നാം അറിഞ്ഞിരിക്കേണ്ട നാല് പ്രധാന വ്യത്യാസങ്ങള്‍ – WFTW 08 ജൂണ്‍ 2014

സാക് പുന്നന്‍

   Read PDF version

1. പ്രലോഭനവും പാപവും:- പ്രലോഭിപ്പിക്കപ്പെടുന്നതും പാപം ചെയ്യുന്നതും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. വേദപുസ്തകം പറയുന്നു, “ഓരോരുത്തന്‍ പരീക്ഷിക്കപ്പെടുന്നത് സ്വന്ത മോഹത്താല്‍ ആകര്‍ഷിച്ചു വശീകരിക്കപ്പെടുകയാല്‍ ആകുന്നു. മോഹം ഗര്‍ഭം ധരിച്ച് പാപത്തെ പ്രസവിക്കുന്നു…” (യാക്കോ. 1:14, 15). നമ്മുടെ ജഡത്തിലുള്ള മോഹത്തെ ഗര്‍ഭം ധരിക്കാന്‍ അനുവദിക്കുന്നതു വരെ നമ്മുടെ ഹൃദയത്തില്‍ പാപം ജനിക്കുന്നില്ല. ഒരു മോഹം നമ്മുടെ മനസ്സിലേക്ക് ഒരു നിര്‍ദ്ദേശം പൊടുന്നനവേ മിന്നിക്കുമ്പോള്‍, നാം പ്രലോഭിക്കപ്പെടുന്നു. ആ പ്രലോഭനത്തിന് നമ്മുടെ മനസ്സ് സമ്മതിക്കുകയാണെങ്കില്‍ അപ്പോള്‍ ഗര്‍ഭധാരണം നടക്കുകയും പാപം ജനിക്കുകയും ചെയ്യുന്നു. പ്രലോഭിപ്പിക്കപ്പെടുന്നതു മൂലം നാം തിന്മയുള്ളവരായി തീരുന്നില്ല. യേശു തന്നെ പ്രലോഭിപ്പിക്കപ്പെട്ടു. എന്നാല്‍ ഒരിക്കലും ഒരു പ്രാവശ്യംപോലും ഒരുവിധത്തിലും അവന്‍ പാപം ചെയ്തില്ല. അതുകൊണ്ട് അവന്‍ പൂര്‍ണ്ണമായും നിര്‍മ്മലനായിരുന്നു.

യേശു “സകലത്തിലും തന്റെ സഹോദരന്മാരോട് സദൃശനായിതീര്‍ന്നു” എന്നും “നമ്മെപ്പോലെ സകലത്തിലും പരീക്ഷിക്കപ്പെട്ടു” എന്നും തിരുവചനം പറയുന്നു (എബ്ര. 2:17, 4:15). അവന്‍ നമ്മെപ്പോലെ തന്നെ പരീക്ഷിക്കപ്പെട്ടു, എന്നിട്ടും അവന്‍ ഒരിക്കലും പാപം ചെയ്തില്ല. നമ്മില്‍ ചിലര്‍ക്ക് അതു വളരെ അതിശകരമായി തോന്നുന്നില്ലായിരിക്കാം. കാരണം യേശു ദൈവമായിരുന്നതുകൊണ്ട് സ്വാഭാവികമായും പാപത്തെ എളുപ്പത്തില്‍ അതിജീവിക്കുവാന്‍ കഴിഞ്ഞു എന്നാണ് അവര്‍ക്കു തോന്നുന്നത്. എന്നാല്‍ ഓര്‍ക്കുക, അവന്‍ ഭൂമിയിലേക്കു വന്നപ്പോള്‍ ദൈവത്തോട് സമമായുണ്ടായിരുന്ന എല്ലാ പ്രത്യേകാധികാരങ്ങളില്‍നിന്നും “തന്നെത്താന്‍ ശൂന്യനാക്കിയിരുന്നു” (ഫിലി. 2:6,7). അവന്‍ ദൈവമായിരുന്നു എങ്കിലും ഭൂമിയില്‍ അദ്ദേഹം ഒരു മനുഷ്യനായി ജീവിച്ചു. നമുക്കു പരിശുദ്ധാത്മാവിന്റെ ശക്തിയിലേക്ക് ഇന്ന് അവന്‍ നല്‍കിയിരിക്കുന്ന അത്രയും പ്രവേശനം മാത്രമേ അന്ന് യേശുവിന് ഉണ്ടായിരുന്നുള്ളു. അതുകൊണ്ടാണ് നമ്മോട് “യേശുവിങ്കലേക്കു നോക്കിക്കൊണ്ട്” ഓട്ടം ഓടുവാന്‍ പറഞ്ഞിരിക്കുന്നത്. ഇന്നു നമ്മുടെ “പാപത്തിനെതിരെയുള്ള പോരോട്ടത്തില്‍” അവന്റെ മാതൃക നോക്കുവാനും ഉത്സാഹിപ്പിക്കപ്പെടുവാനും കഴിയും (എബ്ര. 12:2-4). അതുകൊണ്ട് ഒരു മനുഷ്യനായിട്ടു തന്നെ നാം നേരിടുന്ന ഓരോ പ്രലോഭനങ്ങളെയും, അവന്‍ ജയിച്ചത്. അങ്ങനെ അവന്‍ നമുക്ക് ഒരു മുന്നോടിയും അനുഗമിപ്പാന്‍ ഒരു മാതൃകയും ആയിത്തീര്‍ന്നു (എബ്രാ. 6:20). ഇതാണ് ദൈവഭക്തിയുടെ മര്‍മ്മം… ക്രിസ്തു ജഡത്തില്‍ വെളിപ്പെട്ടു… ആത്മാവില്‍ നീതീകരിക്കപ്പെട്ടു…” (1 തിമൊ. 3;16). അവന് നമ്മുടെ ജഡം ഉണ്ടായിരുന്നെങ്കിലും തന്റെ ജീവിതത്തിലുടനീളം അവന്‍ തന്റെ ആത്മാവിനെ നിര്‍മ്മലമായി സൂക്ഷിച്ചു. ഇതാണ് അവന്‍ ജയിച്ചതുപോലെ നമുക്കും ജയിക്കാം എന്നുള്ള പ്രത്യാശ തരുന്നത്. തന്റെ ജഡത്തിലൂടെ അവന്‍ നമുക്ക് അവനുള്ള ഒരു പുതിയ വഴി തുറന്നു തന്നതുകൊണ്ട് അതിലൂടെ നമുക്ക് അവനെ അനുഗമിക്കാം (എബ്രാ. 10:20).

2. പഴയമനുഷ്യനും പുതിയ മനുഷ്യനും:- പഴയ മനുഷ്യന്‍ ക്രൂശിക്കപ്പെട്ടു. ഉരിഞ്ഞുകളഞ്ഞു, അടക്കപ്പെട്ടു. നമ്മുടെ ഉള്ളില്‍ ഇപ്പോള്‍ “ദൈവമേ അവിടുത്തെ ഇഷ്ടം ചെയ്യുവാന്‍ ഞാന്‍ വന്നിരിക്കുന്നു” (എബ്രാ. 10:7) എന്നു പറയുന്ന ഒരു പുതിയ മനുഷ്യന്‍ ഉണ്ട്. യേശുവിന്റെ ഒരു ശിഷ്യന് പാപം ചെയ്യാന്‍ സാധ്യമാണ്. എന്നാല്‍ ഒരു ശിഷ്യന്‍ പാപം ചെയ്യുന്നതും ഒരു അവിശ്വാസി പാപം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അത് ഒരു പൂച്ച മലിനജലത്തില്‍ വീഴുന്നതും ഒരു പന്നി മലിനജലത്തിലേക്ക് സ്വന്ത ഇഷ്ടത്താല്‍ എടുത്തുചാടുന്നതും തമ്മിലുള്ള വ്യത്യാസമാണ്. പൂച്ച അഴുക്കു വെള്ളത്തെ വെറുക്കുന്നു. എന്നാല്‍ യാദൃശ്ചികമായി അതില്‍ വീണുപോയി. പന്നി എങ്ങനെയായാലും അതിനെ സ്‌നേഹിക്കുന്നു. അതെല്ലാം പ്രകൃതത്തിന്റെ ഭാഗമാണ്. യേശുവിന്റെ ശിഷ്യന് നിര്‍മ്മലതയെ സ്‌നേഹിക്കുകയും പാപത്തെ വെറുക്കുകയും ചെയ്യുന്ന ഒരു പുതിയ പ്രകൃതമാണ് ഉള്ളത്.

പഴയ മനുഷ്യന്‍ പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നു. പുതിയ മനുഷ്യന്‍ ഒരിക്കലും പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ പുതിയ മനുഷ്യന്‍ വേണ്ടത്ര ശക്തന്‍ അല്ലെങ്കില്‍ ജഡത്തിന്റെ മോഹങ്ങള്‍ക്കെതിരെ തന്റെ ഹൃദയത്തിന്റെ വാതില്‍ അടയ്ക്കപ്പെട്ട അവസ്ഥയില്‍ സൂക്ഷിക്കാന്‍ അവനു കഴിയാതെ വന്നേക്കാം. അതിനു കാരണം അവന് ആ മോഹങ്ങളെ വേണ്ടിയതുകൊണ്ടല്ല. എന്നാല്‍ അവയെ എതിര്‍ക്കുവാന്‍ മതിയായ വിധത്തില്‍ അവന്‍ ശക്തനല്ലാത്തതുകൊണ്ടാണ്. ഇതിന് കാരണം അവന്‍ മതിയാവോളം അവനെ തന്നെ ദൈവവചനത്തില്‍ പോഷിപ്പിക്കാത്തതിനാലായിരിക്കാം. അല്ലെങ്കില്‍ അവന്‍ പ്രാര്‍ത്ഥനയിലൂടെ അവനെ തന്നെ ശക്തിപ്പെടുത്തിയിട്ടില്ലാത്തതുകൊണ്ടായിരിക്കാം.

അതുകൊണ്ട് പാപം ചെയ്യുന്നതും പാപത്തില്‍ വീഴുന്നതും തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ഈ വ്യത്യാസം അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്; കാരണം നമ്മുടെ ഹൃദയത്തിലുള്ള ആവശ്യമില്ലാത്ത അനേകം കുറ്റം വിധിക്കുന്ന തോന്നലുകളെ നമുക്ക് ഒഴിവാക്കാന്‍ കഴിയും. വേദപുസ്തകം പറയുന്നു: `പാപം ചെയ്യുന്നവന്‍ (അതായത്, മനപൂര്‍വ്വം പാപം ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കുന്നവന്‍) പിശാചിന്റെ മകന്‍ ആകുന്നു” (1 യോഹ. 3:8). മറുവശത്ത്, അദ്ദേഹം ഇങ്ങന പറഞ്ഞുകൊണ്ട് വിശ്വാസികള്‍ക്ക് എഴുതുന്നു. “ഒരുവന്‍ പാപം ചെയ്തു എങ്കിലോ (അതായത്, യാദൃശ്ചികമായി ഒരുവന്‍ പാപത്തില്‍ വീണാല്‍) നീതിമാനായ യേശുക്രിസ്തു എന്ന കാര്യസ്ഥന്‍ നമുക്ക് പിതാവിന്റെ അടുക്കല്‍ ഉണ്ട്…” ( 1 യോഹ. 2:1,2).

3. ബോധപൂര്‍വ്വവും, ബോധപൂര്‍വ്വമല്ലാത്തതുമായ പാപം:- പാപത്തില്‍ വീഴുന്നതും പാപം ഉണ്ടായിരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. പാപം ഉണ്ടായിരിക്കുക എന്നാല്‍ നമ്മുടെ വ്യക്തിത്വത്തില്‍ ബോധപൂര്‍വ്വമല്ലാത്ത പാപം ഉണ്ട് എന്നാണ്- നമുക്ക് തന്നെ അറിവില്ലാത്ത പാപം, അതു നമ്മെക്കാള്‍ പക്വതയുള്ള മറ്റു ചിലര്‍ക്ക് നമ്മില്‍ അതു ശ്രദ്ധിക്കാന്‍ കഴിഞ്ഞാലും നാം അതറിയുന്നില്ല. എന്നാല്‍ അങ്ങനെയുള്ള ബോധപൂര്‍വ്വമല്ലാത്ത പാപങ്ങള്‍ ഒരിക്കലും നമ്മെ കുറ്റം വിധി ഉള്ളവരാക്കേണ്ട ആവശ്യമില്ല. കാരണം ദൈവവചനം പറയുന്നു: “ന്യായപ്രമാണം ഇല്ലാതിരിക്കുമ്പോള്‍ പാപം കണക്കിടുന്നില്ല” (റോമ. 5:13). (നമ്മുടെ ബോധമനസ്സില്‍ പാപത്തെക്കുറിച്ച് അറിവില്ലാത്തപ്പോള്‍ ദൈവം നമ്മോട് പാപം കണക്കിടുന്നില്ല എന്നും ഇത് അര്‍ത്ഥമാക്കുന്നു).

നമ്മുടെ മരണദിനം വരെ നമ്മില്‍ ബോധപൂര്‍വ്വമല്ലാത്ത പാപങ്ങള്‍ നമുക്കുണ്ടായിരിക്കും – എങ്ങനെയായാലും നാം വെളിച്ചത്തില്‍ നടക്കുന്നു എങ്കില്‍ അത് കുറഞ്ഞു കുറഞ്ഞു വരും. വേദപുസ്തകം പറയുന്നു “നമ്മില്‍ പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നാം നമ്മെത്തന്നെ വഞ്ചിക്കുന്നു…” (1യോഹ. 1:8). തനിക്ക് പാപം ഇല്ല എന്ന് പറയുന്ന ഒരുവന്‍ വാസ്തവത്തില്‍ അവകാശപ്പെടുന്നത് അവന്‍ ഇപ്പോഴേ ക്രിസ്തുവിനെപ്പോലെ പൂര്‍ണ്ണന്‍ ആയിത്തീര്‍ന്നിട്ടുണ്ട് എന്നാണ്. എന്നാല്‍ ദൈവവചനം പറയുന്നത് നാം അവനെപ്പോലെയാകുന്നത് അവന്‍ മടങ്ങി വരുമ്പോള്‍ മാത്രമാണന്നാണ് – അതിനുമുമ്പേയല്ല (1 യോഹ 3:2). നേരത്തെ തന്നെ മുഴുവനായും ശുദ്ധീകരിക്കപ്പെട്ടവരും, പൂര്‍ണ്ണതയുള്ളവരുമെന്ന് അവകാശപ്പെടുന്നവര്‍ തങ്ങളെത്തന്നെ വഞ്ചിക്കുകയാണ്. ബോധപൂര്‍വ്വമല്ലാത്ത പാപവും, ഏതുവിധത്തിലും കഴുകപ്പെടേണ്ടതാണ്. നാം ദൈവത്തിന്റെ വെളിച്ചത്തില്‍ നടക്കുന്നിടത്തോളം “യേശുക്രിസ്തുവിന്റെ രക്തം സകല പാപവും (ബോധപൂര്‍വ്വമല്ലാത്ത പാപംകൂടെ) പോക്കി നമ്മെ ശുദ്ധീകരിക്കുന്നു (1 യോഹ. 1:7). അതുകൊണ്ട് നിത്യമായി പരിശുദ്ധനായ ഒരു ദൈവത്തിന്റെ സാന്നിദ്ധ്യത്തില്‍ ഇപ്പോള്‍ ധൈര്യത്തോടെ നമുക്ക് നില്‍ക്കാന്‍ കഴിയും. ഒരു ഭയവും കൂടാതെ തന്നെ നില്‍ക്കാം. നമ്മെ നീതീകരിക്കുവാനുള്ള ശക്തി അത്രമാത്രമാണ്. ഹാലേലുയ്യാ!

4. കരുണയും കൃപയും “നാം കരുണയും തക്കസമയത്ത് സഹായത്തിനുള്ള കൃപ പ്രാപിക്കാനുമായി കൃപാസനത്തിലേക്ക്” ധൈര്യത്തോടെ വരുവാനാണ് നമ്മോട് പറഞ്ഞിരിക്കുന്നത് (എബ്രാ. 4:16). കരുണയും കൃപയും ഒന്നല്ല. കരുണ പരാമര്‍ശിക്കുന്നത് നമ്മുടെ പാപക്ഷമയാണ്. അത് ഭൂതകാലവുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ നമുക്കു കൃപയും ആവശ്യമുണ്ട് – ഭാവിയില്‍, ആവശ്യത്തിന്റെ സമയത്ത്, നമ്മുടെ തക്കസമയം എന്നത് നാം പ്രലോഭിപ്പിക്കപ്പെടുന്ന സമമയമാണ്. ഏതാണ്ട് നാം വീഴാന്‍ തുടങ്ങുമ്പോള്‍- ഗലീലക്കടലില്‍ മുങ്ങാന്‍ തുടങ്ങിയ പത്രൊസിനെപ്പോലെ, (മത്താ. 14:30). അപ്പോഴാണ് നാം കൃപയ്ക്കായി കരയേണ്ടത്; യേശു പെട്ടെന്ന് പത്രൊസിനെ പിടിക്കാനായി തന്റെ കൈ നീട്ടിയതുപോലെ, നമുക്കും വീഴാതെ നില്‍ക്കുവാനായി നാം കണ്ടെത്തും. ദൈവം നമ്മെ വീഴാതെ സൂക്ഷിക്കും എന്നുറപ്പിക്കുന്ന അത്ഭുതകരമായ വാഗ്ദത്തങ്ങള്‍ ദൈവവചനത്തില്‍ ഉണ്ട്. ഇതില്‍ ചിലത് നമുക്ക് നോക്കാം.

ഒന്നാമതായി, അവിടുന്ന് ഒരിക്കലും നമുക്കു ജയിക്കാന്‍ കഴിയാത്ത ഒരു പ്രലോഭനങ്ങളാലും നാം പ്രലോഭിപ്പിക്കപ്പെടുവാന്‍ അനുവദിക്കുകയില്ലെന്ന് ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്. “… ദൈവം വിശ്വസ്തന്‍ നിങ്ങള്‍ക്കു കഴിയുന്നതിനു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിന് പരീക്ഷയോടുകൂടെ അവന്‍ പോക്കു വഴിയും ഉണ്ടാക്കും (1 കൊരി. 10:43). ദൈവവചനം ഇങ്ങനെയും പറയുന്നു “വീഴാതെവണ്ണം നിങ്ങളെ സൂക്ഷിച്ച് തന്റെ മഹിമാസന്നിധിയില്‍ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാന്‍ അവന്‍ ശക്തന്‍ (യൂദാ.24). ഇവയും ദൈവവചനത്തില്‍ നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന അത്ഭുതകരമായ മറ്റനേകം വാഗ്ദത്തങ്ങളും നമുക്കുള്ളതുകൊണ്ട് നമുക്ക് ഇനി ഒരിക്കലും പാപം ചെയ്യേണ്ട ആവശ്യമില്ല. ഇനി നമ്മുടെ ജീവിതം ദൈവത്തിന്റെ ഇഷ്ടം മാത്രം ചെയ്തു ജീവിക്കാം (1പത്രൊ. 4:2ല്‍ പറയുന്നതുപോലെ)