ബൈബിളിലൂടെ : വിലാപങ്ങള്‍

കരയുന്ന പ്രവാചകന്‍



യിരെമ്യാവിന്റെ ‘വിലാപങ്ങള്‍’ ആണ് ഈ പുസ്തകം. എബ്രായ അക്ഷരമാലയില്‍ 22 അക്ഷരങ്ങള്‍ ഉണ്ട്. ഈ പുസ്തകത്തിലെ ആദ്യ നാല് അധ്യായങ്ങള്‍ ഒരു പദ്യം പോലെ ഓരോ വാക്യവും എബ്രായ അക്ഷരമാലയിലെ ഓരോ അക്ഷരത്തില്‍ തുടങ്ങുന്ന രീതിയിലാണ് എഴുതിയിട്ടുള്ളത്. സങ്കീര്‍ത്തനം 119-ഉം സദൃശവാക്യങ്ങള്‍ 31:10-31-ഉം ഇത്തരത്തിലുള്ള എഴുത്തിന്റെ മറ്റ് ഉദാഹരണങ്ങളാണ്.

യെരുശലേമിന്റെ ശവസംസ്‌കാര ഗീതമാണ് ഈ പുസ്തകം. യിരെമ്യാവ് കരയുകയായിരുന്നു. ഒരിക്കല്‍ ജനനിബഡമായിരുന്ന യെരുശലേമിന്റെ വീഥികള്‍ ഏകയായി ദുഃഖിച്ചിരിക്കുന്ന ഒരു വിധവയെ പോലെ ആയിരിക്കുന്നുവെന്ന് അദ്ദേഹം വിലപി ക്കുന്നു (1:1). ഈ പുസ്തകത്തില്‍ നാം ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം ഇതാണ് – യിരെമ്യാവ് തന്റെ ജനത്തോട് താദാത്മ്യപ്പെടുന്നു.

ദൈവജനത്തിന്റെ സങ്കടകരമായ അവസ്ഥ

അധ്യായം 1:9: ഇന്നും പല ദൈവജനങ്ങളും ചെയ്യുന്നതു പോലെ അന്ന് യെരുശലേമിലെ ജനം ന്യായവിധിയെ സംബന്ധിച്ച് തീര്‍ത്തും ഓര്‍ക്കാതെ തങ്ങളുടെ ദുര്‍ന്നടപ്പിനാല്‍ തങ്ങളെ തന്നെ അശുദ്ധരാക്കി. തങ്ങള്‍ ചെയ്യുന്ന ഓരോ പാപത്തിനും ദൈവമുമ്പാകെ ഒരുനാള്‍ ഉത്തരം പറയേണ്ടി വരും എന്ന തിരിച്ചറിവില്ലാതെ അവര്‍ പാപം ചെയ്യുന്നത് തുടര്‍ന്നു.

അധ്യായം 1:14 (ലിവിങ്): ഇവിടെ ദൈവം യെരുശലേമിന്റെ മേല്‍ അയച്ച ന്യായവിധിയെ യിരെമ്യാവ് ഒരു ചിത്രം പോലെ വിവരിക്കുന്നു. ”അവിടുന്ന് എന്റെ അകൃത്യങ്ങള്‍ ചേര്‍ത്തു കെട്ടി നുകമാക്കി എന്റെ ചുമലില്‍ വച്ചു. സര്‍വേശ്വരന്‍ എന്റെ ശക്തി ക്ഷയിപ്പിച്ച് എനിക്ക് എതിര്‍ത്തു നില്‍ക്കാന്‍ കഴിയാത്തവരുടെ കൈയില്‍ എന്നെ ഏല്പിച്ചു.” അവരുടെ പാപങ്ങള്‍ ആയിരുന്നു അവരെ ബദ്ധരാക്കുന്നവരുടെ കൈയിലെ കയറ്.

അധ്യായം 2:7: ”കര്‍ത്താവ് തന്റെ യാഗപീഠത്തെ നിരസിച്ചു. അവിടുന്നു തന്റെ ജനത്തിന്റെ വ്യാജ ‘ആരാധനയെ’ വെറുത്തു. അവിടുന്ന് അവരെ അവരുടെ ശത്രുക്കള്‍ക്ക് ഏല്പിച്ചുകൊടുത്തു.” ക്രിസ്തീയ സഭകളില്‍ ഇന്ന് പാപം ഇരിക്കെ നടത്തുന്ന വ്യാജ ആരാധനയെ ദൈവം വെറുക്കുന്നു. അതിനാല്‍ തന്റെ ജനത്തെ അടിമകളാക്കുന്നതിനു സാത്താനെ ദൈവം അനുവദിച്ചു.

അധ്യായം 2:9: ”ന്യായപ്രമാണം ഇല്ലാതെ ആയി. അവളുടെ പ്രവാചകന്മാര്‍ക്ക് യഹോവയില്‍ നിന്നു ദര്‍ശനങ്ങള്‍ ലഭിക്കാതെയായി.” ഇന്നു നാം കാണുന്ന ക്രിസ്തീയ ലോകത്തിന്റെ അവസ്ഥയും ഇതു തന്നെയാണ്.

അധ്യായം 2:11,12: തനിക്കിനി കരയാന്‍ കഴിയാത്ത വിധം താന്‍ കരഞ്ഞു എന്നാണ് യിരെമ്യാവ് പറയുന്നത്. ”എന്റെ കണ്ണിലെ കണ്ണുനീര്‍ വറ്റി, എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. കുഞ്ഞു കുട്ടികളും വീഥിയില്‍ മരിച്ചു വീഴുന്നു. ഭക്ഷണം എവിടെയെന്നു ചോദിച്ചു കരഞ്ഞ് അവര്‍ അമ്മമാരുടെ മടിയില്‍ മരിച്ചു വീഴുന്നു.” ക്രിസ്തീയ നേതാക്കന്മാരാല്‍ ചൂഷണം ചെയ്യപ്പെടുന്ന നിഷ്‌കളങ്കരായ പാവങ്ങളെ ഓര്‍ത്തും, നേതാക്കന്മാരുടെ മോശം മാതൃകയാല്‍ വഴിതെറ്റി പോകുന്ന ചെറുപ്പക്കാരെ ഓര്‍ത്തും ഒരു യഥാര്‍ത്ഥ ദൈവദാസന്‍ ഇന്നും വിലപിക്കും. ഇന്നത്തെ ക്രിസ്തീയ ലോകത്തിന്റെ ദുഷിച്ച അവസ്ഥയ്‌ക്കെതിരെ നാം ശക്തമായ നിലപാട് എടുക്കണം.

അധ്യായം 2:14: ”നിന്റെ പ്രവാചകന്മാരുടെ ദര്‍ശനം വ്യാജവും ഭോഷത്തവു മായിരുന്നു. നിന്റെ പ്രയാസം ഒഴിവാക്കത്തക്കവിധം അവര്‍ നിന്റെ അകൃത്യം വെളിപ്പെടുത്തിയില്ല. അവരുടെ അരുളപ്പാടുകള്‍ വ്യാജവും വഞ്ചനാപരവുമായിരുന്നു.” ഇന്നുള്ള പല സഭകളുടെയും അവസ്ഥയെ സംബന്ധിച്ച് എത്ര മാത്രം യോജിക്കുന്ന ഒരു വിശദീകരണമാണിത്!

അധ്യായം 2:19: അതിനാല്‍ യിരെമ്യാവ് ജനങ്ങളെ പ്രബോധിപ്പിക്കുന്നു: ”രാത്രിയിലെ യാമങ്ങള്‍ തോറും എഴുന്നേറ്റു നിലവിളിക്കുക. നിന്റെ ഹൃദയം ദൈവ സന്നിധിയില്‍ വെള്ളം പോലെ പകരുക. നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷയ്ക്കായി സര്‍വ്വേശ്വരനിലേക്കു കൈ ഉയര്‍ത്തുക.” ഇന്നും നമുക്ക് ഏറ്റെടുക്കാവുന്ന നല്ല ഒരു പ്രബോധനമാണ്.

അധ്യായം 3:22,23: ”ദൈവത്തിന്റെ അചഞ്ചല സ്‌നേഹം ഒരിക്കലും നിലച്ചുപോകു ന്നില്ല. അവിടുത്തെ കരുണ പ്രഭാതം തോറും പുതുതായിരിക്കും!!” അവിടുത്തെ കരുണ പ്രഭാതം തോറും പുതുതായിരിക്കും എന്ന പ്രയോഗത്തിന്റെ അര്‍ത്ഥം ഇതാണ്- നാം നമ്മുടെ പാപങ്ങളെല്ലാം അനുതപിച്ച് ഏറ്റു പറഞ്ഞുവെങ്കില്‍ ഓരോ പ്രഭാതത്തിലും ദൈവം നമ്മെ കാണുന്നത് ഒരിക്കലും പാപം ചെയ്യാത്ത ഒരുവനെ പോലെയാണ്. അതിനാലാണ് അവിടുന്ന് ഓരോ ദിവസവും പുതിയ കരുണയോടെ നമ്മെ നോക്കുന്നത്. ദൈവം നമ്മോട് ക്ഷമിച്ചതു പോലെ നാം മറ്റുള്ളവരോട് ക്ഷമിക്കണം. അവരുടെ കഴിഞ്ഞകാല പാപങ്ങള്‍ ഓര്‍ക്കാതെ ഓരോ ദിവസവും പുതിയ കരുണയോടെ അവരെ നോക്കണം.

എല്ലാ ചെറുപ്പക്കാര്‍ക്കുമുള്ള നല്ല ഒരു വചനമാണ് അധ്യായം 3:27-33: ”യൗവനത്തില്‍ നുകം ചുമക്കുന്നതു നിനക്കു നല്ലതാണ്. ദൈവം നിന്റെ മേല്‍ വച്ചിരിക്കുന്ന അധികാരങ്ങള്‍ക്കു നീ കീഴടങ്ങുക. നിന്റെ മുഖം പൂഴിയോളം താഴ്ത്തുക. അപ്പോള്‍ നിനക്കു പ്രത്യാശയ്ക്കു വകയുണ്ട്. ആളുകള്‍ നിന്നെ അടിക്കുമ്പോള്‍ മറ്റെ ചെകിടുകൂടെ കാണിച്ചു കൊടുക്കുക.” (യേശു ഇതു പറയുന്നതിനു മുന്‍പ് യിരെമ്യാവ് ഇത് പറഞ്ഞു). ”ദൈവം ദുഃഖിക്കുവാന്‍ ഇടവരുത്തിയാലും അവിടുന്നു നിന്നോടു കരുണ കാണിക്കും.”

ദൈവത്തിങ്കലേക്കു മടങ്ങുന്നതിനുള്ള വിളി

അധ്യായം 3:40-ല്‍ ഇതാ നമുക്കെല്ലാം ഉള്ള മറ്റൊരു മനോഹരമായ വചനം ”നമുക്കു നമ്മുടെ വഴികള്‍ സൂക്ഷ്മമായി പരിശോധിച്ച് സര്‍വ്വേശ്വരന്റെ അടുക്കലേക്കു തിരിയാം.”

ദൈവം ശത്രുക്കളുടെ കൈയില്‍ നിന്നും തന്നെ രക്ഷിച്ചതെങ്ങനെയെന്നു യിരെമ്യാവ് വിശദീകരിക്കുന്നു: ”ഞാന്‍ ഒരു ദ്രോഹം ചെയ്യാതെ എന്റെ ശത്രുക്കള്‍ എന്നെ വേട്ടയാടുന്നു. എന്നാല്‍ ഞാന്‍ ദൈവത്തിന്റെ നാമം വിളിച്ചപേക്ഷിച്ചു. അവിടുന്ന് എന്നെ കേട്ടിരിക്കുന്നു. അവിടുന്ന് അടുത്തുവന്നു ഭയപ്പെടേണ്ട എന്നു പറഞ്ഞു. ദൈവമേ എന്റെ വ്യവഹാരം നടത്തി എനിക്കു വേണ്ടി ന്യായം നടത്തിയാലും” (3:52-59). ഈ വാക്കുകള്‍ നമുക്കും ഉത്സാഹം തരുന്നതാണ്. കാരണം, ദൈവം നമുക്കു വേണ്ടി നമ്മുടെ ശത്രുക്കളുടെ മുമ്പാകെ അഭിഭാഷകനും ന്യായാധിപതിയും ആയി പ്രവര്‍ത്തിക്കുന്നു.

അധ്യായം 4:2: ഒരിക്കല്‍ തങ്കംപോലെ വിലയുള്ളവരായിരുന്ന ദൈവമക്കള്‍ ഇപ്പോള്‍ മണ്‍പാത്രം പോലെ ആയിരിക്കുന്നു.

അധ്യായം 5:21: ”ദൈവമേ ഞങ്ങളെ പുനഃസ്ഥാപിക്കണമേ. അങ്ങയുടെ അടുക്കലേക്ക് ഞങ്ങളെ മടക്കി വരുത്തണമേ. പണ്ട് ഉണ്ടായിരുന്നതുപോലെ ഞങ്ങളെ പുതുക്കണമേ.” യിരെമ്യാവ് ഈ ജനത്തോട് പ്രസംഗിക്കുന്നവന്‍ മാത്രമായിരുന്നില്ല. അവരുടെ പിന്മാറ്റ അവസ്ഥയില്‍ ഹൃദയഭാരമുള്ളവനും ആയിരുന്നു. ഏഴുന്നേറ്റ് ആളുകളെ വിമര്‍ശിച്ച് പ്രസംഗിക്കുവാന്‍ പ്രയാസമില്ല. എന്നാല്‍ യിരെമ്യാവിനെ മഹാനാക്കുന്നത് തന്റെ ജനത്തെ ഓര്‍ത്ത് ഭാരത്തോടെ രഹസ്യമായി വിലപിച്ചു എന്നതാണ്. അദ്ദേഹം രാത്രിയില്‍ എഴുന്നേറ്റ് അവര്‍ക്കുവേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. നിങ്ങളെല്ലാവരോടും ഇത് പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കു ദൈവത്തെ സേവിക്കണമെങ്കില്‍ ദൈവമുമ്പാകെ നിങ്ങള്‍ക്ക് ഒരു രഹസ്യ ജീവിതമുണ്ടാകേണ്ടതാണ്. ഇന്ത്യയില്‍ ദൈവനാമം ദുഷിക്കപ്പെടുന്നത് ഓര്‍ത്ത് നിങ്ങള്‍ക്കു ഒരു ഹൃദയഭാരം ഉണ്ടാകണം. നിങ്ങള്‍ ഹൃദയഭാരത്താല്‍ രാത്രിയുടെ യാമങ്ങളില്‍ ദൈവമുമ്പാകെ കരയുന്നുവെങ്കില്‍ നിങ്ങള്‍ പ്രസംഗ പീഠത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നിങ്ങളെ പിന്താങ്ങും.

What’s New?


Top Posts