ബൈബിളിലൂടെ : യോവേല്‍

കര്‍ത്താവിന്റെ ദിവസം


യോവേല്‍, തെക്കന്‍ രാജ്യമായ യെഹൂദയിലെ ഒരു പ്രവാചകനായിരുന്നു. അദ്ദേഹത്തിന്റെ പ്രവചനം താരതമ്യേന ചെറിയ ഒന്നായിരുന്നു. തന്റെ വിഷയമാകട്ടെ കര്‍ത്താവിന്റെ നാള്‍ എന്നതും. കൂട്ടത്തോടെ എത്തിയ വെട്ടുക്കിളികള്‍ വിളകള്‍ക്കു വ്യാപക നാശം വരുത്തിയ ഒരു സമയത്താണു ദൈവം യോവേലിനെ യെഹൂദയിലേക്ക് അയച്ചത്.

ചിലപ്പോള്‍ സ്വാഭാവിക ദുരന്തങ്ങളില്‍ നാം ദൈവത്തിന്റെ കരം കാണണം- എന്തുകൊണ്ട് ദൈവം ഇതനുവദിച്ചു എന്നു നമ്മോടു പറയുന്ന ഒരു പ്രവാചകനെ അത്തരം സമയങ്ങളില്‍ നമുക്കാവശ്യമുണ്ട്.

ദാവീദിന്റെ കാലത്തു തുടര്‍ച്ചയായി മൂന്നു വര്‍ഷം ദേശത്തു ക്ഷാമമുണ്ടായതായി 2 ശമുവേല്‍ 21:1-ല്‍ നാം വായിക്കുന്നു. ഇത് അസാധാരണമാണ്. അതുകൊണ്ട് ഇതിന്റെ കാരണം അറിയാന്‍ ദാവീദ് ദൈവത്തെ അന്വേഷിച്ചു. ഇനിയും ക്രമീകരിച്ചിട്ടില്ലാത്ത വളരെ നാളായുള്ള ഒരു പാപം ദൈവം ദാവീദിനു വെളിപ്പെടുത്തി. ആ പാപത്തിനു പരിഹാരം വരുത്തിക്കഴിഞ്ഞപ്പോള്‍ പെട്ടെന്നു തന്നെ ക്ഷാമത്തിന് അവസാനമായി.

38 വര്‍ഷമായി തളര്‍വാതരോഗിയായിരുന്ന ആളിന്റെ കാര്യത്തിലെന്നപോലെ ചിലപ്പോള്‍ രോഗത്തിനു കാരണം പാപമാകാം (യോഹ. 5:14). പാപത്തില്‍ ജീവിക്കുമ്പോള്‍ കര്‍തൃമേശയില്‍ പങ്കാളികളായി കൊരിന്തു സഭയിലെ ചില വിശ്വാസികള്‍ രോഗികളാകുകയും നിദ്രകൊള്ളുകയും ചെയ്തതായി 1 കൊരിന്ത്യര്‍ 11:30 നമ്മോടു പറയുന്നു. ”നിങ്ങള്‍ക്കു രോഗശാന്തി വരേണ്ടതിനു തമ്മില്‍ പാപങ്ങളെ ഏറ്റു പറഞ്ഞ് ഒരുവനുവേണ്ടി ഒരുവന്‍ പ്രാര്‍ത്ഥിപ്പിന്‍” എന്നു യാക്കോബ് 5:16 വ്യക്തമാക്കുന്നു.

അതുകൊണ്ട് എപ്പോഴൊക്കെ ഒരു ദുരന്തമോ രോഗമോ ഉണ്ടാകുമ്പോള്‍ അതിലൂടെ ദൈവം നമ്മോട് എന്താണു പറയാന്‍ ശ്രമിക്കുന്നതെന്നു നാം നമ്മോടുതന്നെ ചോദിക്കുന്നതു നല്ലതാണ്. നമുക്ക് ഒരു അപകടം ഉണ്ടായാലും ദൈവം നമ്മോട് എന്താണു പറയുന്നതെന്നു കേള്‍ക്കുന്നതു നല്ലതാണ്. ഇതെല്ലാം സ്വാഭാവിക പ്രതിഭാസങ്ങളോ, പെട്ടെന്നുണ്ടായതോ ആണെന്നു വിശദീകരിച്ചു തള്ളിക്കളയുന്നതിനു പകരം എന്തുകൊണ്ട് ഇങ്ങനെ ചോദിച്ചുകൂടാ?: ”കര്‍ത്താവേ, ഇതിലൂടെ അവിടുന്ന് എന്നോട് എന്തോ സംസാരിക്കുകയാണോ?” അത്തരം ഒരു പ്രാര്‍ത്ഥന ഭാവിയില്‍ സംഭവിക്കാവുന്ന വലിയ അപകടങ്ങളില്‍ നിന്നു നമ്മെ രക്ഷിച്ചേക്കും.

ഞാന്‍ ഇരുചക്ര വാഹനമായ എന്റെ സ്‌കൂട്ടര്‍ ഓടിക്കുന്ന കാലത്ത് ഞാന്‍ ചില സന്ദര്‍ഭങ്ങള്‍ ഓര്‍ക്കുന്നു. 45 വര്‍ഷം സ്‌കൂട്ടര്‍ ഓടിച്ച കാലത്ത് എനിക്കു ഗുരുതരമായ അപകടങ്ങള്‍ ഉണ്ടായിട്ടില്ല. മറ്റാര്‍ക്കും അപകടങ്ങള്‍ ഉണ്ടാക്കിയിട്ടുമില്ല. പക്ഷേ വീഴ്ചകളില്‍ ചെറിയ ചില മുറിവുകളും മറ്റും ഉണ്ടായിട്ടുണ്ട്. അത്തരം ഓരോ സന്ദര്‍ഭത്തിലും അവിടുന്ന് എന്താണ് എന്നോടു പറയാന്‍ ശ്രമിക്കുന്നതെന്നു ഞാന്‍ കര്‍ത്താവിനോട് ചോദിച്ചിട്ടുണ്ട്. പലപ്പോഴും മറുപടി ഇങ്ങനെയായിരിക്കും: ”നീ വളരെ വേഗത്തിലാണു വണ്ടി ഓടിക്കുന്നത്. പതുക്കെ ഓടിക്കുക.” അത്തരം മുന്നറിയിപ്പുകള്‍ക്കായി ഞാന്‍ നന്ദിയുള്ളവനാണ്. ഞാന്‍ വേഗം കുറച്ചില്ലായിരുന്നെങ്കില്‍ സംഭവിക്കാമായിരുന്ന ഗുരുതരമായ അപകടങ്ങളില്‍ നിന്ന് അവ എന്നെ രക്ഷിച്ചു.

ഇപ്പോഴത്തെ ന്യായവിധി

യെഹൂദയില്‍ വെട്ടുക്കിളി ശല്യം രൂക്ഷമായപ്പോള്‍ അതിന്റെ പ്രാധാന്യം എന്തെന്ന് അവരോടു പറയാന്‍ ദൈവം യോവേലിനെ അവരുടെ അടുത്തേക്ക് അയച്ചു. പ്രാഥമികമായും നേതാക്കളോടാണു യോവേല്‍ സംസാരിച്ചതെന്ന കാര്യം വീണ്ടും ശ്രദ്ധിക്കുക: ”മൂപ്പന്മാരേ, ഇതു കേള്‍പ്പിന്‍. ദേശത്തിലെ സകല നിവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍. നിങ്ങളുടെ കാലത്തോ നിങ്ങളുടെ പിതാക്കന്മാരുടെ കാലത്തോ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ?”(1:2). അവരുടെ ജീവിത കാലത്തൊരിക്കലും അവര്‍ ഇങ്ങനെയൊന്ന് അനുഭവിച്ചിട്ടില്ല. ഇതാണു ദൈവം അവരോടു പറയാന്‍ ശ്രമിച്ചത്.

നിങ്ങള്‍ കേള്‍ക്കുമ്പോള്‍, നിങ്ങളുടെ പാപം മൂലം ദൈവം നിങ്ങളെ ശാസിക്കുകയാണെന്നു മനസ്സിലായാല്‍, നിങ്ങള്‍ക്ക് അനുതപിച്ചു കാര്യങ്ങള്‍ ക്രമീകരിക്കാമല്ലോ. അപ്പോള്‍ വരുംവര്‍ഷങ്ങളില്‍ നിങ്ങള്‍ക്ക് അതേക്കുറിച്ചു നിങ്ങളുടെ കുട്ടികളോടു പറയാം (1:3). അപ്പോള്‍ അവര്‍ക്കു നിങ്ങള്‍ ചെയ്ത തെറ്റില്‍നിന്ന് ഒരു പാഠം എടുത്ത് ആ തെറ്റ് ആവര്‍ത്തിക്കാതിരിക്കാം. ഇങ്ങനെ ദൈവത്തിന്റെ വഴികള്‍ ഒരു തലമുറയില്‍ നിന്ന് അടുത്ത തലമുറയ്ക്കു പഠിക്കാം- അങ്ങനെ എല്ലാവര്‍ക്കും ദൈവഭയം എന്തെന്നു മനസ്സിലാക്കാം.

എന്നാല്‍ ജനം അതിരുകടന്ന ആത്മവിശ്വാസം ഉള്ളവരാണെങ്കില്‍ അവര്‍ ഇങ്ങനെ പറയും: ”ഞങ്ങള്‍ തെറ്റായി ഒന്നും ചെയ്തില്ല.” അതുകൊണ്ട് യോവേല്‍ മദ്യപന്മാരോട് ഉണര്‍ന്നു മുറയിടുവാന്‍ ആവശ്യപ്പെടുന്നു (1:5). നിങ്ങളുടെ ശുശ്രൂഷയില്‍ എന്തുകൊണ്ടാണ് ഒരു ഫലവുമില്ലാത്തതെന്നു കാണുക. എന്തുകൊണ്ടാണു മുന്തിരിവള്ളി ശൂന്യമായിരിക്കുന്നതെന്നും പുതുവീഞ്ഞു വായ്ക്ക് അറ്റു പോയിരിക്കുന്നതെന്നും നിങ്ങളോടു തന്നെ ചോദിക്കുക (1:7). നമ്മള്‍ ഫലമില്ലാത്തവരാകണം എന്നതാണോ ദൈവേഷ്ടം? അല്ല. ‘നാം നിലനില്ക്കുന്ന ഫലം കായ്ക്കുന്നവരായിരിക്കണ’മെന്ന് യേശു വ്യക്തമായി പഠിപ്പിച്ചു (യോഹ. 15:16). നമ്മള്‍ ഫലമുള്ളവരാകണം എന്നതാണു ദൈവഹിതം. സ്വഭാവത്തില്‍, ആത്മാവിന്റെ ഫലം പുറപ്പെടുവിക്കുന്നതില്‍, ശുശ്രൂഷയില്‍ (നമ്മുടെ പ്രത്യേക വിളി എന്തായാലും) എല്ലാം നാം ഫലം പുറപ്പെടുവിക്കുന്നവരാകണമെന്നു ദൈവം ആഗ്രഹിക്കുന്നു.

പക്ഷേ ഇവിടെ യോവേല്‍ പറയുന്നു: ”വെട്ടുക്കിളി നിങ്ങളുടെ ഫലം നശിപ്പിച്ചു. പക്ഷേ നിങ്ങള്‍ അതേപ്പറ്റി ചിന്തയുള്ളവരല്ല” (1:4 പരാവര്‍ത്തനം).

ദൈവജനത്തിന്റെ ജീവിതത്തില്‍ നിന്നു സന്തോഷം മാഞ്ഞുപോയിരിക്കുന്നു (1:12). നിങ്ങള്‍ക്കു നിങ്ങളുടെ സന്തോഷം നഷ്ടമായെങ്കില്‍ നിങ്ങള്‍ ഒരു പിന്മാറ്റക്കാരനായി എന്നു നിങ്ങള്‍ക്ക് ഉറപ്പിക്കാം. യേശുവിന്റെ ഒരു യഥാര്‍ത്ഥ ശിഷ്യന്‍ എപ്പോഴും സന്തോഷഭരിതനായിരിക്കും. അവനു പല തരത്തിലുള്ള പരീക്ഷകളും സങ്കടങ്ങളും ഉണ്ടായിരിക്കാം. പക്ഷേ അതിലെല്ലാം അവനു സന്തോഷമുണ്ടായിരിക്കും. പിറുപിറുപ്പും പരാതിയും പിന്മാറ്റത്തിന്റെ ലക്ഷണങ്ങളാണ്.

എപ്പോഴാണ് യിസ്രായേല്‍ മക്കള്‍ പിറുപിറുത്തത്? അവര്‍ മരുഭൂമിയിലായിരുന്നപ്പോള്‍. പിറുപിറുത്തതിനു ദൈവം അവരെ നശിപ്പിച്ചു. 1 കൊരിന്ത്യര്‍ 10:10,11-ല്‍ നാം അവരെപ്പോലെ പിറുപിറുക്കരുതെന്നു മുന്നറിയിപ്പു നല്‍കുന്നു. ഭക്ഷണം പാചകം ചെയ്തതു ശരിയായില്ലെന്നു നിങ്ങള്‍ പരാതിപ്പെട്ടാല്‍ നിങ്ങള്‍ ഇപ്പോഴും മരു ഭൂമിയിലാണ്. അതോര്‍ക്കുക. എപ്പോള്‍ സന്തോഷം മാഞ്ഞുപോയോ അപ്പോള്‍ നിങ്ങള്‍ ഒരു പിന്മാറ്റക്കാരനായി. അപ്പോള്‍ നിങ്ങള്‍ എന്താണു ചെയ്യേണ്ടത്? ദൈവത്തിന്റെ അടുത്തേക്കു പോയി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും കരയുകയും ചെയ്യുക- പ്രത്യേകിച്ചും നേതാക്കളും പ്രസംഗകരും (1:12-14). ആളുകളെ ഒന്നിച്ചു കൂട്ടുക. അവരോടു പ്രാര്‍ത്ഥിക്കാനും ഉപവസിക്കാനും പറയുക. കാരണം സഭയില്‍ ഫലം കാണുന്നില്ല- സ്വഭാവത്തില്‍ വളര്‍ച്ചയോ ശുശ്രൂഷയില്‍ ഫലമോ ഇല്ല.

പരിശുദ്ധാത്മ പകര്‍ച്ചയ്ക്കു മുന്‍പായി അനുതാപം

സീയോനില്‍ (സഭയില്‍) കാഹളം ഊതുകയും അയ്യം വിളിക്കുകയും ചെയ്യുക. കാരണം ഇതു വളരെ ഗൗരവമുള്ള കാര്യം ആകയാല്‍ യഹോവയുടെ ദിവസം വരുന്നതിനു മുന്‍പ് ഇതു ക്രമീകരിക്കേണ്ടതുണ്ട് (2:1). ദൈവത്തോട് ഇപ്പോള്‍ കാര്യങ്ങള്‍ ക്രമീകരിക്കുകയും തങ്ങളുടെ പാപങ്ങള്‍ ഏറ്റുപറയുകയും ചെയ്യാത്ത എല്ലാവര്‍ക്കും യഹോവയുടെ ദിവസം ഇരുട്ടും മ്ലാനതയുമുള്ള ദിവസമായിരിക്കും. ശിക്ഷയുടെ ദിവസം വാസ്തവത്തില്‍ വരാന്‍ പോകുന്ന വലിയ ന്യായവിധിക്കായി തയ്യാറാവുക എന്ന മുന്നറിയിപ്പു മാത്രമാണ്. ദൈവത്തിലേക്കു തിരിയാന്‍ നാം ഭയപ്പെടേണ്ട. കാരണം അവിടുന്നു കരുണയും കൃപയും നിറഞ്ഞവനാണ് (2:13). അവിടുന്നു മഹാദയയുള്ളവനാണ്. നമ്മെ ശിക്ഷിക്കാനല്ല അവിടുത്തേക്കു താത്പര്യം. നമുക്ക് അനുഗ്രഹം നല്‍കാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അതുകൊണ്ടു നമുക്കു തന്നെ അന്വേഷിക്കാം (2:14.15).

ദൈവത്തിന്റെ ജനത്തെ മുഴുവന്‍ ഒരു സഭയെപ്പോലെ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും വിളിക്കാന്‍ ഇവിടെ നമ്മെ ഉത്സാഹിപ്പിക്കുന്നു. മൂപ്പന്മാര്‍, ഇളയവര്‍, മണവാളന്‍, മണവാട്ടി എന്നു വേണ്ട എല്ലാവരും വരണം. അവരെല്ലാം ഇങ്ങനെ പ്രാര്‍ത്ഥിക്കട്ടെ: ”ദൈവമേ നിന്റെ ജനത്തോടു ക്ഷമിക്കേണമേ. ജാതികളുടെ മുന്‍പില്‍ ഞങ്ങള്‍ നിന്ദാപാത്രമായി മാറരുതേ” (2:16,17).

ലോകത്തിലെ മിക്ക രാജ്യങ്ങളിലും ക്രിസ്ത്യാനികള്‍ ജാതികളുടെ ഇടയില്‍ പരിഹാസ്യരാകുന്നുണ്ടെന്നു നിങ്ങള്‍ക്കറിയാമോ? ഇന്ത്യയിലെ ഒരു നഗരത്തില്‍ അടുത്ത കാലത്ത് ഒരു ക്രിസ്തീയ പ്രസംഗകന്‍ രോഗികളെ സൗഖ്യമാക്കുമെന്ന് അവകാശപ്പെട്ട് ഒരു യോഗം നടത്തി. ‘കുരുടര്‍ കാണുന്നു, മുടന്തര്‍ നടക്കുന്നു, ബധിരര്‍ കേള്‍ക്കുന്നു…’ എന്നെല്ലാം പരസ്യം ചെയ്തായിരുന്നു യോഗം. ക്രിസ്തീയ വിരുദ്ധരായ ചിലര്‍, ചില രോഗികളെയും (പൂര്‍ണ അന്ധതയെക്കാള്‍ വളരെ കുറഞ്ഞ രോഗങ്ങളുള്ള ചിലര്‍) രോഗസൗഖ്യം പരിശോധിക്കാന്‍ ഒരു ഡോക്ടറേയും കൊണ്ടുവന്നിട്ട് വരപ്രാപ്തനോട് രോഗികളെ സൗഖ്യമാക്കാന്‍ ആവശ്യപ്പെട്ടു. ഒരാളെപ്പോലും സൗഖ്യമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. അപ്പോള്‍ അവര്‍ അദ്ദേഹത്തെയും സംഘാംഗങ്ങളെയും പരിഹസിക്കുകയും അവര്‍ക്ക് രോഗികളെ സൗഖ്യമാക്കാന്‍ കഴിവില്ലാതിരിക്കെ വ്യാജ അവകാശവാദം ഉന്നയിച്ച് ആരെയും കബളിപ്പിക്കരുതെന്ന് പറയുകയും ചെയ്തു. ഇവര്‍ പറഞ്ഞതിനോട് ഞാന്‍ 100% യോജിക്കുന്നു. തെറ്റായ അവകാശവാദം ഉന്നയിച്ച് നാം ആളുകളെ കബളിപ്പിക്കരുത്. ഇതു മൂലമാണ് ഇന്ന് യേശുവിന്റെ നാമം രാജ്യത്തു നിന്ദിക്കപ്പെടുന്നത്.

നമുക്ക് ഇല്ലാത്ത വരങ്ങള്‍ ഉണ്ടെന്നു നാം അവകാശപ്പെടരുത്. നിങ്ങള്‍ക്കു രോഗശാന്തി വരം ഉണ്ടെങ്കില്‍ പോയി അത് ഉപയോഗിക്കുക- ആളുകള്‍ക്ക് യേശു വിന്റെ കാലത്തെന്നതുപോലെ യഥാര്‍ത്ഥ സൗഖ്യം ലഭിക്കട്ടെ. എന്നാല്‍ നിങ്ങള്‍ക്ക് അങ്ങനെ ഒരു വരം ഇല്ലാതിരിക്കെ അങ്ങനെ ഉണ്ടെന്ന് അവകാശപ്പെടാതിരിക്കുക. യേശു ചുറ്റി നടന്നു തന്റെ രോഗശാന്തി വരത്തെക്കുറിച്ച് പരസ്യം ഒന്നും നടത്തിയില്ല. യേശുവിനു പരസ്യത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. കാരണം യേശു യഥാര്‍ത്ഥത്തില്‍ രോഗികളെ സൗഖ്യമാക്കി; എല്ലാവരും പരസ്യമൊന്നും ഇല്ലാതെ തന്നെ ഉടനടി അതു മനസ്സിലാക്കുകയും ചെയ്തു.

അങ്ങനെ യഹോവ തന്റെ ദേശത്തിനു വേണ്ടി തീക്ഷ്ണത കാണിച്ചു തന്റെ ജനത്തെ ആദരിച്ചു” (2:18). നാം യഥാര്‍ത്ഥത്തില്‍ അനുതപിക്കുകയും പാപങ്ങള്‍ ഏറ്റുപറയുകയും ചെയ്താല്‍ അവിടുന്ന് അതു കണക്കിലെടുത്തു തന്റെ നാമത്തിന്റെ മഹത്വത്തിനായി നമുക്കു മറുപടി നല്‍കും. അവിടുന്ന് എങ്ങനെയാണു നമുക്കു മറുപടി നല്‍കുന്നത്? അവിടുന്നു തന്റെ ആത്മാവിനെ നമ്മുടെ മേല്‍ പകരും. ”ഞാന്‍ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും. നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും. നിങ്ങളുടെ യൗവനക്കാര്‍ ദര്‍ശനങ്ങളെ ദര്‍ശിക്കും” (2:28). പെന്തക്കൊസ്തു നാളില്‍ പത്രൊസ് ഉദ്ധരിച്ചതും നിറവേറിയതും ഈ വാക്യമാണ്. മാളികമുറിയില്‍ 10 ദിവസം അവര്‍ 120 പേര്‍ ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും അനുതപിക്കുകയും ദൈവത്തെ അന്വേഷിക്കുകയും ചെയ്ത് ഇങ്ങനെ പ്രാര്‍ത്ഥിച്ചു: ‘കര്‍ത്താവേ, നിന്റെ ജനം ഈ യെരുശലേമില്‍ നിന്ദാപാത്രമാകുവാന്‍ അനുവദിക്കരുതേ.” അപ്പോള്‍ പരിശുദ്ധാത്മാവ് അവരുടെ മേല്‍ വന്നു, അവര്‍ പുറപ്പെട്ടു പോയി. ഒരിക്കല്‍ ദൈവനാമം അപമാനിക്കപ്പെട്ടിടത്ത് അതു മഹത്വപ്പെടുവാന്‍ ഇടയായി. അതുകൊണ്ട് കാഹളം ഊതുവാനും ഒരു ഉപവാസം പ്രസിദ്ധമാക്കി ജനത്തെ കൂട്ടി വരുത്തി പ്രാര്‍ത്ഥനയോടെ ദൈവത്തെ അന്വേഷിക്കുവാനും ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കട്ടെ. ഇന്ന് ഈ രാജ്യത്ത് യേശുവിന്റെ നാമം അപമാനിക്ക പ്പെട്ടിരിക്കുന്നതില്‍ ഭാരമുള്ള ജനം ഒന്നിച്ചു കൂടട്ടെ. യോവേലിന് ഇന്നു നമ്മോടുള്ള പ്രവചനം എത്ര ശ്രദ്ധേയം! ഇപ്പോള്‍ ദൈവത്തെ അന്വേഷിക്കുക. വളരെ വേഗം കര്‍ത്താവിന്റെ നാള്‍ വരും.

കര്‍ത്താവിന്റെ നാള്‍ അന്തിമമായി വരുമ്പോള്‍ ആകശത്തിലും ഭൂമിയിലും പല അത്ഭുതങ്ങളും ഉണ്ടാകും. രക്തവും തീയും പുകത്തൂണും തന്നേ. ആ നാളിനു മുന്‍പേ, ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവന്‍ ഏവനും രക്ഷിക്കപ്പെടും (2:30-32).

കര്‍ത്താവിന്റെ വരാന്‍ പോകുന്ന ദിനം

മൂന്നാം അധ്യായം ന്യായവിധി ദിവസത്തെക്കുറിച്ചും ക്രിസ്തുവിന്റെ ആയിരമാണ്ടു വാഴ്ചയെക്കുറിച്ചും വിവരിക്കുന്നു. ആ ദിനം വരുന്നതിനു മുന്‍പ് നാം ചിന്തിക്കേണ്ട പല കാര്യങ്ങളുണ്ട്. വിധിയുടെ താഴ്‌വരയില്‍ അസംഖ്യ സമൂഹങ്ങള്‍ കാത്തു നില്ക്കുന്നു (3:14). ഏതു വഴിക്കു തിരിയണമെന്നറിയാതെ ദശലക്ഷക്കണക്കിന് ആളുകളാണു വിധിയുടെ വിശാല താഴ്‌വരയില്‍ കാത്തു നില്ക്കുന്നത്. ഇതാണു നാം ജീവിക്കുന്ന കാലം. വിധിയുടെ ഈ താഴ്‌വരയില്‍ കര്‍ത്താവിന്റെ നാള്‍ വേഗം വരും. അവിടുത്തെ സ്വരം സീയോനില്‍ നിന്നു ഗര്‍ജ്ജിക്കും. എന്നാല്‍ ദൈവം ആ സമയത്തു തന്റെ ജനത്തിനു ശരണവും ദുര്‍ഗ്ഗവും ആയിരിക്കും (3:16). ഇന്നു നാം ദൈവത്തിന്റെ ഈ ന്യായവിധി നാളിനായി ഒരുങ്ങുവാന്‍ ഈ ജനസമൂഹത്തിനു മുന്നറിയിപ്പു നല്‍കണം. ദൈവം അന്നു തന്റെ സമാധാന രാജ്യം ഈ ഭൂമിയില്‍ സ്ഥാപിക്കും (3:17,18).

”ഈജിപ്ത് ശൂന്യമായിത്തീരുകയും ഏദോം നിര്‍ജ്ജന മരുഭൂമിയായി ഭവിക്കയും ചെയ്യും” (3:19). നമുക്ക് മൂന്നു ശത്രുക്കളാണുള്ളത്- ലോകം, ജഡം, പിശാച്. അവ മൂന്നും ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു- ഈജിപ്ത് (ലോകം), അതിന്റെ ഭരണാധികാരി ഫറവോന്‍ (പിശാച്), ഏദോം (ജഡം). ഏശാവിന്റെ വംശപരമ്പരയാണ് ഏദോം. ഏശാവും യാക്കോബും തമ്മിലുള്ള സംഘര്‍ഷം ജഡവും ആത്മാവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഒരു ചിത്രമാണ്. ആ നാളില്‍ ദൈവം ഈ മൂന്നു ശത്രുക്കള്‍ക്കും മരണകരമായ ഒരു കനത്ത പ്രഹരം നല്‍കും- കാരണം അവര്‍ ദൈവജനത്തെ പലവര്‍ഷങ്ങള്‍ ആക്രമിച്ചവരാണ്.

”യെരുശലേമിനു നിവാസികളുണ്ടാകും… യഹോവ സീയോനില്‍ വസിച്ചുകൊണ്ടിരിക്കും” (3:20,21). സഭയിലെ തന്റെ ജനങ്ങളുമായി കര്‍ത്താവു സ്ഥിരമായി തന്റെ ഭവനം പണിയും. എല്ലാ പ്രവചനങ്ങളുടെയും ആത്യന്തിക ലക്ഷ്യം അതാണ്: ദൈവം തന്റെ ജനത്തിന്റെ മധ്യത്തില്‍ വസിക്കുക.

ഇന്നു ഞാനും നിങ്ങളും ദൈവജനത്തെ അനുതാപത്തിലേക്ക് ആഹ്വാനം ചെയ്യണം. വിഗ്രഹങ്ങളെ വിട്ട് പ്രാര്‍ത്ഥനയോടും ഉപവാസത്തോടും ദൈവത്തെ അന്വേഷിക്കാന്‍ ആവശ്യപ്പെടണം. എല്ലാ പ്രവാചകന്മാരുടെയും ഭാരം വിശുദ്ധിക്കു വേണ്ടിയായിരുന്നു: നിങ്ങളുടെ വിഗ്രഹങ്ങളെ ഉപേക്ഷിക്കുക, ജീവിതത്തില്‍ ദൈവത്തെ ഒന്നാമതു വയ്ക്കുക. ജീവിതത്തില്‍ ഒരു വിഗ്രഹവും ഇല്ലാതിരിക്കുന്നതാണ് യഥാര്‍ത്ഥ വിശുദ്ധി. നമ്മുടെ മുഴു ഹൃദയത്തെയും ദൈവം തന്നെ നിറയ്ക്കുന്നതാണ് വിശുദ്ധി. ഇന്ന് ഈ കാര്യം പ്രഘോഷിക്കാനാണു നമ്മുടെ വിളി. അങ്ങനെ ദൈവത്തിനു സന്തോഷത്തോടെ വസിക്കാനുള്ള ഒരു ഇടമായി സഭ ആയിരിക്കട്ടെ.