ദൈവം സഭയില്‍ ‘സഹായം ചെയ്യുവാന്‍ കഴിവുള്ളവരെ’ നിയോഗിച്ചിരിക്കുന്നു – WFTW 20 മാർച്ച് 2016

സാക് പുന്നന്‍

   Read PDF version

‘നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഓരോരുത്തരും അവയവങ്ങളുമാകുന്നു. ദൈവം ഒന്നാമത് അപ്പൊസ്തലന്മാരെയും രണ്ടാമത് പ്രവാചകന്മാരെയും മൂന്നാമത് ഉപദേഷ്ടാക്കളെയും, പിന്നെ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവര്‍, രോഗശാന്തിവരമുള്ളവര്‍, സഹായം ചെയ്യുവാന്‍ കഴിവുള്ളവര്‍, ഭരിക്കുവാന്‍ വരമുള്ളവര്‍, ബഹുഭാഷാവരം ലഭിച്ചവര്‍ എന്നിവരെയും സഭയില്‍ നിയോഗിച്ചിരിക്കുന്നു (1 കൊരി. 12:27,28).

മുകളില്‍ പറഞ്ഞ വാക്യത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ഓരോ വ്യക്തിയും, വൈവം തന്റെ സഭയുടെ പണിയില്‍ സഹായിക്കേണ്ടതിനായി ചില അമാനുഷിക കഴിവുകള്‍ ദൈവത്തില്‍ നിന്നു ലഭിച്ച്, സജ്ജരാക്കപ്പെട്ടിട്ടുള്ളവരാണ്. അവരില്‍ അപ്പൊസത്‌ലന്മാരെയും പ്രവാചകന്മാരെയും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നവരെയും രോഗശാന്തി വരമുള്ളവരെയും പോലെയുള്ളവര്‍ക്ക് പ്രകടമായ അമാനുഷിക കഴിവുകള്‍ ഉണ്ട് ദൈവം തന്നെയാണ് അവര്‍ക്ക് ആ കഴിവുകള്‍ കൊടുത്തിട്ടുള്ളത്.

അതുകൊണ്ട് ഇവിടെ എടുത്തു പറഞ്ഞിട്ടുള്ള മറ്റുള്ളവരും ഉപദേഷ്ടാക്കന്മാര്‍, സഹായിക്കാനുള്ള വരമുള്ളവര്‍, ഭരിക്കുവാന്‍ വരമുള്ളവന്‍ ക്രിസ്തുവിന്റെ ശരീരത്തില്‍ അവരുടെ കൃത്യം നിറവേറ്റുവാന്‍ വേണ്ടി ചില അമാനുഷിക കഴിവുകള്‍ കൊണ്ട് ദൈവത്താല്‍ സജ്ജരാക്കപ്പെട്ടിട്ടുള്ളവരാണെന്നുള്ളത് സത്യമായിരിക്കണം, അല്ലാതെ ഈ പ്രവര്‍ത്തന മേഖലയില്‍ കേവലം സ്വാഭാവികമായ കഴിവുകള്‍ ഉള്ള ആളുകളല്ല.

ഉദാഹരണത്തിന് സഭയില്‍ ദൈവം നിയോഗിച്ചിട്ടുള്ള സഹായം ചെയ്യുവാന്‍ കഴിവുള്ള ആളുടെ കാര്യമെടുക്കാം.

ഇവര്‍ തറ തൂക്കുവാനോ കക്കൂസ് വൃത്തിയാക്കുവാനോ ഇതുപോലുള്ള മറ്റ് ജോലിക്കോ സ്വമനസ്സാലെ സേവനമനുഷ്ഠിക്കുന്നവരല്ല. ഇതുപോലെയുള്ള താഴ്ന്ന ജോലികള്‍ ചെയ്യുവാന്‍ സമ്മതമുള്ള, ഇപ്രകാരം സ്വമനസ്സാലെ സേവനമനുഷ്ഠിക്കുന്നവരെ ഓരോ സഭയിലും നമുക്ക് തീര്‍ച്ചയായും ആവശ്യമുണ്ട്. എന്നാല്‍ അങ്ങനെയുള്ള ജോലികള്‍ ആരാലും ചെയ്യപ്പെടാം. അതിന് ഏതെങ്കിലും അമാനുഷികമായ പ്രാപ്തിപ്പെടുത്തല്‍ ആവശ്യമില്ല. എന്നാല്‍ മുകളിലുള്ള വാക്യത്തില്‍ പറഞ്ഞിരിക്കുന്ന ‘സഹായം ചെയ്യാന്‍ കഴിവുള്ളവര്‍’ മറ്റുള്ളവരെ സഹായിക്കാനായി ദൈവത്താല്‍ അമാനുഷിക കഴിവ് നല്‍കപ്പെട്ട ആളുകളാണ്. ഓരോ സഭയിലും അങ്ങനെയുള്ള ആളുകളെ വലിയതായി ആവശ്യമുണ്ട് കൂടാതെ നാം എല്ലാവരും ഇങ്ങനെയൊരു ശുശ്രൂഷയ്ക്കായി ദൈവത്താല്‍ സജ്ജരാക്കപ്പെടേണ്ടതിനായി വളരെ ആഗ്രഹിക്കുന്നവരായിരിക്കണം.

ഇപ്രകാരം ‘സഹായം ചെയ്യുവാന്‍ കഴിവുള്ളവര്‍’ സഭകളില്‍ ബലഹീനരും ആവശ്യത്തിലിരിക്കുന്നവരുമായവരെ ആത്മീയമായി താങ്ങുന്നവരും സഹായം നല്‍കുന്നവരുമാണ്. പരിശുദ്ധാത്മാവ് സഹായകന്‍ എന്നാണ് വിളിക്കപ്പെട്ടിരിക്കുന്നത് (യോഹ. 14:16).തന്നെയുമല്ല അവിടുന്ന് നമ്മെ സഹായിക്കുക എന്ന അവിടുത്തെ പ്രവൃത്തി ആവശ്യമായിട്ടാണ് ചെയ്യുന്നത്. ക്രിസ്തുവിന്റെ ശരീരത്തിലുള്ള ഈ ‘സഹായകന്മാരും’ പ്രവര്‍ത്തിക്കുന്നത് വലിയ സഹായകനായ പരിശുദ്ധാത്മാവ് ചെയ്യുന്നത് പോലെയാണ് യാതൊരു പൊങ്ങച്ചവും പ്രകടനവും കൂടതെയും ദൃഷ്ടിവിഷയകമോ, അംഗീകരണമോ അന്വേഷിക്കാതെയും നിശബ്ദരായി പിന്നണിയില്‍ ആണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അവര്‍ സഹോദരന്മാരോ സഹോദരിമാരോ ആകാം. സഭയില്‍ സംശയങ്ങളാലും ഭയങ്ങളാലും കഷ്ടപ്പെടുന്ന ക്ഷീണിതരായ ആളുകളുടെ പറയപ്പെടാത്ത ആവശ്യങ്ങളോട് സ്പര്‍ശ്യത ഉള്ളവരായ ഇങ്ങനെയുള്ള വിശ്വാസികള്‍ക്ക് ദൈവത്താല്‍ നല്‍കപ്പെട്ട നിസ്തുല്യമായ ഒരുവരമുണ്ട് (രോഗികളെ സൗഖ്യമാക്കുന്നതിനുള്ള നിസ്തുല്യമായ രോഗശാന്തി വരം പോലെ) അവര്‍ സഹായിക്കുന്നതിനുവേണ്ടി ക്ഷണിക്കപ്പെടാനായി കാത്തുനില്‍ക്കുന്നില്ല. എന്നാല്‍ ആത്മാവിനാല്‍ നയിക്കപ്പെടുന്നതുപോലെ, അവര്‍ നിശബ്ദരായി ബുദ്ധിമുട്ടനുഭവിക്കുന്നവരോടുകൂടെ ചേര്‍ന്നു നടക്കയും വിശ്വാസത്തിന്റെയും പ്രോത്സാഹനത്തിന്റെയും വാക്കുകള്‍കൊണ്ട് അവരെ സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെ തങ്ങളെ ആരുടെ മേലും അടിച്ചേല്‍പ്പിക്കുകയില്ല. എന്നാല്‍ അവര്‍ ദിനം തോറും ദൈവത്തെ ശ്രദ്ധിക്കുകയും ‘തളര്‍ന്നിരിക്കുന്നവനെ ഉത്സാഹിപ്പിക്കുവാന്‍ സമയോചിതമായ വാക്കുകള്‍ അവര്‍ക്ക് നല്‍കപ്പെടുകയും ചെയ്യുന്നു’ (യെശ. 50:4).

നമ്മുടെ ഈ നാളില്‍ അപ്രകാരം വരപ്രാപ്തരായ ആളുകളുടെ വലിയ ഒരാവശ്യമുണ്ട്, കാരണം ഓരോ സഭയിലും നിരാശരും മനസ്സിടിഞ്ഞവരും, ആകുലചിന്തയും ഉള്ളവരും, ജീവിതപോരാട്ടങ്ങളില്‍ തളര്‍ന്നവരുമായ അനേകരുണ്ട്, അവര്‍ക്ക് അവരോട് ചേര്‍ന്നുവന്ന് അവരെ പ്രോത്സാഹിപ്പിക്കുന്ന ചിലരെ ആവശ്യമുണ്ട്. അതുകൊണ്ട് ശാന്തമായി നിശബ്ദരായി ക്രിസ്തുവിന്റെ ശരീരത്തെ അനുഗ്രഹിക്കുവാനുള്ള ഈ വരത്തിനായി അധികം സഹോദരന്മാരും സഹോദരിമാരും കര്‍ത്താവിനെ അന്വേഷിക്കണം. അവര്‍ നാള്‍ തോറും കര്‍ത്താവിനെ ശ്രദ്ധിച്ചു കേള്‍ക്കുന്ന ഒരു ശീലം വളര്‍ത്തിയെടുക്കണം. കൂടാതെ ഈ ദൗത്യം നിറവേറ്റുന്നതിനായി ആവശ്യമുള്ള ശാന്തതയം അമാനുഷികമായ സജ്ജീകരണത്തിനുംവേണ്ടി കര്‍ത്താവിനെ അന്വേഷിക്കുകയും വേണം.

കൊരിന്തിലെ സഭയില്‍ സ്‌തെഫാനോസിനും അവന്റെ കുടുംബത്തിനും ഈ വരമുണ്ടായിരുന്നതായി കാണപ്പെടുന്നു. അവര്‍ ‘തങ്ങളുടെ ജീവിതം, എല്ലായിടത്തുമുള്ള ക്രിസ്ത്യാനികളെ ‘സഹായിക്കുന്നതിനായി ചെലവഴിക്കുകയായിരുന്നു’ (1 കൊരി.16:15 ലിവിംഗ്)

നിങ്ങള്‍ക്കെല്ലാവര്‍ക്കും അന്വേഷിക്കുവാന്‍ കഴിയുന്ന ഒരു ശുശ്രൂഷ ഇവിടെ ഉണ്ട്. നിങ്ങളുടെ സഭയില്‍ ഒരു ‘സഹായം’ ആയിരിക്കുവാന്‍ ദൈവം നിങ്ങളെ സജ്ജരാക്കട്ടെ.

‘സഹോദരന്മാരേ ഞങ്ങള്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നത് : ബലഹീനരെ സഹായിക്കുവിന്‍’ (1 തെസ്സ.5:14).

‘നിങ്ങള്‍ ബലഹീനരെ സഹായിക്കുകയും വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നത് ഭാഗ്യം എന്നുള്ള കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ ഓര്‍ത്തുകൊള്ളുകയും വേണം'(അപ്പൊ.പ്രവ. 20:35).