പരിശുദ്ധാത്മാവിലുള്ള സ്നാനത്തെയും പരിശുദ്ധാത്മ വരങ്ങളെയും വിലമതിക്കുക – WFTW 28 ആഗസ്റ്റ് 2022

സാക് പുന്നന്‍

നമ്മുടെ ഈ കാലത്ത് പരിശുദ്ധാത്മാവിലുള്ള സ്നാനത്തെ (നിമജ്ജനത്തെ) വില കുറച്ചു കാണുന്നതിനെ കുറിച്ച് നാം ഗൗരവമായി ഉൽക്കണ്ഠപ്പെടേണ്ടതുണ്ട്. നമുക്ക് ഇന്ന് ക്രിസ്തീയ ഗോളത്തിൽ രണ്ട് അറ്റങ്ങൾ ഉണ്ട്: പരിശുദ്ധാത്മാവിലുള്ള സ്നാനത്തെ മുഴുവനായി നിഷേധിക്കുന്നവരും; ഒരു വില കുറഞ്ഞ വൈകാരികമായ കള്ളനാണയത്തിൽ പുകഴുന്നവരും (അത് ശുശ്രൂഷയ്ക്കു വേണ്ട ശക്തിയോ ജീവിത വിശുദ്ധിയോ കൊണ്ടുവരുന്നില്ല). ഈ രണ്ട് അറ്റങ്ങളുടെയും അപകടം ഒഴിവാക്കി ജീവിക്കേണ്ട വിധം ജീവിക്കുവാനാവശ്യമായ ശക്തിയാൽ ധരിപ്പിക്കപ്പെടേണ്ടതിന് നാം ദൈവത്തെ അന്വേഷിക്കണം.

നാം തന്നെ ഉയർന്നിരിക്കുന്നതിനേക്കാൾ കൂടുതൽ ഒരു സഭയെ നയിക്കുവാൻ നമുക്കു കഴിയില്ല. നമുക്കു തന്നെ ഒരു വ്യാജ അനുഭവമാണുള്ളതെങ്കിൽ, മറ്റുള്ളവരെയും നാം വ്യാജ അനുഭവങ്ങളിലേക്കു നയിക്കും. നാം യഥാർത്ഥമായി പരിശുദ്ധാത്മാവിൽ നിമജ്ജനം ചെയ്യപ്പെടണം. എന്നാൽ അതു മാത്രം പോരാ, നാം കർത്താവിനു വേണ്ടി ഫലപ്രദമായി തീരണമെങ്കിൽ നാം തുടർമാനം ആത്മാവിൻ്റെ നിറവിൽ ജീവിക്കുകയും വേണം. എല്ലാ സമയവും “നാം ആത്മാവിനാൽ നിറഞ്ഞു കൊണ്ടിരിക്കണം” (എഫെ.5:18 ലിറ്ററൽ).

നമ്മുടെ സഭയിൽ ഫലപ്രദമായ ഒരു ശുശ്രൂഷ നമുക്കുണ്ടാകണമെങ്കിൽ, അപ്പോൾ നമ്മുടെ സഭയിലുള്ള സഹോദരീ സഹോദരന്മാരുടെ ആത്മീയ വളർച്ചയ്ക്കായി ഒരു യഥാർത്ഥ ഭാരമുള്ളവരായിരിക്കണം. നമ്മുടെ സഹവിശ്വാസികളെ ഫലപ്രദമായി സേവിക്കാൻ കഴിയേണ്ടതിന്, പ്രവചന വരത്തിനായി ദൈവത്തെ അന്വേഷിക്കേണ്ടതിന് അതു നമ്മെ നിർബന്ധിക്കും. ആത്മാവിൻ്റെ ഈ വരം കൂടാതെ വചന ശുശ്രൂഷയിൽ ദൈവത്തെ സേവിക്കുന്നത് അസാധ്യമാണ്. അതുകൊണ്ട് നമ്മുടെ മുഴു ഹൃദയത്തോടും അതിനായി അന്വേഷിക്കണം. അർധരാത്രിയിൽ തൻ്റെ സ്നേഹിതനു വേണ്ടി ആഹാരം തേടുവാൻ പോയ ഒരു മനുഷ്യനെ കുറിച്ച് യേശു പറഞ്ഞ ഉപമ നമ്മെ പഠിപ്പിക്കുന്നത്, നമ്മുടെ സഭയിൽ ആവശ്യത്തിൽ ആയിരിക്കുന്നവർക്കു വേണ്ടി നമുക്കൊരു ഭാരം ഉണ്ടായിരിക്കണം എന്നാണ്. അതു ക്രമേണ, “നമുക്കു വേണ്ടുവോളം പരിശുദ്ധാത്മ ശക്തി അവിടുന്നു തരുന്നതു വരെ” ദൈവത്തിൻ്റെ വാതിലിൽ മുട്ടിക്കൊണ്ട് അവിടുത്തെ അന്വേഷിക്കുന്നവരാക്കി തീർക്കും (ലൂക്കോ. 11:8 നെ 13-ാം വാക്യത്തോട് താരതമ്യം ചെയ്യുക).

പുതിയ ഉടമ്പടിയിൽ, പ്രവചനം എന്നാൽ പ്രബോധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത് സഭയെ പണിയത്തക്ക വിധം, പരിശുദ്ധാത്മാഭിഷേകത്തിൽ ദൈവ വചനം സംസാരിക്കുക എന്നാണ് അർത്ഥമാക്കുന്നത് (1. കൊരി. 14: 4, 24, 25). പ്രാദേശിക സഭയിലെ യോഗങ്ങളിൽ പ്രവചിക്കുന്നതിൻ്റെ പ്രാധാന്യത്തിനു പൗലൊസ് ഊന്നൽ നൽകുന്നു. അത്തരം അഭിഷേകം ചെയ്യപ്പെട്ട പ്രവചനം കൂടാതെ സഭ പണിയപ്പെടുമായിരുന്നെങ്കിൽ, അപ്പോൾ ദൈവം ഈ വരം അനാവശ്യമായാണ് സഭയ്ക്കു നൽകിയിരിക്കുന്നത് എന്നു നാം പറയേണ്ടി വരുമായിരുന്നു. അപ്പോൾ “പ്രവചനവരം വാഞ്ഛിപ്പിൻ” എന്ന പ്രബോധനവും ഒരു അനാവശ്യമായ പ്രബോധനം ആകുമായിരുന്നു (1 കൊരി. 14:1,39). എന്നാൽ ഈ വരം സഭയുടെ പണിക്ക് അത്യന്താപേക്ഷിതമാണെന്നുള്ളതാണ് പരമാർത്ഥം. ആത്മാവിൽ പ്രവചിക്കുന്ന ഒരു സഹോദരൻ പോലും ഒരു സഭയിൽ ഇല്ലെങ്കിൽ അത് വളരെ വേഗം ആത്മീയ മരണത്തിൽ കലാശിക്കും.

പരിശുദ്ധാത്മാവിനെ അവഗണിക്കുന്നത്, പെന്തകൊസ്ത് നാളിലെ പരിശുദ്ധാത്മാവിൻ്റെ വരവ് അനാവശ്യമായിരുന്നു എന്നും അവിടുന്ന് പ്രാപ്തരാക്കാതെ തന്നെ കർത്താവിൻ്റെ വേല ഞങ്ങൾക്കു നന്നായി ചെയ്യാൻ കഴിയും എന്നു പറയുന്നതിനു സമാനമായി പരിണമിക്കുന്നു. അത് കർത്താവായ യേശുവിൻ്റെ ഭൂമിയിലേക്കുള്ള വരവ് ആവശ്യമില്ലാത്തതായിരുന്നു എന്നും അവിടുത്തെ കൂടാതെ നമുക്കെല്ലാവർക്കും ദൈവരാജ്യത്തിൽ കടക്കാൻ കഴിയുമായിരുന്നു എന്നും പറയുന്നതുപോലെ ഗൗരവതരമായ ഒരു തെറ്റാണ്! ത്രിത്വത്തിൽ മൂന്നാമൻ്റെ വരവിനെ അവഗണിക്കുന്നത് പരിശുദ്ധാത്മാവിനെ നിന്ദിക്കുന്നതിനു തുല്യമാണ്. കൂടാതെ അത് ത്രിത്വത്തിൽ രണ്ടാമൻ്റെ വരവിനെ അവഗണിക്കുന്നതിന് തുല്യമായ പാപമാണ്.

ചില വിശ്വാസികളാൽ ദുർ വിനിയോഗം ചെയ്യപ്പെടുന്നു എന്ന കാരണത്താൽ മാത്രം നാം പരിശുദ്ധാത്മാഭിഷേകത്തെ വില കുറച്ചു കാണരുത്. ആത്മാവിൻ്റെ ശക്തി ഇല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ സ്വന്തം മാനുഷിക കഴിവുകളിൽ ആശ്രയിക്കും. അത് ഒരിക്കലും ദൈവത്തിൻ്റെ ഉദ്ദേശ്യങ്ങളെ പൂർത്തീകരിക്കുകയില്ല.

നാം ആളുകളെ, ഒരു വശത്ത് പരീശത്വത്തിൽ നിന്നും നിയമ വാദത്തിൽ നിന്നും, മറുവശത്ത് ഒത്തു തീർപ്പിൽ നിന്നും, ലോക മയത്വത്തിൽ നിന്നും സ്വതന്ത്രരാക്കേണ്ടതുണ്ട്. അത്തരം ഒരു ശുശ്രൂഷയ്ക്ക് മതിയായവൻ ആരാണ്? പരിശുദ്ധാത്മാവിനാൽ പ്രാപ്തനാക്കപ്പെടുന്ന ഒരുവൻ മാത്രം. അതുകൊണ്ടാണ് നാം, പരിശുദ്ധാത്മാവിൻ്റെ ജ്ഞാനത്തിനും അവിടുത്തെ ശക്തിക്കും വേണ്ടി സ്ഥിരമായി അന്വേഷിക്കണ്ടത്. പൗലൊസ് എഫെസൊസിലെ ക്രിസ്ത്യാനികൾക്കു വേണ്ടി പ്രാർത്ഥിക്കുമ്പോൾ, അവർ പരിശുദ്ധാത്മാവിൻ്റെ ജ്ഞാനവും അതുപോലെ തന്നെ അവിടുത്തെ ശക്തിയും അറിയണമെന്ന് അദ്ദേഹം പ്രാർത്ഥിക്കുന്നു (എഫെ.1:17; 3:16). ഇവയ്ക്കു വേണ്ടിയാണ് നാമും പ്രാർത്ഥിക്കേണ്ടത്.