ത്യാഗത്തിന്റെ പ്രമാണം! – WFTW 06 ജൂലൈ 2014

സാക് പുന്നന്‍

   Read PDF version

2 ദിനവൃത്താന്തം 3:1ല്‍ നാം വായിക്കുന്നു: “ശലോമോന്‍ മോറിയാ പര്‍വത്തില്‍ യഹോവയുടെ ആലയം പണിയാന്‍ തുടങ്ങി.” അബ്രഹാം തന്റെ മകന്‍ യിസ്ഹാക്കിനെ യാഗം അര്‍പ്പിച്ച സ്ഥലമാണ് മോറിയാ പര്‍വതം (ഉല്‍പ.22). അവിടെ ആ മലയില്‍വച്ച് ദൈവത്തിന്റെ വഴി ത്യാഗത്തിന്റെ വഴിയാണെന്നു അബ്രഹാം മനസ്സിലാക്കി. അക്കാര്യം അബ്രഹാം മനസ്സിലാക്കുകയും അതിനു വിധേയപ്പെടുകയും ചെയ്തു. ദൈവം ആ സ്ഥലം വിശുദ്ധീകരിക്കുകയും 1000 വര്‍ഷത്തിനു ശേഷം അതേ സ്ഥലത്തു തന്റെ ആലയം പണിയണമെന്നു തീരുമാനിക്കുകയും ചെയ്തു. ഇന്നും ദൈവം തന്റെ ആലയം (സഭ) പണിയുന്നത് ഇങ്ങനെയുള്ള ഇടങ്ങളിലാണ് – അബ്രഹാമിന്റെ ആത്മാവും വിശ്വാസവുമുള്ളവരെ കണ്ടെത്തുന്ന ഇടങ്ങളിലെല്ലാം. മോറിയാ പര്‍വതത്തില്‍ വച്ച് തന്റെ ഭൂമിയിലെ സന്പാദ്യങ്ങളെ (യിസ്ഹാക്ക്) ക്കാള്‍ അധികം തനിക്കു വിലപ്പെട്ടതു തന്റെ ദൈവവും സൃഷ്ടാവുമായവനാണെന്ന് അബ്രാഹം പറഞ്ഞു. അതു തെളിയിക്കുവാനായി യിസ്ഹാക്കിനെ യാഗം കഴിക്കുവാന്‍ അവന്‍ മനസ്സുള്ളവനായിരുന്നു. ഈ യാഗത്തിന്റെ പ്രമാണത്താല്‍ ജീവിക്കുന്ന എല്ലാവരെയും ദൈവം മാനിക്കും. ദൈവം ഇന്നും സത്യഭവനത്തെ പണിയാന്‍ പോകുന്നത് ഈ മാര്‍ഗ്ഗത്താല്‍ പിടിക്കപ്പെട്ടവരിലൂടെയാണ്.
കാല്‍വറി കുന്നിന്മേല്‍, യേശുക്രിസ്തു ലോകത്തിന്റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചു എന്നതു മാത്രമല്ല സത്യം. യേശു അവിടെ പ്രദര്‍ശിപ്പിച്ചത്, ദൈവം തന്റെ എല്ലാ പ്രവൃത്തിയും ചെയ്യുന്നത് ത്യാഗത്തിന്റെ പ്രമാണത്തിലൂടെയാണെന്നതു കൂടിയാണ്. ആര്‍ക്കും മറ്റൊരുവിധത്തിലും കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍ കഴിയുകയില്ല.“ക്രിസ്തു സഭയെ സ്‌നേഹിക്കുകയും തന്നെത്താന്‍ അവള്‍ക്കുവേണ്ടി ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു” (എഫെ. 5:25). സഭ പണിയുവാന്‍ നാം ഇതേപോലെ തന്നെ സഭയെ സ്‌നേഹിക്കണം. നമ്മുടെ പണമോ സമയമോ മാത്രം കൊടുത്താല്‍ പോരാ. നാം തമ്മെത്തന്നെ കൊടുക്കണം – നമ്മുടെ സ്വന്തജീവനെ.
ദൈവം തനിക്കു മനുഷ്യനോടുള്ള സ്‌നേഹത്തെ വിവരിക്കുവാന്‍ ആഗ്രഹിച്ചപ്പോഴൊക്കെ ഭൂമിയിലെ ഒരൊററ ഉദാഹരണം മാത്രമേ അതിനായി എടുക്കാന്‍ കഴിഞ്ഞുള്ളു. ഒരമ്മയ്ക്ക് തന്റെ നവജാത ശിശുവിനോടുള്ള സ്‌നേഹം (യെശ. 49:15 കാണുക) നിങ്ങള്‍ ഒരമ്മയെ നിരീക്ഷിക്കുമെങ്കില്‍, അവള്‍ക്കു തന്റെ കുഞ്ഞിനോടുള്ള സ്‌നേഹം ത്യാഗത്തിന്റെ ആത്മാവിനാല്‍ നിറഞ്ഞതാണെന്ന് കാണാം. അതിരാവിലെ മുതല്‍ രാത്രിയില്‍ വളരെ വൈകുന്നതു വരെയും രാത്രിയിലുടനീളവും ഒരമ്മ തന്റെ കുഞ്ഞിനുവേണ്ടി ത്യാഗം ചെയ്യുന്നു, ത്യാഗം ചെയ്യുന്നു പിന്നെയും ത്യാഗം ചെയ്യുന്നു. അതിനുപകരം ഒന്നും അവള്‍ക്കു തിരിച്ചു കിട്ടുന്നതുമില്ല. അവളുടെ കുഞ്ഞിനുവേണ്ടി വര്‍ഷങ്ങളോളം അവള്‍ വേദനയും അസൌകര്യങ്ങളും എല്ലാം സന്തോഷത്തോടെ ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ സഹിക്കുന്നു. അങ്ങനെയാണ് ദൈവവവും നമ്മെ സ്‌നേഹിക്കുന്നത്. ആ സ്വഭാവമാണ് നമ്മിലേക്ക് പകരാന്‍ അവിടുന്ന് ആഗ്രഹിക്കുന്നത്.
എന്നാല്‍, അവര്‍ എല്ലാവരും തമ്മില്‍ തമ്മില്‍ അതുപോലെ സ്‌നേഹിക്കുന്നു (യോഹന്നാന്‍ 13:34) എന്നു സത്യസന്ധമായി പറയാന്‍ കഴിയുന്ന ഒരു കൂട്ടായ്മപോലും ലോകത്തില്‍ എവിടെയെങ്കിലും കണ്ടെത്തുക അസാധ്യമാണ്. ഒട്ടേറെ വിശ്വാസികള്‍ക്കും തങ്ങളോട് അഭിപ്രായ ഐക്യമുള്ളവരെയും തങ്ങളുടെ കൂട്ടത്തോടു ചേരുന്നവരേയും മാത്രമേ സ്‌നേഹിക്കാന്‍ അറിയാവൂ. അവരുടെ സ്‌നേഹം മാനുഷികമാണ്. അത് അമ്മമാരുടെ ത്യാഗപരമായ സ്‌നേഹത്തില്‍നിന്നും വളരെ അകലെയാണ്!! എന്നാലും ദിവ്യസ്‌നേഹം എന്ന ലക്ഷ്യത്തിലേക്ക് നാം പ്രയത്‌നിക്കേണ്ടതുണ്ട്. അതുകൊണ്ട് മുകളില്‍ പറഞ്ഞ വാക്യം ഓരോ തവണ വായിക്കുമ്പോഴും നമ്മുടെ സ്‌നേഹം ഇതുവരെയും അങ്ങനെ ആയിട്ടില്ല എന്നു നാം സത്യസന്ധമായി സമ്മതിച്ചാല്‍ മാത്രം പോരാ, എന്നാല്‍ ഒരുനാള്‍ നമ്മുടെ സ്‌നേഹം അതുപോലെയാകും എന്നു നമ്മുടെ പ്രത്യാശയും ആഗ്രഹം ഏറ്റു പറയുകയും വേണം.
ഒരമ്മ തനിക്കു ചുറ്റുമുള്ള മറ്റ് അമ്മമാര്‍ അവരുടെ കൂഞ്ഞുങ്ങള്‍ക്കുവേണ്ടി ത്യാഗം സഹിക്കുന്നുണ്ടോ എന്നു ശ്രദ്ധിക്കാറില്ല. അവള്‍ തന്നെ സന്തോഷത്തോടെ എല്ലാം ത്യജിക്കുന്നു. ഇതേപോലെ, സഭയെ തന്റെ കുഞ്ഞായി കണ്ടിട്ടുള്ള ഒരുവനും തനിക്കു ചുറ്റുമുള്ളവര്‍ സഭയ്ക്കുവേണ്ടി ത്യാഗം ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന് നോക്കാറില്ല. അവന്‍ തന്നെ സന്തോഷത്തോടെ ത്യാഗം ചെയ്യും. തന്നെയുമല്ല ആര്‍ക്കും എതിരെ അവന് പരാതിയോ അവകാശമോ ഒന്നും ഉണ്ടായിരിക്കുകയില്ല. മറ്റുള്ളവര്‍ സഭയ്ക്കുവേണ്ടി ഒരു ത്യാഗവും ചെയ്യുന്നില്ല എന്ന് പരാതിപ്പെടുന്നവര്‍ അമ്മമാരല്ല മറിച്ച് വാടകയ്‌ക്കെടുത്ത ആയമാരാണ്. ഇങ്ങനെയുള്ള ആയമാര്‍ക്കു ക്ലിപ്തമായ പ്രവൃത്തി സമയമുണ്ട്. കൂടാതെ അടുത്ത 8 മണിക്കൂര്‍ ഷിഫ്റ്റിനുള്ള ആയ സമയത്തു വരാതിരിക്കുമ്പോള്‍ പരാതിപ്പെടുകയും ചെയ്യും. എന്നാല്‍ ഒരമ്മ ഓരോ ദിവസവും 8 മണിക്കൂര്‍ ജോലി ചെയ്യുന്നവളല്ല. അവന്‍ ദിനംപ്രതി 24 മണിക്കൂര്‍ ഷിഫ്റ്റ് പ്രവര്‍ത്തിക്കുന്നു – വര്‍ഷങ്ങളോളം- അവള്‍ക്ക് അതിന് കൂലി ഒന്നും കിട്ടുന്നുമില്ല. അവളുടെ കുഞ്ഞിന് 20 വയസ്സു പ്രായമാകുമ്പോഴും, ആ അമ്മയുടെ ജോലി തീരുന്നില്ല!! അമ്മമാര്‍ക്കു മാത്രമേ അവരുടെ കുഞ്ഞുങ്ങള്‍ക്ക് എല്ലാ ദിവസവും കൊടുക്കാനുള്ള പാലുണ്ടാകുകയുള്ളു. ആയമാര്‍ക്കു തങ്ങള്‍ സംരക്ഷിക്കുന്ന കുഞ്ഞുങ്ങള്‍ക്കുവേണ്ടി, പാല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിയുകയില്ല. ഇതുപോലെ തന്നെ സഭയില്‍ അമ്മമാരെപോലെ ഉള്ളവര്‍ക്ക് എപ്പോഴും തങ്ങളുടെ ആത്മീയ മക്കള്‍ക്കു കൊടുക്കാന്‍ ഒരു വചനം ഉണ്ടായിരിക്കും – എല്ലാ സഭായോഗങ്ങളിലും അനേകം മൂപ്പന്മാര്‍ക്കും സഭയ്ക്കുവേണ്ടി ഒരു വചനമില്ല. കാരണം അവര്‍ ആയമാരാണ്, അമ്മമാരല്ല.
ഒരമ്മ അവളുടെ മക്കളില്‍ നിന്ന് എന്തെങ്കിലും കൂലി പ്രതീക്ഷിക്കുന്നില്ല. ഒരു കുഞ്ഞും ഒരിക്കലും അതിന്റെ അമ്മയ്ക്ക് അവളുടെ സേവനത്തിന് കൂലി കൊടുക്കുന്നില്ല. വാസ്തവത്തില്‍, മണിക്കൂറില്‍ 20 രൂപ പ്രകാരം (ആയമാര്‍ക്കു കൊടുക്കുന്നതുപോലെ) കണക്കാക്കിയാല്‍, എല്ലാ കുഞ്ഞുങ്ങളും അവര്‍ക്ക് 20 വയസ് പ്രായമാകുമ്പോഴേക്ക് 30 ലക്ഷം രൂപ അവരുടെ അമ്മമാര്‍ക്കു കടപ്പെട്ടിരിക്കും!! ഏതു കുഞ്ഞിന് ഇങ്ങനെയൊരു തുക അതിന്റെ അമ്മയ്ക്കു മടക്കികൊടുക്കാന്‍ കഴിയും?
ഇപ്പോള്‍ നമ്മുടെ മുന്‍പിലുള്ള ചോദ്യം ഇതാണ് – ഇതുപോലെ കര്‍ത്താവിനും അവന്റെ സഭയ്ക്കും വേണ്ടി ഒരു കൂലിയും സ്വീകരിക്കാതെ തന്നെത്തന്നെ കൊടുത്തുകൊണ്ടു കര്‍ത്താവു വരുന്നതുവരെ ദിവസങ്ങളോളം, വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുവാന്‍ മനസ്സുള്ളവര്‍ ആരുണ്ട്? ദൈവത്തിന് അങ്ങനെയുള്ള ആത്മാവോടു കൂടിയ ഒരാളിനെ എവിടെയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞാല്‍, അവിടുന്ന് അയാളെ സഭ പണിയാനായി ഉപയോഗിക്കും. ത്യാഗത്തിന്റെ ആത്മാവില്ലാതെ തന്നെ ശുശ്രൂഷിക്കാന്‍ ശ്രമിക്കുന്ന അര്‍ദ്ധഹൃദയമുള്ള 10000 വിശ്വാസികളെ ഉപയോഗിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഈ ഒരാളിനെ ഉപയോഗിക്കാന്‍ അവിടുത്തേക്കു കഴിയും.
യേശു ഭൂമിയിലേക്കു മടങ്ങി വരികയും നിങ്ങള്‍ അവിടുത്തെ മുമ്പില്‍ നില്‍ക്കുകയും ചെയ്യുമ്പോള്‍, നിങ്ങള്‍ക്ക്, നിങ്ങള്‍ ജീവിച്ച വഴികളെ ഓര്‍ത്തു എന്തെങ്കിലും ഖേദം ഉണ്ടാകുമോ അതോ നിങ്ങള്‍ ദൈവരാജ്യത്തിനുവേണ്ടി പ്രയോജനപ്രദമായി ചെലവഴിച്ച ഒരു ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? അനേകരും ഒഴുക്കിനൊത്തു നീങ്ങുകയും തങ്ങളുടെ ഭൂമിയിലെ ജീവിതത്തെ പാഴാക്കികളയുകയും ചെയ്യുന്നു. അധികം വൈകുന്നതിനു മുമ്പേ ഉണര്‍ന്നെഴുന്നേല്‍ക്കുക. എന്നിട്ട് ദൈവത്തോട്, അവിടുത്തെ മാര്‍ഗ്ഗം ത്യാഗത്തിന്റെ മാര്‍ഗ്ഗമാണെന്നു കാണിച്ചു തരുവാന്‍ ആവശ്യപ്പെടുക. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ!.