ബൈബിളിലൂടെ : യൂദാ


സത്യ വിശ്വാസത്തിനായി ആത്മാര്‍ത്ഥമായി പോരാടുക


യൂദയുടെ പുസ്തകം ഒരു ഹ്രസ്വ ലേഖനമാണ്. ”ഒത്തുതീര്‍പ്പു മനോഭാവം ഇല്ലാതെ വിശ്വാസത്തിനായി പോരാടുക” എന്നതാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യം (1:3). ദുരുപദേശത്തെക്കുറിച്ചും ദുരുപദേഷ്ടാക്കന്മാരെക്കുറിച്ചും അവരുടെ ന്യായവിധിയെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ പറയുന്നത്. എല്ലാ ഒത്തു തീര്‍പ്പിനും മദ്ധ്യേ യേശുവിനായി ശരിയായ ഒരു നിലപാടെടുക്കുവാന്‍ ഈ ലേഖനം നമ്മെ ഉത്സാഹിപ്പിക്കുന്നു.

പൊതുവിലുള്ള രക്ഷയെക്കുറിച്ച് എഴുതുവാനാണ് യൂദാ ഒരുമ്പെട്ടത് (1:3). പൗലൊസ് എഴുതിയ റോമര്‍ക്കുള്ള ലേഖനം പോലെ ക്രിസ്തുവിലുള്ള രക്ഷയെക്കുറിച്ചെഴുതുവാനായിരുന്നു യൂദായും ഒരുമ്പെട്ടത്. എന്നാല്‍ യൂദാ എഴുതുവാന്‍ തുടങ്ങിയപ്പോള്‍ പരിശുദ്ധാത്മാവ് തികച്ചും വിഭിന്നമായ ഒരു ഭാരം അദ്ദേഹത്തിന്റെ ഉള്ളില്‍ നല്കി. എനിക്കും ഇങ്ങനെയുള്ള അനുഭവത്തെക്കുറിച്ച് സാക്ഷിക്കുവാന്‍ സാധിക്കും. ഒരു സഹോദരന് ഒരു കാര്യത്തെപ്പറ്റി എഴുതുവാന്‍ ഞാന്‍ ആരംഭിച്ചെങ്കിലും പിന്നീട് പരിശുദ്ധാത്മാവ് തന്ന ഭാരത്തിനനുസരിച്ചു തികച്ചും വിഭിന്നമായ ഒരു പ്രബോധനമായി ആ എഴുത്ത് തീര്‍ന്നതായി എനിക്ക് അനുഭവപ്പെട്ടിട്ടുണ്ട്. പരിശുദ്ധാത്മാവുമായുള്ള ബന്ധത്തില്‍ നാം സജീവമായിരിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കുക സാദ്ധ്യമാണ്.


സത്യ വിശ്വാസവും സത്യകൃപയും


വിശ്വാസികള്‍ തങ്ങളുടെ വിശ്വാസത്തിനായി പോരാടേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് എഴുതുവാന്‍ യൂദായ്ക്ക് അതിയായ ഭാരം ഉണ്ടായി. രക്ഷയുടെ വഴിയെക്കുറിച്ചെഴുതുന്നതിലും പ്രധാനം ആ സമയത്ത് ഈ കാര്യമാണെന്ന് യൂദാ മനസ്സിലാക്കി. രക്ഷയുടെ വഴി ഈ വിശ്വാസികള്‍ മനസ്സിലാക്കിയിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പു മനോഭാവത്തിന്റെ മദ്ധ്യേ സത്യവിശ്വാസത്തിനായി നില്‍ക്കേണ്ടതായി വലിയ ആവശ്യമാണ് ആ വിശ്വാസികള്‍ക്ക് അപ്പോള്‍ ഉണ്ടായിരുന്നത്. ഈ കാലഘട്ടത്തിലും ചില വഞ്ചകന്മാര്‍ സഭയിലേക്കു നുഴഞ്ഞു കയറിയതിനാല്‍ (1:4) ഇന്നത്തെ ക്രിസ്തീയതയെ സംബന്ധിച്ചും ഇതാണു വലിയ ആവശ്യം. ഇവര്‍ എങ്ങനെ നുഴഞ്ഞു കയറി? സഭയുടെ വാതില്‍ക്കാവല്‍ക്കാരായ മൂപ്പന്മാര്‍ ഉറങ്ങിയതിനാലാണ്.

ദൈവം യെഹെസ്‌കേലിനെ യിസ്രായേലിനു വാതില്‍ കാവല്‍ക്കാരനായി നിയമിച്ചതായി നാം കാണുന്നു. ഇതുപോലെ കാവല്‍ക്കാരായിരിക്കുവാനാണ് സഭയിലുള്ള മൂപ്പന്മാരെ ദൈവം ആക്കി വച്ചിരിക്കുന്നത്. വാതില്‍ക്കാവല്‍ക്കാര്‍ ഉറങ്ങിയാല്‍ ചെന്നായ്ക്കള്‍ അകത്തു കടക്കും. ആരൊക്കെയാണ് സഭാ മീറ്റിംഗുകള്‍ക്കു വരുന്നത്, ഇവര്‍ എന്തിനു വരുന്നു, ഇവര്‍ ചില വിശ്വാസികളെ എന്തിനു സന്ദര്‍ശിക്കുന്നു എന്നിവയെല്ലാം ആത്മീയമായി ഉണര്‍ന്നിരിക്കുന്ന ഒരു സഭാ മൂപ്പന്‍ അന്വേഷിക്കേണ്ടതുണ്ട്. ആളുകളെ വഴി തെറ്റിക്കുവാനും ദൈവകൃപയെ പാപത്തിനൊരു ലൈസന്‍സായി ഉപയോഗിക്കുവാനുമാണ് ഈ കൂട്ടര്‍ സഭയിലേക്കു നുഴഞ്ഞു കയറുന്നത്.

വണ്ടിയോടിക്കുവാന്‍ ലൈസന്‍സ് എടുക്കുന്നതുപോലെ പാപം ചെയ്യുവാനുള്ള ലൈസന്‍സായി ഇവര്‍ ദൈവകൃപയെ മാറ്റുന്നു. ഈ കൂട്ടര്‍ താഴെപറയും വിധം ചിന്തിക്കുന്നു – ‘കൃപ എനിക്കു ലൈസന്‍സായി തീര്‍ന്നിരിക്കയാല്‍ എത്രമാത്രം പാപം ചെയ്താലും കുഴപ്പമില്ല. ദൈവകൃപയാല്‍ പാപക്ഷമ എനിക്കു ലഭ്യമാണ്.’ ഈ വിധം ദൈവകൃപയെ ഇവര്‍ ദുരുപയോഗപ്പെടുത്തുന്നു. ഇക്കാലത്തു വളരെയധികം ക്രിസ്ത്യാനികളും ദൈവകൃപയെക്കുറിച്ച് തെറ്റായ ഒരു ധാരണയോടെ ജീവിക്കുന്നു. അവര്‍ വ്യഭിചാരം ചെയ്തിട്ട് ദാവീദും വ്യഭിചാരത്തില്‍ വീണതാണല്ലോ എന്ന രീതിയില്‍ പാപത്തെ ന്യായീകരിക്കുന്നു. ഇതിനുശേഷവും ദാവീദ് രാജാവായി തുടര്‍ന്നു. അതിനാല്‍ എനിക്കും എന്റെ ശുശ്രൂഷ തുടരാം എന്നു ചിന്തിക്കുന്നു. ഇവര്‍ ദൈവകൃപയെ ‘പാപം ചെയ്യുവാനുള്ള അനുവാദമായി’ മാറ്റിയെടുക്കുന്നു. ഇതു പരിതാപകരം തന്നെ.

പഴയ നിയമത്തിന്റെയും പുതിയ നിയമത്തിന്റെയും നിലവാരത്തില്‍ വലിയ വ്യത്യാസം ഉണ്ട്. ദാവീദിനെപ്പോലെ വ്യഭിചാരത്തില്‍ വീണിരുന്നെങ്കില്‍ പൗലൊസ് വീണ്ടും സുവിശേഷം പ്രസംഗിക്കുകയില്ലായിരുന്നു. അവന്‍ തര്‍സ്സീസില്‍ ഒരു ബിസിനസ്സ് ചെയ്തുകൊണ്ട് തന്റെ അവശേഷിച്ച ജീവിതം അവിടെയുള്ള ഒരു സഭയുടെ പുറകിലത്തെ ബെഞ്ചിലിരിക്കുമായിരുന്നു. ഒരു യുവ സഹോദരന്‍ വ്യഭിചാരം ചെയ്താല്‍ അവനു പശ്ചാത്തപിച്ചു വീണ്ടും ഒരു ദിവസം മഹത്വകരമായ ശുശ്രൂഷയിലേക്ക് ഉയരുവാന്‍ സാധിക്കും. എന്നാല്‍ ഒരു മുതിര്‍ന്ന സഹോദരന്‍ വ്യഭിചാരത്തില്‍ വീഴുന്നത് വളരെ ഗൗരവമേറിയ ഒരു കാര്യമാണ്. പൗലൊസ് വ്യഭിചാരത്തില്‍ വീണിരുന്നു എങ്കില്‍ ‘പാപത്തിനു നമ്മുടെമേല്‍ കര്‍ത്തൃത്വം നടത്താന്‍ സാധിക്കയില്ല’ (റോമ.6:14). എന്നും, ‘ദൈവം ജയോത്സവമായി എപ്പോഴും നമ്മെ നടത്തും’ (2കൊരി. 2:14) എന്നും ഒക്കെ എങ്ങനെ പ്രസംഗിക്കുവാന്‍ സാധിക്കും? അതുകൊണ്ട് പുതിയ നിയമ കാലഘട്ടത്തില്‍ ദാവീദ് നമുക്കൊരു മാതൃക അല്ല. യേശുവും പൗലൊസുമാണ് നമ്മുടെ മാതൃക. ഇവരാണ് ‘എന്നെ അനുഗമിക്ക’ എന്നു പറഞ്ഞവര്‍ (മത്താ. 4:19; 1 കൊരി. 11:1).

ഇന്ന് ഈ യഥാര്‍ത്ഥ കൃപയാണോ പ്രസംഗിക്കപ്പെടുന്നത്? അല്ല. പാപത്തിനൊരു ലൈസന്‍സായി കൃപയെ പ്രസംഗിക്കുന്നു. പഴയ നിയമത്തിലെ പല നേതാക്കളും പാപം ചെയ്തവരാണെന്ന് ഈ പഴയ നിയമ പ്രസംഗകര്‍ പറയുന്നു. ശിംശോന്‍ പല സ്ത്രീകളുമായി വ്യഭിചാരം ചെയ്തിട്ടും ശുശ്രൂഷയില്‍ തുടര്‍ന്നു. ഇത്തരം പ്രസംഗകര്‍ തെറ്റായ കൃപയെ കാണിച്ചു ജനങ്ങളെ പഴയ നിയമ വ്യവസ്ഥിതിയിലേക്കു തിരികെ കൊണ്ടുപോകുന്നു. ഇവര്‍ പഴയ നിയമ ശുശ്രൂഷയിലെന്നപോലെ യേശുവും പരിശുദ്ധാത്മാവും ഇല്ലാത്ത ഒരു കാലഘട്ടത്തിലേക്കാണ് ആളുകളെ നയിക്കുന്നത്.

‘ഒരിക്കല്‍ രക്ഷ പ്രാപിച്ചാല്‍ എന്നേക്കുമായി രക്ഷിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നു എന്നത് പ്രശ്‌നമല്ല. പ്രവൃത്തിയാലല്ല കൃപയാലാണ് നാം രക്ഷ പ്രാപിക്കുന്നത്’ എന്നെല്ലാം ഈ കൂട്ടര്‍ പ്രസംഗിക്കുന്നു. മിസ്രയേമില്‍ നിന്നു പുറപ്പെട്ടു വന്ന ജനതയ്ക്ക് എന്താണ് സംഭവിച്ചതെന്നു യൂദാ ചൂണ്ടിക്കാട്ടുന്നു. മിസ്രയേമില്‍ നിന്നുള്ള പുറപ്പാട് രക്ഷിക്കപ്പെടുന്നതിനു തുല്യമാണ്. ഇവര്‍ കാനാന്‍ ദേശത്തു കടന്നില്ല. അവര്‍ മരുഭൂമിയില്‍ പട്ടുപോയി.

ഈ യിസ്രായേല്‍ ജനതയുടെ ഉദാഹരണം വിശ്വാസികള്‍ക്കു താക്കീതായി മൂന്നു തവണ പുതിയ നിയമത്തില്‍ ഉദ്ധരിക്കുന്നുണ്ട്. മറ്റുള്ളവരോടു പ്രസംഗിച്ച ശേഷം താന്‍ തന്നെ കൊള്ളരുതാത്തവനായി പോകരുതെന്നു പറഞ്ഞ ശേഷം മിസ്രയീമില്‍ നിന്നു വന്ന യിസ്രായേല്‍ മക്കള്‍ എങ്ങനെ മരുഭൂമിയില്‍ വീണുപോയി എന്നു പൗലൊസ് 1 കൊരിന്ത്യര്‍ 10:1-11 വരെയുള്ള ഭാഗത്തു വിശദീകരിക്കുന്നു. നില്ക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ എന്നു പൗലൊസ് 1 കൊരിന്ത്യര്‍ 10:12-ല്‍ പറയുന്നു. മിസ്രയീം ദേശത്തു നിന്നു വന്ന യിസ്രായേല്‍ ജനത വീണുപോയതു പോലെ നമുക്കും സംഭവിക്കാതിരിക്കാന്‍ നാം ഭയപ്പെടുക എന്ന് എബ്രായര്‍ മൂന്ന്, നാല് അദ്ധ്യായങ്ങളില്‍ പറഞ്ഞിരിക്കുന്നു. കര്‍ത്താവ് യിസ്രായേല്‍ ജനതയെ മിസ്രയീമില്‍ നിന്ന് രക്ഷിച്ചിട്ടും വിശ്വസിക്കാത്തവരെ പിന്നത്തേതില്‍ നശിപ്പിച്ചതായി യൂദാ 5-ാം വാക്യത്തിലും നാം വായിക്കുന്നു. ‘ഒരിക്കല്‍ രക്ഷിക്കപ്പെട്ടാല്‍ എന്നേക്കുമായി രക്ഷിക്കപ്പെട്ടിരിക്കുന്നു’ എന്ന പഠിപ്പിക്കല്‍ തെറ്റാണെന്നാണ് യൂദാ ഇവിടെ അടിസ്ഥാനപരമായി വ്യക്തമാക്കുന്നത്. കര്‍ത്താവ് ഒരിക്കല്‍ രക്ഷിച്ച ആളുകളെ അവര്‍ പാപത്തില്‍ ജീവിച്ചതിനാല്‍ പിന്നത്തേതില്‍ നശിപ്പിച്ചു എന്ന കാര്യം യൂദാ പറയുന്ന പ്രകാരത്തില്‍ നിങ്ങള്‍ സഭയില്‍ പ്രസംഗിക്കുമോ? ‘സഹോദരന്മാരേ, നിങ്ങള്‍ ജഡത്തെ അനുസരിച്ചു നടന്നാല്‍ മരിക്കും നിശ്ചയം’ എന്നു ബൈബിള്‍ വീണ്ടും ജനിച്ച വിശ്വാസികളോടു പറയുന്നതു ശ്രദ്ധിക്കുക (റോമ. 8:13).

പിന്നീട് യൂദാ മറ്റൊരു ഉദാഹരണം പ്രസ്താവിക്കുന്നു. സ്വര്‍ഗ്ഗത്തിലുള്ള ദൂതന്മാര്‍ വിശുദ്ധരായിരുന്നു. ഈ ദൂതന്മാര്‍ തങ്ങളുടെ പരിധിക്കുള്ളില്‍ നില്ക്കാതെ വല്ലാത്ത പാപങ്ങളിലേക്കു പോയതിനാല്‍ ദൈവം അവരെ തള്ളിക്കളഞ്ഞ് ഈ ദൂതന്മാരെ ‘മഹാദിവസത്തിന്റെ വിധിക്കായി എന്നേക്കുമുള്ള ചങ്ങലയിട്ടു അന്ധകാരത്തിന്‍ കീഴില്‍ സൂക്ഷിച്ചിരിക്കുന്നു’ (1:6). യൂദാ മൂന്നാമത് ഒരു ഉദാഹരണം നല്കുന്നു. സോദോമും ഗൊമോരയും സമീപ പട്ടണങ്ങളും ദുര്‍ന്നടപ്പ് ആചരിച്ച് ഒരു പുരുഷന്‍ മറ്റൊരു പുരുഷനെതിരെ ദുര്‍മ്മോഹം പൂണ്ട് നടന്നിട്ട് അവര്‍ തീയാല്‍ നശിപ്പിക്കപ്പെട്ടു. ഇത് പാപികള്‍ ശിക്ഷിക്കപ്പെടുന്ന ഒരു നരകമുണ്ട് എന്നൊരു താക്കീതായി നമുക്കു മുന്‍പില്‍ വച്ചിരിക്കുന്നു (1:7 ലിവിങ്).

ദൈവദൂതര്‍ വന്നു ഈ പട്ടണത്തിലെ ആളുകള്‍ക്കു താക്കീതു നല്കി. എങ്കിലും അവര്‍ അതു കൂട്ടാക്കാന്‍ തുനിഞ്ഞില്ല. പഴയ നിയമകാലത്തു, ദൈവം ന്യായം വിധച്ചവരുടെ ഉദാഹരണമാണ് നാം ഇവിടെ കാണുന്നത്. ഇത്തരത്തിലുള്ള താക്കീതുകള്‍ ഉണ്ടായിട്ടും ദുരുപദേശാക്കന്മാര്‍ കൃപയെ പാപത്തിനു ലൈസന്‍സാക്കി മാറ്റി, മലിനമായ ദുര്‍മാര്‍ഗ്ഗ ജീവിതം നയിച്ച് അധികാരങ്ങള്‍ക്കെതിരെ മറുതലിക്കയും മഹിമകളെ ദുഷിക്കയും ചെയ്യുന്നു.

ആത്മീയ നേതൃത്വത്തിനെതിരെ മത്സരിക്കുന്നതാണ് ജഡപ്രകാരം ജീവിക്കുന്നവരുടെ മറ്റൊരു ലക്ഷണം. ഇവര്‍ ആര്‍ക്കും കീഴടങ്ങാതെ തങ്ങള്‍ക്കു തന്നെ ഒരു നിയമമായിത്തീരുന്നു. എന്നാല്‍ ഇപ്പോള്‍ അവര്‍ പ്രധാന വ്യക്തികളായി സ്വയം കരുതി മത്സര സ്വഭാവം ഉള്ളവരായിത്തീരുന്നു. ഈ വിധമാണു നാശത്തിനായി സാത്താന്‍ ഇവരെ ഒരുക്കുന്നത്. എന്നാല്‍ ഇവര്‍ സാത്താനെ പരിഹസിക്കുക വരെ ചെയ്യുന്നു. യേശു ആകട്ടെ, സാത്താനെ ഒരിക്കലും പരിഹസിച്ചിട്ടില്ല. ക്രൂശില്‍ യേശു സാത്താനെ തോല്പിച്ചു. അതിനാല്‍ നമുക്കു സാത്താനെ ശാസിക്കുവാനും, എതിര്‍ക്കുവാനും അവനെതിരെ നില്ക്കുവാനും യേശുവിന്റെ നാമത്തില്‍ വിട്ടുപോകുവാന്‍ അവനോട് കല്പിക്കുവാനും സാധിക്കും. അവന്‍ നമ്മെ വിട്ട് ഓടിപ്പോകും എന്ന് യാക്കോബ് 4:7-ല്‍ എഴുതിയിരിക്കുന്നു. എന്നാല്‍ സാത്താനെ ഒരിക്കലും പരിഹസിക്കരുത്. പ്രധാന ദൂതനായ മീഖായേല്‍ പോലും മോശെയുടെ ശരീരത്തെക്കുറിച്ച് പിശാചിനോടു തര്‍ക്കിച്ചു വാദിക്കുമ്പോള്‍ ഒരു ദൂഷണവിധി ഉച്ചരിക്കാതെ ‘കര്‍ത്താവു നിന്നെ ഭത്സിക്കട്ടെ’ എന്നു പറഞ്ഞതേ ഉള്ളു (1:9). എന്നാല്‍ ദുരുപദേഷ്ടാക്കന്മാര്‍ ‘തങ്ങള്‍ അറിയാത്തതിനെയെല്ലാം ദുഷിക്കുന്നു. ബുദ്ധിയില്ലാത്ത മൃഗങ്ങളെപ്പോലെ അവര്‍ തങ്ങളെത്തന്നെ നശിപ്പിക്കുന്നു’ (1:10).

ദൈവകൃപയെ പാപത്തിനൊരു ലൈസന്‍സായി മാറ്റി ജീവിക്കുമ്പോള്‍ അവര്‍ സ്വന്ത ജന്മവാസന അനുസരിച്ചു ജീവിക്കുന്ന മൃഗങ്ങള്‍ക്കു തുല്യരാണ്. ലൈംഗികാസക്തിയുടെ പരീക്ഷ ഉണ്ടായാല്‍ അവര്‍ അതിനനുസരിച്ച് ജീവിക്കും. ഇന്ത്യന്‍ തെരുവുകളില്‍ ഒരു ആണ്‍പട്ടി പെണ്‍പട്ടിക്കു പുറകെ ഓടുന്നതു നമുക്കു കാണാം. ലോക മനുഷ്യരും ഇതുപോലെ പെണ്‍കുട്ടികള്‍ക്കു പുറകേ ലൈംഗിക ബന്ധത്തിനായി ഓടുന്നതു നാം കാണുന്നു. ഇതു പട്ടികള്‍ക്കു സമാനമായ ഒരു ജീവിതമാണ്.

ദൈവമക്കള്‍ എന്ന് അവകാശപ്പെടുന്നവരും ഇപ്രകാരം ജീവിച്ചാല്‍ ഇവര്‍ ‘ബുദ്ധിയില്ലാത്ത മൃഗങ്ങള്‍ തന്നെ.’ ഇവര്‍ക്ക് ‘അയ്യോ കഷ്ടം’ എന്നു യൂദാ പറയുന്നു (1:11). ഇവര്‍ ശാപഗ്രസ്തരാണ്. ഇവര്‍ ഒരിക്കലും ദൈവമക്കളല്ല. ഇവര്‍ ദൈവമക്കള്‍ എന്നു പറയുന്നതു നിര്‍ത്തി തങ്ങളുടെ മോഹങ്ങള്‍ക്കനുസരിച്ചു ജീവിക്കട്ടെ.


അസുയ, പണമോഹം, മത്സരം


ഇതിനു ശേഷം കയീന്‍, ബിലെയാം, കോരഹ് എന്നിവരുടെ ഉദാഹരണം പഴയ നിയമത്തില്‍ നിന്നു യൂദാ നല്കുന്നു.

അസൂയ ആയിരുന്നു കയീന്റെ പ്രശ്‌നം. തന്റെ ഇളയ സഹോദരന്റെ യാഗത്തില്‍ ദൈവം പ്രസാദിച്ചു തീ ഇറക്കി അതിനെ അംഗീകരിച്ചപ്പോള്‍ കയീന്‍ അസൂയകൊണ്ടു നിറഞ്ഞു. മറ്റൊരു സഹോദരന്റെ (ചിലപ്പോള്‍ നിങ്ങളെക്കാള്‍ ഇളയവനാകാം) ജീവിതത്തിലും ശുശ്രൂഷയിലും അഗ്നിയും അഭിഷേകവും കാണുമ്പോള്‍ നിങ്ങള്‍ അസൂയാലുവാകുമോ? എങ്കില്‍ കയീനെയാണ് നിങ്ങള്‍ പിന്‍ഗമിക്കുന്നത്. നിങ്ങള്‍ ഒരുവനോട് അസൂയാലുവാണെങ്കില്‍ ആ വ്യക്തിയോട് നിങ്ങള്‍ക്കു സ്‌നേഹമില്ല. ചില മൂപ്പന്മാര്‍ ഒരു യുവ സഹോദരനില്‍ അഗ്നിയും അഭിഷേകവും ആത്മിക വര്‍ദ്ധനയും കാണുമ്പോള്‍ അവര്‍ അസൂയ നിറഞ്ഞവരായി തീരുന്നു. ഒരു ദൈവഭക്തനായ മനുഷ്യന്‍ ഇങ്ങനെയുള്ള യുവസഹോദരന്മാരെ പ്രോത്സാഹിപ്പിക്കുകയേ ഉള്ളു. ആ വ്യക്തി മീറ്റിംഗില്‍ മിണ്ടാതിരുന്നിട്ട് ആ യുവസഹോദരനെ പ്രധാന പ്രസംഗകന്‍ ആക്കും.

ഒരു പിതാവിന്റെ കാര്യം തന്നെ എടുക്കാം. അവന്‍ പഠിപ്പില്ലാത്ത ഒരു ജോലിക്കാരനാണ്. അവന്റെ മകന്‍ കോളജില്‍ പോയി ബിരുദം നേടി എന്നു സങ്കല്പിക്കുക. തന്റെ മകനു ബിരുദ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതു കാണാന്‍ ആ അപ്പന്‍ കോളജില്‍ പോകുന്നു. തന്റെ മകന്‍ തന്നെക്കാള്‍ വളരെ ഉയര്‍ന്ന വിദ്യാഭ്യാസം നേടി എന്നതില്‍ ഈ അപ്പന്‍ അസൂയാലു ആണോ? ഒരിക്കലും അല്ല. എന്തുകൊണ്ട്? അവന്‍ പിതാവാണ്. അവന്‍ തന്റെ മകനെ സ്‌നേഹിക്കുന്നു. നിങ്ങളൊരു സഭാ മൂപ്പനും അതേ സമയം സഭയിലുള്ള ഇളയ വ്യക്തിയില്‍ നിങ്ങള്‍ അസൂയാലുവും ആണെങ്കില്‍ നിങ്ങള്‍ ഒരു പിതാവല്ല. ഒരു യഥാര്‍ത്ഥ പിതാവ് മകന്‍ വിദ്യാഭ്യാസം തുടര്‍ന്ന് ഒരു ഡോക്ടറേറ്റ് എടുക്കുമ്പോള്‍ അവനെ പ്രോത്സാഹിപ്പിക്കും. പാവപ്പെട്ട കൂലിക്കാര്‍ തങ്ങളുടെ മക്കള്‍ ഉയര്‍ന്ന വിദ്യാഭ്യാസം നേടുന്നത് കണ്ടു സന്തോഷിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു മൂപ്പന്‍ ഇളയ സഹോദരന്മാരെ ഈവിധം മുന്നോട്ടു നയിക്കുന്നതു കാണുക ഇന്നു തുലോം വിരളമാണ്. മറിച്ച് അഭിഷിക്തരായ സഹോദരന്മാരെ അസൂയ നിറഞ്ഞ കണ്ണോടെ നോക്കി ആവുന്ന നിലയിലെല്ലാം അവരെ അടിച്ചമര്‍ത്തി തങ്ങളുടെ സിംഹാസനത്തില്‍ ഇരിക്കുന്ന മൂപ്പന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. വളരെ ചുരുക്കം പിതാക്കന്മാരേ ഉള്ളൂ എന്നതാണ് ഇന്നത്തെ ക്രിസ്തീയ ലോകത്തിലെ ദുരന്തം. യുവസഹോദരന്മാര്‍ പക്വത പൂണ്ട് തങ്ങളെക്കാള്‍ അഭിഷിക്തരായി ശുശ്രൂഷ ചെയ്യുന്നതു കാണുമ്പോള്‍ സത്യത്തില്‍ ദൈവഭക്തനായ ഒരുവന്‍ സന്തോഷിക്കുകയേ ഉള്ളു. ഇത്തരം യുവാക്കളെ മുമ്പോട്ടു നയിച്ച്

അദ്ദേഹം പിന്‍പന്തിയിലേക്കു വലിയും. നിങ്ങള്‍ ദൈവഭക്തനായ മൂപ്പന്‍ ആണെങ്കില്‍ അസൂയ ഉള്ള കയീനെപ്പോലെ അല്ല പിന്നെയോ മേല്‍പറഞ്ഞ വ്യക്തിയെ പോലെ ആകും.

ബിലെയാമാണ് യൂദാ ഉദ്ധരിക്കുന്ന മറ്റൊരു ഉദാഹരണം. അവന്റെ പ്രശ്‌നം ദ്രവ്യമോഹവും അത്യാഗ്രഹവുമാണ്. മശിഹായുടെ വരവ് ഉള്‍പ്പെടെ വളരെ നല്ല സംഗതികളെപ്പറ്റി ബിലെയാം പ്രസംഗിച്ചു (സംഖ്യ 24:17). പക്ഷേ ബിലെയാം പണത്തിനു പുറകെ പോകുന്നവന്‍ ആയിരുന്നു. അത്ഭുത സത്യങ്ങള്‍ പ്രസംഗിക്കുകയും അതേസമയം ദ്രവ്യാഗ്രഹികളായി തുടരുകയും ചെയ്യുന്ന പല പ്രസംഗകരും ഇതു പോലെയാണ്. ഇവര്‍ ബിലെയാമിന്റെ വഴിയേ പോകുന്നവരാണ്.

മൂന്നാമതായി യൂദാ കോരഹിനെപ്പറ്റി പറയുന്നു. അധികാരത്തിനെതിരെ ഉള്ള മറുതലിപ്പാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. കോരഹ് മിസ്രയീമില്‍ ഒരു അടിമായായി നശിക്കേണ്ടതായിരുന്നു. യിസ്രായേലിന്റെ നേതാവാകാന്‍ അവന് ഒരു യോഗ്യതയും ഇല്ലായിരുന്നു. ദൈവം മോശെയെ ഉപയോഗിച്ചു കോരഹിനെ അടിമത്തത്തില്‍ നിന്നു രക്ഷിച്ചു. മോശെ അവനെ പ്രാത്സാഹിപ്പിച്ച് ഒരു നേതൃസ്ഥാനവും അവനു കൊടുത്തു. ഇതു കോരഹിനെ അഹങ്കാരിയാക്കുകയും മോശെയെ ധിക്കരിക്കാന്‍ പ്രേരിപ്പിക്കയും ചെയ്തു. ദൈവം കോരഹിനെ എങ്ങനെ വിധിച്ചു എന്നു നോക്കുക. ഭൂമി വാ തുറന്ന് അവനെ വിഴുങ്ങിക്കളഞ്ഞു. കയീന്‍ തന്റെ ഇളയ സഹോദരനില്‍ അസൂയ പൂണ്ടവനായിരുന്നു. കോരഹ് തനിക്കു മുകളിലുള്ള ആത്മീയാധികാരത്തിനെതിരെ അസൂയ ഉള്ളവനായിരുന്നു. നിങ്ങള്‍ ഒരു ആത്മീയ നേതാവാണെന്നു ചിന്തിക്കുക നിമിത്തം നിങ്ങളെ നയിച്ച, പോഷിപ്പിച്ച, ദൈവഭക്തരായ സഹോദരന്മാരോട് അഹങ്കാരവും മറുതലിപ്പും കാണിക്കുവാന്‍ നിങ്ങള്‍ക്ക് സാധിക്കും. ദൈവം തന്റെ യഥാര്‍ത്ഥ അഭിഷിക്തരെ സംരക്ഷിക്കും. എന്നാല്‍ ആ ദിവസം നിങ്ങള്‍ക്കു പരിതാപകരമായ ഒരു ദിവസമായിത്തീരും. കോരഹിന്റെ ദുരന്ത ദിനം പോലെ തന്നെ.

അധികാരങ്ങള്‍ക്കെതിരെ ഉള്ള മറുതലിപ്പ് ക്രിസ്തീയ ഗോളത്തില്‍ വളരെ സാധാരണമായ ഒരു സംഭവമാണ്. പരിതാപകരം തന്നെ. നമ്മുടെ മേലുള്ള ആത്മീയ അധികാരങ്ങള്‍ക്കെതിരെ ഒരു തരത്തിലും നാം മറുതലിക്കുവാന്‍ പാടില്ല. ഒരു സഭയില്‍ സന്തോഷമായി തുടരാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ ആ സഭ വിട്ട് വേറേ ഒരു സഭയില്‍ ചേരാം. എന്നാല്‍ ആ സഭയില്‍ തുടര്‍ന്നുകൊണ്ട് അവിടുത്തെ അധികാരങ്ങള്‍ക്ക് എതിരെ മറുതലിക്കരുത്. അങ്ങനെ മറുതലിച്ചാല്‍ നിങ്ങള്‍ കോരഹിനെപ്പോലെ ആയിത്തീരും. ഒരു സഭയുമായി യോജിച്ചു പോകാന്‍ ബുദ്ധിമുട്ട് ആണെങ്കില്‍ വേറെ ഒരു കൂട്ടത്തിലേക്കു പോകുകയോ മറ്റൊന്ന് ആരംഭിക്കുകയോ ചെയ്യാം. അല്ലാതെ ഒരിക്കലും മറുതലിക്കാന്‍ പാടില്ല. കപ്പലുകള്‍ ചെന്ന് ഇടിച്ചു തകരുന്ന വെള്ളത്തിനടിയിലെ പാറക്കൂട്ടങ്ങളാണ് ഇത്തരം വ്യക്തികള്‍ എന്നും ഇവിടെ എഴുതിയിരിക്കുന്നു. ഇവര്‍ തങ്ങള്‍ക്ക് ആത്മിക വരങ്ങളുണ്ടെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ഇവര്‍ മഴ കൊടുക്കാത്ത വെള്ളമില്ലാത്ത മേഘങ്ങളാണ് (1:12).


ദൈവത്തിനു മനുഷ്യരെ ആവശ്യമുണ്ട്


മേല്‍പ്പറഞ്ഞ പഴയ നിയമത്തിലെ മോശമായ ദൃഷ്ടാന്തങ്ങള്‍ക്കു പകരം യൂദാ പഴയ നിയമത്തില്‍ നിന്ന് ഒരു നല്ല ഉദാഹരണം എടുത്തു കാണിക്കുന്നു – ഹാനോക്ക് (1:14). ആദാമിന്റെയും നോഹയുടെയും ഇടയിലുള്ള അനേക തലമുറകളുടെ കാര്യം നോക്കിയാല്‍ ദൈവത്തോടു കൂടെ നടന്ന ഒരേ ഒരു മനുഷ്യന്‍ ഹാനോക്കായിരുന്നു. അവന്‍ മുന്നൂറ് സംവത്സരം ദൈവത്തോടു കൂടെ നടക്കുകയും പ്രവചിക്കുകയും ചെയ്തു (1:14). ബൈബിളിലെ ആദ്യ പ്രവാചകന്‍ ഹാനോക്കായിരുന്നു. എന്താണ് ഈ ആദ്യ പ്രവാചകന്‍ പ്രവചിച്ചത്? ക്രിസ്തുവിന്റെ രണ്ടാം വരവും തുടര്‍ന്നുള്ള പാപികളുടെ ന്യായവിധിയും (1:14,15). പാപികളുടെ അഭക്തമായ ക്രിയകള്‍ക്കും സംസാരങ്ങള്‍ക്കും എതിരെയാണ് ഹാനോക്ക് പ്രവചിച്ചത്. അവന്‍ പാപത്തിനെതിരേ നിര്‍ഭയമായി പ്രവചിച്ചു. ഹാനോക്കിന്റെ കൊച്ചു മകനായ നോഹയും ഹാനോക്കിന്റെ കാല്‍ച്ചുവടുകള്‍ പിന്തുടര്‍ന്ന് ദൈവത്തോടൊപ്പം നടന്ന് ന്യായവിധിയെക്കുറിച്ച് പ്രസംഗിച്ചു. യെശയ്യാവ് എന്താണ് പ്രസംഗിച്ചത്? ന്യായവിധി. നോഹ എന്താണ് പ്രസംഗിച്ചത്? ന്യായവിധി. നഹും എന്താണ് പ്രസംഗിച്ചത്? ന്യായവിധി. യിരെമ്യാവ് എന്താണ് പ്രസംഗിച്ചത്? ന്യായവിധി. ബൈബിളിലെ ദൈവത്തിന്റെ എല്ലാ യഥാര്‍ത്ഥ പ്രവാചകന്മാരും ദൈവം തന്റെ ജനത്തെ പാപം നിമിത്തം ന്യായം വിധിക്കും എന്നു പ്രസംഗിച്ചിരുന്നു. ഇക്കാലത്ത് ഇതുപോലുളള ഉപദേശം പ്രസംഗിക്കുന്ന പ്രവാചകന്മാര്‍ എവിടെയാണ്?

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയുടെ ജനസംഖ്യ നൂറു കോടിയേക്കാള്‍ അധികമാണ്. ദൈവം ഇന്ത്യന്‍ ജനതയെ സ്‌നേഹിക്കുന്നു. എന്നാല്‍ ദൈവം എന്തുകൊണ്ട് അനേകം പ്രവാചകന്മാരെ ഇന്ത്യയിലേക്ക് അയയ്ക്കുന്നില്ല? ദൈവം ധാരാളം യുവാക്കളെ ഈ രാജ്യത്തു പ്രവാചകന്മാരായി വിളിച്ചിട്ടുണ്ടെന്ന് എനിക്കു അറിയാം. എന്നാല്‍ ബഹുഭൂരിപക്ഷം പേരും വഴിതെറ്റി വീണുപോയിരിക്കുന്നു. ഇവര്‍ പണസ്‌നേഹികളായി തീരുകയോ, ദൈവഹിതപ്രകാരമല്ലാത്ത യുവതികളെ വിവാഹം കഴിക്കുകയോ അല്ലെങ്കില്‍ ചില പാശ്ചാത്യ സമൂഹങ്ങളില്‍ ചേരുകയോ ചെയ്തുകൊണ്ട് ദൈവത്തിന്റെ സമ്പൂര്‍ണ്ണമായ ഇഷ്ടം നഷ്ടപ്പെടുത്തിക്കളഞ്ഞിരിക്കുന്നു.

ഇതു വായിക്കുന്ന നിങ്ങളില്‍ ചിലരെ ദൈവം ഈ രാജ്യത്തിനു വേണ്ടി തന്റെ പ്രവാചകന്മാരായി വിളിക്കുവാന്‍ സാദ്ധ്യത ഉണ്ട്. ദൈവം തിരഞ്ഞെടുക്കാത്ത യുവതികളെ വിവാഹം കഴിച്ചോ പണത്തിനു പുറകേ ഓടിയോ നിങ്ങളുടെ വിളി നഷ്ടപ്പെടുത്താതെ നോക്കുക. ദൈവത്തിനായി പ്രവാചകന്മാരാകുന്നതിനു പകരം ഏതെങ്കിലും ക്രിസ്തീയ സംഘടനകളുടെ ഡയറക്ടര്‍ ആയി ഒരു സ്ഥാനത്ത് ഇരിപ്പുറപ്പിക്കുന്നതില്‍ നിന്ന് ദൈവം നിങ്ങളെ രക്ഷിക്കട്ടെ. ഹാനോക്കിനെപ്പോലെ ഒറ്റയ്ക്കു നിര്‍ഭയനായി ദൈവത്തിന്റെ കൂടെ നടക്കുവാന്‍ അഭ്യസിക്കാം. ഇതാണ് യൂദാ നമ്മോട് പറയുന്നത്. ഹാനോക്കിനെപ്പോലെ ആകുക. വിശ്വാസത്തിനായി പോരാടുക. ദൈവിക സത്യത്തിനായി നിര്‍ഭയനായി നില്ക്കുക. തങ്ങളുടെ ഗതിയെക്കുറിച്ച് ആവലാതി പറയുന്നവര്‍ക്കും സ്വന്തമോഹങ്ങള്‍ക്കനുസരിച്ചു നടക്കുന്നവര്‍ക്കും കാര്യസാദ്ധ്യത്തിനായി മുഖസ്തുതി പറയുന്നവര്‍ക്കും എതിരെ നില്ക്കുക (1:16). ചില പ്രസംഗകര്‍ ആളുകളില്‍ നിന്നും നേട്ടം കിട്ടാനായി മുഖസ്തുതി പറയുന്നു. ഇവര്‍ക്ക് എതിരെ നില്ക്കുക. നമ്മുടെ കര്‍ത്താവിന്റെയും അപ്പൊസ്തലന്മാരുടെയും വാക്കുകളെ ശ്രദ്ധിക്കുക. ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികള്‍ അന്ത്യകാലത്ത് എഴുന്നേല്ക്കും എന്ന് അവര്‍ നമ്മെ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. ഇവര്‍ കോരഹ് ചെയ്തപോലെ ഭിന്നത ഉണ്ടാക്കുന്നവരാണ്. ഇവര്‍ പരിശുദ്ധാത്മാവിന്റെ വരങ്ങളെക്കുറിച്ചു പറയുന്നവര്‍ എങ്കിലും ആത്മാവ് ലവലേശം ഇല്ലാത്ത ലോക മനഃസ്ഥിതിക്കാരാണ് (1:17-19).

യൂദാ അവസാനമായി ചില നല്ല അത്ഭുത പ്രബോധനങ്ങള്‍ തരുന്നുണ്ട്. ‘നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങള്‍ക്കു തന്നെ ആത്മിക വര്‍ദ്ധന വരുത്തിയും പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിച്ചും, ദൈവസ്‌നേഹത്തില്‍ നിങ്ങളെത്തന്നെ സൂക്ഷിച്ചുകൊള്ളുക'(1:20,21). ദൈവസ്‌നേഹത്തില്‍ സൂക്ഷിക്കുക എന്നതുകൊണ്ട് ഒട്ടേറെ കാര്യങ്ങള്‍ അര്‍ത്ഥമാക്കുന്നുണ്ട്.


ദൈവസ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനമുള്ളവരായി തീരുക

ഒന്നാമതായി ദൈവത്തിന്റെ സമ്പൂര്‍ണ്ണ സ്‌നേഹത്തില്‍ ഉറച്ച വിശ്വാസമുള്ളവരായി എപ്പോഴും ആയിരിക്കുക. പത്രൊസ് യേശുവിനെ തള്ളിപ്പറയുന്ന സമയത്ത് ‘നീ വീഴാതിരിക്കുവാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു’ എന്നല്ല യേശു അവനോടു പറഞ്ഞത്. ‘നീ വീഴുന്ന സമയത്തു നിന്റെ വിശ്വാസം നഷ്ടമാകാതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് അവിടുന്നു പറഞ്ഞത്. നിന്റെ ജീവിതത്തില്‍ പരാജയത്തിന്റെ നെല്ലിപ്പലകയില്‍ എത്തുമ്പോഴും ദൈവം നിന്നെ സ്‌നേഹിക്കുന്നു എന്ന സത്യം ഓര്‍ക്കുക. മുടിയന്‍ പുത്രന്‍ വിദൂര ദേശത്തു തന്റെ സകലവും നഷ്ടപ്പെടുത്തിയെങ്കിലും തന്റെ പിതാവ് തന്നെ അപ്പോഴും സ്‌നേഹിക്കുന്നു എന്ന കാര്യത്തില്‍ അവന് ഉറപ്പുണ്ടായിരുന്നു. ഇതാണ് അവനെ മടക്കി വരുത്തിയത്. നിങ്ങള്‍ എത്ര തന്നെ വഴി തെറ്റിപ്പോയാലും ഈ കാര്യം നിങ്ങളെയും തിരിച്ചു കൊണ്ടുവരും.

രണ്ടാമതായി ദൈവത്തെ എപ്പോഴും ജാഗ്രതാപൂര്‍വ്വം സ്‌നേഹിക്കുക. ദൈവത്തിനു നമ്മോടുള്ള സ്‌നേഹത്തെ നാം കാണുന്ന അളവില്‍ നാമും ദൈവത്തെ സ്‌നേഹിക്കും.

മൂന്നാമതായി ദൈവം നിങ്ങളെ സ്‌നേഹിച്ച പ്രകാരം മറ്റുള്ളവരെയും സ്‌നേഹിക്കുക. ദൈവസ്‌നേഹത്തിന്റെ ദൃഢത നിങ്ങളുടെ ഹൃദയത്തെ നിറയ്ക്കുമ്പോള്‍ നിങ്ങള്‍ മറ്റുള്ളവരേയും സ്‌നേഹിക്കും. പാപത്തിന്റെ ചേറ്റില്‍ കിടന്ന നിങ്ങളെ ദൈവം സ്‌നേഹിച്ചു. അതുപോലെ പാപത്തിന്റെ ചേറ്റില്‍ കിടക്കുന്ന മറ്റുള്ളവരേയും നിങ്ങള്‍ക്കു സ്‌നേഹിക്കുവാന്‍ സാധിക്കും.

നിങ്ങളെത്തന്നെ ദൈവസ്‌നേഹത്തില്‍ സൂക്ഷിക്കുമ്പോള്‍ കര്‍ത്താവ് നിങ്ങളെ പാപത്തില്‍ വീഴാതെ കാത്തുകൊള്ളും (1:24). ആദ്യം നിങ്ങള്‍ നിങ്ങളെത്തന്നെ ദൈവസ്‌നേഹത്തില്‍ സൂക്ഷിക്കുക – അപ്പോള്‍ യേശു നിങ്ങളെ പാപത്തില്‍ വീഴാതെ കാത്തുകൊള്ളും. ക്രിസ്തീയ ജീവിതത്തിന്റെ ആദ്യഘട്ടങ്ങളില്‍ പത്രൊസിനെപ്പോലെ നിങ്ങളും ചില സമയങ്ങളില്‍ വീണേക്കാം. എന്നാല്‍ നിങ്ങളെത്തന്നെ താഴ്ത്തുമെങ്കില്‍, വിശ്വാസത്തെ ആധാരമാക്കി നിങ്ങള്‍ക്കു തന്നെ ആത്മികവര്‍ദ്ധന വരുത്തുമെങ്കില്‍, നിങ്ങളെത്തന്നെ ദൈവസ്‌നേഹത്തില്‍ സൂക്ഷിച്ചുകൊള്ളുമെങ്കില്‍, പരിശുദ്ധാത്മാവില്‍ പ്രാര്‍ത്ഥിക്കുമെങ്കില്‍, യേശു പാപത്തില്‍ വീഴാതെ നിങ്ങളെ സൂക്ഷിച്ചുകൊള്ളുന്ന അനുഭവം നിങ്ങളുടെ ജീവിതത്തിലും വന്നുചേരും (1:20-24). പാപം നിങ്ങളുടെ ജീവിതത്തില്‍ ഇനിമേല്‍ കര്‍ത്തൃത്വം നടത്താതെ ഇരിക്കും.

ഈ മനോഭാവത്തോടെ ആയിരിക്കണം പിന്മാറിപ്പോയവരെ സഹായിക്കേണ്ടതും (1:22,23). ചിലരെ തീയില്‍ നിന്നു വലിച്ചെടുത്തു രക്ഷിക്കുമ്പോള്‍ നാം പാപത്താല്‍ കളങ്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം(1:23). യേശു പാപികളുടെ സ്‌നേഹിതനായിരുന്നു. എന്നാല്‍ താന്‍ ഒരു കാലത്തും പാപത്താല്‍ കളങ്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. നമുക്കും ഇപ്രകാരം നടക്കുവാന്‍ സാധിക്കും.

ദൈവ ഭക്തരുടെ മദ്ധ്യേ പല വിശ്വാസികളും തങ്ങളെ തന്നെ വിശുദ്ധരായി സൂക്ഷിക്കും. എന്നാല്‍ ഇവര്‍ തങ്ങളുടെ രക്ഷിക്കപ്പെടാത്ത ബന്ധുക്കളുടെ മദ്ധ്യത്തില്‍ ആയിരിക്കുന്ന സമയത്ത് അവര്‍ പിന്മാറ്റക്കാരായും പാപത്താല്‍ കളങ്കപ്പെട്ടവരായും തീരും. അവര്‍ മറ്റുള്ളവരെക്കുറിച്ച് അപവാദം പറയുവാനും, തങ്ങളെ കളങ്കപ്പെടുത്തുന്ന ടി.വി. പ്രോഗ്രാമുകള്‍ കാണുവാനും തുടങ്ങും. ഇങ്ങനെ ഉള്ളവര്‍ക്കു ഞാന്‍ ഒരു ചെറിയ ഉപദേശം നല്കട്ടെ. നിങ്ങളുടെ ബന്ധുക്കള്‍ അപവാദം പറയുവാന്‍ തുടങ്ങുമ്പോള്‍ സാവധാനത്തില്‍ ആ മുറി വിട്ടു പുറത്തേക്കു പോകുക. അടുത്ത ദിവസവും പിന്നീട് അതിന്റെ അടുത്ത ദിവസവും ഇതേ രീതി തുടരുക. അവരുടെ ഇത്തരം ശീലങ്ങള്‍ നിങ്ങള്‍ക്കു രസിക്കുന്നില്ല എന്ന സന്ദേശം ചില ദിവസത്തിനകം അവര്‍ക്കു ലഭിക്കും. ഇത് അവര്‍ക്കുള്ള നിങ്ങളുടെ മൗനമായ സാക്ഷ്യം ആയിരിക്കും. നമ്മുടെ ആത്മീയ വസ്ത്രം കളങ്കപ്പെടുത്താതെ സൂക്ഷിക്കുവാന്‍ വളരെ ശ്രദ്ധിക്കുക (1:23). ചെളിവെള്ളത്തില്‍ കൂടി നടക്കുമ്പോള്‍ നമ്മുടെ പാന്റ് വൃത്തികേടാകാതെ പൊക്കിപ്പിടിച്ചു നടക്കാന്‍ നമ്മള്‍ വളരെ ശ്രദ്ധിക്കുന്നു. ഇതുപോലെ അവിശ്വാസികള്‍ക്കു മദ്ധ്യേ നാം ആയിരിക്കുമ്പോള്‍ വളരെ ജാഗ്രത പുലര്‍ത്തേണ്ടത് ആവശ്യമാണ്.

വീഴാതെ വണ്ണം നിങ്ങളെ സൂക്ഷിച്ച് തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാതെ നിറുത്തുവാന്‍ ശക്തിയുള്ളവനാണ് നമ്മുടെ കര്‍ത്താവ്. ഇതാണ് നമ്മുടെ പ്രത്യാശ. അതിനാല്‍ ‘നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു മുഖാന്തരം നമ്മുടെ രക്ഷിതാവായ ഏക ദൈവത്തിനു തന്നെ സര്‍വ്വകാലത്തിനു മുമ്പും ഇപ്പോഴും സദാകാലത്തോളവും തേജസ്സും മഹിമയും ബലവും അധികാരവും ഉണ്ടാകുമാറാകട്ടെ’ (1:25). ആമേന്‍.

What’s New?