ബൈബിളിലൂടെ : ഫിലേമൊന്‍

മാനസാന്തരപ്പെട്ട അടിമയോടുള്ള കരുണ

കേവലം 25 വാക്യങ്ങളും ഒരേയൊരു അദ്ധ്യായവും മാത്രമുള്ള ഫിലേമൊന്‍ പൗലൊസിന്റെ ഒരു ചെറിയ ലേഖനമാണ്. ഫിലേമൊനെന്ന ധനികനായ ഒരു സഹോദരന് എഴുതിയതാണിത്. അപ്ഫിയ അദ്ദേഹത്തിന്റെ ഭാര്യയായിരിക്കാം. നാം കൊലോസ്യര്‍ 4:17-ല്‍ പരാമര്‍ശിച്ച അര്‍ക്കിപ്പോസ് ഒരു പക്ഷേ ഇദ്ദേഹത്തിന്റെ പുത്രനായിരിക്കാം. ഫിലേമോന്‍ കൊലോസ്യയില്‍ ആയിരുന്നിരിക്കണം ജീവിച്ചിരുന്നത്. അവന്‍ ആ സഭയിലെ മൂപ്പനും ആ സഭ കൂടിവന്നിരുന്നത് അവന്റെ ഭവനത്തിലും ആയിരുന്നിരിക്കണം. മനോഹരമായ ചില കാര്യങ്ങള്‍ ഈ ലേഖനത്തില്‍ നമുക്കു കാണാം.

ആദ്യംതന്നെ പൗലൊസ് പറയുന്നു ”എന്റെ പ്രാര്‍ത്ഥനകളില്‍ നിന്നെ ഓര്‍ത്ത് ഞാന്‍ എന്റെ ദൈവത്തിനു എല്ലായ്‌പ്പോഴും സ്‌തോത്രം ചെയ്യുന്നു. ”ഒരു ദൈവദാസന്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന് അറിയുന്നത് ഏതൊരാള്‍ക്കും വലിയ ഉത്സാഹം നല്‍കുന്ന കാര്യമാണ്. നാം പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്ന ആളുകളുടെ പട്ടിക നോക്കിയാല്‍ നാം സ്‌നേഹിക്കുന്നവരാണ് അവരെല്ലാം എന്നു കാണാം. നാം അത്രഅധികം സ്‌നേഹിക്കാത്ത പല ആളുകളുണ്ടാകാം. അവര്‍ക്കുവേണ്ടി നാം എപ്പോഴും പ്രാര്‍ത്ഥിക്കാറില്ല. നാം മനുഷ്യരാകയാല്‍ എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കുവാന്‍ കഴിയുകയില്ല. പൗലൊസ് ഫിലേമൊനെ സ്‌നേഹിച്ചു; അവനുവേണ്ടി പ്രാര്‍ത്ഥിച്ചു. പൗലൊസിനെ പോലെ മഹാനായൊരു അപ്പൊസ്തലന്‍ തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ സമയം കണ്ടെത്തുന്നുവെന്ന കാര്യം ഫിലേമൊനു വലിയ ഉത്സാഹം നല്‍കിയിരിക്കണം. പൗലൊസ് തുടര്‍ന്ന് ഇങ്ങനെ പറയുന്നു: ”കര്‍ത്താവായ യേശുവില്‍ നിനക്കുള്ള വിശ്വാസത്തേയും സകല വിശുദ്ധരോടുമുള്ള നിന്റെ സ്‌നേഹത്തേയും കുറിച്ച് കേട്ടിട്ട് എന്റെ പ്രാര്‍ത്ഥനകളില്‍ നിന്നെ ഓര്‍ത്ത് എന്റെ ദൈവത്തിന് എല്ലായ്‌പ്പോഴും സ്‌തോത്രം ചെയ്യുന്നു”(1:5-7). പൗലൊസ് അവനെ സന്തോഷിപ്പിക്കുവാന്‍ വെറുതെ മുഖസ്തുതി പറയുകയായിരുന്നില്ല. ഒരിക്കലും അങ്ങനെ ചെയ്യുന്ന ആളല്ല പൗലൊസ്. അംഗീകാരത്തിന്റെ വാക്കുകള്‍കൊണ്ട് അവനെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. പൗലൊസില്‍ നിന്നും നാം പഠിക്കേണ്ട ഒരു ദൈവികമായ സ്വഭാവമാണിത്.

ഒനേസിമൊസിനു വേണ്ടിയുള്ള അപേക്ഷ

ഫിലേമൊന്‍ ദൈവഭക്തനായ ഒരു മനുഷ്യനായിരുന്നു. അദ്ദേഹം തന്റെ ഭവനത്തിലേക്കു വന്ന ദരിദ്രരായ പല വിശ്വാസികളേയും സന്തോഷത്തോടെ സ്വീകരിച്ചിട്ടുള്ള ഒരുവനാണ്. പൗലൊസ് ഇങ്ങനെയൊരു ആവശ്യം അവനോടു പറയുന്നു: ”നീ ചെയ്യേണ്ട കാര്യം നിന്നോട് കല്പിക്കുവാന്‍ ക്രിസ്തുവില്‍ എനിക്കു സാധിക്കുമെങ്കിലും നിന്നോട് അപേക്ഷിക്കുകയാണ്”(1:8) സുവിശേഷം നിമിത്തം കാരാഗൃഹത്തില്‍ ആയിരിക്കുന്ന ഒരു വൃദ്ധനാണു പൗലൊസിപ്പോള്‍. അദ്ദേഹത്തിനു ഫിലേമൊനോടുള്ള ഒരേയൊരു അപേക്ഷ താന്‍ കാരാഗ്രഹത്തില്‍ വച്ചു കര്‍ത്താവിങ്കലേക്കു നേടിയ ഒനേസിമൊസിനോട് ദയ കാണിക്കണം എന്നതാണ് (1:10). ഫിലേമൊന്റെ ജീവിതം തന്നെ തനിക്കു കടപ്പെട്ടതാണെന്നു പൗലൊസ് ഇവിടെ ഓര്‍മ്മിപ്പിക്കുന്നു (1:19). പൗലൊസിന്റെ ശുശ്രൂഷയാല്‍ രക്ഷിക്കപ്പെട്ട ഒരുവനാണവന്‍. അതിനാല്‍ അവനോട് ചില കാര്യങ്ങള്‍ കല്പിക്കുവാന്‍ പൗലൊസിനു സാധിക്കുമായിരുന്നു. എന്നാല്‍ പൗലൊസ് കല്പിക്കുകയല്ല അപേക്ഷിക്കുകയാണ് ഇവിടെ ചെയ്യുന്നത്. മഹാനായൊരു ദൈവദാസന്റെ കാരുണ്യം കാണുക. നമുക്കെല്ലാവര്‍ക്കും അനുകരിക്കാവുന്ന ഒരു മാതൃകയാണിത്. നമ്മുടെ ശുശ്രൂഷയാല്‍ രക്ഷിക്കപ്പെട്ട ആളുകള്‍ക്കു നമ്മോട് വലിയ ബഹുമാനമുണ്ടായിരിക്കും. അവര്‍ നമുക്കുവേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറായിരിക്കും. എനിക്കുവേണ്ടി തങ്ങളുടെ ജീവന്‍ വരെ ത്യജിക്കുവാന്‍ തയ്യാറുള്ള ചിലരെ എനിക്കറിയാം. ഞാന്‍ അവരോട് എന്തെങ്കിലും കല്പിച്ചാല്‍ അവര്‍ ചെയ്തിരിക്കും. എന്നാല്‍ ഞാന്‍ അവരോട് ഒരിക്കലും ഒന്നും കല്പിക്കാറില്ല. ഞാന്‍ അവരോട് അഭ്യര്‍ത്ഥിക്കുകയാണ് ചെയ്യാറുള്ളത്. അങ്ങനെയാണ് ഒരു യഥാര്‍ത്ഥ ദൈവദാസന്‍ പെരുമാറേണ്ടത്. അവന്‍ തന്റെ അധികാരം ഉപയോഗിച്ച് എന്തെങ്കിലും ലാഭമുണ്ടാക്കുന്നില്ല. പൗലൊസിനെപ്പോലെ കരുണയുള്ളവരായിരിക്കാന്‍ നമുക്കു പഠിക്കാം.

പൗലൊസിനു ഫിലേമൊനില്‍ നിന്നും എന്താണ് വേണ്ടത്? ഒനേസിമോസ് അവന്റെ അടുക്കല്‍ നിന്നും റോമിലേയ്ക്ക് ഓടിപ്പോയ ഒരു അടിമയായിരുന്നു. അവിടെ വച്ച് ദൈവത്തിന്റെ പരമാധികാരത്താല്‍ അവന്‍ പൗലൊസുമായി ബന്ധപ്പെടുവാനും രക്ഷയിലേക്കു വരുവാനും ഇടയായി.

ഒരു അടിമ തന്റെ യജമാനന്റെ അടുക്കല്‍ നിന്നും ഓടിപ്പോയതിനു ശേഷം പിന്നീട് അവനെ കണ്ടാല്‍ യജമാനന് അവനെ കൊല്ലുവാന്‍ ആ കാലഘട്ടത്തിലെ നിയമം അനുവദിച്ചിരുന്നു. അന്ന് അടിമകള്‍ക്കു യാതൊരു അവകാശവും ഇല്ലായിരുന്നു. പൗലൊസ് ഫിലേമൊനോട് ഒരു ആനുകൂല്യം ആവശ്യപ്പെട്ടത് തനിക്കുവേണ്ടി ആയിരുന്നില്ല. മറിച്ച് അത് മറ്റൊരാള്‍ക്ക് വേണ്ടി ആയിരുന്നു. തനിക്കായിട്ട് ഒന്നും ആവശ്യപ്പെടാത്ത ഒരു ദൈവമനുഷ്യനായിരുന്നു പൗലൊസ്. ഒനേസിമോസ് തിരികെ വരുന്നത് ക്രിസ്തുവില്‍ ഒരു സഹോദരനായിട്ടാണ്. ”ഒരിക്കല്‍ അവന്‍ അടിമയായിരുന്നു. ഇപ്പോള്‍ അവനൊരു സഹോദരനാണ്” എന്നാണ് പൗലൊസ് ഫിലേമോനോട് പറയുന്നത്. അവനെ ഒരു സഹോദരനായി തിരികെ കൊണ്ടുവരുന്നതിനു ഈ ഒളിച്ചോട്ടത്തെ ദൈവം ഉപയോഗിച്ചു (1:15). തനിക്കുവേണ്ടി ഒനേസിമോസിനെ ഒരു സഹോദരനായി സ്വീകരിക്കണമെന്നാണ് പൗലൊസ് ഫിലേമൊനോട് അഭ്യര്‍ത്ഥിക്കുന്നത്. ഒനേസിമോസ് എന്ന പേരിന്റെ അര്‍ത്ഥം ”ഉപയോഗമുള്ളത്” എന്നാണ്. അവന്‍ ഫിലേമോനു ഭാവിയില്‍ വളരെ ഉപയോഗമുള്ളവനായിരിക്കും എന്നാണ് പൗലൊസ് പറയുന്നത്.

പൗലൊസ് ഫിലേമൊനോട് ഇങ്ങനെ പറയുന്നു: ”ഞാന്‍ നിന്റെ ഭവനത്തിലേക്കു കടന്നു വരുന്നു എന്നു കരുതുക. അപ്പോള്‍ എന്നെ നീ എങ്ങനെ സ്വീകരിക്കുമോ അതു പോലെ നീ ഒനേസിമോസിനേയും സ്വീകരിക്കണം.” യേശു തന്റെ പിതാവിനോട് നമ്മെക്കുറിച്ച് സംസാരിക്കുന്നതിനെയാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. ”പിതാവേ, ഈ മകന്‍ ഭവനം വിട്ട് ഓടിപ്പോയി ദൈവമില്ലാത്തവനായി പാപത്തില്‍ ജീവിച്ചു. എന്നാല്‍ ഞാന്‍ അവനെ കണ്ടെത്തി മടക്കിക്കൊണ്ടുവന്നിരിക്കുന്നു. ദയവായി അവനെ സ്വീകരിക്കുക. അങ്ങ് എന്നെ സ്വീകരിക്കുന്നതുപോലെ അവനെയും സ്വീകരിക്കുക”. അങ്ങനെയാണ് നാം സ്വീകരിക്കപ്പെട്ടത്. യേശുവിനെ സ്‌നേഹിച്ചു സ്വീകരിച്ചതുപോലെ തന്നെ പിതാവായ ദൈവം നമ്മേയും സ്‌നേഹിച്ച് സ്വീകരിക്കുന്നു (യോഹ.17:23).

പിന്നീട് പൗലൊസ് പറഞ്ഞു: ”ഒനേസിമോസ് നിന്നോട് എന്തെങ്കിലും ദോഷം ചെയ്യുകയോ കടപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് എന്റെ പേരില്‍ കണക്കിട്ടുകൊള്ളുക. ഞാന്‍ തന്നു തീര്‍ത്തുകൊള്ളാം.” അതുതന്നെയാണ് യേശുവും പറഞ്ഞത്. ”അവന്‍ ചെയ്ത ആ പാപങ്ങള്‍ എന്റെ പേരില്‍ കണക്കിട്ടുകൊള്ളുക”-ഇതായിരിക്കണം എല്ലാ ദൈവഭക്തരായ ആളുകളുടേയും മനോഭാവം. ”എന്റെ പേരില്‍ കണക്കിട്ടുകൊള്ളുക. അവന്‍ കടപ്പെട്ടിരിക്കുന്നതെല്ലാം ഞാന്‍ തന്നുതീര്‍ത്തുകൊള്ളാം.” താന്‍ ദൈവത്തിങ്കലേക്കു നടത്തിയ ഒരു മനുഷ്യനെ സഹായിക്കുന്നതിനുള്ള പൗലൊസിന്റെ മനോഭാവം എത്ര മഹത്തരമാണെന്നു കാണുക. ഇവിടെ ഇതാ ഒരു പ്രസംഗകന്‍, തനിക്കുവേണ്ടി പണം ആവശ്യപ്പെടാതെ മറ്റൊരു വിശ്വാസിക്കു പണം വാഗ്ദാനം ചെയ്തു സഹായിക്കുന്നു. ഇങ്ങനെയൊരു പ്രസംഗകനെ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

സഭകളില്‍ നിന്നും പണം ലഭിച്ചുകൊണ്ടിരുന്ന ഒരുവനായിരുന്നില്ല പൗലൊസ് എന്നു നാം ഓര്‍ക്കണം. എന്നാല്‍ താന്‍ കൂടാരപ്പണിചെയ്ത് സമ്പാദിച്ച അല്പം പണം കൊണ്ട് ഓനേസിമോസിനോട് പറയുന്നു: ”എനിക്കുള്ളതുകൊണ്ട് നിന്നെ സഹായിക്കാം. നിന്റെ കടം വീട്ടാന്‍ സഹായിക്കാം.” എത്ര മഹത്തായൊരു മാതൃക! ദരിദ്രരായവരില്‍ നിന്നും പണം സ്വീകരിക്കുന്നതിനു പകരം ദരിദ്രരെ പണം നല്‍കി സഹായിക്കുന്ന പ്രസംഗകര്‍ നമുക്കു അധികം ഉണ്ടായിരുന്നുവെങ്കില്‍ ഈ ലോകം കാണുന്ന ക്രിസ്തീയത എത്ര വ്യത്യസ്തമായിരുന്നേനെ!

ദൈവവിളിയിലുള്ള ശ്രദ്ധ

പൗലൊസ് യുക്തിപൂര്‍വ്വം കാര്യങ്ങള്‍ ചെയ്യുന്ന ഒരാളായിരുന്നു. ഫിലേമൊന്‍ അവന്റെ സ്വത്ത് ഒനേസിമൊസുമായി പങ്കുവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞില്ല. ഒനേസിമോസ് അപ്പോഴും ഒരു അടിമ തന്നെ ആയിരുന്നു. പൗലൊസ് അടിമത്വത്തിനെതിരെ ഒരു കുരിശുയുദ്ധം നടത്തുക ആയിരുന്നില്ല. ആ കാലഘട്ടം അതിനുള്ള സമയമല്ലെന്നു പരിശുദ്ധാത്മാവിനാല്‍ ഉള്ള ഒരു തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു. പൗലൊസ് അടിമത്വത്തിനെതിരെ ഒരു കുരിശുയുദ്ധം തുടങ്ങിയിരുന്നുവെങ്കില്‍ വേദപുസ്തകഭാഗങ്ങള്‍ രചിക്കുന്നതിനോ സഭകള്‍ സ്ഥാപിക്കുന്നതിനോ തനിക്കു ശ്രദ്ധിക്കുവാന്‍ കഴിയുമായിരുന്നില്ല.

അടിമത്വത്തിനെതിരെ ഒരു കുരിശുയുദ്ധം നടത്തുകയെന്നത് ഒരു നല്ല കാര്യമാണ്. എന്നാല്‍ അതിനുള്ള വിളി തനിക്കില്ലെന്നു പൗലൊസ് അറിഞ്ഞിരുന്നു. മറ്റ് ചിലരെ അതിനായി വിളിച്ചിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുശേഷം അമേരിക്കയുടെ പ്രസിഡന്റ് ആയ ഏബ്രഹാം ലിങ്കണ്‍ അത് ചെയ്തു. നല്ലത് ചിലപ്പോള്‍ ഏറ്റവും ഉത്തമമായതിന്റെ ശത്രുവാകാറുണ്ട്. പൗലൊസ് തന്റെ ശുശ്രൂഷയെ സംബന്ധിച്ചുള്ള ദൈവഹിതം അറിയുവാന്‍ ശ്രമിച്ചു. ഈ ലോകത്തിലുള്ളവര്‍ക്കു കൂടുതല്‍ പ്രയോജനകരമായ ചില കാര്യങ്ങള്‍ ചെയ്യാനാണ് ദൈവം തന്നെ വിളിച്ചിരിക്കുന്നതെന്നു പൗലൊസിന് അറിയാമായിരുന്നു. ശിഷ്യന്മാരെ സൃഷ്ടിക്കുവാനും സഭ പണിയുവാനും ഉള്ള വിളിയാണ് തനിക്കുള്ളതെന്നു പൗലൊസ് മനസ്സിലാക്കിയിരുന്നു. ഈ കാര്യങ്ങളാണ് നിത്യതയില്‍ ഫലം തരുന്നത്.

അതാണ് നാം ഇന്നും ഓര്‍ക്കേണ്ട ഒരു കാര്യം. സാമൂഹിക വിഷയങ്ങളിലോ വിമോചന ദൈവശാസ്ത്രത്തിലോ നിങ്ങള്‍ ആകൃഷ്ടരാകാം. ലോകത്തിലുള്ളവരെ സഹായിക്കുന്ന നല്ല കാര്യങ്ങളായിരിക്കാം അവയെല്ലാം. എന്നാല്‍ ഇത്തരം നല്ല കാര്യങ്ങളില്‍ ഏര്‍പ്പെട്ട് ഫലത്തില്‍ ദൈവം നിങ്ങള്‍ക്കുവേണ്ടി ആഗ്രഹിക്കുന്ന മെച്ചമായത് നഷ്ടപ്പെടുവാന്‍ സാദ്ധ്യതയുണ്ട്. ആളുകളെ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരാക്കുകയും സഭ പണിയുകയും ചെയ്യുകയെന്നതാണ് ഏറ്റവും നല്ല കാര്യം.

അതിനു ശേഷം ഫിലേമൊന്റെ വീട്ടില്‍ സഭായോഗം കൂടുമ്പോള്‍ അവനും ഒനേസിമോസും സഹോദരങ്ങളാണ്. സഹോദരന്‍ ഫിലേമൊനും സഹോദരന്‍ ഒനേസിമോസും. എന്നാല്‍ സഭായോഗം കഴിഞ്ഞാല്‍ അവര്‍ ഒനേസിമോസെന്ന അടിമയും ഫിലേമൊനെന്ന യജമാനനും ആയിരിക്കും. ക്രിസ്തുവിനു മഹത്വം കൊടുക്കുന്ന എത്ര അത്ഭുതകരമായ ഒരു കാഴ്ച!

സാമൂഹിക അസമത്വം ഇല്ലായ്മ ചെയ്യുവാനോ എല്ലാ ക്രിസ്ത്യാനികളുടേയും സമ്പത്ത് തുല്യമാക്കുവാനോ വേണ്ടിയല്ല കര്‍ത്താവ് ഈ ഭൂമിയിലേക്ക് വന്നത്. ധനികരുടെ സമ്പത്ത് ദരിദ്രര്‍ക്കു വിതരണം ചെയ്യുവാനുമല്ല അവിടുന്നു വന്നത്. അത് കമ്മ്യൂണിസം ആണ്. ക്രിസ്തീയത കമ്മ്യൂണിസമല്ല. ഒനേസിമോസും ഫിലേമൊനും ഭൗതികമായ അവകാശങ്ങളിലും സമ്പത്തിലും തുല്യരായിരുന്നില്ല. ഭൂമിയിലെ ജീവിതകാലം മുഴുവന്‍ അവര്‍ ഈ കാര്യങ്ങളില്‍ തികച്ചും വ്യത്യസ്തരായിരുന്നു. എന്നാല്‍ ക്രിസ്തുവില്‍ അവര്‍ തുല്യരും സഹോദരങ്ങളും ആയിരുന്നു. പരിശുദ്ധാത്മാവ് കമ്മ്യൂണിസമല്ല നമ്മെ പഠിപ്പിക്കുന്നതെന്നു വളരെ വ്യക്തമായി കാണിച്ചുതരുന്ന ദൈവനിശ്വാസീയമായ വേദഭാഗമാണ് ഫിലേമൊനുള്ള കത്ത്.