ബൈബിളിലൂടെ : യിരെമ്യാവ്

യെഹൂദയ്ക്കുള്ള ദൈവത്തിന്റെ അവസാന മുന്നറിയിപ്പ്


യിരെമ്യാവ് 40 വര്‍ഷത്തിലധികം തെക്കേരാജ്യമായ യെഹൂദയോട് പ്രസംഗിച്ചു. യെഹൂദ അടിമത്വത്തിലേയ്ക്കു പോകാതെ അവരെ രക്ഷിക്കുന്നതിനായി ദൈവം അയച്ച അവസാനത്തെ പ്രവാചകനായിരുന്നു അദ്ദേഹം. യെഹൂദ ദൈവത്തിന്റെ ന്യായവിധി നേരിടാത്ത വിധം അവരെ പാപത്തില്‍ നിന്നും മടക്കി കൊണ്ടുവരുവാന്‍ അദ്ദേഹം തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചു. എന്നാല്‍ വിജയിച്ചില്ല. സെഫന്യാവ്, ഹബക്കൂക്ക്, ദാനിയേല്‍, യെഹെസ്‌കേല്‍ എന്നിവര്‍ അദ്ദേഹത്തിന്റെ സമകാലികരായിരുന്നു.

യിരെമ്യാവ് വളരെ ശക്തമായി സംസാരിച്ചുവെങ്കിലും ഒരു കഠിന മനുഷ്യന്‍ ആയിരുന്നില്ല. അദ്ദേഹം യെഹൂദയുടെ പാപങ്ങള്‍ക്കു വേണ്ടി രഹസ്യത്തില്‍ വിലപിച്ചിരുന്നു. ദൈവജനത്തിന്റെ പിന്മാറ്റത്തില്‍ അദ്ദേഹം വളരെ ഭാരപ്പെട്ടിരുന്നു. വളരെ ചെറുപ്രായത്തില്‍ തന്നെ പ്രവചിക്കുവാന്‍ ആരംഭിച്ച ഒരു സാധാരണ മനുഷ്യനായിരുന്നു അദ്ദേഹം. വളരെ ശക്തനായിരിക്കുമ്പോള്‍ തന്നെ ആത്മാവില്‍ വളരെ സൂക്ഷ്മബോധമുള്ളവനായിരുന്നു. ദൈവവചനം പ്രസംഗിക്കുന്ന ആര്‍ക്കും ഉണ്ടാകേണ്ട നല്ല ഗുണങ്ങളാണിവ. ലാളിത്യമുള്ള ഹൃദയത്തോടെ മറ്റുള്ളവരുടെ ഹൃദയവിചാരങ്ങളോട് സ്പര്‍ശ്യതയുള്ളവനായി ഇരിക്കുകയും അതോടൊപ്പം ശക്തമായി സത്യം സംസാരിക്കുകയും ചെയ്യുക. അങ്ങനെ ചിന്തിച്ചാല്‍ യിരെമ്യാവ് യേശുവിനെപ്പോലെ ആയിരുന്നു. യേശുവും വളരെ ലാളിത്യത്തില്‍ ജീവിച്ച് മറ്റുള്ളവരുടെ ദുഃഖങ്ങളില്‍ സ്പര്‍ശ്യതയുള്ളവനായിരുന്നു. യിരെമ്യാവ് യെരുശലേമിനെക്കുറിച്ച് വിലപിച്ചതുപോലെ യേശുവും യെരുശലേമിനെക്കുറിച്ചു വിലപിച്ചു.

ഒരിക്കല്‍ യേശു ചോദിച്ചു: ”ഞാന്‍ ആരാകുന്നു എന്നാണ് ജനങ്ങള്‍ പറയുന്നത്?” അവര്‍ ഇങ്ങനെ മറുപടി പറഞ്ഞു: ”ചിലര്‍ പറയുന്നു നീ യിരെമ്യാവു മടങ്ങി വന്നതാണെന്ന്” (മത്താ. 16:13,14). അവര്‍ എന്തു കൊണ്ടാണ് അങ്ങനെ പറഞ്ഞത്? കാരണം യേശുവും യിരെമ്യാവും തമ്മില്‍ അത്രമാത്രം സാമ്യമുണ്ടായിരുന്നു. യേശുവിനെ യിരെമ്യാവെന്ന് ജനം തെറ്റിദ്ധരിച്ചത് യിരെമ്യാവിനുള്ള ഒരു വലിയ അംഗീകാരമായിരുന്നു.

ദൈവത്തിനു ദുഃഖമുണ്ടാകുന്നു എന്ന കാരണത്താല്‍ യേശുവും ദുഃഖിച്ചു. അതേ കാരണത്താല്‍ യിരെമ്യാവും ദുഃഖിച്ചു. യിരെമ്യാവ് ദൈവത്തിന്റെ നാവും തന്റെ ജനത്തെക്കുറിച്ച് വലിയ ഹൃദയഭാരവുമുള്ളവനുമായിരുന്നു. എന്നാല്‍ അവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിച്ചു. കഴിഞ്ഞ തലമുറയിലെ എല്ലാ പ്രവാചകന്മാരും തെറ്റിദ്ധരിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും, തള്ളപ്പെടുകയും ചെയ്യപ്പെട്ടവരാണ്. എന്നാല്‍ യിരെമ്യാവ് മടുപ്പുകൂടാതെ 40 വര്‍ഷത്തോളം പ്രവചിച്ചു. ദൈവത്തിനായി സത്യസന്ധതയോടെ ജീവിതാവസാനം വരെ ശക്തിയോടെ നിന്ന നല്ല ഒരു മാതൃക ആയിരുന്നു അദ്ദേഹം.

ആ കാലഘട്ടത്തിലെ തടവറകളായിരുന്ന ഇരുട്ടറകളില്‍ കിടന്നാണ് അദ്ദേഹം തന്റെ പല പ്രവചനങ്ങളും എഴുതിയത്. പല രാജാക്കന്മാരുടെയും ഭരണകാലത്ത് അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. യിരെമ്യാവ് പരസ്യമായി രംഗത്ത് വരുന്നതിന് ഒരു വര്‍ഷം മുന്‍പ് പ്രകടമായ ഒരു ഉണര്‍വ്വ് യോശീയാവിന്റെ ഭരണത്തിനു കീഴില്‍ യെഹൂദയില്‍ ഉണ്ടായി. മനശ്ശെയുടെയും അമ്മോന്റെയും 57 വര്‍ഷത്തെ ദുഷ്ടഭരണത്തിന് ശേഷമാണ് അതുണ്ടായത് (2 രാജാക്കന്മാര്‍ 21:19-26). എന്നാല്‍ ആ ഉണര്‍വ്വ് ഇന്നുള്ള പല ഉണര്‍വ്വുകളും പോലെ ഉപരിപ്ലവമായിരുന്നു.

യിരെമ്യാവിന്റെ പുസ്തകത്തില്‍ കാണുന്ന പ്രധാനപ്പെട്ട ഒരു ശൈലിയാണ് ”സൈന്യങ്ങളുടെ ദൈവം” എന്നത്. മറ്റ് പ്രവാചകന്മാരും: ”സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ ദൈവം” എന്നു പറഞ്ഞിട്ടുണ്ട്. യിരെമ്യാവിന്റെ പുസ്തകത്തില്‍ ഈ പ്രയോഗം 82 തവണ വരുന്നുണ്ട്.

യിരെമ്യാവിനുള്ള വിളി

യിരെമ്യാവ് ഒരു ചെറുപ്പക്കാരനായിരുന്നപ്പോള്‍ ദൈവം അവനെ വിളിച്ച് (1:5,6). അവനോട് ഇങ്ങനെ പറഞ്ഞു: ”നിന്നെ ഗര്‍ഭപാത്രത്തില്‍ രൂപപ്പെടുത്തിയതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു. രാഷ്ട്രങ്ങള്‍ക്കു ഒരു പ്രവാചകനായി ഞാന്‍ നിന്നെ നിയമിച്ചു.” യിരെമ്യാവിന്റെ ശരീരം തന്റെ അമ്മയുടെ ഉദരത്തില്‍ രൂപപ്പെടുന്നതിനു മുമ്പേ ദൈവം അവനെ അറിഞ്ഞിരുന്നു. ഗര്‍ഭപിണ്ഡം ഒരു മനുഷ്യ ജീവനാണോ എന്നത് ഇപ്പോള്‍ വലിയ ഒരു തര്‍ക്ക വിഷയമാണ്. ഈ സംശയം എന്നേയ്ക്കുമായി മാറ്റുന്ന ഒരു വാക്യമാണിത്- കാരണം യിരെമ്യാവ് രൂപപ്പെടുന്നതിനു മുന്‍പേ ദൈവം അവനെ അറിഞ്ഞു. യിരെമ്യാവ് തന്റെ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ അതിസൂക്ഷ്മമായ ഒരു തരി മാത്രമായിരിക്കെ ദൈവം അവനെ അറിഞ്ഞ്, അവനെ വിശുദ്ധീകരിച്ച്, ഒരു പ്രവാചകനായി നിയമിച്ചു. നാം നമ്മുടെ അമ്മയുടെ ഉദരത്തില്‍ ഉരുവായി, അതിസൂക്ഷ്മമായ ഒരു തരി ആയിരിക്കുമ്പോള്‍ തന്നെ ദൈവത്തിന്റെ കണ്ണ് നമ്മുടെ മേല്‍ ഉണ്ട് എന്നറിയുന്നത് നമുക്ക് വലിയ ഉത്സാഹം തരുന്ന ഒന്നാണ്. യിരെമ്യാവിനെ സംബന്ധിച്ച് അവിടുത്തേക്ക് ഒരു പദ്ധതി ഉണ്ടായിരുന്നതുപോലെ നമ്മെ സംബന്ധിച്ചും ദൈവത്തിന് ഒരു പദ്ധതിയുണ്ട്.

യിരെമ്യാവ് പലവിധ കഷ്ടതകളിലൂടെ കടന്നുപോയപ്പോള്‍ ഈ ചിന്ത അവന് എത്ര ഉത്സാഹം നല്‍കിയിരിക്കാം: ”ഞാന്‍ ഇപ്പോള്‍ പലവിധ പ്രയാസങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഞാന്‍ എന്റെ അമ്മയുടെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ തന്നെ ദൈവം എന്നെ അറിഞ്ഞ് എനിക്കായി ഒരു പദ്ധതി ഒരുക്കിയിരിക്കുന്നു. ആ പദ്ധതി നടപ്പാകണം. ഞാന്‍ പൂര്‍ണമായി ദൈവത്തിനു കീഴടങ്ങുന്നു.” ശോധനകളും പ്രായസങ്ങളും നേരിടുമ്പോള്‍ നമ്മളെല്ലാവരും ഓര്‍ക്കേണ്ടത് ഇതാണ്. നിങ്ങള്‍ ജനിക്കുന്നതിനു മുന്‍പ് ദൈവം നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ അവിടുത്തെ പദ്ധതി നിവൃത്തിയാകണം. അതിനാല്‍ ഒരിക്കലും നിരുത്സാഹപ്പെടരുത്.

അപ്പോള്‍ യിരെമ്യാവ് പറഞ്ഞു: ”ദൈവമായ കര്‍ത്താവേ, എനിക്കു സംസാരിക്കാന്‍ അറിയില്ല.” പരസ്യമായി സംസാരിക്കാന്‍ കഴിവില്ലാത്തവരെ ദൈവം തന്റെ പ്രവാചകന്മാരായി എടുക്കുന്നുവെന്നത് ആശ്ചര്യകരമാണ്. മോശെയും ഇതുപോലെ ആയിരുന്നു. അവനും പറഞ്ഞു ”ദൈവമേ എനിക്കു പരസ്യമായി സംസാരിക്കാന്‍ കഴിവില്ല.” ഞാന്‍ നിങ്ങളെയെല്ലാം ഉത്സാഹിപ്പിക്കുന്നു. സംസാരിക്കാന്‍ കഴിവില്ലാത്തതിനാലോ, ആളുകളുടെ മുമ്പില്‍ നില്‍ക്കാന്‍ ധൈര്യമല്ലാത്തതിനാലോ ദൈവവചനം പ്രസംഗിക്കുവാന്‍ ദൈവത്തിനു നിങ്ങളെ ഉപയോഗിക്കുവാന്‍ കഴിയുകയില്ല എന്നു ചിന്തിക്കരുത്. ദൈവം മോശെയോട് പറഞ്ഞു: ”മനുഷ്യന്റെ വായ് നിര്‍മ്മിച്ചത് ഞാനല്ലയോ? ഞാന്‍ നിന്നെ സംസാരിക്കാന്‍ പ്രാപ്തനാക്കും”(പുറ. 4:10,11). ദൈവം നിങ്ങളെ നുറുക്കി പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കുന്നതിന് നിങ്ങള്‍ അനുവദിച്ചാല്‍, അവിടുന്നു നിങ്ങളെ അവിടുത്തെ വക്താവാക്കും. എല്ലാം ദൈവത്തോട് കൂടെയുള്ള നിങ്ങളുടെ നടപ്പിനെ ആശ്രയിച്ചായിരിക്കും.

ഞാന്‍ ചെറുപ്പക്കാരനായ ഒരു ക്രിസ്ത്യാനി ആയിരുന്നപ്പോള്‍ ലജ്ജാശീലനും സ്വയബോധമുള്ളവനും ആയിരുന്നു. എന്നാല്‍ ദൈവം അവിടുത്തെ ആത്മാവിനാല്‍ അഭിഷേകം ചെയ്തപ്പോള്‍ അവിടുന്ന് എന്നിലൂടെ സംസാരിക്കുവാന്‍ തുടങ്ങി. അവിടുന്നു നിങ്ങള്‍ക്കു വേണ്ടിയും അതു തന്നെ ചെയ്യും. ഒരു കാര്യം കൂടി: ഒരിക്കലും ദൈവത്തോട് ഇങ്ങനെ പറയരുത് ”ദൈവമേ, ഞാന്‍ വളരെ ചെറുപ്പമാണ്.” ദൈവം നിങ്ങളെ തിരഞ്ഞെടുത്ത് വിശുദ്ധീകരിക്കുമെങ്കില്‍ പ്രായം ഒരു വിഷയമല്ല. നിങ്ങള്‍ക്കു ദൈവത്തെ സേവിക്കുന്നതിന് പ്രായമാകുവാന്‍ കാത്തിരിക്കേണ്ട കാര്യമില്ല. നിങ്ങളുടെ ഹൃദയത്തില്‍ ഒരു ഭാരമുണ്ടായാല്‍ ആദ്യം പരിശുദ്ധാത്മാവിനാല്‍ നിറയുന്നതിന് ദൈവമുഖം അന്വേഷിക്കുക. പിന്നീട് പോയി ദൈവവചനം പ്രഘോഷിക്കുക.

ദൈവം യിരെമ്യാവിനോട് പറഞ്ഞു: ”ഞാന്‍ ഒരു ബാലന്‍ എന്നു നീ പറയരുത്. ഞാന്‍ നിന്നെ അയയ്ക്കുന്ന ഏവരുടേയും അടുക്കല്‍ നീ പോകണം. ഞാന്‍ നിന്നോട് കല്പിക്കുന്നതൊക്കെ നീ സംസാരിക്കണം”(1:7). പിന്നീട് ദൈവം തന്റെ പ്രവാചകന്മാരോട് സാധാരണ പറയുന്ന ഒരു വചനം പറഞ്ഞു: ”നീ ഭയപ്പെടരുത്, നിന്നെ വിടുവിക്കുവാന്‍ ഞാന്‍ നിന്നോട് കൂടെയുണ്ട്” (1:8). എല്ലാ യഥാര്‍ത്ഥ പ്രവാചകന്മാര്‍ക്കുമുള്ള ഏറ്റവും വലിയ ആനുകൂല്യമിതാണ്: ”ദൈവം അവരുടെ കൂടെയുണ്ട്.” അതുകൊണ്ട് അവര്‍ ഒരു മനുഷ്യനേയും ഭയപ്പെടുന്നില്ല. അങ്ങനെ ആയിരിക്കണം നാം ഇന്ത്യയില്‍ ദൈവത്തെ സേവിക്കേണ്ടത്. ദൈവം നമ്മുടെ കൂടെയുണ്ടെന്ന് നാം ഉറപ്പാക്കണം.

ദൈവം യിരെമ്യാവിന്റെ വായ് തൊട്ടിട്ട് ഇങ്ങനെ പറഞ്ഞു: ”ഇതാ ഞാന്‍ എന്റെ വചനങ്ങള്‍ നിന്റെ വായില്‍ തന്നിരിക്കുന്നു!!” (വാക്യം 9). ഇതു തന്നെ ദൈവം യെശയ്യാവിനും വേണ്ടി ചെയ്തു. പിന്നീട് ദൈവം യിരെമ്യാവിനു നല്‍കിയ ശുശ്രൂഷകള്‍ ശ്രദ്ധിക്കുക. ആറ് പ്രവൃത്തികളാണ് ഇവിടെ പരാമര്‍ശിച്ചിരിക്കുന്നത്- ഉന്മൂലനം ചെയ്യുക, തകര്‍ത്തു കളയുക, നശിപ്പിക്കുക, ഇടിച്ചുകളയുക, പണിയുക, നടുക (1:10). ഇതില്‍ നാലെണ്ണം നിഷേധാത്മാകമായതും രണ്ടെണ്ണം – പണിയുക, നടുക എന്നത്- അങ്ങനെയല്ലാത്തതും ആണ്. യിരെമ്യാവിനു പഴയ സംവിധാനമാകെ പൊളിച്ച് കളഞ്ഞ്, അവിടെ ദൈവിക സംവിധാനം സ്ഥാപിക്കേണ്ടതുണ്ടായിരുന്നു. ഇത് അനായാസം ചെയ്യാവുന്ന ഒന്നായിരുന്നില്ല. ഒഴിഞ്ഞു കിടക്കുന്ന ഭൂമിയില്‍ ഒരു കെട്ടിടം പണിയുന്നത് വളരെ എളുപ്പമാണ്, എന്നാല്‍ ഉള്ളതു പൊളിച്ച് അവിടെ പുതിയതു പണിതുയര്‍ത്തുക ദുഷ്‌ക്കരമാണല്ലോ.

യെഹൂദയുടെ ആ കാലഘട്ടത്തിലെ അവസ്ഥയാണ് ഇന്നത്തെ ക്രിസ്തീയ ലോകത്തിനുള്ളത്. ദൈവവചനത്തിനു വിരുദ്ധമായി മതപരമായ വലിയ സംവിധാനങ്ങളാണ് ഇന്നു ക്രിസ്തീയ ലോകത്തില്‍ കാണുന്നത്. ദൈവത്തിന്റെ ഒരു പ്രവാചകന് നിത്യതയില്‍ മൂല്യമുള്ള ചിലത് നട്ട് പണിയുന്നതിന് മുന്‍പ് ആദ്യം നിലവിലുള്ള പല കാര്യങ്ങളും തകര്‍ത്തു കളയേണ്ടി വരും. ബുള്‍ഡോസര്‍ ഉപയോഗിച്ചുള്ള ഈ ആദ്യ വേല ചെയ്യുവാന്‍ പല പ്രസംഗകരും മടിക്കുന്നു. അവര്‍ ‘പഴയ വസ്ത്രത്തില്‍ പുതിയ തുണിക്കഷണം വച്ച് പിടിപ്പിക്കുവാന്‍’ ആഗ്രഹിക്കുന്നു. എന്നാല്‍ കര്‍ത്താവ് പറഞ്ഞത് ”നിങ്ങള്‍ പഴയ വസ്ത്രം ദൂരെ കളയണം. നിങ്ങള്‍ പഴയ സംവിധാനങ്ങളാകെ നശിപ്പിച്ച് തീര്‍ത്തും പുതിയതൊന്നു തുടങ്ങണം”(മത്താ. 9:16). നിങ്ങള്‍ അത് ചെയ്യുന്നില്ലെങ്കില്‍ ദൈവം പണിയുവാന്‍ ആഗ്രഹിക്കുന്നത് നിങ്ങള്‍ക്കു പണിയുവാന്‍ കഴിയുകയില്ല. ദൈവം തുടര്‍ന്ന് ഇങ്ങനെ പറഞ്ഞ് യിരെമ്യാവിനെ ഉത്സാഹിപ്പിക്കുന്നു: ”അവര്‍ നിന്നോട് യുദ്ധം ചെയ്യും. എങ്കിലും നിന്നെ ജയിക്കയില്ല. നിന്നെ വിടുവിക്കുവാന്‍ ഞാന്‍ നിന്നോടു കൂടെയുണ്ട്”(1:19).

2 മുതല്‍ 45 വരെയുള്ള അധ്യായങ്ങളില്‍ യെഹുദയ്ക്കുള്ള പല പ്രവചനങ്ങള്‍ നാം കാണുന്നു. തുടര്‍ന്ന് 46 മുതല്‍ 52 വരെയുള്ള അധ്യായങ്ങളില്‍ മറ്റു ദേശങ്ങള്‍ക്കു വേണ്ടിയുള്ള പ്രവചനങ്ങളും കാണാം. അവയെ ചുരുക്കമായി നോക്കാം. പല കഷണങ്ങളായി മുറിച്ച ഒരു ചിത്രത്തിന്റെ ചില കഷണങ്ങള്‍ ഞാന്‍ വയ്ക്കുന്നു. ബാക്കി വച്ച് നിങ്ങള്‍ അത് പൂര്‍ത്തിയാക്കുക.

അനുതാപത്തിനുള്ള വിളി

അധ്യായം 2:13: ”എന്റെ ജനം രണ്ടു ദോഷം ചെയ്തു.” അവരുടെ മേല്‍ ദൈവം ചാര്‍ത്തിയ രണ്ടു ദോഷങ്ങള്‍ ഇവയാണ്: ഒന്നാമത് അവര്‍ ജീവജലത്തിന്റെ ഉറവയായ ദൈവത്തെ ഉപേക്ഷിച്ചു. രണ്ടാമതായി അവര്‍ വെള്ളം എടുത്തു വയ്ക്കാന്‍ സാധിക്കാത്ത വിധം ദ്വാരങ്ങളുള്ള പാത്രങ്ങള്‍- വിഗ്രഹങ്ങള്‍- പണിതു.

അധ്യായം 3-ല്‍ യിരെമ്യാവ് വ്യഭിചാരിണിയായ യെഹൂദയെ കുറിച്ചും പിന്മാറ്റത്തിലായ യിസ്രായേലിനെക്കുറിച്ചും സംസാരിക്കുന്നു. യിസ്രായേല്‍ 100 വര്‍ഷങ്ങള്‍ക്കു മുന്‍പ് അടിമത്വത്തിലേയ്ക്കു പോയ വടക്കെ രാജ്യമായിരുന്നു. യിരെമ്യാവിനും അവന്റെ കാലത്തുണ്ടായിരുന്ന പ്രവാചകന്മാര്‍ക്കും യെഹൂദാ ജനത്തോട് പറയുവാനുണ്ടായിരുന്ന ഹൃദയഭാരം ഇതായിരുന്നു: ”നിങ്ങളുടെ സഹോദരിയായ യിസ്രായേല്‍ അവരുടെ പ്രവാചകന്മാര്‍ പറഞ്ഞത് ശ്രദ്ധിക്കാഞ്ഞതിനാല്‍ ദൈവം അവരെ അടിമത്വത്തിലേയക്ക് അയച്ചു. നിങ്ങള്‍ അതില്‍ നിന്നും ഒരു പാഠം പഠിച്ചില്ലേ?” യെഹൂദ അതില്‍ നിന്നും ഒരു പാഠവും പഠിച്ചില്ല. അവര്‍ ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു: ”ഞങ്ങള്‍ അവരെ പോലെയല്ല. ഞങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടവരാണ്. ഞങ്ങള്‍ക്ക് അത് സംഭവിക്കുകയില്ല.”

ഇതില്‍ ഇന്നു നമുക്കു എന്ത് പാഠമാണുള്ളത്? പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികള്‍ പ്രധാനമായും രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരിക്കുന്നു. ഒന്നു സാധാരണ മുഖ്യധാര സഭകള്‍, അവയെ വടക്കെ രാജ്യമായ യിസ്രായേലിനോട് താരതമ്യം ചെയ്യാം. കൂടാതെ, ‘വേര്‍പെട്ട കൂടിവരവുകള്‍’ എന്നു സ്വയം വിശേഷിപ്പിക്കുന്ന ചെറിയ കൂട്ടങ്ങളുണ്ട്. അവര്‍ തുടക്കത്തില്‍ വേര്‍പെട്ടത് നല്ല ഉദ്ദേശ്യത്തോടെയാണ്- ഒത്തു തീര്‍പ്പുകളോടും ലോകമയത്വത്തോടും വേര്‍പെട്ട് ദൈവത്തിന് ഒരു ശുദ്ധ സാക്ഷ്യ മുണ്ടാകുന്നതിനാണ്. എന്നാല്‍ അവര്‍ മുഖ്യധാര സഭകളുടെ വീഴ്ചയില്‍ നിന്നു പഠിച്ചോ? ഇല്ല.

ദൈവം യിരെമ്യാവിലൂടെ യെഹൂദയോട് പറഞ്ഞു: ”യിസ്രായേല്‍ നിങ്ങളേക്കാള്‍ മികച്ചവരാണ്.” കൃത്യമായി ഇതു തന്നെയാണ് ദൈവം ഇന്ന് പല വേര്‍പെട്ട കൂട്ടങ്ങ ളോടും അവയുടെ നേതാക്കന്മാരോടും പറയുന്നത്- ”മുഖ്യധാര വിഭാഗങ്ങളിലെ ചില നേതാക്കന്മാര്‍ വേര്‍പെട്ട കൂട്ടങ്ങള്‍ എന്നറിയപ്പെടുന്നതിന്റെ നേതാക്കന്മാരായ നിങ്ങളെക്കാള്‍ മികച്ചവരാണ്.” എന്തുകൊണ്ടാണ് ഈ പുതിയ നേതാക്കന്മാര്‍ ഒരു പാഠം പഠിക്കാത്തത്? അവരും യെഹൂദ പറഞ്ഞതു തന്നെ പറയുന്നു: ”മറ്റുള്ളവര്‍ക്കു സംഭവിച്ചത് ഞങ്ങള്‍ക്കു സംഭവിക്കുകയില്ല.” അങ്ങനെ പുതിയ കൂട്ടങ്ങളും പിന്മാറ്റത്തിലാകുന്നു.

എന്നാല്‍ ദൈവം പറഞ്ഞു: ”ഞാന്‍ ഒരു ശേഷിപ്പിനെ ഇവിടെ മടക്കി കൊണ്ടു വരും.” അതാണ് ഈ പ്രവാചകന്മാര്‍ അറിയിച്ച മറ്റൊരു ഹൃദയഭാരം. ”ബാബേലില്‍ നിന്ന് ഒരു ശേഷിപ്പ് മടങ്ങി വരും.” ആ ശേഷിപ്പിന്റെ ഭാഗമായവര്‍ ‘തങ്ങളുടെ കുറ്റം സമ്മതിക്കുന്നവര്‍’ (3:13) ആയിരിക്കും. ദൈവം പറഞ്ഞു: ”ഞാന്‍ പട്ടണത്തില്‍ നിന്നും ഒരുവനേയും ഒരു കുടുംബത്തില്‍ നിന്നു രണ്ടു പേരെയും വീതം എടുത്ത് സീയോനിലേയ്ക്കു കൊണ്ടുവരും”(3:14). ഇവിടെ സീയോന്‍ യഥാര്‍ത്ഥ ദൈവസഭയുടെ മാതൃകയാണ്. ദൈവജനത്തിനു ദൈവിക വഴികളും ദൈവിക പരിജ്ഞാനവും നല്‍കി നടത്തുന്ന ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഇടയന്മാര്‍ അവിടെയുണ്ടാകും എന്നതാണ് ആ സഭയുടെ ഒരു അടയാളം (3:15). അങ്ങനെയുള്ള നേതാക്കന്മാരെ കാണുമ്പോള്‍ നിങ്ങള്‍ സീയോനില്‍ എത്തി എന്നു നിങ്ങള്‍ക്കറിയാം. ദൈവഭക്ത ന്മാരായ നേതാക്കന്മാര്‍ വലിയ ബുദ്ധിമാന്മാര്‍ ആയിരിക്കണമെന്നില്ല. എന്നാല്‍ അവര്‍ ദൈവജനത്തോട് കരുണയും സ്‌നേഹവും ഉള്ളവരായിരിക്കും. അവര്‍ ദൈവജനത്തെ ചൂഷണം ചെയ്യുന്നില്ല. അവര്‍ക്കു ജനങ്ങള്‍ നല്‍കുന്ന സ്‌തോത്രക്കാഴ്ചയിലല്ല താല്പര്യം: മറിച്ച് ജനങ്ങളുടെ ദൈവമുമ്പാകെയുള്ള നടപ്പിലാണ്.

അധ്യായം 3:16,17-ല്‍ ”സര്‍വേശ്വരന്റെ നിയമപെട്ടകം എന്ന് അവര്‍ മേലാല്‍ പറയുകയില്ല. എന്നാല്‍ അവര്‍ ദൈവത്തിന്റെ സിംഹാസനത്തെക്കുറിച്ച് സംസാരിക്കും.” മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സീയോനില്‍ അവര്‍ അടയാളങ്ങളെ കുറിച്ചല്ല യഥാര്‍ത്ഥമായതിനെ കുറിച്ചായിരിക്കും സംസാരിക്കുക. ദൈവത്തിന്റെ പെട്ടകത്തെ കുറിച്ച് പഴയനിയമത്തില്‍ പരാമര്‍ശിക്കുന്ന അവസാന ഭാഗമാണിത്. ബാബിലോണ്യര്‍ പെട്ടകം എടുത്തു കൊണ്ടുപോയി. പിന്നീട് ആരും അത് കണ്ടിട്ടില്ല.

അധ്യായം 4:3,4: ദൈവം യെഹൂദയോട് പറഞ്ഞു: ”നിങ്ങളുടെ തരിശുനിലം ഉഴുവിന്‍, മുള്ളിനിടയില്‍ വിതയ്ക്കാതെയിരിപ്പിന്‍, ദൈവത്തിനായി പരിച്ഛേദന കഴിപ്പിന്‍, ഹൃദയത്തിന്റെ അഗ്രചര്‍മ്മം നീക്കി കളയുവിന്‍.” തങ്ങളെത്തന്നെ താഴ്ത്തി, ഹൃദയ നുറുക്കത്തോടെ പാപങ്ങളെ ഏറ്റു പറയുവാനും, മാനുഷിക മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിക്കുന്നതിനും വേണ്ടിയുള്ള വിളിയായിരുന്നു അത്.

അധ്യായം 4:19: ”എന്റെ ഉള്ളം! എന്റെ ഉള്ളം! ഞാന്‍ അതിവേദനയിലായിരിക്കുന്നു. എന്റെ നെഞ്ചിടിക്കുന്നു. കാഹളനാദവും യുദ്ധത്തിനുള്ള ആര്‍പ്പു വിളിയും ഞാന്‍ കേള്‍ക്കുന്നു.” ബാബിലോണ്‍ സൈന്യം താമസിക്കാതെ യെഹൂദയെ അടിമത്വത്തിലേയ്ക്കു പിടിച്ചു കൊണ്ടുപോകുമെന്ന് തിരിച്ചറിഞ്ഞ യിരെമ്യാവ് വളരെ അസ്വസ്ഥനായി. യിരെമ്യാവ് ജനത്തെ വളരെ സ്‌നേഹിച്ചതിനാല്‍ അവന്റെ ഹൃദയം വളരെ ഭാരപ്പെട്ടു. അതിനാലാണ് ദൈവം അവനെയൊരു പ്രവാചകനാക്കിയത്. ദൈവം നമ്മുടെ വായ് തൊട്ട് അവിടുത്തെ വക്താക്കളാക്കിയാല്‍ മാത്രം പോരാ. നാം അവരെ സ്‌നേഹിക്കുവാന്‍ തക്കവണ്ണം അവിടുന്നു നമ്മുടെ ഹൃദയങ്ങളെ തൊടണം. അപ്പോഴാണ് നമുക്കവരെ കുറിച്ച് ഹൃദയഭാരം ഉണ്ടാകുന്നത്.

സോദോമിനെ നശിപ്പിക്കുന്ന വേളയില്‍ ദൈവം അബ്രാഹാമിനോട് പറഞ്ഞതിനു സമാനമായ ചിലത് അവിടുന്ന് യിരെമ്യാവിനോടും ഇപ്പോള്‍ പറയുന്നു. അബ്രാഹാം ദൈവത്തോട് അപേക്ഷിച്ചു പറഞ്ഞു: ”പത്തുപേര്‍ അവിടെയുണ്ടെങ്കില്‍ സോദോമിനെ നശിപ്പിക്കുമോ?” ദൈവം പറഞ്ഞു: ”പത്തു നീതിമാന്മാര്‍ സോദോമിലുണ്ടെങ്കില്‍ ഞാന്‍ അതിനെ നശിപ്പിക്കുകയില്ല”(ഉല്പത്തി 18:22,32). ഇവിടെ ദൈവം യിരെമ്യാവിനോട് പറയുന്നു: ”ന്യായം പ്രവര്‍ത്തിച്ച് വിശ്വസ്തനായിരിക്കുന്ന ഒരാളെങ്കിലും (പത്തുപേരല്ല; ഒരാളെങ്കിലും) ഉണ്ടെങ്കില്‍ ഞാന്‍ അതിനോട് ക്ഷമിക്കും.” എന്നാല്‍ യിരെമ്യാവിന് ഒരാളെ പോലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഒരു നീതിമാനെ പോലും കണ്ടെത്താന്‍ കഴിയാത്ത ഒരു പട്ടണത്തെക്കുറിച്ച് നിങ്ങള്‍ക്കു ചിന്തിക്കുവാന്‍ കഴിയുമോ?

ഒരു സഭയിലേയ്ക്ക് അതിലുള്ള ഒരു നീതിമാന് എത്രമാത്രം അനുഗ്രഹം കൊണ്ടുവരുവാന്‍ കഴിയും എന്ന് നിങ്ങള്‍ അറിയുന്നുണ്ടോ? ഒരു നീതിമാനായ മനുഷ്യന് ഒരു കൂട്ടായ്മയിലേയ്ക്കും, ഒരു ഭവനത്തിലേയ്ക്കും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടുവരുവാന്‍ സാധിക്കും. ഒരു നീതിമാനോടൊപ്പം ദൈവം കൂടെയുണ്ടെങ്കില്‍ അത് എവിടെയും ഭൂരിപക്ഷമായിരിക്കും. നിങ്ങള്‍ നീതിയുള്ള പുരുഷനോ സ്ത്രീയോ ആയിരുന്നാല്‍, നിങ്ങള്‍ എവിടെ പോയാലും സാത്താന്റെ സമ്മര്‍ദ്ദങ്ങളെ നേരിടുവാന്‍ സാധിക്കും. ദൈവം നിങ്ങളെ ശക്തിയോടെ പിന്തുണയ്ക്കും.

അധ്യായം 6:16-ല്‍ ദൈവം പറഞ്ഞു: ”നിങ്ങള്‍ വഴിയരികില്‍ ചെന്ന് നല്ല വഴി ഏതെന്ന് നോക്കുവിന്‍, പഴയ പാതകള്‍ ഏതെന്നു ചോദിച്ച് അതില്‍ നടപ്പിന്‍.” ഇന്നും ദൈവം നമ്മോട് ആവശ്യപ്പെടുന്നത് ഇതു തന്നെയാണ്. പെന്തക്കോസ്തു നാളിനു ശേഷം അപ്പോള്‍ തന്നേ അപ്പൊസ്തലന്മാര്‍ നടക്കുവാന്‍ തുടങ്ങിയ വഴിയിലൂടെ നടക്കുവാന്‍ നാം മനസ്സു വയ്ക്കണം. അതാണ് ”നല്ല വഴി.” എന്നാല്‍ യെഹൂദയിലെ ജനം ആ വഴിയിലൂടെ നടക്കുകയില്ല എന്നു പറഞ്ഞു.

അധ്യായം 7: യിരെമ്യാവ് രംഗത്ത് വരുന്നതിനു മുന്‍പ്, യോശിയാവ് രാജാവായിരുന്ന കാലത്ത് ഉണര്‍വ്വ് എന്ന പേരില്‍ ചിലത് നടന്നിരുന്നു. അത് ഇന്നുള്ള പല ”ഉണര്‍വ്വുകളും” പോലെ ഉപരിപ്ലവമായ ഉണര്‍വ്വ് മാത്രമായിരുന്നു. അത് ആളുകളില്‍ മാറ്റമൊന്നും ഉണ്ടാക്കിയില്ല. ദൈവം യിരെമ്യാവിനോട് ദൈവാലയത്തിന്റെ പടി വാതില്‍ക്കല്‍ നിന്നു കൊണ്ട് ഇങ്ങനെ പറയുവാന്‍ ആവശ്യപ്പെട്ടു: ”യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം, യഹോവയുടെ മന്ദിരം എന്നിങ്ങനെയുള്ള വ്യാജ വാക്കുകളില്‍ നിങ്ങള്‍ ആശ്രയിക്കരുത്” (വാക്യം 4). മറ്റൊരു തരത്തില്‍ ഇങ്ങനെ പറയാം: ”നിങ്ങളുടെ വഴികളില്‍ ഒരു മാറ്റവും ഇല്ലാത്തതിനാല്‍ നിങ്ങളുടെ മതപരമായ ഭാഷയില്‍ ദൈവത്തിനു മതിപ്പ് തോന്നുന്നില്ല. നിങ്ങള്‍ മോഷ്ടിക്കുകയും, കൊല ചെയ്യുകയും, വ്യഭിചരിക്കുകയും, കള്ളസത്യം ചെയ്യുകയും, ബാലിനു ധൂപം കാട്ടുകയും, നിങ്ങള്‍ അറിയാത്ത അന്യദേവന്മാരെ പിന്തുടരുകയും ചെയ്ത ശേഷം ദേവാലയത്തില്‍ വന്നു എന്റെ മുന്‍പില്‍ നിന്നുകൊണ്ട് ‘ഞങ്ങള്‍ രക്ഷ പ്രാപിച്ചിരിക്കുന്നു’ എന്നു പറയുന്നത് ഈ മ്ലേച്ഛതകള്‍ ചെയ്യേണ്ടതിനു തന്നെയോ?” (9,10 വാക്യങ്ങള്‍). യേശു വാക്യം 11 ഉദ്ധരിച്ചുകൊണ്ട് പറഞ്ഞിട്ടുണ്ട്: ”എന്റെ ഭവനം പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും. നിങ്ങള്‍ അതിനെ കൊള്ളക്കാരുടെ ഗുഹ ആക്കിയിരിക്കുന്നു” (മത്താ. 21:13). ഇന്നു 2000 വര്‍ഷങ്ങള്‍ക്കു ശേഷം, സഭയില്‍ അതേകാര്യം തന്നെ പറയുന്ന പ്രവാചകന്മാരെ ദൈവം അന്വേഷിക്കുന്നു. ”നിങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ പാപങ്ങളോടു കൂടെ ജീവിക്കുകയും സാമ്പത്തിക കാര്യങ്ങളില്‍ അനീതിയോടെ ഇരിക്കുകയും ചെയ്തതിനു ശേഷം ദേവാലയത്തില്‍ വന്നു പറയുന്നു: ‘ഞങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നു. ദൈവമക്കളായ ഞങ്ങള്‍ നിത്യമായി സുരക്ഷിതരായിരിക്കുന്നു.” ഇത് കാപട്യമാണ്. ദൈവജനത്തിന്റെ ഇന്നത്തെ അവസ്ഥയും യിരെമ്യാവിന്റെ കാലഘട്ടംപോലെ തന്നെയാണ്.

കയീന്റെയും ഹാബേലിന്റെയും കാലം മുതല്‍ ആത്മീയതയും മതഭക്തിയും എന്ന രണ്ടു ശാഖകള്‍ ഉടലെടുത്തുവെന്നത് നാം നേരത്തെ കണ്ടുവല്ലോ. ഇവിടെ മതഭക്തരായ ആളുകള്‍ക്ക് അവര്‍ ഉണര്‍വെന്ന് കരുതിയ ഒരു അനുഭവം ഉണ്ടായി. എന്നാല്‍ അത് അവര്‍ക്കു പാപത്തില്‍ നിന്നും വിടുതല്‍ നല്‍കിയില്ല. ജനത്തെ പാപത്തില്‍ നിന്നും വിടുവിക്കാത്ത ഉണര്‍വ്വ് ഉപരിപ്ലവമായതും മൂല്യമില്ലാത്തതുമാണ്. ഈ ആളുകള്‍ ദൈവസന്നിധിയിലേയ്ക്കു വരുന്നതിനോടൊപ്പം അവര്‍ ആകാശരാജ്ഞിയെ ആരാധിക്കുന്നതിനുള്ള അപ്പം ചുടുകയും ചെയ്യുന്നു(7:18). ഇന്നും ക്രിസ്തീയ ലോകത്ത് ലക്ഷക്കണക്കിനാളുകള്‍ ഒരു വിഗ്രഹത്തെ ”ആകാശത്തിന്റെ രാജ്ഞി” എന്ന പേരില്‍ ആരാധിക്കുന്നുണ്ട്. ഇത് യിരെമ്യാവിന്റെ കാലത്ത് ആകാശരാജ്ഞിയെ ആരാധിച്ചതിനു സമാനമാണ്. സ്വര്‍ഗ്ഗത്തില്‍ ഒരു രാജ്ഞി ഇല്ല. യേശുക്രിസ്തു അവിടെ കര്‍ത്താവായി വാഴുന്നു. സ്വര്‍ഗ്ഗത്തില്‍ യേശുക്രിസ്തുവാണ് എല്ലാമെല്ലാം.

ഇങ്ങനെ മടയത്തരത്തില്‍ ജീവിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഒരു ദിവസം കൊയ്ത്തു നടക്കുമെന്നും അവര്‍ രക്ഷിക്കപ്പെടാതെ ഇരിക്കുമെന്നും യിരെമ്യാവ് മുന്നറിയിപ്പ് നല്‍കുന്നു (8:20). ഇന്നും നാം പ്രഘോഷിക്കേണ്ട കാര്യവും ഇതു തന്നെയാണ്. തന്റെ കൊയ്ത്തിനായി ദൈവം ഒരു ദിവസം വച്ചിരിക്കുന്നു. ദൈവവചനത്തോട് പ്രതികരിക്കുന്നതിന് അപ്പോഴേയ്ക്കും വളരെ വൈകിയിരിക്കും.

ഇതിനെക്കുറിച്ച് ഓര്‍ത്ത് യിരെമ്യാവ് എങ്ങനെ വിലപിച്ചുവെന്ന് കാണുക. അധ്യായം 9:1-ല്‍ ”എന്റെ ജനത്തില്‍ നിഗ്രഹിക്കപ്പെട്ടവരെ ഓര്‍ത്ത് രാത്രിയും പകലും വിലപിക്കുന്നതിന് എന്റെ ശിരസ്സ് കണ്ണീര്‍ തടാകവും എന്റെ കണ്ണുകള്‍ കണ്ണീരുറവും ആയിരുന്നെങ്കില്‍.” പരസ്യമായി യിരെമ്യാവ് ശക്തമായ വാക്കുകളിലാണ് പ്രസംഗിച്ചത്. എന്നാല്‍ അദ്ദേഹം രഹസ്യമായി കരഞ്ഞു. എല്ലാ യഥാര്‍ത്ഥ പ്രവാചകന്മാരും ദൈവജനത്തിന്റെ പാപങ്ങള്‍ക്കുവേണ്ടി രഹസ്യത്തില്‍ കരയുന്നവരാണ്.

അധ്യായം 9:23-24: ദൈവം ഇവിടെ ജ്ഞാനികള്‍ തങ്ങളുടെ ജ്ഞാനത്തിലും ധനവാന്‍ തന്റെ ധനത്തിലും പ്രശംസിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നു. തങ്ങളുടെ ബുദ്ധിവൈഭവത്തിലും സമ്പത്തിലും അഹങ്കരിച്ചിരുന്നവര്‍ക്കെതിരെ എല്ലാ കാലത്തും പ്രവാചകന്മാര്‍ പ്രസംഗിച്ചിരുന്നു. വ്യക്തിപരമായി ”ദൈവത്തെ അറിയുന്നു” എന്നതു മാത്രമാണ് സ്വയം പ്രശംസിക്കാവുന്ന ഒരേ ഒരു കാര്യം. ”ദൈവത്തേയും യേശുക്രിസ്തുവിനേയും അറിയുന്നത് തന്നെ നിത്യജീവന്‍” (യോഹ. 17:3).

ദൈവവുമായുള്ള യിരെമ്യാവിന്റെ സംഭാഷണം

അധ്യായം 10:24-ല്‍ യിരെമ്യാവ് പറയുന്നു: ”ദൈവമേ, ഞാന്‍ ഇല്ലാതായി പോകാതിരിക്കേണ്ടതിന് അങ്ങയുടെ കോപത്തിലല്ല ന്യായത്തോടെ തന്നെ എന്നെ ശിക്ഷിക്കണമേ.” നമുക്കെല്ലാം പ്രാര്‍ത്ഥിക്കാവുന്ന ഒരു നല്ല പ്രാര്‍ത്ഥനയാണിത്.

അധ്യായം 13:17-ല്‍ യിരെമ്യാവ് വിലപിച്ചുകൊണ്ട് പറയുന്നു: ”നിങ്ങള്‍ കേട്ടനുസരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ നിഗളം ഓര്‍ത്ത് എന്റെ ഉള്ളം രഹസ്യത്തില്‍ കരയും. ഞാന്‍ വിലപിച്ചു കണ്ണീരൊഴുക്കും.” ‘വിലപിക്കുന്ന പ്രവാചകന്‍’ എന്നാണ് യിരെമ്യാവ് വിളിക്കപ്പെടുന്നത്. പരസ്യമായി അദ്ദേഹം ശക്തനും ധൈര്യശാലിയും ആയിരുന്നു. എന്നാല്‍ രഹസ്യത്തില്‍ അദ്ദേഹം മാനസാന്തരപ്പെടാത്ത യെരുശലേമിനെ ഓര്‍ത്ത് കരഞ്ഞ യേശുവിനെപ്പോലെ ആയിരുന്നു. ലാസറിന്റെ കല്ലറയ്ക്കല്‍ അല്ലാതെ ഒരിടത്തും യേശു പരസ്യമായി കരഞ്ഞില്ല. എന്നാല്‍ അവിടുന്നു രഹസ്യത്തില്‍ കരഞ്ഞു. ഹൃദയഭാരമുള്ളപ്പോഴാണ് ആളുകള്‍ കരയുന്നത്. ദൈവജനത്തെ കുറിച്ച് നിങ്ങള്‍ക്കൊരു ഭാരമില്ലെങ്കില്‍ നിങ്ങള്‍ കരയുകയില്ല. മറ്റൊരാളുടെ കുഞ്ഞ് മരണാസന്നനായിരിക്കുമ്പോഴല്ല നിങ്ങള്‍ കരയുന്നത്. നിങ്ങളുടെ സ്വന്തം കുഞ്ഞ് മരണാസന്നനായിരിക്കുമ്പോഴാണ് നിങ്ങള്‍ കരയുന്നത്. യഥാര്‍ത്ഥ സ്‌നേഹവും കരുതലും ഉള്ളയിടത്താണ് കരച്ചില്‍ ഉണ്ടാകുന്നത്. യിരെമ്യാവ് ദൈവജനത്തെ യഥാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നു. അങ്ങനെയുള്ള പ്രവാചകന്മാരെ ദൈവം അഭിഷേകം ചെയ്യുകയും പിന്താങ്ങുകയും ചെയ്യുന്നു.

അധ്യായം 15:16-21: ഇവിടെ നാം ദൈവത്തിന്റെ വക്താവാകുന്നതിനുള്ള മൂന്ന് നിബന്ധനകള്‍ കാണുന്നു.

  • ഒന്നാമത്: ”ഞാന്‍ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു. അങ്ങയുടെ വചനം എന്റെ സന്തോഷവും എന്റെ ഹൃദയത്തിന്റെ പ്രമോദവുമായിത്തീര്‍ന്നു” (വാക്യം 16). ദൈവവചനം നിങ്ങളുടെ ഹൃദയത്തിന്റെ സന്തോഷവും പ്രമോദവുമായിരിക്കണം. ഒരു വ്യവസായിക്കു താന്‍ കൂടുതല്‍ പണം നേടുമ്പോഴുണ്ടാകുന്ന സന്തോഷം പോലെ തന്നെ ആയിരിക്കണം ആ സന്തോഷം. പലരും ഇന്ന് പ്രസംഗ കരാകാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ അവര്‍ ദൈവവചനം പഠിക്കുന്നില്ല. വചനം അവരുടെ ഹൃദയങ്ങള്‍ക്കു സന്തോഷവും പ്രമോദവും ആകുന്നില്ല.
  • രണ്ടാമത്: ”പരിഹാസികളുടെ സഭയില്‍ ഞാന്‍ ഇരിക്കുകയോ സന്തോഷിക്കുകയോ ചെയ്തിട്ടില്ല” (വാക്യം 17). യെഹൂദയിലെ മറ്റ് ജനങ്ങള്‍ വിരുന്നു സത്കാരങ്ങളില്‍ പങ്കെടുത്ത് ഉല്ലസിച്ചുകൊണ്ടിരുന്നപ്പോള്‍, യിരെമ്യാവ് അവരില്‍ നിന്ന് മാറി ഏകനായി ദൈവത്തിന്റെ കൂടെ ആയിരുന്നു. ഈ ലോകത്തിലെ പരിഹാസികളോടു ചേര്‍ന്നു നില്‍ക്കാതിരിക്കാനുള്ള അച്ചടക്കം നിങ്ങള്‍ കാണിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും ദൈവത്തിന്റെ വക്താവാകുവാന്‍ സാധിക്കുകയില്ല. നിര്‍ദ്ദോഷമായ ഫലിതങ്ങള്‍ തെറ്റാണെന്നല്ല ഞാന്‍ പറയുന്നത്. എന്നാല്‍ പല ക്രിസ്ത്യാനികള്‍ക്കും എവിടെ അവസാനിപ്പിക്കണമെന്ന് അറിയില്ല. അവര്‍ സ്ഥിരം പരിഹാസികളായി മാറുന്നു. അത്തരം ആളുകളോട് ചേര്‍ന്നു സമയം ചെലവഴിക്കുകയില്ല എന്നു യിരെമ്യാവ് ഉറപ്പാക്കിയിരിക്കുന്നു.
  • മൂന്നാമത്: വാക്യം 18-ല്‍ യിരെമ്യാവ് ദൈവത്തോട് പരാതി പറയുന്നു: ”എന്റെ വേദന നിരന്തരവും എന്റെ മുറിവ് പൊറുക്കാത്തതും സൗഖ്യം പ്രാപിക്കാത്തതും ആയിരിക്കുന്നത് എന്തുകൊണ്ട്? അങ്ങ് എനിക്കു വഞ്ചിക്കുന്ന ഉറവും വറ്റിപ്പോകുന്ന തോടുംപോലെ ആയിരിക്കുമോ?” മറുപടിയായി ദൈവം പറഞ്ഞു: ”നീ ഇപ്രകാരം എന്നോട് സംസാരിക്കരുത്.” യിരെമ്യാവിനെ, അവന്റെ അവിശ്വാസത്തിന്റെ വാക്കുകള്‍ക്ക് ദൈവം ശാസിക്കുന്നു (വാക്യം 19). ദൈവം നമ്മെ ഉപേക്ഷിക്കുകയില്ല. അവിടുന്നു വിശ്വസിക്കാന്‍ കൊള്ളാത്ത ഒരു സ്രോതസ്സല്ല. യിരെമ്യാവ് സാഹചര്യങ്ങളെ നോക്കി തന്റെ വികാരങ്ങളില്‍ ആശ്രയിച്ചു. ദൈവം അവനോട് പറഞ്ഞു: ”നീ മടങ്ങിവരികയും, നീ അധമമായത് തള്ളി (ഇപ്പോള്‍ സംസാരിച്ചതു പോലെ അവിശ്വാസത്തിന്റെ വാക്കുകള്‍) ഉല്‍കൃഷ്ടമായത് (വിശ്വാസത്തിന്റെ വാക്കുകള്‍) സംസാരിച്ചാല്‍ നീ എന്റെ വക്താവായിത്തീരും.”

നിങ്ങളില്‍ എത്ര പേര്‍ക്കു ദൈവത്തിന്റെ വക്താവാകുവാന്‍ ആഗ്രഹമുണ്ട്? ചില പുസ്തകങ്ങള്‍ വായിച്ച് ജീവനില്ലാത്ത ചില പ്രസംഗങ്ങള്‍ നടത്തുന്ന ഒരു പ്രസംഗകന്‍ ആകുന്നതിനെക്കുറിച്ചല്ല പറയുന്നത്. മറിച്ച് ദൈവത്തിന്റെ യഥാര്‍ത്ഥ വക്താവാകുക എന്നതാണ്. അത് ആഗ്രഹിക്കുന്നുവെങ്കില്‍ പ്രയോജനമില്ലാത്ത സുഹൃത് വലയത്തില്‍ സമയം ചെലവഴിക്കാതെ ദൈവവചനം ആഴത്തില്‍ പഠിക്കുന്നതിന് സമയം കണ്ടെത്തുക. അത് നിങ്ങളുടെ പ്രമോദമാകട്ടെ. പ്രയോജനമില്ലാത്ത സംഭാഷണങ്ങള്‍ ഒഴിവാക്കി എപ്പോഴും വിശ്വാസത്തിന്റെ വാക്കുകള്‍ സംസാരിക്കുക. നല്ല വാക്കുകള്‍ ഉപയോഗിച്ച് സംഭാഷണം നടത്തുക. അപ്പോള്‍ ദൈവം നിങ്ങളെ അവിടുത്തെ വക്താവാക്കും. ദൈവത്തിനു പക്ഷപാതമില്ല.

അപ്പോള്‍ ദൈവം യിരെമ്യാവിനോട് പറഞ്ഞു: ”നീ അവരുടെ അടുത്തേയ്ക്കു പോകരുത്. അവര്‍ നിന്നെ സ്വാധീനിക്കരുത്. നീ അവരെ സ്വാധീനിക്കണം” (15:19). ലോകം നിന്നെ സ്വാധീനിക്കാന്‍ അനുവദിക്കരുത്. ദുഷിച്ച ക്രൈസ്തവ ലോകം നിന്നെ സ്വാധീനിക്കരുത്. പിന്മാറ്റത്തിലിരിക്കുന്ന പാസ്റ്റര്‍മാരോ പണസ്‌നേഹികളായ പ്രസംഗകരോ നിന്നെ സ്വാധീനിക്കരുത്. ദൈവം നിങ്ങളെ സ്വാധീനിക്കട്ടെ. തുടര്‍ന്നു മറ്റുള്ളവരെ ദൈവഭക്തിയിലേക്ക് ആകര്‍ഷിക്കുന്നതിന് അത് ഇടയാക്കട്ടെ. ദൈവത്തിന്റെ വാഗ്ദാനം ഇതാണ്: അവിടുന്നു നമ്മെ ”ഒരു ഉറപ്പുള്ള താമ്രഭിത്തി ആക്കിത്തീര്‍ക്കും. ആരും നിന്നെ ജയിക്കുകയില്ല” (15:20). ഹല്ലേലുയ്യാ!

ദൈവത്തിന്റെ ദാസനാകുന്നതിന് ഒരു വലിയ വില നല്‍കേണ്ടതുണ്ട്. യിരെമ്യാവിന്റെ കാര്യത്തില്‍ അതിന്റെ ഒരു ഭാഗം, തുടര്‍ന്നുള്ള ജീവിതത്തില്‍ അവന്‍ അവിവാഹിതനായിരിക്കണം എന്നതായിരുന്നു. ദൈവം അവനോട് പറഞ്ഞു ”നീ ഒരു ഭാര്യയെ എടുക്കരുത്. നിനക്ക് ഇവിടെ പുത്രന്മാരും പുത്രിമാരും ഉണ്ടാകുകയും അരുത്!!” (16:2). പൗലൊസിനേയും യിരെമ്യാവിനേയും പോലെ ചിലരെ ദൈവം ഏകരായിരിക്കുവാന്‍ വിളിച്ചിരിക്കുന്നു. അവര്‍ ആ വിളി സ്വീകരിക്കുവാന്‍ തയ്യാറായിരിക്കണം. ഒരു വിലാപ ഭവനത്തിലേയ്‌ക്കോ വിരുന്നു വീട്ടിലേയ്‌ക്കോ പോകുവാന്‍ യിരെമ്യാവിന് അനുവാദം ഉണ്ടായിരുന്നില്ല (16:5,8). പ്രവാചകന്മാര്‍ക്ക് അവരുടെ ഭക്ഷണശീലം അച്ചടക്കമുള്ളതാകേണ്ടിയിരുന്നു. യിരെമ്യാവിനെ കുറിച്ച് ആളുകള്‍ എന്താണ് പറഞ്ഞിരിക്കുകയെന്ന് നിങ്ങള്‍ക്ക് അറിയാമോ? ‘സാമൂഹിക ബന്ധമില്ലാത്ത ഒരുവന്‍’ എന്നായിരിക്കും അവര്‍ അവനെ മുദ്രയിട്ടിരിക്കുക. മറ്റുള്ളവരെപ്പോലെ അലഞ്ഞു നടക്കാന്‍ അവനു സമയമില്ലാതിരുന്നതിനാല്‍ അവന്‍ സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെട്ടവനായിരുന്നു. ദൈവത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍ ലഭിക്കുന്നതിനായി ദൈവ മുമ്പാകെ അവനു കാത്തിരിക്കേണ്ടതു ണ്ടായിരുന്നു. പല ആളുകള്‍ക്കും ദൈവത്തിന്റെ വക്താവാകണം. എന്നാല്‍ അവര്‍ അതിനുള്ള വില കൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെയുള്ള പ്രസംഗകര്‍ ദൈവജനത്തിന് ഒരു നന്മയും ചെയ്യുന്നില്ലെന്നു മാത്രമല്ല അവര്‍ ദോഷം ചെയ്യുകയുമാണ്.

അധ്യായം 17:5-8 വരെയുള്ള വാക്യങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുന്നതിനെ സംബന്ധിച്ചും മനുഷ്യരില്‍ ആശ്രയിക്കുന്നതിനെ സംബന്ധിച്ചും നമ്മോട് പറയുന്ന അനുഗ്രഹിക്കപ്പെട്ട ഒരു വേദഭാഗമാണ്. ദൈവം യിരെമ്യാവിലൂടെ ജനത്തോട് പറയുന്നു: ”മനുഷ്യനില്‍ ആശ്രയിച്ച് ജഡത്തെ തന്റെ ഭുജമാക്കിയ മനുഷ്യന്‍ ശപിക്കപ്പെട്ടവന്‍. എന്നാല്‍ യഹോവയില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ അനുഗ്രഹിക്കപ്പെട്ടവന്‍. അവന്‍ വെള്ളത്തിനരികെ നട്ടിരിക്കുന്ന വൃക്ഷം പോലെയാണ്. അവന്‍ എല്ലായ്‌പ്പോഴും ഫലം കായിച്ചുകൊണ്ടിരിക്കും.” ദൈവത്തില്‍ ആശ്രയിക്കുക യെന്നാല്‍ ദൈവത്തില്‍ മാത്രം പൂര്‍ണ്ണമായി ആശ്രയിക്കുക എന്നതിനോടൊപ്പം നമ്മുടെ തന്നെ സ്വന്തം കഴിവുകളിലോ ഏതെങ്കിലും മനുഷ്യരിലോ സഹായത്തിനായി ആശ്രയിക്കരുത് എന്നു കൂടിയാണ്. നമ്മെ സഹായിക്കുന്നതിനു ദൈവം പലപ്പോഴും മറ്റുള്ളവരെ ഉപയോഗിക്കാറുണ്ടെങ്കിലും അവിടുന്ന് ആഗ്രഹിക്കുന്നത് നമ്മുടെ ആശ്രയം തന്നില്‍ മാത്രമായിരിക്കണമെന്നാണ്. അങ്ങനെ വിശ്വാസമുള്ള ഒരു മനുഷ്യന്‍ ജീവിതത്തിന്റെ എല്ലാ സമയത്തും ഫലം പുറപ്പെടുവിക്കും. അവന്‍ ഒരിക്കലും വരണ്ടു പോകയില്ല. എപ്പോഴും അവനെ ഉന്മേഷത്തോടെ കാണും. കാരണം അവന്റെ ആന്തരിക ജീവന്‍ പരിശുദ്ധാത്മ നദിയില്‍ നിന്നും സദാ വെള്ളം വലിച്ചെടുക്കുന്നു

അധ്യായം 17:21-24 വാക്യങ്ങളില്‍, കൂടുതല്‍ പണം സമ്പാദിക്കുന്നതിന് ശബ്ബത്ത് നാളില്‍ വേല ചെയ്യുന്ന ദ്രവ്യാഗ്രഹികളായവരെ ശാസിക്കുന്നു.

അധ്യായം 18: ഇവിടെ ഒരു കുശവന്‍ തന്റെ ഭവനത്തില്‍ മണ്‍പാത്രങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ നിന്നും ചില പാഠങ്ങള്‍ ദൈവം യിരെമ്യാവിനെ പഠിപ്പിക്കുന്നു. ഒരു പാത്രം ശരിയായി വന്നില്ലെങ്കില്‍ അയാള്‍ ആ കളിമണ്ണ് കൊണ്ടു തന്നെ മറ്റൊന്ന് നിര്‍മ്മിക്കും. ഇത് യെഹുദയ്ക്കുള്ള പ്രോത്സാഹനത്തിന്റെ വചനമായിരുന്നു. അവര്‍ പിന്മാറ്റത്തില്‍ ആയിരുന്നെങ്കിലും ദൈവത്തിന് അവരെ വീണ്ടും യഥാസ്ഥാനപ്പെടുത്തുവാന്‍ കഴിയുമായിരുന്നു. നിങ്ങളുടെ ജീവിതത്തിലും ദൈവത്തിന് അത് സാധിക്കും. ദൈവത്തോട് പ്രതികരിക്കാതിരുന്നതിനാല്‍ നിങ്ങളുടെ ജീവിതം ദുഷിച്ച് പോയിരിക്കാം. നിങ്ങള്‍ക്കു പ്രത്യാശയ്ക്കു വകയില്ലെന്നാണോ നിങ്ങള്‍ കരുതുന്നത്? യിരെമ്യാവ് 18 വായിക്കുക. നിങ്ങള്‍ക്കു പ്രത്യാശയ്ക്കു വകയുണ്ട്. നിങ്ങളെ താഴ്ത്തുവാന്‍ ദൈവത്തിനു സാധിച്ചാല്‍, ദൈവത്തിനു നിങ്ങളെ അവിടുത്തെ മഹത്വത്തിനുള്ള ഒരു പാത്രമായി നിര്‍മ്മിക്കുവാന്‍ വീണ്ടും സാധിക്കും. എന്തു കൊണ്ടാണ് കുശവന്റെ മണ്‍പാത്രം ശരിയാകാതിരുന്നത്? കാരണം ആ കളിമണ്ണില്‍ കുറച്ചു ഭാഗം കുശവന് പൊടിക്കാന്‍ കഴിയാത്ത വിധം കഠിനമായിരുന്നു. നിങ്ങളുടെ കാഠിന്യത്തേയും നിഗളത്തേയും തകര്‍ക്കാന്‍ ദൈവത്തെ അനുവദിച്ചാല്‍ അവിടുത്തേയ്ക്കു നിങ്ങളെ അവിടുത്തെ മഹത്വത്തിനുള്ള ഒരു പാത്രമാക്കി മാറ്റാന്‍ സാധിക്കും.

അധ്യായം 20:7-11: ഇവിടെ യിരെമ്യാവ് ഇങ്ങനെ പരാതിപ്പെടുന്നു: ”ദൈവമേ, അവിടുന്ന് എന്നെ ഈ ജനത്തോടു കരുണയോടെ ഒരു വാക്കു സംസാരിക്കുവാന്‍ അനുവദിക്കുന്നില്ല. എപ്പോഴും പറയുന്നതു ‘ന്യായവിധി, ന്യായവിധി’ എന്നു മാത്രമാണ്.” പലരും സന്തുലിതമായി പ്രസംഗിച്ച് അംഗീകാരം നേടാന്‍ ആഗ്രഹിക്കുന്നു. ഉപദേഷ്ടാക്കന്മാര്‍ക്ക് അതു കുഴപ്പമില്ല. എന്നാല്‍ ഒരു പ്രവാചകന്‍ ഒരിക്കലും സന്തുലിതമായി പ്രസംഗിക്കുന്നവനല്ല. എല്ലാ പ്രവാചകന്മാരും അസന്തുലിതമായി ശുശ്രൂഷ ചെയ്യുന്നവരാണ്. അവര്‍ക്കു ദൈവത്തില്‍ നിന്നും ഒരു സന്ദേശം ലഭിക്കുമ്പോള്‍ അവര്‍ സന്ദേശം എന്നും പ്രസംഗിച്ചുകൊണ്ടിരിക്കും. ന്യായവിധിയുടെ ഒരേ സന്ദേശം യിരെമ്യാവ് 40 വര്‍ഷം തുടര്‍ച്ചയായി പ്രസംഗിച്ചു കൊണ്ടിരുന്നു. ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലും ദൈവം ചില പ്രത്യേക ഹൃദയഭാരത്തോടെ ചില പ്രവാചകന്മാരെ എഴുന്നേല്പിക്കും. മറ്റ് ക്രിസ്ത്യാനികള്‍ക്ക് ആ ഹൃദയഭാരം ഉണ്ടാകണമെന്നില്ല. ഒരു പ്രവാചകന് ഒരു ഹൃദയഭാരം മാത്രമായിരിക്കും നല്‍കുക. അതില്‍ അവന്‍ വിശ്വസ്തനായിരുന്നാല്‍ മാത്രമേ അവന്‍ ദൈവത്തിന്റെ പ്രവാചകനായി തീരുകയുള്ളു. മറ്റ് ക്രിസ്ത്യാനികളുടെ സ്വാധീനത്താല്‍ അവന്‍ സന്തുലിതമായ ഒരു ശുശ്രൂഷയിലേക്കു തിരിയരുത്. ആ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി അയാള്‍ ഒരു സന്തുലിത ശുശ്രൂഷ ആരംഭിക്കുന്ന ദിവസം അവന്‍ ആ തലമുറയിലെ ദൈവത്തിന്റെ പ്രവാചകന്‍ എന്ന സ്ഥാനത്ത് നിന്നു മാറ്റപ്പെടും. ദൈവം യിരെമ്യാവിനു യെഹൂദയിലെ ജനത്തിനു വേണ്ടി കരുണയുടെ ഒരു വാക്കുപോലും ഇല്ലാതെ ‘ന്യായവിധി’ എന്ന ഏക സന്ദേശം മാത്രം നല്‍കി. അദ്ദേഹം വിശ്വസ്തതയോടെ 40 വര്‍ഷം അതില്‍ തുടര്‍ന്നു. അതിനാല്‍ അദ്ദേഹത്തിന്റെ അന്ത്യം വരെ അദ്ദേഹം ദൈവത്തിന്റെ വക്താവായിരുന്നു.

പലരും അവനെ നശിപ്പിക്കുവാനും നിന്ദിക്കുവാനും ശ്രമിച്ചു (20:10). അടുത്ത സ്‌നേഹിതന്മാര്‍ പോലും അദ്ദേഹത്തിന്റെ വീഴ്ചയ്ക്കുവേണ്ടി കാത്തിരുന്നു. ദൈവം ഒരു യുദ്ധവീരനെപ്പോലെ തന്റെ കൂടെയുള്ളതു കൊണ്ട് തന്നെ പീഡിപ്പിക്കുന്നവര്‍ ഇടറി വീഴുമെന്നും, അവര്‍ ജയിക്കയില്ലെന്നും അവര്‍ എന്നും ലജ്ജിതരായി തീരുമെന്നുമുള്ള ആത്മവിശ്വാസം യിരെമ്യാവിന് ഉണ്ടായിരുന്നു (20:11). ദൈവം യിരെമ്യാവിന്റെ വിശ്വാസത്തോട് ഒപ്പം നിന്നു. അതിനാല്‍ കൃത്യമായി അങ്ങനെ തന്നെ സംഭവിച്ചു. അങ്ങനെയാണ് ദൈവം തന്റെ പ്രവാചകന്മാരെ സംരക്ഷിക്കുന്നത്.

ക്രിസ്തുവും പുതിയ ഉടമ്പടിയും

അധ്യായം 23:5,6: ഇവിടെ യിരെമ്യാവ് കര്‍ത്താവായ യേശുക്രിസ്തുവിന്റെ വരവിനെക്കുറിച്ചു പ്രവചിക്കുന്നത് നാം കാണുന്നു. ഇവിടെ ”നീതിയുള്ള ശാഖ” എന്നും ”നമ്മുടെ നീതിയായ ദൈവം” എന്നും യേശുക്രിസ്തുവിനെ വിളിക്കുന്നു. നമ്മെ നീതികരിച്ച് അവിടുത്തെ നീതി നമ്മുടെ മേല്‍ ആക്കുന്ന ഒരു ദൈവത്തെയാണ് ഈ സംജ്ഞകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒരു പുതിയ നിയമ സംജ്ഞയാണ്. യിരെമ്യാവ് പുതിയ നിയമത്തെ സംബന്ധിച്ച് ചിലത് പ്രവചിച്ചിരുന്നു. ഈ അധ്യായം എല്ലാ പ്രസംഗകരും വായിക്കേണ്ട ഒന്നാണ്. ഗൗരവത്തോടെ സ്വീകരിക്കേണ്ട പല മുന്നറിയിപ്പുകളും ഇതിലുണ്ട് എന്നതാണ് അതിനുള്ള കാരണം. ഇവിടെ വ്യാജ പ്രവാചകന്മാരെ തുറന്നു കാട്ടുകയും തള്ളിക്കളയുകയും ചെയ്യുന്നു. അവര്‍ വ്യാജ പ്രവാചകരായതിനു കാരണം അവര്‍ ദൈവത്തെ ശ്രദ്ധയോടെ കേള്‍ക്കുന്നതിനു സമയം കണ്ടെത്തിയില്ല എന്നതാണ് (23:18). അവര്‍ ദൈവത്തിന്റെ മുമ്പാകെ നിന്ന് അവിടുത്തെ വചനം കേള്‍ക്കുന്നതിനു മനസ്സില്ലാത്ത മടിയന്മാരായിരുന്നു. ബഹുമാനവും പണവും ആഗ്രഹിക്കുന്ന ധാരാളം വ്യാജ പ്രവാചകന്മാര്‍ ഇന്നും ക്രൈസ്തവ ലോകത്തില്‍ ഉണ്ട്. തങ്ങള്‍ സ്വപ്നത്തില്‍ കണ്ടു എന്ന വിധം ചില വ്യാജ പ്രവചനങ്ങള്‍ അവര്‍ നടത്തുന്നു. അവരെ ശ്രദ്ധിക്കരുതെന്ന് യിരെമ്യാവ് ജനത്തിനു മുന്നറിയിപ്പ് നല്‍കുന്നു. അവര്‍ സ്വയം ചില സന്ദേശങ്ങള്‍ കണ്ടുപിടിച്ച് ”ദൈവം ഇങ്ങനെ അരുളിച്ചെയ്യുന്നു” എന്നു പറയുന്നു. എന്നാല്‍ ദൈവം അവരോട് സംസാരിച്ചിട്ടില്ല. ഇന്നും അനേകര്‍ ഈ പ്രയോഗം അശ്രദ്ധമായി ഉപയോഗിക്കുന്നു. ദൈവം സംസാരിച്ചോ എന്ന് ഉറപ്പില്ലാത്തപ്പോള്‍ എഴുന്നേറ്റ് നിന്ന് ”ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്നു പറയുന്നത് വളരെ അപകടകരമാണ്. ദൈവഭയമില്ലാത്തവര്‍ ഇത്തരം പ്രയോഗങ്ങള്‍ ഇന്നും നടത്തുന്നു. അവര്‍ അവരുടെ മനസ്സില്‍ തോന്നുന്നത് പറയുന്നു. ഇത് വലിയ അപകടവും ദോഷവും ആണ്. അത്തരം ആളുകള്‍ ഈ അധ്യായം വായിച്ച് ദൈവഭയം അഭ്യസിക്കുന്നതിനു ഞാന്‍ ശുപാര്‍ശ ചെയ്യുന്നു. ദൈവം തീര്‍ച്ചയായും സംസാരിക്കും. പക്ഷേ അവിടുന്ന് സംസാരിക്കുന്നത്, പൗലൊസിനെപ്പോലെ താഴ്മയോടെ ഇങ്ങനെ പറയുന്നവരിലൂടെയാണ്: ‘എനിക്കും ദൈവാത്മാവുണ്ടെന്നു കരുതുന്നു’ (1കൊരി. 7:40). അല്ലാതെ ധാര്‍ഷ്ഠ്യത്തോടെ ”ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്നു പറയുന്നവരിലൂടെയല്ല. ഇന്ന് ആയിരക്കണക്കിന് അത്തരം വ്യാജ പ്രവാചകന്മാര്‍ ക്രൈസ്തവ ലോകത്തിലുണ്ട്. അവരെ സൂക്ഷിക്കുക. ദൈവവചനം തീ പോലെയും പാറയെ തകര്‍ക്കുന്ന ചുറ്റിക പോലെയുമാണെന്ന് അവിടുന്നു പറയുന്നു (23:29). എന്തുകൊണ്ടാണ് പല പ്രസംഗകരുടെയും വാക്കുകള്‍ക്കു കഠിന ഹൃദയങ്ങളെ തകര്‍ത്ത് അഗ്നിയായി ജ്വലിക്കുവാന്‍ കഴിയാത്തത്? അവരുടെ വാക്കുകള്‍ ദൈവത്തില്‍ നിന്നുള്ളവയല്ല എന്നതാണ് അതിനു കാരണം.

അധ്യായം 25:3: യിരെമ്യാവിന്റെ ശുശ്രൂഷയുടെ മധ്യഭാഗമാണിവിടെ. അദ്ദേഹം പറയുന്നു. താന്‍ കഴിഞ്ഞ 23 വര്‍ഷങ്ങള്‍ യെഹൂദയിലെ ജനങ്ങളോട് പ്രവചിച്ചു. എന്നാല്‍ അവര്‍ തന്നെ ശ്രദ്ധിച്ചില്ല. എങ്കിലും അദ്ദേഹം യെഹൂദ 70 വര്‍ഷം അടിമകളായി കഴിയേണ്ടി വരുമെന്ന് ആത്മാര്‍ത്ഥതയോടെ പ്രവചിച്ചുകൊണ്ടിരുന്നു. അവര്‍ക്ക് അത് സംഭവിക്കുകയും ചെയ്തു.

അധ്യായം 26:20-24-ല്‍ ദൈവത്തിന്റെ പരമാധികാരം സംബന്ധിച്ച് ചിലത് കാണുന്നു. ആ കാലഘട്ടത്തില്‍ അത്ര അറിയപ്പെടാത്ത ഊരിയാവ് എന്നൊരു പ്രവാചകനും ജീവിച്ചിരുന്നു. അദ്ദേഹവും യിരെമ്യാവിന്റെ അതേ സന്ദേശമാണ് പ്രവചിച്ചിരുന്നത്. ഇത് ഇഷ്ടപ്പെടാഞ്ഞ യെഹോയാക്കീം രാജാവ് അയാളെ കൊല്ലാന്‍ ശ്രമിച്ചു (വാ. 21). ഇതു മനസ്സിലാക്കി ഊരിയാവ് ഈജിപ്തിലേക്കു ഓടിപ്പോയി. എന്നാല്‍ യെഹോയാക്കീം രാജാവ് ഈജിപ്തിലേക്ക് ആളയച്ച് ഊരിയാവിനെ പിടിച്ച് തന്റെ മുമ്പാകെ കൊണ്ടുവന്ന് അദ്ദേഹത്തിനു വധശിക്ഷ നല്‍കി. ഇതേസമയം ദൈവം തന്റെ പരമാധികാരത്തില്‍ യിരെമ്യാവിനെ സംരക്ഷിച്ചു. ”എന്നാല്‍ യിരെമ്യാവിനെ ജനത്തിന്റെ കയ്യില്‍ എല്പിച്ച് കൊല്ലാതിരിക്കുവാനായി ശാഫാന്റെ മകനായ അഹീക്കാം അദ്ദേഹത്തിനു തുണയായിരുന്നു”(26:24). ഈ രണ്ട് പ്രവാചകന്മാരും ഒരേ സന്ദേശമാണ് വിശ്വസ്തതയോടെ പ്രസംഗിച്ചത്. ഒരാള്‍ കൊല്ലപ്പെട്ടു; മറ്റെയാള്‍ രക്ഷപ്പെട്ടു. ഇതിനു സമാനമാണ് യാക്കോബിനും പത്രൊസിനും സംഭവിച്ചത്. യാക്കോബ് കൊല്ലപ്പെട്ടു; പത്രൊസ് സ്വതന്ത്രനായി (പ്രവൃ. 12). ചിലപ്പോള്‍ ദൈവം തന്റെ വിശ്വസ്ത ദാസരില്‍ ഒരാളെ കൊല്ലപ്പെടുന്നതിന് അനുവദിക്കുകയും മറ്റൊരാളെ രക്ഷപ്പെടുത്തുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് നാം ആശ്ചര്യപ്പെടും. ദൈവത്തിന് ഓരോരുത്തരെക്കുറിച്ചും വ്യത്യസ്ത പദ്ധതികളാണ് ഉള്ളതെന്നതാണ് ഇതിനു കാരണം. ഊരിയാവ് ദൈവത്തിന്റെ പദ്ധതി പ്രകാരമുള്ള ശുശ്രൂഷ പൂര്‍ത്തിയാക്കി. എന്നാല്‍ യിരെമ്യാവിനുള്ള ദൈവത്തിന്റെ പദ്ധതി പ്രകാരമുള്ള ശുശ്രൂഷ അപ്പോഴും പൂര്‍ത്തി ആയിരുന്നില്ല. നാം ഇതില്‍ നിന്നും പഠിക്കുന്നത്, നിങ്ങള്‍ ദൈവത്തിന്റെ വിശ്വസ്ത ദാസനാണെങ്കില്‍ നിങ്ങളെ ആളുകള്‍ കൊല്ലാന്‍ ശ്രമിച്ചാലും വ്യാകുലപ്പെടേണ്ടതില്ല. നിങ്ങള്‍ക്കുള്ള ദൈവ ത്തിന്റെ സമയം ആയിട്ടില്ലെങ്കില്‍, ഏതെങ്കിലും വിധത്തില്‍ ദൈവം നിങ്ങളുടെ ജീവനെ സംരക്ഷിക്കും. ദൈവത്തിന്റെ സമയത്തിനു മുന്‍പ് നിങ്ങളെ ആര്‍ക്കും കൊല്ലാന്‍ കഴിയുകയില്ല. ദൈവം രാജാവിന്റെ സെക്രട്ടറിയെ യിരെമ്യാവിനു അനുകൂലമാക്കി തീര്‍ത്തു. അങ്ങനെ യിരെമ്യാവിന്റെ ജീവന്‍ രക്ഷിച്ചു. യിരെമ്യാവിന്റെ ദൈവം നമ്മുടെയും ദൈവമാണ്. അവിടുന്നു നമുക്കു വേണ്ടിയും അതു ചെയ്യും. ”ഹല്ലേലുയ്യ.”

അധ്യായം 29 മുതല്‍ അധ്യായം 33 വരെ, യിസ്രായേലിനു ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന വീണ്ടെടുപ്പിനെ സംബന്ധിച്ചും പുതിയ ഉടമ്പടിയെ സംബന്ധിച്ചും വായിക്കുന്നു. യെഹൂദാ ജനം 70 വര്‍ഷം അടിമത്വത്തില്‍ ആയിരിക്കും (29:10). ഈ പ്രവചനം വായിച്ചപ്പോഴാണ് ദാനീയേല്‍ ഉണര്‍ത്തപ്പെട്ടത് (ദാനി. 9:2,3). തുടര്‍ന്നുള്ള വാക്യങ്ങളില്‍ യിരെമ്യാവ് കല്പിച്ചതാണ് ദാനിയേല്‍ ചെയ്തത് (29:11-14). ദൈവം അരുളിച്ചെയ്തു: ”നിങ്ങള്‍ എന്നെ അന്വേഷിക്കും. പൂര്‍ണഹൃദയത്തോടെ എന്നെ അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ എന്നെ കണ്ടെത്തും”(വാക്യം 13). പൂര്‍ണ്ണ ഹൃദയത്തോടെ തന്നെ അന്വേഷിക്കുന്ന ഒരുവനെ (ദാനിയേല്‍) കണ്ടെത്തിയപ്പോഴാണ് ദൈവം ബാബിലോണില്‍ നിന്നും യെരുശലേമിലേയ്ക്കുള്ള ദൈവജനത്തിന്റെ നീക്കം തുടങ്ങിയത്. ഇന്നും ദൈവജനം ആത്മീയ ബാബിലോണില്‍ നിന്നും ആത്മീയ യെരുശലേമി (യഥാര്‍ത്ഥ സഭ) ലേയ്ക്കുള്ള നീക്കം ആരംഭിക്കുന്നത് പൂര്‍ണ്ണഹൃദയ ത്തോടെ തന്നെ അന്വേഷിക്കുന്ന ചിലരെ ദൈവം കണ്ടെത്തുമ്പോഴാണ്. ദൈവത്തെ പൂര്‍ണ്ണ ഹൃദയത്തോടെ അന്വേഷിക്കാത്തവര്‍ ദൈവത്തെ ഒരിക്കലും കണ്ടെത്തു കയില്ല. ജാഗ്രതയോടെ തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്ന് പ്രതിഫലം നല്‍കുന്നവനാണ് (എബ്ര. 11:6). യിരെമ്യാവ് പിന്നീട് ചില വ്യാജ പ്രവാചകന്മാരുടെ പേരു പറയുകയും, ദൈവജനം അവരെ ശ്രദ്ധിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു (29:21-32). ചില വ്യാജ പ്രവാചകന്മാരുടെ പേരുകള്‍ പറയുന്നതിന് യിരെമ്യാവ് ഭയപ്പെട്ടില്ല.

അധ്യായം 31:3: നമ്മെ ഉത്സാഹിപ്പിക്കുന്ന മനോഹരമായ ഒരു വചനമാണ്. ”നിത്യസ്‌നേഹത്തോടെ ഞാന്‍ നിന്നെ സ്‌നേഹിച്ചിരിക്കുന്നു; അതുകൊണ്ട് മഹാദയയോടെ ഞാന്‍ നിന്നെ എങ്കലേക്ക് അടുപ്പിച്ചിരിക്കുന്നു.” അവിടുന്നു നമ്മെ അവങ്കലേയ്ക്ക് അടുപ്പിക്കുന്നത് നാം അതിന് അര്‍ഹരായതു കൊണ്ടല്ല. എന്നാല്‍ മാറ്റമില്ലാത്ത നിത്യസ്‌നേഹത്താലാണ്.

അധ്യായം 32: ഇവിടെ സിദെക്കിയാവ് രാജാവിന്റെ കല്പനപ്രകാരം യിരെമ്യാവ് തടവിലാക്കപ്പെടുന്നത് നാം വായിക്കുന്നു. അദ്ദേഹം തടവിലായിരുന്നപ്പോള്‍ ദൈവം അദ്ദേഹത്തോട് സ്വദേശത്ത് ഒരു നിലം വിലയ്ക്കു വാങ്ങുവാന്‍ ആവശ്യപ്പെടുന്നു. ദൈവം തന്നിലൂടെ പ്രവചിച്ച കാര്യങ്ങള്‍ വിശ്വസിക്കുന്നുവെന്നു പ്രകടിപ്പിക്കുന്ന ഒരു പ്രവൃത്തി ആയിരുന്നു ഇത്. യുദ്ധം ആരംഭിക്കുവാന്‍ പോകുന്നുവെന്നും ശത്രു ഈ സ്ഥലമെല്ലാം പിടിച്ചടക്കാന്‍ പോകുന്നുവെന്നും അറിഞ്ഞിരിക്കെ ഇങ്ങനെ ചെയ്യുന്നത് മാനുഷികമായി വലിയ മടയത്തരമാണ്. എന്നാല്‍ യിരെമ്യാവ് തന്റെ സ്വന്തം പണംകൊണ്ട് ഈ സ്ഥലം വാങ്ങിയത്, 70 വര്‍ഷത്തിനുശേഷം ദൈവം തങ്ങളെ മടക്കിക്കൊണ്ടുവരുമെന്ന് ജനത്തിനു ബോധ്യപ്പെടുത്തിക്കൊടുക്കുന്നതിനു വേണ്ടിയാണ്. ആ നാളില്‍ തന്റെ ബന്ധു ജനങ്ങള്‍ക്ക് ആ തുണ്ടുഭൂമി അവകാശമാക്കാമെന്ന് അദ്ദേഹം കരുതി. ന്യായവിധിയുടെ കാലം അവസാനിച്ച ശേഷവും നിലനില്‍ക്കുന്ന ചിലതില്‍ അവന്‍ തന്റെ പണം നിക്ഷേപിച്ചു. ഈ ഭൂമിയില്‍ നിന്നും ഒന്നും നേടുകയില്ല എന്ന് അറിഞ്ഞുകൊണ്ടു തന്നെ നമ്മുടെ ജീവിതവും പണവും ദൈവവേലയ്ക്കായി സമര്‍പ്പിക്കുന്നതിനു സമാനമാണിത്. മാനുഷിക രീതിയില്‍ അത് മടയത്തരമാണ്. ബുദ്ധിമാനായ വ്യാപാരി ഒരിക്കലും എന്തെങ്കിലും ലാഭം ലഭിക്കാത്തയിടത്ത് പണം നിക്ഷേപിക്കുകയില്ല. എന്നാല്‍ നിത്യതയില്‍ ചിലത് ലഭിക്കും എന്നു വിശ്വസിച്ചുകൊണ്ട് യിരെമ്യാവ് ആ വിശ്വാസം ഈ വാക്കുകളില്‍ പ്രകടിപ്പിച്ചു: ”ദൈവമേ അങ്ങേയ്ക്ക് ഒന്നും അസാധ്യമല്ല”(32:17). ഈ വസ്തു വാങ്ങി യതുമായി ബന്ധപ്പെട്ടാണ് അവനിതു പറഞ്ഞത്. ദൈവം ഇങ്ങനെ ഉത്തരം നല്‍കുന്നു: ”ഞാന്‍ സകല ജഡത്തിന്റെയും ദൈവമാകുന്നു. എനിക്ക് അസാധ്യമായി വല്ലതും ഉണ്ടോ?” (32:27). നാം ഈ വാക്കുകള്‍ പാട്ടുകളില്‍ പാടാറുണ്ട്. എന്നാല്‍ നാം യിരെമ്യാവ് ചെയ്തതുപോലെ ചെയ്യാന്‍ തയ്യാറുണ്ടോ എന്നു ഞാന്‍ സംശയിക്കുന്നു.

അധ്യായം 33:3-ല്‍ ദൈവത്തിന്റെ മഹത്തായ മറ്റൊരു വാഗ്ദാനം നാം കാണുന്നു:”’എന്നെ വിളിച്ചപേക്ഷിക്കുക. ഞാന്‍ നിനക്ക് ഉത്തരമരുളും. നീ അറിയാത്ത മഹത്തും അഗോചരവുമായ കാര്യങ്ങള്‍ ഞാന്‍ നിന്നെ അറിയിക്കും.” എന്തൊരു ക്ഷണമാണിത്! ഈ പ്രവാചകന്മാര്‍ അനുഭവിച്ച അത്ഭുതങ്ങള്‍ അനുഭവിക്കണമെങ്കില്‍ നാം ദൈവത്തെ വിളിച്ചപേക്ഷിക്കണം. 33:15,16 വാക്യങ്ങളില്‍ ക്രിസ്തുവിന്റെ വരവ് സംബന്ധിച്ച മറ്റൊരു പ്രവചനം നാം കാണുന്നു.

യെരുശലേമിന്റെ പതനവും തുടര്‍സംഭവങ്ങളും

അധ്യായം 34 മുതല്‍ 45 വരെയുള്ള ഭാഗങ്ങളില്‍ നാം യെരുശലേമിന്റെ വീഴ്ചയെ ക്കുറിച്ച് വായിക്കുന്നു. ബാബിലോണ്യരുടെ മുമ്പില്‍ യെരുശലേം വീണു. അതിന്റെ നടുവില്‍ രേഖാബ്യ കുടുംബത്തിന്റെ മനോഹരമായ ഒരു കഥ നാം വായിക്കുന്നു (അധ്യായം 35). ദൈവം യിരെമ്യാവിനോട് രേഖാബ്യരെ ദേവാലയത്തിലേയ്ക്കു വിളിച്ചുവരുത്തി അവര്‍ക്കു കുടിക്കാന്‍ വീഞ്ഞു നല്‍കുന്നതിന് ആവശ്യപ്പെട്ടു. അദ്ദേഹം അങ്ങനെ ചെയ്തു. തങ്ങള്‍ വീഞ്ഞു കുടിക്കുകയില്ലെന്ന് ഈ രേഖാബ്യര്‍ പറഞ്ഞു. പൂര്‍വ്വ പിതാക്കന്മാര്‍ തങ്ങളോട് വീഞ്ഞു കുടിക്കരുതെന്നു പറഞ്ഞിട്ടു ണ്ടെന്നും തലമുറകളായി കഴിഞ്ഞ 200 വര്‍ഷം തങ്ങള്‍ അതനുസരിച്ച് വരികയാ ണെന്നും അവര്‍ പറഞ്ഞു. എത്ര മഹത്തായ അനുസരണം! അപ്പോള്‍ ദൈവം യിരെമ്യാവിനോട് പറഞ്ഞു: ”ഇതാ തങ്ങളുടെ പിതാക്കന്മാരുടെ വാക്കുകള്‍ വിശ്വസ്തതയോടെ അനുസരിക്കുന്ന ഒരു കുടുംബം. എന്നാല്‍ യെഹൂദ എന്നെ ശ്രദ്ധിച്ചു കേട്ടില്ല.” പിന്നീട് ദൈവം തന്റെ മുമ്പാകെ നില്‍ക്കുന്നതിനുള്ള അവകാശം രേഖാബ്യരുടെ കുടുംബത്തിനു നല്‍കുന്നു (35:19). ഇന്നും ക്രിസ്തീയ ലോകത്തിലെ അനേകം പിന്മാറ്റക്കാരുടെ ഇടയില്‍ സത്യസന്ധതയോടെ ദൈവത്തിനായി നില്‍ക്കുന്ന കുടുംബങ്ങളെ നിങ്ങള്‍ക്കു കണ്ടെത്താം. അങ്ങനെ തങ്ങളുടെ മാതാപിതാക്കന്മാരാല്‍ ദൈവിക വഴികളില്‍ വളര്‍ത്തപ്പെട്ട കുടുംബങ്ങള്‍ക്കായി ദൈവത്തെ സ്തുതിക്കാം.

അധ്യായം 36-ല്‍ ആദ്യമായി യിരെമ്യാവിനോട് ചിലത് എഴുതുവാന്‍ ആവശ്യപ്പെടുന്നു. ദൈവം അദ്ദേഹത്തോട് പറഞ്ഞു: ‘നീ ഒരു തോല്‍ചുരുള്‍ എടുത്ത് അതില്‍ എഴുതുക’ (വാക്യം 2). ദൈവം നമ്മോട് പറയുന്നത് നാം മറന്നുപോകാന്‍ സാധ്യതയുള്ളതുകൊണ്ട് അത് എഴുതി വയ്ക്കുന്നത് വളരെ നല്ലതാണ്. ഈ ചുരുളിനെക്കുറിച്ച് കേട്ട രാജാവ്, അതു തന്റെ മുമ്പാകെ കൊണ്ടുവരുവാന്‍ കല്പിച്ചു. അതില്‍ ഒരു ചെറിയ ഭാഗം വായിച്ചു കേട്ടപ്പോള്‍ തന്നെ അവന്‍ കോപിഷ്ഠനായി ആ ചുരുള്‍ മുറിച്ച് അഗ്നിയിലേക്കിട്ടു (36:22,23). അപ്പോള്‍ യിരെമ്യാവ് എന്താണ് ചെയ്തത്? (ഓര്‍ക്കുക നാം ഇന്നു വേദപുസ്തകത്തില്‍ വായിക്കുന്ന യിരെമ്യാവിന്റെ പുസ്തകമാണ് രാജാവ് അന്ന് നശിപ്പിച്ചത്) ”പിന്നീട് യിരെമ്യാവ് ബാരൂക്കിന്റെ കയ്യില്‍ മറ്റൊരു ചുരുള്‍ കൊടുത്തു. താന്‍ മുന്‍പ് എഴുതിയതെല്ലാം വീണ്ടും പറഞ്ഞുകൊടുത്തു. ഇത്തവണയാണ് ദൈവം കൂടുതല്‍ കാര്യങ്ങള്‍ ചേര്‍ത്തത്!!” (36:32). ഇതിനാലാണ് നമുക്കിന്ന് യിരെമ്യാവിന്റെ പുസ്തകത്തില്‍ 52 അധ്യായങ്ങള്‍ ഉള്ളത്. രാജാവ് ആ ചുരുള്‍ നശിപ്പിക്കുമ്പോള്‍ യിരെമ്യാവിന്റെ പുസ്തകത്തില്‍ 36 അധ്യായങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ദൈവം സാത്താന്റെ പദ്ധതികളെ തോല്പിക്കുന്നത് ഈ നിലയിലാണ്.

അധ്യായം 38-ല്‍ ബാബിലോണ്‍ യെഹൂദയെ പിടിച്ചടക്കും എന്ന് യിരെമ്യാവ് പ്രസംഗിച്ചത് കേള്‍ക്കാന്‍ ഇഷ്ടപ്പെടാതിരുന്ന രാജാവും അനുചരന്മാരും അദ്ദേഹത്തെ ചെളി നിറഞ്ഞ പൊട്ടക്കിണറ്റില്‍ ഇട്ടതായി നാം വായിക്കുന്നു. യിരെമ്യാവ് ആ ചെളിയില്‍ താണു മരിക്കേണ്ടതായിരുന്നു. എന്നാല്‍ പരമാധികാരിയായ ദൈവം തന്റെ ദാസന്റെ ജീവന്‍ സംരക്ഷിക്കുന്നത് നം കാണുന്നു. എത്യോപ്യക്കാരനായ ഏബെദ്‌മേലെക്ക് എന്നൊരാള്‍ രാജാവിനോട് അനുവാദം ചോദിച്ച് വാങ്ങി യിരെമ്യാവിനെ കിണറ്റില്‍ നിന്നു കയറ്റി ജീവന്‍ രക്ഷിച്ചു (38:6-13). തന്റെ വിശ്വസ്തദാസന്മാരെ സഹായിക്കുന്നതിനു തീര്‍ത്തും അപ്രതീക്ഷിതമായ സ്ഥലങ്ങളില്‍പോലും ദൈവത്തിന് ആളുകള്‍ ഉണ്ട്. ഏബെദ്‌മേലെക്ക് യിരെമ്യാവിനെ സഹായിച്ചതിനാല്‍, ജനങ്ങള്‍ അടിമകളായി പിടിക്കപ്പെടുമ്പോള്‍ അവന്‍ രക്ഷപ്പെടും എന്നു ദൈവം അവനു വാഗ്ദാനം നല്‍കി (39:16-18). തന്റെ ദാസന്മാര്‍ക്കു നല്‍കുന്ന ഒരു പാത്രം വെള്ളംപോലും ദൈവം മറക്കുന്നില്ല.

അധ്യായം 39:11-14: നെബുഖദ്‌നേസര്‍ യെരുശലേമില്‍ വന്നപ്പോള്‍ യിരെമ്യാവിനെ ക്കുറിച്ച് കേള്‍ക്കുകയും യിരെമ്യാവിനു വേണ്ടതു നല്‍കി അദ്ദേഹത്തെ സംരക്ഷിക്ക ണമെന്ന് സേനാനായകനോട് കല്പിക്കുകയും ചെയ്തു. ആ കാലഘട്ടത്തില്‍ ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിക്കുപോലും തന്റെ ദാസനോട് പ്രീതി തോന്നുവാന്‍ ഇടയാക്കിയ ദൈവത്തിന്റെ പ്രവൃത്തി എത്ര അത്ഭുതകരമാണ്! മാറ്റമില്ലാത്ത ദൈവം ഇന്നും തന്റെ ദാസന്മാര്‍ക്കായി അതു തന്നെ ചെയ്യും. അതിനാല്‍ നെബുസര്‍അദാന്‍ എന്ന സേനാനായകന്‍ യിരെമ്യാവിനോട് പറഞ്ഞു: ”ഞാന്‍ താങ്കളെ സ്വതന്ത്രനാക്കുന്നു. താങ്കള്‍ ഞങ്ങളോടൊപ്പം ബാബിലോണിലേക്കു വരുന്നെങ്കില്‍, ഞാന്‍ താങ്കളെ സംരക്ഷിക്കും. എന്നാല്‍ താങ്കള്‍ ബാബിലോണിലേക്കു വരാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കില്‍, താങ്കള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തേയ്ക്കു പോകാം”(40:4). ആ വിഗ്രഹാരാധകനായ മനുഷ്യന്‍ ദൈവത്തിന്റെ പ്രവാചകന് യെഹൂദയിലെ ജനങ്ങള്‍ നല്‍കിയതിനേക്കാള്‍ ആദരവ് നല്‍കി. യേശുവിന്റെ നാളുകളില്‍ ഗ്രീക്കുകാര്‍ യേശുവിനെ കാണുവാന്‍ ആഗ്രഹിച്ചപ്പോള്‍ യെഹൂദര്‍ അവിടുത്തെ ക്രൂശിച്ചു (യോഹ. 12:20,21). കഴിഞ്ഞ 20 നൂറ്റാണ്ടുകളിലും അങ്ങനെ തന്നെ ആയിരുന്നു. ദൈവം തങ്ങളുടെ ഇടയിലേക്ക് അയയ്ക്കുന്ന പ്രവാചകന്മാര്‍ക്കു ക്രിസ്ത്യാനികള്‍ വേണ്ട ബഹുമാനം നല്‍കുന്നില്ല.

യിരെമ്യാവിനു ബാബിലോണില്‍ പോയി സുഖമായി ജീവിക്കുന്നതിന് സാധിക്കുമായിരുന്നു. എന്നാല്‍ അദ്ദേഹം തന്നെ വെറുത്ത യെഹൂദജനത്തോടൊപ്പം കഴിയുവാന്‍ തീരുമാനിച്ചു. അവര്‍ പിന്നീട് ഈജിപ്തിലേക്കു പോകുവാന്‍ ആഗ്രഹിച്ചപ്പോള്‍, ദൈവം പറയുന്നത് അനുസരിക്കും എന്ന് വാഗ്ദാനം ചെയ്തു കൊണ്ട് ദൈവഹിതം അറിഞ്ഞ് തങ്ങളെ അറിയിക്കാന്‍ യിരെമ്യാവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ദൈവഹിതം ഈജിപ്തിലേക്കു പോകാതെ യഹൂദയില്‍ തന്നെ നില്‍ക്കണമെന്നതാണെന്നു യിരെമ്യാവ് അവരെ അറിയിച്ച അവസരത്തില്‍, അവര്‍ തിരിഞ്ഞ് ‘ദൈവമല്ല നിന്നിലൂടെ സംസാരിക്കുന്നതെ’ന്നു പറഞ്ഞു (42,43 അധ്യായങ്ങള്‍). തങ്ങളുടെ ഹിതമനുസരിച്ച് പ്രസംഗിക്കുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യന്റെ പിടിവാശി അവിടെ നമ്മള്‍ കാണുന്നു. അവര്‍ ദൈവത്തെ ധിക്കരിച്ച് ഈജിപ്തിലേക്കു പോയി. യിരെമ്യാവിനേയും അവരോടൊപ്പം കൊണ്ടുപോയി. അവിടെ യിരെമ്യാവ് ഈജിപ്തിലെ ക്ഷേത്രങ്ങള്‍ക്കെതിരെ പ്രവചിച്ചു. അവിടെയുള്ള യെഹൂദന്മാരോടും പ്രവചിച്ചു. പിന്നീട് നാം അദ്ദേഹത്തെ സംബന്ധിച്ച് ഒന്നും കേള്‍ക്കുന്നില്ല (43,44 അധ്യായങ്ങള്‍).

യിരെമ്യാവിന്റെ ഈ പ്രവചനങ്ങള്‍ എഴുതിയിരുന്നത് ബാരൂക്ക് എന്ന വ്യക്തിയാണ്. പിന്നീട് യിരെമ്യാവിലൂടെ ദൈവം ബാരൂക്കിന് ഒരു മുന്നറിയിപ്പ് നല്‍കുന്നു. ഈ മുന്നറിയിപ്പ് നമുക്കെല്ലാം ബാധകമായിട്ടുള്ള ഒന്നാണ്: ”നീ നിനക്കായി തന്നെ വന്‍കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുത്” (45:5). നമ്മുടെ ശുശ്രൂഷയ്ക്കു നാം ബഹുമാനം അന്വേഷിക്കരുത്. നമ്മുടെ ഗുരുവിനെപ്പോലെ വെറുക്കപ്പെടുവാനും നിന്ദിക്കപ്പെടുവാനുമാണു നാം വിളിക്കപ്പെട്ടിരിക്കുന്നത്. നെബുഖദ്‌നേസറിനെപ്പോലെയുള്ളവര്‍ നമ്മെ ആദരിക്കും. എന്നാല്‍ ദൈവജനം പലപ്പോഴും യഥാര്‍ത്ഥ പ്രവാചകന്മാര്‍ക്കു വേണ്ട ആദരവ് നല്‍കുന്നില്ല.

46-51 അധ്യായങ്ങളില്‍, തന്നോട് ദയവ് കാണിച്ച അന്നത്തെ വന്‍ശക്തിയായ ബാബിലോണ്‍ അടക്കം യെഹൂദയ്ക്കു ചുറ്റുമുള്ള വിവിധ രാഷ്ട്രങ്ങള്‍ക്കെതിരെയുള്ള ന്യായവിധി സംബന്ധിച്ച് യിരെമ്യാവിനു ദൈവം നല്‍കിയ പ്രവചനം നാം വായിക്കുന്നു. ഒരു യഥാര്‍ത്ഥ പ്രവാചകന്‍ ഭയമോ പരിഗണനയോ കൂടാതെ സത്യം സംസാരിക്കുന്നു.

അധ്യായം 48:10-ല്‍ നാം ഇങ്ങനെ വായിക്കുന്നു. ”ദൈവത്തിന്റെ വേല ഉദാസീനതയോടെ ചെയ്യുന്നവന്‍ ശപിക്കപ്പെട്ടവന്‍. രക്തം ചൊരിയാതെ ദൈവത്തിന്റെ ന്യായവിധി പ്രഘോഷിക്കാതെ വായ് (നാവ്) സൂക്ഷിച്ചു വയ്ക്കുന്നവനും ശപിക്കപ്പെട്ടവന്‍.” നാം എല്ലാവരും ഗൗരവത്തോടെ എടുക്കേണ്ട ഒരു മുന്നറിയിപ്പാണിത്.
അധ്യായം 48:11-ല്‍ ഇങ്ങനെ ഒരു മനുഷ്യനെ കുറിച്ച് വിശദീകരിക്കുന്നു: ”ബാല്യം മുതല്‍ അവന്‍ സുരക്ഷിതനായിരുന്നു. അവനെ ഒരു പാത്രത്തില്‍ നിന്നും മറ്റൊന്നിലേയ്ക്കു പകര്‍ന്നിട്ടില്ല. അതിനാല്‍ രുചിക്കോ മണത്തിനോ (സ്വാര്‍ത്ഥതയ്ക്ക്) മാറ്റം വന്നിട്ടില്ല.” പല ചെറുപ്പക്കാരും ഇങ്ങനെയാണ്. ദൈവത്തിന് അവരെ അവരുടെ ചെറുപ്പത്തില്‍ നുറുക്കുവാന്‍ കഴിയാത്തതിനാല്‍ അവരില്‍ ഒരു മാറ്റം ഉണ്ടാകുന്നില്ല. അവര്‍ കഠിനരും ധാര്‍ഷ്ഠ്യക്കാരും ദൈവത്തിനു പ്രയോജമില്ലാത്തവരും ആയി തുടരുന്നു.

ഒടുവില്‍ അധ്യായം 52-ല്‍ യെരുശലേമിന്റെ വീഴ്ചയെക്കുറിച്ച് നാം വായിക്കുന്നു.

അങ്ങനെ തുടര്‍ച്ചയായി 40 വര്‍ഷം ഒരു മാറ്റവുമില്ലാതെ വിശ്വസ്തതയോടെ ദൈവജനത്തോട് സുഖകരമല്ലാത്ത സന്ദേശം നല്‍കിക്കൊണ്ടിരുന്ന ഒരു പ്രവാചകന്റെ പുസ്തകം അവസാനിക്കുന്നു. അദ്ദേഹം മനുഷ്യരുടെ ദൃഷ്ടിയില്‍ ഒരു പരാജയമായിരുന്നുവെങ്കിലും ദൈവത്തിന്റെ ദൃഷ്ടിയില്‍ വലിയ വിജയമായിരുന്നു.
ദൈവം യിരെമ്യാവിനെപ്പോലെ പല പ്രവാചകന്മാരെ ഇന്ന് എഴുന്നേല്പിക്കട്ടെ!