ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുക WFTW 29 July 2012

സാക് പുന്നന്‍

Read the PDF Version

2 ശമുവേല്‍  2:1 ല്‍ “ദാവീദ് ദൈവത്തോട് ……. ചോദിച്ചു …………” എന്ന് എഴുതിയിരിക്കുന്നു. 1 ശമുവേല്‍ 23:2 – 4 ലും  30 :8 ലും എല്ലാ കാര്യത്തിലും ദൈവഹിതം അന്വേഷിക്കുക എന്ന സ്വഭാവം ദാവീദില്‍ സ്ഥിരമായിട്ട് ഉണ്ടായിരുന്നതായി വായിക്കുന്നു. 2 ശമുവേല്‍ 5:17-25 ല്‍ ഫെലിസ്ത്യര്‍ക്കെതിരെ നടന്ന രണ്ടു യുദ്ധങ്ങളില്‍ ദാവീദ് ദൈവഹിതം അന്വേഷിച്ചത് നാം വായിക്കുന്നു. രണ്ടാം തവണ യുദ്ധതന്ത്രം മാറ്റി പുറകില്‍ നിന്നും ആക്രമിക്കുവാന്‍ ദൈവം പറഞ്ഞു. എല്ലാ സമയവും ദൈവം തന്ത്രങ്ങള്‍ മാറ്റിക്കൊണ്ടിരുന്നു. ദാവീദ് യുദ്ധത്തിന്റെ ആളായിരുന്നു. എല്ലാ സമയത്തും അവനു യുദ്ധതന്ത്രങ്ങള്‍ ദൈവത്തില്‍ നിന്നും ലഭിച്ചു. അതിനാല്‍ അവന്‍ എല്ലായ്പോഴും വിജയിച്ചിരുന്നു. രാജ്യത്ത് ഒരു ക്ഷാമമുണ്ടായപ്പോഴും എന്തുകൊണ്ടാണ് ഇതുണ്ടായതെന്നു  അവന്‍ ദൈവത്തോട് ചോദിച്ചു (2 ശമുവേല്‍ 21:1).

ദൈവഹിതം അന്വേഷിക്കാതിരുന്ന ചില കാര്യങ്ങളും അവന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. മൂന്നു ഉദാഹരണങ്ങള്‍ : 1) ആറ്‌ പേരെ തന്റെ ഭാര്യമാരായി സ്വീകരിച്ചപ്പോള്‍ (2 ശമുവേല്‍ 3).  2) ബെത്ശേബയെ തന്റെ അരമനയിലേക്കു ക്ഷണിച്ചപ്പോള്‍ (2 ശമുവേല്‍ 11). 3) യിസ്രായേലിന്റെ ജനസംഖ്യ എടുത്തപ്പോള്‍ (2ശമുവേല്‍ 24).  ഈ മൂന്നു പരാജയങ്ങള്‍ക്കും അവന്‍ വലിയ വില നല്‍കേണ്ടിവന്നു. എന്നാല്‍ ദൈവത്തിന്റെ നടത്തിപ്പിനായി കാത്തിരുന്ന അവസരങ്ങളിലൊന്നും അവന്‍ തെറ്റിപ്പോയില്ല. ഇത് നമുക്കെല്ലാമുള്ള ഒരു പാഠവും മുന്നറിയിപ്പുമാണ്.

ദാവീദ് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ ആയിരുന്നു. അതോടൊപ്പം ദയനീയമായി പരാജയപ്പെട്ടവനുമായിരുന്നു. അവന്റെ പരാജയങ്ങളുടെ വിവരണം പോലും നമ്മെ ഉത്സാഹിപ്പിക്കുന്നതാണ്. കാരണം പരാജയപ്പെടുന്നവരെപ്പോലും ദൈവത്തിനു എങ്ങനെ ഉപയോഗിക്കാന്‍ കഴിയുമെന്ന് നാം ഇതില്‍നിന്നു പഠിക്കുന്നു. നാമൊക്കെ പലതവണ ദൈവമുമ്പാകെ പരാജയപെട്ടിട്ടുള്ളവരാകയാല്‍ വേദപുസ്തകത്തില്‍ വിശദീകരിച്ചിരിക്കുന്ന ദൈവഭൃത്യന്മാരുടെ പരാജയങ്ങള്‍ അവരുടെ വിജയങ്ങളേക്കാള്‍ നമ്മെ ഉത്സാഹിപ്പിക്കുന്നു. നാമൊക്കെ ധാരാളം വിഡ്ഢിത്തരങ്ങള്‍ കാട്ടി പരാജയപ്പെട്ടിട്ടുള്ളവരാണ്, പ്രത്യേകിച്ചു നാം ചെറുപ്പമായിരിക്കുമ്പോള്‍ ! ചെറുപ്പമായിരിക്കുമ്പോള്‍ നമുക്ക് വാശി കൂടുതലും ജ്ഞാനം കുറവുമായിരിക്കും. ചെറുപ്രായത്തില്‍  നാം  ജ്ഞാനമില്ലാതെ പല കാര്യങ്ങള്‍ പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ ദൈവം കരുണയുള്ളവനാണ്. അവിടുന്ന് പരാജയപ്പെട്ടവരെയും തെരഞ്ഞെടുത്തു തന്റെ ഹൃദയപ്രകാരമുള്ള പുരുഷനും സ്ത്രീയും ആക്കിത്തീര്‍ക്കും.

യൂദായിലെ ജനമാണ് ദാവീദിനെ ആദ്യമായി അവരുടെ രാജാവായി അഭിഷേകം ചെയ്തത്. പിന്നീട് അവന്‍ മുഴുവന്‍ യിസ്രായേലിന്റെയും രാജാവായി അഭിഷേകം ചെയ്യപ്പെട്ടു (2 ശമുവേല്‍ 5:3-5).  യൂദായുടെ രാജാവാകുമ്പോള്‍ അവനു മുപ്പതു വയസ്സായിരുന്നു. അടുത്ത ഏഴര വര്‍ഷം കാത്തിരുന്നതിന് ശേഷമാണ്  അവന്‍ മുഴുവന്‍ യിസ്രായേലിനും രാജാവായത്. അതായത് ദൈവം അവനു നല്‍കിയ വാഗ്ദാനം നിവര്‍ത്തിയാകുവാന്‍ അവനു ഇരുപതു വര്‍ഷം കാത്തിരിക്കേണ്ടിവന്നു. അവന്റെ കാത്തിരിപ്പുകാലം ഏതാണ്ട് എബ്രാഹാമിന്റെ കാത്തിരിപ്പ് കാലത്തിനു തുല്യമായിരുന്നു. എന്നാല്‍ ദാവീദ് ക്ഷമയോടെ കാത്തിരുന്നു. വിശ്വാസത്തോടും ക്ഷമയോടും കൂടെ ദൈവീക വാഗ്ദാനങ്ങള്‍ക്കായി കാത്തിരുന്ന ഇത്തരം ആളുകളുടെ മാതൃക പിന്തുടരുവാനാണ്  നാം വിളിക്കപ്പെട്ടിരിക്കുന്നത്. ദാവീദ് തനിക്കായി സിംഹാസനം ആരില്‍നിന്നും തട്ടിയെടുക്കുകയായിരുന്നില്ല. ദൈവം തന്റെ സമയത്ത് അത് നല്‍കുന്നതുവരെ അവന്‍ കാത്തിരുന്നു. ബെത്ശേബയുടെ കാര്യത്തിലും തട്ടിയെടുക്കാതെ ഇതേ മനോഭാവത്തോടെ ഇരുന്നെങ്കില്‍ കാര്യങ്ങള്‍ എത്ര വ്യത്യസ്തമാകുമായിരുന്നു.

നിങ്ങള്‍ക്ക് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനാകണമെങ്കില്‍ ഒന്നും തട്ടിയെടുക്കാതിരിക്കുവാന്‍ പഠിക്കുക. യാക്കോബ് എല്ലാം തട്ടിയെടുക്കുന്നവനായിരുന്നു. അങ്ങനെ തുടര്‍ന്നിടത്തോളം അവന്  യിസ്രായേല്‍ ആകുവാന്‍ സാധിച്ചില്ല. ചുരുട്ടി പിടിച്ച മുഷ്ടികളുമായിട്ടാണ് കുഞ്ഞുങ്ങള്‍ ജനിക്കുന്നത്. ഒരു കൊച്ചു കുഞ്ഞിന്റെ കൈകളിലേക്ക് നിങ്ങളുടെ വിരല്‍ വച്ചാല്‍ ആ കുഞ്ഞു അതിനെ മുറുകെ പിടിക്കും. ആ കുഞ്ഞു വളര്‍ന്നു വരുമ്പോള്‍ കളിപ്പാട്ടങ്ങളും മറ്റു വസ്തുക്കളും തട്ടിയെടുക്കാന്‍ പഠിക്കുന്നു. തനിക്കായി വസ്തുവകകള്‍ തട്ടിയെടുക്കുക എന്നത് മനുഷ്യപ്രകൃതമാണ്. നമുക്കുവേണ്ടി വസ്തുവകകള്‍ പിടിച്ചെടുത്തുകൊണ്ട് ജീവിതകാലം മുഴുവന്‍ നാം ചെലവഴിക്കുന്നു. സ്ഥാനം, ബഹുമാനം, പണം അങ്ങനെ പലതും നാം പിടിച്ചെടുക്കുന്നു. എന്നാല്‍ യേശു വ്യത്യസ്തനായിരുന്നു. അവിടുന്ന് തനിക്കായി ഒരു വസ്തുവകകളും പിടിച്ചെടുത്തില്ല. അവിടുന്ന് മുഷ്ടി ചുരുട്ടിപ്പിടിച്ചില്ല. അവിടുത്തെ കൈകള്‍ എപ്പോഴും മറ്റുള്ളവര്‍ക്കുവേണ്ടി തുറന്നിരുന്നു. ഒടുവില്‍ തുറന്ന കൈപ്പത്തികളോടെ അവിടുന്ന് കാല്‍വരിയില്‍ ക്രൂശിക്കപ്പെട്ടു. ആ മാതൃകയാണ് നമുക്ക് അനുഗമിക്കുവാനുള്ളത്.വിധേയപ്പെടുക, അവകാശങ്ങള്‍ വിട്ടുകൊടുക്കുക. മറ്റുള്ളവര്‍ക്ക് കൊടുക്കുക, അപ്പോള്‍ ദൈവം സമൃദ്ധിയായി മടക്കി നല്‍കും. ദൈവം തന്നെ ഒരു ശുശ്രൂഷയും സ്ഥാനവും അടക്കം ആവശ്യമുള്ളതെല്ലാം നിങ്ങള്‍ക്ക് നല്‍കും. നിങ്ങള്‍ അവിടുത്തെ സമയത്തിനായി കാത്തിരിക്കുക മാത്രം ചെയ്യുക. നാമായിട്ട്‌ പിടിച്ചെടുക്കുന്നതിനേക്കാള്‍ വളരെ നല്ലതാണ്, ദൈവത്തില്‍നിന്നും പ്രാപിക്കുക എന്നത്. യാക്കോബിന് തന്റെ ജന്മാവകാശം പിതാവിനെ ചതിച്ചു വാങ്ങേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ദാവീദിനെ പോലെ കാത്തിരുന്നുവെങ്കില്‍ തീര്‍ച്ചയായും ദൈവം അത് അവനു നല്‍കുമായിരുന്നു. നാം എന്തെങ്കിലും തട്ടിയെടുക്കുന്ന ഓരോ സമയത്തും ദൈവത്തിലുള്ള അവിശ്വാസമാണ് നാം പ്രകടിപ്പിക്കുന്നത്.

നിങ്ങള്‍ക്ക് വിവാഹം കഴിക്കണമെന്നവണ്ണം ഒരു ചെറുപ്പക്കാരിയോടോ, ചെറുപ്പക്കാരനോടോ ആകര്‍ഷിക്കപ്പെട്ടു എന്ന് കരുതുക. നിങ്ങള്‍ ഇങ്ങനെ ചിന്തിച്ചു തുടങ്ങാം,  “ഞാന്‍ എത്രയും വേഗം അവളെ / അവനെ തട്ടിയെടുത്തില്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലും ലഭിക്കും”. ഇത് അവിശ്വാസമാണ്. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ക്ഷമയില്ലാതെ തട്ടിയെടുക്കുന്നവനാകുകയില്ല. പകരം ഇങ്ങനെ പറയും,”ദൈവമേ അവിടുന്ന് എനിക്കായി കരുതി വച്ചിരിക്കുന്ന ആളെ ആര്‍ക്കും വിവാഹം കഴിക്കുവാന്‍ സാധിക്കുകയില്ല”. ദൈവം നിങ്ങള്‍ക്കായി ഒരുക്കിവച്ചിരിക്കുന്ന ഏതൊരു ശുശ്രൂഷയുടെ കാര്യത്തിലും ഈ പ്രമാണം ബാധകമാണ്. ആര്‍ക്കും അത് തട്ടിയെടുക്കുവാന്‍ കഴിയുകയില്ല. നിങ്ങള്‍ ദൈവത്തിനായി കാത്തിരുന്നാല്‍ അവിടുന്ന് ആ ശുശ്രൂഷയിലേക്ക് നിങ്ങളെ നടത്തും.

ഒരു മനുഷ്യര്‍ക്കുമെതിരെ പരാതി പറയാതെ എപ്പോഴും ദൈവത്തില്‍ വിശ്വസിക്കുവാന്‍ പഠിക്കുക. നിങ്ങള്‍ ഇരുപതു വര്‍ഷം കാത്തിരിക്കുവാന്‍ ദൈവം ഇടയാക്കിയാലും കാത്തിരിക്കുക. ഒടുവില്‍ നിങ്ങള്‍ വളരെ നല്ലൊരു നേതാവായി തീരും. ശൌലും ശലോമോനും ഒരു കാര്യത്തിനും വേണ്ടി കാത്തിരിക്കുവാന്‍ പഠിച്ചില്ല എന്ന് നാം കാണുന്നു. അവര്‍  സുഖസൗകര്യങ്ങളുടെ നടുവിലേക്ക് ജനിച്ചവരും യാതൊരു വിധ ശോധനകളും, സമ്മര്‍ദ്ദങ്ങളും നേരിടാത്തവരും ആയിരുന്നു. ജീവിതം വളരെ സുഖസൗകര്യങ്ങളില്‍ ആയിരിക്കുന്നവരെ കുറിച്ചു എനിക്ക് ദു:ഖമുണ്ട്, കാരണം അവര്‍ക്ക് ശോധനകളും സമ്മര്‍ദ്ദങ്ങളും ഇല്ല. മനുഷ്യരാല്‍ തള്ളപ്പെട്ട ഒരുവനാണ് ദൈവം തന്റെ ശുശ്രൂഷ ഏല്‍പ്പിച്ചു കൊടുക്കുന്നത്.

What’s New?