ബൈബിളിലൂടെ : യെശയ്യാവ്

ന്യായവിധിയുടെയും ആശ്വാസത്തിന്റെയും പ്രവചനങ്ങള്‍

Chapters: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 19 | 20 | 22 | 23 | 24 | 25 | 26 | 28 | 29 | 30 | 31 | 32 | 33 | 34 | 35 | 36 | 37 | 38 | 39 | 40 | 41 | 42 | 43 | 44 | 45 | 46 | 47 | 48 | 49 | 50 | 51 | 52 | 53 | 54 | 55 | 56 | 57 | 58 | 59 | 60 | 61 | 62 | 63 | 65 | 66

യെശയ്യാവു മുതല്‍ മലാഖി വരെയുള്ള പഴയ നിയമ പ്രവചന വിഭാഗത്തിലെ 17 പുസ്തകങ്ങളില്‍ ഒന്നാമത്തേതാണ് യെശയ്യാവ്.

യെശയ്യാ പ്രവചനത്തിനു രണ്ടു ഭാഗങ്ങളുണ്ട്. യെശയ്യാവു തന്റെ പുസ്തകത്തെ അധ്യായങ്ങളായി തിരിച്ചിരുന്നില്ല. ചില നൂറ്റാണ്ടുകള്‍ക്കു മുന്‍പു മാത്രമാണ് ആരോ പരിശോധനയും പഠനവും കൂടുതല്‍ എളുപ്പമാക്കേണ്ടതിന് ബൈബിളിനെ അധ്യായ ങ്ങളായും വാക്യങ്ങളായും തരംതിരിച്ചത്. അതില്‍ ആത്മപ്രേരണയോ ഒന്നും ആരോപിക്കാനില്ല.

എന്നിരുന്നാലും ബൈബിളിന് 66 പുസ്തകങ്ങള്‍ ഉള്ളതുപോലെ യെശയ്യാ പ്രവചനത്തിനും 66 അദ്ധ്യായങ്ങള്‍ ഉണ്ട് എന്നത് ശ്രദ്ധേയമായ ഒരു കാര്യമാണ്. പഴയ നിയമത്തില്‍ 39 പുസ്തകങ്ങള്‍ ഉണ്ട് എന്നതുപോലെ യെശയ്യാ പ്രവചനത്തിലെ ഒന്നാം ഭാഗത്തിനു 39 അദ്ധ്യായങ്ങളുണ്ട്. പുതിയ നിയമത്തിനു 27 പുസ്തക ങ്ങള്‍ ഉണ്ട് എന്നതുപോലെ യെശയ്യാ പ്രവചനം രണ്ടാം ഭാഗത്തിന് അദ്ധ്യായങ്ങള്‍ 27 ആണ്. തന്നെയുമല്ല യെശയ്യാ പ്രവചനം ഒന്നാംഭാഗം പഴയനിയമ പ്രവചനങ്ങളും രണ്ടാംഭാഗം പുതിയനിയമ പ്രവചനങ്ങളും ആകുന്നു.

ഒന്നാം ഭാഗത്തിലെ ഏറ്റവും പ്രധാന അദ്ധ്യായം ആറാമത്തെ അദ്ധ്യായമാണ്. അവിടെ ഒന്നാമതായി യെശയ്യാവ് കര്‍ത്താവിനെ തന്റെ സിംഹാസനത്തില്‍ ഇരിക്കു ന്നതായി കാണുന്നു. തുടര്‍ന്നു മാത്രം തന്നെ ശുശ്രൂഷിക്കുവാന്‍ അവന് നിയോഗം നല്‍കുന്നു. പാപത്തെ വെറുക്കുകയും ന്യായം വിധിക്കുകയും ചെയ്യുന്ന പരിശുദ്ധനായ ദൈവത്തെ അവന്‍ അവിടെ കാണുന്നു. നമുക്കു ഫലപ്രദമായി ദൈവത്തെ ശുശ്രൂഷിക്കണമെങ്കില്‍ സത്യം വ്യക്തമായി കാണുക തന്നെ വേണം.

രണ്ടാം ഭാഗത്തിലെ ഏറ്റവും പ്രധാനപ്പെട്ട അദ്ധ്യായം 53-ാം അദ്ധ്യായമാണ്. രോമം കത്രിക്കുന്നവരുടെ മുമ്പിലേക്ക് ആനയിക്കപ്പെടുന്ന ആടിനെ നാം അവിടെ കാണുന്നു. തുടര്‍ന്നു രോമം കത്രിക്കപ്പെടുകയും അറുക്കപ്പെടുകയും ചെയ്യുന്നു.

ആടിനെക്കുറിച്ചും സിംഹാസനത്തെക്കുറിച്ചും ഉള്ള ഈ രണ്ടു സത്യങ്ങളും സംയോജിതമായി നാം വെളിപ്പാട് 5-ാം അദ്ധ്യായത്തില്‍ കാണുന്നു. സിംഹാസനത്തിനു നടുവില്‍ കുഞ്ഞാടിനെ നാം അവിടെ കാണുന്നു.

ഒരു മനുഷ്യനെന്ന നിലയില്‍ താന്‍ ക്രൂശിലേറ്റപ്പെടും മുമ്പേ ദൈവത്തിന്റെ ദാസനായും മനുഷ്യരുടെ ദസനായും ഈ ഭൂമിയില്‍ യേശു ജീവിച്ചു. ക്രൂശിന്റെ അദ്ധ്യായം എന്നറിയപ്പെടുന്ന 53-നു മുമ്പുള്ള അദ്ധ്യായങ്ങളുടെ രണ്ടാം ഭാഗത്ത് യഹോവയുടെ ദാസന്‍ എന്ന നിലയില്‍ യേശുവിനെ നമുക്കു കാണാം. നമുക്കും യേശുവെപ്പോലെ ദൈവത്തേയും മനുഷ്യരെയും ശുശ്രൂഷിക്കേണ്ടതുണ്ട്.

ദൈവത്തിന്റെ രണ്ടു നാമങ്ങള്‍ കൂടെക്കൂടെ ഇവിടെ പരാമര്‍ശിക്കുന്നതു നമുക്കു കാണാം. ”സൈന്യങ്ങളുടെ യഹോവ” എന്ന നാമം 62 പ്രാവശ്യവും ”യിസ്രായേലിന്റെ പരിശുദ്ധന്‍” എന്ന നാമം 30 പ്രാവശ്യവും. ദൈവത്തിന്റെ ഒന്നാമത്തെ നാമം സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകലത്തിന്മേലും പരമാധികാരത്തോടെ വാഴുന്ന ദൂത സൈന്യത്തിന്റെ ഉടയോന്‍ എന്ന അര്‍ത്ഥത്തിലുള്ളതാണ്. രണ്ടാമത്തേതു തന്റെ പരിശുദ്ധിക്ക് ഊന്നല്‍ നല്‍കുന്നു. രണ്ടു സത്യങ്ങളും പ്രാധാന്യത്തോടെ ഈ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതു നമുക്കു കാണാം.

ക്രിസ്തുവിനെക്കുറിച്ചു സുദീര്‍ഘവും സുവ്യക്തവുമായ പ്രവചനങ്ങള്‍ മറ്റേതു പഴയ നിയമ പുസ്തകത്തിലുമുള്ളതിനേക്കാള്‍ യെശയ്യാവില്‍ നമുക്കു കണ്ടെത്താന്‍ കഴിയും. അതുപോലെ ”രക്ഷ” എന്ന പദപ്രയോഗം നിരവധി തവണ ആവര്‍ത്തിക്കുന്നതും നമുക്കു യെശയ്യാവില്‍ കാണാം.

ഏകദേശം 50 വര്‍ഷത്തോളം യെശയ്യാവു യെഹൂദ്യായില്‍ പ്രവചിച്ചു. ഒടുവില്‍ ”ഈര്‍ച്ചവാളിനാല്‍ അറുക്കപ്പെട്ടു, കൊല്ലപ്പെട്ടു” എന്നു പാരമ്പര്യം പറയുന്നു (എബ്രാ. 11:37). താന്‍ പ്രവചിച്ച മശിഹയെപ്പോലെ താനും കഷ്ടം സഹിച്ചു. പിടിക്കപ്പെടാതിരിക്കുവാന്‍ താന്‍ ഒരു മരപ്പൊത്തില്‍ അഭയം തേടി. ആ മരത്തെ അറുത്തു മുറിച്ച് അവര്‍ അദ്ദേഹത്തെ കൊന്നു. ദൈവത്തിന്റെ സത്യങ്ങളെ ശക്തമായ ഭാഷയില്‍ നിശിതമായി നിര്‍ഭയമായി പ്രവചിച്ച ഒരു പ്രവാചകനായിരുന്നതിനാലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. യെരുശലേമിലെ നേതാക്കന്മാരോടു സംസാരിക്കുമ്പോള്‍ അവരെ ”സോദോം അധിപതികളെ” എന്നായിരുന്നു അദ്ദേഹം വിളിച്ചത് (1:10). അതു വളരെ മൂര്‍ച്ചയുള്ള വാക്കുകളായിരുന്നു. അദ്ദേഹത്തെ അപ്പോള്‍ തന്നെ അറുത്തു കൊല്ലാതെ വിട്ടതില്‍ എനിക്കത്ഭുതം തോന്നുന്നു.

പ്രവാചകന്മാര്‍ പൊതുവേ വലിയ ജനപ്രീതിയുള്ളവരല്ല. അതുകൊണ്ടാണ് ഇന്നും അധികം പേര്‍ പ്രവാചകന്മാരാകുവാന്‍ താത്പര്യം കാണിക്കാത്തത്. ആളുകളെ പ്രസാദിപ്പിക്കുവാനോ അവരില്‍ മതിപ്പുണ്ടാക്കുവാനോ ഒരിക്കലും യെശയ്യാവു ശ്രമിച്ചില്ല (ഇന്നത്തെ പ്രസംഗകര്‍ ചെയ്യുമ്പോലെ). ദൈവം പറയാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ മാത്രം താന്‍ സംസാരിക്കും- ശ്രോതാക്കള്‍ അപമാനിതരോ വ്രണിതരോ അസ്വസ്ഥരോ ആയാലും. അവര്‍ തന്റെ വചനത്തെ നിരസിക്കുകയും കൊല്ലുമെന്നു ഭീഷണി മുഴക്കുകയും ചെയ്യും. താന്‍ അതിലൊന്നും ഭയപ്പെടാറില്ല. അവന്‍ ദൈവ ത്തോടുള്ള വിശ്വസ്തത മുറുകെ പിടിച്ചു. അവന്‍ സംസാരിച്ച വചനങ്ങള്‍ അന്ത്യ നാളില്‍ അവരെ ന്യായംവിധിക്കും.

പുസ്തകത്തിലെ ഒന്നാം വാക്യം സൂചിപ്പിക്കുന്നത് യെശയ്യാവിന്റെ പ്രവചനങ്ങള്‍ പ്രാഥമികമായി തെക്കേ രാജ്യമായ യെഹൂദയ്ക്കു വേണ്ടിയായിരുന്നു എന്നതാണ്. എന്നാല്‍ യിസ്രായേലിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നിരവധിയിടങ്ങളിലും നമുക്കു കാണാം. വടക്കേ രാജ്യമായ യിസ്രായേല്‍ കഠിനമായ പിന്മാറ്റാവസ്ഥയിലാ യിരുന്നതിനാല്‍ താമസിയാതെ തന്നെ അശൂരിന്റെ ആധിപത്യത്തിലേക്കു പിടിക്കപ്പെട്ടു പോകുവാനും ഇരിക്കുകയായിരുന്നു. സമാനമായ ദുരന്തം യെഹൂദയ്ക്കു സംഭവിക്കാതിരിക്കുവാന്‍ ദൈവം അയച്ചതായിരുന്നു യെശയ്യാവിനെ.

ന്യായവിധിയുടെ വചനങ്ങള്‍ (അധ്യായങ്ങള്‍ 1-27).

അധ്യായം 1-12 വരെ യെഹൂദയെക്കുറിച്ചുള്ള ന്യായവിധിയുടെ പ്രവചനങ്ങളാണ്. 13-27 വരെയുള്ള അധ്യായങ്ങള്‍ ഇതര ദേശങ്ങള്‍ക്കുള്ള ന്യായവിധിയുടെ പ്രവചനങ്ങളാണ്.

അധ്യായം ഒന്നില്‍ യെശയ്യാവ് യെഹൂദായുടെ പിന്മാറ്റാവസ്ഥയെക്കുറിച്ചു വിവരിക്കുന്നു. വടക്കേ രാജ്യമായ യിസ്രായേലില്‍ ഏലിയാവ്, എലീശാ മുതലായ പ്രവാചകന്മാര്‍ ഉണ്ടായിരുന്നു. അവര്‍ ദൈവവചനം അതിശക്തമായി ശുശ്രൂഷിച്ചിരുന്നു. എന്നാല്‍ യെഹൂദായില്‍ അത്തരം ശുശ്രൂഷകള്‍ ഒന്നും ലഭിച്ചിരുന്നില്ല. യെഹൂദായുടെ ഏറ്റവും നല്ല രാജാക്കന്മാരായിരുന്ന രെഹബെയാം, ആസാ, യെഹോശാഫാത്ത്, യോവാശ്, ഉസ്സിയാവ് മുതലായവരൊക്കെ തങ്ങളുടെ ഭരണകാലത്തിന്റെ ആരംഭം നന്നായി തുടങ്ങിയവരാണ്. എന്നാല്‍ സമാപന കാലത്തിലേക്ക് അടുക്കുന്തോറും ദൈവത്തില്‍ നിന്നും അകന്ന് മോശമായി അധഃപതിച്ചു. യെഹൂദായ്ക്ക് ദൈവഭയമുള്ള നേതൃത്വങ്ങള്‍ ഉണ്ടാകാതെയിരു ന്നതിനാല്‍ താഴ്ന്ന നിലവാരത്തിലേക്ക് രാജ്യം അധഃപതിച്ചുപോയി. അവര്‍ക്കു ലഭിച്ച ആദ്യ വലിയ പ്രവാചകനായിരുന്നു യെശയ്യാവ്. ഒടുവില്‍ അദ്ദേഹത്തിന്റെ പ്രവചന ഫലമായി അവര്‍ക്കൊരു നല്ല രാജാവിനെ ലഭിച്ചു- ഹിസ്‌കിയാവ്. ഒരു പ്രവാചകന് ഒരു രാജ്യത്തിന്മേല്‍ ചെലുത്തുവാന്‍ കഴിയുന്ന സ്വാധീനം അത്ഭുതകരം തന്നെ- ഇന്ന് ഒരു സഭയിലും.

ഒരു പ്രവാചകനെ ദൈവം ഒരു സഭയിലേക്ക് അയക്കുമ്പോള്‍ ആ സഭയെക്കുറിച്ച് അവിടുത്തേക്ക് മെച്ചപ്പെട്ട ഒരു പദ്ധതി ഉണ്ടായിരിക്കും. എന്നാല്‍ മിക്ക പ്രവാചകര്‍ക്കും ദുരുപദേശകന്‍ എന്ന ആക്ഷേപവും തിരസ്‌കാരവും ഒക്കെയാവും ആളുകള്‍ നല്‍കുന്നത്. സമാധാനവും സമൃദ്ധിയും പ്രസംഗിക്കുന്ന കള്ളപ്രവാചകന്മാരെ യായിരുന്നു യിസ്രായേല്യര്‍ അധികം ഇഷ്ടപ്പെട്ടത്. അധികം ക്രിസ്ത്യാനികളും സമാന താത്പര്യമുള്ളവരാണ്. യെശയ്യാവിന്റെ കാലത്തും ഇത് ഇപ്രകാരമായിരുന്നു. സത്യപ്രവാചകന്മാരും കള്ളപ്രവാചകന്മാരും തമ്മില്‍ നിരന്തരം സംഘര്‍ഷത്തിലായിരുന്നു. മൂവായിരം വര്‍ഷം മുമ്പു മുതല്‍ അത് ഉണ്ടായിരുന്നു. ഇന്നും അതു തുടരുന്നു.

”കാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്‍ത്തൊട്ടിയെയും അറിയുന്നു. യിസ്രായേലോ അത് അറിയുന്നില്ല”(1:3). യിസ്രായേല്‍ തന്റെ യജമാനനെയും ഉടയവനെയും അറിഞ്ഞില്ല. മൃഗങ്ങള്‍ പോലും അതു നന്നായി അറിഞ്ഞിരുന്നു. എന്നാല്‍ ദൈവജനത്തിന്റെ നിലവാരം മൃഗങ്ങളെക്കാള്‍ താണു പോകുന്നത് എത്ര വലിയ ദുരന്തമാണ്!

യിസ്രായേല്‍ ദൈവത്തെ ഉപേക്ഷിക്കുക മാത്രമല്ല അവിടുത്തെ നിന്ദിക്കുകയും ചെയ്തു (1:4). അവരുടെ അവസ്ഥ കര്‍ത്താവ് ഇപ്രകാരം വിവരിക്കുന്നു: ”അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല” (1:6). പാപിയായ ഒരു മനുഷ്യന്റെ അവസ്ഥയുടെ കൃത്യമായ ചിത്രം കൂടിയാണത്.

1:11-15 വാക്യങ്ങളുടെ ഒരു പരാവര്‍ത്തനം ഇപ്രകാരമാണ് ”നിങ്ങളുടെ ഈ പ്രാര്‍ത്ഥനാ യോഗങ്ങളുടെയെല്ലാം പ്രയോജനമെന്താണ്? എനിക്കവയിലൊന്നും താത്പര്യമില്ല. നിങ്ങളുടെ പ്രത്യേക യോഗങ്ങളും വേദപഠനക്ലാസുകളുമൊക്കെ എനിക്കു വെറുപ്പാണ്. ഞാനവയൊന്നും ശ്രദ്ധിക്കുന്നില്ല. കാരണം നിങ്ങളുടെ ജീവിതത്തില്‍ പാപം നിറഞ്ഞിരിക്കുന്നു.”

ശുദ്ധമായ ഒരു മനസ്സാക്ഷി സൂക്ഷിക്കാത്തതിനാല്‍ അവരുടെ പ്രാര്‍ത്ഥനാ യോഗങ്ങളധികവും വെറും സമയം പാഴാക്കലാണ്. അവരുടെ ജീവിതത്തില്‍ ഏറ്റു പറയാത്ത പാപങ്ങളുണ്ടായിരുന്നു. മനസ്സാക്ഷി ശുദ്ധമായിരിക്കുമ്പോള്‍ പ്രാര്‍ത്ഥന കള്‍ ശക്തിയുള്ളതാകും. മനസ്സാക്ഷി ശുദ്ധമല്ലാതാകുമ്പോള്‍ പ്രാര്‍ത്ഥന ഒഴിവാക്കു ന്നതാകും നല്ലത്. കാരണം ദൈവം അതിനു ശ്രദ്ധ കൊടുക്കാത്തതിനാല്‍ അതു വെറും സമയം പാഴാക്കലായി മാറും. അത്തരം സന്ദര്‍ഭങ്ങളില്‍ പ്രാര്‍ത്ഥിക്കുന്നതിനേക്കാള്‍ ഉറങ്ങുവാന്‍ ആ സമയം വിനിയോഗിക്കുന്നതായിരിക്കും നല്ലത്.

നന്മ ചെയ്യുവാനും ന്യായത്തെ അന്വേഷിക്കുവാനും അനാഥര്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തുവാനും വിധവമാര്‍ക്കു വേണ്ടി വാദിക്കുവാനും തിന്മ മതിയാക്കി ദരിദ്രരെ ചൂഷണം ചെയ്യുന്നതു നിരോധിക്കുവാനും ദൈവം യിസ്രായേല്യരോടു കല്പിച്ചു. അവര്‍ തങ്ങളുടെ പാപങ്ങളെ സമ്മതിക്കുമെങ്കില്‍ (എപ്പോഴും ഇതാണ് ആദ്യപടി) അവിടുന്ന് അവരുടെ ഹൃദയങ്ങളെ ഹിമംപോലെ വെണ്‍മയാക്കുമെന്ന് വാഗ്ദത്തം ചെയ്തു (1:18). ഒരിക്കല്‍ വിശ്വസ്തയായിരുന്ന യെരുശലേം നഗരം വേശ്യയായിത്തീര്‍ന്നിരിക്കുന്നു (1:21). തന്റെ കാലഘട്ടത്തിലെ ക്രിസ്ത്യാനികളോടു സംസാരിക്കുമ്പോള്‍ യാക്കോബ് യെശയ്യാവിന്റെ അതേ വാക്കുകള്‍ തന്നെ പ്രയോഗിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. ”വ്യഭിചാരിണികളായുള്ളോരേ, ലോകസ്‌നേഹം ദൈവത്തോടു ശത്രുത്വമാകുന്നു എന്നു നിങ്ങള്‍ അറിയുന്നില്ലയോ” (യാക്കോ. 4:4). യാക്കോബും യെശയ്യാവിനെ പോലെയുള്ള ഒരു പ്രവാചകനായിരുന്നു. സഭ കേള്‍ക്കേണ്ട വചനം തന്നെ അവരോടു സംസാരിക്കുന്ന പ്രവാചകന്‍. ഇന്ത്യയിലെ സഭയില്‍ നമുക്ക് യെശയ്യാവിനെയും യാക്കോബിനെയും പോലെയുള്ള പ്രവാചകന്മാര്‍ ആവശ്യമായിരിക്കുന്നു. രോഷമോ വിദ്വേഷമോ കൂടാതെ സ്‌നേഹത്തോടെ കാരുണ്യത്തോടെ വിശ്വാസികളോട് സംസാരിക്കുന്ന പ്രവാചകന്മാര്‍.

2-ാം അധ്യായത്തില്‍ ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിതമാകുന്ന നാളിനെക്കുറിച്ചു യെശയ്യാവ് പ്രവചിക്കുന്നു: ”യെരുശലേമില്‍ നിന്നും യഹോവയുടെ വചനം പുറപ്പെടും. അവന്‍ ജാതികളുടെ ഇടയില്‍ ന്യായം വിധിക്കയും ബഹുവംശങ്ങള്‍ക്കു വിധി കല്പിക്കയും ചെയ്യും” (2:1-4).

”അന്നാളില്‍ പുരുഷന്മാരുടെ ഉന്നതഭാവം കുനിയും. യഹോവ മാത്രം അന്നാളില്‍ ഉന്നതനായിരിക്കും”(2:11). നിഗളമുള്ള എല്ലാത്തിനും എതിരായി ദൈവം നിലകൊള്ളുന്നു. ദൈവസ്വഭാവത്തിന് എതിരാണ് നിഗളം. വിശ്വാസികളായിരു ന്നാലും അവിശ്വാസികളായിരുന്നാലും ദിവസത്തിന്റെ 24 മണിക്കൂറും ദൈവം അവര്‍ക്കെതിരായി നിലകൊള്ളുന്നു. ഉന്നത ഭാവമുള്ള എല്ലാ വ്യക്തികളെയും അവിടുന്നു വിനീതരാക്കും- അപ്പോള്‍ തന്നെയോ പിന്നീടോ. ഏതു പാപത്തെക്കാളും ആളുകളെ നരകത്തിലേക്കു തള്ളി വിടുന്ന പാപം നിഗളമാണ്. നിങ്ങള്‍ ജ്ഞാനമുള്ള പ്രയോജനകരമായ ഒരു ജീവിതം ഈ ഭൂമിയില്‍ നയിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ ദൈവത്തിന്റെ മുമ്പാകെ നിരന്തരം നിങ്ങളെത്തന്നെ താഴ്ത്തുകയും സഹജീവികളോടൊപ്പം വിനീതരായി നടക്കുകയും ചെയ്യുക-എല്ലാക്കാലത്തും. എല്ലായ്‌പോഴും ഓര്‍ത്തിരിക്കുക നിങ്ങള്‍ക്കു ലഭിച്ചിരിക്കുന്നതൊന്നും തന്നെ ദൈവത്തില്‍ നിന്നല്ലാതെ ലഭിച്ചതല്ല. അതുകൊണ്ട് നിങ്ങളുടെ ജീവിതകാല ത്തെങ്ങും ക്രിസ്തു നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ന്നു നില്‍ക്കുവാന്‍ തക്കവണ്ണം നിങ്ങളെ തന്നെ ആരുമല്ലാത്തവനായി വെറുമയായി എണ്ണുക. എപ്പോഴൊക്കെ ദൈവം നിങ്ങളെ ഉപയോഗിക്കുന്നുവോ അവിടെ നിങ്ങളുടെ മുഖത്തെ പൊടിയിലേക്കു താഴ്ത്തി സര്‍വ്വ മഹത്വവും അവിടുത്തേക്കു നല്‍കുക. നിഗളവും ഉന്നതഭാവവും ഗര്‍വ്വവും ഉള്ള എല്ലാവരോടും ദൈവം ഇടപെടുന്ന ഒരു ദിവസമുണ്ട് (2:12). നിഗളികളെക്കുറിച്ചു പറയുന്ന ഈ വാക്യത്തില്‍ പ്രയോഗിച്ചിരിക്കുന്ന മൂന്നു പദപ്രയോഗങ്ങളുടെ പ്രാധാന്യം ശ്രദ്ധിക്കുക. ഭൂമിയിലെ അഹങ്കാരികള്‍ ആ ദിവസത്തില്‍ ദൈവക്രോധത്തില്‍ നിന്നും തങ്ങളെ രക്ഷിക്കുവാന്‍ പാറകളോടു നിലവിളിക്കുമെന്നു നാം 19-ാം വാക്യത്തിലും വെളിപ്പാട് 6:16-ലും വായിക്കുന്നു.

”മൂക്കില്‍ ശ്വാസമുള്ള” വെറും സൃഷ്ടി മാത്രമാണു മനുഷ്യന്‍ (2:22). അവനു ശ്വസിക്കുവാനുള്ള കഴിവും ശ്വാസവും നിത്യവും നല്‍കുന്നതു ദൈവമാണ്. ആ ദൈവത്തെ നാം ഭയപ്പെടുന്നുവെങ്കില്‍ ഒരു മനുഷ്യനെയും നമുക്കു ഭയപ്പെടേണ്ടതില്ല. എപ്പോഴെങ്കിലും മനുഷ്യരെ ഭയപ്പെടേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ഈ വാക്യം നാം ഓര്‍മ്മിക്കുക. ആരെങ്കിലും നിങ്ങളെ നശിപ്പിക്കുവാന്‍ പദ്ധതിയിടുന്നുണ്ടെന്ന് അറിവു കിട്ടിയാല്‍ ദൈവത്തിന് അവന്റെ ശ്വാസത്തിന്മേലുള്ള അധികാരത്തെ ഓര്‍ക്കുക. ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ നാണം കുണുങ്ങിയും ദൈവവചനം പ്രസംഗിക്കുവാന്‍ ധൈര്യമില്ലാത്തവനും ആയിരുന്നു. ദൈവത്തില്‍ സുരക്ഷിതത്വം കണ്ടെത്തിയിരുന്നില്ല. അതുകൊണ്ട് ആളുകളില്‍ മതിപ്പുണ്ടാക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചു. ആ സമയത്ത് ഈ വചനത്തിലൂടെ ദൈവം എന്നോടു സംസാരിച്ചു. അതിനുശേഷം എന്റെ മുമ്പില്‍ വരുന്ന ആളുകളെ മൂക്കില്‍ ശ്വാസമുള്ള മണ്‍ പൊടിയായി കാണുവാന്‍ തുടങ്ങി. ആ മണ്‍പൊടികളുടെ നിറത്തില്‍ വ്യത്യാസമുണ്ടായിരിക്കാം. അതില്‍ തവിട്ടു നിറമുള്ളതുണ്ട്. കറുപ്പും വെളുപ്പും ഉണ്ട്. മഞ്ഞ നിറവും ഉണ്ട്. എങ്കിലും അവയെല്ലാം മണ്‍പൊടി തന്നെയാണ്. ഈ വെളിപ്പാട് മനുഷ്യരില്‍ മതിപ്പുളവാക്കണമെന്ന താത്പര്യത്തില്‍ നിന്നും എന്നെ സ്വതന്ത്രനാക്കി. അതിനുശേഷം അവരില്‍ മതിപ്പുളവാക്കുന്നതിനു പകരം അവരെ സ്‌നേഹിക്കുവാനും സഹായിക്കുവാനും എനിക്കു കഴിഞ്ഞു.

അധ്യായം 3:10,11 നീതിമാന്മാരോട് അവര്‍ക്കു നന്മയുണ്ടാകുമെന്നു ഉറപ്പു നല്കുന്നു. അതോടൊപ്പം ദുഷ്ടന്മാര്‍ക്ക് ഒടുവില്‍ അവരെ കാത്തിരിക്കുന്നതു വലിയ ദുര്‍വിധി തന്നെയാവും എന്ന മുന്നറിയിപ്പും നല്‍കുന്നു. ഇതൊന്നും ഉടന്‍ സംഭവിച്ചില്ലെങ്കിലും ഒടുവില്‍ അത് അങ്ങനെ തന്നെയാവും.

3:12ല്‍ യിസ്രായേല്‍ ജനതയുടെ ശോചനീയമായ അവസ്ഥയെക്കുറിച്ചു പറയുന്നു: അവര്‍ വഴി തെറ്റിപ്പോകുന്നതിനു കാരണം അവരെ നയിക്കുന്നവര്‍ കുട്ടികളെപ്പോലെ പക്വതയില്ലാത്തവരും സ്‌ത്രൈണതയുള്ളവരുമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ ക്രൈസ്തവ നേതൃത്വത്തിലധികവും ഇപ്രകാരമുള്ളവരാണ്. അപക്വമതികളായ നേതാക്കന്മാര്‍ നിത്യമായ മൂല്യങ്ങളെക്കാള്‍ ഐഹീകവും നൈമിഷികവുമായ കാര്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്നവരാണ്. സ്‌ത്രൈണതയുള്ളവര്‍ എന്നാല്‍ യുദ്ധരംഗത്ത് അല്ല നാം സ്ത്രീകളെ കാണുന്നത് വീട്ടിനുള്ളിലാണ്. അതുപോലെ ദൈവികമായ പോരാട്ടങ്ങളില്‍ ഇത്തരം നേതാക്കളെ നാം കാണുന്നില്ല. സത്യത്തിനു വേണ്ടി നിലകൊള്ളുവാനോ സഭയില്‍ പാപത്തെ ശാസിക്കുവാനോ- പ്രത്യേകിച്ചും ധനികരായ വിശ്വാസികളുടെ ഇടയില്‍- പാപത്തോടു കര്‍ശനമായി ഇടപെടുവാനോ ഇത്തരം നേതാക്കള്‍ വിമുഖതയുള്ളവരാണ്. നിങ്ങള്‍ നേതൃസ്ഥാനത്തേക്കു വിളിക്കപ്പെട്ടിരിക്കുന്നുവെങ്കില്‍ എല്ലാ സമയത്തും ദൈവിക യുദ്ധങ്ങള്‍ക്കായി ഒരുക്കമുള്ളവരും നിത്യമായ കാര്യങ്ങള്‍ക്കായി ഉറച്ചു നില്ക്കുവാന്‍ തീരുമാനിച്ചുറച്ചവരും ആയിരിക്കണം.

3:14-ല്‍ പറയുന്നു ”കര്‍ത്താവു തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും കൂടെ ന്യായവിസ്താരത്തില്‍ പ്രവേശിക്കും” എന്ന്. പ്രവാചകന്മാര്‍ ന്യായവിധിയുടെ വചനങ്ങളെ ആദ്യമേ പ്രസ്താവിച്ചത് നേതാക്കന്മാര്‍ക്കെതിരെയായിരുന്നു. കാരണം നേതാക്കന്മാരായിരുന്നു അഴിമതിയിലൂടെ ജനത്തെ വഴി തെറ്റിച്ചത്. കര്‍ത്താവു പറയുന്നു: ”എളിയവരെ കവര്‍ന്നെടുത്തതു നിങ്ങളുടെ വീടുകളില്‍ ഉണ്ട്. എളിയവരെ ദുഃഖിപ്പിക്കുവാന്‍ നിങ്ങള്‍ക്കെന്തു കാര്യം?” (3:15). ദൈവത്തിന്റെ വേലയ്ക്കു വേണ്ടി പണം നല്‍കുവാന്‍ പ്രസംഗകര്‍ കൂടെക്കൂടെ ഇന്ന് ജനങ്ങളോടാവശ്യപ്പെടുന്നു. തങ്ങളുടെ ദശാംശം നല്‍കുവാന്‍ അവര്‍ ആടുകളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും വിശ്വാസികള്‍ തങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം ത്യാഗപൂര്‍ണ്ണമായി അവര്‍ക്കു നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രസംഗകര്‍ ആ പണം എങ്ങനെ വിനിയോഗം ചെയ്യുന്നു? അവര്‍ അധികവും തങ്ങളുടെ ധാരാളിത്തത്തിനായി ആ പണം ഉപയോഗിക്കുന്നു. ഇതാണ് 15-ാം വാക്യത്തിലെ ”ജനത്തെ ദുഃഖിപ്പിക്കുക” എന്ന പ്രയോഗത്തിലൂടെ അര്‍ത്ഥമാക്കുന്നത്. നിങ്ങള്‍ ഒരു ശുശ്രൂഷകന്‍ ആയിരിക്കുകയും നിങ്ങള്‍ക്കു വിശ്വാസികള്‍ പണം നല്‍കുകയും ചെയ്യുന്നുവെങ്കില്‍ പണം നല്‍കുന്നവരുടെയോ അതില്‍ കുറഞ്ഞ നിലവാരത്തിലോ ജീവിക്കുവാന്‍ ശ്രമിക്കുക. യേശു തനിക്കു ലഭിച്ച പണം ഉപയോഗിച്ചിരുന്ന മാതൃക അതായിരുന്നു.

ഇക്കാലത്തെ അധികം ശുശ്രൂഷകരും പഴയ നിയമകാലത്തെ കള്ളപ്രവാചകന്മാരെ പോലെയാണ്. ധനികരായ വിശ്വാസികളുടെ കാര്യത്തില്‍ അധികം ശ്രദ്ധയുള്ളവരാണ്. അവര്‍ ധനികരോടു മൃദുവായ വാക്കുകള്‍ സംസാരിക്കുന്നു. ദരിദ്രരോടു കഠിനമായ ശാസനയുടെ വാക്കുകള്‍ പറയുന്നു. എങ്കിലും ”ദൈവം ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരും തന്റെ രാജ്യത്തിന് അവകാശികളുമാകേണ്ടതിന് തിരഞ്ഞെടുത്തില്ലയോ?” എന്നു നാം യാക്കോബ് 2:5-ല്‍ കാണുന്നു. സത്യപ്രവാച കന്മാര്‍ അതുകൊണ്ടു തന്നെ എല്ലായ്‌പ്പോഴും ദരിദ്രരോട് ആര്‍ദ്രതയുള്ളവരാണ്.

സീയോനിലെ സ്ത്രീകളോടും ദൈവത്തിനു ചില കാര്യങ്ങള്‍ പറയാനുണ്ട്. മാനസാന്തരമില്ലാത്തവരോടല്ല മാനസാന്തരപ്പെട്ട ”സീയോന്‍ പുത്രിമാരോട്.” എല്ലാ യുവ സഹോദരിമാരും യെശയ്യാവ് 3:16-26 വായിക്കുകയും അതിലെ മുന്നറിയിപ്പുകള്‍ ഗൗരവമായി എടുക്കുകയും വേണം. പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റാനായി എറികണ്ണിട്ടും കാല്‍ച്ചിലമ്പൊലി കേള്‍പ്പിക്കുംവിധം തത്തിത്തത്തി നടക്കുകയും ചെയ്യുന്നു. കര്‍ത്താവ് അവരുടെ അലങ്കാര വസ്ത്രങ്ങളെ നീക്കി അവരെ നഗ്നരാക്കും. അവരുടെ കാല്‍ച്ചിലമ്പുകളുടെ അലങ്കാരം, നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി, തലപ്പാവ്, കാല്‍ത്തള, പട്ടുകച്ച, പരിമളപ്പെട്ടി, തകിട്ടുകൂട്, മോതിരം, മൂക്കുത്തി, ഉത്സവവസ്ത്രം, മേലാട, ശാല്‍വ, ചെറുസഞ്ചി, ദര്‍പ്പണം, ക്ഷോമപടം, കല്ലാവ്, മൂടുപടം എന്നിവ നീക്കിക്കളയും. ഒപ്പം അലങ്കാരത്തയ്യലുള്ള അടിവസ്ത്രങ്ങളും മനോഹരമായ മേലാടകളും (ലിവിംഗ് ബൈബിള്‍).

ഒരു സ്ത്രീയുടെ വേഷവിധാനങ്ങളിലെ കൊച്ചു കൊച്ചു കാര്യങ്ങളില്‍ വരെ ദൈവം ശ്രദ്ധിക്കുന്നുവെന്നാണോ? തീര്‍ച്ചയായും. തന്റെ പുത്രിമാര്‍ എങ്ങനെ വേഷം ധരിക്കുന്നു എന്ന കാര്യത്തില്‍ ദൈവം അതീവ ശ്രദ്ധാലുവാണ്. ക്രൈസ്തവ വനിതകള്‍ വിനയാന്വിതവും മാന്യവുമായി വസ്ത്രധാരണം ചെയ്യണമെന്നും ഒരിക്കലും അതു പുരുഷന്മാരെ പ്രലോഭിപ്പിക്കുവാന്‍ വേണ്ടിയാകരുതെന്നും ദൈവം ആഗ്രഹിക്കുന്നു. പരിശുദ്ധാത്മാവ് സ്ത്രീകളെ പ്രബോധിപ്പിക്കുന്നത്, വസ്ത്ര ധാരണ കാര്യത്തില്‍ അവര്‍ സുബോധമുള്ളവരായി കാണപ്പെടണമെന്നതാണ്. ക്രൈസ്തവ വനിതകള്‍ ശ്രദ്ധിക്കപ്പെടേണ്ടത് അവരുടെ തലമുടിയുടെ അലങ്കാരങ്ങളിലോ ആഭരണങ്ങളിലോ ചിത്രത്തുന്നലുള്ള അലങ്കാരവസ്ത്രങ്ങളിലോ അല്ല നന്മയും കരുണയുമുള്ള പെരുമാറ്റത്തിലാണ് (1 തിമൊ. 2:9,10 ലിവിംഗ്).

യെശയ്യാവിന്റെ കാലത്ത് സ്ത്രീകള്‍ ഇത്തരം പ്രസംഗം കേട്ട് എത്ര രോഷാകുലരായി കാണുമെന്നു നിങ്ങള്‍ക്ക് ഊഹിക്കുവാന്‍ കഴിയും. അവര്‍ അദ്ദേഹത്തെ ഏറ്റവും വെറുക്കുകയും അദ്ദേഹത്തെ കൊന്നു കളയുവാന്‍ തങ്ങളുടെ ഭര്‍ത്താക്കാന്മാരെ ഉത്സാഹിപ്പിക്കുകയും ചെയ്തിരിക്കാം.

പ്രാവാചകന്മാര്‍ സാധാരണ പ്രഭാഷകരില്‍ നിന്നും വ്യത്യസ്തരാണ്. സഭയിലെ വിശ്വാസികളെയും ധനികരായ ആളുകളെയും അസ്വസ്ഥമാക്കിയാലും ദൈവം തങ്ങളുടെ ഹൃദയത്തില്‍ തരുന്ന വചനങ്ങള്‍ അവര്‍ സംസാരിക്കുന്നു. അതുകൊണ്ടു തന്നെ അവര്‍ ജനത്തിന് അഭിമതരല്ല.

4-ാം അധ്യായത്തില്‍ യേശുവിനെ ദൈവത്തിന്റെ ശാഖ (മുള) എന്നു വിളിച്ചിരിക്കുന്നതു നമുക്കു കാണാം (4:2). യേശുവിന്റെ രാജത്വത്തില്‍ യെരുശലേമില്‍ നിന്നും ഭൂമി മുഴുവനും ദൈവരാജ്യം 1000 വര്‍ഷത്തേക്കു സ്ഥാപിതമാകുന്ന ഒരു ദിവസത്തെക്കുറിച്ച് ഈ അധ്യായം നമ്മോടു വിവരിക്കുന്നു. എന്നാല്‍ അക്ഷരികമായി സഹസ്രാബ്ദത്തില്‍ സംഭവിക്കാന്‍ പോകുന്ന ക്രിസ്തുഭരണം ആത്മികമായി ഇന്നു സഭയില്‍ നിറവേറേണ്ട ഒന്നാണ്. കാരണം ഇന്നു സഭയുടെ നാഥന്‍ കര്‍ത്താവായ യേശുവാണ്. അവിടെ ദൈവരാജ്യം ഇപ്പോഴേ സ്ഥാപിതമായിക്കഴിഞ്ഞിരിക്കുന്നു. ഇവിടെ കാണുന്ന വചനങ്ങള്‍ ആത്മികമായി സഭയോടു ചേര്‍ത്തു നാം വായിക്കേണ്ടതാണ്. ”കര്‍ത്താവു ന്യായവിധിയുടെ ആത്മാവുകൊണ്ടും ദഹനത്തിന്റെ ആത്മാവു കൊണ്ടും സീയോന്‍ പുത്രിമാരുടെ മലിനത കഴുകിക്കളയുകയും യെരുശലേമിന്റെ രക്തപാതകം അതിന്റെ നടുവില്‍ നിന്നും നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം… പകലിന് ഒരു മേഘവും രാത്രിക്ക് അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും” (4:3-5). സഭയിലേക്ക്, വിശിഷ്യാ സീയോന്‍ പുത്രിമാരിലേക്കു കടന്നു കയറിയ ലോകത്തിന്റെ ആത്മാവിനെ അഗ്നിയാല്‍ കഴുകിക്കളയേണ്ടതായിട്ടുണ്ട്. അപ്പോള്‍ ദൈവത്തിന്റെ തേജസ്സ് മരുഭൂമിയില്‍ സമാഗമന കൂടാരത്തിന്മേല്‍ പ്രകാശിച്ചിരുന്നതുപോലെ സഭയില്‍ നിന്നും പ്രകാശിക്കും. അതുകൊണ്ടു സഭയില്‍ ഇന്ന് ആവശ്യമുള്ളത് ”ന്യായവിധിയുടെ കാറ്റും ദഹനത്തിന്റെ കാറ്റുമാണ്.” അപ്പോള്‍ സീയോനിലുള്ള എല്ലാവരും വിശുദ്ധര്‍ എന്നു വിളിക്കപ്പെടും- ദൈവത്തിന്റെ പുസ്തകത്തില്‍ പേരെഴുതപ്പെട്ടവര്‍ (4:3). കര്‍ത്താവു തന്റെ തേജസ്സിന്റെ ഒരു ആവരണം അവരുടെ മേല്‍ വിരിക്കും (4:5). പഴയ നിയമ കൂടാരത്തില്‍ മനോഹരമായ ചിത്രപ്പണികള്‍ ഉള്ള മൂടുവിരികള്‍ ഉള്‍ഭാഗത്തായിരുന്നു ഉപയോഗിച്ചിരുന്നത്. പുറം മൂടികള്‍ ആകര്‍ഷകമല്ലാത്ത ചാരനിറമോ തവിട്ടു നിറമോ ആയ തഹശുതോല്‍ ഉപയോഗിച്ചായിരുന്നു നിര്‍മ്മിച്ചിരുന്നത്. സഭയിലും ഇപ്രകാരം മറ്റുള്ളവര്‍ക്കു പുറമേ ദൃശ്യമല്ലാത്ത ഒരു തേജസ്സുണ്ട്. പുറമെ ഒരു സഭ എല്ലായ്‌പ്പോഴും നിന്ദയുടെ ഒരു ആവരണത്താല്‍ മൂടപ്പെട്ടിരിക്കുന്നു (എബ്രാ. 13:13). ഇത് സഭയെ ആത്മിക നിഗളത്തില്‍ നിന്നും രക്ഷിക്കുന്നു (വാക്യം 6).

5:8-23 വാക്യങ്ങളില്‍ യെശയ്യാവ് ആറു ഗണത്തില്‍ പെട്ട ആളുകളെക്കുറിച്ച് ”കഷ്ടം” എന്ന ശാപവചനം ഉച്ചരിക്കുന്നു. ലൂക്കൊസ് 6:24-26 വാക്യങ്ങളില്‍ യേശു ‘കഷ്ടം” എന്ന വാക്ക് ഉച്ചരിക്കുന്നതു നമുക്കു കാണാം. ”സാധുക്കള്‍ക്കു പാര്‍ക്കുവാന്‍ ഇടം ഉണ്ടാകാതെ വണ്ണം വസ്തുക്കള്‍ എല്ലാം വാങ്ങിക്കൂട്ടുന്നവര്‍; ദൈവത്തിന്റെ പ്രവൃത്തികളെ ശ്രദ്ധിക്കുവാന്‍ സമയമില്ലാതെവണ്ണം മുഴുവന്‍ സമയവും മദ്യലഹരിയും ആട്ടവും പാട്ടുമായി തിമിര്‍ക്കുന്നവര്‍; പാപത്തില്‍ മുഴുകി ബന്ധനാവസ്ഥയില്‍ ആയി രിക്കുകയും ദൈവത്തെ വെല്ലുവിളിക്കുകയും ചെയ്യുന്നവര്‍; നന്മയെ തിന്മയെന്നും തിന്മയെ നന്മയെന്നും വിളിക്കുന്നവര്‍; സ്വന്തം ജ്ഞാനത്തിലും വിവേകത്തിലും മേനി നടിച്ചു നടക്കുന്നവര്‍; കൈക്കൂലി വാങ്ങി നീതിമാനെയും നിഷ്‌ക്കളങ്കനെയും ശിക്ഷയ്ക്കു വിധിക്കുന്നവര്‍.” ഇത്തരത്തിലുള്ള അഹങ്കാരികളും നിഗളികളുമായ സകല വ്യക്തികളെയും ഒരു ദിവസം ദൈവം താഴ്മയിലേക്കും വിനയത്തിലേക്കും കൊണ്ടുവരും. ഇത്തരം കാര്യങ്ങളെ ദൈവം വെറുക്കുകയും ശപിക്കുകയും ചെയ്യുന്നു എന്ന സത്യം തിരിച്ചറിയുവാനുള്ള ആവശ്യകത ഇന്ന് എത്രയധികമായുണ്ട്!

യെശയ്യാ പ്രവചനം ഒന്നാം ഭാഗത്തിന്റെ കേന്ദ്രബിന്ദു എന്നത് 6-ാം അധ്യായമാണ്. ഈ അധ്യായത്തില്‍ തന്നെ താഴ്ത്തിയ കര്‍ത്താവിന്റെ ഒരു ദര്‍ശനത്തെക്കുറിച്ച് അദ്ദേഹം വിവരിക്കുന്നു. ഈ ദര്‍ശനത്തില്‍ ഏറ്റവും ഉന്നതമായിരിക്കുന്ന ദൈവിക സിംഹാസനം യെശയ്യാവു കാണുന്നു. സെറാഫുകള്‍ എന്നു വിളിക്കപ്പെടുന്ന ദൂതന്മാരുടെ ഒരു സംഘം ചുറ്റിലും നിന്ന് ആരാധിക്കുന്നു. സെറാഫുകള്‍ ആറു ചിറകുകള്‍ ഉള്ളവരാണ്. രണ്ടു ചിറകുകള്‍ കൊണ്ട് കാലും രണ്ടു ചിറകുകള്‍ കൊണ്ടു മുഖവും മറയ്ക്കുകയും രണ്ടു ചിറകുകള്‍ കൊണ്ട് പറക്കുകയും ചെയ്യുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നാലു ചിറകുകള്‍ കൊണ്ട് അവര്‍ ദൈവത്തെ ആരാധിക്കുന്നു. രണ്ടു കൊണ്ട് അവര്‍ അവിടുത്തെ ശുശ്രൂഷിക്കുന്നു. ദൈവം തന്നെ സത്യമായി ആരാധിക്കുന്നവരെ അന്വേഷിക്കുന്നു എന്ന് യേശു ശമര്യാക്കാരി സ്ത്രീയോടു പറയുകയുണ്ടായി. സാത്താന്‍ പരീക്ഷിച്ചപ്പോള്‍ ഈ വാക്കുകള്‍ കൊണ്ടു യേശു മറുപടി പറഞ്ഞു: ‘നിന്റെ ദൈവമായ കര്‍ത്താവിനെ സേവിച്ച് അവനെ മാത്രമേ ആരാധിക്കാവൂ” ഇവിടെയെല്ലാം നാം ശ്രദ്ധിച്ചാല്‍ ശുശ്രൂഷയ്ക്കു മുന്‍പായി ആരാധന പരാമര്‍ശിക്കുന്നത് നമുക്കു കാണാം. തീര്‍ച്ചയായും ദൈവത്തെ ശുശ്രൂഷിക്കു ന്നതിനേക്കാള്‍ നാം അവിടുത്തെ ആരാധിക്കേണ്ടതുണ്ട്. എത്ര കണ്ടു നാം ദൈവത്തെ ആരാധിക്കുന്നുവോ അത്രകണ്ട് അവിടുത്തോടുള്ള ശുശ്രൂഷ ഫലപ്രദ മായിരിക്കും.

ആരാധന എന്നാല്‍ നമ്മെയും നമുക്കുള്ളതിനെയും പൂര്‍ണ്ണമായും ക്രിസ്തുവിനോടുള്ള ഭക്തിയില്‍ ദൈവത്തിനു കീഴ്‌പ്പെടുത്തുക എന്നതാണ്. ആരാധന എന്നത് സ്തുതി സ്‌തോത്രങ്ങള്‍ അര്‍പ്പിക്കുന്നതിലും എത്രയോ മുകളിലാണ്! അത് ദൈവത്തിന്റെ പരിശുദ്ധിയെയും വലുപ്പത്തെയും തിരിച്ചറിഞ്ഞ് അവിടുത്തെ രാജാധിരാജാവും കര്‍ത്താധി കര്‍ത്താവുമായി അംഗീകരിക്കുന്നതാണ്. ഒരിക്കലും പാപം ചെയ്തിട്ടില്ലാത്ത സെറാഫുകള്‍ക്കുപോലും അവിടുത്തെ മുഖത്തേക്കു നോക്കുവാന്‍ കഴിയുന്നില്ല. അവര്‍ അവിടുത്തെ മുമ്പാകെ മുഖം മറച്ചാണ് നില്ക്കുന്നത്. ദൈവിക പരിശുദ്ധിയുടെ അടുത്തു കൂടാത്ത വെളിച്ചത്തെക്കുറിച്ച് ഇതു നമുക്ക് ഒരു ധാരണ തരുന്നു (1 തിമൊ. 6:16). ദൈവത്തിന്റെ പരിശുദ്ധിയെ നാം ലഘുവായി കാണുവാന്‍ പാടില്ല. യേശുക്രിസ്തുവിന്റെ രക്തത്താലും നീതിയാലും അവിടുത്തെ മുമ്പാകെ അടുത്തു വരുവാന്‍ നമുക്കു ലഭിച്ച അവകാശം അവര്‍ണ്ണനീയമാണ്.

യെശയ്യാവിന് ആ കാഴ്ച കണ്ട് ആഴമായ പാപബോധമുണ്ടായി. അതുവരെ മറ്റുള്ളവരുടെ മേല്‍ ”കഷ്ടം” എന്ന വാക്ക് ഉച്ചരിച്ച യെശയ്യാവ് ഇപ്പോള്‍ തനിക്കുമേല്‍ ”കഷ്ടം” എന്ന് ഉച്ചരിക്കുന്നു. ”എനിക്ക് അയ്യോ കഷ്ടം…” (6:5). മറ്റുള്ളവരുടെ മേല്‍ താന്‍ ഉച്ചരിച്ച ”കഷ്ടങ്ങള്‍” ഒന്നുംതന്നെ തെറ്റായി പറഞ്ഞതല്ലായിരുന്നു. എന്നാല്‍ ദൈവത്തിന്റെ ഒരു പ്രവാചകന്‍ എന്ന നിലയില്‍ താന്‍ ദൈവസന്നിധിയില്‍ ഏകനായിരുന്ന് സ്വയം കാണുകയും തന്നിലെ പാപത്തെക്കുറിച്ചു ബോധമുണ്ടാവുകയും ചെയ്യേണ്ടതാവശ്യമായിരുന്നു. ദൈവമഹത്വം കാണുമ്പോള്‍ നമ്മില്‍ ഉണ്ടാകുന്നത് ഇതേ കാര്യമാണ്. തുടര്‍ന്നും കര്‍ത്താവു നമുക്കു പ്രേരണ നല്‍കുന്നുവെങ്കില്‍ നാം മറ്റുള്ളവരുടെ കുറവുകള്‍ കാണുകയും അതേക്കുറിച്ചു സംസാരിക്കുകയും ചെയ്യും. പക്ഷേ നാം നമ്മുടെ ജഡത്തിലെ പാപങ്ങളെ ഒന്നാമതായി കാണുന്നവര്‍ ആയിരിക്കും.

പ്രസംഗ പീഠത്തില്‍ നിന്നുകൊണ്ട് പാപത്തിനെതിരെ പ്രസംഗിക്കുന്ന ഓരോ പ്രവാചകനും പ്രഭാഷകനും ഒന്നാമതായി സ്വന്തം ജഡത്തിലെ പാപത്തെ കാണേണ്ടതാവശ്യമാണ്. അല്ലെങ്കില്‍ അയാള്‍ വേഗം തന്നെ ഒരു പിന്മാറ്റക്കാരനായി അധഃപതിക്കും. ”എനിക്ക് അയ്യോ കഷ്ടം” എന്നു യെശയ്യാവിനേപ്പോലെയോ ”എന്റെ ജഡത്തില്‍ ഒരു നന്മയും വസിക്കുന്നില്ല, അയ്യോ ഞാന്‍ അരിഷ്ട മനുഷ്യന്‍” എന്നു പൗലൊസിനെപ്പോലെയോ നിലവിളിക്കുന്ന പ്രസംഗകര്‍ ഇന്ന് അധികമില്ല (റോമ. 7:18,24).

യെശയ്യാവിന് താന്‍ സംസാരിച്ച വാക്കുകളെ കുറിച്ച് അനുതാപമുണ്ടായി. ”ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങളുള്ളൊരു മനുഷ്യന്‍” എന്ന് അവന്‍ പറഞ്ഞു (6:5). ഉടന്‍ തന്നെ സെറാഫുകളിലൊരുവന്‍ യാഗപീഠത്തില്‍ നിന്നു കൊടില്‍ക്കൊണ്ട് ഒരു തീക്കനല്‍ എടുത്തു കയ്യില്‍ പിടിച്ചുകൊണ്ടു യെശയ്യാവിന്റെ അധരങ്ങളെ ശുദ്ധീകരിച്ചു. യെശയ്യാവ് അനുതപിച്ചു. പാപം ഉടന്‍ തന്നെ ക്ഷമിക്കപ്പെട്ടു. ഒരു സെറാഫിനു പോലും തൊട്ടു കൂടാത്ത തീക്കനല്‍ (കൊടില്‍ ഉപയോഗിക്കുന്നു) കൊണ്ട് യെശയ്യാവിന്റെ അധരങ്ങളെ തൊടുന്നു. ഒരു ദൂതനും ലഭിക്കാത്ത അഭിഷേകം പ്രാപിക്കുവാന്‍ മനുഷ്യനു കഴിയുന്നു.

സിംഹാസനത്തിന്റെയും യാഗപീഠത്തിന്റെയും ദര്‍ശനം യെശയ്യാവിന് ഇവിടെ ലഭിക്കുന്നു. അപ്പോള്‍ കര്‍ത്താവു ചോദിക്കുന്നു: ”ഞാന്‍ ആരെ അയക്കേണ്ടു. ആര്‍ നമുക്കു വേണ്ടി പോകും?” (6:8). യെശയ്യാവ് ഉത്തരമായി പറയുന്നു. ”അടിയനിതാ, അടിയനെ അയക്കേണമേ.” സിംഹാസനത്തെയും യാഗപീഠത്തെയും നാം നിരന്തര മായി കാണേണ്ട ആവശ്യമുണ്ട്. ഒന്നാമതായി ദൈവത്തിന്റെ പരിശുദ്ധിയുടെ ദര്‍ശനത്താല്‍ നാം പൊടിയോളം താഴ്ത്തപ്പെടേണ്ടതുണ്ട്. തുടര്‍ന്ന് യാഗപീഠത്തില്‍ നിന്നുള്ള രക്തത്താല്‍ ശുദ്ധീകരണം പ്രാപിച്ച് നാം ഉയര്‍ത്തപ്പെടേണ്ടതുമുണ്ട്. അപ്പോള്‍ മാത്രമേ നമുക്കു മുമ്പോട്ടു പോകുവാനും കര്‍ത്താവിനെ സേവിക്കുവാനും കഴിയൂ. ദൈവം നമ്മെ അയക്കുന്നില്ലെങ്കില്‍ നമുക്കു മുന്‍പോട്ടു പോകാന്‍ കഴിയില്ല. ദൈവം അയയ്ക്കാതെ നാം പോയാല്‍ നമ്മുടെ അധ്വാനം വ്യര്‍ത്ഥമാകും. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അധികം ക്രൈസ്തവ ശുശ്രൂഷകരെയും ദൈവം അയച്ചതല്ല. ചില സംഘടനകളോ മനുഷ്യരോ അവരെ വേലസ്ഥലത്തേക്ക് അയച്ചിരിക്കുന്നു. അല്ലെങ്കില്‍ അവര്‍ സ്വമേധയാ പോയി പ്രവര്‍ത്തിക്കുന്നു. ഇന്ത്യ പോലെ വിസ്തൃതമായ ഒരു വലിയ രാജ്യത്ത് പ്രവര്‍ത്തന മേഖല തിരഞ്ഞെടുക്കുവാന്‍ എളുപ്പമാണ്. കാരണം ആവശ്യകത അത്രയധികമുണ്ട്. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിത്യതയി ലേക്കു നിലനില്ക്കുന്ന ഫലം ഉണ്ടാകണമെങ്കില്‍ നാം ദൈവത്താല്‍ തന്നെ നിയോഗിക്കപ്പെടേണ്ടതുണ്ട്. മറ്റു ദൈവദാസന്മാര്‍ക്ക് നമുക്കു ലഭിച്ചിരിക്കുന്ന ആ വിളിയെ ഉറപ്പിക്കാം- അവര്‍ക്കു നമ്മെ വിളിക്കുക സാദ്ധ്യമല്ല. ശൗലിനെയും ബര്‍ന്നബാസിനെയും ദൈവം വിളിച്ചിരുന്നു. അതിന്റെ ഉറപ്പ് മറ്റു പ്രവാചകന്മാരിലൂടെയാണ് പിന്നീട് ഉണ്ടായത് (അ. പ്ര. 13:1-4). ദൈവം നമ്മെ വിളിക്കുമ്പോള്‍ നാം എന്തു പ്രസംഗിക്കണമെന്ന് അവിടുന്നു നമ്മോടു പറയും. അവിടുന്ന് യെശയ്യാവിനോടും പറഞ്ഞു: ”പോയി ഈ ജനത്തോടു പറയുക…”(6:9).

യെശയ്യാവിന്റെ കാലത്തെപ്പോലെയാണു ദൈവം ഇന്നും. പരിശുദ്ധാത്മാവ് നമ്മുടെ ഉള്ളില്‍ വസിക്കുന്ന ഈ പുതിയ ഉടമ്പടിയുടെ കാലയളവില്‍ യെശയ്യാവിന്റെ കാലത്തെപ്പോലെ നാം ബാഹ്യമായ കാതുകള്‍ കൊണ്ടല്ല ദൈവം സംസാരിക്കുന്നതു കേള്‍ക്കുന്നത്. നമ്മുടെ ഹൃദയത്തിനുള്ളിലാണ് ഇന്നു നാം അതു കേള്‍ക്കുന്നത്. അതു തെറ്റിക്കൂടാത്തതുമാണ്. ഞാന്‍ ഒരിക്കലും എന്റെ ബാഹ്യമായ കാതുകള്‍ കൊണ്ടു ദൈവശബ്ദം കേള്‍ക്കുകയോ എന്റെ കണ്ണുകള്‍ കൊണ്ടു കര്‍ത്താവിനെയോ ദൂതന്മാരെയോ കാണുകയോ ചെയ്തിട്ടില്ല. എന്നാല്‍ കഴിഞ്ഞ 56 വര്‍ഷങ്ങളില്‍ നിരവധി തവണ എന്റെ ഹൃദയക്കണ്ണുകളാല്‍ ഞാന്‍ അവിടുത്തെ ദര്‍ശിച്ചിട്ടുണ്ട്. അവിടുത്തെ ശബ്ദവും കേട്ടിട്ടുണ്ട്. കണ്ടു വിശ്വസിക്കുന്നവരെക്കാള്‍ കാണാതെ വിശ്വസിക്കുന്നവരാണ് ഭാഗ്യവാന്മാര്‍ എന്നു കര്‍ത്താവു തന്നെ പറഞ്ഞിട്ടുണ്ട് (യോഹ. 20:29).

യെശയ്യാവിനു ദൈവം നല്‍കിയ ദൗത്യം പ്രയാസമേറിയ ഒന്നായിരുന്നു. ദൈവം യെശയ്യാവിനോടു പറഞ്ഞു: ”നീ എന്റെ ജനത്തോടു പറയേണ്ടത്: നിങ്ങള്‍ കേട്ടിട്ടും തിരിച്ചറിയുകയില്ല. നിങ്ങള്‍ കണ്ടിട്ടും ഗ്രഹിക്കുകയുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേള്‍ക്കുകയോ ഹൃദയം കൊണ്ടു ഗ്രഹിക്കുകയോ മനസ്സു തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതെയിരിക്കേണ്ടതിന് അവരുടെ ഹൃദയം തടിപ്പിക്കയും അവരുടെ ചെവി മന്ദമാക്കുകയും അവരുടെ കണ്ണ് അടച്ചു കളയുകയും ചെയ്യുക.” (6:9,10). താന്‍ എന്തുകൊണ്ടാണ് ഉപമകളിലൂടെ സംസാരിക്കു ന്നതെന്നു വിശദീകരിക്കുമ്പോള്‍ യേശു ഉദ്ധരിച്ചത് ഈ വാക്യമാണ് (മത്താ. 13:14).

ഇവിടെ നാം എന്താണു കാണുന്നത്? ദൈവത്തിന്റെ ഒരു ദര്‍ശനം, സ്വയത്തിന്റെ ദര്‍ശനം, ക്ഷമിക്കുന്ന കൃപയുടെ ഒരു ദര്‍ശനം, ശുശ്രൂഷയ്ക്കു ലഭിക്കുന്ന അഭിഷേകത്തിന്റെ ദര്‍ശനം, ഒടുവിലായി ആ ശുശ്രൂഷയുടെ ഫലത്തെക്കുറിച്ചുള്ള ദര്‍ശനം (6:13). ദുഷിച്ചുപോയ യെഹൂദാ ദേശത്തു നിന്നും പൊട്ടിമുളയ്ക്കുന്ന ഒരു വിശുദ്ധമുള ഉണ്ടാകും. നമ്മുടെ ശുശ്രൂഷയാല്‍ ദൈവത്തിനു വേണ്ടി ഒരു ശേഷിപ്പ് എഴുന്നേല്പിക്കപ്പെടുന്നു.

7:14-ല്‍ യേശുവിന്റെ ജനനത്തെ സംബന്ധിച്ച അത്ഭുതകരമായ പ്രവചനം നാം കാണുന്നു: ”കന്യക ഗര്‍ഭിണിയായി ഒരു മകനെ പ്രസവിക്കും. അവന് ഇമ്മാനുവേല്‍ എന്നു പേര് വിളിക്കപ്പെടും”(മത്താ. 1:22-ല്‍ ഉദ്ധരിച്ചിരിക്കുന്നു).

8:12,13-ല്‍ തങ്ങളെ ആക്രമിക്കുവാന്‍ ഒത്തു ചേര്‍ന്നു വരുന്ന സൈന്യങ്ങളെ കണ്ട് ഭയന്ന ജനത്തോട് ദൈവം ഒരു വചനം സംസാരിക്കുന്നു. ഇന്ത്യയിലുള്ള നമുക്കും ഈ വചനം ഇന്നു വളരെ പ്രസക്തമാണ്. ക്രൈസ്തവ വിരുദ്ധ ശക്തികള്‍ രാജ്യത്തിന്റെ നാനാ ഭാഗങ്ങളിലും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതു നാം കണ്ടുകൊണ്ടിരിക്കുന്നു. കര്‍ത്താവു കല്‍പിക്കുന്നു: ”അവര്‍ ഭയപ്പെടുന്നതിനെ നിങ്ങള്‍ ഭയപ്പെടരുത്. അവിടുന്നു തന്നെ നിങ്ങളുടെ ഭയമായിരിക്കട്ടെ.” ഈ വാക്യം 1 പത്രൊസ് 3:14-ല്‍ ഉദ്ധരിച്ചിരിക്കുന്നതു നാം കാണുന്നു. ഈ വാക്യത്തിന്റെ ലിവിംഗ് ബൈബിള്‍ പരാവര്‍ത്തനം ഇപ്രകാരമാണ്: ”നിങ്ങള്‍ ദൈവത്തെ ഭയപ്പെടുന്നു എങ്കില്‍ മറ്റൊന്നിനെയും നിങ്ങള്‍ക്കു ഭയപ്പെടേണ്ടതില്ല.” 40 വര്‍ഷത്തിലധികമായി ഈ വചനം ഞാന്‍ നല്ല വലുപ്പത്തില്‍ വ്യക്തമായി കാണുംവിധം എന്റെ വീടിന്റെ സ്വീകരണമുറിയില്‍ ആലേഖനം ചെയ്തുവച്ചിരിക്കുന്നു. ഈ വചനം എന്നെയും മറ്റനേകരെയും മാനുഷഭയത്തില്‍ നിന്നും മറ്റ് സാഹചര്യങ്ങളെ സംബന്ധിച്ച ഭയങ്ങളില്‍ നിന്നും മോചനം പ്രാപിക്കുവാന്‍ സഹായിച്ചിരിക്കുന്നു. ഞാന്‍ ഭയ പ്പെടേണ്ട ഒരേ ഒരു വ്യക്തിയെ- ദൈവത്തെ- തന്നെ ഭയപ്പെടുവാന്‍ അതെന്നെ ഉത്സാഹിപ്പിച്ചിരിക്കുന്നു. യേശുവും തന്റെ ശിഷ്യന്മാരോട് ഇപ്രകാരം പറഞ്ഞു: ”നിങ്ങളുടെ ശരീരത്തെ മാത്രം കൊല്ലാന്‍ കഴിയുന്നവരെ ഭയപ്പെടരുത്. ശരീരത്തെയും പ്രാണനെയും ഒരുപോലെ നരകത്തില്‍ നശിപ്പിക്കുവാന്‍ കഴിയുന്ന ദൈവത്തെ ഭയപ്പെടുവീന്‍” (മത്താ. 10:28 ലിവിംഗ്).

യെശയ്യാവ് 8:18 ആണ് പുതിയനിയമത്തില്‍ ഉദ്ധരിച്ചിട്ടുള്ള മറ്റൊരു വാക്യം- എബ്രായര്‍ 2:13-ല്‍. അവിടെ അത് യേശുവിനെയും നമ്മെയും കുറിക്കുന്നു: ”ഇതാ ഞാനും ദൈവം എനിക്കു തന്ന മക്കളും അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കും.” അതു കുടുംബങ്ങള്‍ എന്ന നിലയില്‍ നമുക്കും ബാധകമായിരിക്കട്ടെ. നാം നമ്മുടെ മക്കളെ വളര്‍ത്തുമ്പോള്‍ സ്വഭാവ ദാര്‍ഢ്യത്തിലും ലക്ഷ്യബോധത്തിലും മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തരായി അവരെ വളര്‍ത്തുവാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാ സമയത്തും നിത്യതയുടെ മൂല്യങ്ങള്‍ മനസ്സില്‍ സൂക്ഷിച്ചു കൊണ്ടു ചുറ്റുമുള്ള ലോകത്തിന് അവര്‍ ഒരു അത്ഭുതവും അടയാളവുമായിത്തീരുന്നു. സാത്താന്‍ വര്‍ഷങ്ങള്‍കൊണ്ട് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ആ വിഭജനരേഖ ക്രമേണയായി മായ്ച്ചുകൊണ്ടിരിക്കുന്നു.

9:1,2 വാക്യങ്ങള്‍ മത്തായി 4:14,15-ല്‍ ഉദ്ധരിച്ചിരിക്കുന്നതു കാണാം: ”ഇരുട്ടില്‍ ഇരിക്കുന്ന ജനം വലിയൊരു വെളിച്ചം കണ്ടു.” ഇതു യേശു ഗലീലയിലുള്ള ജനത്തെ സന്ദര്‍ശിച്ചതിനെ സൂചിപ്പിക്കുന്നു. ഇതു നമുക്കും ബാധകമാണ്. നാമും പോകുന്നേടത്തൊക്കെ ഇരുട്ടില്‍ വെളിച്ചമായി പ്രകാശിക്കണമെന്നു ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു.

9:6,7 യേശുവിനെ സംബന്ധിച്ചുള്ള ഒരു പ്രവചനമാണ്. അവന്‍ ”അത്ഭുത മന്ത്രി, വീരനാം ദൈവം, നിത്യപിതാവ്, സമാധാനപ്രഭു” എന്നു പേര്‍ വിളിക്കപ്പെടും. നിത്യ പിതാവ് എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം പിതാവായ ദൈവം എന്നല്ല നിത്യതയുടെ പിതാവ് എന്നു മാത്രമാണ്.

9:6-ല്‍ ”ആധിപത്യം അവന്റെ തോളില്‍ ഇരിക്കും” എന്നു പറഞ്ഞിരിക്കുന്നു. എന്റെ ശുശ്രൂഷയുടെ സമയങ്ങളിലെല്ലാം ഇത് എനിക്കു വലിയ ഒരു സഹായ മായിരുന്നു. കഴിഞ്ഞ 40 വര്‍ഷങ്ങളായി ഞങ്ങളുടെ ശുശ്രൂഷയിലൂടെ ദൈവം ഇന്ത്യയില്‍ സ്ഥാപിച്ച സഭകളിലൊക്കെ വിവിധ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. വളരുന്ന മക്കളെക്കൊണ്ട് മാതാപിതാക്കള്‍ക്കുണ്ടാകുന്ന തരത്തിലുള്ള പ്രശ്‌നങ്ങള്‍. സഭകളിലെ പ്രശ്‌നങ്ങള്‍ എന്നില്‍ ചിന്താക്കുഴപ്പമുണ്ടാക്കുമ്പോള്‍ ഞാന്‍ ദൈവത്തിന്റെ മുമ്പാകെ കമിഴ്ന്നു വീണു പറയും: ”കര്‍ത്താവേ, ഇത് എന്റെ പ്രവൃത്തിയല്ല അങ്ങയുടേതാണ്. ഈ സഭകളൊന്നും എന്റേതല്ല അങ്ങയുടേതാണ്. ഇതിന്റെ ഭരണം അങ്ങയുടെ തോളിലാണ്. ഇതിന്റെ ഉത്തരവാദിത്തം അങ്ങയുടേതാണ്. ഒരു സഭ അടച്ചു പൂട്ടണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുവെങ്കില്‍ അത് അടച്ചു പൂട്ടുകതന്നെ വേണം. അക്കാര്യം അങ്ങയുടേതാണ്. ഞാന്‍ അങ്ങയുടെ ദാസന്‍ മാത്രമാണ്. അങ്ങു കല്പിക്കുന്നതു ഞാന്‍ ചെയ്യുക മാത്രം ചെയ്യും.” ഒരു കടയുടമയ്ക്ക് താന്‍ ഇച്ഛിക്കുന്നു വെങ്കില്‍ തന്റെ കട അടച്ചിടുവാന്‍ അധികാരമുണ്ട്. കര്‍ത്താവ് അടച്ചിടുവാന്‍ ആഗ്രഹിക്കുന്നത് തുറന്നു പ്രവര്‍ത്തിപ്പിക്കുവാന്‍ ഞാന്‍ ഒരിക്കലും തുനിയുകയില്ല. കര്‍ത്താവിന്റെ സാന്നിധ്യം ഇല്ല എന്നു വ്യക്തമായതിനു ശേഷവും തങ്ങള്‍ ആരംഭിച്ച ഒരു പ്രവൃത്തിയെ വളരെ ആയാസത്തോടെ തള്ളിക്കൊണ്ടു പോകുന്ന ഒരുപാട് ക്രൈസ്തവ ശുശ്രൂഷകര്‍ ഉണ്ട്. അതിന്റെ കാരണം ആധിപത്യം അവര്‍ തങ്ങളുടെ തോളിലേറ്റിയിരിക്കുന്നതാണ്. ആധിപത്യം കര്‍ത്താവിന്റെ തോളില്‍ തന്നെയാണെ ങ്കില്‍ ക്രിസ്തീയ ശുശ്രൂഷകളിലെ പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവായിരിക്കും. എന്റെ ജീവിതത്തിലേതുപോലെ നിങ്ങളുടെ ജീവിതത്തിലും സ്വസ്ഥതയുണ്ടാകും. കര്‍ത്താവിന്റെ ശുശ്രൂഷ നിങ്ങളില്‍ സ്ഥിരമാകും. നാം ദാസന്മാര്‍ മാത്രമാണ്.

10-ാം അധ്യായത്തില്‍ അക്കാലത്തെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയായ അശൂരിന്റെ നാശത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്നു. അശൂര്‍ രാജാവ് എതിര്‍ക്രിസ്തുവിന്റെ ഒരു സാദൃശ്യമാണ്. 10:27-ല്‍ ”അഭിഷേകം നിമിത്തം നുകം തകര്‍ന്നു പോകു”മെന്നു നാം കാണുന്നു (കെ.ജെ.വി.). നമ്മുടെ ജീവിതത്തില്‍, കുടുംബത്തില്‍, സഭയില്‍ സംഭവിച്ചിട്ടുള്ള പാപത്തിന്റെയും സാത്താന്റെയും നുകം ഒടിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് പരിശുദ്ധാത്മാഭിഷേകത്തിന്റെ ശക്തിയാണ്.

10-ാം അധ്യായത്തില്‍ എതിര്‍ക്രിസ്തുവിന്റെ വാഴ്ചയെക്കുറിച്ചാണു പറയുന്നതെങ്കില്‍ 11-ാം അധ്യായത്തില്‍ ക്രിസ്തുവിന്റെ രാജ്യത്തിന്റെ ഒരു ചിത്രമാണു നമുക്കു കാണുവാന്‍ കഴിയുക. വെളിപ്പാടു പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന പ്രകാരം ക്രിസ്തുവിന്മേല്‍ വസിക്കുന്ന ഏഴ് ആത്മാക്കളെയാണ് ഇവിടെ യഹോവയുടെ ആത്മാവ്, ജ്ഞാനത്തിന്റെ, വിവേകത്തിന്റെ, ആലോചനയുടെ, ബലത്തിന്റെ, പരിജ്ഞാനത്തിന്റെ, യഹോവ ഭക്തിയുടെ ആത്മാവ് എന്നൊക്കെ പറഞ്ഞിരിക്കുന്നത്. 3-ാം വാക്യത്തില്‍ കണ്ണുകൊണ്ടു കാണുന്നതുപോലെയോ ചെവികൊണ്ടു കേള്‍ക്കുന്നതുപോലെയോ ന്യായപാലനം ചെയ്യാതെ തന്റെ അന്തരംഗത്തില്‍ ആത്മാവുണര്‍ത്തുന്ന നീതിയുടെ ശബ്ദത്താല്‍ വിവേചിക്കുവാന്‍ തക്കവണ്ണം ദൈവഭക്തിയിലുള്ള സംവേദനത്വം ആത്മാവ് യേശുവിന്റെ ഉള്ളില്‍ നല്‍കിയിരുന്നു എന്നു നാം വായിക്കുന്നു. ഇവിടെ യേശു നമുക്കു മാതൃകയാണ്. നാമും നമ്മുടെ കണ്ണുകളും കാതുകളും നമ്മോടു പറയുന്നതുപോലെ ആളുകളെയും സാഹചര്യങ്ങളെയും വിധിക്കുവാന്‍ പാടില്ല. ഓരോ സാഹചര്യത്തെയും കൃത്യമായി വിവേചിക്കുവാന്‍ പരിശുദ്ധാത്മാവിലുള്ള സംവേദനത്വത്തിനായി നാം കര്‍ത്താവിനോടു യാചിക്കണം.

സഹസ്രാബ്ദ വാഴ്ചയില്‍ ക്രിസ്തു ലോകം ഭരിക്കുമ്പോള്‍ സിംഹവും ചെന്നായയും കുഞ്ഞാടും ഒരുമിച്ചു കിടക്കുന്ന സമയം വരും (11:6). ഒരു ചെറിയ കുട്ടി അവയെ നടത്തും. ഭൂമിയിലെങ്ങും ക്രിസ്തുവിന്റെ ഭരണം സ്ഥാപിതമാവുകയും എല്ലായിടത്തും ദൈവഭക്തിയുടെ അന്തരീക്ഷം സംജാതമാവുകയും ചെയ്യുന്ന നാളില്‍ ഇത് അക്ഷരികമായി നിറവേറപ്പെടും. ആത്മീയമായി നോക്കിയാല്‍ സഭയിലെങ്ങും ഇന്നും ഇതു സത്യമാണ്. ചെന്നായെപ്പോലെയുള്ള സഹോദരന്‍ കുഞ്ഞാടുപോലെയുള്ള സഹോദരനെ തിന്നുകളയാതെ അവനോടു കൂട്ടായ്മയിലാണ്. പുള്ളിപ്പുലിയുടെ സ്വഭാവമുള്ള സഹോദരി ആടിന്റെ സ്വഭാവമുള്ള സഹോദരിയെ തിന്നു കളയാതെ അവളോടൊപ്പം കിടക്കുന്നു. ഈ സഭയെ നടത്തുന്നത് ഒരു ചെറിയ കുട്ടിയാണ്. ചെറിയ കുട്ടിയെപ്പോലെയുള്ള ഒരു സഹോദരന്‍- ദൈവരാജ്യത്തില്‍ ഏറ്റവും വലിയവന്‍ ഒരു ശിശു ആയിരിക്കുമെന്ന് യേശു പറഞ്ഞു.

12-ാം അധ്യായം രക്ഷയുടെ സന്തോഷത്തെക്കുറിച്ചു പറയുന്നു: ”ദൈവം എന്റെ രക്ഷയായിത്തീര്‍ന്നിരിക്കുന്നു. ഞാന്‍ സന്തോഷത്തോടെ രക്ഷയുടെ ഉറവില്‍ നിന്നും വെള്ളം കോരും. യിസ്രായേലിന്റെ പരിശുദ്ധന്‍ നിങ്ങളുടെ മധ്യേ വലിയവനായിരിക്കു കയാല്‍ ഘോഷിച്ച് ഉല്ലസിക്കുവീന്‍” (2,3,6 വാക്യങ്ങള്‍).

13-23 അധ്യായങ്ങള്‍ മധ്യപൂര്‍വ്വ ദേശത്തുള്ള പല രാജ്യങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളാണ്. തുടര്‍ന്നുള്ള 12 അധ്യായങ്ങള്‍ മുഴുവന്‍ ന്യായവിധിയുടെയും അനുഗ്രഹത്തിന്റെയും പ്രവചന വചനങ്ങളാണ്. 35-ാം അധ്യായം വരെ.

13-ാം അധ്യായം ബാബിലോണിന്റെ പതനത്തെ കാണിക്കുന്നു. വെളിപ്പാട് 17,18 അധ്യായങ്ങളില്‍ വിവരിക്കുന്നതിന്റെ ഒരു ചിത്രം.

14-ാം അധ്യായത്തിലും ബാബിലോണിന്റെ പതനത്തിന്റെ വിവരണം തുടരുന്നു. മതവും വ്യാപാരവും ഒക്കെ ചേര്‍ന്ന ബൃഹത്തായ ബാബിലോണ്‍ എന്ന ഈ വ്യവസ്ഥിതിയുടെ അധിപതി ആരാണ്? പ്രകാശിക്കുന്നവന്‍, പ്രഭാത നക്ഷത്രം എന്നൊക്കെ വിളിപ്പേരുള്ള ഒരിക്കല്‍ സ്വര്‍ഗ്ഗത്തില്‍ വിരാജിച്ചിരുന്ന ഒരുവന്‍ (വാ.12). കിംഗ് ജെയിംസ് ഭാഷാന്തരത്തില്‍ ലൂസിഫര്‍ എന്നു ഭാഷാന്തരം ചെയ്തിരിക്കുന്നു. അഞ്ചുപ്രാവശ്യം ”ഞാന്‍ ചെയ്യും” എന്ന് തന്റെ സംഭാഷണത്തില്‍ അവന്‍ പറയുന്നതായി നാം ഇവിടെ കാണുന്നു (വാക്യം 13,14). അങ്ങനെയാണ് ആദ്യമായി പ്രപഞ്ചത്തിലേക്കു പാപം പ്രവേശിക്കുന്നതും അവന്‍ പിശാചായി മാറുന്നതും.

സൃഷ്ടി മാത്രമായ ഒരുവന്‍ ”ഞാന്‍” എന്നു സ്വയം പറഞ്ഞതിലൂടെയാണ് പാപ മുണ്ടായത്. രക്ഷ ഉണ്ടായത് ദൈവപുത്രനായ യേശു കടന്നുവന്ന് ”ഞാന്‍ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പറഞ്ഞതിലൂടെയാണ്. ഒരിക്കലല്ല, ജീവിതത്തിലുടനീളം- യോഹന്നാന്‍ 6:38-ല്‍ യേശു തന്നെ പറയുമ്പോലെ- ”ഞാന്‍ എന്റെ ഇഷ്ടമല്ല എന്നെ അയച്ചവന്റെ ഇഷ്ടമത്രെ ചെയ്യുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വന്നിരിക്കുന്നത്” എന്നായിരുന്നു അവിടുത്തെ നിലപാട്. സ്വന്തഹിതം ചെയ്യു വാന്‍ ആഗ്രഹിക്കുന്നവര്‍ പാപത്തിന്റെ വഴിയിലാണ് എന്ന സത്യം ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കുക. ദൈവഹിതം ചെയ്യുവാന്‍ വേണ്ടി സ്വന്തഹിതം തള്ളുമ്പോഴാണ് നിങ്ങള്‍ യഥാര്‍ത്ഥ വിശുദ്ധിയുടെ പാതയില്‍ മുന്നേറുക. യേശു നമ്മെ വിളിച്ച ക്രൂശിന്റെ പാതയിലൂടെ നടക്കുവാനുള്ള യഥാര്‍ത്ഥ വഴിയും അതുതന്നെ. ദൈവഹിതം ചെയ്യുവാന്‍ തക്കവണ്ണം ക്രൂശ് നമ്മുടെ ഹിതത്തെ ഹനിക്കുന്നു. ജീവിതത്തിന്റെ ഓരോ ദിവസവും നാം ദൈവത്തെയൊ പിശാചിനെയോ അനുഗമിക്കുന്നുണ്ട്. അന്തിമമായി ബാബിലോണിനെ പണിയുന്നതും സ്വന്തം ഹിതം തന്നെയാണ്.

15-23 അധ്യായങ്ങള്‍ മോവാബ്, ദമസ്‌ക്കോസ്, പേരു പറയാത്ത രാജ്യം, ഈജിപ്ത്, എത്യോപ്യ, ഏദോം, അറേബ്യ, സോര്‍ ഈ രാജ്യങ്ങളെക്കുറിച്ചുള്ള പ്രവചനമാണ്. 19-ാം അധ്യായത്തിന്റെ 24,25 വാക്യങ്ങളില്‍ ഈജിപ്ത്, അശൂര്‍, യിസ്രായേല്‍ എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ സഭയില്‍ ഒന്നു ചേര്‍ന്നു സഹോദരങ്ങളായി തീരുന്ന, യെഹൂദനും ജാതിയും ഒന്നായിത്തീരുന്ന, മനോഹരവും അത്ഭുതകരവുമായ ദൃശ്യം നമുക്കു കാണാം.

20-ാം അധ്യായത്തില്‍ മേല്‍ വസ്ത്രവും ചെരുപ്പും ഊരി വച്ചിട്ട് അടിവസ്ത്രവുമിട്ട് നഗ്നപാദനായി നടക്കുവാന്‍ കര്‍ത്താവ് യെശയ്യാവോടു പറയുന്നു. യിസ്രായേല്യര്‍ ബദ്ധന്മാരായി പോകേണ്ടി വരുമ്പോള്‍ അവര്‍ എങ്ങനെയായിരിക്കുമെന്ന് അവര്‍ക്കു ദൃഷ്ടാന്തമാകുവാന്‍ തക്കവണ്ണം.

22:13-ല്‍ നിത്യതയെക്കുറിച്ച് ഒരു ചിന്തയുമില്ലാതെ ”നാം തിന്നുക, കുടിക്കുക, നാളെ ചാകുമല്ലോ” എന്ന് ആളുകള്‍ പറയുന്നതായി നാം വായിക്കുന്നു. ഈവാക്യം 1 കൊരിന്ത്യര്‍ 15:32ല്‍ ഉദ്ധരിച്ചിരിക്കുന്നതു നമുക്കു കാണാം.

22-ാം അധ്യായത്തില്‍ രണ്ടു വ്യക്തികളെക്കുറിച്ചു നാം വായിക്കുന്നു.

  1. ഹിസ്‌കിയാ രാജാവിന്റെ അത്യാഗ്രഹിയും സ്വാര്‍ത്ഥനുമായ ശെബ്‌ന എന്ന ധനമന്ത്രി. എതിര്‍ക്രിസ്തുവിന്റെ പ്രതിരൂപം (15-19 വാക്യങ്ങള്‍).
  2. എല്യാക്കീം- ക്രിസ്തുവിന്റെ പ്രതിരൂപമായ ദൈവഭക്തന്‍. ഉറപ്പുള്ള ഭിത്തിയില്‍ സാധനങ്ങള്‍ ഭദ്രമായി തൂക്കിയിടാന്‍ തറച്ചിരിക്കുന്ന ഒരു ആണി (20-25 വാക്യം).

23-ാം അധ്യായം സോരിന്റെ നാശം പ്രവചിക്കുന്നു.


24-27 അധ്യായങ്ങള്‍ കര്‍ത്താവിന്റെ നാളിനെക്കുറിച്ചുള്ള പ്രവചനങ്ങളാണ്.
24:1-20 ഭൂമിയുടെ നാശത്തെക്കുറിക്കുന്ന പ്രവചനവും 21-23 ഭൂതഗണങ്ങളെക്കുറിക്കുന്ന പ്രവചനവും ആണ്.

25:8-ല്‍ മരണത്തെ സദാ കാലത്തേക്കും നീക്കിക്കളയുമെന്ന പ്രവചനം നമുക്കു കാണാം.

26:3-ല്‍ അവസാന നാളുകളില്‍ നമ്മെ സമാധാനത്തില്‍ സൂക്ഷിക്കുന്ന ഒരു വാഗ്ദത്തം നമുക്കു കാണാന്‍ കഴിയും. ”തന്നില്‍ ആശ്രയം സ്ഥിരമായി വച്ചിരിക്കു ന്നവരെ ദൈവം പൂര്‍ണ്ണ സമാധാനത്തില്‍ കാക്കുന്നു.” 13-ാം വാക്യം ഒരു സമ്പൂര്‍ണ്ണ സമര്‍പ്പണത്തെ കാണിക്കുന്നു. ”യഹോവേ, നീയല്ലാതെ വേറെ കര്‍ത്താക്കന്മാര്‍ ഞങ്ങളുടെ മേല്‍ കര്‍ത്തൃത്വം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇനിമേല്‍ നീ മാത്രം ഞങ്ങളുടെ കര്‍ത്താവായിരിക്കും.”

19-ാം വാക്യം പുനരുത്ഥാനത്തെ കുറിക്കുന്ന ഒരു വാക്യമാണ്. ”നിന്റെ മൃതന്മാര്‍ എഴുന്നേല്‍ക്കും എന്റെ ശവങ്ങള്‍ ജീവിക്കും. പൊടിയില്‍ കിടക്കുന്നവരെ, ഉണര്‍ന്നു ഘോഷിക്കുവീന്‍.” 20-ാം വാക്യം മഹാപീഡനത്തിന്റെ ചുരുങ്ങിയ നാളുകളെ കുറിക്കുന്നു. 21-ാം വാക്യം തന്റെ വിശുദ്ധന്മാര്‍ക്കുവേണ്ടി മടങ്ങിവരുന്ന കര്‍ത്താവിന്റെ വരവിനെക്കുറിച്ചു പറയുന്നു. 27-ാം അധ്യായം സാത്താനെയും മഹാസര്‍പ്പത്തെയും നശിപ്പിക്കുന്നതിനെക്കുറിച്ചും കര്‍ത്താവു തന്റെ മുന്തിരിത്തോട്ടത്തെ യഥാസ്ഥാന പ്പെടുത്തുന്നതിനെക്കുറിച്ചും പറയുന്നു.

ന്യായവിധിയുടെയും അനുഗ്രഹത്തിന്റെയും പ്രവചനങ്ങള്‍ (അധ്യായങ്ങള്‍ 28-35).

28-ാം അധ്യായത്തില്‍ പുതിയ നിയമത്തില്‍ ഉദ്ധരിച്ചിരിക്കുന്ന ചില വാക്യങ്ങള്‍ നമുക്കു കാണാം. ആളുകള്‍ അന്യഭാഷയില്‍ സംസാരിക്കുന്ന ഒരു കാലത്തെക്കു റിച്ചുള്ള പ്രവചനം നമുക്കു 11-ാം വാക്യത്തില്‍ കാണാം. അതു 1 കൊരിന്ത്യര്‍ 14:21-ല്‍ ഉദ്ധരിച്ചിരിക്കുന്നു. ഇതിന്റെ നിവൃത്തി പെന്തക്കൊസ്തു നാളില്‍ സംഭവിച്ചതായി നാം കാണുന്നു. 16-ാം വാക്യത്തില്‍ ക്രിസ്തുവിനെ സഭയുടെ മൂലക്കല്ലായി പറഞ്ഞിരിക്കുന്നു. ആ മൂലക്കല്ലില്‍ ആശ്രയിക്കുന്നവര്‍ അസ്വസ്ഥരാകുകയോ ഇളകുകയോ ചെയ്യുകയില്ല. അവര്‍ തിടുക്കം കാണിക്കുകയില്ല. അവര്‍ അടിസ്ഥാനത്തില്‍ ഉറച്ചിരിക്കും. 20-ാം വാക്യത്തില്‍ ദൈനംദിന ജീവിത ചിത്രങ്ങളിലൂടെ എങ്ങനെയാണ് മനുഷ്യന്റെ നീതി അവനെ മറയ്ക്കുവാന്‍ അപര്യാപ്തമായിരിക്കുന്നത് എന്നു പറയുന്നു. 21-ാം വാക്യത്തില്‍ ന്യായവിധി ദൈവത്തിന് ഒരു അപൂര്‍വ്വ പ്രക്രിയയാകുന്നു എന്നു പറഞ്ഞിരിക്കുന്നു. അവിടുന്ന് ആളുകളെ ന്യായം വിധിക്കുവാന്‍ താത്പര്യമുള്ളവനല്ല. 28,29 വാക്യങ്ങളില്‍ ദൈവം തന്റെ മഹാജ്ഞാനത്തില്‍ എങ്ങനെ നമ്മെ നുറുക്കുന്നു എന്നു പറഞ്ഞിരിക്കുന്നു. നാം ഒരു അനുഗ്രഹമാകുവാന്‍ തക്കവണ്ണം നമ്മുടെ പ്രാപ്തിക്കപ്പുറത്തേക്ക് അവിടുന്നു നമ്മെ ശോധന ചെയ്യുന്നില്ല. തന്റെ ശിക്ഷണത്തിന്റെ പരിധി എവിടെ വരെയാകാം എന്ന് അവിടുന്നറിയുന്നു.

29-ാം അധ്യായം യെരുശലേമിനെക്കുറിച്ചുള്ള പ്രവചനം. യെരുശലേം (അരിയേല്‍ എന്നാല്‍ എബ്രായ ഭാഷയില്‍ ദൈവത്തിന്റെ സിംഹം) പിന്മാറ്റാവസ്ഥയി ലായിരിക്കുന്നു. ദൈവത്തിന്റെ വചനം ഗ്രഹിക്കുവാന്‍ നമുക്കു വെളിപ്പാട് ആവശ്യമാണെന്നു 11,12 വാക്യങ്ങളില്‍ കാണാം. മര്‍ക്കൊസ് 7:6,7-ല്‍ 13-ാം വാക്യം പരീശന്മാരുടെ കാപട്യം കാണിക്കുവാനായി യേശു ഉദ്ധരിച്ചിരിക്കുന്നതു നമുക്കു കാണാം. ഒരു നാള്‍ ദൈവം തന്റെ ആത്മാവിനെ യെരുശലേം നിവാസികളുടെ മേല്‍ പകരും. അന്ന് അത് ഫലപുഷ്ടിയുള്ള തോട്ടം പോലെയാകും (വാ. 17).

30:9-11-ല്‍ യിസ്രായേല്‍ ജനം തങ്ങളുടെ പ്രവാചകന്മാരോടും ദര്‍ശകന്മാരോടും ”ഞങ്ങളോടു സത്യം സംസാരിക്കരുത്, മധുരവാക്കുകളെ ഞങ്ങളോടു സംസാരിക്കുവീന്‍… യിസ്രായേലിന്റെ പരിശുദ്ധനെ ഞങ്ങളുടെ മുമ്പില്‍ നിന്നും നീങ്ങുവാന്‍ ഇടയാക്കുവീന്‍” എന്നു പറയുന്നു. ഇന്നും സഭകളില്‍ സത്യവചനത്തോടും പ്രവാചക ന്മാരോടും ഇത്തരം മനോഭാവം നമുക്കു കാണുവാന്‍ കഴിയും. അത്തരം ആളുകള്‍ മാനസാന്തരപ്പെടണമെന്നു ദൈവം ആഗ്രഹിക്കുന്നു (15-18 വാക്യങ്ങള്‍). തന്നിലേക്കു തിരിയുന്നവര്‍ക്കു കൃപ നല്‍കുവാന്‍ അവിടുന്ന് അവര്‍ക്കുവേണ്ടി കാത്തിരിക്കുന്നു (വാ. 18). മനം തിരിയുന്നവര്‍ തങ്ങളുടെ ഉപദേഷ്ടാവിനെ, യേശുവിനെ (വാ. 20) കണ്ടെത്തുകയും പരിശുദ്ധാത്മാവിന്റെ ശബ്ദം കേള്‍ക്കുകയും ചെയ്യും (വാ. 21). നേര്‍വഴിയില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ മടക്കിവരുത്തുവാന്‍ തക്കവണ്ണം. അന്തിമമായി എതിര്‍ക്രിസ്തുവിനെ നിത്യാഗ്നിയിലേക്കു തള്ളുന്നു (വാ. 33 തോഫെത്ത് നരകത്തിന്റെ പ്രതീകമാണ്).

31-ാം അധ്യായം സഹായത്തിനായി മനുഷ്യനിലേക്ക് (മിസ്രയീമിലേക്ക്) തിരിയുന്നതിലെ വ്യര്‍ത്ഥതയും ശാപവും വിവരിക്കുന്നു (യിരെമ്യാവ് 17:5-8 വായിക്കുക). 32-ാം അധ്യായം വരാനിരിക്കുന്ന ക്രിസ്തുവിന്റെ വാഴ്ചയെക്കുറിച്ചു പറയുന്നു. 3-ാം അധ്യായത്തില്‍ വിവരിച്ചിരിക്കുന്ന സ്ത്രീകളെ മാനസാന്തരത്തിനായി ഇവിടെ ക്ഷണിക്കുന്നതു കാണാം (9-12 വാക്യങ്ങള്‍). തുടര്‍ന്ന് അനുതപിക്കുന്നവരുടെ മേല്‍ ആത്മാവു പകരപ്പെടുന്നു (വാക്യം 15). ഇതു നീതിയിലേക്കും സമാധാനത്തിലേക്കും എത്തുന്നു. 33:14-16-ല്‍ യെശയ്യാവ് ഹൃദയം തുളയ്ക്കുന്ന ഒരു ചോദ്യം ഉയര്‍ത്തുന്നു: ”ദൈവത്തോടൊപ്പം വസിക്കാവുന്നവന്‍ ആര്? ആര്‍ക്കു നിത്യദഹനങ്ങളുടെ അടുക്കല്‍ പാര്‍ക്കാം?” യെശയ്യാവ് സ്വയം അതിനുത്തരവും പറയുന്നു: ”നീതിയായി നടക്കുകയും സത്യം സംസാരിക്കുകയും ചെയ്യുന്നവന്‍.” തുടര്‍ന്ന് ദൈവസന്നിധി യില്‍ പാപികള്‍ നടുങ്ങുകയും കാപട്യക്കാര്‍ വിറയ്ക്കുകയും ചെയ്യുന്നു എന്ന് അദ്ദേഹം പറയുന്നു. 34-ാം അധ്യായത്തില്‍ രാഷ്ട്രങ്ങളോടു ദൈവം വ്യവഹരിക്കുന്ന തിനെക്കുറിച്ചു പറയുന്നു. 35-ാം അധ്യായത്തില്‍ വീണ്ടെടുക്കപ്പെട്ടവര്‍ മാത്രം നടക്കുന്ന വിശുദ്ധമായ പെരുവഴിയെക്കുറിച്ചും പുതിയ ഉടമ്പടിയെക്കുറിച്ചും പറയുന്നു (35:8,10).

അശൂറില്‍ നിന്നും രോഗശയ്യയില്‍ നിന്നും ഹിസ്‌കീയാവിനു ലഭിച്ച വിടുതല്‍

36-39 അധ്യായങ്ങളില്‍ ഹിസ്‌കീയാ രാജാവിന്റെ കാലത്തുണ്ടായ ചരിത്ര സംഭവങ്ങളുടെ വിവരണമാണ്. ഈ നാല് അധ്യായങ്ങളില്‍ നിന്നും നമുക്കു പല ആത്മീയ പാഠങ്ങളും പഠിക്കുവാന്‍ കഴിയും.

നമുക്കു ലഭിക്കുന്ന ഒന്നാമത്തെ പാഠം ശത്രുക്കള്‍ ആക്രമിക്കാന്‍ വരുമ്പോഴും (37-ാം അധ്യായം) രോഗം വന്നു ഗ്രസിക്കുമ്പോഴും (38-ാം അധ്യായം) ഹിസ്‌കീയാവു ചെയ്തതുപോലെ കര്‍ത്താവിങ്കലേക്കു സഹായത്തിനായി തിരിയുക എന്നതാണ്. കര്‍ത്താവിനു നമ്മെ വിടുവിക്കുവാനും സൗഖ്യമാക്കുവാനും കഴിയും.

ഹിസ്‌കീയാവിന്റെ വീഴ്ചകളില്‍ നിന്നും നമുക്കു പാഠങ്ങള്‍ പഠിക്കുവാനും കഴിയും. തന്റെ ഈ ഭൂമിയിലെ ആയുഷ്‌ക്കാലം അവസാനിച്ചു എന്നു ദൈവം പറഞ്ഞപ്പോള്‍ അതു നീട്ടിത്തരണമെന്ന് അപേക്ഷിച്ചതായിരുന്നു അവന്റെ ഒന്നാമത്തെ തെറ്റ്. (അധ്യായം 38:1-5). തങ്ങളുടെ നിര്യാണകാലം അടുത്തു എന്നറിവു കിട്ടിയ പത്രൊസിനെയും പൗലൊസിനെയും ഇതുമായി താരതമ്യം ചെയ്തു നോക്കുക. അവര്‍ തങ്ങളുടെ ആയുസ്സു നീട്ടാന്‍ ആവശ്യപ്പെടുന്നില്ല (2 തിമൊ. 4:6; 2 പത്രൊ. 1:13). എന്നാല്‍ ഹിസ്‌കിയാവ് ആവശ്യപ്പെടുകയും ദൈവം അവന് 15 വര്‍ഷം നീട്ടി നല്‍കുകയും ചെയ്തു. ”അവര്‍ അപേക്ഷിച്ചത് അവന്‍ അവര്‍ക്കു കൊടുത്തു. എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു” (സങ്കീ. 106:15). നീട്ടിക്കിട്ടിയ ആ പതിനഞ്ചു വര്‍ഷക്കാലത്ത് ഹിസ്‌കീയാവിന് മനശ്ശെ എന്നൊരു പുത്രന്‍ ജനിച്ചു. യെഹൂദാ കണ്ട ഏറ്റവും മോശമായ രാജഭരണങ്ങളില്‍ ഒന്ന് മനശ്ശെയുടേതായിരുന്നു (2 ദിന. 33:1-3). നമ്മുടെ ആയുഷ്‌ക്കാലത്തെക്കുറിച്ചും മറ്റും ഏറ്റവും നല്ലത് എന്തെന്നു ദൈവം അറിയുന്നു. അതു നാം സ്വീകരിക്കുന്നതും അംഗീകരിക്കുന്നതും തന്നെയാണ് ഏറ്റവും ഉചിതം.

ഹിസ്‌കീയാവിന്റെ രണ്ടാമത്തെ വീഴ്ച അവന്റെ നിഗളം കാരണമായി ഉണ്ടായ തായിരുന്നു. ദൈവം അവന് മരണകരമായ രോഗത്തില്‍ നിന്നും അത്ഭുത സൗഖ്യം നല്‍കി. ഒരു അടയാളം ഉറപ്പിനും നല്‍കി- ആഹാസിന്റെ ഘടികാരത്തില്‍ ഇറങ്ങിപ്പോയിരുന്ന നിഴല്‍ പത്തുപടി പിന്നാക്കം തിരിഞ്ഞു കയറുമാറാക്കി (38:8). അതിനര്‍ത്ഥം ഭമി അതിന്റെ ഭ്രമണം നിര്‍ത്തുകയും അല്പ സമയത്തേക്കു പിന്നിലേക്കു കറങ്ങുകയും ചെയ്തു എന്നാണ്. ബാബിലോണിലെ രാജാവ് ഇതു ശ്രദ്ധിച്ചപ്പോള്‍ ഹിസ്‌കീയാവിനെ അഭിനന്ദിക്കുവാന്‍ അവന്‍ ദൂതന്മാരെ അയച്ചു. ഹിസ്‌കീയാവ് പൊങ്ങച്ചത്താല്‍ തന്റെ ഭണ്ഡാരം മുഴുവനും ആ ദൂതന്മാര്‍ക്കു കാട്ടിക്കൊടുത്തു (അധ്യായം 39). പില്‍ക്കാലത്ത് ആ സമ്പത്തൊക്കെയും ബാബിലോണ്യ രാജാക്കന്മാര്‍ കടത്തിക്കൊണ്ടു പോകുവാന്‍ കാരണമായത് ഇതാണ്. ദൈവം നമുക്കു നല്‍കുന്ന ആത്മീയ സമ്പത്തുകളില്‍ നാം മഹത്വം കൊള്ളുമ്പോള്‍ അതു നമുക്കു ആത്മീയമായ വലിയ നഷ്ടങ്ങള്‍ക്കു കാരണമായിത്തീരുന്നു. ഇവിടെ നാം ശ്രദ്ധിക്കുന്ന മറ്റൊരു വസ്തുത യെശയ്യാവിന്റെ പ്രവചനമൊന്നും അക്കാലത്തെ ലോകഗതിയെ അടിസ്ഥാനമാക്കി പ്രവചിച്ചിട്ടുള്ളതല്ല. എന്നാല്‍ അവന്‍ ദൈവവുമായി നിരന്തര ബന്ധമുള്ള ഒരു സത്യപ്രവാചകനായിരുന്നു. അക്കാലത്ത് അശൂര്‍ എന്ന സാമ്രാജ്യ ശക്തിയില്‍ നിന്നും മോചനം ലഭിക്കുവാന്‍ പ്രയാസപ്പെടുന്ന താരതമ്യേന ദുര്‍ബ്ബലമായ ഒരു രാജ്യമായിരുന്നു ബാബിലോണ്‍. എന്നിട്ടും യെഹൂദ്യയിലെ സമ്പത്ത് കൊള്ളയായിപ്പോകുന്നത് അശൂറിലേക്കല്ല ബാബിലോണിലേക്കാണ് എന്നു യെശയ്യാവ് എത്ര കൃത്യമായി പ്രവചിച്ചു എന്നു ശ്രദ്ധിക്കുക. പില്‍ക്കാലത്ത് അത് അങ്ങനെ തന്നെ സംഭവിച്ചു.ആശ്വാസത്തിന്റെ പ്രവചനം (40-66 അധ്യായങ്ങള്‍).

40-66 അധ്യായങ്ങള്‍ യെശയ്യാവിലെ പുതിയ നിയമഭാഗം എന്നാണറിയപ്പെടുന്നത്. ദൈവജനത്തെ ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്യുന്ന, പുതിയ ഉടമ്പടിയുടെ ജീവനെ സംബന്ധിക്കുന്ന, ധാരാളം പ്രവചനങ്ങള്‍ നമുക്കിവിടെ കാണുവാന്‍ കഴിയും.

വിടുതലിന്റെ പ്രവചനങ്ങള്‍ (40-48 അധ്യായങ്ങള്‍)

യോഹന്നാന്‍ സ്‌നാപകന്റെ ശുശ്രൂഷയെക്കുറിച്ചുള്ള പ്രവചനവുമായിട്ടാണ് ഈ ഭാഗം ആരംഭിക്കുന്നത് എന്നുള്ള കാര്യം ഏറ്റവും ശ്രദ്ധേയമാണ്. ”കേട്ടോ ഒരുത്തന്‍ വിളിച്ചു പറയുന്നത്: മരുഭൂമിയില്‍ യഹോവയ്ക്കു വഴി ഒരുക്കുവിന്‍. വളഞ്ഞതു ചൊവ്വായും ദൂര്‍ഘടങ്ങള്‍ സമമായും തീരണം” (യെശയ്യാവ് 40:3-4). ഈ സന്ദേശം നമുക്കും ബാധകമാണ്. കര്‍ത്താവിന്റെ രണ്ടാംവരവ് സമീപമായി. യോഹന്നാന്‍ സ്‌നാപകന്‍ ഒന്നാം വരവിങ്കല്‍ കര്‍ത്താവിനു വഴി ഒരുക്കിയതുപോലെ രണ്ടാം വരവിങ്കല്‍ സഭ വഴിയൊരുക്കണം. അതുകൊണ്ടു നമ്മുടെ സന്ദേശങ്ങളും യോഹന്നാന്‍ സ്‌നാപകന്റെ സന്ദേശമായിരിക്കണം.

? ഒന്നാമതായി എല്ലാ താഴ്‌വരയും നികന്നു വരണം (വാ. 4). പുതിയ ഉടമ്പടിയില്‍ നിരാശയ്ക്കും അധൈര്യത്തിനു സ്ഥാനമില്ല. ”ഞാന്‍ കൊള്ളാത്തവനാണ്. എന്നെ ഒന്നിനും കൊള്ളില്ല” എന്ന് ആരും ഒരിക്കലും പറയരുത്. ദൈവം ധൈര്യത്തിന്റെ ദൈവമാണ്. അവിടുന്നു ക്രിസ്തുവില്‍ നമ്മെ ഉയര്‍ത്തി നമുക്കു മാനം തന്നിരിക്കുന്നു. ഇന്നു നമുക്കു കുഴികളില്‍ താണു കിടക്കേണ്ട കാര്യമില്ല. നാം രാജാവിന്റെ മക്കളാണ്. നാം തലയുയര്‍ത്തുക.

? രണ്ടാമതായി എല്ലാ മലയും താണു വരണം (വാ.4). എല്ലാ നിഗളവും നമ്മില്‍ നിന്നും നീങ്ങണം.

? മൂന്നാമതായി വളഞ്ഞതു ചൊവ്വായിത്തീരണം (വാ. 4) നമ്മിലെ എല്ലാ വക്രതയും- ഉദാഹരണമായി സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മ, അനീതി ഒക്കെ- ഋജ്ജുവായിത്തീരണം.

? നാലാമതായി ദുര്‍ഘടങ്ങള്‍ നിരന്ന വഴിയായിത്തീരണം (ലൂക്കൊ. 3:5-ല്‍ ഇങ്ങനെയാണ് ഈ വാക്യം ഉദ്ധരിച്ചിട്ടുള്ളത്.) നിരപ്പല്ലാത്ത പരുക്കനായ, കര്‍ക്കശമായ എല്ലാം മൃദുവായും സൗമ്യമായും ശാന്തമായും മാറി വരണം.

യഥാര്‍ത്ഥ മാനസാന്തരത്തില്‍ താഴ്‌വരകള്‍ ഉയര്‍ന്നും കുന്നുകള്‍ താണും ദുര്‍ഘടങ്ങള്‍ സമമായും വളഞ്ഞതു നേരെയായും തീരുന്ന അവസ്ഥകള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നമ്മുടെ ജഡത്തില്‍ വെളിപ്പെടും. യേശുവിന്റെ തേജസ് നമ്മിലൂടെ എല്ലാവര്‍ക്കും വെളിപ്പെടും. അങ്ങനെയാണു നാം കര്‍ത്താവിന്റെ വരവിനായ് ആളുകളെ ഒരുക്കുന്നത്. ”അങ്ങനെ കര്‍ത്താവിന്റെ രക്ഷ സകല ജഡവും കാണും. കര്‍ത്താവിന്റെ വായല്ലോ സംസാരിച്ചിരിക്കുന്നത്.”

40:6,7 വാക്യങ്ങള്‍ 1 പത്രൊസ് 1:24,25-ല്‍ ഉദ്ധരിച്ചിരിക്കുന്നു: ”സകല ജഡവും പുല്ലുപോലെയാകുന്നു.” സകല മനുഷ്യരും ശ്വാസമില്ലെങ്കില്‍ വെറു മണ്‍പൊടിയാ ണെന്നു നാം കണ്ടു. ഇവിടെ അവരെ വെറും പുല്ലുപോലെ കാണുന്നു. ലോകത്തിലെ സകല മനുഷ്യരില്‍ നിന്നും നമുക്കു ലഭിക്കുന്ന മാനവും മഹത്വവും ഒക്കെ പുല്ലിന്റെ പൂവുപോലെ മാത്രമാണ്. കര്‍ത്താവിന്റെ ശ്വാസം തട്ടുമ്പോള്‍ പുല്ലു വാടുകയും പൂവ് ഉതിര്‍ന്നു പോവുകയും ചെയ്യുന്നു. ”കര്‍ത്താവിന്റെ വചനമോ ഏന്നേക്കും നിലനില്ക്കുന്നു” എന്നു പത്രൊസ് തുടര്‍ന്നു പറയുന്നു. മനുഷ്യന്റെ സകല മഹത്വവും നഷ്ടപ്പെടുന്ന നാളില്‍ ദൈവത്തിന്റെ വചനത്തിന്റെ പ്രമാണങ്ങളില്‍ ജീവിച്ച മനുഷ്യന്‍ നിലനില്ക്കും. അതു നാം ഒരിക്കലും മറന്നുകൂടാ. നമുക്കു ചുറ്റും കാണുന്നതൊക്കെ ഒരുനാള്‍ നശിച്ചുപോകും. ദൈവവചനപ്രകാരം നാം ജീവിക്കുന്നുവെങ്കില്‍ നിത്യമായി നിലനില്ക്കുന്നതൊക്കെ നമ്മില്‍ അവശേഷിക്കും.

40:10,11 കര്‍ത്താവിന്റെ വരവിനെക്കുറിച്ചു പറയുന്നു: ”കര്‍ത്താവു വരുന്നു. പ്രതിഫലം അവന്റെ കയ്യില്‍ ഉണ്ട്. ആട്ടിന്‍കൂട്ടത്തെ ഇടയന്‍ എന്നപോലെ തന്റെ ജനത്തെ അവന്‍ കാക്കും. കുഞ്ഞാടുകളെ തന്റെ മാറിടത്തില്‍ വഹിക്കും.”

40:12-17- മുഴു പ്രപഞ്ചത്തിന്മേലും ദൈവത്തിനുള്ള നിയന്ത്രണത്തെക്കുറിച്ചു പറയുന്നു. അവിടുന്നു സകലത്തെയും ശൂന്യതയില്‍ നിന്നും ഉളവാക്കി. 13-ാം വാക്യം 1 കൊരിന്ത്യര്‍ 2:16ല്‍ ഉദ്ധരിച്ചിരിക്കുന്നു: ”കര്‍ത്താവിന്റെ മനസ്സറിഞ്ഞ് അവനെ ഗ്രഹിപ്പിക്കാവുന്നവന്‍ ആര്?”

ഭൂമിയിലെ സകല രാഷ്ട്രങ്ങളും അവന് ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു (വാ.17). ഭൂവാസികളെ മുഴുവനും അവിടുത്തേക്കു വെറുമയും നാസ്തിയുമായി തോന്നുന്നു. നമുക്കു നിര്‍ഭയമായും ഫലപ്രദമായും ശുശ്രൂഷ ചെയ്യുവാന്‍ കഴിയണമെങ്കില്‍ ദൈവത്തിന്റെ പരമാധികാരത്തിന്റെ ഈ വാഴ്ചയെ കാണുവാന്‍ നമുക്കു കഴിയണം. പ്രത്യേകിച്ചും നമ്മുടെ ദൈവിക ശുശ്രൂഷയോടുള്ള ബന്ധത്തില്‍ അധികാരികളുടെ പിന്‍ബലത്തോടെ ആളുകള്‍ എതിര്‍പ്പുമായി നില്‍ക്കുന്ന ചില സ്ഥലങ്ങളിലേക്കു നമുക്കു പോകേണ്ടി വരുമ്പോള്‍. ആ സമയം ഈ വചനങ്ങളെ നാം ഓര്‍മ്മിക്കുകയും നമ്മെ സംരക്ഷിക്കുവാനും നിലനിര്‍ത്തുവാനും കഴിയുന്ന ദൈവത്തിന്റെ വലിയ ശക്തിയില്‍ നാം ആശ്രയിക്കുകയും വേണം.

40:21,22 ”നിങ്ങള്‍ക്കറിഞ്ഞുകൂടയോ? നിങ്ങള്‍ കേട്ടിട്ടില്ലയോ? അവന്‍ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു” 2700 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇതെഴുതുമ്പോള്‍ യെശയ്യാ വ്യക്തമാക്കിയിരിക്കുന്നു ഭൂമി പരന്നതല്ല ഗോളാകൃതിയാണ് എന്ന്. മനുഷ്യന്‍ കണ്ടെത്തുന്നതിന് നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ. സദൃശവാക്യങ്ങള്‍ 8:27-ല്‍ ശലോമോനും ഭൂമിയുടെ ഗോളാകൃതിയെക്കുറിച്ചു പറഞ്ഞിരിക്കുന്നു. തന്റെ വരവിന്‍ നാളില്‍ ഭൂമിയുടെ ഒരു ഭാഗത്തു രാത്രിയായിരിക്കുമ്പോള്‍ മറ്റൊരു ഭാഗത്തു പകലായിരിക്കുമെന്ന് യേശു സൂചിപ്പിച്ചതിലൂടെ ഭൂമിയുടെ ഈ ഗോളാകൃതിയെ ക്കുറിച്ച് യേശുവിനും ധാരണയുണ്ടായിരുന്നു എന്നു വ്യക്തമാണ് (ലൂക്കൊ. 17:34-36).

40:26: ”നക്ഷത്രങ്ങളെ സംഖ്യാ ക്രമത്തില്‍ പുറപ്പെടുവിക്കുകയും അവയെ എല്ലാം പേരു ചൊല്ലി വിളിക്കുകയും ചെയ്യുന്നവനെ നോക്കുക.” ദൈവത്തിന്റെ ഭയങ്കരമായ പരിശുദ്ധിയെക്കുറിച്ചു മാത്രമല്ല 6-ാം അധ്യായത്തില്‍ യെശയ്യാവിനു വെളിപ്പാടു ലഭിച്ചത്. അവിടുത്തെ പരമമായ ശക്തിയെക്കുറിച്ചു കൂടിയാണ്. നാം അവിടുത്തെ സേവിക്കുമ്പോള്‍ ഈ രണ്ടു ദര്‍ശനവും നമുക്കും ഉണ്ടായിരിക്കണം.

40:29-31. നാം അശക്തരായിരിക്കുമ്പോള്‍ നമുക്കു ബലം നല്‍കുന്നവനാണ് ഈ സര്‍വ്വശക്തനായ ദൈവമെന്നും അവിടുത്തെയാണ് നാം ആരാധിക്കുന്നതെന്നും ഈ വചനങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. ”അവന്‍ ക്ഷീണിച്ചിരിക്കുന്നവനു ബലം നല്‍കുന്നു. ബലമില്ലാത്തവന് ബലം വര്‍ദ്ധിപ്പിക്കുന്നു.” തന്നെ ശുശ്രൂഷിക്കാനാവശ്യമായ ശക്തി അവിടുന്നു നമുക്കു നല്‍കുന്നു. കര്‍ത്താവിന്റെ ശുശ്രൂഷയില്‍ യുവാക്കളും ക്ഷീണിച്ചു തളര്‍ന്നുപോകും. എത്രയും ശക്തരായ ചെറുപ്പക്കാര്‍ക്കും ഇടര്‍ച്ച സംഭവിക്കും. എങ്കിലും ഏതു പ്രായക്കാരായിരുന്നാലും കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ പുതുശക്തി പ്രാപിക്കും. എത്ര അത്ഭുതകരമായ വാഗ്ദത്തമാണത്! യുവാക്കള്‍ തളര്‍ന്നു കിടക്കുമ്പോള്‍ ഒരുപക്ഷേ വൃദ്ധരായാലും ”കര്‍ത്താവിനെ കാത്തിരിക്കുന്നവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചു കയറും. അവര്‍ തളര്‍ന്നു പോകാതെ ഓടുകയും ക്ഷീണിച്ചു പോകാതെ നടക്കുകയും ചെയ്യും.”

യുവജനങ്ങളെ ഞാന്‍ ഉത്സാഹിപ്പിക്കുവാനാഗ്രഹിക്കുന്നു. എത്രയും ചെറിയ കാര്യങ്ങളില്‍പ്പോലും പൂര്‍ണ്ണ ആശ്രയത്തോടെ കര്‍ത്താവിനെ കാത്തിരിക്കുക. ഈ വചനങ്ങളില്‍ പറയുമ്പോലെ നിങ്ങള്‍ പുതുശക്തി പ്രാപിക്കുന്നവരായിത്തീരും. മറ്റൊരു ഭാഷാന്തരത്തില്‍ പറയുമ്പോലെ ”തന്നെ കാത്തിരിക്കുന്നവര്‍ക്കു കര്‍ത്താവു ശക്തിയെ കൈമാറ്റം ചെയ്യും.” അതിന്നര്‍ത്ഥം നമ്മുടെ മാനുഷിക ശക്തിക്കു പകരം തന്റെ ദിവ്യശക്തി അവിടുന്നു നല്‍കിത്തരും എന്നത്രെ! ഹല്ലേലുയ്യാ!! ഇപ്രകാരം നമുക്കുള്ളതൊക്കെ വച്ചു മാറുന്നത് എത്ര അത്ഭുതകരമാണ്! യേശു പിതാവിനോടു ഇപ്രകാരം പറഞ്ഞു: ”എന്റേത് എല്ലാം നിന്റേതും നിന്റേത് എന്റേതുമത്രെ” (യോഹ. 17:10). കര്‍ത്താവിന്റെ ശുശ്രൂഷയില്‍ മുന്നേറുവാന്‍ ഈ കൈമാറ്റം നമുക്ക് ആവശ്യമാണ്. കര്‍ത്താവിന്റെ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമുക്കെല്ലാം പ്രകൃത്യാതീതമായ ഈ ശക്തിക്കായി കര്‍ത്താവില്‍ ആശ്രയിക്കേണ്ടതുണ്ട്- ഉയര ത്തില്‍ നിന്നുള്ള ആ പുനരുത്ഥാന ശക്തി നമ്മുടെ ആത്മാവിനെ മാത്രമല്ല ശരീരത്തെയും ശക്തീകരിക്കും. അപ്പോള്‍ നാം വാര്‍ദ്ധക്യത്തിലും പുഷ്ടി വയ്ക്കുകയും ഫലം കായ്ക്കുകയും ചെയ്യും (സങ്കീ. 92:14).

40 മുതല്‍ 46 വരെയുള്ള അധ്യായങ്ങള്‍ എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തില്‍ എന്റെ കര്‍ത്തൃ ശുശ്രൂഷയില്‍ അമൂല്യമായി ഞാന്‍ കണ്ടെത്തിയ വചനങ്ങളാണ്. കര്‍ത്തൃശുശ്രൂഷയിലായിരിക്കുന്ന ആരെയും ഈ വചനങ്ങളെ ഗൗരവത്തോടെ ധ്യാനിക്കുവാന്‍ ഞാന്‍ ഉത്സാഹിപ്പിക്കുന്നു. യഹോവയുടെ പ്രഥമ സത്യദാസനാ യിരുന്ന യേശുക്രിസ്തുവിന്റെ കാല്‍ച്ചുവടുകളെ പൂര്‍ണ്ണ ഹൃദയത്തോടെ പിന്‍പറ്റാനാഗ്രഹിക്കുന്നവര്‍ക്കു മഹത്തായ ചില വാഗ്ദത്തങ്ങള്‍ ഇവിടെ കണ്ടെത്താന്‍ കഴിയും.

41:8-18 പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നവരെ ധൈര്യപ്പെടുത്തുന്ന ചില വാഗ്ദത്തങ്ങള്‍ ഇവിടെയുണ്ട്. ”ഞാന്‍ നിന്നെ നിരസിച്ചു കളയാതെ തിരഞ്ഞെടുത്തിരിക്കുന്നു. ഭയപ്പെടേണ്ട. ഞാന്‍ നിന്നോടു കൂടെയുണ്ട്. ഭ്രമിച്ചു നോക്കേണ്ട. ഞാന്‍ നിന്റെ ദൈവം ആകുന്നു. ഞാന്‍ നിന്നെ ശക്തീകരിക്കും ഞാന്‍ നിന്നെ സഹായിക്കും. എന്റെ നീതിയുള്ള വലംകൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും. നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ച് അമ്പരന്നു പോകും. നിന്നോടു കലഹിക്കുന്നവര്‍ നശിച്ച് ഇല്ലാതെയാകും. നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും. കാണുകയില്ല താനും. നിന്നോടു യുദ്ധം ചെയ്യുന്നവര്‍ നാസ്തിത്വവും ഇല്ലായ്മയും ആകും. നിന്റെ ദൈവമായ യഹോവ എന്ന ഞാന്‍ നിന്റെ വലംകൈ പിടിച്ചു നിന്നോട്: ഭയപ്പെടേണ്ട ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു. നീ വെറും പുഴുവാകുന്നു. എങ്കിലും ഞാന്‍ നിന്നെ സഹായിക്കും. നീ ഭയപ്പെടേണ്ട. നീ തികച്ചും ബലഹീനനെങ്കിലും ഞാന്‍ നിന്നെ പുതിയതും മൂര്‍ച്ചയുള്ളതും ഇരുഭാഗത്തും പല്ലുകളുള്ളതുമായ (ഇരുതല വാളായ ദൈവവചനം സംസാരിക്കുന്ന) മെതിവണ്ടിയാക്കി തീര്‍ക്കും. ഈ വലിയ പര്‍വ്വതങ്ങളെ നീ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിര്‍പോലെയാക്കുകയും ചെയ്യും. നീ നിന്റെ ദൈവമായ കര്‍ത്താവിനു മഹത്വം കൊടുക്കയും അവന്റെ സ്തുതിയെ ഘോഷിക്കുകയും ചെയ്യും.” കര്‍ത്താവിനെ സേവിക്കുവാന്‍ ആഗ്രഹിക്കുന്നവരൊക്കെ ഈ വചനങ്ങളെ ഹൃദയത്തിലേറ്റുക. ഈ വചനങ്ങളെ നിങ്ങള്‍ക്കായി ഏറ്റെടുത്ത് യേശുവിന്റെ നാമത്തില്‍ അവകാശമാക്കുക.

41:17,18 എളിയവരും ദരിദ്രരുമായവര്‍ വെള്ളം അന്വേഷിച്ചു നടക്കുന്നു (ആത്മാവില്‍ ദരിദ്രരായവരുടെ നിലവിളിക്കാണ് ദൈവം ശ്രദ്ധ കൊടുക്കുന്നത്). അവര്‍ വെള്ള ത്തിനു വേണ്ടി (പരിശുദ്ധാത്മാവിനു വേണ്ടി) കേഴുന്നു. അവരുടെ നാവു ദാഹം കൊണ്ടു വരളുന്നു: ”ദൈവമേ, എനിക്കു പരിശുദ്ധാത്മാവിനെ കൂടാതെ ജീവിക്കുവാന്‍ കഴിയില്ല.” ആ നിലവിളിക്കു ദൈവം ഉത്തരം നല്‍കുന്നു. അവരുടെ ജീവിതത്തിലേക്കു ദൈവം ഉറവുകളെ തുറക്കുകയും നദികളെ ഒഴുക്കുകയും ചെയ്യുന്നു. അവരുടെ ജീവിതങ്ങളെ നീര്‍പ്പൊയ്കകളാക്കും. അവരുടെ വരണ്ട മരുഭൂമി പോലെയുള്ള ജീവിതം നീരുറവയായിത്തീരും. ഈ വാഗ്ദത്തങ്ങള്‍ അനേക വര്‍ഷങ്ങള്‍ എന്റെ ജീവിതത്തില്‍ ഒരു വലിയ അനുഗ്രഹമായിത്തീര്‍ന്നു. അതുകൊണ്ടു ഞാന്‍ അവയെ നിങ്ങള്‍ക്കു തരുന്നു.

42-ാം അധ്യായത്തില്‍ പരിശുദ്ധാത്മാഭിഷിക്തനായ യേശുവിനെ യഹോവയുടെ ദാസന്‍ എന്ന നിലയില്‍ നമുക്കു കാണാം. പുതിയ നിയമത്തിലും യെശയ്യാവ് 40-66 അധ്യായങ്ങളിലും പ്രധാന പ്രമേയം പരിശുദ്ധാത്മാവാണ്. ”ഇതാ ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍” ഒരു യഥാര്‍ത്ഥ ദൈവദാസന്‍ ദൈവം താങ്ങി നിര്‍ത്തുന്ന ഒരു വ്യക്തി തന്നെയാണ്. ഒരു സംഘടനയോ സമുദായമോ സമ്പത്തോ മാനുഷികമായ മറ്റെന്തെങ്കിലുമോ ആക്കി വയ്ക്കുന്ന ഒരാളുമല്ല. എല്ലാ സമയങ്ങളിലും ദൈവം തന്നെ നമ്മെ താങ്ങി നിര്‍ത്തേണ്ടിയിരിക്കുന്നു. മനുഷ്യര്‍ നമുക്കു സംഭാവനകള്‍ നല്‍കിയെന്നു വരാം. പക്ഷേ മനുഷ്യരെയും ധനത്തെയും നാം ആശ്രയിച്ചു കൂടാ. ”താങ്ങുക” എന്ന വാക്കു കൊണ്ടര്‍ത്ഥമാക്കുന്നത് നാം എന്തിനെ ആശ്രയിക്കുന്നു എന്നതാണ്. നമുക്കു കര്‍ത്താവിനെ മാത്രം ആശ്രയിക്കേണ്ടതുണ്ട്. നാം നിസ്സഹായത യുടെ നിലയില്‍ എത്തുന്നിടത്താണ് ദൈവം തന്റെ ആത്മാവിനെ പകരുന്നത്.

42:2-ല്‍ ”അവന്‍ നിലവിളിക്കുകയില്ല, ഒച്ചയുണ്ടാക്കുകയില്ല, തെരുവീഥിയില്‍ തന്റെ ശബ്ദം കേള്‍പ്പിക്കുകയുമില്ല” മത്തായി 12:18,19-ല്‍ ഉദ്ധരിച്ചിരിക്കുന്നതു യേശു പറഞ്ഞ ഈ വചനങ്ങളാണ്. അവിടെ ഇങ്ങനെ പറയുന്നു ”ആരും തെരുക്കളില്‍ അവന്റെ ശബ്ദം കേള്‍ക്കുകയില്ല. ചതഞ്ഞ ഓട അവന്‍ ഒടിച്ചു കളയുകയില്ല.” അതിന്നര്‍ത്ഥം തന്റെ ജീവിതത്തെ കുഴപ്പത്തിലാക്കിത്തീര്‍ത്ത ആരെയും അവന്‍ നിരുത്സാഹപ്പെടുത്തുകയില്ല. പകരം അവരെ ധൈര്യപ്പെടുത്തുകയും സൗഖ്യമാക്കു കയും ചെയ്യുന്നു. പുകയുന്ന ഒരു തിരി അവിടുന്നു കെടുത്തിക്കളയുന്നില്ല. പകരം അവിടുന്ന് അതിനെ ഊതിക്കത്തിക്കുക തന്നെ ചെയ്യും. പരാജിതരായ ബലഹീന വിശ്വാസികളെ ശക്തിപ്പെടുത്തുന്നവനാണ് ദൈവം. ആശ നഷ്ടപ്പെട്ടവരെയും ധൈര്യമില്ലാത്തവരെയും ഉത്സാഹഭരിതരാക്കുവാന്‍ ആഗ്രഹിക്കുന്നവനാണു ദൈവം. ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസനും അപ്രകാരം തന്നെ നിരാശയിലും പരാജയ ബോധത്തിലും അധൈര്യപ്പെട്ടിരിക്കുന്നവരെ ധൈര്യപ്പെടുത്തുകയും ഉത്സാഹിപ്പി ക്കുകയും ജീവിതത്തില്‍ പ്രതീക്ഷകള്‍ നല്‍കുകയും ചെയ്യുന്നവനായിരിക്കും. അത്തരം ഒരു ശുശ്രൂഷ എല്ലായിടത്തും ആളുകള്‍ക്ക് ആവശ്യമുണ്ട്. അതുകൊണ്ടു നമുക്ക് അതിന്നായി ഒരുങ്ങാം.

42:5-7 കര്‍ത്താവ് നമ്മോട് ഇപ്രകാരം പറയുന്നു: ”ഞാന്‍ നിന്നെ നീതിയോടെ വിളിച്ചിരിക്കുന്നു. കുരുട്ടു കണ്ണുകളെ തുറക്കുവാനും ബദ്ധന്മാരെ കുണ്ടറയില്‍ നിന്നും മോചിപ്പിക്കുവാനും ഞാന്‍ നിന്നെ വിളിച്ചിരിക്കുന്നു.” ഇതൊരു വലിയ ശുശ്രൂഷയാണ്. പക്ഷേ ഒരു കാര്യം എപ്പോഴും ഓര്‍ത്തിരിക്കണം. കര്‍ത്താവു പറയുന്നു ”എന്റെ മഹത്വം ഞാന്‍ മറ്റൊരുത്തനും വിട്ടുകൊടുക്കയില്ല” (വാ.8). നമ്മുടെ ശുശ്രൂഷയില്‍ നാം ഒരിക്കലും സ്വയം മഹത്വം എടുക്കുവാന്‍ പാടില്ല. മഹത്വം എടുക്കു ന്നതു വലിയ അപരാധം തന്നെയാണ്. അതു പണം മോഷ്ടിക്കുന്നതിനെക്കാള്‍ ഗുരുതരമായ തെറ്റാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കയും നിങ്ങളുടെ ശുശ്രൂഷയെ വര്‍ദ്ധിപ്പിക്കയും നിങ്ങളെ അതിശക്തമായി ഉപയോഗിക്കയും ചെയ്‌തേക്കാം. എന്നാല്‍ തന്റെ മഹത്വം ഒരിക്കലും മറ്റാര്‍ക്കും നല്‍കുന്നില്ല എന്നോര്‍മ്മിക്കുക. ഒരിക്കല്‍ നിങ്ങള്‍ ദൈവത്തിന്റെ മഹത്വത്തെ തൊട്ടാല്‍ അനേകം ദൈവദാസന്മാര്‍ക്കു സംഭവിച്ചതുപോലെ നിങ്ങള്‍ക്കും നാശം സംഭവിക്കാം. ഒരിക്കല്‍ നിങ്ങള്‍ നിങ്ങളെ തന്നെ പരസ്യപ്പെടുത്തുകയും ആളുകള്‍ നിങ്ങളുടെ അടുത്തേക്കു ആകര്‍ഷിക്കപ്പെടു കയും കര്‍ത്താവിനു മഹത്വം നല്‍കുന്നതിനു പകരം അതു നിങ്ങള്‍ തന്നെ സ്വീകരിക്കയും ചെയ്യുമ്പോള്‍ നിങ്ങള്‍ അപകടകരമായ ഒരു തലത്തിലായിരിക്കുന്നു എന്ന താണ് സത്യം. അനേകര്‍ക്ക് സ്വന്തം ജീവിതത്തില്‍ അഭിഷേകം നഷ്ടപ്പെട്ടുപോയതിന്റെ കാരണം ഇതാണ്.

42:19ല്‍ ”എന്റെ ദാസനെപ്പോലെ കുരുടന്‍ ആരുള്ളു? എന്റെ ദൂതനെപ്പോലെ ബധിരന്‍ ആരുള്ളു? എന്നില്‍ പൂര്‍ണ്ണ സമാധാനം കണ്ടെത്തിയ എന്റെ പ്രിയനെപ്പോലെ അന്ധന്‍ ആരുണ്ട്? എന്റെ ദാസനെപ്പോലെ കുരുടന്‍ ആരുണ്ട്?” ഇതൊരു കടങ്കഥപോലെ കുഴക്കുന്ന വചനമാണ്. പ്രത്യേകിച്ചും യേശുവിലേക്കു സൂചന നല്‍കുകയും ചെയ്യുന്നതുകൊണ്ട് (ഒന്നാം വാക്യം മുതല്‍ ശ്രദ്ധിക്കുക). എന്താണിത് അര്‍ത്ഥമാക്കുന്നത്? ദൈവത്തിന്റെ ഒരു യഥാര്‍ത്ഥ ദാസന്‍ തന്റെ ചുറ്റിലും നടക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ചും അന്ധനും ബധിരനുമായിരിക്കും. അവന്‍ പലതും കണ്ടിട്ടും അതെന്തെന്നു ശ്രദ്ധിക്കുന്നില്ല (വാ.20). മറ്റുള്ളവരുടെ പാപ പ്രവൃത്തികളെ ശ്രദ്ധിക്കുവാന്‍ അവന്‍ ചുറ്റി നടക്കുന്നില്ല. മറ്റുള്ളവര്‍ പറയുന്നതു കേട്ട് അവരുടെ കുറ്റം കണ്ടുപിടിക്കുവാന്‍ ചുറ്റി നടക്കുന്നില്ല. പരീശന്മാര്‍ അങ്ങനെയായിരുന്നു. യേശുവില്‍ ആരോപിക്കുവാന്‍ കുറ്റം കണ്ടെത്തേണ്ടതിന് യേശു പറയുന്ന വാക്കുകള്‍ കേള്‍ക്കുവാന്‍ അവര്‍ പിന്നാലെ കൂടി. നിര്‍ഭാഗ്യവശാല്‍ പല ക്രിസ്ത്യാനികളും അങ്ങനെയാണ്. ആരുടെയെങ്കിലും ശുശ്രൂഷയെക്കുറിച്ച് അസൂയ ഉണ്ടെങ്കില്‍ അവര്‍ക്കു നേരെ കുറ്റം കണ്ടെത്തുവാന്‍ അവരുടെ വാക്കുകളെ ശ്രദ്ധിച്ചുകൊണ്ടു നടക്കുന്നു. അവരെപ്പോലെയാകരുത്. ചുറ്റും നടക്കുന്ന പലതും ശ്രദ്ധിക്കാതിരിക്കാന്‍ ശീലിക്കുക. ആരെങ്കിലും നിങ്ങള്‍ക്കെതിരെ ഒരു ആരോപണം പറയുന്നതു നിങ്ങള്‍ കേള്‍ക്കാനിടയായിട്ടുണ്ടോ? നിങ്ങള്‍ ബധിരനായിരുന്നെങ്കില്‍ നിങ്ങള്‍ അതു കേള്‍ക്കുമായിരുന്നില്ല. അതുകൊണ്ടു ബധിരനായിരിക്കുക. ഒരു ദൈവദാസനെന്ന നിലയില്‍ സ്ത്രീ സൗന്ദര്യത്തോടു അന്ധനായിരിക്കുവാന്‍ കഴിയുന്നത് ഒരു അനുഗ്രഹമല്ലേ? നിങ്ങള്‍ക്കു കണ്ണുണ്ട് എങ്കിലും നിങ്ങള്‍ കാണുന്നില്ല. നിങ്ങള്‍ അന്ധനാണ്. നിങ്ങള്‍ക്കു കാതുണ്ട് പക്ഷേ നിങ്ങള്‍ കേള്‍ക്കുന്നില്ല. കാരണം നിങ്ങളുടെ കണ്ണു കാണുന്നതനുസരിച്ചോ കാതു കേള്‍ക്കുന്നതനുസരിച്ചോ അല്ല നിങ്ങള്‍ കാര്യങ്ങളെ അറിയുന്നത്. യേശു അങ്ങനെയായിരുന്നു ജീവിച്ചത്. നാമും ജീവിക്കേണ്ടത് അങ്ങനെ തന്നെ (യെശ. 11:3).

ഈ അധ്യായങ്ങളില്‍ കാണുന്ന അത്ഭുതകരമായ ചില വാഗ്ദത്തങ്ങളെ ഞാന്‍ പങ്കുവയ്ക്കട്ടെ. ഈ വാഗ്ദത്തങ്ങളാണ് പുതിയ ഉടമ്പടിയെ സ്ഥാപിക്കുന്നതിലേക്കു നയിച്ചത്. ഇവ ദൈവത്തിന്റെ വാഗ്ദത്തങ്ങളാണ്. 2 കൊരിന്ത്യര്‍ 1:20-ല്‍ പറയുന്നു ”ദൈവത്തിന്റെ വാഗ്ദത്തങ്ങള്‍ എത്രയുണ്ടെങ്കിലും ക്രിസ്തുവില്‍ അതെല്ലാം ‘ഉവ്വ്’ എന്നും ‘ആമ്മേന്‍’ എന്നും തന്നെ.” അതുകൊണ്ടു ക്രിസ്തുവില്‍ അവയൊക്കെ നമുക്ക് അവകാശമാക്കുവാന്‍ കഴിയും.

43:1-5-ല്‍ ”ഭയപ്പെടേണ്ടാ ഞാന്‍ നിന്നെ വീണ്ടെടുത്തിരുക്കുന്നു. നീ വെള്ളത്തില്‍ കൂടി കടക്കുമ്പോള്‍ ഞാന്‍ നിന്നോടു കൂടെ ഇരിക്കും. നീ നദികളില്‍ കൂടെ കടക്കുമ്പോള്‍ (പ്രതികൂല സാഹചര്യങ്ങളില്‍) അവ നിന്റെ മീതെ കവിയുകയില്ല. നീ തീയില്‍ കൂടെ നടന്നാല്‍ വെന്തുപോകയില്ല. അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല. ഞാന്‍ നിന്റെ ദൈവമായ കര്‍ത്താവാകുന്നു. നീ എന്റെ കണ്ണില്‍ വിലയേറിയവനാണ്. നിനക്കു മറുവിലയായി ഞാന്‍ മിസ്രയീമിനെ നല്‍കിയിരിക്കുന്നു.” നമ്മോട് അവിടുന്ന് ഇപ്രകാരം പറയുന്നു. ”നിങ്ങള്‍ക്കു പകരമായി ഞാന്‍ എന്റെ പുത്രന്റെ രക്തം മറു വിലയായി നല്‍കിയിരിക്കുന്നു.” അതുകൊണ്ടു നിങ്ങള്‍ എനിക്കു വിലയേറിയ വരാണ്. ഭയപ്പെടേണ്ട. യേശു ശിഷ്യന്മാരോടു സംസാരിച്ചപ്പോഴും പറഞ്ഞ വാക്കുകളാണ് ‘ഭയപ്പെടേണ്ട’ എന്നത്. നാം ജീവിച്ചിരിക്കുന്ന ഈ കാലഘട്ടത്തിലും നമുക്കു കര്‍ത്താവില്‍ നിന്നും നിരന്തരം കേള്‍ക്കേണ്ട വചനമാണ് ”ഭയപ്പെടേണ്ട, ഞാന്‍ നിന്നോടു കൂടെയുണ്ട്.” എന്നുള്ളത്.

43:10,11: ”നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകുന്നു. ഞാന്‍, ഞാന്‍ തന്നെ യഹോവ, ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.”

43:18,19,25: ”പഴയ കാര്യങ്ങളെ ഇനി ഓര്‍ക്കേണ്ട. കഴിഞ്ഞുപോയതിനെക്കുറിച്ചു നിരൂപിക്കുകയും വേണ്ട. ഇതാ ഞാന്‍ പുതിയതൊന്നു ചെയ്യുന്നു. ഞാന്‍ മരുഭൂമിയില്‍ ഒരു വഴിയും നിര്‍ജ്ജന പ്രദേശത്തു നദികളും ഉണ്ടാക്കും.” ഭാവിയിലേക്കു നോക്കുക. നിങ്ങളുടെ കഴിഞ്ഞകാല പരാജയങ്ങളെക്കുറിച്ച് ഓര്‍ത്തു ദുഃഖിച്ചു സമയം കളയാതിരിക്കുക ”ഇതാ ഞാന്‍ നിങ്ങളുടെ അതിക്രമങ്ങളെ മായ്ച്ചുകളയുന്നു. നിങ്ങളുടെ പാപങ്ങളെ ഇനി ഓര്‍ക്കുകയുമില്ല.”

44:3: ”ദാഹിച്ചിരിക്കുന്നേടത്തു ഞാന്‍ വെള്ളം പകരും. നിന്റെ സന്തതിമേല്‍ എന്റെ ആത്മാവിനെയും നിന്റെ സന്താനത്തിന്മേല്‍ എന്റെ അനുഗ്രഹത്തേയും പകരും.”

44:8: ”നിങ്ങള്‍ ഭയപ്പെടേണ്ട. പേടിക്കയും വേണ്ടാ. നിങ്ങള്‍ എന്റെ സാക്ഷികള്‍ ആകുന്നു. ഞാനല്ലാതെ മറ്റൊരു ദൈവം ഉണ്ടോ? ഒരു പാറയുമില്ല. എന്തിനാണു നിങ്ങള്‍ വിഗ്രഹാരാധികളായ ഈ ജനത്തെക്കുറിച്ച് ആകുലപ്പെട്ടു വിഷമിക്കുന്നത്?” തുടര്‍ന്നുള്ള വാക്യങ്ങളില്‍ വിഗ്രഹാരാധനയുടെ വ്യര്‍ത്ഥതയെക്കുറിച്ചു വിവരിച്ചിരിക്കുന്നു.

44:21: ”നീ എന്റെ ദാസനാകുന്നു. ഞാന്‍ നിന്നെ ഉണ്ടാക്കിയിരിക്കുന്നു. ഞാന്‍ നിന്നെ മറന്നു കളകയില്ല.” നാം കര്‍ത്തൃ ശുശ്രൂഷയില്‍ വിശ്വസ്തനായി നില്ക്കുന്ന ഒരു വ്യക്തിയാണെങ്കില്‍, ഒരുപക്ഷേ ഒറ്റപ്പെട്ട ഒരു സ്ഥലത്തോ ഏകാന്തമായ സാഹചര്യങ്ങളിലോ ആണ് നമ്മുടെ പ്രവര്‍ത്തനമെങ്കില്‍ നമുക്ക് ഏകാന്തതയോ വിസ്മരിക്കപ്പെട്ടു എന്ന തോന്നലോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ ദൈവം നമുക്ക് ഉറപ്പു നല്‍കുന്നു, അവിടുന്നു നമ്മെ ഒരിക്കലും മറക്കുകയില്ലെന്ന്. ഇതാണു നമ്മുടെ ആശ്വാസം. ചിലപ്പോഴെങ്കിലും നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കപ്പെടുന്നില്ല എന്ന് നിങ്ങള്‍ ആകുലപ്പെടുമ്പോള്‍ ഈ വാഗ്ദത്തം ഓര്‍മ്മിച്ചിരിക്കുക: ”ഞാന്‍ നിന്നെ ഒരിക്കലും മറന്നു കളകയില്ല.”

44:28-45:6: കോരെശ് രാജാവിനെക്കുറിച്ചുള്ള ഒരു പ്രവചനമാണ്. കോരെശ് ജനിക്കുന്നതിനു നൂറിലധികം വര്‍ഷങ്ങള്‍ക്കു മുമ്പ്, മേദ്യ-പേര്‍ഷ്യ സാമ്രാജ്യം ലോകം കീഴടക്കുന്നതിനും എത്രയോ മുമ്പ് കോരെശിന്റെ പേരു പറഞ്ഞു യെശയ്യാവു പ്രവചിച്ചിരിക്കുന്നു. യഹൂദന്മാരോട് തങ്ങളുടെ രാജ്യത്തേക്കു മടങ്ങിപ്പോയി യെരുശലേം ദൈവാലയം പുനര്‍ നിര്‍മ്മിക്കാന്‍ കല്പന കൊടുക്കുന്ന കോരെശിനെ തന്റെ ഇടയന്‍ എന്നു ദൈവം വിളിക്കുന്നു. എസ്രായുടെ പുസ്തകത്തില്‍ ഇതു നിറവേറുന്നതു നാം വായിക്കുന്നു.

45:9 ”തന്നെ നിര്‍മ്മിച്ചവനോടു തര്‍ക്കിക്കുന്നവന് അയ്യോ കഷ്ടം. കളിമണ്ണ് കുശവനോട് നീ എന്താണ് ഈ ചെയ്യുന്നതെന്ന് ചോദിക്കുമോ?” ദൈവം നമ്മോട് ഇടപെടുന്ന വഴികളെക്കുറിച്ച് ഒരിക്കലും തര്‍ക്കിക്കരുത്. അവിടുത്തെ ഇടപാടുകളെ അംഗീകരിക്കുവാന്‍ തക്കവണ്ണം താഴ്മയുള്ളവനായിരിക്കുക. തന്റെ മഹത്വത്തിനൊത്തവണ്ണമുള്ള ഒരു പാത്രമാക്കി നിന്നെ മാറ്റുവാന്‍ വേണ്ടിയാണ് കടുത്ത സാഹചര്യ ങ്ങളിലൂടെ നിന്നെ കടത്തി വിടുന്നത്. പരാതിപ്പെടുകയോ പിറുപിറുക്കുകയോ അരുത്.

45:10: പെണ്‍കുഞ്ഞുങ്ങളോട് അയിത്തം കല്പിക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്തിനു പ്രസക്തമായ വചനമാണ് ഇത്. പെണ്‍കുഞ്ഞുങ്ങളെ അനാഥ മന്ദിരങ്ങളുടെ വാതിലിലും കുപ്പത്തൊട്ടിയിലുമൊക്കെ ഉപേക്ഷിക്കയോ കൊന്നുകളകയോ ചെയ്യുന്ന ദുഃഖകരമായ വാര്‍ത്തകള്‍ നമുക്കു സുലഭമാണ്. അത്തരം മാതാപിതാക്കള്‍ക്ക് ഉള്ളതാണ് ഈ വചനം. ”പിതാവിനോട്, നീ എന്താണു ജനിപ്പിക്കുന്നതെന്നു ചോദിക്കുന്നവന് അയ്യോ കഷ്ടം.” ”സ്ത്രീയോടു നീ പ്രസവിക്കുന്നത് എന്താണ് എന്നു ചോദിക്കുന്നവന് അയ്യോ കഷ്ടം (ശാപം).” നീ ജനിപ്പിച്ചത് ഒരു പെണ്‍കുഞ്ഞിനെയാണോ? എനിക്കു വേണ്ടത് ആണിനെയായിരുന്നു. ദൈവം നല്‍കുന്ന ദാനങ്ങളെക്കുറിച്ച് അത്തരം ചോദ്യങ്ങളുതിര്‍ക്കുന്നവര്‍ ശപിക്കപ്പെട്ടവര്‍. ബുദ്ധിമാന്ദ്യമുള്ള കുഞ്ഞായാല്‍പ്പോലും ഉപേക്ഷിക്കുവാന്‍ നമുക്ക് അവകാശമില്ല. അത്തരം ഒരു കുഞ്ഞിനെ നല്‍കുന്നതിലൂടെ നിങ്ങളെ മനസ്സലിവുള്ള ഒരാളാക്കി മാറ്റുവാന്‍ ദൈവത്തിനു കഴിയും. ഗര്‍ഭഛിദ്രം നടത്തുന്നവരുടെ മേലും ശാപമുണ്ടെന്നു നമുക്കിവിടെ നിന്നും മനസ്സിലാക്കാം.

45:17 ”നിങ്ങള്‍ക്ക് എക്കാലവും നിന്ദയും അപമാനവും വഹിക്കേണ്ടി വരികയില്ല.” യേശു അപമാനിക്കപ്പെട്ടു. നമുക്കും നിന്ദ വഹിക്കേണ്ടി വന്നേക്കാം. എന്നാല്‍ നിത്യതയുടെ കാഴ്ചപ്പാടില്‍ നിന്നും നോക്കുമ്പോള്‍ കര്‍ത്താവിനെ അനുഗമിക്കുന്ന തിനാലാണ് നാം നിന്ദിക്കപ്പെടുന്നതെങ്കില്‍ നമ്മുടെ നിന്ദയും അപമാനവും നിലനില്ക്കയില്ല.

45:22: മനോഹരമായ ഒരു വാക്യമാണ്. ”എങ്കലേക്കു തിരിഞ്ഞു രക്ഷ പ്രാപിക്കുക. സകല ഭൂവാസികളുമായുള്ളോരെ, ഞാനല്ലാതെ വേറൊരു ദൈവവും ഇല്ലല്ലോ.”

46:4 വാര്‍ദ്ധക്യത്തിലുള്ളവരെ സംബന്ധിച്ച് മനോഹരമായ വാക്യമാണ്. ”നിങ്ങളുടെ വാര്‍ദ്ധക്യം വരെ ഞാന്‍ അനന്യന്‍ തന്നെ (എനിക്കു വാര്‍ദ്ധക്യം ഇല്ല). നരയ്ക്കുവോളം ഞാന്‍ നിന്നെ ചുമക്കും. ഞാന്‍ നിന്നെ സൃഷ്ടിച്ചിരിക്കുന്നു. ഞാന്‍ വഹിക്കുകയും ഞാന്‍ ചുമന്നു വിടുവിക്കുകയും ചെയ്യും.” വിഗ്രഹങ്ങളോടു തന്നെ ത്തന്നെ താരതമ്യം ചെയ്യുകയാണിവിടെ ദൈവം. വിഗ്രഹാരാധികള്‍ തങ്ങളുടെ ദൈവത്തെ ചുമന്നു നടക്കുന്നു. അതേസമയം ദൈവം നമ്മെ ചുമക്കുന്നു. ഇവിടുത്തെ പ്രസക്തമായ ചോദ്യം നിങ്ങള്‍ നിങ്ങളുടെ ദൈവത്തെ ചുമക്കുകയാണോ അതോ ദൈവം നിങ്ങളെയോ?

47:7,8: വെളിപ്പാട് 18:7-ല്‍ ഉദ്ധരിച്ചിരിക്കുന്നു. ”ഞാന്‍ രാജ്ഞിയായി ഇരിക്കുന്നു. ഞാന്‍ വൈധവ്യം കാണുകയില്ല” എന്നു ബാബിലോണ്‍ (വ്യാജക്രിസ്തു മതം) പറയുന്നു. താഴ്മയില്ലാതെ ദൈവത്തെയറിയാതെ സുഖലോലുപതയെ സ്‌നേഹിച്ചു ജീവിക്കുന്ന ക്രൈസ്തവ സമൂഹത്തെ ഇതു കാണിക്കുന്നു.

48:10,11: ”ഇതാ ഞാന്‍ നിന്നെ ഊതിക്കഴിച്ചിരിക്കുന്നു. വെള്ളിയെപ്പോലെ അല്ല താനും. ഞാന്‍ നിന്നെ കഷ്ടതയുടെ ചൂളയില്‍ ആകുന്നു ശോധന കഴിച്ചത്. എന്റെ നിമിത്തം എന്റെ നിമിത്തം തന്നെ ഞാന്‍ അതു ചെയ്യും. എന്റെ നാമം അശുദ്ധ മായിത്തീരുന്നതെങ്ങനെ?” നമ്മുടെ വിശ്വസ്തത അളക്കാനുള്ള ഒരു പരീക്ഷാ പ്രക്രിയയാണു കഷ്ടത. പരീക്ഷ ദീര്‍ഘ കാലത്തേക്കു നീണ്ടു നില്ക്കുന്നതല്ല. സ്വര്‍ണ്ണം അഗ്നിയില്‍ സ്ഫുടം ചെയ്തശേഷം രാജാവിന്റെ കിരീടം നിര്‍മ്മിക്കാനായി ഉപയോഗിക്കാം. ഒരു ദിവസം ദൈവം നമ്മെ എടുത്ത് തന്റെ കിരീടത്തിന്റെ ഭാഗമാക്കി യേക്കാം. തന്റെ നാമം നിമിത്തമാണ് അവിടുന്ന് അങ്ങനെ ചെയ്യുന്നത്.

തുടര്‍ന്ന് ആ വചനം ആവര്‍ത്തിക്കുന്നതു നാം കാണുന്നു: ”ഞാന്‍ എന്റെ മഹത്വം മറ്റൊരുത്തനും വിട്ടു കൊടുക്കയില്ല” (48:11).

48:17,18: ”ശുഭകരമായി പ്രവര്‍ത്തിക്കുവാന്‍ നിന്നെ അഭ്യസിപ്പിക്കുകയും നീ പോകേണ്ടുന്ന വഴിയില്‍ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാന്‍ തന്നെ. അയ്യോ, നീ എന്റെ കല്പനകളെ കേട്ടനുസരിച്ചെങ്കില്‍ കൊള്ളാ മായിരുന്നു! എന്നാല്‍ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.” ദൈവം നമ്മോടു കല്പിക്കുന്നതൊക്കെയും നമ്മുടെ അഭിവൃദ്ധിക്കും സൗഖ്യത്തിനും വേണ്ടിയാണ്. കര്‍ത്താവു നമ്മെ നടത്തുമ്പോള്‍ ”മരുഭൂമിയിലൂടെ ആയിരുന്നാലും ദാഹിക്കയില്ല. അവന്‍ അവര്‍ക്കു വേണ്ടി പാറയില്‍ നിന്നും വെള്ളമൊഴുക്കി” (48:21). എന്നാല്‍ ദുഷ്ടന്മാര്‍ക്കു സമാധാനം ഇല്ല (48:22).

മശിഹയെക്കുറിച്ചുള്ള പ്രവചനങ്ങള്‍ (49-57 അധ്യായങ്ങള്‍)

49 മുതല്‍ 57 വരെയുള്ള അധ്യായങ്ങള്‍ യേശുവിനെക്കുറിച്ച് ഉള്ളതാണ്. എങ്കിലും അവയില്‍ പല വചനങ്ങളും നമുക്ക് ചേര്‍ത്തു പിടിക്കുവാനും സ്വന്തമാക്കുവാനും കഴിയും.

49-ാം അദ്ധ്യായം. 1964 മെയ് 6-ാം തീയതി കാലത്തെയുള്ള എന്റെ പ്രതിദിന വേദവായനയില്‍ ഈ 49-ാം അധ്യായം ഞാന്‍ ധ്യാനിക്കുമ്പോഴാണ് കര്‍ത്താവ് എന്നെ ഒരു മുഴുസമയ ക്രിസ്തീയ ശുശ്രൂഷയ്ക്കായി വിളിച്ചത്.

49:2 ”അവന്‍ എന്റെ വായെ മൂര്‍ച്ചയുള്ള വാള്‍ പോലെ ആക്കി.” നാം ദൈവത്തിന്റെ വചനം സംസാരിക്കുമ്പോള്‍ ചില സമയം അതു മൂര്‍ച്ചയുള്ള വാള്‍ പോലെയാകും. ചില സമയം അത് ആശ്വാസം നല്‍കുന്നതാകും. ”അവന്‍ തന്റെ കയ്യുടെ നിഴലില്‍ ഒളിപ്പിച്ചു. അവന്‍ തന്റെ പൂണിയില്‍ എന്നെ ഒളിപ്പിച്ചു വച്ചു.” തുടര്‍ന്നു നിരാശയി ലേക്കു വീഴുവാന്‍ അദ്ദേഹം പരീക്ഷിക്കപ്പെടുന്നു. ”ഞാന്‍ വെറുതെ അദ്ധ്വാനിച്ചു. എന്റെ ശക്തിയെ വ്യര്‍ത്ഥമായും നിഷ്ഫലമായും ചെലവഴിച്ചിരിക്കുന്നു”(വാ.4). ദൈവത്തിന്റെ ദാസന് ഉത്സാഹം നഷ്ടപ്പെടുവാനുള്ള പരീക്ഷ അടിക്കടി ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ട്. പൗലൊസിന് അതുണ്ടായിട്ടുണ്ട്. പക്ഷേ അദ്ദേഹം പൊരുതി നിന്നു. കര്‍ത്താവു പറയുന്നു: ”വിഷമിക്കേണ്ടാ ഞാന്‍ നിന്നെ ഉപയോഗിക്കുവാന്‍ പോകുന്നു. ഞാന്‍ നിന്നെ ജനതകള്‍ക്കു പ്രകാശമാക്കി വെയ്ക്കും” (വാക്യം 6).

49:14,15: ”സീയോന്‍ പറഞ്ഞു ‘കര്‍ത്താവ് എന്നെ മറന്നു കളഞ്ഞു.’ ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മറക്കുമോ? താന്‍ പ്രസവിച്ച മകനോടു കരുണ തോന്നാതിരി ക്കുമോ? അവര്‍ മറന്നു കളഞ്ഞാലും ഞാന്‍ നിന്നെ മറക്കുകയില്ല.” മാനുഷികമായ ഏതൊരു സ്‌നേഹത്തെക്കാളും വലുതാണു തന്റെ സ്‌നേഹമെന്നു കാട്ടുവാന്‍ ഭൂമിയില്‍ കാണുന്ന സ്‌നേഹത്തിനു താന്‍ തിരഞ്ഞടുത്ത ദൃഷ്ടാന്തം ഒരമ്മയ്ക്കു തന്റെ കുഞ്ഞിനോടുള്ളതാണ്. ഒരു ഭര്‍ത്താവിനു തന്റെ ഭാര്യയെ മറക്കാനാകുമോ എന്ന് അവിടുന്നു ചോദിച്ചില്ല. കാരണം, ഭര്‍ത്താക്കന്മാര്‍ മിക്കപ്പോഴും ഭാര്യമാരെ മറന്നു പോകാറുണ്ട്. ഭാര്യമാര്‍ക്കും അങ്ങനെ സംഭവിക്കാറുണ്ട്. എന്നാല്‍ തനിക്കു ജനിച്ച ഒരു ശിശുവിനെ ഒരമ്മയ്ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഒരമ്മ തന്റെ കുഞ്ഞിനെ മറന്നാല്‍ പോലും ഞാന്‍ നിങ്ങളെ മറക്കുകയില്ല എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഭൂമിയിലെ നമ്മുടെ ജീവിതകാലം മുഴുവന്‍ നമ്മെ ധൈര്യപ്പെടുത്തു വാന്‍ ഈ ഒരു വചനം മതി. ”എന്റെ ഉള്ളംകയ്യില്‍ ഞാന്‍ നിന്നെ വരച്ചിരിക്കുന്നു” (വാ. 16) എന്നു തുടര്‍ന്നു പറയുന്നു. അതു പുനരുത്ഥാനം ചെയ്ത യേശുവിന്റെ കരങ്ങളില്‍ കാണുന്ന ആണിപ്പാടുകളെക്കുറിച്ചുള്ള ഒരു പ്രവചനമാണ്. ആ പഴുതുകളില്‍ നമ്മുടെ പേരുകള്‍ ആലേഖനം ചെയ്തിരിക്കുന്നു.

49:23- നിരവധി വര്‍ഷങ്ങളായി എനിക്കു ഉത്സാഹം തരുന്ന ഒരു വചനമാണ്. ”എനിക്കായി പ്രത്യാശയോടെ കാത്തിരിക്കുന്നവര്‍ ഒരുനാളും ലജ്ജിച്ചുപോകയില്ല.” അത്ഭുതകരമായ ആ വാഗ്ദത്തത്തിനായി കര്‍ത്താവിനെ സ്തുതിക്കുന്നു. നിങ്ങള്‍ കര്‍ത്താവില്‍ മാത്രം ആശ്രയിച്ച് അവിടുന്നു നിങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കാത്തിരിക്കുമെങ്കില്‍ നിങ്ങള്‍ ഒരിക്കലും ലജ്ജിച്ചു പോകുവാന്‍ ഇടവരികയില്ല എന്ന് എനിക്ക് ഉറപ്പായി പറയുവാന്‍ കഴിയും.

49:25 ”ബലവാന്റെ കയ്യില്‍ നിന്നും തടവുകാരെ എടുത്തു കളയാം… നിന്നോടു പോരാടുന്നവരോടു ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കുകയും ചെയ്യും.” ആരും പാപത്തിന്റെയോ സാത്താന്റെയും ബന്ധനത്തിലായിപ്പോകുവാന്‍ ആവശ്യമില്ല. നമ്മുടെ മക്കള്‍ ആരെങ്കിലും സാത്താന്റെ ബന്ധനത്തിലായിരിക്കു ന്നുവെങ്കില്‍ ആ ബന്ധനത്തില്‍ നിന്നും അവരെ മോചിപ്പിക്കുമെന്നുള്ള വാഗ്ദത്തമാണിവിടെ. നമ്മുടെ മക്കള്‍ക്കു വേണ്ടി നമുക്കത് അവകാശമാക്കാം.

50:4- യേശുവിനെക്കുറിച്ചുള്ള ഒരു പ്രവചനമാണ്. തളര്‍ന്നിരിക്കുന്നവനെ തക്കസമയത്ത് ആശ്വസിപ്പിക്കുവാന്‍ തക്കവണ്ണം ശിക്ഷണമുള്ള ഒരു നാവ് യേശുവിനുണ്ടായിരുന്നു. ദൈവത്തിന് ഏറ്റവുമധികം ഉപയോഗിക്കാന്‍ കഴിയുന്ന അവയവമാണ് നമ്മുടെ നാവ്. അതുകൊണ്ടു തന്നെ എല്ലാ ദൈവദാസന്മാരും അതിന്റെ ഉപയോഗത്തെ ശിക്ഷണത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. യേശുവിന്റെ നാവ് മൂര്‍ച്ചയുള്ള വാള്‍പോലെയാണെന്നു നാം കണ്ടു (49:2). പല സമയങ്ങളിലും നമ്മുടെ വായില്‍ നിന്നും പുറപ്പെടുന്ന ദൈവവചനം ഹൃദയത്തെ കീറി മുറിച്ച് അതിലെ ഉദ്ദേശ്യങ്ങളെ തുറന്നു കാണിക്കുന്നതും മറ്റു സമയങ്ങളില്‍ ആശ്വാസം നല്‍കുന്ന, ധൈര്യം പകരുന്ന, തരത്തില്‍ ആര്‍ദ്രതയുള്ളതുമായിരിക്കും.

എല്ലാ ദിവസവും പിതാവിന്റെ ശബ്ദം കേള്‍ക്കുവാനായി യേശു ഉണര്‍ന്നു (വാ.4). താന്‍ കേള്‍ക്കുന്നതിനെയൊക്കെ താന്‍ അനുസരിച്ചിരുന്നു. താന്‍ അനുസരിക്കുന്ന പിതാവിന്റെ ഹിതം മറ്റുള്ളവരില്‍ നിന്നും തള്ളലോ തല്ലോ തുപ്പലോ എന്തു തന്നെ കൊണ്ടുവന്നാലും അതൊക്കെ യേശു സഹിച്ചു. അംഗീകരിച്ചു (വാ. 5,6). തന്നോട് ആളുകള്‍ അങ്ങനെ ചെയ്തപ്പോള്‍ അവിടുന്നു തന്റെ മുഖം ഒരു ‘തീക്കല്ലുപോലെ കടുപ്പമാക്കി’ (വാക്യം 7). ഒരിക്കലും ആരോടും പ്രതികാരം ചെയ്യുകയോ ഭീഷണിപ്പെടുത്തകയോ ചെയ്യാതെ എല്ലാവരോടും ക്ഷമിക്കുകയും അനുഗ്രഹിക്കുകയും ചെയ്യാന്‍ വേണ്ടിയായിരുന്നു അത്. തന്നെ നീതീകരിക്കുന്നവന്‍ സമീപത്തുള്ളതു കൊണ്ടു താന്‍ ലജ്ജിച്ചു പോകയില്ല എന്ന് അവിടുന്ന് അറിഞ്ഞിരുന്നു (വാ.8). ഓരോ ദൈവദാസന്മാര്‍ക്കും ഈ വാക്കുകള്‍ പറയാന്‍ കഴിയും ”എന്നോടു വാദിക്കുന്നവന്‍ ആര്? നമുക്കു തമ്മില്‍ ഒന്നു നോക്കാം.” നിനക്ക് എന്റെ നേരെ ഒരു വ്യവഹാരമുണ്ടോ? എന്നെ കോടതിയിലേക്കു വലിച്ചിഴയ്ക്കണമോ? ”കര്‍ത്താവ് എന്നെ തുണയ്ക്കുന്നു. എന്നെ കുറ്റം വിധിക്കുന്നവന്‍ ആര്? അവരെല്ലാവരും വസ്ത്രംപോലെ പഴകിപ്പോകും” (വാ.9).

50:10 കര്‍ത്താവിനെ ഭയപ്പെടുകയും അവന്റെ ദാസനായ യേശുവിന്റെ വാക്കുകളെ കേട്ട് അനുസരിക്കുകയും ചെയ്യുന്നവന്‍ ആര്? നിങ്ങളുടെ ജീവിതത്തില്‍ വെളിച്ചമില്ലാതെ ഇരുട്ടില്‍ തപ്പിത്തടയുന്ന അനുഭവം ഉണ്ടായെന്നു വരാം. അത്തരം സാഹചര്യത്തില്‍ എന്താണു ചെയ്യുക? ദൈവത്തില്‍ പൂര്‍ണ്ണമായും ആശ്രയിക്കുക. വെളിച്ചത്തില്‍ ദൈവം കാണിച്ചിരിക്കുന്ന കാര്യങ്ങളെ ഇരുട്ടില്‍ സംശയിക്കാതെ അതില്‍ ഉറച്ചു നില്ക്കുക. പ്രകാശമുള്ളപ്പോള്‍ നിങ്ങള്‍ക്കു ലഭിച്ച ഒരു നൂറു രൂപാ നോട്ടിനെക്കുറിച്ച് ഇരുള്‍ പരക്കുമ്പോള്‍, കാഴ്ച കുറയുമ്പോള്‍, നിങ്ങള്‍ സംശയിക്കുമോ? അതൊരു നൂറു രൂപാ നോട്ടു തന്നെ ആയിരുന്നുവോ എന്നു സംശയിക്കുമോ? ഇല്ല. കാരണം വെളിച്ചമുള്ളപ്പോള്‍ നിങ്ങള്‍ വ്യക്തമായി കണ്ടതാണ്. അതുപോലെ തന്നെ വെളിച്ചമുള്ളപ്പോള്‍ നാം കാണുന്ന സത്യമാണ് ദൈവം നമ്മെ എത്രത്തോളം സ്‌നേഹിക്കുന്നു എന്നതും എത്ര കരുതുന്നു എന്നതും. ശോധനകളുടെ സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ഒരിക്കലും നാം അതിനെ സംശയിക്കുവാന്‍ പാടില്ല.

50:11 അത്തരം ഇരുണ്ട സമയങ്ങളില്‍ നാം മാനുഷികമായി അഗ്നി കത്തിച്ച് വെളിച്ചമുണ്ടാക്കുവാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നവര്‍ക്ക് വ്യസനത്തില്‍ കിടക്കേണ്ടി വരും. അതിനര്‍ത്ഥം കഷ്ടങ്ങളുടെ സമയങ്ങളില്‍ നാം മനുഷ്യരില്‍ ആശ്രയിക്കുവാന്‍ പാടില്ല എന്നത്രെ. ദൈവം നമ്മുടെ ജീവിതത്തില്‍ അനുവദിക്കുന്ന ശോധനകളില്‍ നിന്നും രക്ഷ നേടുവാനോ അതിനോടു പ്രതിരോധിക്കുവാനോ മാനുഷികമായ രീതികള്‍ നാം അവലംബിച്ചുകൂടാ. അവിടുന്നു തന്നെ അവിടുത്തെ സമയത്തും വിധത്തിലും നമ്മെ പ്രതിരോധിക്കുവാനും വിടുവിക്കാനും നാം കര്‍ത്താവില്‍ ആശ്രയിക്കേണ്ടതുണ്ട്.

51:1 ”നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരുമേ, നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും നിങ്ങളെ കുഴിച്ചെടുത്ത ഖനി ഗര്‍ഭത്തിലേക്കും തിരിഞ്ഞു നോക്കുവീന്‍.” നാം ആയിരുന്ന കുഴിയെ ഒരിക്കലും നാം മറന്നു പോകരുത്. നാം രക്ഷിക്കപ്പെടുംമുമ്പേ കര്‍ത്താവു നമ്മെ കണ്ടെത്തിയ കുഴിയെ നാം മറന്നുകൂടാ- എത്ര നിരാശാനിര്‍ഭരമായ അവസ്ഥയില്‍ നിന്നാണു നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. അതു നാം ഓര്‍ത്തിരിക്കുമെങ്കില്‍ മറ്റുള്ളവരെ നിന്ദിതരായി കാണുവാന്‍ നമുക്കു കഴിയില്ല. നാം മനുഷ്യരെ ഭയപ്പെടുകയുമില്ല. ”നീതിയെ അറിയുന്നവരെ… നിങ്ങള്‍ മനുഷ്യരുടെ നിന്ദയെ ഭയപ്പെടരുത്. അവരുടെ ദൂഷണങ്ങളെ പേടിക്കുകയും അരുത്… ഞാന്‍ തന്നെ നിങ്ങളെ ആശ്വസിപ്പിക്കുന്നവന്‍. എന്നാല്‍ മരിച്ചുപോകുന്ന മര്‍ത്ത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും നിങ്ങള്‍ ഭയപ്പെടുന്നതെ ന്തിനാണ്? ആകാശങ്ങളെ വിരിച്ച് ഭൂമിയുടെ അടിസ്ഥാനങ്ങളെ ഇട്ട നിന്റെ സ്രഷ്ടാവായ യഹോവയെ നീ മറക്കുന്നതെന്ത്?” (വാ. 7,12,13).

51:16,17: കര്‍ത്താവ് സീയോനോട് (സഭയോട്): ”നീ എന്റെ ജനം എന്നു പറയേണ്ടതിന് ഞാന്‍ എന്റെ വചനങ്ങളെ നിന്റെ വായില്‍ ആക്കി എന്റെ കയ്യുടെ നിഴലില്‍ നിന്നെ മറച്ചിരിക്കുന്നു. ഉണരുക, എഴുന്നേറ്റു നില്ക്കുക.” നാം നമ്മെത്തന്നെ ഉത്സാഹിപ്പിക്കുമ്പോള്‍ മാത്രമെ നമുക്കു മറ്റുള്ളവരെയും ധൈര്യപ്പെടുത്തുവാന്‍ കഴികയുള്ളു.

52:5 ”എന്റെ നാമം ഇടവിടാതെ എല്ലായ്‌പ്പോഴും ദുഷിക്കപ്പെടുന്നു.” ഈ വചനം റോമര്‍ 2:24-ല്‍ ഉദ്ധരിച്ചിരിക്കുന്നു. യിസ്രായേല്‍ ജനം മൂലം കര്‍ത്താവിന്റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട്. ഇന്നു ക്രൈസ്തവരെ സംബന്ധിച്ചും പലയിടങ്ങളിലും ഈ പ്രസ്താവന സത്യമാണ്. ഇന്ത്യയില്‍ അക്രൈസ്തവരെ കൊണ്ടല്ല കൈസ്തവരുടെ ജീവിതം കാരണമായി ക്രിസ്തുവിന്റെ നാമം ദുഷിക്കപ്പെടുന്നു. ഇന്ത്യ ക്രിസ്തുവിനെ നിരസിച്ചിട്ടില്ല. ക്രിസ്ത്യാനികള്‍ കാണിച്ചു കൊടുക്കുന്ന ക്രിസ്തുവിനെയാണ് അവര്‍ അംഗീകരിക്കാത്തത്. അതു യഥാര്‍ത്ഥ ക്രിസ്തു അല്ല. ”സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കുകയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു നിന്റെ ദൈവം വാഴുന്നു എന്നു പറയുകയും ചെയ്യുന്ന സുവാര്‍ത്താ ദൂതന്റെ കാല്‍ പര്‍വ്വതങ്ങളിന്മേല്‍ എത്ര മനോഹരം”(വാ.7). യേശു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു എന്നുള്ളതു മാത്രമല്ല സുവിശേഷം. അവിടുന്ന് ഇന്നും സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരങ്ങളോടും കൂടെ വാഴുന്നു. അതാണ് നാം പ്രഘോഷിക്കേണ്ട സമ്പൂര്‍ണ്ണ സുവിശേഷം.

52:13,14-ല്‍ യേശു കുരിശില്‍ മരിക്കുമ്പോള്‍ അവന്റെ രൂപം കണ്ടാല്‍ ആളല്ല എന്നും അവന്റെ ആകൃതി കണ്ടാല്‍ മനുഷ്യനല്ല എന്നും തോന്നുമാറ് അവിടുത്തെ മുഖം അടിയേറ്റു വികൃതമായിരുന്നു എന്ന് കാണുന്നു. മനോഹരമായ ഒരു മുഖത്തോടു കൂടി യേശു ക്രൂശില്‍ തൂങ്ങിക്കിടക്കുന്നതായി നാം കാണുന്ന ചിത്രങ്ങളൊന്നും സത്യമല്ല. യാഥാര്‍ത്ഥ്യം അവിടുത്തെ മുഖം മര്‍ദ്ദനത്താല്‍ വികൃതമായിരുന്നു എന്നു തന്നെയാണ്. ഈ ഭൂമുഖത്തു ജീവിച്ചിരുന്ന ഏറ്റവും മനോഹരമായ രൂപം യേശുവിന്റേതു തന്നെയായിരുന്നു. എന്നാല്‍ കുരിശില്‍ തൂക്കപ്പെട്ടപ്പോള്‍ അവിടുത്തെ മുഖം ഏറ്റവും വികൃതവും വിരൂപവുമായിരുന്നു.

53-ാം അധ്യായം യെശയ്യാ പ്രവചനം രണ്ടാം ഭാഗത്തിന്റെ മദ്ധ്യഭാഗത്തുള്ള അധ്യായമാണ്. അതിനെ നമുക്കു ക്രൂശിന്റെ അധ്യായമെന്നു വിളിക്കാം. ഈ അധ്യായം ആരംഭിക്കുന്നത് ഒരു ചോദ്യത്തോടെയാണ്: ”ഞങ്ങള്‍ കേള്‍പ്പിച്ചത് ആര്‍ വിശ്വസിച്ചി രിക്കുന്നു?” മശിഹാ വരുന്നതു ശക്തനായിട്ടല്ല. വരണ്ട നിലത്തു നിന്നും വേരു മുളയ്ക്കുന്നതുപോലെ ദുര്‍ബ്ബലനും നിന്ദിതനുമായിട്ടായിരിക്കുമെന്ന യെശയ്യാവിന്റെ പ്രവചനം യിസ്രായേലില്‍ ആര്‍ക്കു വിശ്വസിക്കാം? ”അവിടുന്നു പിതാവിന്റെ മുമ്പാകെ വളര്‍ന്നു” (വാ.2) യേശുവിന്റെ ജീവിതത്തെക്കുറിച്ചുള്ള ഏറ്റവും വലിയ രഹസ്യം അവിടുന്നു വളര്‍ന്നതു മനുഷ്യരുടെ മുമ്പാകെയല്ല ദൈവത്തിന്റെ മുമ്പാകെയാ യിരുന്നു എന്നതാണ്. ക്രൂശില്‍ തൂങ്ങിക്കിടക്കുമ്പോള്‍ മനുഷ്യര്‍ക്ക് ആകര്‍ഷിക്ക ത്തക്ക ഒന്നും അവനില്‍ ഉണ്ടായിരുന്നില്ല. ”അവനു രൂപഗുണമില്ല, കോമളത്വമില്ല, കണ്ടാല്‍ ആഗ്രഹിക്കത്തക്ക സൗന്ദര്യവുമില്ല” (വാ.2) എന്നു നാം വായിക്കുന്നു. സുവിശേഷത്തിന്റെ സന്ദേശം ഇന്നും മനുഷ്യന് ആകര്‍ഷണീയമല്ല. ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തു സ്വീകാര്യനായിരുന്നില്ല. 21-ാം നൂറ്റാണ്ടിലും ക്രിസ്തു സ്വീകാര്യനല്ല. ഇന്നു വ്യാപകമായി സ്വീകാര്യനായിരിക്കുന്ന ക്രിസ്തു യഥാര്‍ത്ഥ ക്രിസ്തുവല്ല. വ്യാജക്രിസ്തുവാണ്. യഥാര്‍ത്ഥ ക്രിസ്തു പാപത്തിനും ധനമോഹത്തിനും എതിരെ സംസാരിക്കുന്ന ക്രിസ്തുവാണ്. ശത്രുക്കളെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നവനാണ്. ആ ക്രിസ്തുവിന് ഇന്നും ലഭിക്കുന്നതു നിന്ദയും തിരസ്‌കാരവും ഉപേക്ഷണവുമാണ്.

ഇന്നു നിങ്ങള്‍ അനുഗമിക്കുന്നതു യഥാര്‍ത്ഥ ക്രിസ്തുവിനെയാണെങ്കില്‍ നിങ്ങള്‍ക്കും യേശുവിനു ലഭിച്ച അതേ നിന്ദയും തിരസ്‌കാരവും ലോകത്തില്‍ നിന്നും ലഭിക്കും എന്നു ഞാന്‍ ഉറപ്പുതരാം. അക്കാലത്തെ മതഭക്തരായ ആളുകള്‍ യേശുവിനെ നിന്ദിച്ചതു പോലെ നിങ്ങളുടെ സ്വന്തം സമുദായക്കാരും നിങ്ങളെ നിന്ദിക്കും. യേശുവിനെ നിന്ദിച്ചതു ഗ്രീക്കുകാരല്ല, റോമാക്കരുമല്ല. അക്കാലത്തെ യഹൂദാ മതത്തിലെ മൗലിക വാദികളായിരുന്ന പരീശന്മാര്‍ തന്നെയാണ്. ഇന്നും ക്രൂശിന്റെ വചനം അംഗീകരിക്കുവാനുള്ള ഒരു ഹൃദയം ആര്‍ക്കുണ്ട്? തിരുവചനത്തിലെ അനുഗ്രഹ വാഗ്ദത്തങ്ങളെ വായിക്കുമ്പോള്‍ നമുക്കു വലിയ ആവേശം തോന്നാം. എന്നാല്‍ ആ വാഗ്ദത്തങ്ങളോടൊപ്പം ക്രൂശിന്റെ വചനങ്ങളും കൂടി ചേര്‍ത്ത് ഒരു പൊതിക്കെട്ടായിട്ടാണു വരുന്നത്. ഒന്നു കൂടാതെ മറ്റൊന്നു മാത്രമായി സ്വീകരിക്കാന്‍ കഴിയില്ല. ഇന്നു ക്രിസ്ത്യാനികളില്‍ പൊതുവേ കാണുന്ന ആഴമില്ലാത്ത ജീവിതത്തിന്റെ ഒരു കാരണം ക്രൂശെടുക്കാതെ വാഗ്ദത്തങ്ങള്‍ മാത്രം അവകാശമാക്കുന്ന പ്രവണതയില്‍ നിന്നാണ്.

7-ാം വാക്യത്തില്‍ മൂന്നു പ്രാവശ്യം യേശു നിശ്ശബ്ദനായിരുന്നു എന്നു രേഖപ്പെടുത്തിയിരിക്കുന്നു എന്നതു ശ്രദ്ധിക്കുക. ”വായെ തുറക്കാതെയിരുന്നിട്ടും” ”മിണ്ടാതെയിരിക്കുന്നു” ”വായെ തുറക്കാതെയിരുന്നു.” വിശ്വാസികള്‍ എന്ന നിലയില്‍ കര്‍ത്താവിനെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുമ്പോള്‍ നമ്മുടെ വായെ വിസ്താരത്തില്‍ തുറക്കണമെന്നു നാം അറിഞ്ഞിരിക്കണം. അതുപോലെ തന്നെ അപമാനത്തിനും വിമര്‍ശനത്തിനും അപവാദത്തിനും മുമ്പില്‍ വായെ തുറക്കാതെയിരിക്കുവാനും നാം പഠിച്ചിരിക്കണം. പിതാവിനെ സ്തുതിക്കേണ്ടതെങ്ങ നെയെന്നും നിശ്ശബ്ദമായിരിക്കേണ്ടതെപ്പോഴെന്നും യേശു അറിഞ്ഞിരുന്നു. നിര്‍ഭാഗ്യ വശാല്‍ അധികം ക്രിസ്ത്യാനികളും എതിര്‍ദിശയിലാണു സഞ്ചരിക്കുന്നത്. സഭയില്‍ സ്തുതി സ്‌തോത്രങ്ങളെ ഘോഷിക്കുമ്പോള്‍ അവര്‍ നിശ്ശബ്ദമായിരിക്കുന്നു. ആരെങ്കിലും തങ്ങളെ മുറിപ്പെടുത്തുകയോ ആരോപണങ്ങള്‍ ഉയര്‍ത്തുകയോ ചെയ്യുമ്പോള്‍ അവര്‍ ഉച്ചത്തില്‍ പ്രതിരോധിക്കയും ബഹളം വയ്ക്കുകയും ചെയ്യുന്നു. തല തിരിഞ്ഞു നില്ക്കുന്ന ലോകത്തിന്റെ സ്വഭാവമാണത്. ക്രിസ്ത്യാനികള്‍ അങ്ങനെ ആയിക്കൂടാ.

10-ാം വാക്യത്തില്‍ യേശുവിനെ തകര്‍ത്തു കളയുവാന്‍ പിതാവിന് ഇഷ്ടം തോന്നി എന്നു നാം വായിക്കുന്നു. ”അങ്ങനെ അവന്‍ സന്തതിയെ കാണുകയും ദീര്‍ഘായുസ്സു പ്രാപിക്കുകയും ചെയ്യും.” തകര്‍ക്കുന്നതിന്റെ പരിണത ഫലം അതാണ്. ”അവന്‍ തന്റെ നാളുകളെ ദീര്‍ഘമാക്കും” എന്നു പറഞ്ഞാല്‍ യേശു മരിച്ചിട്ട് ഉയര്‍ത്തെഴു ന്നേല്‍ക്കും എന്നാണ്. കര്‍ത്താവിന്റെ ഇഷ്ടം അവനിലൂടെ അഭിവൃദ്ധി പ്രാപിക്കും. ”യഹോവയുടെ ഇഷ്ടം അവന്റെ കയ്യാല്‍ സാധിക്കും.”

ഇതാണു നമുക്കും പോകേണ്ടുന്ന വഴി. ”അവന്‍ അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്യുകയാല്‍ തന്നെ” (വാ.12). നമ്മെയും മറ്റു ക്രിസ്ത്യാനികള്‍ ദുഷ്ടന്മാരായി തെറ്റിദ്ധരിച്ചേക്കാം.

54:4-10 വിധവമാര്‍ക്കുള്ള ആശ്വാസ വചനങ്ങളാണ്. ”കര്‍ത്താവാണു നിന്റെ ഭര്‍ത്താവ്. ഭയപ്പെടരുത്. നിന്റെ യൗവ്വനത്തിലെ ലജ്ജ നീ മറക്കും., നിന്റെ വൈധവ്യത്തിന്റെ നിന്ദ ഇനി ഓര്‍ക്കയുമില്ല… എന്റെ ദയ നിന്നെ വിട്ടു മാറുകയില്ല. എന്റെ സമാധാന നിയമം നീങ്ങിപ്പോകയുമില്ല.”

54:13- നമ്മുടെ മക്കള്‍ക്കുള്ള വാഗ്ദത്തം: ”നിന്റെ മക്കള്‍ എല്ലാവരും കര്‍ത്താ വിനാല്‍ ഉപദേശിക്കപ്പെട്ടവരും (കര്‍ത്താവിന്റെ ശിഷ്യന്മാരും) നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും.” കര്‍ത്താവ് ഈ വാഗ്ദത്തം എനിക്കും എന്റെ ഭാര്യക്കും പ്രത്യേകം പ്രത്യേകമായി നല്‍കി. അതു ഞങ്ങള്‍ക്കു മക്കളുണ്ടാകും മുമ്പേ 1968 ജൂണിലായിരുന്നു. ഞങ്ങള്‍ക്കു ലഭിച്ച നാലു മക്കള്‍ക്കു വേണ്ടിയും ഈ വാഗ്ദത്തം ഞങ്ങള്‍ അവകാശം പറഞ്ഞു. ഞങ്ങള്‍ക്ക് അതു ലഭിക്കുകയും ചെയ്തു. എല്ലാ മാതാപിതാക്കളും അവകാശമാക്കേണ്ട ഒരു വാഗ്ദത്തമാണിത്. യേശുവിന്റെ നാമത്തില്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുക. ”കര്‍ത്താവേ എന്റെ മക്കള്‍ അങ്ങയുടെ ശിഷ്യന്മാരായിത്തീരുവാനും അവര്‍ വലിയ ആത്മീയാഭിവൃദ്ധിയുള്ളവരായിരിക്കു വാനും ഞാന്‍ ആഗ്രഹിക്കുന്നു.” ഇതിന്നര്‍ത്ഥം അവര്‍ ഒരിക്കലും രോഗികളാവുകയോ കൗമാരക്കാര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അനുഭവിക്കുകയോ ചെയ്കയില്ല എന്നല്ല. എന്തൊക്കെ അനുഭവങ്ങളുണ്ടായാലും അതിലൂടെ കടന്ന് അവര്‍ കര്‍ത്താവില്‍ തന്നെ എത്തിച്ചേര്‍ന്നിരിക്കും എന്നതാണ്. അതുകൊണ്ട് ഈ വാഗ്ദത്തത്തെ അവഗണി ക്കാതെ അവകാശമാക്കുക.

54:15,17 ”ആരെങ്കിലും നിന്നോടു കലശല്‍ കൂട്ടിയാല്‍ ഞാന്‍ നിന്റെ പക്ഷത്തു ള്ളതുകൊണ്ട് അവന്‍ വീഴും. നിനക്കെതിരെ പ്രയോഗിക്കുന്ന ആയുധങ്ങളൊന്നും ഫലിക്കയില്ല. ന്യായവിസ്താരത്തില്‍ നിനക്കെതിരെ വരുന്ന കള്ളസ്സാക്ഷികള്‍ ക്കെതിരെ നിനക്കു ന്യായം ലഭിക്കും. ഇത് എന്റെ പക്കല്‍ നിന്നുള്ള നീതിയും എന്റെ ദാസന്മാരുടെ അവകാശവും ആകുന്നു.” കര്‍ത്താവിനെ ശുശ്രൂഷിക്കുന്ന ഏവര്‍ക്കുമുള്ള അത്ഭുത വാഗ്ദത്തങ്ങളാകുന്നു ഇവ. കഴിഞ്ഞ അന്‍പതിലധികം വര്‍ഷങ്ങളായി ഇവ എനിക്ക് അനുഭവമായിരിക്കുന്നതിനാല്‍ ഞാന്‍ കര്‍ത്താവിനെ സ്തുതിക്കുന്നു. എനിക്കെതിരെ കൊണ്ടുവന്ന എല്ലാ തിന്മകളും എനിക്കു നന്മയ്ക്കായി ഭവിച്ചു- എന്നെ അധികം ക്രിസ്തു സ്വഭാവത്തിലേക്കു നയിച്ചു. യേശുവിനെതിരെ തെറ്റായ ആരോപണങ്ങള്‍ കൊണ്ടുവന്നു. പൗലൊസിനും പത്രൊസിനും സമാനമായ അനുഭവങ്ങളിലൂടെ കടന്നു പോകേണ്ടി വന്നു. നിങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ അനുഗമിക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങളുടെ സന്ദേശങ്ങളാല്‍ കുത്തുകൊണ്ടവരും നിങ്ങളുടെ ശുശ്രൂഷയെക്കുറിച്ച് അസൂയയുള്ളവരും നിങ്ങള്‍ക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ കൊണ്ടുവരും. അതു വിശ്വസിക്കുവാനും വളരെപ്പേരുണ്ടാകും. അതൊക്കെ അങ്ങനെ സംഭവിക്കട്ടെ. അതില്‍ കുലുങ്ങിപ്പോകരുത്. ദൈവം ഒരു ദിവസം അവരുടെ വായടപ്പിക്കുകയും നിങ്ങളെ നീതീകരിക്കുകയും ചെയ്യും. ” അവരെ നീതീകരിക്കുന്നവന്‍ ഞാനാകുന്നു എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു.” നിങ്ങള്‍ ഒരിക്കലും നിങ്ങളെത്തന്നെ പ്രതിരോധിക്കേണ്ടതില്ല. ദൈവം നിങ്ങളുടെ പ്രതിരോധം ആയിരിക്കും. ഇതു സത്യമാണെന്നു കഴിഞ്ഞ 50 വര്‍ഷങ്ങളായി ഞാന്‍ തെളിയിച്ചു കൊണ്ടിരിക്കുന്നു. എപ്പോഴൊക്കെ ആളുകള്‍ എനിക്കെതിരെ ആരോപണങ്ങള്‍ കൊണ്ടു വന്നുവോ അപ്പോഴൊക്കെ കര്‍ത്താവ് എന്നോട് നീ നിശ്ശബ്ദനായിരിക്കുക അവര്‍ എന്തു വിശ്വസിക്കുവാന്‍ ആഗ്രഹിക്കുന്നുവോ അങ്ങനെത്തന്നെ വിശ്വസിക്കട്ടെ എന്നു പറഞ്ഞു. നീ പിശാചിന്റെ ആള്‍രൂപമാണ് എന്നു വിശ്വസിക്കുന്നെങ്കില്‍ അങ്ങനെയാ കട്ടെ- നിന്റെ കര്‍ത്താവിനെക്കുറിച്ചും അവര്‍ അങ്ങനെയാണല്ലോ പറഞ്ഞത്. നിശ്ശബ്ദനായിരിക്കുക. കര്‍ത്താവ് ഒരു ദിവസം നിന്നെ നീതീകരിക്കും. കര്‍ത്താവി നായി കാത്തിരിക്കുക. അവിടുത്തെ മുമ്പാകെ ജീവിക്കുക. നിങ്ങളുടെ സല്‍പ്പേരും ബഹുമാനവും അവിടുത്തെ കയ്യില്‍ ഭരമേല്‍പ്പിക്കുക.

55:1 ”ദാഹിക്കുന്ന ഏവരുമേ വെള്ളത്തിനായി വരുവീന്‍. വിലയും പണവും കൂടാതെ സൗജന്യമായി വാങ്ങിത്തിന്നുവീന്‍.” സുവിശേഷ സന്ദേശങ്ങളെ സ്വീകരിപ്പാനുള്ള ഒരു ക്ഷണമാണിത്. 1 കൊരിന്ത്യര്‍ 9:18-ല്‍ പറയുന്നതുപോലെ സുവിശേഷം എപ്പോഴും സൗജന്യമായി നല്‍കേണ്ട ഒന്നാണ്. പരസ്യയോഗങ്ങളില്‍ പോലും സന്ദേശം പ്രസംഗിക്കും മുമ്പേ തന്നെ സ്‌തോത്രക്കാഴ്ച ശേഖരിക്കുന്ന പ്രവണത തികച്ചും ലജ്ജാകരമാണ്. യേശുവോ അപ്പൊസ്തലന്മാരോ ഒരിക്കലും അപ്രകാരം ചെയ്തില്ല. സത്യവിശ്വാസത്തില്‍ നിന്നും ഇന്നത്തെ സുവിശേഷകര്‍ എത്ര വ്യതിചലിച്ചു എന്നതിന്റെ ഒരു സൂചനയാണിത്. 55:8,9 ”എന്റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങളല്ല. നിങ്ങളുടെ വഴികള്‍ എന്റെ വഴികളുമല്ല.” എന്നു കര്‍ത്താവു പ്രഖ്യാപിക്കുന്നു. ”ആകാശം ഭൂമിക്കു മീതെ ഉയര്‍ന്നിരിക്കുമ്പോലെ എന്റെ വഴികള്‍ നിങ്ങളുടെ വഴികളെക്കാള്‍ ഉയര്‍ന്നതാകുന്നു.” ഇതു സൂചിപ്പിക്കുന്നതു നമ്മുടെ വഴികള്‍ ഭൗമികമാണ്. കര്‍ത്താവിനെ ഫലപ്രദമായി സേവിക്കണമെങ്കില്‍ അവിടുത്തെ വചനത്തിലൂടെ നമുക്ക് അവിടുത്തെ വഴിയെ പഠിക്കേണ്ടിയിരിക്കുന്നു എന്നാണ്.

”എന്റെ വായില്‍ നിന്നും പുറപ്പെടുന്ന എന്റെ വചനം വെറുതെ എങ്കലേക്കു മടങ്ങി വരുന്നില്ല” (വാ.11). നമ്മുടെ ചിന്തകളും വഴികളും ദൈവവചനത്താല്‍ പുതുക്കം പ്രാപിച്ചു ദൈവത്തിന്റെ വഴികളോടു നിരന്നശേഷം നാം സംസാരിക്കുന്ന വചനം ഒരിക്കലും വെറുതെ മടങ്ങിവരുന്നില്ല. ഇന്നു ക്രൈസ്തവ ലോകത്തില്‍ പലരും ചെയ്യുന്നതുപോലെ സ്വന്തം ആശയങ്ങളും മനശ്ശാസ്ത്രവും ഒന്നും നാം പ്രസംഗിക്കുവാന്‍ പാടില്ല. നമ്മുടെ സന്ദേശങ്ങള്‍ ദൈവവചനത്തില്‍ അടിസ്ഥാനപ്പെട്ടിരിക്കണം. കാരണം കേള്‍വിക്കാരുടെ വിശ്വാസം മാനുഷികമായ വിവേചന ങ്ങളിലല്ല ദൈവവചനത്തിന്റെ സത്യങ്ങളില്‍ ഉറപ്പിക്കപ്പെടേണ്ടതിന്. നിരവധി വര്‍ഷങ്ങളായുള്ള എന്റെ പ്രഭാഷണ, പുസ്തക പ്രസിദ്ധീകരണ ശുശ്രൂഷകളിലൊക്കെത്തന്നെ ബൈബിള്‍ മാത്രമാണ് ഞാന്‍ ഉപയോഗിച്ചിട്ടുള്ളത്. കാരണം എന്റെ വാക്കുകളെക്കാള്‍ ദൈവവചനത്തിനാണ് വിശ്വസനീയത. നിങ്ങളുടെയും പ്രഭാഷണ ജീവിതം ദൈവവചനാധിഷ്ഠിതമായിരിക്കട്ടെ.

56:2-5: ശബ്ബത്താചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു നമ്മോടു പറയുന്നു. യിസ്രായേലിനെ സംബന്ധിച്ച് അത്യധികം പ്രാധാന്യമുള്ള ഒരു കല്പനയായിരുന്നു ഇത്. എന്നാല്‍ അത് ദൈവത്തിനും യിസ്രായേലിനും ഇടയിലുള്ള ബന്ധത്തിന്റെ ഒരു അടയാളം മാത്രമായിരുന്നു (പുറ. 31:16,17). അതുകൊണ്ടു തന്നെ നമുക്ക് ഇന്ന് അത് ആചരിക്കേണ്ടതില്ല. എന്നാല്‍ അതിന്റെ ആത്മീയ സത്ത നമുക്കും ആവശ്യ മാണ്. എബ്രായര്‍ 4:1-11 നമ്മോടു പറയുന്നത് ക്രിസ്തുവില്‍ നാം പ്രവേശിക്കേണ്ട സ്വസ്ഥതയെയാണ് പഴയനിയമത്തിലെ ശാബത് നിയമം സൂചിപ്പിച്ചത് എന്നാണ്. 7-ാം വാക്യമാണ് മര്‍ക്കൊസ് 11:17-ലെ ”എന്റെ ആലയം സകല ജാതികള്‍ക്കും പ്രാര്‍ത്ഥനാലയം എന്നു വിളിച്ചിരിക്കുന്നു”എന്ന ഉദ്ധരണി. യേശുവിന്റെ കാലത്ത് ആടുകളെയും പ്രാവുകളെയും വാണിഭം നടത്തിയിരുന്നതുപോലെ അനേകം ശുശ്രൂഷകരും സഭയെ ഇന്നു തങ്ങള്‍ക്കു പണമുണ്ടാക്കാനുള്ള കച്ചവട കേന്ദ്രമാക്കി മാറ്റിയിരിക്കുന്നു. കര്‍ത്താവ് ഒരു ദിവസം ഇതിനെയെല്ലാം അടിച്ചു പുറത്താക്കും. സഭ എന്നത് കച്ചവടകേന്ദ്രമല്ല പ്രാര്‍ത്ഥനാലയമാണ്. 10,11 വാക്യങ്ങളില്‍ തന്റെ ദാസന്മാര്‍ അന്ധരും (ആത്മീയ വിവേചനമില്ലാത്തവര്‍) ഊമരുമാണ് (കള്ളന്‍ വരുന്നതറിഞ്ഞാലും കുരയ്ക്കാന്‍ കഴിയാത്ത നായ്ക്കളെപ്പോലെ). ദൈവജനത്തിന്റെ ഇടയന്മാര്‍ ദ്രവ്യാഗ്രഹികളും ഓരോ കാര്യത്തിലും സ്വാര്‍ത്ഥമതികളുമാണ്. ഇന്നു ക്രൈസ്തവ ലോകത്തു കാണുന്ന അഴിമതിയുടെ ഒരു പതിപ്പു തന്നെ.

57:1 ”നീതിമാന്‍ നശിക്കുന്നു. ആരും അതു ഗൗരവത്തോടെ ശ്രദ്ധിക്കുന്നില്ല.” ഭക്തന്മാരും ദൈവജനവും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആരും അതെക്കുറിച്ചു ചിന്തിക്കുന്നില്ല. ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ആവശ്യം നീതിമാ ന്മാരായ ദൈവഭക്തന്മാരാണ്. 15-ാം വാക്യത്തില്‍ ദൈവം വസിക്കുന്നതു രണ്ടു സ്ഥലങ്ങളിലാണെന്നു പറയുന്നു: സ്വര്‍ഗ്ഗത്തിലും മനസ്താപവും താഴ്മയുമുള്ള ഹൃദയങ്ങളിലും. നാം താഴ്മയുള്ളവരാണെങ്കില്‍ പ്രപഞ്ചത്തിന്റെ സ്രഷ്ടാവായ ദൈവം വസിക്കുന്ന മന്ദിരമാകുവാനുള്ള വിശേഷാവകാശം നമുക്കുണ്ട്. 19-ാം വാക്യത്തില്‍ ‘ദൂരസ്ഥനും സമീപസ്ഥനും സമാധാനം സമാധാനം’ എന്ന് ഉദ്‌ഘോഷിക്കുന്നു. ഇതാണ് എഫെസ്യര്‍ 2:17-ല്‍ ഉദ്ധരിച്ചിരിക്കുന്നത്. പ്രാവചനികമായി യെഹൂദനും ജാതിക്കും ക്രിസ്തുവില്‍ ഒരു ശരീരമായിത്തീരുവാനുള്ള ഐക്യതയ്ക്കായുള്ള വിളി എന്ന നിലയില്‍. 20-21 വാക്യങ്ങളില്‍ ”ദുഷ്ടന്മാര്‍ കലങ്ങിമറിയുന്ന കടല്‍പോലെയാകുന്നു. അതിന് അടങ്ങിയിരിക്കുവാന്‍ കഴികയില്ല. അതിലെ വെള്ളം ചേറും ചെളിയും മുകളിലേക്കു തള്ളുന്നു. ദുഷ്ടന്മാര്‍ക്കു സമാധാനമില്ല എന്നു ദൈവം അരുളിച്ചെയ്യുന്നു” – എന്നു കാണുന്നു. ദുഷ്ടതയുള്ള ആളുകള്‍ തങ്ങളുടെ ബന്ധങ്ങളില്‍ സമാധാനം ആഗ്രഹിക്കുന്നില്ല. പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കി നിരന്തരം സമാധാനം തകര്‍ക്കുന്നു. ദുഷ്ടരായ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും നിരന്തരം ഇങ്ങനെയാണ്.

ഭാവിയെ സംബന്ധിച്ച പ്രവചനം (58-66 അധ്യായങ്ങള്‍)

58-ാം അധ്യായം ശ്രദ്ധയോടെ പഠിക്കേണ്ട മനോഹരമായ ഒരു വേദഭാഗമാണ്. കാരണം അതില്‍ നിരവധി അത്ഭുതകരമായ വാഗ്ദത്തങ്ങള്‍ ഉണ്ട്. ശരിയായ ഉപവാസം എന്താണെന്ന് അവിടെ പറയുന്നു. ദൈവം പറയുന്നു ശരിയായ ഉപവാസം എന്നാല്‍ വിശപ്പുള്ളവനുമായി നിന്റെ ഭക്ഷണം പങ്കുവയ്ക്കുന്നതും അലഞ്ഞു നടക്കുന്നവനെ വീട്ടില്‍ ചേര്‍ത്തുകൊള്ളുന്നതും നഗ്നനെ കണ്ടാല്‍ ഉടുപ്പിക്കുന്നതും വിരല്‍ ചൂണ്ടാതിരിക്കുന്നതും മറ്റുള്ളവര്‍ക്കു നമ്മെത്തന്നെ നല്‍കുന്നതും (ശുശ്രൂഷിക്കുന്നതും) ആകുന്നു എന്ന്. ഇപ്രകാരമുള്ളവര്‍ ഇരുട്ടില്‍ വെളിച്ചം ഉദിക്കുംപോലെ പ്രകാശിക്കും. അവരുടെ മുറിവുകള്‍ക്കും രോഗങ്ങള്‍ക്കും സൗഖ്യം വരികയും കര്‍ത്താവ് അവരെ നിരന്തരം നടത്തുകയും ചെയ്യും. അവര്‍ വറ്റാത്ത ഉറവുകള്‍ പോലെ പോകുന്നേടത്തൊക്കെയും അനുഗ്രഹമാകും. അന്യരെക്കുറിച്ച് കരുതലുള്ളവര്‍ക്കു ദൈവം സമൃദ്ധമായ പ്രതിഫലം നല്‍കും.

59-ാം അധ്യായം ”അനുതപിക്കാത്ത പാപങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നതു കൊണ്ട് പലരുടേയും പ്രാര്‍ത്ഥനകള്‍ ദൈവം കേള്‍ക്കുന്നില്ല” (1,2 വാക്യങ്ങള്‍). പാപം മനുഷ്യനെ ദൈവത്തില്‍ നിന്നും അകറ്റുന്നു (വാ.2). മദ്ധ്യസ്ഥത അര്‍പ്പിക്കു വാന്‍ ആരുമില്ലായ്കകൊണ്ടു ദൈവം ആശ്ചര്യപ്പെടുന്നു. ഇന്നും അനേകം സഭകളുടെ പ്രശ്‌നം ഇതു തന്നെയാണ് (വാ.16). മറ്റുള്ളവര്‍ക്കുവേണ്ടി മദ്ധ്യസ്ഥത അര്‍പ്പിക്കുന്ന വരെ ദൈവം അന്വേഷിക്കുന്നു. 19-ാം വാക്യത്തില്‍ ”ജലപ്രളയംപോലെ ശത്രു പാഞ്ഞടുക്കുമ്പോള്‍ ദൈവത്തിന്റെ ആത്മാവ് അതിലും ഉന്നതമായ ഒരു നിലവാരം ഉയര്‍ത്തിയിരിക്കും. ദൈവം ആഗ്രഹിക്കുന്നതു സഭ സാത്താനെതിരെയുള്ള ആത്മീയ പോരാട്ടത്തില്‍ ഒരു കൊടിപോലെ ഉയര്‍ന്നു നില്ക്കണമെന്നാണ്. 21-ാം വാക്യം: ”എന്റെ ആത്മാവും എന്റെ വചനങ്ങളും നിന്റെ വായില്‍ നിന്നും നിന്റെ സന്തതിയുടെ വായില്‍ നിന്നും നിന്റെ സന്തതിയുടെ സന്തതിയുടെ വായില്‍നിന്നും ഒരു നാളും വിട്ടുപോവുകയില്ല.”ദൈവത്തിനു നമുക്കു തരാന്‍ കഴിയുന്ന ഏറ്റവും വലിയ ദാനം പരിശുദ്ധാത്മാഭിഷേകമാണ്. നമുക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അവകാശം ദൈവവചനം സംസാരിക്കാനുള്ള കഴിവുമാണ്. ദൈവം വാഗ്ദത്തം ചെയ്യുന്നത് ഈ ദാനങ്ങള്‍ നമ്മുടെ മക്കള്‍ക്കു മാത്രമല്ല, കൊച്ചുമക്കള്‍ക്കും കൂടെയാണ്. എത്ര മഹത്തായ വാഗ്ദത്തമാണ് നമുക്ക് അവകാശമാക്കുവാന്‍ കഴിയുന്നത്!

60:1 ”എഴുന്നേറ്റു പ്രകാശിക്ക. നിന്റെ പ്രകാശം വന്നിരിക്കുന്നു. യഹോവയുടെ തേജസ്സും നിന്റെമേല്‍ ഉദിച്ചിരിക്കുന്നു.” ഈ പുതിയ ഉടമ്പടിയുടെ കാലഘട്ടത്തില്‍ നമുക്കു നമ്മുടെ ജീവിതത്തില്‍ അനുഭവമാക്കാന്‍ കഴിയുന്ന ദൈവതേജസ്സിനെ ക്കുറിച്ചുള്ള ഒരു പ്രവചനമാണ് ഇത്. ”യഹോവ നിന്റെ നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സുമാകുന്നു” (വാ.19).


61:1,2 – മറ്റുള്ളവരോട് വിടുതലിന്റെ സുവിശേഷം പ്രഘോഷിക്കാന്‍ പരിശുദ്ധാ ത്മാവ് യേശുവിനെ അഭിഷേകം ചെയ്തിരിക്കുന്നു എന്നു സൂചിപ്പിക്കുന്ന പ്രവചനമാണ് ഈ വചനങ്ങള്‍. നസറേത്തിലെ പള്ളിയില്‍ തന്റെ ആദ്യ സന്ദേശം പ്രസംഗിക്കുമ്പോള്‍ യേശു വായിച്ച വേദഭാഗമിതാണ്. എന്നാല്‍ യേശു വായിക്കുമ്പോള്‍ ‘കര്‍ത്താവിന്റെ പ്രസാദവര്‍ഷം പ്രസംഗിക്കുവാനും’ വരെ വായിച്ച് നിര്‍ത്തി. ‘പ്രതികാര ദിവസത്തെ’ക്കുറിച്ചു വായിച്ചില്ല. കാരണം അതു വന്നിരുന്നില്ല (2-ാം വാക്യവും ലൂക്കൊസ് 4:19-ഉം ശ്രദ്ധിക്കുക). ദൈവത്തിന്റെ പ്രസാദത്തിന്റെ അളവും വിവരണവും ദൈവത്തിന്റെ ന്യായവിധിയും തമ്മില്‍ താരതമ്യം ചെയ്തു നോക്കുക. പ്രസാദം ഒരു മുഴു വര്‍ഷവും പ്രതികാരം ഒരു ദിവസം മാത്രവും നീണ്ടു നില്ക്കുന്നതാണ്. അതിന്റെ അനുപാതം 365: 1 എന്നു നമുക്കു പറയാം. നമ്മെ ന്യായം വിധിക്കുന്നതിനെക്കാള്‍ എത്രയോ അധികം നമ്മോടു കൃപ കാണിക്കുവാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ദൈവം നമ്മെ കാണിക്കുന്നു. നമ്മുടെ മറ്റുള്ളവ രോടുള്ള മനോഭാവവും സമാനമായിരിക്കണം. നാമും മറ്റുള്ളവരെ അനുഗ്രഹിക്കുവാനും കരുണ കാണിക്കുവാനും അവരെ വിധിക്കുന്നതിന്റെ 365 മടങ്ങ് സന്നദ്ധത കാണിക്കേണ്ടതുണ്ട്. ദൈവം നമ്മുടെ വിഷണ്ഡ മനസ്സിനു പകരം സ്തുതിയുടെ ആവരണം നല്‍കുവാനാഗ്രഹിക്കുന്നു (വാ.3). പത്താം വാക്യത്തില്‍ ദൈവം നമ്മെ ക്രിസ്തുവിന്റെ നീതി ധരിപ്പിക്കുകയും ക്രിസ്തുവിന്റെ മണവാട്ടിയുടെ അലങ്കാരങ്ങള്‍ അണിയിച്ചു മണവാട്ടിയാക്കി മാറ്റുകയും ചെയ്യും എന്നു കാണുന്നു.

62:3,4- കര്‍ത്താവുമായുള്ള നമ്മുടെ ദാമ്പത്യ ബന്ധത്തെക്കുറിച്ചു പറയുന്നു. 6,7 വാക്യങ്ങളില്‍ യെരുശലേമിന്റെ (സഭയുടെ) മതിലുകളിന്മേല്‍ കാവല്‍ക്കാരെ ആക്കിയിരിക്കുന്നു. അവര്‍ രാവും പകലും ജനങ്ങളെ പ്രബോധിപ്പിക്കയും മുന്നറി യിപ്പു നല്‍കുകയും ചെയ്യുന്നു. മദ്ധ്യസ്ഥതയുടെ ശുശ്രൂഷയ്ക്കായി വിളിച്ചിരിക്കുന്നവര്‍ കര്‍ത്താവു സഭയെ ഭൂമിയില്‍ തേജസ്സു നല്‍കി പ്രശംസാവിഷയമാക്കുവോളം നിര്‍ത്താതെ മദ്ധ്യസ്ഥത നടത്തേണ്ടതുണ്ട്. അവിടുന്നു തന്നെ അതു ചെയ്യുമെന്ന് വാഗ്ദത്തം ചെയ്തിരിക്കുന്നതിനാല്‍ (വാ.1,11) അവിടുത്തെ വാഗ്ദത്തത്തിനു വേണ്ടി നമുക്കു ധൈര്യത്തോടെ പ്രാര്‍ത്ഥനയില്‍ അപേക്ഷിക്കാം.

63:8,9- നമ്മുടെ രക്ഷിതാവ്. ”നമ്മുടെ കഷ്ടതയില്‍ അവന്‍ കഷ്ടപ്പെട്ടു. അവന്റെ സാന്നിധ്യം നമ്മെ രക്ഷിച്ചു” എന്നു നമ്മുടെ രക്ഷിതാവിനെക്കുറിച്ചു പറയുന്നു. തുടര്‍ന്നു 10-ാം വാക്യത്തില്‍ ”അവര്‍ മത്സരിച്ചു അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു.” അതുകൊണ്ടു പരിശുദ്ധാത്മാവ് അവര്‍ക്കു ശത്രുവായിത്തീര്‍ന്നു. അതു നമുക്കൊക്കെ ഭയപ്പെടുവാനുള്ള ഒരു മുന്നറിയിപ്പാണ്. യിസ്രായേല്യരെ കനാനില്‍ പ്രവേശിപ്പിച്ചതുപോലെ ഒരു സ്വസ്ഥതയുടെ ജീവിതത്തിലേക്കാണ് ആത്മാവു നമ്മെ വിളിക്കുന്നത് (വാ.14). അതിനോടു നമുക്കു പ്രതികരിക്കേണ്ടതുണ്ട്.

63:15 മുതല്‍ 64:2 വരെ തന്റെ ജനത്തിനിടയില്‍ ഒരു ഉണര്‍വ്വ് അയയ്ക്കണമേ എന്ന പ്രാര്‍ത്ഥനയാണ്. 64:2 നമുക്കും ആവര്‍ത്തിച്ചു പ്രാര്‍ത്ഥിക്കുവാന്‍ കൊള്ളാവുന്ന ഒരു പ്രാര്‍ത്ഥനയാണ്. സഭയില്‍ നമുക്ക് ആവശ്യമായിരിക്കുന്നു ഇത്. 4-ാം വാക്യമാണ് 1 കൊരിന്ത്യര്‍ 2:9-ല്‍ ഉദ്ധരിച്ചിരിക്കുന്നത്- ചെറിയ ഒരു വ്യത്യാസത്തോടെ. യെശയ്യാവില്‍ ദൈവം ഒരുക്കിയിരിക്കുന്നതു തന്നെ കാത്തിരിക്കുന്നവര്‍ക്കാണെന്നു പറയുമ്പോള്‍ 1 കൊരിന്ത്യരില്‍ അതു തന്നെ സ്‌നേഹിക്കുന്നവര്‍ക്കാണ് എന്നു പറഞ്ഞിരിക്കുന്നു. അതിന്നര്‍ത്ഥം തന്നെ സ്‌നേഹിക്കുന്നവരൊക്കെയും തനിക്കായി കാത്തിരിക്കുന്നു എന്നത്രെ. വചനത്തെ തമ്മില്‍ താരതമ്യം ചെയ്തു പഠിക്കുന്നതു പലതും മനസ്സിലാക്കുവാന്‍ നല്ലതാണ്. ഈ വേദഭാഗം തന്റെ ജനത്തിനു വേണ്ടി സ്വര്‍ഗ്ഗത്തില്‍ ഒരുക്കിയിരിക്കുന്നതിനെക്കുറിച്ചല്ല പറയുന്നത്. പുതിയ ഉടമ്പടിയിലൂടെ ഇന്ന് നമുക്കു ലഭിക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചാണ്. 1 കൊരിന്ത്യര്‍ 2:10-ല്‍ പരിശുദ്ധാത്മാവ് ഈ അത്ഭുതകാര്യങ്ങളെ നമുക്കു വെളിപ്പെടുത്തിയിരിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു. 5-ാം വാക്യത്തില്‍ ”സന്തോഷിച്ചു നീതി പ്രവര്‍ത്തിക്കുന്നവരെ നീ എതിരേല്‍ക്കുന്നു” എന്നു പറഞ്ഞിരിക്കുന്നു. നീതി പ്രവര്‍ത്തിക്കുന്നവരെ കാണു ന്നതു ദൈവത്തിന് ഇഷ്ടമാണ് എന്നല്ല സന്തോഷത്തോടെ നീതി പ്രവര്‍ത്തിക്കുന്നവരെ അവിടുന്ന് ഇഷ്ടപ്പെടുന്നു. ”നമ്മുടെ നീതി പ്രവൃത്തികളൊക്കെ കറപുരണ്ട തുണിപോലെ” എന്നു 6-ാം വാക്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ ഏറ്റവും നീതിപൂര്‍വ്വമായ പ്രവൃത്തികള്‍ പോലും ഏറ്റവും മുഷിഞ്ഞ തുണിപോലെ കാണുവാന്‍ തക്കവണ്ണം പരിശുദ്ധമാണ് അവിടുത്തെ ദൃഷ്ടി. നാം ചിലരെ വിശുദ്ധരെന്നു വിളിക്കുന്നു. എന്നാല്‍ ദൈവദൃഷ്ടയില്‍ ആരും വിശുദ്ധരായിട്ടില്ല. ദൈവം മാത്രമാണ് നല്ലവന്‍ (മര്‍ക്കൊ. 10:18). ദൈവം ഒരുവനെ അംഗീകരിക്കണമെങ്കില്‍ അവന്‍ ക്രിസ്തുവിന്റെ നീതി ധരിക്കേണ്ടിയിരിക്കുന്നു.

65:5-ല്‍ സ്വന്ത നീതിയില്‍ അഭിരമിക്കുന്നവരോടുള്ള വെറുപ്പാണ് ദൈവം വ്യക്തമാക്കുന്നത്. മറ്റുള്ളവരോട് അവര്‍ക്കുള്ള മനോഭാവം ”ഇങ്ങോട്ട് അടുത്തു വരരുത് ഞാന്‍ നിന്നെക്കാള്‍ വിശുദ്ധനാണ്” എന്ന മട്ടിലായിരിക്കും. പുക മൂക്കില്‍ പ്രവേശിക്കുമ്പോഴുണ്ടാകുന്നതു പോലെയുള്ള ശ്വാസം മുട്ടലാണ് അത്തരം ആളുകളെക്കുറിച്ചു ദൈവത്തിനുള്ളത്. മറ്റുള്ളവരെ തങ്ങളെക്കാള്‍ ഹീനരായി കാണുന്നവരോടു ദൈവ ത്തിനു വെറുപ്പാണ്. 17-ാം വാക്യം പുതിയ ആകാശം പുതിയ ഭൂമിയെക്കുറിച്ചുള്ള പ്രവചനമാണ്. 24-ാം വാക്യം നമ്മുടെ പ്രാര്‍ത്ഥനകളില്‍ അവകാശമാക്കാവുന്ന മനോഹരമായ ഒരു വാഗ്ദത്തമാണ്. ”അവര്‍ വിളിക്കുന്നതിനു മുമ്പെ ഞാന്‍ ഉത്തരമരുളും. അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഞാന്‍ കേള്‍ക്കും.” നാം കേള്‍ക്കുന്നതിനെക്കാള്‍ വേഗത്തില്‍ നമ്മെ കേള്‍ക്കുവാനും നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കുവാനും ദൈവം ആകാംക്ഷയോടെ കാത്തിരിക്കുന്നു.

66:1,2- ”സ്വര്‍ഗ്ഗം മുഴുവനും എന്റെ സിംഹാസനവും മുഴുഭൂമിയും എന്റെ പാദ പീഠവുമെങ്കില്‍ എനിക്കൊരു ആലയം (സഭ) പണിയുന്നതിനെക്കുറിച്ചു സങ്കല്പിക്കുവാന്‍ ആര്‍ക്കു കഴിയു”മെന്നു ദൈവം വെല്ലുവിളിക്കുന്നു. അനേകരും അഭിമാനത്തോടെ തങ്ങളെക്കുറിച്ച് ”സഭാ സ്ഥാപകര്‍” എന്നു പറയുന്നു. ഒരു സവിശേഷതയുള്ള ആളുകളെ മാത്രം താന്‍ അത്തരം ജോലികള്‍ ഭരമേല്പിക്കും- താഴ്മയും നുറുക്കവുമുള്ളവരെ. തന്റെ വചനത്തില്‍ വിറയ്ക്കുന്നവരെ. താഴ്മയും നുറുക്കവു മുള്ളവരെയും തന്റെ വചനത്തോടു കേള്‍ക്കുന്ന മാത്രയില്‍ തന്നെ അനുസരണം കാട്ടുന്നവരെയും അവിടുന്നു കടാക്ഷിക്കുന്നു. 5-ാം വാക്യം പറയുന്നു: തന്റെ വചനത്തില്‍ വിറയ്ക്കുന്നവര്‍ സഹോദരന്മാരാല്‍ വെറുക്കപ്പെട്ടവരും പുറത്താക്കപ്പെട്ടവരുമാണ്. സഭാചരിത്രത്തിലുടനീളം ഇതു സത്യമാണെന്നു നമുക്കു കാണാന്‍ കഴിയും. എന്നാല്‍ ദൈവം അവരോട്: അവരുടെ ശത്രുക്കള്‍ ലജ്ജിച്ചു പോകേണ്ടി വരുമെന്നു പറയുന്നു. അതുകൊണ്ടു നിങ്ങളെ തന്നെ താഴ്ത്തുകയും അവിടുത്തെ വചനത്തില്‍ വിറയ്ക്കുകയും ചെയ്യുക. കര്‍ത്താവു നിങ്ങളോടു കൂടെ ഇരിക്കും. 13-ാം വാക്യത്തില്‍ ”അമ്മ തന്റെ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കുമ്പോലെ ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കു”മെന്നു കര്‍ത്താവ് അവരോടു പറയുന്നു.

22-24 വാക്യങ്ങളില്‍ അവസാനമായി കര്‍ത്താവിന്റെ വരവില്‍ പുതിയ ആകാശവും പുതിയ ഭൂമിയും സ്ഥാപിതമാകുമെന്നു പറഞ്ഞിരിക്കുന്നു. അബ്രാഹാമിന്റെ ആത്മീയ സന്തതി നിത്യജീവനെ പ്രാപിക്കും. മറ്റുള്ളവര്‍ക്കുള്ള അവകാശം ചാകാത്ത പുഴവും കെടാത്ത തീയുമുള്ള നിത്യനരകമത്രെ.

പഴയ നിയമത്തിലെ പുസ്തകങ്ങളില്‍ പുതിയ ഉടമ്പടിയുടെ ആത്മാവില്‍ എഴുതപ്പെട്ട ഒരു പുസ്തകം തന്നെയാണ് യെശയ്യാവ്.

What’s New?