ദൈവജനത്തിന്റെ അവസ്ഥ അവരുടെ നേതാക്കന്മാരെ ആശ്രയിച്ചിരിക്കും WFTW 30 സെപ്റ്റംബര്‍ 2012

സാക് പുന്നന്‍

Read the PDF Version

1 രാജാക്കന്മാര്‍ എന്ന പുസ്തകത്തിന്റെ തുടക്കത്തില്‍ നാം ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യനായി ദാവീദിനെയും, അവസാന ഭാഗത്ത്  യിസ്രായേല്‍ ഭരിച്ച ഏറ്റവും മോശപ്പെട്ട രാജാവായ ആഹാബിനെയും കാണുന്നു. ശക്തമായൊരു രാഷ്ട്രമായി തുടങ്ങിയ യിസ്രായേല്‍ അവസാനം ഭിന്നിച്ച രാഷ്ട്രമായും, പല ദുഷ്ട രാജാക്കന്മാര്‍ രണ്ടു രാഷ്ട്രങ്ങളെയും ഭരിക്കുന്നതായും നാം കാണുന്നു, പ്രത്യേകിച്ച് യിസ്രായേലിന്റെ മേല്‍.
നേതാക്കന്മാരുടെ ആത്മീയതയെയോ അല്ലെങ്കില്‍ അതിന്റെ കുറവിനെയോ ആശ്രയിച്ചാണ് ദൈവ ജനത്തിന്റെ നിലവാരമിരിക്കുന്നത്. യിസ്രായേലിന് ദൈവഭയമുള്ളോരു നേതാവുണ്ടായിരുന്നപ്പോള്‍ അത് ദൈവീക വഴികളിലൂടെ മുന്നോട്ടു പോയി. അവര്‍ക്ക് ജഡീകനായൊരു നേതാവുണ്ടായപ്പോള്‍ അവര്‍ ദൈവീക വഴികളെ വിട്ടു ജഡീകാരായി തീര്‍ന്നു. ദൈവജനത്തിന്റെ നടുവില്‍ ദൈവീകരായ നേതാക്കന്മാരുടെ വലിയ ആവശ്യമുണ്ട്.
യേശു ജീവിച്ചിരുന്ന കാലഘട്ടത്തില്‍ പുരുഷാരത്തെ നോക്കി ഇടയനില്ലാത്ത ആടുകളെപ്പോലെ അവരെ കണ്ടു. ദൈവം ഇടയന്മാരെ ജനത്തിന്റെ ഇടയിലേക്ക് അയക്കെണ്ടതിനു പ്രാര്‍ത്ഥിക്കുവാന്‍ അവിടുന്ന് ശിശ്യന്മാരോട് പറഞ്ഞു (മത്തായി.9:36-38). ഇന്ന് ദൈവം ഇന്ത്യയിലെ സഭകളെ നോക്കി, ദൈവഭക്തരായ നേതാക്കന്മാരുടെ ആവശ്യം അവിടുന്ന് കാണുന്നു. നമ്മുടെ ഈ തലമുറയുടെ നടുവില്‍ ദൈവത്തിന്റെ ഹൃദയത്തെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള പുരുഷനും സ്ത്രീയും ആകാനുള്ള വെല്ലുവിളിയാണ് നമുക്കുള്ളത്.

എല്ലാ തലമുറയിലും ദൈവീകരായ നേതാക്കന്മാരെ ദൈവത്തിനാവശ്യമുണ്ട്. മുന്‍ തലമുറയിലെ നേതാക്കന്മാരുടെ ജ്ഞാനത്തെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോകാന്‍ നമുക്ക് കഴിയുകയില്ല. ദാവീദിന് എന്നെന്നേക്കും യിസ്രായേലിനെ ഭരിക്കാന്‍ സാധിച്ചില്ല. അവന്‍ മരിച്ചു മറ്റൊരാള്‍ അധികാരമേല്‍ക്കെണ്ടതുണ്ടായിരുന്നു. അടുത്ത രാജാവ് എങ്ങനെയിരിക്കുമെന്നതിനെ ആശ്രയിച്ചായിരുന്നു യിസ്രായേലിന്റെ ഭാവി.

ഒരു തലമുറയില്‍ ഒരു വേല തുടങ്ങുവാന്‍ ദൈവഭക്തനായ ഒരു മനുഷ്യനെ ദൈവം ഉയര്‍ത്തുന്നു. അദ്ദേഹത്തിനു പ്രായമാകുകയും പിന്നീട് മരിക്കുകയും ചെയ്യുന്നു. അടുത്ത തലമുറയിലെ നേതാക്കന്മാര്‍ക്ക്, സ്ഥാപക നേതാവിനുണ്ടായിരുന്ന ദൈവ ഭക്തിയും ദൈവത്തെ കുറിച്ചുള്ള അറിവും  ഇല്ലാതെ, കേവല അറിവും വേദോപദേശവും മാത്രമേയുള്ളൂവെങ്കില്‍ ഈ ജനം തീര്‍ച്ചയായും വഴി തെറ്റിപ്പോകും. ദൈവത്തിനു ദാവീദ്മാരെയും  ദെബോറാമാരെയും ഈ തലമുറയിലും ആവശ്യമുണ്ട്.
(മൊഴിമാറ്റം: സാജു ജോസഫ്, ആലപ്പുഴ)