ബൈബിളിലൂടെ : യോന

എല്ലാ ജനതകളോടുമുള്ള ദൈവത്തിന്റെ സ്‌നേഹം



പഴയ നിയമത്തില്‍ 16 പ്രവചന പുസ്തകങ്ങളാണ് (യെശയ്യാവ് മുതല്‍ മലാഖി വരെ) ഉള്ളത്. ഈ 16 പ്രവാചകന്മാരില്‍ യോന മാത്രമാണു യിസ്രായേലിനോടോ യെഹൂദാ ജനതയോടോ ഒന്നും പ്രവചിക്കാതിരുന്നത്. അദ്ദേഹം നിനെവേയോടു മാത്രമാണു പ്രവചിച്ചത്. യോനയുടെ പുസ്തകം വാസ്തവത്തില്‍ ഒരു പ്രവചനമല്ല, ഒരു ചരിത്ര പുസ്തകമാണ്.

ഒരു മൂന്നാമന്റെ ഭാഗത്തു നിന്നുകൊണ്ട് യോന തന്നെയാകണം ഈ പുസ്തകം എഴുതിയത്. എല്ലാ ജനങ്ങളോടുമുള്ള ദൈവത്തിന്റെ വലിയ സ്‌നേഹത്തെ തെളിയിക്കുന്ന ഒരു കഥയാണിത്. പഴയ നിയമത്തിലെ ഏറ്റവും മഹത്തായ മിഷനറി ഗ്രന്ഥമാണു യോന. യെഹൂദാ ജനത്തിന്റെ ഇടുങ്ങിയ മനസ്സിനെയും ദൈവത്തിന്റെ വിശാല ഹൃദയത്തെയുമാണ് ഈ പുസ്തകം തെളിയിക്കുന്നത്. ഭൂമിയിലെ അന്നത്തെ ഏറ്റവും ദുഷ്ടതയേറിയ രാജ്യം അസ്സീറിയയും അതിന്റെ തലസ്ഥാനം നിനെവേയുമായിരുന്നു. അങ്ങനെയുള്ള രാജ്യത്തോടു പോലും ദൈവത്തിനു താല്പര്യവും സ്‌നേഹവുമാണുണ്ടായിരുന്നത്.

ദൈവത്തിനു നിനെവേയിലേക്ക് അയയ്ക്കാന്‍ ഒരു സന്ദേശവാഹകനെ ആവശ്യമുണ്ടായിരുന്നു. യോനയെ അവിടുന്ന് അതിനു തിരഞ്ഞെടുത്തു. അതൊരു വലിയ ബഹുമതിയായിരുന്നു- യോനയാണ് പുറംലോകത്തേക്ക്, യെഹൂദേതര രാജ്യങ്ങളിലേക്ക് അയയ്ക്കപ്പെട്ട ആദ്യ മിഷനറി. പക്ഷേ അനുസരണക്കേടു മൂലം യോന ആ ബഹുമതി ഏറെക്കുറെ നഷ്ടമാക്കി.

തന്റെ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ദൈവം എത്രയേറെ മാനുഷിക ഉപകരണങ്ങളെ ആശ്രയിക്കുന്നു എന്നത് നാം ഇവിടെ വീണ്ടും കാണുകയാണ്. ദൂതു വാഹകന്‍ ദൈവത്തോടു സഹകരിക്കാന്‍ വിസ്സമ്മതിച്ചാല്‍ അവിടുന്ന് ഒരര്‍ത്ഥത്തില്‍ പരിമിതപ്പെട്ടു. ആ പാത്രം തയ്യാറാകുന്നതു വരെ ദൈവത്തിനു കാത്തിരിക്കേണ്ടി വരുന്നു- മോശെയുടെ കാര്യത്തിലെന്നപോലെ. ഈജിപ്തില്‍ നിന്നു പുറപ്പെടാന്‍ യിസ്രായേല്‍ തയ്യാറായിരുന്നെങ്കിലും മോശെ തയ്യാറായിരുന്നില്ല. അതുകൊണ്ട് ദൈവം മോശെയെ ഒരുക്കി എടുക്കുന്ന സമയം വരെ യിസ്രായേല്‍ പുറപ്പാടിനായി കാത്തിരിക്കേണ്ടി വന്നു.

സമാനമായ കാര്യമാണു നാം ഇവിടെയും കാണുന്നത്. നിനെവേയ്ക്കു ദൈവത്തിന് ഒരു ദൂതു കൊടുക്കണമായിരുന്നു. എന്നാല്‍ അതിനു മുന്‍പ് ദൈവത്തിനു തന്റെ ദാസനെ അതിനായി ഒരുക്കി എടുക്കേണ്ടതുണ്ടായിരുന്നു. ഇവിടെ അസ്സീറിയക്കാരെക്കുറിച്ചു യോനയ്ക്കു ഒരു മുന്‍വിധിയായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടു തന്നെ അവരുടെ അടുത്തേക്കു പോകാന്‍ അവനു താല്പര്യമില്ലായിരുന്നു. പിന്നീടു പത്രൊസിനു ജാതികളുടെ അടുത്തേക്ക് (കൊര്‍ന്നല്യോസിന്റെ ഭവനത്തില്‍) പോകാനുണ്ടായ മടിപോലെ ആയിരുന്നു ഇതും. മുന്‍വിധി ഒരു ശക്തമായ മനോഭാവമാണ്. നമുക്കെല്ലാം ഏതെങ്കിലും തരം മുന്‍വിധികള്‍ ഉണ്ട്. എന്നാല്‍ ഈ മുന്‍വിധികളെ തകര്‍ക്കാന്‍ നാം ദൈവത്തെ അനുവദിച്ചില്ലെങ്കില്‍ ദൈവത്തിനായുള്ള നമ്മുടെ ശുശ്രൂഷ പരിമിതപ്പെട്ടുപോകും. ദൈവം തുടര്‍ന്നും നമ്മെ ഉപയോഗിച്ചേക്കാം. എന്നാല്‍ നമ്മെ ഉപയോഗിക്കാന്‍ കഴിയുന്നതിന്റെ അളവില്‍ ദൈവവും പരിമിതപ്പെട്ടു പോകും. കാരണം നമ്മുടെ ഹൃദയത്തെക്കാള്‍ വളരെ വിശാലമാണ് അവിടുത്തെ ഹൃദയം.

യിസ്രായേലിന് 600 കിലോമീറ്റര്‍ കിഴക്കാണു നിനെവേ. യോനയെ സംബന്ധിച്ചിട ത്തോളം അതൊരു ദീര്‍ഘമായ യാത്രയായിരുന്നു. പക്ഷേ അതായിരുന്നില്ല യോനയുടെ പ്രധാന തടസ്സം. അന്നു ലോകത്തിലെല്ലാവരും അസ്സീറിയക്കാരെ വെറുത്തിരുന്നു. കാരണം അവര്‍ അത്രയേറെ ക്രൂരരായിരുന്നു. ദുഷ്ടരായ ഈ അസ്സീറിയക്കാര്‍ അവരുടെ പാപത്തെക്കുറിച്ചു പശ്ചാത്തപിക്കണമെന്നു യോന ആഗ്രഹിച്ചില്ല. കാരണം അവര്‍ പശ്ചാത്തപിച്ചാല്‍ ദൈവം അവരെ വെറുതെ വിടുമെന്ന് അവനറിയാമായിരുന്നു. അപ്പോള്‍ അവര്‍ വന്നു യിസ്രായേലിനെ നശിപ്പിക്കുമെന്ന് അവന്‍ പേടിച്ചു.

യോനയുടെ ആദ്യ ദൗത്യം

ഈ പുസ്തകത്തിനു രണ്ടു ഭാഗങ്ങളുണ്ട്. ഇതിലെ ആദ്യ രണ്ട് അധ്യായങ്ങള്‍ യോനയ്ക്കു ലഭിച്ച ആദ്യത്തെ നിയോഗത്തെക്കുറിച്ചും അടുത്ത രണ്ട് അധ്യായങ്ങള്‍ യോനയ്ക്കുള്ള രണ്ടാമത്തെ നിയോഗത്തെക്കുറിച്ചും പറയുന്നു.

യോനയ്ക്കുണ്ടായ ദൈവത്തിന്റെ ആദ്യ അരുളപ്പാടിങ്ങനെയായിരുന്നു: ”നീ മഹാനഗരമായ നിനെവേയില്‍ ചെന്ന് അതിനെതിരെ പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്റെ സന്നിധിയില്‍ എത്തിയിരിക്കുന്നു” (1:1,2). എന്നാല്‍ യോന കിഴക്കോട്ടു പോകുന്നതിനു പകരം പടിഞ്ഞാറോട്ടാണു പോയത്. അയാള്‍ യോപ്പയില്‍ എത്തി. അവിടെ തര്‍ശ്ശീശിലേക്ക് പോകുന്ന ഒരു കപ്പല്‍ കണ്ട് യാത്രക്കൂലി കൊടുത്തു കയറി യഹോവയുടെ സന്നിധിയില്‍ നിന്ന് ഓടിപ്പോകാന്‍ ഒരുങ്ങി (1:3).

യോനയുടെ കയ്യില്‍ യാത്രക്കൂലി ഉണ്ടായിരുന്നു. അതുമൂലം അവനു ദൈവഹിതം നഷ്ടമായി. എന്നാല്‍ തര്‍ശ്ശീശിലേക്കു പോകുവാനുള്ള ടിക്കറ്റു വാങ്ങുവാന്‍ യോനയുടെ പക്കല്‍ പണം ഉണ്ടായിരുന്നില്ലെങ്കില്‍ അതെത്ര അനുഗൃഹീതമാകുമായിരുന്നു! ദൈവം നമ്മോട് ഒരു സ്ഥലത്തു പോകുവാന്‍ പറയുന്നു. എന്നാല്‍ നമുക്ക് മറ്റൊരു സ്ഥലത്തു പോകുവാനാണ് ആഗ്രഹം. അങ്ങനെയുള്ളപ്പോള്‍ നമുക്കു താത്പര്യമുള്ള സ്ഥലത്തു പോകുവാനുള്ള യാത്രക്കൂലി നമ്മുടെ കയ്യിലില്ലെങ്കില്‍ അതു നല്ലതാണ്.

പല ക്രിസ്തീയ പ്രവര്‍ത്തകരും ഒരു സ്ഥലത്തേക്കു പോകുവാനുള്ള യാത്രക്കൂലി കൈവശം ഉണ്ടെങ്കില്‍ അത് അങ്ങോട്ടു പോകുവാനുള്ള ദൈവഹിതമായി കരുതുന്നവരാണ്. ഈ ചിന്താഗതി ശരിയാണെങ്കില്‍ തര്‍ശ്ശീശിലേക്ക് യോന ഓടിപ്പോകുമ്പോള്‍ അവന്‍ ദൈവഹിതത്തിലായിരുന്നു!! എങ്ങോട്ടെങ്കിലും പോകാനോ എന്തെങ്കിലും വാങ്ങാനോ മതിയായ പണം നിങ്ങളുടെ കൈവശം ഉണ്ടെങ്കില്‍ അതു നിങ്ങളെ സംബന്ധിച്ച ദൈവഹിതം ആണെന്നര്‍ത്ഥമില്ല. മറിച്ച് അതു വാങ്ങേണ്ട എന്നും മറ്റൊരു സ്ഥലത്തു പോകുക എന്നും ആയിരിക്കും നിങ്ങളെക്കുറിച്ചു ദൈവം ആഗ്രഹിക്കുന്നത്. പണം ഒരു വലിയ വഞ്ചകനാണ്. മതിയായ പണം ഉണ്ടെന്നുള്ളത് എവിടെ പോകണം, എന്തു വാങ്ങണം എന്നു തീരുമാനിക്കാനുള്ള കാരണമാകരുത്.

യോന ദൈവഹിതത്തില്‍ നിന്നു മാറിപ്പോയപ്പോള്‍ ദൈവം സമുദ്രത്തില്‍ ഒരു പെരുങ്കാറ്റ് അടിപ്പിച്ചു. സമുദ്രത്തില്‍ വലിയൊരു കോള്‍ ഉണ്ടായി- കപ്പല്‍ തകര്‍ന്നു പോകുവാന്‍ തുടങ്ങി. കപ്പലിലുള്ളവര്‍ ഭയപ്പെട്ട് ഓരോരുത്തന്‍ താന്താന്റെ ദേവനോടു നിലവിളിച്ചു. എന്നാല്‍ കൊടുങ്കാറ്റ് ശമിച്ചില്ല. കപ്പലിലുള്ള എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങളോട് നിലവിളിച്ചു പ്രാര്‍ത്ഥിക്കുമ്പോള്‍ യഥാര്‍ത്ഥ ദൈവത്തെ അറിയുന്ന ആ കപ്പലിലുള്ള ഒരേ ഒരാള്‍ കിടന്നുറങ്ങുകയാണ്! കപ്പലിലുള്ളവര്‍ യോനയെ വിളിച്ചുണര്‍ത്തി അവനോടും തന്റെ ദൈവത്തോടു പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ അനര്‍ത്ഥം ആരുടെ നിമിത്തം ഉണ്ടായി എന്നറിയാന്‍ ചീട്ടിട്ടു നോക്കാനും അവര്‍ തീരുമാനിച്ചു. ദൈവം തന്റെ സര്‍വജ്ഞതയില്‍ ചീട്ട് യോനയ്ക്കു വീഴുവാന്‍ ഇടയാക്കി. കപ്പലിലുള്ള ബാക്കി എല്ലാവരും യോനയെക്കാള്‍ വലിയ പാപികളാണ്. എന്നാല്‍ കൊടുങ്കാറ്റുണ്ടായതാകട്ടെ യോനയുടെ നിമിത്തവും! അവിശ്വാസികളുടെ ജീവിതത്തിലുള്ള അനേക മടങ്ങു പാപത്തെക്കാള്‍ ഒരു ദൈവപൈതലിന്റെ അനുസരണക്കേടാണു ദൈവത്തിനു കൂടുതല്‍ ഗൗരവതരം. ”ഭൂമിയിലെ സകല വംശങ്ങളില്‍ നിന്നു നിങ്ങളെ മാത്രം ഞാന്‍ സ്വന്തമായി തിരഞ്ഞെടുത്തു. അതുകൊണ്ടു നിങ്ങളുടെ അപരാധങ്ങള്‍ക്കെല്ലാം ഞാന്‍ നിങ്ങളെ ശിക്ഷിക്കും”(ആമോസ് 3:2).

അപ്പോള്‍ യോന തന്റെ പാപം സമ്മതിച്ചു. ദൈവസന്നിധി വിട്ട് താന്‍ ഓടിപ്പോകുകയാണെന്ന് അവന്‍ അവരോടു പറഞ്ഞു. കപ്പല്‍ കരയ്ക്കടുപ്പിക്കാന്‍ നാവികര്‍ ആഞ്ഞു തണ്ടു വലിച്ചു. പക്ഷേ കടല്‍ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാല്‍ അവര്‍ക്ക് അതിനു കഴിഞ്ഞില്ല. അപ്പോള്‍ യോന പറഞ്ഞു: ”എന്നെ കടലില്‍ എറിഞ്ഞു കളഞ്ഞാല്‍ അതു ശാന്തമാകും. ഞാന്‍ നിമിത്തമാണ് ഈ കടല്‍ക്ഷോഭം നിങ്ങള്‍ നേരിടുന്നതെന്ന് എനിക്കറിയാം.” (വാക്യം 12). എന്നാല്‍ യോനയെ കടലില്‍ ഇട്ടാല്‍ ദൈവം തങ്ങളെ ശിക്ഷിക്കുമെന്ന് ഈ നാവികര്‍ ഭയപ്പെട്ടു. ദൈവത്തിന്റെ പ്രവാചകനെക്കാള്‍ കൂടുതല്‍ ദൈവഭയം ഈ ജാതീയ മനുഷ്യര്‍ക്കുണ്ടെന്നു നമുക്കു കാണാന്‍ കഴിയും. ഒടുവില്‍ നിവൃത്തിയില്ലാതെ അവര്‍ യോനയെ എടുത്തു കടലില്‍ എറിഞ്ഞു. ഉടനെ തന്നെ കടല്‍ ശാന്തമായി. അതുകണ്ട് അവര്‍ ദൈവത്തെ അത്യന്തം ഭയപ്പെട്ടു (വാക്യം 16).

കടലില്‍ വീണ യോനയെ വിഴുങ്ങുവാന്‍ ദൈവം ഒരു വലിയ മത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോന ആ മത്സ്യത്തിന്റെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും കിടന്നു. ദൈവ നിശ്വാസ്യമായ ദൈവവചനം, അതെഴുതിയിരിക്കുന്നതു പോലെ തന്നെ ഞാന്‍ വിശ്വസിക്കുന്നു. ”യോന കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രന്‍ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും” (മത്തായി 12:40) എന്നു യേശു പറഞ്ഞപ്പോള്‍ അവിടുന്നും ഈ യഥാര്‍ത്ഥ കഥയെ ശരിവയ്ക്കുകയായിരുന്നല്ലോ. യേശുവിന്റെ ഉയിര്‍പ്പിനും സ്വര്‍ഗ്ഗാരോഹണത്തിനും മുന്‍പ് പറുദീസ ഭൂമിയുടെ ഉള്ളില്‍ ആയിരുന്നു. യേശു മൂന്നു രാവും മൂന്നു പകലും അവിടെ ആയിരുന്നു- വ്യാഴാഴ്ച വൈകുന്നേരം മുതല്‍ (അതെ, അവിടുന്നു വ്യാഴാഴ്ചയാണു ക്രൂശിക്കപ്പെട്ടത്) മരണത്തില്‍ നിന്ന് ഉയിര്‍ക്കുന്ന ഞായറാഴ്ച രാവിലെ വരെ.

മൂന്നു ദിവസത്തിനു ശേഷം യോന പ്രാര്‍ത്ഥിച്ചു. 2:1-ലെ ‘അപ്പോള്‍’ (ഇംഗ്ലീഷ് ബൈബിളില്‍ മാത്രം) എന്ന വാക്കു ശ്രദ്ധിക്കുക. ആ വാക്കു വ്യക്തമാക്കുന്നതു മൂന്നു രാവും മൂന്നു പകലും യോന പ്രാര്‍ത്ഥിച്ചില്ല എന്നാണല്ലോ. അപ്പോള്‍ ആ സമയമെല്ലാം യോന എന്താണു ചെയ്തത്? ആ മഹാമത്സ്യത്തിന്റെ വയറ്റില്‍ നിന്ന് പുറത്തു കടക്കാന്‍ അവന്‍ ശ്രമിക്കുകയായിരുന്നിരിക്കാം. അവന്‍ പിന്നേയും പിന്നേയും ശ്രമിച്ചു. മത്സ്യത്തിന്റെ വയറ്റിലേക്കു തന്നെ ഓരോ തവണയും അവന്‍ തെന്നി വീണു. മൂന്നു ദിവസത്തെ വൃഥാ പ്രയത്‌നത്തിനു ശേഷം അവന്‍ ഒടുവില്‍ പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.

നമ്മെ സംബന്ധിച്ചും ഇങ്ങനെയാണ്- വിഷമകരമായ സാഹചര്യത്തില്‍ അടയ്ക്കപ്പെട്ട നിലയില്‍ ആയിരിക്കുമ്പോള്‍. ആദ്യം നാം ശ്രമിക്കുന്നതു മാനുഷികമായ പ്രയത്‌നം കൊണ്ട് അതില്‍ നിന്നു പുറത്തു കടക്കുവാനാണ്. നമ്മുടെ എല്ലാ ശ്രമങ്ങളും പരാജയപ്പെടുമ്പോള്‍ നാം പ്രാര്‍ത്ഥിക്കാന്‍ ആരംഭിക്കുന്നു! അങ്ങനെ യോനയും മൂന്നു ദിവസത്തിനുശേഷം പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി. അപ്പോഴും ഒന്നും സംഭവിച്ചില്ല. അവന്‍ പറഞ്ഞു: ”ജീവനില്‍ നിന്നു വേറിട്ട് ഞാന്‍ മരണദേശത്തു തടവിലായി. എല്ലാ പ്രതീക്ഷകളും അസ്തമിച്ചപ്പോള്‍ ഞാന്‍ വീണ്ടും ചിന്തകളെ കര്‍ത്താവില്‍ കേന്ദ്രീകരിച്ചു. എന്റെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥന വിശുദ്ധ മന്ദിരത്തില്‍ അവിടുത്തെ അടുക്കലെത്തി”(2:6,7). ഈ പ്രാര്‍ത്ഥനയ്ക്കു ശേഷവും ഒന്നും സംഭവിച്ചില്ല. ഒടുവില്‍ അവന്‍ പ്രാര്‍ത്ഥന നിര്‍ത്തി ദൈവത്തെ സ്തുതിക്കുവാന്‍ ആരംഭിച്ചു: ”നന്ദിയുടെ സ്‌തോത്രനാദത്താല്‍ ഞാന്‍ നിനക്കു യാഗം കഴിക്കും. രക്ഷ, കര്‍ത്താവിന്റെ പക്കല്‍ നിന്നു വരുന്നു (വിടുതല്‍ അവിടുത്തെ അടുത്തുനിന്നു മാത്രമാണു വരുന്നത്)” (2:9). മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അവന്‍ പറഞ്ഞത് ഇങ്ങനെയാണ്: ”കര്‍ത്താവേ, എന്റെ മുഴുഹൃദയത്തോടും ഞാന്‍ അങ്ങയെ സ്തുതിക്കുവാന്‍ തുടങ്ങുന്നു. അവിടുത്തേക്കു വേണമെങ്കില്‍, വേണ്ടപ്പോള്‍ എന്നെ വിടുവിക്കാം.”

അവന്‍ ദൈവത്തെ സ്തുതിക്കുവാന്‍ തുടങ്ങിയപ്പോള്‍, ദൈവം മത്സ്യത്തോടു കല്പിച്ചിട്ട് അത് അവനെ കരയ്ക്കു ഛര്‍ദ്ദിച്ചു കളഞ്ഞു. 2:10-ല്‍ വീണ്ടും ‘അപ്പോള്‍’ എന്ന വാക്ക് (ഇംഗ്ലീഷ് ബൈബിളില്‍ മാത്രം) വരുന്നതു ശ്രദ്ധിക്കുക. അതു വ്യക്തമാക്കുന്നതു യോന ദൈവത്തെ സ്തുതിക്കുവാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണു മത്സ്യം അവനെ ഛര്‍ദ്ദിച്ചതെന്നാണ്. ഇവിടെ ഒരു പ്രമാണമുണ്ട്. സങ്കീര്‍ത്തനം 50:23 നാം പഠിക്കുമ്പോള്‍ ഇങ്ങനെ കാണുന്നു: ”സ്‌തോത്രം എന്ന യാഗം അര്‍പ്പിക്കുന്നവന്‍ (യോന ഉപയോഗിച്ച അതേ പ്രയോഗം) അതുവഴി അവനെ വിടുവിക്കാനായി എനിക്കു രക്ഷയ്ക്കുള്ള ഒരു മാര്‍ഗ്ഗം കാണിച്ചു തരികയാണ്.” മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ കര്‍ത്താവ് ഇങ്ങനെയാണു പറയുന്നത്: ”പരാതി പറയുന്നതിനു പകരം നിങ്ങള്‍ എന്നെ സ്തുതിക്കുവാന്‍ തുടങ്ങുമ്പോള്‍ നിങ്ങളെ വിടുവിക്കുവാനുള്ള വഴി അതിലൂടെ എനിക്കു നിങ്ങള്‍ ഒരുക്കുകയാണ്.” യെഹോശാഫാത്തും ഈ പ്രമാണം പിന്‍തുടര്‍ന്നത് നാം നേരത്തെ കണ്ടു. വലിയ ശത്രുക്കളാല്‍ ചുറ്റപ്പെട്ടപ്പോള്‍ അവന്‍ ദൈവത്തെ പാടിപ്പുകഴ്ത്തുവാന്‍ തുടങ്ങി. അതിന്റെ ഫലമായി ദൈവം അവനെ ശത്രുക്കളില്‍ നിന്നു വിടുവിച്ചു (2 ദിനവൃ. 20:22).

പ്രാര്‍ത്ഥന അതില്‍ തന്നെ വിശ്വാസത്തിന്റെ ഒരു പ്രകടനം ആകണമെന്നില്ല. എന്നാല്‍ ദൈവത്തെ ആത്മാര്‍ത്ഥമായി സ്തുതിക്കുന്നത് എപ്പോഴും വിശ്വാസത്തിന്റെ ഒരു പ്രകടനമാണ് (സങ്കീ. 106:12). വിശ്വാസം ഇല്ലാതെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചെന്നു വരാം. എന്നാല്‍ സാഹചര്യം അനുകൂലമായിട്ടില്ലാത്തപ്പോഴും നിങ്ങള്‍ ദൈവത്തെ സ്തുതിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുടെ വിശ്വാസം വ്യക്തമാക്കുകയാണ്. ”വിടുതല്‍ അങ്ങില്‍ നിന്നു മാത്രമാണെന്ന് എനിക്കറിയാമെന്നതിനാല്‍ കര്‍ത്താവേ അങ്ങയെ ഞാന്‍ സ്തുതിക്കുന്നു” എന്നു പറയുമ്പോള്‍ നിങ്ങള്‍ ദൈവത്തിലുള്ള നിങ്ങളുടെ വിശ്വാസം വ്യക്തമാക്കിക്കഴിഞ്ഞു. നിങ്ങളെ വിടുവിക്കാന്‍ അവിടുത്തേക്ക് ഒരു വഴിയും സജ്ജമാക്കിക്കഴിഞ്ഞു.

യോനായുടെ രണ്ടാമത്തെ ദൗത്യം

തുടര്‍ന്നു യോനയ്ക്ക് ദൈവത്തിന്റെ അരുളപ്പാടു രണ്ടാം പ്രാവശ്യം ഉണ്ടായി. ഒരിക്കല്‍ പരാജയപ്പെട്ടാലും കര്‍ത്താവു നമുക്ക് ഒരു രണ്ടാമൂഴം തരും. ദൈവത്തിനു മഹത്വം! യോനയുടെ പുസ്തകം നമുക്കു തരുന്ന മഹത്തായ ഒരു സന്ദേശം തന്നെയാണിത്. നിങ്ങള്‍ ദൈവമുന്‍പാകെ ഒരുവട്ടം തോറ്റുപോയിട്ടുണ്ടോ? ദൈവം നിങ്ങള്‍ക്കു മറ്റൊരവസരം നല്‍കാന്‍ കാത്തു നില്ക്കുന്നു. രണ്ടാം വട്ടവും നിങ്ങള്‍ പരാജയപ്പെട്ടോ? അവിടുന്നു നിങ്ങള്‍ക്കു മൂന്നാമതൊരവസരം നല്‍കും. അവിടുന്നു രണ്ടാമൂഴത്തിന്റെ മാത്രം ദൈവമല്ല- നമ്മില്‍ മിക്കവരും നമ്മുടെ രണ്ടാം അവസരം വളരെ വളരെ നാളുകള്‍ക്കു മുന്‍പേ നഷ്ടപ്പെടുത്തിയവരാണ്. അവിടുന്ന് മറ്റൊരു ഊഴത്തിന്റെ ദൈവമാണ്. നിങ്ങള്‍ എത്രവട്ടം പരാജയപ്പെട്ടു എന്നതു പ്രശ്‌നമല്ല! നിങ്ങള്‍ പൂര്‍ണ മനസ്സോടെ അനുതപിക്കുമെങ്കില്‍ ദൈവം നിങ്ങളെ യഥാസ്ഥാനപ്പെടുത്തും. അവിടുത്തേക്കു വേണ്ടി ഒരു ശുശ്രൂഷ ചെയ്യുവാന്‍ നിങ്ങളെ ശക്തിപ്പെടുത്തും.

യോന ഇപ്പോള്‍ തന്റെ പാഠങ്ങള്‍ എല്ലാം പഠിച്ചു കഴിഞ്ഞു. ശിക്ഷണത്തിലൂടെ കടന്നു പോയ അവന്‍ സസന്തോഷം നിനെവേയിലേക്കു യാത്രയായി. ആ വലിയ പട്ടണത്തിലൂടെ മൂന്നു ദിവസം നടന്ന് അവന്‍ നഗരത്തിന്റെ എല്ലാ തെരുവുകളിലും ദൈവത്തിന്റെ ന്യായവിധി ഉദ്‌ഘോഷിച്ചു- ’40 ദിവസത്തിനകം നിനെവേ നശിപ്പിക്ക പ്പെടും.’ അത്ഭുതകരമെന്നു പറയട്ടെ, നിനെവേയിലെ ജനങ്ങള്‍ ഉടനടി അനുതപിച്ചു. ലോകചരിത്രത്തില്‍, ഒരു ജാതീയ രാജ്യത്തു സംഭവിച്ച ത്വരിത ഗതിയിലുള്ള ഏറ്റവും വലിയ ഉണര്‍വ്വായിരുന്നു അത്. അത്തരം ഒരു ഉണര്‍വ്വ് മറ്റെങ്ങും കാണുന്നില്ല. ഒരേയൊരു വാചകമായിരുന്നു യോനയുടെ പ്രസംഗം. ആയിരങ്ങള്‍ക്ക് അതു പാപബോധം ഉണ്ടാക്കി. അവരെല്ലാവരും അനുതപിക്കുകയും ചെയ്തു.

നാം ഇവിടെ എന്താണു കാണുന്നത്? ദൈവം തന്റെ ദാസനോട് ഇടപെട്ട് അവനില്‍ ഒരു പ്രവൃത്തി ചെയ്തു കഴിഞ്ഞപ്പോള്‍ അവന്റെ വായില്‍ നിന്നുള്ള ഒരേയൊരു വാചകത്തിനു വലിയ ശക്തിയുണ്ടായി. നിങ്ങളുടെ കാഠിന്യം, അനുസരണക്കേട്, മത്സരം, നിഗളം എന്നിവയെ കൈകാര്യം ചെയ്യുന്നതില്‍ ദൈവം വിജയിച്ചില്ലെങ്കില്‍ നിങ്ങള്‍ നടത്തുന്ന ദീര്‍ഘമായ പ്രസംഗം ആര്‍ക്കും പ്രയോജനപ്പെടുകയില്ല. എന്നാല്‍ നിങ്ങളെ നുറുക്കുന്നതില്‍ ദൈവം വിജയിച്ചാല്‍ നിങ്ങളില്‍ നിന്നു വരുന്ന ഒരേയൊരു വാചകത്തിനു പോലും വലിയ ശക്തിയുണ്ടായിരിക്കും.

രാജാവു മുതല്‍ ഭിക്ഷക്കാരന്‍ വരെ അനുതപിക്കുകയും നിലവിളിക്കുകയും ചെയ്തു. അവര്‍ രട്ടു പുതെച്ച് വെണ്ണീറിലിരുന്നു തങ്ങളോടു ക്ഷമിക്കണമേയെന്നു ദൈവത്തോടു പ്രാര്‍ത്ഥിച്ചു തുടങ്ങി. തങ്ങള്‍ ന്യായം വിധിക്കപ്പെടുമെന്ന് അവര്‍ക്കു ബോധ്യമായി. എന്നാല്‍ ദൈവം ഇതെല്ലാം കണ്ടപ്പോള്‍ അവിടുന്ന് അവരെ ശിക്ഷിച്ചില്ല.

നിനെവേ പോലെയുള്ള ഒരു ദുഷ്ടനഗരം പോലും അനുതപിച്ചപ്പോള്‍ ദൈവം കരുണ കാട്ടി എന്നത് എന്നെ ധൈര്യപ്പെടുത്തുന്നു. ചില വര്‍ഷങ്ങള്‍ക്കു ശേഷം ഈ നഗരം വീണ്ടും അതീവ വഷളത്വത്തിലേക്കു പോകുകയും ന്യായവിധിക്കു വിധേയമാകുകയും ചെയ്യുമെന്നു ദൈവത്തിനറിയാമായിരുന്നു. പക്ഷേ ദൈവം ഓരോ രുത്തരോടും അവര്‍ അപ്പോള്‍ ആയിരിക്കുന്ന നിലയിലാണ് ഇടപെടുന്നത്. അവര്‍ ഭൂതകാലത്തിലെങ്ങനെയായിരുന്നു, ഭാവിയിലെങ്ങനെയായിരിക്കും എന്നതിന്റെ അടിസ്ഥാനത്തിലല്ല. അവിടുത്തെ നാമം ‘ഞാന്‍ ആകുന്നവന്‍’ എന്നാണ്. അല്ലാതെ ‘ഞാന്‍ ആയിരുന്നവന്‍’ എന്നോ ‘ഞാന്‍ ആകാന്‍ പോകുന്നവന്‍’ എന്നോ അല്ല.

ദൈവം നമ്മെക്കാളേറെ മനസ്സലിവുള്ളവനാണ്. ‘ഒരുവന്‍ അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിഞ്ഞു; പക്ഷേ ദൈവം അവനോടു ക്ഷമിച്ചില്ല’- അങ്ങനെ ഒരു സംഭവം പോലും തിരുവെഴുത്തിലില്ല. യൂദാ ഇസ്‌ക്കര്യോത്താവു പോലും കര്‍ത്താവിന്റെ അടുക്കലേക്കു പോയി ക്ഷമ യാചിച്ചിരുന്നെങ്കില്‍, അവനു ക്ഷമ ലഭിക്കുമായിരുന്നു. പക്ഷേ പകരം അവന്‍ പുരോഹിതന്മാരുടെ അടുത്തേക്കാണു പോയത്. ഇന്നു പലരും ചെയ്യുന്നതുപോലെ! നിങ്ങളുടെ പാപങ്ങള്‍ ഒരു പുരോഹിതനോട് ഏറ്റു പറഞ്ഞാല്‍ നിങ്ങള്‍ക്കു പാപക്ഷമ ലഭിക്കുകയില്ല. യൂദാ ഇസ്‌കര്യോത്താവ് അതു പരീക്ഷിച്ചു. പക്ഷേ അവനു പാപക്ഷമ ലഭിച്ചില്ല. നിങ്ങള്‍ക്കും ആ നിലയില്‍ ക്ഷമ ലഭിക്കുകയില്ല.

ദൈവം നിനെവേയോടു കരുണ കാട്ടിയപ്പോള്‍ യോന ഉത്സാഹഭരിതനായിക്കാണും എന്നു ചിലര്‍ ചിന്തിച്ചേക്കാം. എന്നാല്‍ അങ്ങനെയല്ല സംഭവിച്ചത്. 120000 ആളുകള്‍ വരുന്ന (4:11) ഒരു നഗരം ഒന്നടങ്കം നിലവിളിക്കുകയും അനുതപിക്കുകയും ചെയ്യുന്നത് (ചരിത്രത്തിലെ ഏറ്റവും വലിയ ഉണര്‍വ്വ്) കണ്ടിട്ടും ഒരു സുവിശേഷകന്‍ ആവേശഭരിതനാകാതിരിക്കുന്നതു സങ്കല്പിച്ചു നോക്കുക! മാത്രമല്ല യോനയ്ക്കു വലിയ ക്രോധമാണുണ്ടായത്. അതിന് ഒന്നാമത്തെ കാരണം അവന്റെ പ്രവചനം നിറവേറിയില്ല. രണ്ടാമത് രാജ്യസ്‌നേഹിയായ ഒരു യിസ്രായേല്യന്‍ എന്ന നിലയില്‍ അവന്‍ നിനെവേക്കാരെ ഒന്നാകെ വെറുത്തിരിക്കാം. അവര്‍ അനുതപിക്കരുതെന്നും അങ്ങനെ അവരെ ഒന്നടങ്കം ദൈവം നശിപ്പിക്കണമെന്നുമായിരുന്നിരിക്കാം അവന്റെ ആഗ്രഹം.

നമ്മള്‍ യോനയെപ്പോലെയാണോ? ദൈവം അവരെ അനുഗ്രഹിക്കരുതെന്നു നിങ്ങള്‍ ഉള്ളിന്റെയുള്ളില്‍ ആഗ്രഹിക്കുന്ന ആരെങ്കിലും ഭൂമിയുടെ മുഖത്തുണ്ടോ? ദൈവം നമ്മോട് എത്ര കരുണ കാണിച്ചുവെന്നും നരകത്തിനു മാത്രം അര്‍ഹരായിരുന്ന നമ്മെ ദൈവം എത്ര അനുഗ്രഹിച്ചുവെന്നും നാം മറന്നുപോയോ? എന്നാല്‍ യോനാ ഇപ്പോള്‍ പ്രവാചകന്‍ എന്ന നിലയിലുള്ള പദവി, അംഗീകാരം എന്നിവയില്‍ മാത്രമാണു ദത്തശ്രദ്ധനായിരിക്കുന്നത്.

യോനയെ ഒരുപാഠം പഠിപ്പിക്കുവാന്‍ വേണ്ടി അവന്റെ തലയ്ക്കു മുകളില്‍ തണലായി ഒരു ചെടി വളര്‍ന്നു വരുവാന്‍ ദൈവം അനുവദിച്ചു. ആ ചെടി നിമിത്തം യോന അത്യന്തം സന്തോഷിച്ചു. പക്ഷേ ദൈവിക പദ്ധതിയനുസരിച്ച് ഒരു പുഴു കുത്തിക്കളഞ്ഞതിനാല്‍ പിറ്റേന്ന് ആ ചെടി വാടിപ്പോയി. സൂര്യന്‍ ഉദിച്ചുയര്‍ന്നപ്പോള്‍ തലയില്‍ വെയില്‍ തട്ടിയതിനാല്‍ യോനയ്ക്കു വലിയ കോപം വന്നു. ‘ജീവിച്ചിരിക്കു ന്നതിനെക്കാള്‍ എനിക്കു മരിക്കുന്നതാണു നല്ലത്’ എന്നായിരുന്നു അവന്റെ പ്രതികരണം (4:8). അപ്പോള്‍ ദൈവം യോനയോട് ഇങ്ങനെ ചോദിച്ചു: ”നീ നടുകയോ നനയ്ക്കുകയോ വളര്‍ത്തുകയോ ചെയ്യാതെ ഒരു രാത്രി കൊണ്ടു വളര്‍ന്നു മറ്റൊരു രാത്രികൊണ്ടു നശിച്ച ആ ചെടിയോടു നിനക്ക് അനുകമ്പ തോന്നുന്നു അല്ലേ? എങ്കില്‍ വിവേകശൂന്യരായ ഒരുലക്ഷത്തി ഇരുപതിനായിരത്തില്‍ പരം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനെവേയോട് എനിക്ക് അനുകമ്പ തോന്നരുതെന്നോ?”(4:11). നിനെവേ നഗരത്തിലെ 1,20,000 ജനങ്ങളോടും അനേകം മൃഗങ്ങളോടും ഉള്ള ദൈവത്തിന്റെ താത്പര്യം ഇവിടെ വെളിപ്പെടുന്നു. നിനെവേയിലെ മൃഗങ്ങളോടുള്ള ദൈവത്തിന്റെ കരുതല്‍ പോലും എത്ര അത്ഭുതകരം! ‘നീതിമാന്‍ തന്റെ മൃഗത്തിന്റെ പ്രാണാനുഭവം അറിയുന്നു’ (സദൃശവാക്യം 12:10).

പഴയ നിയമത്തിലെ മറ്റേതു വാക്യത്തെക്കാളും ഈ വാക്യം- യോന 4:11- നഷ്ടപ്പെടുന്ന ആത്മാക്കളോടുള്ള ദൈവത്തിന്റെ വലിയ മനസ്സിലിവ് പ്രകടമാക്കുന്നു. തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്റെ പുത്രനെ നല്‍കത്തക്കവണ്ണം ദൈവം ഈ ലോകത്തെ സ്‌നേഹിച്ചു. എന്നാല്‍ ഈ കാര്യത്തില്‍ യോനയ്ക്കു ദൈവത്തോടു കൂട്ടായ്മ ഉണ്ടായിരുന്നില്ല. ഇന്നും യോനയെപ്പോലെ പ്രസംഗിക്കുന്നവരും വലിയ ഉണര്‍വ്വിനു സാക്ഷ്യം വഹിക്കുന്നവരുമായ പല പ്രസംഗകരും ദൈവഹൃദയത്തിലെ മനസ്സലിവിനോട് യോനയെപ്പോലെ കൂട്ടായ്മ പുലര്‍ത്തുന്നില്ല. ഇത്തരം പ്രസംഗകര്‍ ദൈവം ആഗ്രഹിക്കുന്ന നിലയില്‍ തങ്ങളുടെ ശുശ്രൂഷ നിറവേറ്റുന്നില്ല. നിങ്ങള്‍ പ്രസംഗിക്കുന്നതിനെ തുടര്‍ന്ന് ആളുകള്‍ രക്ഷിക്കപ്പെടുന്നുണ്ടാകാം. എന്നാല്‍ എല്ലാറ്റിനും ഒടുവില്‍ യോനായെപ്പോലെ നിങ്ങള്‍ക്കു ദൈവത്തോടു കൂട്ടായ്മ ഉണ്ടായിരിക്കുകയില്ല. ഒരു സുവിശേഷക ശുശ്രൂഷയുടെ യഥാര്‍ത്ഥ അടിത്തറ ദൈവഹൃദയത്തോടുള്ള കൂട്ടായ്മയാണ്. വെളിച്ചം ഇല്ലാത്തവരോട് ദൈവത്തിന് എത്ര വലിയ മനസ്സലിവാണുള്ളത്!

ബൈബിള്‍ പറയുന്നു: ”സകല മനുഷ്യരും രക്ഷ പ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തില്‍ എത്തുവാനും ദൈവം ആഗ്രഹിക്കുന്നു” (1 തിമൊഥെ. 2:4). അവിടുന്ന് അതിനായി വാഞ്ഛിക്കുന്നു. നമ്മള്‍ എത്രത്തോളം ദൈവഹൃദയത്തോടുള്ള കൂട്ടായ്മയിലേക്കു വരുന്നുവോ അത്രത്തോളം നാം അവിടുത്തെ ഹൃദയത്തിന്റെ ഭാരവും പങ്കിടും. ദൈവം നിങ്ങളെ ഒരു സുവിശേഷകനായി വിളിച്ചിട്ടുണ്ടെങ്കില്‍ നഷ്ടപ്പെട്ടു പോകുന്ന ആത്മാക്കളെക്കുറിച്ചുള്ള മനസ്സലിവ് അവിടുന്നു നിങ്ങള്‍ക്കു തരും. ദൈവം നിങ്ങളെ ഒരു ഉപദേഷ്ടാവായി വിളിച്ചിട്ടുണ്ടെങ്കില്‍ അന്ധരും വഞ്ചിതരും വിജയകരമായ ജീവിതത്തിലേക്കു പ്രവേശിച്ചിട്ടില്ലാത്തവരുമായ വിശ്വാസികളെക്കുറിച്ചുള്ള മനസ്സലിവ് നിങ്ങള്‍ക്കു തരും. നാം നമ്മുടെ ശുശ്രൂഷ വിജയകരമായി പൂര്‍ത്തിയാക്കണമെങ്കില്‍ അവിടുത്തെ മനസ്സലിവ് പങ്കിടത്തക്കവണ്ണം ദൈവഹൃദയത്തോടുള്ള കൂട്ടായ്മയാണ് നമുക്ക് ആവശ്യമായിരിക്കുന്നത്.