ആവശ്യത്തിലിരിക്കുന്ന സഹവിശ്വാസികളോടുള്ള മനോഭാവം ശ്രദ്ധിക്കുക – WFTW 28 ഒക്ടോബര്‍ 2012

സാക് പുന്നന്‍

Read the PDF Version

മത്തായി 25:31-46ല്‍ ആവശ്യത്തിലിരിക്കുന്ന സഹവിശ്വാസികളോടുള്ള നമ്മുടെ മനോഭാവം സംബന്ധിച്ച് യേശു സംസാരിക്കുന്നു. ആവശ്യം ആത്മീയമോ ഭൌതീകമോ ആകാം. ഇവിടെ ചിലര്‍ തങ്ങളുടെ സഹവിശ്വാസികളെ ദൈവത്തിനെന്നവണ്ണം സേവിച്ചതിനാല്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കുന്നതായി നാം കാണുന്നു. ഇടതു കൈ ചെയ്യുന്നത് വലതുകൈ അറിയാതവണ്ണം രഹസ്യമായിരുന്നു അവരുടെ സേവനം (മത്തായി 6:3). അതുകൊണ്ട് തന്നെ ദൈവം അവരുടെ നന്മ പ്രവര്‍ത്തിയെ കുറിച്ച് ഓര്‍മ്മിപ്പിക്കുമ്പോള്‍ അവര്‍ അത് ഓര്‍ക്കുകപോലും ചെയ്യുന്നില്ല (മത്തായി 25:38).
തന്‍റെ ഒരു എളിയ സഹോദരന് വേണ്ടി ചെയ്ത കാര്യം, തനിക്കുവേണ്ടി ചെയ്തതായി കണക്കാക്കും എന്നൊരു കാര്യം കൂടി യേശു ഇവിടെ പഠിപ്പിക്കുന്നു (മത്തായി 25:40). അവിടുന്ന് എളിയ സഹോദരന്‍ എന്ന് ഇവിടെ പറയുന്നത് ശ്രദ്ധേയമാണ്. സ്വാഭാവികമായി പ്രമുഖരായ വിശ്വാസികളെ ശുശ്രൂഷിക്കാനാണ് നമ്മുടെ താല്‍പര്യം. ദരിദ്രരായവരെ അവഗണിക്കുകയും തുഛീകരിക്കുകയും ചെയ്യുന്നു. തിന്നുക, കുടിക്കുക, വാങ്ങുക, കൊടുക്കുക, കെട്ടുക, നടുക എന്നീ പ്രവര്‍ത്തനങ്ങള്‍  തങ്ങള്‍ക്കായി ചെയ്തുകൊണ്ടിരിക്കുന്നവര്‍ തീര്‍ച്ചയായും യേശുവിന്‍റെ വരവിങ്കല്‍ ഉപേക്ഷിക്കപ്പെടും (ലൂക്കോ 17:28,34). 
ദൈവത്തെ സേവിക്കുന്നതോടൊപ്പം സഹ വിശ്വാസികളോടും സ്നേഹത്തോടുകൂടി പരിഗണനയുള്ളവര്‍ മാത്രമേ എടുക്കപ്പെടുകയുള്ളൂ. മറ്റൊരു വേദ ഭാഗത്തില്‍ യേശു വേറൊരു കൂട്ടം ആളുകളോട് സംസാരിക്കുന്നു. അവര്‍ മുകളില്‍ പറഞ്ഞവരില്‍നിന്നും തികച്ചും വ്യത്യസ്തരാണ്. അവര്‍ ദൈവനാമത്തില്‍ ചെയ്ത എല്ലാ നന്മ പ്രവര്‍ത്തികളും ഓര്‍ത്തിരിക്കുന്നവരാണ്. അവരും ന്യായവിധിക്കുമുമ്പില്‍ വരുന്നുണ്ട്. അവര്‍ യേശുവിന്‍റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കിയതും, രോഗികളെ സൌഖ്യമാക്കിയതും, പ്രസംഗിച്ചതുമെല്ലാം ദൈവത്തെ ഓര്‍മ്മിപ്പിക്കുന്നു. അവര്‍ ഇതെല്ലാം ചെയ്തെങ്കിലും ദൈവം അവരെയും തള്ളിക്കളയുന്നു. കാരണം എല്ലാത്തിനും മീതെ ഒന്നാമതായി വേണ്ടിയിരുന്ന കാര്യം – രഹസ്യജീവിതത്തിലെ വിശുദ്ധി – അവര്‍ക്കില്ലായിരുന്നു. അവര്‍ തങ്ങള്‍ക്കുണ്ടായിരുന്ന വരങ്ങളില്‍ വലിപ്പം കണ്ടു. 
ഇവിടെ കാണുന്ന ഈ വൈരുദ്ധ്യം ശ്രദ്ധിക്കുന്നത് നല്ലതാണ്. രോഗികളെ സൌഖ്യമാക്കിയവര്‍ പുറത്താക്കപ്പെട്ടു (മത്തായി 7:22,23). എന്നാല്‍ രോഗികളെ സന്ദര്‍ശിക്കുക മാത്രം ചെയ്തവര്‍ സ്വര്‍ഗ്ഗരാജ്യം അവകാശമാക്കി (മത്തായി 25:34,36). രോഗികളെ സൌഖ്യമാക്കുന്നതിനുള്ള താലന്തു നല്‍കിയിട്ടില്ലെങ്കില്‍ ആരെയും സൌഖ്യമാക്കണമെന്നു ദൈവം നമ്മോടു ആവശ്യപ്പെടുന്നില്ല. എന്നാല്‍ രോഗികളെ സന്ദര്‍ശിക്കുകയും, ഉത്സാഹിപ്പിക്കുകയും അവരെ ദൈവനാമത്തില്‍ അനുഗ്രഹിക്കുകയും ചെയ്യാന്‍ നമുക്ക് കഴിയും. അങ്ങനെയെങ്കില്‍, രോഗികളെ സൌഖ്യമാക്കിയ പലരും ഉപേക്ഷിക്കപ്പെടുമ്പോള്‍, ക്രിസ്തുവിന്‍റെ മടങ്ങി വരവിങ്കല്‍ അവിടുത്തോട്‌ ചേരുവാന്‍ നാം തയ്യാറായിരിക്കും. ഇത്തരത്തില്‍ മറ്റുള്ളവരെ സേവിക്കണമെങ്കില്‍ അസൗകര്യങ്ങള്‍ സ്വീകരിക്കുവാന്‍ നാം തയ്യാറായിരിക്കണം.
തങ്ങളുടെ ദൈനംദിന പരിപാടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍, ആവശ്യക്കാരായ ആളുകളുടെ ഇടപെടലുകള്‍ ഇഷ്ടപ്പെടാത്തവര്‍ തീര്‍ച്ചയായും യേശുവിന്‍റെ വരവിങ്കല്‍ പുറകില്‍ തള്ളപ്പെടും. നമ്മുടെ സമയം, പണം, അതിനെല്ലാമുപരി നമ്മുടെ സ്വന്തം പദ്ധതികളും, ആഗ്രഹങ്ങളും യാഗപീഠത്തില്‍ വച്ചാല്‍ മാത്രമേ ദൈവനാമത്തില്‍ മറ്റുള്ളവരെ സേവിക്കുവാന്‍ നമുക്ക് കഴിയുകയുള്ളൂ. സ്വാര്‍ത്ഥത നമ്മുടെ ജഡത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒന്നാണ്. കണ്മോഹം, കോപം, ദുര്‍മോഹം എന്നിങ്ങനെയുള്ള പാപങ്ങളില്‍ നിന്നെല്ലാം ശുദ്ധി പ്രാപിച്ചാലും  കേവലം നമുക്കുവേണ്ടി മാത്രം ജീവിക്കുവാനും കഴിയും. പരീശന്മാരില്‍ കണ്ട വിശുദ്ധി പോലെയുള്ള വിശുദ്ധിയുണ്ടാകാം, എന്നാല്‍ അത് നമ്മെ കുറിച്ച് മാത്രം ചിന്തിച്ചുള്ളതും, സ്വയത്തില്‍ കേന്ദ്രീകരിച്ച ഒരു ജീവിതത്തില്‍ നിന്നും നമ്മെ രക്ഷിക്കാത്തതുമാണ്. യഥാര്‍ത്ഥ വിശുദ്ധിയുടെ വ്യാജനാണിത്. ഇതിനാല്‍ ചതിക്കപ്പെടാന്‍ എളുപ്പമാണ്.
യേശു ഇങ്ങനെ പ്രാര്‍ഥിക്കുവാന്‍ നമ്മെ പഠിപ്പിച്ചു, “…ഞങ്ങള്‍ക്ക് നല്‍കേണമേ…..ഞങ്ങളോട് ക്ഷമിക്കേണമേ…..ഞങ്ങളെ രക്ഷിച്ചുകൊള്ളേണമേ..”(മത്തായി 6:11-13). പാപത്തില്‍ കഴിയുന്ന മറ്റുള്ളവരെ കുറിച്ച് ഒരു ഭാരം നല്‍കാത്ത ഒരു വിശുദ്ധീകരണമാണ് നമുക്കുള്ളതെങ്കില്‍ അത് ചവറ്റുകൊട്ടയില്‍ കളയാന്‍ മാത്രമുള്ളതാണ്. നാം നമ്മുടെ ചിന്താഗതിയെ തന്നെ പുതുക്കേണ്ടതുണ്ട്. (മനസ്സു പുതുക്കുക – റോമര്‍ 12:2). അതുവഴി നമുക്ക് മറ്റുള്ളവരെ അവര്‍ കടന്നു പോകുന്ന സാഹചര്യങ്ങള്‍ അറിഞ്ഞു മനസ്സിലാക്കുവാന്‍ സാധിക്കുന്നു. വരുവാനുള്ള രാജ്യം അവകാശമാക്കുവാന്‍ നമ്മെ ഒരുക്കുന്ന ക്രിസ്തുവിന്‍റെ ചിന്തയാണിത്. എത്ര വിശുദ്ധനാണെങ്കിലും തന്‍റെയും തന്‍റെ കുടുംബത്തിന്‍റെയും ആവശ്യം മാത്രം അന്വേഷിക്കുന്ന ഒരുവന്‍ കര്‍ത്താവിന്‍റെ വരവിനായി തയ്യാറായിട്ടിരിക്കുകയാണെന്നു കരുതിയാല്‍ അവന്‍ സ്വയം ചതിക്കുക മാത്രമായിരിക്കും ചെയ്യുന്നത്.
(മൊഴിമാറ്റം : സാജു ജോസഫ്, ആലപ്പുഴ)