈവം നിങ്ങളെ ഇപ്പോഴും സ്‌നേഹിക്കുന്നു എന്ന കാര്യം ഓര്‍ക്കുക. ഈ ലോകത്തിലെ മറ്റെല്ലാം നഷ്ടപ്പെടുത്തിയാലും ഈ മാറ്റമില്ലാത്ത സത്യത്തെ മുറുകെപ്പിടിക്കുക- ദൈവം നിങ്ങളെ ഇപ്പോഴും സ്‌നേഹിക്കുന്നു. ജീവിതത്തില്‍ ഓര്‍ത്തിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്.

മലാഖി 1:2-5 വാക്യങ്ങളില്‍ ദൈവം തന്റെ പരമാധികാരത്തില്‍ യാക്കോബിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചു പറയുന്നു. അവിടുന്നു പറയുന്നതിങ്ങനെ: ‘ഞാന്‍ നിന്നോടുള്ള സ്‌നേഹം നിന്റെ പൂര്‍വീകനായ യാക്കോബിനെ തിരഞ്ഞടുത്തതിലൂടെ കാട്ടിയിട്ടുണ്ട്. ഏശാവ് യാക്കോബിന്റെ സഹോദരന്‍ അല്ലോ, എങ്കിലും ഞാന്‍ ഏശാവിനെ തള്ളി. എന്നാല്‍ നിന്നെ ഞാന്‍ തിരഞ്ഞെടുത്തു.’

ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നു നമുക്കു എങ്ങനെ അറിയാം? ഒന്നാമതായി നമ്മുടെ പാപങ്ങള്‍ക്കായി മരിക്കുവാനായി ദൈവം ക്രിസ്തുവിനെ ലോകത്തിലേക്ക് അയച്ചതിനാല്‍ അവിടുന്നു നമ്മെ സ്‌നേഹിക്കുന്നു എന്നു മനസ്സിലാക്കാം. ലോകത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ മദ്ധ്യേ നിന്ന് ദൈവം നമ്മെ തിരഞ്ഞെടുത്തു ജീവങ്കലേക്കു പോകുന്ന ചുരുക്കം പേരുടെ കൂട്ടത്തില്‍ ആക്കി. എന്തുകൊണ്ടാണ് അവിടുന്നു നമ്മെ തിരഞ്ഞെടുത്തത്? നാം മറ്റുള്ളവരെ അപേക്ഷിച്ചു കൂടുതല്‍ നീതിമാന്മാരായതിനാലാണോ? അല്ല, നമുക്കെല്ലാം മാനുഷ രീതിയില്‍ പറഞ്ഞാല്‍ നമ്മേക്കാള്‍ മെച്ചപ്പെട്ട അവിശ്വാസികളായ കൂട്ടുകാരും ബന്ധുമിത്രാദികളും ഉണ്ട്. ദൈവം നമ്മെ തിരഞ്ഞെടുത്തത് നാം നമ്മെത്തന്നെ പാപികളായി അംഗീകരിച്ചതിനാലാണ്. ദൈവം നീതിമാന്മാരെ അല്ല പാപികളെ വിളിപ്പാനായി ലോകത്തില്‍ വന്നു. ചെളിക്കുണ്ടില്‍ നിന്ന് ദൈവം രക്ഷിച്ച പാപികളാണ് നാം എല്ലാവരും.

നാം എല്ലായ്‌പ്പോഴും ഓര്‍ക്കേണ്ട ദൈവ സ്‌നേഹത്തിന്റെ ഒരു തെളിവാണിത്. ലോകത്തിലെ ഏതു വസ്തു ഉണ്ടാക്കുന്നതിനും മുമ്പേ ദൈവം ലോകത്തിലെ കോടിക്കണക്കിന് ആളുകളില്‍ നിന്നു നിന്നെ തിരഞ്ഞെടുത്തു. ജീവപുസ്തകത്തില്‍ നിന്റെ പേര് എഴുതി. ഇത് ദൈവത്തിന്റെ സര്‍വ്വാധിപത്യ തിരഞ്ഞെടുപ്പാണ്. റോമര്‍ 9:11-13ല്‍ നാം ഇങ്ങനെ വായിക്കുന്നു. ”കുട്ടികള്‍ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവര്‍ത്തിക്കയോ ചെയ്യും മുമ്പേ അവള്‍ക്ക് (റിബേക്കയ്ക്ക്) ദൈവത്തില്‍ നിന്ന് ഒരു സന്ദേശം ലഭിച്ചു. (നമ്മുടെ നന്മ പ്രവൃത്തിയോ തിന്മ പ്രവൃത്തിയോ അനുസരിച്ചല്ല, മറിച്ച് ദൈവം തന്റെ സ്വന്തം പദ്ധതി അനുസരിച്ചാണു തിരഞ്ഞെടുക്കുന്നതെന്ന് ഈ സന്ദേശം തെളിയിക്കുന്നു). അവളോടു ദൈവം പറഞ്ഞു: ”നിന്റെ മൂത്ത മകന്റെ സന്തതി പരമ്പര നിന്റെ ഇളയ മകന്റെ സന്തതികളെ സേവിക്കും.’ തിരുവെഴുത്തിലെ വാക്കുകള്‍ അനുസരിച്ച് ‘ഞാന്‍ യാക്കോബിനെ സ്‌നേഹിച്ചു. ഏശാവിനെ തിരസ്‌കരിച്ചു.” നമ്മെ തിരഞ്ഞെടുത്തതിലുള്ള സര്‍വ്വാധിപത്യം നാം ഇവിടെ കാണുന്നു. നമ്മുടെ നല്ല പ്രവൃത്തികളല്ല തിരഞ്ഞെടുപ്പിനു കാരണം. അതുപോലെ നിങ്ങള്‍ ദൈവത്തെ ആദ്യം തിരഞ്ഞെടുത്തു എന്നു ചിന്തിക്കുന്നുവെങ്കില്‍ അതും ശരിയല്ല. യോഹന്നാന്‍ 15:16-ല്‍ ‘നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു’ എന്നു വ്യക്തമായി എഴുതിയിരിക്കുന്നു. ഇതു മറക്കരുത്.

യിസ്രായേലിലെ പിന്മാറ്റക്കാരായ നേതാക്കള്‍

മലാഖി 1:6-ല്‍ ദൈവം പുരോഹിതന്മാരോടു ചോദിക്കുന്നു. ഇവിടെയും ആളുകളെ നയിക്കുന്നവരോടാണ് ദൈവം ആദ്യമായി ചോദിക്കുന്നത്. യിസ്രായേലിന്റെ ചരിത്രം നോക്കിയാല്‍ നേതാക്കളാണു ജനത്തെ പാപത്തിലേക്കു നയിച്ചത്. ക്രിസ്തീയ സഭയുടെ 20 നൂറ്റാണ്ടിലെ ചരിത്രത്തിലും സഭാ നേതാക്കളാണ് ലോകമയത്വത്തിലേക്കും ഒത്തുതീര്‍പ്പിലേക്കും സഭയെ കൊണ്ടുപോയത്. പഴയ നിയമത്തില്‍ യിസ്രായേലിലെ നേതാക്കന്മാരോട് സംസാരിക്കുവാന്‍ ദൈവം ഇടയ്ക്കിടെ ഓരോ പ്രവാചകന്മാരെ എഴുന്നേല്‍പ്പിക്കുമായിരുന്നു. പ്രവാചകന്‍ നേതാക്കളുടെ പരാജയങ്ങളെപ്പറ്റി വിവരിക്കും. എന്നാല്‍ ഒട്ടുമിക്കവാറും നേതാക്കളും ഈ പ്രവാചകന്മാരെ ദ്വേഷിക്കുകയും പീഡിപ്പിക്കയും അവര്‍ക്കു സാധാരണ ആളുകളോടു സംസാരിക്കുവാന്‍ അനുവാദം കൊടുക്കാതെ ഇരിക്കുകയും ചെയ്യും. മാത്രമല്ല ഈ വ്യക്തിയെ കള്ളപ്രവാചകനായി മുദ്ര കുത്തുകയും ചെയ്യും. എന്നാല്‍ പ്രവാചകന് ദൈവത്തിന്റെ അംഗീകാരം ഉള്ളതിനാല്‍ മനുഷ്യരുടെ അഭിപ്രായം അവനെ ബാധിക്കുകയില്ല. കള്ളപ്രവാചകന്മാരെപ്പോലെ ആരുടെയും പണം ഇവര്‍ മോഹിക്കുന്നില്ല. അവരുടെ സന്ദേശം നേതാക്കളെ മുറിപ്പെടുത്തിയാല്‍ പോലും യാഥാര്‍ത്ഥ പ്രവാചകന്‍ സത്യം തുറന്നു പറയും. സഭാചരിത്രത്തിലുടനീളം ഈ കഥ തന്നെ ആവര്‍ത്തിക്കുന്നു. ക്രിസ്തീയ സമൂഹത്തിലെ സഭാനേതാക്കളില്‍ ഒട്ടു മിക്കവാറും പേര്‍ ദൈവത്തെ അറിയുന്നില്ല. ദൈവത്തില്‍ നിന്നുള്ള ഒരു പ്രവചന വചനം പറയുവാനും ഇവര്‍ക്കറിയില്ല. അതിനാല്‍ അന്ധരെ നയിക്കുന്ന അന്ധനായ നേതാവിനെപ്പോലെ സഭകളെ ലോകമയത്വത്തിലേക്കും ഒത്തുതീര്‍പ്പിലേക്കും ഇവര്‍ നയിക്കുന്നു. എന്നാല്‍ ഇവിടെയും അവിടെയും പഴയ നിയമ കാലഘട്ടത്തിലെന്നപോലെ ദൈവം തന്റെ വചനം സഭയോട് അറിയിക്കുവാന്‍ ഒരു പ്രവാചകനെ എഴുന്നേല്പിക്കും. എന്നാല്‍ ഈ സഭാ നേതാക്കള്‍ക്ക് അവന്‍ ഭീഷണിയായി തോന്നുന്നതിനാല്‍ ഇത്തരം പ്രവാചകനെ അവര്‍ തള്ളിക്കളയും.

കര്‍ത്താവ് പുരോഹിതന്മാരോടും നേതാക്കളോടും പറയുന്നതു ശ്രദ്ധിക്കുക: ”മകന്‍ അപ്പനേയും ദാസന്‍ യജമാനനേയും ബഹുമാനിക്കേണ്ടതല്ലോ? ഞാന്‍ അപ്പന്‍ എങ്കില്‍ എന്നോടുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനന്‍ എങ്കില്‍ എന്നോടുള്ള ഭക്തി എവിടെ? നിങ്ങള്‍ സഭയിലുള്ള ധനവാന്മാര്‍ക്കു ദൈവത്തെക്കാള്‍ അധികം ബഹുമാനം നല്കുന്നു. എന്റെ വചനത്തിനു നിങ്ങള്‍ ചെവി കൊടുക്കുന്നില്ല. ധനവാന്മാരെ സന്തോഷിപ്പിച്ച് അവരുടെ പണം കിട്ടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ എന്നെയാണോ മഹത്വപ്പെടുത്തുന്നത്? നിങ്ങള്‍ എവിടെ എന്നെ മഹത്വപ്പെടുത്തുന്നു? ഞാന്‍ നിങ്ങളുടെ പിതാവാണോ? ഞാന്‍ നിങ്ങളുടെ യജമാനനാണോ? ഏതു തരം യാഗമാണ് നിങ്ങള്‍ അര്‍പ്പിക്കുന്നത്? നിങ്ങളുടേത് മലിനപ്പെട്ട യാഗമാണ്” (1:6-8 വരെ വായിക്കുക). ഈ നേതാക്കള്‍ മനുഷ്യരില്‍ നിന്നുള്ള മാനം ആഗ്രഹിച്ചു. എന്നാല്‍ ദൈവത്തെ മാനിക്കുവാന്‍ ഇവര്‍ താല്പര്യപ്പെട്ടില്ല. ഇവര്‍ മനുഷ്യരുടെ മേല്‍ തങ്ങള്‍ക്ക് അധികാരം ഉണ്ടാകണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ കര്‍ത്താവിന്റെ അധികാരത്തിനു കീഴ്‌പ്പെടുവാന്‍ ഇവര്‍ ആഗ്രഹിച്ചില്ല. റോമന്‍ ശതാധിപന്‍ ഒരിക്കല്‍ യേശുവിനോടു പറഞ്ഞു: ”ഞാനും അധികാരത്തിനു കീഴ്‌പ്പെട്ട മനുഷ്യന്‍, എന്റെ കീഴില്‍ പടയാളികള്‍ ഉണ്ട്. ഒരുവനോടു പോക എന്നു പറഞ്ഞാല്‍ അവന്‍ പോകുന്നു. മറ്റൊരുവനോടു വരിക എന്നു പറഞ്ഞാല്‍ അവന്‍ വരുന്നു” (ലൂക്കൊ. 7:8). സ്വയം അധികാരം ലഭിക്കണമെങ്കില്‍ ഒരുവന്‍ അധികാരത്തിനു കീഴ്‌പ്പെട്ടവനായിരിക്കണം. നമ്മുടെ കുട്ടികള്‍ നമ്മെ ആദരിക്കണം എന്നു നാം അഗ്രഹിക്കുന്നുവെങ്കില്‍ നാം ദൈവത്തെ ആദരിക്കുന്നവരായിരിക്കണം. നമ്മുടെ ഭാര്യ നമുക്കു കീഴ്‌പ്പെടുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ നാം ദൈവത്തിനു കീഴ്‌പ്പെടുന്നവര്‍ ആയിരിക്കണം. ദൈവം ഈ സത്യമാണ് തന്റെ മക്കളോടു പറയുന്നത്: ”നിങ്ങള്‍ എന്നെ ആദരിക്കാതിരുന്നാല്‍ നിങ്ങളുടെ ഭാര്യ എങ്ങനെ നിങ്ങളെ ആദരിക്കും? ഞാന്‍ നിങ്ങളുടെ ഭര്‍ത്താവല്ലയോ? നീ എന്നെ ബഹുമാനിക്കുന്ന അതേ അളവില്‍ മാത്രമേ നിനക്ക് നിന്റെ ഭാര്യയില്‍ നിന്ന് ബഹുമാനം പ്രതീക്ഷിക്കുവാന്‍ പറ്റുകയുള്ളൂ.” എന്നാല്‍ നിങ്ങള്‍ മനുഷ്യനെ പ്രസാദിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ ദൈവത്തെ ഭയപ്പെടുന്നു എന്നു നിങ്ങള്‍ക്ക് എങ്ങനെ പറയാന്‍ സാധിക്കും?

”നിങ്ങള്‍ എന്റെ യാഗപീഠത്തിന്മേല്‍ മലിനഭോജനം അര്‍പ്പിക്കുന്നു” (1:8). ഈ വ്യക്തികള്‍ ദൈവത്തെ ഭയപ്പെട്ടില്ല. ഇത് എങ്ങനെ വെളിവായി? അവര്‍ കണ്ണു പൊട്ടിയതിനെയും മുടന്തും ദീനവുമുള്ള മൃഗങ്ങളെയും യാഗത്തിനായി കൊണ്ടു വന്നു! യാഗത്തിനു കൊണ്ടുവരുന്ന സകല മൃഗങ്ങളും ഊനമറ്റതായിരിക്കണം എന്ന് വ്യക്തമായ പഴയനിയമ വ്യവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ നല്ല മൃഗങ്ങളെ അവര്‍ക്കായും ദീനം പിടിച്ചവയെ ദൈവത്തിനായും അര്‍പ്പിച്ചു. തങ്ങളുടെ പക്കലുള്ള ഏറ്റവും മോശപ്പെട്ട മൃഗങ്ങളെ അവര്‍ ദൈവത്തിനായി കൊടുത്തു.

ഇന്നും ക്രിസ്ത്യാനികള്‍ ഇതു ചെയ്യുന്നില്ലേ? എന്താണ് പല വിശ്വാസികളും ക്രിസ്തുവിനായി സമര്‍പ്പിക്കുന്നത്? ഗവണ്‍മെന്റ് ജോലിയില്‍ നിന്നു വിരമിച്ച ശേഷം ദൈവത്തെ സേവിക്കുവാന്‍ എതെങ്കിലും ഒരു ക്രിസ്തീയ സംഘടനയില്‍ ചേരും. ജീവിതത്തിന്റെ ഭൂരിപക്ഷം ഭാഗവും പണമുണ്ടാക്കുവാന്‍ ലോകത്തിനായി കൊടുത്ത ശേഷം ജീവിതത്തിന്റെ മട്ട് ഭാഗം ദൈവത്തിനായി കൊടുക്കുന്നു. വിരമിച്ച ശേഷം കുറച്ചുകൂടി പണം ഉണ്ടാക്കുവാന്‍ വേണ്ടിയാണ് ഇവര്‍ ഇതു ചെയ്യുന്നത്.

‘അതിനെ നിന്റെ ദേശാധിപതിക്കു കാഴ്ച വയ്ക്കുക. അവന്‍ പ്രസാദിക്കുമോ?’ (1:8). ദേശാധിപതിക്ക് എന്തെങ്കിലും പാരിതോഷികം കൊടുക്കുമ്പോള്‍ നിങ്ങളുടെ വീട്ടിലെ ഏറ്റവും മോശപ്പെട്ട സാധനങ്ങളാണോ കൊടുക്കുന്നത്? ഉദാഹരണത്തിനു നിങ്ങളുടെ സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ നിങ്ങളുടെ വീട്ടില്‍ ചായസല്‍ക്കാരത്തിനു വന്നാല്‍ നിങ്ങള്‍ ഒരു ചായ ഉണ്ടാക്കിയതിനു ശേഷം ഭൂരിഭാഗവും സ്വയം കുടിച്ചിട്ട് അതിന്റെ മട്ടാണോ അദ്ദേഹത്തിനു കൊടുക്കുന്നത്? ഒരിക്കലും ഇല്ല. ഒരു ഭിക്ഷാടകനു പോലും നിങ്ങള്‍ അതു നല്കുകയില്ല. എന്നാല്‍ ഇതാണ് പല വിശ്വാസികളും ദൈവത്തിന് അര്‍പ്പിക്കുന്നത്. ലോകത്തിനു വേണ്ടി ഭൂരിഭാഗം സമയവും ജീവിച്ചിട്ട് അവസാന ഭാഗം ദൈവത്തിനായി കൊടുക്കുന്നു. ഇത് അപമാനിക്കുന്നതിനു തുല്യമാണ്. ദൈവത്തിനു ഏറ്റവും നല്ലത് അര്‍പ്പിക്കുക. യുവാവായിരിക്കുമ്പോള്‍ തന്നെ നിങ്ങളെ ദൈവത്തിനു സമര്‍പ്പിക്കുക.

സമയത്തിന്റെ കാര്യത്തിലും ധാരാളം വിശ്വാസികള്‍ ഇതേ കാര്യം തന്നെ ചെയ്യുന്നു. ബഹൂഭൂരിപക്ഷം സമയവും തങ്ങളുടെ സ്വന്ത താല്പര്യങ്ങള്‍ക്കായി ചെലവഴിച്ചശേഷം ബാക്കി വരുന്ന തുച്ഛമായ സമയം ദൈവത്തിനായി കൊടുക്കുന്നു. ഇത്തരം വിശ്വാസികള്‍ ആത്മികമായി ദരിദ്രരും അഭിഷേകം ഇല്ലാത്തവരുമായിരിക്കുന്നതില്‍ ഒരു അത്ഭുതവും ഇല്ല.

നിങ്ങളുടെ ബുദ്ധിശക്തിയുടെ കാര്യത്തില്‍ എങ്ങനെയാണ്? നിങ്ങള്‍ അതിനെ ദൈവമഹത്വത്തിനായി ഉപയോഗിക്കുന്നുവോ? സകല കാര്യങ്ങളിലും ദൈവത്തിന് ഏറ്റവും നല്ലതു നല്കിയാലേ ദൈവത്തിന്റെ അഭിഷേകം നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിരിക്കുകയുള്ളു. നിങ്ങള്‍ കുടിക്കുന്ന തിനു മുന്‍പ് ദൈവത്തിനു ചായ നിറഞ്ഞ കപ്പ് കൊടുക്കുക. ദൈവം തന്റെ ആവശ്യാനുസരണം ഉപയോഗിച്ച ശേഷം മട്ട് നിങ്ങള്‍ക്കു കുടിക്കാം. ഇപ്രകാരമായിരിക്കണം നിങ്ങള്‍ ദിവസംതോറും ജീവിക്കേണ്ടത്. നമ്മുടെ ജീവിതത്തിന്റെയും സമയത്തിന്റെയും ഏറ്റവും നല്ല ഭാഗം കര്‍ത്താവിനായിരിക്കണം.

ജീവിതം പൂര്‍ണ്ണമായി കര്‍ത്താവിനു നല്കുക എന്നതിന് പൂര്‍ണ്ണ സമയം സുവിശേഷകരാകുക എന്നല്ല അര്‍ത്ഥം. ദൈവം നിങ്ങളെ പൂര്‍ണ്ണ സമയ സുവിശേഷത്തിനു വിളിച്ചാലോ ഒരു ഭൗതിക ഉദ്യോഗത്തില്‍ തുടര്‍ന്നാലോ ദൈവത്തിന് ഒന്നാം സ്ഥാനം കൊടുക്കുക.

മലാഖിയുടെ കാലത്തെ യഹൂദര്‍ തങ്ങള്‍ക്ക് ഒരു ചെലവും ഇല്ലാത്ത കാര്യങ്ങള്‍ ദൈവത്തിനായി കൊടുത്തു. ദൈവത്തെ എങ്ങനെ ആരാധിക്കണമെന്ന് അവര്‍ അറിഞ്ഞിരുന്നില്ല. ദൈവത്തെ ആരാധിക്കുക എന്നു പറഞ്ഞാല്‍ ദൈവത്തിനു ഏറ്റവും നല്ലത് നല്കുക എന്നാണര്‍ത്ഥം. യെഹൂദ കാലഘട്ടത്തിന്റെ അവസാനത്തില്‍ പ്രവചിച്ച മലാഖിക്ക് നമ്മുടെ കാലഘട്ടത്തിലേക്ക് ഒരു ദൂത് ഉണ്ട്. സഭാ കാലയളവിന്റെ അവസാന ഘട്ടത്തിലുള്ള ഇന്നത്തെ ദൈവജനത്തിന് മലാഖിയുടെ കാലത്തെ ദൈവജനത്തിന്റെ അവസ്ഥയോടു വളരെ സാമ്യമുണ്ട്. കര്‍ത്താവിന്റെ വരവിനായി ക്രിസ്തീയ ലോകത്തെ ഒരുക്കുവാനായി മലാഖിയുടെ സന്ദേശം ഉള്ള പ്രവാചകന്മാരെ നമ്മുടെ ഇടയില്‍ ആവശ്യമുണ്ട്.

‘എന്റെ നാമം ജാതികളുടെ ഇടയില്‍ മഹത്വപ്പെടണം. എല്ലായിടത്തും എന്റെ നാമത്തിനു ഒരു നിര്‍മ്മലമായ സാക്ഷ്യം ഉണ്ടാകണം'(1:11). ലോകത്തിന്റെ കിഴക്കു നിന്നും പടിഞ്ഞാറു വരെ ഇത്തരം ഒരു സാക്ഷ്യമാണ് ദൈവം ആഗ്രഹിക്കുന്നത്. ദൈവം ഒരു വലിയ വഴിപാടല്ല മറിച്ച് നിര്‍മ്മലമായ വഴിപാടാണ് ആഗ്രഹിക്കുന്നത്. പഴയ നിയമ രീതിയില്‍ പറഞ്ഞാല്‍ ദീനമുള്ള ഒരു വലിയ കാളയെ ദൈവം ആഗ്രഹിക്കുന്നില്ല. ഒരു ചെറിയ ആട്ടിന്‍കുട്ടി ആയിക്കൊള്ളട്ടെ. പക്ഷേ അത് ആരോഗ്യമുള്ളതും ഊനം ഇല്ലാത്തതും ആയിരിക്കണം. ദൈവം ഇന്നും ആള്‍ക്കൂട്ടത്തെയോ തൂക്കത്തെയോ നോക്കുന്നില്ല. മറിച്ച് ദൈവം ഗുണനിലവാരത്തെ നോക്കുന്നവനാണ്. ദൈവം ഇന്നും വലിയ സഭയേക്കാള്‍ നിര്‍മലമായ സഭയെ അന്വേഷിക്കുന്നു.

നിങ്ങള്‍ക്ക് ഒരു സഭയുടെ ചുമതല ഉണ്ടെങ്കില്‍ അതില്‍ എത്ര അംഗങ്ങള്‍ ഉണ്ടെങ്കിലും അത് ഒരു നിര്‍മ്മലമായ സഭയായിരിക്കണമെന്ന് ആഗ്രഹിക്കുക. ലോകത്തിന്റെ നിലവാരം അനുസരിച്ച് അംഗബലത്തിലാണ് ഭൂരിപക്ഷം ക്രിസ്ത്യാനികളും ആകൃഷ്ടരാകുന്നത്. ലക്ഷോപലക്ഷങ്ങള്‍ കര്‍ത്താവിലേക്കു നയിക്കപ്പെടുന്നത് നല്ലതു തന്നെ. എന്നാല്‍ അവര്‍ ഒരു തീരുമാന കാര്‍ഡ് പൂരിപ്പിച്ച വ്യക്തികളോ അല്ലെങ്കില്‍ സുവിശേഷ മീറ്റിംഗുകളില്‍ മുമ്പോട്ടു വന്നവരോ മാത്രം ആയാല്‍ പോരാ. മറിച്ച് അവരെല്ലാവരും ശിഷ്യരായി തീരണം. ദീനം പിടിച്ച കാളയെക്കാള്‍ ആരോഗ്യമുള്ള ഒരു കുറുപ്രാവിനെയാണ് ദൈവം ആഗ്രഹിക്കുന്നത്.

‘ശപിക്കപ്പെട്ടവന്‍’ എന്ന വാക്ക് നാം 1:14ല്‍ കാണുന്നു. ഈ വാക്ക് ഏഴ് തവണ മലാഖിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ബൈബിള്‍ അനുസരിച്ച് മലാഖി പുസ്തകത്തിലേയും പഴയ നിയമത്തിലേയും അവസാന വാക്ക് ശാപം എന്നതാണ്. (‘സൈന്യങ്ങളുടെ യഹോവ’ എന്ന ശൈലി 24 തവണ ഈ പുസ്തകത്തില്‍ ആവര്‍ത്തിക്കുന്നു. സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടേയും അധിപനായ യഹോവയെയാണ് നാം സേവിക്കുന്നത്)

ക്രിസ്തീയ നേതാക്കളില്‍ വിട്ടുവീഴ്ചാ മനോഭാവവും ലോകമയത്വവും കാണുമ്പോള്‍ നാം നിരുത്സാഹമുള്ളവരും നിരാശരുമായിത്തീരുക എളുപ്പമാണ്. ഈ അവസ്ഥ കണ്ട് പിന്മാറ്റത്തിലേക്കു പോകുവാന്‍ വരെ സാധ്യതയുണ്ട്.

എന്റെ യൗവനകാലത്ത് ഞാന്‍ പല ക്രിസ്തീയ പ്രവര്‍ത്തകരുടെയും സഭകളുടെയും ക്രിസ്തീയ സംഘടനകളുടെയും കാര്യത്തില്‍ പലപ്പോഴും നിരാശനായി തീര്‍ന്നിട്ടുണ്ട്. എന്നാല്‍ അത് ഞാന്‍ ദൈവത്തെ എന്റെ ജീവിതത്തിന്റെ അവസാനം വരെ വിശ്വസ്തതയോടെ സേവിക്കുന്നതില്‍ നിന്ന് എന്നെ പിന്‍തിരിപ്പിച്ചിട്ടില്ല. ഞാന്‍ മറ്റുള്ളവരെ വിധിക്കുന്നില്ല. എന്നാല്‍ എന്റെ എല്ലാം കര്‍ത്താവിനെ ഏല്പിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞു.

2:1-3 വരെ പിന്നെയും പുരോഹിതന്മാരോടാണു മലാഖിയുടെ സന്ദേശം. മലാഖി ഇങ്ങനെ പറയുന്നപോലെ തോന്നും: ”എന്റെ സന്ദേശം കൂടിവരുന്ന ആളുകളോടല്ല. പിന്നെയോ വേദിയില്‍ ഇരിക്കുന്ന നേതാക്കളോടാണ്!.” കര്‍ത്താവു പറയുന്നു: ”ഈ ആജ്ഞ നിങ്ങളോടാണ്. നിങ്ങള്‍ കേട്ടനുസരിക്കയും എന്റെ നാമത്തിനു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മനസ്സു വയ്ക്കുകയും ചെയ്യാഞ്ഞാല്‍ ഞാന്‍ നിങ്ങളുടെ മേല്‍ ശാപം അയക്കും. നിങ്ങള്‍ക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. അതേ നിങ്ങള്‍ മനസ്സു വയ്ക്കായ്ക കൊണ്ട് ഞാന്‍ അവയെ ശപിച്ചുമിരിക്കുന്നു. ഞാന്‍ നിങ്ങള്‍ക്കുള്ള സന്തതിയെ ഭത്സിക്കയും ചാണകം, നിങ്ങളുടെ ഉത്സവങ്ങളിലെ ചാണകം, തന്നെ നിങ്ങളുടെ മുഖത്തു വിതറുകയും അവര്‍ നിങ്ങളെ അതിനോടുകൂടെ കൊണ്ടുപോകയും ചെയ്യും.”

ഈ പ്രവാചകന്മാര്‍ സൗമ്യതയോടെ സംസാരിക്കുന്നവരായിരുന്നില്ല. അലങ്കരിച്ച പ്രസംഗവേദിയില്‍ നിന്നുകൊണ്ട് ആളുകളെ സന്തോഷിപ്പിച്ച് ഹൃദ്യമായി സംസാരിക്കുന്നവരായിരുന്നില്ല. ഇവര്‍ കഠിനവാക്കുകള്‍ ഉപയോഗിച്ചിരുന്നു. ‘ഞാന്‍ നിന്റെ മുഖത്തു ചാണകം വാരി എറിയും’ എന്ന് ഒരു പ്രവാചകന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ക്ക് എന്തു തോന്നും? യിസ്രായേലില്‍ കാര്യങ്ങള്‍ വളരെ അധഃപതിച്ചിരുന്നതുകൊണ്ട് പ്രവാചകന്മാര്‍ ഈ രീതിയില്‍ സംസാരിച്ചു. വ്യക്തിഗത സംഭാഷണത്തില്‍ നന്നായി കരുണയോടെ കൃപ നിറഞ്ഞ വാക്കുകള്‍ സംസാരിക്കു ന്നത് ശരി തന്നെ. എന്നാല്‍ ദൈവവചനം നിങ്ങള്‍ പറയുമ്പോള്‍ ഒരു സിംഹത്തെ പ്പോലെ ആകേണ്ടത് ആവശ്യമാണ്. വേദിയില്‍ ഒരു സിംഹവും താഴെ ഒരു കുഞ്ഞാടുമായിരിക്കണം. ഇതാണ് ഞാന്‍ എല്ലാ പ്രസംഗകരോടും പറയുന്നത്. യേശു അങ്ങനെ ആയിരുന്നു. താന്‍ ശക്തിയുള്ള വാക്കുകള്‍ ഉപയോഗിച്ചു. ‘ഞാന്‍ ഈ ആജ്ഞ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു’ എന്നു നിങ്ങള്‍ അറിയും എന്ന് മലാഖി 2:4-ല്‍ പറയുന്നത് ശ്രദ്ധിക്കുക.

ദൈവത്തിന്റെ യഥാര്‍ത്ഥ ദാസന്മാരുടെ ഗുണങ്ങള്‍

മലാഖി 2:5,6-ല്‍ മലാഖി ആ കാലത്തെ ലേവ്യരെ പഴയ ആദ്യകാലത്തെ ലേവ്യരുമായി തട്ടിച്ചു നോക്കുന്നു. അതുപോലെ ആദ്യ അപ്പൊസ്തലന്മാര്‍ എല്ലാം വിട്ട് കര്‍ത്താവിനെ പിന്‍ഗമിച്ചവരായിരുന്നു എന്ന് കര്‍ത്താവ് ഇന്നു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നിങ്ങളെ ഇവരുമായി തട്ടിച്ചു നോക്കുക. കര്‍ത്താവു പറയുന്നു: ”ലേവിയോടുള്ള എന്റെ നിയമം ജീവനും സമാധാനവുമായിരുന്നു. അവന്‍ ഭയപ്പെടേണ്ടതിന് ഞാന്‍ അവന് അവയെ കൊടുത്തു. അവന്‍ എന്നെ ഭയപ്പെട്ടു. എന്റെ നാമം നിമിത്തം വിറയ്ക്കയും ചെയ്തു.”

ആദ്യ കാലത്തെ ലേവ്യരിലുണ്ടായിരുന്ന ഗുണങ്ങള്‍ അഞ്ചും ആറും വാക്യങ്ങളില്‍ നമുക്കു കാണാം. ഈ ഗുണങ്ങള്‍ എല്ലാ യഥാര്‍ത്ഥ ദൈവത്തിന്റെ ദാസന്മാരിലും കാണേണ്ടതുണ്ട്:

1) അവര്‍ ദൈവത്തെ ഭയപ്പെട്ടിരുന്നു. ദൈവഭയം ജ്ഞാനത്തിന്റെ ആരംഭം ആണ്.
2) ദൈവനാമത്തെക്കുറിച്ച് അവര്‍ക്ക് ഭാരം ഉണ്ടായിരുന്നു. ‘നിന്റെ നാമം വാഴ്ത്തപ്പെടണം’ എന്നാണ് കര്‍ത്താവ് നമ്മെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചത്. നമ്മുടെ നാട്ടില്‍ യേശുവിന്റെ നാമം മഹത്വപ്പെടുവാന്‍ അതീവ താല്പര്യം നമുക്കുണ്ടാകണം.
3) അവര്‍ ദൈവത്തിന്റെ സകല സത്യങ്ങളും പ്രസംഗിച്ചിരുന്നു. ധാരാളം പ്രസംഗകര്‍ ദൈവത്തിന്റെ ആലോചന മുഴുവനും പ്രസംഗിക്കുവാന്‍ തല്പരരല്ല. കാരണം അങ്ങനെ ചെയ്താല്‍ ജനസമ്മതി കിട്ടുകയില്ല. ഇതിനാല്‍ അവര്‍ ഒത്തുതീര്‍പ്പുകാരായിത്തീരുന്നു.
ഒരിക്കല്‍ ഒരു മീറ്റിംഗിന് എന്നെ ക്ഷണിച്ചു. ഞാന്‍ മാത്രമായിരുന്നു പ്രസംഗകന്‍. മീറ്റിംഗ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ‘ജലസ്‌നാനത്തെക്കുറിച്ച് ഒന്നും സംസാരി ക്കരുത്’ എന്ന മുന്നറിയിപ്പ് എനിക്കു ലഭിച്ചു. കാരണം ഇതു ചിലരെ മുറിപ്പെടുത്താന്‍ സാദ്ധ്യത ഉണ്ടത്രേ. കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍ മറ്റൊരാളെ നിങ്ങളുടെ മീറ്റിംഗുകള്‍ക്കു ക്ഷണിക്കാം. എനിക്കതു ചെയ്യാന്‍ സാധിക്കുകയില്ല എന്ന് ഞാന്‍ മറുപടി എഴുതി. ‘ഞാന്‍ എന്തു സംസാരിക്കണം എന്തു സംസാരിക്കരുത് എന്നു നിര്‍ദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ പ്രസംഗിക്കുവാനുള്ള ക്ഷണം ഞാന്‍ സ്വീകരിക്കുകയില്ല’ എന്നു ഞാന്‍ മറുപടി നല്കി. ഞാന്‍ കര്‍ത്താവിന്റെ ദാസനാകയാല്‍ കര്‍ത്താവ് എന്റെ ഹൃദയത്തില്‍ എന്തു നല്കിയോ അതു ഞാന്‍ സംസാരിക്കണം.
4) അവര്‍ പാപത്തെ വെറുത്തിരുന്നു. അവര്‍ കള്ളം പറയുകയോ വഞ്ചിക്കുകയോ ചെയ്തില്ല. അവരുടെ ഹൃദയത്തില്‍ പാപത്തോടു വെറുപ്പുണ്ടായിരുന്നു.
5) അവര്‍ ദൈവത്തോടൊപ്പം നടന്നു. ദൈവത്തോടൊപ്പമുള്ള തങ്ങളുടെ ദൈനംദിന നടപ്പ് അവര്‍ കാത്തുസൂക്ഷിച്ചിരുന്നു.
6) അവര്‍ നീതിയോടെ നടന്നു. പണമിടപാടിലും മറ്റുള്ളവരുമായുള്ള ഇടപഴകലിലും അവര്‍ നീതി ഉള്ളവരും വഞ്ചനയില്ലാത്തവരും ആയിരുന്നു.
7) അവര്‍ പലരേയും പാപം വിട്ടു നടക്കുവാന്‍ സഹായിച്ചു.

ഒരു യഥാര്‍ത്ഥ പ്രസംഗകനു വേണ്ട ഏഴ് ഗുണവിശേഷങ്ങളെ നാം ഈ രണ്ടു വാക്യങ്ങളില്‍ കാണുന്നു.

മലാഖി 2:7: ”പുരോഹിതന്‍ സൈന്യങ്ങളുടെ യഹോവയുടെ ദൂതനാകയാല്‍ അവന്റെ അധരങ്ങള്‍ പരിജ്ഞാനം സൂക്ഷിച്ചുവക്കേണ്ടതും ഉപദേശം അവനോടു ചോദിച്ചു പഠിക്കേണ്ടതും അല്ലോ.” ആദ്യം കര്‍ത്താവിന്റെ അടുക്കല്‍ ചെന്ന് വചനം പ്രാപിച്ച ശേഷം മാത്രം നാം അവിടുത്തെ വചനം ജനങ്ങള്‍ക്കു കൊടുക്കണം. ദൂതന്റെ കൈവശം ദൈവവചനം കാണണം. എന്നാല്‍ ഈ കാലത്തെ ലേവ്യര്‍ ഇന്നുള്ള പലരേയും പോലെ ദൈവവഴി വിട്ട് ഉടമ്പടി ദുഷിപ്പിച്ച് തങ്ങളുടെ ഉപദേശത്താല്‍ ജനത്തെ ഇടറുമാറാക്കി (2:8,9).

ദൈവദാസന്മാരും വിവാഹവും

മലാഖി 2:11-ല്‍ ദൈവജനം അവിശ്വാസികളെ വിവാഹം ചെയ്യുന്നതിനെയും തുടര്‍ന്നു യഹോവയ്ക്കു വഴിപാട് അര്‍പ്പിക്കുന്നതിനെയും മലാഖി ശാസിക്കുന്നു. ഒരു ദൈവദാസന് ദൈവഭക്തി ഉള്ള ഒരു കുടുംബം ഉണ്ടായിരിക്കണം. ദൈവ ഭക്തയായ ഭാര്യ എല്ലാവര്‍ക്കും കണ്ടെന്നു വരികയില്ല. ഇയ്യോബിനെ പോലെ പല ദൈവദാസര്‍ക്കും അഭക്തരായ ഭാര്യമാരുണ്ടായിരിക്കാം. എന്നാല്‍ ഇതു ഭക്തന്മാരായ ഭര്‍ത്താക്കന്മാരാകുന്നതില്‍ നിന്ന് അവരെ പിന്തിരിപ്പിക്കേണ്ടതില്ല. നിങ്ങള്‍ വിവാഹം കഴിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ ഭാര്യയെ തിരഞ്ഞെടുക്കുന്നത് സൂക്ഷിച്ചുവേണം. നിങ്ങള്‍ പോകുന്ന രീതിയില്‍ തന്നെ ഈ പെണ്‍കുട്ടി പോകുവാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കുക.

അഴകുള്ള മുഖം മാത്രം നോക്കി ഒരു പെണ്‍കുട്ടിയെ വിവാഹം ചെയ്യരുത്. യെഹൂദായിലുള്ളവര്‍ സൗന്ദര്യം മാത്രം നോക്കി വിഗ്രഹാരാധികളായ സ്ത്രീകളെ വിവാഹം ചെയ്തിരുന്നു (2:11). പണസ്‌നേഹിയും ലുബ്ധയുമായ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ വിവാഹം ചെയ്താല്‍ ഒരു വിഗ്രഹാരാധിയെ വിവാഹം ചെയ്തതിനു സമമാണ്. നിങ്ങള്‍ ദൈവവേലയ്ക്കു വേണ്ടി പണം കൊടുക്കുമ്പോള്‍ നിങ്ങളുടെ ഭാര്യ അറിയാതെ കൊടുക്കേണ്ടി വരും. രഹസ്യത്തില്‍ ആരെയെങ്കിലും സഹായിക്കണമെങ്കില്‍ നിന്റെ ഭാര്യയില്‍ നിന്ന് അതു മറച്ചു വയ്‌ക്കേണ്ടിവരും. അതിനാല്‍ നിന്നെപ്പോലെ തന്നെ ദൈവത്തെ സ്‌നേഹിക്കുന്ന അതേ ലക്ഷ്യമുള്ള ഒരു വ്യക്തിയെ വിവാഹം ചെയ്യുവാന്‍ ശ്രദ്ധിക്കുക.

വിവാഹത്തിനു ശേഷം നിന്റെ ഭാര്യ ആത്മികയോ അനാത്മികയോ ആയാലും അവളോടു തികച്ചും വിശ്വസ്തനായിരിക്കുക. 13-ാം വാക്യത്തില്‍ പ്രതിപാദിക്കുന്നവര്‍ ഉപവസിക്കുന്നവരും കരയുന്നവരും പ്രാര്‍ത്ഥിക്കുന്നവരും ആയിരുന്നു. എങ്കിലും ഇവര്‍ തങ്ങളുടെ ഭാര്യമാരോടു വിശ്വസ്തരല്ലായിരുന്നു. മതപരമായ ചടങ്ങുകളാല്‍ ഇവര്‍ പുറമേ ആത്മീയത കാണിക്കുന്നവരായിരുന്നു. എന്നാല്‍ ഇവരുടെ രഹസ്യജീവിതം കാണുന്ന ദൈവം ഇവരുടെ യാതൊരു പ്രാര്‍ത്ഥനയും കേള്‍ക്കുന്നുണ്ടായിരുന്നില്ല.

‘ഇന്നത്തെ ആവശ്യം കൂടുതല്‍ പ്രാര്‍ത്ഥനകളല്ല, എന്നാല്‍ ഉത്തരം ലഭിക്കുന്ന കൂടുതല്‍ പ്രാര്‍ത്ഥനകളാണ്’ എന്ന് ആരോ പറഞ്ഞിട്ടുണ്ട്. ബാലിന്റെ പ്രവാചകന്മാര്‍ മണിക്കൂറുകള്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍ ഏലിയാവ് ഒരു മിനിറ്റില്‍ കുറവു മാത്രം പ്രാര്‍ത്ഥിച്ചു. ആദ്യ സംഭവത്തില്‍ ധാരാളം പ്രാര്‍ത്ഥനയും രണ്ടാം സംഭവത്തില്‍ ഉത്തരം ലഭിച്ച പ്രാര്‍ത്ഥനയും നമുക്കു കാണാം. പ്രാര്‍ത്ഥനയിലും ഉപവാസത്തിലും നമുക്ക് ഒരു തൃപ്തിയുണ്ടാകുവാനും അതിന്റെ ബഹുമാനം എടുക്കുവാനും സാധിക്കും. അനേകരും ദൈവവുമായുള്ള തങ്ങളുടെ കൂട്ടായ്മയെ അളക്കുന്നത് തങ്ങളുടെ ഹൃദയവിശുദ്ധിയെ അടിസ്ഥാനപ്പെടുത്തിയല്ല. മറിച്ച് എത്ര മണിക്കൂര്‍ പ്രാര്‍ത്ഥിച്ചു എന്നതു വച്ചുകൊണ്ടാണ്. ഇത്തരം വ്യക്തികള്‍ ദൈവത്തെ സ്‌നേഹിക്കുന്നില്ല എന്നതിന്റെ ഏറ്റവും നല്ല തെളിവാണിത്. ഉദാഹരണമായി ഒരു യുവതി ഒരു യുവാവുമായി ഗാഢമായ സ്‌നേഹബന്ധത്തിലാണെന്നു കരുതുക. എന്നാല്‍ അവള്‍ അവനുമായി സമയം ചെലവിടുമ്പോള്‍ ‘സമയം എന്തായി’ എന്നറിയുവാന്‍ കൂടെക്കൂടെ വാച്ചിലേക്കു നോക്കിക്കൊണ്ടിരുന്നിട്ട് അവസാനം ഒരു മണിക്കൂറാകുമ്പോള്‍ ‘എന്നാല്‍ ഞാന്‍ പോകുന്നു’ എന്നു പറഞ്ഞാല്‍ അവള്‍ ഈ വ്യക്തിയെ സ്‌നേഹിക്കുന്നില്ല എന്നതു വ്യക്തമാണ്. അവള്‍ ഇവനെ സ്‌നേഹിക്കുന്നു ണ്ടെങ്കില്‍ സമയം എന്തായെന്നു നോക്കാതെ തന്റെ പ്രിയനോടു കൂടെ സമയം ചെലവിടുമായിരുന്നു. അത് അവള്‍ക്ക് ആനന്ദപ്രദമായിരുന്നേനേം. നമ്മുടെ പ്രിയനായ യേശുവിനോടു കൂടി സമയം ചെലവിടുന്നത് ഇതുപോലെ തന്നെയാണ്. യേശുവിനെ സ്‌നേഹിക്കുന്നുവെങ്കില്‍ വാച്ചില്‍ സമയം നോക്കിക്കൊണ്ട് അവനോടു സംസാരിക്കയില്ല. എന്റെ ജീവിതത്തില്‍ ഞാന്‍ ഒരിക്കലും അപ്രകാരം ചെയ്തിട്ടില്ല. ദൈവവുമായുള്ള കൂട്ടായ്മ ഒരു സ്‌നേഹബന്ധമാണ്.

കര്‍ത്താവ് നിങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല. കാരണം നീ നിന്റെ ഭാര്യയോട് കാണിച്ച അവിശ്വസ്തതയ്ക്കു ദൈവം സാക്ഷിയാണ്. നീ അവളോടു ചെയ്ത പ്രതിജ്ഞയില്‍ സത്യസന്ധനല്ലായിരുന്നു എന്ന് മലാഖി 2:14-ല്‍ പറയുന്നു. പ്രസംഗപീഠത്തില്‍ കൂടുതല്‍ സമയം നില്‌ക്കേണ്ടി വരുന്ന പ്രസംഗകര്‍ കൂടുതല്‍ അപകടത്തിലാണ്. ചില സ്ത്രീകള്‍ ഇവരോട് ആകൃഷ്ടരാകും. ഇവര്‍ മതഭക്തരായ സ്ത്രീകളാണ്. ആത്മീയരല്ല. ”സഹോദരാ, എനിക്കു നിന്നോടു ഒരു ചോദ്യം ചോദിക്കാനുണ്ട്” എന്ന് പറഞ്ഞ് ഇത്തരം സ്ത്രീകള്‍ പ്രസംഗകരോട് അടുത്തുവരും. പ്രസംഗകരോട് അടുക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ക്കുള്ളത്. ഞാന്‍ ഒരു സ്ഥലത്തു പ്രസംഗിച്ച ശേഷം ഇത്തരം സ്ത്രീകള്‍ എന്റെ അടുക്കല്‍ വന്നിട്ടുണ്ട്. ആ സമയത്ത് ‘ഇവളെ സൂക്ഷിക്കുക, ഇത് ആ പഴയ പാമ്പാണ്’ എന്നു ദൈവാത്മാവ് എന്നെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ആ സ്ത്രീ വിവാഹം കഴിഞ്ഞ സ്ത്രീ ആണെങ്കില്‍ ”സഹോദരി നിങ്ങളുടെ ഭര്‍ത്താവിനോട് ഈ ചോദ്യം ചോദിക്കുക” എന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. ‘സഹോദരാ അയാള്‍ ആത്മികനല്ല’ എന്ന് അവള്‍ മറുപടി പറഞ്ഞേക്കാം. എന്നാല്‍ അവള്‍ തന്നെ ആത്മികയല്ല വെറും മതഭക്തയാണെന്ന് അവള്‍ മനസ്സിലാക്കുന്നില്ല. അതുകൊണ്ട് ഞാന്‍ മറുപടി പറയും: ”അയാള്‍ ആത്മികനല്ലെങ്കിലും സാരമില്ല. അവര്‍ വീട്ടില്‍ വച്ചു ഭര്‍ത്താക്കന്മാരോടു ചോദിച്ചു കൊള്ളട്ടെ” (1 കൊരി. 14:34,35) എന്നാണ് ദൈവവചനം. അതുകൊണ്ട് അദ്ദേഹത്തോടു ചോദിക്കുക. അദ്ദേഹത്തിനു മറുപടി പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്റെ അടുത്തു വന്നു ചോദിക്കുവാന്‍ അദ്ദേഹത്തോടു പറയുക. ഞാന്‍ നിന്റെ ഭര്‍ത്താവിന് ഉത്തരം നല്കാം.” ഈ മറുപടി കേള്‍ക്കുമ്പോള്‍ മിക്കവാറും സ്ത്രീകള്‍ ഹൃദയത്തില്‍ മുറിവേറ്റവരായി മടങ്ങിപ്പോകാറുണ്ട്. പിന്നെ അവര്‍ എന്റെ അടുക്കല്‍ വരാറേയില്ല.

നിനക്കു നിന്നെത്തന്നെ സൂക്ഷിക്കണമോ? എങ്കില്‍ ഇത്തരം ഒരു മാതൃക പിന്‍തുടരുക.

എന്നാല്‍ ചില പ്രസംഗകരുടെ അടുത്ത് തല കുലുക്കി കണ്ണ് ചിമ്മി ചില സുന്ദരിമാരായ സ്ത്രീകള്‍ വന്ന് ചോദ്യം ചോദിക്കുന്നത് അവര്‍ക്കിഷ്ടമാണ്. ഇത്തരം പ്രസംഗകരാണ് അവസാനം പാപത്തില്‍ വീഴുന്നത്. നിങ്ങള്‍ക്കു പാപത്തില്‍ വീഴാതിരിക്കണമെങ്കില്‍ ഇത്തരം സ്ത്രീകളോടു അകന്നു നില്ക്കുക. സ്ത്രീകളോടു സംസാരിക്കരുത് എന്നല്ല ഞാന്‍ പറഞ്ഞത്. എന്നാല്‍ കൊഞ്ചിക്കുഴയുന്ന സ്ത്രീകളുടെ അടുക്കല്‍ നിന്ന് മാറിപ്പോകുക. സ്ത്രീകളുടെ വസ്ത്രധാരണവും അവര്‍ കണ്ണും തലയും ചലിപ്പിക്കുന്നതും ശ്രദ്ധിക്കുക. കൊഞ്ചിക്കുഴയുന്ന സ്ത്രീകളെ ഇങ്ങനെ തിരിച്ചറിയാന്‍ കഴിയും.

മറ്റു സ്ത്രീകളോടു സംസാരിക്കുന്ന രീതിയിലൂടെ നിങ്ങളുടെ ഭാര്യയോട് അവിശ്വസ്തതയുള്ളവനായി തീരുവാന്‍ സാധിക്കും. ഒരു അന്യസ്ത്രീയുടെ ശരീരം തൊട്ടില്ലെങ്കിലും അവളോടു വ്യഭിചരിക്കുവാന്‍ സാധിക്കും. ഇക്കാലത്ത് പുരുഷന്മാരും സ്ത്രീകളും ജോലി സ്ഥലത്ത് വളരെ അടുത്ത് ഇടപഴകുന്നവരാണ്. ആ സമയത്ത് നിന്റെ ഭാര്യ പെട്ടെന്ന് ആ ഓഫീസിലേക്ക് വന്നാല്‍ നീ ഉടനെ ചിരിയും തമാശ പറച്ചിലും നിറുത്തുമോ? ഈ ചോദ്യത്താല്‍ നിന്നെത്തന്നെ നിനക്കു പരിശോധിക്കാം. അത്തരം സംസാരം നിറുത്തുന്നപക്ഷം നിന്നില്‍ അശുദ്ധി ഉണ്ടെന്ന് നിനക്കു തിരിച്ചറിയാം.

ടിവി, വീഡിയോ, അശുദ്ധ ചലച്ചിത്രങ്ങള്‍, സിനിമാ പോസ്റ്ററുകള്‍ ഇവ മൂലം ധാരാളം അശുദ്ധി ഇന്നത്തെ ലോകത്തിലുണ്ട്. നാം ശ്രദ്ധയുള്ളവരല്ലെങ്കില്‍ ഈ അശുദ്ധി നമ്മുടെ ഉള്ളിലേക്കും കടക്കും. ദൈവഭൃത്യനായി നിനക്കു തുടരണമെങ്കില്‍ ഇത്തരം പരീക്ഷകളെ ഒഴിവാക്കി നിന്റെ ഭാര്യയോട് പരിപൂര്‍ണ്ണമായും വിശ്വസ്തനായിരിക്കുക. 1 കൊരിന്ത്യര്‍ 7:1,2-ല്‍ പറയുന്ന പ്രകാരം ദൈവം അവളെ നിനക്കു നല്കിയിട്ടുള്ളത് നിന്നെ സംരക്ഷിക്കുവാനായിട്ടാണ്.

മലാഖി 2:14-ല്‍ ‘നിന്റെ യൗവ്വനത്തിലെ ഭാര്യ’ എന്ന് പറഞ്ഞിരിക്കുന്നു. ഇതിന്റെ അര്‍ത്ഥം ഇതാണ്: നിന്റെ ഭാര്യയ്ക്ക് വയസ്സായി വെളുത്ത തലമുടിയുള്ളവളായി തീര്‍ന്നാലും അവള്‍ യൗവ്വനത്തില്‍ മനോഹരിയായി കാണപ്പെട്ട പ്രകാരം നീ അവളെ കാണുക. ഞാന്‍ എന്റെ ഭാര്യയെ ആ വിധമാണ് നോക്കുന്നത്. എന്റെ ഭാര്യയ്ക്ക് നരച്ച മുടിയുണ്ട്. എന്നാല്‍ ഞങ്ങളുടെ വിവാഹദിനത്തില്‍ മനോഹരിയായും ആകര്‍ഷകയായും ഞാന്‍ അവളെ കണ്ട രീതിയില്‍ ഇന്നും ഞാന്‍ അവളെ കാണുന്നു. നിന്റെ ഭാര്യയോട് വിശ്വസ്തനാകുക. വിവാഹ പ്രതിജ്ഞ ലംഘിക്കരുത്. നിങ്ങള്‍ കാല്‍തെന്നി വീണിട്ടുണ്ടെങ്കില്‍ ആഴത്തില്‍ അനുതപിക്കുക. ‘കര്‍ത്താവേ ഞാന്‍ നിങ്കലേക്കു മടങ്ങി വരുന്നു’ എന്നു പറയുക. ‘ഭാവിയില്‍ ഞാന്‍ നിന്നോടും എന്റെ ഭാര്യയോടും പൂര്‍ണ്ണമായും വിശ്വസ്തനായിരുന്നു കൊള്ളാം’ എന്നു പറയുക.

‘ഞാന്‍ വിവാഹമോചനം വെറുക്കുന്നു’ എന്നു 2:16ല്‍ കര്‍ത്താവ് പറയുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ സുവിശേഷ വിഹിത (പ്രത്യേകിച്ചു പാശ്ചാത്യ നാടുകളില്‍) സഭകളിലും ഇന്നു വിവാഹമോചനം എന്ന തെറ്റ് തലപൊക്കുന്നതായി നാം കാണുന്നു. സങ്കടകരമെന്നു പറയട്ടെ, പല സഭകളും ഇതിന് അനുമതി നല്കുന്നു. പല പാസ്റ്റര്‍മാരും വിവാഹമോചിതരായി വീണ്ടും വിവാഹം കഴിച്ചവരാണ്. വിവാഹമോചനം നേടിയ ശേഷം വീണ്ടും വിവാഹം കഴിച്ചവരെ തള്ളിക്കളയണമെന്നല്ല ഞാന്‍ പറയുന്നത്. ഇതു ചെയ്തവരില്‍ പലരും അന്ന് അവിശ്വാസികളോ ഇക്കാര്യത്തില്‍ വെളിച്ചം ഇല്ലാത്തവരോ ആയിരിക്കാം. ഇവരെ യേശുവിന്റെ ശിഷ്യത്വത്തിലേക്കു നാം നയിക്കണം. എന്നാല്‍ സഭ തന്നെ വിവാഹമോചിതരുടെ വിവാഹം നടത്തുമ്പോള്‍ അത് അവരെ പാപത്തിലേക്കും ക്രിസ്തുവിന്റെ വചനത്തിന്റെ അനുസരണക്കേടിലേക്കും നയിക്കുകയാണ് ചെയ്യുന്നത്. ഇത്തരം ശീലങ്ങള്‍ ഇന്ത്യയിലുള്ള സഭകളെ ദുഷിപ്പിക്കുന്നു എന്നത് സങ്കടകരമായ വസ്തുതയാണ്.

‘വിവാഹമോചനം ഞാന്‍ വെറുക്കുന്നു’ എന്ന് ദൈവം അരുളിച്ചെയ്യുന്നു. വിവാഹം മൂലം ഒന്നായ ഒരു ശരീരത്തെ രണ്ടായി വേര്‍പിരിക്കുന്നത് ഞാന്‍ വെറുക്കുന്നു എന്ന് മെസേജ് ബൈബിളില്‍ (മലാഖി 2:16) വിവര്‍ത്തനം ചെയ്തിരിക്കുന്നു. നിങ്ങള്‍ ദൈവത്തിന്റെ യഥാര്‍ത്ഥ ദാസനെങ്കില്‍ നിങ്ങള്‍ വിവാഹമോചനം വെറുക്കുന്നു എന്നും ദൈവം ഇതു വെറുക്കുന്നു എന്നും എല്ലായിടവും വിളംബരം ചെയ്യും. ഒരുവന്‍ തന്റെ ഭാര്യയുമായി വിവേകത്തോടെ വസിക്കുന്നില്ലെങ്കില്‍ അവന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുകയില്ല എന്നു 1 പത്രൊസ് 3:7-ല്‍ പറഞ്ഞിരിക്കുന്നു.

ഇന്ത്യയില്‍ ഭൂരിപക്ഷം ഭര്‍ത്താക്കന്മാരും തങ്ങളുടെ ഭാര്യമാര്‍ക്ക് ബഹുമാനം നല്കുന്നില്ല. അവര്‍ കൃപയുടെ കൂട്ടവകാശികളാണെന്ന വസ്തുത അവര്‍ ഓര്‍ക്കുന്നില്ല. അവര്‍ ആത്മിക സത്യങ്ങള്‍ ഭാര്യയുമായി പങ്കു വയ്ക്കുകയോ അവളുമായി പ്രാര്‍ത്ഥിക്കുകയോ ചെയ്യുന്നില്ല എന്നത് ഇതിന്റെ തെളിവാണ്. സഹോദരന്മാരുമായി മാത്രം അവര്‍ പ്രാര്‍ത്ഥിക്കുന്നു.

കുട്ടികളെ വളര്‍ത്തിക്കൊണ്ടു വരുന്നതും പ്രധാനമാണ്. നിന്റെ ഭാര്യയുമായി ദൈവം നിന്നെ എന്തിന് ഒന്നാക്കിത്തീര്‍ത്തു? ”ദൈവം നിന്നെ നിന്റെ ഭാര്യയുമായി ഒരു ദേഹവും ഒരു ആത്മാവും ആക്കിത്തീര്‍ത്തത് എന്തിനു വേണ്ടിയാണ്? ഇതിന്റെ ലക്ഷ്യം എന്താണ്?” നിങ്ങളുടെ കുട്ടികള്‍ വാസ്തവമായി ദൈവത്തിന്റെ മക്കളായി തീരുവാന്‍ വേണ്ടിയാണ് ദൈവം ഇതു ചെയ്തത് എന്നു മലാഖി 2:15-ന്റെ ഒരു വിവര്‍ത്തനത്തില്‍ പറഞ്ഞിരിക്കുന്നു.

കുട്ടികള്‍ക്കു ജന്മം നല്‍കുക താരതമ്യേന എളുപ്പമാണ്. എന്നാല്‍ ദൈവഭക്തരായ യുവാക്കന്മാരായും യുവതിമാരായും അവരെ വളര്‍ത്തി എടുക്കുക എന്നത് ജീവിത കാലം മുഴുവന്‍ നീണ്ടു നില്ക്കുന്ന ശുശ്രൂഷയാണ്. അതിനാല്‍ നിന്റെ ഭാര്യയോടു വിശ്വസ്തത പാലിച്ച് ഒരു ദൈവഭവനം കെട്ടിപ്പടുക്കുന്നതില്‍ വ്യാപൃതനായിരിക്കുക. ദൈവഭക്തിയില്‍ കുട്ടികളെ വളര്‍ത്തി എടുക്കാന്‍ പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിക്കുക. പല പ്രസംഗകരുടെയും കുട്ടികള്‍ അനിയന്ത്രിതമായി നടക്കുന്നതു കണ്ടതുകൊണ്ട് ദൈവഭക്തിയില്‍ കുട്ടികളെ വളര്‍ത്തിക്കൊണ്ടു വന്ന പ്രസംഗകരോട് എനിക്കു വലിയ മതിപ്പാണ്. ദൈവഭക്തി ഇല്ലാത്ത ഈ തലമുറയില്‍ ദൈവഭക്തിയുള്ള കുട്ടികള്‍ ഒരു വിലയേറിയ സാക്ഷ്യമാണ്. ഒരു പ്രസംഗകന്റെ കുട്ടികള്‍ പ്രസംഗകരായി മാറണമെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. ദൈവം തരുന്ന ഒരു വിളിയാണ് പ്രസംഗിക്കുക എന്നത്. ഒരു മനുഷ്യനും ആ വിളി തന്റെ കുട്ടികള്‍ക്കു കൊടുക്കുവാന്‍ സാധിക്കയില്ല. ദൈവം തന്നെ ഒരുവന് ആ വിളി കൊടുക്കണം. ഞാന്‍ പറയുന്നത് ദൈവാനുരൂപമുള്ള സ്വഭാവത്തെക്കുറിച്ചാണ്. നമ്മുടെ ശുശ്രൂഷയെക്കാള്‍ നമ്മുടെ സ്വഭാവം വളരെയേറെ പ്രാധാന്യമുള്ളതാണ്. പല ശുശ്രൂഷകന്മാരും തങ്ങളുടെ കുട്ടികളെ അവരുടെ ശുശ്രൂഷയിലേക്കു പ്രോത്സാഹിപ്പിച്ചുയര്‍ത്തുവാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ദൈവവചനത്തില്‍ ഈ മാതിരി ഒരു പ്രമാണം നാം കാണുന്നില്ല. കുട്ടികള്‍ ദൈവത്താല്‍ അഭിഷേകം ചെയ്യപ്പെട്ട് ദൈവവിളി പ്രാപിച്ചവരെങ്കില്‍ അവര്‍ ശുശ്രൂഷിക്കുന്നത് ഉചിതം തന്നെ.

‘എനിക്കു മുന്‍പായി വഴി നിരത്തേണ്ടതിനു ഞാന്‍ എന്റെ ദൂതനെ (യോഹന്നാന്‍ സ്‌നാപകന്‍) അയയ്ക്കുന്നു. നിങ്ങള്‍ അന്വേഷിക്കുന്ന കര്‍ത്താവും നിങ്ങള്‍ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവന്‍ (ക്രിസ്തു) പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും’ എന്ന് മലാഖി 3:1-ല്‍ എഴുതിയിരിക്കുന്നു. കര്‍ത്താവ് ഊതിക്കഴിക്കുന്നവന്റെ തീ പോലെ സകലരേയും ശുദ്ധീകരിക്കുവാന്‍ വേണ്ടി തന്റെ സഭയില്‍ വരുന്നതായി ഇവിടെ വായിക്കുന്നു. അവന്‍ ഇരുന്ന് തന്റെ മക്കളെ ശുദ്ധി ചെയ്യും. കാരണം ഇതു വളരെ സമയം എടുക്കുന്ന പ്രക്രിയ ആണ് (3:3). നാം എഴുന്നേറ്റു നിന്നു ചെയ്യുന്ന വേല വളരെ വേഗം തീര്‍ക്കുവാന്‍ സാധിക്കുന്നവയാണ്. എന്നാല്‍ ഒരു പ്രവൃത്തി തീര്‍ക്കാന്‍ വളരെ സമയം വേണ്ടി വരും എന്നു കണ്ടാല്‍ നമ്മള്‍ അത് ഇരുന്നുകൊണ്ടു ചെയ്യും. ലോകമയത്വത്തിന്റെയും പാപത്തിന്റെയും കറ നമ്മില്‍ നിന്നു കത്തിച്ചാമ്പലാകുംവരെ കര്‍ത്താവ് നമ്മെ ശുദ്ധീകരിക്കും. സ്വര്‍ണ്ണം ശുദ്ധിചെയ്യുന്ന പോലെ ദൈവം തന്നെ സേവിക്കുന്നവരെ നിര്‍മ്മലരാക്കും. സ്വര്‍ണ്ണം ശുദ്ധി ചെയ്യുമ്പോള്‍ അതില്‍ തട്ടാന്റെ മുഖം നന്നായി കാണുംവരെ ശുദ്ധി ചെയ്യുന്നപോലെ നമ്മില്‍ ക്രിസ്തുവിന്റെ ഛായ കാണുംവരെ അവന്‍ ഈ പ്രക്രിയ നമ്മില്‍ തുടരുന്നു. അത്രത്തോളം നാം ശുദ്ധീകരിക്കപ്പടണം. ഇതു ജീവിതകാലം മുഴുവന്‍ നീണ്ടു നില്ക്കുന്ന ഒരു പ്രക്രിയ ആണ്.

”യേശുവിന്റെ രണ്ടാം വരവില്‍ പ്രത്യാശ വച്ച സകലരും ക്രിസ്തു വിശുദ്ധനായിരിക്കുന്നതു പോലെ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നു.” 1 യോഹന്നാന്‍ 3:3-ല്‍ പറഞ്ഞിരിക്കുന്നു. കര്‍ത്താവ് നമ്മെ തീയില്‍ ഇട്ടു കറ കളയുമ്പോള്‍ അതിനോടു സഹകരിക്കുക എന്നതാണ് നമ്മുടെ വിളി. ഈ തീ നമ്മുടെ ബുദ്ധിമുട്ടുള്ള സാഹച ര്യങ്ങള്‍, പരീക്ഷകള്‍, രോഗങ്ങള്‍, സാത്താന്‍ നമ്മെ കുത്തുവാന്‍ ദൈവം അനുവദി ക്കുന്ന ശൂലങ്ങള്‍ എന്നിവയിലൂടെ ആണ് വരുന്നത്. പണമോഹത്തില്‍ നിന്നു വിടുവിക്കാന്‍ ദൈവം നമ്മുടെ ജീവിതത്തില്‍ പണത്തിന്റെയും സമ്പത്തിന്റേയും നഷ്ടം അനുവദിച്ചേക്കാം. മനുഷ്യന്റെ മാനം എന്ന കറ നമ്മില്‍ നിന്നു മാറ്റുവാന്‍ വേണ്ടി മറ്റുള്ളവര്‍ നമ്മെ കുറ്റം പറയുവാനും നമ്മുടെ തലയുടെ മുകളിലൂടെ ഓടാനും ദൈവം അനുവദിച്ചേക്കാം. സകലത്തിലും ക്രിസ്തുവിനു തുല്യരായിത്തീരുക എന്ന താണ് ദൈവികലക്ഷ്യം. എങ്കില്‍ മാത്രമേ നമുക്കു ഒരു നിര്‍മ്മല യാഗം ദൈവത്തിന് അര്‍പ്പിക്കുവാന്‍ സാധിക്കയുള്ളു. നമുക്കനുവദിക്കുന്ന തീപോലുള്ള പരീക്ഷയിലും പീഡനത്തിലും ബുദ്ധിമുട്ടുകളിലും തെറ്റിദ്ധാരണകളിലും കപടമായ കുറ്റാരോപണ ങ്ങളിലും നമ്മേത്തന്നെ കീഴടക്കി നമ്മുടെ പീഡകരെ സ്‌നേഹിക്കുവാന്‍ നാം ഒരു മ്പെട്ടാല്‍ തന്റെ വചനം മറ്റുള്ളവരുമായി പങ്കിടുമ്പോള്‍ നാം ശുദ്ധരും ശുശ്രൂഷയില്‍ വലിയ അഭിഷേകമുള്ളവരും ദൈവശക്തിയോടെ ശുശ്രൂഷ നിറവേറ്റുന്നവരുമായി ദൈവം നമ്മെ ആക്കിത്തീര്‍ക്കും. നിങ്ങളുടെ വചനങ്ങള്‍ നിങ്ങളുടെ ജീവനില്‍ നിന്ന് ഉത്ഭവിക്കുന്നവയാകും. ഈ മട്ടിലുള്ള ശുശ്രൂഷയാണ് ദൈവം നമ്മില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ദൈവം അന്വേഷിക്കുന്ന ശുദ്ധമായ യാഗം ഇതാണ്.

”യഹോവയായ ഞാന്‍ മാറാത്തവന്‍, അതുകൊണ്ട് യാക്കോബിന്റെ പുത്രന്മാരേ, നിങ്ങള്‍ മുടിഞ്ഞുപോകാതിരിക്കുന്നു” (മലാഖി 3:6). പുതിയനിയമത്തിലെ ദൈവം പഴയ നിയമത്തില്‍ കാണുന്ന ദൈവത്തെക്കാള്‍ സൗമ്യനാണെന്ന തെറ്റായ അഭിപ്രായം മാറ്റുവാന്‍ തക്കവണ്ണം ഈ വാക്യം പഴയനിയമത്തിന്റെ അവസാനം നാം വായിക്കുന്നു. പഴയനിയമത്തിന്റെ അവസാന താളുകളില്‍ ‘ദൈവം മാറ്റമില്ലാത്തവന്‍’ എന്ന കാര്യം ഉറപ്പിച്ചു പറയുന്നു. പഴയ നിയമ കാലത്ത് ദൈവം പാപത്തെ വെറുത്ത പ്രകാരം തന്നെ ദൈവം ഇന്നും പാപത്തെ വെറുക്കുന്നു. ദൈവം അന്നു കരുണയും ദയയും നിറഞ്ഞവനായിരുന്ന പ്രകാരം ഇന്നും ആയിരിക്കുന്നു. ദൈവത്തിനു മാറ്റമില്ല. ഒരിക്കലും അവന്‍ മാറുന്നില്ല.

ദൈവദാസന്മാരും പണവും

ദൈവം പറയുന്നു: ”മനുഷ്യനു ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍ എന്നെ തോല്പിക്കുന്നു. എന്നാല്‍ നിങ്ങള്‍: ഏതില്‍ ഞങ്ങള്‍ നിന്നെ തോല്പിക്കുന്നു എന്നു ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നേ. നിങ്ങള്‍, ഈ ജാതി മുഴുവനും തന്നേ. എന്നെ തോല്പിക്കുന്നതു കൊണ്ട് നിങ്ങള്‍ ശാപഗ്രസ്തരാകുന്നു. എന്റെ ആലയത്തില്‍ ആഹാരം ഉണ്ടാകേണ്ടതിനു നിങ്ങള്‍ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവീന്‍. ഞാന്‍ നിങ്ങള്‍ക്ക് ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു സ്ഥലം പോരാതെ വരുവോളം നിങ്ങളുടെ മേല്‍ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങള്‍ ഇതിനാല്‍ എന്നെ പരീക്ഷിപ്പിന്‍ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. ഞാന്‍ വെട്ടുക്കിളിയെ ശാസിക്കും; അതു നിങ്ങളുടെ നിലത്തിലെ അനുഭവം നശിപ്പിച്ചു കളയുകയില്ല. പറമ്പിലെ മുന്തിരിവള്ളിയുടെ ഫലം മൂക്കാതെ കൊഴിഞ്ഞുപോകയുമില്ല എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (മലാഖി 3:8-11).

ദശാംശം കൊടുക്കുന്ന കാര്യം പെന്തക്കോസ്ത് ദിനത്തിനു ശേഷം ഒരിക്കല്‍ പോലും പരാമര്‍ശിച്ചിട്ടില്ല എന്ന കാര്യം (പുതിയ നിയമം തുടങ്ങിയ ശേഷം) നിങ്ങള്‍ക്ക് അറിയാമോ? ദശാംശം പുതിയ നിയമത്തില്‍ കല്പിച്ചിട്ടില്ല. എന്നാല്‍ പണമോഹികളായ സഭാ മൂപ്പന്മാര്‍ അതു പ്രസംഗിച്ച് അറിവില്ലാത്ത വിശ്വാസികളായ പാവങ്ങളെ ചൂഷണം ചെയ്യുന്നു. യേശു ശിഷ്യന്മാരോടു കല്പിച്ചത് കൊടുക്കുവാ നാണ്- ദശാംശം നല്കുവാനല്ല. ഒന്നാമതായി ദൈവത്തിനു നാം എന്താണ് കൊടുക്കേണ്ടത്? റോമര്‍ 12:1-ല്‍ പറയുന്ന പ്രകാരം ”സഹോദരന്മാരെ ഞാന്‍ ദൈവത്തിന്റെ മനസ്സലിവ് ഓര്‍പ്പിച്ചു നിങ്ങളെ പ്രബോധിപ്പിക്കുന്നത് നിങ്ങളുടെ ശരീരങ്ങളെ ജീവനും വിശുദ്ധിയും ദൈവത്തിനു പ്രസാദവുമുള്ള യാഗമായി സമര്‍പ്പിപ്പിന്‍.”

ദശാംശത്തിനു പഴയ നിയമത്തില്‍ പ്രാധാന്യം കല്പിച്ചിരിക്കുന്ന പോലെ നമ്മുടെ ശരീരത്തെ ദൈവത്തിനു സമര്‍പ്പിക്കുന്നതിനു പുതിയ നിയമത്തില്‍ പ്രാധാന്യം കല്പിച്ചിരിക്കുന്നു. പെസഹാ കുഞ്ഞാടും ശബ്ബത്തു ദിവസവുംപോലെ ദശാംശവും ഒരു അടയാളം ആണ്. പെസഹാ കുഞ്ഞാട് ക്രിസ്തുവിന്റെ അടയാളവും ശബ്ബത്ത് ക്രിസ്തു നമുക്കു നല്കുന്ന അകമേയുള്ള സ്വസ്ഥതയുടെ അടയാളവും ആണ്. ഈ പഴയ നിയമ ആചാരങ്ങള്‍ ക്രിസ്തുവില്‍ നിറവേറ്റപ്പെട്ട കാര്യങ്ങളുടെ ഒരു നിഴലാണ് (കൊലൊസ്യര്‍ 2:16,17 ഇതു വ്യക്തമാക്കുന്നു).

ദൈവത്തിനു നമ്മുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം നല്കുക എന്നതാണ് ദശാംശത്തിലൂടെ ദൈവം നമ്മെ പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നത് എന്ന് ആവര്‍ത്തനം 14:23-ല്‍ (ലിവിംഗ് ബൈബിള്‍) പറയുന്നു. പഴയ നിയമത്തില്‍ ദശാംശം കൊടുക്കുന്നതിലൂടെ അവര്‍ ദൈവത്തിന് ഒന്നാം സ്ഥാനം നല്കുന്നു എന്ന കാര്യം തെളിയിക്കുന്നു. പുതിയ നിയമത്തില്‍ നമ്മുടെ ശരീരം ദൈവത്തിനു സമര്‍പ്പിക്കുന്നതിലൂടെ ദൈവത്തിന് ഒന്നാം സ്ഥാനം നല്കുന്നു എന്നു നാമും തെളിയിക്കുന്നു.

നമ്മുടെ ശരീരം നല്കുക എന്നതിന്റെ അര്‍ത്ഥം എന്താണ്? നമ്മുടെ കണ്ണുകള്‍ ഒരിക്കലും നമുക്കായിട്ടല്ല. പകരം ദൈവത്തിനായി നാം നല്കുന്നു. ഇങ്ങനെ കൊടുക്കുന്നതാണോ അതോ നമ്മുടെ പണത്തില്‍ 10% നല്കുന്നതാണോ ഏതാണ് എളുപ്പം? നമ്മുടെ പണത്തില്‍ 10% നല്കുക താരതമ്യേന എളുപ്പമാണ്. എന്നാല്‍ നമ്മുടെ കണ്ണുകള്‍ ഓരോ ദിവസവും വിശുദ്ധമായി സൂക്ഷിക്കുക എന്ന കാര്യം എളുപ്പമല്ല. അതിനാലാണ് പ്രസംഗകര്‍ നമ്മുടെ കണ്ണുകള്‍ വിശുദ്ധമായി സൂക്ഷിക്കുന്നതു പഠിപ്പിക്കാതെ ദശാംശം കൊടുക്കാന്‍ പഠിപ്പിക്കുന്നത്. പല പാസ്റ്റര്‍മാരും പണസ്‌നേഹികളായതിനാല്‍ അവരുടെ സഭാംഗങ്ങള്‍ ദശാംശം നല്‍കുന്നതിലൂടെ പണക്കാരാകുവാന്‍ അവര്‍ ആഗ്രഹിക്കുന്നു. പുതിയനിയമത്തില്‍ ദശാംശം കൊടുക്കുന്നതിന് ഒരു നീതീകരണവും ഇല്ലാത്തതിനാല്‍ മലാഖിയുടെ ഈ വചനങ്ങള്‍ കാണിച്ച് അറിവില്ലാത്ത വിശ്വാസികളെ ഭയപ്പെടുത്തി തങ്ങള്‍ക്കു ദശാംശം നേടുവാന്‍ ഇവര്‍ ശ്രമിക്കുന്നു.

ആദ്യ അപ്പൊസ്തലന്മാര്‍ വളരെ ദരിദ്രരായിരുന്നു എന്ന് 1 കൊരിന്ത്യര്‍ 4:9-12 വാക്യങ്ങളില്‍ നിന്നു നമുക്കു മനസ്സിലാക്കാം. ”ദൈവം അപ്പൊസ്തലരായ ഞങ്ങളെ ഒടുക്കത്തവരായി നിറുത്തി… ഈ നാഴിക വരെ ഞങ്ങള്‍ വിശന്നും ദാഹിച്ചും ഉടുപ്പാന്‍ ഇല്ലാതെയും കുത്തുകൊണ്ടും സ്ഥിരവാസം കൂടാതെയും ഇരിക്കുന്നു. സ്വന്തകയ്യാല്‍ വേലചെയ്ത് അദ്ധ്വാനിക്കുന്നു” ഒരു പണക്കൊതിയനായ പാസ്റ്റര്‍ എങ്ങനെ സമ്പന്നനാകുന്നു എന്നതിന്റെ കണക്കു ശാസ്ത്രം നോക്കുക. 10 ആളുകള്‍ തങ്ങളുടെ 10 ശതമാനം വരുമാനം നല്കുന്നു എന്നിരിക്കട്ടെ. ഈ പാസ്റ്റര്‍ക്ക് ഒരുവന്റെ ശരാശരി വരുമാനം ലഭിക്കുന്നു (10 x10% = 100%). ഇതു ന്യായയുക്തം തന്നെ. എന്നാല്‍ അറിയപ്പെട്ട ഒരു പാസ്റ്റര്‍ നൂറു കണക്കിനു ദൈവജനങ്ങളുടെ ദശാംശം വാങ്ങുന്നവനാണ്. 100 ആളുകള്‍ ഒരു പാസ്റ്റര്‍ക്ക് തങ്ങളുടെ ദശാംശം നല്കിയാല്‍ ഒരു സാധാരണക്കാരന്റെ വരുമാനത്തെക്കാള്‍ അദ്ദേഹത്തിനു പത്ത് മടങ്ങ് അധികം വരുമാനം കിട്ടുന്നു. തന്നെ പിന്താങ്ങുന്നവരുടെ സഹായത്താല്‍ ക്രമേണ ഇദ്ദേഹം ഒരു കോടീശ്വരനായിത്തീരുന്നു. താന്‍ ധനവാനായ കാര്യം ന്യായീകരിക്കുവാന്‍ ഇദ്ദേഹം ദൈവത്തിന്റെ അനുഗ്രഹത്തിന്റെ ലക്ഷണം സമൃദ്ധിയാണെന്നു പ്രസംഗിക്കുന്നു (ആവര്‍ത്തനം 28:5,8,11 എന്നീ വാക്യങ്ങളുടെ സഹായത്താല്‍). ഇങ്ങനെ സഭാ സമൂഹം വഞ്ചിക്കപ്പെടുന്നു. ക്രിസ്തീയ കൂട്ടങ്ങളില്‍ ലോകമെമ്പാടും ഇന്നു നടക്കുന്ന ഈ ചതി എല്ലാം ക്രിസ്തുവിന്റെ പേരിലാണ്. പൊന്‍വാണിഭക്കാരെല്ലാം തിരികെ ദൈവാലയത്തില്‍ എത്തിയിരിക്കുന്നു. ഇവരെ യേശു ചെയ്തതുപോലെ ചമ്മട്ടി കൊണ്ട് ഓടിക്കുവാന്‍ ആരും തന്നെയില്ല. മനുഷ്യരുടെ വിശ്വാസം തകര്‍ക്കുന്ന ഇത്തരം പ്രസംഗകരെ തുറന്നു കാട്ടുവാന്‍ ധൈര്യമുള്ള ആളുകള്‍ ഇല്ല തന്നെ.

ദൈവവേലയ്ക്ക് നാം എത്രമാത്രം പണമാണ് നല്‌കേണ്ടത്? സന്തോഷത്തോടെ നല്കുവാന്‍ സാധിക്കുന്ന അത്രയും പണം നല്കുക. സമ്മര്‍ദ്ദം കൊണ്ടോ അല്ലെങ്കില്‍ ദൈവത്തില്‍ നിന്നു വല്ലതും കിട്ടുവാന്‍ വേണ്ടിയോ പണം നല്കുന്ന ഏര്‍പ്പാട് ദൈവം ഇഷ്ടപ്പെടുന്നില്ല (2 കൊരി. 9:7 നോക്കുക). ആദ്യം ദൈവത്തിനു നിങ്ങളുടെ ശരീരം നല്കുക. പിന്നീട് സന്തോഷപൂര്‍വ്വം എത്രമാത്രം പണം നല്കുവാന്‍ നിങ്ങള്‍ താല്പര്യപ്പെടുന്നുവോ അത്രയും നല്കുക. ഭയം മൂലമോ കടപ്പാട് നിറവേറ്റുവാനോ അല്ല നിങ്ങള്‍ നല്‌കേണ്ടത്. ദൈവവചനത്തെക്കുറിച്ചുള്ള ഈ അറിവ് തെറ്റായ ഉപദേശങ്ങളില്‍ നിന്ന് നിങ്ങളെ വിമോചിപ്പിക്കും എന്നു ഞാന്‍ കരുതുന്നു.

അവസാന നാളുകളിലെ ദൈവത്തിന്റെ ശേഷിപ്പ്

അവസാന നാളുകളിലെ ദൈവത്തിന്റെ ശേഷിപ്പിനെക്കുറിച്ച് മലാഖി 3:16-ല്‍ നാം വായിക്കുന്നു. ഈ ശേഷിപ്പ് ദൈവത്തെ ഭയപ്പെടുന്നവരാണ്. തങ്ങളുടെ സംസാര ത്തില്‍ അവര്‍ കരുതലുള്ളവരാണ്. ദൈവനാമത്തിന്റെ മഹത്വത്തെക്കുറിച്ച് അവര്‍ക്കു ചിന്തയുണ്ട്. കര്‍ത്താവ് തന്റെ സ്മരണ പുസ്തകത്തില്‍ ഇവരുടെ പേരുകള്‍ എഴുതിയിരിക്കുന്നു. വീണ്ടും ജനിച്ച എല്ലാവരുടേയും പേരുകള്‍ അടങ്ങിയ ജീവന്റെ പുസ്തകമല്ല ഇത്. ദൈവത്തെ ഭയപ്പെടുന്നവരുടെയും ദൈവത്തെക്കുറിച്ച് ചിന്തിക്കുവാന്‍ ഇഷ്ടപ്പെടുന്നവരുടെയും ദൈവനാമത്തെക്കുറിച്ച് ഉല്‍ക്കണ്ഠ ഉള്ളവരുടെയും കര്‍ത്താവിനെക്കുറിച്ച് അന്യോന്യം സംസാരിക്കുവാന്‍ താല്പര്യം കാണിക്കുന്നവരുടേയും മാത്രം പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പുസ്തകമാണിത്. പരദൂഷണമോ ഏഷണിയോ പറയുന്നവരുടെ പേരുകള്‍ ഈ പുസ്തക ത്തില്‍ കാണുകയില്ല. ജീവന്റെ പുസ്തകത്തില്‍ പേരുള്ളവരില്‍ അഞ്ചു ശതമാനത്തില്‍ താഴെ ആളുകളുടെ പേരുകള്‍ മാത്രമേ ഈ പുസ്തകത്തില്‍ കാണുകയുള്ളു എന്നാണ് എന്റെ നിഗമനം. ഇത്തരം വിശുദ്ധന്മാര്‍ തന്റെ പ്രത്യേക നിക്ഷേപമാണെന്ന് കര്‍ത്താവ് പറയുന്നു. ഒരു ദിവസം ഇവരെ കര്‍ത്താവ് ലോകത്തിനു വെളിപ്പെടുത്തും. അന്നു മാത്രമേ ആരെല്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തെ സേവിച്ചു എന്നും ആരെല്ലാം കര്‍ത്താവിന്റെ സേവകരായി നടിച്ച് തങ്ങളെത്തന്നെ സേവിച്ചു എന്നും നാം അറിയുകയുള്ളു.

മലാഖി 4-ല്‍ വരുവാന്‍ പോകുന്ന ന്യായവിധിയുടെ ദിവസത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നു. അഹങ്കാരികളായിരിക്കും ആദ്യമായി വിധിക്കപ്പെടുന്നവര്‍. ”അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും. വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും” (4:1). ദൈവം അഹങ്കാരത്തെ എത്രമാത്രം വെറുക്കുന്നു എന്നു നാം ഇവിടെ കാണുന്നു.

”എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോ നീതിസൂര്യന്‍ തന്റെ ചിറകിന്‍ കീഴില്‍ രോഗോപശാന്തിയോടു കൂടെ ഉദിക്കും. ഞാന്‍ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ ദുഷ്ടന്മാര്‍ നിങ്ങളുടെ കാലിന്‍കീഴില്‍ വെണ്ണീര്‍ ആയിരിക്കകൊണ്ട് നിങ്ങള്‍ അവരെ ചവിട്ടിക്കളയും” എന്ന് മലാഖി 4:2,3-ല്‍ പറയുന്നു. ക്രിസ്തു മടങ്ങി വരുമ്പോള്‍ ‘സാത്താന്‍ നമ്മുടെ കാല്‍ക്കീഴില്‍ ആത്യന്തികമായി ചതയ്ക്കപ്പെടും’ (റോമര്‍ 16:20).

യഹോവയുടെ വലുതും ഭയങ്കരവുമായ നാള്‍ വരുന്നതിനു മുമ്പേ ഞാന്‍ നിങ്ങള്‍ക്കു ഏലിയാ പ്രവാചകനെ അയയ്ക്കും എന്ന് മലാഖി 4:5-ല്‍ പ്രവചിച്ചിരിക്കുന്നു. ”ഏലിയാവിന്റെ ആത്മാവോടു കൂടെ യോഹന്നാന്‍ സ്‌നാപകന്‍ യിസ്രായേലില്‍ വന്നു” (ലൂക്കൊ. 1:17). നിങ്ങള്‍ ഒന്നാമതു യോഹന്നാനെയും അവന്റെ വചനത്തെയും അംഗീകരിക്കുകയാണെങ്കില്‍ യോഹന്നാന്‍ തന്നെ പ്രവചനത്തിലുള്ള ഏലിയാവെന്ന് യേശു അന്നത്തെ യെഹൂദന്മാരോട് പറഞ്ഞു (മത്തായി 11:14). എന്നാല്‍ യിസ്രായേലോ യോഹന്നാനെ അംഗീകരിച്ചില്ല. അതിനാല്‍ അവന്‍ അവര്‍ക്ക് ഏലിയാവ് ആയിരുന്നില്ല. എന്നാല്‍ അവസാന കാലത്തേക്കു വന്നിരിക്കുന്ന ഈ ലോകത്തിലേക്ക് ദൈവം ഏലിയാവിന്റെ ശുശ്രൂഷ വീണ്ടും അയയ്ക്കുന്നു. ഇതു പഴയ നിയമത്തിലെപ്പോലെ ഒറ്റ മനുഷ്യന്റെ ശുശ്രൂഷയല്ല. മറിച്ച് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയാലാണ് അവസാന നാളുകളില്‍ ദൈവം ഈ ശുശ്രൂഷ ചെയ്യുന്നത്. സഭയും അതിന്റെ ശുശ്രൂഷകന്മാരും ഏലിയാവിന്റെ ആത്മാവില്‍ (ഏലിയാവ് കര്‍മ്മേല്‍ പര്‍വ്വതത്തില്‍ പ്രഘോഷിച്ച പ്രകാരം) ഇപ്രകാരം പ്രഘോഷിക്കണം- ”നിങ്ങള്‍ക്കു രണ്ടു യജമാനന്മാരെ സേവിക്കുവാന്‍ സാദ്ധ്യമല്ല. ക്രിസ്തു ദൈവമെങ്കില്‍ അവനെ സേവിക്കുക. മാമോന്‍ (പണവും സ്വത്തുക്കളും) നിങ്ങളുടെ ദൈവമെങ്കില്‍ അവനെ സേവിക്കുക. എന്നാല്‍ ഇരുവരേയും ഒരുമിച്ച് സേവിക്കുന്നത് അസാദ്ധ്യം ആണ്.”

മലാഖിയുടെ അവസാനത്തെ പ്രബോധനം ഇപ്രകാരമാണ്: ”ഞാന്‍ വന്ന് ഭൂമിയെ സംഹാര ശപഥം കൊണ്ട് ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് അവന്‍ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും” (മലാഖി 4:6).

അപ്പന്മാര്‍ക്കും കുട്ടികള്‍ക്കും ഇടയിലുള്ള തലമുറയുടെ വിടവ് മാറ്റിക്കളയും എന്നും അപ്പന്മാരും കുട്ടികളും തമ്മില്‍ മഹത്വകരമായ കൂട്ടായ്മ ഉണ്ടാകും എന്നുമുള്ള പ്രവചനം സെഖര്യാവില്‍ നാം കണ്ടു. ഇവിടെ അതിനു സമാനമായ ഒരു പ്രവചനമാണുള്ളത്. ഇതാണ് ദൈവഹിതം. ഇതാണ് അന്ത്യകാലഘട്ടത്തില്‍ സഭ ഊന്നി പറയേണ്ട സത്യം. നാം കുടുംബ ബന്ധങ്ങളെ പണിയണം. കുടുംബ മൂല്യങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. പിതാക്കന്മാരേയും മക്കളേയും തമ്മില്‍ കൂടുതല്‍ അടുപ്പിക്കണം. കള്‍ട്ടു മനോഭാവമുള്ളവര്‍ പിതാക്കന്മാരേയും കുട്ടികളേയും തമ്മില്‍ അകറ്റുന്നവരും കുടുംബങ്ങളെ ഛിന്നഭിന്നമാക്കുന്നവരുമാണ്. ഇതു ചെയ്യുന്നവരെ ദൈവം ശപിക്കുന്നു എന്ന് ഇവിടെ കാണാം. അന്ത്യനാളുകളില്‍ ദൈവം മാതാ പിതാക്കളെയും കുട്ടികളെയും ഒരുമിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.

പഴയ നിയമത്തിലെ അവസാന വാക്ക് ‘ശാപം’ എന്നതാണെന്ന കാര്യം പ്രാധാ ന്യം അര്‍ഹിക്കുന്നു. ക്രിസ്തു നമുക്കായി ഒരു ശാപമാകുകയും എല്ലാ ശാപവും നമ്മില്‍ നിന്നു മാറ്റുകയും ചെയ്തു (ഗലാത്യര്‍ 3:13). അതിനാല്‍ പുതിയനിയമത്തിലെ അവസാന വചനം ‘ക്രിസ്തുവിന്റെ കൃപ നിങ്ങളോടെല്ലാവരോടും കൂടെ ഇരിക്കു മാറാകട്ടെ’ എന്നതാണ് (വെളി. 22:21). ക്രിസ്തു തിരികെ വരുമ്പോള്‍ ശാപം പൂര്‍ണ്ണ മായും നീക്കപ്പെടും.

ക്രിസ്തുവിന്റെ വരവിനായി ആളുകളെ ഒരുക്കുന്നതിനാണ് ഇന്നു നമ്മെ വിളിച്ചിരിക്കുന്നത്.