ഇടവിടാതെയുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളുടെ ചില കാരണങ്ങള്‍ – WFTW 06 ഏപ്രില്‍ 2014

സാക് പുന്നന്‍

   Read PDF version

ദൈവത്തില്‍ നിന്ന് നാം എന്തെങ്കിലും പ്രാപിക്കുകയും, പ്രാപിച്ചത് സ്വാര്‍ത്ഥപരമായി പിടിച്ചുവയ്ക്കുകയും ചെയ്യുമ്പോള്‍ നാം ആത്മീയമായി മരിക്കുന്നു. ചുരുട്ടിയ മുഷ്ടി ആദാമ്യ വര്‍ഗ്ഗത്തിന്റെ അനുയോജ്യമായ ഒരു പ്രതീകമാണ് – അതിന് കിട്ടാവുന്നതെല്ലാം ബലാല്ക്കാരേണ സ്വായത്തമാക്കുകയും അതിനുള്ളതെല്ലാം മുറുകെ പിടിച്ചു വയ്ക്കുകയും ചെയ്യുന്നു. കാല്‍വറിയിലെ ക്രൂശില്‍ യേശുവിന് തുറന്നകൈകളാണ് ഉണ്ടായിരുന്നത്. നാമും അങ്ങനെ ആയിരിക്കണം. ഇസ്രയേല്‍ മക്കളോടു പറഞ്ഞു. “…ദശാംശത്തിന്റെ ഉദ്ദേശ്യം നിങ്ങളുടെ ജീവിതത്തില്‍ എല്ലായ്‌പോഴും ദൈവത്തെ ഒന്നാമതു വയ്‌ക്കേണം എന്നത് നിങ്ങളെ പഠിപ്പിക്കുവാനാണ് (ആവ. 14:23 ലി.ബൈ.). പുതിയ നിയമത്തിന്റെ കീഴില്‍ ദശാംശം കൊടുക്കാന്‍ കല്പനയില്ല. കാരണം യേശു പറഞ്ഞത് ഒരുവന്‍ എന്റെ ശിഷ്യനായിരിക്കണമെങ്കില്‍ അവനുള്ളത് 100% ഉപേക്ഷിക്കണം എന്നാണ് (വെറും 10% അല്ല). നമ്മുടെ പണത്തിന്റെ ഒരംശവും ഇപ്പോള്‍ നമ്മുടെ സ്വന്തമല്ല. അതെല്ലാം ദൈവത്തിന്റേതാണ്. നമ്മുടെ പണം മുഴുവന്‍ ദൈവവേലയ്ക്ക് കൊടുക്കണമെന്നല്ല ഇതിനര്‍ത്ഥമാക്കുന്നത്. നമുക്കുവേണ്ടി നാം എന്തു ചെലവാക്കിയാലും അതു ദൈവത്തിന്റെ മഹത്വത്തിനു വേണ്ടി ചെയ്യണം (1കൊരി. 10:31). എന്നാല്‍ അപ്പോഴും നാം ദൈവത്തിനും അവന്റെ വേലയ്ക്കും കൊടുക്കണം. നാം എത്രമാത്രം കൊടുക്കണം? നമുക്ക് സന്തോഷത്തോടെ കൊടുക്കുവാന്‍ കഴിയുന്നത്രത്തോളം (2കൊരി. 9:7).പുതിയ ഉടമ്പടിയുടെ കീഴില്‍ നാം കൊടുക്കുന്നതിന്റെ ഗുണനിലവാരത്തിനാണ് ഊന്നല്‍ കൊടുത്തിരിക്കുന്നത്. പഴയ ഉടമ്പടിയുടെ കീഴിലെന്നപോലെ അളവിനല്ല.

എന്നാല്‍ നാം വിതയ്ക്കുന്നതു തന്നെ കൊയ്യും (2കൊരി. 9:6).നാം കര്‍ത്താവിനു കൊടുക്കുന്നതു വിതയ്ക്കപ്പെട്ട വിത്തുപോലെയാണ്. അല്പമായി നാം വിതച്ചാല്‍ അല്പമായി കൊയ്യും. അനേകം വിശ്വാസികളും തുടര്‍മാനം സാമ്പത്തിക ബുദ്ധിമുട്ടിലായിരിക്കുന്നതിന്റെ ഒരു കാരണം ഇതായിരിക്കാം. അവര്‍ ദൈവവിഷയമായി സമ്പന്നരായിരിക്കുന്നില്ല (ലൂക്കൊ.12:21). ദൈവവിഷയമായും ദൈവത്തിനുവേണ്ടിയും സമ്പന്നനായിരിക്കുന്ന ഒരു മനുഷ്യന്‍ അവന്റെ ആവശ്യത്തിന്റെ സമയത്ത് കടത്തിലാകുക എന്നത് അസംഭവ്യമാണ്.

യേശു പറഞ്ഞു “… വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നത് ഭാഗ്യം” (അപ്പൊ.പ്ര. 20:35). മറ്റുള്ളവരില്‍ നിന്ന് ദാനങ്ങള്‍ സ്വീകരിക്കുന്നതിനെ നാം പ്രിയപ്പെടുന്നുണ്ടോ? അപ്പോള്‍ നാം ആദാമിന്റെ എല്ലാ മക്കളെയുംപോലെ ആണ്. ഒരു യഥാര്‍ത്ഥ ദൈവീക മനുഷ്യന്റെ സ്വഭാവ വിശേഷം, സ്വീകരിക്കുന്നതിനേക്കാള്‍ അവര്‍ കൊടുക്കുവാന്‍ താല്പര്യപ്പെടുന്നവരായിരിക്കും. ദൈവഭക്തിയുള്ളവന്‍ കൊടുക്കുവാന്‍ ഇഷ്ടപ്പെടുന്നു” (സദൃ. 21:26 – ലി.ബൈ). വേദപുസ്തകം പറയുന്നു കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും” (സദൃ. 15:27). ദാനങ്ങള്‍ സ്വീകരിക്കുന്നതു വെറുക്കുവാനും ദാനങ്ങള്‍ കൊടുക്കുന്നത് ഇഷ്ടപ്പെടുവാനും നമ്മുടെ മനസ്സിനെ പുതുക്കണം.

സാമ്പത്തിക ബുദ്ധിമുട്ടുകളുടെ മറ്റൊരു കാരണം, നമ്മുടെ സഹവിശ്വാസികള്‍ക്ക്, അവരുടെ ആവശ്യങ്ങള്‍ക്ക് കൊടുക്കുവാനുള്ള നമ്മുടെ മനസ്സില്ലായ്മയാകാം.എളിയവന്റെ നിലവിളിക്ക് ചെവി പൊത്തിക്കളയുന്നവന്‍ താനും വിളിച്ചപേക്ഷിക്കും ഉത്തരം ലഭിക്കയില്ല” (സദ–.21:13). മറിച്ച് നീ ദരിദ്രനെ സഹായിക്കുമ്പോള്‍, നീ വാസ്തവത്തില്‍ കര്‍ത്താവിന് വായ്പ കൊടുക്കുന്നു – അവന്‍ നിന്റെ വായ്പയ്ക്ക് അത്ഭുതകരമായ പലിശ തരുന്നു” (സദൃ.19:17–ലി.ബൈ.). തീര്‍ച്ചയായും ഇത് വളരെ വിവേകപൂര്‍വ്വം ചെയ്യണം. നിങ്ങള്‍ക്കിതിനുള്ള വിവേകം ഇല്ലെങ്കില്‍ ആ പണം മൂപ്പന്മാരെ (നിങ്ങള്‍ക്ക് വിശ്വാസമുള്ളവരെ) ഏല്പിക്കുന്നതായിരിക്കും നല്ലത്. എന്നിട്ട് അവരോട് അത് വിവേകപൂര്‍വ്വം വിതരണം ചെയ്യുവാന്‍ പറയുക. ആദിമ സഭയില്‍ ഈ രീതിയാണ് പിന്‍തുടര്‍ന്നിരുന്നത് (അപ്പൊ.പ്ര. 4:34,35).

കൊടുപ്പിന്‍ എന്നാല്‍ നിങ്ങള്‍ക്കു കിട്ടും… നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും” (ലുക്കൊ. 6:38). ഇത് നമുക്ക് ധാരാളമായി ഉണ്ടാകണോ കുറച്ച് ഉണ്ടാകണോ എന്ന് നിശ്ചയിക്കുന്ന ദൈവത്തിന്റെ നിയമം ആണ്. നാം മറ്റുള്ളവരോട് വിശാലമനസ്‌കരാണെങ്കില്‍, ദൈവം നമ്മോട് വിശാലമനസ്‌കനായിരിക്കും. നാം മറ്റുള്ളവരോട് പിശുക്കുള്ളവരായാല്‍ ദൈവം നമ്മോട് പിശുക്കുള്ളവനായിരിക്കും.

അനേകം ക്രിസ്ത്യാനികളെയും ആവശ്യത്തിലാക്കുന്നതിന് കാരണമാകുന്ന ഒരു ഘടകം പണസ്‌നേഹമാണ്. എല്ലാ മനുഷ്യരും പണത്തെ സ്‌നേഹിക്കുന്നു. നാം വീണ്ടും ജനിക്കുമ്പോള്‍ ആ പണസ്‌നേഹം അപ്രത്യക്ഷമാകുന്നില്ല. എന്നാല്‍ നാം നമ്മെത്തന്നെ വിധിക്കുവാനും അതില്‍നിന്ന് നമ്മെ വെടിപ്പാക്കുവാനും നാം വിശ്വസ്തരാണെങ്കില്‍, അപ്പോള്‍ ക്രമേണ അത് നമ്മുടെ ജിവിതങ്ങളില്‍നിന്ന് മുഴുവനായും അപ്രത്യക്ഷമാകും.