താഴ്‌വരകളുടെ സംഗീതം- 5 : ദര്‍ശനത്താഴ്‌വര

ജോജി ടി സാമുവൽ


യെശയ്യാവിന്റെ പുസ്തകം 22-ാം അധ്യായം ആരംഭിക്കുന്നത് ദര്‍ശനത്താഴ്‌വരയെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. തുടര്‍ന്ന് അതിന്റെ അഞ്ചാം വാക്യത്തിലും ദര്‍ശനത്താഴ്‌വരയെ പരാമര്‍ശിക്കുന്നു. അവിടെ സംഭവിക്കാന്‍ പോകുന്ന അനര്‍ഥങ്ങളെക്കുറിച്ചാണു പ്രവചനം: ‘സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവിങ്കല്‍ നിന്ന് ദര്‍ശനത്താഴ്‌വരയില്‍ പരിഭ്രാന്തിയുടെയും പരാജയത്തിന്റെയും അമ്പരപ്പിന്റെയും ഒരു ദിവസം വരുന്നു. മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതുമായ നാള്‍ തന്നേ’

ദര്‍ശനത്താഴ്‌വര- ഈ പേരില്‍ വാസ്തവത്തില്‍ പലസ്തീന്‍ നാട്ടില്‍ നമ്മള്‍ ഒരു താഴ്‌വര കാണുന്നില്ല. ആത്മീയമായ കാഴ്ചപ്പാടില്‍ യെശയ്യാവ് നല്‍കിയ ഒരു പേരായിട്ടാണ് ഇതു വിവക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ താഴ്‌വരയെയും അതിനു ദര്‍ശനത്താഴ്‌വര എന്നു പേരു നല്‍കാനിടയായ യെശയ്യാവിന്റെ അനുഭവങ്ങളെയും കുറിച്ചു ധ്യാനിക്കുന്നതു പ്രയോജനകരമായിരിക്കും.

ബിസി 700 അടുത്തു ജീവിച്ചിരുന്ന വലിയ പ്രവാചകന്മാരില്‍ ഒരാളായിരുന്നല്ലോ യെശയ്യാവ്. യെഹൂദാ നാടിന്റെ തലസ്ഥാനമായ യെരുശലേം കേന്ദ്രീകരിച്ചാണ് യെശയ്യാവ് ജീവിച്ചിരുന്നതും പ്രവാചക ശുശ്രൂഷ നിറവേറ്റിയിരുന്നതും. യെരുശലേം പര്‍വ്വതങ്ങളാല്‍ വലയം ചെയ്യപ്പെട്ട നാടാണ്. 125-ാം സങ്കീര്‍ത്തനം രണ്ടാം വാക്യം കാണുക: ‘പര്‍വ്വതങ്ങള്‍ യെരുശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നു മുതല്‍ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു’. യെരുശലേമുമായി ചേര്‍ന്നു പര്‍വ്വതങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും താഴ്‌വരകളുമുണ്ട്. കേവലം ഇതൊരു സാധ്യതയല്ല, യെരുശലേമിലുള്ള താഴ്‌വരകളെക്കുറിച്ചു ബൈബിളില്‍തന്നെ പറയുന്നുണ്ടല്ലോ. അത്തരം ചില താഴ്‌വരകളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ നോക്കുക: യോഹന്നാന്‍ 18: 1 -കിദ്രോന്‍ താഴ്‌വര. യോശുവ 15:8 -ഹിന്നോം താഴ്‌വര.

യെരുശലേമുമായി ബന്ധപ്പെട്ട ഈ താഴ്‌വരകളിലെവിടെയോ ഇരുന്നാണ് പ്രവാചകന്‍ യെരുശലേമിനെ നോക്കി പ്രവചിക്കുന്നത്.അങ്ങനെ പ്രവചിക്കുമ്പോള്‍ താന്‍ ഇരുന്ന് ഈ ദര്‍ശനങ്ങള്‍ കാണുന്ന ആ താഴ്‌വരയ്ക്ക് അദ്ദേഹം സ്വയം നല്‍കുന്ന തനതായ ഒരു പേരാണ് ദര്‍ശനത്താഴ്‌വര. യെരുശലേമിനു വരാന്‍ പോകുന്ന അനര്‍ഥങ്ങളെയാണ് താന്‍ ഇരിക്കുന്ന ദര്‍ശനത്താഴ്‌വരയില്‍ വരാന്‍ പോകുന്ന പരിഭ്രാന്തിയുടെയും പരാജയത്തിന്റെയും അമ്പരപ്പിന്റെയും നാളുകളായി പ്രവാചകന്‍ ഭംഗ്യന്തരേണ പറയുന്നത് എന്നും ഓര്‍ക്കുക.

പഴയ നിയമ പശ്ചാത്തലത്തില്‍ താഴ്‌വരകളല്ല, പര്‍വ്വതങ്ങളാണ് ദൈവസാന്നിധ്യമുള്ള സ്ഥലങ്ങള്‍. ‘ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്ക് ഉയര്‍ത്തുന്നു. എനിക്കു സഹായം എവിടെ നിന്നു വരും? എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍ നിന്നു വരുന്നു’ (സങ്കീര്‍.121:1,2). മോശെയോടും യിസ്രായേലിനോടും ഇടപെടാന്‍ പര്‍വ്വതത്തില്‍ ഇറങ്ങിവന്ന ദൈവമാണ് യിസ്രായേല്യര്‍ക്കു പരിചിതം. എന്നാല്‍ ഇവിടെയിതാ താഴ്‌വരയിലും ദൈവസാന്നിധ്യം അനുഭവിക്കുന്ന പ്രവാചകന് താന്‍ ഇരിക്കുന്ന താഴ്‌വരയ്ക്കു യാഥാര്‍ഥ്യബോധത്തോടെ ദര്‍ശനത്താഴ്‌വരയെന്നു പേരിടാന്‍ മടിയില്ല. ജീവിതത്തിന്റെ ഉന്നതികളിലാണു ദൈവസാന്നിധ്യമുള്ളതെന്നു കരുതുകയും ജീവിതത്തിന്റെ താഴ്‌വാരങ്ങളില്‍ ദൈവസാന്നിധ്യത്തെ സംശയിക്കുകയും ചെയ്യുന്ന സാധാരണക്കാരില്‍ നിന്നു വ്യത്യസ്തനായിരുന്ന യെശയ്യാവ് ഇക്കാര്യത്തില്‍ നമുക്കു വെല്ലുവിളിയും മാതൃകയുമാണ്.

യെരുശലേമിനും സമീപ പ്രദേശങ്ങള്‍ക്കും വരാന്‍ പോകുന്ന അനര്‍ഥത്തെക്കുറിച്ചാണു 22-ാം അധ്യായത്തില്‍ യെശയ്യാവ് പറയുന്നത്. വലിയ പരാഭവവും സംഹാരവും പരിഭ്രമവുമാണു വരാന്‍ പോകുന്നത്. ഭരണസിരാകേന്ദ്രങ്ങളുമായി വളരെ അടുപ്പമുണ്ടായിരുന്ന യെശയ്യാവിന് ഇക്കാര്യം നേരിട്ടറിയാമായിരുന്നു. യെഹൂദാ രാജാക്കന്മാരായിരുന്ന ഉസ്സിയാവ്, യോഥാം, ആഹാസ്, യെഹിസ്‌കിയാവ് എന്നിവരുടെ കാലത്തായിരുന്നു ആമോസിന്റെ മകനായ യെശയ്യാവ് ജീവിച്ചിരുന്നത് (യെശയ്യാ.1:1). യെശയ്യാവിന്റെ പിതാവ് ആമോസ് യെഹൂദാരാജാവായിരുന്ന യോവാശിന്റെ മകനായിരുന്നു. യോവാശിനുശേഷം രാജാവായ അമസ്യാവിന്റെ സഹോദരനുമായിരുന്നു അദ്ദേഹം. അപ്പോള്‍ ആമോസിന്റെ മകനെന്ന നിലയില്‍ രാജകുടുംബാംഗമായ യെശയ്യാവ് തന്റെ കാലത്തെ നാല് യെഹൂദാരാജാക്കന്മാരുമായും വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്നുവെന്നു കരുതാം. അതുകൊണ്ടുതന്നെ യെരുശലേമിനും താന്‍ പാര്‍ക്കുന്ന താഴ്‌വരയ്ക്കുമെല്ലാമുള്ള ശത്രുക്കളുടെ ഭീഷണിയെക്കുറിച്ച് പ്രവാചകനു നേരിട്ടറിയാമായിരുന്നു. താഴ്‌വരകള്‍ ശത്രുക്കളുടെ രഥങ്ങള്‍ കൊണ്ടു നിറയുമെന്നും കുതിരപ്പട വാതില്‍ക്കല്‍ അണിനിരക്കുമെന്നും പ്രവാചകന്‍ പറയുന്നു (22:7). ‘അന്നു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവ് നാലുകാര്യത്തിനാണു തന്റെ ജനത്തെ ആഹ്വാനം ചെയ്യുന്നത്-കരച്ചില്‍,വിലാപം,മൊട്ടയടിക്കുക,രട്ടുടുക്കുക.എന്നാല്‍ യെഹൂദാ ജനം മറ്റു നാലു കാര്യങ്ങളിലാണു മുഴുകുന്നത്- കാള അറക്കുക, ആടറുക്കുക, ഇറച്ചി തിന്നുക, വീഞ്ഞു കുടിക്കുക’ (22:12,13). അശൂര്‍ രാജാവായ സെന്‍ഹരീബ് യെരുശലേമിനെ ആക്രമിക്കാനെത്തുമെന്നു വ്യക്തമാക്കി പശ്ചാത്താപത്തോടെ ദൈവമുഖം അന്വേഷിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു പ്രവാചകന്‍ വിരല്‍ ചൂണ്ടുമ്പോള്‍ ജനം നിശ്ചിന്തരായി ഇറച്ചി തിന്നുകയും വീഞ്ഞുകുടിച്ചു മത്തരാകുകയുമാണ്! എന്തൊരു വൈരുദ്ധ്യം!! ഈ വൈരുദ്ധ്യത്തിനു നടുവിലാണ് ദര്‍ശനത്താഴ്‌വരയിലിരുന്ന് യെശയ്യാവിന്റെ പ്രവചനം. (യെശയ്യാവിന്റെ കാലഘട്ടത്തില്‍ ഉണ്ടായ സംഭവവികാസങ്ങളുടെ നേര്‍ചിത്രം 2രാജാക്കന്മാര്‍ 15-20, 2ദിനവൃത്താന്തം 26-32 അധ്യായങ്ങളില്‍ കാണാം).

സമകാലിക സമൂഹത്തില്‍ നിന്നു മാറി നടക്കുകയും ആ കാലഘട്ടത്തില്‍ ദൈവത്തിന്റെ ശബ്ദമായി മാറുകയും ചെയ്യാന്‍ യെശയ്യാവിനു കഴിഞ്ഞതെങ്ങനെ? ദര്‍ശനത്താഴ്‌വരയിലിരുന്ന് യെശയ്യാവു കണ്ട മറ്റൊരു ദര്‍ശനത്തിന്റെ വിവരണം ആറാം അധ്യായത്തില്‍ കൊടുത്തിരിക്കുന്നത് ഇതിലേക്കു വെളിച്ചം വീശും.

ഉസ്സിയാ രാജാവു മരിച്ച ആണ്ടില്‍ കര്‍ത്താവ് ഉയര്‍ന്നും പൊങ്ങിയുമുള്ള സിംഹാസനത്തില്‍ ഇരിക്കുന്നത് യെശയ്യാവ് കാണുന്നതാണ് ആ ദര്‍ശനത്തിന്റെ തുടക്കം. തുടര്‍ന്നു സാറാഫുകള്‍ പരിശുദ്ധനായ ദൈവത്തെ മഹത്വപ്പെടുത്തുന്നതിന്റെ ദൃശ്യം. പെട്ടെന്ന് യെശയ്യാവിനു പാപബോധം ഉണ്ടാകുന്നു. ശുദ്ധിയില്ലാത്ത അധരങ്ങളുള്ള തനിക്ക് ‘അയ്യോ കഷ്ടം’ എന്ന് യെശയ്യാവ് വിലപിക്കുന്നു.ഉടനെ സാറാഫുകളില്‍ ഒരുത്തന്‍ യാഗപീഠത്തിലെ തീക്കനല്‍ ഒന്നെടുത്ത് യെശയ്യാവിന്റെ വായ്ക്കു തൊടുവിച്ച് അകൃത്യം നീക്കി പാപത്തിനു പരിഹാരം വരുത്തി. തുടര്‍ന്നാണ് ദൈവത്തിനുവേണ്ടി ജനത്തോടു സംസാരിക്കാനും അവര്‍ക്കു പാപബോധം വരുത്തുവാനുമുള്ള ദിവ്യമായ നിയോഗം നല്‍കി യെശയ്യാവിനെ അയയ്ക്കുന്നത്.

ഉസ്സിയാരാജാവ് മരിച്ചതിനെ തുടര്‍ന്ന് ഇനി യെഹൂദയുടെ സ്ഥിതി എന്താകും എന്നു ഭാരപ്പെട്ടതുകൊണ്ടാകാം എല്ലാറ്റിനേയും ഭരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സിംഹാസനസ്ഥനായ ദൈവത്തിന്റെ ഒരു ദര്‍ശനം യെശയ്യാവിനു ദൈവം നല്‍കിയത്. ‘ദൈവം തന്റെ സിംഹാസനത്തെ സ്വര്‍ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു. അവിടുത്തെ രാജത്വം സകലത്തേയും ഭരിക്കുന്നു’ ഈ ദൈവത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് യിസ്രായേലിന്റെ ഭാവി സംബന്ധിച്ച ആശങ്കയില്‍ നിന്ന് യെശയ്യാവിനെ വിടുവിച്ചു. സ്‌തോത്രം! എന്നാല്‍ അതോടൊപ്പം ദൈവത്തിന്റെ പരിശുദ്ധിയെക്കുറിച്ചു ലഭിച്ച പുതിയ കാഴ്ചപ്പാട് അവനെ പെട്ടെന്നു വലിയ പാപബോധത്തിലേക്ക് നയിച്ചു. ‘എനിക്ക് അയ്യോ കഷ്ടം .ഞാന്‍ നശിച്ചു. ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍’ എന്നായി അവന്റെ വിലാപം.(6:5).ഇതുവരെ യെശയ്യാവ് മറ്റുള്ളവര്‍ക്കു നേരെ വിരല്‍ ചൂണ്ടി ‘നിങ്ങള്‍ക്ക് അയ്യോ കഷ്ടം’ എന്നായിരുന്നു പറഞ്ഞിരുന്നത് (യെശയ്യാ.3:9,10,5:8,11,19,20,23 വാക്യങ്ങള്‍ കാണുക).പക്ഷേ ഇപ്പോള്‍ ഇവിടെ ദൈവത്തെ കാണേണ്ടതുപോലെ കണ്ടു കഴിഞ്ഞപ്പോള്‍ അതുവരെ മറ്റുള്ളവരുടെ മുഖത്തിനുനേരെ ചൂണ്ടിയ തന്റെ കൈ എടുത്ത് യെശയ്യാവ് സ്വന്തം മാറത്തടിക്കുന്നു- ‘എനിക്ക് അയ്യോ കഷ്ടം’. യെശയ്യാവിന് ഇവിടെ ഉണ്ടായ മാറ്റം അഞ്ചു കാര്യങ്ങളാണെന്നു പറയാറുണ്ട്. ഒന്നാമതു തനിക്ക് തന്റെ പാപത്തെക്കുറിച്ചു ബോധ്യമുണ്ടായി (‘കണ്‍വിക്ഷന്‍’) .രണ്ടാമത് അത് അവനെ ഒരു ഏറ്റു പറച്ചിലിലേക്കു നയിച്ചു (‘കണ്‍ഫെഷന്‍’) .മൂന്നാമത് അത് ഒരു ശുദ്ധീകരണത്തിന് ഇടയാക്കി, സാറാഫുകളിലൊരുത്തന്‍ തീക്കനല്‍ കൊണ്ട് അവന്റെ അധരം തൊട്ട് അവനെ ശുദ്ധിയാക്കിത്തീര്‍ത്തു (‘ക്ലെന്‍സിങ്’). നാലാമത് അവനെ വേര്‍തിരിക്കുന്നു. ആര്‍ നമുക്കുവേണ്ടി പോകും എന്ന ചോദ്യത്തിനു മുന്‍പില്‍ അടിയനിതാ അടിയനെ അയയ്‌ക്കേണമേ എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവനെ അതിനായിട്ടു തിരഞ്ഞെടുത്തു (‘കോണ്‍സിക്രേഷന്‍’). ഒടുവിലായി 6-ാം അധ്യായം 9-ാം വാക്യത്തില്‍ നാം കാണുന്നത് നീ ചെന്ന് ഈ ജനത്തോടു പറയുക എന്നു പറഞ്ഞ് ദൈവം അവന് ദിവ്യമായ നിയോഗം (‘കമ്മിഷന്‍’) നല്‍കുന്നതായാണ്.

യെശയ്യാവിന്റെ ജീവിതത്തില്‍ സംഭവിച്ച ഈ കാര്യങ്ങള്‍ ഇന്നു നമ്മോടും സംസാരിക്കുന്നുണ്ട്. തങ്ങളുടെ മഹാനായ,ശക്തനായ രാജാവു നാടുനീങ്ങി, ഇനി എന്തു സംഭവിക്കുമെന്ന യെശയ്യാവിന്റെ ഭീതി സിംഹാസനസ്ഥനായ ദൈവത്തെ കണ്ടപ്പോള്‍ മാറിപ്പോയി. നാമും ഇനി എന്തു സംഭവിക്കും എന്ന ഭീതിയുടെ നാളുകളിലൂടെയാണ് മഹാമാരിയുടെ ഈ കാലത്തു കടന്നു പോകുന്നത്. ഈ സമയത്ത് യെശയ്യാവിനെപ്പോലെ സിംഹാസനത്തില്‍ ഇരുന്നു സകലത്തേയും നിയന്ത്രിക്കുന്ന വലിയവനായ ദൈവത്തിന്റെ ഒരു ദര്‍ശനമാണു നമുക്ക് ആവശ്യം. തന്നെ കാണേണ്ടതുപോലെ കണ്ടാല്‍ നമ്മുടെയും ഭീതിയും ആശങ്കകളും വെയിലില്‍ മഞ്ഞുപോലെ ഉരുകിപ്പോകും. തുടര്‍ന്നു ദൈവത്തിന്റെ വിശുദ്ധിയെക്കുറിച്ച് ഒരു ദര്‍ശനം ലഭിച്ചാല്‍ ‘നിനക്ക് അയ്യോ കഷ്ടം’ എന്നു മറ്റുള്ളവരെ വിധിക്കുന്നതില്‍ നിന്ന് നാം ‘എനിക്ക് അയ്യോകഷ്ടം’ എന്ന സ്വയം കണ്ടെത്തലിലേക്കു വരും. സ്വന്തം കുറവുകളെക്കുറിച്ചുള്ള ഈ ബോധ്യം തുടര്‍ന്ന് ഏറ്റു പറച്ചിലിലേക്കും ശുദ്ധീകരണത്തിലേക്കും ദൈവത്താല്‍ വേര്‍തിരിക്കപ്പെട്ട് ദിവ്യനിയോഗം ലഭ്യമാകുന്നതിലേക്കും നയിക്കും.

ഉവ്വ്, ദര്‍ശനത്താഴ്‌വരയുടെ ഈ അനുഭവങ്ങള്‍ നമ്മെ ലോകത്തിലെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തരാക്കും. ദൈവം ഈ കാലഘട്ടത്തിലൂടെ നല്‍കുന്ന അനുതാപത്തിനുള്ള ആഹ്വാനത്തെ ലോകമനുഷ്യര്‍ മനസ്സിലാക്കാതെ അതിനുനേരെ എതിരായതു ചെയ്യുമ്പോള്‍ നമുക്ക് ദൈവത്തിന്റെ ആഹ്വാനത്തെ തിരിച്ചറിഞ്ഞ് അതനുസരിക്കുവാനും ഈ കാലഘട്ടത്തില്‍ യെശയ്യാവിനെപ്പോലെ ദൈവത്തിന്റെ വക്താവായി നില്‍ക്കുവാനും കഴിയും. (യെശയ്യാവ് ആ കാലഘട്ടത്തില്‍ ദൈവത്തിന്റെ നാവായി നിന്നുകൊണ്ട് ജനത്തെ കരച്ചിലിനും വിലാപത്തിനും തലമൊട്ടയടിക്കുന്നതിനും രട്ടുടുക്കുന്നതിനും ക്ഷണിക്കുമ്പോള്‍ അവര്‍ കാളയെഅറുക്കുക, ആടിനെ അറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞുകുടിക്കുക എന്നിങ്ങനെ മറ്റു നാലുകാര്യങ്ങളിലാണു വ്യാപൃതരായിരുന്നതെന്ന് ഓര്‍ക്കുക. ചരിത്രം ആവര്‍ത്തിക്കുകയാണ്).

യെശയ്യാവ് ആറാം അധ്യായത്തില്‍ നിന്ന് അടുത്ത അധ്യായത്തിലേക്കുപോകുമ്പോള്‍ അവിടെ പ്രവാചകന്‍ കൈക്കൊള്ളുന്ന വിശ്വാസത്തിന്റെ നിലപാടും നമുക്കു മാതൃകയാക്കാവുന്നതാണ്. ഏഴാം അധ്യായത്തിന്റെ മൂന്നാമത്തെ വാക്യത്തില്‍ യെശയ്യാവിന്റെ ആദ്യജാതന്റെ പേരു നാം കാണുന്നു- ശെയാര്‍ യാശൂബ്. എന്താ അര്‍ഥം? ‘ദൈവം ഒരു ശേഷിപ്പിനെ മടക്കിവരുത്തും’ എന്നാണര്‍ഥം. അടുത്ത അധ്യായത്തിന്റെ മൂന്നാം വാക്യത്തില്‍ രണ്ടാമത്തെ മകന്റെ പേരും നാം കാണുന്നു- മഹേര്‍ ശാലാല്‍ ഹാശ് ബസ്. ഈ പേരിന്റെ അര്‍ഥം ‘വലിയൊരു കൊള്ള കണ്ടുകിട്ടിയിരിക്കുന്നു’ അല്ലെങ്കില്‍ ‘ഞങ്ങള്‍ ജയിക്കും കൊള്ള പങ്കിടും’ എന്നാണ്. ഒന്നും പ്രതീക്ഷിക്കാനില്ലാതിരിക്കുമ്പോള്‍, ഒന്നും കാണാനില്ലാത്തപ്പോള്‍, അപ്പോഴാണ് പ്രവാസത്തില്‍ പോയാലും ദൈവം മടക്കിവരുത്തുമെന്നും നമുക്കൊരു ജയം ഉണ്ടാകുമെന്നുമുള്ള വിശ്വാസത്തോടെ യെശയ്യാവ് കുട്ടികള്‍ക്കു രണ്ടുപേര്‍ക്കും ഉറപ്പുള്ള പേരുകളിടുന്നത്. കാണാത്ത കാര്യങ്ങളുടെ നിശ്ചയമാണല്ലോ വിശ്വാസം. സാഹചര്യം എത്ര ഇരുളടഞ്ഞതായി തോന്നിയാലും യെശയ്യാവിനെപ്പോലെ ഈ കാലത്ത് നമുക്കും ആശ കൈവിടാതെ വിശ്വാസത്തിന്റെ വാക്കുകള്‍ തന്നെ പറയാം. ആശയ്ക്കു വിരോധമായി നമുക്ക് ആശയോടെ വിശ്വസിക്കാം (റോമര്‍ 4:18). ദര്‍ശനത്താഴ്‌വരയിലിരുന്ന് യെശയ്യാവ് നമുക്കു നല്‍കുന്ന ആത്മീയ പാഠങ്ങള്‍ എത്രയേറെയാണ് !

‘ദര്‍ശനത്താഴ്‌വര’ എന്ന പേരുള്ള, പ്യൂരിട്ടന്‍ കാലഘട്ടത്തിലെ ഒരു ആംഗലേയ പുസ്തകത്തെക്കുറിച്ചും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. പ്യൂരിട്ടന്‍ പിതാക്കന്മാരുടെ പ്രാര്‍ഥനകളും കവിതകളുമാണ് ആ ക്രിസ്തീയ ക്ലാസ്സിക്കിലുള്ളത്. ദൈവത്തോട് വളരെ അടുത്തബന്ധം പുലര്‍ത്തിയിരുന്നവരാണു പ്യൂരിറ്റന്‍ വിശ്വാസികള്‍. അവരുടെ കാലഘട്ടത്തില്‍ ലോകമനുഷ്യര്‍ യെശയ്യാവിന്റെ കാലത്തെ യിസ്രായേല്യരെപ്പോലെ ‘നാം തിന്നുക, കുടിക്കുക, നാളെ മരിക്കുമല്ലോ’ (യെശയ്യാ.22:13) എന്ന പരിമിതമായ കാഴ്ചപ്പാടോടെ ജീവിച്ചപ്പോള്‍ പ്യൂരിറ്റന്‍ വിശ്വാസികള്‍ യെശയ്യാവിനെപ്പോലെ തങ്ങള്‍ കടന്നുപോകുന്ന കാലഘട്ടത്തെ തിരിച്ചറിഞ്ഞ് ദൈവത്തോട് അടുത്തബന്ധം പുലര്‍ത്തുകയും ലോകത്തിനുവേണ്ടി മധ്യസ്ഥത അണയ്ക്കുകയും ചെയ്തിരുന്നവരാണ്. അവരുടെ കുറിപ്പുകളുടെയും കവിതകളുടെയും സമാഹാരമായ ‘വാലി ഓഫ് വിഷനി’ല്‍ കൊടുത്തിട്ടുള്ള ഒരു കവിതയുടെ ആശയം ഇങ്ങനെ: ‘കര്‍ത്താവേ, നീ എന്നെ ദര്‍ശനത്താഴ്‌വരയിലേക്കു കൊണ്ടുവന്നിരിക്കുന്നു. താഴ്‌വര എപ്പോഴും പരാജയത്തിന്റെയും ഭീതിയുടെയും സങ്കടത്തിന്റെയും നിഴല്‍ വീണതാണല്ലോ. എന്നാല്‍ കര്‍ത്താവേ, ഞാന്‍ ഈ താഴ്വരയിലായിരിക്കുന്നെങ്കിലും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു. ആകാശത്തു ശോഭിക്കുന്ന നക്ഷത്രങ്ങളെ ആഴമുള്ള കിണറ്റില്‍ നോക്കുമ്പോഴാണല്ലോ നല്ല തെളിമയോടെ കാണാന്‍ കഴിയുന്നത്. കിണറിന് ആഴം കൂടുന്തോറും ആകാശത്തിലെ നക്ഷത്രങ്ങളുടെ തിളക്കം താഴെ ജലത്തില്‍ വ്യക്തതയോടെ പ്രതിഫലിക്കുന്നു. കര്‍ത്താവേ ഞങ്ങളായിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇരുളിന്റെ കട്ടി വളരെ കൂടിയിട്ടുണ്ട്. എന്നാല്‍ ഈ ഇരുളിന്റെ തീവ്രത കൂടുമ്പോള്‍ ഞങ്ങള്‍ അവിടുത്തെ പ്രകാശം കൂടുതല്‍ തെളിമയോടെ കാണട്ടെ! എന്റെ ഈ താഴ്‌വരയില്‍ കര്‍ത്താവേ, ഞാന്‍ അവിടുത്തെ മഹത്വം കൂടുതല്‍ വ്യക്തതയോടെ ദര്‍ശിക്കട്ടെ.’

നമുക്കും ഇരുളിനു കട്ടി കൂടിയ ഈ കാലഘട്ടത്തില്‍ മറ്റെന്താണു പ്രാര്‍ഥിക്കുവാനുള്ളത്?