ബൈബിളിലൂടെ : മത്തായി

യേശുക്രിസ്തു-വാഗ്ദത്ത മശീഹ

Chapter: 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 18 | 20 | 22 | 23 | 24 | 25 | 27 | 28

ബൈബിളിലെ പുതിയ നിയമത്തില്‍ പ്രാരംഭമായി നാം യേശുക്രിസ്തുവിന്റെ വംശാവലിയാണ് വായിക്കുന്നത്. അത് ലൂക്കൊസ് 3-ാം അദ്ധ്യായത്തിലെ പോലെ ആദാമിലോളം ചെന്നെത്തുന്നതായി നാം കാണുന്നില്ല. മറിച്ച് അബ്രാഹാം വരെ മാത്രമേ അത് ചെന്നെത്തുന്നുള്ളു. യേശുവിനെ അബ്രാഹാമിന്റെ പുത്രനും ദാവീദിന്റെ പുത്രനും എന്ന് വിശേഷിപ്പിക്കുന്നതില്‍ നിന്ന് യെഹൂദ ജനതയെ മുമ്പില്‍ കണ്ടുകൊണ്ടാണ് മത്തായി തന്റെ സുവിശേഷം എഴുതിയിരിക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം. തങ്ങള്‍ കാത്തിരിക്കുന്ന വാഗ്ദത്ത മശീഹാ യേശു തന്നെയെന്ന് വ്യക്തമാക്കുകയാണ് ഇവിടെ ലക്ഷ്യം. അത് തെളിയിക്കുവാനായി പഴയ നിയമത്തില്‍ നിന്നും 40 ഉദ്ധരണികള്‍ ആണ് മത്തായി നിരത്തുന്നത്. ആകെ 53 ഉദ്ധരണികള്‍ മത്തായിയുടെ സുവിശേഷത്തില്‍ പഴയ നിയമത്തില്‍ നിന്ന് എടുത്തതായി നാം കാണുന്നു.


സ്വര്‍ഗ്ഗരാജ്യവും സഭയും


മറ്റെങ്ങും കാണാത്ത ”സ്വര്‍ഗ്ഗരാജ്യം” എന്നൊരു പ്രയോഗം 32 പ്രാവശ്യം മത്തായിയുടെ സുവിശേഷത്തില്‍ നാം കണ്ടെത്തുന്നു. ആവര്‍ത്തിച്ചുള്ള ഈ പ്രയോഗത്തിന് പരിശുദ്ധാത്മാവ് തീര്‍ച്ചയായും വലിയ അര്‍ത്ഥവും പ്രാധാന്യവും കൊടുത്തിരിക്കണം. യോഹന്നാന്‍ സ്‌നാപകന്‍, സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍ (3:2) എന്ന് പറഞ്ഞുകൊണ്ടാണ് പ്രസംഗിച്ചത്. അതിനുശേഷം യേശു പ്രസംഗിച്ചപ്പോഴും അതേ വാക്കുകള്‍ തന്നെ ആവര്‍ത്തിച്ചു (4:17). തന്റെ ഗിരിപ്രഭാഷണം ആരംഭിക്കുമ്പോഴും ”ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍. സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്” എന്ന് പറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. അങ്ങനെ പുതിയനിയമത്തിന്റെ ആരംഭം മുതല്‍ തന്നെ ”സ്വര്‍ഗ്ഗ”ത്തിന് പ്രാധാന്യം നല്‍കുന്നതായി നാം കാണുന്നു. ഗിരിപ്രഭാഷണത്തില്‍ തന്നെ സ്വര്‍ഗ്ഗം എന്ന വാക്ക് 18 പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്.

ദൈവം യിസ്രായേലുമായി ഉണ്ടാക്കിയ പഴയ ഉടമ്പടി ഒരു ഭൗമിക രാജ്യത്തെക്കുറിച്ചുള്ളതായിരുന്നു. ഭൗതിക സമൃദ്ധിയുടെയും ശാരീരിക സൗഖ്യത്തിന്റെയും മറ്റ് പല ഐഹിക നന്മകളുടെയും വാഗ്ദാനങ്ങളും കനാന്‍ ദേശവും ആണ് ദൈവം യിസ്രായേലിന് നല്‍കിയത്. പില്‍ക്കാലത്ത് അവര്‍ക്ക് ഐഹികമായി രാജാക്കന്മാരും ധാരാളം സമ്പത്തും മറ്റ് പല അനുഗ്രഹങ്ങളും ഉണ്ടായി. എന്നാല്‍ യേശു വന്നത് അതിനേക്കാള്‍ ഉന്നതമായ ഒരു തലത്തിലേക്ക്, സ്വര്‍ഗ്ഗീയ ഔന്നത്യങ്ങളിലേക്ക്, മനുഷ്യനെ ഉയര്‍ത്തുവാന്‍ വേണ്ടിയാണ്. അതുകൊണ്ട് പുതിയനിയമം വായിക്കുമ്പോള്‍ അത് ഭൗമിക കാര്യങ്ങളെക്കുറിച്ചല്ല സ്വര്‍ഗ്ഗീയ കാര്യങ്ങളെക്കുറിച്ചാണ് എന്നത് പ്രാഥമികമായി നാം ഓര്‍ത്തിരിക്കണം. അങ്ങനെയെങ്കില്‍ ഇന്നു ക്രിസ്തീയ ലോകത്തില്‍ സംജാതമായിരിക്കുന്ന പല ആശയക്കുഴപ്പങ്ങളും നീങ്ങിപ്പോകും.

നാം രക്ഷിക്കപ്പെട്ടവരെന്നു നമ്മെക്കുറിച്ച് തന്നെ പറയുന്നു. അത് വിശ്വാസികളുടെ ഇടയില്‍ പരക്കെയുള്ള ഒരു ധാരണയാണ്. എന്നാല്‍ നാം എന്തില്‍ നിന്നാണ് രക്ഷിക്കപ്പെട്ടിരിക്കുന്നത്? നാം ഈ ലോകത്തില്‍ നിന്ന് തന്നെ രക്ഷിക്കപ്പെട്ടിരിക്കുന്നുവോ അതോ വെറും പാപക്ഷമ മാത്രം പ്രാപിച്ചവരാണോ? ഭൗതിക കാര്യങ്ങളോടുള്ള താത്പര്യത്തില്‍ നിന്നും, ഭൗതികമായി ആളുകളെ വിലയിരുത്തുന്ന കാഴ്ചപ്പാടില്‍ നിന്നും, ഭൗതികമായ പെരുമാറ്റ രീതികളില്‍ നിന്നും ഒക്കെ നാം രക്ഷിക്കപ്പെട്ടിരിക്കുന്നുവോ?

പുതിയനിയമം സ്വര്‍ഗ്ഗീയമായ രാജ്യത്തിന്റെ സുവാര്‍ത്തയാണ്.


ലോകത്തില്‍ ഉളള ധാരാളം ആളുകള്‍ അമേരിക്കയിലെ ഒരു പൗരനായിത്തീരുവാന്‍ ആഗ്രഹിക്കുന്നു. കാരണം അമേരിക്ക വളരെ ആകര്‍ഷകമായ ജീവിതസൗകര്യങ്ങള്‍ ഉള്ള ഒരു നാടാണ്. എന്നാല്‍ ആഫ്രിക്കയിലെ ചില പിന്നാക്ക രാജ്യങ്ങളിലെ പോലെയുള്ള ഇടങ്ങളില്‍ പൗരത്വം ആഗ്രഹിക്കുന്നവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ പൗരത്വം ആഗ്രഹിക്കുന്നവര്‍ ഈ ഭൂമിയില്‍ തുലോം വിരളം ആണെന്നുള്ളത് അത്ഭുതകരമല്ലേ? മനുഷ്യമനസ്സുകള്‍ ഭൗമികമായ കാര്യങ്ങളോട് അത്രമാത്രം ഇഴുകിച്ചേര്‍ന്ന് പോയിരിക്കുന്നു. ദൈവത്തിന്റെ വചനം യഥാര്‍ത്ഥമായി പ്രസംഗിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ യാതൊരു താത്പര്യവും ഇല്ലാത്ത വിശ്വാസികള്‍ എന്ന് വിളിക്കപ്പെടുന്ന ഒരു വലിയ സമൂഹം സഭയില്‍ കടന്നു കൂടിയിരുന്നു പോകുവാന്‍ സാദ്ധ്യതയുണ്ട്. തങ്ങളുടെ മരണശേഷം സ്വര്‍ഗ്ഗത്തില്‍ എത്താന്‍ വലിയ താത്പര്യം ഉള്ളവരാണവര്‍. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് അതിനോട് ഒരു താത്പര്യവും ഇല്ല. രാജ്യം എന്ന വാക്ക് ഇന്നു നാം വേണ്ടവണ്ണം മനസ്സിലാക്കിയിട്ടില്ല. കാരണം 1-ാം നൂറ്റാണ്ടിലെ പോലെ രാജാക്കന്മാര്‍ ഭരിക്കുന്ന രാജ്യങ്ങള്‍ ഇന്ന് വിരളമാണ്. ഇന്ന് നാം ഉപയോഗിക്കുന്ന തത്തുല്യപദം ഭരണകൂടം (Government) എന്നതാണ്. ഇന്ന് നാം ഇന്ത്യയിലെ രാജത്വം എന്നല്ല പറയുന്നത് ഇന്ത്യയിലെ ഭരണകൂടം എന്നാണ്.

സ്വര്‍ഗ്ഗരാജ്യം എന്ന് പറയുമ്പോള്‍ സ്വര്‍ഗ്ഗത്തിലെ ഭരണകൂടം എന്നാണര്‍ത്ഥം. ദൈവം നിങ്ങളുടെ ജീവിതത്തെ ഭരിക്കുന്നു എന്നു തന്നെ. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ നാം ഭാരതസര്‍ക്കാരിന്റെ നിയമങ്ങളോടുള്ള വിധേയത്വത്തില്‍ ജീവിക്കേണ്ടിയിരിക്കുന്നു. അതുപോലെ സ്വര്‍ഗ്ഗരാജ്യത്തില്‍ ജീവിക്കുന്ന ഒരാള്‍ സ്വര്‍ഗ്ഗത്തിന്റെ നിയമങ്ങള്‍ക്ക് കീഴ്‌പ്പെട്ടേ മതിയാവൂ. നമ്മുടെ പൗരത്വം ഭൂമിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് നാം മാറ്റിയിട്ടുണ്ടോ?

രക്ഷ എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഭൗമിക രാജത്വത്തില്‍ നിന്ന് സ്വര്‍ഗ്ഗീയ രാജത്വത്തിലേക്കുള്ള മാറ്റമാണ്. എന്നാല്‍ അനേകം വിശ്വാസികളുടെയും രക്ഷ അത്രത്തോളം ഒന്നും പോയിട്ടില്ല. അവര്‍ക്ക് സ്വര്‍ഗ്ഗീയ ആധിപത്യത്തോട് താത്പര്യമില്ല. മരണശേഷം സ്വര്‍ഗ്ഗത്തില്‍ എത്തണം എന്നു മാത്രമേ അവര്‍ ആഗ്രഹിക്കുന്നുള്ളൂ. ഇവിടെ ജീവിക്കുന്ന നാളത്രയും ഐഹിക പൗരത്വത്തിന്റെ മുഴുവന്‍ ആസ്വാദനങ്ങളും അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് അവരുടെ ക്രിസ്തീയ ജീവിതം തീരെ ആഴം കുറഞ്ഞതാണ്.

മറ്റൊരു സുവിശേഷത്തിലും കാണാത്ത ഒരു പദം കൂടി മത്തായിയുടെ സുവിശേഷത്തില്‍ നമുക്ക് കാണാം. ”സഭ” എന്ന പദമാണത്. ഇതു മൂന്നു വട്ടം വരുന്നു – 16:18-ല്‍ ഒരു വട്ടവും; 18:17 ല്‍ രണ്ടു പ്രാവശ്യവും. ഈ പദത്തെ നാം ചിന്തിച്ചു വന്ന പ്രയോഗത്തോട് ചേര്‍ത്ത് വച്ച് പഠിച്ചാല്‍ സഭ തന്നെ ഭൂമിയിലെ സ്വര്‍ഗ്ഗരാജ്യം എന്ന് ഗ്രഹിക്കാന്‍ കഴിയും. സ്വര്‍ഗ്ഗത്തില്‍ എല്ലാവരും സ്വര്‍ഗ്ഗീയ ഭരണകൂടത്തിന്‍ കീഴില്‍, ദൈവത്തിന്റെ ആധിപത്യത്തിന്‍ കീഴില്‍ തന്നെ ജീവിക്കുന്നു. എന്നാല്‍ ഇവിടെ ഭൂമിയില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ഇവിടെ ആളുകള്‍ തങ്ങളുടെ ജീവിതം സ്വന്തമായി നയിക്കുന്നു. അതിനിടയില്‍ തങ്ങളുടെ ജീവിതം സ്വന്തമായി നയിക്കാത്ത ഒരു കൂട്ടം ആളുകളെ ദൈവം വേര്‍തിരിച്ചിരിക്കുന്നു. അവര്‍ സ്വര്‍ഗ്ഗീയ ഭരണത്തിന്‍ കീഴിലാണ് ജീവിക്കുന്നത്. അതാണ് സഭ.

ലോകത്തിലെ സഭകള്‍ പൂര്‍ണ്ണമായും സ്വര്‍ഗ്ഗത്തിലെ ഭരണത്തിന്‍ കീഴില്‍ ആണ് ജീവിക്കുന്നത് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ അങ്ങനെ വിചാരിക്കുന്നില്ല. അനേക വര്‍ഷങ്ങള്‍ ആയി എന്റെ ഹൃദയത്തെ ദുഃഖിപ്പിക്കുന്ന കാര്യവും അതുതന്നെയാണ്. അതില്‍ നിങ്ങളുടെ ഹൃദയത്തിലും ദുഃഖം ഉണ്ട് എന്ന് ഞാന്‍ വിചാരിക്കുന്നു. ഞാന്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല. ഞങ്ങള്‍ അങ്ങനെ ആണ് എന്നല്ലാതെ അവര്‍ അങ്ങനെയാണ് എന്നു പറയാനും ഞാന്‍ തുനിയുന്നില്ല. നാം സഭയാണ്. എന്നാല്‍ സ്വര്‍ഗ്ഗത്തിലെ ഭരണകൂടം എങ്ങനെ ആണെന്ന സാക്ഷ്യം ലോകത്തിനു മുമ്പാകെ ഉയര്‍ത്തുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. ഞാന്‍ ഇങ്ങനെ പറയാന്‍ ആഗ്രഹിക്കുന്നു. ”കര്‍ത്താവേ, ഞങ്ങളുടെ പരാജയത്തെ ക്ഷമിക്കണമേ. ദൈവത്തിന്റെ ആധിപത്യത്തിന്‍ കീഴിലുള്ള ജീവിതത്തിന്റെ മഹത്വം എന്തെന്ന് ലോകത്തിന് കാണിച്ചുകൊടുക്കുവാന്‍ ഞങ്ങളെ സഹായിക്കണമേ.”

സ്വര്‍ഗ്ഗീയ ഭരണകൂടത്തിലെ ഭരണാധികാരി ഈ ഭൂമിയില്‍ ജീവിച്ചു പഠിപ്പിച്ച കാര്യങ്ങള്‍ അത്രേ മത്തായിയുടെ സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. യേശുവിന്റെ പ്രവൃത്തികളെക്കാള്‍ അധികം അവിടുത്തെ ഉപദേശങ്ങള്‍ക്കാണ് മത്തായി പ്രാധാന്യം കൊടുത്തിരിക്കുന്നത്. മറ്റ് ഏത് സുവിശേഷങ്ങളില്‍ ഉള്ളതിനേക്കാള്‍ അധികം യേശുവിന്റെ ഉപമകള്‍ ഈ സുവിശേഷത്തില്‍ നമുക്ക് കാണാം. 13-ാം അദ്ധ്യായം നിറയെ സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ചുള്ള ഉപമകള്‍ മാത്രമാണ്. 23-ാം അദ്ധ്യായം മുഴുവനും കാപട്യക്കാരായ മതഭക്തന്മാരെ – പരീശന്‍മാരെ- കുറിച്ച് പ്രതിപാദിക്കുന്നു. യേശുവിന്റെ ശുശ്രൂഷ തന്നെ പരീശന്മാരുമായി ഒരു നിരന്തര സംഘട്ടനത്തില്‍ എത്തിച്ചിരുന്നു. മറ്റ് ഏത് സുവിശേഷത്തിലേക്കാളും പരീശന്മാരുമായിട്ടുള്ള സംഘട്ടനം നമുക്ക് മത്തായിയുടെ സുവിശേഷത്തില്‍ കണ്ടെത്താം. 24, 25 അദ്ധ്യായങ്ങളില്‍ യേശുവിന്റെ മടങ്ങി വരവിങ്കല്‍ സ്വര്‍ഗ്ഗരാജ്യ സ്ഥാപനം സംബന്ധിച്ച വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. 5, 6, 7 അദ്ധ്യായങ്ങളില്‍ സ്വര്‍ഗ്ഗരാജ്യത്തിന്റെ നിയമങ്ങളും ഭൂമിയില്‍ സ്വര്‍ഗ്ഗീയ പൗരന്മാര്‍ എങ്ങനെ ജീവിക്കണം എന്നതിനെ സംബന്ധിച്ച ഉപദേശങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു.

ഈ പുസ്തകത്തെ നമുക്ക് മൂന്ന് ഭാഗങ്ങളായി തിരിക്കാം. ഒന്നും രണ്ടും അദ്ധ്യായങ്ങള്‍ യേശുവിന്റെ ജനനത്തെ പ്രതിപാദിക്കുന്നു. 3 മുതല്‍ 18 വരെ അദ്ധ്യായങ്ങളില്‍ ഗലീലയിലെ ശുശ്രൂഷയേയും 19 മുതല്‍ 28 വരെയുള്ള അദ്ധ്യായങ്ങളില്‍ യെഹൂദ്യയിലെ ശുശ്രൂഷയേയും വിവരിക്കുന്നു.

യേശുവിന്റെ ജനനം

മത്തായി എഴുതിയ സുവിശേഷം 1-ാം അദ്ധ്യായത്തില്‍ യേശുക്രിസ്തുവിന്റെ വംശാവലി വിവരിച്ചിരിക്കുന്നു. യെഹൂദന്മാര്‍ സാധാരണയായി തങ്ങളുടെ വംശാവലിയില്‍ പുരുഷന്മാരുടെ പേരുകള്‍ മാത്രമേ ഉള്‍പ്പെടുത്താറുള്ളു. എന്നാല്‍ ഇവിടെ നാലു സ്ത്രീകളുടെ പേരുകള്‍ കൂടി നാം കണ്ടെത്തുന്നു. യെഹൂദന്മാരും ഇതര ജനവിഭാഗങ്ങളും സ്ത്രീകള്‍ക്ക് കല്പിച്ചിരുന്ന തീരെ താണ നിലവാരത്തില്‍ നിന്ന് അവരെ ഉയര്‍ത്തുക കൂടി ചെയ്‌വാന്‍ അത്രേ യേശു വന്നത് എന്ന് ഇത് സൂചിപ്പിക്കുന്നു. അതില്‍ ഉപരിയായി ഈ നാല് സ്ത്രീകളെയും പാപകരമായ ഒരു മുന്‍കാല ചരിത്രം ഉള്ളവരായി നാം കാണുന്നു. ഇത് സൂചിപ്പിക്കുന്നത് യേശു വന്നത് നമ്മുടെ പാപകരമായ ഭൂതകാലത്തില്‍ നിന്ന് നമ്മെ രക്ഷിക്കുവാനാണ് എന്നു തന്നെ.

ഒന്നാമതായി താമാര്‍ എന്ന സ്ത്രീയെക്കുറിച്ച് പറയുന്നു (1:3). താമാര്‍ യെഹൂദയുടെ മരുമകള്‍ ആയിരുന്നു. യെഹൂദ താമാരില്‍ പേരെസിനെ ജനിപ്പിച്ചു. അവന്‍ യേശുവിന്റെ അമ്മ മറിയയുടെ പൂര്‍വ്വ പിതാവായിരുന്നു. നിഷിദ്ധമായ ഈ ലൈംഗികബന്ധം (ഉല്പ. 38:12-29) നടക്കുമ്പോള്‍ യേശു ഭൂമിയില്‍ ജനിച്ചിരുന്നില്ല എങ്കിലും സ്വര്‍ഗ്ഗത്തില്‍ ഇരുന്നുകൊണ്ട് ഇതൊക്കെയും അറിയുന്നുണ്ടായിരുന്നു. എന്നിട്ടും തനിക്ക് ജനിക്കുവാന്‍ ഈ വംശാവലി തന്നെ യേശു തിരഞ്ഞെടുത്തു. നമ്മുടെ ജീവിത ചരിത്രത്തിന്റെ താളുകളില്‍ ഇത്തരം ലജ്ജാകരമായ ചരിത്രങ്ങള്‍ എഴുതിച്ചേര്‍ക്കുവാനും നിന്ദ്യമായ ഈ വംശാവലിയില്‍ ഉള്‍പ്പെടാനുമായി നമ്മില്‍ എത്ര പേര്‍ മനസ്സോടെ താത്പര്യപ്പെടും?

ഈ വംശാവലിയില്‍ ഉള്‍പ്പെട്ട രണ്ടാമത്തെ സ്ത്രീയാണ് രാഹാബ് (1:5). യെരീഹോ പട്ടണത്തിലെ വേശ്യമാര്‍ താമസിക്കുന്ന തെരുവിലെ അറിയപ്പെടുന്ന ഒരു വേശ്യയായിരുന്നു രാഹാബ് (യോശുവ 2:1). വിജാതീയയായ ഈ സ്ത്രീയെ യെഹൂദനായ സല്‍മോന്‍ എന്ന പുരുഷന്‍ വിവാഹം ചെയ്തു. ഒരു യെഹൂദന്‍ അന്യ ജാതിക്കാരിയായ ഈ വ്യഭിചാരിണിയെ വിവാഹം ചെയ്തിരുന്നത് യേശു മുന്‍കൂട്ടി അറിയുകയും ആ വംശാവലിയില്‍ തന്നെ താന്‍ ജന്മമെടുക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.

വംശാവലിയിലെ മൂന്നാമത്തെ സ്ത്രീ രൂത്താണ് (1:5). രൂത്ത് ഒരു മോവാബ്യ സ്ത്രീയായിരുന്നു. മോവാബ് ആയിരുന്നു അവളുടെ പൂര്‍വ്വ പിതാവ്. ലോത്തിനു തന്റെ മകളുമായി ഉള്ള അഗമ്യഗമനത്തില്‍ നിന്ന് ആണ് മോവാബ് ജനിച്ചതെന്ന് ഉല്പ: 19:30-37-ല്‍ നാം കാണുന്നു അവിശുദ്ധമായ ഈ വംശാവലിയേയും സ്വീകരിക്കുവാനും യേശു തീരുമാനിച്ചു.

വംശാവലിയിലെ നാലാമത്തെ സ്ത്രീയാണ് ബേത്ത്-ശേബ. അവളെ ഊരിയാവിന്റെ ഭാര്യയെന്നു തന്നെയാണ് വംശാവലിയില്‍ നാം കാണുന്നത് (1:6). ദാവീദ് അവളുമായി പരസംഗം ചെയ്യുകയും പിന്നീട് അവളെ വിവാഹം കഴിക്കുകയും ചെയ്തു. ഈ സ്ത്രീയേയും പാപകരമായ ഒരു ചരിത്രം ഉള്ളവളായി നാം കണ്ടെത്തുന്നു. എന്നാല്‍ ആദ്യത്തെ മൂന്ന് സ്ത്രീകളെപോലെ ഇവള്‍ യേശുവിന്റെ അമ്മയായ മറിയയോട് വംശാവലി പ്രകാരം ബന്ധപ്പെടുന്നില്ല. യേശുവിന്റെ പിതാവായി അറിയപ്പെട്ടിരുന്ന യോസേഫുമായിട്ടായിരുന്നു വംശാവലി പ്രകാരം ബേത്ത് ശേബായ്ക്ക് ബന്ധം ഉണ്ടായിരുന്നത്. (ലൂക്കൊ. 3-ലെ വംശാവലിയുമായി ഈ വംശാവലിയെ താരതമ്യം ചെയ്യുക.) യോസേഫ് വംശാവലി പ്രകാരം ദാവീദിന്റെ പുത്രനായിരുന്നു എന്ന് തെളിയിക്കുന്നതിലൂടെ യേശു യിസ്രായേലിന്റെ രാജാവാകുവാന്‍ എന്തുകൊണ്ടും അര്‍ഹനായിരുന്നു എന്നാണ് മത്തായി സ്ഥാപിക്കുന്നത്.

എന്തുകൊണ്ടാണ് യേശു ഇപ്രകാരം ഒരു പാപകരമായ വംശം തിരഞ്ഞെടുത്തത്? പാപത്തില്‍ വീണുപോയ മനുഷ്യകുലത്തോട് തന്നെത്തന്നെ അനുരൂപനാക്കുവാനും താന്‍ നീതിമാന്മാരെയല്ല പാപികളെ അത്രേ മാനസാന്തരത്തിലേക്ക് വിളിപ്പാന്‍ വന്നത് എന്നു സൂചിപ്പിക്കുവാനുമായിരുന്നു അത്.

അതുകൊണ്ട് ആര്‍ക്കും തങ്ങളുടെ കുടുംബ പശ്ചാത്തലത്തെക്കുറിച്ച് അപമാനമോ, അഭിമാനമോ തോന്നേണ്ടതില്ല. ഇന്ത്യയില്‍ ആളുകള്‍ തങ്ങളുടെ കുലീനതയെ ക്കുറിച്ചും മറ്റും പ്രശംസിക്കാറുണ്ട്. നാം നമ്മുടെ കുടുംബ മഹിമയേക്കുറിച്ച് പ്രശംസിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥം, നാം ക്രിസ്തുവിന്റെ ആത്മാവിനെ വിദൂരതയില്‍ പോലും അറിഞ്ഞിട്ടില്ല എന്നാണ്.

മറിയ ഗര്‍ഭിണിയാണെന്ന് യോസേഫ് അറിഞ്ഞു എങ്കിലും അത് പരിശുദ്ധാത്മാവിനാല്‍ എന്ന് അവന്‍ അറിഞ്ഞില്ല. 1-ന്റെ 19-ല്‍ അവന്‍ നീതിമാന്‍ ആകകൊണ്ട് അവള്‍ക്ക് സമൂഹത്തിന്റെ മുമ്പില്‍ അപമാനം വരുത്തുവാന്‍ താത്പര്യമില്ലാത്തതിനാല്‍ അവള രഹസ്യമായി ഉപേക്ഷിക്കുവാന്‍ ആഗ്രഹിച്ചു എന്ന് കാണുന്നു. യോസേഫ് വിചാരിച്ചത് അവള്‍ പാപകരമായ വഴികളിലൂടെയാണ് ഗര്‍ഭം ധരിച്ചത് എന്നാണ്.

ഇവിടെ നീതിയെ സംബന്ധിച്ച ഒരു പാഠം നാം കാണുന്നു. സുവിശേഷം എന്നത് നീതിമാന്മാര്‍ അല്ലാത്തവര്‍ക്ക് എങ്ങനെ നീതിമാന്മാര്‍ ആകാം എന്നതാണല്ലോ. പുതിയ നിയമത്തില്‍ നീതിമാന്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഒന്നാമത്തെ ആളാണ് യോസേഫ്. അവന്റെ നീതിയെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരാളിന്റെ പാപത്തെ മറയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് നാം അതു കണ്ടെത്തുന്നത്. മറ്റൊരാളിന്റെ പാപത്തെ പരസ്യമാക്കി ആ വ്യക്തിക്ക് അപമാനം ഉണ്ടാക്കുന്നത് നീതിയെല്ലന്നു നാം ഇവിടെ ഗ്രഹിക്കുന്നു. ഒരു യഥാര്‍ത്ഥ നീതിമാന്റെ ആത്മാവ് എങ്ങനെയായിരിക്കും എന്നതിന്റെ പാഠം നമുക്ക് ഇവിടെ നിന്നും ലഭിക്കുന്നു.

ഒരു വ്യക്തി പാപം ചെയ്തു എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ പെട്ടെന്നുള്ള പ്രതികരണം എങ്ങനെയാണ്? നിങ്ങള്‍ ഒരു നീതിമാന്‍ എങ്കില്‍ തീര്‍ച്ചയായും അത് മറയ്ക്കുവാനുള്ള ഒരു ആഗ്രഹം നിങ്ങള്‍ക്കുണ്ടാകും. നിങ്ങള്‍ നീതിമാന്‍ അല്ലെങ്കില്‍ അത് പരസ്യപ്പെടുത്തുവാന്‍ ആയിരിക്കും നിങ്ങള്‍ക്ക് താത്പര്യമുണ്ടാവുക. ഇവിടെ പരിശുദ്ധാത്മാവിനെയോ പുതിയ നിയമ ജീവനെയോ അറിഞ്ഞിട്ടില്ലാത്ത യോസേഫ്, വീണ്ടും ജനിച്ചു എന്ന് അവകാശപ്പെടുന്ന അനേകം പുതിയ നിയമ വിശ്വാസികളെക്കാള്‍ ഉയര്‍ന്ന നീതിബോധം പ്രദര്‍ശിപ്പിക്കുന്നു. പഴയനിയമ നിലവാരത്തില്‍ ജീവിച്ചിരുന്ന യോസേഫ് പാപം എന്ന് താന്‍ മനസ്സിലാക്കിയ കാര്യത്തെ മറച്ചു വയ്ക്കുവാന്‍ തീരുമാനിച്ചു. അവന്‍ മറിയയെക്കുറിച്ച് അപവാദം ഒന്നും പറഞ്ഞില്ല. അഥവാ അങ്ങനെ പറഞ്ഞിരുന്നു എങ്കില്‍ പിന്നീട് സത്യം ബോധ്യപ്പെട്ടതിന് ശേഷം അവന് എത്രമാത്രം പശ്ചാത്താപവും കുറ്റബോധവും ഉണ്ടാകുമായിരുന്നിരിക്കണം. അവള്‍ തികച്ചും നിഷ്‌കളങ്കയായിരുന്നുവല്ലോ. ഈ കാര്യം നമുക്ക് ഉപദേശത്തിനായി രേഖപ്പെടുത്തിയിരിക്കുന്നു. നാം ഒരിക്കല്‍ പറഞ്ഞുപരത്തിയ കാര്യങ്ങള്‍ അവ തെറ്റാണെന്ന് ബോധ്യപ്പെടുമ്പോള്‍ നമുക്ക് പിന്‍വലിക്കാന്‍ കഴിയുമോ? നാം പറഞ്ഞത് കേള്‍ക്കുന്ന ആളുകള്‍ മറ്റുള്ളവരിലേക്കും തുടര്‍ന്നും അത് പ്രചരിപ്പിച്ചുകൊണ്ടേയിരിക്കും. അപ്രകാരമുള്ള പ്രചാരണത്തെ നമുക്ക് തിരിച്ചെടുക്കാന്‍ കഴികയില്ല. അതുകൊണ്ട് പുതിയ നിയമം നല്‍കുന്ന ഈ മുന്നറിയിപ്പും മാതൃകയും നമുക്ക് സ്വീകരിക്കാം. മറ്റുള്ളവരുടെ പാപങ്ങളെ മറയ്ക്കുവാന്‍ നമുക്ക് പഠിക്കാം. സ്‌നേഹം പാപങ്ങളുടെ ബഹുത്വത്തെ മറയ്ക്കുന്നു.

1:21-ല്‍ പുതിയനിയമത്തിലെ പ്രഥമ വാഗ്ദാനം നാം കണ്ടെത്തുന്നു. ”അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നും രക്ഷിക്കും.” യേശു എന്ന പേരിന്റെ അര്‍ത്ഥമാണിത്. നമ്മുടെ പാപം ക്ഷമിക്കും എന്നല്ല ഈ വാഗ്ദാനം. മറിച്ച് നമ്മുടെ പാപങ്ങളില്‍ നിന്നും നമ്മെ രക്ഷിക്കും എന്നാണ് ഈ വാഗ്ദാനം. പാപം ക്ഷമിക്കുക എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് നമ്മുടെ കഴിഞ്ഞകാല പാപത്തെ മായിക്കുന്നു എന്നു മാത്രമാണ്. എന്നാല്‍ പാപത്തില്‍ നിന്നും നമ്മെ രക്ഷിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ പാപ സ്വഭാവങ്ങളായ കോപം, കണ്‍മോഹം, അത്യാഗ്രഹം, അസൂയ, കയ്പ് മുതലായവയില്‍ നിന്ന് നമ്മെ വിടുവിക്കുക എന്നാണ്. അങ്ങനെ പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് യേശു നമ്മെ സ്വതന്ത്രരാക്കുന്നു.

3:11-ല്‍ രണ്ടാമത്തെ പുതിയ നിയമ വാഗ്ദാനം നാം കാണുന്നു. ”അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്‌നാനം കഴിപ്പിക്കും.”

ഈ രണ്ട് പുതിയ നിയമ വാഗ്ദാനങ്ങളിലായി സുവിശേഷത്തിന്റെ മുഴുവന്‍ സന്ദേശവും സംഗ്രഹിച്ചിരിക്കുന്നു. ഈ രണ്ട് വാഗ്ദാനങ്ങളും നമ്മില്‍ നിറവേറുകയും നമ്മുടെ അനുഭവമായിത്തീരുകയും ചെയ്യേണ്ടതുണ്ട്. നാം നമ്മുടെ പാപത്തില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിച്ച് പരിശുദ്ധാത്മാവിലും അഗ്നിയിലും സ്‌നാനം ലഭിച്ചവരാകണം.

രണ്ടാം അദ്ധ്യായത്തില്‍ യേശു ജനിച്ചപ്പോള്‍ അവിടുത്തെ കാണുവാനായി വന്ന വിദ്വാന്‍മാരെക്കുറിച്ച് നാം വായിക്കുന്നു. അവര്‍ക്ക് സംഭവിച്ച ഒരു പിശക് നമ്മുടെ പ്രബോധനത്തിനായി അവിടെ രേഖപ്പെടുത്തിയിരിക്കുന്നു. എത്ര വലിയ ജ്ഞാനികള്‍ക്കും ഇടയ്ക്ക് തെറ്റുകള്‍ പറ്റും. അവര്‍ ഭോഷത്തം പ്രവര്‍ത്തിക്കും. തങ്ങള്‍ പിന്നിട്ടു വന്ന 100 കണക്കിനു മൈലുകള്‍ അവര്‍ നക്ഷത്രത്തെ അനുഗമിക്കുകയും യെരുശലേമില്‍ എത്തുകയും ചെയ്തു. ആ നക്ഷത്രം നമ്മെ യേശുവിങ്കലേക്ക് നയിക്കുന്ന ദൈവവചനത്തിന്റെ പ്രതിരൂപമാണ്. എന്നാല്‍ ഒരിക്കല്‍ അവര്‍ യെരുശലേമില്‍ എത്തിയതോടെ ഭോഷത്തം പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു. യെഹൂദന്മാരുടെ രാജാവ് രാജകൊട്ടാരത്തില്‍ ആയിരിക്കും ജനിക്കുക എന്ന മുന്‍വിധിയോടെ അവര്‍ നക്ഷത്രത്തെ പിന്‍തുടരുന്നത് മതിയാക്കി ഹെരോദാവിന്റെ കൊട്ടാരത്തിലേക്കു പോയി. എന്നാല്‍ ഇപ്രകാരം ഒരു രാജാവ് ജനനം കൊണ്ട വിവരം കൊട്ടാരത്തില്‍ ഉള്ളവര്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് അവര്‍ക്ക് പുറത്തുവന്ന് വീണ്ടും നക്ഷത്രത്തെ തന്നെ പിന്തുടരേണ്ടി വന്നു (2:10).

നക്ഷത്രം അവരെ കൊണ്ട് എത്തിച്ചത് ഒരു കൊട്ടാരത്തിലല്ല മറിച്ച് ഒരു കുടിലില്‍ ആണ്. എന്നാല്‍ രാജാവ് അവിടെ ഉണ്ടായിരുന്നു. അതുപോലെ നിങ്ങളും ദൈവവചനത്തെ പിന്‍തുടര്‍ന്നാല്‍ അത് നിങ്ങളെ യേശുവിന്റെ അടുക്കല്‍ എത്തിക്കും. ഇന്നും യേശു ഉള്ള ഒരു സഭയിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ ദൈവത്തിന് കഴിയും. ഉയരമുള്ളതും ശക്തവും കൊട്ടാര സദൃശവും ആയ ഇടങ്ങളില്‍ നിങ്ങള്‍ക്ക് അവനെ കണ്ടെത്താന്‍ കഴിഞ്ഞെന്ന് വരില്ല. തന്നെ ഹൃദയപൂര്‍വ്വം സ്‌നേഹിക്കുകയും അനുഗമിക്കുകയും ചെയ്യുന്നവര്‍ കൂടുന്ന എളിയ കൂട്ടങ്ങളില്‍ ആയിരിക്കും നിങ്ങള്‍ അവനെ കണ്ടെത്തുക.

തങ്ങളുടെ ഒരൊറ്റ പിശകുകൊണ്ട് ആ വിദ്വാന്മാര്‍ എത്ര വലിയ നാശമാണ് ആളുകള്‍ക്ക് വരുത്തിയതെന്ന് നാം ശ്രദ്ധിക്കുക. മറ്റൊരു രാജാവ് ജനിച്ചു എന്നറിഞ്ഞ ഹെരോദാവ് ബേത്ത്‌ലെഹേമിലേക്ക് പട്ടാളത്തെ അയച്ച് രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള 100 കണക്കിന് കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്തു. ദൈവവചനത്തെ അനുസരിക്കാതെ നാം ചെയ്യുന്ന ഓരോ ഭോഷത്തവും ഇതുപോലെ മറ്റുള്ളവര്‍ക്കു വലിയ നാശം വരുത്തുവാന്‍ ഇടയുണ്ട്.

ഹെരോദാവിന്റെ അടുക്കല്‍ പോകാതെ മറ്റൊരു വഴിയേ മടങ്ങിപ്പോകുവാന്‍ ഒരു ദൈവദൂതന്‍ സ്വപ്നത്തില്‍ വിദ്വാന്‍മാരോട് കല്പിച്ചു. ഈ തവണ അവര്‍ ദൂതനെ അനുസരിച്ചു. അതുപോലെ തന്നെ ഈജിപ്തിലേക്ക് പോകുവാനും പിന്നീട് മടങ്ങിവരുവാനും സ്വപ്നം മുഖാന്തരം ദൈവം യോസേഫിനോടു കല്പിക്കുന്നു. പുതിയ നിയമത്തിന്റെ ഈ ആദ്യ രണ്ട് അദ്ധ്യായങ്ങളില്‍ സ്വപ്നം മുഖാന്തരമുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പല തവണ ആവര്‍ത്തിക്കുന്നതായി രേഖപ്പെടുത്തിയിരിക്കുന്നു. ഇന്നും ഈ മാര്‍ഗ്ഗത്തിലൂടെ ദൈവം മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നുണ്ട്.

മൂന്നാം അദ്ധ്യായത്തില്‍ യോഹന്നാന്‍ സ്‌നാപകന്റെ ശുശ്രൂഷയെക്കുറിച്ച് നാം വായിക്കുന്നു. AD.1611-ല്‍ ബൈബിളിന്റെ കിംഗ് ജയിംസ് ഭാഷാന്തരത്തിന്റെ വിവര്‍ത്തകരാണ് ആദ്യമായി ഇംഗ്ലീഷ്ഭാഷയില്‍ ”ബാപ്റ്റിസം” എന്ന പദം കൊണ്ടുവന്നത്. ഇംഗ്ലണ്ടിലെ ജയിംസ് രാജാവ് ബൈബിളിന്റെ ഈ വിവര്‍ത്തനത്തിനായി ഉദ്യമിച്ചപ്പോള്‍ വിവര്‍ത്തകര്‍ക്കു മുമ്പില്‍ ചില നിര്‍ദ്ദേശങ്ങള്‍ വയ്ക്കുകയുണ്ടായി എന്ന് ചരിത്രകാരന്മാര്‍ പറയുന്നു. അതില്‍ ഒന്ന് നിലവിലുള്ള സഭാ പാരമ്പര്യത്തെ ഹനിക്കുന്ന ഒന്നും തന്നെ ഉണ്ടാവരുത് എന്നായിരുന്നു. അന്നത്തെ ആംഗ്ലിക്കന്‍ സഭകളില്‍ നവജാതശിശുക്കളെ വെള്ളം തളിച്ചായിരുന്നു ക്രിസ്ത്യാനികള്‍ സ്‌നാനം കഴിപ്പിച്ചു കൊണ്ടിരുന്നുത്. അങ്ങനെ വിവര്‍ത്തകര്‍ക്ക് ഇവിടെ 3-ാം അദ്ധ്യാത്തില്‍ എത്തിയപ്പോള്‍ ”ബാപ്റ്റിസോ” എന്ന ഗ്രീക്ക് പദവുമായി ബന്ധപ്പെട്ട ഒരു ബുദ്ധിമുട്ട് ഉണ്ടായി. ആ ഗ്രീക്ക് പദം യഥാര്‍ത്ഥമായി വിവര്‍ത്തനം ചെയ്താല്‍ ”മുക്കുക” എന്ന് വിവര്‍ത്തനം ചെയ്യേണ്ടി വരും. അങ്ങനെ അവര്‍ സത്യസന്ധമായി വിവര്‍ത്തനം ചെയ്തിരുന്നു എങ്കില്‍ ഇന്ന് നാം ബാപ്റ്റിസത്തെക്കുറിച്ചും ബാപ്റ്റിസ്റ്റുകളെക്കുറിച്ചും കേള്‍ക്കുക പോലും ചെയ്യുകയില്ലായിരുന്നു. എന്നാല്‍ അങ്ങനെ സത്യസന്ധമായി വിവര്‍ത്തനം ചെയ്താല്‍ സഭയുടെ നിലവിലുള്ള ”തളിക്കല്‍” ആചാരത്തിന് ഉടവു തട്ടുമെന്ന് മനസ്സിലാക്കിയും രാജാവ് തങ്ങളെ ശിരഛേദം ചെയ്യുമെന്നു ഭയപ്പെട്ടും വളരെ സമര്‍ത്ഥമായി ഇംഗ്ലീഷ് ഭാഷയ്ക്ക് ”ബാപ്റ്റിസം” എന്നൊരു പുതിയ പദം സമ്മാനിക്കുവാന്‍ അവര്‍ തീരുമാനിച്ചു. ധഇന്ത്യന്‍ ഭാഷയിലെ ”ധോബി”, ”സാഹിബ്” എന്നീ പദങ്ങള്‍ ആംഗലേയവല്‍ക്കരിച്ചതുപൊലെപ. അക്കാലത്തെ സാധാരണക്കാരായ ആളുകള്‍ ഈ പുതിയ വിവര്‍ത്തനം വായിച്ചപ്പോള്‍ ”ബാപ്റ്റിസം” എന്ന ഈ പുതിയ പദത്തിന്റെ അര്‍ത്ഥം എന്തെന്ന് മനസ്സിലായില്ല. തങ്ങളുടെ പുരോഹിതന്മാര്‍ നവജാതശിശുക്കളുടെ മേല്‍ നടത്തുന്ന ‘തളിക്കല്‍’ കര്‍മ്മത്തിന്റെ പേരായി അവര്‍ അതിനെ മനസ്സിലാക്കി. അങ്ങനെ ”ബാപ്റ്റിസം” എന്നാല്‍ ”തളിക്കല്‍” എന്ന ശിശുസ്‌നാന കര്‍മ്മമായി അറിയപ്പെട്ടു.

ആ വിവര്‍ത്തനം വ്യത്യസ്തമായിരുന്നു എങ്കില്‍ യോഹന്നാന്റെ പേരിന് ഒപ്പമുള്ള വിശേഷണം സ്‌നാപകന്‍ എന്നതിന് പകരം മറ്റൊന്ന് ആകുമായിരുന്നു. എന്നാല്‍ പ്രസ്തുത ഗ്രീക്ക് പദത്തിന്റെ ശരിയായ വിവര്‍ത്തനം ഉള്ള ഒരു ബൈബിളുപോലും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ഒരു പക്ഷേ അങ്ങനെ ചെയ്താല്‍ ശിശുസ്‌നാനം അംഗീകരിച്ച ഭൂരിപക്ഷം ക്രൈസ്തവരും അതിനെ സ്വീകരിക്കാന്‍ മടിച്ചെന്നു വരാം. അതുകൊണ്ട് ഇന്നു നാം കാണുന്ന ബൈബിള്‍ വിവര്‍ത്തനങ്ങളെ ഒക്കെ സ്വാധീനിച്ചിരിക്കുന്ന ഒരു പ്രധാന ഘടകം സത്യത്തെക്കാള്‍ ഉപരി സാമ്പത്തിക വശമാണ്.

യേശു യോഹന്നാന്റെ അടുത്തേക്ക് സ്‌നാനത്തിനായി കടന്നു വരുമ്പോള്‍ യോഹന്നാന്‍ ഇങ്ങനെ പറഞ്ഞു. ”ഞാന്‍ നിന്നെ സ്‌നാനപ്പെടുത്തിക്കൂടാ, നിന്നാല്‍ സ്‌നാനമേല്‍ക്കുവാന്‍ എനിക്ക് ആവശ്യം.” യഥാര്‍ത്ഥത്തില്‍ യേശുവിന് സ്‌നാനം ആവശ്യമായിരുന്നില്ല. കാരണം തങ്ങളുടെ പാപങ്ങളില്‍ നിന്ന് മാനസാന്തരപ്പെട്ടവര്‍ക്ക് ആയിരുന്നു യോഹന്നാന്‍ സ്‌നാനം നല്‍കിയിരുന്നത്. യേശു ബോധപൂര്‍വ്വമോ അല്ലാതെയോ, ഒരിക്കല്‍പോലും പാപം ചെയ്തിരുന്നില്ല. യേശു ജനിച്ചതു തന്നെ വിശുദ്ധനായിട്ടായിരുന്നു. നമ്മെപ്പോലെ പാപ പ്രകൃതിയില്‍ ആയിരുന്നില്ല. എന്നിട്ടും സ്‌നാനം ഏല്‍ക്കുവാന്‍ നിന്നിരുന്നവരുടെ കൂട്ടത്തില്‍ എന്തുകൊണ്ടാണ് യേശുവും നില ഉറപ്പിച്ചത്? മറ്റ് ഏതൊരു യെഹൂദ മരപ്പണിക്കാരനേയും പോലെയായിരുന്നു വേഷത്തിലും ഭാവത്തിലും യേശു അവിടെ നിന്നിരുന്നത്. യോഹന്നാന്‍ അല്ലാതെ മറ്റാരും യേശുവിനെ തിരിച്ചറിഞ്ഞതുമില്ല.

ആ സമയം യേശുവിന്റെ മനസ്സില്‍ പല ചിന്തകളും കടന്നു വന്നെന്നിരിക്കാം. ”പല പാപങ്ങളും ചെയ്ത ശേഷം ഇപ്പോള്‍ മാനസാന്തരപ്പെട്ട് സ്‌നാനം ഏല്‍ക്കുവാന്‍ വന്നതാണെന്ന് ആളുകള്‍ കരുതിയേക്കാം. അത് സാക്ഷ്യത്തെ പ്രതികൂലമായി ബാധിക്കാന്‍ ഇടയുണ്ട്.” ഇങ്ങനെ പലതും. എന്നാല്‍ അത്തരം ചിന്തകളൊന്നും യേശുവിനെ പിന്‍തിരിപ്പിച്ചില്ല. ഇവിടെയായിരിക്കുന്ന പാപികളോട് അനുരൂപപ്പെടുവാനും സ്‌നാനം ഏല്‍ക്കുന്ന അവരുടെ കൂട്ടത്തില്‍ എണ്ണപ്പെടുവാനും തന്നോട് കല്പിച്ച പിതാവിന്റെ ശബ്ദത്തെ അനുസരിക്കാനായിരുന്നു യേശുവിന്റെ താത്പര്യം. അതുകൊണ്ട് ഒരിക്കലും പാപം ചെയ്യാതിരുന്നിട്ടു കൂടി പിതാവിനെ അനുസരിക്കുവാന്‍ അവിടുന്നു തയ്യാറായി.

പാപികളോട് ഒപ്പം നില്‍ക്കുവാന്‍ നമുക്ക് താത്പര്യമില്ല. പാപത്തില്‍ ജീവിക്കുന്നവരെ നമ്മെക്കാള്‍ താഴ്ന്നവരായി കാണുവാനാണ് നമ്മുടെ താത്പര്യം. അതുകൊണ്ട് തന്നെ നമ്മുടെ ശുശ്രൂഷയ്ക്ക് ആഴം ഉണ്ടാകുന്നില്ല. എന്നാല്‍ യേശു പാപികളോട് പൂര്‍ണ്ണമായും താദാത്മ്യപ്പെട്ടു. തന്നില്‍ പാപത്തിന്റെ ഒരു കണികപോലും ഇല്ലാതിരുന്നിട്ടുകൂടി. ഈ മാതൃക പിന്‍പറ്റുവാന്‍ തക്കവണ്ണം നമുക്ക് അധികം താഴ്മ ഉണ്ടാകേണ്ടിയിരിക്കുന്നു. നാം ആരെക്കാളും മെച്ചപ്പെട്ടവരല്ല. അതിനപ്പുറമായ ഒരു ചിന്ത നമ്മെ ഭരിക്കുന്നു എങ്കില്‍ ദൈവം നമ്മോട് കരുണ കാണിക്കട്ടെ.

യേശു യോഹന്നാനോട് പറഞ്ഞു: ”നീ എന്നെ സ്‌നാനപ്പെടുത്തിയേ മതിയാവൂ. എനിക്ക് അങ്ങനെ മാത്രമേ നീതി നിറവേറ്റുവാന്‍ കഴിയൂ.” യേശുവിനെ സംബന്ധിച്ച് നീതിയെന്നത് തന്റെ പിതാവിന്റെ ഹിതം നിറവേറ്റുന്നതായിരുന്നു.


മൂന്ന് പരീക്ഷകള്‍


നാലാം അധ്യായത്തിന്റെ 1 മുതല്‍ 11വരെ വാക്യങ്ങളില്‍ യേശുവിന്റെ പരീക്ഷകളെക്കുറിച്ച് നാം വായിക്കുന്നു. എബ്രായര്‍ 4:15-ല്‍ ”യേശു സകലത്തിലും നമുക്ക് തുല്യനായി പരീക്ഷിക്കപ്പെട്ടു. എങ്കിലും പാപം ചെയ്തില്ല.” കൗശലക്കാരായ ചില ക്രിസ്ത്യാനികള്‍ ഈ പ്രസ്താവനയെക്കുറിച്ച് യേശുവിന് പാപം ചെയ്യുവാന്‍ കഴിയുമായിരുന്നോ അതോ യേശുവിന് പാപം ചെയ്യുവാന്‍ അസാദ്ധ്യമായിരുന്നോ എന്നൊക്കെയുള്ള ചോദ്യങ്ങളിലൂടെ അപഗ്രഥിക്കുവാനും, കുഴയ്ക്കുവാനും വിരുത് കാട്ടിയിട്ടുണ്ട്. ചിലര്‍ പറയുന്നു യേശുവിന് പാപം ചെയ്യുവാന്‍ സാദ്ധ്യമായിരുന്നില്ല എന്ന്. മറ്റു ചിലര്‍ പറയുന്നു പാപം ചെയ്യാതിരിക്കുവാനുള്ള കഴിവായിരുന്നു യേശുവില്‍ ഉണ്ടായിരുന്നത് എന്ന്. ഇത്തരം സംവാദങ്ങളില്‍ ഒന്നും നമുക്ക് ഇടപെടേണ്ടതില്ല. സാധാരണക്കാരായ ആളുകളുടെ മനഃശാസ്ത്രം വളരെ സങ്കീര്‍ണ്ണവും വിഷമകരവുമാണ്. അങ്ങനെയെങ്കില്‍ യേശുവിന്റെ മനസ്സിനെ എങ്ങനെയാണ് നമുക്ക് അപഗ്രഥിക്കാന്‍ കഴുയുക? യേശു നമ്മെപ്പോലെ പരീക്ഷിതന്‍ ആയെന്നും അവിടുന്നു പാപം ഒന്നും ചെയ്തില്ലെന്നും മാത്രം നാം അറിഞ്ഞിരുന്നാല്‍ മതി. അതില്‍ അവിടുന്നു നമുക്കൊരു മാതൃകയായിരുന്നു. അവിടുന്നു ദൈവം ആയിരുന്നു എന്നും ഭൂമിയില്‍ മനുഷ്യനായി അവതരിച്ചു ജീവിച്ച കാലത്തൊന്നും ദൈവികമായ ശക്തികള്‍ താന്‍ ഉപയോഗിച്ചിരുന്നില്ലെന്നും നാം അറിയുന്നു. ദൈവത്തെ പരീക്ഷിക്കുക സാദ്ധ്യമല്ല; എന്നാല്‍ യേശു പരീക്ഷിതനായി. യേശു എന്നെപ്പോലെതന്നെ പരീക്ഷിതനായി എന്നും എന്നാല്‍ പാപം ചെയ്തില്ല എന്നും ബൈബിള്‍ പറയുന്നത് ഞാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. എന്റെ പരീക്ഷകളെ എനിക്ക് അതിജീവിക്കുവാന്‍ കഴിയും എന്ന പ്രത്യാശ എനിക്കു നല്‍കുന്നത് ഈ വിശ്വാസമാണ് (വെളിപ്പാട് 3:21). നാല്‍പതു ദിവസം യേശു പിശാചിനാല്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരുന്നു (ലൂക്കൊ.4:2). ഈ നാല്പതു ദിവസവും അവിടുന്നു പിശാചിനെ എതിര്‍ത്തുകൊണ്ടിരുന്നു. ഇവിടെ നാം വായിക്കുന്നത് ഒടുവിലത്തെ മൂന്നു പരീക്ഷകള്‍ മാത്രമാണ്. ”ഇങ്ങനെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞുകൊണ്ട് ആത്മാവിന്റെ വാളുമായി യേശു ഓരോ പരീക്ഷയേയും നേരിട്ടു ജയിച്ചു. പിശാചും ദൈവത്തിന്റെ വചനത്തില്‍നിന്നുള്ള ഉദ്ധരണികളുമായിട്ടാണ് യേശുവിനെ നേരിട്ടത്: ”അവന്‍ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും എന്ന് എഴുതിയിരിക്കുന്നുവല്ലോ അതുകൊണ്ട് നീ ദേവാലയഗോപുരത്തില്‍നിന്ന് താഴേക്കു ചാടുക”(4:6). അതിനു യേശു ഇങ്ങനെ മറുപടി പറഞ്ഞു: ”നിന്റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത്” എന്നുംകൂടെ എഴുതിയിരിക്കുന്നു(4:7). ഒരു വചനത്തില്‍ത്തന്നെ സത്യത്തിന്റെ പൂര്‍ണ്ണത ലഭിക്കണമെന്നില്ല. മറ്റൊരു വചനവുമായി സന്തുലനം ചെയ്യുമ്പോള്‍ മാത്രമേ സത്യം പ്രകാശിപ്പിക്കപ്പെടുകയുള്ളു. യേശുവിനെ പാപത്തിലേക്കു പ്രേരിപ്പിക്കുവാന്‍ തിരുവെഴുത്തുകളെ ഉദ്ധരിച്ചുകൊണ്ട് പിശാച് ശ്രമിച്ചെങ്കില്‍ തിരുവെഴുത്തുകളില്‍കൂടെ നിങ്ങളെയും തെറ്റിക്കുവാന്‍ അവന്‍ ശ്രമിക്കും. നിങ്ങള്‍ക്കും തിരുവെഴുത്തു നന്നായി അറിഞ്ഞുകൂടായെങ്കില്‍ നിങ്ങളും വഴിതെറ്റിക്കപ്പെടും. പിശാച് തന്റെ നേരേ കൊണ്ടുവന്ന ഓരോ പരീക്ഷയേയും നേരിടുവാനായി യേശുവിന് എപ്പോഴും ഒരു വചനം ഉണ്ടായിരുന്നു. യേശു അഭിമുഖീകരിച്ച ഓരോ പരീക്ഷയുടെയും ഉള്ളടക്കം എന്തെന്നു നാം അറിയുന്നത് പരീക്ഷകളെ നേരിടുമ്പോള്‍ നമുക്കു സഹായകരമാകും.

1.സ്വാര്‍ത്ഥത: (4:1-4) സ്വന്തം വിശപ്പിനുവേണ്ടി കല്ലിനെ അപ്പമാക്കുക.

(a) നിങ്ങളുടെ ആത്മിക ആവശ്യങ്ങളെക്കാള്‍ ഭൗതിക ആവശ്യങ്ങള്‍ക്കു പ്രാധാന്യം കല്‍പിക്കുക. യേശു മറുപടി നല്‍കിയപ്പോള്‍ മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല ദൈവത്തിന്റെ വായില്‍കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു എന്നു പറഞ്ഞു.
(b) നമ്മുടെ വ്യക്തിപരവും ഭൗതികവുമായ നേട്ടത്തിനുവേണ്ടി ദൈവം തന്ന ശക്തിയെ വിനിയോഗിക്കുക. യേശു അങ്ങനെ ചെയ്യുന്നതു നിരസിച്ചു. എന്നാല്‍ യേശു മറ്റാളുകള്‍ക്കു വേണ്ടി അപ്പം വര്‍ദ്ധിപ്പിക്കുവാന്‍ ആ ശക്തി ഉപയോഗിക്കുന്നതായി നാം കണ്ടെത്തുന്നു. അയ്യായിരം പുരുഷന്മാര്‍ക്ക് യേശു അപ്പം ഭാഗിച്ചുകൊടുക്കുന്നത് ശ്രദ്ധിക്കുക. എന്നാല്‍ യേശു ഒരിക്കലും തനിക്കുവേണ്ടിത്തന്നെ അങ്ങനെ ചെയ്തില്ല. ധാരാളം ദൈവദാസന്മാര്‍ ഈ പരീക്ഷയില്‍ വീണതായി നാം കണ്ടെത്തുന്നു. അവര്‍ തങ്ങളുടെ സ്വാര്‍ത്ഥമായ ധനലാഭത്തിനുവേണ്ടി ദൈവം നല്‍കിയിരിക്കുന്ന വരങ്ങളെ ഉപയോഗിക്കുന്നതായി നാം കാണുന്നു.

  1. ഔദ്ധത്യം: (4:5-7) ദേവാലയഗോപുരത്തില്‍നിന്ന് എടുത്തുചാടുകയും ദൈവത്തിന്റെ വാഗ്ദാനത്തെ അഭയം പ്രാപിക്കുകയും ചെയ്യുക.
    (a) ദൈവം പറഞ്ഞിട്ടില്ലാത്ത നിലപാടുകള്‍ എടുക്കുകയും ദൈവത്തിന്റെ വാഗ്ദാനങ്ങളെ അവകാശപ്പെടുകയും ചെയ്ത് അതിക്രമം കാണിക്കുക. യേശു മറുപടിയായി നാം സാഹസങ്ങള്‍ കാട്ടി ദൈവത്തെ പരീക്ഷിച്ചുകൂടാ എന്നു പറയുന്നു. ചില ക്രിസ്ത്യാനികള്‍ തങ്ങളുടെ രോഗാവസ്ഥയില്‍ ഭോഷത്തമായ നിലപാടുകള്‍ സ്വീകരിക്കുകയും മരുന്ന് ഉപയോഗിക്കാതിരിക്കയും ചെയ്യുന്നു. എന്നിട്ട് ദൈവം തങ്ങള്‍ക്ക് അത്ഭുതകരമായ സൗഖ്യം നല്‍കുമെന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു. ഇതു വിശ്വാസമല്ല, ഔദ്ധത്യമാണ്. അത് ആത്മഹത്യാപരമാണ്. മരുന്നുകളും ദൈവത്തിന്റെ ദാനമാണ്. അവയെ നാം ഉപയോഗിക്കേണ്ടിയിരിക്കുന്നു. ദേവാലയഗോപുരത്തില്‍ നാം നില്‍ക്കുന്ന പടി ഇടിഞ്ഞു താഴേക്കു വീഴുകയാണെങ്കില്‍ ദൈവത്തിന്റെ വാഗ്ദാനം നമുക്ക് ഉപയോഗിക്കാം. അതേ സമയം നാം എടുത്തുചാടുകയാണെങ്കില്‍ ദൈവം ഒരിക്കലും നമ്മെ സംരക്ഷിക്കുകയില്ല. മരുന്നുകള്‍ കിട്ടാത്ത ഒരു പ്രദേശത്ത് നാം ആയിരിക്കുന്നു എങ്കില്‍ മരുന്നുകൂടാതെ നമ്മെ സൗഖ്യമാക്കുവാന്‍ നമുക്കു ദൈവത്തോടു പ്രാര്‍ത്ഥിക്കാം. ഔഷധങ്ങള്‍ ലഭ്യമായിരിക്കുന്ന ഒരിടത്ത് അങ്ങനെ പ്രാര്‍ത്ഥിക്കുന്നത് ഔദ്ധത്യമാണ്.
    (b) നിങ്ങള്‍ ഒരു ദൈവപുരുഷനാണെന്നു മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യുക. മനുഷ്യമാനം ലഭിക്കാനുള്ള ഒരു പരീക്ഷ. യേശു മനുഷ്യരുടെ മാനത്തിനുവേണ്ടി അത്ഭുതകരമായി എന്തെങ്കിലും ചെയ്യുവാന്‍ ഒരിക്കലും ആഗ്രഹിച്ചില്ല.
  2. അനുരഞ്ജനപ്പെടുക (4:8-10) സാത്താനെ നമസ്‌കരിക്കുന്നതിലൂടെ ലോകത്തെയും അതിന്റെ മഹത്വത്തെയും നേടുക.

    (a) തെറ്റായ വഴിയിലൂടെ ശരിയായ ഒരു കാര്യം നേടുക. നൈതികമല്ലാത്ത കുറുക്കുവഴിയിലൂടെ നേട്ടം ഉണ്ടാക്കുക. നീതിപൂര്‍വ്വമല്ലാത്ത ഏതു പ്രവൃത്തിയും സാത്താനെ നമസ്‌കരിക്കുകയാണ്. യേശു ക്രൂശിന്റെയും സഹിഷ്ണുതയുടെയുമായ നീണ്ട ക്ലേശകരമായ പാത തിരഞ്ഞെടുക്കുകയും എല്ലാ കുറുക്കുവഴികളെയും ത്യജിക്കുകയും ചെയ്തു.
    (b) ഈ ലോകം നല്‍കുന്ന മഹത്വങ്ങളുടെയും നേട്ടങ്ങളുടെയും പിന്നാലെ പോകുക. ഈ ലോകം (സമൂഹമോ സമുദായമോ സഭയോ) നല്‍കുന്ന ധനം മാനം, സ്ഥാനം, അധികാരം ഇവ. യേശു പറഞ്ഞു സാത്താനെയോ അവന്‍ നല്‍കുന്ന യാതൊന്നിനെയോ ആരാധിക്കാന്‍ പാടില്ല. ദൈവം മാത്രമാണ് ആരാധനയ്ക്കു യോഗ്യന്‍. അധികം ക്രിസ്തീയവേലക്കാരും വിശാലമായ ശുശ്രൂഷകളെ ആഗ്രഹിച്ചുകൊണ്ട് ആളുകളെ പ്രസാദിപ്പിക്കാന്‍ വേണ്ടി തങ്ങള്‍ ഉപദേശിക്കയും പ്രസംഗിക്കുകയും ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്ന നിരവധി കാര്യങ്ങളെക്കുറിച്ച് നിശ്ശബ്ദത പാലിക്കുന്നു. അവര്‍ക്കു ധാരാളം ശുശ്രൂഷകള്‍ ലഭിക്കുകയും ചെയ്യുന്നു. എന്നാല്‍ അവര്‍ പിശാചിനെ തങ്ങളുടെ മനോഭാവത്തിലൂടെയും പ്രവൃത്തിയിലൂടെയും നമസ്‌കരിക്കുന്നു. പിശാച് യേശുവിന്റെ അടുത്തു വന്നതുപോലെ ഇത്തരം വഴികളിലൂടെയെല്ലാം നമ്മുടെ അടുത്തേക്കും വരുന്നു. യേശു ദൈവത്തിന്റെ വചനത്താല്‍ അവനെ ഓടിച്ചതുപോലെ നമുക്കും അവനെ അകറ്റുവാന്‍ കഴിയും.

ഗിരി പ്രഭാഷണം



5,6,7 അദ്ധ്യായങ്ങളില്‍ നാം യേശുവിന്റെ ഗിരിപ്രഭാഷണം വായിക്കുന്നു. ”ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍, സ്വര്‍ഗ്ഗരാജ്യം അവര്‍ക്കുള്ളത്”(5:3). എന്നു പറഞ്ഞുകൊണ്ടാണ് യേശു തന്റെ പ്രഭാഷണം ആരംഭിക്കുന്നത്. സ്വര്‍ഗരാജ്യത്തിലേക്കുള്ള പ്രവേശനത്തിന് ഉണ്ടായിരിക്കേണ്ട പ്രാഥമിക ഗുണമാണ് ആത്മാവിന്റെ ദാരിദ്ര്യം. സ്വര്‍ഗീയ കൊട്ടാരത്തിലെ എല്ലാ വാതിലുകളും തുറക്കാന്‍ ആവശ്യമായ അടിസ്ഥാന ഗുണവും അതുതന്നെ. ആ താക്കോല്‍ ഉപയോഗിച്ച് സ്വര്‍ഗകൊട്ടാരത്തിലെ എല്ലാ മുറികളും തുറക്കുവാനും എല്ലാ സമ്പത്തും കൈവശപ്പെടുത്തുവാനും കഴിയും .

ആത്മാവില്‍ ദരിദ്രനാവുക എന്നാല്‍ എന്താണ്? ഭൗതികമായ ദാരിദ്ര്യത്തിന്റെ ദൃഷ്ടാന്തം ചിന്തിച്ചുകൊണ്ട് നമുക്കതു മനസ്സിലാക്കാന്‍ ശ്രമിക്കാം. സഹായം ചോദിച്ചുകൊണ്ട് നിങ്ങളുടെ പടിവാതില്ക്കല്‍ വരുന്ന ഒരു യാചകനെക്കുറിച്ചു ചിന്തിക്കുക. നിങ്ങള്‍ അയാള്‍ക്കു സഹായം നല്‍കുന്നു. പിറ്റേന്നു കാലത്തും അയാള്‍ വീണ്ടും എത്തുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലെല്ലാം അയാള്‍ വീണ്ടും വീണ്ടും എത്തുന്നു. എന്തുകൊണ്ടാണത്? അയാളുടെ ആവശ്യം സ്ഥായിയായത് ആണ്. അയാള്‍ എപ്പോഴും അയാളുടെ ആവശ്യത്തെക്കുറിച്ചു ബോധവാനായിരിക്കുന്നു. അത് അയാളെ എളിമയുള്ളവനാക്കുകയും ലജ്ജയില്ലാതെ നിങ്ങളുടെ പടിവാതില്‍ക്കല്‍ എത്തുവാനും യാചിക്കുവാനും നിര്‍ബന്ധിതനാക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു ഉദാരമതിയാണെന്ന് അയാള്‍ മനസ്സിലാക്കിയിരിക്കുന്നു.

ആത്മാവില്‍ ദരിദ്രനാവുക എന്നത് ഏതാണ്ട് ഇങ്ങനെയാണ്. നാം ദൈവത്തിന്റെ അടുക്കലേക്കു ചെന്നിട്ട് ‘കര്‍ത്താവേ, ഞാന്‍ ആത്മീയമായിട്ട് വളരെ കുറവുള്ളവനാണ്. അങ്ങ് എനിക്കു നല്‍കുന്നില്ലെങ്കില്‍ അങ്ങയുടെ വചനം വേണ്ട രീതിയില്‍ ഗ്രഹിക്കുവാനുള്ള പ്രാപ്തി എനിക്കില്ല. ഞാന്‍ പാപത്തില്‍ വീണുപോവാന്‍ ഇടയുണ്ട്; എല്ലാ ദിവസവും ഞാന്‍ പരാജയപ്പെടുവാന്‍ സാധ്യതയുണ്ട്’ എന്നു കേണപേക്ഷിക്കുന്നു. അടുത്ത ദിവസവും നാം അധികം മുട്ടിപ്പായി യാചിക്കുന്നു. ഇങ്ങനെ എല്ലാ ദിവസവും തുടരുന്നു. കാരണം, നമ്മുടെ ആവശ്യം വലുതും സ്ഥായിയായതും ആണ്. യേശു പറഞ്ഞു സ്വര്‍ഗരാജ്യത്തിന്റെ മുഴുവന്‍ ഗുണവും അങ്ങനെയുള്ളവര്‍ക്ക് സ്വന്തമാക്കാന്‍ കഴിയും. ജീവിതം മുഴുവന്‍ ഈ മനോഭാവം നമുക്കുണ്ടായിരിക്കുമെങ്കില്‍ സ്വര്‍ഗരാജ്യം നമ്മുടെ സ്വന്തമായിരിക്കും. ധാരാളം ആളുകളെ ക്രിസ്തുവിലേക്കു നടത്തുകയും സഭ പണിയുകയും ഒക്കെ ചെയ്യുവാന്‍ ദൈവം നിങ്ങളെ ശക്തിയോടെ ഉപയോഗിക്കുമ്പോഴും ആത്മാവിലെ ദാരിദ്ര്യം സൂക്ഷിക്കേണ്ടതുണ്ട് എന്ന കാര്യം നിങ്ങള്‍ മറക്കരുത്. അപ്പോഴും വീണ്ടും നാം കര്‍ത്താവിങ്കലേക്കു ചെല്ലുകയും ‘കര്‍ത്താവേ, ഞാന്‍ ദരിദ്രനാണ് എന്നെ പഠിപ്പിക്കണമേ; എനിക്കു ശക്തി നല്‍കേണമേ; അങ്ങയുടെ ആത്മാവിനാല്‍ എന്നെ നിറയ്‌ക്കേണമേ; എന്നെ ശുദ്ധീകരിക്കണമേ’ എന്നു നിങ്ങള്‍ പ്രാര്‍ത്ഥിക്കയും വേണം. അത്തരം ദരിദ്രന്മാര്‍ മാത്രമേ, യാചകര്‍ മാത്രമേ വിശുദ്ധര്‍ ആവുകയും ദൈവം അവരെ ശക്തിയായി ഉപയോഗിക്കുകയും ചെയ്യുകയുള്ളു. അത്തരം യാചകര്‍ക്കു മാത്രമേ ദൈവത്തില്‍നിന്ന് ഏറ്റവും മെച്ചമായ ആത്മീയസമ്പത്തു പ്രാപിക്കാന്‍ കഴിയുകയുള്ളു. മനുഷ്യരോട് യാചിക്കുന്നത് അപമാനകരമാണ്. എന്നാല്‍ ആത്മീയമായി ഏറ്റവും ഉന്നതമായ കാര്യം ദൈവത്തോടു യാചിക്കുന്നതാണ്. ആത്മികമായി ഇപ്പോള്‍ത്തന്നെ ദൈവം എനിക്കു വളരെ സമ്പത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇനിയും ധാരാളം എനിക്കു നല്‍കുവാന്‍ ദൈവത്തിനു കഴിയും എന്നെനിക്കറിയാം. അതെല്ലാം തന്നെ എനിക്കു വേണം. നിങ്ങള്‍ എല്ലാവരെയും ഇത്തരം യാചകരായിത്തീരുവാന്‍ ഞാന്‍ ഉത്സാഹിപ്പിക്കുന്നു.

”ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍ അവര്‍ ദൈവത്തെ കാണും”(5:8). ഒരു ശുദ്ധമായ ഹൃദയവും ശുദ്ധമായ മനസ്സാക്ഷിയും; രണ്ടും രണ്ടാണ്. ശുദ്ധമായ മനസ്സാക്ഷി എന്നാല്‍ പാപത്തില്‍നിന്നു മുക്തമായ ഒരു ഹൃദയം എന്നു മാത്രമേ അര്‍ത്ഥമുള്ളു- എല്ലാ പാപവും ഏറ്റുപറഞ്ഞ് മോചനം പ്രാപിച്ച ഒരു ഹൃദയം. എന്നാല്‍ ശുദ്ധമായ ഹൃദയം എന്നാല്‍ എല്ലാ കാര്യങ്ങളില്‍ നിന്നും സ്വാതന്ത്ര്യം നേടി ദൈവത്തിനു മാത്രം സ്ഥാനമുള്ള ഒരു ഹൃദയമാണത്. അതുപോലെ ശുദ്ധമായ മനസ്സാക്ഷിയുള്ള ഒരുവന് ദൈവത്തെ കൂടാതെ അനുവദനീയമായ മറ്റു പലതും ഹൃദയത്തില്‍ കൊണ്ടുനടക്കുവാന്‍ കഴിയും. ലോകത്തില്‍ ഉന്നതമായ നല്ല ലക്ഷ്യങ്ങള്‍ വയ്ക്കുവാന്‍ ശുദ്ധമായ ഒരു മനസ്സാക്ഷിക്കു കഴിയും. എന്നാല്‍ ഹൃദയശുദ്ധിയുള്ള ഒരുവന് ഒരേയൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരിക്കുകയുള്ളു. ദൈവത്തെ പ്രസാദിപ്പിക്കുക. അവന്റെ മുഴുവന്‍ ഹൃദയവും ദൈവത്തിനു നല്‍കപ്പെട്ടതായിരിക്കും.

നിങ്ങളുടെ ഹൃദയം ശുദ്ധമെങ്കില്‍ എല്ലായിടത്തും നിങ്ങള്‍ ദൈവത്തെ കാണും. നിങ്ങളുടെ എല്ലാ സാഹചര്യങ്ങളിലും-ആളുകള്‍ നിങ്ങളെ സഹായിക്കുമ്പോഴും നിങ്ങളെ ശപിക്കുമ്പോഴും നിങ്ങളെ ഉപദ്രവിക്കുമ്പോഴും- നിങ്ങള്‍ ദൈവത്തെത്തന്നെ കാണും. ശിമയി തന്നെ ശപിച്ചപ്പോള്‍ ദാവീദ് ദൈവത്തെ കണ്ടതുപോലെ. നിങ്ങളുടെ ഹൃദയം ശുദ്ധമല്ലെങ്കില്‍ നിങ്ങള്‍ കാണുന്നത് നിങ്ങളെ ഉപദ്രവിക്കുന്ന ആളുകളെ-നിങ്ങളുടെ ഭാര്യയെ, ഭര്‍ത്താവിനെ, അയല്‍ക്കാരെ -ആയിരിക്കും. ശുദ്ധമല്ലാത്ത ഹൃദയം ഉള്ള ഒരു വ്യക്തിക്ക് ധാരാളം പ്രശ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ ശുദ്ധമായ ഒരു ഹൃദയമുള്ളവന്‍ യേശു പറഞ്ഞതുപോലെ എല്ലാറ്റിലും ദൈവത്തെ കാണുന്നതുകൊണ്ട് അനുഗൃഹീതനായിരിക്കും.

5:20 മുതല്‍ 6:18 വരെയുള്ള വാക്യങ്ങളില്‍ ആന്തരികജീവനാണ് കര്‍ത്താവ് ഊന്നല്‍ കൊടുത്തിരിക്കുന്നത്. പരീശന്മാരുടെ നീതി ബാഹ്യമായ ഒന്നാണെന്നും നമ്മുടെ നീതി അതിനെ കവിയുന്ന ഒന്നായിരിക്കണമെന്നുമാണ് 20-ാം വാക്യത്തില്‍ കാണുന്നത്. യഥാര്‍ത്ഥവിശുദ്ധി ആരംഭിക്കുന്നത് അകമേനിന്നാണ്. കര്‍ത്താവ് അന്വേഷിക്കുന്നത് നീതിയിലെ ഗുണത്തെയാണ്, അളവിനെയല്ല. നമ്മുടെ നീതിയുടെ നിലവാരം അടിസ്ഥാനപരമായിത്തന്നെ പരീശന്മാരുടെ നീതിയേക്കാള്‍ ഉയര്‍ന്നതാകണം. അവരുടെ നീതി ഭൗമികവും ബാഹ്യവും മനുഷ്യരുടെ മാനം ലക്ഷ്യമാക്കിയുള്ളതുമായിരുന്നു. എന്നാല്‍ ദൈവരാജ്യത്തില്‍ ആന്തരികജീവന്‍ തന്നെയാണ് ഏറ്റവും പ്രധാനമായിട്ടുള്ളത്. നമ്മുടെ പ്രവൃത്തികളും അകമേയുള്ള ജീവന്റെ ഒഴുക്കായി വരേണ്ടതുണ്ട്. കൊലപാതകത്തില്‍ നിന്നും വ്യഭിചാരത്തില്‍ നിന്നുമുള്ള നമ്മുടെ സ്വാതന്ത്ര്യം അന്തരാത്മാവില്‍ നിന്നു തന്നെയുള്ളതായിരിക്കണം(5:21-30). കാരണം, ദൈവരാജ്യം വസിക്കുന്നത് നമ്മുടെ അന്തരാത്മാവില്‍ ആണ്.

6:1-18-ല്‍ നമ്മുടെ ദാനങ്ങള്‍, പ്രാര്‍ത്ഥന, ഉപവാസം ഇവ ദൈവത്തിന്റെ മുമ്പാകെ മാത്രമായിരിക്കുവാന്‍ നാം പരിശീലിക്കേണ്ടതുണ്ടെന്നു യേശു പറയുന്നു. ഉപവാസത്തെക്കുറിച്ചു നമുക്കു ചിന്തിക്കാം. നമ്മുടെ നാട്ടില്‍ ഉപവസിക്കുന്ന എല്ലാ ക്രിസ്ത്യാനികളും അതേക്കുറിച്ചു വാ തോരാതെ സംസാരിക്കുന്നവരാണ്. എന്നാല്‍ യേശു ഉപവാസത്തെക്കുറിച്ചു നല്‍കിയ-‘നിങ്ങള്‍ ഉപവസിക്കുമ്പോള്‍ രഹസ്യത്തില്‍ ആയിരിക്കണം’ എന്ന- കല്‍പ്പനയെ അവര്‍ ലംഘിക്കുന്നു. ദൈവം ആദാമിന് ഒരു കല്‍പ്പനയേ നല്‍കിയിരുന്നുള്ളു. അതു മാത്രമേ ആദാം ലംഘിച്ചും ഉള്ളു. കുട്ടികള്‍ക്ക് ഒരു കല്‍പന മാത്രമേ നല്‍കുന്നുള്ളു-നിങ്ങളുടെ മാതാപിതാക്കളെ അനുസരിക്കുക. അതു മാത്രമേ അവര്‍ ലംഘിക്കുന്നുമുള്ളു. അതുപോലെതന്നെയാണ് ഉപവസിക്കുന്നവരും. എന്നാല്‍ പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും ദാനം ചെയ്യുകയും അത് ആരോടും പറയാതിരിക്കുകയും ചെയ്യുന്ന ഒരു തലമുറയെ നാം വാര്‍ത്തെടുക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ മാനം ഇതിലൊക്കെ ആഗ്രഹിക്കുന്ന ദുര്‍മ്മോഹം ഗൂഢമായി നമ്മുടെ ഉള്ളില്‍ ഇരിക്കുന്നുണ്ട്. അതുകൊണ്ടാണ് നാം ഇതൊക്കെ പുറത്തു പറയുന്നത്. എന്നാല്‍ സ്വര്‍ഗത്തില്‍ നമുക്കുള്ള പ്രതിഫലം അതോടെ നഷ്ടമാകുമെന്ന് കര്‍ത്താവു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭൂമിയില്‍ നമുക്കുള്ള അഭിഷേകവും അതോടെ നഷ്ടമാകുന്നു.

ഏഴാം അദ്ധ്യായത്തില്‍ ആരെയും വിധിക്കരുത് എന്ന മുന്നറിയിപ്പു നല്‍കുമ്പോഴും ആടുകളുടെ വേഷത്തില്‍ വരുന്ന കള്ളപ്രവാചകന്മാരെ വിവേചിച്ചറിയണമെന്ന് അവിടുന്നു നമുക്കു മുന്നറിയിപ്പു തരുന്നു (7:15). കൃത്യമായ ഉപദേശത്തെയാണ് ആടുകളുടെ വേഷം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരു കള്ളപ്രവാചകന്‍ കൃത്യമായ ഉപദേശം പ്രസംഗിക്കുന്ന ആളായിരിക്കാം. എന്നാല്‍ ഉള്ളില്‍ അയാള്‍ ഒരു ചെന്നായ് ആയിരിക്കും. ചെന്നായുടെ താല്‍പര്യം ആടുകളുടെ മാംസരക്തങ്ങളിലാണ്..അതുപോലെ കള്ളപ്രവാചകന്മാരും സാധുക്കളായ വിശ്വാസികളെ തങ്ങളുടെ സ്വാര്‍ത്ഥത്തിനായി ഉപയോഗിച്ചു മുതലെടുക്കുന്നു. അയാളുടെ വാക്കുകള്‍ മാത്രം നാം ശ്രദ്ധിക്കുന്നുവെങ്കില്‍ അയാള്‍ ഒരു ആടോ ഇടയനോ എന്നു തോന്നിപ്പോകും. എന്നാല്‍ സാമ്പത്തികമായോ മറ്റേതെങ്കിലും ലക്ഷ്യത്തോടു കൂടിയോ നിങ്ങളെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അയാള്‍ ഒരു ചെന്നായ് ആയിമാറുന്നു. അത്തരം ഒരു വ്യക്തി ക്രിസ്തുവിന്റെ നാമത്തില്‍ നിങ്ങളുടെ ധനമോ അനുസരണമോ ലക്ഷ്യം വയ്ക്കുന്നവനായിരിക്കും.

നിര്‍ഭാഗ്യവശാല്‍ ഇന്ന് ആളുകള്‍ ഉപദേശങ്ങള്‍ തെറ്റായി പഠിപ്പിക്കുന്ന ഒരുവനെ ആണ് കള്ളപ്രവാചകന്‍ എന്ന് ധരിച്ചിരിക്കുന്നത്. എന്നാല്‍ കള്ളപ്രവാചകന്മാരെ അവരുടെ ഉപദേശത്തില്‍ നിന്നല്ല, ശുശ്രൂഷയുടെ ഫലത്തില്‍ നിന്നുമല്ല, അവരുടെ സ്വഭാവത്തിലെ ആത്മാവിന്റെ ഫലങ്ങളാല്‍ തിരിച്ചറിയണമെന്ന് യേശു പറഞ്ഞു (7:16). ഒരു ശുശ്രൂഷകന്റെ വരങ്ങളാല്‍ നാം വഞ്ചിതരാകരുത് – അത് എത്ര അത്ഭുതകരമായ പ്രകൃത്യാതീതമായ വരങ്ങള്‍ ആണെങ്കില്‍ പോലും. നിങ്ങളോടുതന്നെ ചോദിക്കുക. അയാളില്‍ ക്രിസ്തുവിന്റെ ആത്മാവ് ഉണ്ടോ? അയാള്‍ എളിമയുള്ള ഒരു സഹോദരന്‍ ആണോ? അയാള്‍ പണസ്‌നേഹത്തില്‍ നിന്ന് മുക്തനാണോ? തന്റെ പ്രസംഗത്തില്‍ വിശുദ്ധിക്കാണോ അയാള്‍ ഊന്നല്‍ നല്‍കുന്നത്? സ്ത്രീകളുമായുള്ള അയാളുടെ ബന്ധം നിര്‍മ്മലമാണോ? ഇത്തരം കാര്യങ്ങളില്‍ കൂടെ കള്ള പ്രവാചകന്മാരെ നമുക്ക് തിരിച്ചറിയാം. കഴിഞ്ഞ 40-ല്‍ അധികം വര്‍ഷങ്ങളായി ഇത്തരം കാര്യങ്ങളില്‍കൂടെ ദൈവം എന്നെ വഞ്ചനയില്‍നിന്ന് രക്ഷിക്കുന്നു. ക്രൈസ്തവലോകത്തില്‍ അധികമാളുകളും വഞ്ചിക്കപ്പെടുന്നതും അവര്‍ ശുശ്രൂഷകരെ അളക്കുന്നതും അവരുടെ ഉപദേശങ്ങളാലാണ്.

ഗിരിപ്രഭാഷണത്തില്‍ ഉടനീളം ആത്മാവിന്റെ ഫലങ്ങളെക്കുറിച്ച് സംസാരിച്ച ശേഷം അവസാനമായി ആത്മവരങ്ങളെക്കുറിച്ച് യേശു പരാമര്‍ശിക്കുന്നു. കര്‍ത്താവേ, ഞങ്ങള്‍ നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കി, ഞങ്ങള്‍ നിന്റെ നാമത്തില്‍ അത്ഭുതപ്രവൃത്തികളെ ചെയ്തു എന്നൊക്കെ പറഞ്ഞുകൊണ്ട് അന്ത്യനാളില്‍ പലരും തന്റെ അടുക്കല്‍ വരുമെന്ന് യേശു പറഞ്ഞു (7:22). എന്നാല്‍ കര്‍ത്താവ് അവരോട് ഇങ്ങനെ മറുപടി പറയും: ”നിങ്ങള്‍ എന്നെ വിട്ട് പോകുവിന്‍. നിങ്ങള്‍ അധര്‍മ്മത്തില്‍ ആയിരുന്നു ജീവിച്ചത്.” അവര്‍ യേശുവിന്റെ നാമത്തില്‍ പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷേ അവര്‍ യേശുവില്‍ നിന്ന് അകന്ന് നരകത്തില്‍ അവസാനിച്ചു.

ഇന്ന് പതിനായിരക്കണക്കിന് ജനങ്ങളുടെ സാന്നിധ്യത്തില്‍ രജതപ്രഭയില്‍ ഉച്ചഭാഷിണികളുടെ ഘോഷത്തില്‍ കൃത്യമായ ഉപദേശങ്ങള്‍ പ്രസംഗിക്കുകയും, അനേകര്‍ സൗഖ്യം പ്രാപിക്കുകയും ചെയ്യുന്ന വലിയ ഒരു സുവിശേഷ യോഗത്തില്‍ പ്രസംഗിക്കുന്ന ശുശ്രൂഷകനെ കാണുമ്പോള്‍ അത്തരം ഒരു വ്യക്തി ഒടുവില്‍ നരകത്തില്‍ അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന യേശുവിന്റെ വാക്കുകള്‍ നിങ്ങളില്‍ എത്രപേര്‍ക്ക് ഓര്‍മ്മിക്കാന്‍ കഴിയും? 99.9% വിശ്വാസികള്‍ക്കും അത് കഴികയില്ലെന്ന് ഞാന്‍ വിചാരിക്കുന്നു. യേശുവിന്റെ വ്യക്തമായ ഒരു മുന്നറിയിപ്പിനു ശേഷവും അധികം വിശ്വാസികളും ശുശ്രൂഷകരെ മതിക്കുന്നത് വരങ്ങളാല്‍ ആണ് സ്വഭാവത്താല്‍ അല്ല. നാം ഒരിക്കലും ഒരു വ്യക്തിയുടെ വരങ്ങളാല്‍ സ്വാധീനിക്കപ്പെടാന്‍ പാടില്ല.

കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. നിരവധി വര്‍ഷങ്ങളായി ഈ കാര്യം ഞാന്‍ പ്രഘോഷിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ യേശു പറഞ്ഞ ഈ സത്യങ്ങളെ വിശ്വസിക്കുന്നവര്‍ തുലോം വിരളമാണ്. അതിന്റെ കാരണം നമ്മുടെ അഹന്ത, യേശുവിന്റെ വചനത്തേക്കാള്‍ അധികം സ്വന്ത വിവേകത്തില്‍ ആശ്രയിക്കാന്‍ ആണ് നമ്മെ പ്രേരിപ്പിക്കുന്നത്. ”ദൈവം സത്യവാനും സകല മനുഷ്യരും ഭോഷ്‌കു പറയുന്നവരും” എന്നല്ലോ വചനം (റോമര്‍ 3:4).

യേശു പറഞ്ഞതിന്റെ മറുവശം നമുക്കു ചിന്തിക്കാം. ന്യായവിധിനാളില്‍ ഒരു വിശ്വാസി ഇങ്ങനെ പറയുന്നു. ”കര്‍ത്താവേ, ഞാന്‍ നിന്റെ കൃപയാല്‍ രക്ഷ പ്രാപിച്ചു. നിന്റെ കൃപയാല്‍ ഞാന്‍ ഒരു ജയാളിയായി ജീവിച്ചു. പക്ഷേ എനിക്ക് ഒരിക്കല്‍പോലും ഒരു രോഗിയെ സൗഖ്യമാക്കാനോ, ഒരു ഭൂതത്തെ പുറത്താക്കാനോ കഴിഞ്ഞിട്ടില്ല.” അങ്ങനെയെങ്കില്‍ കര്‍ത്താവ് അവനോട് പറയുമോ ”അത്ഭുതം പ്രവര്‍ത്തിക്കാത്തവനേ, ഭൂതത്തെ പുറത്താക്കാത്തവനേ എന്നെ വിട്ടു പോവുക” എന്ന്? ഒരിക്കലുമില്ല. അത് അസാദ്ധ്യം ആണ്.

ഫലങ്ങള്‍ കൂടാതെ വരങ്ങള്‍ മാത്രം ഉള്ളവനാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ നരകത്തില്‍ എത്തുവാന്‍ സാദ്ധ്യതയുണ്ട്. എന്നാല്‍ വരങ്ങള്‍ കൂടാതെ ഫലങ്ങള്‍ മാത്രം ഉള്ളവനാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും ദൈവരാജ്യത്തില്‍ പ്രവേശിക്കതന്നെ ചെയ്യും. വലിയ വഞ്ചനയുടെ നാളുകളില്‍ ആണ് നാം ജീവിക്കുന്നത്. അതുകൊണ്ട് നാം ശ്രദ്ധിക്കുന്ന പ്രസംഗകരെ നമുക്ക് വിവേചിക്കേണ്ടിയിരിക്കുന്നു.

അഭിനന്ദനവും പ്രോത്സാഹനവും

8-ാം അധ്യായത്തില്‍ യേശു ചെയ്ത ചില അത്ഭുതങ്ങളെക്കുറിച്ചു നാം വായിക്കുന്നു. യേശു പ്രസംഗിക്ക മാത്രമല്ല അവിടുന്ന് ആളുകള്‍ക്ക് വേണ്ടി കരുതുക കൂടി ചെയ്തിരുന്നു. ആരും സ്പര്‍ശിക്കാത്ത കുഷ്ഠരോഗികളെ സ്പര്‍ശിക്കുമായിരുന്നു. അതിലൂടെ അവരെ സൗഖ്യമാക്കുക മാത്രമല്ല തങ്ങളും വിലയുള്ളവരാണെന്ന ബോധം അവരില്‍ ഉളവാക്കുക കൂടി ചെയ്തിരുന്നു. ഇവിടെ നാം റോമന്‍ ശതാധിപനെക്കുറിച്ച് വായിക്കുന്നു. വലിയ വിശ്വാസവും താഴ്മയും ഉള്ള വലിയ വ്യക്തിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പരിചാരകനെ സൗഖ്യമാക്കുവാന്‍ യേശു തന്റെ വീട്ടിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ”കര്‍ത്താവേ, നീ എന്റെ വീട്ടിലേക്ക് വരുവാന്‍ ഞാന്‍ യോഗ്യനല്ല. ഒരു വാക്ക് കല്പിച്ചാല്‍ മതി എന്റെ പരിചാരകന് സൗഖ്യം വരും” വിശ്വാസവും താഴ്മയും ചേര്‍ന്നു പോകുന്ന രണ്ട് കാര്യങ്ങളാണ് നാം ഇവിടെ കാണുന്നത്. യേശു പെട്ടെന്ന് അതിന് മറുപടി പറഞ്ഞു. ”യിസ്രായേലില്‍ കൂടെ ഞാന്‍ ഇത്ര വലിയ വിശ്വാസം കണ്ടിട്ടില്ല” എന്ന് (8:10).

യേശു ആളുകളെ കലവറ കൂടാതെ അഭിനന്ദിക്കുകയും ഉത്സാഹം പകരുകയും ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു. അവിടുന്ന് ഒരിക്കല്‍ പത്രോസിനെ ഇങ്ങനെ പ്രശംസിച്ചു ”ബര്‍യോനാ ശിമോനേ, നീ ഭാഗ്യവാന്‍. സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവാണ് ഇത് നിനക്ക് വെളിപ്പെടുത്തിത്തന്നത്” (മത്തായി 16:17). നഥനയേലിനോട് യേശു പറഞ്ഞു ”ഇതാ കപടമില്ലാത്ത ഒരു മനുഷ്യന്‍”(യോഹ 1:47). യേശു ആളുകളെ പ്രശംസിക്കുന്നതില്‍ ഒരു കുറവും കാണിച്ചില്ല, അവര്‍ അപൂര്‍ണ്ണര്‍ ആയിരിന്നിട്ടുകൂടി. റോമന്‍ ശതാധിപന്‍, പത്രൊസ്, നഥനയേല്‍ ഇവരെല്ലാം അപൂര്‍ണ്ണരായ വ്യക്തികള്‍ ആയിരുന്നു എങ്കിലും അവരിലൊക്കെ പ്രശംസനീയമായ ചില കാര്യങ്ങള്‍ കണ്ടെത്തി. സത്യദൈവത്തെക്കുറിച്ചോ, തിരുവെഴുത്തുകളെക്കുറിച്ചോ യാതൊന്നും അറിയാത്ത വീണ്ടും ജനിക്കാത്ത, വിഗ്രഹാരാധകനായ ഒരു സൈന്യാധിപനില്‍ കണ്ട ഒരു നന്മയെ പ്രശംസിക്കുന്നതില്‍ യേശു അല്പംപോലും മടി കാണിച്ചില്ല. യേശു പറഞ്ഞ വാക്കുകള്‍ ആ ശതാധിപന്‍ എന്നെങ്കിലും മറന്നുപോകുമെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടോ? ഒരിക്കലുമില്ല. പൂര്‍ണ്ണഹൃദയത്തോടെ യേശുവിനെ പിന്‍പറ്റുന്ന ഒരു ശിഷ്യനായിത്തീരുവാന്‍ തക്കവണ്ണം ആ വാക്കുകള്‍ അവനെ ഉത്സാഹിപ്പിച്ചിരിക്കാം.

യഥാര്‍ത്ഥ ദൈവഭക്തി എന്താണെന്നും ദൈവരാജ്യം എങ്ങനെയുള്ളതാണെന്നും മനസ്സിലാക്കുവാന്‍ ഇത് നമ്മെ സഹായിക്കുന്നു. ആദാമ്യ സന്തതി വിമര്‍ശിക്കുന്നതില്‍ ഉത്സുകരാണ്. ആളുകള്‍ നിഗളിച്ചുപോകും എന്ന കാരണത്താല്‍ ആണ് നാം അവരെ അഭിനന്ദിക്കുന്നതിനു മടി കാണിക്കുന്നത്. തികഞ്ഞ ആത്മീയരെ പോലും അഭിനന്ദിക്കുവാന്‍ നമുക്ക് കഴികയില്ല. വിശ്വാസികള്‍ യേശുവില്‍ നിന്ന് ഇത് പഠിക്കേണ്ടിയിരിക്കുന്നു. വൃഥാപ്രശംസ നാം ആരുടെ മേലും ചൊരിയരുത്. അത് പൈശാചികമാണ്. സത്യസന്ധമായ അഭിനന്ദനം- അത് ദൈവികമാണ്. ആത്മീയനായ ഒരു സഹോദരന്‍ നല്‍കുന്ന ഒരു പ്രശംസ മുഴുഹൃദയത്തോടെ കര്‍ത്താവിനെ പിന്‍പറ്റുവാന്‍ മറ്റൊരു സഹോദരനെ ഉത്സാഹിപ്പിച്ചേക്കാം

9:27-ല്‍ യേശുവിന്റെ അടുത്തേക്ക് വരുന്ന രണ്ട് അന്ധരെക്കുറിച്ച് നാം വായിക്കുന്നു. അവരെ സൗഖ്യമാക്കുന്നതിന് മുമ്പ് യേശു അവരോട് ഇപ്രകാരം ചോദിച്ചു: ”ഇതു ചെയ്തു തരുവാന്‍ എനിക്ക് കഴിയുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?” ‘ഉവ്വ,് കര്‍ത്താവേ’ എന്ന് അവര്‍ മറുപടി പറഞ്ഞു. അപ്പോള്‍ യേശു പറഞ്ഞു ”നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്ക് ഭവിക്കട്ടേ” (9:29). ഇത് ദൈവികമായ ഒരു പ്രമാണമാണ്. നമുക്ക് ലഭിക്കുന്നതെല്ലാം നമ്മുടെ വിശ്വാസത്തിന്റെ അളവ് അനുസരിച്ചായിരിക്കും. അല്പംപോലും കൂടുതലോ കുറവോ ലഭിക്കില്ല. ആ അന്ധന്മാര്‍ക്ക് ഒരു അത്ഭുതം ആവശ്യമായിരുന്നോ? അതേ. അവര്‍ക്ക് വേണ്ടി ഒരു അത്ഭുതം ചെയ്യുവാന്‍ യേശു ആഗ്രഹിച്ചിരുന്നോ? അതേ. എന്നിരുന്നാലും അവര്‍ക്ക് വിശ്വാസം ഉണ്ടായിരുന്നില്ലെങ്കില്‍ അത്ഭുതം സംഭവിക്കുമായിരുന്നില്ല.

നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് ഒരു കാര്യം സത്യമാണോ എന്ന് നോക്കുക. നിങ്ങള്‍ക്ക് ദൈവത്തില്‍ നിന്ന് ഒരു അത്ഭുതം ആവശ്യമുണ്ടോ? ഉണ്ട്. എന്നിരുന്നാലും നിങ്ങള്‍ക്ക് വിശ്വാസം ഇല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് ലഭ്യമാകില്ല.

ഒരു അന്ധന്‍ ഇങ്ങനെ പറയുന്നു എന്ന് വിചാരിക്കുക ”കര്‍ത്താവേ, എന്തായിരുന്നാലും എന്റെ ഒരു കണ്ണെങ്കിലും തുറക്കാന്‍ അങ്ങേയ്ക്ക് കഴിയും. എനിക്ക് കാഴ്ച ലഭ്യമാകുമല്ലോ. എനിക്ക് അതു മതി.” കര്‍ത്താവ് അവനോട് അതേ വാക്കുകള്‍ തന്നെ പറയും. ”നിന്റെ വിശ്വാസം പോലെ നിനക്ക് ഭവിക്കട്ടെ.” അങ്ങനെ അവന്റെ ഒരു കണ്ണ് മാത്രം തുറക്കപ്പെടുന്നു. രണ്ടാമത്തെ അന്ധന്‍ ഇപ്രകാരം പറയുന്നു: ”കര്‍ത്താവേ നിനക്ക് എന്റെ രണ്ടു കണ്ണും തുറക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.” അവന്റെ രണ്ടു കണ്ണുകളും തുറക്കപ്പെടുന്നു.

അങ്ങനെ ഒരു കണ്ണ് തുറക്കപ്പെട്ട മനുഷ്യന്‍ യേശുവിന് ഒരു കണ്ണ് തുറക്കാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ‘ഒരു കണ്ണിന് സൗഖ്യം’ എന്ന സഭാവിഭാഗം ആരംഭിക്കുന്നു. അപരന്‍ ‘രണ്ട് കണ്ണിന് സൗഖ്യം’ എന്ന സഭാവിഭാഗവും ആരംഭിക്കുന്നു. ഇപ്രകാരം യേശുവിന് പാപങ്ങളെ ക്ഷമിക്കുവാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഒരു അര്‍ദ്ധസുവിശേഷം ഒരു വിഭാഗം ആളുകള്‍ പ്രചരിപ്പിക്കുന്നു. മറ്റൊരു വിഭാഗം യേശുവിന് പാപങ്ങളെ ക്ഷമിക്കുവാന്‍ മാത്രമല്ല പാപത്തിന്‍ മേല്‍ ജയം നല്‍കുവാനും കഴിയുമെന്നു പ്രഖ്യാപിച്ചുകൊണ്ട് പൂര്‍ണ്ണസുവിശേഷ പ്രചാരണം നടത്തുന്നു. ഇതില്‍ ആദ്യം പറഞ്ഞ വിഭാഗം രണ്ടാമത്തെ വിഭാഗത്തെ ദുരുപദേശക്കാര്‍ എന്ന് വിളിക്കുന്നു. ‘യേശുവിന് ഒരു കണ്ണ് മാത്രമേ തുറക്കുവാന്‍ കഴിയൂ എന്നുള്ളത് ഞങ്ങളുടെ അനുഭവം ആണ്. ഇവര്‍ മറിച്ച് പ്രചരിപ്പിക്കുന്നത് അസത്യമാണ്’ എന്നവര്‍ പറഞ്ഞേക്കാം. എന്നാല്‍ അത് അവരുടെ വിശ്വാസത്തിന്റെ കുറവ് കൊണ്ടാ യിരുന്നു എന്നതാണ് വാസ്തവം. രണ്ടാമത്തെ കൂട്ടര്‍ യേശുവിന് പാപക്ഷമ നല്‍കുവാന്‍ മാത്രമല്ല പാപത്തിന്മേല്‍ ജയം നല്‍കുവാന്‍ കൂടെ കഴിയുമെന്നു വിശ്വസിച്ചു.

ഈ രണ്ട് വിഭാഗത്തില്‍ ഏതില്‍ ആണ് നിങ്ങള്‍ ഉള്‍പ്പെടുന്നത്? യേശുവിന് പാപം ക്ഷമിക്കുവാന്‍ മാത്രം കഴിയും എന്ന് നിങ്ങള്‍ വിശ്വസിക്കുന്നു എങ്കില്‍ അത്രമാത്രമേ നിങ്ങള്‍ക്ക് ലഭ്യമാകുകയുള്ളു. തുടര്‍ന്നും നിങ്ങളുടെ കോപവും മോഹവും, നിഗളവും, അസൂയയും നിങ്ങളെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കും. മറ്റൊരു വിശ്വാസി ഇങ്ങനെ പറയുന്നു. ”ഞാന്‍ കൃപയ്ക്ക് അധീനന്‍ ആകയാല്‍ പാപം ഇനി എന്റെ മേല്‍ കര്‍ത്തൃത്വം നടത്തുകയില്ലെന്ന് ദൈവത്തിന്റെ വചനം പറയുന്നു. അതുകൊണ്ട് അത് എന്നില്‍ നിറവേറ്റുവാന്‍ ഞാന്‍ കര്‍ത്താവില്‍ ആശ്രയിക്കുന്നു.” അങ്ങനെ അവന്റെ രണ്ടു കണ്ണിനും കാഴ്ച ലഭിക്കുന്നു. അവനെ ഒരു ദുരുപദേശകന്‍ എന്നു വിളിച്ചുകൂടാ. അവന് നിങ്ങളെക്കാള്‍ അധികം ലഭിച്ചിരിക്കുന്നു. അവന്‍ മെച്ചപ്പെട്ടവന്‍ ആയതുകൊണ്ടല്ല, അവന്‍ കര്‍ത്താവില്‍ ആശ്രയിച്ചതുകൊണ്ടാണത്.

ചെന്നായ്ക്കളുടെ ഇടയില്‍ ആടുകള്‍



10-ാം അദ്ധ്യായത്തില്‍ യേശു 12 അപ്പൊസ്തലന്മാരെ തിരഞ്ഞെടുത്ത് അവര്‍ക്ക് ശുശ്രൂഷയ്ക്കുള്ള അധികാരം നല്‍കുന്നത് നമുക്ക് കാണാം. അവര്‍ക്ക് ശുശ്രൂഷ ചെയ്യുവാന്‍ തന്റെ അധികാരം ഉണ്ടാകും എന്ന് മാത്രമല്ല യേശു പറയുന്നത്. ഉപദ്രവം കൂടെ ഉണ്ടാകും എന്ന് യേശു മുന്നറിയിപ്പ് കൊടുത്തു.

”ചെന്നായ്ക്കളുടെ നടുവില്‍ ഞാന്‍ നിങ്ങളെ ആടുകളെ പോലെ അയയ്ക്കുന്നു. അതുകൊണ്ട് പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്‌ക്കളങ്കരും ആയിരിപ്പിന്‍”(10:16). ദൈവം ലോകത്തിലെ ചെന്നായ്ക്കളുടെ നടുവിലേക്ക് ആടുകളെപ്പോലെ നമ്മെ അയയ്ക്കുന്നു. നാം ഒരിക്കലും നമ്മുടെ ചുറ്റിലുമുള്ള ചെന്നായ്ക്കളെപ്പോലെ ആയിരിപ്പാന്‍ പാടില്ല. അതിന്റെ അര്‍ത്ഥം നാം മറ്റുള്ളവരെ ഉപദ്രവിക്കുവാനോ പ്രതികാരം ചെയ്യുവാനോ പാടില്ല എന്നത്രേ. ചെന്നായ്ക്കളില്‍ നിന്നുള്ള സംരക്ഷണത്തിനായി നാം ദൈവത്തില്‍ തന്നെ ആശ്രയിക്കേണ്ടതുണ്ട്. അതേസമയം തന്നെ നാം പാമ്പുകളെപോലെ ബുദ്ധിയുള്ളവരും ആയിരിക്കണം. നാം ഒരിക്കലും മടയന്മാരാകുവാന്‍ പാടില്ല. നമ്മുടെ ചുറ്റിലുമുള്ള അക്രൈസ്തവരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ അനാവശ്യമായ പ്രസ്താവനകള്‍ നാം നടത്തിക്കൂടാ. സുവിശേഷം പറയുമ്പോള്‍ കരുതലോടെ സംസാരിക്കേണ്ടതുണ്ട്. നമ്മുടെ ചുറ്റിലും കാണുന്ന വിഗ്രഹാരാധനയെ ദുഷിച്ചു സംസാരിക്കുന്നതല്ല പൂര്‍ണ്ണഹൃദയ ശിഷ്യത്വത്തിന്റെ പ്രവൃത്തി. നമ്മുടെ സന്ദേശം ശുഭകരമാണ്. മറ്റാരുടെയും വിശ്വാസത്തെയോ സംസ്‌കാരത്തെയോ ദുഷിക്കാതെ തന്നെ നമുക്കു യേശുക്രിസ്തുവിനെ ഉയര്‍ത്തേണ്ടതുണ്ട്. (അ. പ്രവൃത്തി 19:37 കാണുക: നഗരാധിപന്‍ പൗലൊസിനെ ക്കുറിച്ച് അവര്‍ നമ്മുടെ ദേവിയെ ദുഷിക്കുന്നവരല്ല എന്നു സാക്ഷ്യപ്പെടുത്തുന്നതു ശ്രദ്ധിക്കുക). നാം ഉള്‍പ്പെടെ സകല മനുഷ്യരും പാപികള്‍ എന്നും യേശുക്രിസ്തു സകല മനുഷ്യരുടെയും രക്ഷിതാവ് എന്നും പ്രഖ്യാപിക്കുകയാണ് നമ്മുടെ കര്‍ത്തവ്യം. യേശുക്രിസ്തുവിനായി സമര്‍പ്പിക്കുമ്പോള്‍ മാത്രമേ വിഗ്രഹങ്ങളും വിഗ്രഹാരാധനയും ആളുകളെ വിട്ടു പോവുകയുള്ളു. വിഗ്രഹത്തെ വിട്ടിട്ടല്ല യേശുവിലേക്കു വരുന്നത്. നാം ദൈവത്തിന്റെ പണം (പണത്തെ മൊത്തത്തില്‍) കൈകാര്യം ചെയ്യുന്നതില്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരായിരിക്കേണ്ടതുണ്ട്. ആരോട് എന്ത് സംസാരിക്കണം, സംസാരിക്കരുത് എന്ന കാര്യത്തില്‍ നമുക്കു വിവേചനത്തിനുള്ള ജ്ഞാനമുണ്ടായിരിക്കണം. നാം വെറുതേ ശത്രുക്കളെ സൃഷ്ടിക്കുന്നവരായിത്തീര്‍ന്നുകൂടാ.

മനുഷ്യന്റെ വീട്ടുകാര്‍ തന്നെ അവന്റെ ശത്രുക്കള്‍ ആകും (10.36) എന്ന് യേശു തുടര്‍ന്നു പറയുന്നു. നാം കര്‍ത്താവിനെ അനുഗമിക്കുമ്പോള്‍ നമ്മുടെ ബന്ധുക്കള്‍ നമ്മെ തെറ്റിദ്ധരിക്കാനിടയുണ്ട്. ഒരു പ്രവാചകന്‍ സാധാരണയായി തന്റെ ബന്ധുക്കളുടെയിടയില്‍ സമ്മതനായിരിക്കയില്ല. നാം ഭൂമിയിലുള്ള മാതാപിതാക്കളെ കര്‍ത്താവിനെക്കാളധികം സ്‌നേഹിക്കുന്നു എങ്കില്‍ നാം അവനു കൊള്ളാവുന്നവരായിരിക്കയില്ല (10.37). മറ്റുള്ളവര്‍ നമ്മെ അവഗണിക്കയും തള്ളിക്കളയുകയും ചെയ്യുന്നതു നമ്മെ അലോസരപ്പെടുത്തുന്നില്ലെങ്കില്‍ നാം യേശുവിനുവേണ്ടി ജീവന്‍ വയ്ക്കുവാന്‍ മനസ്സുള്ളവരാവുകയും നാം അവിടുത്തെ കണ്ടെത്തുകയും ചെയ്യും (10:39). യേശുവിന്റെ ഒരു ശിഷ്യനു നാം കൊടുക്കുന്ന ഒരു പാത്രം വെള്ളത്തിനുപോലും നാം പ്രതിഫലം പ്രാപിക്കുന്നവരാകും (10:42).

പഴയ ഉടമ്പടിയില്‍ ജീവിച്ചിരുന്ന യിസ്രായേല്യരുടെ മനസ്സ് കനാനിലെ ഭൗതികാനുഗ്രഹങ്ങളായ വസ്തുവകകളിലും രോഗസൗഖ്യത്തിലും സമൃദ്ധിയിലും ആയിരുന്നു. ഇത്തരം കാര്യങ്ങളില്‍ മനസ്സുവച്ചിരിക്കുന്ന ഏതൊരു വിശ്വാസിയും പഴയ ഉടമ്പടിയിലാണ്. മത്തായിയുടെ സുവിശേഷം എഴുതപ്പെട്ടിരിക്കുന്നത് അത്തരക്കാരെ ഉദ്ദേശിച്ചാണ്. ”ഞങ്ങള്‍ യിസ്രായേല്യരല്ല” എന്ന് ഒരു പക്ഷേ നിങ്ങള്‍ പറയുമായിരിക്കും. പക്ഷേ നിങ്ങള്‍ പഴയ ഉടമ്പടിയിന്‍ കീഴിലാണ്. നാം നമ്മെത്തന്നെ ക്രിസ്ത്യാനികള്‍ എന്നു വിളിച്ചാലും നാം പുതിയ ഉടമ്പടിയിന്‍ കീഴിലാകണമെന്നില്ല. നമ്മുടെ മനസ്സ് എവിടെ വച്ചിരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് നാം ഏതു ഉടമ്പടിയിന്‍ കീഴിലാണ് എന്നത് അറിയുന്നത്. ക്രിസ്തുവിലേക്കുള്ള മാനസാന്തരം നമ്മുടെ ചിന്താഗതിയില്‍ത്തന്നെ മാറ്റം വരുത്തേണ്ടതുണ്ട്. മാനസാന്തരം എന്ന വാക്കിനര്‍ത്ഥം മനം തിരിയുക എന്നാണ്. മനസ്സിന് എന്തു മാറ്റമാണ് വരേണ്ടത്? ”ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതുതന്നെ ചിന്തിക്കുവീന്‍”(കൊലൊ. 3:2). കാരണം, ”കാണുന്നതു താത്ക്കാലികം, കാണാത്തതോ നിത്യം…” (2 കൊരി. 4:18).


പുതിയ നിയമത്തിലെ ആദ്യപുസ്തകം മത്തായി എഴുതിയ സുവിശേഷമാണ്. അതു നമ്മോടു സ്വര്‍ഗ്ഗരാജ്യത്തിന്റെ പുതിയ ഉടമ്പടിയിലുള്ള ഒരു ജീവിതത്തെക്കുറിച്ച് അറിയിക്കുന്നു. അതുകൊണ്ടുതന്നെയാണ് അതിന്റെ പ്രാരംഭ താളുകളില്‍ത്തന്നെ ഗിരിപ്രഭാഷണം (5-7) രേഖപ്പെടുത്തിയിരിക്കുന്നത്. പരിശുദ്ധാത്മാവില്‍ ദൈവസ്വഭാവത്തിന്റെ പങ്കാളിയായിത്തീര്‍ന്നുകൊണ്ടു ബാഹ്യമായിട്ടല്ല ഹൃദയത്തില്‍നിന്നുതന്നെ ദൈവകല്പനകളെ അനുസരിച്ചുകൊണ്ട് ഈ ഭൂമിയില്‍ത്തന്നെ സ്വര്‍ഗ്ഗീയമായ ഒരു ജീവിതം നയിക്കുന്നതിനെക്കുറിച്ച് അതില്‍ പറയുന്നു. ബാഹ്യമായ പാപപ്രവൃത്തികളായ കൊലപാതകം, വ്യഭിചാരം, മോഷണം എന്നിവയൊക്കെ ഒഴിവാക്കുകയും മനുഷ്യരുടെ അഭിപ്രായം നേടാന്‍വേണ്ടി ഉപവസിക്കയും പ്രാര്‍ത്ഥിക്കയും ദാനധര്‍മ്മങ്ങള്‍ നല്‍കയും ഒക്കെ ചെയ്തുകൊണ്ടു പത്തുകല്പനകളുടെ അനുസരണത്തില്‍ മാത്രം ജീവിക്കുന്നവര്‍ യിസ്രായേല്‍ക്കാരെപ്പോലെ പഴയ ഉടമ്പടിയിന്‍ കീഴില്‍ത്തന്നെ. സ്വര്‍ഗ്ഗരാജ്യത്തിലെ ആന്തരിക ജീവനെക്കുറിച്ചു നാം മനസ്സിലാക്കുന്നിടത്തോളം മാത്രമേ നമുക്ക് പുതിയ ഉടമ്പടിയിലേക്കു പ്രവേശനം സാധ്യമാകയുള്ളു.


യോഹന്നാന്‍ സ്‌നാപകന്‍ തടവില്‍

പതിനൊന്നാമധ്യായത്തിന്റെ രണ്ടും മൂന്നും വാക്യങ്ങള്‍ നോക്കുക. യോഹന്നാന്‍ സ്‌നാപകന്‍ തടവറയിലായിരിക്കുമ്പോള്‍ യേശു തന്നെയോ മശിഹാ എന്നതില്‍ ഒരു സംശയം യോഹന്നാനില്‍ മുളപൊട്ടി. സ്വര്‍ഗ്ഗം തുറന്നതും പരിശുദ്ധാത്മാവ് യേശുവിന്മേലിറങ്ങുന്നതും”ഇവന്‍ എന്റെ പ്രിയപുത്രന്‍ ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു”(മത്തായി 3:16,17). എന്ന സാക്ഷ്യവും ഒക്കെ യോഹന്നാന്‍ കണ്ടതാണ്, കേട്ടതാണ്. അങ്ങനെയൊന്നു നാം കാണുകയും കേള്‍ക്കുകയും ഒക്കെ ചെയ്യുന്നു എങ്കില്‍ നമുക്കൊരിക്കലും പിന്നെ സംശയം ഉണ്ടാവില്ല എന്നു നാം ചിന്തിച്ചേക്കാം. എന്നാല്‍ പഴയ ഉടമ്പടിയിന്‍ കീഴിലുള്ള ഏറ്റവും ഉന്നതനായ വ്യക്തി (യോഹന്നാന്‍ സ്‌നാപകന്‍) പോലും സംശയിച്ചു എന്നു നാം വായിക്കുന്നു.

സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ ഏറ്റവും വലിയ വ്യക്തിയെന്ന് യേശു സാക്ഷ്യപ്പെടുത്തിയ ഒരാളില്‍ എന്തുകൊണ്ടായിരിക്കണം സംശയം ജനിക്കാനിടയായത്? യേശു ചെയ്യുന്ന അത്ഭുതങ്ങളെയും വീര്യ പ്രവൃത്തികളെയും കുറിച്ച് യോഹന്നാന്‍ കേട്ടപ്പോള്‍ മുതല്‍ ‘യേശു എന്തുകൊണ്ടു ഹെരോദാവിനെ നിഗ്രഹിച്ച് തന്നെ സ്വതന്ത്രനാക്കുന്നില്ല” എന്നൊരു ചിന്ത യോഹന്നാനില്‍ ഉടലെടുത്തിരിക്കാം. കാരണം, പഴയ ഉടമ്പടിയിലുള്ള ഒരു മാനസികാവസ്ഥയ്ക്ക് തടവിലായിരിക്കുന്ന ഒരു അവസ്ഥയെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അതേസമയം പുതിയ ഉടമ്പടിയിലായിരുന്ന പൗലൊസിനും ശീലാസിനും തടവറയിലായിരുന്ന സമയം ദൈവസ്‌നേഹത്തെക്കുറിച്ച് അല്പംപോലും സംശയം തോന്നിയില്ല. അവര്‍ അര്‍ദ്ധരാത്രിയില്‍പോലും ദൈവത്തെ പാടി സ്തുതിച്ചു. പുതിയ ഉടമ്പടിയില്‍ പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പരിശുദ്ധാത്മ നിറവിന്റെ അനുഭവം നല്‍കുന്ന പ്രത്യേകത അതാണ്. ആരെങ്കിലും ഒരു ക്രിസ്ത്യാനിക്കു പ്രയാസമുണ്ടാക്കുമ്പോള്‍ ‘എന്തുകൊണ്ടു ദൈവം ഈ വ്യക്തിയെ നിര്‍മ്മൂലമാക്കി എന്നെ വിടുവിക്കുന്നില്ല’ എന്നു ചിന്തിക്കുന്നു എങ്കില്‍ അയാള്‍ പഴയ ഉടമ്പടിയുടെ മനോഭാവത്തിലാണ്.

അധികം വിശ്വാസികളും പഴയ ഉടമ്പടിയിന്‍ കീഴില്‍ ജീവിക്കുന്നവരാണ്. തങ്ങള്‍ വ്യഭിചാരത്തില്‍ വീഴുമ്പോഴും- ‘ദാവീദ് വ്യഭിചാരം ചെയ്തു എങ്കിലും ദൈവത്തിന്റെ ഹൃദയപ്രകാരമുള്ളവന്‍ എന്നു സാക്ഷ്യം ലഭിച്ചു. ദൈവം അവനോടു ക്ഷമിക്കയും ചെയ്തു’ എന്ന് അവര്‍ ആശ്വസിക്കും. തങ്ങള്‍ നിരാശരാകുമ്പോള്‍ ”ഓ! ശക്തനായ പ്രവാചകനായിരുന്ന ഏലിയാവുപോലും നിരാശപ്പെട്ടു” എന്നു സ്വയം സഹതപിക്കും. കോപിച്ചു വീട്ടുപകരണങ്ങള്‍ എറിഞ്ഞുടയ്ക്കുമ്പോഴും ”മോശെ ദൈവത്തിന്റെ വലിയ പ്രവാചകനും യിസ്രായേലിന്റെ നേതാവുമായിരുന്നു. പക്ഷേ മോശെയും കോപിച്ച് ദൈവം സ്വന്തം വിരല്‍കൊണ്ട് എഴുതിയുണ്ടാക്കിയ കല്പ്പലകകള്‍ എറിഞ്ഞുടച്ചില്ലേ?” എന്നു പറയും. തങ്ങളുടെ ഏതു പാപത്തെയും പഴയ ഉടമ്പടിയിലെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി അവര്‍ നീതീകരിക്കും. എന്നാല്‍ യേശു ഒരിക്കലെങ്കിലും വ്യഭിചാരത്തില്‍ വീണിട്ടുണ്ടോ? കോപിച്ച് എന്തെങ്കിലും സാധനങ്ങള്‍ ഉടച്ചിട്ടുണ്ടോ? നിരാശനായി ചൂരല്‍ച്ചെടിയുടെ തണലിലിരുന്ന് ‘ചത്താല്‍ മതിയായിരുന്നു’ എന്നു പരിതപിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല. പഴയ ഉടമ്പടിയിലുള്ള ക്രിസ്ത്യാനികള്‍ മോശെയെയും ദാവീദിനെയും ഏലിയാവിനെയും നോക്കി തങ്ങളുടെ ഓട്ടം ഓടുന്നു. അതേസമയം പുതിയ ഉടമ്പടിയിലുള്ള ക്രിസ്ത്യാനികള്‍ യേശുവിനെ നോക്കി ഓടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും പഴയനിയമ ക്രിസ്ത്യാനികള്‍ ഒരിക്കലും മറ്റുള്ളവര്‍ക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന മോശെയുടെ മാതൃകയോ എല്ലാം ത്യജിച്ചു ദൈവസന്നിധിയില്‍ പൂര്‍ണ്ണമനസ്‌ക്കനായി നില്‍ക്കുന്ന ഏലിയാവിന്റെ മാതൃകയോ സ്വീകരിക്കാറില്ല. തങ്ങളുടെ പാപങ്ങള്‍ക്ക് നീതീകരണവും ആശ്വാസവും കിട്ടുന്നവരെ മാത്രം അവര്‍ നോക്കുന്നു.

നമ്മെ പാപത്തില്‍ നിന്നും വിടുവിക്കുവാനാണ് ബൈബിള്‍ എഴുതപ്പെട്ടിരിക്കുന്നത്. അതു വായിച്ച് നാം നമ്മുടെ പാപത്തിന് ഒരു ഒഴികഴിവു കണ്ടെത്തി ആശ്വസിക്കുന്ന പക്ഷം ദൈവം നമ്മെ ആ വഞ്ചനയില്‍ തുടരുവാന്‍ അനുവദിക്കും. ഒരിക്കലും ഒഴികഴിവുകണ്ടെത്താനായി ബൈബിള്‍ വായിക്കാതിരിക്കുക. ഒരിക്കലും നിരാശനാകാത്ത, അശുദ്ധനാകാത്ത, കോപിക്കാത്ത യേശുവിനെ നാം അവിടുത്തെ സ്വഭാവത്തിനു പങ്കാളികളാകേണ്ടതിന്നു കാണിച്ചു തരുവാനാണ് പുതിയ നിയമം നമുക്കു നല്‍കപ്പെട്ടത്. ഈ കാഴ്ചപ്പാടിലൂടെ പുതിയനിയമം വായിക്കുവാന്‍ ഞാന്‍ നിങ്ങളെ ഉത്സാഹിപ്പിക്കുന്നു (2 കൊരി. 3.18 വായിക്കുക).

തടവിലായപ്പോള്‍ യോഹന്നാന്‍ സ്‌നാപകന്‍ ക്രിസ്തുവിനെ സംശയിച്ചു. എന്നാല്‍ യേശു റോമന്‍ പടയാളികളാല്‍ പിടിക്കപ്പെട്ടപ്പോള്‍ എന്താണു ചെയ്തത്? പന്ത്രണ്ടു ലെഗ്യോനിലുമധികം (72000ത്തിലധികം) ദൂതന്മാരെ തന്നെ വിടുവിക്കുവാന്‍ വേണ്ടി വിളിക്കാന്‍ കഴിയും എന്നു പറഞ്ഞു. പക്ഷേ അവിടുന്ന് അങ്ങനെ ചെയ്തില്ല. യേശു യോഹന്നാന്‍ സനാപകന്റെ അടുക്കല്‍ ഇപ്രകാരം മറുപടി പറഞ്ഞയച്ചു: ”അന്ധര്‍ കാഴ്ച പ്രാപിക്കയും ദരിദ്രരോടു സുവാര്‍ത്ത അറിയിക്കയും ചെയ്യുന്നു എന്നു പറയുക”(11:4). പുതിയ ഉടമ്പടിയുടെ സുവിശേഷമെന്നത് ദൈവം നമുക്കു നല്‍കുന്ന ഏറ്റവും നല്ലത് എന്തായിരുന്നാലും അതു സ്വീകരിക്കയും പാപത്തില്‍ നിന്നു വിടുതല്‍ പ്രാപിക്കയും ചെയ്യുക എന്നതാണ്. ഹെരോദാവിന്റെയോ കൈസരുടെയോ പരീശന്മാരുടെയോ ഉന്മൂലനത്തിലൂടെ നമുക്കു വിടുതല്‍ ലഭിക്കുന്നതല്ല.

എന്നിരുന്നാലും നമുക്കൊരിക്കലും യോഹന്നാന്‍ സ്‌നാപകനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. കാരണം, പുതിയ ഉടമ്പടിയിന്‍ കീഴിലുള്ള നമുക്കു ലഭിച്ചിരിക്കുന്ന പരിശുദ്ധാത്മാവിനെ യോഹന്നാനു തന്റെ ഉള്ളില്‍ ലഭിച്ചിരുന്നില്ല. അവന്‍ കൃപയിന്‍ കീഴിലല്ല. ന്യായപ്രമാണത്തിന്‍ കീഴിലായിരുന്നു ജീവിച്ചത്. പരിശുദ്ധാത്മനിറവു പ്രാപിച്ചു എന്ന് അവകാശപ്പെടുന്നെങ്കിലും പാപത്തിലും സംശയത്തിലും തോറ്റുകിടക്കുന്ന ഇന്നത്തെ ക്രിസ്ത്യാനികളെക്കുറിച്ചു നാ എന്തു പറയേണ്ടു?

ഈ ഭാഗത്ത് മറ്റുള്ളവരെ അഭിനന്ദിക്കുന്ന യേശുവിന്റെ സ്വഭാവത്തിന്റെ മനോഹരമായ ദൃഷ്ടാന്തത്തെ നമുക്കു കാണുവാന്‍ കഴിയും: ”സ്ത്രീകളില്‍ നിന്നും ജനിച്ചവരില്‍ യോഹന്നാന്‍ സ്‌നാപകനെക്കാള്‍ വലിയവന്‍ ആരും എഴുന്നേറ്റിട്ടില്ല” (11:11). യേശുവിനെ സംബന്ധിച്ചു തനിക്കുമുമ്പെ ജനിച്ചവരില്‍ ഏറ്റവും വലിയ വ്യക്തി ആരായിരുന്നു? യോഹന്നാന്‍ സ്‌നാപകന്‍ തന്നെ. അതു ചില ക്രിസ്ത്യാനികള്‍ വിചാരിക്കുമ്പോലെ തന്റെ അമ്മ മറിയ ആയിരുന്നില്ല. മറിയയെ സ്തുതിക്കുന്നവര്‍ അതിലധികം സ്‌നാപക യോഹന്നാനെ സ്തുതിക്കണം.

തുടര്‍ന്ന് യേശു പറഞ്ഞു: ”സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍”(11:11). അതിനര്‍ത്ഥം പുതിയ ഉടമ്പടിയിലുള്ള ഏറ്റവും ചെറിയ ഒരു വ്യക്തിപോലും യോഹന്നാന്‍ സ്‌നേപകന്‍ ചോദിച്ചതുപോലെ ”ദൈവമേ എന്നെ എന്തുകൊണ്ടു വിടുവിക്കുന്നില്ല?” എന്ന ചോദ്യമുയര്‍ത്തുകില്ല. എല്ലാം നന്മയ്ക്കായി കൂടി വ്യാപരിപ്പിക്കുന്നവനാണ് ദൈവം എന്ന് അവനറിയാം. ആരാണ് ഇന്നു നിങ്ങളുടെ മാതൃക? നമുക്കു മാതൃകയാക്കാന്‍ കഴിയുന്ന പല നല്ല ഗുണങ്ങളും നമുക്ക് അബ്രഹാമിലും മോശെയിലും ഏലിയാവിലും യോഹന്നാന്‍ സ്‌നാപകനിലും കണ്ടെത്താന്‍ കഴിയും. പക്ഷേ അവരുടെ പരാജയങ്ങളെ നാം മാതൃകയാക്കേണ്ടതില്ല. ഇന്നു നമ്മുടെ മാതൃക .യേശു തന്നെയാണ്.

11:12-ല്‍ യേശു പറഞ്ഞു: ”…സ്വര്‍ഗ്ഗരാജ്യം ബലാല്‍ക്കാരം ചെയ്യപ്പെടുന്നു. ബലാല്‍ക്കാരികള്‍ അതിനെ പിടിച്ചടക്കുന്നു” ബലാല്‍ക്കാരി എന്നാല്‍ എന്താണ്? പുറമേ, ഒരു ക്രിസ്ത്യാനി സമാധാനമുള്ളവനായിരിക്കണം. എന്നാല്‍ ആന്തരികമായി കര്‍ത്താവിനെ അനുഗമിക്കുന്നതിനു തടസ്സമായി വരുന്ന എന്തിനോടും അവന്‍ ശക്തിയോടെ ചെറുത്തുനില്‍ക്കുന്നവനാകണം-ജഡത്തിന്റെ മോഹങ്ങളോട്, പാപത്തോട്, സാത്താനോട് എല്ലാം. അങ്ങനെയുള്ള ഒരുവനു മാത്രമേ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുവാനും പുതിയ ഉടമ്പടിയില്‍ ജീവിക്കാനും കഴിയൂ.

നിങ്ങള്‍ ഒരു അര്‍ദ്ധമനസ്‌കനെങ്കില്‍ നിങ്ങള്‍ക്ക് യേശുവിന്റെ ശിഷ്യനാകുവാനോ ദൈവരാജ്യം അവകാശമാക്കുവാനോ കഴികയില്ല. ദൈവത്തെ സ്‌നേഹിക്കുന്നതിനു പ്രതിബന്ധമാകുന്ന ഏതു ബന്ധത്തോടും നിങ്ങള്‍ ബലാല്‍ക്കാരത്തിന്റെ ആത്മാവില്‍ പോരാടുന്നില്ലെങ്കില്‍ – അതു മാതാപിതാക്കളോടോ ജോലിയോടോ ധനത്തോടോ ഒരു പെണ്‍കുട്ടിയോടോ മറ്റെന്തെങ്കിലും കാര്യങ്ങളോടോ ഉള്ള ബന്ധമായാലും- നിങ്ങള്‍ വെറും മൂന്നാംകിട ക്രിസ്ത്യാനിയായി അധഃപതിക്കും. കാരണം, യിസ്രായേല്യരുടെ മനസ്സുപോലെ നിങ്ങളുടെയും മനസ്സ് ഭൗതിക കാര്യങ്ങളില്‍ ബന്ധനസ്ഥമാണ്. കര്‍ത്താവു നമ്മെ പുതിയ ഉടമ്പടിയിന്‍ കീഴിലേക്ക് ഉയര്‍ത്തി സ്വര്‍ഗ്ഗീയ മനസ്സുള്ളവരാക്കാന്‍ ആഗ്രഹിക്കുകയാണ്.

വെളിപ്പാടും സ്വസ്ഥതയും

11:25ല്‍ യേശു പ്രാര്‍ത്ഥിക്കുന്നു: ”പിതാവേ, നീ ഇതു ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ചുവച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയിരിക്കയാല്‍ ഞാന്‍ നിന്നെ വാഴ്ത്തുന്നു.”

പുതിയ ഉടമ്പടിയിലെ വലിയ സത്യങ്ങളൊക്കെ ദൈവം മറച്ചു വച്ചിരിക്കുന്നു. അത് ഒരു പഠനത്തിലൂടെ മനസ്സിലാക്കുക പ്രയാസമാണ്. ലോകത്തിനു ലഭ്യമായ എല്ലാ വ്യാഖ്യാനങ്ങളും നാം വായിച്ചാലും നമുക്ക് അത് ലഭിക്കുകയില്ല. കാരണം അവ ബുദ്ധിമാന്മാരുടെ മുമ്പില്‍ നിന്നും മറച്ചു വച്ചിരിക്കുന്നു. ശിശുക്കളെപ്പോലെ നിര്‍മ്മലമായ ഒരു ഹൃദയം ഉള്ളവര്‍ക്കു മാത്രമേ അതു വെളിപ്പാടുകളിലൂടെ ലഭിക്കയുള്ളു. കുശാഗ്രബുദ്ധി ദൈവരാജ്യത്തില്‍ ഒരു മുതല്‍ക്കൂട്ടേയല്ല. ശുദ്ധമായ ഹൃദയമാണ് ദൈവത്തില്‍ നിന്നും വെളിപ്പാടുകള്‍ പ്രാപിക്കാന്‍ സഹായകരം.

കുഞ്ഞുങ്ങളെ നമുക്ക് എന്തും പഠിപ്പിക്കാന്‍ കഴിയും. ഒരു ശിശു അജ്ഞനും തന്റെ അജ്ഞതയെ സമ്മതിക്കുന്നവനുമാണ്. അവന്‍ പിതാവിനോട് എല്ലാറ്റിനേക്കുറിച്ചും ചോദിച്ചുകൊണ്ടേയിരിക്കും. ഉദാഹരണത്തിന് ”ഡാഡീ, റോഡിന്റെ നടുവിലൂടെ എന്തിനാണീ മഞ്ഞ വര നെടുകെ വരച്ചിരിക്കുന്നത്?” മുതിര്‍ന്നവരായ നമുക്കറിയാം അങ്ങോട്ടുമിങ്ങോട്ടും പോകുന്ന വാഹനങ്ങളുടെ സൗകര്യത്തിനുവേണ്ടിയാണ് അതു ചെയ്തിരിക്കുന്നതെന്ന്. അത്രയും ലളിതമായ ഒരു കാര്യം പോലും ഒരു ശിശുവിനറിയില്ല. വളരെക്കുറച്ചുപേര്‍ മാത്രമെ ഇപ്രകാരം ഒരു ശിശുവിനെപ്പോലെ ബൈബിളിനെ സമീപിക്കാറുള്ളു. ”കര്‍ത്താവേ, അവിടുന്നാണല്ലോ ഇത് എഴുതിയിരിക്കുന്നത്. എന്താണിതിനര്‍ത്ഥം? ആത്മീയ കാര്യങ്ങളില്‍ ഞാന്‍ ഒരു മഠയനാണ്. എന്നെ പഠിപ്പിക്കേണമേ.” പുതിയ ഉടമ്പടിയില്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുവാനുള്ള വലിയ അവകാശം നമുക്കു ലഭിച്ചിരിക്കുന്നു. തിരുവെഴുത്തുകളുടെയൊക്കെ രചയിതാവ് അവിടുന്നു തന്നെയാകയാല്‍ അവിടുത്തേക്ക് നമ്മെ പഠിപ്പിക്കാനും കഴിയും.

സഭയില്‍ നമുക്ക് ഉപദേഷ്ടാക്കന്മാരുണ്ട്. അവര്‍ പഠിപ്പിക്കുന്നതുകൊണ്ടു നാം തൃപ്തരായാല്‍ നമുക്ക് ഒരിക്കലും ദൈവത്തെ കേള്‍ക്കാന്‍ കഴിയില്ല. നാം ദൈവത്തെ അറിയില്ല. അവര്‍ പഠിപ്പിക്കുന്നതു സത്യം തന്നെ ആയിരിക്കുമെങ്കിലും അതു നേരിട്ടല്ലാത്ത ഒരു അറിവാണ്. ഇത്തരം അറിവുമായി ദൈവസന്നിധിയിലിരിക്കുകയും ”കര്‍ത്താവേ, ഇത് അവിടുന്നു നേരിട്ട് എന്നെ പഠിപ്പിക്കയും അത് എന്റെ അനുഭവമാക്കുകയും ചെയ്യണമേ” എന്നു കര്‍ത്താവിനോടു പറയുകയും ചെയ്യാം. അപ്പോള്‍ അതു നമ്മുടേതായിത്തീരും. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ യിസ്രയേല്‍ മക്കള്‍ പെറുക്കിവച്ച മന്നാ പിറ്റേന്നു കൃമിച്ചുനാറിയതുപോലെ നമ്മുടെ അറിവുകളും നിഷ്പ്രയോജനമായിത്തീരും. എന്നാല്‍ അതിവിശുദ്ധസ്ഥലത്ത് ദൈവസന്നിധിയില്‍ വച്ചിരുന്ന മന്ന എക്കാലവും കേടുകൂടാതെ ഇരുന്നു.

11:28-ല്‍ യേശു പറഞ്ഞു: ”അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരുമായുള്ളോരേ നിങ്ങള്‍ എന്റെയടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കും.” ഇതു പുതിയ നിയമ ശബ്ബത്തിന്റെ നിറവേറ്റലാണ്. പുതിയ നിയമ ശബ്ബത്ത് എന്നത് ആഴ്ചയിലൊരുദിവസം ലഭിക്കുന്ന ശരീരത്തിനുള്ള ഒരു വിശ്രമമല്ല. അതു യേശു നല്‍കുന്ന ആന്തരികമായ സ്വസ്ഥതയാണ്. തങ്ങള്‍ അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ക്ഷീണിതരുമാണെന്ന് കണ്ടെത്തുകയും സമ്മതിക്കുകയും തന്റെ അടുക്കല്‍ വരികയും ചെയ്യുന്നവര്‍ക്കാണ് യേശു അത് നല്‍കുന്നത്. എന്റെയടുത്ത് ആളുകള്‍ വന്ന് ഇങ്ങനെ പറയാറുണ്ട്: ”ബ്രദര്‍ സാക്, ഞാന്‍ നിങ്ങളുടെ സഭയില്‍ ചേരാന്‍ പോവുകയാണ്.” നിങ്ങളെന്തിന് അങ്ങനെ ചെയ്യുന്നു എന്നു ഞാന്‍ ചോദിക്കുമ്പോള്‍ അവര്‍ പറയും ”എന്റെ ഇപ്പോഴത്തെ സഭയില്‍ ഞങ്ങള്‍ മടുത്തു” അപ്പോള്‍ ഞാന്‍ പറയും”ഇപ്പോഴത്തെ സഭയില്‍ നിങ്ങള്‍ മടുത്ത് അസംതൃപ്തനായെങ്കില്‍ നിങ്ങള്‍ കുറച്ചുകഴിയുമ്പോള്‍ ഞങ്ങളുടെ സഭയിലും മടുക്കും. അസന്തുഷ്ടനാകും. അതുകൊണ്ടു ദയവായി ഞങ്ങളുടെ സഭയില്‍ ചേരാതിരിക്കുക. ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങളെക്കൊണ്ടുതന്നെ മടുത്തവരുടെ ഒരു കൂട്ടമാണ്. മറ്റുള്ളവരെക്കൊണ്ടല്ല ഞങ്ങളുടെ മടുപ്പ്. നിങ്ങളുടെ മടുപ്പ് നിങ്ങളെക്കൊണ്ടാണെങ്കില്‍ നിങ്ങള്‍ക്കു ഞങ്ങളോടൊപ്പം ചേരാം. നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ടാവുകയും ചെയ്യും.”

തങ്ങളുടെ സഭയിലെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കാനാണ് നേതൃത്വത്തിന് എപ്പോഴും വ്യഗ്രത. എന്നാല്‍ യേശു സ്വന്തം ജീവിതം ഒരു പരാജയമായി മടുത്തവരെയാണ് തന്റെയടുക്കലേക്കു ക്ഷണിക്കുന്നത്. നിങ്ങള്‍ സ്വയം ഒരു പരാജയമാണോ? കുടുംബജീവിതത്തില്‍ പരാജയപ്പെട്ടിരിക്കുന്നുവോ? നിങ്ങള്‍ നിങ്ങളുടെ ശുശ്രൂഷയില്‍ അഭിഷേകവും ജീവനും ഇല്ലാത്ത ഒരു വ്യക്തിയാണോ? അങ്ങനെയെങ്കില്‍ കര്‍ത്താവു പറയുന്നു: ”എന്റെയടുക്കല്‍ വരിക, ഞാന്‍ നിനക്ക് സമാധാനം നല്‍കാം.”

നാം അസ്വസ്ഥരും തളര്‍ന്നവരുമായിത്തീരുന്നത് ദൈവത്തിന് ഇഷ്ടമല്ല. നാം ഒരു ദിവസത്തിന്റെ ഇരുപത്തിനാലു മണിക്കൂറും ഒരാഴ്ചയുടെ ഏഴുദിവസവും ഒരു വര്‍ഷത്തിലെ അന്‍പത്തിരണ്ടാഴ്ചയും സ്വസ്ഥതയിലായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. എന്നാല്‍ നാം നമ്മുടെ പരാജയം കര്‍ത്താവിനോടു തുറന്നു സമ്മതിക്കയും ”കര്‍ത്താവേ അവിടുത്തെ ശബ്ബത്തനുഭവമാകുന്ന സ്വസ്ഥതയിലേക്ക് എന്നെ പ്രവേശിപ്പിക്കണമേ” എന്നു അപേക്ഷിക്കയും ചെയ്യുന്നതിലൂടെ മാത്രമേ അത്തരം ഒരു ജീവനിലേക്കു നമുക്കു പ്രവേശിക്കാന്‍ കഴിയൂ.

11:29-ല്‍ യേശു പറഞ്ഞു: ”ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവന്‍ ആകയാല്‍ എന്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പീന്‍.” ഒരു ശിഷ്യന്‍ എന്നാല്‍ ഒരു പഠിതാവാണ്. ഒരു ചെറിയ കുട്ടിയെപ്പോലെ അത്തരം ഒരു വ്യക്തി പഠനത്തിനായി യേശുവിങ്കലേക്കു വരേണ്ടിയിരിക്കുന്നു. ഒരു വ്യക്തി തന്നില്‍ നിന്നും എന്തു പഠിക്കണമെന്നാണ് യേശു ആഗ്രഹിക്കുന്നത്? അധികംപേരും പഠിക്കാനാഗ്രഹിക്കുന്നത് എങ്ങനെ പ്രസംഗിക്കണം; രോഗശാന്തിവരം, പ്രവചനവരം, എന്നിവ എങ്ങനെ ഉപയോഗിക്കണം എന്നിവയാണ്. എന്നാല്‍ യേശു നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത് നാം പ്രാഥമികമായി സൗമ്യതയും താഴ്മയും പഠിക്കണമെന്നാണ്. അതിലുപരി ഈ രണ്ടു കാര്യങ്ങള്‍ മാത്രമാണ് മറ്റുള്ളവര്‍ തന്നില്‍നിന്നും പഠിക്കണമെന്ന് യേശു ആകെക്കൂടി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ രണ്ടു ഗുണങ്ങള്‍ പഠിക്കാന്‍ അധികം ക്രിസ്ത്യാനികള്‍ക്കും താത്പര്യമില്ല. അതുകൊണ്ടുതന്നെ ശബ്ബത്ത് (വിശ്രമം) അവരില്‍നിന്നും എത്രയോ അകന്നിരിക്കുന്നു.

അനുഗൃഹീതമായ തരത്തില്‍ ശുശ്രൂഷ ചെയ്യുന്ന അഭിഷിക്തനായ ഒരു ദൈവമനുഷ്യനെ കാണുമ്പോള്‍ അത്തരം ഒരു ശുശ്രൂഷ നിങ്ങള്‍ ആഗ്രഹിച്ചെന്നു വരാം. എന്നാല്‍ അന്വേഷിക്കേണ്ട കാര്യം യഥാര്‍ത്ഥത്തില്‍ അതല്ല. ജീവിതത്തില്‍, സ്വഭാവത്തില്‍, ഗുണഗണങ്ങളില്‍ അദ്ദേഹത്തിനൊപ്പമെത്താന്‍ യത്‌നിക്കുക.

കര്‍ത്താവു തന്റെ സഭയില്‍ നമ്മെ ആത്മാക്കളെ നേടുന്നവരോ ഉപദേഷ്ടാക്കന്മാരോ ആക്കിയെന്നു വരും. എന്നാല്‍ നാം സ്വസ്ഥതയില്‍ ജീവിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നാം ഹൃദയത്തില്‍ സ്വസ്ഥതയുള്ളവരല്ലെങ്കില്‍ നാം നമുക്കു തന്നെയും മറ്റുള്ളവര്‍ക്കും പ്രശ്‌നങ്ങളുണ്ടാക്കുന്നവരായിത്തീരും.

ശബ്ബത്തനുഭവനത്തെക്കുറിച്ചു സംസാരിച്ചയുടന്‍ തന്നെ ശബ്ബത്തിനെക്കുറിച്ചു യഹൂദാ പാരമ്പര്യത്തെ ഖണ്ഡിക്കുന്ന ഒന്നിലേക്കാണ് യേശു പോയത് (12:1-13). ശബ്ബത്തില്‍ ശിഷ്യന്മാര്‍ കതിര്‍ പറിച്ചുതിന്നതും പരീശന്മാര്‍ അതിനെ ചോദ്യം ചെയ്തതുമാണ് ആദ്യത്തെ സംഭവം. ദാവീദിന്റെ കാലത്തു പുരോഹിതന്മാര്‍ ചെയ്ത ഒരു കാര്യം ഉദ്ധരിച്ച് യേശു അതിനു മറുപടി കൊടുത്തു (12:1-8). പള്ളിയില്‍ വച്ച് വരണ്ട കയ്യുള്ള മനുഷ്യനെ സൗഖ്യമാക്കിയതാണു പരീശന്മാരുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയ രണ്ടാമത്തെ സംഭവം. ”നിങ്ങളുടെ ആടു ശബ്ബത്തില്‍ കുഴിയില്‍ വീണാല്‍ അതിനെ രക്ഷിക്കുന്നില്ലയോ? മനുഷ്യന്‍ ആടിനെക്കാള്‍ വിശേഷതയുള്ളവന്‍” എന്ന് യേശു മറുപടി പറഞ്ഞു (12:9-13). നിയമത്തിന്റെ കാവല്‍ക്കാര്‍ സ്വാര്‍ത്ഥരും ഇടുങ്ങിയ മനസ്സുള്ളവരുമാണ്. അവര്‍ സ്വന്തം കാര്യം നോക്കുന്നതില്‍ ശ്രദ്ധാലുക്കളും അന്യരുടെ വേദനകളെയും ആവശ്യങ്ങളെയും ശ്രദ്ധിക്കാത്തവരുമാണ്.

12:24,31,32-ല്‍ യേശു ഭൂതങ്ങളുടെ തലവനായ ബെയേല്‍സബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എന്നു പരീശന്മാര്‍ വിമര്‍ശിച്ചു. യേശു ഇങ്ങനെ മറുപടി പറഞ്ഞു: ” നിങ്ങള്‍ എന്നെക്കുറിച്ചു ദോഷം പറയുന്നുവോ? അതു ക്ഷമിക്കപ്പെടും.” കൂശ്യസ്ത്രീയെ എന്തിനു വിവാഹം ചെയ്തു എന്ന് മിര്യാം മോശെയെ വിമര്‍ശിച്ചു. ദൈവമാണ് അതിനു മറുപടി നല്‍കിയത് അവള്‍ കുഷ്ഠരോഗിണിയായി. എന്നാല്‍ പരീശന്മാര്‍ യേശുവിനെ പിശാചിന്റെ സഹപ്രവര്‍ത്തകന്‍ എന്നു വിളിച്ചപ്പോള്‍ കര്‍ത്താവ് അവരോടു ക്ഷമിച്ചു. അതാണ് പഴയ ഉടമ്പടിയും പുതിയ ഉടമ്പടിയും തമ്മിലുള്ള വ്യത്യാസം. ഹാബേലിന്റെ രക്തം പ്രതികാരത്തിനായി നിലവിളിക്കുന്ന രക്തമാണ്. യേശുവിന്റെ രക്തം കരുണയ്ക്കായി നിലവിളിക്കുന്നു (എബ്രാ.12:24). നിങ്ങളെ മുറിവേല്‍പിക്കുന്നവരോടു ദൈവം ഇടപെടണമെന്നുള്ള ആഗ്രഹം നിങ്ങള്‍ താലോലിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ പഴയ ഉടമ്പടിയിന്‍ കീഴിലാണ്. അവരോടു ദൈവം ക്ഷമിക്കുവാനാണു നിങ്ങളാഗ്രഹിക്കുന്നതെങ്കില്‍ നിങ്ങള്‍ യേശുവിന്റെ ശിഷ്യന്‍ തന്നെ.

12:36, 37-ല്‍ നമ്മുടെ വാക്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് യേശു സംസാരിക്കുന്നു: ”മനുഷ്യര്‍ അശ്രദ്ധമായി പറയുന്ന ഓരോ വാക്കിനും അവര്‍ ന്യായവിധി ദിവസത്തില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരും.” ഏതാണ്ട് 50 വര്‍ഷത്തോളം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വിശ്വാസികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ എനിക്കു പറയാന്‍ കഴിയും 95 ശതമാനത്തോളം ക്രിസ്ത്യാനികളും യേശുവിന്റെ ഈ വാക്കുകളെ ഗൗരവമായി പരിഗണിച്ചിട്ടില്ല. തങ്ങള്‍ സംസാരിച്ചിട്ടുള്ള പ്രയോജന ശൂന്യമായ വാക്കുകള്‍ക്ക് ദൈവത്തോടു കണക്കു പറയണമെന്ന് അവര്‍ വിശ്വസിക്കുന്നില്ല. അതുകൊണ്ടുതന്നെ അവര്‍ മറ്റുള്ളവരെക്കുറിച്ചു തിന്മ പറയുന്നതും അപവാദം പ്രചരിപ്പിക്കുന്നതും നുണപറയുന്നതും അശ്ലീലഭാഷണവും ഒക്കെ തുടരുന്നു. അവര്‍ തങ്ങളുടെ തമാശകളില്‍ മറ്റുള്ളവരെ മുറിവേല്‍പിക്കുന്നു. നര്‍മ്മം നല്ലതാണ്. മറ്റുള്ളവരെ മുറിവേല്‍പിക്കുന്ന നര്‍മ്മം ദൈവികമല്ല. നര്‍മ്മത്തിന്റെ പേരില്‍ നമുക്കു ഖ്യാതി ഉണ്ടാവാനിടയുണ്ടെങ്കിലും ന്യായവിധി ദിവസത്തില്‍ കണക്കുകൊടുക്കേണ്ടി വരും.

നാം സംസാരിക്കുന്ന ഓരോ വാക്കിന്റെയും ഒരു കണക്കു ദൈവം സൂക്ഷിക്കുന്നു എന്നു മിക്കപേരും വിശ്വസിക്കുന്നില്ല. എന്നാല്‍ അവ നമ്മുടെ ഓര്‍മ്മയില്‍ത്തന്നെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. നാം ജനിച്ചതു മുതല്‍ എല്ലാക്കാര്യങ്ങളും ക്യത്യമായി രേഖപ്പെടുത്തപ്പെട്ട ഒരു വീഡിയോ ടേപ്പ് നമ്മുടെ ഉള്ളിലുണ്ട്. ഒരു കമ്പ്യൂട്ടറിന്റെ മെമ്മറി പോലെ നമ്മുടെ ഓരോ ചിന്തയും വാക്കും പ്രവ്യത്തിയും അതില്‍ സൂക്ഷിച്ചിരിക്കുന്നു. അതു സകല മനുഷ്യരും കാണ്‍കെ ദൈവം പ്രദര്‍ശിപ്പിക്കും. നിങ്ങള്‍ ദൈവത്തിന്റെ വചനം വിശ്വസിക്കുന്നെങ്കില്‍ നിങ്ങളുടെ വാക്കുകളെ സംബന്ധിച്ചു ശ്രദ്ധയുള്ളവരാകും.

വിശ്വാസത്താലുള്ള നീതീകരണത്തില്‍ നാം വിശ്വസിക്കുന്നു. അതു തിരുവചനാനുസൃതം തന്നെ. എന്നാല്‍ നിങ്ങള്‍ സന്തുലനം സൂക്ഷിക്കാനാഗ്രഹിക്കുന്ന ക്രിസ്ത്യാനിയെങ്കില്‍ നിങ്ങള്‍ പ്രവ്യത്തിയാലുള്ള നീതീകരണത്തിലും വിശ്വസിക്കും. കാരണം അതും തിരുവചനാനുസൃതം തന്നെ. റോമര്‍ 4 വിശ്വാസത്താലുള്ള നീതീകരണത്തെക്കുറിച്ചു സംസാരിക്കുന്നു. എന്നാല്‍ പ്രവ്യത്തി കൂടാതെയുള്ള വിശ്വാസം നിര്‍ജ്ജീവമാണ്. യാക്കോബ് 2 പ്രവ്യത്തിയാലുള്ള നീതീകരണത്തെക്കുറിച്ചു പറയുന്നു. വിശ്വാസത്തിന്റെ പ്രവ്യത്തി. ഇവിടെ മത്തായി 12:37-ല്‍ യേശു പറയുന്നു, നാം പറയുന്ന വാക്കുകള്‍ നിമിത്തം അന്ത്യനാളില്‍ നാം നീതീകരിക്കപ്പെടുകയും കുറ്റം വിധിക്കപ്പെടുകയും ചെയ്യും എന്ന്. ന്യായവിധി നാളില്‍ നിങ്ങളുടെ ഓര്‍മ്മയുടെ വീഡിയോ ടേപ്പ് പ്രവര്‍ത്തിപ്പിച്ചു കാണിക്കുമ്പോള്‍ നിങ്ങള്‍ ന്യായം വിധിക്കപ്പെടുമോ? നീതീകരിക്കപ്പെടുമോ? സമയം അതിക്രമിക്കും മുമ്പെ നാം ഉത്തരം കണ്ടെത്തേണ്ട ചോദ്യം അതാണ്.

പുതിയ ഉടമ്പടിയില്‍ നമുക്ക് ഒരു അഗ്നിനാവ് ആവശ്യമാണ്. പെന്തക്കോസ്തുനാളില്‍ അഗ്നിനാവ് ആളുകളുടെ മേല്‍ പതിഞ്ഞു. അതു പരിശുദ്ധാത്മാവിന്റെ നിയന്ത്രണമുള്ള നാവിനെ സൂചിപ്പിക്കുന്നു. അധികം പേരും പരിശുദ്ധാത്മാവിനാല്‍ നിയന്ത്രിതരായി അന്യഭാഷകളില്‍ സംസാരിക്കയും അതിനുശേഷം പിശാചിനാല്‍ നിയന്ത്രിതരായി മാത്യഭാഷയില്‍ സംസാരിക്കയും ചെയ്യുന്നു. എനിക്ക് അന്യഭാഷകളില്‍ സംസാരിക്കുവാനുള്ള വരം മാത്രമല്ല മാത്യഭാഷയില്‍ സംസാരിക്കുമ്പോഴും ശ്രദ്ധയോടെ സംസാരിക്കുവാന്‍ നിയന്ത്രണം തന്നിരിക്കുന്നതിനായി ഞാന്‍ കര്‍ത്താവിനു നന്ദി കരേറ്റുന്നു. പഴയ നിയമകാലത്ത് പരിശുദ്ധാത്മ നിയന്ത്രണമില്ലാതിരുന്നതിനാല്‍ ആളുകള്‍ക്ക് നാവിന്റെ മേല്‍ നിയന്ത്രണമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നു നമുക്ക് ഉന്നതമായ തലത്തില്‍ ജീവിക്കുവാന്‍ കഴിയും.

12:40 ല്‍ യേശു മൂന്നുരാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റില്‍ കിടന്ന യോനയെക്കുറിച്ചു പറയുന്നു. അപ്രകാരം ”മനുഷ്യപുത്രനും ഭൂമിയുടെ ഉള്ളില്‍ ഇരിക്കും” എന്ന് യേശു തുടര്‍ന്ന് പറഞ്ഞു. യേശു മരിച്ചപ്പോള്‍ പറുദീസയിലേക്കു പോയി (അപ്പോള്‍ അതു ഭൂമിയുടെ ഉള്ളിലായിരുന്നു). മാനസാന്തരപ്പെട്ട കള്ളന്‍ അവിടെ യേശുവിനോടു ചേര്‍ന്നു. യേശു മരിച്ചതു പെസഹാ പെരുന്നാളിന്റെ ദിവസം പകല്‍ മൂന്നുമണിക്കാണ്. ആ വര്‍ഷം അതു വ്യാഴാഴ്ചയായിരുന്നു(പലരും വിശ്വസിക്കുന്നതുപോലെ വെള്ളിയാഴ്ചയായിരുന്നില്ല). പിറ്റേന്ന്, വെള്ളിയാഴ്ച, പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന്റെ ഒന്നാം ദിവസമായിരുന്നതിനാല്‍ അന്നു പ്രത്യേക ശബ്ബത്തായിരുന്നു (യോഹ 19:31). തുടര്‍ന്നുള്ള ശനിയാഴ്ച സാധാരണ ശബ്ബത്തു ദിവസവുമായിരുന്നു. അങ്ങനെ യേശുവിന്റെ ക്രൂശീകരണത്തെ തുടര്‍ന്നുള്ള രണ്ടു ദിവസങ്ങളും ശബ്ബത്തായിരുന്നു. അതുകൊണ്ടായിരുന്നു സ്ത്രീകള്‍ക്ക് സുഗന്ധവര്‍ഗ്ഗമിടേണ്ടതിന് ഞായറാഴ്ച പ്രഭാതം വരെ കാത്തിരിക്കേണ്ടി വന്നത്. യോനാ കടലാനയുടെ വയറ്റില്‍ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ യേശുവും മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളില്‍ ഇരുന്നു. പിന്നെ തന്റെ ശരീരത്തിലേക്കു മടങ്ങി വരികയും പുനരുത്ഥാനം ചെയ്യുകയും ചെയ്തു.

രാജ്യത്തെ സംബന്ധിച്ച ഏഴ് ഉപമകള്‍

13:1-52 വാക്യങ്ങളില്‍ യേശു സംസാരിച്ച ഏഴു ഉപമകള്‍ നാം വായിക്കുന്നു. അവയെ സ്വര്‍ഗ്ഗരാജ്യത്തിന്റെ ഉപമകള്‍ എന്നുവിളിക്കുന്നു. ഒന്നാമത്തേത് വിതയ്ക്കുന്നവന്റെ ഉപമയാണ.് ഈ അദ്ധ്യായത്തിലുടനീളം യേശു സ്വര്‍ഗ്ഗരാജ്യത്തിന്റെ ബാഹ്യാവിഷ്‌ക്കരണങ്ങളെക്കുറിച്ച് – സഭ മറ്റുള്ളവര്‍ എങ്ങനെ കാണുന്നു എന്നതിനെക്കുറിച്ച് – ആണ് സംസാരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് സ്വര്‍ഗ്ഗരാജ്യത്തില്‍ തങ്ങളുടെ ഹ്യദയത്തില്‍ നല്ല നിലവും ചീത്ത നിലവുമുള്ള രണ്ടു തരം ആളുകള്‍ ഉണ്ടെന്നു പറയുന്നത്. സ്വര്‍ഗ്ഗരാജ്യം കതിരും പതിരുമുള്ള ഒരു നിലം പോലെയാണെന്ന് തുടര്‍ന്നു പറയുന്നു. എന്നാല്‍ ആ നിലം സഭയല്ല ലോകമാണെന്നു പിന്നീടു വിശദീകരിക്കുന്നു (13:38). ചില ക്രിസ്ത്യാനികള്‍ പറയുന്നതു കതിരും പതിരും സഭയില്‍ കാണപ്പെടുമെന്ന് യേശു പഠിപ്പിച്ചു, അതു കൊണ്ടു മാനസാന്തരമുള്ളവരെയും ഇല്ലാത്തവരെയും നാം സഭയിലിരിക്കാന്‍ അനുവദിക്കേണ്ടതുണ്ട് എന്നാണ്. അവര്‍ പറയുന്നത് വചനം ശരിയായ നിലയില്‍ പഠിക്കാത്തതുകൊണ്ടാണ്. വയല്‍ ലോകമാണ്. അവിടെയാണ് വിശ്വാസികളും അവിശ്വാസികളും ഒരുമിച്ചു വളരുവാന്‍ ദൈവം അനുവദിച്ചിരിക്കുന്നത്. പ്രാദേശിക സഭയില്‍ തങ്ങളുടെ പാപത്തെക്കുറിച്ച് അനുതപിക്കയും മാനസാന്തരപ്പെടുകയും ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ വീണ്ടും ജനനാനുഭവമുള്ളവരുമായവരെ മാത്രമേ അംഗങ്ങളായി അനുവദിക്കാന്‍ പാടുള്ളൂ. മറ്റുള്ളവര്‍ക്ക് സന്ദേശങ്ങള്‍ കേള്‍ക്കുവാന്‍ അനുവാദമുണ്ട്. എന്നാല്‍ അവര്‍ക്ക് വീണ്ടും ജനനാനുഭവം ഉണ്ടാകുംവരെ അവര്‍ ക്രിസ്തു ശരീരമാകുന്ന സഭയുടെ ഒരു ഭാഗമാവില്ല എന്നത് അവര്‍ക്കും വ്യക്തമായിരിക്കണം.

13:31-32ല്‍ അസാധാരണ വളര്‍ച്ച പ്രാപിക്കുന്ന ഒരു കടുകുമണിയുടെ ഉപമയാണ്. കടുകുചെടി വളരെ ചെറിയ ഒരു സസ്യമാണ്. എന്നാല്‍ ഈ ഉപമയില്‍ അത് ഒരു മഹാവൃക്ഷമായി വളരുന്നതായി പറയുന്നു. ഒരു പ്രാദേശിക സഭ എങ്ങനെയാകുവാന്‍ ദൈവം ഉദ്ദേശിക്കുന്നില്ല എന്നാണ് ഈ ഉപമയുടെ സൂചന. ഓരോ പ്രാദേശിക സഭയും ചെറിയ ഒരു കടുകുചെടി പോലെ ചെറിയ ഒരു കൂട്ടമായിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. പരസ്പരം അറിയുകയും സ്‌നേഹിക്കയും കരുതുകയും ദൈവസ്‌നേഹത്തെ വെളിപ്പെടുത്തുകയും ചെയ്യാന്‍ കഴിയുന്ന സഹോദരന്മാരുടെയും സഹോദരിമാരുടെയും ഒരു ചെറിയ കൂട്ടം. എന്നാല്‍ ദൈവഹിതത്തിനു വിരുദ്ധമായി വലിയ പ്രസംഗകര്‍ ക്രിക്കറ്റിനും സിനിമയ്ക്കും ആളുകൂട്ടുന്നതു പോലെ വലിയ നിര ശ്രോതാക്കളെ ആകര്‍ഷിച്ച് ഭീമമായ സഭകള്‍ പണിതു. യേശു പറഞ്ഞു: ‘ജീവന്റെ വഴി കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ’ (മത്താ. 7:13,14). സമര്‍ത്ഥരായ പ്രസംഗകര്‍ക്ക് വിശുദ്ധിയുടെ നിലവാരം താഴ്ത്തി അനുതാപം, മാനസാന്തരം, സ്വയം ത്യജിക്കുക, ക്രൂശെടുക്കുക മുതലായവയെ ഒഴിവാക്കി വലിയ കൂട്ടങ്ങളെ അനായാസമായി ആകര്‍ഷിക്കാന്‍ കഴിയും. അങ്ങനെ ഒരാള്‍ക്ക് യേശുക്രിസ്തുവിന്റെ ശിഷ്യത്വം എന്ന കാര്യത്തില്‍ യാതൊരു താല്‍പര്യവുമില്ലാത്ത, വെറും ഞായറാഴ്ച പ്രസംഗങ്ങളുടെ കേള്‍വിക്കാരായ ഒരു കൂട്ടം ആളുകളെ വാര്‍ത്തെടുക്കാന്‍ കഴിയും. അപ്രകാരമുള്ള വിനോദപ്രിയരെ കുത്തിനിറച്ചു വലുതാകുന്ന സഭയില്‍ യേശു തന്റെ ഉപമയില്‍ പറയുന്നതു പോലെ ആകാശത്തിലെ പറവകള്‍ വന്ന് അവയുടെ കൊമ്പുകളില്‍ വസിക്കും. (പറവകള്‍ എന്ന പ്രയോഗം പിശാചിന്റെ ദൂതന്മാരെ സൂചിപ്പിക്കുവാന്‍ യേശു തന്നെ ഉപയോഗിച്ചിരിക്കുന്നു – 13:4,19). നിങ്ങള്‍ ശിഷ്യന്മാരെ മാത്രം വാര്‍ത്തെടുക്കുവാനാഗ്രഹിക്കയും സാത്താന്യ സ്വാധീനങ്ങളെയും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെയും ജയിച്ച് ചെറുതെങ്കിലും ശുദ്ധമായ സാക്ഷ്യം നിലനിര്‍ത്തുന്ന ഒരു സഭയായിത്തീരുകയും ചെയ്തിരുന്നെങ്കില്‍!!

13:33-ല്‍ സ്വര്‍ഗ്ഗരാജ്യം പുളിച്ച മാവിനോടു സദ്യശമാണെന്ന് യേശു പറയുന്നു. മലിനത സഭയില്‍ എങ്ങനെ പടര്‍ന്നു വ്യാപിക്കും എന്ന് യേശു ഇതിലൂടെ ചൂണ്ടിക്കാട്ടുന്നു. സഭ നേരിടാന്‍ പോകുന്ന അപകടങ്ങളെക്കുറിച്ച് യേശു പേര്‍ത്തും പേര്‍ത്തും മുന്നറിയിപ്പു നല്‍കുന്നു. മോശമായ നിലം, പതിര്, സഭയിലിരിക്കുന്ന അശുദ്ധാത്മക്കള്‍, പുളിപ്പ് മുതലായവ. ഈ മുന്നറിയിപ്പുകളെ ക്രിസ്തീയ നേതാക്കള്‍ ഗൗരവമായി എടുത്തിരുന്നെങ്കില്‍ ശിഷ്യത്വത്തിന്റെ കാര്യത്തില്‍ അവര്‍ ശ്രദ്ധയൂന്നുകയും തങ്ങളുടെ സഭകളെ ആത്മീയ മരണത്തില്‍നിന്നും രക്ഷിക്കുകയും ചെയ്യുമായിരുന്നു.

തുടര്‍ന്ന് യേശു ഒരു ശിഷ്യന്‍ ആരാണെന്ന് രണ്ട് ഉപമകളിലൂടെ വിശദീകരിക്കുന്നു. 13:44-ല്‍ സ്വര്‍ഗ്ഗരാജ്യം വയലില്‍ ഒളിച്ചുവച്ച ഒരു നിധി കണ്ടെത്തിയ മനുഷ്യനെപ്പോലെയാണെന്ന് യേശു പറയുന്നു. ആ മനുഷ്യന്‍ തനിക്കുള്ള സകലതും വിറ്റ് ആ വയല്‍ വാങ്ങി. ഇത് സ്വര്‍ഗ്ഗരാജ്യത്തിനുടമയായിത്തീരുവാന്‍ വേണ്ടി തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ച ഒരു വ്യക്തിയുടെ മനസ്സിനെയാണ് കാണിക്കുന്നത്. രണ്ടാമത്തെ ഉപമയും തനിക്കുള്ളതെല്ലാം വിറ്റ് വിലയേറിയ ഒരു മുത്ത് സ്വന്തമാക്കുന്ന ഒരു വ്യാപാരിയെക്കുറിച്ചു പറയുന്നു. ഇവിടുത്തെ പ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. ‘തനിക്കുള്ളതെല്ലാം.’ ലൂക്കൊസ് 14:33 -ല്‍ വ്യക്തമായി പറയുന്നു: ”അങ്ങനെ തന്നെ നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടു പിരിയുന്നില്ലെങ്കില്‍ അവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല.” സ്വര്‍ഗ്ഗരാജ്യം സ്വന്തമാക്കുന്ന ശിഷ്യത്വത്തിനുള്ള ഒരേ ഒരു വഴി അതു മാത്രമാണ്.

13:47-50-ല്‍ നല്ലതും ചീത്തയുമായ രണ്ടുതരം മീനുകളുടെ ദ്യഷ്ടാന്തത്തിലൂടെ ദൈവരാജ്യത്തിന്റെ പ്രകടമായ അവസ്ഥയെ യേശു കാണിക്കുന്നു. എന്നാല്‍ കാലാന്ത്യത്തില്‍ ദൂതന്മാര്‍ ദുഷ്ടന്മാരെയും നീതിമാന്മാരെയും വേര്‍തിരിക്കുമെന്ന് വ്യക്തമാക്കിയിരിക്കുന്നു (വാ. 49).

13:52-ല്‍ വേദപഠിതാക്കള്‍ക്ക് ഒരു നല്ല നിര്‍ദ്ദേശം കര്‍ത്താവു നല്‍കുന്നു. വചനം ശ്രദ്ധയോടെ പഠിക്കുന്ന ഒരുവനാണ് ശാസ്ത്രി. എന്നാല്‍ ഒരു ശാസ്ത്രി ഒരു ശിഷ്യനായിത്തീരേണ്ടതുണ്ടെന്നു കര്‍ത്താവു പറയുന്നു. അങ്ങനെ ചെയ്താല്‍ അവന്‍ വചനം സംസാരിക്കുമ്പോള്‍ പഴയ സത്യങ്ങള്‍ മാത്രമല്ല പുതിയ വെളിപ്പാടുകളും തന്റെ നിക്ഷേപത്തില്‍ നിന്ന് പുതുമയോടെ പ്രസ്താവിപ്പാന്‍ അവനു കഴിയും. നിങ്ങള്‍ ഒരു ശാസ്ത്രിയായി മാത്രം തുടരുന്ന പക്ഷം നിങ്ങളുടെ ശുശ്രൂഷ നിര്‍ജ്ജീവമായിത്തീരും.

14:25-31-ല്‍ യേശു വെള്ളത്തിന്മേല്‍ നടക്കുന്നതായി നാം കാണുന്നു എന്നാല്‍ അതിലും വലിയ ഒരത്ഭുതം ആസമയം അവിടെ നടന്നു. അതു പത്രൊസ് വെള്ളത്തിന്മേല്‍ നടന്നു എന്നതാണ്. ഇതു ജയജീവിതത്തിന്റെ ഒരു ദ്യഷ്ടാന്തമാണ്. നമുക്ക് വെള്ളത്തിന്മേല്‍ നടക്കുന്നത് അസാദ്ധ്യമാക്കിത്തീര്‍ക്കുന്നതെന്താണ്? താഴേക്കു വലിക്കുന്ന ഗുരുത്വാകര്‍ഷണമാണ്. യേശുവും ഗുരുത്വാകര്‍ഷണ നിയമത്തിനു വിധേയനായിരുന്നു. ദൈവിക ശക്തിയാല്‍ അവിടുന്ന് അതിനെ ജയിച്ചു. യേശുവിലേക്കുനോക്കുകയും യേശുവില്‍ ആശ്രയം വയ്ക്കുകയും ചെയ്തിടത്തോളം പത്രോസിനും ഗുരുത്വാകര്‍ഷണത്തെ ജയിക്കാന്‍ കഴിഞ്ഞു. അതു നഷ്ടപ്പെട്ടപ്പോള്‍ പത്രൊസിന്മേല്‍ ഗുരുത്വാകര്‍ഷണം ജയം നേടി. ഇവിടെ ഗുരുത്വാകര്‍ഷണത്തെ ഇല്ലാതാക്കുകയോ നിര്‍വീര്യമാക്കുകയോ ചെയ്തിട്ടില്ല. ജയം പ്രാപിക്കുക മാത്രമാണ് ചെയ്തത്.

പാപത്തിന്റെ പ്രമാണവും ഗുരുത്വാകര്‍ഷണ നിയമങ്ങള്‍ പോലയാണ്. പ്രലോഭനങ്ങള്‍ നമ്മെ താഴേക്കു വലിക്കുന്നു. യേശുവും നമ്മെപ്പോലെ പരീക്ഷിതനായി (എബ്രാ.4:15). പക്ഷേ അവിടുന്നു ദൈവശക്തിയാല്‍ ആ സ്വാധീനത്തെ ജയിച്ചു. അതുകൊണ്ട് അവിടുന്ന് ഒരിക്കലും പാപം ചെയ്തില്ല(മത്താ. 4:1-10). ആ ശക്തിക്കുവേണ്ടി നാം യേശുവിലേക്കു നോക്കുന്നു എങ്കില്‍ അതു നമുക്കും ലഭ്യമാണ് – യേശുവിന്റെ ജയ ജീവിതം (വെളി. 3:21, എബ്രാ. 12:1,2). നമുക്കു ചുറ്റും നാം കാണുന്ന നിലവാരം കുറഞ്ഞ ക്രിസ്ത്യാനികളിലേക്കു നാം ശ്രദ്ധിക്കുമ്പോള്‍ – അല്ലെങ്കില്‍ പഴയനിയമ ഭക്തന്മാരായ മോശെയിലേക്കും യിരെമ്യാവിലേക്കും നാം ശ്രദ്ധിക്കുന്നുവെങ്കില്‍- ജയജീവിതം സാദ്ധ്യമല്ലാതെ വരും.

വിശ്വാസം എന്നത് യേശുവിലേക്കു നോക്കുന്നതാണ്. കൃപ എന്നത് ദൈവത്തിന്റെ അത്യന്തമായ ശക്തിയാണ്. നാം കൃപയിലായിരിക്കുമ്പോള്‍ പാപം നമ്മുടെ മേല്‍ ഭരണം നടത്തുകയില്ല (റോമ 6:14). പത്രൊസിന്റെ കണ്ണുകള്‍ കര്‍ത്താവില്‍ നിന്നും മാറിയപ്പോള്‍ പത്രോസ് താഴേക്കു താഴുവാന്‍ തുടങ്ങി. നാമും അതുപോലെ തന്നെ ആയിരിക്കും. അപ്രകാരം താഴുമ്പോള്‍ നാം എന്തുചെയ്യണം? ”കര്‍ത്താവേ, രക്ഷിക്കണമേ” എന്നു പത്രൊസ് നിലവിളിച്ചു. താന്‍ വെള്ളത്തിന്റെ അടിയിലേക്കു താണുപോകുവാന്‍ കാത്തു നിന്നില്ല. മുങ്ങാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ നിലവിളിച്ചു. അപ്രകാരം തന്നെ നമുക്കും ചെയ്യാം. പ്രലോഭനത്തിന്റെ ശക്തി അധികമാകുമ്പോള്‍ ‘കര്‍ത്താവേ ഞാനിതാ (കോപത്തിലേക്ക്, മോഹത്തിലേക്ക്) വീഴുവാന്‍ തുടങ്ങുന്നു. എന്നെ രക്ഷിക്കേണമേ’ എന്നു നിലവിളിക്കണം. അപ്പോള്‍ വീഴാതെ നില്ക്കുവാനുള്ള കൃപ അവിടുന്നു ക്ഷണത്തില്‍ത്തന്നെ നമുക്കു നല്‍കും. ”വീഴാതവണ്ണം നിങ്ങളെ സൂക്ഷിക്കുവാന്‍ ശക്തിയുള്ളവനാണ് അവിടുന്ന്” (യൂദാ 24). അവിടുന്ന് ഇന്നലെയും ഇന്നും എന്നേക്കും അനന്യന്‍ തന്നെ (എബ്രാ. 13:8).

15:13 ല്‍ യേശു പറഞ്ഞു: ”സ്വര്‍ഗ്ഗസ്ഥനായ പിതാവു നട്ടിട്ടില്ലാത്ത തൈ ഒക്കെയും വേരോടെ പറിഞ്ഞുപോകും.” ഇവിടുത്തെ പ്രശ്‌നം അതുവലിയ ചെടിയാണോ നല്ല ചെടിയാണോ മറ്റുള്ളവര്‍ പ്രശംസിക്കുന്ന തരത്തിലുള്ളതാണോ എന്നൊന്നുമല്ല. ആരാണ് അതിനെ നട്ടത് നിങ്ങളാണോ അതോ ദൈവമാണോ എന്നതത്രേ. നമുക്കു ദൈവിക ശുശ്രൂഷ ചെയ്യാന്‍ പല നല്ല ആശയങ്ങള്‍ ഉണ്ടായിരിക്കാം. അതു ആളുകളില്‍ മതിപ്പുളവാക്കിയെന്നും വരാം. എന്നാല്‍ ഒടുവില്‍ ദൈവം അതിനെ വിലയിരുത്തുന്നത് അത് ദൈവഹ്യദയത്തിലാണോ ഉത്ഭവം കുറിച്ചത് അതോ നിങ്ങളുടെ ബുദ്ധിയിലാണോ എന്നതിലാണ്. ഈ പ്രപഞ്ചത്തില്‍ നാം കാണുന്ന ഏതും ദൈവത്തില്‍ നിന്ന് ഉത്ഭവം കൊണ്ടതാണ് (നിയമാനുസൃതമായ പിത്യത്വം). നമ്മില്‍ നിന്ന് ഉത്ഭവിക്കുന്നതെല്ലാം ഒരു ദിവസം നാശത്തിനു വിധേയമാകും. ബൈബിളിലെ ആദ്യ വചനം ശ്രദ്ധിക്കുക: ” ആദിയില്‍ ദൈവം…” നമ്മുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അത് അങ്ങനെ തന്നെ ആയിരിക്കണം അതുകൊണ്ടു തന്നെയാണ് നമ്മുടെ ഓരോ ചുവടിലും നാം നയിക്കപ്പെടേണ്ടതിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കേണ്ടത്- നിത്യതയുടെ നിലവാരത്തില്‍ അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജീവിതം നയിക്കുവാന്‍ നാം ആഗ്രഹിക്കുന്നു എങ്കില്‍.

കര്‍ത്താവിന്റെ ശുശ്രൂഷയ്ക്കായി എവിടെയെങ്കിലും പോകുവാന്‍ നിങ്ങള്‍ക്ക് ഒരാഗ്രഹമുണ്ടായെന്നു വരാം. എന്നാല്‍ ആ ആശയം എവിടെ നിന്നാണ് ഉണ്ടായിട്ടുള്ളത്? പരപ്രേരണയില്‍ നിന്നാണോ? അതോ സ്വയത്തില്‍ നിന്നാണോ? നിങ്ങള്‍ കാത്തിരുന്ന് കര്‍ത്താവിന്റെ ഹിതം അന്വേഷിച്ചിട്ടുണ്ടോ? അവിടുന്ന് നിങ്ങളുടെ ഹ്യദയത്തില്‍ അങ്ങനെയൊരു ഭാരം നിറച്ചിട്ടുണ്ടോ? അവിടുന്നു നല്‍കിയ ഒരു ഭാരമെങ്കില്‍ അതിനു നിത്യമായ ഒരു ഫലമുണ്ടാകും. അങ്ങനെയല്ലെങ്കില്‍ നിത്യതയില്‍ ഫലമുണ്ടായിരിക്കില്ല. മറ്റാരെങ്കിലും ചെയ്യുന്നതുപോലെ ഒരു സ്ഥലത്ത് ഒരു സഭ പണിയാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടോ? അതു യേശുക്രിസ്തുവിന്റെ സഭയായിരിക്കില്ല, നിങ്ങളുടെ സഭയായിരിക്കും.

ഇന്ത്യ പോലെയുള്ള ഒരു രാജ്യത്ത്, നിരവധി ഭൗതികാവശ്യങ്ങളുള്ള ദരിദ്രജനങ്ങളുടെയിടയില്‍ ഒരു കൂടിവരവുണ്ടാക്കുക അത്ര പ്രയാസമുള്ള ഒരു കാര്യമല്ല. അവര്‍ കൂടിവരുന്നത് ക്രിസ്തുശിഷ്യരാകുവാനോ സ്വയം ത്യജിക്കാനോ പാപത്തോടു പോരാടുവാനോ ജയാളികളാകുവാനോ അല്ല. അവര്‍ ഭൗതികനേട്ടങ്ങള്‍ക്കായി വരുന്നവരാണ്. എന്റെ മുഴുജീവിതവും ഇന്‍ഡ്യയില്‍ത്തന്നെ ജീവിച്ച് ക്രിസ്തീയ പ്രവര്‍ത്തനം എന്നു പേര്‍ വിളിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ നന്നായി മനസ്സിലാക്കിയിട്ടുള്ളതാണ്. നിങ്ങള്‍ കര്‍ത്താവിന്റെ വേലയ്ക്കായി പുറപ്പെടും മുമ്പേ നിങ്ങളുടെ വിളി എന്താണെന്നു കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു ഗ്രഹിച്ചിട്ടുണ്ടോ? നിങ്ങള്‍ അതിലൂടെ ലക്ഷ്യം വയ്ക്കുന്നത് ധനമോ സ്വന്തം മാനമോ ആണോ? നിങ്ങള്‍ സ്വയം ചോദിക്കേണ്ട സുപ്രധാന ചോദ്യങ്ങളാണിവ. ഒരു പക്ഷേ ഈ വാക്കുകള്‍ ശ്രദ്ധിക്കാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു താല്‍പര്യമില്ലെന്നു വരാം. എന്നാല്‍ അതു ശ്രദ്ധിക്കേണ്ടിയിരുന്നു എന്ന് ന്യായവിധിയില്‍ നിങ്ങള്‍ ചിന്തിക്കും. ”കര്‍ത്താവേ, നിന്നില്‍ നിന്നും ഉത്ഭവിക്കാത്തതൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല” എന്ന് നിങ്ങളെത്തന്നെ താഴ്ത്തുകയും ഇപ്പോള്‍ത്തന്നെ ഏറ്റുപറയുകയും ചെയ്യുന്നതാണ് അഭികാമ്യം.

അതുകൊണ്ടു പരപ്രേരണയാലോ സ്വന്തം ഇച്ഛയാലോ വേഗത്തില്‍ കര്‍ത്ത്യശുശ്രൂഷയ്ക്കു തീരുമാനമെടുക്കാതിരിക്കുന്നതാണു നന്ന്. ”വിശ്വസിക്കുന്നവന്‍ തിടുക്കം കാണിക്കയില്ല” (യെശ: 28:16 KJV). ”തന്റെ പ്രവൃത്തിയില്‍ ബദ്ധപ്പാടുള്ള ഒരു മനുഷ്യനെ നീകാണുന്നുവോ, അവനെക്കാള്‍ മൂഢനെക്കുറിച്ച് അധികം പ്രത്യാശയുണ്ട്” (സദ്യ: 29:20 NASB മാര്‍ജിന്‍). ദൈവത്തിനായി കാത്തിരിക്കുക. തന്റെ ചിന്തകള്‍ നമ്മിലേക്കു പകരും വരെ കാതോര്‍ക്കുക. ആകാശം ഭൂമിക്കുമീതേ ഉയര്‍ന്നിരിക്കുന്നതു പോലെ അവിടുത്തെ വിചാരങ്ങള്‍ നിങ്ങളുടേതിനേക്കാള്‍ ഉന്നതവും ശ്രേഷ്ഠവും ഫലദായകവുമാണ് (യെശ. 55:8,9). നിങ്ങള്‍ സ്വന്തമഹത്വമല്ല അന്വേഷിക്കുന്നതെന്നും സ്വന്ത ശക്തിയിലല്ല ആശ്രയിക്കുന്നതെന്നും ഉറപ്പു വരുത്തുക. അവിടുത്തെ വിളി മനസ്സിലാക്കി പ്രവര്‍ത്തിക്കുക. അങ്ങനെയെങ്കില്‍ നിങ്ങള്‍ നടുന്നതൊക്കെ നില നില്‍ക്കും.

യേശു പണിയുന്ന സഭ

16:15-ല്‍ യേശു ശിമോനോട് ”ഞാന്‍ ആര്?” എന്നു ചോദിക്കുന്നു. ശിമോന്‍ മറുപടിയായി: ”നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തു” എന്നു പറഞ്ഞു. യേശു അവനോട്: ‘ബുദ്ധിയും യുക്തിയുമൊന്നുമല്ല ഇക്കാര്യം നിനക്കു വെളിപ്പെടുത്തിയത്, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവത്രേ.’ ഇവിടെ കാണുന്ന ”വെളിപ്പെടുത്തിയത്” എന്ന പ്രയോഗം ശ്രദ്ധിക്കുക. ഇതൊരു പുതിയനിയമ പദമാണ്. പഴയ ഉടമ്പടിയില്‍ ആളുകള്‍ വചനം പഠിക്കയും ചിന്തിക്കയും ധ്യാനിക്കയുമൊക്ക ചെയ്തുപോന്നു. ”ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍” (സങ്കീ 1:2) എന്നു നാം കാണുന്നു. എന്നാല്‍ പുതിയ ഉടമ്പടിയിലേക്കു വരുമ്പോള്‍ പത്രൊസിനെപ്പോലെ വെളിപ്പാടുകള്‍ ലഭിക്കുന്നവന്‍ ഭാഗ്യവാന്‍. എഫെസൂസിലെ ക്രിസ്ത്യാനികള്‍ക്കു വേണ്ടിയുള്ള പൗലൊസിന്റെ പ്രാര്‍ത്ഥന അവര്‍ക്കു വെളിപ്പാടിന്റെ ആത്മാവിനെ ലഭിക്കേണ്ടതിന്നായിരുന്നു (എഫെ.1:17). തന്റെ മാനുഷിക ബുദ്ധികൊണ്ടു മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങളെ കാണേണ്ടതിന് പരിശുദ്ധാത്മാവ് പത്രൊസിന്റെ ഹ്യദയത്തെ തുറന്നു. പത്രൊസിനെക്കാള്‍ വചനത്തില്‍ അധികം പാണ്ഡിത്യമുള്ള ധാരാളം ആളുകള്‍ അക്കാലത്ത് യിസ്രായേലില്‍ ഉണ്ടായിരുന്നു. പക്ഷേ അവരില്‍ പലര്‍ക്കും ആകെക്കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞത് യേശു ഭൂതങ്ങളുടെ തലവനാണെന്നാണ്. ഒരു ശിശുവിനെപ്പോലെ താഴ്മയോടെ വചനം പഠിക്കുവാന്‍ തന്റെയടുക്കല്‍ വരുന്നവര്‍ക്കു കര്‍ത്താവു വെളിപ്പാടുകളെ നല്‍കുന്നു (മത്താ. 11:25).

16:18-ല്‍ യേശു ശിമോനോട്: ”നീ പത്രൊസാകുന്നു. ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും.” യേശു ശിമോനെ പത്രൊസ് (ഒരു പാറക്കഷണം- ‘പെട്രോസ്’- ഗ്രീക്ക്) എന്നു വിളിക്കയും പാറമേല്‍ (പെട്രാ- ഗ്രീക്ക്- വലിയപാറ) ഞാന്‍ നിന്നെ പണികയും ചെയ്യും എന്നു പറഞ്ഞത് യേശു ദൈവപുത്രനായ ക്രിസ്തുവാണെന്ന് വെളിപ്പാടിനാല്‍ ഏറ്റുപറഞ്ഞപ്പോഴാണ്. ശിമോന്‍ പത്രൊസ് ആയിരുന്നില്ല അടിസ്ഥാനമാകുന്ന പാറ. മറിച്ച് ആ വെളിപ്പാടും ഏറ്റു പറച്ചിലുമായിരുന്നു. രണ്ടു വ്യത്യസ്ത പദങ്ങളാണ് യേശു ഇവിടെ ഉപയോഗിച്ചിരുന്നത്. അതു നമ്മുടെ തര്‍ജ്ജമയില്‍ വ്യക്തമായി വന്നില്ല എന്നു മാത്രം.

16:18,19-ല്‍ യേശു പറയുന്നു: ”ഈ പാറമേല്‍ ഞാന്‍ എന്റെ സഭയെ പണിയും. പാതാളഗോപുരങ്ങള്‍ അതിനെ ജയിക്കയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോല്‍ ഞാന്‍ നിനക്കുതരുന്നു. നീ ഭൂമിയില്‍ കെട്ടുന്നതൊക്കെയും സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതൊക്കെയും സ്വര്‍ഗ്ഗത്തിലും അഴിഞ്ഞിരിക്കും.” ”സഭ” യെക്കുറിച്ചുള്ള യേശുവിന്റെ ആദ്യപരാമര്‍ശമാണ് നാം ഇവിടെ കാണുന്നത്. ‘പാതാള ഗോപുര’ത്തോട്- ആത്മീയമരണത്തോട്- മുഖാമുഖമുള്ള ഒരു നിരന്തര പോരാട്ടത്തിലാണു സഭ എന്നു യേശു സൂചിപ്പിക്കുന്നു. ഇതു ഞാന്‍ ആദ്യം വായിക്കുമ്പോള്‍ കര്‍ത്താവിന്റെ മടങ്ങി വരവു വരെ ചുറ്റുപാടും നിന്നുള്ള ഒരു നിരന്തര ആക്രമണത്തിനു നടുവില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുന്ന ഒരു സഭയുടെ ചിത്രമാണതെന്നു ഞാന്‍ കരുതി. എന്നാല്‍ യേശു അങ്ങനെയായിരുന്നില്ല പറഞ്ഞത്. സഭ പാതാള ഗോപുരങ്ങള്‍ക്കെതിരെ പോരാടും, അതിനു സഭയ്‌ക്കെതിരെ നിലനില്‍ക്കാന്‍ കഴികയില്ല എന്നാണു പറഞ്ഞത്. അക്കാലത്ത് പട്ടണങ്ങളൊക്കെ ചുറ്റുമതിലുകളാല്‍ സംരക്ഷിക്കപ്പെട്ടിരുന്നു. ഗോപുരവാതിലുകളിലൂടെ മാത്രമേ ഉള്ളില്‍ കടക്കുവാന്‍ കഴിയുമായിരുന്നുള്ളൂ. ഗോപുരവാതിലുകളിലൂടെ ഉള്ളില്‍ കടക്കുവാന്‍ കഴിഞ്ഞാല്‍ പട്ടണത്തെ കീഴടക്കുവാന്‍ കഴിയും അപ്രകാരം പാതാളഗോപുര വാതിലുകളെ നിരന്തരം പോരാടി ജയിക്കുന്ന, ആത്മീയ മരണത്തിന്റെ പിടിയില്‍ നിന്നും ആത്മാക്കളെ ജീവിപ്പിക്കുന്ന, സാത്താന്റെ പ്രവര്‍ത്തനങ്ങളെ ബന്ധിച്ച് അവന്റെ പിടിയിലായിരുന്നവരെ സ്വതന്ത്രരാക്കുന്ന ആക്രമണകാരിയായ ഒരു സഭയെക്കുറിച്ചാണ് ഇവിടെ യേശു പ്രസ്താവിക്കുന്നത്.

ഇതൊരു പ്രതിരോധ സ്വഭാവമുള്ള നിലപാടല്ല, ആക്രമണ സ്വഭാവമുള്ള നിലപാടു തന്നെയാണ്. നാം സാത്താന്റെ കോട്ടകള്‍ക്കു നേരേ കടന്നു ചെല്ലുകയും ക്രൂശിന്റെ ജയം ഘോഷിക്കയും ചെയ്യുന്നു. ”അങ്ങയുടെ വരവുവരെ ഞങ്ങളെ നിലനിര്‍ത്തണമേ, കാക്കണമേ” എന്ന് ഒരു മൂലയ്ക്കിരുന്നു കരയുന്നവരുടെ ഒരു കൂട്ടമല്ല നാം.

എനിക്കൊരിക്കലും പാടാന്‍ ഇഷ്ടമില്ലാത്ത ഒരു ക്രിസ്തീയഗാനമുണ്ട് അതിന്റെ വരികളുടെ അര്‍ത്ഥം ഏതാണ്ടിങ്ങനെയാണ്. ”കോട്ടകാത്തു കൊള്ളുക, ഞാന്‍ വരുന്നു.” എന്ന് യേശു പറയുന്നതായിട്ടാണ്. നാലുപാടും നിന്നുമുള്ള ആക്രമണത്തിന്റെ നടുവില്‍ നമ്മെ ഒരു കോട്ടയ്ക്കകത്താക്കിയിരിക്കുന്നു. കര്‍ത്താവുവരും വരെ അങ്ങനെ കോട്ടകാത്തു നില്‍ക്കുന്നവരുടെ ഒരു ചിത്രമാണ് ആ പാട്ടില്‍. എന്നാല്‍ യാഥാര്‍ത്ഥ്യം മറിച്ചാണ്. സാത്താന്‍ കോട്ടകള്‍കെട്ടി തനിക്കുള്ളവരെ അതിനുള്ളിലാക്കി നിലകൊള്ളുകയാണ്. നാം നിരന്തരം ആക്രമിക്കയും കീഴടക്കുകയും ചെയ്യുകയാണ്. പിശാചിനെ ആക്രമിച്ചു കീഴടക്കി ഒരു ജേതാവായി കടന്നു പോയ ഒരു നായകന്റെ പാതയില്‍ അതു തന്നെ തുടര്‍ന്ന് മുന്നേറുന്ന അനുയായികളാണു നാം എന്നകാര്യം നമ്മുടെ മനസ്സില്‍ നിന്നും മാഞ്ഞു പോകരുത്. നാം ദൈവത്തിനു പൂര്‍ണ്ണമായും കീഴടങ്ങിക്കൊണ്ടു സാത്താനെ എതിര്‍ത്തു നില്‍ക്കുന്നു എങ്കില്‍ അവന്‍ നമ്മെവിട്ട് ഓടിപ്പോകും (യാക്കോ 4:7). അവന്‍ അലസമായി നടന്നു പോവുകയല്ല, ഓടിപ്പോകും.

യേശു നടന്നതുപോലെ നാം ഈ ഭൂമിയില്‍ നടക്കേണ്ടതായിട്ടുണ്ട്. യേശു ചെന്നിടത്തൊക്കെ സാത്താന്‍ ഭയപ്പെടുകയും ഭൂതങ്ങള്‍ വിറയ്ക്കുകയും ചെയ്തു. നാമും അങ്ങനെ തന്നെ ഈ ഭൂമിയില്‍ നടക്കേണ്ടതുണ്ട്. ”നമ്മുടെ ഉള്ളംകാല്‍ ചവിട്ടുന്നിടമൊക്കെയും കര്‍ത്താവു നമുക്കു നല്‍കിയിരിക്കുന്നു” (യോശുവാ 1:3). അതുകൊണ്ടു നാം സാത്താനെ ഭയന്നു ജീവിക്കുന്നവരല്ല. അവനു നമ്മോട് ഒന്നും ചെയ്‌വാന്‍ കഴിയുകയില്ല. അവന്‍ നമ്മെ ഭയപ്പെട്ടു ജീവിക്കുന്നു, ഭയപ്പെടണം. സാത്താനോടുള്ള നമ്മുടെ മനോഭാവം ഇത്തരത്തിലല്ലെങ്കില്‍ നമുക്ക് യേശുവിന്റെ സഭയെ പണിയാന്‍ കഴികയില്ല. നമ്മുടെ യേശു ബലവാനെ മുന്നമേ തന്നെ പിടിച്ചു കെട്ടിക്കഴിഞ്ഞിരിക്കുന്നു. നമുക്ക് അവന്റെ സമ്പത്തു കവര്‍ന്നു കളയുക മാത്രമേ ചെയ്യേണ്ടതുള്ളൂ! ഹല്ലേലൂയ്യാ.

18:3-ല്‍ യേശു പറയുന്നു: ”നിങ്ങള്‍ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയിവരുന്നില്ല എങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കയില്ല” എന്ന്. ഇവിടെ യേശു താഴ്മയെക്കുറിച്ചാണു പറയുന്നത്. ”ഈ ശിശുവിനെപ്പോലെ തന്നെത്താന്‍ താഴ്ത്തുന്നവന്‍…” സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുന്നതിനാവശ്യമായ പ്രാഥമികവും പ്രധാനവുമായ ഗുണം താഴ്മയാണെന്ന് യേശു അസന്ദിഗ്ധമായി പ്രസ്താവിക്കുകയായിരുന്നു.

ഒരു യാഥാര്‍ത്ഥ ക്രിസ്തീയ ഭക്തനായിരിക്കാന്‍ വേണ്ട മൂന്നു ഗുണങ്ങളെക്കുറിച്ച് ഞാന്‍ കൂടെക്കൂടെ പറയാറുണ്ട്. ഒന്ന്; താഴ്മ രണ്ട്; താഴ്മ മൂന്ന്; താഴ്മ. അത്രതന്നെ സ്വയം വിനയപ്പെടുത്തുകയും ആത്മീയ കാര്യങ്ങളില്‍ തികച്ചും ദരിദ്രനാണെന്ന് സമ്മതിക്കയും ചെയ്യുക. ഒരുപക്ഷേ ഭൗതിക കാര്യങ്ങളില്‍ നിങ്ങള്‍ ബഹുസമര്‍ത്ഥനായിരുന്നേക്കാം.

മനുഷ്യരായ നാം സ്വാഭാവികമായി നിഗളികളായതിനാല്‍ തികഞ്ഞ ആത്മവിശ്വാസമുള്ളവരാണ്. ശിശുക്കള്‍ അപ്രകാരമല്ല. ആറുമാസം പ്രായമുള്ള ഒരു കുഞ്ഞിനെ അതിന്റെ അമ്മയുടെ കരങ്ങളില്‍നിന്നും എടുത്തുമാറ്റിയാല്‍ അതു കരയും. അതിന്റെ സുരക്ഷിതത്വബോധം നഷ്ടപ്പെടുകയും അതു നിസ്സഹായനായിത്തീരുകയും ചെയ്യുന്നതുകൊണ്ടാണത്. നാം സാത്താനെ അഭിമുഖീകരിക്കുമ്പോള്‍ ധൈര്യമുള്ളവരായിരിക്കുന്നതുപോലെ നാം നമ്മുടെ നിസ്സഹായാവസ്ഥ തിരിച്ചറിയുവാനും പൂര്‍ണ്ണമായി തന്നിലാശ്രയിക്കുവാനും കര്‍ത്താവു നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നുണ്ട്. ഇത് ഒരു ഇരട്ടവ്യക്തിത്വം പോലെയാണ്. സാത്താനെ നേരിടുമ്പോള്‍ ധീരനായ പോരാളി; ദൈവത്തിന്റെ മുമ്പാകെ ഒരു കഴിവുമില്ലാത്ത ശിശു. ഈ ഇരട്ട മനോഭാവം നാം നിരന്തരം സൂക്ഷിക്കേണ്ടതുണ്ട്. ആത്മീയകാര്യങ്ങളില്‍ പ്രാഥമികാക്ഷരങ്ങള്‍ പോലും അറിഞ്ഞുകൂടാത്ത നിരക്ഷരരാണു നാം. അതുകൊണ്ടു നാം കര്‍ത്താവിലാശ്രയിച്ചു തന്നെ നില്‍ക്കുന്നു. അതു നമ്മെ നിരവധി വീഴ്ചകളില്‍ നിന്നു രക്ഷിക്കയും സുരക്ഷിതരായി കാക്കുകയും ചെയ്യും.

18:18-20-ല്‍ യേശു വീണ്ടും സഭയെക്കുറിച്ചു സംസാരിക്കുന്നതു നാം കാണുന്നു. സാത്താനെ ബന്ധിക്കുകയും വിശ്വാസികളെ മോചിപ്പിക്കയും ചെയ്‌വാനുള്ള സഭയുടെ അധികാരത്തെക്കുറിച്ച് യേശു പറയുന്നു. ഏറ്റവും കുറഞ്ഞത് രണ്ടു പേരെങ്കിലും ഐകമത്യപ്പെട്ടു നില്‍ക്കുന്നതിലൂടെ മാത്രമേ ആ അധികാരം പ്രയോഗിക്കാനാവൂ. രണ്ടുപേര്‍ ഒരേ ആത്മാവില്‍ ഐകമത്യപ്പെട്ടു നില്ക്കുന്നിടത്തു കര്‍ത്താവിന്റെ സാന്നിദ്ധ്യം അവരുടെ നടുവില്‍ വരുന്നു (18:20). അപ്പോള്‍ മാത്രമേ സാത്താന്റെ പ്രവൃത്തികളെ ബന്ധിക്കുവാന്‍ അവര്‍ പ്രാപ്തരാകുന്നുള്ളു. നമുക്കു സാത്താനെ ബന്ധിക്കുവാന്‍ കഴിയുകയില്ല. അതു കര്‍ത്താവു ചെയ്യുന്ന പ്രവൃത്തിയാണ്. സമീപഭാവിയില്‍ത്തന്നെ അതു സംഭവിക്കും (വെളി. 20). നമുക്ക് അവന്റെ പ്രവര്‍ത്തനത്തെ ബന്ധിക്കുവാന്‍ കഴിയും. ഐകമത്യത്തോടെ ഒരേ ആത്മാവില്‍ നില്ക്കുന്ന ഭാര്യയ്ക്കും ഭര്‍ത്താവിനും സാത്താനെ തങ്ങളുടെ കുടുംബത്തില്‍ നിന്നും എന്നേക്കുമായി പുറത്തു നിര്‍ത്തുവാന്‍ കഴിയും. രണ്ടു മൂപ്പന്മാര്‍ ഒരേ ആത്മാവില്‍ ഒരുമിച്ചു നില്‍ക്കുന്നു എങ്കില്‍ സാത്താനെ എന്നേക്കുമായി പുറത്തു നിര്‍ത്തുവാന്‍ കഴിയും. ഇക്കാര്യം സാത്താനു നന്നായി അറിവുള്ളതിനാല്‍ അവന്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയിലും മൂപ്പന്മാര്‍ക്കിടയിലും ഭിന്നതയുണ്ടാക്കുന്നു.

18:21-35-ല്‍ തന്റെ സഹപ്രവര്‍ത്തകനോടു ക്ഷമിക്കാന്‍ മനസ്സില്ലാത്ത, കരുണയില്ലാത്ത ഒരു ദാസന്റെ ഉപമ യേശു പറയുന്നു. നാം നമ്മുടെ സഹജീവികളോടു ക്ഷമിക്കാത്തപക്ഷം ദൈവം നമ്മോടും ക്ഷമിക്കാതെ പോകും എന്ന് യേശു വ്യക്തമാക്കുന്നു. ഇവിടെ യജമാനന്‍ ഭീമമായ ഒരു കടം തന്റെ ഒരു ദാസന് ഇളച്ചുകൊടുക്കുന്നു. എന്നാല്‍ ആ ദാസന്‍ തന്റെ കൂട്ടുദാസന്റെ ചെറിയ കടം ഇളച്ചുകൊടുക്കുവാന്‍ മനസ്സില്ലാതിരിക്കുന്നതു കണ്ട യജമാനന്‍ അവന് അനുവദിച്ച ഇളവ് റദ്ദാക്കി. നിങ്ങള്‍ നിങ്ങളുടെ കൂട്ടു സഹോദരങ്ങളോടു ഹൃദയപൂര്‍വ്വം ക്ഷമിക്കാഞ്ഞാല്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല (വാക്യം. 35). നാം നമ്മുടെ കടക്കാരോടു അവരുടെ പാപങ്ങളെ ക്ഷമിക്കുന്നില്ലെങ്കില്‍ ദൈവം നമുക്കു ക്ഷമിച്ചുതന്നത് വീണ്ടും തിരികെ നമ്മുടെ കണക്കില്‍ രേഖപ്പെടുത്തുകയും നാം ശിക്ഷാവിധിയിലായിത്തീരുകയും ചെയ്യും! തന്നെയുമല്ല, ആ ദാസനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യില്‍ ഏല്പിക്കയും ചെയ്തു. അതിനര്‍ത്ഥം ക്ഷമിക്കാത്തവരുടെ മേലുള്ള ദൈവത്തിന്റെ സംരക്ഷണം എടുത്തുകളയുകയും ഭൂതങ്ങള്‍ അവരെ ദണ്ഡിപ്പിക്കുകയും ചെയ്യും എന്നത്രേ. വിശ്വാസികള്‍ക്കുണ്ടാകുന്ന രോഗങ്ങളുടെ ഒരു കാരണം ഇതാണ്.

കൂടുതല്‍ ഉപമകള്‍

20:1-16-ല്‍ ഒരു ദിവസത്തിന്റെ പല സമയങ്ങളിലായി മുന്തിരിത്തോട്ടത്തില്‍ ജോലി ചെയ്യുവാന്‍ വരുന്നവരുടെ ഉപമയാണ്. ഇതില്‍ അഞ്ചുകൂട്ടം ജോലിക്കാരെ നമുക്കു കാണാം. ആദ്യം കാണുന്ന നാലുകൂട്ടവും പറഞ്ഞൊത്ത കരാര്‍പ്രകാരം കൂലി നിശ്ചയിച്ചു ജോലിക്കു വരികയും 12 മണിക്കൂര്‍, 9 മണിക്കൂര്‍, 6 മണിക്കൂര്‍, 3 മണിക്കൂര്‍ എന്നീ സമയ ദൈര്‍ഘ്യങ്ങളില്‍ ജോലി ചെയ്യുകയും ചെയ്തവരാണ്. അഞ്ചാമത്തെ കൂട്ടം ഒരു കരാറോ കൂലിയോ പറഞ്ഞു സമ്മതിക്കാതെ അവസാനത്തെ ഒരു മണിക്കൂര്‍ മാത്രം ജോലി ചെയ്തവരും. ഒടുവില്‍ കണക്കുതീര്‍ത്തപ്പോള്‍ ഈ ഒരു മണിക്കൂര്‍ മാത്രം വേല ചെയ്തവര്‍ക്ക് 12 മണിക്കൂര്‍ വേല ചെയ്തവരുടെ വേതനം ലഭിച്ചു. എന്നുവച്ചാല്‍ ആദ്യത്തെ കൂട്ടത്തിനു ലഭിച്ചതിന്റെ 12 ഇരട്ടി കൂലി. കര്‍ത്താവ് എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കിയത്? പ്രതിഫലത്തിനുവേണ്ടി മാത്രം കര്‍ത്തൃശുശ്രൂഷയില്‍ ഏര്‍പ്പെട്ടവര്‍ക്ക് തങ്ങളുടെ പ്രതിഫലം ഏറ്റവും ഒടുവില്‍ മാത്രമേ ലഭിക്കുകയുള്ളു- അവര്‍ എത്ര വര്‍ഷങ്ങള്‍ സേവിച്ചാലും. എന്നാല്‍ ഒരു പ്രതിഫലവും ഇച്ഛിക്കാതെ സന്തോഷത്തോടെയും നന്ദിയോടെയും സേവിച്ചവര്‍ എത്രതന്നെ ഹ്രസ്വമായ ശുശ്രൂഷയാണ് ചെയ്തതെങ്കിലും സ്വര്‍ഗ്ഗത്തില്‍ ഏറ്റവും ഉന്നതമായ പ്രതിഫലം പ്രാപിക്കും. നമ്മുടെ ശുശ്രൂഷയുടെ വലിപ്പവും ദൈര്‍ഘ്യവുമല്ല അതിന്റെ ഗുണമാണ് ദൈവം പരിഗണിക്കുക. നമ്മുടെ ശുശ്രൂഷയ്ക്കു പിന്നിലെ ഉദ്ദേശ്യവും മനോഭാവവുമാണ് പ്രധാനം. നാം ചെയ്തത് എന്തിനു ചെയ്തു എന്നതായിരിക്കും ദൈവം ശ്രദ്ധിക്കുക. അതു തിരിച്ചറിയുന്നതു വളരെ പ്രാധാന്യമുള്ള കാര്യമാണിപ്പോള്‍.

22-ാം അദ്ധ്യായത്തില്‍ മൂന്നു സുപ്രധാന സത്യങ്ങള്‍ നാം കണ്ടെത്തുന്നു. 1. ക്രിസ്തുവിന്റെ നീതി എന്ന സൗജന്യമായ മേലങ്കി ധരിക്കാതെ ആര്‍ക്കും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുക സാദ്ധ്യമല്ല(1-14) 2. ദൈവത്തിനു നാം കൊടുക്കുംമുമ്പേ മനുഷ്യരോടുള്ള കടമകള്‍ നാം കൊടുത്തുതീര്‍ക്കേണ്ടതുണ്ട് (വാക്യം 21) 3. ബൈബിളിലെ മുഴുവന്‍ സന്ദേശത്തെയും രണ്ടു കാര്യങ്ങളില്‍ സംഗ്രഹിക്കാം. ഒന്ന്: ദൈവത്തെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കുക രണ്ട്: കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കുക (37-40). നമ്മുടെ കര്‍ത്താവിന്റെ ഉപദേശങ്ങളില്‍ നിലനില്‍ക്കാതെ വളരെ ആളുകള്‍ മാനുഷിക ഉപദേശങ്ങളാല്‍ വഴിതെറ്റിപ്പോയിട്ടുണ്ട്. മേല്‍പ്പറഞ്ഞ സത്യങ്ങളെ മുറുകെപ്പിടിക്കുകയും ചിന്തിക്കയും ചെയ്യുമെങ്കില്‍ നമുക്കു വഴിതെറ്റിപ്പോകേണ്ടിവരികയില്ല.

23-ാം അദ്ധ്യായത്തില്‍ പരീശന്മാരുടെ കപടഭക്തിയെയും വ്യാജമതത്തെയും യേശു തുറന്നു കാണിക്കുകയും അതിനെ കഠിനമായി കുറ്റം വിധിക്കുകയും ചെയ്യുന്നു. അവര്‍ വളരെ പ്രാര്‍ത്ഥിക്കുകയും ഉപവസിക്കയും കൃത്യമായി ദശാംശം കൊടുക്കയും ഉപദേശങ്ങള്‍ കൃത്യമായി പഠിപ്പിക്കയും തങ്ങളുടെ വിശ്വാസം പ്രചരിപ്പിക്കുകയും ചെയ്തുപോന്നു (23:15). തങ്ങളുടെ ഉദ്യോഗം ഉപേക്ഷിച്ചുപോലും വിദേശരാജ്യങ്ങളില്‍ സഞ്ചരിച്ച് ആളുകളെ മതത്തില്‍ ചേര്‍ത്തിരുന്നു. എന്നാല്‍ ഈ ചേര്‍ക്കപ്പെട്ട ആളുകള്‍ തങ്ങളേക്കാള്‍ ഇരട്ടിച്ച നരകയോഗ്യര്‍ ആയിത്തീര്‍ന്നു എന്ന് യേശു പറഞ്ഞു. നിയമാനുസാരികളുടെയെല്ലാം പ്രവര്‍ത്തനത്തിന്റെ ഫലം അതുമാത്രമാണ്. അതുകൊണ്ട് എല്ലാ പ്രേഷിതദൗത്യത്തിന്റെയും ഉത്ഭവം ദൈവത്തില്‍ നിന്നാണെന്നു കരുതുക വയ്യ. നാം എല്ലാറ്റിലും ഉപരി യേശുവിനെ സ്‌നേഹിക്കുകയും യേശു നമ്മെ സ്‌നേഹിച്ചതുപോലെ അന്യരെ സ്‌നേഹിക്കയും ശിഷ്യന്മാരെ വാര്‍ത്തെടുക്കുവാന്‍ നാം ഉദ്യമിക്കയും ചെയ്യുന്നുവെങ്കില്‍ നമുക്ക് അവരെ നരകത്തില്‍നിന്നു രക്ഷിക്കാന്‍ കഴിയും.

അതുപോലെ തന്നെ പുറമേയുള്ള ചില പ്രമാണങ്ങളെ അനുസരിക്കാന്‍ കഴിയുന്ന പുറംപൂച്ചു മാത്രമുള്ള മതാനുസാരികളെ ഉണ്ടാക്കുക വളരെ എളുപ്പമാണ്. ഏതോ മിഷനറിമാര്‍ തങ്ങളുടെ ക്രിസ്തീയതയിലേക്കു പരിവര്‍ത്തനം വരുത്തിയ ചില ‘ക്രിസ്ത്യാനികളെ’ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു ഗ്രാമത്തില്‍ വച്ചു കാണുവാനിടയായി. അവരുടെ ജീവിതത്തില്‍ യാതൊരു വിശുദ്ധിയും ഉണ്ടായിരുന്നില്ല. ആകെയുള്ള മാറ്റം തങ്ങളുടെ പഴയ ദേവസ്തുതികളെ വിട്ട് ക്രിസ്തുവിനെ സ്തുതിക്കുന്ന പാട്ടുകള്‍ പാടുന്നതു മാത്രമായിരുന്നു. ചിലര്‍ തങ്ങളുടെ പേരുകളിലും മാറ്റം വരുത്തിയിരുന്നു. അത്രമാത്രം. അങ്ങനെ ആ മിഷനറിമാര്‍ അവരെ ഇരട്ടി നരകയോഗ്യര്‍ ആക്കിത്തീര്‍ത്തു.

യേശു പരീശന്മാരെ ‘അണലികളേ’ (23:33) എന്നു സംബോധന ചെയ്യുകയും ആ മാര്‍ഗ്ഗത്തെ തള്ളിപ്പറയുകയും ചെയ്തു. താന്‍ തള്ളിപ്പറഞ്ഞവരുടെ പാപങ്ങള്‍ക്കു വേണ്ടിക്കൂടി താന്‍ മരിക്കാനിരുന്നതിനാല്‍ യേശുവിന് അതു ചെയ്‌വാന്‍ അര്‍ഹതയുണ്ടായിരുന്നു. ”കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍ കീഴില്‍ ചേര്‍ക്കുമ്പോലെ അവരെ ചേര്‍ക്കുവാന്‍ അവിടുന്ന് വര്‍ഷങ്ങളായി ആഗ്രഹിച്ചിരുന്നു”(23:37). മറ്റുള്ളവരുടെ പാപങ്ങള്‍ക്കുവേണ്ടി ആവശ്യമെങ്കില്‍ ജീവന്‍ വയ്ക്കുവാനും നാം തയ്യാറെങ്കില്‍ നമുക്ക് അവരുടെ പാപത്തെയും തള്ളിപ്പറയുവാന്‍ കഴിയും. അപ്രകാരം ജീവന്‍ നല്‍കുന്ന സ്‌നേഹം നമ്മിലില്ലെങ്കില്‍ അന്യരുടെ പാപത്തെ നാം തള്ളിപ്പറയുമ്പോള്‍ നാം വെറും കപടഭക്തിക്കാരായ, സ്വമേധാപ്രവാചക ശുശ്രൂഷ ചെയ്യുന്ന വ്യക്തികളായിത്തീരും.


ക്രിസ്തുവിന്റെ രണ്ടാം വരവ്

24-ാം അദ്ധ്യായത്തില്‍ യേശു തന്റെ മടങ്ങിവരവിനെക്കുറിച്ചുള്ള സൂചനകള്‍ നല്‍കുന്നു. അന്ത്യനാളുകളുടെ പ്രാഥമിക അടയാളം വഞ്ചനയായിരിക്കുമെന്നു യേശു ആവര്‍ത്തിച്ചു പറയുന്നു (വാ. 4, 11, 24). തുടര്‍ന്നു താന്‍ ശപിച്ച…. (യിസ്രായേല്‍) വൃക്ഷത്തെക്കുറിച്ച് യേശു പറയുന്നു. യാതൊരു ഫലവുമില്ലാത്ത (ആത്മീയത) ഇല മാത്രമുള്ള (മതഭക്തി) യിസ്രായേല്‍ (മര്‍ക്കൊ. 11:13-21). അതിന്റെ ഇല (ആത്മീയത കൂടാതെയുള്ള മതഭക്തി) വീണ്ടും തളിര്‍ക്കുമെന്ന് യേശു മുന്നറിയിപ്പു നല്‍കുന്നു (മത്താ. 24:32, 33). യേശുവിന്റെ ക്രൂശീകരണം കഴിഞ്ഞ് ഏകദേശം നാല്പതു വര്‍ഷമായപ്പോള്‍ യിസ്രായേല്‍ രാഷ്ട്രം ചിതറിക്കപ്പെട്ടു. അതിനുശേഷം 1967-ലാണ് അവര്‍ക്കു മടങ്ങിവന്ന് ഒരു രാഷ്ട്രരൂപീകരണം സാദ്ധ്യമായത്. അതുകൊണ്ടുതന്നെ കര്‍ത്താവിന്റെ വരവു സമീപമായി എന്നകാര്യം ഏതാണ്ട് ഉറപ്പായി. മഹാപീഡനകാലത്തിനുശേഷം താന്‍ തന്റെ മക്കളെക്കൂട്ടിച്ചേര്‍ക്കുവാന്‍ വരുമെന്നും യേശു പഠിപ്പിച്ചു (വാ. 29). താന്‍ മിന്നല്‍ പ്രകാശിക്കുമ്പോലെ പ്രകാശത്തോടെ വരുന്നതിനാല്‍ ഏവരും തന്നെ കാണുമെന്നും യേശു പറഞ്ഞു (വാ. 27). കര്‍ത്താവു രഹസ്യത്തില്‍ വരുമെന്നു പഠിപ്പിക്കുന്നവരെ വിശ്വസിക്കരുതെന്നും യേശു പറഞ്ഞു (വാക്യം 26). താന്‍ ദൂതന്മാരുമായി മഹാകാഹളധ്വനിയോടെ മേഘത്തില്‍ വന്നു ലോകത്തിലെമ്പാടുമുള്ള തന്റെ മക്കളെ കൂട്ടിച്ചേര്‍ക്കും. 1 തെസ്സ. 4:16,17-ല്‍ പൗലൊസ് വിശദീകരിക്കുന്നതുപോലെ തന്നെയാണ് യേശുവും വിശുദ്ധന്മാരുടെ ചേര്‍ക്കലിനെക്കുറിച്ചു പഠിപ്പിക്കുന്നത്. മഹാപീഡനത്തിനു ശേഷമായിരിക്കും ഈ കൂടിച്ചേര്‍ക്കല്‍ എന്ന് യേശു വ്യക്തമായി പഠിപ്പിച്ചിരിക്കുന്നു (വാ. 29). നമ്മുടെ കര്‍ത്താവു പഠിപ്പിച്ചതിനു വിരുദ്ധമായി മനുഷ്യരുടെ ഉപദേശങ്ങള്‍ ഇക്കാര്യത്തില്‍ നമുക്കു സ്വീകാര്യമല്ല.

25-ാം അധ്യായത്തില്‍ തന്റെ വരവിനു വേണ്ടിയുള്ള ഒരുക്കം മൂന്ന് ഉപമകളിലൂടെ യേശു പഠിപ്പിക്കുന്നു. തന്റെ വരവിനുവേണ്ടി ഒരുങ്ങുന്ന കാലഘട്ടം മനസ്സിലാക്കിയോ പ്രാവചനിക വിവരപ്പട്ടിക പഠിച്ചു ഹൃദിസ്ഥമാക്കിയോ അല്ല ആത്മീയമായ ഉണര്‍വ്വിലൂടെ മാത്രമാണത്. നമ്മുടെ മനസ്സിനേക്കാള്‍ ഇക്കാര്യത്തില്‍ പ്രാധാന്യം നമ്മുടെ ഹൃദയത്തിനാണ്. ഒന്നാമത്തെ ഉപമയില്‍ ഹൃദയശുദ്ധിക്കാണ് പ്രാധാന്യം. പത്തു കന്യകമാരും പുറമേ ശുദ്ധിയുള്ളവരാണ്. എന്നാല്‍ അഞ്ചുപേര്‍ ക്രിസ്തുവിനോടു പരിശുദ്ധാത്മാവിലുള്ള സ്‌നേഹത്താല്‍ തങ്ങളുടെ ഹൃദയത്തെ നിര്‍മ്മലീകരിച്ചവരാണ് (വാക്യം 7-11).

നാം ചെയ്യുന്ന എല്ലാ പ്രവൃത്തികളുടെയും ഉദ്ദേശ്യം ക്രിസ്തുവിനോടുള്ള സ്‌നേഹമല്ലെങ്കില്‍ പുറമേ നാം എത്ര വിശുദ്ധരെങ്കിലും നാം ബുദ്ധിയില്ലാത്തവരാണ്. ആദ്യസ്‌നേഹം വെടിഞ്ഞ് എഫെസോസിലെ സഭയും ഇപ്രകാരം മൂഢകന്യകയായിത്തീര്‍ന്നു (വെളി. 2:4). ദൈവം നല്‍കിയ താലന്തുകള്‍ തന്റെ രാജ്യത്തിനുവേണ്ടി വ്യാപാരം ചെയ്യുന്നതിലെ വിശ്വസ്തതയാണ് രണ്ടാം ഉപമയുടെ പ്രമേയം (വാക്യം 14-30). ദൈവം നമുക്കു വ്യത്യസ്തങ്ങളായ വരങ്ങളും കഴിവുകളും നല്‍കിയിരിക്കുന്നു. നമുക്കു നല്‍കിയിരിക്കുന്നതിനനുസൃതമായ ഫലം നാം പുറപ്പെടുവിക്കണമെന്നും അവിടുന്നാഗ്രഹിക്കുന്നു. അതിലധികം അവിടുന്നു പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ടാണ് രണ്ടു താലന്തു നേടിയവനും അഞ്ചു താലന്തു നേട്ടമുണ്ടാക്കിയവന്റെ അതേ പ്രശംസയും പ്രതിഫലവും വാഗ്ദാനം ചെയ്യപ്പെടുന്നത് (വാ. 21, 23). മൂന്നാമത്തെ ഉപമയില്‍ (ചെമ്മരിയാടുകളുടെയും കോലാടുകളുടെയും) ആവശ്യത്തിലിരിക്കുന്ന സഹവിശ്വാസികളോടു നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണു നമുക്കു പ്രതിഫലം ദൈവം നല്‍കുന്നതെന്നു പറയുന്നു (വാ. 31-36). നമ്മുടെ വിശ്വാസം ജീവനുള്ളതാണെന്നു തെളിയിക്കുന്നത് ഇതാണ് (യാക്കോ. 2:4-17).

27:3-ല്‍ മാനസാന്തരം എങ്ങനെ പൊള്ളയും അയഥാര്‍ത്ഥവുമായിത്തീരാം എന്നു പറയുന്നു. യൂദയ്ക്കും ഒരു തരത്തിലുള്ള മാനസാന്തരം ഉണ്ടായിരുന്നു (തന്റെ പാപത്തെക്കുറിച്ച് ദുഃഖം). കര്‍ത്താവിന്റെ അടുത്ത് അതു ഏറ്റു പറയുന്നതിനു പകരം അവന്‍ ഇന്നു പലരും ചെയ്യുന്നതുപോലെ പുരോഹിതന്മാരുടെ അടുത്തേക്കാണ് പോയത്. അങ്ങനെ അവന്‍ നരകവിധിക്കു യോഗ്യനായി. കര്‍ത്താവിനു മാത്രമേ നമ്മുടെ പാപത്തിനു പരിഹാരം നല്‍കാന്‍ കഴിയൂ. മറ്റാര്‍ക്കുമതു കഴിയില്ല.

28-ാം അധ്യായത്തിന്റെ ആദ്യ വാക്യങ്ങളില്‍ യേശുവിന്റെ പുനരുത്ഥാനത്തെക്കുറിച്ചു നാം വായിക്കുന്നു. പുനരുത്ഥാനമില്ലായിരുന്നുവെങ്കില്‍ തന്റെ മരണം വ്യര്‍ത്ഥമാകുമായിരുന്നു. ദൈവപുത്രനെന്ന തന്റെ അവകാശവാദത്തിനു തെളിവുണ്ടാകുമായിരുന്നില്ല. നമ്മുടെ പാപങ്ങള്‍ക്കു വേണ്ടിയുള്ള യേശുവിന്റെ മരണം, അവിടുത്തെ പുനരുത്ഥാനം- ഈ രണ്ട് ഇളകാത്ത അടിസ്ഥാനങ്ങളിന്മേലാണ് ക്രിസ്തീയ വിശ്വാസം ഉറപ്പിക്കപ്പെട്ടിരിക്കുന്നത്. മറ്റു മതങ്ങളില്‍ നിന്നും അതിനെ വ്യത്യസ്തമാക്കുന്നതും ഈ രണ്ടു സത്യങ്ങളാണ്. ദൂതന്മാര്‍ കല്ല് ഉരുട്ടി മാറ്റുമ്മുമ്പേതന്നെ ക്രിസ്തു കല്ലറ വിട്ടിരുന്നു എന്ന വസ്തുത ശ്രദ്ധിക്കുക (വാ.2). ദൂതന്‍ കല്ലുരുട്ടി മാറ്റിയതു കര്‍ത്താവിനു പുറത്തു കടക്കാനായിരുന്നില്ല, അവന്റെ ശിഷ്യര്‍ക്ക് അവന്‍ ഉയിര്‍ത്തെഴുന്നേറ്റുപോയി എന്ന വസ്തുത കണ്ടു ബോധ്യപ്പെടാനായിരുന്നു.

മഹത്തായ നിയോഗം

28:18-20 വാക്യങ്ങളില്‍ യേശു തന്റെ ശിഷ്യന്മാര്‍ക്കു നല്‍കുന്ന മഹാനിയോഗം കാണാം. അതു അവിടുത്തെ ശിഷ്യരായ നമുക്കും ഉള്ളതാണ്. സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കാര്യങ്ങളിന്മേലും കേവലമായ അധികാരം നമ്മുടെ കര്‍ത്താവിനു തന്നെയാണ് എന്ന വിശ്വാസം നമുക്കു ബോധ്യപ്പെട്ടിട്ടില്ലെങ്കില്‍ നാം ശിഷ്യരെയുണ്ടാക്കുവാന്‍ പോകുന്നതു പാടില്ല. എവിടെയെങ്കിലും ഒരു ആവശ്യമുണ്ടെന്നതിനാലോ ആരുടെയെങ്കിലും പ്രേരണയാലോ അല്ല നാം ശിഷ്യരെയുണ്ടാക്കുവാന്‍ പോകേണ്ടത്. മറിച്ച് സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും മുഴുവന്‍ അധികാരവുമുള്ള യേശു നമ്മോടു പോകുവാന്‍ കല്പിച്ചിരിക്കന്നതിനാലാണ്.

സകല രാഷ്ട്രങ്ങളിലും എന്താണ് പോയി ചെയ്യേണ്ടത്? ശിഷ്യന്മാരെ ഉണ്ടാക്കുകയാണ്- കേവലം പരിവര്‍ത്തിതരെയല്ല. അവരുടെ ഹൃദയത്തില്‍ യേശുവിനെ സ്വീകരിക്കുന്ന ഒരു പ്രവൃത്തിയല്ല നാം ചെയ്യിക്കേണ്ടത്. യേശുവിനെ അനുഗമിക്കുവാനും യേശുവില്‍ നിന്നു പഠിക്കുവാനും താത്പര്യമുള്ള ശിഷ്യരെ കണ്ടെത്തുകയാണ്. അങ്ങനെയുള്ള ശിഷ്യരെ മാത്രമേ നാം സ്‌നാനപ്പെടുത്തുവാന്‍ പാടുള്ളു.

ത്രിത്വ നാമത്തിലുള്ള സ്‌നാനം ഐച്ഛികമല്ല. അതു നിര്‍ബന്ധമാണ്. ”ഞങ്ങളുടെ ഐക്യത്തെ ബാധിക്കുമെന്നതിനാല്‍ ഞാന്‍ സ്‌നാനത്തെക്കുറിച്ചു പഠിപ്പിക്കാറില്ല” എന്നു പറയുന്ന സാമുദായികസംഘടനകളെപ്പോലെ നാം പറയുവാന്‍ പാടില്ല. നമ്മുടെ കര്‍ത്താവ് ആജ്ഞാപിച്ചതെല്ലാം നാം ഉപദേശിക്കണം. അതിനുശേഷം ആ ശിഷ്യരെ നാം സഭയില്‍ ചേര്‍ത്തു പണിയണം. അവിടെയാണ് യേശു കല്പിച്ചതൊക്കെയും അനുസരിക്കുവാന്‍ നാം അവരെ പ്രാപ്തരാക്കുന്നത്.

ഒന്നാമത് പോകുക, പിന്നെ ശിഷ്യന്മാരെയുണ്ടാക്കുക, തുടര്‍ന്നു സ്‌നാനപ്പെടുത്തുക എന്ന ക്രമം മഹാനിയോഗത്തില്‍ തികച്ചും വ്യക്തമാണ്. അതിനുശേഷം എല്ലാ കല്പനകളും അനുസരിക്കുവാന്‍ അവരെ പഠിപ്പിക്കുക. ഈ മഹാനിയോഗത്തിന്റെ മുന്നും പിന്നും ഒരു പ്രഖ്യാപനവും ഒരു വാഗ്ദാനവും കൊണ്ടു മുദ്രയിട്ടിരിക്കുന്നു. തുടക്കത്തില്‍ ”സകല അധികാരവും യേശുവില്‍ നിക്ഷിപ്തമായിരിക്കുന്നു.” ഒടുക്കം. ”ലോകാവസാനത്തോളം എല്ലാ നാളും ഞാന്‍ നിങ്ങളോടു കൂടെയുണ്ട്.”

”എല്ലാനാളും ഞാന്‍ നിങ്ങളോടു കൂടെയുണ്ട്” എന്ന വാഗ്ദാനം അവകാശപ്പെടാന്‍ അധികം പേര്‍ക്കും താല്‍പര്യമാണ്. എന്നാല്‍ അത് ആര്‍ക്കാണ് നല്‍കപ്പെട്ടിരിക്കുന്നത്? അതു ശിഷ്യരെയുണ്ടാക്കാന്‍ ലോകമെങ്ങും പോകുന്നവര്‍ക്കുള്ളതാണ്. സമ്പത്തുണ്ടാക്കാന്‍ ഇവിടെയും അവിടെയും പോകുന്ന വിശ്വാസികള്‍ക്കുള്ളതല്ല. (അത്തരത്തിലുള്ളവര്‍ അതിന് അവകാശം പറയാന്‍ പാടുള്ളതല്ല). നിങ്ങള്‍ ശിഷ്യരെയുണ്ടാക്കാന്‍ എവിടെയും പോകുന്നവരെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്കത് അവകാശപ്പെടുവാന്‍ കഴിയും. അതു നിങ്ങള്‍ക്കുള്ളതാണ്.

What’s New?