‘തലയിലുള്ള ക്രിസ്തീയതയും’, ‘ഹൃദയത്തിലുള്ള ക്രിസ്തീയതയും’ തമ്മിലുള്ള വ്യത്യാസം WFTW 22 July 2012

സാക് പുന്നന്‍

Read the PDF Version

1 ശമുവേല്‍ 13:8 ല്‍  ശൌലിന്  സിംഹാസനം നഷ്ടപ്പെടുവാനുള്ള ആദ്യ കാരണം നാം കാണുന്നു.  ശൌല്‍  യുദ്ധത്തിനു പോകും മുമ്പ്  യഹോവയ്ക്ക് ഒരു യാഗം കഴിക്കണമെന്നും അതിനായി തന്നെ കാത്തിരിക്കണമെന്നും ശമുവേല്‍ ശൌലിനോട് പറഞ്ഞിരുന്നു.  ശൌല്‍ ഏഴു ദിവസം കാത്തിരുന്നു. എന്നാല്‍ ശമുവേല്‍ വന്നില്ല. അതിനാല്‍ താന്‍ തന്നെ യാഗം കഴിക്കാം എന്ന്  ശൌല്‍ തീരുമാനിച്ചു (13:9). താനൊരു പുരോഹിതനല്ല എന്ന് അവനറിയാം. അതിനാല്‍ തന്നെ താന്‍ യഹോവയ്ക്ക് യാഗം കഴിക്കുന്നത്‌ ദൈവീക നിയമങ്ങള്‍ക്കു എതിരാണെന്നും അവനറിഞ്ഞിരുന്നു. എന്നാല്‍ രാജാവെന്ന നിലയിലുള്ള തന്റെ ശുശ്രൂഷയെ ദൈവം അനുഗ്രഹിച്ചിരുന്നതിനാല്‍ തനിക്കു ചുറ്റും ദൈവം വച്ചിരിക്കുന്ന അതിരുകള്‍ക്ക് പുറത്തു മറ്റൊരു ശുശ്രൂഷ ചെയ്യുവാനും തനിക്കു സാധിക്കും എന്നവന്‍ കരുതി. പല പ്രാസംഗികരും ഈ തെറ്റ് വരുത്തിയിട്ടുണ്ട്. ദൈവം നമുക്ക് നല്‍കിയിരിക്കുന്ന ശുശ്രൂഷയെ തിരിച്ചറിഞ്ഞു നമുക്ക് ചുറ്റും വച്ചിരിക്കുന്ന അതിരുകള്‍ക്കുള്ളില്‍ നാം നില്‍ക്കണം. ദൈവം നമ്മെ ഒരു ശുശ്രൂഷയില്‍ അനുഗ്രഹിച്ചു എന്ന് കരുതി നമ്മെ വിളിച്ചിട്ടില്ലാത്ത മറ്റൊരു ശുശ്രൂഷയിലേക്ക് കടക്കാമെന്ന് വിചാരിക്കരുത്. ഒരു സുവിശേഷകനായിട്ടല്ല ദൈവമെന്നെ വിളിച്ചിരിക്കുന്നതെന്ന് പല വര്‍ഷങ്ങള്‍ക്കു മുമ്പേ ഞാന്‍ തിരിച്ചറിഞ്ഞു. അതിനാല്‍ എന്റെ അതിരുകള്‍ക്ക് പുറത്തു പോകുന്നതിനു പലവിധ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും ഞാന്‍ എന്റെ അതിരുകള്‍ക്കുള്ളില്‍ തന്നെ നിന്നു. ശൌലിന്റെ തെറ്റ് ആവര്‍ത്തിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മറ്റു ചിലരില്‍ സുവിശേഷകന്റെ ശുശ്രൂഷയാണുള്ളത്. ഞാന്‍ അവരെ വിലമതിക്കുകയും, ബഹുമാനിക്കുകയും, അവരോടൊത്ത് വേല ചെയ്യുകയും ചെയ്യുന്നു. എന്ന് മാത്രമല്ല അവരുടെ ശുശ്രൂഷാമണ്ഡലത്തില്‍ അവര്‍ക്ക് കീഴടങ്ങിയിരിക്കുകയും ചെയ്യുന്നു. പുരോഹിതനാകുവാന്‍ ശ്രമിച്ച മറ്റൊരു രാജാവാണ് ഊസിയാവ്. ദൈവം അവനെ കുഷ്ടരോഗത്താല്‍ വീഴ്ത്തി. ഇവിടെ പുരോഹിതനാകുവാന്‍ ശ്രമിച്ച ശൌലിനെ സിംഹാസനത്തില്‍ നിന്നു എടുത്തു മാറ്റുന്നതായി നാം കാണുന്നു. നിങ്ങളുടെ ശുശ്രൂഷ എന്താണെന്നറിഞ്ഞു അതിന്റെ അതിര്‍ത്തിക്കുള്ളില്‍ തന്നെ നില്‍ക്കുക. അതോടൊപ്പം മറ്റുള്ളവരെ അവരുടെ ശുശ്രൂഷ ചെയ്യുവാന്‍ അനുവദിക്കുക. ഇതാണ് ക്രിസ്തുവിന്റെ ശരീരത്തിലെ  ലളിതമായ പ്രമാണം.
നാം    ഇവിടെ കാണുന്നത് ശൌലിന്റെ ക്ഷമയില്ലായ്മ കൂടിയാണ്. അവന്‍ യാഗം അര്‍പ്പിച്ചു ചില നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശമുവേല്‍ പറഞ്ഞിരുന്നതുപോലെ എത്തി.ശൌല്‍ അല്‍പനേരം കൂടി കാത്തിരുന്നുവെങ്കില്‍ കഥ വ്യത്യസ്ഥമായേനെ. എന്നാല്‍ അവന്റെ നിഗളവും ക്ഷമയില്ലായ്മയും നിമിത്തം അവനു എല്ലാം നഷ്ടപ്പെട്ടു. എങ്കിലും അവന്‍ യിസ്രായേലിന്റെ സിംഹാസനത്തില്‍ മുപ്പതു വര്‍ഷം കൂടി ഇരുന്നു. നാളുകള്‍ക്കു മുമ്പേ ദൈവത്തില്‍ നിന്നുള്ള അഭിഷേകം നഷ്ടപ്പെട്ടിട്ടും തങ്ങളുടെ സിംഹാസനങ്ങളില്‍ തന്നെ ഇരിക്കുന്ന അനേകര്‍ ഇന്ന് ക്രൈസ്തവ ലോകത്തുണ്ട്. പണവും മാനുഷീക അധികാരവുമുള്ളതുകൊണ്ട് അവര്‍ തങ്ങളുടെ സിംഹാസനങ്ങളില്‍ ഇരുന്നു തങ്ങളുടെ സംഘടനയെ നിയന്ത്രിക്കുന്നു. വലിയ താഴ്മയുള്ള ഒരു ചെറുപ്പക്കാരനായി തുടങ്ങിയ ശൌല്‍ ദൈവത്തിനു പ്രയോജനമില്ലാത്ത ഒരുവനായി ക്രമേണ അധപതിച്ചു.
ശമുവേല്‍  പിന്നീട് ശൌലിനോട് പറഞ്ഞു ,”ഇപ്പോഴോ നിന്റെ രാജത്വം നിലനില്‍ക്കുകയില്ല. യഹോവ നിന്നോട് കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ട്  തന്റെ ഹൃദയപ്രകാരമുള്ള ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ട്”(13:14).  ഇവിടെ  ഹൃദയത്തിനു നല്‍കിയിരിക്കുന്ന ഊന്നല്‍ ശ്രദ്ധിക്കുക. ശൌലിനെ രാജാവായി അഭിഷേകം ചെയ്തപ്പോള്‍ വേദ പുസ്തകം പറയുന്നു  മറ്റുള്ളവരുടെ ഇടയില്‍ അവന്റെ തല ഉയര്‍ന്നു നില്‍ക്കുന്നുവെന്ന്. കാരണം അവന്‍ ഉയരം കൂടിയവന്‍ ആയിരുന്നു(1 ശമുവേല്‍ 10:23). അവന്റെ “തല” കൊണ്ടാണ് തിരിച്ചറിയപ്പെട്ടിരുന്നത്. എന്നാല്‍ ദൈവം “ഹൃദയം” കൊണ്ടു തിരിച്ചറിയപ്പെടെണ്ട ഒരാളെയാണ്  ഇപ്പോള്‍ അന്വേഷിക്കുന്നത്. തല കൊണ്ടല്ല ഹൃദയം കൊണ്ടാണ്  ദാവീദ് മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനായിരുന്നത്. അവന്‍ ദൈവത്തിന്റെ “ഹൃദയ”പ്രകാരമുള്ള മനുഷ്യന്‍ ആയിരുന്നു (1 ശ. 13:14).
തലയിലുള്ള ക്രിസ്തീയതയും ഹൃദയത്തിലുള്ള ക്രിസ്തീയതയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ശൌല്‍  ആദ്യത്തേതിനെ പ്രതിനിധീകരിച്ചു. ദാവീദ്  രണ്ടാമത്തേതിനെ പ്രതിനിധീകരിച്ചു. ഇതുതന്നെയാണ് മതഭക്തരായ ആളുകളും ആത്മീയരായ ആളുകളും തമ്മിലുള്ള വ്യത്യാസം. ദൈവം തന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനെ അന്വേഷിച്ചു. അങ്ങനെ ദാവീദിനെ കണ്ടെത്തി. നമ്മുടെ തലയെന്നാല്‍ നമ്മുടെ തലച്ചോറ്, ബുദ്ധി, കഴിവുകള്‍ എന്നിവയെല്ലാമാണ്. ഹൃദയമെന്നാല്‍ ദൈവത്തോടുള്ള നമ്മുടെ സമര്‍പ്പണവും, ആരാധനയുമാണ്. പിതാവായ ദൈവം ആരാധകരെയാണ് അന്വേഷിക്കുന്നത്. അല്ലാതെ പണ്ഡിതരെയല്ല (യോഹ.4:23). നിങ്ങളൊരു ആരാധകനും യേശുക്രിസ്തുവില്‍ സമര്‍പ്പിക്കപ്പെട്ടവനും അല്ലെങ്കില്‍ , നിങ്ങള്‍ എത്ര കഴിവുള്ളവനാണെങ്കിലും ശൌലിനെപോലെ ആയിരിക്കും അവസാനിക്കുക. ദാവീദ് പല തെറ്റുകളും ചെയ്തിട്ടുണ്ടെങ്കിലും  തന്റെ “ഹൃദയം ശരിയായിരുന്നതിനാല്‍ ” വിജയകരമായി തന്റെ ജീവിതകാലം പൂര്‍ത്തിയാക്കി.
1 ശമുവേല്‍ 14:35 ല്‍ ശൌല്‍ ആദ്യമായി ഒരു യാഗപീഠം പണിതതിനെകുറിച്ചു വായിക്കുന്നു. ഇവിടെ നാം അവന്റെ പരാജയ കാരണവും കാണുന്നു. അവന്‍ പ്രാഥമീകമായി ഒരു ആരാധകനായിരുന്നില്ല.  ശൌലിന്റെ പൂര്‍വപിതാവായ അബ്രഹാം ഒരു ആരാധകനായിരുന്നു. അബ്രഹാം പോയിടത്തെല്ലാം അവന്‍ ദൈവത്തെ ആരാധിക്കുന്നതിനു ഒരു യാഗപീഠം പണിതു.    എന്നാല്‍ ശൌല്‍ കഴിവുള്ള ഒരുവന്‍ മാത്രമായിരുന്നു. ഒരു ആരാധകനായിരുന്നില്ല. യോഹന്നാന്‍ 4:10 ല്‍ യേശു പറയുന്നത്, ദൈവത്തെ സേവിക്കുന്നതിനു മുമ്പ്  നാം അവിടുത്തെ ആരാധിക്കണം എന്നാണ്. തലയില്‍ മാത്രമിരിക്കുന്ന ക്രിസ്തീയതയെ സൂക്ഷിക്കുക. അത് നിങ്ങളെ യേശുക്രിസ്തുവിനോടുള്ള സമര്‍പ്പണത്തിലേക്കും പിതാവായ ദൈവത്തെ ആരാധിക്കുന്നതിലേക്കും നയിക്കുകയില്ല.