ബൈബിളിലൂടെ : ലൂക്കൊസ്‌

യേശുക്രിസ്തു – ആത്മനിറവുള്ള മനുഷ്യന്‍

Chapter: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24


യേശു മറിയയുടെ ഗര്‍ഭത്തിലുരുവായതു മുതല്‍ തന്റെ പുനരുത്ഥാനം വരെയും തുടര്‍ന്നു പുനരുത്ഥാനത്തിനു ശേഷമുണ്ടായ ചില സംഭവങ്ങളും ചേര്‍ത്ത് ആദ്യന്തം സാദ്ധ്യമാകുന്നത്ര കൃത്യമായ സമഗ്രമായ ചരിത്ര വിവരണം നല്‍കുവാനുള്ള ഭാരമായിരുന്നു ലൂക്കോസിനുണ്ടായിരുന്നത് (1:3).

ബൈബിളിലെ 64 പുസ്തകങ്ങളും യഹൂദരായ എഴുത്തുകാരാല്‍ രചിതമാണ്. യഹൂദേതരനായ ഒരേ ഒരു എഴുത്തുകാരന്‍ ലൂക്കൊസ് മാത്രമാണ്. ലൂക്കൊസിന്റെ സുവിശേഷവും അപ്പൊസ്തല പ്രവൃത്തികളും ലൂക്കൊസിനാല്‍ എഴുതപ്പെട്ടിരിക്കുന്നു. യവനനായ ലൂക്കൊസ് തന്റെ യവന സുഹൃത്തായ തെയോഫിലോസിന് എഴുതിയതായിരുന്നു ഈ രണ്ടു പുസ്തകങ്ങളും. യേശു മനുഷ്യനായി ഈ ഭൂമിയില്‍ വന്ന് ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റാന്‍ എങ്ങനെ ജീവിച്ചു എന്ന് ഒരു യവനന്‍ മറ്റൊരു യവനനെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്നതാണീ പുസ്തകങ്ങള്‍.


പരിശുദ്ധാത്മാവിന്റെ ശുശ്രൂഷ

രണ്ടു പുസ്തകങ്ങളിലും പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെക്കുറിച്ചാണ് ലൂക്കൊസ് അധികം വിവരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രധാന ഊന്നലുകളിലൊന്ന് ഇതുതന്നെ. ഈ സുവിശേഷത്തില്‍ കാണുന്ന ചില ഉദാഹരണങ്ങള്‍ ശ്രദ്ധിക്കുക: സ്‌നാപക യോഹന്നാന്‍ അമ്മയുടെ ഗര്‍ഭം മുതല്‍ പരിശുദ്ധാത്മാവ് നിറഞ്ഞവനാകും (1:15). മറിയയുടെ മേല്‍ പരിശുദ്ധാത്മാവ് വരും (1:35), എലീശബെത്തും സെഖര്യാവും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരായിരുന്നു(1:41,67). ശിമയോന്റെ മേല്‍ പരിശുദ്ധാത്മാവ് വന്നിരുന്നു. പരിശുദ്ധാത്മാവിനാല്‍ അരുളപ്പാടുണ്ടായി. ആത്മനിയോഗത്താല്‍ അവന്‍ ദൈവാലയത്തിലേക്ക് ചെന്നു (2:25-27). യേശു പരിശുദ്ധാത്മാവില്‍ സ്‌നാനം കഴിപ്പിക്കും (3:16). സ്‌നാനമേല്‍ക്കയില്‍ യേശു പ്രാര്‍ത്ഥിച്ചു (പരിശുദ്ധാത്മാഭിഷേകത്തിനു വേണ്ടിയാണെന്നത് വ്യക്തമാണ്) പെട്ടെന്നുതന്നെ ആത്മാവ് യേശുവിന്മേല്‍ വന്നു (3:21,22). യേശു ആത്മാവു നിറഞ്ഞവനായി പരീക്ഷിക്കപ്പെടുവാന്‍ മരുഭൂമിയിലേക്ക് പോയി. ആത്മാവിന്റെ ശക്തിയോടെ മടങ്ങി (4:1,14). പരിശുദ്ധാത്മാവ് തന്റെ മേലുണ്ട് എന്ന് യേശു പ്രഖ്യാപിക്കുന്നു (4:18). യാചിക്കുന്നവര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കുന്നു (11:13). പരിശുദ്ധാത്മാവിന്റെ ശക്തിക്കുവേണ്ടി കാത്തിരിക്കുവാന്‍ യേശു ശിഷ്യന്മാരോട് കല്പിച്ചു (24:49). അപ്പൊസ്തല പ്രവൃത്തികളില്‍ അന്‍പതിലധികം പ്രാവശ്യം ലൂക്കൊസ് പരിശുദ്ധാത്മാവിനെക്കുറിച്ച് പരാമര്‍ശിക്കുന്നു. ലൂക്കൊസ് സംശയമെന്യേ പരിശുദ്ധാത്മ നിറവുള്ള ഒരു വ്യക്തിയായിരുന്നു. പരിശുദ്ധാത്മാവാല്‍ സാദ്ധ്യമാക്കപ്പെട്ട ഈ പുതിയ ഉടമ്പടിയുടെ ജീവിതത്തെക്കുറിച്ച് ഈവിധത്തില്‍ അദ്ദേഹം ആവേശഭരിതനായിരുന്നു. ഈ ആവേശം എത്ര പുതിയ നിയമ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്നുണ്ട്?

അദ്യത്തെ അഞ്ചു പുതിയ നിയമ പുസ്തകങ്ങളുടേയും തുടക്കത്തില്‍ തന്നെ പരിശുദ്ധാത്മ സ്‌നാനത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. പുതിയ നിയമ കാലഘട്ടത്തില്‍ പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയ്ക്കുള്ള വലിയ പ്രാധാന്യത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പിശാച് ഏറ്റവും ശ്രദ്ധയോടെ വ്യാജ അനുകരണങ്ങള്‍ കൊണ്ടുവരാനുത്സാഹിക്കുന്നതും പരിശുദ്ധാത്മസ്‌നാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തന്നെയാവും. ഇന്നു നാം എത്രയധികം വ്യാജപ്രവര്‍ത്തനങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു!

വിശ്വാസികള്‍ യഥാര്‍ഥ പരിശുദ്ധാത്മസ്‌നാനം പ്രാപിക്കുന്നില്ല എന്ന കാര്യം പിശാച് എങ്ങനെയാണ് ഉറപ്പാക്കുന്നത്?

ഒന്നാമത് ബാഹ്യമായി വൈകാരിക തലത്തിലോ മറ്റോ ഒരു അനുഭവം ചിലര്‍ക്ക് നല്‍കും. എന്നാല്‍ പാപത്തെ ജയിക്കുവാനും കര്‍ത്താവിനെ സേവിക്കുവാനുമുള്ള ശക്തിയൊന്നും അവര്‍ക്കുണ്ടാകില്ല. പക്ഷേ പരിശുദ്ധാത്മ സ്‌നാനം ലഭിച്ചുകഴിഞ്ഞു എന്ന ഉറപ്പില്‍ സാത്താന്‍ അവരെ നയിക്കും. അത്തരം വിശ്വാസികള്‍ പിന്നീടൊരിക്കലും പരിശുദ്ധാത്മാഭിഷേകം അന്വേഷിക്കില്ല. കാരണം അതു ലഭിച്ചുകഴിഞ്ഞു എന്ന ബോധ്യത്തിലായിരിക്കും അവര്‍. ഇത്തരം വിശ്വാസികള്‍ ദശലക്ഷക്കണക്കിനുണ്ട്. അവര്‍ പാപത്തിനടിമപ്പെട്ട്, ധനസ്‌നേഹികളായി, ലോകത്തിനുവേണ്ടി ജീവിക്കുന്നു. എന്നാല്‍ അവരൊക്കെ മറുഭാഷ എന്ന് അവര്‍ വിളിക്കുന്ന എന്തൊക്കെയോ സംസാരിക്കുന്നവരും എന്തൊക്കെയോ സവിശേഷ അനുഭവങ്ങള്‍ കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്യുന്നു എന്നൊക്കെ അവകാശപ്പെടുന്നവരുമാണ്.

രണ്ടാമതായി സാത്താന്‍ ഉപയോഗിക്കുന്ന മറ്റൊരുകൂട്ടം വിശ്വാസികളുണ്ട്. പരിശുദ്ധാത്മ സ്‌നാനത്തെക്കുറിച്ച് ഉപദേശപരമായിത്തന്നെ അവര്‍ എതിര്‍ധ്രൂവത്തിലാണ്. മുകളില്‍ പറഞ്ഞ വ്യാജ അഭിഷേകത്തെയും വ്യാജ അനുഭവങ്ങളേയുമൊക്കെ അവര്‍ എതിര്‍ക്കുന്നു. അതോടൊപ്പം പരിശുദ്ധാത്മ സ്‌നാനത്തെതന്നെ അവര്‍ എതിര്‍ക്കുന്നു. അങ്ങനെ ഈ രണ്ടു കൂട്ടത്തിലും പെട്ട വിശ്വാസികള്‍ (വിശ്വാസികളുടെ ഏറ്റവും വലിയ സമൂഹം ഈ രണ്ടു കൂട്ടത്തിലുമാണ്) ഒരിക്കലും പരിശുദ്ധാത്മ സ്‌നാനമോ ദൈവശക്തിയോ പ്രാപിക്കാതെവണ്ണം സാത്താന്‍ അവരെ തന്റെ സ്വാധീനത്തിലാക്കിയിരിക്കന്നു.

ഈ രണ്ടു സമൂഹങ്ങളേയും നാം സൂക്ഷിച്ചൊഴിയേണ്ടതുണ്ട്.

യോഹന്നാന്‍ സ്‌നാപകന്‍ അമ്മയുടെ ഗര്‍ഭത്തില്‍ വച്ചുതന്നെ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞതെങ്ങനെയായിരുന്നു? അമ്മയുടെ ഗര്‍ഭത്തില്‍ ഒരു ഭ്രൂണമായിരിക്കെ അവന്‍ കാത്തിരുന്നോ? ആരെങ്കിലും പ്രാര്‍ത്ഥിക്കുവാന്‍ പ്രബോധനം നല്‍കിയോ? ഇല്ല. ദൈവം അവനെ നിറയ്ക്കുകയായിരുന്നു. ദൈവത്തിന്റെ കാര്യമാണ് നിങ്ങളെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കുക എന്നത്. നാം ദൈവത്തിനു കീഴടങ്ങിയിരിക്കുന്നു എങ്കില്‍ അവിടുന്ന് നമ്മെ നിറയ്ക്കും. നിങ്ങളുടെ വിശ്വാസത്തെ ഉത്തേജിപ്പിക്കുന്ന ഒരു കാര്യം എഴുതട്ടെ. അമ്മയുടെ ഗര്‍ഭത്തില്‍ കിടക്കുന്ന നിസ്സഹായനായ ഒരു ഭ്രൂണത്തെ പരിശുദ്ധാത്മാവില്‍ ദൈവം നിറയ്ക്കുമെങ്കില്‍ എന്തുകൊണ്ട് നിങ്ങളെ നിറയ്ക്കില്ല?

തീരെ വിലകുറഞ്ഞ വ്യാജ അഭിഷേകം കൊണ്ട് തൃപ്തിപ്പെടരുത്. ഒരു ചെറുപ്പക്കാരനായിരിക്കുമ്പോള്‍ ഞാന്‍ കര്‍ത്താവിനോടു പറഞ്ഞു: ”കര്‍ത്താവോ ഒരു വ്യാജ അഭിഷേകത്തില്‍ സംതൃപ്തനാകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. യഥാര്‍ത്ഥമായ ഒന്നിനുവേണ്ടി പത്തു വര്‍ഷം കാത്തിരിക്കുവാനും ഞാന്‍ തയാറാണ്” കാത്തിരിക്കത്തക്കവണ്ണം അതു വിലയുള്ളതാണ്. അങ്ങനെ യഥാര്‍ത്ഥമായും പരിശുദ്ധാത്മ സ്‌നാനം ലഭിച്ചാല്‍ നിങ്ങളുടെ മുഴുജീവിതവും വ്യത്യാസപ്പെടും.

യോഹന്നാന്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞപ്പോള്‍ അവന്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ വലിയവനാണ്(1:15). അതുതന്നെയാണ് ആത്മാവ് നമ്മിലും ചെയ്‌വാനാഗ്രഹിക്കുന്നത്. മനുഷ്യന്റെ ദൃഷ്ടിയിലല്ല ദൈവത്തിന്റെ ദൃഷ്ടിയില്‍ വലിയവനാവുക.

1:34,35ല്‍ ഗബ്രിയേല്‍ മറിയയുടെ അടുക്കല്‍ വന്നപ്പോള്‍ അവള്‍ സ്വാഭാവികമായി അവനോടു ചോദിച്ചു ”ഇതെങ്ങനെ സംഭവിക്കും? ഞാന്‍ കന്യകയാണല്ലോ. കന്യകയെങ്ങനെയാണ് ശിശുവിനെ പ്രസവിക്കുക?” ദൂതന്‍ ഉത്തരമായി അവളോട് പറഞ്ഞു: ”പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ നിഴലിടും.” പരിശുദ്ധാത്മാവ് എല്ലായ്‌പ്പോഴും ദൈവത്തിന്റെ ശക്തിയേയാണ് നമ്മിലേക്ക് കൊണ്ടുവരിക (അപ്പൊ. പ്രവൃ. 1:8 ലും 10:38ലും കാണുക).

യേശുവിനെ മറിയയില്‍ ഉളവാക്കുവാന്‍ പരിശുദ്ധാത്മാവ് അവളുടെ മേല്‍ വന്നതുപോലെയാണ് ക്രിസ്തു നമ്മിലുരുവാകുവാന്‍ തക്കവണ്ണം പരിശുദ്ധാത്മാവ് പ്രാഥമികമായി നമ്മിലേക്ക് വരുന്നത്. നമ്മുടെ ജീവിതത്തിലും കര്‍ത്തൃശുശ്രൂഷയിലും പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെ മനസ്സിലാക്കുവാനുള്ള ഏറ്റവും സുവ്യക്തമായ മാര്‍ഗരേഖ ഇതുതന്നെയാണ്. മറിയയുടെ ഗര്‍ഭത്തില്‍ ഒരു ശരീരം രൂപപ്പെടുവാന്‍ സമയമെടുത്തതുപോലെ നമ്മുടെ ജീവിതത്തിലും ക്രിസ്തു വെളിപ്പെടുവാന്‍ സമയം ആവശ്യമാണ്.

1:37ല്‍ മനോഹരമായ ഒരു വാഗ്ദാനം നാം കണ്ടെത്തുന്നു: ”ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല” (ദൈവം അരുളിച്ചെയ്ത ഒരു വചനംപോലും ശക്തിയില്ലാത്തതല്ല). ദൈവം ഒരു വാക്യം പോലും നിശ്വസിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ശക്തിയുണ്ടെന്നു നിങ്ങള്‍ക്കുറപ്പിക്കാം: ”വെളിച്ചമുണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; അതു സംഭവിച്ചു,” ഉല്പത്തി ഒന്നാം അദ്ധായം മുഴുവനും നാം ശ്രദ്ധിച്ചാല്‍ ഒരു വചനംപോലും ശക്തിഹീനമായി നാം കാണുകയില്ല. അതുകൊണ്ടുതന്നെയാണ് നാം ദൈവവചനം ശ്രദ്ധയോടെ പഠിക്കേണ്ടതും അതിലെ വാഗ്ദാനങ്ങള്‍ അവകാശമാക്കേണ്ടതും. ഇതാ അതിശക്തമായ ഒരു വാഗ്ദാനം: ”പാപം നിങ്ങളുടെ മേല്‍ കര്‍ത്തൃത്വം നടത്തുകയില്ല” (റോമ. 6:14). നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ ഈ വാഗ്ദാനം നിങ്ങളില്‍ ശക്തമായിത്തീരും. കാരണം ദൈവത്തിന്റെ ഒരു വചനവും ശക്തിഹീനമല്ല.

എല്ലാം അവിടുത്തേക്ക് സുസാധ്യമാണെന്ന് നാം വിശ്വസിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു എന്നതുകൊണ്ടാണ് അവിടുന്ന് ഇക്കാര്യം പഴയ പുതിയ നിയമങ്ങളുടെ ആരംഭത്തില്‍ തന്നെ രേഖപ്പെടുത്തിയിരിക്കന്നത് (ഉല്പ. 18:14, ലൂക്കൊ. 1:37). നാം നമ്മുടെ ക്രിസ്തീയ ജീവിതം ആരംഭിക്കുമ്പോള്‍ ബൈബിള്‍ ദൈവത്തിന്റെ വചനമാണെന്നുള്ള വിശ്വാസം ഒരു അന്ധമായ വിശ്വാസമാണ്. എന്നാല്‍ അങ്ങനെതന്നെ നാം തുടരേണ്ടതില്ല. നാം ദൈവത്തിന്റെ വാഗ്ദാനങ്ങള്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ദൈവത്തിനൊരു കാര്യവും അസാദ്ധ്യമല്ലെന്നത് നമ്മുടെ ജീവിതം കൊണ്ട് തെളിയിക്കപ്പെടുകയും ബൈബിള്‍ ദൈവത്തിന്റെ വചനമാണെന്ന വിശ്വാസം തെളിവുള്ള വിശ്വാസമായിത്തീരുകയും ചെയ്യുന്നു. കാരണം ദൈവത്തിന്റെ ഒരു വചനവും ശക്തിഹീനമല്ല എന്നു നാം അനുഭവിച്ചറിഞ്ഞിരിക്കുന്നു.

യേശു ഒരിക്കലും പഴയനിയമത്തെ ചോദ്യം ചെയ്തിട്ടില്ല. നിരൂപകന്മാരും വേദശാസ്ത്ര പണ്ഡിതന്മാരും എന്തു പറയുന്നു എന്നത് അവിടുന്ന് ശ്രദ്ധിച്ചില്ല. യേശു അതു വിശ്വസിക്കയും അതിന്റെ ശക്തി അനുഭവിച്ചറിയുകയും ചെയ്തു. അത്തരം ലളിതമായ വിശ്വാസത്തില്‍ നിന്നും പിശാച് അനേകരെ വഴിതെറ്റിച്ചുകൊണ്ടിരിക്കുന്നു. ദൈവത്തിന്റെ വചനം വിശ്വസിക്കുകയും അതിന്റെ ശക്തി അനുഭവിക്കുകയും ചെയ്യുന്നതിന് പകരം തങ്ങളുടെ ബുദ്ധി ഉപയോഗിച്ച് തിരുവെഴുത്തുകളെ തലനാരിഴ കീറി വിശകലനം ചെയ്യുവാന്‍ അവര്‍ തങ്ങളുടെ ജീവിതം പാഴാക്കിക്കൊണ്ടിരിക്കുന്നു. ഒരിക്കല്‍ പോലും ദൈവശക്തി അനുഭവിക്കാതെ നിങ്ങള്‍ എങ്ങനെയുള്ള ഒരു ജീവിതം നയിക്കാനാണാഗ്രഹിക്കുന്നത്? വചനം വിശകലനം ചെയ്തുകൊണ്ടുള്ള ജീവിതമോ? ദൈവശക്തി അനുഭവിച്ചുകൊണ്ടുള്ള ജീവിതമോ? നിങ്ങള്‍ തെരഞ്ഞെടുക്കുക.

മറിയ ദൈവത്തിന്റെ വചനത്തിനു വിധേയപ്പെടുത്തിക്കൊണ്ടു പറഞ്ഞു: ”നിന്റെ വാക്കുപോലെ എനിക്കുഭവിക്കട്ടെ”(1:38). ഒരു റോമന്‍ കത്തോലിക്കനല്ലെങ്കിലും ഞാന്‍ മറിയയുടെ സമര്‍പ്പണത്തെ ആദരിക്കുന്ന വ്യക്തിയാണ്. കാരണം ദൈവഭക്തിയുടെ ഉദാത്തമാതൃകയാണവര്‍. ഒരുപക്ഷേ ദൈവം യിസ്രായേല്‍ മുഴുവന്‍ യഥാര്‍ത്ഥ ദൈവഭക്തയായ ഒരു കന്യകയെ (18 വയസ്സെങ്കിലും പ്രായമുള്ള) തിരഞ്ഞു കാണും. മറിയയെയാണ് ഏറ്റവും അനുയോജ്യയായി കണ്ടെത്തിയത്. ലൂക്കൊസ് 1:46-55 ലെ മറിയയുടെ പാട്ട് വായിച്ചാല്‍ അവള്‍ക്കു തിരുവചനത്തിലുള്ള ആഴവും അവളുടെ സ്വഭാവത്തിലെ പക്വതയും നമുക്കു ഗ്രഹിക്കാന്‍ കഴിയും. ദൈവഭക്തയെങ്കില്‍ 18 വയസ്സാകുമ്പോഴേക്ക് ഒരു പെണ്‍കുട്ടി എത്ര പക്വമതിയാകും എന്ന വസ്തുത വിസ്മയകരമാണ്. ദൈവത്തിനു തന്റെ തെരഞ്ഞെടുപ്പുകളില്‍ ഒരിക്കലും തെറ്റുപറ്റാറില്ല. താന്‍ ഗര്‍ഭിണിയാണെന്നറിയുന്നതോടെ നസറേത്തില്‍ അതേച്ചൊല്ലി അപവാദകഥകള്‍ പ്രചരിക്കുമെന്ന് മറിയ അറിഞ്ഞിരുന്നു. ഇതു പരിശുദ്ധാത്മാവിനാല്‍ സംഭവിച്ചതെന്ന് ആരും വിശ്വസിക്കുകയില്ല. തന്റെ ശരീരത്തിലൂടെ യേശുവിന്റെ ശരീരം രൂപമെടുക്കുന്നതിന് ആ നിന്ദ സഹിക്കാന്‍ അവള്‍ തയ്യാറായിരുന്നു.

ഇക്കാര്യത്തില്‍ നിങ്ങള്‍ എങ്ങനെയാണ്? ക്രിസ്തുവിന്റെ ശരീരം നിങ്ങളുടെ സ്ഥലത്ത് പണിയാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ടോ? അതിനുവേണ്ടി നിന്ദ സഹിക്കാനാണോ നിങ്ങള്‍ക്കു താല്‍പര്യം? അതോ അതിന്റെ മാനം സ്വീകരിക്കാനാണോ? തന്റെ പ്രവൃത്തിയില്‍ ബഹുമാനം ലക്ഷ്യമാക്കുന്നവരെ ദൈവം സഹായിക്കുന്നില്ല. അങ്ങനെ ചെയ്യുന്നവര്‍ ഒരു സമുദായമോ സംഘടനയോ കെട്ടിപ്പടുക്കും. ഒരിക്കലും ക്രിസ്തു ശരീരം പണിയുകയില്ല. ക്രിസ്തു ശരീരം പണിയുന്നിടത്തു നിന്ദയുണ്ടാകും. മറ്റുള്ളവര്‍ മനസ്സിലാക്കാത്ത അവസ്ഥയുണ്ടാകും. അപവാദവും നുണയും പരക്കും. ഇതൊക്കെ മറിയയ്ക്ക് അനുഭവിക്കേണ്ടി വന്നു. അതൊന്നും അവളെ ഭാരപ്പെടുത്തിയില്ല. അതിന്റെയൊക്കെ നടുവിലും ക്രിസ്തു ശരീരമെടുത്തു. ഇന്നും ഇക്കാര്യം അങ്ങനെ തന്നെയാണ്. മത-സമുദായ വിഭാഗങ്ങളുടെ കെട്ടുപാടുകളെ വിട്ടു പുറത്തുപോകുവാനും ക്രിസ്തുവിന്റെ നിന്ദ വഹിക്കുവാനും തയ്യാറാകുന്നിടത്തു മാത്രമേ ക്രിസ്തു ശരീരം പണിയപ്പെടുകയുള്ളു.



ഒന്നാം നൂറ്റാണ്ടിലെ ശേഷിപ്പ്


സെഖര്യാവും മറിയയും ഒരേ ചോദ്യമാണ് ദൂതനോടു ചോദിക്കുന്നതെന്ന വസ്തുത ശ്രദ്ധിക്കുക: ”ഇതെങ്ങനെ സംഭവിക്കും?.” എങ്കില്‍ എന്തുകൊണ്ടായിരിക്കും കുഞ്ഞു ജനിക്കും വരെ ഊമനായിരിക്കും എന്ന ശിക്ഷ മറിയയ്ക്കു ലഭിക്കാതെ സെഖര്യാവിനു മാത്രം ലഭിച്ചത്? രണ്ടു കാരണങ്ങളാണ് ഒന്ന്: സെഖര്യാവിനു മുമ്പില്‍ അബ്രഹാമിന്റെയും സാറയുടെയും ദൃഷ്ടാന്തമുണ്ടായിരുന്നു. മറിയയ്ക്കു മുമ്പില്‍ കന്യക ഗര്‍ഭിണിയായ ഒരു ദൃഷ്ടാന്തവും ഉണ്ടായിരുന്നില്ല. രണ്ട്: സെഖര്യാവു നേതൃനിരയിലുള്ള ഒരു വ്യക്തിയും വേദപണ്ഡിതനുമായിരുന്നു. മറിയ ഇതൊന്നുമല്ലാത്ത ഒരു സാധാരണ പെണ്‍കുട്ടി മാത്രമായിരുന്നു. അധികം ലഭിച്ചവനോട് അധികം ചോദിക്കും. നിങ്ങള്‍ പ്രായവും വചന പാണ്ഡിത്യവുമുള്ള ഒരാളെങ്കില്‍ ചെറുപ്പക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നതിനെക്കാള്‍ ദൈവം നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കും. നിങ്ങളുടെ മുമ്പില്‍ നിങ്ങള്‍ക്കു ദൃഷ്ടാന്തമായിരിക്കുവാന്‍ ഒരു മാതൃകയെങ്കിലും ഉണ്ടായിരിക്കയും നിങ്ങള്‍ ആ വ്യക്തിയെ മാതൃകയാക്കാതിരിക്കയും ചെയ്താല്‍ യാതൊരു മാതൃകയും മുമ്പിലില്ലാത്ത അനേകരെക്കാള്‍ നിങ്ങള്‍ കുറ്റക്കാരായിരിക്കും. ന്യായപ്രമാണത്തിന്‍ കീഴിലുള്ളവര്‍ക്കു മാതൃകകള്‍ ഒന്നുമുണ്ടായിരുന്നില്ല. പക്ഷേ ഇന്നു നമുക്ക് യേശു ഒരു മാതൃകയായുണ്ട്. അതുകൊണ്ട് നമ്മില്‍ നിന്നും അധികം ചോദിക്കും.

1:73,74-ല്‍ സെഖര്യാവ് ഇങ്ങനെ പ്രവചിച്ചു പറയുന്നതായി നാം കാണുന്നു: ”നമ്മുടെ ശത്രുക്കളുടെ കയ്യില്‍നിന്നും രക്ഷിക്കപ്പെട്ട്, നാം ആയുഷ്‌ക്കാലമൊക്കെയും ഭയംകൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിക്കുവാന്‍ നമുക്കു കൃപ നല്‍കുമെന്ന്…” നമ്മെ അടിമപ്പെടുത്തിയിരുന്ന പാപങ്ങളായിരുന്നു നമ്മുടെ ശത്രുക്കള്‍. ഇപ്പോള്‍ നമ്മെ അതില്‍നിന്നെല്ലാം വിടുവിക്കുവാന്‍ യേശു വന്നു. നമ്മുടെ ശത്രുക്കളുടെ കയ്യില്‍ നിന്നും രക്ഷിച്ച് ഭയംകൂടാതെ ആരാധിക്കുവാന്‍ നാം പ്രാപ്തരാകേണ്ടതിന്ന് പരിശുദ്ധാത്മാവിനെ നല്‍കിയിരിക്കുന്നു. തങ്ങള്‍ ദൈവത്തെ അനുസരിച്ചില്ലെങ്കില്‍ രോഗം, ഭ്രാന്ത്, ദാരിദ്ര്യം മുതലായ ദുരിതങ്ങളെക്കൊണ്ട് ദൈവം തങ്ങളെ ശിക്ഷിക്കുമെന്ന ഭയത്തിലാണ് കഴിഞ്ഞ 1500 വര്‍ഷങ്ങളായി യിസ്രായേല്‍ ദൈവത്തെ സേവിച്ചത് (ആവ. 28:15-68). ദൈവത്തെ നാം ഭയത്തില്‍ നിന്നല്ല സ്‌നേഹത്താല്‍ ശുശ്രൂഷിക്കുന്ന ഒരു പുതിയ യുഗം ഇവിടെ പൊട്ടിവിടരുകയാണെന്നു സെഖര്യാവു പ്രവചിക്കുന്നു. അങ്ങനെയൊരു ജീവിതത്തിലേക്കു പ്രവേശിക്കുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടോ? സ്‌നേഹത്താല്‍ മാത്രമാണോ നിങ്ങള്‍ ദൈവത്തെ സേവിക്കുന്നത്?

ശിശുവായ യേശുവിനെ കാണുവാന്‍ വന്ന നാലു കൂട്ടം ആളുകള്‍ക്കു മാത്രമാണ് ദൈവം തന്റെ പുത്രന്റെ ജനനത്തെക്കുറിച്ച് അറിവുകൊടുത്തത്. സാധുക്കളായ ഇടയന്മാര്‍, പേര്‍ഷ്യയില്‍ നിന്നുള്ള വിദ്വാന്മാര്‍, ആത്മാവില്‍ നിറഞ്ഞ വൃദ്ധനായ ശീമോന്‍, പ്രാര്‍ത്ഥനയില്‍ ജീവിതം കഴിച്ച വൃദ്ധയായ ഹന്നാ എന്നിവര്‍ക്ക്. ഇവരൊ ക്കെ വ്യത്യസ്ത സമൂഹങ്ങളിലും വ്യത്യസ്ത തലമുറകളിലും വ്യത്യസ്ത രാജ്യങ്ങ ളിലും നിന്നുള്ളവരായിരുന്നു. എങ്കിലും എളിയവരും ദൈവത്തെ ഭയപ്പെടുന്നവരുമായിരുന്നു. തന്റെ പുത്രന്റെ രണ്ടാം വരവിനായി ദൈവം ഒരുക്കുന്ന ആളുകളുടെ ഒരു ചിത്രമത്രേ നാം അതിലൂടെ കാണുന്നത്. രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ആയിരുന്ന ഹന്നാസ്, കയ്യാഫാവ്, ശാസ്ത്രി-പരീശന്മാര്‍ ഇവരെപ്പോലെ ഇന്നത്തെ വേദപണ്ഡിതന്മാരും ഘോര പ്രഭാഷകന്മാരും തന്റെ വരവിനെക്കുറിച്ച് അജ്ഞരായിരിക്കും.

മുകളില്‍ പറഞ്ഞ നാലു കൂട്ടരില്‍ മൂന്നു കൂട്ടവും രാത്രികാലങ്ങളിലുള്ള തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ ശ്രദ്ധേയരാണ്. ഇടയന്മാര്‍ രാത്രിയില്‍ തങ്ങളുടെ ആടുകളെ കാവല്‍ കാക്കുന്നു. വിദ്വാന്മാര്‍ നക്ഷത്രത്തെ നോക്കി രാത്രി മാത്രം സഞ്ചരിക്കുന്നു (പകല്‍ നക്ഷത്രമില്ലായ്കയാല്‍ അവര്‍ പകല്‍ സഞ്ചരിക്കുന്നില്ല). ഹന്നാ ഉപവസിക്കുകയും രാത്രി ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. രാത്രി ജാഗരിച്ചു ദൈവത്തെ അന്വേഷിക്കുന്നവരായിരിക്കും കര്‍ത്താവിനായി ഇന്നും സൂക്ഷിക്കപ്പെടുന്ന ശേഷിപ്പിലെ ഒരു നല്ല വിഭാഗം. മറ്റുള്ളവര്‍ ഉറങ്ങുമ്പോള്‍ അവര്‍ കര്‍ത്താവിനെ അന്വേഷിക്കുന്നു. സുഖാന്വേഷികളായി ഭൂമിയില്‍ ജീവിക്കുന്ന അനേകമായിരിക്കുന്ന ക്രിസ്ത്യാനികള്‍ക്കു വെളിപ്പെടുത്താത്ത കാര്യങ്ങള്‍ കര്‍ത്താവ് അവര്‍ക്കു വെളിപ്പെടുത്തുന്നു.

നിങ്ങളായിരിക്കുന്ന തലമുറയില്‍ കാലത്തെ അറിഞ്ഞും സ്വര്‍ഗ്ഗീയ വെളിപ്പാടുകള്‍ പ്രാപിച്ചും ശക്തിയുള്ള ഒരു ശേഷിപ്പായിത്തീരണമെങ്കില്‍ പാരമ്പര്യങ്ങളെ ഭേദിച്ച്, വചനം ശ്രദ്ധയോടെ പഠിച്ച്, പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ അന്വേഷിക്കുന്നവരാകുക. അപ്പോള്‍ ശിമ്യോനെ കര്‍ത്താവു കാണിച്ചതുപോലെ മറ്റുള്ളവര്‍ക്കു കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ നിങ്ങളെയും കാണിക്കും. ഒരുപക്ഷേ നിങ്ങള്‍ ഒരു അക്രൈസ്തവനായിരിക്കാം. വിദ്വാന്മാര്‍ക്കു നല്‍കിയ വെളിപ്പാടുകള്‍ പോലെ നിങ്ങള്‍ക്കും കര്‍ത്താവു നല്‍കിയെന്നു വരാം. യേശു ഒരു ദര്‍ശനത്തിലൂടെ സാധു സുന്ദര്‍സിംഗിനു തന്നെത്തന്നെവെളിപ്പെടുത്തി. കാരണം 14 വയസ്സുള്ള കുട്ടിയായിരുന്നപ്പോള്‍ അവന്‍ ദൈവത്തെ എരിവോടെ അന്വേഷിച്ചു. പൂര്‍വ്വ ദിക്കില്‍ നിന്നുവന്ന വിദ്വാന്മാരെപ്പോലെ അവനു ക്രിസ്തുവിനെക്കുറിച്ചു തിരുവെഴുത്തുകളില്‍ നിന്നുള്ള അറിവില്ലായിരുന്നു. അവന്‍ അന്വേഷിച്ചു കണ്ടെത്തി. ഇന്നും ജാഗ്രതയോടെ തന്നെ അന്വേഷിക്കുന്നവര്‍ക്കു പ്രതിഫലം നല്‍കുന്നവനാണു ദൈവം.


യേശുവിന്റെ ജനനവും, സ്‌നാനവും


2:7-ല്‍ യേശു ബേത്‌ലഹേമില്‍ ജനിച്ചു എന്നു നാം വായിക്കുന്നു. ഇക്കാര്യം പഴയനിയമത്തില്‍ പ്രവചിക്കപ്പെട്ടിരുന്നു. യേശുവിന്റെ ജനനസമയമടുത്തപ്പോള്‍ എല്ലാ യിസ്രായേല്‍ക്കാരനും താന്താന്റെ പിതൃനഗരത്തില്‍ ചെന്ന് പേര്‍വഴി ചാര്‍ത്തണമെന്ന് ഒരു ഉത്തരവിറക്കാന്‍ കൈസര്‍ ചക്രവര്‍ത്തിയുടെ ഹൃദയത്തില്‍ ദൈവം തോന്നിപ്പിച്ചു. അങ്ങനെ ജോസഫും മറിയയും ബേത്‌ലഹേമിലേക്കു പോയി. ആ സമയത്ത് അവരെ സംബന്ധിച്ചു അതു പ്രയാസമേറിയ ഒരു കാര്യമായിരുന്നു. കാരണം ഈ നൂറു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കേണ്ടിയിരുന്നത് ഒരു കഴുതയുടെ പുറത്തോമറ്റോ ആയിരുന്നു. അവര്‍ ബേത്‌ലഹേമിലെത്തിയപ്പോള്‍ സത്രങ്ങളെല്ലാം തന്നെ നിറഞ്ഞു കവിഞ്ഞിരുന്നു. എങ്ങും ഇടമുണ്ടായിരുന്നില്ല.

യേശുവിന്റെ ജനനത്തിന് അനാദികാലം മുതല്‍ക്കെ പദ്ധതിയിട്ട ദൈവത്തിന് ബെത്‌ലഹേമില്‍ ഒരു മുറിയുംകൂടി അവര്‍ക്കുവേണ്ടി ഒരുക്കുവാന്‍ പ്രയാസമുണ്ടായിരുന്നോ? ഒരിക്കലുമില്ലായിരുന്നു. ഈ പ്രപഞ്ചത്തെ മുഴുവനും ഭരിച്ചു നടത്തുന്നവന് അതൊക്കെ നിസ്സാര കാര്യമാണ്. എന്നാല്‍ തന്റെ പുത്രന്‍ ഒരു പശുക്കൂട്ടില്‍ പിറന്നു പുല്‍ത്തൊട്ടിയില്‍ കിടത്തപ്പെടണമെന്ന് അവിടുന്ന് ആഗ്രഹിച്ചു. ഒരുപക്ഷേ അവരുടെ യാത്രയിലും ദൈവം താമസം വരുത്തിക്കാണും- ബേത്‌ലഹേമിലേക്കെത്തുമ്പോഴേക്കും എല്ലാ ഹോട്ടല്‍ മുറികളും നിറയുവാന്‍ വേണ്ടി. ദൈവത്തിന്റെ എല്ലാ കാലവിളംബവും ദൈവത്തിന്റെ പദ്ധതിയുടെ ഭാഗം തന്നെ. യേശു പശുത്തൊഴുത്തില്‍ തന്നെ ജനിക്കേണ്ടിയിരുന്നു.

ഒരു കാലിത്തൊഴുത്തില്‍ ജനിക്കുന്നതിന്റെ നാണക്കേടൊന്നാലോചിക്കൂ. അത്തരത്തില്‍ തൊഴുത്തില്‍ ജനിച്ച ഒരാളെ ഞാന്‍ ഇന്നോളം കണ്ടിട്ടില്ല. സകല മാനവവര്‍ഗ്ഗത്തേയും ശുശ്രൂഷിക്കുവാനാണ് യേശു പിറന്നത്. അതുകൊണ്ടെല്ലാവരെക്കാളും താണ നിലയില്‍ താന്‍ ആകേണ്ടിയിരുന്നു. കാരണം യേശുവിന് ഉയര്‍ത്താന്‍ കഴിയാതവണ്ണം അത്ര താണ അവസ്ഥയിലാണ് താനെന്ന് ഒരാള്‍ പോലും ചിന്തിക്കാന്‍ പാടില്ലായിരുന്നു.

ഈ പ്രമാണം നമ്മുടെ ഹൃദയത്തിലും ആഴത്തില്‍ പതിയേണ്ടതുണ്ട്. കാരണം നാമും കര്‍ത്താവിനെ ശുശ്രൂഷിക്കേണ്ടത് ഈ വിധത്തിലാണ്. യേശുവിന്റെ നാമത്തില്‍ മറ്റുള്ളവരെ സേവിക്കുവാന്‍ പോകുന്നവര്‍ അവരെക്കാളും താണനിലയില്‍ നിന്നുകൊണ്ട് അതു ചെയ്യുന്നുവെങ്കില്‍ മാത്രമേ അതു ഫലപ്രദമായിത്തീരുകയുള്ളു.

എന്നാല്‍ ഇന്നു നാം കാണുന്ന പ്രസംഗകര്‍ ഇതില്‍നിന്നും വ്യത്യസ്തരാണ്. അവര്‍ ആളുകളേക്കാള്‍ ഉയര്‍ന്ന നിലവാരത്തില്‍ ജീവിക്കുകയും അതിനാവശ്യമായ പണം അവരില്‍നിന്ന് സ്വരൂപിക്കുകയും ചെയ്യുന്നു. അവരെ ഒന്നു കാണണമെങ്കില്‍ അവരുടെ സെക്രട്ടറിമാരിലൂടെ മാത്രമേ അവരെ സമീപിക്കുവാന്‍ കഴിയൂ. യേശുവിനെ സമീപിക്കുവാന്‍ സെക്രട്ടറി ആവശ്യമായിരുന്നോ? യേശുവിന് സെക്രട്ടറി ഉണ്ടായിരുന്നോ? ഒരിക്കലുമില്ല. യേശു സകല മനുഷ്യന്റെയും ദാസനായിരുന്നു. ദാസന്മാര്‍ ഒരിക്കലും സെക്രട്ടറിമാരെ വയ്ക്കാറില്ല. രാജാക്കന്മാരാണ് സെക്രട്ടറിമാരെ നിയോഗിക്കാറുള്ളത്. ആര്‍ക്കും ഏതു സമയത്തും സമീപിക്കാന്‍ കഴിയുന്ന ഒരു വ്യക്തിയായിരുന്നു യേശു. നിങ്ങളാഗ്രഹിക്കുന്ന ഏതു സമയത്തും നിങ്ങള്‍ക്ക് യേശുവിനടുത്ത് ചെല്ലാം. നിക്കോദിമോസ് രാത്രിയുടെ യാമങ്ങളിലായിരുന്നു യേശുവിനെ കാണാന്‍ ചെന്നത്.


നിങ്ങള്‍ ദൈവത്തെ സേവിക്കുവാനാഗ്രഹിക്കുന്നുവെങ്കില്‍ യേശുവിനെ മാതൃകയാക്കുക. ഇന്നു നാം കാണുന്ന പ്രസംഗകരെയല്ല. എല്ലാവരെക്കാളും താഴേക്കുപോകുക. അവിടെയായിരിക്കുക. യേശു ജനനം കൊണ്ട് എവിടെയായിരുന്നോ തന്റെ മരണം വരെയും അവിടെത്തന്നെ ആയിരുന്നു. ദാസനെപ്പോലെ ശിഷ്യന്മാരുടെ കാലുകളെ കഴുകിക്കൊണ്ട്, വൃത്തികെട്ട കാലിത്തൊഴുത്തില്‍ ജനിച്ച് അപമാനകരമായ കുരിശില്‍ മരിച്ചു. നമ്മുടെ മുഴുജീവിതത്തിലും രക്ഷകന്‍ കടന്നുപോയ വഴിയെ കടക്കുവാന്‍ കര്‍ത്താവും നമ്മെ സഹായിക്കട്ടെ. ദൈവം നിങ്ങളെ എത്ര ഉയര്‍ന്ന കാര്യങ്ങള്‍ക്ക് ഉപയോഗിച്ചാലും ജീവിതാന്ത്യം വരെ മറ്റുള്ളവരുടെ കാലുകളെ കഴുകുവാന്‍ തയാറുള്ള ഒരു ദാസനായി തുടരുക.

ഒരു കാലിത്തൊഴുത്തിലെ പരിമിത സാഹചര്യങ്ങളില്‍, ഇല്ലായ്മകളില്‍, മറിയം ഒട്ടും പരിഭവിക്കുകയോ പരാതി പറയുകയോ ചെയ്തില്ല എന്നെനിക്കുറപ്പുണ്ട്. ഇന്നത്തെ തലതിരിഞ്ഞ കൗമാരക്കാരിയെപ്പോലെ ഒരുവളായിരുന്നു മറിയയെങ്കില്‍ എന്താകുമായിരുന്നു! അവള്‍ ഭര്‍ത്താവിനെ ഉച്ചത്തില്‍ ഇങ്ങനെ കുറ്റപ്പെടുത്തുമായിരുന്നു: ”ഞാന്‍ പറഞ്ഞതാണ് രണ്ടു ദിവസം മുമ്പേ പുറപ്പെടണമെന്ന്. എന്നിട്ടിപ്പോള്‍ മുറിയൊന്നും ഒഴിവുമില്ല. ഒരു മറവുമില്ല. ഈ വൃത്തികെട്ട തൊഴുത്തില്‍ ഞാന്‍ പ്രസവിക്കണമത്രെ. നിങ്ങള്‍ക്കെന്തെങ്കിലും ഉത്തരവാദിത്തമുണ്ടോ? ഭര്‍ത്താവാണുപോലും!…” മുതലായ ആക്രോശങ്ങള്‍ തുടരുമായിരുന്നു. അത്തരം ഒരു സാഹചര്യത്തിലേക്ക് യേശു പിറന്നുവീഴുന്നത് സങ്കല്പിക്കാന്‍ കഴിയുമോ? ദൈവം ഒരിക്കലും അത് അനുവദിക്കില്ല. പരാതിപ്പെടാത്ത ഒരു പെണ്‍കുട്ടിയെ ദൈവം അന്വേഷിച്ചു. അങ്ങനെയാണ് ദാരിദ്ര്യത്തിന്റെയും ഇല്ലായ്മകളുടെയും ക്ലേശകരമായ സാഹചര്യങ്ങളില്‍ സംതൃപ്തിയോടെ ജീവിക്കാന്‍ പഠിച്ച മറിയെയെ ദൈവം കണ്ടെത്തിയതും തിരഞ്ഞെടുത്തതും. അതുകൊണ്ടായിരുന്നു യിസ്രായേലിലെ മറ്റനേകം പെണ്‍കുട്ടികള്‍ ആ തെരഞ്ഞെടുപ്പില്‍ യോഗ്യത നേടാഞ്ഞത്.

2:34, 35-ല്‍ നാം ശിമെയോന്റെ പ്രവചനം ഇങ്ങനെ വായിക്കുന്നു: ”അനേക ഹൃദയങ്ങളിലെ വിചാരം വെളിപ്പെടേണ്ടതിന്ന് ഇവനെ യിസ്രായേലില്‍ പലരുടെയും വീഴ്ചയ്ക്കും എഴുന്നേല്പിനും മറുത്തുപറയുന്ന അടയാളത്തിനുമായി വച്ചിരിക്കുന്നു. നിന്റെ സ്വന്ത പ്രാണനില്‍ക്കൂടിയും ഒരു വാള്‍ കടക്കും.” യേശുവിന്റെ ശുശ്രൂഷ എങ്ങനെയുള്ളതായിരിക്കുമെന്നു വെളിപ്പെടുത്തുകയാണ് ശിമെയോന്‍. ഇതു നമ്മെ സംബന്ധിച്ചും വളരെ പ്രാധാന്യമുള്ളതാണ.് കാരണം സഭയുടെ ശുശ്രൂഷയും അതുതന്നെ. സഭയെ ക്രിസ്തു ശരീരമെന്നു വിവക്ഷിക്കുന്നതും യേശു ഭൂമിയിലെ ശുശ്രൂഷാകാലയളവില്‍ ചെയ്തുപോന്ന ശുശ്രൂഷയുടെ തുടര്‍ച്ച തന്നെയാകും സഭ ചെയ്യുന്നത് എന്നതിനാലാണ്. യേശു എല്ലാവരുടെയും ദാസന്‍ ആയിരുന്നതിനാല്‍ നാമും അങ്ങനെതന്നെ ആയിരിക്കേണം. സഭാ നേതാക്കള്‍ തന്നെയായിരിക്കണം അതിന്റെ ഉത്തമ ഉദാഹരണം. യേശു മറുത്തു പറയുന്ന ഒരു അടയാളമാകുമെന്നു ശിമെയോന്‍ പറഞ്ഞു. ക്രിസ്തു ശരീരത്തിലെ നേതൃസ്ഥാനം വഹിക്കുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കില്‍ തീര്‍ച്ചയായും യേശു നേരിട്ട എതിര്‍പ്പുകള്‍ നിങ്ങളും നേരിടേണ്ടിവരും. പരീശന്മാരെപ്പോലെയുള്ള മതനേതാക്കളായിരിക്കും നിങ്ങള്‍ക്കെതിരെ നില്‍ക്കുക. എന്നാല്‍ അവര്‍ നിങ്ങളെ എതിര്‍ക്കുന്നതിലൂടെ അവരുടെ ഹൃദയത്തിലെ ചിന്തകള്‍ വെളിപ്പെട്ടു വരും (വാ. 35). യേശുവിന്റെ ശുശ്രൂഷ അവരുടെ ഹൃദയത്തിലുണ്ടാക്കുന്ന അസൂയ മുഴുവന്‍ വെളിപ്പെടുത്തും. ഒരു മനുഷ്യന്റെ ശുശ്രൂഷയെ ദൈവം ഇന്നും അനുഗ്രഹിക്കുമ്പോള്‍ എത്ര വലിയ അസൂയ അതിനെതിരെ മറ്റുള്ളവരുടെ ഹൃദയത്തിലുണ്ടാകുന്നു എന്നത് കണ്ടെത്താന്‍ പ്രയാസമില്ല.

2:47-52-ല്‍ യേശു, ജോസഫിനോടും മറിയയോടുമൊപ്പം യെരുശലേമില്‍ പെരുന്നാളിനു പോയതായും മടക്കയാത്രയില്‍ യേശുവിനെക്കൂടാതെ അവര്‍ മടങ്ങിപ്പോയതായും നാം വായിക്കുന്നു. പന്ത്രണ്ടാം വയസ്സില്‍ത്തന്നെ യിസ്രയേലിലുള്ള ഏതു പണ്ഡിതനെക്കാളും അധികമായി യേശു തിരുവെഴുത്തുകള്‍ പഠിച്ചിരുന്നു. യേശു നല്‍കിയ വിശദീകരണങ്ങളില്‍ അവര്‍ അത്ഭുതപ്പെട്ടിരുന്നു. യേശുവിന് വീട്ടില്‍ ഒരു ബൈബിള്‍ ഉണ്ടായിരുന്നില്ല. അച്ചടിച്ച ബൈബിളുകള്‍ അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നില്ല. തോല്‍ച്ചുരുളുകള്‍ വളരെ വിലപിടിപ്പുള്ളവയായിരുന്നതിനാല്‍ സാധാരണക്കാര്‍ വീടുകളില്‍ സൂക്ഷിക്കുന്ന പതിവില്ലായിരുന്നു. അപ്പോള്‍ എങ്ങനെയാണ് പന്ത്രണ്ടാം വയസ്സില്‍തന്നെ യേശു ബൈബിള്‍ ഹൃദിസ്ഥമാക്കിയത്. പള്ളിയിലും പാഠശാലയിലും വായിച്ചു കേള്‍ക്കുമ്പോള്‍ താന്‍ അത് ശ്രദ്ധയോടെ കേട്ടിരുന്നു.

ഇന്നു നമുക്ക് അച്ചടിച്ച ബൈബിളുകള്‍ വീട്ടിലുണ്ട്. പല ഭാഷാന്തരങ്ങളുടെ പ്രതികള്‍തന്നെ മിക്കവീടുകളിലുമുണ്ട്. എങ്കിലും അധിക ക്രിസ്ത്യാനികള്‍ക്കും ബൈബിള്‍ വളരെ കുറച്ച് മാത്രമേ അറിയൂ. ദൈവത്തിന്റെ വചനം പഠിക്കാത്ത ഒരാള്‍ക്കും ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ കഴിയില്ല. തന്റെ പിതാവിനെ ശുശ്രൂഷിക്കുവാന്‍ യേശുവിനുപോലും നന്നേ ചെറുപ്പം മുതലേ തിരുവെഴുത്തുകള്‍ ശ്രദ്ധയോടെ പഠിക്കേണ്ടിയിരുന്നു.

തിരുവചനം പഠിക്കുന്നതില്‍ ഉദാസീനതയുള്ള ഒരുവനാണ് നിങ്ങളെങ്കില്‍ ദൈവത്തിന് നിങ്ങളെ ഉപയോഗിക്കാന്‍ കഴിയുകയില്ല എന്നതില്‍ എനിക്കു സംശയമില്ല. നിങ്ങള്‍ ഉത്സാഹത്തോടെ വചനം പഠിക്കയും ആത്മനിറവിനുവേണ്ടി ദാഹിക്കയും ചെയ്യുന്ന ഒരു വ്യക്തിയെങ്കില്‍ ദൈവം നിങ്ങളെ ശക്തിയോടെ ഉപയോഗിക്കും. നിങ്ങളുടെ വീണ്ടും ജനനത്തിന്റെ ആരംഭനാളുകള്‍ മുതലേ തന്നെ ദൈവവചനം പഠിക്കുന്നതില്‍ ഉത്സാഹിക്കുക. അങ്ങനെ നിങ്ങള്‍ ദൈവത്തിന്റെ മനസ്സും ദൈവത്തിന്റെ വഴികളും അറിയും. ലോകത്തിലെ പരീക്ഷകള്‍ക്കുവേണ്ടി ആളുകള്‍ എത്ര ഉത്സാഹത്തോടെയാണ് പഠിക്കുന്നത്! തങ്ങളുടെ ബിസ്സിനസ് വളര്‍ത്തുവാന്‍ ആളുകള്‍ എത്ര ഉത്സാഹത്തോടെയാണ് പരിശ്രമിക്കുന്നത്. ആ ഉത്സാഹത്തിന്റെ അഞ്ചു ശതമാനമെങ്കിലും ക്രിസ്ത്യാനികള്‍ വചനം പഠിക്കുന്ന കാര്യത്തില്‍ കാണിക്കുന്നുവെങ്കില്‍ അവരുടെ ജീവിതം ദൈവത്തിന് എത്ര ഫലമുള്ളതാകുമായിരുന്നു! ഒരു പാഠപുസ്തകം പഠിക്കുമ്പോലെ ബൈബിള്‍ പഠിക്കുവാന്‍ ശ്രമിക്കരുത്. അതിലൂടെ ദൈവത്തെ അറിയുവാന്‍ ശ്രമിക്കുക.

2:49-ല്‍ നമുക്കൊരു മാതൃകയാകേണ്ട കാര്യം നാം യേശുവില്‍ കണ്ടെത്തുന്നു. തന്റെ പിതാവിനുള്ളതില്‍ ഇരിക്കുന്ന കാര്യത്തില്‍ തനിക്കുള്ള ശുഷ്‌കാന്തി. അധികം പ്രസംഗകരും വചനം പഠിക്കുന്നത് തങ്ങള്‍ക്കു പ്രസംഗിക്കേണ്ടതിനാണ്. ”പിതാവിനുള്ളത്” എന്തെന്ന് കണ്ടെത്തുവാനല്ല. നാം ദൈവത്തെ അവിടുത്തെ വചനത്തിലൂടെ അറിയുന്നതിലും അവിടുത്തെ വേല ചെയ്യുന്നതിലും ശുഷ്‌കാന്തി ഉള്ളവരാവേണ്ടതുണ്ട്. അല്ലെങ്കില്‍ നാം ഭൂമിയില്‍ നമ്മുടെ സമയം പാഴാക്കുന്നവരായിരിക്കും. നാം ഒരു ദൗത്യവുമായി ഈ ഭൂമിയിലേക്ക് അയയ്ക്കപ്പെട്ടവരാണ്. ഇവിടെനിന്ന് പോകും മുമ്പെ അതു നാം ചെയ്തു തീര്‍ക്കേണ്ടതുണ്ട്. നാം ജീവിക്കുന്നത് ഒരു കുടിലിലോ, കൊട്ടാരത്തിലോ എന്നത് പ്രശ്‌നല്ല. നാം ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചോ അതോ സാധാരണ മരണമടഞ്ഞോ എന്നതും പ്രസക്തമല്ല. ഈ ഭൂമിയില്‍ നിന്നും മാറ്റപ്പെടും മുമ്പെ പിതാവിന്റെ വേല തികച്ചോ എന്നതു മാത്രമാണ് പ്രസക്തം.

ലൂക്കൊസ് 3:1,2-ല്‍ യോഹന്നാന്‍ സ്‌നാപകന്റെ ശുശ്രൂഷയെക്കുറിച്ചു നാം വായിക്കുന്നു. ഇവിടെ എഴുതിയിരിക്കുന്ന കാര്യം വളരെ രസകരമാണ്. അക്കാലത്ത് ഭൂമിയിലെ ഏറ്റവും മഹാനായ വ്യക്തി, തിബെര്യാസ് കൈസറായിരുന്നു. യഹൂദ്യയിലെ ഏറ്റവും മഹാനായ വ്യക്തിയാകട്ടെ പൊന്തിയോസ് പീലാത്തോസും. ഗലീലയിലെ ഏറ്റവും മഹാന്‍ ഹെരോദാവും ഇതല്യയിലെ പ്രസിദ്ധന്‍ ഫിലിപ്പും അബിലേനയിലെ മഹാനായ വ്യക്തി ലൂസന്യാസും ആയിരുന്നു. യെഹൂദാ മതത്തിലെ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വങ്ങളായിരുന്നു ഹന്നാവും കയ്യഫാവും. എന്നാല്‍ ദൈവത്തിന്റെ അരുളപ്പാട് അവരെയൊക്കെ കടന്ന് ആരാലും അറിയപ്പെടാത്ത മരുഭൂമിയിലായിരുന്ന സ്‌നാപകയോഹന്നാനു ലഭിച്ചു.

ഇത് ഇക്കാലത്തും അങ്ങനെ തന്നെയാണ്. നിങ്ങളും യോഹന്നാനെപ്പോലെ ‘ക്രിസ്തു വളരണം ഞാനോ കുറയണം’ എന്ന മനോഭാവക്കാരനാണെങ്കില്‍ ലോകത്തിലെ എല്ലാ മഹാന്മാരെയും ക്രൈസ്തവ ലോകത്തിലെ എല്ലാ പ്രശസ്തരെയും മറികടന്ന് ദൈവത്തിന്റെ അരുളപ്പാടുകള്‍ നിങ്ങള്‍ക്കു തന്നെ ലഭിക്കും. ‘മരുഭൂമിയില്‍ വിളിച്ചു പറയുന്ന ശബ്ദം’ (യോഹ. 3:4) എന്നു മാത്രമാണ് യോഹന്നാന്‍ സ്വയം വിശേഷിപ്പിച്ചത്. തനിക്ക് പ്രസംഗിക്കുവാന്‍ വലിയ ആവേശമൊന്നുമുണ്ടായിരുന്നില്ല. ദൈവത്തിന്റെ സമയത്തിനുവേണ്ടി അവന്‍ കാത്തിരുന്നു. ”അവന്‍ യിസ്രായേലിനു തന്നെത്താന്‍ കാണിക്കും വരെ മരുഭൂമിയില്‍ ആയിരുന്നു” (ലൂക്കൊ. 1:80). ഒരു ദിവസം ദൈവം കല്പിച്ചു: ”നിനക്ക് മതിയായ പഠനം ലഭിച്ചുകഴിഞ്ഞു. യോഹന്നാന്‍, ഇനി പോയി പ്രസംഗിക്കുക.” അങ്ങനെ താന്‍ പ്രസംഗം ആരംഭിച്ചു. അവന്‍ അടയാളമോ അത്ഭുതമോ ഒന്നും കാണിച്ചിട്ടില്ല (യോഹ. 10:41). എങ്കിലും യഹൂദ്യ മുഴുവനായി അവന്റെ പ്രസംഗം കേള്‍ക്കുവാന്‍ മരുഭൂമിയിലേക്കു ചെന്നു. കാരണം, ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. ദൈവത്തെ അറിയുകയും ദൈവത്തിന്റെ മനസ്സു വെളിപ്പെടുത്തുകയും ചെയ്യുന്ന ഒരുവനെ കേള്‍ക്കാന്‍ ആളുകള്‍ എല്ലായിടത്തുനിന്നും ഓടിക്കൂടും.

ജ്വലിച്ചു നില്‍ക്കുന്നതും തികച്ചും പ്രായോഗികവുമായ യോഹന്നാന്റെ ശുശ്രൂഷ 3:8-13-ല്‍ നമുക്കു കണ്ടെത്താന്‍ കഴിയും. തന്റെ അടുക്കല്‍ വരുന്ന എല്ലാവരെയും യോഹന്നാന്‍ സ്‌നാനം കഴിപ്പിച്ചിട്ടില്ല. പരീശന്മാരെപ്പോലെ യഥാര്‍ത്ഥമാനസാന്തരം കൂടാതെ സ്‌നാനമേല്പാന്‍ വന്നവരെ അവന്‍ വിവേചിച്ചറികയും അവരെ സ്‌നാനം കഴിപ്പിക്കുവാന്‍ വിസമ്മതിക്കയും ചെയ്തു. തന്റെ പ്രസംഗം വളരെ ഉയര്‍ന്ന നിലവാരമുള്ളതായിരുന്നു. സ്‌നാനമേല്‍ക്കുന്ന ആളുകളുടെ എണ്ണത്തിലല്ല യോഹന്നാന്‍ ശ്രദ്ധിച്ചിരുന്നത്, മറിച്ച് ഗുണനിലവാരത്തിലായിരുന്നു.

തനിക്ക് ഒരു മിഷന്‍ സംഘടനയ്ക്കും സ്ഥിതിവിവരക്കണക്കുകള്‍ അയയ്‌ക്കേണ്ടതില്ലായിരുന്നു. താന്‍ ആരുടെയും അടിമയായിരുന്നില്ല. തികച്ചും പ്രായോഗികമായ ഉപദേശങ്ങളായിരുന്നു തന്റെ അടുക്കല്‍ വന്നവര്‍ക്കു യോഹന്നാന്‍ നല്‍കിയത്. നികുതി പിരിക്കുന്നവരോടും പട്ടാളക്കാരോടും ”ജനത്തെ ചൂഷണം ചെയ്യരുത്” എന്നുപദേശിച്ചു. പഴയനിയമത്തിലെ വാക്യങ്ങള്‍ എടുത്തു വിശകലനം ചെയ്തുള്ള പ്രസംഗങ്ങളായിരുന്നില്ല, മറിച്ച് പ്രായോഗിക ജീവിതത്തിനാവശ്യമായ ഉപദേശങ്ങളായിരുന്നു യോഹന്നാന്റേത്.

യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും പ്രസംഗങ്ങളും പ്രായോഗികമായിരുന്നു. എന്നാല്‍ ബൈബിള്‍ സ്‌കൂളുകളില്‍നിന്ന് പഠിച്ചിറങ്ങുന്ന പ്രസംഗകരൊക്കെ ബൈബിള്‍ വാക്യങ്ങളുടെ വിശദീകരണങ്ങളിലൂടെയാണ് പ്രസംഗിക്കുക. എന്നാല്‍ യേശുവോ അപ്പൊസ്‌തൊലന്മാരോ പ്രവാചകന്മാരോ ഉപദേഷ്ടാക്കന്മാരോ അത്തരത്തില്‍ സംസാരിക്കുന്നതായി നാം കാണുന്നില്ല. അവര്‍ സന്ദര്‍ഭോചിതമായ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു സംസാരിച്ചിരുന്നത്. കൂട്ടത്തില്‍ ഏതെങ്കിലും പഴയനിയമ ഉദ്ധരണികളോ വിശദീകരണങ്ങളോ പറയും. യേശുവിന്റെയും അപ്പൊസ്തലന്മാരുടെയും പ്രസംഗത്തിന്റെ മാതൃക സ്വീകരിപ്പാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു- ഇന്നത്തെ വേദപണ്ഡിതന്മാരുടെ രീതികളല്ല.

3:21-22-ല്‍ യേശുവിന്റെ സ്‌നാനവും പരിശുദ്ധാത്മാവ് എങ്ങനെ യേശുവിന്മേല്‍ വന്നു എന്നും വായിക്കുന്നു. യോഹന്നാന്‍ അമ്മയുടെ ഗര്‍ഭം മുതല്‍ക്കേ പരിശുദ്ധാത്മാവു നിറഞ്ഞവനായിരുന്നതുപോലെ യേശുവും അമ്മയുടെ ഗര്‍ഭം മുതല്‍ക്കേ പരിശുദ്ധാത്മാവു നിറഞ്ഞവനായിരുന്നു. ആത്മശക്തിയാല്‍ 30 വയസ്സുവരെ അവിടുന്ന് പരീക്ഷകളെ ജയിച്ചു. എന്നിട്ടും 30-ാം വയസ്സില്‍ പരസ്യശുശ്രൂഷയ്ക്കുവേണ്ടി പരിശുദ്ധാത്മാവു തന്റെമേല്‍ വരികയും തന്നെ അഭിഷേകം ചെയ്കയും ചെയ്തു. (അ.പ്ര:10:38).

ചിലര്‍ക്ക് ഇങ്ങനെ ഒരു വാദമുണ്ട്. നാം ആത്മാവില്‍നിന്നും ജനിച്ചവരാകയാല്‍ രണ്ടാമതൊരു അഭിഷേകം ആവശ്യമില്ല എന്ന്. യേശു മറിയയുടെ ഗര്‍ഭത്തില്‍ ആത്മാവിനാല്‍ത്തന്നെയാണ് ജനിച്ചത്. 30 വര്‍ഷവും ആ ആത്മാവു തന്നില്‍ ഉണ്ടായിരുന്നു താനും. എന്നിട്ടും തന്റെ ശുശ്രൂഷ ആരംഭിക്കും മുന്‍പ് തനിക്ക് അഭിഷേകം ആവശ്യമായിരുന്നു.

പരിശുദ്ധാത്മാവ് ദൈവമാണ്. അവിടുത്തെ ശുശ്രൂഷയെ നമ്മുടെ ദൈവശാസ്ത്രംകൊണ്ടു നമുക്കു പരിമിതപ്പെടുത്തുവാന്‍ കഴിയില്ല.

പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയെ വിശദീകരിക്കുവാന്‍ ശ്രമിക്കുന്നത് മനുഷ്യന്റെ നടപടികളെക്കുറിച്ച് ഒരു നായ മറ്റൊരു നായയോടു വിശദീകരിക്കുവാന്‍ ശ്രമിക്കുന്നത്ര ഭോഷത്തമാണ്. ഒരു നായയ്ക്ക് ഇത്രമാത്രമേ പറയാന്‍ കഴിയൂ: ”എനിക്കു മനുഷ്യന്റെ മനഃശാസ്ത്രം മുഴുവന്‍ മനസ്സിലാക്കാനുള്ള പ്രാപ്തിയില്ല. ഒന്നെനിക്കറിയാം. എന്റെ യജമാനന്‍ എന്നോടു വളരെ കനിവുള്ളവനാണ്. അവന്‍ എന്നെ നന്നായി പരിപാലിക്കുന്നു. ഞാന്‍ സന്തുഷ്ടനാണ്.” ആ നായയ്ക്ക് തന്റെ യജമാനന്റെ നന്മ അനുഭവിക്കാന്‍ കഴിയും. ഒരിക്കലും യജമാനന്റെ മനശ്ശാസ്ത്രം ഗ്രഹിക്കാന്‍ കഴിയില്ല. അതുപോലെതന്നെയാണ് നാമും പരിശുദ്ധാത്മാവിനോടുള്ള ബന്ധത്തില്‍. അവിടുത്തെ മുഴുവന്‍ വ്യാപാരങ്ങളെയും നമുക്കു ഗ്രഹിക്കാന്‍ കഴിയില്ല. പക്ഷേ അവിടുത്തെ നന്മയെയും സ്‌നേഹത്തെയും ശക്തിയെയും അനുഭവിക്കാന്‍ കഴിയും. അതുമതി താനും.

മനുഷ്യനും നായയും പോലെ രണ്ടു സൃഷ്ടികള്‍ തമ്മിലുള്ള വിടവിനെക്കാള്‍ എത്രയോ വലുതാണു സ്രഷ്ടാവും മനുഷ്യനും തമ്മിലുള്ള അകലം. അതുകൊണ്ട് ആത്മാവിന്റെ വ്യാപാരത്തെ മുഴുവനായും വിശദീകരിക്കുക നമുക്കു തികച്ചും അസാദ്ധ്യം തന്നെ.

യേശു സ്‌നാനമേല്‍ക്കുമ്പോള്‍ പ്രാര്‍ത്ഥിച്ചിരുന്നു എന്നു നാം കാണുന്നു (3:21). എന്തിനു വേണ്ടിയായിരിക്കാമത്? പരിശുദ്ധാത്മാഭിഷേകത്തിനുവേണ്ടിയായിരുന്നു എന്നത് വ്യക്തമാണ്. യേശുവിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ഉടനെതന്നെ ഉത്തരം ലഭിച്ചിരുന്നു. അതുകൊണ്ടാണ് നാമത് അങ്ങനെ മനസ്സിലാക്കുന്നത്. താന്‍ വെള്ളത്തില്‍ നിന്നു കയറും മുന്‍പേ പരിശുദ്ധാത്മാവു തന്റെ മേലിറങ്ങിയതായി നാം വായിക്കുന്നു. അതു തന്റെ പ്രാര്‍ത്ഥനയ്ക്കു ലഭിച്ച മറുപടിയാണെന്നു നാം വായിക്കുന്നു. ഇതുതന്നെയാണ് നമുക്കുമുള്ള വഴി- ദൈവത്തിന്റെ ശക്തി നമ്മുടെമേല്‍ വന്നിട്ടില്ല എന്നു നാം തിരിച്ചറിയുന്നു എങ്കില്‍ (അ.പ്ര.1:8); ജീവജലത്തിന്റെ നദികള്‍ നമ്മില്‍ നിന്നും ഒഴുകുന്നില്ല എന്നു നാം തിരിച്ചറിഞ്ഞിട്ടുണ്ടെങ്കില്‍(യോഹ.7:38); നാം പ്രാര്‍ത്ഥനയില്‍ ദൈവമുഖം അന്വേഷിക്കുന്നു എങ്കില്‍; അവിടുന്നു തന്റെ പരിശുദ്ധാത്മാവിനാല്‍ നമ്മെ നിറയ്ക്കും (ലൂക്കൊ. 11:13). അങ്ങനെ ദൈവത്തിനു വേണ്ടി ഈ ഭൂമിയില്‍ ശക്തമായ ശുശ്രൂഷ ചെയ്യുന്നവരായി നാം തീരും.

3:28-33-ല്‍ മറിയയുടെ വംശാവലി നാം വായിക്കുന്നു. അവന്‍ ജോസഫിന്റെ മകന്‍ എന്നു ജനം വിചാരിച്ചു എന്ന് 28-ാം വാക്യം പറയുന്നു. ജോസഫ് ഹേലിയുടെ മകന്‍. മകന്‍ എന്ന ഈ പ്രയോഗം ഗ്രീക്ക് മൂലത്തില്‍ നിന്നല്ല. മത്തായി 1:7,16-ല്‍ നിന്നും ജോസഫിന്റെ പിതാവിന്റെ പേര് ഹേലിയെന്നല്ല യാക്കോബെന്നാണെന്നു നാം മനസ്സിലാക്കിയിട്ടുണ്ടല്ലോ. ഹേലി മറിയയുടെ പിതാവും ജോസഫിന്റെ അമ്മായിയപ്പനുമാണെന്നു വ്യക്തമാണ്. തന്നെയുമല്ല ലൂക്കൊസിലെ വംശാവലി പുത്രനായ നാഥാനിലൂടെയാണ് ദാവീദിലെത്തുന്നത് (3:31). അല്ലാതെ പുത്രനായ ശലോമോനിലൂടെയല്ല (മത്താ. 1:7 കാണുക). ലൂക്കൊസ് തന്റെ സുവിശേഷം യഹൂദേതരര്‍ക്കു വേണ്ടി എഴുതിയതാകകൊണ്ട് വംശാവലി ആദം വരെ നീണ്ടുപോകുന്നു.

4:14-ല്‍ നാം ഇങ്ങനെ വായിക്കുന്നു: യേശു തന്റെ പരീക്ഷകളെ നേരിട്ടശേഷം ആത്മാവിന്റെ ശക്തിയോടെ തന്റെ പ്രസംഗശുശ്രൂഷയിലേക്കു മടങ്ങിവന്നു. പരീക്ഷകളെ അതിജീവിക്കുന്നത് വചനം ശക്തിയോടെ ശുശ്രൂഷിപ്പാന്‍ നമ്മെ പ്രാപ്തരാക്കും. നസറേത്തിലെ പള്ളിയില്‍ യെശയ്യാ 61-ാം അദ്ധ്യായം വായിച്ചിട്ട് ‘ഈ പ്രവചനം നിവൃത്തിയായിരിക്കുന്നു’ എന്ന് യേശു പറഞ്ഞു. സുവിശേഷം പ്രസംഗിപ്പാനും തടവിലുള്ളവരെ സ്വതന്ത്രരാക്കുവാനും കുരുട്ടു കണ്ണുകള്‍ തുറക്കുവാനും ബന്ധനങ്ങളിലായിരിക്കുന്നവരെ മോചിപ്പിക്കുവാനും ഇങ്ങനെ മറ്റുള്ളവരെ അനുഗ്രഹിക്കേണ്ടതിന് ദൈവം തന്റെ ആത്മാവിനാല്‍ യേശുവിനെ അഭിഷേകം ചെയിതിരുന്നു. അഭിഷേകത്തിന്റെ മുഴുവന്‍ ഫലവും മറ്റുള്ളവര്‍ക്കുവേണ്ടിയായിരുന്നു.

ആത്മാവിന്റെ ഫലങ്ങള്‍ നമുക്കുവേണ്ടിയുള്ളതാണ്- സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം എന്നിവ.എന്നാല്‍ ആത്മാവിന്റെ വരങ്ങള്‍ മറ്റുള്ളവര്‍ക്കുവേണ്ടിയാണ്. പ്രസംഗത്തിനുള്ള വരം, രോഗശാന്തിവരം ഇവയൊക്കെ ദൈവം നല്‍കുന്നത് ധനവും മാനവും നേടാനുള്ള ഉപാധികളായല്ല മറ്റുള്ളവരെ അനുഗ്രഹിക്കേണ്ടതിനാണ്. ഭാഷാവരം പോലും മറ്റുള്ളവരെ അനുഗ്രഹിപ്പാന്‍ തക്കവണ്ണം നിങ്ങളെ സദാ പുതുക്കത്തില്‍ നിര്‍ത്തേണ്ടതിനാണ്. നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന ആത്മവരം നിങ്ങള്‍ക്കായിത്തന്നെ ഉപയോഗിക്കുന്നപക്ഷം നിങ്ങള്‍ പണിയുന്നതു ബാബിലോണായിരിക്കും. ഇക്കാര്യം എപ്പോഴും ഓര്‍മ്മിക്കണം.


അത്ഭുതങ്ങളും ഉപദേശവും

5:1-11-ല്‍ അത്ഭുതകരമായ ഒരു മീന്‍പിടിത്തത്തെക്കുറിച്ച് നാം വായിക്കുന്നു. ആഴത്തിലേക്കു നീക്കി മീന്‍പിടിത്തത്തിന് വലയിറക്കുവാന്‍ യേശു പറഞ്ഞു. പത്രൊസ് രാത്രി മുഴുവനും അധ്വാനിച്ച് തളര്‍ന്നതാണ്. ഒന്നും പിടിച്ചില്ല. എന്നാല്‍ വലിയ വിശ്വാസത്തോടെയല്ലെങ്കിലും അവന്‍ യേശുവിനെ അനുസരിക്കുവാന്‍ തീരുമാനിച്ച് വലയിറക്കി. തന്റെ ജീവിതത്തില്‍ ഒരിക്കലും പിടിച്ചിട്ടില്ലാത്തത്ര വലിയ കൂട്ടത്തെ അന്ന് പിടിച്ചു.കര്‍ത്താവ് നമ്മോട് ചില കാര്യങ്ങള്‍ പറയുമ്പോള്‍ നാം പറഞ്ഞേക്കാം- ”കര്‍ത്താവേ, ഇതെത്ര പ്രാവശ്യം ശ്രമിച്ചതാണ്. ഫലപ്രദമായില്ല.” പക്ഷേ കര്‍ത്താവ് പറയുന്നു ”നീ ഇപ്പോള്‍ വീണ്ടും അത് ചെയ്യുക. കാരണം, ഞാന്‍ വീണ്ടും നിന്നോട് കല്പിക്കുന്നു അതു ചെയ്‌വാന്‍.” അപ്പോള്‍ അതിന്റെ ഫലം കണ്ട് നാം തന്നെ അത്ഭുതപ്പെട്ടുപോകും. കര്‍ത്താവ് കല്പിക്കുന്ന ഇടത്തേക്ക് പോകുക. മറ്റൊരിടത്തും പോകരുത്. നിങ്ങള്‍ക്കിഷ്ടമുള്ളയിടത്തേക്ക് നിങ്ങള്‍ പോയാല്‍ ഒരിക്കലും നിത്യമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയുകയില്ല. കര്‍ത്താവ് നയിക്കുന്ന ഇടത്തേക്ക് നിങ്ങള്‍ പോകുന്നുവെങ്കില്‍ നിത്യമായ ഫലങ്ങള്‍ നിങ്ങള്‍ പ്രാപിക്കും. അതുകൊണ്ട് എവിടേക്ക് പോകണമെന്നും എപ്പോള്‍ പോകണമെന്നും കര്‍ത്താവ് തന്നെ നിങ്ങളോട് പറയട്ടെ.

5:15, 16-ല്‍ തങ്ങളുടെ രോഗങ്ങള്‍ക്ക് സൗഖ്യം ലഭിക്കേണ്ടതിന് വലിയ പുരുഷാരം യേശുവിന്റെ അടുക്കല്‍ വന്നതായി നാം വായിക്കുന്നു. തിരുവചനം പഠിക്കുമ്പോള്‍ ഓരോ സന്ദര്‍ഭത്തോടും നമ്മെ ചേര്‍ത്തുവയ്ക്കുകയും ആ സ്ഥാനത്ത് നാം ആയിരുന്നെങ്കില്‍ എന്നു ചിന്തിക്കുകയും ചെയ്യുന്നത് നല്ലതാണ്. നമ്മുടെ ശുശ്രൂഷയ്ക്ക് അത്തരം ഫലങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ എങ്ങനെയുള്ള അപകടത്തിലായിരിക്കും അത് നമ്മെ എത്തിക്കുക? നിഗളത്തില്‍ അത് നമ്മെ എത്തിക്കും. യേശുവും നമ്മെപ്പോലെ പരീക്ഷിതനായിരിക്കാം. അവിടുന്ന് എന്തായിരിക്കാം ചെയ്തത്? നിര്‍ജ്ജനപ്രദേശത്ത് പോയി പ്രാര്‍ത്ഥിക്കുകയായിരുന്നു തന്റെ പതിവ് (5:16). മറ്റുള്ളവര്‍ കൂടിയിരുന്ന് സംസാരിക്കുന്നതിനിടയില്‍നിന്ന് യേശു പ്രാര്‍ത്ഥനയ്ക്കായി ഏകാന്ത സ്ഥലത്തേക്ക് വഴുതി മാറിയിരുന്നു. അങ്ങനെയൊരു ശീലം വളര്‍ത്തിയെടുക്കുന്നത് നല്ലതാണ്. ദൈവത്തോടൊപ്പം തനിയെ ആയിരിക്കുക. ആളുകളോടൊപ്പം ആയിരിക്കുന്നത് നല്ലതാണ്. എന്നാല്‍ ദൈവത്തോടൊപ്പം ഏകനായിരിക്കുന്നതിന് അതിലധികം സമയം കണ്ടെത്തേണ്ടതാവശ്യമാണ്. നിങ്ങളുടെ ശുശ്രൂഷ അധികം വ്യാപിക്കുന്നതിനനുസരിച്ച് കൂടുതല്‍ സമയം ദൈവത്തോടൊപ്പം ചെലവഴിക്കുക. യേശു എല്ലായ്‌പ്പോഴും അങ്ങനെയായിരുന്നു. ചിലപ്പോഴല്ല.

5:27-29-ല്‍ ലേവി എന്ന മത്തായിയെ യേശു വിളിക്കുന്നതും അവന്‍ കര്‍ത്താവിനുവേണ്ടി വലിയൊരു വിരുന്നൊരുക്കുന്നതും നാം കാണുന്നു. എന്നാല്‍ താന്‍ എഴുതിയ സുവിശേഷത്തില്‍ ആ വിരുന്ന് ആരാണ് ഒരുക്കിയതെന്നതിനെക്കുറിച്ച് മത്തായി ഒന്നുംതന്നെ പറയുന്നില്ല. (മത്താ. 9:9,10). നിങ്ങള്‍ എന്തെങ്കിലും നന്മ ചെയ്യുന്നുവെങ്കില്‍ മറ്റുള്ളവര്‍ അതേക്കുറിച്ച് പറയട്ടെ.

6:12-13-ല്‍ യേശു എങ്ങനെയാണ് തന്റെ ശിഷ്യന്മാരെ വിളിച്ചതെന്ന് നാം വായിക്കുന്നു. യേശു രാത്രി മുഴുവന്‍ പ്രാര്‍ത്ഥിച്ചു- കാരണം ആരെ തെരഞ്ഞെടുക്കണമെന്നകാര്യത്തില്‍ വ്യക്തത ലഭിക്കേണ്ടതിന.് പാപം കൂടാതെ ജീവിച്ച യേശുവിനുപോലും പിതാവിന്റെ ഹിതമറിവാന്‍ പ്രാര്‍ത്ഥന ആവശ്യമായിരുന്നു. യേശു വിളിക്കുമ്പോള്‍ യൂദാ ഇസ്‌ക്കര്യോത്താവും വക്രത തീണ്ടാത്ത ഒരു വ്യക്തിയായിരുന്നു എന്നകാര്യവും ചൂണ്ടിക്കാട്ടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ പിന്നീട് വക്രതയുള്ളവനായിത്തീര്‍ന്നു. വിളിക്കുമ്പോള്‍ പത്രോസിനേയും യോഹന്നാനെയുംപോലെ അവനും പൂര്‍ണ്ണഹൃദയവും പരമാര്‍ത്ഥതയും ഉള്ള വ്യക്തിയായിരുന്നു. യേശു പൂര്‍ണ്ണഹൃദയവും പരമാര്‍ത്ഥതയും ഉള്ള ഒരുവനെ തെരഞ്ഞെടുത്തു. അവന്‍ വക്രതയുള്ള ഒരുവനായിത്തീരുകയും നരകത്തിലേക്ക് പോവുകയും ചെയ്തു.

6:20-49-ല്‍ ഗിരിപ്രഭാഷണത്തിന്റെ ഒരു സംക്ഷിപ്തരൂപം നമുക്കു കാണാം. ഉപദ്രവിക്കപ്പെട്ട്, തെറ്റിദ്ധരിക്കപ്പെട്ട്, വിമര്‍ശനം നേരിട്ട് പീഡിപ്പിക്കപ്പെട്ട് അപമാനം സഹിച്ച് നിന്ദിക്കപ്പെട്ട്, ശാരീരിക പീഡനങ്ങള്‍ ഏറ്റ് കര്‍ത്താവിനെ പ്രതികൂല സാഹചര്യങ്ങളിലൂടെ സേവിക്കുന്നവര്‍ക്ക് കര്‍ത്താവിന്റെ ഈ വാക്കുകള്‍ വായിച്ച് ധൈര്യം പ്രാപിക്കാം. മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിച്ച് ഭ്രഷ്ടരാക്കി നിന്ദിച്ച് നിങ്ങളുടെ പേര്‍ വിടക്ക് എന്നു തള്ളുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്മാര്‍. ആ നാളില്‍ സന്തോഷിച്ച് തുള്ളുവിന്‍. നിങ്ങളുടെ പ്രതിഫലം സ്വര്‍ഗ്ഗത്തില്‍ വലിയത്. അവരുടെ പിതാക്കന്മാരും പ്രവാചകന്മാരോട് അങ്ങനെ തന്നെ ചെയ്തുവല്ലോ. ”ആളുകള്‍ നിങ്ങളെ വെറുത്ത് ഒന്നിനും കൊള്ളാത്തവരെന്ന് വിചാരിക്കുമ്പോഴും നിങ്ങളുടെ പേര് ഒരു പരിഹാസമായി മാറ്റുമ്പോഴും നിങ്ങള്‍ ഭാഗ്യവാന്മാരെന്ന് നിങ്ങളെത്തന്നെ കണ്ടിട്ടുണ്ടോ?” ഇതില്‍ നിങ്ങളുടെ ബന്ധുക്കളും മറ്റു ക്രിസ്ത്യാനികളും അക്രൈസ്തവരും അയല്‍ക്കാരുമൊക്കെ കണ്ടേക്കാം. നിങ്ങള്‍ യേശുവിന്റെ ഒരു ശിഷ്യനാണെന്നതുകൊണ്ടും ദൈവത്തിന്റെ മുഴുവന്‍ ആലോചനയും സംസാരിക്കുന്നതുകൊണ്ടും നിങ്ങള്‍ ഭാഗ്യവാനാണ്. യേശു പറഞ്ഞു നിങ്ങള്‍ സന്തോഷിച്ചു തുള്ളുക എന്ന്. അതാണ് ആത്മാവില്‍ നൃത്തം ചെയ്യേണ്ട സമയം. പിന്നെ എന്തുകൊണ്ടാണ് ധാരാളം ക്രിസ്ത്യാനികള്‍ മാനവും അംഗീകാരവും അന്വേഷിക്കുന്നത്? നിങ്ങളുടെ മണവാളനായ യേശു തന്നെ ദ്വേഷിക്കപ്പെടുകയും നിന്ദിക്കപ്പെടുകയും അപമാനിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്തുവല്ലോ. മണവാട്ടിക്കെന്തുകൊണ്ട് മണവാളനൊപ്പം നിന്നുകൂടാ?

ആളുകള്‍ നിങ്ങളെ പുകഴ്ത്തുകയും നല്ല വാക്കുകള്‍ നിങ്ങളെക്കൊണ്ട് പറകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഒരു കള്ള പ്രവാചകനാണെന്നതിന്റെ തെളിവാകാന്‍ സാധ്യതയുണ്ട്. പഴയ നിയമകാലത്ത് കള്ളപ്രവാചകന്മാര്‍ എല്ലായ്‌പ്പോഴും മാനിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു. കള്ളപ്രവാചകന്മാര്‍ എല്ലാ കാലത്തും പ്രശംസിക്കപ്പെടുകയും മാനിക്കപ്പെടുകയും സത്യപ്രവാചകന്മാര്‍ എല്ലായ്‌പ്പോഴും എല്ലാനൂറ്റാണ്ടുകളിലും വിമര്‍ശിക്കപ്പെടുകയും ത്യജിക്കപ്പെടുകയും ചെയ്യപ്പെട്ടിരുന്നു.

ഈ ആളുകളോടു നാം എങ്ങനെയാണു പെരുമാറേണ്ടത്? 6:27-ല്‍ പറയുന്നു. ”അവരെ സ്‌നേഹിക്കുകയും നന്മചെയ്കയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കയും ചെയ്യുക.” ഞാന്‍ എന്നെ ഉപദ്രവിച്ചിട്ടുള്ളവര്‍ക്കുവേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: ”കര്‍ത്താവേ, അവര്‍ക്കു നന്മ ചെയ്‌വാനും അവരെ ശുശ്രൂഷിപ്പാനും എനിക്ക് അവസരങ്ങളെ തരണമേ. അവര്‍ ചെയ്ത എല്ലാ തിന്മയ്ക്കും പകരമായി ദൈവസ്‌നേഹത്തില്‍ ഞാന്‍ അവരെ സ്‌നേഹിക്കുന്നു എന്ന് അവര്‍ അറിയുവാന്‍ ഇടയാക്കണമേ. അവര്‍ ആവശ്യത്തിലായിരിക്കുന്നു എങ്കില്‍ അവരെ സാമ്പത്തികമായി സഹായിക്കുവാനും ഞാന്‍ ഒരുക്കമാണ്. എന്റെ രാജ്യം ഐഹികമല്ല എന്നും അവരെ കാണിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.” നാം സ്‌നേഹത്താല്‍ നിറയപ്പെട്ട ഒരു രാജ്യത്തിലെ പൗരന്മാരാണ്. അവിടെ വിദ്വേഷത്തിന്റെ ഒരു അണുപോലും ഇല്ല. നമ്മെ ശപിക്കുന്ന ഏവരെയും അതുകൊണ്ടുതന്നെ നാം അനുഗ്രഹിക്കുന്നവരാകും (6:28).

പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടില്ലെങ്കില്‍ ഇത്തരം ഒരു ജീവിതം നിങ്ങള്‍ക്കു സാദ്ധ്യമല്ല. ആളുകള്‍ നിങ്ങളെ ഉപദ്രവിക്കുമ്പോള്‍ നിങ്ങള്‍ ക്ഷമിക്കുന്നതു കൊണ്ടു മാത്രമാകുന്നില്ല. അതു നല്ലതുതന്നെ. പക്ഷേ നിങ്ങള്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കയും ചെയ്യേണ്ടതുണ്ട്. നമ്മുടെ ചെകിട്ടത്ത് അടിക്കുന്നവനെ തിരിച്ചടിക്കുന്നില്ല. നമ്മുടെ പുതപ്പ് എടുക്കുന്നവര്‍ക്ക് നമ്മുടെ ഉടുപ്പുകൂടി വിട്ടുകൊടുക്കേണ്ടതുണ്ട്. ഇത് മറ്റുള്ളവരെ തള്ളി താഴെയിട്ട് അവരുടെ പുറത്തു ചവിട്ടി മുകളിലേക്കു കയറാന്‍ ശ്രമിക്കുന്ന ഈ ലോകത്തിന്റെ വഴികള്‍ക്ക് അന്യമായ ഒരു വഴി തന്നെയാണ്. നിങ്ങള്‍ ക്രിസ്തുശരീരം പണിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഈ വാക്കുകള്‍ നിങ്ങളുടെ സഭയിലുള്ളവരോടു സംസാരിക്കയും ഈ വഴി പഠിപ്പിക്കയും വേണം.

യേശു തുടര്‍ന്നു പറയുന്നു: ‘നമുക്കു ഉപകാരം ചെയ്യുന്നവര്‍ക്കു പ്രത്യുപകാരം ചെയ്യുന്നതുകൊണ്ടു നമുക്കു മാര്‍ക്ക് ഒന്നും ലഭിക്കില്ല” (വാക്യം 33). നമുക്കു ദാനങ്ങള്‍ നല്‍കുന്നവര്‍ക്കു നാം തിരികെ ദാനങ്ങള്‍ നല്‍കുന്നു എങ്കില്‍ നമുക്കു പൂജ്യം മാര്‍ക്കു ലഭിക്കും. നമ്മെ ഉപദ്രവിക്കുന്നവര്‍ക്കു നന്മ ചെയ്താല്‍ നമുക്കു നൂറുമാര്‍ക്കും ലഭിക്കും.

6:31-ല്‍ യേശു പറയുന്നു: നമ്മോടു മറ്റുള്ളവര്‍ എങ്ങനെ പെരുമാറണമെന്ന് നാം ആഗ്രഹിക്കുന്നുവോ നാമും അങ്ങനെതന്നെ അവരോടു പെരുമാറണം. മറ്റുള്ളവര്‍ നമ്മെക്കുറിച്ച് നാം കേള്‍ക്കാതെ അപവാദം പറയണമെന്നു നാം ആഗ്രഹിക്കുന്നുണ്ടോ? ഇല്ല. എങ്കില്‍ നാം അത്തരം അപവാദം പറച്ചിലുകളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുക. നിങ്ങള്‍ വലിയ ഒരു മണ്ടത്തരം കാണിച്ചാല്‍ മറ്റുള്ളവര്‍ നിങ്ങളോടു ക്ഷമിക്കണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ട്. അങ്ങനെയെങ്കില്‍ മറ്റുള്ളവരോടും അവരുടെ മണ്ടത്തരങ്ങള്‍ ക്ഷമിക്കുക. അത്രയും ലളിതമാണീക്കാര്യം.

6:36-ല്‍ യേശു പറഞ്ഞു: ഒരു കാര്യത്തില്‍ നമ്മുടെ സ്വര്‍ഗ്ഗീയ പിതാവു സമ്പൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നാമും സമ്പൂര്‍ണ്ണര്‍ ആകണമെന്ന്. മത്തായി 5:48-മായി താരതമ്യം ചെയ്യുക: ”നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവു സല്‍ഗുണപൂര്‍ണ്ണന്‍ ആയിരിക്കുന്നതുപോലെ നിങ്ങളും സല്‍ഗുണപൂര്‍ണ്ണരാകുവിന്‍.” മനസ്സലിവിന്റെ, കരുണയുടെ, കാര്യത്തിലാണത്. നമുക്ക് ജ്ഞാനത്തിന്റെ കാര്യത്തിലോ ശക്തിയുടെ കാര്യത്തിലോ ദൈവത്തെപ്പോലെ പൂര്‍ണ്ണരാകുവാന്‍ കഴിയില്ല. മറ്റുള്ളവരോടു ക്ഷമിക്കുന്ന കാര്യത്തില്‍ നമുക്കു പൂര്‍ണ്ണരാകുവാന്‍ കഴിയും. അതിന്റെയര്‍ത്ഥം നമുക്കു പത്തു ശത്രുക്കളുണ്ടെങ്കില്‍ പത്തുപേരോടും ക്ഷമിക്കുക എന്നാണ്. നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവു കരുണയുള്ളവനാകുന്നതുപോലെ കരുണയുള്ളവരാകുക.

‘അന്യരെ വിധിക്കരുത്’ (6:37). വിധിക്കുന്ന കാര്യം ദൈവത്തിനു വിട്ടുകൊടുക്കുക. ദൈവത്തിനക്കാര്യത്തില്‍ നിങ്ങളുടെ സഹായം ആവശ്യമില്ല.

‘ലുബ്ധു കാട്ടാതെ ദാനം ചെയ്യുക. ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ഔദാര്യം കാട്ടുക’ (6:38). ദൈവവും നിങ്ങളോടു ഔദാര്യം കാട്ടും. തന്റെ വരുമാനത്തിന്റെ 90ശതമാനവും കര്‍ത്താവിനു നല്‍കാറുണ്ടായിരുന്ന ഒരു വ്യവസായി ഇങ്ങനെ പറഞ്ഞു: ”ഞാന്‍ ഒരു വലിയ കോരിക ഉപയോഗിച്ചു കോരിയായിരുന്നു ധനം കൊടുത്തുകൊണ്ടിരുന്നത്. ദൈവവും അതുപോലെ തന്റെ കോരിക കൊണ്ടു കോരി തിരികെ നല്‍കിക്കൊണ്ടിരുന്നു. പക്ഷേ ദൈവത്തിന്റെ കോരിക വളരെ വലിയ ഒന്നായിരുന്നു.”

6:40-ല്‍ യേശു പറയുന്നു: ”അഭ്യാസം തികഞ്ഞവരാകുവാന്‍ നാം നമ്മെത്തന്നെ ഗുരുവിനു പൂര്‍ണമായി ഏല്പിക്കുന്നുവെങ്കില്‍ ഒരു ദിവസം നാം തന്നെപ്പോലെയാകും.” അത്തരം അത്ഭുതകരമായ വാഗ്ദാനങ്ങള്‍ക്കായി കര്‍ത്താവിനെ നമുക്കു സ്തുതിക്കാം. നമ്മെ അവിടുന്നു നടത്തിക്കൊണ്ടുപോകുന്ന എല്ലാ കഷ്ടങ്ങളുടെയും ശോധനകളുടെയും വഴിയില്‍ നമ്മെ പരിശീലിപ്പിച്ചെടുക്കുവാന്‍ നമുക്കു കര്‍ത്താവിനെ അനുവദിക്കാം.


അനുഗ്രഹിക്കപ്പെട്ട വനിതകള്‍

7:13-ല്‍ മാനവരാശിയുടെ കഷ്ടതകള്‍ കണ്ട് മനസ്സലിയുന്ന കര്‍ത്താവിനെ നാം കാണുന്നു. നയീനിലെ വിധവയ്ക്ക് തന്റെ മകന്‍ നഷ്ടപ്പെട്ടുണ്ടായ ദുഃഖം കണ്ട് യേശു അവളോട് മനസ്സലിഞ്ഞു. യേശുവിന്റെ ഈ മനസ്സലിവില്‍ നിന്നാണ് യേശു രോഗികളെ സൗഖ്യമാക്കിയതെന്നും ആയിരങ്ങള്‍ക്ക് ഭക്ഷണം നല്‍കിയതെന്നും വചനം പഠിപ്പിച്ചതെന്നുമൊക്കെ നാം തിരുവചനത്തില്‍ നിന്നും മനസ്സിലാക്കുന്നു. യേശുവിന്റെ ഈ മനസ്സലിവു ഹൃദയത്തില്‍ നിറയുന്നതില്‍ നിന്നാകണം സഭയിലെ എല്ലാ ശുശ്രൂഷകളും ഉളവായി വരേണ്ടത്. നമ്മുടെ ചുറ്റിലും പിശാചിനാല്‍ വഞ്ചിക്കപ്പെട്ട് ചിതറിക്കപ്പെട്ട് കഷ്ടവും ദുരിതവും പേറി ജീവിക്കുന്ന ആളുകളെക്കുറിച്ചു ചിന്തിക്കുക. അവരോടുള്ള മനസ്സലിവിനാല്‍ നിങ്ങളുടെ ഹൃദയങ്ങള്‍ നിറയുവാന്‍ അനുവദിക്കുക. ആ മനസ്സലിവില്‍ നിന്നും അവരെ ശുശ്രൂഷിക്കുക. അവരോടു പ്രസംഗിക്കുകയും പഠിപ്പിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക.

7:36-ല്‍ ഒരു പരീശന്‍ യേശുവിനെ ഭക്ഷണത്തിനു ക്ഷണിച്ചതു നാം വായിക്കുന്നു. പരീശന്മാരുടെ വീട്ടില്‍ ഭക്ഷണത്തിനു പോകാതിരിക്കുവാന്‍ തക്ക അഹന്തയൊന്നും യേശുവിനുണ്ടായിരുന്നില്ല. മറ്റുള്ളവരെ അനുഗ്രഹിക്കുവാന്‍ കഴിയുന്ന എല്ലായിടങ്ങളിലേക്കും യേശു പോകുമായിരുന്നു. പാപികളുടെ അടുത്തേക്ക് മാത്രമായിരുന്നില്ല താന്‍ പോയിരുന്നത്. പരീശന്മാരുടെ വീടുകളിലേക്കും താന്‍ പോകുമായിരുന്നു. മാനസാന്തരപ്പെട്ട ഒരു വേശ്യാസ്ത്രീ ആ വീട്ടില്‍ വരികയും അനേകമായ തന്റെ പാപങ്ങള്‍ മോചിക്കപ്പെടുകയും താന്‍ രക്ഷിക്കപ്പെടുകയും ചെയ്തതിന്റെ നന്ദിയാല്‍ ഒരു ഭരണി വിലപിടിപ്പുള്ള സുഗന്ധതൈലം യേശുവിന്റെ കാലില്‍ പൂശുകയും ചെയ്തു. അവള്‍ ആ തൈലം വാങ്ങിയതു തീര്‍ച്ചയായും തന്റെ വേശ്യാവൃത്തിയില്‍ നിന്നും സമ്പാദിച്ച ധനം കൊണ്ടാകും. ആവ: 23:18-ല്‍ ”വേശ്യയുടെ കൂലി ഒരു തരത്തിലും യഹോവയുടെ ആലയത്തില്‍ കൊണ്ടുവരരുതെ”ന്ന ഒരു അടിയന്തര കല്പന നമുക്കു കാണാം. യേശു അതറിഞ്ഞിരുന്നില്ലേ? തീര്‍ച്ചയായും അറിഞ്ഞിരുന്നു. എന്നാല്‍ തന്റെ ആതിഥേയനെപ്പോലെ യേശു ഒരു നിയമാനുസാരി ആയിരുന്നില്ല. തന്റെ ആതിഥേയനായ ശീമോനെന്ന പരീശന്‍ ഇങ്ങനെ ചിന്തിച്ചു: ”ഇവന്‍ ഒരു പ്രവാചകനെങ്കില്‍ തന്നെ തൊടുന്നതാരെന്ന് അറിയുമായിരുന്നു.” യേശു ആ സമയം ഒരു ഉപമ പറഞ്ഞു. ഒരു മനുഷ്യന്‍ തന്റെ രണ്ടു കടക്കാര്‍ക്ക് അവരുടെ കടം ഇളച്ചുകൊടുത്തു. ഒരുവന് അന്‍പതും മറ്റവന് അഞ്ഞൂറും. രണ്ടുപേര്‍ക്കും കടം വീട്ടുവാന്‍ വകയില്ലായിരുന്നു. അവന്‍ രണ്ടു പേര്‍ക്കും ഇളച്ചു കൊടുത്തു. ഇവരില്‍ ആരായിരിക്കും അവനെ അധികം സ്‌നേഹിക്കുക? ”തീര്‍ച്ചയായും അധികം ഇളച്ചു കിട്ടിയവനായിരിക്കും.” ശീമോന്‍ മറുപടി പറഞ്ഞു. ശീമോനു കര്‍ത്താവിനോടുള്ള സ്‌നേഹത്തെക്കാള്‍ മാനസാന്തരപ്പെട്ട ആ വേശ്യസ്ത്രീക്ക് അനേക മടങ്ങ് സ്‌നേഹമുണ്ടാകാന്‍ കാരണമെന്തെന്ന് അപ്പോള്‍ യേശു ചൂണ്ടിക്കാട്ടി. തനിക്കു ക്ഷമ ലഭിക്കേണ്ട പാപങ്ങള്‍ വളരെ കുറച്ചു മാത്രമേയുള്ളൂ എന്നുള്ള ശീമോന്റെ ചിന്തയാണതിന്റെ കാരണം. എന്നാല്‍ ആ സ്ത്രീയോ? ആര്‍ക്കും തീര്‍ക്കാന്‍ കഴിയാത്ത പാപങ്ങളുടെ ബഹുലത തനിക്കുണ്ടെന്ന് അവള്‍ തന്നെ അറിഞ്ഞിരുന്നു. നമുക്കെത്രമാത്രം ഇളച്ചുകിട്ടിയെന്ന ബോധമായിരിക്കും നമ്മുടെ സ്‌നേഹത്തിന്റെ അടിസ്ഥാനം.

”ഞാനൊരു മഹാപാപിയാ”ണെന്ന് ഏറ്റുപറയുന്ന ഒരു കപടവിനയം അധികം ക്രിസ്ത്യാനികള്‍ക്കുമുണ്ട്. നിങ്ങള്‍ നിങ്ങളെക്കുറിച്ച് അങ്ങനെ വിശ്വസിക്കുന്നു എങ്കില്‍ നിങ്ങള്‍ ആരെക്കാളുമധികം കര്‍ത്താവിനെ സ്‌നേഹിക്കുന്ന ഒരു വ്യക്തിയായിരിക്കും. അധികം ഇളച്ചു കിട്ടിയവന്‍ അധികം സ്‌നേഹിക്കും. എന്നാല്‍ സ്വയം ഏറ്റവും വലിയ പാപി എന്നു വിശേഷിപ്പിക്കുന്നവര്‍ ഏറ്റവുമധികം ധനത്തെ സ്‌നേഹിക്കുന്നവരായിരിക്കും. കര്‍ത്താവിനു വേണ്ടി ജീവിക്കുന്നവരല്ല. അവര്‍ മറ്റുള്ളവരുടെ അംഗീകാരത്തിനുവേണ്ടി താഴ്മ നടിക്കുക മാത്രമാണ്. പാപികളില്‍ പ്രധാനി എന്നു വിശേഷിപ്പിച്ച പൗലൊസിനെപ്പോലെ എല്ലാം ക്രിസ്തുവിനുവേണ്ടി വിട്ടുകളയാന്‍ മനസ്സില്ലെങ്കില്‍ ഒരിക്കലും സ്വയം അങ്ങനെ വിശേഷിപ്പിക്കാന്‍ പാടില്ല. നിങ്ങള്‍ക്ക് അധികം ഇളച്ചുകിട്ടി എന്ന ബോദ്ധ്യമുണ്ടെങ്കില്‍ അധികം സ്‌നേഹിക്കും. നിങ്ങള്‍ വളരെക്കുറച്ചു മാത്രമേ കര്‍ത്താവിനായി നല്‍കിയിട്ടുള്ളുവെങ്കില്‍ അതു തെളിയിക്കുന്നതു നിങ്ങള്‍ക്കു വളരെക്കുറച്ചു മാത്രമേ ഇളച്ചു കിട്ടിയിട്ടുള്ളു എന്നാണ്.

8:1-3-ല്‍ യേശുവിന്റെ ശുശ്രൂഷയെ സഹായിച്ചിരുന്ന ധനികരായ ചില സ്ത്രീകളെക്കുറിച്ചു നാം വായിക്കുന്നു. യേശു ഒരിക്കലും ധനികര്‍ക്ക് എതിരായിരുന്നില്ല. അവിടുന്ന് നിഗളികള്‍ക്ക് എതിരായിരുന്നു. ധനികരായിരുന്നാലും ദരിദ്രരായിരുന്നാലും താഴ്മയുള്ളവരെങ്കില്‍ അവര്‍ക്ക് തന്റെ ശുശ്രൂഷയെ സഹായിക്കാന്‍ അനുവാദമുണ്ടായിരുന്നു. മുപ്പതുവയസ്സുവരെ യേശു മരപ്പണി ചെയ്ത് ഉപജീവിച്ചിരുന്നു. അതിനുശേഷം തന്റെ മുഴുസമയ ശുശ്രൂഷാകാലയളവില്‍ ചില ശിഷ്യരുടെ സ്വമേധാ ദാനങ്ങള്‍ സ്വീകരിച്ചിരുന്നു. താന്‍ ഒരിക്കലും തന്റെ ആവശ്യങ്ങള്‍ ആരെയും അറിയിച്ചിരുന്നില്ല. ഒരിക്കലും ആരോടും ചോദിച്ചിരുന്നില്ല. ഒരിക്കലും യേശു തന്റെ ശിഷ്യന്മാര്‍ക്ക് ഒരു ശമ്പളം വാഗ്ദാനം ചെയ്തിരുന്നില്ല. തന്റെ പിതാവ് തങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് മറ്റ് ആളുകളെ പ്രേരിപ്പിച്ചിരുന്നു. അവര്‍ക്കു വേണ്ടതു നല്‍കുവാന്‍. ധനികരായ ആളുകള്‍ക്കും ഒരു ശുശ്രൂഷ നാം ഇവിടെ കണ്ടെത്തുന്നു – ദൈവത്തിന്റെ വേലയെ തങ്ങളുടെ ധനം കൊണ്ടു സഹായിക്കുക.

8:16-18 വെളിച്ചമായിരിക്കുന്നതിനെക്കുറിച്ച് കര്‍ത്താവു സംസാരിക്കുന്നു. വിളക്കു കത്തിച്ചു വയ്ക്കുന്നവര്‍ ഒരിക്കലും അതിനെ കട്ടില്‍ക്കീഴില്‍ വയ്ക്കുകയോ പാത്രം കൊണ്ടു മൂടുകയോ ചെയ്യുന്നില്ല. എല്ലാവര്‍ക്കും കാണത്തക്ക ഒരിടത്താണ് അതു വയ്ക്കുക. ഇങ്ങനെ നമ്മുടെ വെളിച്ചവും കര്‍ത്താവിനായി പ്രകാശിക്കേണ്ടതുണ്ട്. ഇന്‍ഡ്യയിലെ ബാങ്കുകളിലും ഗവണ്മെന്റ് ഓഫീസുകളിലും അക്രൈസ്തവരായ ആളുകള്‍ തങ്ങളുടെ ദൈവങ്ങളുടെ പടങ്ങള്‍ തങ്ങളുടെ മേശകള്‍ക്കരികള്‍ പതിയ്ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു ക്രൈസ്തവനായ ഉദ്യോഗസ്ഥന്‍ അപ്രകാരം ഒരു ബൈബിള്‍ വാക്യം തന്റെ മേശയ്ക്കരികില്‍ പതിക്കുന്നതു ഞാന്‍ കണ്ടിട്ടില്ല. ക്രൈസ്തവര്‍ക്ക് അങ്ങനെ ചെയ്യുവാന്‍ ലജ്ജയാണ്. ചിലര്‍ അതുമൂലം തങ്ങളുടെ ജോലിക്കയറ്റത്തിനുള്ള സാദ്ധ്യത തടയപ്പെടുമോ എന്നു ശങ്കിക്കുന്നു – തങ്ങളുടെ വെളിച്ചത്തെ മറയ്ക്കുന്നു. എന്തൊരു ദുരന്തം! യേശു ഒരു കുരിശില്‍ തൂക്കപ്പെടുവാന്‍ ലജ്ജിച്ചില്ല – നമുക്കുവേണ്ടി. നാം ഒരിക്കലും അവനെ ഏറ്റു പറയുന്നതിന് അധൈര്യപ്പെട്ടു കൂടാ. ഞാന്‍ നേവിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് എനിക്കു പരസ്യമായി സാക്ഷ്യം പറയാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ്യുഞാന്‍ എന്റെ മേശമേല്‍ ഒരു ബൈബിളും ചില ലഘുലേഖകളും വച്ചിരുന്നു. ലഘുലേഖ ആവശ്യമുള്ളവര്‍ക്ക് ഒന്നെടുക്കാന്‍ കഴിയുമായിരുന്നു. നമ്മുടെ വെളിച്ചം പ്രകാശിപ്പിക്കുവാന്‍ എത്രയോ വഴികളുണ്ട്. സഭാഹാളിനുള്ളില്‍ കര്‍ത്താവിനെ സാക്ഷിക്കുന്നതിനെക്കാള്‍ പ്രധാനമാണ് പുറത്ത് അവിടുത്തെ സാക്ഷിയായിരിക്കുന്നത്. യാതൊരു വെളിച്ചവുമില്ലാത്തിടത്തു നമ്മുടെ വെളിച്ചം പ്രകാശിക്കണം.

8:44 – ല്‍ യേശുവിന്റെ വസ്ത്രാഗ്രം തൊട്ട ഒരു സ്ത്രീയെക്കുറിച്ചു നാം വായിക്കുന്നു. ധാരാളം പേര്‍ യേശുവിനു ചുറ്റും കൂടിയിരുന്നു എങ്കിലും ഒരു സ്ത്രീ മാത്രമേ സൗഖ്യം പ്രാപിച്ചുള്ളൂ. വിശ്വാസമുള്ളവര്‍ മാത്രമേ യേശുവിനെ സ്പര്‍ശിക്കുന്നുള്ളൂ. അവിടെ ഒരാളും ഇവിടെ ഒരാളും. അത്രമാത്രം. ഓരോ സഭായോഗത്തിലും നമുക്കും ആ സ്ത്രീയെപ്പോലെ കൈനീട്ടി യേശുവിനെ വിശ്വാസത്താല്‍ തൊടാം.


അന്യരെ അനുഗ്രഹിക്കാനുള്ള വിശാല ഹൃദയം

9:16-ല്‍ അയ്യായിരം പേര്‍ക്കു ഭക്ഷണം നല്‍കുന്ന സംഭവം നാം വായിക്കുന്നു. നാമും ഇത്തരത്തില്‍ മറ്റുള്ളവര്‍ക്ക് ഒരു അനുഗ്രഹമായിരിക്കണമെന്നു ദൈവം നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നു. അതിനുള്ള ഒന്നാമത്തെ പടി നമുക്കുള്ളതെല്ലാം കര്‍ത്താവിനു സമര്‍പ്പിക്കുക എന്നതാണ്. ആ ചെറിയ കുട്ടിയുടെ കൈയില്‍ അഞ്ചപ്പവും രണ്ടു മീനും ഉണ്ടായിരുന്നു. അവന്‍ തനിക്കുവേണ്ടി ഒന്നും സൂക്ഷിക്കാതെ എല്ലാം കര്‍ത്താവിന്റെ കൈയില്‍ കൊടുത്തു. യേശു ആ അപ്പവും മീനും അനുഗ്രഹിച്ചു. ഇതാണു രണ്ടാമത്തെ പടി. നാം നല്‍കുന്നതിന്മേല്‍ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകണം. ദൈവം തന്റെ ആത്മാവിനെ നമ്മുടെ മേല്‍ പകരണം. ഇപ്പോഴും പുരുഷാരത്തിനു ഭക്ഷണം ലഭിച്ചിട്ടില്ല. മൂന്നാമത്തെ പടി നമ്മെ നുറുക്കുവാന്‍ നാം കര്‍ത്താവിനെ അനുവദിക്കുന്നതാണ്. യേശു ആ അപ്പം നുറുക്കി. അവിടുന്നു നമ്മെയും നുറുക്കും – ആളുകളിലൂടെയും സാഹചര്യങ്ങളിലൂടെയും. തുടര്‍ന്നു അപ്പം ഒരു പുരുഷാരത്തിനു നല്‍കി. ദൈവം തങ്ങളെ നുറുക്കാന്‍ അനുവദിക്കാത്തതുകൊണ്ടു തന്നെ ദൈവോദ്ദേശ്യം തങ്ങളുടെ ജീവിതത്തില്‍ നിറവേറ്റുവാന്‍ കഴിയാത്തത് അനേക ആത്മനിറവുള്ള വിശ്വാസികളുടെ ജീവിതത്തില്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ തങ്ങള്‍ക്കുള്ളതെല്ലാം ദൈവത്തിനു സമര്‍പ്പിച്ചവരും ആത്മ നിറവുള്ളവരുമാണ്. പക്ഷേ അവര്‍ ആത്മവിശ്വാസമുള്ളവരും നുറുക്കപ്പെടാത്തവരുമാണ്. അവരുടെ ശുശ്രൂഷയില്‍ ധാരാളം ആളുകള്‍ സംബന്ധിക്കുന്നുണ്ട്. എന്നാല്‍ അവരുടെ പ്രവര്‍ത്തന നിലവാരം തികച്ചും ശുഷ്‌കമാണ്. പല കള്‍ട്ടുകള്‍ പോലും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടു നിങ്ങളുടെ കൂട്ടായ്മകളില്‍ സംബന്ധിക്കുന്ന ആളുകളുടെ എണ്ണം കണ്ട് പുകഴേണ്ടതില്ല. അവരുടെ ആത്മീയ നിലവാരമെന്താണ്? അവര്‍ ശിഷ്യന്മാരോ വെറും വിശ്വാസികളോ?

ഇതാ ഒരു ഉപമ: ഒരു പെണ്‍മുയല്‍ ഒരു പെണ്‍ സിംഹത്തോട് ഇങ്ങനെ പെരുമ പറഞ്ഞു: ”ഞാന്‍ ഈ വര്‍ഷം ഇരുപതു കുട്ടികളെ പ്രസവിച്ചു. നീയോ?” സിംഹി അല്പം ഗൗരവത്തോടെ: ”ഒന്നു മാത്രം. പക്ഷേ അതൊരു സിംഹമാണ്.” ഇരുപതു വിശ്വാസികളേക്കാള്‍ ഒരു ശിഷ്യന്‍ തന്നെയാണ് നല്ലത്.

9:23 ലൂക്കൊസിന്റെ സുവിശേഷത്തിലെ അതിപ്രധാനമായ വാക്യങ്ങളില്‍ ഒന്നാണ് ”ഒരുവന്‍ എന്നെ അനുഗമിപ്പാന്‍ ഇച്ഛിച്ചാല്‍ അവന്‍ തന്നെത്താന്‍ ത്യജിച്ചു നാള്‍ തോറും തന്റെ ക്രൂശ് എടുത്തുകൊണ്ട് എന്നെ അനുഗമിക്കട്ടെ.” നിങ്ങള്‍ എല്ലാദിവസവും സ്വയം ത്യജിക്കയും സ്വയത്തിനു മരിക്കയും ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് യേശുവിനെ അനുഗമിക്കുവാന്‍ കഴികയില്ല. സ്വയം ത്യജിക്കുക എന്നു വച്ചാല്‍ നിങ്ങളുടെ സ്വന്തജീവന്‍ ആവശ്യപ്പെടുന്ന ഏതു കാര്യവും നിഷേധിക്കുക എന്നാണ്. ക്രൂശെടുക്കുക എന്നാല്‍ എന്താണ്? ഇക്കാര്യത്തെ നമുക്ക് ഇങ്ങനെ ചിന്തിക്കാം: ദൈവഹിതം നിങ്ങളുടെ ഹിതത്തെ ഭേദിക്കുന്ന ഒരു ഇടത്താണ് ക്രൂശുണ്ടാകുന്നത്. കുരിശിന്റെ ലംബമായുള്ള ഭാഗം ദൈവഹിതവും തിരശ്ചീനമായുള്ള ഭാഗം നിങ്ങളുടെ ഹിതവും ആണ്. ക്രൂശെടുക്കുക എന്നാല്‍ നിങ്ങളുടെ ഹിതത്തിനു മരിച്ച് ദൈവഹിതം നിറവേറ്റുക എന്നതാണ്. എന്നുവച്ചാല്‍ നിങ്ങളുടെ ഇഷ്ടങ്ങള്‍, നിങ്ങളുടെ ലക്ഷ്യങ്ങള്‍, നിങ്ങളുടെ സല്‍പ്പേര്, നിങ്ങളുടെ താത്പര്യങ്ങള്‍, നിങ്ങള്‍ അന്യരുടെ മുമ്പില്‍ പ്രതികരിക്കാനാഗ്രഹിക്കുന്ന വിധങ്ങള്‍ മുതലായവ… എല്ലാ ദിവസവും ക്രിസ്തുവില്‍ മരിച്ചവര്‍ എന്നു നിങ്ങളെത്തന്നെ എണ്ണുക എന്നാണര്‍ത്ഥം.

ലൂക്കോസ് 9:49, 50 – നമ്മില്‍ നിന്നും വ്യത്യസ്തമായ ഒരു ശുശ്രൂഷ മറ്റൊരാള്‍ ചെയ്യുന്നതു കാണുമ്പോള്‍ നാം എന്തു ചെയ്യണമെന്ന് യേശു ഉപദേശിക്കുന്നു. ഒരുവന്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ശിഷ്യന്മാര്‍ കണ്ടു. അവന്‍ അവരുടെ കൂട്ടത്തില്‍ ചേരുവാന്‍ വിസമ്മതിച്ചു. അയാളെ തടയുവാന്‍ യോഹന്നാന്‍ യേശുവിനോടു പറഞ്ഞു. അയാള്‍ ആ ശുശ്രൂഷ തുടരട്ടെ അതു വിലക്കരുത് എന്ന് യേശു മറുപടിപറഞ്ഞു. നിങ്ങള്‍ നിങ്ങളുടെ വിളിയില്‍ തുടരുകയും അതില്‍ ശ്രദ്ധവയ്ക്കുകയും ചെയ്യുക. മറ്റുള്ളവര്‍ അവര്‍ക്കു ലഭിച്ചതില്‍ തുടരട്ടെ. ഒട്ടേറെ ക്രിസ്ത്യാനികളും മറ്റുള്ളവര്‍ കൂടി തങ്ങളുടെ ശുശ്രൂഷ തന്നെ ചെയ്യുവാന്‍ തക്കവണ്ണം അതു പ്രാധാന്യമേറിയതാണെന്നു കരുതും വിധം തങ്ങളുടെ ശുശ്രൂഷയെ വിലമതിക്കുന്നു. ”എന്നാല്‍ ശരീരം മുഴുവന്‍ കണ്ണായാല്‍ കാതെവിടെ? ശരീരം മുഴുവന്‍ ശ്രവണമായാല്‍ ഘ്രാണമെവിടെ?”(1 കൊരി.12.17). ദൈവം വിവിധ ശുശ്രൂഷകള്‍ പലര്‍ക്കായി വിഭാഗിച്ചു നല്‍കിയിരിക്കുന്നു എന്ന് പക്വതയുള്ളവര്‍ തിരിച്ചറിയും. ഒരുവന്‍ സുവിശേഷമറിയിക്കുന്നു. മറ്റൊരുവന്‍ സാമൂഹികപ്രവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നു. ഓരോരുത്തരും തങ്ങള്‍ക്കു ലഭിച്ച ശുശ്രൂഷ നിറവേറ്റട്ടെ. എല്ലാം ക്രിസ്തുവിലെ ഓരോ ഗുണങ്ങള്‍ വെളിപ്പെടുത്തുന്നുവല്ലോ. നാം പരസ്പരം ചെറുതായിക്കാണാതിരിക്കുക. സൃഷ്ടിയില്‍ വിപുലമായ വൈവിദ്ധ്യം ഉണ്ട്. എല്ലാ പൂവുകളെയും ഒരേ നിറത്തിലും മണത്തിലും വലിപ്പത്തിലുമല്ല ദൈവം ഉണ്ടാക്കിയിരിക്കുന്നത്. ക്രിസ്തുശരീരവും അങ്ങനെ തന്നെ. തങ്ങള്‍ ഒരു ബൈബിള്‍ കോളജില്‍ പഠിച്ചിട്ടില്ലാത്തതിനാല്‍ ബൈബിള്‍കോളജ്പഠനം തന്നെ അനാവശ്യമാണെന്നു ചിലര്‍ വിചാരിക്കുന്നു. മറ്റുചിലര്‍ ബൈബിള്‍ കോളജ് വിദ്യാഭ്യാസം നേടിയവരാകയാല്‍ എല്ലാവരും അങ്ങനെ തന്നെയാകണമെന്നു വിചാരിക്കുന്നു. രണ്ടു കൂട്ടരും തെറ്റായ കാഴ്ചപ്പാടിലാണ്. ഓരോരുത്തരുടെ വിളിക്ക് ഒത്തവണ്ണം രണ്ടു തരത്തിലുള്ളവരെയും ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിയും. തങ്ങളുടെ ശുശ്രൂഷയൊഴികെ മറ്റൊന്നിനെയും വിലമതിക്കുവാന്‍ ഇടുങ്ങിയ കാഴ്ചപ്പാടുള്ളവര്‍ക്കു കഴിയില്ല. അങ്ങനെയുള്ളവരോട് ഒരു വാക്ക്: ”എല്ലാ ശുശ്രൂഷകള്‍ക്കായും ദൈവത്തെ സ്തുതിക്കുക. നിങ്ങളുടെ ശുശ്രൂഷയില്‍ ശ്രദ്ധവയ്ക്കുക.”

9:52-ല്‍ യേശു ശമര്യയിലേക്കു പോകുന്നതായി നാം കാണുന്നു. ഒരു വര്‍ഷംമുമ്പ് വലിയ ഒരു ഉണര്‍വ്വുണ്ടായ ഒരു സ്ഥലമാണത്. മാനസാന്തരപ്പെട്ട പാപിനിയായ ഒരു സ്ത്രീ മുഖാന്തരം വളരെ ആളുകള്‍ യേശുവിങ്കലേക്ക് ആകര്‍ഷിക്കപ്പെട്ടു (യോഹ. 4). തങ്ങള്‍ക്കു വേണ്ടി സ്ഥലം ഒരുക്കുവാന്‍ തനിക്കു മുമ്പായി യേശു ദൂതന്മാരെ അയച്ചു. എന്നാല്‍ ഇത്തവണ അവര്‍ യേശുവിനെ സ്വീകരിച്ചില്ല (വാ. 53). ശമര്യയില്‍ മാനസാന്തരപ്പെട്ടവര്‍ തങ്ങളുടെ യഹൂദ വിരോധം അവസാനിപ്പിച്ച് തങ്ങളുടെ നിര്‍ജ്ജീവമായ മതസമ്പ്രദായങ്ങളെ ഉപേക്ഷിച്ച് കര്‍ത്താവിനെ അനുഗമിക്കുവാന്‍ ഒരു പക്ഷേ തീരുമാനിച്ചു കാണും. ഇത് അവരുടെ മതനേതാക്കളെ ചൊടിപ്പിച്ചതു കൊണ്ടായിരിക്കാം യേശുവിന് തങ്ങളുടെ പട്ടണത്തില്‍ ഇനി ഇടം കൊടുത്തുകൂടാ എന്ന് അവര്‍ തീരുമാനമെടുത്തത്. അങ്ങനെയായിരിക്കും ശമര്യയില്‍ തീ ഇറങ്ങണമെന്ന ആഗ്രഹം യാക്കോബിലും യോഹന്നാനിലും ഉണ്ടായത്. താന്‍ വന്നത് മനുഷ്യരുടെ പ്രാണനെ നശിപ്പിക്കാനല്ല രക്ഷിക്കാനാണ് എന്നു പറഞ്ഞുകൊണ്ടു യേശു അവരെ ശാസിച്ചു (വാ. 55). ഏതെങ്കിലും ഒരു സഭ നിങ്ങളെ പുറത്താക്കുന്നു എങ്കില്‍ വിനീതനായി മറ്റെവിടേക്കെങ്കിലും പോവുക. ഒന്നിലധികം തവണ എനിക്കതു ചെയ്യേണ്ടി വന്നിട്ടുണ്ട്.

മുകളില്‍ പറഞ്ഞ രണ്ടവസരങ്ങളിലും തങ്ങളുടെ ഹൃദയത്തെ വിശാലമാക്കുവാന്‍ ശിഷ്യന്മാരെ അഭ്യസിപ്പിക്കുകയായിരുന്നു യേശു. പല ക്രൈസ്തവ വിഭാഗങ്ങളിലും അനുയായികള്‍ക്കു നേതാവിനുള്ളത്ര ഹൃദയവിശാലത കാണുകയില്ല. കാരണം നേതാവ് ദൈവത്തെ അറിയുന്ന അളവില്‍ അവര്‍ അറിഞ്ഞിരിക്കില്ല. 18-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന രണ്ടു വലിയ ശുശ്രൂഷകരായിരുന്നു ജോണ്‍ വെസ്ലിയും ജോര്‍ജ് വൈറ്റ് ഫീല്‍ഡും. ഒരിക്കല്‍ രക്ഷിക്കപ്പെട്ട ഒരുവന്റെ രക്ഷ നഷ്ടപ്പെടാന്‍ സാദ്ധ്യതയുണ്ടെന്ന് ജോണ്‍ വെസ്ലിയും അനുയായികളും വിശ്വസിച്ചിരുന്നു. എന്നാല്‍ ജോര്‍ജ് വൈറ്റ് ഫീല്‍ഡും അനുയായികളും രക്ഷ നഷ്ടപ്പെടുക സാദ്ധ്യമല്ലെന്നു വിശ്വസിച്ചിരുന്നു. അവര്‍ നല്ല സുഹൃത്തുക്കളായിരുന്നുതാനും. വൈറ്റ്ഫീല്‍ഡ് മരിച്ചപ്പോള്‍ വെസ്ലിയായിരുന്നു ശവസംസ്‌ക്കാരശുശ്രൂഷ നടത്തിയത്. വെസ്ലിയുടെ ഒരു അനുയായി അദ്ദേഹത്തോടു ചോദിച്ചു: ”താങ്കള്‍ സ്വര്‍ഗ്ഗത്തിലെത്തുമ്പോള്‍ വൈറ്റ് ഫീല്‍ഡിനെ അവിടെ കാണുമോ?” അതിനു വെസ്ലി പറഞ്ഞ മറുപടി: ”ഇല്ല എന്നാണ് ഞാന്‍ കരുതുന്നത്. കാരണം അദ്ദേഹം സിംഹാസനത്തോടു വളരെ അടുത്തും ഞാന്‍ വളരെ പിന്നിലുമായിരിക്കും. അവിടെനിന്നുകൊണ്ട് എനിക്കദ്ദേഹത്തെ കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല.” വെസ്ലിയുടെ അനുയായികള്‍ ഇടുങ്ങിയ മനസ്സുള്ളവരായിരുന്നു. എന്നാല്‍ വെസ്ലിയോ വൈറ്റ് ഫീല്‍ഡിനെ തന്നെക്കാള്‍ മഹാനായി മതിച്ചവിശാലഹൃദയവും എളിമയുമുള്ള ഒരുവനായിരുന്നു.

ലൂക്കൊസ് 10:5ല്‍ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: ”നിങ്ങള്‍ ഒരു വീട്ടിലേക്കു പ്രവേശിക്കുമ്പോള്‍ ഈ വീട്ടിന്നു സമാധാനമുണ്ടാകട്ടെ എന്ന് ആശംസിക്കുക. അവിടെ ഒരു സമാധാനപുരുഷന്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവന്റെ മേല്‍ വസിക്കും. ഇല്ലെങ്കില്‍ അതു നിങ്ങളിലേക്കു മടങ്ങിപ്പോരും.” അസമാധാനത്തിന്റെ അലകടലാകുന്ന ഈ ലോകത്തില്‍ നമ്മുടെ ഭവനങ്ങള്‍ സമാധാനത്തിന്റെ തുരുത്തുകളാകട്ടെ! വീടിന്റെ തലയാകുന്ന പുരുഷന്‍ പ്രത്യേകിച്ചും സമാധാനമുള്ളവനായിരിക്കണം- സ്ത്രീ അങ്ങനെയല്ലാതിരുന്നാലും. പുരുഷന്‍ കലഹിക്കാത്തവനും യുദ്ധതാല്‍പര്യമില്ലാത്തവനും വാഗ്വാദങ്ങളില്‍ നിന്നകന്നിരിക്കുന്നവനും കോപിക്കാത്തവനും വിവാദങ്ങള്‍ക്കിട നല്‍കാത്തവനുമായിരിക്കണം. എല്ലാ ക്രിസ്തീയ കുടുംബങ്ങളും ഭരിക്കേണ്ടത് അങ്ങനെയുള്ള പുരുഷന്മാരാണ്.

10:19-ല്‍ സാത്താന്റെ എല്ലാ ശക്തികള്‍ക്കും മേല്‍ യേശു തന്റെ ശിഷ്യന്മാര്‍ക്ക് അധികാരം കൊടുത്തിട്ട് ‘യാതൊന്നും നിങ്ങള്‍ക്കു ദോഷം ചെയ്യുകയില്ല’ എന്ന വാഗ്ദാനവും നല്‍കുന്നതായി നാം കാണുന്നു. ശക്തിയും അധികാരവും തമ്മില്‍ വലിയ ഒരു വ്യത്യാസമുണ്ട്. ഒരു വലിയ ട്രക്ക് വളരെ ശക്തിയുള്ളതാണെങ്കിലും ഒരു പോലീസുകാരന്‍ കയ്യുയര്‍ത്തി നില്ക്കാനാജ്ഞാപിക്കുമ്പോള്‍ അതവിടെ നില്‍ക്കുന്നു. കാരണം പോലീസുകാരന്‍ അധികാരമുള്ളയാളാണ്. സാത്താന്റെ എല്ലാ ശക്തികളുടെമേലും നമുക്കു ലഭിച്ചിരിക്കുന്ന അധികാരത്തിന്റെ ഒരു ചിത്രമാണിത്. ബൈബിള്‍ പറയുന്നു: ”ദൈവത്തിനു കീഴടങ്ങുവിന്‍. പിശാചിനോട് എതിര്‍ത്തു നില്‍പ്പീന്‍. എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും” (യാക്കോ. 4:7, 8). മിന്നലിന്റെ വേഗതയില്‍ (സെക്കന്റില്‍ 3 ലക്ഷം കി.മീ.) സാത്താന്‍ ഓടിപ്പോകും. സാത്താന്റെ വീഴ്ച ഇത്ര വേഗത്തില്‍ സംഭവിക്കുന്നതു യേശു കണ്ടു! (10:18). എന്നാല്‍ നാം സന്തോഷിക്കേണ്ടതു സാത്താനെ കീഴടക്കുവാനുള്ള അധികാരം ലഭിച്ചതിലല്ല. നാം ദൈവമക്കളാണെന്ന യാഥാര്‍ത്ഥ്യത്തിലാണ്. നാം ദൈവത്തിനുവേണ്ടി ചെയ്ത കാര്യങ്ങളിലല്ല നാം സന്തോഷിക്കേണ്ടത്. ദൈവം നമുക്കു വേണ്ടി ചെയ്ത കാര്യത്തില്‍- ജീവന്റെ പുസ്തകത്തില്‍ നമ്മുടെ പേര് എഴുതപ്പെട്ടതില്‍-ആണ്.


സന്ദേശമുള്ള ഉപമകള്‍

10: 30-37-ല്‍ നല്ല ശമര്യാക്കാരന്റെ ഉപമ നാം വായിക്കുന്നു. അവിടെ കാണുന്ന ലേവ്യനും പുരോഹിതനും മാന്യതയുള്ള, തങ്ങളുടെ ഉപദേശങ്ങള്‍ തികച്ചും ശരിയായിട്ടുള്ള, മതവിഭാഗത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ ആവശ്യത്തിലിരിക്കുന്ന മനുഷ്യനെ സഹായിക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. നമ്മുടെ നിഷ്‌ക്രിയത്വം കൊണ്ടുതന്നെ നമുക്കു പാപികളാകുവാന്‍ കഴിയും. ഗര്‍ഹണീയവും തിരസ്‌കൃതവുമായ ഒരു മതവിഭാഗത്തില്‍ നിന്നുള്ള ആളായിരുന്നു ശമര്യാക്കാരന്‍. (അവരുടെ ഉപദേശങ്ങള്‍ അധികവും തെറ്റായിരുന്നു). പക്ഷേ ആവശ്യത്തിലിരിക്കുന്ന മനുഷ്യനു സഹായിയായിത്തീര്‍ന്നത് ശമര്യനാണ്. മിക്കപ്പോഴും വചനം കൃത്യമായി പഠിപ്പിക്കുന്നവരെക്കാള്‍ ദരിദ്രരെയും നിരാലംബരെയും അധികം സഹായിക്കുന്നത് ഉപദേശങ്ങള്‍ക്കു വലിയ കൃത്യത ഇല്ലാത്തവരാണെന്ന് യേശു പഠിപ്പിച്ചു. പുരോഹിതനും ലേവ്യനും വഴിയില്‍ കിടക്കുന്ന ഒരു സാധുവിനെ സഹായിക്കുന്നതിലധികം ഗൗരവമുള്ള കാര്യമായിരുന്നു യെരുശലേമിലെ തങ്ങളുടെ ആരാധനായോഗം. നല്ല ശമര്യാക്കാരന് തന്റെ യോഗം മുടങ്ങി. എങ്കിലും ആ മനുഷ്യനെ സഹായിക്കാന്‍ കഴിഞ്ഞു. എല്ലാ ഉപദേശങ്ങളും ശരിയായിരിക്കുന്ന നമ്മെക്കാളധികം പ്രതിഫലം അല്പം ഉപദേശപ്പിശകുകള്‍ ചില നിസ്സാരകാര്യങ്ങളിലുള്ളവര്‍ പ്രാപിക്കുന്നതു ക്രിസ്തുവിന്റെ ന്യായാസനത്തിന്‍ മുമ്പില്‍ നാം കണ്ടെത്തും. അതുകൊണ്ടു നമ്മില്‍നിന്നും വ്യത്യസ്തമായി കാര്യങ്ങള്‍ കാണുകയും ചെയ്യുകയും ചെയ്യുന്ന മറ്റുവിഭാഗങ്ങളിലുള്ളവരെ നമുക്കു നിന്ദിക്കാതിരിക്കാം. ക്രിസ്തുവിന്റെ നാമത്തില്‍ ദരിദ്രരെ ശുശ്രൂഷിക്കയും മനസ്സലിവു കാണിക്കയും ചെയ്യുന്നവരെ ദൈവം വിലമതിക്കുന്നു. ”ഞാന്‍ രോഗിയായിരുന്നു. നിങ്ങള്‍ എന്നെ ശുശ്രൂഷിച്ചു. എനിക്കു വിശന്നു നിങ്ങള്‍ ഭക്ഷിക്കുവാന്‍ തന്നു. എനിക്കു ദാഹിച്ചു നിങ്ങള്‍ കുടിക്കുവാന്‍ തന്നു” എന്ന് ഒരു ദിവസം കര്‍ത്താവ് അവരോടു പറയും. ”എല്ലാ ഉപദേശങ്ങളും ശരിയായിരുന്ന എന്റെ ജനം യോഗങ്ങളില്‍ സംബന്ധിച്ചു തൃപ്തരായപ്പോള്‍ ചില തെറ്റായ ഉപദേശങ്ങളുള്ളവരെങ്കിലും നിങ്ങള്‍ വന്ന് എന്നെ സഹായിച്ചു.”

ദരിദ്രരെയും ആവശ്യത്തിലിരിക്കുന്നവരെയും സഹായിക്കുന്നതിലൂടെ കര്‍ത്താവിനെ സേവിക്കുന്നതാണ് അതിപ്രധാനമായ കാര്യമെന്ന് ഈ ഉപമ കേള്‍ക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും തോന്നാനിടയുണ്ട്. അതുകൊണ്ടുതന്നെ ഇതിനോടു ചേര്‍ത്തു മറ്റൊരു സംഭവവും പരിശുദ്ധാത്മാവു രേഖപ്പെടുത്തി വച്ചിരിക്കുന്നു- നമ്മെ സമതുലിതാവസ്ഥയിലേക്കു നയിക്കുവാന്‍. 10:38-42-ല്‍ നമ്മുടെ ജീവിതത്തില്‍ അതിപ്രധാനമായ കാര്യമെന്തെന്ന് യേശു നമ്മെ പഠിപ്പിക്കുന്നു. ദരിദ്രരെ സഹായിക്കുന്നതല്ല, തന്നെ കേള്‍ക്കുന്നതും താന്‍ കല്പിക്കുന്നത് അനുസരിക്കുന്നതുമാണ് പ്രധാനം. അവിടെ മാര്‍ത്ത എന്നു പേരുള്ള ഒരു സ്ത്രീ വളരെ ശുഷ്‌കാന്തിയോടെ കര്‍ത്താവിനെ ശുശ്രൂഷിക്കുന്നതില്‍ ബദ്ധയായിരിക്കുന്നു. സഹോദരി മറിയ കര്‍ത്താവിനെ കേള്‍ക്കുന്നതിലും. മറിയയുടെ ഈ പ്രവൃത്തിയെ അലസത എന്നോ നിഷ്‌ക്രിയത്വമെന്നോ വിളിക്കാന്‍ കഴിയും. പക്ഷേ യേശു മാര്‍ത്തയുടെ ബദ്ധപ്പാടിനെ ശാസിച്ചുകൊണ്ടു പറയുന്നു ‘മറിയ ചെയ്യുന്നതാണ് ഏറ്റവും ആവശ്യമായിരിക്കുന്ന ഒരേ ഒരു കാര്യം’ (വാ. 42). ദൈവത്തിനുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്തു ജീവിതം കഴിക്കാനല്ല നാം വിളിക്കപ്പെട്ടിരിക്കുന്നത്, ദൈവേഷ്ടം അറിഞ്ഞു ചെയ്യുവാനാണ്. ഒരു ദാസനെ സംബന്ധിച്ച അതിപ്രധാന കാര്യം തന്റെ യജമാനന്‍ കല്പിക്കുന്നതു മാത്രം ചെയ്യുന്നതാണ് (1 കൊരി. 4:2 ലിവിംഗ്).

11:1-13-ല്‍ യേശു ഒരു സ്ഥലത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നതു ശിഷ്യന്മാര്‍ കേട്ടുകൊണ്ടിരുന്നു എന്നു നാം വായിക്കുന്നു. അവര്‍ വിസ്മയഭരിതരായി. കാരണം ആരും ഒരിക്കലും അങ്ങനെ പ്രാര്‍ത്ഥിക്കുന്നത് അവര്‍ കേട്ടിരുന്നില്ല. പരീശന്മാര്‍ പള്ളികളില്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ വാക്യഭംഗിയുള്ള ഒരു പ്രസംഗം പോലെ ആയിരുന്നില്ല സ്‌നേഹനിധിയായ ഒരു പിതാവിന്റെയടുക്കല്‍ മകന്‍ ചെന്ന് സംസാരിക്കുന്ന അടുപ്പത്തോടും സ്വാതന്ത്ര്യത്തോടും കൂടെയുള്ള ഒരു സംഭാഷണമായിരുന്നു അവര്‍ കേട്ടത്. അതുകൊണ്ട് തങ്ങളെയും അതുപോലെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് അവര്‍ പറഞ്ഞു. അങ്ങനെ പിതാവിനോടു സംസാരിക്കുന്നതെങ്ങനെയെന്ന് യേശു അവരെ പഠിപ്പിച്ചു. ഇതൊരു വിപ്ലവാത്മകമായ കാര്യമായിരുന്നു. കാരണം യിസ്രായേലിന്റെ ചരിത്രത്തില്‍ അന്നുവരെ ആരും ദൈവത്തെ ”അപ്പച്ചാ” എന്നോ ”ഡാഡി” എന്നോ സംബോധന ചെയ്തിരുന്നില്ല (അബ്ബാ എന്ന എബ്രായ പദത്തിന്റെ അര്‍ത്ഥം അങ്ങനെയൊക്കെയാണ്.) ഇന്നു നാം ദൈവത്തെ യഹോവ എന്നു സംബോധന ചെയ്തു പാടുകയോ പ്രാര്‍ത്ഥിക്കയോ ചെയ്യേണ്ടതായിട്ടില്ല, ”പിതാവേ” എന്നുതന്നെ നമുക്കു വിളിക്കാം.

തുടര്‍ന്ന് പ്രാര്‍ത്ഥനയെക്കുറിച്ച് അവരുടെ ചോദ്യത്തിനുള്ള മറുപടി പൂര്‍ണ്ണമാക്കുവാനായി യേശു ഒരു ഉപമയും പറഞ്ഞു: ഒരു മനുഷ്യന്റെ വീട്ടില്‍ അര്‍ദ്ധരാത്രിയില്‍ ഒരു അതിഥി വന്നു. അവനു കൊടുക്കാന്‍ ആ മനുഷ്യന്റെ വീട്ടില്‍ ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ല. ആ മനുഷ്യന്‍ തന്റെ സ്‌നേഹിതന്റെ വീട്ടില്‍ ചെന്ന് അദ്ദേഹം എഴുന്നേറ്റ് വാതില്‍ തുറന്നു ഭക്ഷണം കൊടുക്കുവോളം തുടരെ മുട്ടിക്കൊണ്ടിരുന്നു. പരിശുദ്ധാത്മശക്തിക്കുവേണ്ടി എങ്ങനെയാണ് അന്വേഷിക്കേണ്ടതെന്നു യേശു ഇതിലൂടെ വിശദീകരിക്കുകയായിരുന്നു (11:13). അതിന്നര്‍ത്ഥം ആവശ്യത്തിലിരിക്കുന്ന ആളുകളോട് ഒരു മനസ്സലിവും ഭാരവും ഉണ്ടായിരിക്കണം. അപ്പോള്‍ അവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടത് ദൈവത്തിനു മാത്രമേ നല്‍കാന്‍ കഴിയൂ എന്ന തിരിച്ചറിവില്‍ നിങ്ങളെത്തും. അങ്ങനെ നിങ്ങള്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ ശക്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കും. വചനം പ്രസംഗിക്കുവാനാണു നിങ്ങള്‍ക്കുള്ള വിളിയെങ്കില്‍ നിങ്ങള്‍ ആരോടു പ്രസംഗിക്കുന്നുവോ അവരോടുള്ള സ്‌നേഹവും മനസ്സലിവും കൊണ്ടു നിങ്ങളുടെ ഹൃദയത്തെ നിറയ്ക്കുവാന്‍ ദൈവത്തോടപേക്ഷിക്കണം. തുടര്‍ന്ന് അവരുടെ പ്രത്യേകമായ ആവശ്യത്തിനനുസരിച്ചുള്ള പ്രത്യേകമായ വചനം ആത്മാവിന്റെ അഭിഷേകത്തോടെ ലഭിക്കാന്‍ തുടര്‍മാനമായി ചോദിച്ചുകൊണ്ടിരിക്കണം. ഒരു വ്യക്തിയുടെ രോഗസൗഖ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കയോ ഭൂതത്തെ പുറത്താക്കുകയോ ചെയ്യേണ്ട സന്ദര്‍ഭം വരുമ്പോഴും മേല്‍പറഞ്ഞതുപോലെ ചെയ്യാവുന്നതാണ്. ലോകത്തിലുള്ളവരെയെല്ലാം ശുശ്രൂഷിക്കുവാനല്ല, ദൈവം നമ്മുടെ അടുത്തേക്ക് അയയ്ക്കുന്നവരെ ശുശ്രൂഷിക്കുവാനാണ് നമുക്കുള്ള വിളി. ആ ഗ്രാമപ്രദേശത്തുള്ള എല്ലാ പട്ടിണിക്കാര്‍ക്കും ഭക്ഷണം ആ മനുഷ്യന്‍ ആവശ്യപ്പെട്ടില്ല- തന്റെ അടുക്കല്‍ രാത്രിയില്‍ വന്ന ഒരാള്‍ക്കുവേണ്ടി മാത്രം. ആവശ്യത്തിലിരിക്കുന്ന ഒരു വ്യക്തി ഒരു പക്ഷേ നിന്റെ മകനോ മകളോ ആകാം. ആ മനുഷ്യന്‍ ചെയ്തതുപോലെ യാചിക്കയോ മുട്ടുകയോ ചെയ്യുന്ന ഏതു വ്യക്തിക്കും ലഭിക്കുമെന്ന് യേശു വാഗ്ദാനം ചെയ്തു (വാ. 9, 10). രണ്ടോ മൂന്നോ പ്രാവശ്യം മുട്ടിയശേഷം മടുത്തുപോകുന്നവര്‍ ഒന്നും പ്രാപിക്കുന്നില്ല. ഭൂമിയിലെ ഏതു പിതാവിനെക്കാളും നന്മയുള്ളവനാണ് സ്വര്‍ഗ്ഗീയ പിതാവ്. നമുക്ക് നന്മയുണ്ടാക്കുന്ന ഒരു കാര്യവും അവിടുന്നു നിരസിക്കുന്നില്ല (വാ. 11). അതുകൊണ്ടു നമുക്കു സ്‌നേഹത്തിനുവേണ്ടി മുട്ടിക്കൊണ്ടിരിക്കാം. ആത്മവരങ്ങള്‍ക്കായി ദാഹിക്കാം (1 കൊരി. 14:1).

ലൂക്കൊസ് 12:1-ല്‍ ”പരീശന്മാരുടെ കപടഭക്തിയാകുന്ന പുളിമാവിനെ സൂക്ഷിച്ചൊഴിയുവാന്‍” യേശു ശിഷ്യന്മാരോടു പറയുന്നു. കപടഭക്തിയെ സൂചിപ്പിക്കുന്ന ഹിപ്പോക്രിസി എന്ന പദത്തിന്റെ മൂലം ഇംഗ്ലീഷല്ല ഗ്രീക്കാണ്. അത് ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്തവര്‍ ആ പദത്തിന്റെ ഇംഗ്ലീഷ് അര്‍ത്ഥം എഴുതുന്നതിനു പകരം hupokrisis ഹ്യൂപ്പോക്രിസിസ് എന്ന ഗ്രീക്കു പദത്തെ ആംഗലേയവല്‍ക്കരിച്ച് ഹിപ്പോക്രിസി എന്നാക്കുകയാണ് ചെയ്തത്. ഹ്യൂപ്പോക്രിസിസ് എന്ന ഗ്രീക്കു പദത്തിന്റെ അര്‍ത്ഥം നാട്യം, അഭിനയം എന്നൊക്കെയാണ്. ഗ്രീസില്‍ നാടകനടന്മാരെ ”ഹിപ്പോക്രിറ്റ്” എന്നാണു വിളിച്ചിരുന്നത്. ഇതുപോലെ വിശുദ്ധന്മാരായി അഭിനയിക്കുന്നതിനെതിരെ ഒരു മുന്നിറിയിപ്പാണു യേശു യഥാര്‍ത്ഥത്തില്‍ നല്‍കിയത്. ഒരു ഹോളിവുഡ് നടന് വിശുദ്ധനായ യോഹന്നാന്‍ സ്‌നാപകനെ ഒരു സിനിമയില്‍ സമര്‍ത്ഥമായി അവതരിപ്പിക്കാന്‍ കഴിയും. സിനിമാ ഷൂട്ടിംഗ് തീരുന്നതോടെ അയാള്‍ തന്റെ പഴയ മദ്യവും മദിരാക്ഷിയും വിവാഹമോചനവുമൊക്കെയുള്ള ജീവിതത്തിലേക്കു തിരിച്ചുപോകുന്നു. അതാണ് അയാളുടെ യഥാര്‍ത്ഥ ജീവിതം. വീണ്ടും ഒരു വിശുദ്ധന്റെ റോള്‍ വരുന്നതോടെ അയാള്‍ ഒരു വിശുദ്ധനായി മാറുന്നു.

അധികം ക്രിസ്ത്യാനികളും തികച്ചും അങ്ങനെ തന്നെയാണ്. ഞായറാഴ്ച യോഗങ്ങളില്‍ അവര്‍ വിശുദ്ധജനമാണ്. അന്യഭാഷയുണ്ട്. സാക്ഷ്യമുണ്ട്. മറ്റു പലതുമുണ്ട്. വീട്ടില്‍ ചെന്ന് മാതൃഭാഷയില്‍ സംസാരിക്കുമ്പോള്‍ ഭാര്യമാരോട് കോപിക്കയും അരുതാത്ത വാക്കുകളും വ്യാജവും സംസാരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഞായറാഴ്ച എത്തുമ്പോള്‍ ഒരു വിശുദ്ധന്റെ റോളില്‍ അഭിനയിക്കുന്നു. (ഹോളിവുഡ് നടന്മാര്‍ യഥാര്‍ത്ഥത്തില്‍ കൂടുതല്‍ സത്യസന്ധരാണ്). ഇതിനെതിരെയാണ് യേശു ശിഷ്യന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. നാം ഞായറാഴ്ചയും ആഴ്ചവട്ടത്തിന്റെ മറ്റു ദിവസങ്ങളിലെന്നപോലെ തന്നെയായിരിക്കണം. അതിനു നാം കപടഭക്തിയെ വെറുക്കുന്നവരാകണം.

12:3-12-ല്‍ യേശു പറയുന്നു: ”പീഡനങ്ങളെ ഭയപ്പെടരുത്. നിങ്ങളുടെ തലയിലെ ഓരോ രോമവും പിതാവിനാല്‍ എണ്ണപ്പെട്ടിരിക്കുന്നു. ഈ ലോകത്തിലുള്ള ഓരോ കുരുവിയുടെയും അവസ്ഥപോലും അവിടുന്നറിയുന്നവനാണ്. അവയെക്കാള്‍ എത്രയോ വിലയേറിയവരായി നമ്മെ അവിടുന്നു കരുതുന്നു. നമ്മെ കോടതി കയറ്റുവാനും കൊല്ലുവാനുമൊക്കെ ദൈവം മനുഷ്യരെ അനുവദിച്ചേക്കാം. പക്ഷേ നാമൊരിക്കലും മനുഷ്യരെ ഭയപ്പെടുവാന്‍ പാടുള്ളതല്ല. ചോദ്യം ചെയ്യപ്പെടുമ്പോള്‍ എന്തു മറുപടി പറയണമെന്ന കാര്യത്തില്‍പ്പോലും നാം ഭാരപ്പെടേണ്ടതില്ല. അത് ആ സന്ദര്‍ഭത്തില്‍ത്തന്നെ പരിശുദ്ധാത്മാവു നമുക്കുതരും”(വാ. 12). നാം പ്രസംഗിക്കുവാന്‍ നില്‍ക്കുന്ന സന്ദര്‍ഭത്തിനുള്ള ഒരു വാഗ്ദാനമല്ല ഇത്. കോടതികളിലും വ്യവഹാര സ്ഥലങ്ങളിലും നമ്മുടെ വിശ്വാസം ചോദ്യം ചെയ്യപ്പെടുമ്പോഴുള്ള വാഗ്ദാനമാണിത്.

ലൂക്കൊസ് 12:3-12 വരെയുള്ള വാക്യങ്ങളില്‍ നമുക്ക് ആ സമയത്ത് പറയേണ്ടത് പരിശുദ്ധാത്മാവ് നമ്മുടെ നാവില്‍ തരും എന്ന വാഗ്ദാനം ഉണ്ട്. അത് പ്രസംഗത്തിനായി അവകാശപ്പെടരുത്. അതു ലഭിക്കയില്ല. പ്രസംഗം നിങ്ങള്‍ തന്നെ മുമ്പുകൂട്ടി തയ്യാറാക്കേണ്ടതാണ്. മാന്യ അതിഥികള്‍ക്ക് ഭക്ഷണം തയ്യാറാക്കുന്നതുപോലെയുള്ള ഒരു പ്രക്രിയയാണ് പ്രസംഗം. ഇന്‍ഡ്യയിലുള്ള ഒരു വീട്ടമ്മ ഒരു നേരത്തെ ഭക്ഷണം തയ്യാറാക്കുവാന്‍ നിരവധി മണിക്കൂറുകള്‍ അടുക്കളയില്‍ ചെലവിടാറുണ്ട്. അതുപോലെ ദൈവജനത്തിനുവേണ്ടി ഭക്ഷണമൊരുക്കുന്നകാര്യത്തില്‍ നാം ബുദ്ധിമുട്ടു സഹിക്കാന്‍ തയ്യാറാകണം.

ലൂക്കൊസ് 12-ന്റെ 13-ല്‍ ഒരു മനുഷ്യന്‍ യേശുവിനടുത്തുവന്ന് ഇങ്ങനെ പറഞ്ഞു: ”കര്‍ത്താവേ, എന്റെ സഹോദരനോട് ഞങ്ങളുടെ കുടുംബസ്വത്ത് എനിക്കും കൂടി പങ്കിട്ടു തരുവാന്‍ കല്പിക്കണമേ.” അയാളുടെ ആവശ്യം യഥാര്‍ത്ഥവും നീതിയുക്തവുമെങ്കിലും അത്തരം തര്‍ക്കങ്ങളിലേര്‍പ്പെടുന്നത് യേശു നിരസിച്ചു. സ്വര്‍ഗ്ഗത്തില്‍ സമ്പത്തു സ്വരൂപിക്കുന്നവര്‍ക്കു വേണ്ടിയാണ് യേശു വന്നത്; ഭൂമിയിലേക്കുള്ളതിനല്ല.

”മുമ്പേ ദൈവത്തിന്റെ രാജ്യം അന്വേഷിക്കുവിന്‍. അതോടുകൂടെ ഇതും ചേര്‍ക്കപ്പെടും”(12:31).
ദൈവരാജ്യം അന്വേഷിക്കുന്നവര്‍ക്ക് വേണ്ട ഭൗതികാവശ്യങ്ങളും ലഭിക്കുമെന്ന സത്യത്തിന്റെ തെളിവുകളും സാക്ഷികളുമായി എല്ലാ ക്രൈസ്തവരും ജീവിക്കേണ്ടതുണ്ട്.

12:35-ല്‍ കര്‍ത്താവിന്റെ വരവിനുവേണ്ടി ഒരുങ്ങുന്നവരായിരിക്കുവാനുള്ള ആഹ്വാനം നമുക്കു കാണാം. നിങ്ങള്‍ക്കു വിശ്വാസികളുടെമേല്‍ ഉത്തരവാദിത്തം കര്‍ത്താവു തന്നിട്ടുണ്ടെങ്കില്‍ അവരെ തല്ലുവാനല്ല തക്ക സമയത്ത് ആവശ്യമുള്ള ഭക്ഷണം നല്‍കുന്നതില്‍ നാം വിശ്വസ്തരാകേണ്ടതുണ്ട്(12:45). ചിലര്‍ ആടുകള്‍ക്കു ഭക്ഷണം നല്‍കുന്നതിനു പകരം പ്രഹരമാണ് ഏല്പിക്കാറുള്ളത്. ആടുകളുടെ ആത്മീയ വളര്‍ച്ചയ്ക്കുള്ള ഭക്ഷണമല്ല തങ്ങളുടെ പ്രസംഗങ്ങളിലൂടെ അവര്‍ നല്‍കുന്നത്. ബൈബിള്‍ വാക്യങ്ങള്‍ ഒന്നിനു പുറകെ ഒന്നായി ഉപയോഗിച്ച് അവര്‍ ആടുകളെ പ്രഹരിക്കുന്നു. തന്റെ മക്കളെ പീഡിപ്പിച്ചവര്‍ക്കൊക്കെ പീഡ നല്‍കുന്നതിന്നായി ഒരു ദിവസം താന്‍ വരുന്നു എന്ന് കര്‍ത്താവ് പറയുന്നു.

13:34-ല്‍ യെരുശലേമിനെക്കുറിച്ചു മനസ്സലിഞ്ഞു യേശു അതിനെ ഓര്‍ത്തു കരയുന്നതും നാം കാണുന്നു.

14:13,14-ല്‍ വളരെ ചുരുക്കം വിശ്വാസികള്‍ മാത്രം അനുസരിക്കുവാന്‍ താത്പര്യപ്പെടുന്ന ഒരു കല്പന നാം കാണുന്നു. നിങ്ങള്‍ ഒരു വിരുന്നു നടത്തുമ്പോള്‍ നിങ്ങള്‍ക്കു പ്രത്യുപകാരം ചെയ്‌വാന്‍ വകയില്ലാത്തവരെ ക്ഷണിക്കണമെന്നു പറഞ്ഞിരിക്കുന്നു. യേശുവിന്റെ യഥാര്‍ത്ഥ ശിഷ്യന്‍ സഭയിലുള്ള ദരിദ്രരെ കരുതുന്നവനാകും. നിങ്ങള്‍ ഒരു പ്രസംഗകനെങ്കില്‍, പതിവായി ധനികരുടെ അടുത്തേക്കുതന്നെ പോകരുത്. നിങ്ങള്‍ക്ക ്ഒന്നും തരാന്‍ കഴിവില്ലാത്ത ദരിദ്രരുടെ വീടുകളിലേക്കു പോവുക. ധനികരുടെ വീടുകളില്‍ പോകുവാന്‍ ധാരാളം പേരുണ്ടല്ലോ. കര്‍ത്താവ് ഒരു ദിവസം നിങ്ങള്‍ക്ക് പ്രതിഫലം തരും. നിങ്ങള്‍ക്ക് ഒന്നും തരുവാനില്ലാത്തവര്‍ക്കുവേണ്ടി ദൈവവചനത്തിന്റെ സമൃദ്ധമായ ഒരു വിരുന്നൊരുക്കുക.


ശിഷ്യരും പിന്മാറ്റക്കാരും


14:25-34-ല്‍ ശിഷ്യത്വത്തിന്റെ സര്‍വ്വപ്രധാനമായ മൂന്നു വ്യവസ്ഥകള്‍ കര്‍ത്താവു പറയുന്നു. 1. എല്ലാറ്റിനും ഉപരിയായി യേശുവിനെ സ്‌നേഹിക്കുക (വാ. 26). 2. ദിനംതോറും ക്രൂശെടുത്തു യേശുവിനെ അനുഗമിക്കുക (വാ. 27). 3. ഭൂമിയില്‍ യാതൊന്നും സ്വന്തമെന്നെണ്ണരുത് (വാ. 33). നിങ്ങള്‍ക്ക് വളരെ വസ്തുക്കളുണ്ടാകാം. പക്ഷേ ഒന്നുംതന്നെ സ്വന്തമെന്നെണ്ണരുത്. ഒരു വസ്തു ഉണ്ടായിരിക്കുന്നതും സ്വന്തമെന്നെണ്ണുന്നതും തമ്മിലുള്ള വ്യത്യാസമെന്താണ്? നിങ്ങള്‍ക്ക് ഒരു വീടുണ്ട്. ആ വീട് ദൈവത്തിന്റേതെന്ന നിലയില്‍ കരുതുകയും ദൈവം നിങ്ങളെ അതില്‍ സൗജന്യമായി താമസിക്കുവാന്‍ അനുവദിച്ചിരിക്കുന്നു എന്ന വിചാരത്തോടെ താമസിക്കയും ചെയ്ക. അപ്രകാരം നിങ്ങള്‍ക്കുള്ള എല്ലാ വസ്തുക്കളും ഉപയോഗിക്കുക. നിങ്ങള്‍ക്കുള്ളതൊക്കെയും ദൈവത്തിന്റേതാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. കാരം നഷ്ടപ്പെടാത്ത ഉപ്പായിരിക്കുന്നതു ശിഷ്യന്മാര്‍ മാത്രമാണ.് രുചിയില്ലാത്ത ധാരാളം ഉപ്പ് ഇന്നുണ്ട്. കാരണം, ആളുകളെ ശിഷ്യരാക്കാതെ സുവിശേഷകന്മാര്‍ പാപക്ഷമ മാത്രം പ്രസംഗിക്കുന്നു.

ലൂക്കൊസിന്റെ സുവിശേഷം 15-ാം അദ്ധ്യായത്തില്‍ പറയുന്ന മൂന്നു ഉപമകളിലൂടെ നാലുതരം പിന്മാറ്റക്കാരെ നാം കണ്ടെത്തുന്നു. കാണാതെപോയ ഒരാട്, നഷ്ടപ്പെട്ട ഒരിളയപുത്രനും ഒരു ജ്യേഷ്ഠപുത്രനും, നഷ്ടപ്പെട്ട ഒരു നാണയം. അതോടൊപ്പം ത്രിത്വത്തിലെ മൂന്ന് ആളത്തങ്ങളുടെയും ഒരു ചിത്രം കൂടിയാണിത്. അശ്രദ്ധകൊണ്ടോ അപകടം കൊണ്ടോ നഷ്ടമായിപ്പോയ ഒരു വിശ്വാസിയുടെ ചിത്രമാണ് കാണാതെ പോയ ആട്. ഇടയന്‍ ദൈവപുത്രനായ യേശുവിന്റെ ചിത്രം. മുടിയനായ പുത്രന്‍ ദൈവത്തോടും സഭയോടുമുള്ള മത്സരത്താല്‍ പുറത്തുപോയ വിശ്വാസിയാണ്. പിതാവ് ദൈവപിതാവിന്റെ ദൃഷ്ടാന്തം. പിന്മാറിപ്പോയ ഒരു മകനെ പിതാവ് അന്വേഷിച്ചുപോകുന്നില്ല. പുറപ്പെട്ടു പോയ മകന്‍ പന്നിയുടെ നിലവാരത്തില്‍ അധഃപതിച്ച് മനം തിരിഞ്ഞ് തിരികെ വരാന്‍ കാത്തിരിക്കുന്നു ആ പിതാവ്. മൂത്ത മകന്‍ സ്വയനീതിയിലും നിയമാനുസരണത്തിലും നിഗളത്തിലും നഷ്ടപ്പെട്ടുപോയ ഒരുവന്റെ ചിത്രമാണ്. നഷ്ടമായ ദ്രഹ്മ അന്വേഷിക്കുന്ന സ്ത്രീ, പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ ഒരു സഭയുടെ ചിത്രമാണ്. അവള്‍ വിളക്കു കത്തിച്ച് ആ വീട് അടിച്ചു വാരി (15:8) അതുകണ്ടെത്തുംവരെ സൂക്ഷ്മമായി അന്വേഷിച്ചു. ദ്രഹ്മ നഷ്ടപ്പെടുമ്പോള്‍ അവള്‍ അശ്രദ്ധയായ ഒരു സഭയായിരുന്നു. അങ്ങനെയായിരുന്നു ചിലര്‍ പിന്മാറിപ്പോയത് (നഷ്ടമായ ദ്രഹ്മ). അപ്പോള്‍ അവള്‍ വിളക്കു കത്തിച്ച് (പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു) അന്വേഷണം ആരംഭിക്കയും നഷ്ടപ്പെട്ടവരെ കണ്ടെത്തി കൂട്ടത്തിലേക്ക് മടക്കിക്കൊണ്ടു വരികയും ചെയ്തു. നഷ്ടപ്പെട്ടവര്‍ക്കും പിന്മാറിപ്പോയവര്‍ക്കും വേണ്ടി ഒരു ഭാരവുമില്ലാതെ ജീവിക്കുന്ന അനേകം വിശ്വാസികളുണ്ട്. അവര്‍ തങ്ങളില്‍ മാത്രം തത്പരരാണ്. അത്തരം വിശ്വാസികള്‍ പിതാവില്‍ നിന്നും പുത്രനില്‍ നിന്നും പരിശുദ്ധാത്മാവില്‍ നിന്നും വളരെ അകലെയാണ്. അനേകം വര്‍ഷങ്ങളായി ഞാന്‍ പ്രാര്‍ത്ഥിക്കയും ഞങ്ങളുടെ സഭകളിലുള്ള മൂപ്പന്മാരെ പ്രാര്‍ത്ഥിക്കുവാന്‍ ഉത്സാഹിപ്പിക്കയും ചെയ്യുന്ന ഒരു പ്രാര്‍ത്ഥന ഇങ്ങനെയാണ്. ”കര്‍ത്താവേ, ഞങ്ങളുടെ ഈ പ്രദേശത്ത് ദൈവഭക്തിയില്‍ ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന ഒരു വ്യക്തിയുണ്ടെങ്കില്‍ അവനെ ഞങ്ങളുടെ അടുത്തേക്കയയ്ക്കുകയോ ഞങ്ങളെ അവന്റെ അടുത്തേക്ക് അയയ്ക്കുകയോ ചെയ്യേണമേ. അവിടുന്ന് അങ്ങനെ ചെയ്യാനാഗ്രഹിക്കാത്ത പക്ഷം ഞങ്ങളുടെ കുറവ് എന്തെന്നു ഞങ്ങള്‍ക്കു കാട്ടിത്തരണമേ. അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ തെറ്റുകളെ പരിഹരിച്ച് അങ്ങയുമായി ഐക്യം സൂക്ഷിപ്പാനും നഷ്ടമായവരെ കണ്ടെത്തുവാനും ഞങ്ങളെ സഹായിക്കയും ചെയ്യേണമേ.” ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുവാന്‍ ഞാന്‍ താങ്കളെയും ഉത്സാഹിപ്പിക്കുന്നു.

നഷ്ടപ്പെട്ട ഒരു ആടിനെ എങ്ങനെയുള്ള ഒരു കൂട്ടത്തിലേക്കാണു നാം മടക്കിക്കൊണ്ടു വരുന്നതെന്നതും പ്രാധാന്യമുള്ള ഒരു കാര്യമാണ്. പരസ്പരം കടിച്ചുകീറുന്ന, രോഗാതുരരായ 99 ആടുകളാണ് കൂട്ടത്തിലുള്ളതെങ്കില്‍ അവിടേക്കു മടക്കിക്കൊണ്ടുവരുന്നതിനെക്കാള്‍ അതിനെ മരുഭൂമിയില്‍ വിട്ടുകളയുന്നതു തന്നെയാണ് നല്ലത്. അതുകൊണ്ടു നഷ്ടപ്പെട്ട ആടുകളെ അന്വേഷിക്കുന്ന ഒരു ശുശ്രൂഷയോടൊപ്പം കൂട്ടത്തിലുള്ള 99നെ സമാധാനത്തോടെ ആരോഗ്യപൂര്‍ണ്ണരായി സൂക്ഷിക്കുന്ന ശുശ്രൂഷയും നമുക്ക് ആവശ്യമാണ്. ”നീതിമാന്മാരായ 99 ആളുകളെക്കാള്‍ മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി സ്വര്‍ഗ്ഗത്തില്‍ അധികം സന്തോഷമുണ്ടാകും” (വാ.7) എന്നു യേശു പറഞ്ഞു. എത്ര അത്ഭുതകരമായ ഒരു സഭയായിരിക്കും അത്. ഒരു കാര്യത്തിലും മാനസാന്തരം ആവശ്യമില്ലാത്ത 99 നീതിമാന്മാരുടെ സഭ. അതെങ്ങനെ സംഭവിക്കും? അവര്‍ ദിനംപ്രതി സ്വയം ശോധന ചെയ്കയും മാനസാന്തരപ്പെടുകയും ചെയ്യുന്നവരാണ്. അനേക വര്‍ഷങ്ങളായി ഞാന്‍ അനുവര്‍ത്തിച്ചു പോരുന്ന ഒരു കാര്യമാണത്. തത്ഫലമായി ദിനംതോറും ക്രിസ്തുതുല്യമല്ലാത്ത അംശങ്ങള്‍ എന്റെ വ്യക്തിത്വത്തില്‍ ഞാന്‍ കണ്ടെത്തുകയും വര്‍ഷങ്ങളായി, ദിനംപ്രതി മാനസാന്തരപ്പെട്ട് അതില്‍നിന്നും മോചനം പ്രാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. നിങ്ങളും അങ്ങനെ ചെയ്യുവാന്‍ മനസ്സു വയ്ക്കുന്നു എങ്കില്‍ മറ്റുള്ളവരെ വിധിക്കുവാനും കുറ്റം കണ്ടെത്തുവാനും നിങ്ങള്‍ക്കു സമയം ലഭിക്കില്ല. കാരണം നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതില്‍ നിങ്ങള്‍ ബദ്ധ ശ്രദ്ധരായിരിക്കും.

അപ്പോള്‍ നഷ്ടപ്പെട്ട ആടുകള്‍ക്കു മടങ്ങി വന്നു സൗഖ്യം പ്രാപിക്കാന്‍ കഴിയുന്ന, മാനസാന്തരം കൊണ്ടാവശ്യമില്ലാത്ത, നീതിമാന്മാരുടെ സഭ ഉണ്ടാക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. അതുകൊണ്ടു നമ്മുടെ സഭകളില്‍ നാം നിരന്തരം മാനസാന്തരം പ്രസംഗിക്കേണ്ടിയിരിക്കുന്നു. ക്രമേണ കാലാന്തരത്തില്‍ മറ്റുള്ളവരെ വിധിക്കുന്നതിനുപകരം സ്വയം വിധിച്ചു കൊണ്ടിരിക്കുവാന്‍ ശീലിച്ച ആളുകളുടെ ഒരു സഭ നമുക്കുണ്ടാകും.

ഒരു ആടു നഷ്ടപ്പെട്ടപ്പോള്‍ നഷ്ടമുണ്ടായത് ഇടയനാണ്. ദ്രഹ്മ നഷ്ടപ്പെട്ടപ്പോള്‍ നഷ്ടമുണ്ടായത് സ്ത്രീക്കാണ്. ഇളയമകന്‍ പോയപ്പോള്‍ നഷ്ടമുണ്ടായത് പിതാവിനാണ്. ഇതിലൂടെയെല്ലാം യേശു പറയുന്നതു മനുഷ്യന്‍ പാപം ചെയ്തപ്പോള്‍ നഷ്ടമുണ്ടായതു ദൈവത്തിനാണ്. നഷ്ടപ്പെട്ടവരെ ദൈവത്തിങ്കലേക്കു മടക്കിക്കൊണ്ടു വരിക എന്നതാണ് സഭയില്‍ നാം ചെയ്യേണ്ട പ്രവൃത്തി.

നഷ്ടപ്പെട്ടുപോയ മകന് ഒരു കാര്യം അറിയാമായിരുന്നു. പിതാവ് തന്നെ സ്‌നേഹിക്കുന്നു. അതുകൊണ്ടാണ് തിരികെ വീട്ടിലേക്കു വരുവാന്‍ അവന്‍ തീരുമാനമെടുത്തത്. ആ ദിവസം തന്റെ മകന്‍ തിരികെ വരുന്നുണ്ടെന്നു പിതാവ് എങ്ങനെയാണറിഞ്ഞത്?- എല്ലാദിവസവും കണ്ണിലെണ്ണയൊഴിച്ച് തന്റെ മകന്റെ വരവും കാത്ത് ഇരുന്നതുകൊണ്ട്. അങ്ങനെ ഇരുന്നിരുന്ന് ഒരു ദിവസം അതാ മകന്‍ വരുന്നു! പിതാവ് അവനെ എതിരേല്‍പ്പാന്‍ ഓടിച്ചെന്നു. പിതാവിന്റെ ഈ ഹൃദയ നൊമ്പരമൊന്നും മൂത്തമകനുണ്ടായിരുന്നില്ല. അവന്‍ പിതാവിനെ എപ്പോഴും അനുസരിക്കയും വയലില്‍ അദ്ധ്വാനിക്കയും ചെയ്തുപോന്നു (വാ.28,29). പക്ഷേ നഷ്ടപ്പെട്ടവനോടു പ്രത്യേക അനുകമ്പയൊന്നും അവനുണ്ടായിരുന്നില്ല.

പിതാവിന്റെ ഹൃദയത്തോടു യാതൊരു കൂട്ടായ്മയും അവനുണ്ടായിരുന്നില്ല. ”ഞാന്‍ പോയി എന്റെ സഹോദരനെ അന്വേഷിച്ചു കണ്ടെത്തട്ടെ” എന്ന് ഒരുദിവസം പോലും അവന്‍ പിതാവിനോടു പറഞ്ഞിട്ടില്ല.

രണ്ടു തരത്തിലുള്ള ശുശ്രൂഷകന്മാരും മൂപ്പന്മാരുമുണ്ട്. ഒരുകൂട്ടര്‍ പിതാവിനെപ്പോലെ സ്‌നേഹവും മനസ്സലിവും ഉള്ളവരാണ്. രണ്ടാമത്തെ കൂട്ടര്‍ മൂത്തമകനെപ്പോലെ കഠിനഹൃദയരും വഴങ്ങാത്തവരും ദ്രവ്യാഗ്രഹത്തില്‍ അഭ്യാസം തികഞ്ഞവരുമാണ്. ഇതിലേതു വേണമെങ്കിലും നമുക്കു തിരഞ്ഞെടുക്കാം. ഈ കഥയുടെ തുടക്കത്തില്‍ മൂത്തമകന്‍ വീട്ടിനകത്തും ഇളയമകന്‍ പുറത്തുമായിരുന്നു. അവസാനത്തില്‍ ഇളയമകന്‍ അകത്തും മൂത്തമകന്‍ പുറത്തുമായി. ഇന്നു മുമ്പിലായിരിക്കുന്ന അനേകരും കര്‍ത്താവിന്റെ രാജ്യത്തില്‍ പിന്നിലായിരിക്കും. പിതാവിന്റെ ഹൃദയവുമായി കൂട്ടായ്മയില്ലാത്തതു കാരണം അനേകം ക്രിസ്ത്യാനികളും ദൈവരാജ്യത്തിനു പുറത്തായിരിക്കും. സഭയിലുള്ള ഓരോ സഹോദരിയും സഹോദരനും കര്‍ത്താവിന്റെ ദാസന്മാരും നഷ്ടപ്പെട്ടവരെക്കുറിച്ചു പിതാവിന്റെ ഹൃദയവികാരങ്ങളോടു കൂട്ടായ്മയുള്ളവരായിരിക്കേണ്ടതുണ്ട്.

ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ വലിയ ഒരു സുവിശേഷകനായി വടക്കേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുവാന്‍ അതിയായി ആഗ്രഹിച്ചു. എവിടെ അയച്ചാലും പോകുവാനും ശുശ്രൂഷിക്കുവാനും തയ്യാറാണെന്ന കാര്യം ഞാന്‍ കര്‍ത്താവിനെ അറിയിച്ചു. എന്നാല്‍ വടക്കേ ഇന്ത്യയിലേക്കു പോകുവാന്‍ കര്‍ത്താവ് ഒരിക്കലും എന്നോടു പറഞ്ഞില്ല. കര്‍ത്താവ് അയയ്ക്കാത്ത ഒരിടത്തേക്കും പോകുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സുവിശേഷവത്കരണത്തിനുള്ള വരമല്ല എനിക്കു ലഭിച്ചത് ഉപദേഷ്ടാവിന്റെ വരമാണ്. എന്നിരുന്നാലും വടക്കേ ഇന്ത്യയിലെ സുവിശേഷവേലയ്ക്കുള്ള താത്പര്യം ഇന്നും എന്റെ ഹൃദയത്തിലുണ്ട്. അവിടുത്തെ മിഷന്‍ ഫീല്‍ഡുകളില്‍ എന്തു സംഭവിക്കുന്നു എന്നറിയാന്‍ ഞാന്‍ മിഷനറി മാസികകള്‍ വായിക്കുന്നു. നിങ്ങള്‍ ഒരു മിഷനറിയല്ലെങ്കില്‍ക്കൂടി സുവിശേഷം എത്തിക്കുവാന്‍ പ്രയാസമുള്ളിടങ്ങളില്‍ മറ്റുള്ളവര്‍ കര്‍ത്താവിനുവേണ്ടി എന്തുചെയ്യുന്നു എന്നറിവാനുള്ള ഒരു ദാഹം നിങ്ങളും ഹൃദയത്തില്‍ സൂക്ഷിക്കുന്നു എന്നു ഞാന്‍ കരുതുന്നു.


പണത്തെ സംബന്ധിച്ച ഉപദേശം


16-21 അദ്ധ്യായങ്ങള്‍ പണത്തെ സംബന്ധിച്ചുള്ള ഉപദേശങ്ങളാണ്. പണത്തെ സംബന്ധിച്ചു യേശു വളരെ സംസാരിച്ചു. സുവിശേഷഭാഗങ്ങളുടെ ഏകദേശം 16 ശതമാനത്തോളം ധനത്തെക്കുറിച്ചുള്ളതാണ്. അതായത് ആറിനൊന്ന് എന്ന വാക്യാനുപാതത്തില്‍ ഈ വിഷയം പ്രതിപാദിച്ചിരിക്കുന്നു. ആ വിഷയത്തിന് അത്രമാത്രം പ്രാധാന്യം യേശു കല്പിച്ചു. നാം ധനസ്‌നേഹത്തില്‍ നിന്നു മോചനം പ്രാപിക്കുവാനാണ് യേശു പഠിപ്പിച്ചത്. അധികം പ്രസംഗകരും ദശാംശം കൊടുക്കുവാന്‍ ആളുകളെ ഉത്സാഹിപ്പിക്കുന്നു. യേശു തന്റെ ശിഷ്യന്മാരെ ഒരിക്കലും അങ്ങനെ പഠിപ്പിച്ചില്ല. പഴയനിയമത്തിന്‍ കീഴിലായിരുന്ന പരീശന്മാരോടുമാത്രം യേശു അങ്ങനെ പറഞ്ഞു (മത്താ.23:23).

ഇവിടെ നാം ആദ്യം കാണുന്ന ഉപമയില്‍ അനീതിയുള്ള ഒരു കാര്യവിചാരകനെക്കുറിച്ച് യേശു പറയുന്നു. ആ കഥയുടെ സാരാംശം തന്റെ ഭാവി സുരക്ഷിതമാക്കാന്‍ ആ കാര്യവിചാരകന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചു എന്നതാണ്. തന്റെ ജോലി നഷ്ടപ്പെടുമെന്നറിഞ്ഞപ്പോള്‍ തനിക്കു മറ്റൊരു ഉദ്യോഗം നല്‍കാന്‍ കഴിയുന്ന സുഹൃത്തുക്കളെ സമ്പാദിക്കാന്‍ അയാള്‍ വഞ്ചന കാണിച്ചു. എന്നിട്ടു യേശു പറഞ്ഞു. ”നിങ്ങളുടെ ധനം കൊണ്ടു നിത്യതയിലേക്കു സ്‌നേഹിതന്മാരെ സമ്പാദിച്ചു കൊള്‍വിന്‍. ആ അനീതിയുള്ള കാര്യവിചാരകന്‍ തന്റെ ഭൂമിയിലെ ഭാവിയെ മാത്രം കരുതി. നമ്മുടെ ഭാവി നിത്യതയിലാണ്. തനിക്കു ധനത്തിന്മേലുള്ള അധികാരമുപയോഗിച്ച് അവന്‍ തന്റെ ഭാവിക്കു വേണ്ടതു കരുതി. നാമും സുവിശേഷം പ്രചരിപ്പിക്കുകയും ആത്മാക്കളെ നേടുകയും ചെയ്യുവാന്‍ നമ്മുടെ ധനം വിനിയോഗിക്കുന്നതിലൂടെ സ്‌നേഹിതരെ ഉണ്ടാക്കണം. അപ്പോള്‍ നിത്യതയില്‍ ആളുകള്‍ ഇങ്ങനെ പറയും നിങ്ങള്‍ നിങ്ങളുടെ പണം സുവിശേഷ പ്രചാരണത്തിനായി ചെലവഴിച്ചതുകൊണ്ടു ഞാന്‍ രക്ഷിക്കപ്പെട്ട് ഇവിടെയെത്തി”(16:9).

ഭൗതികസമ്പത്തില്‍ നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍ സത്യമായതു നിങ്ങളെ ആരു ഭരമേല്പിക്കും? (16:11) എന്ന് യേശു ചോദിച്ചു. സത്യമായ ധനം ദൈവസ്വഭാവവും പരിശുദ്ധാത്മാഭിഷേകവും ദൈവവചനത്തെ സംബന്ധിച്ച വെളിപ്പാടുമാണ്. എന്തുകൊണ്ടാണ് അധികം വിശ്വാസികളും തങ്ങളുടെ സ്വഭാവത്തിലും സംസാരത്തിലും ക്രിസ്തുതുല്യരാകാത്തത്? എന്തുകൊണ്ടാണവര്‍ക്കു വചനത്തില്‍ ആത്മാവ് വെളിപ്പാടുകള്‍ നല്‍കാത്തത്? കാരണം, അവര്‍ ധനത്തിന്റെ കാര്യത്തില്‍ വിശ്വസ്തരല്ല.

യേശു പറഞ്ഞു: ഒരു ദാസനും രണ്ടു യജമാനന്മാരെ ഒരേ സമയം സേവിക്കുക സാദ്ധ്യമല്ല (16:13). നിങ്ങള്‍ക്ക് ഒരു തെരഞ്ഞെടുപ്പു നടത്തേണ്ടിവരും. പരീശന്മാര്‍ ഒരേ സമയം മിഷനറിവേല ചെയ്കയും ധനത്തെ വളരെ സ്‌നേഹിക്കുകയും ചെയ്തിരുന്നു (16:14). യേശു അവരോടു പറഞ്ഞു ”നിങ്ങള്‍ മനുഷ്യരുടെ മുമ്പാകെ നിങ്ങളെത്തന്നെ നീതീകരിക്കുന്നവര്‍. (നിങ്ങള്‍ മനുഷ്യരുടെ മുമ്പാകെ വലിയ ആത്മീയരായി നടിക്കുന്നു.) ദൈവമോ നിങ്ങളുടെ ഹൃദയം അറിയുന്നു. മനുഷ്യരുടെ മുമ്പാകെ ഉന്നതമായത് ദൈവസന്നിധിയില്‍ അറപ്പാകുന്നു”(16:15). ഈ വാക്യം ഞാന്‍ എന്റെ സ്വീകരണമുറിയില്‍ത്തന്നെ എഴുതി വച്ചിരിക്കുന്നു- കാരണം ജീവിതകാലം മുഴുവനും എന്നും ഓര്‍ത്തിരിക്കുവാനായി. മനുഷ്യര്‍ മഹത്തരമായി കാണുന്ന കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക. എന്നിട്ട് അവയെ ദൈവം മ്ലേച്ഛമായിക്കാണുന്നു എന്നു തിരിച്ചറിയുക. മനുഷ്യര്‍ വിലമതിക്കുന്ന ഒരു കാര്യത്തിലും മഹത്വമെടുക്കരുത്. അത്തരം ചില കാര്യങ്ങള്‍ നിങ്ങള്‍ക്കുണ്ടാകാം. അവയ്‌ക്കൊക്കെ ദൈവം കല്പിക്കുന്ന വില തന്നെ കൊടുക്കുക – പൂജ്യം. അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചു സമയം കളയരുത്. നിങ്ങള്‍ സൗന്ദര്യമുള്ള, വലിയ ധനമുള്ള, വലിയ വിദ്യാഭ്യാസമുള്ള, അതിബുദ്ധിമാനായ ഒരു വ്യക്തിയാണോ? ഇക്കാര്യങ്ങളൊന്നും അതില്‍ത്തന്നെ തെറ്റുള്ളവയല്ല. എന്നാല്‍ ദൈവം ഇവയെ വിലമതിക്കുന്നു എന്നു കരുതരുത്. ദൈവത്തിന്റെ വലിയ മനുഷ്യരില്‍ അധികവും സൗന്ദര്യമോ, ബുദ്ധിസാമര്‍ത്ഥ്യമോ വിദ്യാഭ്യാസമോ ഉള്ളവരായിരുന്നില്ല. ദൈവം വിലമതിക്കുന്നത് തന്നോടുള്ള ഭക്തിയും താഴ്മയുമാണ്. അതിനെ ഈ ലോകം വിലമതിക്കുന്നില്ല. ദൈവം വിലമതിക്കുന്ന കാര്യങ്ങളെ നിങ്ങള്‍ വിലമതിക്കുന്നു എങ്കില്‍ ചെയ്യുന്ന ശുശ്രൂഷ അധികം ഫലപ്രദമായിത്തീരും.

ലൂക്കൊസ് 16 ല്‍ യേശു ധനികനായ മനുഷ്യന്റെയും ലാസര്‍ എന്നു പേരുള്ള ദരിദ്രന്റെയും യഥാര്‍ത്ഥ കഥ പറഞ്ഞു (16:19). ഇതൊരു ഉപമയല്ല. കാരണം യേശു ഉപമകളിലെങ്ങും തന്നെ വ്യക്തികളുടെ പേരുകള്‍ (ലാസര്‍, അബ്രഹാം) ഉപയോഗിച്ചിട്ടില്ല. ദൈവം വളരെ ധനം ഭരമേല്പിച്ച ഒരു യഥാര്‍ത്ഥ മനുഷ്യന്റെ കഥയാണിത്. അയാള്‍ അതുമുഴുവന്‍ സ്വന്തം സുഖഭോഗങ്ങള്‍ക്കായി ചെലവഴിച്ചു. ആവശ്യത്തിലിരുന്ന സഹോദരങ്ങളെ സഹായിക്കുവാനായി ഒന്നും ചെയ്തില്ല. തന്റെ പടിവാതില്ക്കല്‍ കിടന്നിരുന്ന ലാസര്‍ എന്ന ദരിദ്രനെ ശ്രദ്ധിച്ചതേയില്ല. ലാസറും അബ്രഹാമിന്റെയും യിസഹാക്കിന്റെയും യാക്കോബിന്റെയും മകനാകയാല്‍ അവനു സ്വന്ത സഹോദരനായിരുന്നു. അതിനര്‍ത്ഥം അവനു ദൈവത്തിലുള്ള വിശ്വാസം നിര്‍ജ്ജീവമായിരുന്നു.

യാക്കോബ് ഇങ്ങനെ പറയുന്നു. ”ഒരു സഹോദരനോ സഹോദരിയോ നഗ്നരും അഹോവൃത്തിക്കു വകയില്ലാത്തവരുമായിരിക്കെ നിങ്ങളില്‍ ഒരുത്തന്‍ അവനോട് സമാധാനത്തോടെ പോയി തീ കായുകയും വിശപ്പടക്കുകയും ചെയ്യുക എന്നു പറയുന്നതല്ലാതെ ദേഹരക്ഷയ്ക്ക് ആവശ്യമുള്ളത് അവര്‍ക്കു കൊടുക്കാതിരുന്നാല്‍ ഉപകാരം എന്ത്? അങ്ങനെ വിശ്വാസവും പ്രവൃത്തികളില്ലാത്തതായാല്‍ സ്വതവേ നിര്‍ജ്ജീവമാകുന്നു”(യാക്കോ.2:14-17). രക്ഷ എന്നതു വിശ്വാസത്താലാണ്. ആ ധനവാന്റെ വിശ്വാസം നിര്‍ജ്ജീവമായതു കാരണം അവന്‍ നരകത്തിലവസാനിച്ചു.

ലാസര്‍ മരിച്ചപ്പോള്‍ അവനു ശവസംസ്‌കാരം ലഭിച്ചോ എന്നൊന്നും ബൈബിള്‍ പറയുന്നില്ല (16:22). ഒരു പക്ഷേ ആ മൃതദേഹം ചവറ്റുകൂനയിലേക്ക് എറിഞ്ഞു കളഞ്ഞിരിക്കാം. എന്നാല്‍ പറുദീസയിലെത്തിയ ലാസറിന് അക്കാര്യത്തില്‍ എന്തു ഖേദം? ധനവാന് വലിയ ഒരു ശവസംസ്‌കാരം തന്നെ ലഭിച്ചിരിക്കാം. മഹാപുരോഹിതന്‍ തന്നെ അതിനു മുഖ്യ കാര്‍മ്മികത്വം വഹിച്ചിരിക്കാം (മതനേതാക്കന്മാര്‍ ധനവാന്മാരുടെ ശവസംസ്‌കാരത്തിനാണല്ലോ പോകാറു പതിവ്). അങ്ങനെയെങ്കില്‍ വളരെ പ്രശംസകള്‍ ധനവാനെക്കുറിച്ച് അദ്ദേഹം പറയുകയും ചെയ്തിരിക്കാം. പക്ഷേ ഇത്തരം ശവസംസ്‌കാരം നടക്കുമ്പോള്‍ അയാള്‍ നരകത്തിലെത്തിക്കഴിഞ്ഞു! അവിടെ കിടന്നുകൊണ്ട് ഇതിനൊക്കെ സാക്ഷ്യം വഹിച്ചു. ചില ആളുകള്‍ വലിയ ഒരു ശവസംസ്‌കാരവും വിവാഹവും ലഭിക്കാന്‍ വേണ്ടി മാത്രമാണ് നിര്‍ജ്ജീവമായ തങ്ങളുടെ സമുദായങ്ങളെയും കത്തീഡ്രലുകളെയും വിടാതെ ഗാഢമായി പുണര്‍ന്നു കഴിയുന്നത്. നരകത്തില്‍ കിടന്നുകൊണ്ട് ധനവാന്‍ താന്‍ നിന്ദിച്ച ലാസര്‍ സ്വര്‍ഗ്ഗത്തിലിരിക്കുന്നതു കണ്ടു. ഭീമമായ തന്റെ ധനശക്തിക്കോ വലിയ മതത്തിന്റെ സ്വാധീനങ്ങള്‍ക്കോ തന്നെ സ്വര്‍ഗ്ഗത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല. ”ദൈവം ലോകത്തിലെ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരാകുവാന്‍ തെരഞ്ഞെടുത്തു” (യാക്കോ.2:5). ദൈവം നിങ്ങള്‍ക്കു ധനം തന്നിരിക്കുന്നു എങ്കില്‍ അതുമറ്റുള്ളവരെ അനുഗ്രഹിക്കുവാനാണ്. ആ ധനവാന്‍ നരകത്തിലെത്തിയപ്പോഴാണ് മനസ്സിലാക്കിയത്- ”താന്‍ മാനസാന്തരപ്പെട്ടിരുന്നില്ല” എന്നത് (16:30). ലാസര്‍ സ്വര്‍ഗ്ഗത്തിലിരിക്കുന്നതിന്റെ കാരണം അവന്‍ മാനസാന്തരപ്പെടുകയും വിശ്വസിക്കയും ചെയ്തതിനാലാണ്.

ലൂക്കൊസിന്റെ സുവിശേഷം 17:3,4-ല്‍ മറ്റുള്ളവരോടു ക്ഷമിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് യേശു പഠിപ്പിക്കുന്നു. ഒരു ദിവസം തന്നെ നമ്മോട് ഏഴു പ്രാവശ്യം തെറ്റിപ്പോയവനോടും ക്ഷമിക്കണമെന്നു യേശു പഠിപ്പിച്ചു.

17:10-ല്‍ കര്‍ത്താവിന്റെ ഓരോ കല്പനയും ശ്രദ്ധയോടെ അനുസരിച്ച ശേഷവും ഞാന്‍ കൊള്ളരുതാത്ത ദാസന്‍, എന്ന മനോഭാവം നമുക്കുണ്ടായിരിക്കണം. കാരണം നാം ചെയ്യേണ്ടതു മാത്രമേ ചെയ്തിട്ടുള്ളു. കൊള്ളരുതാത്ത എന്ന പദം മരവൃലശീ െഎന്ന ഗ്രീക്ക് പദത്തിന്റെ തര്‍ജ്ജമയാണ്. അതിനര്‍ത്ഥം പ്രയോജനമില്ലാത്തത്, പാഴ് എന്നൊക്കെയാണ്. ക്രിസ്ത്യാനികള്‍ പോലും വലിയ വേദശാസ്ത്ര ബിരുദങ്ങള്‍ തങ്ങളുടെ പേരിനൊപ്പം ചേര്‍ക്കുവാന്‍ യത്‌നിക്കുന്ന ഇന്നത്തെ ലോകത്തില്‍ ഇതു വളരെ നല്ല ഒരു ബിരുദമായിരിക്കും. ഡ.ട. ൗലെഹല ൈലെൃ്മി േ(നിഷ്പ്രയോജന ദാസന്‍) ഇതു പേരിനൊപ്പം ചേര്‍ക്കുവാന്‍ എത്ര പേര്‍ക്കു താത്പര്യമുണ്ടായിരിക്കും?. പക്ഷേ ഈ ബിരുദമെങ്കിലും ലഭിപ്പാന്‍ നാം എപ്പോഴാണ് യോഗ്യരായിത്തീരുക?. കര്‍ത്താവിന്റെ ഓരോ കല്പനയും അനുസരിച്ച ശേഷം മാത്രം. നമ്മില്‍ ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും ഞാന്‍ കര്‍ത്താവിനു വളരെ പ്രയോജമുള്ള ദാസനാണെന്ന്. നാം നമ്മുടെ കര്‍ത്താവിന്റെ കല്പനകളെ അത്ര ഗൗരവമായി എടുക്കാത്തതുകൊണ്ടാണത്. കര്‍ത്താവ് നമുക്കു ചെറിയ ചില അനുഗ്രഹങ്ങള്‍ അവിടെയും ഇവിടെയും നല്‍കിയപ്പോള്‍ നാം ചിന്തിച്ചു പോയി. ഞാന്‍ കര്‍ത്താവിനു വളരെ പ്രയോജനമുള്ള ഒരുവനാണെന്ന്. എത്ര വലിയ വഞ്ചനയിലാണു നാം! നമ്മുടെ ഏറ്റവും മെച്ചപ്പെട്ട അവസ്ഥയില്‍ പോലും നാം പ്രയോജനമില്ലാത്തവര്‍ തന്നെ. നാം ആകുന്നതു കൃപയാല്‍ ആകുന്നു (1 കൊരി 15:10). എല്ലായ്‌പ്പോഴും സുബോധത്തോടെ സ്വയം വിലയിരുത്തുക. അപ്പോള്‍ ജീവിതത്തിലെന്നും വലിയ കാര്യങ്ങള്‍ക്കായി ദൈവത്തില്‍ നിന്നും കൃപ ലഭിച്ചുകൊണ്ടിരിക്കും.

17:12-19-ല്‍ തങ്ങളെ സൗഖ്യമാക്കാന്‍ ഉച്ചത്തില്‍ വിളിച്ചപേക്ഷിച്ച പത്തു കുഷ്ഠരോഗികളെക്കുറിച്ച് നാം വായിക്കുന്നു. അവരെല്ലാവരും സൗഖ്യമായി. പക്ഷേ അതിലൊരുവന്‍ മാത്രം കര്‍ത്താവിനു നന്ദി കരേറ്റാന്‍ കടന്നു വന്നു. അവന്‍ നന്ദി പറഞ്ഞതു കൊണ്ട് അവന് കൂടുതല്‍ ലഭിച്ചു- ”നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” (വാ.19). മറ്റുള്ളവര്‍ക്കു ശാരീരിക സൗഖ്യം മാത്രം ലഭിച്ചു. നന്ദി പറയാന്‍ മടങ്ങി വന്നവന്‍ നിന്ദിക്കപ്പെട്ട ഒരു ശമര്യന്‍ ആയിരുന്നു. അവനു മാന്യരായ ഒന്‍പത് യെഹൂദരെക്കാള്‍ ഒന്ന് അധികം ലഭിച്ചു. രക്ഷ. നിങ്ങളും നിങ്ങള്‍ക്കു ലഭിച്ചതിനു നന്ദി കരേറ്റുമ്പോള്‍ അധികം ലഭിച്ചവരാകും.


ക്രിസ്തുവിന്റെ രണ്ടാം വരവ്


തുടര്‍ന്ന് യേശു തന്റെ രണ്ടാം വരവിനെക്കുറിച്ചു സംസാരിക്കുന്നു. മത്തായി 24-ല്‍ വായിക്കുന്ന കാര്യങ്ങള്‍ നാം വഞ്ചിക്കപ്പെട്ടു പോകാതിരിപ്പാന്‍ പരിശുദ്ധാത്മാവ് ഇവിടെ ആവര്‍ത്തിക്കുന്നു. ‘ഇതാ ക്രിസ്തു ഇവിടെ എന്നോ അതാ അവിടെ എന്നോ ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കരുത്. മിന്നല്‍ ആകാശത്തില്‍ ദിക്കോടു ദിക്ക് പ്രകാശിക്കുമ്പോലെ ഏവര്‍ക്കും കാണത്തക്കവണ്ണമായിരിക്കും തന്റെ വരവും.’ തന്റെ വരവ് രഹസ്യത്തിലായിരിക്കില്ല എന്ന് യേശു ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം വരവ് ഒരേ ഒരു പ്രാവശ്യം മാത്രമായിരിക്കും. തന്റെ വരവിനു മുമ്പുള്ള മഹാപീഡനകാലത്ത് എല്ലാ വിശ്വാസികളും ഭൂമിയിലുണ്ടാവും. കാരണം തങ്ങളുടെ സാക്ഷ്യം ഏറ്റവുമധികം ആവശ്യമുള്ള ഒരു സമയത്ത് കര്‍ത്താവു തന്റെ ഏറ്റവും നല്ല ഭടന്മാരെ ഭൂമിയില്‍ നിന്നും എടുത്തു മാറ്റുകയില്ല. പ്രത്യേകിച്ചും അധര്‍മ്മ മൂര്‍ത്തിയുടെ വാഴ്ചയുടെ കാലത്ത്. നമുക്ക് കഷ്ടം സഹിക്കേണ്ടി വരുമെന്നതു നിസ്തര്‍ക്കമായ വസ്തുതയാണ്. പലരും വിശ്വാസം ത്യജിച്ചുകളയും. സംശയമില്ല. ചിലര്‍ വിശ്വസ്തരായി നിലകൊണ്ട് കര്‍ത്താവിനെ മഹത്വപ്പെടുത്തും. ”കര്‍ത്താവു രഹസ്യമായി ഇവിടെ വന്നു അവിടെ വന്നു.” എന്ന് ആളുകള്‍ പ്രസംഗിക്കുമ്പോള്‍ നാം അതു വിശ്വസിക്കേണ്ടതില്ല (വാ. 23). ഞാനും അതു വിശ്വസിക്കുന്നില്ല. അപ്പൊസ്തലന്മാരില്‍ ആരും തന്നെ ഈ ഉപദേശം പഠിപ്പിക്കയോ വിശ്വസിക്കയോ ചെയ്തിട്ടില്ല. പെന്തക്കോസ്തു നാള്‍ മുതല്‍ കഴിഞ്ഞ 18 നൂറ്റാണ്ടുകളിലും ഈ ഉപദേശം ആരും പഠിപ്പിച്ചിട്ടില്ല. 1800-കളുടെ മദ്ധ്യത്തില്‍ ഇംഗ്ലണ്ടില്‍ നിന്നുയര്‍ന്ന ഒരു ഉപദേശമാണ് രഹസ്യത്തിലുള്ള ഉല്‍പ്രാപണം. അതിന്റെ അലകള്‍ ഇന്നും ലോകമെങ്ങും പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകളായി യാതൊരുവിധ പീഡനങ്ങളുമനുഭവിക്കാതെ സുഖലോലുപതയില്‍ കഴിഞ്ഞ ഒരു രാജ്യത്തു നിന്ന് അത്തരമൊരുപദേശം ഉടലെടുത്തതില്‍ എനിക്കു തെല്ലും അത്ഭുതമില്ല.

അവസാനമായി കര്‍ത്താവു വരുമ്പോള്‍ വളരെ ചെറിയ ഒരു കൂട്ടം മാത്രം തന്നെ എതിരേല്‍ക്കാന്‍ എടുക്കപ്പെടുകയും തന്നെ ഭൂമിയിലേക്കു സ്വാഗതം ചെയ്കയും ചെയ്യും. ധാരാളംപേര്‍ ഉപേക്ഷിക്കപ്പെടും. രണ്ടുപേര്‍ ഒരു കിടക്കയിലായിരിക്കും (ഭാര്യയും ഭര്‍ത്താവും ആകാം). ഒരാള്‍ എടുക്കപ്പെടും. അപര(ന്‍) ഉപേക്ഷിക്കപ്പെടും (17:34). രണ്ടുപേര്‍ ഒന്നിച്ചു ജോലി ചെയ്തുകൊണ്ടിരിക്കും. ഒരാള്‍ എടുക്കപ്പെടും അപരന്‍ ഉപേക്ഷിക്കപ്പെടും (വാ.35). അതുകൊണ്ടു നിതാന്ത ജാഗ്രത പുലര്‍ത്താന്‍ കര്‍ത്താവു പറയുന്നു. ഉദാഹരണമായി നിങ്ങള്‍ വീടിന്മേലാണിരിക്കുന്നതെങ്കില്‍ വീട്ടിനുള്ളിലേക്ക് ഇറങ്ങിപ്പോകരുത്. വയലിലാണു നിങ്ങളെങ്കില്‍ വീട്ടിലേക്കു പോകരുത്. അക്കാലത്ത് ആളുകള്‍ വയലില്‍ ജോലി ചെയ്തിരുന്നു. ഇക്കാലത്തു നാം ഓഫീസുകളിലും ജോലി ചെയ്യുന്നു. കര്‍ത്താവു തന്റെ വാക്കുകളിലൂടെ ഉദ്ദേശിച്ച കാര്യമെന്തെന്നു ഞാന്‍ വിശദീകരിക്കട്ടെ. കര്‍ത്താവു വരുമ്പോള്‍ നിങ്ങള്‍ ഓഫീസിലാണെങ്കില്‍ ”കര്‍ത്താവേ, ഒരു നിമിഷം കാക്കണമെ. ഞാന്‍ കാലത്തെ എന്റെ ഭാര്യയോടു വഴക്കിട്ടാണ് പോന്നത്. ഞാന്‍ പോയി അവളോടു ക്ഷമായാചനം ചെയ്തുകൊള്ളട്ടെ” എന്നുപറയാന്‍ സമയം കിട്ടില്ല. നിതാന്ത ജാഗ്രത എന്നാല്‍ ഏതു സമയത്തും കണക്കു തീര്‍ത്ത് ക്രമപ്പെട്ടിരിക്കുക എന്നാണ്. നിങ്ങള്‍ മേല്‍ക്കൂരയിലാണെങ്കില്‍ അവിടെ നിന്നു തന്നെ എടുക്കപ്പെടാന്‍ ഒരുക്കമുള്ളവരായിരിക്കുക. വീട്ടിനുള്ളിലുള്ള ഒരു വസ്തു വകയോടും ബന്ധനമരുത്. ഏതുസമയത്തും നിര്‍മ്മലമായ ഒരു മനസ്സാക്ഷി സൂക്ഷിച്ചും ഭൗമിക വസ്തുക്കളോടുള്ള എല്ലാ മമതയും അവസാനിപ്പിച്ചും വേണം നാം കര്‍ത്താവിന്റെ വരവിനായി ഒരുങ്ങുവാന്‍.

18:7-ല്‍ പ്രാര്‍ത്ഥനയില്‍ ഉറ്റിരിക്കുന്നതിനെക്കുറിച്ച് യേശു പറയുന്നു. പ്രാര്‍ത്ഥനയെക്കുറിച്ച് യേശു പറഞ്ഞ രണ്ടുപമകളിലും മടുപ്പു കൂടാതെ സ്ഥിരത പുലര്‍ത്തുന്നതിന് ഊന്നല്‍ നല്‍കിയിരിക്കുന്നതു കാണാം.- 11-ാം അദ്ധ്യായത്തില്‍ മറ്റുള്ളവരെ സേവിക്കുന്നതിനാവശ്യമായ ശക്തിയെക്കുറിച്ചു പറയുമ്പോഴും ഇവിടെ നമ്മുടെ സ്വകാര്യ ജീവിതത്തെ പിശാചിന്റെ ആക്രമണത്തില്‍ നിന്നും രക്ഷിക്കുന്നതിനെക്കുറിച്ചു പറയുമ്പോഴും. ആ വിധവ ഒരു വിശ്വാസിയുടെ പ്രതീകമാണ്. കര്‍ത്താവു വിശ്വാസികളെ എപ്പോഴും ബലഹീനരും നിസ്സഹായരുമായി -ആടുകള്‍, വിധവ – ചിത്രീകരിക്കുന്നു. അതിന്റെ കാരണം നാം സ്വന്തശക്തിയില്‍ ആശ്രയിക്കുന്നവരാകാതെ എല്ലാറ്റിലും എല്ലായ്‌പ്പോഴും ദൈവത്തില്‍ ആശ്രയം വയ്‌ക്കേണ്ടവരായതുകൊണ്ടാണ്. നാം പാപത്താല്‍ പരാജയപ്പെട്ടവരോ ഭയം നിറഞ്ഞവരോ ആണെങ്കില്‍ പിശാച് നമ്മെ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കും. ഈ ആക്രമണത്തില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിക്കുംവരെ നാം നിരന്തരം ദൈവത്തോട് യാചിച്ചു കൊണ്ടിരിക്കണം. തന്റെ പ്രതിയോഗിയില്‍ നിന്നും പൂര്‍ണ്ണ വിടുതല്‍ ലഭിക്കും വരെ ആ വിധവ ന്യായാധിപനോടു മുട്ടിക്കൊണ്ടിരുന്നു. നാമും അങ്ങനെ തന്നെ ചെയ്യണമെന്നു കര്‍ത്താവ് ആഗ്രഹിക്കുന്നു. അങ്ങനെ നിരന്തരമായ ജയജീവിതത്തിനുള്ള വിശ്വാസമുള്ള ചുരുക്കം പേര്‍ മാത്രമേ തന്റെ മടങ്ങി വരവില്‍ കാണുകയുള്ളു എന്നു പറഞ്ഞുകൊണ്ടാണ് കര്‍ത്താവ് ആ ഉപമ അവസാനിപ്പിക്കുന്നത് (18:8). അങ്ങനെയുള്ള കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. ജയജീവിതം സാദ്ധ്യമാണോ എന്ന വിഷയത്തില്‍ വേദശാസ്ത്രപരമായ തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് അധികം ക്രൈസ്തവരും. യേശു പറഞ്ഞു ദുഃഖിക്കുന്നവര്‍ക്ക് (തങ്ങളുടെ പാപങ്ങളെയോര്‍ത്ത്) ആശ്വാസവും ശക്തിയും ലഭിക്കും. എത്രയധികം നാം നമ്മുടെ നിസ്സഹായതയെ കണ്ടെത്തുന്നുവോ അത്രയധികം ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കയും തലയിണയില്‍ മുഖമമര്‍ത്തി രാത്രികളില്‍ ജയത്തിനായി നിലവിളിക്കയും ചെയ്യും. അപ്പോള്‍ നമുക്കതു ലഭിക്കും.

പരീശന്റെയും ചുങ്കക്കാരന്റെയും ഉപമയില്‍ സ്വന്തനീതിയില്‍ പുകഴുന്നവരുടെ നിഗളത്തെ യേശു തുറന്നു കാട്ടുന്നു (18:9-14). ഇവിടെ പരീശന്‍ പ്രാര്‍ത്ഥിക്കുന്നതു ദൈവത്തോടു പോലുമല്ല. അവന്‍ തന്നോടു തന്നെ പ്രാര്‍ത്ഥിച്ചു (വാ,11). അവന്റെ ദൈവം അവന്‍ തന്നെയായിരുന്നു.നിഗളിയായ ഒരു മനുഷ്യന്‍ സ്വയം ആരാധിക്കുന്നു. തന്റെ പ്രാര്‍ത്ഥന, ഉപവാസം, ദശാംശ വഴിപാട്, സുവിശേഷ പ്രവര്‍ത്തനം ഇവയെക്കുറിച്ച് സ്വയം പ്രശംസിക്കുന്നു. സാധുവായ ചുങ്കക്കാരന്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ‘ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകണമേ’ ഈ ഭൂമിയിലെ ഒരേ ഒരു പാപി താന്‍ മാത്രമെന്ന മനോഭാവത്തോടെയായിരുന്നു അവന്റെ നിലവിളി. അതുകൊണ്ട് അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി. മുമ്പന്മാര്‍ പിമ്പന്മാരും പിമ്പന്മാര്‍ മുമ്പന്മാരും ആകും.

ധനത്തോടു ബന്ധപ്പെട്ട രണ്ട് സംഭവങ്ങള്‍ തുടര്‍ന്നു നാം കാണുന്നു. ഒന്നാമത്തേതില്‍ ധനികനായ ഒരു യുവ പ്രമാണി യേശുവിനെ അനുഗമിക്കുന്നതിനു കൊടുക്കേണ്ട വില കൊടുക്കാന്‍ മനസ്സില്ലാതെ മടങ്ങിപ്പോവുന്നു (18:18-27). അടുത്ത അധ്യായത്തില്‍ വിലകൊടുക്കുന്ന സക്കായിയെ നാം കാണുന്നു.

രണ്ടാമത്തെ സംഭവം സക്കായി എന്നു പേരുള്ള ധനികനായ ചുങ്കക്കാരനെ സംബന്ധിച്ചതാണ്. അവന്‍ അനേകരെ ചൂഷണം ചെയ്തു ധനികനായിത്തീര്‍ന്നു (19:1-10). എന്നാല്‍ യേശുവിനെ കാണുവാനുള്ള ആകാംക്ഷയില്‍ അവന്‍ ഒരു അത്തിമരത്തില്‍ കയറി. യേശു അതുവഴി പോകുമ്പോള്‍ പരിശുദ്ധാത്മാവ് മരത്തിനു മുകളിലേക്കു നോക്കുവാന്‍ തന്നെ പ്രേരിപ്പിച്ചു. യേശു സക്കായിയോട് അന്ന് അവന്റെ വീട്ടില്‍ പാര്‍ക്കുവാനുള്ള താത്പര്യം അറിയിച്ചു. സക്കായി വലിയ സന്തോഷത്തിലായി. പക്ഷേ കര്‍ത്താവു വീട്ടുപടിക്കലെത്തിയപ്പോള്‍ സക്കായി നിന്നു (വാ.8). എന്നിട്ട് ഇങ്ങനെ പറഞ്ഞു കാണും: ”കര്‍ത്താവേ, നീ വിശുദ്ധനാണ്. അനേകരെ കബളിപ്പിച്ച് അനീതിയുടെ ധനം കൊണ്ടു ഞാന്‍ പണിതുയര്‍ത്തിയ ഈ വീട്ടിലേക്കു നീ വന്നു കൂടാ. എങ്കിലും കര്‍ത്താവേ ഇപ്പോള്‍ത്തന്നെ സമ്പാദ്യത്തിന്റെ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുവാന്‍ പോകയാണ്. കബളിപ്പിച്ചെടുത്തവര്‍ക്കു നാലു മടങ്ങും നല്‍കും.” എങ്ങനെയാണ് സക്കായിക്ക് ഈ മനംമാറ്റം ഉണ്ടായത്? യേശു നീതിയെക്കുറിച്ചുള്ള പ്രസംഗമൊന്നും അവിടെ നടത്തിയില്ലല്ലോ. അതായിരുന്നു യേശുവില്‍ നിന്നും പ്രസരിച്ചിരുന്ന പ്രകാശം. അതു സക്കായിയുടെ ഉള്ളിലേക്കു തുളച്ചു കയറുന്നതായിരുന്നു.

പഴയ നിയമപ്രമാണം ഇങ്ങനെ പറയുന്നു. നിങ്ങള്‍ വഞ്ചിച്ചെടുത്ത മുതല്‍ മടക്കിക്കൊടുക്കുമ്പോള്‍ അതിന്റെ 20 ശതമാനം കൂടി ചേര്‍ത്ത് മടക്കിക്കൊടുക്കണം (സംഖ്യ. 5:7). എന്നാല്‍ ഇവിടെ സക്കായി 300 ശതമാനം കൂടി ചേര്‍ത്താണ് മടക്കി നല്‍കിയത്. കാരണം താന്‍ വര്‍ഷങ്ങളായി ആളുകളെ വഞ്ചിച്ച് എടുത്തുകൊണ്ടിരുന്നു. അതു പലിശയോടുകൂടെ മടക്കിക്കൊടുക്കുവാന്‍ താന്‍ ആഗ്രഹിച്ചു. യേശു അതുകേട്ടപ്പോള്‍ ഇങ്ങനെ പറഞ്ഞു. ”ഈ വീടിന് ഇന്നു രക്ഷ വന്നിരിക്കുന്നു.” സക്കായി ചെയ്തത് ഒരു വ്യക്തി ചെയ്യുമ്പോള്‍ അവന്‍ രക്ഷിക്കപ്പെട്ടു എന്ന് നമുക്ക് ഉറപ്പാക്കാം.

19:11-20-ല്‍ ധനത്തെക്കുറിച്ചുള്ള മറ്റൊരു ഉപമ നാം വായിക്കുന്നു. ദീര്‍ഘമായ ഒരു യാത്ര പുറപ്പെടുന്ന ഒരു പ്രഭു തന്റെ പത്തു ദാസന്മാരെ വിളിച്ച് കുറച്ചു പണം അവര്‍ക്കു പങ്കിട്ടു കൊടുത്തിട്ട് താന്‍ വരുവോളം വ്യാപാരംചെയ്‌വാന്‍ പറഞ്ഞിട്ടു പോയി. അതിലൊരു ദാസന്‍ വളരെ വിശ്വസ്തനാകയാല്‍ ഒരു റാത്തല്‍ കൊണ്ടു പത്തു റാത്തല്‍ സമ്പാദിച്ചു. മറ്റൊരുവന്‍ അഞ്ചു സമ്പാദിച്ചു. മറ്റൊരുവന്‍ തനിക്ക് കിട്ടിയത് ഒരു റുമാലില്‍ കെട്ടി കുഴിച്ചിട്ടു. എന്നിട്ട് യജമാനന്‍ മടങ്ങി വന്നപ്പോള്‍ അതു തിരികെ നല്‍കി. അവന്‍ ഇക്കാര്യത്തില്‍ പാപമൊന്നും ചെയ്തില്ല. തന്റെ ഒരു ജീവിതം പാഴാക്കുക മാത്രമേ ചെയ്തുള്ളു.

മത്തായി 25-ലെ ഉപമയില്‍ ഓരോരുത്തര്‍ക്കും നല്‍കിയ തുക വ്യത്യസ്തമായിരുന്നു. ആ ഉപമ നമുക്കു ലഭിച്ചിരിക്കുന്ന വരങ്ങളെക്കുറിച്ചുള്ളതാണ്. ഒരാള്‍ അപ്പൊസ്തലനും മറ്റൊരാള്‍ ഒരു മാതാവുമായിരിക്കാം. ഒരു മാതാവിനെക്കാളധികം യാത്ര ചെയ്യുവാനും അനേകരെ ശുശ്രൂഷിപ്പാനും ഒരു അപ്പൊസ്തലന് അവസരമുണ്ട്. അതുകൊണ്ടു ദൈവം അപ്പൊസ്തലനില്‍ നിന്നും അധികം പ്രതീക്ഷിക്കുന്നു.

ഇവിടെ നല്‍കിയ തുക തുല്യമായിരുന്നു. ഇതു രണ്ടു കാര്യങ്ങളെ സൂചിപ്പിക്കുന്നു. ഒന്നാമതായി നമ്മുടെ സമയം. നമുക്കെല്ലാം ഒരു ദിവസത്തിന് 24 മണിക്കൂര്‍ സമയം മാത്രമേ ഉള്ളു. എന്നാല്‍ നമ്മുടെ സമയം വിനിയോഗിക്കുന്ന കാര്യത്തില്‍ നാം വ്യത്യസ്തരാണ്. ചിലര്‍ ദൈവവചനം പഠിക്കാനും മറ്റും തങ്ങളുടെ സമയം പ്രയോജനകരമായി ചെലവഴിക്കുന്നു. മറ്റു ചിലര്‍ അധര ചര്‍വ്വണത്തിലൂടെ അതു പാഴാക്കുന്നു. രണ്ടാമതായി ഇതു നമ്മുടെ ശരീരത്തെ കുറിക്കുന്നു. സകലവിധ മോഹത്താലും പ്രലോഭിപ്പിക്കപ്പെടുന്ന ഒരേ ഒരു ശരീരമാണു നമുക്കെല്ലാം ഉള്ളത്. എന്നാല്‍ ഈ മോഹങ്ങളോടുള്ള നമ്മുടെ പ്രതികരണത്തില്‍ നാം വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലര്‍ അതിനോടു പോരാടുകയും അതിനെ കീഴടക്കുകയും ചെയ്യുമ്പോള്‍ മറ്റു ചിലര്‍ അതിനു കീഴടങ്ങി പാപം ചെയ്യുന്നു. അങ്ങനെ ഒരു സഹോദരന്‍ തന്റെ ശരീരവും സമയവും ഒരു പോലെ ദൈവമഹത്വത്തിനായി വിനിയോഗിച്ച് പത്തു റാത്തല്‍ നേടുന്നു. മറ്റൊരുവന്‍ അഞ്ചു നേടുന്നു.

19:30-ല്‍ യേശു ഒരു കഴുതമേല്‍ കയറിയെരുശലേമില്‍ പ്രവേശിക്കുന്നതായി നാം വായിക്കുന്നു. രാജാക്കന്മാര്‍ സാധാരണ കുതിരമേല്‍ ആണ് സഞ്ചരിക്കാറ്. എന്നാല്‍ യേശു ഒരു കഴുതയെ ഉപയോഗിച്ചു. ലോകത്തെ സംബന്ധിച്ചു മഹത്തരമായ കാര്യങ്ങള്‍ ദൈവസന്നിധിയില്‍ എത്ര നിന്ദ്യമെന്നു കാണിക്കുവാനാണ് അവിടുന്ന് അങ്ങനെ ചെയ്തത്. ദൈവം ഒരിക്കല്‍ ഒരു കഴുതയിലൂടെ സംസാരിക്കുക പോലും ചെയ്തു. ബിലെയാമിനോട്. നാം കഴുതയെപ്പോലെ മണ്ടന്മാരായാല്‍പ്പോലും ദൈവത്തിനു തന്റെ പദ്ധതികള്‍ക്കായി നമ്മെ ഉപയോഗിക്കാന്‍ കഴിയുമെന്നത് വലിയ ധൈര്യം തരുന്ന ഒരു കാര്യമാണ്. ആ കഴുതയ്ക്ക് അന്ന് വലിയ മാനം ലഭിച്ചു. കര്‍ത്താവു നിങ്ങളെ ഉപയോഗിക്കുമ്പോള്‍ അതു നിങ്ങള്‍ക്കും ഉണ്ടാകും. എന്നാല്‍ ആളുകള്‍ തന്നെയാണ് ആദരിക്കുന്നതെന്നു കഴുത വിചാരിച്ചിരുന്നെങ്കില്‍ അതു തെറ്റായ ധാരണ ആകുമായിരുന്നു. ജനം ആദരിച്ചതും വാഴ്ത്തിയതും കര്‍ത്താവിനെ ആയിരുന്നു. കര്‍ത്താവ് അതിന്റെ പുറത്തു നിന്നു താഴെ ഇറങ്ങിയതോടെ അതു വീണ്ടും പഴയ കഴുതയായിത്തീര്‍ന്നു. ആരില്‍നിന്നും ഒരു മാനവും അതിനു ലഭിച്ചില്ല. അതു നമുക്കു മനസ്സില്‍ സൂക്ഷിക്കുവാന്‍ നല്ലൊരു പാഠമാണ.് ആളുകള്‍ നമ്മെ അഭിനന്ദിക്കുന്നുവെങ്കില്‍ നമ്മിലുള്ള ക്രിസ്തുവിനെയാണ് അവര്‍ അഭിനന്ദിക്കുന്നത്.

ലൂക്കൊസിന്റെ സുവിശേഷം 20:25-ല്‍ ധനത്തെക്കുറിച്ചു കര്‍ത്താവു വീണ്ടും സംസാരിക്കുന്നു. ”കൈസര്‍ക്കുള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക.” എല്ലാവര്‍ക്കും കടമായുള്ളതു ചെയ്യുക.

21-ാം അദ്ധ്യായത്തില്‍ കര്‍ത്താവിന്റെ രണ്ടാം വരവിനെ സംബന്ധിച്ച കാര്യങ്ങള്‍ നാം വായിക്കുന്നു. വലിയ പീഡനം ഉണ്ടാവുകയും നമ്മുടെ ബന്ധുക്കള്‍ പോലും നമ്മെ ഏല്പിച്ചുകൊടുക്കുകയും ചെയ്യും. എന്നാല്‍ നാം ഭയപ്പെടേണ്ടതില്ല. കര്‍ത്താവിന്റെ അനുവാദം കൂടാതെ നമ്മുടെ തലയിലെ ഒരു രോമത്തിനുപോലും കേടു സംഭവിക്കയില്ല (വാ.18).


അന്ത്യ അത്താഴവും ക്രൂശീകരണവും


22:24-ല്‍ നാം കാണുന്നത് ഇക്കഴിഞ്ഞ ആണ്ടുകളത്രയും കര്‍ത്താവിനെ കേട്ട ശേഷവും തങ്ങളില്‍ വലിയവന്‍ ആരെന്ന ചര്‍ച്ചയില്‍ ശിഷ്യന്മാര്‍ ഏര്‍പ്പെട്ടിരിക്കുന്നതായാണ്. പൂര്‍ണ്ണരായ മനുഷ്യരെ ആയിരുന്നില്ല യേശു തന്റെ ശിഷ്യന്മാരായി തെരഞ്ഞെടുത്തത്. അവരെ തിരുത്തുന്ന കാര്യത്തില്‍ മൃദുവായ സമീപനമായിരുന്നു അവിടുത്തേത്. പരിശുദ്ധാത്മാവിനാല്‍ നിറയുമ്പോള്‍ അവര്‍ക്കു രൂപാന്തരം സംഭവിക്കുമെന്ന് അവിടുത്തേക്കറിയാമായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചു. ഒരിക്കല്‍ നിറഞ്ഞശേഷം അവര്‍ പിന്നീട് സ്ഥാനമാനാദികളെ സംബന്ധിച്ചു കലഹിച്ചില്ല.

22:31-ല്‍ സാത്താന്‍ പത്രൊസിനെ കോതമ്പുപോലെ പാറ്റേണ്ടതിനു അനുവാദം ചോദിച്ചതായി യേശു മുന്നറിയിപ്പു കൊടുക്കുന്നതു നാം വായിക്കുന്നു. ദൈവം അതിനുള്ള അനുവാദം സാത്താനു നല്‍കുകയും ചെയ്തു. ഇതു നമ്മെ ഇയ്യോബിന്റെ കഥ അനുസ്മരിപ്പിക്കുന്നു. അവിടെയും ഇയ്യോബിനെ തൊടുവാന്‍ സാത്താനു ദൈവത്തിന്റെ അനുവാദം ആവശ്യമായിരുന്നു. നമുക്കു സഹിക്കുവാന്‍ കഴിയുന്നതിനപ്പുറം നമ്മെ പരീക്ഷിക്കുവാന്‍ ദൈവം സാത്താനെ അനുവദിക്കുന്നില്ല (1 കൊരി. 10:13). ഓരോ പ്രാവശ്യവും നമ്മെ ഉപദ്രവിക്കയോ പരീക്ഷിക്കയോ ആക്രമിക്കയോ പീഡിപ്പിക്കയോ ചെയ്യുന്നതിനു മുമ്പ് ദൈവത്തില്‍ നിന്നും അവന് അനുവാദം തേടേണ്ടതായിട്ടുണ്ട്. ഈ വസ്തുത നമുക്ക് വളരെ ആശ്വാസം നല്‍കുന്നതാണ്. സാത്താന്‍ പരീക്ഷിക്കുമ്പോള്‍ മൂന്നു പ്രാവശ്യം താന്‍ വീഴുമെന്ന് പത്രൊസിനു യേശു മുന്നറിയിപ്പു നല്‍കി. പത്രൊസ് വീഴാതിരിക്കാന്‍ യേശു പ്രാര്‍ത്ഥിച്ചില്ല. പത്രൊസിന്റെ വിശ്വാസം നഷ്ടപ്പെടാതിരിക്കാന്‍ മാത്രം യേശു പ്രാര്‍ത്ഥിച്ചു. എന്തുകൊണ്ടാണ് പത്രൊസ് വീഴാതിരിക്കുവാന്‍ യേശു പ്രാര്‍ത്ഥിക്കാതിരുന്നത്? കാരണം, പത്രൊസിന്റെ നിഗളമായിരുന്നു. പാപത്തില്‍ വീഴുന്നതിലൂടെ മാത്രമേ ആ നിഗളത്തില്‍ നിന്നും പത്രൊസിനെ രക്ഷിക്കാന്‍ കഴിയൂ എന്നു യേശു അറിഞ്ഞിരുന്നു. അതിനു മാത്രമേ പത്രൊസിനെ വിനീതനാക്കുവാന്‍ കഴിയുമായിരുന്നുള്ളു. നാമും പല തവണ പാപത്തിലേക്കു വീഴുന്നതിലൂടെ ഒരു കാര്യം തിരിച്ചറിയും. നമ്മുടെ ജഡത്തില്‍ യാതൊരു നന്മയും വസിക്കുന്നില്ലെന്നും സ്വന്ത പരിശ്രമത്താല്‍ നമുക്കു പാപത്തെ ജയിക്കുവാന്‍ കഴിയില്ലെന്നും. ഇങ്ങനെ നാം നമ്മുടെ ജീവിതത്തെത്തന്നെ കുഴച്ചിലിലാക്കുകയും നിരാശയുടെ പടുകുഴിയില്‍ വീഴുകയും നാമൊരു വലിയ പൂജ്യമാണെന്നു തിരിച്ചറിയുകയും ചെയ്യുമ്പോഴും വിശ്വാസം നഷ്ടപ്പെടാതിരിക്കേണ്ടതുണ്ട്. ആസമയത്തും ദൈവം നമ്മെ സ്‌നേഹിക്കുന്നു, നമ്മെ ജയാളികളാക്കുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. ഈ പരാജയം ദൈവിക പദ്ധതിയിലെ ഒരു പ്രത്യേക ലക്ഷ്യത്തെ നിറവേറ്റുന്നു.

പത്രൊസിന്റെ പരാജയവും തുടര്‍ന്ന് അതിദുഃഖത്തോടെയുള്ള നിലവിളിയുമെല്ലാം പെന്തക്കോസ്ത് നാളിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായിരുന്നു. ആ രാത്രിയില്‍ അത്ര വലിയ ഒരു വീഴ്ച പത്രൊസിനുണ്ടായിരുന്നില്ലെങ്കില്‍ പെന്തക്കോസ്ത് നാളില്‍ എണീറ്റു നിന്നുകൊണ്ട് കൂടിവന്നിരുന്ന പാപികളായ ജനത്തെ പുച്ഛത്തോടെ നോക്കി സംസാരിക്കുന്ന അനുഭവങ്ങളുണ്ടാകുമായിരുന്നു. എന്നാല്‍ നുറുക്കപ്പെട്ടതോടെ കൂടി വന്നിരുന്നവരെയും സഹതാപത്തോടെ കാണുവാന്‍ തനിക്കു കഴിഞ്ഞു. എല്ലാവരെക്കാളും വലിയ പാപി താന്‍ തന്നെയാണെന്ന മനോഭാവത്തിലായിരുന്നു പത്രൊസ്. അത്തരം വ്യക്തികളെയാണു ദൈവം തെരഞ്ഞെടുക്കുന്നതും പരിശുദ്ധാത്മാവിനാല്‍ നിറച്ച് തന്റെ പദ്ധതിക്കായി ഉപയോഗിക്കുന്നതും. ദൈവം തന്നെ ശക്തമായി ഉപയോഗിച്ചപ്പോഴും അക്കാര്യം ഒരിക്കലും പത്രോസില്‍ അല്പം പോലും നിഗളമുണ്ടാക്കിയില്ല. കാരണം, താന്‍ എത്ര വലിയ ഒരു പരാജയമാണെന്ന് അവന്‍ അറിഞ്ഞു കഴിഞ്ഞിരുന്നു. പത്രൊസിന്റെ വീഴ്ചയിലൂടെ എത്ര അത്ഭുതകരമായാണു ദൈവോദ്ദേശ്യം നിറവേറിയത്.

23:40-42 ല്‍ ക്രൂശില്‍ വച്ചു രക്ഷിക്കപ്പെട്ട കള്ളനിലൂടെ രണ്ടു പാഠങ്ങള്‍ നമുക്കു ലഭിക്കുന്നു.
ഒന്ന്, യേശു ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അവന്‍ കണ്ടെത്തി. അവന്‍ എങ്ങനെയാണ് അത് അറിഞ്ഞത്? തനിക്കെതിരെ ആരോപണങ്ങള്‍ പലതും ഉയര്‍ന്നപ്പോള്‍ യേശു എങ്ങനെയാണ് അതു നേരിട്ടതെന്ന് അവന്‍ കണ്ടു. ക്രൂശിക്കുന്ന സമയം അനേകരും ഭത്സിക്കയും ശപിക്കയും ആണയിടുകയും ചെയ്യുന്നതവന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇതാ ഒരാള്‍ ”പിതാവേ, അവര്‍ ചെയ്യുന്നതെന്തെന്നറിയായ്കയാല്‍ അവരോടു ക്ഷമിക്കണമേ” എന്നു പ്രാര്‍ത്ഥിക്കുന്നു. അത് അവന്റെ കണ്ണു തുറന്നു. റോമന്‍ ശതാധിപന്റെ കണ്ണുതുറപ്പിച്ചതും അതുതന്നെയായിരുന്നു. ”ഈ മനുഷ്യന്‍ സത്യമായും ദൈവപുത്രന്‍ തന്നെ” എന്ന് അവന്‍ പ്രതികരിക്കയും ചെയ്തു. നമ്മില്‍ ക്ഷമിക്കുന്ന സ്വഭാവം കാണുന്നവര്‍ തങ്ങളുടെ പാപങ്ങളെക്കുറിച്ചു ബോധമുള്ളവരാകും.

നമുക്കു ലഭിക്കുന്ന രണ്ടാമത്തെ പാഠം, ക്രൂശില്‍ കിടന്ന മറ്റേ കള്ളന് കുരിശില്‍ നിന്നും താഴെയിറങ്ങാനായിരുന്നു ആഗ്രഹം (മരണശിക്ഷയ്ക്കുള്ള കുറ്റമൊന്നും തന്നിലില്ലെന്നവന്‍ വിശ്വസിച്ചു). എന്നാല്‍ ആദ്യം പറഞ്ഞ കള്ളന്‍ താന്‍ ശിക്ഷയ്ക്കു യോഗ്യനാണെന്നു സമ്മതിച്ചിരുന്നു. ആദാം തന്റെ തെറ്റിന്റെ പഴി ഭാര്യയുടെ മേല്‍ ചാരുകയും പറുദീസാ നഷ്ടപ്പെടുത്തുകയും ചെയ്തു. ഈ കള്ളന്‍ തന്റെ തെറ്റ് അംഗീകരിക്കയും പറുദീസായ്ക്ക് യോഗ്യനാവുകയും ചെയ്തു (23:43). തങ്ങള്‍ നരകശിക്ഷയ്ക്കു മാത്രം യോഗ്യരെന്നും അത്ര വലിയ പാപികളാണെന്നും സ്വയം അംഗീകരിക്കയും ഏറ്റുപറകയും ചെയ്യുന്നവര്‍ക്കു വേണ്ടിയാണു പറുദീസാ ഒരുക്കിയിരിക്കുന്നത്.

24:13-33-ല്‍ രണ്ടു ശിഷ്യന്മാര്‍ എമ്മവുസ്സിലേക്കു നടന്നു പോകുന്നതും യേശു അവരോടു ചേര്‍ന്നു നടക്കുന്നതും നാം വായിക്കുന്നു. അനായാസമായ ഒരു നടത്തയ്ക്കു രണ്ടു മൂന്നു മണിക്കൂര്‍ വേണ്ടി വരുന്ന ദൂരം-ഏതാണ്ട് ഏഴു മൈല്‍- നീളമുള്ള വഴിയായിരുന്നു അത്. അത്രയും സമയം കൊണ്ട് ഉല്‍പത്തി മുതല്‍ മലാഖി വരെ എത്തുന്ന ഒരു വേദപഠനക്ലാസ് അവിടെ നടന്നു. ആ തിരുവെഴുത്തുകളിലെ ക്രിസ്തുവിനെ അവിടുന്ന് അവര്‍ക്കു കാട്ടിക്കൊടുത്തു (24:27). യേശു സംസാരിക്കുമ്പോള്‍ അവരുടെ ഹൃദയം കത്തിക്കൊണ്ടിരുന്നു (24:32). യേശു സംസാരിക്കുമ്പോള്‍ അങ്ങനെയായിരുന്നു. വചനം പ്രസംഗിക്കുന്നവര്‍ അപ്രകാരം സംസാരിക്കുവാന്‍ ഉത്സാഹിക്കേണ്ടതാണ്. വചനം കേള്‍ക്കുന്നവരുടെ കണ്ണു തുറക്കയും ഹൃദയം കത്തിക്കൊണ്ടിരിക്കയും വേണം.

അവസാനമായി, പതിനൊരുവര്‍ക്കു പ്രത്യക്ഷനായ ശേഷം ‘ഉയരത്തില്‍ നിന്നുള്ള ശക്തിക്കായി’ യെരുശലേമില്‍ കാത്തിരിക്കുവാന്‍ അവരോടു കല്പിച്ചു (24:49). അവര്‍ അതനുസരിച്ച് തുടര്‍ന്നുള്ള പത്തു ദിവസം ദൈവത്തെ സ്തുതിച്ചുകൊണ്ട് യെരുശലേമില്‍തന്നെ കഴിച്ചു (24: 53). മാളികമുറിയിലെ സ്തുതിയുടെ ആ അന്തരീക്ഷത്തിലേക്കാണ് പരിശുദ്ധാത്മാവ് ഇറങ്ങിയത്. ഇന്നും അപ്രകാരം സ്തുതി കരേറ്റുന്ന ആളുകളിലേക്കു പരിശുദ്ധാത്മാവ് ഇറങ്ങുന്നു! ഹല്ലേലുയ്യാ!!

What’s New?