യഥാർത്ഥ ആരാധന അനുസരണവും ത്യാഗവും ഉൾപ്പെടുന്നതാണ്- WFTW 5 ഡിസംബർ 2021

സാക് പുന്നന്‍

ഉൽപത്തി 22ൽ ആദ്യ ഖണ്ഡിക ആരംഭിക്കുന്നത് ഈ പദപ്രയോഗത്തോടെയാണ്, “അതിൻ്റെ ശേഷം….” ഈ ശോധനയുടെ സമയത്തിന് തൊട്ടുമുമ്പുണ്ടായ സാഹചര്യം നോക്കുമ്പോൾ, നാം അബ്രാഹാമിനെ കാണുന്നത് ഒരു വിജയിയുടെ സ്ഥാനത്താണ്. ജാതികൾ അവൻ്റെ അടുക്കൽ വന്ന് അവനോട് ഇപ്രകാരം പറഞ്ഞു, “അബ്രാഹാമേ, ഞങ്ങൾ നിൻ്റെ ജീവിതം നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു, നീ ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും ദൈവം നിന്നോടു കൂടെയുണ്ട് എന്നു ഞങ്ങൾ അറിയുന്നു” ( ഉൽ.2l:22). സാറാ അത്ഭുതകരമാംവിധം ഗർഭിണിയായ വിവരവും അവർ കേട്ടിട്ടുണ്ട് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല, അതുകൊണ്ടു തന്നെ ദൈവം ഈ കുടുംബത്തോടു കൂടെയുണ്ട് എന്ന് അവർക്കു ബോധ്യപ്പെട്ടു. യിശ്മായേലിനെ അവിടെ നിന്നു പറഞ്ഞുവിട്ടു. ഇപ്പോൾ ഇസ്ഹാക്കാണ് അബ്രാഹാമിൻ്റെ ഹൃദയത്തിൻ്റെ ഓമന. ഈ സമയം അബ്രാഹാമിൻ്റെ ദൈവത്തോടുള്ള ആദ്യ സ്നേഹവും ഭക്തിയും നഷ്ടപ്പെടാവുന്ന ഒരു വലിയ അപകടത്തിലായിരുന്നു അബ്രാഹാം നിന്നിരുന്നത്. അതു കൊണ്ട് ദൈവം അവനെ വീണ്ടും പരീക്ഷിച്ചു കൊണ്ട് ഇസ്ഹാക്കിനെ യാഗമായി അർപ്പിക്കുവാൻ അവനോടാവശ്യപ്പെട്ടു. എന്നാൽ അബ്രാഹാമിന് കേൾക്കാനുള്ള ഒരു ചെവിയും ദൈവം കൽപ്പിക്കുന്നതെല്ലാം ചെയ്യാനുള്ള ഒരു ഹൃദയവും ഉണ്ടായിരുന്നു. അവൻ അടുത്ത ദിവസം അതിരാവിലെ എഴുന്നേറ്റ് ദൈവത്തെ അനുസരിക്കാനായി പുറപ്പെട്ടു (ഉൽ. 22 :3). തലേരാത്രി ദൈവം തന്നോടു സംസാരിച്ചതിനുശേഷം, ഈ വന്ദ്യ വയോധികൻ കടന്നുപോയ കാര്യങ്ങളെക്കുറിച്ച് നമ്മോടു പറയുന്ന രേഖകളൊന്നുമില്ല. അവൻ ആ രാത്രി ഉറങ്ങിയില്ല എന്നെനിക്ക് ഉറപ്പുണ്ട്. അവൻ ഉറങ്ങാതെ എഴുന്നേറ്റുപോയി തൻ്റെ പ്രിയ മകനെ വീണ്ടും നോക്കിക്കാണും; എന്നിട്ട് താൻ അവനോടു ചെയ്യാൻ പോകുന്ന കാര്യത്തെക്കുറിച്ചു ചിന്തിക്കുന്തോറും അവൻ്റെ കണ്ണിൽനിന്നു കണ്ണുനീർ ഉരുണ്ടുരുണ്ട് വീണു കാണും.

തൻ്റെ വാർദ്ധക്യത്തിൽ തനിക്കുണ്ടായ മകനെ യാഗമർപ്പിക്കുവാൻ അബ്രാഹാമിന് എത്ര പ്രയാസമുണ്ടായിരുന്നിരിക്കണം. എന്നാൽ എന്തുവിലകൊടുത്തും ദൈവത്തെ അനുസരിക്കുവാൻ അവനു സമ്മതമായിരുന്നു. ഏതാണ്ട് 50 വർഷങ്ങൾക്കു മുമ്പ്, ഊരിൽ വച്ച് ദൈവം അവനെ വിളിച്ചപ്പോൾ അവൻ തൻ്റെ കൈ കലപ്പയിൽ വച്ചതാണ്; അവൻ ഇപ്പോൾ തിരിഞ്ഞുനോക്കുന്നില്ല. അവൻ്റെ അനുസരണത്തിന് ഒരതിരും ഇല്ല. കൂടാതെ അവൻ്റെ ദൈവത്തിനു വേണ്ടി ത്യാഗം ചെയ്യുന്നതിനുള്ള അവൻ്റെ മനസ്സിന് ഒരവസാനവുമില്ല. അവൻ ദൈവത്തിൻ്റെ സ്നേഹിതനായി തീർന്നതിൽ അതിശയമൊന്നുമില്ല.

ഇസ്ഹാക്കിനെ യാഗം കഴിക്കാൻ പോകുമ്പോൾ, ഏതെങ്കിലും വിധത്തിൽ ദൈവം അവൻ്റെ മകനെ മരിച്ചവരിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിക്കുമെന്ന് അബ്രാഹാമിൻ്റെ ഹൃദയത്തിൽ വിശ്വാസമുണ്ടായിരുന്നു. എബ്രാ.11:19 അതു നമ്മോടു പറയുന്നു. ഇസ്ഹാക്കിൻ്റെ ജനനത്തിലൂടെ ദൈവം അബ്രാഹാമിൻ്റെ സ്വന്തം ശരീരത്തിലും സാറായുടെ ശരീരത്തിലും നേരത്തെ തന്നെ പുനരുത്ഥാനത്തിൻ്റെ ഒരു മുൻ രുചി നൽകിയിട്ടുണ്ട്. അങ്ങനെയൊരു ദൈവത്തിന് തീർച്ചയായും യാഗപീഠത്തിൽ അറുക്കപ്പെട്ട ഇസ്ഹാക്കിനെ തിരികെ ജീവിതത്തിലേക്കു കൊണ്ടുവരുന്നതിന് ഒരു പ്രശ്നവുമില്ല. അതുകൊണ്ടുതന്നെ മോറിയാ പർവ്വതത്തിൻ്റെ ചുവട്ടിൽ വച്ച് വേലക്കാരെവിട്ടു പിരിയുമ്പോൾ അബ്രാഹാം അവരോട് ഇങ്ങനെ പറഞ്ഞു “ഞാനും ബാലനും അവിടുത്തോളം ചെന്ന് ആരാധന കഴിച്ച് (ഞങ്ങൾ രണ്ടുപേരും) തിരികെ നിങ്ങളുടെ അടുത്തേക്ക് വീണ്ടും വരാം” (ഉൽ.22:5). അതു വിശ്വാസത്തിൻ്റെ ഒരു വാക്ക് ആയിരുന്നു. ഇസ്ഹാക്ക് അവൻ്റെ കൂടെ മടങ്ങിവരുമെന്ന് അവൻ വിശ്വസിച്ചു.

“ഞങ്ങൾ ദൈവത്തെ ആരാധിക്കാൻ പോകുന്നു” എന്നാണ് അവൻ തൻ്റെ വേലക്കാരോടു പറഞ്ഞത് എന്നു കൂടി ശ്രദ്ധിക്കുക. ദൈവം തന്നോട് ആവശ്യപ്പെടുന്നത് വളരെ അധികമായിപോയി എന്നു പരാതി പറയുകയോ അല്ലെങ്കിൽ ദൈവത്തിനുവേണ്ടി ചെയ്യാൻ പോകുന്ന ആശ്ചര്യകരമായ യാഗത്തെ കുറിച്ചു പ്രശംസിക്കുകയോ ആയിരുന്നില്ല അവൻ ചെയ്തത്. അല്ല. ദൈവത്തിനു വേണ്ടി ചെയ്യുന്ന തങ്ങളുടെ ത്യാഗങ്ങളെ കുറിച്ച് നിഗൂഢമായി മറ്റുള്ളവരെ അറിയിക്കുന്ന കൂട്ടത്തിലുള്ളവനായിരുന്നില്ല അബ്രാഹാം. താൻ ദൈവത്തെ ആരാധിക്കുവാൻ പോകുന്നു എന്ന് അബ്രാഹാം പറഞ്ഞു. അതുകൊണ്ട് ആരാധന എന്നതിൻ്റെ യഥാർത്ഥ അർത്ഥം എന്താണെന്നതിനെക്കുറിച്ച് ചില കാര്യങ്ങൾ അവിടെ നാം മനസ്സിലാക്കുന്നു. യേശു ഒരിക്കൽ പറഞ്ഞത് എങ്ങനെയാണെന്ന് ഓർക്കുക, “നിങ്ങളുടെ പിതാവായ അബ്രാഹാം എൻ്റെ ദിവസം കാണും എന്നുള്ളതുകൊണ്ട് ഉല്ലസിച്ചു; അവൻ അതു കണ്ടു സന്തോഷിച്ചുമിരിക്കുന്നു” (യോഹ. 8:56). തീർച്ചയായും അത് ഇവിടെ മോറിയാ മലയിൽ വച്ച് അബ്രാഹാം ക്രിസ്തുവിൻ്റെ ദിവസം കണ്ടിട്ടുണ്ടാകണം. പ്രവചന ദർശനത്തിൽ, ആ വന്ദ്യ വയോധികൻ അവൻ്റെ തന്നെ പ്രവൃത്തിയിൽ, പിതാവായ ദൈവം തന്നെ അവിടുത്തെ ഏകജാതനായ പുത്രനെ കാൽവറിക്കുന്നിലേക്കു നയിച്ച് മനുഷ്യവർഗ്ഗത്തിൻ്റെ പാപത്തിനു വേണ്ടി ഒരു യാഗമായി അർപ്പിക്കുന്നതിൻ്റെ ഒരു ചിത്രം (അത് മങ്ങിയതാണെങ്കിലും) കണ്ടു. മോറിയാ മലയിലെ ദിവസത്തിൽ, അനുസരണം കെട്ട ലോകത്തെ രക്ഷിക്കാൻ ദൈവത്തിൻ്റെ ഹൃദയത്തിന് എന്തു വില കൊടുക്കേണ്ടി വരും എന്നതിനെ കുറിച്ച് ചില കാര്യങ്ങൾ അബ്രാഹാം അറിഞ്ഞു. ആ പ്രഭാതത്തിൽ അവൻ ദൈവത്തിൻ്റെ ഹൃദയവുമായി അഗാധമായ ഒരു കൂട്ടായ്മയുടെ സ്ഥാനത്തേക്കു വന്നു. അതെ, അവൻ ദൈവത്തെ ആരാധിച്ചു – കർണ്ണാനന്ദകരമായ വാക്കുകളും, കീർത്തനങ്ങളും കൊണ്ടു മാത്രമല്ല, എന്നാൽ വില കൂടിയ അനുസരണത്തിലൂടെയും ത്യാഗത്തിലൂടെയും.

അത്തരം ഒരു അനുസരണത്തിലൂടെ മാത്രമേ ദൈവത്തെ കുറിച്ച് ആഴമുള്ളതും ഗാഢമായതും ആയ ഒരു അറിവ് ഉണ്ടാകുകയുള്ളു. കൃത്യമായ ധാരാളം ദൈവശാസ്ത്രപരമായ അറിവുകൾ നമ്മുടെ മനസ്സിൽ സംഭരിച്ചു വയ്ക്കാൻ നമുക്കു കഴിയും, എന്നാൽ യഥാർത്ഥ ആത്മീയ ജ്ഞാനം ഉണ്ടാകുന്നത് നാം എല്ലാം ദൈവത്തിനു വിട്ടുകൊടുക്കുമ്പോൾ മാത്രമാണ്. അതിന് വേറെ ഒരു മാർഗ്ഗവുമില്ല. അബ്രാഹാം ദാതാവിനെയാണോ അവിടുത്തെ ദാനത്തെയാണോ കൂടുതൽ സ്നേഹിക്കുന്നത് എന്ന് അറിയാൻ വേണ്ടിയാണ് അബ്രാഹാം ഇവിടെ പരീക്ഷിക്കപ്പെട്ടത്. ഇസ്ഹാക്ക് ദൈവത്തിൻ്റെ ദാനമാണെന്നതിന് ഒരു സംശയവുമില്ല, എന്നാൽ തൻ്റെ മകനോട് അമിതമായ വാത്സല്യം ഉണ്ടായേക്കാവുന്ന ഒരു അപകടത്തിലായിരുന്നു അബ്രാഹാം. അബ്രാഹാമിൻ്റെ ആത്മീയ ദർശനത്തിന് മങ്ങൽ ഏൽപ്പിക്കാൻ കഴിയുന്ന ഒരു വിഗ്രഹമായിരുന്നു ഇസ്ഹാക്ക്. അതു കൊണ്ടു തന്നെ അത്തരം ഒരു ദുരന്തത്തിൽ നിന്ന് അബ്രാഹാമിനെ രക്ഷിക്കുവാൻ ദൈവം ഇടപെട്ടു.