കഷ്ടങ്ങൾ സാരമില്ല

photo of person using wheelchair

“ദൈവം മനുഷ്യരെ സ്നേഹിക്കുന്നവനാണെങ്കിൽ അവിടുന്ന് എന്തിനാണ് ഈ കഷ്ടതകൾ നമുക്കു തരുന്നത്?”

ആശുപത്രി വരാന്തയിലൂടെ ചക്രക്കസേരയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ദൈവഭൃത്യനോട് എതിരേ ചക്രക്കസേരയിൽ വന്ന ഒരു വനിത ചോദിച്ചു.

ആശുപ്രതിയിലെ ചികിത്സകൊണ്ടു ദൈവഭൃത്യന്റെ അസുഖം ഏറെ കുറേ മാറിയിരുന്നു. വീൽച്ചെയറിൽ അദ്ദേഹത്തിന് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാം. അതേസമയം ആ വനിത ദീർഘനാളുകളായി ആശുപത്രിയിൽ കഴിയുന്നു. നടക്കാൻ കഴിയില്ല. വീൽച്ചെയറാണു ശരണം.

ദൈവം സ്നേഹമാണെങ്കിൽ എന്തിനെന്നെ ഇങ്ങനെ കഷ്ടപ്പെടുത്തി രസിക്കുന്നു? സഹനത്തിന്റെ നെല്ലിപ്പലകയിൽ നിന്നുകൊണ്ടുള്ള അവരുടെ ചോദ്യത്തിന്റെ അർത്ഥമതാണ്. ആ ചോദ്യത്തിൽ ദൈവത്തോടുള്ള കയ്പ്പും വെറുപ്പും നിറഞ്ഞുനിന്നിരുന്നു.

“ആട്ടെ, നിങ്ങൾ കഷ്ടത യാഥാർത്ഥ്യമാണെന്നു വിശ്വസിക്കുന്നുണ്ടോ?” ദൈവഭത്യൻ ചോദിച്ചു.

“ഇതെന്തൊരു ചോദ്യം? കഷ്ടതപിന്നെ തോന്നലാണോ? ഞാൻ തന്നെ എത്രയോ മാസങ്ങളായി വിവിധതരത്തിൽ കഷ്ടപ്പെടുന്നു”? സ്ത്രീ തിരിച്ചടിച്ചു.

“ശരി കഷ്ടത യഥാർത്ഥത്തിലുള്ളതാണെന്നു നാമിരുവരും സമ്മതിക്കുന്നു. ഞാൻ അടുത്ത ചോദ്യം ചോദിക്കട്ടെ. കഷ്ടത സഹിക്കാതിരിക്കുവാൻ നമുക്കു കഴിയുമോ? അല്ലെങ്കിൽ ഇങ്ങനെ ചോദിക്കട്ടെ: കഷ്ടത ഒഴിവാക്കുവാൻ നമ്മെക്കൊണ്ടു സാധിക്കുമോ?” – ദൈവഭൃത്യന്റെ ചോദ്യം.

“ഇല്ല. തീർച്ചയായും സാധിക്കുകയില്ല”

“ശരി. എങ്കിൽ മൂന്നാമത്തെ ചോദ്യം. നിങ്ങൾ ദൈവത്തിൽ വിശ്വസിക്കാതിരിക്കുമ്പോൾ വേദന സഹിക്കുവാൻ കൂടുതൽ കഴിവു ലഭിക്കുന്നുണ്ടോ?”

ഈ ചോദ്യം അവരുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി. ശരിയല്ലേ? കഷ്ടതയും വേദനയും ജീവിതത്തിൽ ഒഴിവാക്കാൻ കഴിയുകയില്ലെങ്കിൽ സ്നേഹവാനായ ഒരു ദൈവം നമ്മുടെ ആത്യന്തികനന്മയ്ക്കായി അത് അനുവദിച്ചതാണെന്നു വിശ്വസിക്കുന്നതല്ലേ സഹനത്തെ എളുപ്പമാക്കുന്നത്? ആ സ്ത്രീയുടെ കണ്ണുകൾ നിറഞ്ഞു. കഷ്ടങ്ങളെ പുതിയ ഒരു വെളിച്ചത്തിൽ അവർ കാണുവാൻ തുടങ്ങി. സ്നേഹവാനായ ദൈവത്തിലുള്ള വിശ്വാസം അവരുടെ സഹനത്തിനു പുതിയ ഒരു മാനം നൽകി.

പൗലോസ് ചോദിക്കുന്നു “ആരാണു ദൈവത്തിന്റെ സ്നേഹത്തിൽ നിന്ന് എന്നെ വേർപിരിക്കുന്നത്? ദുരിതമോ, വേദനയോ, പീഡനമോ, പട്ടിണിയോ, അപകടമോ, വാളോ?

ഇവയൊന്നും ദൈവത്തിന്റെ സ്നേഹത്തെക്കുറിച്ചുള്ള വിശ്വാസത്തിൽ നിന്നു നമ്മെ വേർപിരിക്കാതിരിക്കട്ടെ.

What’s New?