ഹൃദയ വിശാലതയ്ക്കായി ആഗ്രഹിക്കുക WFTW 15 July 2012

സാക് പുന്നന്‍

Read the PDF Version

1 രാജാക്കന്മാ ര്‍ 3:16 -28ല്‍ ശലോമോന്റെ ജ്ഞാനത്തെ സംബന്ധിച്ച് ഒരു ഉദാഹരണം കാണുന്നു. ഒരു ദിവസം രണ്ടു വേശ്യമാര്‍ ന്യായവിധിക്കായി അവന്റെ മുമ്പില്‍ നിന്നു. അവര്‍ ഒരേ ഭവനത്തി ല്‍ പാര്‍ക്കുന്നവരും അടുത്തടുത്ത ദിവസങ്ങളി ല്‍ ഓരോ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്കിയവരുമായിരുന്നു. ഒരു രാത്രി ഉറങ്ങുമ്പോള്‍ അതി ല്‍ ഒരുവള്‍ അബദ്ധത്തില്‍ തന്റെ കുഞ്ഞിന്റെമേല്‍ വീഴുകയും അവളുടെ കുഞ്ഞു തല്‍ക്ഷണം മരണപ്പെടുകയും ചെയ്തു. ഇത് തിരിച്ചറിഞ്ഞ ആ സ്ത്രീ അപ്പോള്‍ തന്നെ തന്റെ കുഞ്ഞിനെ ജീവനുള്ള കുഞ്ഞുമായി വച്ചുമാറി. പ്രഭാതമായപ്പോള്‍ കാര്യങ്ങള്‍ മനസ്സിലാക്കിയ മറ്റവള്‍ തന്റെ കുഞ്ഞിനെ തിരികെ ആവശ്യപ്പെട്ടു. ജീവനുള്ള കുഞ്ഞു ആരുടെതാണെന്നുള്ള തര്‍ക്കം ആ സ്ത്രീകള്‍ തമ്മി ല്‍ ഉടലെടുത്തു. എങ്ങനെയാണ് ശലോമോന്‍ ഇത്തരം ഒരു സാഹചര്യത്തെ കൈകാര്യം ചെയ്യുന്നത്? ദൈവം ശലോമോന് ജ്ഞാനം നല്‍കി. ജീവനുള്ള ആ കുഞ്ഞിനെ രണ്ടായി മുറിച്ച് ഓരോ ഭാഗം ഓരോ സ്ത്രീകള്‍ക്കും നല്‍കാന്‍ ശലോമോന്‍ നിര്‍ദ്ദേശിച്ചു. അപ്പോള്‍ ആ കുഞ്ഞിന്റെ യഥാര്‍ത്ഥ അമ്മ ഇങ്ങനെ പറഞ്ഞു – “വേണ്ട, അതിനെ കൊല്ലരുത്, കുഞ്ഞിനെ അവള്‍ക്കു കൊടുത്തുകൊള്ളുവിന്‍”. എന്നാല്‍ രണ്ടാമത്തെ സ്ത്രീ പറഞ്ഞു, “വേണ്ട, കുഞ്ഞിനെ രണ്ടായി മുറിച്ച് ഒരു പകുതി എനിക്കും മറ്റേ പകുതി അവള്‍ക്കും ഇരിക്കട്ടെ”. അപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി ആരാണ് യഥാര്‍ത്ഥ അമ്മയെന്ന്. അപ്പോള്‍ ശലോമോന്‍ കല്‍പ്പിച്ചു, “കുഞ്ഞിനെ ആദ്യ സ്ത്രീയ്ക്ക് നല്‍കുക”. എല്ലാ ഇസ്രായേലും ആ ന്യായവിധി കേള്‍ക്കുകയും ദൈവം രാജാവിന് നല്‍കിയ ജ്ഞാനത്തെ കണ്ട് അവനെ ഭയപ്പെടുകയും ചെയ്തു.

ശലോമോന്റെ ജ്ഞാനം ഇന്ന് നാം ഇങ്ങനെയാണ് പ്രയോഗത്തില്‍ വരുത്തേണ്ടത്. ഒരു സഭയില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്ന രണ്ടു സഹോദരന്മാര്‍ തമ്മില്‍ ഭിന്നതയുണ്ടായി എന്ന് കരുതുക. അതിലൊരാള്‍ സഭയെ പിളര്‍ത്തി തന്റെ കൂടെയുള്ളവരുമായി പുറത്തു പോകുന്നു. അങ്ങനെയെങ്കില്‍ അയാള്‍ യഥാര്‍ത്ഥ അമ്മയാണോ? തീര്‍ച്ചയായും അല്ല. യഥാര്‍ത്ഥ അമ്മ ഇങ്ങനെയായിരിക്കും പറയുക, “വേണ്ട, സഭയെ പിളര്‍ക്കേണ്ട, സഭയെ പൂര്‍ണമായി നീ എടുത്തുകൊള്ളുക”. വിശ്വാസികളുടെ സഭയെ ഒരിക്കലും പിളര്‍ക്കരുത്. സഭയെ വിട്ടു പോകുന്നതാണ് നല്ലത്. ആദ്യ സഭയില്‍ ഒരു പിളര്‍പ്പുണ്ടാക്കാതെ സ്വയം പിന്‍വാങ്ങി വേറെ എവിടെയെങ്കിലും പോയി പുതിയ ഒരു വേല തുടങ്ങുക. ദൈവം നിങ്ങളെ അനുഗ്രഹിക്കും. നിങ്ങള്‍ യഥാര്‍ത്ഥ അമ്മയാണെന്ന് കണ്ട് സഭയെ നയിക്കുന്നതിന് നിങ്ങളെ ചുമതലപ്പെടുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നുവെങ്കി ല്‍ ഒരു നാള്‍ മറ്റേ സ്ത്രീയെ മരണം വഴി നീക്കി കുഞ്ഞിനെ നിങ്ങള്‍ക്ക് തരും. അവിടുന്ന് സാവൂളിനെ കൊന്ന് സിംഹാസനം ദാവീദിന് നല്‍കി. ഇന്നും ദൈവത്തിനു ഇത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ കഴിയും.അതിനാല്‍ ഒരിക്കലും കുഞ്ഞിനെ രണ്ടായി മുറിക്കരുത്. സഭയെ ഭിന്നിപ്പിക്കരുത്. മറ്റെവിടെയെങ്കിലും പോയി വേല ചെയ്യുക. ദൈവം തന്റെ കരത്താല്‍ നിങ്ങള്‍ക്കത് നല്‍കട്ടെ. ഒരിക്കലും പിടിച്ചുപറിക്കുകയോ ഭിന്നിപ്പിക്കുകയോ ചെയ്യരുത്.
എപ്പോഴെങ്കിലും ഒരു സഭാ നേതൃത്വവുമായി എനിക്ക് വിയോജിപ്പുള്ളപ്പോള്‍ ഈ പ്രമാണമാണ്‌ ഞാന്‍ പിന്തുടരുന്നത്. ചിലരെ എന്റെ കൂടെ കൂട്ടിക്കൊണ്ട് ഒരു സഭയെ ഭിന്നിപ്പിക്കുവാന്‍ ഞാന്‍ ഒരിക്കലും ശ്രമിച്ചില്ല. മറ്റെവിടെയെങ്കിലും പോയി ഞാന്‍ ഇങ്ങനെ പറയുകയാണ്‌ ചെയ്തത്, “ദൈവമേ ഞാന്‍ ആദ്യം മുതല്‍ എല്ലാം പുതുതായി ആരംഭിക്കട്ടെ. എനിക്ക് മറ്റൊരു കുഞ്ഞിനെ തരിക. ആദ്യത്തെതിനായി ഞാന്‍ പോരാടുകയില്ല”. എന്റെ ഈ മനോഭാവം കാരണം ദൈവം എന്നെ എന്റെ വേലയില്‍ സമൃദ്ധിയായി അനുഗ്രഹിച്ചുവെന്നെനിക്ക് ഇപ്പോള്‍ സാക്ഷ്യം പറയുവാന്‍ കഴിയും. അതിനാല്‍ ആ വഴി നിങ്ങള്‍ക്കും ഞാന്‍ ശുപാര്‍ശ ചെയ്യുന്നു.

1 രാജാ. 4:29 ല്‍ വായിക്കുന്നു “ദൈവം ശലോമോന് ഏറ്റവും വളരെ ജ്ഞാനവും, ബുദ്ധിയും, കടല്‍ക്കരയിലെ മണല്‍ പോലെ ഹൃദയവിശാലതയും കൊടുത്തു”. ഓര്‍ക്കുക; ശലോമോന്‍ ഒരു ചെറുപ്പക്കാരനായിരുന്നു. അതുകൊണ്ട് എല്ലാ ചെറുപ്പക്കാര്‍ക്കും ഈ വരങ്ങള്‍ ദൈവത്തോട് ചോദിക്കാം. ബുദ്ധിയും ജ്ഞാനവും മാത്രമല്ല, കടല്‍ക്കരയിലെ മണല്‍ പോലെ ഹൃദയവിശാലതയും ചോദിക്കാം. ഇതിന്റെ അര്‍ത്ഥം, കടല്‍ക്കരയിലെ മണല്‍ പോലെ അത്രയും അളവില്‍ ദൈവജനത്തെ ഹൃദയത്തില്‍ വഹിക്കുവാനുള്ള ഹൃദയവിശാലത.
ജലസ്നാനം സംബന്ധിച്ചും, അന്യഭാഷാവരം സംബന്ധിച്ചും നമ്മോട് വിയോജിപ്പുള്ള മറ്റൊരു വിഭാഗത്തില്‍പ്പെട്ട ഒരു സഹോദരനുണ്ടെന്നു കരുതുക. എന്നാല്‍ അവനെ സ്വീകരിച്ചിരിക്കുന്നുവെങ്കില്‍ നമ്മുടെ പ്രാര്‍ത്ഥന ഇങ്ങനെയായിരിക്കണം “ദൈവമേ ഈ വ്യക്തി എന്നോടൊപ്പം പ്രവര്‍ത്തിക്കുകയോ, യോജിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ കൂടി അവനെ ഊഷ്മളതയോടെ സ്വീകരിക്കുവാന്‍ എനിക്ക് ഹൃദയവിശാലത തരണമേ.” ദൈവമക്കള്‍ ആയിട്ടുള്ള എത്രയും അധികം പേര്‍ എന്റെ സഹോദരനും സഹോദരിയും ആയിരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

നമ്മുടേതില്‍ നിന്നും വ്യത്യസ്തമായ നിലപാടുള്ള ഒരു ദൈവമകനുണ്ടെന്നു കരുതുക. നാം ആ വ്യക്തിയെ സ്വീകരിക്കുമോ? ഒരിക്കല്‍ അല്പം സ്വര്‍ണാഭരണം അണിഞ്ഞുകൊണ്ട് ഒരു സഹോദരി സ്നാനത്തിനായി എന്റെ അടുക്കല്‍ വന്നത് ഞാന്‍ ഓര്‍ക്കുന്നു. വിശ്വാസികള്‍ ആഭരണം അണിയരുതെന്ന ഉത്തമ ബോദ്ധ്യം എനിക്കുണ്ട്. അത് 1 തിമോത്തിയോസ് 2:9, 1 പത്രോസ്‌ 3:13 എന്നീ വാക്യങ്ങളില്‍നിന്നും ഞാ ന്‍ മനസ്സിലാക്കിയിട്ടുള്ളതാണ്. എന്നാല്‍ ഈ സഹോദരി ആഭരണം അണിഞ്ഞിരിക്കുന്നു. ഞാന്‍ അവളെ സ്നാനപ്പെടുത്തുമോ ഇല്ലയോ? ദൈവം ആ സമയം ഒരു ചോദ്യം എന്നോട് ചോദിച്ചു, “ഞാന്‍ അവളെ സ്വീകരിച്ചില്ല എന്ന് നീ പറയുമോ.” അപ്പോള്‍ ഞാന്‍ പറഞ്ഞു, “ദൈവമേ ഞാന്‍ കാണുന്നിടത്തോളം അവള്‍ യഥാര്‍ത്ഥമായി വീണ്ടും ജനിച്ചവള്‍ ആണ്. അതിനാല്‍ തന്നെ അവിടുന്ന് അവളെ സ്വീകരിച്ചു എന്നെനിക്കറിയാം”. അപ്പോള്‍ ദൈവം പറഞ്ഞു “ഞാന്‍ സ്വീകരിച്ച ഒരാളെ നിനക്കെങ്ങനെ നിരസിക്കുവാന്‍ കഴിയും?” അതിനാല്‍ ഞാന്‍ അവളെ സ്വര്‍ണാഭരണങ്ങളോട് കൂടി സ്നാനപ്പെടുത്തി. ഈ വിഷയത്തില്‍ അവള്‍ക്കു പിന്നീട് വെളിച്ചം ലഭിക്കുമായിരിക്കും. എന്നാല്‍ അവളെ വിധിക്കുക എന്നത് എന്റെ കാര്യമല്ല. എന്റെ ബോദ്ധ്യങ്ങളി ല്‍ നിന്നു വ്യത്യസ്തമായ നിലപാടുള്ളവരെ ദൈവം സ്വീകരിച്ചുവെങ്കി ല്‍ ഞാനും സ്വീകരിക്കുവാന്‍ തയ്യാറാണ്.

ഒരിക്കല്‍ ഏതോ ഒരു വിഷയം സംബന്ധിച്ച് ദൈവം എന്നോട് ചോദിച്ചത് ഞാ ന്‍ ഓര്‍ക്കുന്നു. “ഈ കാര്യം മനസ്സിലാക്കുവാന്‍ നീ എത്രനാള്‍ എടുത്തു?” അതിനു ചില വര്‍ഷങ്ങള്‍ എടുത്തു എന്ന് ഞാന്‍ സമ്മതിച്ചു. എങ്കില്‍ പിന്നെ ഈ കാര്യം മനസ്സിലാക്കുവാന്‍ സമയമെടുക്കുന്ന വ്യക്തിയോട് ക്ഷമിക്കുവാന്‍ നിനക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല?”. നമുക്കെല്ലാം ഹൃദയവിശാലത ആവശ്യമുണ്ട്. നാം ചെറുപ്പമായിരിക്കുമ്പോള്‍ സ്വതവേ എരിവുള്ളവരും, ഇടുങ്ങിയ ഹൃദയമുള്ളവരും ആയിരിക്കും. എല്ലാ കാര്യത്തിലും നമ്മോട് യോജിക്കുന്നവരെ മാത്രമേ അംഗീകരിക്കൂ. എന്റെ ചെറുപ്പകാലത്ത് ഞാന്‍ അങ്ങനെയായിരുന്നു എന്ന് പറയുവാന്‍ എനിക്ക് ലജ്ജയുണ്ട്. എന്റെ വിഡ്ഢിത്ത മനോഭാവങ്ങളില്‍ ഒന്നായിരുന്നു അത്. എന്നാല്‍ ഞാന്‍ മുതിര്‍ന്നു വന്നപ്പോള്‍ ദൈവത്തെ കൂടുതല്‍ അറിയുകയും ഹൃദയവിശാലത വളരെ ആവശ്യമാണെന്ന് കണ്ടെത്തുകയും ചെയ്തു.

What’s New?