ദൈവത്തിന്റെ ഖണ്ഡിതവും ദയയും
ബാബിലോണിയക്കാര്‍ വലിയ ലോകശക്തി ആകുന്നതിനും യിരെമ്യാപ്രവാചകന്‍ ശുശ്രൂഷ ആരംഭിക്കുന്നതിനും മുന്‍പും എന്നാല്‍ നഹൂം പ്രവാചകനു ശേഷവുമാണ് സെഫന്യാവ് പ്രവചിക്കുന്നത്. സെഫന്യാവ് പ്രവചിച്ച സമയത്തിന്റെ അന്ത്യഘട്ടത്തില്‍ യിരെമ്യാവ് ഉണ്ടായിരിക്കാന്‍ സാദ്ധ്യത ഉണ്ട്. അശ്ശൂരിന്റെ നാശത്തെക്കുറിച്ചും ബാബിലോണിന്റെ ഉയര്‍ച്ചയെക്കുറിച്ചും സെഫന്യാവ് സംസാരിക്കുന്നുണ്ട്. ദൈവത്തിന്റെ ദയയും ഖണ്ഡിതവുമാണ് സെഫന്യാവിന്റെ പ്രധാന പ്രതിപാദ്യ വിഷയം. എന്നാല്‍ ദൈവത്തിന്റെ ദയയും ഖണ്ഡിതവും ശ്രദ്ധിച്ചു നോക്കുക എന്ന് റോമര്‍ 11:22-ല്‍ പറയുന്നുണ്ട്. സെഫന്യാവിന്റെ മുഴുവന്‍ പുസ്തകത്തിലും ഈ കാര്യത്തിന് പ്രാധാന്യം കൊടുക്കുന്നതു നമുക്കു കാണാന്‍ സാധിക്കും. ഒന്നാമതായി പാപത്തോടുള്ള കര്‍ക്കശ മനോഭാവത്തില്‍ ദൈവത്തിന്റെ ഖണ്ഡിതം നമുക്കു ദര്‍ശിക്കാം. അതിനുശേഷം തന്റെ മക്കളായിരിക്കുന്ന ശേഷിപ്പിനോട് ദൈവം തന്റെ ദയയെ പ്രഘോഷിക്കുന്നതും നമുക്കു കാണാം.
നമ്മള്‍ ഈ ചെറിയ പ്രവാചകന്മാരെക്കുറിച്ച് പഠിക്കുമ്പോള്‍ ചില പ്രതിപാദ്യ വിഷയങ്ങള്‍ ആവര്‍ത്തിക്കുന്നതു നമുക്കു കാണാം. ഇവ താഴെ പറയുന്നവയാണ്: പാപത്തിനെതിരെയുള്ള ദൈവത്തിന്റെ കോപം, ന്യായവിധിയുടെ അനിവാര്യത, പാവങ്ങളെ ചൂഷണം ചെയ്യുന്നതിന്റെയും അഹങ്കാരത്തിന്റെയും ദുഷ്ടത, പണമോഹം, നേതാക്കളില്‍ കാണുന്ന ദുര്‍മാര്‍ഗ്ഗം, ദൈവം ജാതികളെ ഉപയോഗിച്ച് തന്റെ മക്കളെ ശിക്ഷിക്കുന്നത്, ദൈവം പ്രാര്‍ത്ഥനയ്ക്കു വേഗം ഉത്തരം നല്‍കുന്നില്ലെങ്കില്‍ വിശ്വാസത്തിന്റെയും ദീര്‍ഘക്ഷമയുടെയും ആവശ്യം, ഉണര്‍വിന്റെ പുറമേയുള്ള ആവിഷ്‌കരണം കൊണ്ട് ചതിക്കപ്പെടാതിരിക്കുന്നത്, ശേഷിപ്പിനോടുള്ള ദൈവത്തിന്റെ വാഗ്ദാനങ്ങള്‍. എല്ലാ പ്രവാചകന്മാരും ദൈവമക്കളുടെ ഇടയിലെ ശേഷിപ്പിനെക്കുറിച്ച് സംസാരിച്ചു. ദൈവമക്കളുടെ ഇടയിലെ ആത്മിക പതനത്തിന്റെ സമയത്തും ദൈവത്തോടു വിശ്വസ്തരായിരിക്കുന്ന ഒരു ചെറിയ കൂട്ടത്തെക്കുറിച്ച് ഇവര്‍ സംസാരിക്കുന്നതു നമുക്കു കാണാം.
പഴയനിയമത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ബുദ്ധിയുപദേശത്തിനാണ് എഴുതിയിരിക്കുന്നത് (1കൊരി. 10:11). പഴയ കാലത്ത് യിസ്രയേലില്‍ കണ്ട പിന്മാറ്റത്തിനു സമാനമായി ഇക്കാലത്തും ക്രിസ്ത്യാനികള്‍ക്കിടയില്‍ പിന്മാറ്റം കാണാന്‍ സാധിക്കും. യിസ്രായേല്‍, യെഹൂദ എന്നീ രണ്ടു രാജ്യങ്ങള്‍ ഇന്നു ക്രിസ്തീയ ലോകത്തില്‍ കാണുന്ന രണ്ടു കൂട്ടങ്ങളുടെ ചിത്രമാണ്. 10 ഗോത്രങ്ങള്‍ അടങ്ങിയ യിസ്രായേല്‍ ഇന്നത്തെ വലിയ സഭാവിഭാഗങ്ങളുടെ പ്രതീകം. 2 ഗോത്രങ്ങള്‍ അടങ്ങിയ യെഹൂദ ചെറിയ വേര്‍പെട്ട സഭകളുടെ പ്രതീകവും. എന്നാല്‍ ഈ രണ്ടു വിഭാഗങ്ങളും പിന്മാറ്റത്തിലാണ്. പഴയനിയമത്തില്‍ യെഹൂദ യിസ്രായേലിന്റെ തെറ്റില്‍ നിന്ന് ഒരു പാഠവും പഠിച്ചില്ല. അതുപോലെ വലിയ സഭാവിഭാഗങ്ങളുടെ തെറ്റില്‍ നിന്ന് ഇന്നത്തെ വേര്‍പെട്ട സഭകള്‍ ഒന്നും തന്നെ പഠിച്ചിട്ടില്ല. വേര്‍പെട്ട കൂട്ടത്തിലും വലിയ സഭാവിഭാഗങ്ങളുടെ തെറ്റുകള്‍ തന്നെ നമുക്കു കാണാന്‍ സാധിക്കും. എന്നാല്‍ ഈ രണ്ടു വിഭാഗത്തില്‍ നിന്നും ദൈവം ഇന്ന് ഒരു ശേഷിപ്പിനെ തിരഞ്ഞെടുക്കുന്നതു നമുക്കു കാണാന്‍ കഴിയും.
ആചാര അനുഷ്ഠാനങ്ങള്‍ ചെയ്യുന്ന കൂട്ടത്തിലും സ്വതന്ത്ര വിഭാഗത്തിലും ഇന്ന് ആത്മിക പിന്മാറ്റം നമുക്കു കാണുവാന്‍ കഴിയും. എന്നാല്‍ ഇതിന്റെ മധ്യത്തിലും ദൈവത്തിനായി ഹൃദയം വയ്ക്കുന്ന ഒരു ചെറിയ കൂട്ടത്തെ നമുക്കു കാണാം. ഇവരെല്ലാം ഒരൊറ്റ സഭാവിഭാഗത്തില്‍ കാണപ്പെടുന്നില്ല. ദൈവത്തെ സ്‌നേഹിച്ച് സകലത്തിലും അവനെ മഹത്വീകരിക്കാന്‍ ശ്രമിക്കുന്ന ചുരുക്കം ചില പുരുഷന്മാരെയും സ്ത്രീകളെയും ഇന്ന് സകല വിഭാഗത്തിലും നമുക്കു കാണുവാന്‍ സാധിക്കും. ഇവര്‍ യഥാര്‍ത്ഥത്തില്‍ പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരാണ്. ഒരുവിധ തര്‍ക്ക വിവാദങ്ങളിലും ഇവര്‍ കൂട്ടുചേരുന്നില്ല. ഇവര്‍ നാവിന്റെ ഉപയോഗത്തില്‍ വളരെ ശ്രദ്ധാലുക്കളും പണസംബന്ധമായ കാര്യങ്ങളില്‍ വിശ്വസ്തരുമാണ്. ദൈവം ഇന്ന് ഇത്തരം ആളുകളെ ഒരു ശേഷിപ്പായി കൂട്ടിച്ചേര്‍ക്കുന്നു.
എപ്പോഴും പുനഃസ്ഥാപനമാണ് (restoration) പ്രവാചകന്മാരുടെ പ്രതിപാദ്യ വിഷയം. കര്‍ത്താവായ യേശുവിന്റെ ശേഷിപ്പാണ് അവന്റെ വരവിനായുള്ള വഴി ഒരുക്കുന്നത്. യേശുവിന്റെ ജനനസമയത്ത് ഒരു ശേഷിപ്പുണ്ടായിരുന്നു- ദൈവാലയത്തില്‍ ശിമ്യോനും ഹന്നായും, യോഹന്നാന്‍ സ്‌നാപകന്‍, ആട്ടിടയന്മാര്‍, കിഴക്കു നിന്നു വന്ന വിദ്വാന്മാര്‍ എന്നിങ്ങനെ. ഇന്നും കര്‍ത്താവിന്റെ രണ്ടാംവരവിന് ഒരുങ്ങുന്ന ഒരു ശേഷിപ്പിനെ ക്രിസ്തീയഗോളത്തില്‍ നമുക്കു കാണാന്‍ കഴിയും.
സെഫന്യാവ് ആദ്യമായി വരാന്‍ പോകുന്ന ന്യായവിധി നാളിനെക്കുറിച്ച് സംസാരിക്കുന്നു. കര്‍ത്താവിന്റെ നാളിനെക്കുറിച്ച് ബാക്കി ഏതു പ്രവാചകന്മാരേക്കാളും ഉപരി സെഫന്യാവ് സംസാരിക്കുന്നു. യഹൂദാ രാജാവായ യോശിയാ രാജാവിന്റെ സമയത്തു യെഹൂദയില്‍ ഒരു ഉണര്‍വ്വു നടന്നിരുന്നു. ഇത് നെബുക്കദ്‌നേസര്‍ രാജാവ് വന്ന് യെഹൂദയില്‍ ഉള്ളവരെ തടവുകാരായി പിടിച്ചുകൊണ്ട് പോകുന്നതിനു നാലു വര്‍ഷം മുന്‍പായിരുന്നു. എന്നാല്‍ ഇത് ഒരു ഉപരിപ്ലവമായ ഉണര്‍വായിരുന്നു. സെഫന്യാവ്, യിരെമ്യാവ് എന്നീ പ്രവാചകന്മാര്‍ ഇതിന്റെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കുകയും കബളിപ്പിക്കപ്പെടാതിരിക്കയും ചെയ്തു. യിസ്രായേലിലുള്ള ബഹുഭൂരിപക്ഷം ആളുകളും ചതിക്കപ്പെട്ടു. ഇത്തരം ഉണര്‍വ്വുകളാല്‍ പല ക്രിസ്ത്യാനികളും ഇന്ന് ചതിക്കപ്പെടുന്നു. ഇവയിലെ പൊള്ളത്തരവും ആഴക്കുറവും ഇവര്‍ക്കു കാണുവാന്‍ കഴിയുന്നില്ല.
ഇന്നു ക്രിസ്തീയ ഗോളത്തില്‍ കാണുന്ന ബഹുഭൂരിപക്ഷം ‘ഉണര്‍വുകളും’, തന്ത്രശാലികളും പണസ്‌നേഹികളുമായ പല പ്രസംഗകര്‍ എളുപ്പം വഞ്ചിക്കുവാന്‍ സാധിക്കുന്ന ആള്‍ക്കൂട്ടത്തെക്കൊണ്ട് ചെയ്യിപ്പിക്കുന്ന വികാരവിക്ഷോഭ പ്രകടനവും മനഃശാസ്ത്ര ജാലവിദ്യയുമാണ്. അവിടെ വിശുദ്ധിയിലേക്കും താഴ്മയിലേക്കും പണ സ്‌നേഹത്തില്‍ നിന്നുള്ള വിടുതലിലേക്കും ആത്മിക ദാരിദ്ര്യത്തിലേക്കും നയിക്കുന്ന ഒരു ഉണര്‍വ്വ് കാണുന്നില്ല. മത്തായി 5 മുതല്‍ 7 വരെ കാണുന്ന പര്‍വ്വത പ്രസംഗത്തിന്റെ അനുസരണത്തിലേക്കു ദൈവമക്കളെ നയിക്കാത്ത സകല ഉണര്‍വുകളും കപട ഉണര്‍വുകളാണ്. ഇന്നു കാണുന്ന ഉണര്‍വുകളാല്‍ വഞ്ചിക്കപ്പെടാതിരിക്കുക. ഇത്തരം ബഹുഭൂരിപക്ഷം ഉണര്‍വുകളും ഉണര്‍വുകളെ അല്ല.
യിരെമ്യാവ്, സെഫന്യാവ്, എന്നീ പ്രവാചകന്മാര്‍ക്ക് ഉപരിപ്ലവങ്ങളായ, ഇത്തരം ‘ഉണര്‍വു’കളുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കുവാന്‍ സാധിച്ചു. അവരുടെ പ്രവചനങ്ങള്‍ വായിച്ചാല്‍ ഇവര്‍ അന്നത്തെ ‘ഉണര്‍വു’കളുടെ ആഴമില്ലായ്മ തുറന്നു കാട്ടുന്നത് കാണുവാന്‍ സാധിക്കും. എന്നാല്‍ യെഹൂദയില്‍ ഉണ്ടായിരുന്ന ആളുകള്‍ ഈ പ്രവാചകന്മാര്‍ നിഷേധാത്മകരായിരുന്നു എന്നു വിചാരിച്ചു. ഈ പ്രവാചകന്മാര്‍ നിഷേധാത്മക ചിന്ത ഉള്ളവരായിരുന്നില്ല. ഇവര്‍ സത്യം വ്യക്തമായി സംസാരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ നാല് വര്‍ഷം കഴിഞ്ഞ് നെബുക്കദ്‌നേസര്‍ രാജാവ് യെഹൂദയിലുള്ള ആളുകളെ അടിമകളായി പിടിച്ചുകൊണ്ടു പോയപ്പോള്‍ ആണ് യിരെമ്യാവും സെഫന്യാവും പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്ന് ആളുകള്‍ മനസ്സിലാക്കിയത്. എല്ലാവരും ‘ഉണര്‍വ്’ എന്നു പറയുന്നതിന്റെ പൊള്ളത്തരവും വഞ്ചനയും ദൈവത്തിന്റെ യഥാര്‍ത്ഥ പ്രവാചകന്മാര്‍ക്ക് കാണുവാന്‍ സാധിച്ചു. ദൈവത്തിന്റെ യഥാര്‍ത്ഥ ഭൃത്യര്‍ ഉപരിപ്ലവ ‘ഉണര്‍വുകളുടെ’ യഥാര്‍ത്ഥ സ്ഥിതി കാണിച്ചു കൊടുത്തത് ശരിയായിരുന്നു എന്ന് ഒരിക്കല്‍ ദൈവം എല്ലാവര്‍ക്കും വെളിപ്പെടുത്തി കൊടുക്കും. ദുരുപദേശക്കാര്‍ എന്നു മുദ്ര കുത്തപ്പെട്ടവര്‍ പലരും കര്‍ത്താവിന്റെ യഥാര്‍ത്ഥ പ്രവാചകന്മാരായിരുന്നെന്നും അന്നു വ്യക്തമാകും.
കര്‍തൃദിനത്തിലെ ന്യായവിധി
യെഹൂദയ്ക്കും യെഹൂദയുടെ ചുറ്റുമുള്ള രാജ്യങ്ങളായ ഗാസ്സ, മോവാബ്, അമ്മോന്യര്‍, കൂശ്യര്‍, അശ്ശൂര്‍ എന്നിവര്‍ക്കും വരാന്‍ പോകുന്ന ന്യായവിധിയെക്കുറിച്ച് സെഫന്യാവ് പ്രവചിക്കുന്നത് ഇവിടെ കാണാം (അധ്യായം 1,2).
ഈ പഴയ നിയമ പ്രവചനങ്ങളുടെ ഇരട്ട നിറവേറല്‍ നമുക്കു കാണാം. അശ്ശൂര്യരും, ബാബിലോണ്യരും, നെബുക്കദ്‌നേസരും, യിസ്രായേലിനും യെഹൂദയ്ക്കും എതിരെ പോരാടിയതാണ് ഈ പ്രവചനങ്ങളുടെ ആദ്യ നിറവേറല്‍. എന്നാല്‍ സഭയ്‌ക്കെതിരെ എതിര്‍ക്രിസ്തു വരുന്നതാണ് ഈ പ്രവചനങ്ങളുടെ ഭാവിയിലുള്ള പൂര്‍ത്തീകരണം. അന്ന് ദൈവത്തിന് ഒരു ശേഷിപ്പ് ഉണ്ടായിരുന്നു. ഇന്നും ഒരു ശേഷിപ്പ് ഉണ്ട്. ഇവിടെ കാണുന്ന ‘കര്‍ത്താവിന്റെ ദിവസം’ എന്നത് ബാബിലോണിയക്കാരില്‍ കൂടി നേരിട്ട ദൈവത്തിന്റെ ന്യായവിധിയാണ്. എന്നാല്‍ നമുക്ക് ‘കര്‍ത്താവിന്റെ ദിനം’ എന്നത് ക്രിസ്തുവിന്റെ രണ്ടാം വരവാണ്.
കര്‍ത്താവ് പറയുന്നു: ”ഞാന്‍ മറ്റു രാജ്യങ്ങളെ മാത്രമല്ല യെഹൂദയെയും യെരുശലേമിനെയും ബാല്‍ ആരാധനയുടെ ശേഷിപ്പിനേയും എന്റെ മുഷ്ടികൊണ്ടു സംഹരിച്ചു കളയും. കാരണം അവര്‍ മേല്‍പുരകളില്‍ ചെന്ന് സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയെയാണു വണങ്ങുന്നത്. അവര്‍ കര്‍ത്താവിനെ പിന്‍പറ്റുന്നുവെന്ന് അവകാശപ്പെടുന്നു. എന്നാല്‍ അവര്‍ മല്‍ക്കാമിനെയാണ് ആരാധിക്കുന്നത്” (1:4,5). കനാന്യര്‍ യിസ്രയേലിനെ അവരുടെ താഴ്ന്ന നിലവാരത്തിലേക്ക് വലിച്ചുകൊണ്ടു പോയി. യിസ്രായേല്‍ കനാനില്‍ പോയത് സത്യദൈവത്തെ അവര്‍ക്കു കാണിച്ചു കൊടുക്കുവാനായിരുന്നു. എന്നാല്‍ അവര്‍ യിസ്രായേല്യരെ അവരുടെ നിലവാരത്തിലേക്ക് വലിച്ചു താഴ്ത്തി.
നിങ്ങള്‍ മേശയുടെ മുകളില്‍ നിന്നുകൊണ്ട് നിലത്തു നില്‍ക്കുന്ന ഒരു വ്യക്തിയെ മേശയുടെ മുകളിലേക്കു വലിച്ചു കയറ്റുവാന്‍ ശ്രമിക്കുന്നു എന്നു വിചാരിക്കുക. അതേസമയം നിലത്തു നില്ക്കുന്ന വ്യക്തി നിങ്ങളെ താഴെ ഇടുവാന്‍ ശ്രമിക്കുന്നു. ഏന്തു സംഭവിക്കും? ഏറെ സാധ്യത നിങ്ങള്‍ താഴെ നിലത്ത് വീഴുവാനാണ്. ഇതേകാര്യമാണ് യെഹൂദയില്‍ സംഭവിച്ചത്. കനാന്യരുമായി ഒരു സമ്പര്‍ക്കവും പാടില്ല എന്ന് ദൈവം യെഹൂദര്‍ക്കു താക്കീതു നല്കി. എന്നാല്‍ അവര്‍ അതു കേള്‍ക്കുവാന്‍ താല്പര്യം കാണിച്ചില്ല. ഇതിന്റെ പരിണതഫലം എന്താണ്? യെഹൂദര്‍ക്ക് കനാന്യരെ കൊണ്ട് യഹോവയെ ആരാധിപ്പിക്കുവാന്‍ സാധിച്ചില്ല. പകരം കനാന്യര്‍ യെഹൂദരെ അവരുടെ നിലവാരത്തിലേക്കു താഴ്ത്തി കൊണ്ടുപോയി. ബാല്‍, സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍ എന്നിവയെ യെഹൂദര്‍ ആരാധിക്കുവാന്‍ തുടങ്ങി.
ക്രിസ്തീയ സഭ ”ഭാരതീയ രീതിയിലുള്ള ആരാധന” അനുകരിക്കുവാന്‍ ശ്രമിക്കുമ്പോള്‍ ഇതു തന്നെ സംഭവിക്കും. അക്രൈസ്തവ വിഗ്രഹാരാധന പോലെയുള്ള ആചാരങ്ങള്‍ ഇവരും ചെയ്തു തുടങ്ങും. ഒരു ”ക്രൈസ്തവ” പുരോഹിതന്‍ എഴുതിയ പുസ്തകത്തില്‍ ക്രിസ്തു ഏഴു പത്തികളുള്ള പാമ്പിനു താഴെ ഇരിക്കുന്ന പടമുള്ള പുറംചട്ട ഞാന്‍ കണ്ടിട്ടുണ്ട്. എഴു ഗുണവിശേഷമുള്ള പരിശുദ്ധാത്മാവിനെയാണ് ആ പാമ്പ് ചിത്രീകരിക്കുന്നത്! ‘ഭാരതീയ രീതി’ അവലംബിക്കുന്നതിന്റെ പരിണാമമാണിത്. മറ്റു സഭകളില്‍ ലോകമയത്വമായിരിക്കാം ക്രിസ്ത്യാനികളെ താഴേക്കു വലിച്ചിടുന്നത്.
ഒരു വിശ്വാസി അവിശ്വാസിയെ കല്യാണം കഴിക്കുമ്പോഴും ഇതേകാര്യം സംഭവിക്കുന്നു. ഒരു അവിശ്വാസി, വിശ്വാസിയെ അവന്റെ/അവളുടെ നിലയിലേക്കു തരംതാഴ്ത്തുന്നു. ഭൂരിപക്ഷം ക്രിസ്ത്യാനികളും കല്യാണസമയത്തു സ്ത്രീധനം ചോദിക്കുന്നത് മറ്റൊരു ജാതീയ സമ്പ്രദായമാണ്. ദൈവം സ്ത്രീധനം വെറുക്കുന്നു. ഇവിടെ സ്ത്രീകളെ വസ്തുക്കളെപ്പോലെ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. പ്രവാചകന്മാര്‍ ഇത്തരം സമ്പ്രദായത്തിനെതിരെ ഒരു നിലപാട് എടുത്തിരുന്നു. അതിനാല്‍ യിസ്രായേലിലെ മതനേതാക്കള്‍ ഇവരെ വെറുത്തു. ഇന്നും ഇതേകാര്യം നമുക്കു കാണാം. അതുകൊണ്ട് സ്ത്രീധനത്തിനെതിരെ ധൈര്യമായ നിലപാടെടുക്കുന്ന സഭകള്‍ ഇന്ത്യയില്‍ മിക്കവാറും ഇല്ല തന്നെ. ലോകത്തിന്റെ നിലവാരത്തിലേക്കു ക്രിസ്ത്യാനികള്‍ താഴ്ന്നിറങ്ങിയതായി നാം കാണുന്നു. അവര്‍ ക്രിസ്തുവിന്റെ നാമം എടുക്കുന്നു എങ്കിലും ബാക്കി ചുറ്റുമുള്ള ലോകക്കാരെപ്പോലെ തന്നെ അവര്‍ ജീവിക്കുന്നു.
”അന്നാളില്‍ ഞാന്‍ നേതാക്കളേയും ജാതീയ സമ്പ്രദായം അനുസരിച്ചു നടക്കുന്ന വരെയും കവര്‍ച്ച കൊണ്ട് തങ്ങളുടെ വീട് നിറയ്ക്കുന്നവരെയും ശിക്ഷിക്കും” (1:8,9). ജാതീയ സമ്പ്രദായം അനുസരിച്ചു നടന്ന് പണത്തെ സ്‌നേഹിച്ച് അവകൊണ്ട് തങ്ങളുടെ വീട് നിറയ്ക്കുന്നവര്‍ ഈ നേതാക്കളാണ്. പഴയനിയമ പ്രവാചകന്മാര്‍ എല്ലായ്‌പ്പോഴും ദൈവമക്കളുടെ നേതാക്കന്മാരെക്കുറിച്ചും അവരുടെ പണസ്‌നേഹത്തെക്കുറിച്ചും സംസാരിച്ചിരുന്നു. ഇവരാണ് പ്രാഥമികമായി തെറ്റില്‍ അകപ്പെട്ടിരിക്കുന്നവര്‍. ഇതിനാല്‍ ഈ നേതാക്കള്‍ ഈ പ്രവാചകന്മാരെ ദുരുപദേശകര്‍ എന്നു വിളിച്ച് അവരെ പീഡിപ്പിച്ചിരുന്നു. ദൈവം ഇന്നും ഒരു പ്രവാചകനെ സഭയിലേക്ക് അയച്ചാല്‍ പാസ്റ്റര്‍മാരുടേയും ബിഷപ്പുമാരുടെയും പണസ്‌നേഹത്തെക്കുറിച്ചും ഒത്തുതീര്‍പ്പു മനോഭാവത്തെക്കുറിച്ചും അവന്‍ സംസാരിക്കും. പാസ്റ്റര്‍മാര്‍ അവനെ ദുരുപദേശകന്‍ എന്നു വിളിച്ച് അവരുടെ പ്രസംഗവേദി അടച്ച് അവനെ പീഡിപ്പിക്കും. പഴയനിയമത്തിലെ എല്ലാ പ്രവാചകന്മാരും പീഡനം അനുഭവിച്ചിരുന്നു. ആരും അതില്‍ നിന്ന് വിമുക്തരല്ലായിരുന്നു. ‘പ്രവാചകന്മാരില്‍ ഏവനെ നിങ്ങളുടെ പിതാക്കന്മാര്‍ ഉപദ്രവിക്കാതിരുന്നിട്ടുള്ളു’ എന്ന് സ്‌തേഫാനോസ് യെഹൂദനേതാക്കളോട് ചോദിക്കുന്നു (അപ്പൊ.പ്ര. 7:52). അവര്‍ക്കാരുടേയും പേര്‍ പറയുവാനുണ്ടായിരുന്നില്ല. എന്തുകൊണ്ട് എല്ലാ പ്രവാചകന്മാരും പീഡിപ്പിക്കപ്പെട്ടു? കാരണം അവരുടെ നേതാക്കളുടെ പാപങ്ങളെ അവര്‍ തുറന്നുകാട്ടി.
യേശു പ്രസംഗിച്ചപ്പോള്‍ അവിടുന്നു മദ്യപന്മാര്‍, കൊലപാതകന്മാര്‍, വ്യഭിചാരിണികള്‍, വഞ്ചകന്മാരായ ചുങ്കം പിരിവുകാര്‍ എന്നിവര്‍ക്കെതിരെ പ്രസംഗിച്ചിട്ടുണ്ടോ? ഇല്ല. ഇവര്‍ക്കെതിരെ ഒരു വാക്കുപോലും അവിടുന്ന് ഉദ്ധരിച്ചിട്ടില്ല. ”ഞാന്‍ പാപികളെ അന്വേഷിച്ച് രക്ഷിക്കാനാണ് വന്നത്”എന്ന് യേശു പറഞ്ഞു. എന്നാല്‍ ദൈവവചനം ഉപയോഗിച്ചു മീറ്റിംഗുകളില്‍ പ്രസംഗിച്ച, പണത്തെ സ്‌നേഹിച്ച് കപടഭക്തിയില്‍ ജീവിച്ച, മതനേതാക്കള്‍ക്കെതിരെ അവിടുന്ന് ഒരു കരുണയും കാണിക്കാതെ തുറന്നടിച്ചു. അതിനാല്‍ അവര്‍ യേശുവിനെ കൊന്നു. നിങ്ങള്‍ ഈ യഥാര്‍ത്ഥ യേശുവിനെയും സത്യപ്രവാചകന്മാരെയും ആണോ അതോ ലോക ക്രിസ്തീയ നേതാക്കളുമായി കൂട്ടുകൂടി സദ്യ കഴിക്കുന്ന കള്ളപ്രവാചകന്മാരെയും ”മറ്റൊരു യേശുവിനെ”യുമാണോ പിന്‍തുടരുന്നത്? ഈ നേതാക്കന്മാര്‍ക്കെതിരെ ആണ് ആദ്യം ന്യായവിധി വരുന്നത്.
”ആ കാലത്തു ഞാന്‍ യെരുശലേമിനെ വിളക്കു കത്തിച്ചു ശോധന കഴിക്കയും മട്ടിന്മേല്‍ ഉറച്ചു കിടന്നു യഹോവ ഗുണമോ ദോഷമോ ചെയ്കയില്ല എന്നു ഹൃദയത്തില്‍ പറയുന്ന പുരുഷന്മാരെ സന്ദര്‍ശിക്കയും ചെയ്യും” എന്നു യഹോവ അരുളിച്ചെയ്യുന്നു (1:12). ഇന്നു സഭയിലും സുവിശേഷ പ്രസംഗത്താല്‍ സമ്പന്നരായി ആഡംബരത്തില്‍ ജീവിക്കുന്ന നേതാക്കള്‍ ഉണ്ട്. അവര്‍ കര്‍ത്താവിന്റെ കല്പനകളോട് ഉദാസീന മനോഭാവമാണ് പുലര്‍ത്തുന്നത്. ഡയറക്ടര്‍, പ്രധാന പാസ്റ്റര്‍, ബിഷപ്പ് എന്നീ പദവികളും സ്ഥാനങ്ങളും ഇവര്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ കര്‍ത്താവ് ഇവരെ തുറന്നു കാട്ടുവാന്‍ പോവുകയാണ്.
ആത്മികമായി ഒരു സഭ അധഃപതിക്കുമ്പോള്‍ അത് ആഡംബരത്തിലേക്കും, സുഖസൗഖ്യത്തിലേക്കും മറ്റുള്ളവരുടെ അവശ്യത്തെക്കുറിച്ച് ഉദാസീന മനോഭാവത്തിലേക്കും നീങ്ങുന്നതു നമുക്കു കാണാം. ധാരാളം യുവാക്കള്‍ കര്‍ത്താവിനെ സേവിക്കുവാന്‍ തുടങ്ങുന്നത് വളരെ തീക്ഷ്ണത, ത്യാഗം, പ്രാര്‍ത്ഥന, ദൈവവചനം ഗൗരവമായി പഠിക്കുക തുടങ്ങിയവയാലാണ്. എന്നാല്‍ 30 വര്‍ഷത്തിനു ശേഷം ഇവര്‍ തണുപ്പന്മാരായി ”പണത്തിന്റെ ചതിയാല്‍ ഞെരുക്കപ്പെട്ടവരായി” തീരുന്നു. ജഡമോഹത്തിനെതിരെ പോരാടുന്നതിലും ക്രിസ്തീയ സമൂഹത്തിലെ ജീര്‍ണ്ണാവ സ്ഥയ്‌ക്കെതിരെ ചെറുത്തു നില്ക്കുന്നതിലും നിങ്ങള്‍ വിശ്വസ്തരല്ലെങ്കില്‍ നിങ്ങള്‍ക്കു ചുറ്റുമുള്ള അധഃപതിച്ച നേതാക്കന്മാരെപ്പോലെ നിങ്ങളും ക്രമേണ ആയിത്തീരും. നിങ്ങള്‍ വളരെ സത്യസന്ധതയോടെ ക്രിസ്തീയ സേവനം തുടങ്ങി എങ്കിലും നിങ്ങള്‍ പ്രൊഫഷനല്‍ പ്രസംഗകരെപ്പോലെ ഞായറാഴ്ച തോറും പ്രസംഗങ്ങള്‍ വിളമ്പി കൂടുതല്‍ കൂടുതല്‍ പണം സമ്പാദിച്ച് ആഡംബരത്തില്‍ ജീവിച്ച് ഒരു അഭിഷേകവും ഇല്ലാത്ത വ്യക്തിയായിത്തീരും. എന്നാല്‍ നിങ്ങള്‍ വളരെ ആത്മാര്‍ത്ഥതയോടെ തുടങ്ങിയ വ്യക്തി ആയിരിക്കും. ഇതു സെഫന്യാവിന്റെ കാലത്തു നടന്നതുപോലെ ഇന്നും നടക്കുന്നു.
പാപം ചെയ്തവരെ ”കുരുടന്മാരെപ്പോലെ നടക്കുന്നവരായി” കര്‍ത്താവ് ചിത്രീകരിക്കുന്നു (1:17). അവരുടെ നേതാക്കള്‍ തന്നെ കുരുടരാകുമ്പോള്‍ അവരെ പിന്‍ഗമിക്കുന്ന ഏവരും കുഴിയില്‍ വീഴുവാന്‍ മാത്രമേ സാധ്യത ഉള്ളൂ.
അതിനുശേഷം സെഫന്യാവ് ‘എല്ലാ താഴ്മയുള്ളവരും കൂടുതല്‍ താഴ്മയ്ക്കായി അന്വേഷിപ്പാനും കര്‍ത്താവ് അവരെ രക്ഷിക്കുവാനും’ പ്രാര്‍ത്ഥിക്കുന്നു (2:3). ‘കൂടുതല്‍ താഴ്മയ്ക്കായി അന്വേഷിക്കുക’ എന്നത് എത്ര നല്ല വചനമാണ്! കര്‍ത്താവ് താഴ്മയുള്ളവരെ അനുഗ്രഹിക്കും എന്ന് സെഫന്യാവ് അറിഞ്ഞിരുന്നു. ബാബിലോണിന്റെ അഹങ്കാരം ഒരു വശത്തും യെരുശലേമില്‍ നിന്നുവന്ന ശേഷിപ്പിന്റെ താഴ്മ മറ്റൊരു വശത്തും നമുക്കു കാണാം.
കയീന്റെയും ഹാബേലിന്റെയും കാലം മുതല്‍ നാം കാണുന്ന പ്രകാരം മനുഷ്യ വര്‍ഗ്ഗത്തില്‍ രണ്ടു ധാരകള്‍ ഉണ്ട്- ബാബിലോണും യെരുശലേമും. ബാബിലോണ്‍ എന്നത് ജീര്‍ണ്ണിച്ച മത സമ്പ്രദായമാണ്. യെരുശലേം ദൈവത്തിന്റെ യഥാര്‍ത്ഥ സഭയാണ്. ഈ സഭയുടെ പ്രത്യേക വിശേഷണം അത്ഭുതമോ, അടയാളമോ അതിശയങ്ങളോ അല്ല പിന്നെയോ താഴ്മയാണ്. കൂടുതല്‍ കൂടുതല്‍ താഴ്മയ്ക്കായി അന്വേഷിക്കുന്നതില്‍ അവര്‍ ഒരിക്കലും തളര്‍ന്നുപോകുന്നില്ല.
ദൈവത്തിന്റെ ശേഷിപ്പില്‍ ഉള്ളവര്‍ നേരിടുന്ന അപകടം എന്താണ്? മറ്റുള്ള സഭകളുമായി തട്ടിച്ചുനോക്കി തങ്ങളുടെ മേന്മയില്‍ സന്തോഷിക്കുന്ന അപകടമാണ് ഇവര്‍ നേരിടുന്നത്. നിങ്ങള്‍ ഇങ്ങനെ സ്വയാഭിനന്ദനത്തിന്റെ ചിന്തകളില്‍ മുഴുകണമെന്നു സാത്താന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അങ്ങനെ ചിന്തിക്കുവാന്‍ തുടങ്ങുന്ന നിമിഷം ദൈവം നിങ്ങളുടെ ശത്രുവായിത്തീരും. മാത്രമല്ല നിങ്ങള്‍ വിമര്‍ശിക്കുന്നവരെ പോലെ നിങ്ങളും ആയിത്തീരും! ശേഷിപ്പ് എത്രവേഗം ബാബിലോണിനു സമമായി എന്ന കാര്യം നിങ്ങള്‍ക്ക് ഇവിടെ കാണാം. അതിനാല്‍ താഴ്മ പിന്‍തുടരുക. നിങ്ങളുടെ മുഖം എപ്പോഴും പൊടിയില്‍ വയ്ക്കുക. മറ്റുള്ളവരുമായി നിങ്ങളെ തട്ടിച്ചു നോക്കാതെ ഇരിക്കുക. നിങ്ങളെ യേശുവുമായി മാത്രം തട്ടിച്ചു നോക്കുക. ഇന്ന് ദൈവത്തിന്റെ ശേഷിപ്പില്‍ ഉള്ളവരോടു ഞാന്‍ പറയുവാന്‍ ആഗ്രഹിക്കുന്ന സന്ദേശം ഇതാണ്.
ഫെലിസ്ത്യ നഗരങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുകയും നിര്‍ജ്ജനമാക്കപ്പെടുകയും ചെയ്യും എന്ന് സെഫന്യാവ് പ്രവചിക്കുന്നു. ചുരുക്കം ആളുകള്‍ മാത്രം ഈ ദുരന്തത്തെ അതിജീവിക്കും (ഇവിടെ വീണ്ടും ശേഷിപ്പിനെക്കുറിച്ച് പറയുന്നത് ശ്രദ്ധിക്കുക). ഇവര്‍ മാത്രം കാക്കപ്പെടും (2:4,7). ഈ ശേഷിപ്പ് അപഹസിക്കപ്പെടുകയും മറ്റുള്ളവരാല്‍ നിന്ദിക്കപ്പെടുകയും ചെയ്യും (2:8). ദാനിയേലും തന്റെ മൂന്നു കൂട്ടുകാരും ചെയ്തപോലെ കര്‍ത്താവിനു വേണ്ടി നിലകൊണ്ടാല്‍, പ്രവാചകന്മാര്‍ പറഞ്ഞ ശേഷിപ്പിനെ പോലെ നിങ്ങള്‍ ജീവിച്ചാല്‍, ഒത്തുതീര്‍പ്പു മനോഭാവമുള്ള മറ്റു ക്രിസ്ത്യാനികള്‍ നിങ്ങളെ അവഹേളിക്കും എന്ന് നിങ്ങള്‍ക്ക് ഉറപ്പിക്കാം: ”നിങ്ങള്‍ ഈ ചുരുക്കം മതഭ്രാന്തന്മാരോടു കൂടി ചേര്‍ന്നിരുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് അത്യുത്തമമായ ഒരു ശുശ്രൂഷ കിട്ടുമായിരുന്നു” എന്ന് നിങ്ങളെ ആക്ഷേപിച്ച് ഈ കൂട്ടര്‍ സംസാരിക്കും. എന്റെ വിശാലമായ ശുശ്രൂഷ വിട്ടശേഷം എന്റെ ഭവനത്തില്‍ ചുരുക്കം ആളുകളുമായി (1975-ല്‍) സഭയായി കൂടിവരുവാന്‍ തുടങ്ങിയപ്പോള്‍ ധാരാളം ക്രിസ്ത്യാനികള്‍ ഇതേ കാര്യമാണ് എന്നോട് പറഞ്ഞത്. ഇവര്‍ പറഞ്ഞ ഒരു കാര്യത്തിനും ഞാന്‍ ചെവി കൊടുക്കാതിരുന്നതിനാല്‍ ഞാന്‍ നന്ദി ഉള്ളവനാണ്. ”കര്‍ത്താവേ, ഞാന്‍ രണ്ടോ മൂന്നോ ആളുകളോടു കൂടിയാണെങ്കിലും അതില്‍ ഞാന്‍ വ്യസനിക്കുന്നില്ല. നീ എവിടെയോ ഞാന്‍ അവിടെ ആകുവാന്‍ ഇച്ഛിക്കുന്നു. ദൈവവചനത്തിലെ സകല സത്യങ്ങളും വിളംബരം ചെയ്യുവാന്‍ ഞാന്‍ താല്പര്യപ്പെടുന്നു. പിന്മാറ്റത്തിലിരിക്കുന്ന ക്രിസ്ത്യാനികളുടെയോ അവരുടെ നേതാക്കളുടെയോ അഭിപ്രായം ഞാന്‍ നോക്കുന്നില്ല.” നിങ്ങള്‍ ഇത്തരം ഒരു നിലപാടെടുത്താല്‍ നിങ്ങള്‍ വളരെ എതിര്‍പ്പ് നേരിടേണ്ടി വരും. എന്നാല്‍ നിങ്ങള്‍ അവസാനത്തോളം സഹിച്ചാല്‍ സന്തോഷത്തോടെ നിങ്ങളുടെ വിളി നിങ്ങള്‍ പൂര്‍ത്തീകരിക്കും. കര്‍ത്താവില്‍ തന്നെ നിങ്ങളുടെ കണ്ണു വയ്ക്കുക. ”നിങ്ങളെ വിമര്‍ശിക്കുന്നവരെക്കുറിച്ച് പ്രയാസപ്പെടേണ്ട. എന്റെ സമയത്ത് ഞാനവരെ കൈകാര്യം ചെയ്തുകൊള്ളാം” എന്ന് കര്‍ത്താവ് പറയുന്നു. ഇന്ന് എന്റെ സകല വിമര്‍ശകരും നിശ്ശബ്ദരാണ്. ദൈവം ഞങ്ങളുടെ മധ്യത്തില്‍ ചെയ്ത കാര്യത്തെക്കുറിച്ച് അവര്‍ അത്ഭുതപ്പെടുന്നു. എന്നാല്‍ ഇത്തരം അവഹേളനത്തെ നിങ്ങള്‍ക്കു നേരിടാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ യുദ്ധം അവസാനിപ്പിച്ച് ഒത്തുതീര്‍പ്പുകാരുടെ കൂടെ ചേരും.
പിന്നീട് സെഫന്യാവ് അശ്ശൂരിന്റെ നാശത്തെക്കുറിച്ച് പ്രവചിക്കുന്നു (2:13). നഹൂ മിന്റെ പ്രവചനത്തിനു ശേഷം അശ്ശൂരിന് താഴ്ച വന്നു എങ്കിലും അവള്‍ പൂര്‍ണ്ണമായി നശിക്കപ്പെട്ടിട്ടില്ലായിരുന്നു. ”അവന്‍ വടക്കോട്ടു കൈനീട്ടി അശ്ശൂരിനെ നശിപ്പിക്കും. നിനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും. അതിന്റെ നടുവില്‍ ആട്ടിന്‍കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും. അതിന്റെ പോതികകളുടെ ഇടയില്‍ വേഴാമ്പലും മുള്ളനും രാപാര്‍ക്കും”(2:13,14). ഈ പ്രവചനം അക്ഷരംപ്രതിയായി തന്നെ നിറവേറപ്പെട്ടു.
”അതിന്റെ പ്രഭുക്കന്മാര്‍ ഗര്‍ജ്ജിക്കുന്ന സിംഹങ്ങള്‍. അതിന്റെ ന്യായാധിപതിമാര്‍ വൈകുന്നേരത്തെ ചെന്നായ്ക്കള്‍. അവര്‍ പ്രഭാതകാലത്തേക്ക് ഒന്നും ശേഷിപ്പിക്കുന്നില്ല. അതിന്റെ പ്രവാചകന്മാര്‍ കള്ളം പറയുന്നവരും തങ്ങളുടെ താല്പര്യം അന്വേഷിക്കുന്നവരുമാണ്. അതിന്റെ പുരോഹിതന്മാര്‍ ദൈവകല്പനകള്‍ അനുസരിക്കുന്നില്ല” (3:3,4) എന്ന രീതിയില്‍ സെഫന്യാവ് യെഹൂദയിലെ നേതാക്കളുടെ പാപത്തെ തുറന്നുകാട്ടുന്നു. ദൈവത്തിന്റെ എല്ലാ യഥാര്‍ത്ഥ പ്രവാചകന്മാരും, നേതാക്കള്‍, പ്രഭുക്കള്‍, ന്യായാധിപന്മാര്‍, വ്യാജപ്രവാചകന്മാര്‍, പുരോഹിതന്മാര്‍ എന്നിവര്‍ക്കെതിരെ എപ്പോഴും സംസാരിച്ചിരുന്നു. യഥാര്‍ത്ഥ പ്രവാചകന്മാരെ ഇന്ന് നമുക്കു തിരിച്ചറിയുവാന്‍ കഴിയുന്ന ഒരു മാര്‍ഗ്ഗം ഇതാണ്.
ഇന്നും തെറ്റായ പ്രസംഗകരും പാസ്റ്റര്‍മാരും ”തങ്ങളാല്‍ സാധ്യമാകുന്നവയെല്ലാം കൈക്കലാക്കുവാന്‍” എപ്പോഴും ശ്രമിക്കുന്നവരാണ്. എന്നാല്‍ ‘വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതാണ് ഉത്തമം’ എന്നാണ് യേശു നമ്മെ പഠിപ്പിച്ചത്. ”വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതാണ് ഉത്തമം എന്നു യേശു പഠിപ്പിച്ച സത്യം ഞാന്‍ മൂന്നു വര്‍ഷമായി നിങ്ങളുടെ മധ്യേ എന്റെ മാതൃക കാണിച്ചു തെളിയിച്ചു” എന്ന് എഫെസൊസ് സഭയോട് പൗലൊസ് പറയുന്നത് ശ്രദ്ധിക്കുക (പ്രവൃത്തി 20: 31-35).
ഇന്നത്തെ ക്രിസ്തീയ നേതാക്കളും പാസ്റ്റര്‍മാരും ഈ വാക്യത്തിലടങ്ങിയിരിക്കുന്ന സത്യത്തെ പ്രദര്‍ശിപ്പിക്കുന്നവരാണെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? ഇല്ല. വാങ്ങുവാന്‍ ഇവരെല്ലാം ഉത്സാഹമുള്ളവരാണ്. സെഫന്യാവ് പറയുന്ന പ്രകാരം ‘ആടുകളെ ഭക്ഷിക്കുവാന്‍ ഒരുങ്ങി ഇരിക്കുന്ന കടിച്ചു കീറുന്ന ചെന്നായ്ക്ക’ളാണ് ഇവരെല്ലാം. എങ്ങനെയാണ് വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതാണ് ഉത്തമം
എന്നു പഠിപ്പിച്ച യഥാര്‍ത്ഥ യേശുവിന്റെ പ്രതിനിധികളായി ഇവര്‍ തീരുന്നത്?
ഈ നേതാക്കളെല്ലാം എന്താണ് അന്വേഷിക്കുന്നത്? തങ്ങളുടെ തന്നെ ലാഭം. ആടുകളില്‍ നിന്ന് പണം പണം വീണ്ടും പണം ഇവര്‍ അന്വേഷിക്കുന്നു. ‘ബ്രദര്‍ സാക്കേ നിങ്ങള്‍ എന്തുകൊണ്ട് പണക്കൊതിയരായ നേതാക്കള്‍ക്കെതിരെ ഇത്ര അധികം സംസാരിക്കുന്നു?’ – ചിലര്‍ ചോദിക്കാറുണ്ട്. ‘ബൈബിള്‍ ഇത്ര വളരെ ഇവര്‍ക്കെതിരെ സംസാരിക്കുന്നു’ എന്നാണ് എന്റെ ഉത്തരം. പ്രവാചകന്മാര്‍ ഈവണ്ണം സംസാരിക്കുന്നു. യേശു ഈ രീതിയില്‍ സംസാരിക്കുന്നു. അതിനാല്‍ ഞാനും ഇങ്ങനെ തന്നെ സംസാരിക്കും.
സുവിശേഷം അറിയിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവനം കഴിക്കുവാന്‍ കര്‍ത്താവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ സുവിശേഷ പ്രസംഗത്താല്‍ സമ്പന്നരാകുവാന്‍ ദൈവം അനുവദിച്ചിട്ടില്ല. ദൈവമക്കള്‍ പാരിതോഷികം നല്കണമെന്ന് ഇവര്‍ ആഗ്രഹിക്കുമ്പോഴും പണത്തെ സ്‌നേഹിക്കുമ്പോഴും സമ്പന്നരാകുവാന്‍ കാംക്ഷിക്കുമ്പോഴും ഫലത്തില്‍ ഇവര്‍ ദുഷ്ടന്മാരായി തീരുന്നു. ദൈവം സകലരേയും നോക്കിക്കാണുന്നു. എല്ലാ അധഃപതിച്ച നേതാക്കളേയും ന്യായം വിധിക്കുവാന്‍ ഒരു ദിവസം കര്‍ത്താവ് വരും. ”അതുകൊണ്ട് ഞാന്‍ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസം വരാം. ദീര്‍ഘക്ഷമയോടെ ഇരിക്കുക. അന്ന് ഞാന്‍ എന്റെ ക്രോധവും എന്റെ ഉഗ്രകോപവും ഇവരുടെ നേരെ പകരും” (3:8).
കര്‍ത്താവിന്റെ ദിവസത്തില്‍ വരാന്‍ പോകുന്ന രക്ഷ
ഈ ശേഷിപ്പിന്റെ ചില ഗുണവിശേഷങ്ങള്‍ കാണുക:
”ഞാന്‍ അവരുടെ അധരങ്ങളെ നിര്‍മ്മലമാക്കും” (3:9). ശേഷിപ്പിന്റെ സംസാരം നിര്‍മ്മലമായിരിക്കും. കര്‍ത്താവിന്റെ മഹത്വം കണ്ടപ്പോള്‍ യെശയ്യാവ് തന്റെ സംസാരത്തെക്കുറിച്ച് കുറ്റബോധമുള്ളവനായി തീര്‍ന്നു. ഞാന്‍ നിരന്തരമായി സംസാരത്തെ കുറിച്ചും പണത്തോടുള്ള നമ്മുടെ മനോഭാവത്തെക്കുറിച്ചും പ്രസംഗിക്കുന്നു. കാരണം പ്രവാചകന്മാര്‍ ഈ രണ്ടു വിഷയങ്ങളെക്കുറിച്ച് ധാരാളം സംസാരിച്ചിരുന്നു. കര്‍ത്താവിന്റെ വക്താവായി നാം തീരണമെങ്കില്‍ നമ്മുടെ സംസാരത്തിലും പണമിടപാടുകളിലും നാം ശ്രദ്ധാലുക്കളായിരിക്കണം.
‘അപ്പോള്‍ അവര്‍ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ച് തോളോടു തോള്‍ ചേര്‍ന്ന് എന്നെ സേവിക്കും'(3:9). ദൈവത്തിന്റെ ശേഷിപ്പായിരിക്കുന്ന ജനം ഒരു ശരീരമായി കര്‍ത്താവിന്റെ ഭാരങ്ങള്‍ ചുമന്നുകൊണ്ട് തോളോടു തോള്‍ ചേര്‍ന്ന് ദൈവത്തെ സേവിക്കും.
”അന്നാളില്‍ ഞാന്‍ നിന്റെ മദ്ധ്യേ നിന്നു നിന്റെ ഗര്‍വ്വോല്ലസിതന്മാരെ നീക്കിക്കളയും. എന്റെ വിശുദ്ധ പര്‍വ്വതത്തില്‍ അഹങ്കാരികള്‍ കാണുകയില്ല. ഞാന്‍ നിന്റെ നടുവില്‍ താഴ്മയും ദാരിദ്ര്യവും ഉള്ളൊരു ജനത്തെ ശേഷിപ്പിക്കും”(3:11,12). കര്‍ത്താവ് സകല അഹങ്കാരികളെയും നീക്കുക നിമിത്തം ദൈവത്തിന്റെ ശേഷിപ്പില്‍ താഴ്മയു ള്ളവര്‍ മാത്രം അവശേഷിക്കും. ”ബ്രദര്‍ സാക്കേ, നിങ്ങള്‍ ഇത്ര അധികം താഴ്മയെക്കുറിച്ച് എന്തുകൊണ്ടാണു സംസാരിക്കുന്നത്?” ഇതും ആളുകള്‍ എന്നോടു ചോദിക്കുന്ന മറ്റൊരു സംഗതിയാണ്. കാരണം ഇതാണ്: ഓരോ പേജിലും ബൈബിളില്‍ ഈ കാര്യം പറഞ്ഞിരിക്കുന്നു.
”ഞാന്‍ യഹോവയുടെ നാമത്തില്‍ ശരണം പ്രാപിക്കും”(3:12). ദൈവത്തിന്റെ ശേഷിപ്പ് വിശ്വാസം മുറുകെ പിടിക്കുന്ന ആളുകള്‍ ആയിരിക്കും.
”യിസ്രായേലില്‍ ശേഷിപ്പുള്ളവര്‍ നീതികേടു പ്രവര്‍ത്തിക്കുകയില്ല. ഭോഷ്‌ക്കു പറയുകയുമില്ല. ചതിവുള്ള നാവ് അവരുടെ വായില്‍ ഉണ്ടാകയില്ല. അവര്‍ സമാധാനത്തോടെ വസിക്കും” (3:13). ശേഷിപ്പായ ജനം സമാധാനം കാംക്ഷിക്കുന്നവരായിരിക്കും. അവര്‍ കള്ളം പറയുകയില്ല. മറ്റുള്ളവരെ ചതിക്കുകയില്ല. മറ്റുള്ളവരെ ഉപദ്രവിക്കുകയില്ല.
”സീയോന്‍ പുത്രിയേ, ഘോഷിച്ചാനന്ദിക്ക. യിസ്രായേലേ, ആര്‍പ്പിടുക. യെരുശലേം പുത്രിയേ പൂര്‍ണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്കുക. യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മധ്യേ ഇരിക്കുന്നു”(3:14,15). ദൈവശേഷിപ്പ് സന്തോഷ പൂര്‍ണ്ണരായ ജനം ആയിരിക്കും. കര്‍ത്താവിന്റെ സ്‌നേഹത്തില്‍ അവര്‍ പൂര്‍ണ്ണ സുരക്ഷിതത്വം കണ്ടിട്ടുണ്ട്.
”നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മധ്യേ ഇരിക്കുന്നു. അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും. ഘോഷത്തോടെ അവന്‍ നിന്നില്‍ ആനന്ദിക്കും” (3:17). ദൈവത്തിന്റെ ശേഷിപ്പായ ജനത്തില്‍ ദൈവം ആനന്ദിക്കുന്നു. പാപത്തില്‍ ജീവിക്കുന്ന ജനത്തില്‍ ദൈവം സന്തോഷിക്കുന്നില്ല. തന്റെ സ്വന്തം ശിശുവിന് അര്‍ബുദം, കുഷ്ഠരോഗം, ക്ഷയരോഗം എന്നിവ ഉണ്ടെങ്കില്‍ ആ കുട്ടിയുടെ പിതാവിന് എങ്ങനെ ആ ശിശുവില്‍ ആനന്ദിക്കുവാന്‍ കഴിയും? അതു സാധ്യമല്ല. അതുപോലെ തന്നെ തന്റെ ജനം പാപത്തില്‍ ജീവിക്കുകയും അതില്‍ നിന്ന് സൗഖ്യം അന്വേഷിക്കുകയും ചെയ്യുന്നില്ലെങ്കില്‍ ദൈവത്തിന് അവരില്‍ ആനന്ദിക്കുവാന്‍ കഴിയുന്നതല്ല. എന്നാല്‍ തന്റെ വിശുദ്ധ ശേഷിപ്പില്‍ ദൈവം ആനന്ദിക്കുന്നു. വലിയ സന്തോഷത്തോടെ ദൈവം അവരില്‍ ആര്‍പ്പിടുകയും അവരെ നോക്കി പാട്ട് പാടുകയും ചെയ്യുന്നു. ‘ദൈവം തന്റെ ജനത്തെ നോക്കി പാട്ടുപാടുന്നു’ എന്നു ദൈവവചനത്തില്‍ കാണുന്ന ഒരു ഭാഗം ഇതാണ്. ദൈവത്തിനു സ്തുതിയുടെ ഗാനം പാടുവാന്‍ നമ്മെ പ്രബോധിപ്പിക്കുന്ന ധാരാളം ഭാഗങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവിടെ ദൈവം നമ്മെ നോക്കി പാട്ടുപാടുന്നു എന്നു നാം കാണുന്നു. ദൈവം പാട്ടുപാടുന്ന വ്യക്തി ആയിത്തീരുന്നത് എത്ര അഭികാമ്യമായ കാര്യമാണ്!
”ദൈവം തന്റെ സ്‌നേഹത്തില്‍ മിണ്ടാതെ ഇരുന്ന് നമുക്കായി പദ്ധതി ഉണ്ടാക്കുന്നു” (3:17 പരാവര്‍ത്തനം). കര്‍ത്താവ് സ്‌നേഹത്തില്‍ നമുക്കായി പദ്ധതി ഉണ്ടാക്കുന്നു. വരുന്ന ദിവസങ്ങളില്‍ അവിടുന്നു നമുക്കായി വിസ്മയം ജനിപ്പിക്കുന്ന ഹൃദ്യമായ അത്ഭുതങ്ങള്‍ കരുതി വയ്ക്കുന്നു. കാരണം അവിടുന്നു നമ്മെ സ്‌നേഹിക്കുന്ന പിതാവാണ്.
”ദുര്‍ബലന്മാരെയും നിസ്സഹായരേയും ഞാന്‍ രക്ഷിക്കും. സര്‍വ്വഭൂമിയിലും ലജ്ജ നേരിട്ടവരെ പ്രശംസയും കീര്‍ത്തിയുമാക്കിത്തീര്‍ക്കും. ഞാന്‍ നിങ്ങള്‍ക്കു വിശിഷ്ടമായ ഒരു പേര് നല്കും. നിങ്ങളുടെ സൗഭാഗ്യത്തെ അവരുടെ കണ്ണിന്‍ മുന്‍പില്‍ ഞാന്‍ തിരികെ തരുമ്പോള്‍ അവര്‍ നിങ്ങളെ പുകഴ്ത്തുവാന്‍ തുടങ്ങും” (3:19,20 സ്വതന്ത്ര പരിഭാഷ). തങ്ങളില്‍ തന്നെ ദുര്‍ബലരും നിസ്സഹായരുമാണ് വിശുദ്ധശേഷിപ്പ്. ദൈവം തന്നെ അവരുടെ ശത്രുക്കളെ കൈകാര്യം ചെയ്യും. അവസാന നാളില്‍ ദൈവം തന്റെ ജനത്തിന് മഹത്വവും വൈശിഷ്ട്യവും നല്‍കും.
സെഫന്യാവിന്റെ പുസ്തകം ഇങ്ങനെ ജയോത്സവ കുറിപ്പോടെ അവസാനിക്കുന്നതായി നാം കാണുന്നു.