മണവാളനും മണവാട്ടിയും
ശലോമോന്റെ ഉത്തമഗീതത്തെ ”പാട്ടുകളുടെ പാട്ട്” എന്നും ”ഗീതങ്ങള്‍” എന്നും വിളിക്കുന്നു. ‘യഹോവ’ എന്ന പദം എബ്രായ മൂലത്തില്‍ ഒരു പ്രാവശ്യം മാത്രം ഉത്തമഗീതത്തില്‍ കാണപ്പെടുന്നു- 8:6-ല്‍ യഹോവയുടെ ജ്വാല (മലയാളത്തില്‍ ദിവ്യജ്വാല).
ചില വിശ്വാസികള്‍, ‘ഈ പുസ്തകം വായിക്കേണ്ടതുണ്ടോ’ എന്ന ശങ്കയോടെ ഇതിനെ കാണുന്നു. ഇതിനു കാരണം ദാമ്പത്യ ജീവിതത്തിലെ പ്രണയത്തെയും ലൈംഗികതയെയും കുറിച്ച് അവര്‍ക്കുള്ള തെറ്റിദ്ധാരണകളാണ്. സിനിമയില്‍ നിന്നും മറ്റു ലൗകിക മാധ്യമങ്ങളില്‍ നിന്നും അവര്‍ക്കു ലഭിച്ചിരിക്കുന്ന കാഴ്ചപ്പാടുകളാണ് ഇതിന്റെ അടിസ്ഥാനം.
ഈ പുസ്തകത്തില്‍ നിന്നു രണ്ടു പാഠങ്ങള്‍ നാം പഠിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു:
1) ദാമ്പത്യ ജീവിതത്തില്‍ ലൈംഗിക ബന്ധം നല്ലതും അത്യന്താപേക്ഷിതവുമാണ്.
2) പ്രണയബദ്ധരായ വരനും വധുവും തമ്മിലുള്ളതു പോലെ ഗാഢവും ഊഷ്മളവുമായിരിക്കണം ക്രിസ്തുവും നാമും തമ്മിലുള്ള ബന്ധം.
ആദമിലും ഹവ്വയിലും ലൈംഗികതയെ സൃഷ്ടിച്ചതു ദൈവമാണ്. അവര്‍ക്കു പ്രത്യുല്പാദനാവയവങ്ങള്‍ സൃഷ്ടിച്ചു നല്‍കിയ ശേഷം ”നിങ്ങള്‍ സന്താന പുഷ്ടിയുള്ളവരായി വര്‍ദ്ധിക്കുവീന്‍” എന്നു ദൈവം ആദമിനോടും ഹവ്വയോടും കല്പിച്ചത് ലൈംഗിക ബന്ധത്തിലൂടെ അതു നടക്കണമെന്ന അര്‍ത്ഥത്തിലാണെന്നതു വ്യക്തമാണ് (ഉല്പ. 1:28). തുടര്‍ന്നു സൃഷ്ടിച്ച എല്ലാറ്റിനെയും (ലൈംഗിക വ്യവസ്ഥയെ ഉള്‍പ്പെടെ) നോക്കിക്കണ്ട് ‘ഏറ്റവും നല്ലത്’ എന്നു ദൈവം വിലയിരുത്തി (ഉല്പ. 1:31). ബൈബിളിന്റെ പ്രഥമ അധ്യായത്തില്‍ തന്നെ ഭാര്യാഭര്‍ത്തൃ ബന്ധത്തിലെ ലൈംഗികതയെ വിലയിരുത്തി ‘ഏറ്റവും നല്ലത്’ എന്നു ദൈവം തന്നെ രേഖപ്പെടുത്തിയിരിക്കുന്നു. അതേക്കുറിച്ചു നമുക്കു മറ്റാരുടെയും വ്യത്യസ്തമായ അഭിപ്രായം ശ്രദ്ധിക്കേണ്ടതില്ല. അത് എത്രയും നല്ലതു തന്നെ.
പരസ്പരമുള്ള നിസ്വാര്‍ത്ഥ സ്‌നേഹത്തില്‍ നിന്നാണ് ദാമ്പത്യ ബന്ധത്തിലെ പവിത്രവും വിശുദ്ധവുമായ ലൈംഗിക ബന്ധം ഉണ്ടാവുന്നത് എന്നതാണ് ഉത്തമ ഗീതത്തില്‍ നിന്ന് നമുക്കു ലഭിക്കുന്ന പാഠം. സ്‌നേഹം കൂടാതെയുള്ള ലൈംഗികത മാംസനിബദ്ധമാണ്.
ദൈവമാണ് ലൈംഗിക വ്യവസ്ഥയെ സൃഷ്ടിച്ചത്. മറ്റു പലതിനെയും പോലെ സാത്താന്‍ അതിനെ വഷളാക്കിക്കൊണ്ട് വൈവാഹിക ജീവിതത്തിനു പുറത്തും ആളുകളെ ലൈംഗികതയില്‍ മുഴുകുമാറാക്കുന്നു.
ഒരു പരമാണുവിനെക്കുറിച്ചു ചിന്തിക്കുക. ലൈംഗികതയെപ്പോലെ പരമാണുവിനെയും സൃഷ്ടിച്ചത് ദൈവമാണ്. അതിനെയും മനുഷ്യന്‍ നല്ല ഉദ്ദേശ്യങ്ങള്‍ക്കു മാത്രമല്ല തിന്മയ്ക്കായും ഉപയോഗിക്കുന്നു. ഒരു പരമാണുവിനെ വിഘടിപ്പിച്ചാല്‍ വലിയ ഒരു നഗരത്തിനു മുഴുവന്‍ ആവശ്യമായ വൈദ്യുതി ലഭിക്കുംവിധം അതില്‍ നിന്നും ഊര്‍ജ്ജം പ്രസരിക്കുന്നു. അല്ലെങ്കില്‍ ആയിരക്കണക്കിനാളുകളെ കൊന്നൊടുക്കുവാന്‍ ശേഷിയുള്ള ഒരു ബോംബുണ്ടാക്കുവാനും അതുകൊണ്ടു സാധിക്കും. ലൈംഗികതയും അത്തരത്തില്‍ നന്മയ്ക്കായും തിന്മയ്ക്കായും ഉപയോഗിക്കാന്‍ കഴിയും.
ശുദ്ധവും അശുദ്ധവുമായ ജന്തുജാലങ്ങള്‍ നിറഞ്ഞ ഒരു തുപ്പട്ടി സ്വര്‍ഗ്ഗത്തില്‍ നിന്നും പത്രൊസിന്റെ മുമ്പിലേക്ക് ഇറക്കിക്കൊടുത്തിട്ട് അത് അറുത്തു ഭക്ഷിക്കുവാന്‍ ദൈവം പത്രൊസിനോടു കല്പിച്ചു. യെഹൂദന്റെ പ്രമാണത്തെ ലംഘിക്കുന്നതായതിനാല്‍ താന്‍ അതു തിന്നുകയില്ലെന്നു പത്രൊസ് മറുപടി പറഞ്ഞു. ”ദൈവം ശുദ്ധീകരിച്ചതിനെ അശുദ്ധമെന്നു പറയരുത്”(അ.പ്ര. 10:15) എന്നു ദൈവം മറുപടി നല്‍കി. അതേകാര്യം നമുക്കു ലൈംഗികതയെക്കുറിച്ചും പറയാന്‍ കഴിയും. ദൈവം പവിത്രമായി കാണുന്നതിനെ മലിനമെന്നു കരുതേണ്ടതില്ല. ലോകം അതിനെ തെറ്റായി ഉപയോഗിക്കുമ്പോള്‍ അത് അശുദ്ധവും തിന്മയുമാണ്. എന്നാല്‍ ദാമ്പത്യ ബന്ധത്തില്‍ ലൈംഗികത വിശുദ്ധവും നിര്‍മ്മലുമാണ്. അതു ഭാര്യാ ഭര്‍ത്താക്കന്മാരെ വിശുദ്ധ ബന്ധത്തില്‍ ഉറപ്പോടെ നില്‍ക്കാന്‍ സഹായിക്കുന്നു.
അതുകൊണ്ടു ഉത്തമഗീതം പരസ്പരം വായിച്ചു കേള്‍പ്പിക്കാന്‍ ഞാന്‍ ഭാര്യാ ഭര്‍ത്താക്കന്മാരെ ഉത്സാഹിപ്പിക്കുന്നു. അതു നിങ്ങളെ പരസ്പരം അവഗണിക്കാതെ വിലമതിക്കുവാന്‍ പഠിപ്പിക്കും. നമ്മുടെ ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ നിര്‍ഭാഗ്യവശാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം വിലമതിക്കുന്നില്ല. അതുകൊണ്ടു തന്നെ അവരുടെ ലൈംഗിക ബന്ധവും യാന്ത്രികമാണ്.
ദാമ്പത്യ ജീവിതത്തില്‍ പരസ്പരം സംസാരിക്കുന്നതിന്റെ പ്രാധാന്യവും ഈ പുസ്തകം നമ്മെ കാണിക്കുന്നു- സ്‌നേഹത്തോടെയും ആര്‍ദ്രതയോടെയുമുള്ള ആശയ വിനിമയം തികച്ചും യാഥാര്‍ത്ഥ്യബോധത്തോടെ ആവിഷ്‌ക്കരിച്ചിരിക്കുന്ന ഒരു പുസ്തകമാണിത്. ദാമ്പത്യത്തിലെ ഉയര്‍ച്ച താഴ്ചകളെയും ചില സമയങ്ങളിലെ രാഗവായ്പിനെയും മറ്റു സമയങ്ങളിലെ ശീതാവസ്ഥയെയും എല്ലാ പ്രതിസന്ധിയെയും മറികടന്നു ജയിക്കുന്ന സ്‌നേഹത്തെയും അതു കാണിക്കുന്നു. ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിവാഹ ബന്ധം എങ്ങനെ പുനര്‍ജ്ജീവിപ്പിക്കാമെന്നും അതു കാണിച്ചു തരുന്നു. അങ്ങനെ ഇതു തികച്ചും പ്രായോഗികവും പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ ദൈവത്തിന്റെ വരദാനമായ ദാമ്പത്യത്തിലെ സ്‌നേഹത്തെയും ലൈംഗികതയേയും കുറിച്ചുള്ള ഒരു പുസ്തകമാണ്.
ശലോമോന്റെ ഉത്തമഗീതം ക്രിസ്തുവിന്റേയും സഭയുടേയും ഒരു ചിത്രമാണ്. വിവാഹിതരോ അവിവാഹിതരോ ആയ എല്ലാ വിശ്വാസികള്‍ക്കും ഈ കാഴ്ചപ്പാടോടെ ഈ പുസ്തകം പഠിച്ചു കൊണ്ട് തങ്ങളുടെ കര്‍ത്താവിനോടുള്ള ബന്ധത്തിന്റെ ആഴം വര്‍ദ്ധിപ്പിക്കാം.
1961-ല്‍ സ്‌നാനം സ്വീകരിച്ച ശേഷം ഞാന്‍ ആദ്യമായി വിശദമായി പഠിച്ച പുസ്തകമാണ് ഉത്തമഗീതം. അക്കാലത്ത് ഞാന്‍ കൂടെക്കൂടെ പുറം കടലിലേക്കും ഇന്ത്യന്‍ തീരപ്രദേശത്തെ നിര്‍ജ്ജന പ്രദേശങ്ങളിലേക്കും പോയും വന്നുമിരിക്കുന്ന ഒരു കപ്പലില്‍ ജോലി ചെയ്യുകയായിരുന്നു. തത്ഫലമായി ആഴ്ചകളോളം ഒരു വിശ്വാസിയുമായി പോലും ബന്ധപ്പെടാനാവാതെ പലപ്പോഴും കഴിയേണ്ടി വന്നിരുന്നു. ആ സമയങ്ങളില്‍ എന്റെ ആത്മ മണവാളനായ ക്രിസ്തുനാഥനോടുള്ള ഭക്തിയുടെ ആഴം വര്‍ദ്ധിപ്പിക്കുവാന്‍ ഈ പുസ്തകപഠനം എന്നെ സഹായിച്ചു. ഞാന്‍ അവിടുത്തേക്ക് ഏറ്റവും പ്രയിപ്പെട്ടവനും അമൂല്യ സമ്പത്തുമാണെന്നു ഞാന്‍ കണ്ടെത്തി. അവിടുന്ന് എനിക്കും ഏറ്റവും അമൂല്യ സമ്പത്തായിത്തീര്‍ന്നു. പൂര്‍ണ്ണ ഹൃദയത്തോടെയും പൂര്‍ണ്ണ മനസ്സോടെയും അവിടുത്തെ സ്‌നേഹിച്ചുകൊണ്ടും പൂര്‍ണ്ണമായും ആശ്രയിച്ചും വിശ്വസിച്ചും അവിടുത്തെ സ്‌നേഹത്തില്‍ വിശ്രമിക്കുവാന്‍ ഞാന്‍ പഠിച്ചു. തുടര്‍ന്നുള്ള ഒട്ടേറെ വര്‍ഷങ്ങളിലൂടെ കര്‍ത്താവുമായുള്ള എന്റെ ബന്ധം കൂടുതല്‍ ഗാഢമായിത്തീര്‍ന്നു. ആ ബന്ധമാണ് എന്റെ ജീവിതം തണുത്തു പോകാതെ, പിന്മാറിപ്പോകാതെ ഊഷ്മളമാക്കി നിലനിര്‍ത്തിയത്. അതുകൊണ്ടു തന്നെ ഈ പുസ്തകത്തെ ഞാന്‍ ഏറ്റവും കൂടുതല്‍ വിലമതിക്കുന്നു.
വെളിപ്പാട് 14:3-ല്‍ കുഞ്ഞാടിനെ അനുഗമിച്ചവര്‍ ആര്‍ക്കും പഠിക്കാന്‍ കഴിയാത്ത ഒരു പാട്ടു പാടി എന്നു നാം വായിക്കുന്നു. ആ 144,000 പേര്‍ ഭൂമിയിലെ ജീവിതകാലത്ത് തങ്ങളുടെ നാഥന്റെ കാല്‍പ്പാടുകളെ പിന്തുടര്‍ന്നവരെ പ്രതിനിധീകരിക്കുന്നു. കാന്തയ്ക്കു മാത്രമാണ് ആ പാട്ടു പഠിക്കുവാന്‍ കഴിഞ്ഞത്. കാരണം അത് തങ്ങളുടെ മണവാളനോടുള്ള അവരുടെ സ്‌നേഹമാണ്. ശലോമോന്റെ ഈ പാട്ട് മണവാട്ടിയുടെ പാട്ടിനോടു സദൃശം. യേശുവിനെ അനുഗമിച്ചല്ലാതെ, ബൈബിള്‍, പഠിച്ചതുകൊണ്ടു നിങ്ങള്‍ക്ക് ആ പാട്ടു പഠിക്കുവാന്‍ കഴിയില്ല. മണവാട്ടി ആ പാട്ടു പഠിച്ചത് ഈ ഭൂമിയിലെ ജീവിത കാലത്തായിരുന്നു. ഭൂമിയിലെ ജീവിതകാലത്ത് കര്‍ത്താവു നമ്മെ പല ശോധനകളിലൂടെ കടത്തിവിടുന്നു. ആ ശോധനകളിലൂടെ കടന്നു പോകുമ്പോഴാണ് നാം ആ പാട്ടു പഠിക്കുന്നത്.
ശുശ്രൂഷ നമ്മുടെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം ആയിക്കൂടാ. പ്രഥമവും പ്രധാനവുമായ ലക്ഷ്യം കര്‍ത്താവിനോടുള്ള സ്‌നേഹം മാത്രമായിരിക്കണം. 50 വര്‍ഷം പൂര്‍ണ്ണ സമയം കര്‍ത്തൃശുശ്രൂഷയില്‍ ചെലവഴിച്ച വ്യക്തി എന്ന നിലയില്‍ കര്‍ത്താവിനോടുള്ള ഭക്തി തന്നെയാണ് എന്റെ ശുശ്രൂഷയുടെ അടിസ്ഥാനം എന്ന് എനിക്കു പറയുവാന്‍ കഴിയും. കര്‍ത്താവിനോടുള്ള നമ്മുടെ ഭക്തി ക്ഷയിച്ചു പോകുന്ന ഒന്നാണെങ്കില്‍ നമ്മുടെ ശുശ്രൂഷയ്ക്ക് കര്‍ത്താവിന്റെ കണ്ണില്‍ ഒരു വിലയുമുണ്ടാവില്ല. എഫെസോസ് സഭയുടെ ദൂതനു നല്‍കുന്ന ശാസനയില്‍ നിന്നും നമുക്കിതു ഗ്രഹിക്കുവാന്‍ കഴിയും: ”ഞാന്‍ നിന്റെ പ്രവൃത്തിയും പ്രയത്‌നവും സഹിഷ്ണുതയും അറിയുന്നു. എങ്കിലും എനിക്കു നിന്നെക്കുറിച്ച് ഒന്നു പറയുവാനുണ്ട്. എന്നോടുള്ള നിന്റെ ആദ്യസ്‌നേഹം നീ വിട്ടു കളഞ്ഞു” (വെളി. 2:2-4 ലിവിങ്). എഫെസോസിലെ സഭയുടെ അംഗീകാരം മുഴുവനായും എടുത്തു കളയുമെന്നു പറയുവാന്‍ തക്കവണ്ണം ഗൗരവമുള്ള വീഴ്ചയായിരുന്നു അത് (വെളി. 2:5).
സുവിശേഷീകരണമായാലും സഭാസ്ഥാപനമായാലും വേദാദ്ധ്യായനമായാലും സാമൂഹ്യ സേവനമോ മറ്റെന്തു ശുശ്രൂഷ ആയാലും അതു വ്യക്തിപരമായി ക്രിസ്തുവിനോടു സ്‌നേഹവും ഭക്തിയും നിറഞ്ഞ ഒരു ഹൃദയത്തില്‍ നിന്നുറവെടുക്കുന്നതായിരിക്കണം. കര്‍ത്താവു നമ്മെ പാടി കേള്‍പ്പിക്കുന്ന നാം തിരികെ അവിടുത്തോടു പാടേണ്ട മണവാളന്റെയും മണവാട്ടിയുടെയും പാട്ട് നാം ഒന്നാമതു പഠിക്കേണ്ടതുണ്ട്.
സദൃശവാക്യങ്ങളില്‍ ദൈവിക ജ്ഞാനവും സഭാപ്രസംഗിയില്‍ മാനുഷിക ജ്ഞാനവും നമുക്കു കാണാം. എന്നാല്‍ ഉത്തമഗീതത്തില്‍ ദൈവിക സ്‌നേഹത്തെ നാം കാണുന്നു. അനേകര്‍ വേദപുസ്തകജ്ഞാനം തേടുന്നു. ദൈവമോ തന്നെ സ്‌നേഹിക്കുന്നവരെ തേടുന്നു. അതുണ്ടാകുമ്പോഴേ നമ്മുടെ വേദപരിജ്ഞാനത്തിനു സാംഗത്യമുണ്ടാകുന്നുള്ളു.
ഉത്തമഗീതത്തില്‍ വധുവിന്റെ സ്‌നേഹത്തിന് ഒരു വളര്‍ച്ച നാം കാണുന്നു.
ഒന്നാം അധ്യായത്തില്‍ പ്രേമം മൊട്ടിടുന്നു. അതൊരു മതിമോഹത്തില്‍ നിന്നെന്ന പോലെയാണ്. പലപ്പോഴും തങ്ങള്‍ തമ്മില്‍ സ്‌നേഹത്തിലാണെന്നു ചെറുപ്പക്കാര്‍ പറയുമ്പോള്‍ അവരൊരു മോഹവലയത്തിലാണെന്നേ അതിന്നര്‍ത്ഥമുള്ളു.
മതിമോഹത്തില്‍ നിന്നുള്ള പ്രണയം സ്വാര്‍ത്ഥമാണ്. സ്‌നേഹം ഒരിക്കലും സ്വാര്‍ത്ഥമായ ഉദ്ദേശ്യലക്ഷ്യങ്ങളുള്ള ഒന്നല്ല. റൊമാന്റിക് നോവലുകളിലും സിനിമകളിലും കാണുന്ന പ്രകാരം ലോകത്തില്‍ നാം കാണുന്നതില്‍ വച്ച് ഏറ്റവും പവിത്രമായ സ്‌നേഹം സ്ത്രീ പുരുഷ ബന്ധത്തിലുണ്ടാകുന്ന സ്‌നേഹമല്ല. തന്റെ നിസ്സഹായനായ കുഞ്ഞിനോട് ഒരമ്മയ്ക്കുള്ള സ്‌നേഹമാണ് നാം കാണുന്നതില്‍ ഏറ്റവും പവിത്രമായത്. തന്റെ കുഞ്ഞിനുവേണ്ടി അമ്മ എല്ലാം പരിത്യജിക്കും. കുഞ്ഞു രോഗിയാകുമ്പോഴാണ് നാം അമ്മയുടെ സ്‌നേഹം ശ്രദ്ധിക്കേണ്ടത്. തങ്ങള്‍ സ്‌നേഹത്തിലാണ് എന്നു പറയുന്ന യുവജനങ്ങള്‍ ഒരിക്കലും ഒരമ്മയുടെ നിസ്വാര്‍ത്ഥ പരിത്യാഗത്തിലേക്കു വളരുന്നില്ല- എത്ര വര്‍ഷം കഴിഞ്ഞാലും! സ്വന്തം അഭിലാഷങ്ങളുടെ പൂര്‍ത്തീകരണം അനുസരിച്ചാണ് അവരുടെ ബന്ധത്തിന്റെ ദൈര്‍ഘ്യം. അമ്മയുടെ സ്‌നേഹം അങ്ങനെയല്ല. അതു മക്കളുടെ തന്നോടുള്ള പ്രതികരണങ്ങളില്‍ നിന്നും മുക്തമാണ്. കുഞ്ഞ് ഒരുപക്ഷേ അംഗവൈകല്യമുള്ളതോ വളര്‍ച്ചക്കുറവുള്ളതോ നിത്യരോഗിയോ ആയിരുന്നാലും അമ്മ അവസാനം വരെ അതിനെ സ്‌നേഹിക്കുന്നു. ദൈവസ്‌നേഹത്തോട് ഏറ്റവും അടുത്തു നില്ക്കുന്ന സ്‌നേഹം ഈ ഭൂമിയില്‍ നാം കണ്ടെത്തുന്നതിവിടെയാണ്. അതുകൊണ്ടാണ് ദൈവം തന്റെ സ്‌നേഹത്തെ ഒരമ്മയുടെ താന്‍ പ്രസവിച്ച കുഞ്ഞിനോടുള്ള സ്‌നേഹത്തോട് ഉപമിക്കുന്നത് (യെശ. 49:15). ഒരു ഭാര്യക്കും ഭര്‍ത്താവിനും ആ നിലവാരത്തില്‍ സ്‌നേഹിക്കുവാന്‍ കഴിഞ്ഞാല്‍ മാത്രമേ അവര്‍ സ്‌നേഹമെന്തെന്നു മനസ്സിലാക്കുവാന്‍ ആരംഭിക്കു. എന്നാല്‍ സ്‌നേഹം വളര്‍ന്നു പാകമാകുവാന്‍ സമയമെടുക്കും.
വിവാഹത്തിന്റെ ആദ്യനാളുകളില്‍ ഭാര്യഭര്‍ത്തൃ ബന്ധത്തിലെ ഇടപാടുകളില്‍ ധാരാളം സ്വാര്‍ത്ഥത ഉണ്ടാകും. തന്നെ തൃപ്തിപ്പെടുത്തുന്ന ചിലത് ഭര്‍ത്താവ് ഭാര്യയോട് ആവശ്യപ്പെടുന്നു. മറിച്ച് ഭാര്യയും തന്റെ സന്തോഷത്തിനുവേണ്ടി ഭര്‍ത്താവിനോട് ചിലത് ആവശ്യപ്പെടുന്നു. ഭര്‍ത്താവ് അധികവും ലൈംഗിക സംതൃപ്തിയും മറ്റു സേവന ശുശ്രൂഷകളുമായിരിക്കും ആവശ്യപ്പെടുന്നത്. ഭാര്യക്ക് ആവശ്യം സുരക്ഷിതത്വവും ജീവിത സുഖവുമാണ്. രണ്ടും സ്വാര്‍ത്ഥതയാണ്. ഇത്തരം ബന്ധങ്ങളെ നിസ്വാര്‍ത്ഥ സമര്‍പ്പണത്തിന്റെ തലത്തിലേക്കു വളര്‍ത്തി പാകമാക്കുവാന്‍ സമയത്തിനു കഴിയും.
കര്‍ത്താവുമായുള്ള നമ്മുടെ ബന്ധവും ആരംഭിക്കുന്നത് ഇത്തരത്തിലുള്ള സ്വാര്‍ത്ഥ താത്പര്യങ്ങളോടെയാണ്. പ്രാഥമികമായി നമുക്കുവേണ്ടി ചിലത് ആഗ്രഹിച്ചുകൊണ്ടാണ് നാം കര്‍ത്താവിങ്കലേക്കു വരുന്നത്. അത് ഒരുപക്ഷേ നരകത്തില്‍ നിന്നുള്ള രക്ഷയാകാം. അല്ലെങ്കില്‍ രോഗസൗഖ്യമാകാം. സാമ്പത്തികാഭിവൃദ്ധിയോ മറ്റെന്തെങ്കിലും പ്രശ്‌നപരിഹാരമോ ആകാം. നല്ല അഭിഷേകത്തോടെയുള്ള ശുശ്രൂഷയുമാകാം. ഇത്തരം ആഗ്രഹങ്ങളൊക്കെ സ്വാര്‍ത്ഥതയില്‍ നിന്നുണ്ടാകുന്നതാണ്. എന്നാല്‍ സ്‌നേഹം പക്വതയിലേക്കു വളരുമ്പോള്‍ നാം പറയും: ”കര്‍ത്താവേ, ഞാന്‍ ആരോഗ്യമോ ധനമോ ശുശ്രൂഷയോ ഒന്നും ആഗ്രഹിക്കുന്നില്ല. എനിക്കു നീയുണ്ട്. അതുമാത്രം മതി എനിക്ക്. എന്റെ ഭൗതിക ജീവിതത്തിന്റെ സിംഹഭാഗവും അങ്ങേയ്ക്കു നല്‍കണം എന്നു മാത്രമാണെന്റെ ആഗ്രഹം.” അങ്ങനെ നാം ചിന്തിക്കുമ്പോള്‍ കര്‍ത്താവില്‍ നിന്നും നമുക്ക് എന്തു കിട്ടി എന്നതിനെക്കുറിച്ചു നമുക്ക് ആകുലമുണ്ടാവില്ല. കര്‍ത്താവിന് ഞാന്‍ എത്ര പ്രയോജനപ്പെട്ടു എന്നതിലാവും നമ്മുടെ ഉത്ക്കണ്ഠ. അതാണ് സ്‌നേഹത്തിന്റെ പക്വത.
യേശുവിന്റെ നമ്മോടുള്ള സ്‌നേഹം അങ്ങനെയാണ്. അവിടുന്നു ഭൂമിയില്‍ വന്നപ്പോള്‍ മനുഷ്യരില്‍ നിന്നും എന്തു നേട്ടം തനിക്കുണ്ടാക്കാന്‍ കഴിഞ്ഞു എന്നല്ല അവിടുന്നു ചിന്തിച്ചത്. മനുഷ്യന് എന്തു നല്‍കാന്‍ തനിക്കു കഴിയും എന്നതാണ്. ദൈവസ്‌നേഹത്തിന്റെ ചിന്ത എല്ലായ്‌പ്പോഴും അങ്ങനെ തന്നെയാണ്. ഈ പുസ്തകത്തിന്റെ അവസാന അധ്യായമായ 8-ാം അധ്യായത്തില്‍ നാം എത്തിച്ചേരുന്നത് അത്തരത്തില്‍ പാകമായ സ്‌നേഹത്തിലേക്കാണ്. ശോധന ചെയ്യപ്പെടാത്ത സ്‌നേഹം അന്തിമമായി സത്യമായ ദൈവസ്‌നേഹത്തിലേക്കു വളര്‍ന്നു പരിപക്വമാകുന്നു.
സങ്കീര്‍ത്തനക്കാരന്‍ പറയുന്നു: ”സ്വര്‍ഗ്ഗത്തില്‍ നീയല്ലാതെ എനിക്കാരുള്ളൂ? ഭൂമിയിലും നിന്നെയല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല” (സങ്കീ. 73:25). കര്‍ത്താവിനോടുള്ള സ്‌നേഹത്തില്‍ പക്വത പ്രാപിച്ച ഒരു വ്യക്തി ചിന്തിക്കുന്നത് ഇപ്രകാരമായിരിക്കും. അവനൊരിക്കലും ഭൂമിയിലെ തന്റെ ആരോഗ്യത്തെക്കുറിച്ചോ സമ്പത്തിനെക്കുറിച്ചോ ആയിരിക്കയില്ല ചിന്തിക്കുന്നത്. തനിക്കു വേണ്ടതു കര്‍ത്താവു മാത്രമായിരിക്കും.
സ്‌നേഹത്തിന്റെ ആരംഭം
ഉത്തമഗീതം അധ്യായം 1:1-ല്‍ ഇതു ശലോമോന്റെ – അതായത് കാന്തന്റെ-ഗീതമാണ് എന്നു പറഞ്ഞിരിക്കുന്നു. കാന്തയുടേതല്ല. അതിന്നര്‍ത്ഥം പ്രാഥമികമായി ഇതു കര്‍ത്താവിന്റെ നമുക്കു വേണ്ടിയുള്ള പാട്ടാണ് അല്ലാതെ കര്‍ത്താവിനു വേണ്ടി നാം പാടുന്ന പാട്ടല്ല എന്നതാണ്. അവന്‍ നമ്മെ ഒന്നാമതു സ്‌നേഹിച്ചതുകൊണ്ടു നാമും സ്‌നേഹിക്കുന്നു (1 യോഹ. 4:19). ആദ്യം സ്‌നേഹിച്ചതു നാമല്ല. അവന്‍ നമ്മെയാണ്. അവിടുന്ന് നമ്മോട് ആദ്യം ഈ പാട്ടു പാടിയിരിക്കുന്നതു കൊണ്ട് നമുക്ക് ഇന്ന് അവിടുത്തേക്ക് ഒരു പാട്ടു പാടുവാന്‍ കഴിയും. നിങ്ങള്‍ക്ക് കര്‍ത്താവിനോടുള്ള സ്‌നേഹത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ട് ഒരിക്കലും ഒരിക്കലും നിങ്ങള്‍ ആരംഭിക്കരുത്. അവിടുത്തെ നമ്മോടുള്ള സ്‌നേഹത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടു മാത്രമേ തുടങ്ങാവൂ. അങ്ങനെയെങ്കില്‍ നാം തെറ്റിപ്പോവില്ല. മാത്രമല്ല നാം നിരാശപ്പെടുകയോ സ്വയം കുറ്റപ്പെടുത്തുകയോ ചെയ്കയില്ല.
ഒന്നാം ഭാഗത്തില്‍ കര്‍ത്താവിനോടു പ്രേമബന്ധത്തിലായിത്തീരുന്നതിനെക്കുറിച്ചു പറയുന്നു. പുരുഷന്റെ പേര് ഇവിടെ പരാമര്‍ശിക്കുന്നില്ല. അതു ഊഹിക്കാന്‍ മാത്രമേ കഴിയൂ. കാരണം ആ കാന്തയെ സംബന്ധിച്ച് ഈ മുഴുലോകത്തിലും ഒരേ ഒരു പുരുഷനേയുള്ളു- അത് അവളുടെ കാന്തനാണ്. തന്റെ പ്രിയന്റെ ആകര്‍ഷകത്വത്തില്‍ മയങ്ങി അവള്‍ പറയുകയാണ്: ”നിന്റെ പ്രേമം, സര്‍വ്വഭൂമിയിലുമുള്ള വീഞ്ഞിലും രസകരമാകുന്നു. നിന്റെ നാമം എത്ര സൗരഭ്യമേറിയത്” (വാ. 2,3). മുഴു ലോകത്തിനും നല്കാന്‍ കഴിയുന്ന എല്ലാ വിശിഷ്ട വീഞ്ഞിനെക്കാളും മേന്മയേറിയതാണ് കാന്തന്റെ വ്യക്തിത്വം.
അവള്‍ തുടര്‍ന്നു പറയുന്നു: ”എന്നെ നിന്റെ പിന്നാലെ വലിക്കുക. നാം ഓടിപ്പോക” (വാ.4). ഇവിടെ നാം സൂക്ഷ്മതയോടെ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. സ്‌നേഹം ഒരിക്കലും ഉന്തിക്കൊണ്ടു പോവുകയല്ല വലിച്ചടുപ്പിക്കുകയാണ്. തള്ളുന്നതും വലിക്കുന്നതും തമ്മില്‍ വലിയ ഒരു അന്തരമുണ്ട്. സാത്താന്‍ നമ്മെ തള്ളുകയാണ്. എന്നാല്‍ ദൈവം ആകര്‍ഷിച്ച് വലിച്ചടുപ്പിക്കുകയാണ്. യേശു പറഞ്ഞു: ”ഞാന്‍ ഉയര്‍ത്തപ്പെട്ടാല്‍ എല്ലാവരെയും എങ്കലേക്ക് ആകര്‍ഷിക്കും”(യോഹ. 12:32). ഒരു കാന്തം ഇരുമ്പിന്റെ ശകലങ്ങളെ ആകര്‍ഷിക്കുന്നതുപോലെ അവിടുന്നു നമ്മെ തന്നിലേക്ക് ആകര്‍ഷിച്ചടുപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു. കര്‍ത്താവ് ആരെയും ഉന്തി മുമ്പോട്ടു കൊണ്ടുപോവുന്നില്ല. ഒരു നല്ല ഇടയനെപ്പോലെ താന്‍ മുമ്പില്‍ നടക്കുകയും നമ്മെ തന്റെ പിന്നാലെ വലിക്കുകയും ചെയ്യുന്നു. ഏതെങ്കിലും ഘട്ടത്തില്‍ നാം പിന്നാലെ ചെല്ലുന്നതു മതിയാക്കിയാല്‍ അവിടുന്നു നമ്മെ നിര്‍ബ്ബന്ധിക്കുന്നില്ല. നമ്മുടെ കര്‍ത്താവിനെ സംബന്ധിച്ച് വിസ്മയകരമായ ഒരു കാര്യം ഇതാണ്. സാത്താന്റെ മടുപ്പുളവാക്കുന്ന തള്ളലില്‍ നിന്നും വ്യത്യസ്തമായി കര്‍ത്താവിന്റെ നേതൃത്വത്തെക്കുറിച്ചു നമുക്കു പറയാന്‍ കഴിയുന്ന ഒരു കാര്യം ഇതാണ്. ഒരു കള്‍ട്ട് നേതാവില്‍ നിന്നും ദൈവഭക്തനായ ഒരു നേതാവ് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും ഇവിടെ നിന്നു നമുക്കു ഗ്രഹിക്കാം. ദൈവഭക്തരായ ആളുകള്‍ പൗലൊസിനെപ്പോലെ മുമ്പില്‍ നടന്നു കാണിക്കുകയും തന്നെ അനുഗമിക്കുവാന്‍ പറയുകയും ചെയ്യുന്നു (1 കൊരി. 11:1). കള്‍ട്ട് നേതാക്കന്മാര്‍ ഏകാധിപതികളെപ്പോലെ തങ്ങളുടെ ശക്തമായ പ്രസംഗങ്ങള്‍ കൊണ്ടും ഉപദേശങ്ങള്‍ കൊണ്ടും തങ്ങള്‍ പോകുന്ന വഴിയിലൂടെ പോകുവാന്‍ ആളുകളോട് ആജ്ഞാപിക്കുന്നു. വ്യാജ ഇടയന്മാരുടെ പിന്നാലെ പോകാതെ നമ്മെ കാക്കുവാന്‍ കഴിയുന്ന എത്ര നല്ല പാഠങ്ങള്‍ ഈ പുസ്തകം നമുക്കു നല്‍കുന്നു.
ഒരു കുടുംബത്തെ സംബന്ധിച്ചും ഭാര്യയെ തന്നിലേക്കാകര്‍ഷിച്ചു മുമ്പെ നടക്കുന്ന ഒരു മാതൃകയായിരിക്കണം ഭര്‍ത്താവ്. ”ഇങ്ങനെ ചെയ്യുക” എന്ന് ആജ്ഞാപിച്ചുകൊണ്ട് ഭാര്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ആളായിരിക്കരുത്. നിങ്ങളുടെ ഭാര്യക്ക് മാറ്റം വരുത്തേണ്ട ഏതെങ്കിലും മേഖല നിങ്ങള്‍ അവളില്‍ കാണുന്നുണ്ടോ? നിങ്ങള്‍ തന്നെ ഒരു മാതൃകയായി അതു ചെയ്ക. അവള്‍ തന്റെ സമയത്തും സൗകര്യത്തിലും ആ മാറ്റത്തിലേക്കു വരുവാന്‍ കാക്കുക. ഒരിക്കലും അവളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താതിരിക്കുക. അതാണു ദൈവികമായ വഴി. സഭയിലെ നമ്മുടെ എല്ലാ ബന്ധങ്ങളിലും സംഭവിക്കേണ്ടതും ഇപ്രകാരം തന്നെയാണ്.
മണവാട്ടി തന്റെ പ്രിയനെ ”രാജാവ്” എന്നാണു സംബോധന ചെയ്യുന്നത് (1:4). നാമും യേശുവിനെ നമ്മുടെ മണവാളന്‍ എന്ന നിലയില്‍ അറിയുന്നതിന് മുന്‍പേ രാജാവായും കര്‍ത്താവായും അറിയേണ്ടതുണ്ട്. അനേകം ക്രിസ്ത്യാനികളും തന്നെ രാജാവായും കര്‍ത്താവായും തങ്ങളുടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവരോധിക്കാത്തതു കൊണ്ട് യേശുവുമായി ഒരു പ്രേമബന്ധത്തില്‍ ആയിത്തീരുന്നില്ല. ചില മേഖലകള്‍ അവരുടെ ജീവിതത്തില്‍ ഇപ്പോഴും സമര്‍പ്പിതമല്ല.
അതുപോലെ ”യെരുശലേം പുത്രിമാര്‍” എന്നൊരു പ്രയോഗം നാമിവിടെ കാണുന്നു (1:5). ഇതു കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിക്കാത്ത അര്‍ദ്ധമനസ്‌കരായ വിശ്വാസികളെ കാണിക്കുന്നു. അവര്‍ തങ്ങളുടെ പ്രസംഗം, വേദപഠനം, ഉപദേശം മുതലായ ശുശ്രൂഷകളാല്‍ പിടിക്കപ്പെട്ടവരാണ്- കര്‍ത്താവിനോടുള്ള ഭക്തിയിലല്ല. അവര്‍ പാപത്തില്‍ ജീവിക്കുന്നവരല്ല. പക്ഷേ കര്‍ത്താവിനോടു ഗാഢമായ ഒരു ഹൃദയബന്ധം പുലര്‍ത്തുന്നില്ല. കര്‍ത്താവു നോക്കുന്നത് ഒരു കാന്തയുടെ ഹൃദയവും തന്നോടുള്ള ഭക്തിയും ആ തീക്ഷ്ണമായ സ്‌നേഹത്തില്‍ നിന്നുണ്ടാവുന്ന ഒരു ശുശ്രൂഷയുമാണ്.
കാന്ത യെരുശലേം പുത്രിമാരോടു പറയുന്നു: ”ഞാന്‍ കറുത്തവളാണെങ്കിലും അഴകുള്ളവളാണ്.” അവള്‍ അര്‍ത്ഥമാക്കുന്നത് താന്‍ കാഴ്ചയില്‍ അനാകര്‍ഷയാണെങ്കിലും തന്റെ മണവാളന്‍ തന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്നതാണ്. ദൈവം ലോകത്തില്‍ കുലീനന്മാരെയും ജ്ഞാനികളെയും ശക്തരെയും ഒന്നുമല്ല തിരഞ്ഞെടുത്തത്. പ്രാഥമികമായി ‘ദരിദ്രരെയും ഭോഷന്മാരെയുമാണ്’ എന്നു ബൈബിള്‍ പറയുന്നു (1 കൊരി. 1:26-29). നമ്മില്‍ ചിലര്‍ക്ക് അപ്രകാരമുള്ള ഒരു തോന്നല്‍ ഉണ്ടായിരിക്കാം: ”ഞാന്‍ ബുദ്ധിമാനോ സമര്‍ത്ഥനോ ഒന്നുമല്ല. മറ്റുള്ളവരെപ്പോലെ കാര്യപ്രാപ്തിയുമില്ല. എന്റെ കഴിവുകള്‍ പരിമിതമാണ്.” എങ്കിലും കര്‍ത്താവു നമ്മെ തിരഞ്ഞെടുത്തിരിക്കുന്നു.
എത്രയോ സുന്ദരിമാരായ സ്ത്രീകള്‍ യെരുശലേമില്‍ ഉണ്ടായിരുന്നു. എന്നാല്‍ മണവാളന്‍ തിരഞ്ഞെടുത്തത് ഈ കറുത്തവളെയാണ്. യേശുവും ചെയ്തത് അതു തന്നെയാണ്. കാരണം അവിടുന്നു നോക്കുന്നത് പരമാര്‍ത്ഥതയുള്ള ഒരു ഹൃദയത്തെയാണ്. സൗന്ദര്യമോ കഴിവോ മിടുക്കോ ഒന്നുമല്ല. ഇവിടെ നിന്നും നാം ചിലതു പഠിക്കുന്നു. നമ്മുടെ സ്വാഭാവിക കഴിവുകളോ കുലീനതയോ നേട്ടങ്ങളോ ഒന്നും ദൈവത്തെ സംബന്ധിച്ചു പ്രാധാന്യമുള്ള കാര്യങ്ങളല്ല. തന്നോടു ഭക്തിയുള്ള ഒരു ഹൃദയമാണ് അവിടുന്നു ശ്രദ്ധിക്കുന്നത്. തന്നെ ശുശ്രൂഷിക്കുന്ന ഏതൊരാളിലും കര്‍ത്താവു ശ്രദ്ധിക്കുന്നത് അതു തന്നെയാണ്.
താന്‍ കറുത്തവളാണെങ്കിലും മണവാളന്റെ ദൃഷ്ടിയില്‍ താന്‍ ചാരുതയുള്ള വളാണെന്ന് മണവാട്ടി മനസ്സിലാക്കിയിരുന്നു. ഭര്‍ത്താക്കന്മാര്‍ തങ്ങളെ ഹൃദയത്തിലേറ്റുകയോ തങ്ങളില്‍ സന്തുഷ്ടരാവുകയോ ചെയ്യുന്നില്ലെന്ന തോന്നലാണ് വിവാഹിതരായ അനേകം സ്ത്രീകളേയും വിഷമിപ്പിക്കുന്നത്. ഞാന്‍ എന്റെ ഭാര്യയില്‍ സന്തോഷിക്കുന്നു. ഭര്‍ത്താക്കന്മാരായ നിങ്ങളെല്ലാവരും അപ്രകാരം തന്നെയെന്നും ഞാന്‍ വിശ്വസിക്കുന്നു. അതുപോലെ തന്നെ നിങ്ങള്‍ നിങ്ങളുടെ ഭാര്യയില്‍ സന്തോഷിക്കുന്നു എന്ന് അവള്‍ മനസ്സിലാക്കിയിരിക്കേണ്ടത് വളരെ പ്രധാനമാണ്. അധികം വിശ്വാസികളും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു സത്യമാണ് കര്‍ത്താവ് അവരില്‍ സന്തോഷിക്കുന്നു എന്നത്. സെഫന്യാവ് 3:17-ല്‍ ഇപ്രകാരം പറയുന്നു: ‘നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മധ്യേ ഇരിക്കുന്നു. അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും. ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കുന്നു.” നമ്മെ തന്റെ മക്കളാക്കിയതില്‍ കര്‍ത്താവ് അത്യന്തം സന്തുഷ്ടനാണ്. അതു നിങ്ങള്‍ ഗ്രഹിച്ചിട്ടുണ്ടോ? മനുഷ്യരുടെ ദൃഷ്ടിയില്‍ നാം ശോഭ കുറഞ്ഞവരാകാം. എന്നാല്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ നാം ഏറ്റവും സൗന്ദര്യമുള്ളവര്‍ തന്നെയാണ്. ഇക്കാര്യം നാം അറിഞ്ഞിരിക്കേണ്ടത് അതിപ്രധാനമാണ്.
”പട്ടണപ്പരിഷ്‌കാരികളായ വെളുത്തു തുടുത്ത സുന്ദരിമാരേ, അവജ്ഞയോടെ എന്നെ തുറിച്ചു നോക്കരുത്”(1:6). അവള്‍ പരിഷ്‌കാരിയല്ലാത്ത ഒരു ഗ്രാമീണ പെണ്‍കൊടിയായിരുന്നു. യെരുശലേം നഗരത്തിലെ പരിഷ്‌ക്കാരികളായ യുവതികള്‍ അവളെ അവജ്ഞയോടെ നോക്കിയിരുന്നു. പക്ഷേ ഈ സുന്ദരിമാരായ പരിഷ്‌ക്കാരികളെയൊക്കെ മണവാളന്‍ അവഗണിച്ച് ഈ ഗ്രാമീണ യുവതിയെത്തന്നെ തിരഞ്ഞെടുത്തു. അപ്രകാരമാണ് ദൈവം നമ്മെ തിരഞ്ഞെടുത്തതും. അതിന്നായി നമുക്കു ദൈവത്തിനു നന്ദി പറയാം! മറ്റു വിശ്വാസികള്‍ നിങ്ങളെ അവഗണനയോടെ നോക്കുന്നുണ്ടോ? നിങ്ങള്‍ വിഷമിക്കേണ്ടതില്ല. കര്‍ത്താവിനു നിങ്ങള്‍ പ്രിയപ്പെട്ടവരാണ്. വഴിയരികില്‍ അവഗണിക്കപ്പെട്ടു നിസ്സഹായയായി ജീര്‍ണ്ണിച്ച മലിനമായ അവസ്ഥയില്‍ കിടന്ന നമ്മെ എങ്ങനെയാണ് കര്‍ത്താവ് എടുത്തുയര്‍ത്തിയത് എന്നതിന്റെ ഒരു മനോഹര ചിത്രമാണ് യെഹസ്‌കേല്‍ 16.
”അവര്‍ എന്നെ മുന്തിരിത്തോട്ടങ്ങള്‍ക്കു കാവലാക്കി. എന്റെ സ്വന്തം മുന്തിരി ത്തോട്ടം ഞാന്‍ കാത്തിട്ടില്ല താനും” (1:6). മറ്റു മുന്തിരിത്തോട്ടങ്ങള്‍ നമ്മുടെ ശുശ്രൂഷകളെ കാണിക്കുന്നു. എന്റെ സ്വന്തം മുന്തിരിത്തോട്ടമെന്നത് നമ്മുടെ ജീവിതവും ദൈവത്തോടൊത്തുള്ള നടപ്പുമാണ്. അധികം പ്രസംഗകര്‍ക്കും സംഭവിച്ചിട്ടുള്ള ഗുരുതരമായ തെറ്റാണത്. അവര്‍ കര്‍ത്താവിന്റെ വേലയില്‍ മുഴുകിക്കഴിയുന്നു. സ്വന്തം മുന്തിരിത്തോട്ടം കാക്കുന്നില്ല. വളരെയധികം പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുകയും വ്യക്തിപരമായി കര്‍ത്താവിനോടു ചേര്‍ന്നുള്ള നടപ്പിനെ അവഗണിച്ചു കളയുകയും ചെയ്യുന്നു. അവര്‍ സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ കാര്യങ്ങളെ കാണുന്നു. എത്ര ആത്മാക്കളെ നേടി, എത്ര യാത്ര ചെയ്തു അങ്ങനെയങ്ങനെ. ഉത്തമഗീതം തുടക്കത്തില്‍ തന്നെ ഈ അപകടത്തെ ക്കുറിച്ചു നമുക്കു മുന്നറിയിപ്പു നല്‍കുന്നു. പൗലൊസ് തിമൊഥെയൊസിനോടു പറഞ്ഞു: ”നിന്നെത്തന്നെയും ഉപദേശത്തെയും സൂക്ഷിച്ചു കൊള്ളുക. അങ്ങനെ ചെയ്താല്‍ നീ നിന്നെയും നിന്റെ പ്രസംഗം കേള്‍ക്കുന്നവരേയും രക്ഷിക്കും” (1 തിമൊ. 4:16).
രണ്ടു കാര്യങ്ങള്‍ കാന്ത അന്വേഷിച്ചതായി നാം ഇവിടെ ശ്രദ്ധിക്കുന്നു: ”നീ ആടുകളെ മേയിക്കുന്നത് എവിടെ? അവയെ കിടത്തുന്നത് എവിടെ?” (1:7). ഈ രണ്ടു കാര്യങ്ങള്‍ തന്നെയാണു നമുക്കും കര്‍ത്താവില്‍ നിന്നും ആവശ്യമായിരിക്കുന്നത്: ഭക്ഷണവും വിശ്രമവും.
തുടര്‍ന്ന് മണവാളന്‍ അവളെ പ്രശംസിക്കുന്നു: ”എന്റെ പ്രിയേ നീ എത്ര സുന്ദരി!” അത്തരം വാക്കുകള്‍ നമുക്കും കര്‍ത്താവില്‍ നിന്നും കേള്‍ക്കേണ്ടതായിട്ടുണ്ട്. അതാണ് അവിടുന്നു നമ്മില്‍ സന്തോഷിക്കുന്നു എന്ന കാര്യം നമുക്ക് ഉറപ്പു നല്‍കുന്നത്. ഭാര്യമാര്‍ ഭര്‍ത്താക്കന്മാരില്‍ നിന്നും അത്തരം പ്രശംസകള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നുണ്ട്. ഒരു ഭര്‍ത്താവിന് ലൈംഗികാഭിലാഷം ഉണ്ടാകുന്നതുപോലെ ഒരു ഭാര്യക്കും സ്‌നേഹത്തിന്റെ ഉറപ്പിലൂടെ ലഭിക്കുന്ന സുരക്ഷിതത്വത്തിനായുള്ള അഭിലാഷം ഉണ്ട്. സന്തുഷ്ടമായ ഒരു ദാമ്പത്യബന്ധത്തിന് ഈ രണ്ടു കാര്യങ്ങളും പ്രധാനമാണ്. ഭര്‍ത്താവിന്റെ ലൈംഗികാവശ്യങ്ങളെ നിവര്‍ത്തിച്ചുകൊടുക്കുവാന്‍ ഭാര്യ കടമ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ ഭാര്യ അന്വേഷിക്കുന്ന സ്‌നേഹത്തിന്റെ ഉറപ്പ് ഭര്‍ത്താവ് അവള്‍ക്കും നല്‍കുവാന്‍ കടമ്പെട്ടിരിക്കുന്നു.
ഇത്തരം കാര്യങ്ങള്‍ ആത്മീയമായതിനാല്‍ അവയെക്കുറിച്ചു സംസാരിക്കുന്നതില്‍ നാം ലജ്ജിക്കേണ്ടതില്ല. നിര്‍ഭാഗ്യവശാല്‍ അധികം പ്രസംഗകരും പ്രസംഗപീഠത്തില്‍ നിന്നും ലൈംഗികതയെക്കുറിച്ചു സംസാരിക്കുവാന്‍ വിമുഖതയുള്ളവരാണ്. അതുകൊണ്ടു തന്നെ യുവജനങ്ങളില്‍ നല്ലൊരു വിഭാഗത്തിനും ഇക്കാര്യത്തില്‍ ലഭിക്കുന്ന അറിവു ലോകത്തില്‍ നിന്നാണ്. അവര്‍ പിശാചിന്റെ ഭാഷ്യം മാത്രമേ കേള്‍ക്കുന്നു.
വ്യക്തതയോടെയും തുറന്നുമാണ് ബൈബിള്‍ ലൈംഗികതയെക്കുറിച്ചു സംസാരിക്കുന്നത്. ഈ വിഷയത്തില്‍ ദൈവത്തിന്റെ നിലവാരമെന്തെന്നു കാണിച്ചു തരുന്നു.
അങ്ങനെ ഇവിടെ സ്‌നേഹത്തിന്റെ ആരംഭം നാം കാണുന്നു. ദൈവം നമ്മെ കൈക്കൊണ്ടിരിക്കുന്നു എന്നതിനാല്‍ നാം വളരെ അനുഗൃഹീതരാണ് എന്നതില്‍ നമുക്ക് അത്യന്തം ആഹ്ലാദിക്കാം.
സ്‌നേഹത്തിന്റെ വളര്‍ച്ച
പ്രേമബന്ധത്തിലുണ്ടാകുന്ന വളര്‍ച്ചയാണ് രണ്ടു മുതല്‍ 6 വരെയുള്ള അധ്യായങ്ങളില്‍ നാം കാണുന്നത്. 8-ാം അധ്യായത്തില്‍ അത് അതിന്റെ പാരമ്യത്തിലെത്തുന്നു. വധുവിന്റെ സ്‌നേഹത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതും ചില സമയങ്ങളില്‍ ഊഷ്മളമായ യാതൊരു പ്രതികരണങ്ങളും ഇല്ലാതാകുന്നതും നമുക്കു കാണാം.
2:1-ല്‍ ”ഞാന്‍ ശാരോനിലെ പനിനീര്‍പ്പൂവു മാത്രമാണ്.” താഴ്‌വരയിലെ താമര മാത്രമാണെന്നും വധു പറയുന്നു. ഈ രണ്ടു ചിത്രങ്ങളും കാന്തനെക്കുറിച്ചുള്ളതല്ല. കാന്തയെക്കുറിച്ചുള്ളതാണ്. പല ക്രിസ്തീയ ഗീതങ്ങളിലും യേശുവിനെ ശാരോനിലെ പനിനീര്‍പ്പൂവെന്നും താഴ്‌വരയിലെ താമരയെന്നും ഒക്കെ വിശേഷിപ്പിക്കുന്നു. എന്നാല്‍ ആ ചിത്രങ്ങള്‍ വചനപ്രകാരമുള്ളവയല്ല. ഇവിടെ വധുവരനോടു പറയുകയാണ്: ഞാന്‍ ശാരോനിലെ പനിനീര്‍പ്പൂവു മാത്രമാണ്. ശാരോനില്‍ നിറയെ പനിനീര്‍പ്പൂക്കളുണ്ട്. പതിനായിരക്കണക്കിന്. അതില്‍ ഒരെണ്ണം മാത്രമാണു ഞാന്‍. ഞാന്‍ താഴ്‌വരയില്‍ ധാരാളമായി കാണപ്പെടുന്ന താമരകളില്‍ ഒന്നു മാത്രമാണ്. എന്നാല്‍ കാന്തന്‍ പറയുന്നു: ”അതു ശരിയായിരിക്കാം. പക്ഷേ നീ മുള്ളുകളുടെ ഇടയിലെ താമര പോലെയാണ്”(2:2). യെരുശലേമിലെ സുന്ദരിമാരായ സ്ത്രീകളൊക്കെ പുറമെ കാഴ്ചയില്‍ സുന്ദരികളാണ്. പക്ഷേ അവരൊക്കെ ”പന്നിയുടെ മൂക്കില്‍ പൊന്‍മൂക്കുത്തിപോലെ”യാണ് (സദൃ. 11:22). ആകര്‍ഷകമെങ്കിലും കര്‍ത്താവിനോടുള്ള ഭക്തിയില്ല. അതുകൊണ്ടു കാന്തന്‍ അവരെ മുള്ളുകളോടാണ് ഉപമിക്കുന്നത്. മുള്ളുകള്‍ക്കിടയില്‍ തന്റെ കാന്ത ഒരു താമര പോലെയിരിക്കുന്നു.
മണവാട്ടി തുടര്‍ന്നു പറയുന്നു: ”അവന്‍ എന്നെ ഭോജനശാലയിലേക്കു കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു. അവന്‍ എന്നെ എത്ര സ്‌നേഹിക്കുന്നു എന്ന് എല്ലാവരും കാണത്തക്കവണ്ണം” (2:4). മുടിയനായ പുത്രന്റെ പിതാവ് അവനെ മേശയിങ്കലേക്കു കൊണ്ടുവന്നു. യേശു തന്റെ ശിഷ്യന്മാരോടൊപ്പം മേശയ്ക്കു ചുറ്റും ഇരുന്നു. മേശ കൂട്ടായ്മയുടെ ഒരു ചിത്രമാണ്. മേശയില്‍ നാം കര്‍ത്താവിനെ ശുശ്രൂഷിക്കുകയല്ല അവനോടൊപ്പം കൂട്ടായ്മ ആചരിക്കുകയാണ്. നാം അവനോടൊത്തു ഭക്ഷണം കഴിക്കുകയാണ് (വെളിപ്പാട് 3:20). അതിനുശേഷമാണ് അവര്‍ വെളിമ്പ്രദേശങ്ങളിലേക്കു പോകുന്നതായി നാം കാണുന്നത്. കര്‍ത്താവിനോടൊത്ത് കൂട്ടായ്മയിലിരിക്കാതെ ഒരിക്കലും ശുശ്രൂഷയ്ക്കായി വയല്‍ പ്രദേശത്തേക്കു പോകുവാന്‍ പാടില്ല. ആദമിന്റെ ഒന്നാം ദിവസം ദൈവത്തോടൊത്ത് ഒരു വിശ്രമദിനമായിരുന്നു. (ആദാം സൃഷ്ടിക്കപ്പെട്ടത് ആറാം ദിവസമായിരുന്നല്ലോ). അതിനു ശേഷമായിരുന്നു ദൈവം ആദാമിനെ തോട്ടത്തില്‍ വേല ചെയ്യുവാന്‍ അയച്ചത്.
വധു പറയുന്നു: ”നിന്റെ പ്രേമത്താല്‍ എന്നെ പോഷിപ്പിക്കുക. ഞാന്‍ പ്രണയാതുരയായിരിക്കുന്നു.” അതിന്നര്‍ത്ഥം ”യേശു കര്‍ത്താവേ, അങ്ങാണെനിക്കെല്ലാം. അങ്ങയുടെ സ്‌നേഹത്തിന്റെ സുരക്ഷിതത്വത്തില്‍ ഞാന്‍ ഉല്ലസിക്കട്ടെ. ലോകം എനിക്ക് ഒട്ടും ആകര്‍ഷകമല്ല.” കര്‍ത്താവിനോടുള്ള നമ്മുടെ ബന്ധത്തെ കൂടുതല്‍ ആഴമുള്ള താക്കുകയും ലോകത്തോടു കൂടുതല്‍ വിരക്തിയുണ്ടാക്കുകയും ചെയ്യുന്ന ഭക്തിയുടെ അനവധി മനോഹര ചിത്രങ്ങള്‍ ഈ പാട്ടിലുണ്ട്.
”യെരുശലേം പുത്രിമാരേ എന്നോടാണയിടുവിന്‍, പ്രേമം പരിപക്വമാകുവോളം അതിനെ ഉണര്‍ത്തരുത്” (2:7). എല്ലാ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ ബന്ധങ്ങളില്‍ എക്കാലവും സൂക്ഷിക്കേണ്ട ഒരു വചനമാണിത്. കാലം പക്വമാകും മുന്‍പേ പ്രേമത്തെ ഉണര്‍ത്തരുത്. ദൈവത്തിന്റെ സമയമാകും മുന്‍പേ എതിര്‍ലിംഗത്തില്‍പ്പെട്ട വ്യക്തിയോടുള്ള നിങ്ങളുടെ ബന്ധത്തില്‍ പ്രണയ വികാരങ്ങളെ ഉണര്‍ത്തരുത്. ദൈവഭക്തിയില്‍ വളരുന്ന യുവാവോ യുവതിയോ ആകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വികാരങ്ങളെ നിയന്ത്രിക്കുവാന്‍ പഠിച്ചിരിക്കുക. തീര്‍ച്ചയായും നിങ്ങള്‍ക്കു വികാരങ്ങളുണ്ടാകാം. പക്ഷേ പിന്നീടു ദുഃഖിക്കുന്ന നിലയില്‍ നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളെ നിയന്ത്രിക്കുവാനും നയിക്കുവാനും അനുവദിച്ചു കൂടാ.
എപ്പോഴെങ്കിലും ഒരു യുവാവോ യുവതിയോ ദൈവകാര്യത്തില്‍ എരിവുള്ള വരായിക്കാണുമ്പോള്‍ പിശാച് അവരെ സശ്രദ്ധം വീക്ഷിക്കുന്നു. കാരണം അവനറിയാം അത്തരം ഒരു വ്യക്തി അവന്റെ ഭൂമിയിലെ രാജ്യത്തിന് ഒരു ഭീഷണിയായി വളര്‍ന്നു വരാന്‍ സാധ്യതയുണ്ട് എന്ന്. അവന്‍ ആ വ്യക്തിയെ നശിപ്പിക്കുവാന്‍ തക്കം പാര്‍ക്കുന്നു- മിക്കവാറും ജഡികതയും ലോകമയത്വവുമുള്ള ഒരു വിവാഹബന്ധത്തിലേക്ക് അവരെ തള്ളി വിട്ടുകൊണ്ട്. ഇപ്രകാരം ദൈവഭക്തരായ യുവാക്കള്‍ ദൈവഭക്തിയുള്ള യുവതികളെ പങ്കാളികളായി തിരഞ്ഞെടുക്കാത്തതു മൂലം ഇന്ത്യയില്‍ അനേകം ഭവനങ്ങള്‍ നഷ്ടമായിട്ടുണ്ട്. അതുകൊണ്ടു തന്നെ സമയമാകും മുന്‍പേ പ്രേമത്തെ ഉണര്‍ത്തരുത്.
മോഹം ഒരിക്കലും കാത്തിരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. കാമാതുരരായ യുവാക്കള്‍ ഭോഗതൃഷ്ണയാല്‍ ഭ്രാന്തു പിടിച്ചവരാണ്. അവരുടെ മനോഭാവം ”വിവാഹം വരെ കാത്തിരിക്കാനൊന്നും എനിക്കു പറ്റില്ല. ഇപ്പോള്‍ തന്നെ ലൈംഗികാഭിലാഷം സഫലമാക്കണം” എന്നാണ്. ആത്മാവിന്റെ ഫലം ഇന്ദ്രിയജയമായിരിക്കുന്നതു കൊണ്ട് ദൈവഭക്തനായ ഒരു യുവാവ് കാത്തിരിക്കുവാന്‍ തയ്യാറാണ്. നിങ്ങളില്‍ വൈകാരിക ഉണര്‍വ്വുണ്ടാകുന്ന പക്ഷം നിങ്ങളെത്തന്നെ സൂക്ഷിക്കുക. പ്രേമത്തിനു സമയമാകും വരെ അതിനെ ഉണര്‍ത്തരുത്. വിവാഹം തന്നെയാണ് ഏറ്റവും പക്വമായ സമയം. ചെറുപ്പക്കാര്‍ ഗൗരവമായി ദൈവവചന പഠനത്തില്‍ ഏര്‍പ്പെടാത്തതിന്റെ പ്രധാന കാരണം അധിക സമയവും പെണ്‍കുട്ടികളെക്കുറിച്ച് ദിവാസ്വപ്നം കണ്ടു കഴിയുന്നതുകൊണ്ടാണ്. അവര്‍ ഒരുപക്ഷേ അശ്ലീല ചിന്തകളുള്ളവരായിരിക്കില്ല. പക്ഷേ ദൈവശബ്ദം കേള്‍ക്കുവാന്‍ തക്കവണ്ണം തങ്ങളുടെ മനസ്സിനെ ഏകാഗ്രമാക്കു വാന്‍ അവര്‍ക്കു കഴിയുന്നില്ല.
”എന്റെ പ്രിയന്‍ മലകളിന്മേല്‍ ചാടി കുന്നുകളിന്മേല്‍ കുതിച്ചുംകൊണ്ടു വരുന്നു” (2:8). ഇതു ഭൂമിയിലേക്കു മടങ്ങിവരുന്ന കര്‍ത്താവിന്റെ നമ്മോടുള്ള വ്യഗ്രതയെ കാണിക്കുന്നു. തുടര്‍ന്നു കാന്തന്‍ പറയുന്നു: ”എന്റെ പ്രിയേ എന്റെ കൂടെ വരിക.” തന്റെ കാന്തയെ ലോകം വിട്ടു വരുവാനായി അവന്‍ ക്ഷണിക്കുന്നു: ”ശീതകാലം കഴിഞ്ഞു പുഷ്പങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു”(2:11,12). ഇവിടെ വസന്തം വരുന്നു എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത് കര്‍ത്താവിന്റെ ഭൂമിയിലേക്കുള്ള മടങ്ങിവരവിനെയാണ് (മത്താ. 24:32,33). വേനല്‍ അടുത്തുവരുന്ന ഒരു കാലഘട്ടത്തിലാണു നാം ജീവിക്കുന്നത്. തുടര്‍ന്നു മണവാളന്‍ വളരെ അരുമയോടെ പറയുന്നു: ”പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാന്‍ നിന്റെ മുഖം ഒന്നു കാണട്ടെ. നിന്റെ സ്വരം ഒന്നു കേള്‍ക്കട്ടെ. നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൗന്ദര്യമുള്ളതും ആകുന്നു” (2:14). ഇവിടെ പറയുന്ന പാറ ക്രിസ്തുവാണ്. ആ പാറയുടെ പിളര്‍പ്പിലാണ് നാം മറഞ്ഞിരിക്കുന്നത്. നമ്മോടുള്ള സ്‌നേഹത്തിന്റെ തീക്ഷ്ണതയാണ് ഈ വാക്കുകളിലുള്ളത്. നമ്മോടുള്ള കരുതലും ആര്‍ദ്രതയുമാണ് പ്രകടമാകുന്നത്. ഇതു നാം വിശ്വസിക്കുന്നുവെങ്കില്‍ നമ്മിലെ എല്ലാ അരക്ഷിത ബോധവും ഭയവും പൂര്‍ണ്ണമായും നീങ്ങിപ്പോകും.
തുടര്‍ന്നു കാന്തന്‍ പറയുന്നു: ”മുന്തിരിത്തോട്ടങ്ങള്‍ പൂത്തിരിക്കയാല്‍ സ്‌നേഹത്തിന്റെ മുന്തിരിവള്ളികള്‍ നശിപ്പിക്കുന്ന ചെറുകുറുക്കന്മാരെ പിടിക്കുക” (2:15). ഈ വചനം നിരന്തരമായി നാം കേള്‍ക്കേണ്ടതുണ്ട്. നമ്മുടെ മുന്തിരിത്തോട്ടം നശിപ്പിക്കുന്ന വലിയ കുറുക്കന്മാരെ (പ്രകടമായ പാപങ്ങള്‍) വേഗത്തില്‍ കണ്ടെത്താന്‍ കഴിയും. എന്നാല്‍ ശ്രദ്ധയില്‍ പെടാതെ നുഴഞ്ഞു കയറാന്‍ കഴിയുന്ന ചെറുകുറുക്കന്മാര്‍ അപകടകാരികളാണ്. അവര്‍ വിള അപ്പാടെ തിന്നുകളയും.
ദാമ്പത്യജീവിതത്തിലും ഭര്‍ത്താവ് ഭാര്യയെ തല്ലുന്നതു പോലെയുള്ള പ്രകടമായ കാര്യങ്ങളെ മാത്രമല്ല പേടിക്കേണ്ടത്. ഒരുപക്ഷേ നമ്മിലധികം പേരും അതു ചെയ്യുന്നില്ലായിരിക്കാം. എന്നാല്‍ കുത്തി സംസാരിക്കുന്നതും ശബ്ദം ഉയര്‍ത്തുന്നതും പോലെയുള്ള ‘ചെറുകുറുക്കന്മാര്‍’ വിവാഹബന്ധത്തെ തകര്‍ക്കാനിടയുണ്ട്. ഇത്തരം ചെറുകുറുക്കന്മാരെ വിവാഹബന്ധത്തിന്റെ ഉലച്ചിലിന് ഇടയാക്കുന്നതിനു മുന്‍പേ പിടികൂടി കൊല്ലേണ്ടതാവശ്യമാണ്. നിങ്ങളുടെ ദാമ്പത്യം ഒരു മുന്തിരിത്തോട്ടം പോലെയാണ്. ജ്ഞാനിയായ ഒരു കര്‍ഷകനെപ്പോലെ അതിനെ സംരക്ഷിക്കുക.
കര്‍ത്താവുമായുള്ള നിങ്ങളുടെ ബന്ധവും ഒരു മുന്തിരിത്തോട്ടം പോലെയാണ്. വ്യഭിചാരം, കൊലപാതകം പോലെയുള്ള വലിയ പാപങ്ങള്‍ മാത്രമല്ല കര്‍ത്താവില്‍ നിന്നും നിങ്ങളെ അകറ്റുന്നത്. ചെറുകുറുക്കന്മാരായ അശുദ്ധ ചിന്തകള്‍, ധനസ്‌നേഹം, ക്ഷമിക്കാത്ത മനോഭാവം മുതലായവയാണ് കര്‍ത്താവിനും നമുക്കും ഇടയില്‍ കടന്നുകൂടി കര്‍ത്താവിനോടു ചേര്‍ന്നുള്ള നമ്മുടെ നടപ്പിനെ നശിപ്പിക്കുന്നത്. അതുകൊണ്ടു ചെറുകുറുക്കന്മാരെ നശിപ്പിക്കുന്നതില്‍ നാം ജാഗരൂകരായിരിക്കുക.
3:1-ല്‍ കാന്തന്റെ സാന്നിധ്യം തനിക്കു നഷ്ടമായി എന്നു കണ്ടെത്തിയ ഒരു സമയത്തെക്കുറിച്ചു കാന്ത പറയുന്നു. ഒരു രാത്രി കിടക്കയില്‍ കിടക്കുമ്പോള്‍ അവള്‍ തന്റെ കാന്തനെ അതിയായി ആഗ്രഹിച്ചു. എന്നാല്‍ അവനെ കണ്ടില്ല. നഗരത്തിലേക്കു പോയി അവനെ അന്വേഷിക്കുവാന്‍ അവള്‍ തീരുമാനിച്ചു (3:1,2). ഇവിടെ വധു തന്റെ മണവാളന്റെ സാന്നിധ്യത്തിന്റെ നിര്‍വൃതിക്കുവേണ്ടി കൊതിച്ചു. അവളുടെ അന്വേഷണം ഫലം കണ്ടില്ല. 3:3-ല്‍ പരാമര്‍ശിക്കുന്ന കാവല്‍ക്കാര്‍ ഇയ്യോബിന്റെ പുസ്തകത്തിലെ പ്രഭാഷകരെപ്പോലെ കൃത്യമായി ഉപദേശം അറിയുന്ന, എന്നാല്‍ കര്‍ത്താവിനെ അറിയാത്ത, സഭാമൂപ്പന്മാരും പ്രഭാഷകരുമാണ്. ഈ പെണ്‍കുട്ടിക്ക് കര്‍ത്താവിനോടുള്ള ഹൃദയബന്ധം പോലെ ഒന്ന് അവര്‍ക്ക് ഉണ്ടായിരുന്നില്ല. ആ കാവല്‍ക്കാരുടെ അടുത്തു ചെന്നാണ് അവള്‍ ചോദിച്ചത്: ”നിങ്ങള്‍ എന്റെ പ്രാണപ്രിയനെ കണ്ടുവോ” എന്ന്. പക്ഷേ അവര്‍ക്ക് അവളെ സഹായിക്കാന്‍ കഴിഞ്ഞില്ല. ഇപ്രകാരം കര്‍ത്താവിനെ സ്‌നേഹിക്കുന്ന ഈ വധുവിനെ പോലെ ഒരാളെ സഹായിക്കാന്‍ കര്‍ത്താവിനോടു സ്‌നേഹമോ ഭക്തിയോ ഇല്ലാത്ത ഒരു മൂപ്പന് എങ്ങനെ കഴിയാനാണ്?
ഇന്നത്തെ ക്രൈസ്തവ ലോകത്തിന്റെ പിന്മാറ്റത്തിന്റെയും തണുപ്പിന്റെയും ദുഃഖകരമായ ഒരു സാക്ഷ്യം ഇതാണ്- യുവതലമുറയെ കര്‍ത്താവിനോടുള്ള ഭക്തിയിലേക്കു നയിക്കുവാന്‍ കഴിയുന്ന മൂപ്പന്മാരെ കണ്ടെത്താന്‍ തികച്ചും പ്രയാസമാണ് എന്നതാണത്. എങ്ങനെ സുവിശേഷീകരണം നടത്തണമെന്നും കൃത്യമായ ഉപദേശ സത്യങ്ങള്‍ എന്തെന്നും ഒക്കെ പഠിപ്പിക്കാന്‍ ധാരാളം ആളുണ്ട്. എന്നാല്‍ കര്‍ത്താവിനോടുള്ള ഭക്തിയെ ഉപദേശിക്കുവാന്‍ ആരുമില്ല. ഒരു മൂപ്പന്‍ വചന സത്യങ്ങള്‍ മാത്രം പഠിപ്പിച്ചാല്‍ പോരാ. കര്‍ത്താവിനോടുള്ള ഭക്തിയിലേക്കു വിശ്വാസികളെ നയിക്കേണ്ടതുണ്ട്. ഒരു യഥാര്‍ത്ഥ കാവല്‍ക്കാരന്റെ ലക്ഷണം അതാണ്.
ഒടുവില്‍ കാന്ത തന്റെ പ്രിയനെ കണ്ടെത്തുന്നു (3:4). എന്റെ ചെറുപ്പകാലത്തുണ്ടായ അനുഭവം ഇതായിരുന്നു. എനിക്കും അന്ന് എന്നെ കര്‍ത്താവിലേക്കു നടത്തുവാന്‍ പ്രാപ്തരായ മൂപ്പന്മാര്‍ ഉണ്ടായിരുന്നില്ല. പരിശുദ്ധാത്മാവു തന്നെ എന്നെ കര്‍ത്താവിനോടുള്ള ഭക്തിയിലേക്കു നടത്തി. നിങ്ങളില്‍ ചിലരെങ്കിലും ഇപ്രകാരം നിങ്ങളെ കര്‍ത്താവിലേക്കു നടത്താന്‍ ആരെയും ലഭിക്കാത്ത ഇടത്തില്‍ ആയിരിക്കാം. എന്നാല്‍ കര്‍ത്താവിനെ പൂര്‍ണ്ണ ഹൃദയത്തോടെ ആശ്രയിക്കുന്നു എങ്കില്‍ പരിശുദ്ധാത്മാവിനു നിങ്ങളെ അത്തരം ഒരു ജീവിതത്തിലേക്കു നടത്തുവാന്‍ കഴിയും. ”എന്റെ പ്രാണപ്രിയനെ കണ്ടെത്തിയപ്പോള്‍ ഞാന്‍ അവനെ മുറുകെ പിടിച്ചു. ഞാന്‍ അവനെ വിട്ടില്ല” (3:4).
4-ാം അധ്യായത്തിലേക്കു നാം വന്നിരിക്കുകയാണ്. ഇതുവരെ ഏറ്റവുമധികം സംസാരിച്ചത് വധുവായിരുന്നു. എന്നാല്‍ ഇവിടെ വരന്റെ ഭാഗത്തു നിന്നും അഭിനന്ദനത്തിന്റെയും പ്രശംസയുടെയും നീണ്ട പ്രഘോഷണം കേള്‍ക്കാം. ആത്മീയ വളര്‍ച്ചയുടെ പ്രധാന ലക്ഷണം നാം സ്വയം സംസാരിക്കാതെ, കര്‍ത്താവിനെ കേള്‍ക്കുവാന്‍ കൂടുതല്‍ സമയം കണ്ടെത്തുന്നതാണ്. വധു കൂടുതല്‍ പക്വത പ്രാപിക്കുകയാണ്. അവള്‍ കൂടുതല്‍ കേള്‍ക്കുവാന്‍ തയ്യാറായപ്പോള്‍ കാന്തന്‍ അധികമായി അവളെ പ്രശംസിക്കുവാന്‍ തയ്യാറാകുന്നു. അവന്‍ അവളുടെ ഓരോ അവയവങ്ങളുടെയും ഭംഗിയെ പ്രശംസിച്ചുകൊണ്ട് അവസാനമായി ”എന്റെ പ്രിയേ, നീ സര്‍വ്വാംഗ സുന്ദരി നിന്നില്‍ യാതൊരു ഊനവും ഇല്ല” എന്നു പറഞ്ഞിരിക്കുന്നു (4:7).
തുടര്‍ന്ന് വരന്‍ വധുവിനെ ക്ഷണിക്കുന്നു: ”ലെബാനോനെ വിട്ട് എന്നോടുകൂടെ വരിക. അമാനാമുകളും സെനീര്‍ ഹെര്‍മ്മോന്‍ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പര്‍വ്വതങ്ങളും വിട്ടുപോരുക”(4:8). സ്വര്‍ഗ്ഗീയ തലങ്ങളില്‍ വസിക്കുവാനുള്ള ഒരു ക്ഷണമാണിത്. ”താഴ്ന്ന ഭൗമികമായ കാഴ്ചപ്പാടില്‍ നിന്നുകൊണ്ടു കാര്യങ്ങളെ നോക്കിക്കാണാതിരിക്കുക” എന്നു കര്‍ത്താവു പറയുന്നു: ”എന്നോടു കൂടെ സ്വര്‍ഗ്ഗത്തിലേക്കു വന്ന് അവിടെ നിന്നുള്ള കാഴ്ചപ്പാടില്‍ കാര്യങ്ങളെ കാണുക. അവിടെ നിന്നും നോക്കുമ്പോള്‍ ഭൂമിയിലെ മഹത്തായ കാര്യങ്ങളൊക്കെ ചെറുതും മങ്ങിയതും വില കുറഞ്ഞതുമായി കാണപ്പെടും.” ഉന്നതമായ ഒരു തലത്തിലേക്കു നമ്മെ ഉയര്‍ത്തുവാന്‍ കര്‍ത്താവ് ആഗ്രഹിക്കുന്നു. അവിടെ സിംഹങ്ങളും പുള്ളിപ്പുലികളും ഉണ്ട് എന്നതു സത്യമാണ്- വാഴ്ചകളും അധികാരങ്ങളും തിന്മയുടെ ശക്തികളുമുണ്ട്. എന്നാല്‍ നാം കര്‍ത്താവിനോടുകൂടെ ആയിരിക്കും. കര്‍ത്താവിനോടു ചേര്‍ന്ന് നാം എല്ലാ തിന്മയുടെ ശക്തികളെയും ജയിക്കും. വധുവിനെ ഒരു ആത്മീയ പോരാട്ടത്തിനായി ക്ഷണിക്കുകയാണ് ഇവിടെ.
കാന്തന്‍ തന്റെ കാന്തയെ ”കെട്ടിയടച്ചിരിക്കുന്ന ഒരു തോട്ടം” എന്നു വിശേഷിപ്പിക്കുന്നു (4:12)- കാന്തനല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാത്ത ഒരു തോട്ടം, അവള്‍ മറ്റാരുടേതുമല്ല. അവള്‍ അവളുടെ കര്‍ത്താവിന്റേതു മാത്രമാണ്. നിങ്ങളും കര്‍ത്താവും തമ്മിലുള്ള ബന്ധം അങ്ങനെയുള്ളതാണോ? കര്‍ത്താവിനു നിങ്ങളോട് ഇങ്ങനെ പറയാന്‍ കഴിയുമോ?: ”നീ എന്റേതു മാത്രമായ ഒരു തോട്ടമാണ്.” നമുക്ക് ആവശ്യമുള്ള തിനേക്കാള്‍ അനേക മടങ്ങ് പണമുണ്ടാക്കാനുള്ള അവസരം, അധികാരവും പ്രശസ്തിയും പേരും ഒക്കെ സമ്പാദിക്കാനുള്ള അവസരങ്ങള്‍ ഇങ്ങനെ പലതും ഈ ലോകത്തില്‍ നമ്മെ ആകര്‍ഷിക്കുന്നു. ഇതിനെ നമുക്ക് വധുവിനെ വശീകരിക്കാന്‍ ശ്രമിക്കുന്ന അന്യപുരുഷന്മാരോട് ഉപമിക്കാം. എന്നാല്‍ ഇവിടെ കാന്ത അങ്ങോട്ടൊന്നും ചായുന്നില്ല. അവള്‍ കാന്തനോട് അത്രമാത്രം ആകൃഷ്ടയായിരിക്കുന്നു. അവള്‍ അവനു മാത്രമുള്ളവള്‍ ആണ്.
ക്രിസ്തുവിനെ അടുത്തറിയാത്തതു മൂലം അവിടുത്തെ വചനവും ഗ്രഹിക്കുവാന്‍ കഴിയാത്ത നിലയിലാണു ചില വിശ്വാസികള്‍ക്ക് ഇന്നു കര്‍ത്താവുമായുള്ള ബന്ധം. കര്‍ത്താവുമായി ഒരു ഉറ്റ ബന്ധത്തിലായിത്തീരുന്നതിനു വേണ്ടിയാണു ബൈബിള്‍ പഠിക്കേണ്ടതു തന്നെ. അപ്രകാരമുള്ള ബന്ധത്തിലാകുമ്പോള്‍ കര്‍ത്താവു തന്നെ നമുക്കു തന്റെ വചനത്തിന്റെ അര്‍ത്ഥം വിശദീകരിച്ചു നല്‍കും. ആദിമ ശിഷ്യര്‍ ചേര്‍ന്നു നടന്നതുപോലെ അവിടുത്തോടു ചേര്‍ന്നു നടക്കുകയും കര്‍ത്താവു സംസാരിക്കുന്നതു കേള്‍ക്കുകവാന്‍ വാഞ്ഛിക്കുകയും ചെയ്യുക. അര നൂറ്റാണ്ടു കര്‍ത്താവിനോടു ചേര്‍ന്നു നടന്നതിലൂടെ ഞാന്‍ കണ്ടെത്തിയ കാര്യം ഇതാണ്.
തുടര്‍ന്ന് തെക്കന്‍ കാറ്റിനെയും വടക്കന്‍ കാറ്റിനെയും തന്റെ തോട്ടത്തിന്മേല്‍ വീശേണ്ടതിനു കാന്ത വിളിക്കുന്നതു നാം കാണുന്നു (4:16). വടക്കന്‍ കാറ്റ് കഷ്ടതയെയും പ്രതികൂലങ്ങളെയും ശോധനകളെയും കാണിക്കുന്നു. തെക്കന്‍ കാറ്റ് അനുഗ്രഹങ്ങളും സമൃദ്ധിയും ഉത്സാഹവും സന്തോഷവുമാണ്. ഏതു കാറ്റു വീശിയാലും വ്യത്യാസമൊന്നുമില്ല. അതിനു സുഗന്ധം തന്നെയായിരിക്കും തോട്ടത്തില്‍ നിന്നും കൊണ്ടുപോകാന്‍ കഴിയുക. നമ്മുടെ ജീവിതത്തില്‍ വരുന്ന അനുഭവങ്ങള്‍ സന്തോഷത്തിന്റേതായിരുന്നാലും കഷ്ടങ്ങളുടേതായിരുന്നാലും ദൈവകൃപയാല്‍ ക്രിസ്തുവിന്റെ സൗരഭ്യം മാത്രമായിരിക്കും നാം പുറപ്പെടുവിക്കുക. സ്‌തോത്രവും സ്തുതിയും ആരാധനയും മാത്രമായിരിക്കും ദൈവത്തിനു നമ്മുടെ ജീവിതത്തില്‍ നിന്നും ഏതു സാഹചര്യത്തിലും നാം കരേറ്റുക.
”എന്റെ പ്രിയന്‍ തന്റെ തോട്ടത്തില്‍ വന്ന് അതിലെ വിശിഷ്ട ഫലം ഭുജിക്കട്ടെ” (4:16). നമ്മുടെ ജീവിതത്തില്‍ (തോട്ടത്തില്‍) ഉണ്ടാകുന്ന ഏതു ഫലവും കര്‍ത്താവിനു ള്ളതാണ്. നാം എത്ര ആത്മീയരെന്നു മനുഷ്യരെ കാണിക്കുവാനുള്ളതല്ല. നിങ്ങള്‍ നിങ്ങളുടെ സാക്ഷ്യം പറയുമ്പോള്‍ പോലും നിങ്ങള്‍ എത്ര ഭക്തനാണെന്നുള്ള ഒരു പ്രതീതി മറ്റുള്ളവരില്‍ ഉണ്ടാക്കാന്‍ ശ്രമിക്കാതിരിക്കുക. അതിന്നപ്പുറം നിങ്ങളുടെ രക്ഷകന്‍ എത്ര മനോഹരനാണ് എന്ന് അവര്‍ കാണട്ടെ. അല്ലെങ്കില്‍ നിങ്ങളുടെ ഫലം കര്‍ത്താവിനല്ല മനുഷ്യര്‍ക്കത്രെ എന്നാവും ഇവിടെ വധു പറയുന്നത്: ”എന്റെ തോട്ടത്തിലുള്ളതെല്ലാം എന്റെ പ്രിയനു മാത്രമുള്ളതാണ്.”
ആരെയെങ്കിലും ക്രിസ്തുവിലേക്കു കൊണ്ടുവരുവാന്‍ ദൈവം നിങ്ങളെ ഉപയോഗിച്ചോ? നിങ്ങള്‍ ചെയ്ത പ്രവൃത്തികളില്‍ ഒരിക്കലും സന്തോഷിക്കരുത്. ഒരു പാപി മാനസാന്തരപ്പെട്ടു എന്നതില്‍ മാലാഖമാരോടൊപ്പം സന്തോഷിക്കുക. അവനെ കര്‍ത്താവാണ് മാനസാന്തരപ്പെടുത്തിയത്, നിങ്ങളല്ല. നിങ്ങള്‍ ഒരു ത്യാഗം കര്‍ത്താവിനു വേണ്ടി ചെയ്തു എങ്കില്‍ മറ്റാരും അതറിയാതിരിക്കട്ടെ. നമ്മുടെ ത്യാഗപ്രവൃത്തികളെ എന്തിനു പരസ്യപ്പെടുത്തണം? ഭര്‍ത്താവിനെ അഗാധമായി സ്‌നേഹിക്കുന്ന ഒരു ഭാര്യ അവനോടുള്ള സ്‌നേഹത്തില്‍ ചെയ്യുന്ന ത്യാഗങ്ങളെ ലോകത്തോടു പറയാറുണ്ടോ? ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സ്‌നേഹത്തില്‍ മൂടപ്പെട്ട ഒട്ടേറെ രഹസ്യങ്ങളുണ്ടായിരിക്കും. നമുക്കും കര്‍ത്താവിനും ഇടയിലും അങ്ങനെ തന്നെ രഹസ്യങ്ങളുണ്ടായിരിക്കണം. നിങ്ങള്‍ കര്‍ത്താവിനോടൊത്തു തനിയെ ഇരിക്കുന്നുണ്ടാവണം. അതു നല്ലതു തന്നെ. പക്ഷേ അത് മറ്റുള്ളവര്‍ എന്തിനറിയണം? ഭര്‍ത്താവിനെ സ്‌നേഹിക്കുന്ന ഒരു ഭാര്യ താന്‍ ഭര്‍ത്താവിനോടൊത്തു ചെലവഴിക്കുന്ന സമയങ്ങളെക്കുറിച്ചു മറ്റൊരാളും അറിയാന്‍ ആഗ്രഹിക്കാറില്ല. അതുകൊണ്ടാണ് നമ്മുടെ പ്രാര്‍ത്ഥനയെക്കുറിച്ച് അത് അറയില്‍ കടന്ന് വാതിലടച്ച് ആയിരിക്കണമെന്നു കര്‍ത്താവു പറഞ്ഞത്. നമ്മുടെ പ്രിയനോടൊത്ത് നാം ചെലവിടുന്ന സമയങ്ങള്‍ ആരും അറിയാതിരിക്കട്ടെ.
എന്നാല്‍ ഇത്തരം ക്രിസ്ത്യാനികള്‍ തുലോം വിരളമാണ്. അധികം പേരും തങ്ങള്‍ കര്‍ത്താവിനു വേണ്ടി ചെയ്യുന്ന ത്യാഗങ്ങളും ശുശ്രൂഷകളും മറ്റുള്ളവരെ അറിയിക്കു ന്നതില്‍ വ്യഗ്രതയുള്ളവരാണ്- സ്വന്തം മഹത്വത്തിനായി. അവര്‍ കര്‍ത്താവിനെയല്ല സ്‌നേഹിക്കുന്നതെന്നുള്ളതിന്റെ വ്യക്തമായ തെളിവാണത്. അത്തരം വിശ്വാസികള്‍ക്ക് ‘ഉത്തമഗീതം’ അതിപ്രധാനമായ ഒരു പാഠമാണ്. എന്റെ ക്രിസ്തീയ ജീവിതത്തിന്റെ തുടക്കത്തില്‍ ആദ്യമായി ഈ പുസ്തകം തന്നെ പഠിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചതിനു ഞാന്‍ കര്‍ത്താവിനോടു നന്ദിയുള്ളവനാണ്. കര്‍ത്താവിനോടുള്ള ആ സ്‌നേഹബന്ധം തന്നെ ആയിരിക്കണം നമ്മുടെ എല്ലാ ശുശ്രൂഷകളുടെയും അടിസ്ഥാനം.
2 കൊരിന്ത്യര്‍ 11:3-ല്‍ പൗലൊസ് പറയുന്നു: ”എന്നാല്‍ സര്‍പ്പം ഹവ്വയെ ഉപായത്താല്‍ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിര്‍മ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.” എപ്പോഴാണ് നാം വ്യതിചലിച്ചു പോകാന്‍ സാദ്ധ്യതയുള്ളത്? കര്‍ത്താവിനോടുള്ള ഏകാഗ്രത നഷ്ടപ്പെടുമ്പോള്‍ ഒരു പിന്മാറ്റക്കാരനായിത്തീരാന്‍ നിങ്ങള്‍ വ്യഭിചാരമോ കൊലപാതകമോ മോഷണമോ ചെയ്യേണ്ടതില്ല. കര്‍ത്താവിനോടുള്ള ഏകാഗ്രമായ ഭക്തിയില്‍ മാറ്റമുണ്ടാകുമ്പോള്‍ തന്നെ പിശാചു നിങ്ങളെ വഷളാക്കി എന്നര്‍ത്ഥം.
കാന്തയുടെ തോട്ടത്തിലേക്കു വന്നു ഫലം ഭുജിക്കുവാനുള്ള ക്ഷണം സ്വീകരിച്ച് വന്ന കാന്തന്‍ പറയുന്നു: ”ഞാന്‍ എന്റെ തോട്ടത്തില്‍ വന്നിരിക്കുന്നു” (5:1). ഇപ്പോള്‍ കാന്തന്‍ അതിനെ തന്റെ തോട്ടം എന്നാണു പറയുന്നത്. പഴങ്ങള്‍ പറിക്കുവാനായിട്ടാണ് അവന്‍ വന്നത്. ഫലങ്ങള്‍ ശേഖരിച്ചു കഴിഞ്ഞ് അവന്‍ സ്‌നേഹിതരെയും തന്നോടു കൂടെ ഭക്ഷിക്കുവാനായി ക്ഷണിക്കുന്നു. നമ്മുടെ കര്‍ത്താവ് നമ്മെ അനേകര്‍ക്ക് അനുഗ്രഹമാക്കി മാറ്റുന്നു.
രംഗം എല്ലാം മാറി. ഒരു രാത്രിയില്‍ എന്തു സംഭവിച്ചു എന്ന് വധു തന്നെ പറയുന്നു. ”ഞാന്‍ ഉറങ്ങുന്നു എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരിക്കുന്നു” (5:2). പെട്ടെന്ന് അവള്‍ മണവാളന്റെ ശബ്ദം കേള്‍ക്കുന്നു. ഇടയ്ക്കിടെ കര്‍ത്താവ് അപ്രതീക്ഷിതമായി ഇപ്രകാരം വിളിക്കാറുണ്ട്. നാം അവിടുത്തെ ശബ്ദം കേള്‍ക്കുവാന്‍ തക്കവണ്ണം ഉണര്‍വ്വുള്ളവരായിരിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. പെട്ടെന്ന് ഒരു ദിവസം ദൈവം ”അബ്രാഹാമേ, അബ്രാഹാമേ” എന്നു വിളിച്ചതായി നാം പഴയ നിയമത്തില്‍ വായിക്കുന്നു. ഇടയ്ക്കിടെ ഇത്തരം വിളികളെക്കുറിച്ചു നാം വായിക്കുന്നു. ”അടിയന്‍ ഇതാ” എന്ന് അബ്രാഹാം വിളി കേള്‍ക്കാറുണ്ടായിരുന്നു. രാത്രിയുടെ മധ്യയാമങ്ങളിലും നല്ല ഉറക്കത്തില്‍ പോലും. ഉല്പത്തി 16:16-നു ശേഷം 17:1-ല്‍ എത്തുമ്പോള്‍ നീണ്ട 13 വര്‍ഷത്തെ നിശ്ശബ്ദതയ്ക്കു ശേഷം ദൈവം അബ്രാഹാമിനെ വീണ്ടും വിളിക്കുന്നു. അബ്രാഹാം വിളി കേള്‍ക്കുന്നു. പല ബദ്ധപ്പാടുകള്‍ക്കിടയിലും ദൈവവിളി കേള്‍ക്കുവാനും തിരിച്ചറിയുവാനും അബ്രാഹാമിന്റെ കാതുകള്‍ ഉണര്‍ന്നിരുന്നു. രാത്രിയുടെ മധ്യയാമങ്ങളില്‍ ദൈവം ശമുവേലിനെ വിളിച്ചപ്പോഴും ശമുവേല്‍ ഉണര്‍ന്ന് കാതോര്‍ത്തു. നാമും അങ്ങനെ തന്നെ ആയിരിക്കേണ്ടതുണ്ട്.
”എന്റെ പ്രിയേ, എന്റെ പ്രാവേ, തുറക്കുക”(5:2) എന്നു വിളിച്ചുകൊണ്ടു അര്‍ദ്ധ രാത്രിയില്‍ കാന്തന്‍ കയറി വരുന്നത് ഇവിടെ നാം കാണുന്നു. വധു അങ്കി ധരിക്കുവാനോ എഴുന്നേറ്റു തുറക്കുവാനോ തുനിയാതെ (5:3) ‘എന്റെ കാല്‍ ഞാന്‍ കഴുകിയിരിക്കുന്നു അവയെ മലിനമാക്കുന്നതെങ്ങനെ’ എന്നു ചിന്തിച്ച് ആലസ്യം പൂണ്ടു കിടന്നു. അവന്‍ സ്വയം പൂട്ടു തുറക്കുവാന്‍ ശ്രമിച്ചു (5:4). അപ്പോള്‍ വധു എണീറ്റ് വാതില്‍ തുറന്നു. പക്ഷേ അപ്പോഴേക്കും തന്റെ പ്രിയന്‍ പോയ്ക്കഴിഞ്ഞിരുന്നു. അവള്‍ പെട്ടെന്നു ഉത്തരം കൊടുക്കാഞ്ഞതിനാല്‍ അവന്‍ പൊയ്ക്കളഞ്ഞു.
നമുക്കും ഇതു സംഭവിക്കുവാന്‍ സാധ്യതയുണ്ട്. നാം ചെയ്യുന്നതൊക്കെ വിട്ടുകളയുവാന്‍ ആയിരിക്കാം കര്‍ത്താവു നമ്മോടാവശ്യപ്പെടുന്നത്. ”ആ പുസ്തകം വായന നിര്‍ത്തിവെയ്ക്കുക. ആ സംഭാഷണം നിര്‍ത്തുക, എന്നോടൊപ്പം വരിക, നമുക്കു കുറച്ചു സമയം സംസാരിക്കാം, നമുക്കു കുറച്ചു സമയം നടന്നിട്ടു വരാം.” ആ സമയം നാം ഇങ്ങനെ പ്രതികരിച്ചേക്കാം: ”കര്‍ത്താവേ, ഒന്നു നില്ക്കണേ, ഞാന്‍ ഒരു പ്രധാന കാര്യം ചെയ്തു കൊണ്ടിരിക്കുകയാണ്. 15 മിനിറ്റു കൊണ്ട് അതു കഴിയും. അപ്പോള്‍ ഞാന്‍ വരാം.” 15 മിനിട്ടിനു ശേഷം നമ്മുടെ പ്രധാന(?) കാര്യം തീര്‍ന്നു കഴിഞ്ഞ് ”ശരി കര്‍ത്താവേ, ഞാന്‍ സ്വതന്ത്രനായി. നമുക്കു പോകാം.” എന്നു പറയുമ്പോഴേക്കും അവന്‍ പോയ്ക്കഴിഞ്ഞിരിക്കും. നാം അവിടുത്തെ കണ്ടെത്തുകയില്ല. അനേകം വിശ്വാസികളുടെയും അനുഭവം ഇതാണ്. കര്‍ത്താവു ശ്രദ്ധിക്കുന്നത് സ്‌നേഹിതരൊത്തുള്ള നമ്മുടെ സംഭാഷണത്തെക്കാള്‍, നമ്മുടെ വായനയെക്കാള്‍, നമ്മുടെ ജോലിയെക്കാള്‍ പ്രാധാന്യം നാം കര്‍ത്താവിനു നല്‍കുന്നുണ്ടോ എന്നാണ്. എല്ലാം വിട്ടു കളഞ്ഞ് തന്നെ ശ്രദ്ധിക്കാന്‍ നാം ആഗ്രഹിക്കുന്നുവോ എന്ന് അവിടുന്നു ശോധന ചെയ്യുന്നു. നിങ്ങള്‍ക്ക് ഫലപ്രാപ്തിയുള്ള ഒരു ശുശ്രൂഷകനാകുവാന്‍ താത്പര്യമുണ്ടോ? കര്‍ത്താവു വിളിക്കുമ്പോള്‍ എല്ലാം വിട്ട് തന്നെ ശ്രദ്ധിക്കുവാനുള്ള ശീലം വളര്‍ത്തിയെടുക്കുക. നിങ്ങള്‍ ഒരിക്കലും ഖേദിക്കേണ്ടി വരികയില്ല.
കാന്തയോടു കാന്തന്‍ ഇപ്രകാരം പറഞ്ഞു: ”എന്റെ ശിരസ്സു പുറത്ത് രാത്രിയില്‍ പെയ്യുന്ന മഞ്ഞുകൊണ്ടു നനഞ്ഞിരിക്കുന്നു”(5:2). നഷ്ടപ്പെട്ടു പോയവരെ തേടുവാന്‍ യേശു ഭൂമിയില്‍ വന്നപ്പോള്‍ സ്വയ ത്യാഗത്തിന്റെയും ക്രൂശിന്റെയും വഴിയിലൂടെ അവിടുന്നു നടന്ന് ലോകത്തിന്റെ ഇരുട്ടില്‍ നഷ്ടപ്പെട്ടു പോയ ആടുകളെ തിരഞ്ഞ് കഷ്ടം സഹിച്ചു. ആ വഴിയിലൂടെ നടക്കുവാന്‍ അവിടുന്നു തന്റെ കാന്തയെ ക്ഷണിക്കുകയാണ്. പക്ഷേ അവള്‍ക്കു മനസ്സില്ല.
പിന്നീട് അവള്‍ മനസ്സുമാറ്റി പോകുവാനായി തീരുമാനമെടുക്കുന്നു. പക്ഷേ ഇപ്പോള്‍ അവള്‍ക്കു കാന്തനെ കണ്ടെത്താന്‍ കഴിയുന്നില്ല. അവള്‍ കാവല്‍ക്കാരുടെ (മൂപ്പന്മാര്‍) അടുത്തേക്കു വീണ്ടും പോകുന്നു. തന്റെ പഴയ അനുഭവത്തില്‍ നിന്നും അവള്‍ ഒന്നും പഠിച്ചില്ല. അന്ന് അവര്‍ക്ക് അവളെ സഹായിക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ക്ക് ക്രൂശിന്റെ വഴിയെക്കുറിച്ച് ഒരു അറിവും ഉണ്ടായിരുന്നില്ല. ഈ പ്രാവശ്യം അവര്‍ അവളെ അടിച്ചു മുറിവേല്‍പ്പിച്ചു (5:7). ആ മൂപ്പന്മാര്‍ ലൗകികരും നിയമവാദികളുമായി വാക്കുകള്‍ കൊണ്ട് അവളെ വ്രണപ്പെടുത്തി. തന്റെ കര്‍ത്താവിനോടുള്ള അവളുടെ അഗാധമായ ഭക്തി അവര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അവര്‍ അവളോട് ഇങ്ങനെ ഉപദേശിച്ചു കാണും: ”നിനക്കു കുറച്ചുകൂടി യാഥാര്‍ത്ഥ്യബോധം ഉണ്ടാവണം. നാം ഈ ലോകത്തില്‍ ജീവിക്കേണ്ടവരാണ്. കര്‍ത്താവിനോടു ഭ്രാന്തമായ ഭക്തി കാണിച്ചാല്‍ എടുക്കപ്പെടാനൊന്നും പോകുന്നില്ല.” കര്‍ത്താവിനെ സ്‌നേഹിക്കുക എന്ന ഒരൊറ്റ ആശയം മാത്രമേ നിങ്ങള്‍ക്കുള്ളു എന്നു പറഞ്ഞു പരിഹാസത്തോടെ നിങ്ങളെ വിമര്‍ശിക്കുന്ന കര്‍ത്താവിനെ അറിയാത്ത ധാരാളം ശുശ്രൂഷകര്‍ ഉണ്ടാകും. അതൊരു വലിയ അപരാധമാണെന്ന് അവര്‍ കരുതുന്നു. കാവല്‍ക്കാര്‍ അവളുടെ മൂടുപടം കീറിക്കളഞ്ഞു- മാന്യമായ വസ്ത്രധാരണം അവള്‍ക്കാവശ്യമില്ലെന്ന അര്‍ത്ഥത്തില്‍. അവര്‍ അവളെ പരസ്യമായി അപമാനിച്ചു.
ആ അനുഭവത്തിനു ശേഷം അവള്‍ അര്‍ദ്ധമനസ്‌ക്കരായ വിശ്വാസികളുടെ (യെരുശലേം പുത്രിമാരുടെ) അടുത്തേക്കാണ് എത്തിയത്. ”നിങ്ങള്‍ എന്റെ പ്രിയനെ കണ്ടെങ്കില്‍ ഞാന്‍ പ്രേമപരവശയായിരിക്കുന്നു എന്ന് അവനോട് അറിയിക്കണം” എന്ന് അവള്‍ അവരോടു പറഞ്ഞു (5:8). അവര്‍ക്കും തന്റെ പ്രിയനെ കണ്ടെത്തുന്നതിന് അവളെ സഹായിക്കാന്‍ കഴിയാതിരുന്നതിനാല്‍ അതൊരു വ്യര്‍ത്ഥ വ്യായാമമായിപ്പോയി. അവര്‍ ഒരിക്കലും അവള്‍ കണ്ടതുപോലെ അവന്റെ സൗന്ദര്യമോ മഹത്വമോ കണ്ടിരുന്നില്ല. അവര്‍ ചോദിച്ചപ്പോള്‍ ഹര്‍ഷോന്മാദം പൂണ്ട് അവള്‍ മണവാളന്റെ സൗന്ദര്യത്തെക്കുറിച്ചു വര്‍ണ്ണിക്കാന്‍ തുടങ്ങി. അത് ഇപ്രകാരം അവസാനിപ്പിച്ചു: ”അവന്‍ സര്‍വ്വാംഗ സുന്ദരന്‍ തന്നെ. യെരുശലേം പുത്രിമാരെ, ഇവനത്രെ എന്റെ പ്രിയന്‍. ഇവനത്രെ എന്റെ സ്‌നേഹിതന്‍” (5:16). യേശു എന്റെ രക്ഷകന്‍ മാത്രമല്ല എന്റെ സ്‌നേഹിതനുമാണെന്നു നിങ്ങള്‍ക്കു പറയാന്‍ കഴിയുമോ?
ലോകത്തിലെ ഭാര്യാ ഭര്‍ത്താക്കന്മാരായ നിങ്ങള്‍ തമ്മില്‍ എങ്ങനെയാണ്? ഭര്‍ത്താവ്/ഭാര്യ മാത്രമല്ല ഏറ്റവും നല്ല സനേഹിതന്‍/സനേഹിത കൂടിയാണോ? അതങ്ങനെയാകണം. അവര്‍ തമ്മില്‍ സ്‌നേഹത്തിലാണെങ്കിലും നല്ല സുഹൃത്തുക്കളല്ല എന്ന് പല ഭാര്യാ ഭര്‍ത്താക്കന്മാരെക്കുറിച്ചും പറയാം. അവരുടെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ പുറത്താണ്. അതു നിര്‍ഭാഗ്യകരമാണ്.
യേശു ആണ് എന്റെ ഏറ്റവും അടുത്ത പ്രിയ സുഹൃത്ത്- എന്റെ ഭാര്യയെക്കാളും അടുപ്പമുള്ള സുഹൃത്ത്. എന്നാല്‍ ഭൂമിയിലുള്ള സുഹൃത്തുക്കളില്‍ എനിക്കേറ്റവും അടുത്ത സുഹൃത്ത് എന്റെ ഭാര്യ തന്നെ- ഏറ്റവും പ്രിയപ്പെട്ട സുഹൃത്തും. ജീവിതാവസാനം വരെ അങ്ങനെ തന്നെ. ഇത് എന്റെ ക്രിസ്തീയ ജീവിതത്തെയും ദാമ്പത്യ ജീവിതത്തെയും തികച്ചും സന്തോഷകരമാക്കുന്നു.
അവസാനം വധു തന്റെ പ്രിയനെ അവന്റെ തോട്ടത്തില്‍ കണ്ടുമുട്ടുന്നു. അവള്‍ പറയുന്നു: ”ഞാന്‍ എന്റെ പ്രിയനുള്ളവള്‍; എന്റെ പ്രിയന്‍ എനിക്കുള്ളവന്‍” (6:3). ഇതു 2:16-ല്‍ അവള്‍ പറയുന്നതില്‍ നിന്നും വ്യത്യസ്തമാണ്. അവിടെ അവന്‍ പറയുന്നത് ”എന്റെ പ്രിയന്‍ എനിക്കുള്ളവന്‍; ഞാന്‍ അവനുള്ളവള്‍” എന്നാണ്. ഇവിടെ ഒരു വളര്‍ച്ച നാം കാണുന്നു. പ്രേമത്തിന്റെ തുടക്കത്തില്‍ ”എന്റെ കര്‍ത്താവ് എന്റേതാണ്” എന്ന മട്ടിലായിരുന്നു ഊന്നല്‍. ഇപ്പോള്‍ ആ ഊന്നല്‍ ഞാന്‍ എന്റെ കര്‍ത്താവിനുള്ളവള്‍ എന്ന നിലയിലായിത്തീര്‍ന്നു. നാം ചെറുപ്പത്തില്‍ പക്വതയില്ലാത്തവരായിരിക്കുമ്പോള്‍ നാം കൂടുതല്‍ ഉടമസ്ഥാവകാശ ബോധമുള്ളവരും കര്‍ത്താവു നമ്മുടേതു മാത്രമെന്നു ചിന്തിക്കുന്നവരുമായിരിക്കും. നമുക്കു കര്‍ത്താവില്‍ നിന്നും എന്തു നേടാന്‍ കഴിയുമെന്നായിരിക്കും നമ്മുടെ ചിന്ത. പക്വത പ്രാപിക്കുമ്പോള്‍ കര്‍ത്താവിന് അധികമധികം കീഴടങ്ങി ഒരു സമ്പൂര്‍ണ്ണ സമര്‍പ്പണത്തിലേക്ക് എത്തുകയും നമ്മുടേതെല്ലാം മുഴു ജീവിതം തന്നെ അവന്റേതാകണമെന്ന് ആഗ്രഹിക്കുന്ന തലത്തില്‍ എത്തുകയും ചെയ്യുന്നു.
തുടര്‍ന്ന് കാന്തന്‍ പ്രശംസാ വചനങ്ങള്‍ കൊണ്ട് അവളെ പൊതിയുന്നു (6:4-10). അസംഖ്യം സ്ത്രീകളുണ്ട് എങ്കിലും തന്റെ പ്രിയയെപ്പോലെ പൂര്‍ണതയുള്ള മറ്റാരുമില്ല എന്ന് കാന്തന്‍ പറയുന്നു. ”എല്ലാവര്‍ക്കും മീതെ ഞാന്‍ അവളെ തിരഞ്ഞെടുത്തിരിക്കുന്നു.” ഓരോ ഭര്‍ത്താവും തന്റെ ഭാര്യയെക്കുറിച്ച് ഇപ്രകാരം പറയേണ്ടതാണ്. ആകര്‍ഷകത്വമുള്ള ധാരാളം സ്ത്രീകള്‍ ഈ ഭൂമിയിലുണ്ട്. എങ്കിലും എന്റെ ഭാര്യയെപ്പോലെ ആരുമില്ല. എന്റെ കണ്ണില്‍ ഏറ്റവും മികച്ചത് അവള്‍ തന്നെ. നമ്മെക്കുറിച്ചു കര്‍ത്താവു പറയുന്നതും ഇതു തന്നെയാണ്. ലോകത്തിലുള്ള എല്ലാ ധനികരെക്കാളും എല്ലാ സമര്‍ത്ഥരെക്കാളും എല്ലാ മഹാന്മാരെക്കാളും അവിടുന്നു നമ്മെ വിലമതിക്കുന്നു.
6:10-ല്‍ കാന്തന്‍ തന്റെ കാന്തയെ കൊടികളോടു കൂടിയ സൈന്യത്തോട് ഉപമിക്കുന്നു. ഈ കാന്ത സ്‌ത്രൈണ ഭാവമുള്ള സൗമ്യരൂപിയല്ല. അവള്‍ സാത്താനോടും പാതാളത്തിന്റെ സര്‍വ്വശക്തികളോടും പോരാടാന്‍ ശക്തിയുള്ള ഒരു പോരാളി തന്നെയാണ്. അവള്‍ക്കു സൂര്യനെപ്പോലെ ശുദ്ധിയുള്ള ഒരു മനസ്സാക്ഷിയുണ്ട്. 7:1-ല്‍ അവളെ ‘ശൂലേംകാരി’ എന്നു വിളിച്ചിരിക്കുന്നു. അവള്‍ ശൂലേമില്‍ നിന്നുള്ളവളാണ്. എബ്രായ ഭാഷയില്‍ ”ശാലേം” എന്ന പദത്തില്‍ നിന്നാണ് ”ശൂലേം” എന്ന പദമുണ്ടായത്. സമാധാനമുള്ളവള്‍ എന്നര്‍ത്ഥം. ശാലേം എന്നാല്‍ സമാധാനം. ഇവിടെ മണവാട്ടി ഒരു പോരാളിയായി ഇരുട്ടിന്റെ ശക്തികളോടു നിരന്തരം കര്‍ത്താവിനു വേണ്ടി പോരാട്ടത്തിലാണ്. അതേസമയം അവള്‍ സകല മനുഷ്യരോടും സമാധാനത്തിലുമാണ്.
പക്വമായ സ്‌നേഹം
വധുവിനു വരനോടുള്ള സ്‌നേഹം പക്വത പ്രാപിച്ച ഒരു തലത്തിലേക്കു നാം പ്രവേശിക്കുകയാണിവിടെ.
7:1-9 കാന്തന്, കാന്തയോടുള്ള പ്രശംസ വാക്കുകളായി നാം വായിക്കുന്നു. നമ്മുടെ ബലഹീനതകള്‍ക്കപ്പുറത്ത് നമ്മുടെ കര്‍ത്താവ് നമ്മെ വിലമതിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു എന്ന കാര്യം നാം വ്യക്തമായി മനസ്സിലാക്കിയിരിക്കേണ്ടതാണ്. ധാരാളം വിശ്വാസികളും കര്‍ത്താവു തങ്ങളെ വിലമതിക്കുന്നു എന്നും പ്രശംസിക്കുന്നു എന്നുമുള്ള ധാരണയില്ലാത്തതിനാല്‍ നിരന്തരം കുറ്റബോധത്തിലാണ്. കാന്തയുടെ അധരങ്ങളെക്കുറിച്ച് കാന്തന്‍ പ്രശംസിക്കുമ്പോള്‍ അതു കൂടുതല്‍ ഇണങ്ങുന്നത് കാന്തന്റെ അധരങ്ങള്‍ക്കാണ് എന്നവള്‍ മറുപടി പറയുന്നു (7:9യ)! അവര്‍ രണ്ടുപേരും തമ്മിലുള്ള ബന്ധത്തിന്റെ ആഴത്തെയാണ് അതു കാണിക്കുന്നത്. അതുപോലെ അഗാധമായ ഒരു ബന്ധമാണ് നമുക്കും കര്‍ത്താവിനുമിടയില്‍ ഉണ്ടായിരിക്കേണ്ടത്.
7:11-ല്‍ വധു പറയുന്നു ”ഞാന്‍ എന്റെ പ്രിയനുള്ളവള്‍. അവന്റെ ആഗ്രഹം എന്നോടാകുന്നു.” ഇത് 6:3-ല്‍ കാണുന്നതിനെക്കാള്‍ വളരെ ഉയര്‍ന്ന ഒരു തലമാണ്. ഇവിടെ പ്രിയന്‍ തന്റേതാണെന്നു മാത്രമല്ല വധു പറയുന്നത്. അതിനുമുപരി തന്റെ പ്രിയന്‍ തന്നില്‍ പൂര്‍ണ്ണ സന്തുഷ്ടനാണെന്നു കൂടിയാണ്. ‘ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു’ എന്നു പറയുന്നത് ഒരു കാര്യം. ‘ഞാന്‍ നിന്നില്‍ പ്രസാദിച്ചി രിക്കുന്നു’ എന്നു പറയുന്നത് മറ്റൊരു കാര്യം. രണ്ടും തികച്ചും വ്യത്യസ്തമാണ്. ഒരു ഭര്‍ത്താവ് ഭാര്യയെ സ്‌നേഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ അവളുടെ പ്രവര്‍ത്തനരീതികളില്‍ അവനു സന്തോഷം ഉണ്ടായിരിക്കണമെന്നില്ല. കര്‍ത്താവു നിങ്ങളെ സ്‌നേഹിക്കുന്നുണ്ടായിരിക്കാം. പക്ഷേ നിങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ അവിടുന്ന് സന്തുഷ്ടനായിരിക്കണമെന്നില്ല. പക്വതയുള്ള സ്‌നേഹം കര്‍ത്താവിനെ പ്രസാദിപ്പിക്കുവാന്‍ ആഗ്രഹിക്കുന്നു.
തുടര്‍ന്ന് കാന്ത കാന്തന്റെ സഹപ്രവര്‍ത്തകയായി നിന്നുകൊണ്ട് കാന്തനോടു പറയുന്നു: ”പ്രിയാ വരിക, നാം വയല്‍ പ്രദേശത്തേക്കു പോക” (7:12). ഇവിടെ വയലുകളെല്ലാം കൊയ്ത്തിനു വെളുത്തിരിക്കുന്നു എന്ന തന്റെ പ്രിയന്റെ ഭാരം അവള്‍ പങ്കിടുകയാണ്. എന്നാല്‍ നിങ്ങള്‍ ഒരിക്കലും തനിയെ വയല്‍ പ്രദേശത്തേക്കു പോകുവാന്‍ പാടില്ല. പ്രിയനോടൊപ്പം പോവുക. ഒരു നല്ല ബന്ധം ഉണ്ടാക്കിയെടുക്കുക. അതിനുശേഷം അവിടുത്തെ ശുശ്രൂഷിക്കുക. വയല്‍പ്രദേശത്തിന്റെ ഏറ്റവും നല്ല ഭാഗങ്ങള്‍ അറിയുന്നത് അവിടുന്നു മാത്രമാണ്. അവിടെ നിങ്ങള്‍ക്ക് അവിടുത്തെ ശുശ്രൂഷ നിവര്‍ത്തിക്കാന്‍ കഴിയും.
അങ്ങനെയാണ് എന്റെ പ്രവര്‍ത്തനത്തില്‍ കൂടി ഞാന്‍ കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ ആഗ്രഹിച്ചത്. ഒരിടത്തും ഞാന്‍ തനിയെ പോകുവാന്‍ ആഗ്രഹിച്ചില്ല. ഞാന്‍ പറഞ്ഞു: ”കര്‍ത്താവേ, അങ്ങ് എന്നെ നയിച്ചു മുമ്പില്‍ നടന്നാലും. ഞാന്‍ ഒപ്പമുണ്ട്. നമുക്ക് ഒരുമിച്ച് വയല്‍പ്രദേശങ്ങളിലേക്കു പോകാം. അങ്ങ് എങ്ങോട്ടു പോകാന്‍ ആഗ്രഹിക്കുന്നു എന്ന് എന്നോടു പറയുക. അങ്ങ് ഒരിടത്തേക്കു പോകാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ ഞാനും അങ്ങോട്ടേക്കില്ല.” നാം കര്‍ത്താവിനോടുള്ള കൂട്ടായ്മയിലും സമര്‍പ്പണത്തിലും അവിടുത്തെ സേവിക്കുന്നുവെങ്കില്‍ നമുക്കു നമ്മെക്കുറിച്ചു പ്രശംസയൊന്നുമുണ്ടാവില്ല. ആരുമായും താരതമ്യം ചെയ്യാനും നാം ഒരുമ്പെടുകയില്ല.
തുടര്‍ന്നു പ്രിയന്‍ തന്റെ മുന്തിരിത്തോട്ടത്തെക്കുറിച്ചുള്ള ഭാരം പങ്കുവയ്ക്കുന്നു. അവള്‍ അതികാലത്തെ എഴുന്നേറ്റു മുന്തിരിത്തോട്ടത്തില്‍ പ്രിയനോടൊപ്പം പോയി മുന്തിരി വള്ളിയും മാതളവും പൂവിട്ടോ എന്നൊക്കെ നോക്കുവാന്‍ ആഗ്രഹിക്കുന്നു (7:13). അവള്‍ 2:4-ല്‍ കാണുമ്പോലെ വിരുന്നു മേശയില്‍ ഇരുന്ന് അവന്റെ സ്‌നേഹ ലാളന ആസ്വദിക്കുക മാത്രമല്ല ചെയ്യുന്നത്. അവള്‍ അങ്ങനെ ചെയ്തിരുന്നു എങ്കിലും ഇപ്പോള്‍ അതില്‍ മാത്രം ഒതുങ്ങാതെ അധികമായ പലതും ശ്രദ്ധിക്കുന്നു. സഭയിലെ പുതിയ ചെറുപ്പക്കാരായ വിശ്വാസികളെക്കുറിച്ച് അവള്‍ക്കു ഭാരം ഉണ്ട്. സ്വന്തം മുന്തിരിത്തോട്ടവും അവള്‍ കാക്കുന്നു (1:6-ല്‍ കാണുന്നതില്‍ നിന്നും വ്യത്യസ്തമായി). കര്‍ത്താവിന്റെ വേല സഭകളില്‍ എങ്ങനെ പുരോഗമിക്കുന്നു എന്നു കാണുവാന്‍ അവള്‍ക്കു താത്പര്യം ഉണ്ട്. മുന്തിരിപ്പൂക്കുലകളില്‍ മൊട്ടുകള്‍ വിടര്‍ന്നുവോ എന്നും മാതള നാരകം പൂത്തുവോ എന്നും അറിയുവാന്‍ അവള്‍ ആഗ്രഹിക്കുന്നു (7:13). ”അവിടെ വച്ച് ഞാന്‍ നിനക്ക് എന്റെ പ്രേമം തരും” എന്ന് വധു തന്റെ പ്രിയനോടു പറയുന്നു. ഈ ശുശ്രൂഷയുടെ നടുവിലും അവള്‍ കര്‍ത്താവിനോടൊപ്പം സമയം ചെലവഴിക്കാനും തന്റെ സ്‌നേഹം അവനു നല്‍കുവാനും ആഗ്രഹിക്കുന്നു. അവള്‍ക്കുള്ളതെല്ലാം അവള്‍ തന്റെ പ്രിയനായി സംഗ്രഹിച്ചിരിക്കുന്നു (7:14).
8-ാം അധ്യായത്തില്‍ ഒരുനാള്‍ സ്വര്‍ഗ്ഗത്തില്‍ തന്റെ പ്രിയനുമായി സാധ്യമാകുന്ന സമ്പൂര്‍ണ്ണ ബാന്ധവത്തിനായുള്ള വധുവിന്റെ വാഞ്ഛയാണ് വിവരിക്കുന്നത്. ”മരുഭൂമിയില്‍ നിന്നു തന്റെ പ്രിയന്റെ മേല്‍ ചാരിക്കൊണ്ടു വരുന്നോരിവള്‍ ആര്?” (8:5). ഇത് എന്നേക്കും പ്രിയന്മേല്‍ ചാരുന്നതിനു വേണ്ടി മേഘങ്ങളിലേക്ക് എടുക്കപ്പെടുന്ന സഭയുടെ ചിത്രമാണ്- യേശുവിന്റെ മാറില്‍ ചാരിക്കൊണ്ടിരുന്ന യോഹന്നാനെപ്പോലെ.
”എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭൂജത്തിന്മേലും വച്ചുകൊള്ളേണമെ” (8:6) എന്നു വധു അപേക്ഷിക്കുന്നു. ആളുകള്‍ കയ്യിലും മറ്റും പച്ച കുത്തുന്നതു പോലെ അവള്‍ തന്റെ പ്രിയന്റെ ഹൃദയത്തില്‍ നിന്നും കയ്യില്‍ നിന്നും മാറിപ്പോകാതെ ചേര്‍ന്നു നില്ക്കുവാന്‍ തക്കവണ്ണം ഒരു സ്ഥിരമായ സ്ഥാനം ആഗ്രഹിക്കുന്നു.
8:6,7 ~ഒരുപോലെ ചേര്‍ന്നു പോകുന്ന സ്‌നേഹത്തെയും തീക്ഷ്ണതയെയും കുറിച്ചു പറയുന്നു. യഥാര്‍ത്ഥ സ്‌നേഹത്തില്‍ ഒരു തീക്ഷ്ണതയും ഉണ്ട്. തന്റെ പ്രിയപ്പെട്ടതിനെ മറ്റാരും സ്വന്തമാക്കരുതെന്ന ദൈവികമായ തീക്ഷ്ണത (2കൊരി. 11:2). ദൈവം തനിക്കു സ്വന്തമായി നമ്മുടെ ആത്മാവിനു വേണ്ടി തീക്ഷ്ണതയോടെ വാഞ്ഛിക്കുന്നു (യാക്കോബ് 4:5). നാം ധനത്തെയോ ലോകത്തെയോ സ്‌നേഹിക്കാതെ നമ്മുടെ ഹൃദയം തന്നെ മാത്രം സ്‌നേഹിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. നാം തന്റേതു മാത്രമായിരിക്കണം എന്നാഗ്രഹിക്കുന്ന തീക്ഷ്ണതയുള്ള ഭര്‍ത്താവാണ് അവിടുന്ന്. അത്രയും തീക്ഷ്ണമായ സ്‌നേഹത്തെ ഉപമിച്ചിരിക്കുന്നത് ‘യഹോവയുടെ അഗ്നിയോടും മഹാശോഭയുള്ള ജ്വാല’യോടു മാണ് (കര്‍ത്താവ് എന്ന പദത്തിന്റെ എബ്രായ രൂപമാണ് യഹോവ). ഈ പുസ്തകത്തില്‍ ഇവിടെ മാത്രമാണ് കര്‍ത്താവ് എന്ന പ്രയോഗം നാം കാണുന്നത് (8:6 മലയാളത്തിലില്ല).
ഏറിയ പ്രളയങ്ങള്‍ക്ക് പ്രേമത്തെ കെടുത്തുവാന്‍ കഴികയില്ല. ഏറിയ നദികള്‍ക്ക് അതിനെ മുക്കിക്കളയുവാന്‍ കഴിയില്ല (8:7). ക്രൂശില്‍ നാം കണ്ടത് നമ്മുടെ കര്‍ത്താവിന്റെ ഈ സ്‌നേഹമാണ്. വിദ്വേഷത്തിന്റെ പ്രളയങ്ങള്‍ തന്റെമേല്‍ മനുഷ്യര്‍ ഒഴുക്കിയപ്പോള്‍ അവരോടു ക്ഷമിക്കുവാന്‍ വേണ്ടി അവിടുന്നു പിതാവിനോടു പ്രാര്‍ത്ഥിച്ചു.
ആത്മീയ വളര്‍ച്ചയെത്താത്ത തന്റെ സഹോദരിമാരെക്കുറിച്ചു കാന്ത തന്റെ ഭാരം പ്രകടിപ്പിക്കുന്നു (8:8). പക്വത പ്രാപിക്കുന്നതിന്റെ ഒരു അടയാളമാണ് വളര്‍ച്ചയെ ത്താത്തവരെക്കുറിച്ചുള്ള ഭാരം. ഒരു പെണ്‍കുട്ടിക്ക് ഒരു മതില്‍ പോലെയോ ഒരു വാതില്‍ പോലെയോ ആകാന്‍ കഴിയുമെന്ന ശ്രദ്ധേയമായ ഒരു പ്രസ്താവം 8:9-ല്‍ നാം കാണുന്നു. മതില്‍ എന്നാല്‍ അടക്കവും ഒതുക്കവുമുള്ളതെന്നര്‍ത്ഥം. വാതില്‍ എന്നാല്‍ ആരുമായും സ്വതന്ത്രമായി ഇടപഴകുന്നവള്‍ എന്നര്‍ത്ഥം. ദൈവം ആഗ്രഹിക്കുന്നത് പെണ്‍കുട്ടികള്‍ അടക്കവും ഒതുക്കവുമുള്ളവരാകണമെന്നാണ്. തുറന്നു കിടക്കുന്ന വാതില്‍ ആര്‍ക്കും കടന്നു വരാമെന്ന സന്ദേശം നല്‍കുന്നതാണ്- പെണ്‍കുട്ടികള്‍ അങ്ങനെ പാടില്ല. ഒരു യുവതി ഒരു മതിലെങ്കില്‍ കര്‍ത്താവിന് അവളെ സഭയുടെ (കോട്ട) പണിക്കായി ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍ ഒരു യുവതി ഒരു വാതിലാണെങ്കില്‍ തന്റെ പിതാവിന് അവള്‍ക്കു ചുറ്റും ഒരു പ്രതിരോധ മതില്‍ ഉണ്ടാക്കേണ്ടിവരും- അന്യരുടെ പ്രവേശനം തടയുവാന്‍.
8:10-ല്‍ വധുവിന്റെ ആത്മീയ വളര്‍ച്ചയുടെ പൂര്‍ണ്ണതയെക്കുറിച്ചു പറയുന്നു. 8:12-ല്‍ അവളുടെ തോട്ടത്തിലെ ഫലശേഖരത്തില്‍ 1000 ശേക്കെല്‍ വിലമതിക്കുന്ന സിംഹഭാഗവും തന്റെ പ്രിയനു മാത്രമായി അവള്‍ വേര്‍തിരിക്കുന്നതായി പറയുന്നു. 200 ശേക്കെല്‍ വിലമതിക്കുന്ന 20 ശതമാനം വേലക്കാര്‍ക്കും വേര്‍തിരിക്കുന്നതായി പറയുന്നു. അവളുടെ ശുശ്രൂഷ പ്രാഥമികമായി മനുഷ്യര്‍ക്കു വേണ്ടി ആയിരുന്നില്ല. കര്‍ത്താവിനായിരുന്നു. നമ്മുടെയും ശുശ്രൂഷ അപ്രകാരമായിരിക്കണം. കര്‍ത്താവിന് ഒന്നാം സ്ഥാനവും മറ്റുള്ളവര്‍ക്ക് രണ്ടാം സ്ഥാനവും മാത്രം. ദൈവത്തെ നമ്മുടെ മുഴു ഹൃദയത്തോടും മനസ്സോടും ശക്തിയോടും ഒന്നാമതായി സ്‌നേഹിക്കുകയും അതിനുശേഷം മാത്രം മറ്റുള്ളവര്‍ക്കു സ്‌നേഹം നല്‍കുകയും വേണം.
8:13,14-ല്‍ തന്റെ പ്രിയന്‍ തന്റെ അടുത്തേക്കു വേഗം വീണ്ടും വന്നുചേരണമെന്നുള്ള വാഞ്ഛ അവള്‍ പ്രകടമാക്കുന്നു. ഇതു 2:17-ല്‍ അവള്‍ പ്രകടിപ്പിക്കുന്ന വാഞ്ഛയെ ക്കാള്‍ ഉന്നതമായ ഒന്നാണ്. അവിടെ വീണ്ടും കൂട്ടായ്മ പുനഃസ്ഥാപിക്കുവാന്‍ മാത്രമായിരുന്നു അവളുടെ ആഗ്രഹം. ഇവിടെ അന്തിമമായി അവനില്‍ അലിഞ്ഞ് ഒന്നാകുവാനുള്ള ‘കുഞ്ഞാടിന്റെ കല്യാണ’ത്തിനു വേണ്ടിയുള്ള (വെളി. 19:7) അവളുടെ വാഞ്ഛയാണ്. ഇതു മഹത്വത്തിന്റെ ഏറ്റവും ഉന്നതമായ തലമാണ്.
അതുകൊണ്ടാണ് തന്റെ കര്‍ത്താവിനോടു വേഗം വരുവാന്‍ നിലവിളിക്കുന്ന മണവാട്ടിയുടെ ചിത്രമുള്ള വെളിപ്പാടു പുസ്തകത്തോടെ ബൈബിള്‍ അവസാനിക്കുന്നത്.
‘ഞാന്‍ ഇതാ കാത്തിരിക്കുന്നു കര്‍ത്താവായ യേശുവേ വേഗം വരേണമേ.”
എത്ര മനോഹരമാണ് ഈ പാട്ട്!
നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും കര്‍ത്താവുമായുള്ള ബന്ധത്തിലും ഉത്തമഗീതത്തിലെ നന്മയെ സ്വാംശീകരിച്ച് ആയുഷ്‌ക്കാലം ധന്യമാക്കുവാന്‍ ഞാന്‍ നിങ്ങളെ എല്ലാവരെയും ഉത്സാഹിപ്പിക്കുന്നു.
ആമ്മേന്‍. അത് അങ്ങനെ തന്നെയാവട്ടെ.