ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ ദാസന്മാര്‍- WFTW 16 ജൂൺ 2019

സാക് പുന്നന്‍

1കൊരി 4:2ല്‍ (റ്റിഎല്‍ബി)ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു,”ഒരുഭൃത്യനെക്കുറിച്ചുളള ഏറ്റവും സുപ്രധാനമായ കാര്യം അവന്‍റെ യജമാനന്‍ അവനോടു ചെയ്യുവാന്‍ പറയുന്നതു തന്നെ അവന്‍ ചെയ്യുന്നു എന്നുളളതാണ്”. വിശ്വസ്തനായ ഒരു ദാസന്‍ ആയിരിക്കുക എന്നതിന്‍റെ അര്‍ത്ഥം അതാണ്. നിങ്ങള്‍ എത്രമാത്രം ചെയ്യുന്നു എന്നതല്ല ചോദ്യം, എന്നാല്‍ കര്‍ത്താവു നിങ്ങളോടു ചെയ്യാന്‍ പറയുന്നതു മാത്രമാണോ നിങ്ങള്‍ ചെയ്യുന്നത് എന്നതാണ് – തന്നെയുമല്ല അത് എപ്രകാരം ചെയ്യണമെന്ന് അവിടുന്നു ആഗ്രഹിക്കുന്നുവോ ആ വിധത്തില്‍ തന്നെ ചെയ്യുന്നുണ്ടോ. അതിനു നിങ്ങള്‍ ദൈവത്തിനുവേണ്ടി കാത്തിരിക്കുകയും അവിടുത്തോടു ഇപ്രകാരം ചോദിക്കുകയും വേണം, “കര്‍ത്താവെ ഞാന്‍ എന്തു ചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്? അതുമാത്രം ചെയ്യുവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങള്‍ ഒരു വേലക്കാരനെ നിയമിച്ചിട്ടുണ്ടെങ്കില്‍, അവനു ചെയ്യണമെന്നു തോന്നുന്നതെല്ലാം ചെയ്തു കൊണ്ടു ചുറ്റും ഓടിനടക്കണമെന്നു അവനെക്കുറിച്ചു നിങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഇല്ല. നിങ്ങള്‍ പറയുന്നതു ശ്രദ്ധിച്ചുകേട്ട് നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ അവന്‍ ചെയ്യണമെന്നാണ് നിങ്ങള്‍ അവനെക്കുറിച്ചാഗ്രഹിക്കുന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ക്രിസ്തീയ പ്രവര്‍ത്തകരും ദൈവം തന്‍റെ വചനത്തില്‍ പറഞ്ഞിട്ടുളളതു കേള്‍ക്കുകയോ ആ ദിവ്യ പ്രമാണങ്ങള്‍ പിന്‍തുടരുകയോ ചെയ്യുന്നില്ല. അതിനുപകരം അവര്‍ക്കു ഏറ്റവും നല്ലതെന്നു തോന്നുന്നവിധത്തില്‍ ദൈവത്തിന്‍റെ വേല അവര്‍ ചെയ്യുന്നു – അവരുടെ തന്നെ ബുദ്ധിപ്രകാരമുളള ആലോചനയില്‍ , സാധാരണയായി അവ ലൗകീകമായിരിക്കും. അവര്‍ക്കുവേണ്ടിയുളള അവിടുത്തെ ഹിതം എന്താണെന്നു കണ്ടെത്തുന്നതിനു കര്‍ത്താവിനുവേണ്ടി കാത്തിരിക്കുവാനുളള ക്ഷമയില്ലാതെ, അവര്‍ കര്‍ത്താവിനെ സേവിക്കുവാനുളള അവരുടെ സ്വന്തം കാര്യപരിപാടികള്‍ തയ്യാറാക്കുന്നു.

1 കൊരി.4ല്‍, പൗലൊസ് പറയുന്നത്, ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ വേലക്കാര്‍ (ക്രൂശിന്‍റെ മാര്‍ഗ്ഗത്തില്‍ നടക്കുന്നവര്‍) ലോകത്താല്‍ (അതില്‍ ലൗകികന്മാരായ വിശ്വാസികളും ഉള്‍പ്പെടുന്നു) മാനിക്കപ്പെടുകയില്ല. തന്‍റെ സഭയില്‍ അപ്പോസ്തലന്മാരാണ് ദൈവത്തിന്‍റെ ഏറ്റവും ശ്രേഷ്ഠന്മാരായ വേലക്കാര്‍, സഭകളുടെ മൂപ്പന്മാരുടെ മൂപ്പന്മാരാണവര്‍. അപ്പൊസ്തലന്മാര്‍ സഭകള്‍ സ്ഥാപിക്കുകയും, മൂപ്പന്മാരെ നിയമിക്കുകയും ആ മൂപ്പന്മാരെ വഴികാട്ടുകയും ചെയ്യുന്നു. എന്നാല്‍ ഈ അപ്പൊസ്തലന്മാരെ ലോകം എങ്ങനെ കാണുന്നു? “ദൈവം അപ്പൊസ്തലന്മാരെ ഏറ്റവും ഒടുക്കത്തവരായി നിറുത്തി” (1 കൊരി 4:9). ലോകത്തിന്‍റെ കണ്ണുകളില്‍ അപ്പൊസ്തലന്മാര്‍ സാമൂഹിക ഏണിയുടെ ഏറ്റവും താഴത്തെ പിടിയിലാണ്. ” അവര്‍ പെട്ടെന്നു തന്നെ കൊല്ലപ്പെടുവാനുളള തടവുകാര്‍ – മനുഷ്യര്‍ക്കു കൂത്തുകാഴ്ചയായവര്‍, ഭോഷന്മാര്‍, പരിഹസിക്കപ്പെടുന്നവര്‍ ٹٹ.അങ്ങോട്ടും ഇങ്ങോട്ടും പന്താടപ്പെടുന്നവര്‍”, തുടങ്ങിയ നിരയിലാണ് (1 കൊരി 4:9-11- എല്‍ ബി) പൗലൊസ് തന്നെതന്നെയും മറ്റു അപ്പൊസ്തലന്മാരെയും ജഡികരായ കൊരിന്ത്യ ക്രിസ്ത്യാനികളോടു താരതമ്യം ചെയ്യുകയാണ്. അദ്ദേഹം പറയുന്നത്,” നിങ്ങള്‍ എല്ലാവരും നിറഞ്ഞവരും, സമ്പന്നന്മാരും വിവേകശാലികളും ശക്തന്മാരുമെന്നു എണ്ണപ്പെടുന്നവരും ലോകത്താല്‍ മാനിക്കപ്പെടുന്നവരുമാണ്”. മറിച്ച് ഞങ്ങള്‍ ലോകത്താല്‍ നിന്ദിക്കപ്പെടുന്നവരാണ്. ക്രിസ്തുവിന്‍റെ ഒരു യഥാര്‍ത്ഥ അപ്പൊസ്തലന്‍ ഈ ലോകത്താല്‍ മാനിക്കപ്പെടുകയില്ല. ജഡിക ക്രിസ്ത്യാനികള്‍ മാത്രമാണ് ലോകത്താല്‍ മാനിക്കപ്പെടുന്നത്. നിങ്ങള്‍ ലോകത്തിന്‍റെ മാനം അന്വേഷിക്കുകയാണെങ്കില്‍ ,നിങ്ങള്‍ ഒടുവില്‍ തീര്‍ച്ചയായും ഒരു ജഡിക ക്രിസ്ത്യാനിയായി തീരും.

ക്രിസ്തുവിന്‍റെ ഒരു യഥാര്‍ത്ഥ അപ്പൊസ്തലന്‍ ഒരിക്കലും സുവിശേഷ ഘോഷണത്തിലൂടെ ഒരു ധനവാനായി തീരുകയില്ല. സുവിശേഷ ഘോഷണത്തിലൂടെ ധനവാനായി തീരുന്ന ഒരു മനുഷ്യനെ നിങ്ങള്‍ എവിടെ കണ്ടാലും ഒരു കാര്യം നിങ്ങള്‍ക്കു തീര്‍ച്ചപ്പെടുത്താം അയാള്‍ ക്രിസ്തുവിന്‍റെ അപ്പൊസ്തലനല്ല. സുവിശേഷഘോഷണത്തിലൂടെ തനിക്കും തന്‍റെ കുടുംബത്തിനും വേണ്ടി വീടുകളും നിലങ്ങളും വാങ്ങിയിട്ടുളള ഒരു വ്യക്തി ക്രിസ്തുവിന്‍റെ ഒരു അപ്പൊസ്തലനല്ല. സുവിശേഷഘോഷണം മുഖേന ലഭിക്കുന്ന പണം കൊണ്ട് വില കൂടിയ കാറുകള്‍ വാങ്ങുവാന്‍ കഴിയുന്ന ഒരുവന്‍ ക്രിസ്തുവിന്‍റെ ഒരു അപ്പൊസ്തലനല്ല. അയാള്‍ കേവലം ഒരു ജഡിക ക്രിസ്ത്യാനിയാണ്. തന്‍റെ പ്രസംഗിക്കാനുളള വരം ഉപയോഗിച്ചു പൗലൊസിനു ധാരാളം പണം ഉണ്ടാക്കാമായിരുന്നു, എന്നാല്‍ അദ്ദേഹം അതു ചെയ്തില്ല. ദൈവത്തിന്‍റെ ഒരു യഥാര്‍ത്ഥ ഭൃത്യന്‍ പ്രസംഗത്തിലൂടെ പണം ഉണ്ടാക്കുകയില്ല. തന്‍റെ ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ അദ്ദേഹം ഒരു പക്ഷേ ദാനങ്ങള്‍ സ്വീകരിച്ചേക്കാം – യേശുവും അപ്പൊസ്തലന്മാരും ചെയ്തതുപോലെ – എന്നാല്‍ അതിലൂടെ താന്‍ ഒരു ലക്ഷാധിപതി ആയി തീരുകയില്ല. എന്നാല്‍ ഇന്നു ക്രിസ്തീയ ഗോളത്തില്‍ നാം കാണുന്നതു ഇതിനു നേരെ വിപരീതമായിട്ടുളളതാണ്. അതു കൊണ്ടു തന്നെ ഇത്തരത്തില്‍ അപ്പൊസ്തലന്മാരെന്നും പ്രസംഗകരെന്നും വിളിക്കപ്പെടുന്നവരോട് ( അവര്‍ രോഗികളെ സൗഖ്യമാക്കുകപോലും ചെയ്യുന്നു) എനിക്കുളള ബഹുമാനം പൂജ്യമാണ്. പാവപ്പെട്ടവരോട് ദശാംശം വാങ്ങി സുവിശേഷം പ്രസംഗിക്കുന്നതിലൂടെ സമ്പന്നന്മാരായി തീരുന്ന ഈ സുവിശേഷ പ്രഘോഷകന്മാരോടുളളതിനേക്കാള്‍ കൂടുതല്‍ ബഹുമാനം എനിക്കു വടക്കേ ഇന്‍ഡ്യയില്‍ പോയി ലളിത ജീവിതം നയിക്കുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുന്ന റോമന്‍കത്തോലിക്കസഭയിലെ പുരോഹിതന്മാരോടുണ്ട്. നിങ്ങള്‍ ആരെയാണ് പിന്‍തുടരുവാന്‍ പോകുന്നത്? പൗലൊസിനെയും പത്രൊസിനെയുമാണോ? അതോ ഇന്നത്തെ ഈ വ്യാജാനുകരണങ്ങളെയോ? പൗലൊസ് ഇപ്രകാരം തുടര്‍ന്നു പറയന്നു, ” ഞങ്ങള്‍ വളരെ ക്രൂരമായി കൈകാര്യം ചെയ്യപ്പെട്ടു……… ഞങ്ങള്‍ സ്വന്തം കൈയാല്‍ വേല ചെയ്തു അദ്ധ്വാനിക്കുന്നു” ( 1 കൊരി, 4:11,12).

പൗലൊസ് തന്‍റെ സാമ്പത്തികാവശ്യങ്ങള്‍ താന്‍ തന്നെയാണ് നടത്തിയിരുന്നത്, എന്നിട്ടും അദ്ദേഹം അധിക്ഷേപിക്കപ്പെടുകയും പഴിക്കപ്പെടുകയും ചെയ്തു. ആളുകള്‍ അദ്ദേഹത്തെക്കുറിച്ചു കളളക്കഥകള്‍ പറഞ്ഞു, എന്നാല്‍ അതിനുപകരമായി അദ്ദേഹം അവരെ അനുഗ്രഹിച്ചു. ഏറെക്കുറെ അദ്ദേഹം കടന്നുചെന്ന എല്ലായിടത്തും ഉപദ്രവിക്കപ്പെട്ടിട്ട് അദ്ദേഹം “ലോകത്തിന്‍റെ ചവറുപോലെയും സകലത്തിന്‍റെയും അഴുക്കായും” തീര്‍ന്നു. (1 കൊരി 4:13). ലോകം അദ്ദേഹത്തെ ഓടയിലൂടെ ഒഴുകുന്ന മാലിന്യത്തെക്കാള്‍ ഒട്ടും അധികമായി കണക്കാക്കിയിട്ടില്ല എന്നാണത് അര്‍ത്ഥമാക്കുന്നത്. ആ സമയത്തുണ്ടായിരുന്ന ഏറ്റവും ശ്രേഷ്ഠനായ അപ്പൊസ്തലനോടു ലോകം പെരുമാറിയത് അങ്ങനെയായിരുന്നു. ഇതിനു വിരുദ്ധമായി, കൊരിന്ത്യ ക്രിസ്ത്യാനികള്‍ ലോകത്താല്‍ ബഹുമാനിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്തു. അവര്‍ അതിനെക്കുറിച്ചു സന്തോഷമുളളവരായിരുന്നു. ദൈവത്തിന്‍റെ ദാസനായിരിക്കുക എന്നതിന്‍റെ അര്‍ത്ഥം എന്താണെന്ന് ഗ്രഹിക്കുന്ന കാര്യം ക്രിസ്തീയഗോളത്തിനു നഷ്ടമായിരിക്കുന്നു എന്നതില്‍ എനിക്കു സങ്കടമുണ്ട്. ദൈവത്തിന്‍റെ ഒരു യഥാര്‍ത്ഥദാസനാകുക എന്നതിന്‍റെ അര്‍ത്ഥം എന്താണെന്നു നമ്മുടെ രാജ്യത്തിനു കാണിച്ചു കൊടുക്കുക എന്നതാണ് നമ്മുടെ ഇപ്പോഴത്തെ ദൗത്യം – ലോകത്തോടു ഒരു വിട്ടുവീഴ്ചയില്ലാത്തതും ഒരു ലോക മാനവും അന്വേഷിക്കാത്തതുമായ ഒരുവനെ ആരുടെയും ദൈവശാസ്ത്രപരമായ ഡിഗ്രികള്‍ കൊണ്ടോ, അല്ലെങ്കില്‍ മറ്റു ലോകപ്രകാരമുളള യോഗ്യതകള്‍ കൊണ്ടോ ദൈവത്തിനു ഒരുവനില്‍ മതിപ്പുണ്ടാകുന്നില്ല. അത്തരം യോഗ്യതകള്‍ പിശാചിനെയും ഭയപ്പെടുത്തുന്നില്ല!.

അധികം ക്രിസ്തീയ പ്രവര്‍ത്തകരും ആഗ്രഹിക്കുന്നതു സിംഹാസനങ്ങളിലിരുന്നു മാനം നേടുവാനാണ്. ആ മാര്‍ഗ്ഗത്തിലൂടെ പോകരുത്. നിങ്ങളുടെ ജീവിതകാലം മുഴുവന്‍ വിനയമുളള ഒരു ദൈവദാസനായിരിക്കുക. ലോകവും ബാബിലോണിയന്‍ ക്രിസ്തീയഗോളവും നിങ്ങളെ തളളിക്കളഞ്ഞാല്‍ പോലും, ഒരു സാധാരണ സഹോദരനും ഒരു സാധാരണ സഹോദരിയും ആയിരിക്കുക.

മാനിക്കപ്പെടുകയും സുഖം അനുഭവിക്കുകയും ചെയ്തവരായ കൊരിന്ത്യരെക്കുറിച്ചു പൗലൊസ് അസൂയാലുവായിരുന്നോ? അല്ല. അദ്ദേഹത്തിനു അവരെക്കുറിച്ചു ദുഃഖം തോന്നി കാരണം അദ്ദേഹം അവരെക്കാള്‍ അധികം അനുഗ്രഹിക്കപ്പെട്ട സ്ഥാനത്തായിരുന്നു. അദ്ദേഹം അവരോട് ഒരു പിതാവ് എന്നവണ്ണം സംസാരിച്ചു. അവരെ ലജ്ജിപ്പിക്കുവാനല്ല ( 1 കൊരി 4;14). ദൈവത്തിന്‍റെ ഒരു യഥാര്‍ത്ഥ ദാസന്‍ ഒരു പിതാവാണ്. അയാള്‍ ജനങ്ങളെ നാണംകെടുത്താറില്ല. വിദ്യാര്‍ത്ഥികള്‍ എന്തെങ്കിലും തെറ്റു ചെയ്താല്‍ അദ്ധ്യാപകര്‍ തങ്ങളുടെ വിദ്യാര്‍ത്ഥികളെ നാണംകെടുത്തിയേക്കാം. ഒരു നല്ല പിതാവ് ഒരു വിധത്തിലും, ഒരിക്കലും തന്‍റെ കുഞ്ഞിനെ നാണം കെടുത്താറില്ല, അവന്‍ വിവേക ശൂന്യമായി എന്തെങ്കിലും ചെയ്താല്‍ പോലും. എന്നാല്‍ ക്രിസ്തീയ ഗോളത്തില്‍ പിതാക്കന്മാരും അദ്ധ്യാപകരും തമ്മിലുളള അനുപാതം ഏതാണ്ട് 1:10,000 ആണ്. (1 കൊരി 4:15).

What’s New?