വിജയവും പരാജയവും വഞ്ചനയും – WFTW 20 ആഗസ്റ്റ് 2017

സാക് പുന്നന്‍

 

യിരെമ്യാവ് 3:14ല്‍ യഹോവ ഇപ്രകാരം അരുളിചെയ്തു. ‘ഞാന്‍ നിങ്ങളെ ഒരു പട്ടണത്തില്‍ നിന്ന് ഒരുത്തനെയും ഒരു വംശത്തില്‍ നിന്ന് രണ്ടു പേരെയും വീതം എടുത്ത് സീയോനിലേക്ക് കൊണ്ടുവരും’. ഇവിടെ സീയോന്‍ ദൈവത്തിന്റെ സത്യസഭയുടെ ഒരു പ്രതീകമാണ്. ആ സഭയുടെ ഒരു അടയാളം, ദൈവത്തെക്കുറിച്ചുളള പരിജ്ഞാനം കൊണ്ടും അവിടുത്തെ വഴികളെക്കുറിച്ചുളള അറിവിനാലും അവരെ പോറ്റുന്ന ‘ദൈവത്തിന്റെ ഹൃദയപ്രകാരമുളള ഇടയന്മാരായ’ നേതാക്കന്മാര്‍ അവര്‍ക്കുണ്ട് എന്നതാണ് (യിരെ 3:15). അങ്ങനെയുളള നേതാക്കന്മാരെ നിങ്ങള്‍ കണ്ടെത്തുമ്പോള്‍ നിങ്ങള്‍ സീയോനിലെത്തിയിരിക്കുന്നു എന്ന് നിങ്ങള്‍ക്കറിയാന്‍ കഴിയും. നിങ്ങളുടെ സഭാനേതാക്കന്മാര്‍ അങ്ങനെ അല്ലെങ്കില്‍ നിങ്ങള്‍ സീയോന്‍ കണ്ടെത്തിയിട്ടില്ല എന്നു നിങ്ങള്‍ക്കുറപ്പാക്കാം. ദൈവഭക്തരായ നേതാക്കന്മാര്‍ക്ക് ബുദ്ധിശക്തിയിലല്ല മികവ് കൂടുതലുളളത്, എന്നാല്‍ മനസ്സലിവിലും, ദൈവജനത്തോടുളള സ്‌നേഹത്തിലും അവര്‍ മുന്‍പന്തിയിലാണ്. അവര്‍ ദൈവജനത്തെ ചൂഷണം ചെയ്യുകയില്ല, അവരുടെ സ്‌തോത്രകാഴ്ചകളിലല്ല അവര്‍ക്കു താത്പര്യം മറിച്ച് കര്‍ത്താവിനോടുകൂടെയുളള അവരുടെ നടപ്പിലാണ്.

യോശുവ 6:2ല്‍, യഹോവ യേശുവയോടു പറഞ്ഞു, ‘യെരീഹോവിനെ ഞാന്‍ നേരത്തെ തന്നെ നിന്റെ കയ്യില്‍ ഏല്‍പ്പിച്ചിരിക്കുന്നു’. സാത്താനെതിരെ യുദ്ധത്തിനു പോകുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട കാര്യം ഇതാണ് അവന്‍ കാല്‍വറിയില്‍ തോല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നും കര്‍ത്താവ് അവനെ നമ്മുടെ കാല്‍ക്കീഴില്‍ മെതിച്ചുകളയും എന്നും ( റോമര്‍ 16:20). ‘ അടുത്ത 7 ദിവസങ്ങള്‍ക്കുളളില്‍ ഞാന്‍ യെരീഹോവിനെ നിനക്കു നല്‍കുവാന്‍ പോകുകയാണ്’ എന്നല്ല കര്‍ത്താവ് യോശുവയോടു പറഞ്ഞത്. അല്ല. അവിടുന്നു പറഞ്ഞു. ‘ഞാന്‍ ആ പട്ടണം നിങ്ങള്‍ക്കു തന്നു കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ പോയി അത് കൈവശമാക്കുക മാത്രം ചെയ്യുക’.

യിസ്രായേല്യര്‍ ചെയ്യേണ്ടിയിരുന്ന ഒരേ ഒരു കാര്യം, ആ പട്ടണത്തിനു ചുറ്റും 7 ദിവസം കൊണ്ട് 13 പ്രാവശ്യം നടക്കുകയും അതിനുശേഷം 7ാം ദിവസം തങ്ങളുടെ കാഹളം ഊതുക എന്നതും മാത്രമായിരുന്നു. നിര്‍ഭാഗ്യവശാല്‍, ഒരു നഗരത്തെ ചുറ്റിയുളള ഈ നടപ്പും ആര്‍പ്പിടലും ചില വിശ്വാസികള്‍ കൈക്കൊണ്ടിരിക്കുന്ന ഒരു സമ്പ്രദായമായി അധഃപതിച്ചിട്ടുണ്ട്. ദൈവം കല്പിക്കുമ്പോള്‍ മാത്രമെ ഈ കാര്യങ്ങള്‍ എന്തെങ്കിലും വിലയുളളതാകുകയുളളു. നാം പോകുന്ന ഇടങ്ങിലെല്ലാം കാല്‍വറിയുടെ വിജയം ഉറപ്പിക്കുവാനാണ് നമ്മുടെ വിളി. സാത്താന്‍ പരാജിതനായിരിക്കുന്നു എന്നു നാം ഏറ്റുപറയണം. ‘ അവര്‍ സാത്താനോടു ‘സാത്താനെ, നീ കാല്‍വറി ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടു’ എന്നു പറയുന്ന തങ്ങളുടെ സാക്ഷ്യവചനത്താല്‍ സാത്താനെ ജയിച്ചു അവരുടെ കാഹളങ്ങള്‍ ഊതുന്നതിലൂടെ ( വെളിപ്പാട് 12:11). അവന്റെ പരാജയത്തെക്കുറിച്ച് സാത്താനെ കൂടെകൂടെ ഓര്‍പ്പിക്കുന്നത് എനിക്കു വളരെ സന്തോഷമാണ്. അവനതു കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് എനിക്കറിയാം.

ഒരിക്കല്‍ ഒരു സ്ത്രീയെ പ്രാര്‍ത്ഥനയ്ക്കായി എന്റെ വീട്ടിലേക്ക് കൊണ്ടു വന്നതു ഞാന്‍ ഓര്‍ക്കുന്നു. യേശുവിനെ കര്‍ത്താവും അവളുടെ രക്ഷകനുമായി സ്വീകരിക്കുവാനും സാത്താനോട് അവന്‍ കാല്‍വറി ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടിരിക്കുന്നു എന്നു പറയുവാനും ഞാന്‍ അവളോടാവശ്യപ്പെട്ടു. പെട്ടെന്ന് അവള്‍ വേറെ ഒരു ശബ്ദത്തില്‍ എന്നോട് ഉച്ചത്തില്‍ ഇങ്ങനെ പറഞ്ഞു, ‘ ഞാന്‍ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടിട്ടില്ല’. അവളുടെ ഉളളിലുണ്ടായിരുന്ന ഒരു ഭൂതമാണ് എന്നോട് സംസാരിച്ചു കൊണ്ടിരിക്കുന്നത് എന്ന് അപ്പോള്‍ ഞാന്‍ മനസ്സിലാക്കി. അതു കൊണ്ട് ഞാന്‍ ഭൂതത്തോടു പറഞ്ഞു. ‘ നീ ഭോഷ്‌ക് പറയുന്ന ഒരുവനാണ്. 2000 വര്‍ഷങ്ങള്‍ക്കു മുമ്പ് നീ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടു. യേശുവിന്റെ നാമത്തില്‍ അവളെ വിട്ടുപോകുക’. ഉടനെ ഭൂതം അവളെ വിട്ടുപോയി. അതിനുശേഷം അവള്‍ക്കു സാത്താനോട് ഇപ്രകാരം പറയുവാന്‍ കഴിഞ്ഞു, ‘ സാത്താനെ, നീ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടു’. അന്നു ഞാന്‍ ഒരു കാര്യം പഠിച്ചു അവന്‍ ക്രൂശില്‍ പരാജിതനാക്കപ്പെട്ടു എന്ന് ഓര്‍മ്മിപ്പിക്കുന്നത് പിശാചിന് ഇഷ്ടമല്ല. അതുകൊണ്ട് അവനോട് ആ കാര്യം കൂടെക്കൂടെ പറയുവാന്‍ ഞാന്‍ തീരുമാനിച്ചു, തന്നെയുമല്ല പതിവായി ആ കാര്യം പറയുവാന്‍ ലോകമെമ്പാടുമുളള വിശ്വാസികളെ പഠിപ്പിക്കുകയും ചെയ്തു.

പിശാചിനോട് അവന്‍ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടു എന്ന് എത്ര തവണ നിങ്ങള്‍ അവനോടു പറഞ്ഞിട്ടുണ്ട്? അത് ഇന്നു തുടങ്ങുക. അവന്‍ ക്രൂശില്‍ തോല്‍പ്പിക്കപ്പെട്ടു എന്ന് കൂടെക്കൂടെ അവനോടു പറയുക. നിങ്ങള്‍ അതു പറയുന്നതു കൊണ്ട് നിങ്ങളെ അവന്‍ വെറുക്കും. എന്നാല്‍ പിശാച് എന്നെ വെറുക്കുന്നത് എനിക്കിഷ്ടമാണ്, കാരണം അപ്പോള്‍ ഞാന്‍ ശരിയായ പാതയിലാണ് എന്ന് ഞാന്‍ അറിയും. പിശാചിനെ ഭയപ്പെടരുത്. നിങ്ങളുടെ സാക്ഷ്യ വചനം അവനോടു പ്രഖ്യാപിക്കുന്നതിലൂടെ, ദൈവത്തിന്റെ ശക്തിയാല്‍ അവനെ നിങ്ങളുടെ കാല്‍ക്കീഴിലാക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. ഇവിടെ ഞാന്‍ നിങ്ങളെ ഒരു എളുപ്പ വിദ്യ പഠിപ്പിക്കുകയല്ല. നിങ്ങളുടെ മനസ്സാക്ഷി നിര്‍മ്മലമായി സൂക്ഷിക്കാതെ, പിശാചിനെ എതിര്‍ക്കാന്‍ ശ്രമിച്ചാല്‍, അവന്‍ നിങ്ങളെ കളിയാക്കികൊണ്ട് പറയും, ‘ യേശുവിനെ ഞാന്‍ അറിയുന്നു, പൗലൊസിനെ എനിക്കു പരിചയമുണ്ട്, എന്നാല്‍ നീ ആരാണ്?’ (അപ്പൊ. പ്ര 19:15). അതുകൊണ്ട് ആദ്യം ദൈവത്തിനു കീഴടങ്ങുക അതിനുശേഷം പിശാചിനോടെതിര്‍ത്തു നില്‍ക്കുക ( യാക്കോബ് 4:7). ‘ നീ ഉറപ്പും ധൈര്യവുമുളളവനായിരിക്കുക,’ എന്ന് യഹോവ യോശുവയോടു പറഞ്ഞു (യോശുവ 1:7).

യോശൂവയുടെ പുസ്തകം 7ാം അദ്ധ്യായത്തില്‍ ആദ്യമായി യിസ്രായേല്‍ കനാനില്‍ തോപ്പിക്കപ്പെടുന്നതിനെക്കുറിച്ചു നാം വായിക്കുന്നു. യിസ്രായേല്‍ എന്തു കൊണ്ട് തോല്‍പ്പിക്കപ്പെട്ടു എന്ന് യോശുവ യഹോവയോടു ചോദിച്ചപ്പോള്‍ യഹോവ ഇപ്രകാരം മറുപടി പറഞ്ഞു, ‘ പാളയത്തിനകത്ത് പാപം ഉണ്ടായിരിക്കുന്നു’. അവരില്‍ ഒരാള്‍ വിലക്കപ്പെട്ട ചില കാര്യങ്ങള്‍ മോഷ്ടിച്ചിരിക്കുന്നു. ദൈവം അവരോട് വ്യക്തമായി ഇപ്രകാരം പറഞ്ഞു, ‘ യെരിഹോവിലുളള യാതൊന്നും നിങ്ങള്‍ എടുക്കരുത്. എല്ലാം യഹോവയ്ക്ക് ശപഥാര്‍പ്പിതമായി നല്‍കണം ( 6:17). ആഖാന്‍ ഒഴിച്ച് ബാക്കി എല്ലായിസ്രായേല്യരും ആ കല്‍പ്പന അനുസരിച്ചു (7:20). ഒടുവില്‍ അയാള്‍ പിടിക്കപ്പെടുകയും തുറന്നു കാട്ടപ്പെടുകയും ചെയ്തപ്പോള്‍, താന്‍ പാപം ചെയ്തിരിക്കുന്നു എന്ന് അയാള്‍ ഏറ്റു പറഞ്ഞു. മനോഹരമായ ഒരു ബാബിലോന്യവസ്ത്രം ഒരു വീട്ടില്‍ കണ്ടിട്ട് അയാള്‍ അതു മോഹിച്ചു. ( ബാബിലോണ്‍ എന്നതിന്റെ മറ്റൊരു വാക്കാണ് ‘ ശിനാര്‍’). അവന്‍ പറഞ്ഞു, ‘ ഞാന്‍ കണ്ടു, ഞാന്‍ മോഹിച്ചു, ഞാന്‍ എടുത്തു, ഞാന്‍ അതു മറച്ചു’ ( വാക്യം 21) പ്രലോഭനത്തിന്റെ നാലുപടികള്‍. ഇതു പോലെയാണ് നാം പാപം ചെയ്യുന്നതും അതിനു ശേഷം നമ്മുടെ പാപങ്ങളെ മറയ്ക്കുന്നതും. അനന്തരം ആഖാനെ കല്ലെറിഞ്ഞു കൊന്നു.

യെരിഹോവിലെ കൊളള മുതലൊന്നും എടുക്കുവാന്‍ തനിക്ക് അനുവാദമില്ല എന്ന് ആഖാന്‍ കേട്ടപ്പോള്‍, അയാള്‍ ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകണം, ‘ ഈ മല്ലന്മാരെ കൊന്ന് അവരുടെ പട്ടണങ്ങളെ പിടിച്ചടക്കിയശേഷം എനിക്ക് ഒന്നും ലഭിക്കാന്‍ പോകുന്നില്ല, അടുത്ത 20 വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ ഒരു ദരിദ്രനായി തീരും. അതു കൊണ്ട് എനിക്കുവേണ്ടി ഒരല്‍പ്പം എന്തെങ്കിലും സൂക്ഷിക്കുന്നത് നന്നായിരിക്കും. യഹോവ യിസ്രായേല്യരെ യെരിഹോവില്‍ വെച്ച് അവര്‍ ദുരാഗ്രഹികളാകുമോ എന്ന് ശോധന ചെയ്യുകയായിരുന്നു എന്ന് അവന്‍ ഒട്ടും മനസ്സിലാക്കിയില്ല. യോശുവ 8:2 ല്‍ നാം വായിക്കുന്നത്, പിന്നീടങ്ങോട്ട് കനാനിലുണ്ടായ യുദ്ധത്തിന്റ മുഴുവന്‍ കൊളള മുതലും അവര്‍ക്കു വേണ്ടി തന്നെ എടുത്തു കൊളളുവാന്‍ യഹോവ അ ജനത്തോടു പറഞ്ഞു! ആഖാന്‍ എന്തൊരു വിഡ്ഢിയായിരുന്നു. അവന്‍ കാത്തിരിക്കുക മാത്രം ചെയ്തിരുന്നെങ്കില്‍, അവന് ആവശ്യമുളള അത്ര വെളളിയും, സ്വര്‍ണ്ണവും, വസ്ത്രങ്ങളും അവനുലഭിക്കുമായിരുന്നു. ദൈവം അവനെ ശോധന ചെയ്തപ്പോള്‍ അവന്‍ പരാജയപ്പെട്ടതു കൊണ്ട് അവന് എല്ലാം നഷ്ടമായി. നിങ്ങള്‍ ദുരാഗ്രഹം കൊണ്ട് എന്തെങ്കിലും പിടിച്ചു പറിച്ചെടുക്കുമോ, എന്ന് ദൈവം നിങ്ങളെയും ശോധന ചെയ്യും. നിങ്ങള്‍ അങ്ങനെ ചെയ്താല്‍, നിങ്ങളുടെ ജീവിതത്തിന്റെ ശേഷിച്ച നാളുകളിലേക്കായി ദൈവം ഒരുക്കിയിരിക്കുന്ന ഏറ്റവും നല്ല കാര്യം, നിങ്ങള്‍ക്കു നഷ്ടപ്പെടും. അതിനു പകരം, നിങ്ങള്‍ മുന്നമെ ദൈവത്തിന്റെ രാജ്യം അന്വേഷിക്കുമെങ്കില്‍, നിങ്ങള്‍ക്ക് ആവശ്യമുളളതെല്ലാം എപ്പോഴും അവിടുന്നു നിങ്ങള്‍ക്കുതരും.

യോശുവ 8:26 ല്‍ ആഖാന്‍ കൊല്ലപ്പെട്ടതിനുശേഷം ഹായി പട്ടണക്കാര്‍ തോല്‍പ്പിക്കപ്പട്ടത് എങ്ങനെയെന്ന് നാം വായിക്കുന്നു. നമുക്ക് മുന്നോട്ട് നീങ്ങാന്‍ കഴിയണമെങ്കില്‍ അതിനു മുമ്പു നാം ഭൂതകാല കാര്യങ്ങള്‍ നേരെ ആക്കേണ്ടതുണ്ട്, അല്ലാത്തപക്ഷം നമ്മുടെ ജീവിതത്തിന്റെ ഹായികളില്‍ നാം പരാജയപ്പെട്ടുകൊണ്ടെയിരിക്കും. മൊശെ പര്‍വ്വതത്തിന്റെ മുകളില്‍ തന്റെ കൈ ഉയര്‍ത്തി പിടിച്ചതു പോലെ ഇവിടെ യോശുവ ഹായിക്കുനേരെ കുന്തം ഉയര്‍ത്തിപിടിച്ചതു നാം കാണുന്നു. അതിനുശേഷം അവന്റെ യോദ്ധാക്കള്‍ യുദ്ധം ചെയ്യുകയും ഹായി പരാജയപ്പെടുകയും ചെയ്തു. ഇനി നാം വിജയംനേടിയതിനു ശേഷം നമുക്കെല്ലാവര്‍ക്കും നേരിടുവാനുളള വലിയ അപകടം, നാം സ്വയം സംതൃപ്തരായി തീരുന്നു എന്നതാണ്. നാം ക്രിസ്തീയ ജീവിതത്തില്‍ ഉദാസീനരാകാന്‍ തുടങ്ങുന്ന ആ നിമിഷം, നാം വഞ്ചിതരാകുവാനുളള അപകടത്തിലാണ്. അതാണ് യോശുവയ്ക്കു സംഭവിച്ചത് ( അദ്ധ്യായം9) ചില ഗിബയോന്യര്‍ കൊല്ലപ്പെടേണ്ടിയിരുന്ന കനാന്യര്‍ വന്ന് യോശുവയെ കണ്ടു (9:4). അവര്‍ വളരെ തന്ത്രപൂര്‍വ്വം അഭിനയിക്കുകയും പഴകി ജീര്‍ണ്ണിച്ച വസ്ത്രങ്ങളും, ചെരിപ്പുകളും, പഴകി പൂപ്പല്‍ പിടിച്ച അപ്പവുമായി വന്ന്, അവര്‍ വളരെ അകലെ യുളള ഒരു സ്ഥലത്തു നിന്നു വരുന്നവരാണ് എന്ന് നടിക്കുകയും ചെയ്തു (9:5). അവര്‍ യിസ്രായേല്യരെക്കുറിച്ച് മുഖസ്തുതി പറയുകയും കൂടി ചെയ്തു. ആളുകള്‍ നമ്മെ പുകഴ്ത്തിപ്പറയുമ്പോള്‍ നാം വലിയ അപകടത്തിലാണ്. അപ്പോള്‍ വഞ്ചന വളരെ അടുത്താണ്. 9:14 ല്‍ നാം വായിക്കുന്നു, ‘ യിസ്രായേല്‍ പുരുഷന്മാര്‍ യഹോവയുടെ ഉപദേശം അന്വേഷിച്ചില്ല’. യോശുവ അവരെ വിശ്വസിച്ച് അവരെ കൊല്ലുകയില്ലെന്ന് അവരുമായി ഒരു ഉടമ്പടി ചെയ്തു. 3 ദിവസം കഴിഞ്ഞപ്പോള്‍, ഈ ആളുകള്‍ യുദ്ധത്തില്‍ കൊല്ലപ്പെടേണ്ടിയിരുന്ന കനാന്യരാണ് എന്ന് അവര്‍ കണ്ടെത്തി (വ:16) എന്നാല്‍ ആ സമയത്തിനകം യിസ്രായേല്യര്‍ അവരുമായി ഉടമ്പടി ചെയ്തു കഴിഞ്ഞു. അതിനാല്‍ അവര്‍ തങ്ങളുടെ വാക്കു പാലിക്കേണ്ടി വന്നു.

ഈ സംഭവത്തില്‍ നിന്ന് നമുക്കെന്താണ് പഠിക്കാന്‍ കഴിയുന്നത്? നമ്മോട് മുഖസ്തുതി പറഞ്ഞ് തെറ്റായ ചില ലക്ഷ്യങ്ങളോടു കൂടെ സഭയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവരാല്‍ നാം വഞ്ചിതരാകാതിരിപ്പാന്‍ നാം ശ്രദ്ധാലുക്കളായിരിക്കണമെന്ന് നമുക്കുളള ഒരു മുന്നറിയിപ്പാണിത്. ഇങ്ങനെയുളള കാര്യങ്ങളില്‍ ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം നമ്മുടെ സ്വന്ത വിവേകത്തില്‍ ആശ്രയിക്കാതെ കര്‍ത്താവിന്റെ ഉപദേശം അന്വേഷിക്കുക എന്നതാണ്. വലിയ വിജയങ്ങള്‍ നേടിക്കഴിഞ്ഞ ഉടനെ നാം പ്രത്യേകം ശ്രദ്ധയുളളവരായിരിക്കണം. അത്ഭുതകരമായ രോഗശാന്തി ശുശ്രൂഷയ്ക്കുശേഷമുളള സമയത്ത് യേശു എത്ര പെട്ടെന്നാണ് അവിടുന്നു മാറി വിജനപ്രദേശത്തേക്ക് പ്രാര്‍ത്ഥിക്കുവാനും, എല്ലാ മഹത്വവും പിതാവിനു നല്‍കുവാനുമായി പോയിരുന്നത് എന്ന് സുവിശേഷങ്ങളില്‍ നാം വായിക്കുന്നു. ( ലൂക്കോസ് 5:15,16). അതു നമുക്കൊരു മാതൃകയാണ്. നാം കര്‍ത്താവില്‍ നിന്ന് ഉപദേശം തേടാതിരിക്കുന്ന അപകടത്തിലാകുന്നത് എപ്പോഴാണ്? നാം ജയാളികളായി കഴിയുമ്പോള്‍ നാം പരാജിതരാകുമ്പോഴല്ല. ഒരു പരാജയത്തിനുശേഷമുളളതിനേക്കാള്‍ വലിയ അപകടത്തിലാണ്, ഒരു വിജയത്തിനുശേഷം നാം ആയിരിക്കുന്നത്. സാധാരണയായി ഒരു പരാജയത്തിനുശേഷം, നാം കര്‍ത്താവിനോട് കൂടുതല്‍ അടുത്തു ചെല്ലുന്നു കാരണം ഏതെങ്കിലും വിധത്തില്‍ നാം അവിടുത്തെ ദുഃഖിപ്പിച്ചിട്ടുണ്ട്. അല്‍പ്പ നേരത്തേക്ക് നാം ജയാളികളായി കഴിയുമ്പോള്‍ ആണ് നാം ആത്മീയ നിഗളം എന്ന അപകടത്തിലാകുന്നത്.

യോശുവ 10ാം അദ്ധ്യായത്തില്‍, 5 രാജാക്കന്മാര്‍ ഗിബയോനെ ആക്രമിക്കുകയും ഗിബയോന്യര്‍ യോശുവയുടെ സഹായം തേടുകയും ചെയ്തപ്പോള്‍ യഹോവ യോശുവയോട് ഇപ്രകാരം പറഞ്ഞു കൊണ്ട് പ്രോല്‍സാഹിപ്പിച്ചു. ‘ നീ അവരെ ഭയപ്പെടരുത്. ഞാന്‍ അവരെ നിന്റെ കയ്യില്‍ ഏല്‍പ്പിച്ചിരിക്കുന്നു. അവരില്‍ ഒരുത്തനും നിന്റെ മുമ്പില്‍ നില്‍ക്കുകയില്ല’. (വാ :8). എപ്പോഴുമുളള വാക്ക് ‘ ഞാന്‍ അവരെ നല്‍കിയിരിക്കുന്നു’ എന്നാണ്. യുദ്ധം തുടങ്ങുന്നതിനു മുമ്പു തന്നെ തീരുമാനിക്കപ്പെട്ടിരുന്ന പരിസമാപ്തി വിജയമായിരുന്നു. സാത്താനെതിരെ യുദ്ധം ചെയ്യാന്‍ പോകുമ്പോള്‍ നാമും ഇങ്ങനെതന്നെ ആയിരിക്കണം. സാത്താനും അവന്റെ ഭൂതങ്ങള്‍ക്കും നമ്മുടെ മുമ്പില്‍ നില്‍ക്കാന്‍ കഴിയുകയില്ല. ജീവിക്കുന്ന ദൈവത്തിന്റെ സഭയെ പാതാള ഗോപുരങ്ങള്‍ ഒരിക്കലും ജയിക്കുകയില്ല. യോശുവ അവരെ കണ്ടെത്തി അവരെ തോല്‍പ്പിച്ചു. ‘ അപ്പോള്‍ യിസ്രായേലിനു വിരോധമായി ഒരു വാക്കുപോലും ഉച്ചരിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല'(വാക്യം 21) അപ്പോള്‍ യോശുവ യിസ്രായേല്‍ പുരുഷന്മാരെ വിളിപ്പിച്ച് അവരോടു പറഞ്ഞു, ‘ഈ രാജാക്കന്മാരുടെ കഴുത്തില്‍ നിങ്ങളുടെ കാല്‍വെപ്പില്‍’ ( വാക്യം 24). റോമര്‍ 16:20 ല്‍ വേദപുസ്തകം പറയുന്നു, ‘ സമാധാനത്തിന്റെ ദൈവമോ വേഗത്തില്‍ സാത്താനെ (കാല്‍ വറിയിലല്ല) നിങ്ങളുടെ കാല്‍ക്കീഴില്‍ മെതിച്ചു കളയും. യേശു നേരത്തെ തന്നെ സാത്താനെ കാല്‍വറിയില്‍ തോല്‍പ്പിച്ചു. എന്നാല്‍ ഇപ്പോള്‍ സാത്താന്‍ നമ്മുടെ കാല്‍ക്കീഴില്‍ മെതിക്കപ്പെടും.

What’s New?