വിശുദ്ധിയിലുള്ള വളര്‍ച്ച WFTW 07 ഒക്ടോബര്‍ 2012

സാക് പുന്നന്‍

Read the PDF Version

ആത്മാവില്‍ നിറഞ്ഞ ജീവിതമെന്നാല്‍ വിശുദ്ധിയില്‍ വളരുന്ന ഒരു ജീവിതമാണ്. ഒരു മനുഷ്യന്‍റെ ജീവിതത്തില്‍ വിശുദ്ധി വര്‍ദ്ധിക്കുമ്പോള്‍ അതോടൊപ്പം ദൈവത്തിന്‍റെ വിശുദ്ധിയെ കുറിച്ചുള്ള ബോധവും വര്‍ദ്ധിക്കും. രണ്ടും ഒരുമിച്ചു പോകുന്നതാണ്. ഒരുവന് ആദ്യത്തേത് ഉണ്ടോ എന്നറിയുന്നതുതന്നെ രണ്ടാമത്തേത് ഉണ്ടോ എന്ന് നോക്കിയാണ്.
തന്‍റെ മാനസാന്തരത്തിന് ഇരുപത്തിയഞ്ചു വര്‍ഷത്തിനു ശേഷം, പൗലോസ്‌ ഇങ്ങനെ പറഞ്ഞു, “ഞാന്‍ അപ്പോസ്തോലന്മാരില്‍ ഏറ്റവും ചെറിയവനല്ലോ”  (1 കോരി.15:19).വീണ്ടും അഞ്ചു വര്‍ഷത്തിനു ശേഷം പറഞ്ഞു, ” സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്ക് ” (എഫെ.3:8). പിന്നെയും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പറയുന്നു, “ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍” (1.തിമോ.1:15). (ശ്രദ്ധിക്കുക, ഒന്നാമനായിരുന്നു എന്നല്ല, ഒന്നാമനാകുന്നു എന്നാണ്). ഈ പ്രസ്താവനകളില്‍ പൌലോസിലെ വിശുദ്ധിയുടെ വളര്‍ച്ച നിങ്ങള്‍ക്ക് കാണാന്‍ കഴിയുന്നുണ്ടോ?.
പൗലോസ്‌ ദൈവത്തോട് കൂടുതല്‍ അടുത്തു നടക്കുന്നതനുസരിച്ചു തന്‍റെ ജീവിതത്തിലെ ദുഷ്ടതയേയും, മ്ലേച്ഛതയേയും കുറിച്ച് കൂടുതല്‍ ബോധവാനായികൊണ്ടിരുന്നു. തന്‍റെ ജഡത്തില്‍ ഒരു നന്മയുമില്ലെന്നവന്‍ തിരിച്ചറിഞ്ഞു (റോമര്‍.7:18).  യെഹസ്കേല്‍ 36:26, 27, 31 ല്‍ ദൈവം പറയുന്നു, “ഞാന്‍ നിങ്ങള്‍ക്ക് പുതിയൊരു ഹൃദയം തരും, പുതിയൊരു ആത്മാവിനെ നിങ്ങളുടെ ഉള്ളില്‍ ആക്കും……..അപ്പോള്‍ നിങ്ങളുടെ അകൃത്യങ്ങള്‍  നിമിത്തം നിങ്ങള്‍ക്ക് നിങ്ങളോട് തന്നെ വെറുപ്പ്‌ തോന്നും”.  നമുക്ക് നമ്മോട് തന്നെ വെറുപ്പ്‌ തോന്നുന്നു എന്നതാണ് ഒരു പുതിയ ഹൃദയം ലഭിച്ചിരിക്കുന്നു എന്നതിന്‍റെ തെളിവായി നാം ഇവിടെ കാണുന്നത്. തന്‍റെ ജഡത്തെ വെറുക്കുകയും അറപ്പോടെ കാണുകയും ചെയ്യുന്ന ഒരു മനുഷ്യന് മാത്രമേ “മറ്റുള്ളവരെ തന്നെക്കാള്‍ ശ്രേഷ്ട്ടനെന്നു എണ്ണികൊള്‍വിന്‍” എന്ന ഫിലിപ്യര്‍ 2:3 ലെ കല്പന പാലിക്കുവാന്‍ കഴിയുകയുള്ളൂ.  സ്വന്തം അകൃത്യങ്ങള്‍ കണ്ട ഒരുവന്‍ ഒരിക്കലും മറ്റുള്ളവരെ നിന്ദിക്കുകയില്ല.
എന്നുമാത്രമല്ല, അങ്ങനെയുള്ള ഒരാള്‍ തന്‍റെ വീഴ്ചകളെ കുറിച്ച് ഉടനെ അനുതപിക്കുന്നവനും പാപത്തെ പാപമെന്നുതന്നെ വിളിക്കുവാന്‍ മടിയില്ലാത്തവനും ആയിരിക്കും. ആത്മാവില്‍ നിറഞ്ഞ മനുഷ്യന്‍, താന്‍ വിശുദ്ധിയില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന ധാരണ മറ്റുള്ളവര്‍ക്ക് കൊടുക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവനല്ല, എന്നാല്‍ അവന്‍ വാസ്തവത്തില്‍ അങ്ങനെ ആയിരിക്കും. അയാള്‍ തന്നെ വിശുദ്ധീകരണത്തിന്‍റെ “വേദശാസ്ത്രം” മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്തുവാന്‍ തന്നെ വിശുദ്ധിയിലേക്ക് നടത്തിയ അനുഭവ സാക്ഷ്യങ്ങള്‍ പറഞ്ഞു നടക്കുകയില്ല. അവന്‍റെ ജീവിതത്തില്‍ വിശുദ്ധി ഉണ്ടായിരിക്കുകയും അതുകണ്ട് മറ്റുള്ളവര്‍ സ്വയമായിത്തന്നെ ആ ജീവിത രഹസ്യമന്വേഷിച്ചു അവന്‍റെ അടുക്കല്‍ വരികയും ചെയ്യും. ജെ.ബി. ഫിലിപ്സിന്‍റെ വേദ പുസ്തക പരിഭാഷയില്‍ കാണുന്ന “ഒരു മിഥ്യയല്ലാത്ത വിശുദ്ധി” (എഫെ.4:24) അവനിലുണ്ടാകും.
വിശുദ്ധിയെ കുറിച്ചുള്ള നമ്മുടെ വേദശാസ്ത്രം എന്തുതന്നെയായാലും വ്യത്യാസമില്ല, മുഴു ഹൃദയവും വച്ച് അത് അന്വേഷിക്കുന്ന ഒരുവന് മാത്രമേ യഥാര്‍ത്ഥ വിശുദ്ധിയുണ്ടാകുന്നുള്ളൂ.  അല്ലാതെ കേവലം അത് സംബന്ധിച്ച  ശരിയായ പഠനം തലയില്‍ ഉണ്ടായിരിക്കുന്നവനല്ല. “സമ്പൂര്‍ണ വിശുദ്ധീകരണം” നടന്നു എന്ന് വിശ്വസിക്കുന്ന തരത്തില്‍ വിശുദ്ധിയുടെ ഉപദേശത്തെ മനസ്സിലാക്കിയ ദൈവഭക്തന്മാര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ഉണ്ടായിരുന്നു (ജോണ്‍ ഫ്ലെച്ചറിനെപോലുള്ളവര്‍). അവര്‍ അവരുടെ ബോധപൂര്‍വമല്ലാത്ത പാപങ്ങളെ “തെറ്റുകള്‍” എന്നാണ് വിളിച്ചത്. എന്നാല്‍ മറ്റു ചില ദൈവ ഭക്തരായവര്‍ (ഡേവിഡ് ബ്രെയ്നാഡിനെ പോലുള്ളവര്‍) ബോധപൂര്‍വമല്ലാത്ത പാപങ്ങളെയും പാപം എന്നുതന്നെ വിളിച്ചു. അവര്‍ ജീവിതകാലം മുഴുവന്‍ ദൈവത്തോടുള്ള ദൈവത്തോടുള്ള അവരുടെ സമര്‍പ്പണ ഭക്തിയുടെ കുറവിനെയും, പാപത്തെയും ഓര്‍ത്തു വിലപിച്ചിരുന്നു. അവരുടെ സ്വന്ത ജീവിതത്തെ വിലയിരുത്തുന്നതില്‍ അടിസ്ഥാന പരമായ വ്യത്യാസമുണ്ടായിരുന്നുവെങ്കിലും അവര്‍ രണ്ടു കൂട്ടരും ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ഒരുപോലെ വിശുദ്ധരാണ്. അവര്‍ തങ്ങളുടെ ഹൃദയത്തെ വിലയിരുത്തുന്നതില്‍ വ്യത്യാസം വരുവാനുള്ള കാരണം, അവര്‍ വിശുദ്ധിയെ സംബന്ധിച്ചുള്ള വേദശാസ്ത്രം മനസ്സിലാക്കുന്നതിലുണ്ടായ വ്യത്യാസമാണ്. 
പുതിയ നിയമത്തിലെ ഗ്രീക്കുവാക്കുകളും അവയുടെ അര്‍ത്ഥവും പഠിച്ചതുകൊണ്ട് വിശുദ്ധിയുടെ രഹസ്യം അറിയുവാന്‍ കഴിയുകയില്ല. എന്നാല്‍ പൂര്‍ണ ഹൃദയത്തോടെയും സത്യസന്ധതയോടെയും ദൈവത്തെ പ്രസാദിപ്പിക്കുമ്പോള്‍ അത് അറിയും.  ദൈവം നമ്മുടെ ഹൃദയമാണ് നോക്കുന്നത്, അല്ലാതെ തലച്ചോറല്ല. ഏത് തരത്തിലായാലും വിശുദ്ധിയുടെ ഏത് വിധമുള്ള വളര്‍ച്ചയിലും അതിനോടുകൂടെ പൌലോസിന്‍റെ ജീവിതത്തിലെന്നപോലെ, ദൈവദൃഷ്ടിയില്‍ ഉള്ള സ്വന്ത പാപപ്രകൃതി സംബന്ധിച്ച തിരിച്ചറിവ് ഉണ്ടായിരിക്കും.
(മൊഴിമാറ്റം : സാജു ജോസഫ്, ആലപ്പുഴ)