പരിശുദ്ധാത്മാവിൻ്റെ ശക്തിയാലാണ് വിജയം സാധ്യമാകുന്നത് – WFTW 21 ജൂലൈ 2024

സാക് പുന്നൻ

ദൈവം വെളിച്ചവും സ്നേഹവുമാണ് (1യോഹ.1:5,4:8). അവിടുന്ന് “അടുത്തു കൂടാത്ത വെളിച്ചത്തിൽ വസിക്കുന്നു” (1തിമൊ.6:16). കാരണം അവിടുന്ന് പരിശുദ്ധനാണ്, അവിടുന്ന് നമ്മെയും വിളിക്കുന്നത് വിശുദ്ധരാകാനാണ്.

എന്നാൽ ഒരു മനുഷ്യന്, വിശുദ്ധി ഉണ്ടാകുന്നത് പ്രലോഭനങ്ങളിൽ കൂടെ മാത്രമാണ്. ആദാം സൃഷ്ടിക്കപ്പെട്ടത് നിഷ്കളങ്കനായാണ്, നന്മതിന്മകളെ കുറിച്ചു പോലുമുള്ള അറിവില്ലാതെ. അവൻ വിശുദ്ധനാകണമെന്ന് ദൈവം ആഗ്രഹിച്ചു; ഇതിനുവേണ്ടി, അവൻ പരീക്ഷിക്കപ്പെടുവാൻ ദൈവം അനുവദിച്ചു.

നന്മതിന്മകളെ കുറിച്ചുള്ള അറിവിൻ്റെ വൃക്ഷം സൃഷ്ടിക്കപ്പെട്ടത് ദൈവത്താൽ തന്നെയാണ്. തന്നെയുമല്ല അതിൽ തന്നെ അത് തിന്മയായിരുന്നില്ല. “വളരെ നല്ലത്” (ഉൽ. 1:31) എന്ന വാക്കുകൾ ഏതു ലോകത്തെ കുറിച്ച് ദൈവം തന്നെ ഉച്ചരിച്ചോ ആ ലോകത്തിൽ ആണ് അതുണ്ടായിരുന്നത്. അതു വളരെ നല്ലതായിരുന്നു, കാരണം, പ്രലോഭനങ്ങളെ എതിർക്കുന്നതിലൂടെ വിശുദ്ധനാകാനുള്ള ഒരു അവസരം അത് ആദാമിനു നൽകി.

വേദപുസ്തകം ഇങ്ങനെ പറയുന്നു, “നിങ്ങൾ പ്രലോഭനങ്ങളെ നേരിടുമ്പോൾ അത് അശേഷം സന്തോഷം എന്ന് എണ്ണുവിൻ” (യാക്കോ. 1:2), കാരണം പ്രലോഭനങ്ങൾ നമുക്ക് ദൈവത്തിൻ്റെ വിശുദ്ധിക്ക് പങ്കാളികളും (എബ്രാ. 12:10) കൂടാതെ തികഞ്ഞവരും പൂർണ്ണതയുള്ളവരും (യാക്കോ. 1:4) ആകാനുള്ള അവസരം നൽകുന്നു.

യേശുവിൻ്റെ വിശുദ്ധിയെ നാം നോക്കുമ്പോൾ, അവിടുന്ന് ദൈവമായിരുന്നപ്പോൾ ഉണ്ടായിരുന്ന സഹജമായ വിശുദ്ധിയെ അല്ല നോക്കുന്നത്, കാരണം അത് നമുക്കുള്ള ഒരു മാതൃകയല്ല. നാം അവിടുത്തെ നോക്കുന്നത്, “സകലത്തിലും തൻ്റെ സഹോദരന്മാരോട് സദൃശനായവനും” “നമ്മെ പോലെ സകലത്തിലും പ്രലോഭിപ്പിക്കപ്പെട്ടിട്ടും പാപം ചെയ്യാതിരുന്നവനും” ആയ ഒരുവനായാണ് (എബ്രാ. 2:17, 4:15).

യേശു നമ്മുടെ മുന്നോടിയാണ് (എബ്രാ. 6:20), നമുക്ക് അനുഗമിക്കാനുള്ള വഴി തുറന്നുകൊണ്ട്, നമുക്ക് ഓടേണ്ടതായ അതേ ഓട്ടം ഓടിയവൻ. അതുകൊണ്ട് അവിടുന്നു നമ്മോട് ഇങ്ങനെ പറയുന്നു, “എന്നെ അനുഗമിക്ക” (യോഹ. 12:26). നമുക്കു മുന്നെ ഓട്ടം ഓടിയ അവിടുത്തെ നോക്കിക്കൊണ്ട്, നമുക്കും സഹിഷ്ണുതയോടെ, തളരുകയോ അധൈര്യപ്പെടുകയോ ചെയ്യാതെ (എബ്രാ. 12:1-4) ഓടാൻ കഴിയും.

ഏതൊരു മനുഷ്യനും എക്കാലവും ഉണ്ടാകാവുന്ന പ്രലോഭനം യേശു സഹിച്ചു. “നമ്മെപ്പോലെ സകലത്തിലും” അവിടുന്നു പരീക്ഷിക്കപ്പെട്ടു. എബ്രാ. 4:15ൽ ഇതു വ്യക്തമായി പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ഇതാണ് നമുക്കുള്ള പ്രോത്സാഹനം. ഇന്നു ദൈവം നമുക്കു തന്നിട്ടില്ലാത്ത ഒരു ശക്തിയും യേശു പ്രയോഗിച്ചില്ല. ഒരു മനുഷ്യൻ എന്ന നിലയിൽ, തൻ്റെ പിതാവിനാൽ പരിശുദ്ധാത്മാവിലൂടെ നൽകപ്പെട്ട ശക്തിയാലാണ്, അവിടുന്ന് പ്രലോഭനങ്ങളെ നേരിട്ടതും ജയിച്ചതും.

സാത്താൻ എപ്പോഴും മനുഷ്യനോടു പറയുന്നത് ദൈവത്തിൻ്റെ നിയമങ്ങൾ ഭാരമുള്ളവയും അനുസരിക്കാൻ അസാധ്യമായതുമാണ് എന്നാണ്. യേശു ഒരു മനുഷ്യനായി വന്ന് തൻ്റെ പൂർണ്ണ അനുസരണമുള്ള ജീവിതത്താൽ സാത്താൻ്റെ ഭോഷ്കിനെ തുറന്നു കാണിച്ചു. നമുക്ക് യേശു നേരിട്ടിട്ടില്ലാത്ത, ഏതെങ്കിലുമൊരു പ്രലോഭനത്തെ ജയിക്കാനോ, അല്ലെങ്കിൽ ദൈവത്തിൻ്റെ ഏതെങ്കിലുമൊരു കൽപ്പന അനുസരിക്കാനോ ഉണ്ടെങ്കിൽ ആ അവസരത്തിൽ നമുക്ക് പാപം ചെയ്യാനുള്ള ഒരു ഒഴിവുകഴിവ് ഉണ്ടാകുമായിരുന്നു. യേശു ആ തികവുള്ള (പൂർണ്ണതയുള്ള) ജീവിതം ജീവിച്ചത്, നമ്മുടെ ജഡത്തിൻ്റെ ബലഹീനത കൂടാതെയോ അല്ലെങ്കിൽ നമുക്കു ലഭ്യമല്ലാത്ത ശക്തികൊണ്ടോ ആയിരുന്നെങ്കിൽ, അപ്പോൾ അവിടുത്തെ ജീവിതം നമുക്കു മാതൃക ആക്കുവാൻ കഴിയുകയോ അല്ലെങ്കിൽ നാം പ്രലോഭിപ്പിക്കപ്പെടുന്ന നിമിഷങ്ങളിൽ നമുക്ക് ഒരു പ്രോത്സാഹനം ആകുകയോ ഇല്ലായിരുന്നു. ഒരു മനുഷ്യൻ എന്ന നിലയിൽ ഭൂമിയിലുള്ള തൻ്റെ ജീവിതത്തിലൂടെ വിവരിച്ചു കാണിച്ചത്, ദൈവം നമുക്കു ലഭ്യമാക്കിയിരിക്കുന്ന ശക്തി തൻ്റെ വചനത്തിൽ നാം കാണുന്ന അവിടുത്തെ നിയമങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ നിർവ്വഹിക്കാൻ മതിയായതാണ് എന്നാണ്.

നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിക്കാൻ കഴിയാത്ത ഒരു മഹാപുരോഹിതനല്ല നമുക്കുള്ളത്, എന്നാൽ സകലത്തിലും നമ്മെപോലെ പ്രലോഭിപ്പിക്കപ്പെട്ടവനാണ് (എബ്രാ. 4:15).

മനുഷ്യന് പരിശുദ്ധാത്മ ശക്തിയിലൂടെ പാപത്തിന്മേൽ പൂർണ്ണ വിജയം നേടാനും ദൈവത്തെ സന്തോഷത്തോടു കൂടി അനുസരിക്കാനും കഴിയും എന്ന് ലോകത്തോടുള്ള ദൈവത്തിൻ്റെ പ്രദർശനമാണ് യേശുവിൻ്റെ പാപരഹിതമായ ജീവിതം. നാം യേശുവിൽ വസിച്ചാൽ, “അവിടുന്നു നടന്നതു പോലെ” (1 യോഹ. 2:6) നമുക്കു നടക്കാൻ കഴിയും.