ഞങ്ങൾ ജഡരക്തങ്ങളോട് പോരാടുന്നില്ല – WFTW 12 നവംബർ 2023

സാക് പുന്നൻ

“നമുക്കു പോരാട്ടം ഉള്ളത് ജഡരക്തങ്ങളോടല്ല, വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിൻ്റെ ലോകാധിപതികളോടും സ്വർലോകങ്ങളിലെ ദുഷ്ടാത്മ സേനയോടും അത്രേ” (എഫെ. 6:12).

3500 വർഷങ്ങൾക്കു മുമ്പ്, മോശെ സീനായ് പർവ്വതത്തിൽ നിന്ന് ഇറങ്ങി വന്ന്, യിസ്രായേല്യർക്ക് ദൈവത്തിൽ നിന്ന് ഈ ഭൂമിയിലെ രാജ്യത്തെ സംബന്ധിക്കുന്ന ഒരു വാഗ്ദത്തം കൊണ്ടുവന്നു നൽകി. എന്നാൽ 2000 വർഷങ്ങൾക്കു മുമ്പ്, യേശു സ്വർഗ്ഗത്തിൽ നിന്നിറങ്ങിവന്ന് നമുക്ക് സ്വർഗ്ഗരാജ്യത്തിൻ്റെ ഒരു വാഗ്ദത്തം കൊണ്ടുവന്നു നൽകി. പുതിയ ഉടമ്പടിയും പഴയ ഉടമ്പടിയും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം ഇതാണ്. ഇതു നാം മനസ്സിലാക്കുന്നില്ലെങ്കിൽ, സാത്താനെതിരെ ഫലപ്രദമായ ഒരു യുദ്ധം ചെയ്യാൻ നമുക്കു കഴിയില്ല.

നമ്മുടെ രാജ്യം ഈ ലോകത്തിൻ്റേതല്ല. അതുകൊണ്ടു തന്നെ നാം ഒരിക്കലും, ഒരിക്കലും മനുഷ്യരുമായി ഒരു കാര്യം സംബന്ധിച്ചും പോരാടുകയോ വഴക്കുണ്ടാക്കുകയോ ചെയ്യരുത്. ഫലപ്രദമായ ആത്മീയ പോരാട്ടത്തിന് ഒന്നാമതു ആവശ്യമായിരിക്കുന്നത് ഇതാണ്. വിശ്വാസികൾ തങ്ങളുടെ വിളിയിൽ നിന്ന് ഒഴിഞ്ഞു മാറുന്നതിന് സാത്താൻ ശ്രമിക്കുന്ന മുഖ്യ മാർഗ്ഗങ്ങളിലൊന്ന്, അവരെ മറ്റുള്ളവരുമായി യുദ്ധം ചെയ്യാനായോ, വഴക്കുണ്ടാക്കാനായോ ഒരുക്കുന്നു എന്നതാണ് – അവരുടെ ബന്ധുക്കളുമായോ അല്ലെങ്കിൽ അവരുടെ അയൽക്കാരുമായോ അല്ലെങ്കിൽ അവരുടെ സഹോദരീ സഹോദരന്മാരുമായോ. ഈ വഴക്ക് ഒരു വ്യത്യാസവും കൂടാതെ ഏതെങ്കിലും ഭൗമിക കാര്യങ്ങളെ ചൊല്ലി ആയിരിക്കും. അങ്ങനെ വിശ്വാസികളെ തങ്ങളുടെ സ്വർഗ്ഗീയ പദവിയിൽ നിന്ന് ഈ ഭൂമിയിലേക്കും അതിൻ്റെ കാര്യങ്ങളിലേക്കും വലിച്ചിട്ട്, അവനോടുള്ള യുദ്ധത്തിൽ അവരെ നിഷ്ഫലരാക്കി തീർക്കുന്നതിൽ സാത്താൻ വിജയിക്കുന്നു.

സാത്താനോടു ഫലപ്രദമായി പോരാടി ഒരു സഭ പണിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ഏതെങ്കിലും ഒരു മനുഷ്യനുമായോ, അല്ലെങ്കിൽ എന്തെങ്കിലും ഭൗമിക കാര്യങ്ങളെ സംബന്ധിച്ചോ ഉള്ള ഒരു വഴക്കിലും, ഒരിക്കലും പങ്കു ചേരുകയില്ല എന്നു തീരുമാനിക്കുക. നമ്മുടെ മനസ്സിൽ മറ്റുള്ളവരുമായി സാങ്കല്പിക യുദ്ധം പോലും ചെയ്യരുത്. മറ്റാർക്കെങ്കിലും എതിരെ നമുക്ക് ഒരു പരാതി പോലും ഉണ്ടായിരിക്കരുത്.

തന്നെയുമല്ല ആരുടെയും മേൽ ആന്തരികമായി നമുക്ക് ഒരു അവകാശവാദം ഉണ്ടാകരുത്. ഉദാഹരണത്തിന്, ആളുകൾ നമ്മോട് ബഹുമാനത്തോടെ അല്ലെങ്കിൽ കരുതലോടെ പെരുമാറണം എന്നോ, അല്ലെങ്കിൽ നമ്മോട് സ്നേഹം കാണിക്കണമെന്നോ അല്ലെങ്കിൽ അവർ ഒരിക്കലും നമ്മെ ചതിക്കുകയോ വഞ്ചിക്കുകയോ ചെയ്യരുതെന്നോ തുടങ്ങിയ കാര്യങ്ങൾ. നമ്മുടെ വിവാഹ പങ്കാളികളിൽ നിന്നു പോലും അത്തരം പ്രതീക്ഷകൾ നമുക്കുണ്ടാകരുത്. അത്തരം എല്ലാ വഴക്കുകളും പരാതികളും അവകാശപ്പെടലുമെല്ലാം സൂചിപ്പിക്കുന്നത്, ആ വ്യക്തിയുടെ രാജ്യം ഈ ലോകത്തിൻ്റേതാണ് എന്നാണ്, തന്നെയുമല്ല അയാളുടെ ഹൃദയത്തിൽ സാത്താന് ഒരിടം കൊടുത്തിരിക്കുന്നു എന്നതിൻ്റെയും കൂടെ സൂചനയാണത്. അങ്ങനെയുള്ളവർ ദുരിതപൂർണ്ണമായ ഒരു ജീവിതത്തിനായി വിധിക്കപ്പെട്ടവരാണ്.

നമുക്കു കാര്യമുള്ളത് ദൈവത്തോടു മാത്രമാണ് (എബ്രാ. 4:13). നമ്മുടെ എല്ലാ സാഹചര്യങ്ങളും (മറ്റുള്ളവർ നമ്മോട് പെരുമാറുന്ന വിധം ഉൾപ്പടെ) നമ്മുടെ ഏറ്റവും നന്മയ്ക്കായി, നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയ പിതാവിനാൽ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നവയാണ് – നമ്മെ അവിടുത്തെ പുത്രനോട് അനുരൂപരാക്കുവാൻ. അതുകൊണ്ട്, ആർക്കും എതിരായി ഒരു പരാതിയ്ക്കും നമ്മിൽ ഇടമില്ല, എന്നാൽ എല്ലാ സമയങ്ങളിലും ദൈവത്തെ സ്തുതിക്കുവാൻ ധാരാളം ഇടമുണ്ട്.