വെളിച്ചത്തില്‍ നടക്കുക WFTW 23 സെപ്റ്റംബര്‍ 2012

സാക് പുന്നന്‍

Read the PDF Version

1 യോഹ. 1:7 ല്‍ വേദ പുസ്തകം പറയുന്നു, നാം വെളിച്ചത്തില്‍ നടക്കുന്നില്ലെങ്കില്‍ ദൈവവുമായി കൂട്ടായ്മ ഉണ്ടാകുകയില്ലെന്ന്. നാം വെളിച്ചത്തില്‍ നടക്കുമ്പോള്‍ വെളിച്ചം എല്ലാറ്റിനെയും തെളിച്ച് കാണിക്കുന്നതുകൊണ്ട് തീര്‍ച്ചയായും യാതൊന്നും നമുക്ക് മറച്ചു വയ്ക്കുവാന്‍ കഴിയുകയില്ല. തന്റെ ജീവിതത്തില്‍ എന്തെങ്കിലും മറച്ചു വയ്ക്കണമെന്നുള്ളവനാണ് ഇരുട്ടില്‍ നടക്കുന്നത്. നാം വെളിച്ചത്തില്‍ നടക്കുമ്പോള്‍ നമ്മുടെ ജീവിതം തുറന്ന പുസ്തകമാണ്. അപ്പോള്‍ നമ്മുടെ സ്വകാര്യ ജീവിതവും നമ്മുടെ കണക്കു പുസ്തകവും എല്ലാം പരിശോധിക്കുന്നതിനു മറ്റുള്ളവരെ ധൈര്യത്തോടെ ക്ഷണിക്കുവാന്‍ കഴിയും. നമുക്ക് മറയ്ക്കുവാന്‍ ഒന്നുമില്ല.  അതിന്റെ അര്‍ത്ഥം നാം എല്ലാം തികഞ്ഞവനാണെന്നല്ല, തീര്‍ച്ചയായും അല്ല. നാം സത്യസന്ധരാണെന്നു മാത്രമാണ് അത് അര്‍ത്ഥമാക്കുന്നത്.

നാം എല്ലാവരില്‍നിന്നും ദൈവം ഒന്നാമതായി ആവശ്യപ്പെടുന്നത്, സത്യസന്ധതയാണ്. തികഞ്ഞ സത്യസന്ധത. നാം ആദ്യം സത്യസന്ധരായിരിക്കുവാന്‍ തയ്യാറായാല്‍, നമ്മുടെ പല പ്രശ്നങ്ങളും വളരെ വേഗം പരിഹരിക്കപ്പെടും. സത്യസന്ധതയെന്ന ഈ അടിസ്ഥാന പ്രമാണമനുസരിച്ചു ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ ജീവിച്ചാല്‍ നാം ആത്മീയമായും വളരെ വേഗം വളരും. എന്നാല്‍ ഇതൊരു പോരാട്ടമാണെന്ന് നിങ്ങള്‍ കണ്ടെത്തും. നിങ്ങള്‍ ഒരു പക്ഷെ ഇങ്ങനെ പറഞ്ഞേക്കാം, “ഈ പ്രബോധനം ഞാന്‍ വാസ്തവമായും ഗൌരവത്തില്‍ എടുക്കാന്‍ പോവുകയാണ്. ഇന്നുമുതല്‍ ഞാന്‍ എല്ലാ കാര്യത്തിലും സത്യസന്ധനായിരിക്കും”.  എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ വീണ്ടും ഒരഭിനേതാവാകുവാനും, ദൈവത്തില്‍ നിന്നുള്ള മാനത്തെക്കാള്‍ മനുഷ്യരുടെ  മാനം അന്വേഷിക്കുവാനും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നത് അറിയും.

വീണ്ടും ജനിച്ചിട്ട്‌ ഇരുപതും, മുപ്പതും, നാല്പതും വര്‍ഷമായ ചിലര്‍ ഇപ്പോഴും സത്യസന്ധതയെന്ന ഈ അടിസ്ഥാന പ്രമാണം പഠിക്കാത്തത് കൊണ്ട് ആത്മീയമായി പുരോഗമിക്കുന്നില്ലായെന്നത് ദൈവത്തെ ദു:ഖിപ്പിക്കുന്ന വസ്തുതയാണ്. നമ്മുടെ ജീവിതത്തില്‍ കാപട്യം ഉണ്ടെങ്കില്‍ ഒരിക്കലും നാം പുരോഗമിക്കുകയില്ല. നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുകയുമില്ല. നമുക്ക് “മുഴുരാത്രി  പ്രാര്‍ഥനാ യോഗം” നടത്താം. എന്നാല്‍ അതൊക്കെ വെറുതെ സമയം പാഴാക്കുന്ന പ്രവൃത്തി മാത്രമാണ്. നാം കാപട്യം വിട്ടൊഴിയുന്നില്ലെങ്കില്‍ ദൈവം നമ്മുടെ പ്രാര്‍ത്ഥന ഒരിക്കലും കേള്‍ക്കുകയില്ല.

ദൈവത്തിന്റെ മുമ്പാകെ എങ്ങനെ ആയിരിക്കുന്നു എന്നതിനപ്പുറം, മറ്റൊന്നുമല്ല നമ്മുടെ ആത്മീയ മൂല്യം എന്ന കാര്യം നാം തിരിച്ചറിയണം. നമ്മുടെ വചന പരിജ്ഞാനമോ, നമ്മള്‍ എത്രമാത്രം പ്രാര്‍ഥിക്കുന്നു എന്നതോ, എത്ര സഭായോഗങ്ങളില്‍ പങ്കെടുക്കുന്നൂവെന്നുള്ളതോ അല്ലെങ്കില്‍ സഭയിലെ മൂപ്പന്മാരും മറ്റുള്ളവരും എന്ത് കരുതുമെന്നുള്ളതോ ഇതൊന്നുമല്ല നമ്മുടെ ആത്മീയ നിലവാരം നിശ്ചയിക്കുന്നത്. മറിച്ച് ഈ ചോദ്യം നമ്മോട് തന്നെ ചോദിക്കുക, “എന്റെ ജീവിതത്തിന്റെ എല്ലാ മേഖലയെയും കാണുന്ന ദൈവം എന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു?”.  ഇതിനുള്ള ഉത്തരമാണ് നമ്മുടെ ആത്മീയതയുടെ യഥാര്‍ത്ഥ അളവ്. നാം ഈ കാര്യം ദിനം തോറും ഓര്‍ക്കണം, അല്ലെങ്കില്‍ നാം വീണ്ടും അഭിനേതാക്കള്‍ ആയിത്തീരും.

നഥാനിയേലിനെകുറിച്ച് യേശു പറഞ്ഞ വാക്കുകള്‍ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു, “ഇതാ സാക്ഷാല്‍ യിസ്രായേല്യന്‍,ഇവനില്‍ യാതൊരു കാപട്യവുമില്ല” (യോഹ. 1:47). യേശുവിനു നിങ്ങളെയും എന്നെയും കുറിച്ച് ഇതുപോലെ പറയാന്‍ കഴിയുമെങ്കില്‍ അതിനേക്കാള്‍ വലിയൊരു അഭിപ്രായം മറ്റാരില്‍നിന്നും നമുക്ക് ലഭിക്കാനില്ല.  നഥാനിയേല്‍ എല്ലാം തികഞ്ഞവനായിരുന്നില്ല. അവനും കുറവുകളുള്ളവനായിരുന്നു. എന്നാല്‍ അവന്‍ തന്റെ കുറവുകളേകുറിച്ചു സത്യസന്ധത ഉള്ളവനായിരുന്നു. അവനില്ലാത്ത കാര്യങ്ങളെക്കുറിച്ച് ഉണ്ടെന്നു ഭാവിച്ചില്ല.  അതായിരുന്നു അവനെ അനന്യാസിലും  സഫീറയിലും നിന്നു വ്യത്യസ്തനാക്കിയത്.

(മൊഴിമാറ്റം: സാജു ജോസഫ്, ആലപ്പുഴ)